Showing posts with label deepu kattuur. Show all posts
Showing posts with label deepu kattuur. Show all posts

20 Apr 2012

മുല്ലപ്പെരിയാറും സോളമന്റെ ഭാവിയും


 ദീപു കാട്ടൂർ
               ഇളംവെയിലേറി വരുന്നുണ്ടെങ്കിലും കാപ്പിപ്പൂവിന്റെ മദിപ്പിക്കുന്ന
ഗന്ധമുള്ള കാറ്റിന്‌ തണുപ്പ്‌ വിട്ടുമാറിയിട്ടില്ല.  കയറ്റം കയറുന്ന
ബസിനു വെളിയിൽ, കെ.കെ. റോഡിനിരുവശങ്ങളിലുമായുള്ള തേയിലത്തോട്ടങ്ങളിൽ
കിളുന്തുനുള്ളുന്ന തമിഴ്സ്ത്രീകളെ കോടമഞ്ഞിന്റെ നേർത്ത പാടയിലൂടെ
അവ്യക്തമായി കാണാം.  വണ്ടി പീരുമേടെത്തിയിരുന്നു.  ചാരനിറത്തിലുള്ള
പാന്റ്സും വെള്ളയിൽ നീല കളങ്ങളുള്ള ഷർട്ടും കരിനീല ടൈയും മെറൂൺ കളർ
ഓവർകോട്ടും വൂളൻ ക്യാപ്പും ധരിച്ച വെളുത്തുതുടുത്ത കുറച്ചു കുട്ടികൾ ബസിൽ
നിന്നിറങ്ങി.  ആർത്തു ബഹളം വച്ചുകൊണ്ട്‌ കറുത്ത്‌ മെലിഞ്ഞ്‌
എണ്ണമയമില്ലാത്ത തലമുടിയുമായി കുറേകുട്ടികൾ ബസിനകത്തേയ്ക്കും കയറി.
ക്രീം നിറത്തിലുള്ള ബട്ടൺ പൊട്ടിയ ഷർട്ടും നിറം മങ്ങിയ കറുപ്പു പാന്റ്സും
ധരിച്ച അവർ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളുടെ മക്കളാവും.
വണ്ടിപ്പെരിയാർ തമിഴ്‌ മീഡിയം സ്കൂളിലെ വിദ്യാർത്ഥികളായിരിക്കും അവർ.

               സീറ്റിൽ തന്റെ അടുത്തായിരിക്കുന്ന സോളമൻ തനിക്കു ചുറ്റു നടക്കുന്ന
ബഹളങ്ങളിൽ ശ്രദ്ധിക്കുന്നതേയില്ല.  അവൻ ഈ റൂട്ടിൽ ആദ്യമായി
യാത്രചെയ്യുകയാണ്‌.  പക്ഷേ പ്രകൃതി രമണീയമായ ഈ കാഴ്ചകളൊന്നും അവന്റെ
മനസ്സിനെ ആകർഷിക്കുന്നതേയില്ല.  അവന്റെ മുഖത്ത്‌ ഒരുതരം നിസ്സംഗഭാവം.
പക്ഷേ മനസ്സ്‌ പ്രക്ഷുബ്ധമായിരിക്കും പരിചയപ്പെട്ടിട്ട്‌ രണ്ടു ദിവസമേ
ആയുള്ളൂവേങ്കിലും അവന്റെ പ്രശ്നങ്ങൾ ഇപ്പോൾ തന്റേതുകൂടിയാണെന്ന്‌ ഒരു
തോന്നൽ.  അടുത്ത ആഴ്ച ജിമ്മിച്ചൻ ദുബൈയിലേയ്ക്ക്‌ തിരിച്ചുപോകും.
അതിനുമുമ്പ്‌ സർട്ടിഫിക്കറ്റ്‌ ലഭിച്ചില്ലെങ്കിൽ അവന്റെ സ്വപ്നങ്ങൾ അതോടെ
അവസാനിക്കും.  ദുബായിൽ പോയി സമ്പാദിച്ചുകൂട്ടണമെന്നൊന്നും സോളമന്‌
ആഗ്രഹമില്ല.  ജപ്തിയുടെ വക്കിലെത്തി നിൽക്കുന്ന വീടും പറമ്പും വായ്പ
കൂടിശ്ശിഖ തീർത്ത്‌ സ്വന്തമാക്കണം.  മൂത്തപെങ്ങളുടെ വിവാഹത്തിന്‌
സഹകരണബാങ്കിൽ പണയം വച്ചതാണ്‌.  സോളമൻ അവസാന വർഷ ബിരുദത്തിന്‌
പഠിക്കുമ്പോഴാണ്‌ അവന്റെ അച്ഛൻ മരിക്കുന്നത്‌.  രണ്ട്‌ മൂത്ത
സഹോദരിമാരെയും അമ്മയെയൂം സംരക്ഷിക്കേണ്ട ചുമതല അവന്റെ ചുമലിലായി.
കടകളിലെ കണക്കെഴുത്തും ട്യൂഷനും മറ്റുമായി പലതരം ജോലികൾ ചെയ്ത്‌ കുടുംബം
പോറ്റുന്നതോടൊപ്പം മുടങ്ങിപ്പോയ ബിരുദപഠനം പൂർത്തിയായി നിൽക്കുമ്പോഴാണ്‌
മൂത്ത സഹോദരിയുടെ വിവാഹം.  ബാങ്ക്‌ വായ്പയല്ലാതെ വേറെ വഴിയൊന്നും
കണ്ടില്ല.  ഇനി ഒരാളെക്കൂടി കെട്ടിച്ചയയ്ക്കണം.  ഒരു സാധാരണക്കാരന്റെ
വളരെ സാധാരണമായ ചില ജീവിതാവശ്യങ്ങൾ.  വായ്പ തിരിച്ചടയ്ക്കാനുള്ള കാലാവധി
നീട്ടിക്കിട്ടുന്നതിനുവേണ്ടി മാനേജർക്ക്‌ അപേക്ഷകൊടുത്ത്‌ മടങ്ങി വരുന്ന
വഴിയാണ്‌ പഴയ സഹപാഠിയായ ജിമ്മിച്ചനെ വളരെ അപ്രതീക്ഷിതമായി കണ്ടത്‌.
ജിമ്മിച്ചൻ മൂന്നാല്‌ വർഷങ്ങളായി ദുബായിലാണ്‌.  അവിടെ അവന്‌
തരക്കേടില്ലാത്ത ഒരു ജോലിയുണ്ട്‌.  സോളമന്റെ പ്രശ്നങ്ങൾ അറിഞ്ഞപ്പോൾ
ജിമ്മിച്ചൻ അവനെ സഹായിക്കാമെന്നേറ്റു.  വിദൂരപഠനം വഴി സോളമൻ മധുരൈ
കാമരാജ്‌ യൂണിവേഴ്സിറ്റിയിൽ നിന്ന്‌ എം.ബി.എ കഴിഞ്ഞ്‌
നിൽക്കയാണെന്നറിഞ്ഞപ്പോൾ തീർച്ചയായും അവന്‌ ഒരു ജോലി
തരപ്പെടുത്തിക്കൊടുക്കാമെന്ന്‌ ജിമ്മിച്ചൻ ഉറപ്പുകൊടുത്തു.  രണ്ടുദിവസം
കഴിഞ്ഞപ്പോൾ ജിമ്മിച്ചന്റെ ഫോൺ വന്നു.  എത്രയും പെട്ടെന്ന്‌
സർട്ടിഫിക്കറ്റുകളുടെ കോപ്പി കമ്പനിക്ക്‌ ഫാക്സ്‌ ചെയ്യണം.  വിസ
റെഡിയാക്കാം.  ജീവിത പ്രശ്നങ്ങൾക്കിടയിൽ നട്ടം തിരിഞ്ഞുനിന്ന സോളമനെന്ന
ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം അതൊരു കച്ചിത്തുരുമ്പായിരുന്നു.  ഇനി
അതിൽ പിടിച്ചങ്ങു കയറാം.  തന്നെ വലിഞ്ഞു മുറുക്കിയിരുന്ന കെട്ടുകൾ
അഴിക്കുവാൻ ജിമ്മിച്ചൻ ഒരു നിമിത്തമായി.  കാമരാജ്‌
യൂണിവേഴ്സിറ്റിയിലേയ്ക്ക്‌ സർട്ടിഫിക്കറ്റുകൾക്കു വേണ്ടി അപേക്ഷയും ഡി.ഡി
യും അയച്ചിട്ട്‌ രണ്ടുമാസം കഴിഞ്ഞിട്ടും ഒരറിവും ഉണ്ടായിരുന്നില്ല.
കഴിഞ്ഞ പല ദിവസങ്ങളിലായി അങ്ങോട്ടു വിളിക്കുമ്പോഴും വ്യക്തമായ ഒരു മറുപടി
കിട്ടുന്നില്ല.  ഒരോ തവണയും ഓരോ ഒഴിവുകഴിവുകൾ പറയും.  അവസാനം
ഫോണെടുത്തയാൾ കാര്യം പറഞ്ഞു.
               "നീങ്ക മലയാളത്തുകാരങ്ക താനേ? ഉങ്കളുക്ക്‌ സർട്ടിഫിക്കറ്റ്‌ കൊടുക്ക
കൂടാതെന്റ്‌ ഇങ്കൈ മുടിവ്‌ പണ്ണിയിറുക്ക്‌"
               "ഏൻ അപ്പടി?" സോളമന്റെ ശബ്ദം ഇടറിയിരുന്നു.
               "ഇന്ത മുല്ലപ്പെരിയാർ പ്രച്നം താൻ കാരണം.  കായ്കറി, പൂ, കോളി, മാട്‌,
നാങ്ക ഒന്റും തരമാട്ടേൻ..... എങ്കക്കിട്ടെ വമ്പ്‌ കാട്ട്‌റെ?"
               സോളമൻ തന്റെ സങ്കടം അയാളെ ബോധ്യപ്പെടുത്തി.
               "നീ ഒരു വേല ശെയ്‌.  പുരട്ചി തലൈവിയൊടെയാ ഇല്ലായെന്റാൽ കലൈഞ്ജറോടെയാ
കച്ചിക്കാരങ്കളെ യാരാവത്‌ കൂട്ടീട്ടുവാ." ഫോൺ കട്ട്‌.
               പത്രങ്ങളിലൂടെയും ടി.വി. യിലൂടെയും മുല്ലപ്പെരിയാർ എന്ന്‌ എപ്പോഴും
കേൾക്കുമെങ്കിലും അതിന്റെ ഭീകരത സോളമന്‌ ബോധ്യപ്പെട്ടതപ്പോഴാണ്‌.
ഇന്ത്യയും പാക്കിസ്ഥാനും പോലെ കേരളവും തമിഴ്‌നാടും.  റാഡ്‌ ക്ലിഫിന്‌
പകരം ജോൺപെന്നിക്വിക്ക്‌.  അന്നു രാത്രി സോളമൻ ഒരു സ്വപ്നം കണ്ടു എല്ലാം
തകർത്തിരമ്പിവരുന്ന മലവെള്ളപ്പാച്ചിൽ - അതിൽ പൊങ്ങിക്കിടക്കുന്ന തന്റെ
സർട്ടിഫിക്കറ്റ്‌.  അതിൽ എത്തിപ്പിടിക്കും മുമ്പ്‌ ഞെട്ടിയുണർന്നു.
               വണ്ടി കുമളിയിലെത്തി.  എല്ലാവരും ഇറങ്ങി.  ഇനി തമിഴ്‌നാട്‌ വണ്ടിയിൽ
കയറണം.  വെളിച്ചെണ്ണയിൽ വറക്കുന്ന ചിപ്സിന്റെ മണം.  വാഗാ അതിർത്തിയിലൂടെ
ന്നപോലെ അടഞ്ഞു കിടക്കുന്ന ചെക്ക്പോസ്റ്റ്‌ ഗേറ്റിനരികിലൂടെ
അപ്പുറത്തേയ്ക്ക്‌........
കെട്ടിക്കിടക്കുന്ന മൂത്രത്തിന്റെ ദുഷിച്ച ഗന്ധം മൂക്കിലേയ്ക്ക്‌
ഇരച്ചുകയറി.  കമ്പം, തേനി, മധുരൈ വണ്ടികൾ നിരന്നു കിടക്കുന്നു.
എം.ജി.ആറിന്റെ പഴയൊരു പാട്ടുപാടിക്കൊണ്ടിരുന്ന മദുരൈ ബസ്സിൽ കയറിപ്പറ്റി.
               "സാറിന്റമ്മാവൻ അവിടെയുണ്ടാകുമല്ലോ, ഇല്ലേ?"
               ഉത്ഘണ്ഠയോടെ സോളമൻ ചോദിച്ചു.
               "കാണും.." തന്റെ മറുപടി സോളമനെ ആശ്വസിപ്പിച്ചു.
               "എങ്ങനേലും എന്റെ സർട്ടിഫിക്കറ്റൊന്നു കിട്ടിയാൽ മതിയായിരുന്നു." -
സോളമന്റെ ആത്മഗതം അൽപം ഉച്ചത്തിലായി.
               അംഗസംഖ്യ കൂടിയ കുടുംബത്തിലെ ദാരിദ്ര്യം മൂലം ചെറുപ്പത്തിലെന്നോ
നാടുവിട്ടുപോയ തന്റെ അമ്മാവൻ എത്തിപ്പെട്ടത്‌ മദുരയിലാണ്‌.  കുറേ
വർഷങ്ങൾക്കു ശേഷം ഒരു തിരുവോണനാളിൽ വലിയ പെട്ടിയും തൂക്കി നാട്ടിലെത്തിയ
അമ്മാവനെക്കുറിച്ച്‌, ചൈനീസ്‌ പട്ടിന്റെ തിളങ്ങുന്ന കുപ്പായത്തെയും ഫോറിൻ
പെർഫ്യൂമിന്റെ സുഗന്ധത്തെയും കുറിച്ച്‌ നാട്ടിൽ പല കഥകളും
പ്രചരിച്ചിരുന്നു.  സ്വതേ പൊങ്ങച്ചക്കാരനായ അമ്മാവൻ തനിക്ക്‌ ജയലളിതയും
കരുണാനിധിയുമൊക്കെയായി നല്ല ബന്ധത്തിലാണെന്ന്‌ ചുമ്മാ തട്ടിവിടുകയും
ചെയ്തിരുന്നു.  ഇടവിട്ട വർഷങ്ങളിൽ നാട്ടിലെത്താറുള്ള
അമ്മാവനെക്കുറിച്ചുള്ള കഥകളാണ്‌ എന്നെത്തേടി വരുവാൻ സോളമനെ
പ്രേരിപ്പിച്ചതു.
               "നമ്മൾ മലയാളികളാണെന്ന്‌ ഇവർ തിരിച്ചറിയുമോ?" ഓടുന്ന ബസ്സിലിരുന്ന്‌
സോളമൻ ഭയപ്പാടോടെ പതിയെ ചോദിച്ചു.
               "അറിയാം"
               "അതെങ്ങനെ?"
               "നമ്മുടെ മുടിക്കും മീശയ്ക്കും കറുപ്പ്‌ കൂടുതലാണ്‌.  തൊലിക്ക്‌ വെളുപ്പും."
               സോളമൻ പുറത്തേയ്ക്കു നോക്കിയിരുന്നു.
               വളവ്‌ തിരുയുമ്പോൾ താഴെ ലോവർ പെരിയാർ ക്യാമ്പ്‌.  പെൻ സ്റ്റോക്ക്‌
പൈപ്പുകളുടെ മുകളിലെ റോഡിലൂടെ വണ്ടി പല തവണ ഇറങ്ങി.
ഇറച്ചിപ്പാലത്തിനടിയിലൂടെ കുത്തിയൊഴുകുന്ന വെള്ളം വൈഗയാറിനെ
സമൃദ്ധമാക്കുന്നു.  യാത്രക്കാർ എറിഞ്ഞുകൊടുക്കുന്ന കപ്പലണ്ടിപ്പൊതിക്കായി
ബഹളം കൂട്ടുന്ന വാനരൻമാർ.  ഒരു  ഹെയർപിൻ വളവിന്‌ നടുക്കായി നിൽക്കുന്ന
പാറേമാതാവ്‌, അടുത്ത വളവിൽ പേരറിയാത്ത ദൈവം നാരങ്ങാമാല ചാർത്തി
നിൽക്കുന്നു.  സോളമൻ രണ്ടുപേരെയും തൊഴുതു.  ആരാണ്‌ തന്നെ
സഹായിക്കുന്നതെന്ന്‌ അറിയില്ലല്ലോ.
               വണ്ടി ഗോ‍ൂഡല്ലൂരും കഴിഞ്ഞ്‌ കമ്പം താഴ്‌വരയിലൂടെ ഓടിത്തുടങ്ങി.
ഒരിക്കൽ മരുഭൂമിപോലായിരുന്ന സ്ഥലം.  മാന്തോപ്പുകൾ, കരിമ്പും, മുന്തിരിയും
വിളഞ്ഞ തോട്ടങ്ങൾ.  കുറേ ഫുട്ബോളുകൾ നിരത്തി വച്ചതുപോലുള്ള കാബേജ്‌
പാടങ്ങൾ.
               ശീമക്കാരനും നാട്ടുരാജാവും തമ്മിലുള്ള ഉടമ്പടി.  തന്റെ ഹൃദയ രക്തം
കൊണ്ട്‌ കരാറിൽ ഒപ്പിടാൻ നിർബന്ധിക്കപ്പെട്ട സാമന്തരാജാവ്‌.
               പെട്ടെന്നുള്ള എന്തോ ബഹളം തന്നെ ചിന്തയിൽ നിന്നുണർത്തി.  ബസ്‌
ബ്രേക്കിട്ടു.  മുന്നിൽ ആയുധങ്ങളുമായി ആൾക്കൂട്ടം.  കേരള രജിസ്ട്രേഷനുള്ള
ഒരു കാർ അടിച്ചു തകർത്തിരിക്കുന്നു.
               "മലയാളത്ത്‌ കാരങ്കൾക്ക്‌ തിമിര്‌ റൊമ്പ ജാസ്തി.  സുമ്മാ വിടമാട്ടേൻ"
ആരോ വിളിച്ചു പറയുന്നു.
               ബസിലേക്ക്‌ കയറിവന്ന മൂന്നാലുപേർ, കാഴ്ചയിൽത്തന്നെ തിരിച്ചറിഞ്ഞ
തങ്ങളുടെ അടുത്തു വന്നു.
               "ടേയ്‌ എന്തിരെടാ, നീങ്ക നമ്മ എതിരി.  ഇന്ത ഊരിൽ നിക്കക്കൂടാത്‌.
ശീഘ്രം തിരുമ്പിപ്പോ..... ഇല്ലെനാ!" അവൻ നാക്കു കടിച്ചുകാണിച്ചു.
               സോളമൻ ഭയപ്പാടോടെ തന്റെ കയ്യിൽ അമർത്തിപ്പിടിച്ചു.
               "അയ്യാ...അത്‌... വന്ത്‌..." ഞാൻ വിശദീകരിക്കാൻ ശ്രമിച്ചു.
               "ടായ്‌... എന്ന പേച്ച്‌... വായ്മൂടടാ... നായേ..."
               ഞാൻ നിശബ്ദനായി.  കൊടും കുറ്റവാളികളെപ്പോലെ ഞങ്ങൾ തുറിച്ച കണ്ണുകളുമായി
നിന്നവർക്കിടയിലൂടെ പതിയെ താഴെയിറങ്ങി.  വെയിലിൽ പൊടി പറത്തിക്കൊണ്ട്‌
വണ്ടി പാഞ്ഞു.  സോളമന്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി ചുടു കണ്ണുനീർ
തന്റെ കൈത്തണ്ടയിൽ പതിച്ചു.  ഞാനപ്പോൾ ക്ലാസിൽ പഠിപ്പിക്കാറുള്ള
ഭരണഘടനയുടെ ആർട്ടിക്കിൾ പത്തൊൻപതിനെക്കുറിച്ചോർക്കുകയായിരുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...