Showing posts with label anwarsha umayanallur. Show all posts
Showing posts with label anwarsha umayanallur. Show all posts

1 Mar 2016

തത്വമസി/കവിത

അന്‍വര്‍ ഷാ ഉമയനല്ലൂര്‍



തിരുരവംപോലെയീ, വിപിനത്തിനിടയിലൂ-

ടൊഴുകിയെത്തുന്നിളമരുവിതന്‍പ്രിയസ്വരം

സാന്ത്വനംപകരുവാനുണരുന്ന മലരുപോ-

ലരികെനിന്‍ സ്മിതകാല വദനമാംവാസരം

പരിപാവനാരാമ സാമ്യമെന്‍ പാരിനെ-

പരിപാലനംചെയ്‌തുണര്‍ത്തുന്നുദാരകം

തവ നന്മയറിയാതഹന്തയാല്‍ മര്‍ത്യകം

പരിണമിച്ചീടുന്നുലകിതില്‍ പലവിധം.

വിണ്ണിലൂടല്ല! നിന്‍ സഞ്ചാരമെന്നിവര്‍-

ക്കാരോതിയേകിടാനിന്നെന്‍ ദയാനിധേ,

ഹസ്തങ്ങള്‍ നീട്ടിത്തുണയ്‌പ്പുനീ,യല്ലാതെ

ദുഃഖങ്ങള്‍ പകരുന്നതില്ലെന്നുടയതേ.

നിന്നെയളക്കുവാനാകുന്നതില്ല! സുര-

സ്നേഹിതരാം പാമരന്‍മാര്‍ക്കൊരിക്കലും

കാത്തുവയ്ക്കുന്നു കരുതലില്‍ കൈകളാ-

ലാമോദനാളം കെടാതവര്‍ക്കുള്ളിലും!

ചേറില്‍നിന്നഴകാര്‍ന്നയംബുജങ്ങള്‍ നിര-

ത്തുന്നതു,മലിവാലുലകുണര്‍ത്തുന്നതും

പാടേമറന്നു! പടുചിന്തകള്‍ക്കൊത്തുചേര്‍-

ന്നുലയു,ന്നരികെനീയെന്നറിയാതെയും!

സ്വസ്ഥമേയല്ലെന്ന തോന്നലാണിതരര്‍ക്കു

ഹൃത്തിലായുളളതെന്നറിയുന്നുവെങ്കിലും

ഭക്തവര്‍ണ്ണങ്ങള്‍ചേര്‍ത്തെഴുതുന്നു ചിന്തയില്‍

പൊന്‍തൂവല്‍കൊണ്ടുനീയാരമ്യ പുലരികള്‍.

മഹിതമാണെല്ലാം; മറക്കുന്നു വെറുതെയീ-

ജന്മവുമെന്നപോല്‍ ധരയിതില്‍ ചിരജനം

നിറയുന്നു ചുറ്റിലും തിരുനാമമൊരുപോലെ-

യെന്നുണര്‍ത്തുന്നുപരിയടിയന്റെഹൃത്തടം.

സ്തുതിമാത്രമോതിടുന്നനുമാത്ര,യറിവിതേന്‍

സ്മൃതിയിലൂടിഴചേര്‍ന്നിരിപ്പെന്നുമെന്‍വിഭോ

കരുണതന്‍ദീപം തിരിച്ചൊന്നു; വേഗേനെ

മനനവുമൊന്നായ്‌ത്തെളിക്കെന്‍ മഹാപ്രഭോ.

26 Dec 2015

കവിപോയകാലം.../കവിത



                       
            അന്‍വര്‍ ഷാ ഉമയനല്ലൂര്‍



ചിന്താനദിക്കരയിലൊരുചെറുതോണിതന്‍-
നിഴലുപോല്‍ നിന്‍ കവിതയരികെവന്നണയുന്നു
വീണ്ടുമീയകമൊന്നു നനയുന്നു പതിയെ,യാ-
സ്മരണണയൊരു നൃപസൂനമായ് വിരിഞ്ഞീടുന്നു.

വര്‍ണ്ണങ്ങളോരോന്നെഴുതിമായ്ച്ചുലകിലെന്‍
കണ്ണീര്‍മുകില്‍പോലെ; തിരുഹിതം പെരുകവേ,
ചെന്നിണംപോല്‍പൊടിഞ്ഞീടുന്നിടനെഞ്ചി-
ലൊരുപാടു സ്‌മരണാര്‍ദ്ധമലരുകള്‍ പതിവിലും.

പൊയ്പ്പോയ നല്ക്കാലമതിവേഗമരികെവ-
ന്നന്‍പോടുണര്‍ത്തുന്നു നിന്‍പെരിയ കവിതകള്‍
ഏകാകിയായകലെനില്‍പ്പുണ്ടു് കാണ്മുഞാന്‍
തവകാവ്യനിഴലുപോലൊരുമഹിതവെണ്‍മുകില്‍.

തണലേകിനില്‍ക്കിലുമിക്കാലമൊരുപോലെ-
തിരയുന്നു പതിവുപോല്‍ പതിയെനിന്‍ഹൃദ്സ്വരം
കൊതിക്കുന്നിതേനുമാ, തുടര്‍ക്കാലഗീതങ്ങള്‍
കേള്‍ക്കുവാന്‍വീണ്ടു,മൊരുപുലരിയായുണരുവാന്‍.

തിടുക്കത്തിലണയുന്നൊരുപാടു സ്‌നേഹിതര്‍
മിടിക്കുമ്പോള്‍മാത്രമെന്നറിഞ്ഞനി-ന്നറിവുപോല്‍
നിറയ്‌ക്കുന്നകമെ,യൊരായിരം സ്‌മരണകള്‍
തുടിക്കയാല്‍പിന്നെയും ഝടിതിയേന്‍ബഹുവിധം.

കുറിക്കയാണിപ്പോളൊരുവേള; കുതിരപോല്‍-
ക്കുതിക്കുവാന്‍വെമ്പിനില്‍ക്കുന്നൊരീ,ക്കവിതകള്‍
വിധിക്കായെറിഞ്ഞുനല്‍കീടാന്‍ തുനിഞ്ഞവര്‍
സ്‌തുതിക്കുന്നൊളിഞ്ഞുനി-ന്നൊരുവേളയീപ്പകല്‍.
*    *    *    *    *    *    *

മറക്കരുതൊരുപോലെയിവരെനാം,സ്നേഹിതാ
യുയര്‍ത്തേണ്ടതുണ്ടിവര്‍ക്കൊരു മഹിത സ്‌മാരകം
തിരിഞ്ഞുനോക്കാറില്ലയാരുമേ, സ്‌മൃതികളില്‍
തെളിച്ചിടുന്നില്ലാര്‍ദ്ര മൊഴികള്‍പോല്‍ പുലരികള്‍.

തിരഞ്ഞെത്തുമൊരുപോലെ,യാരെയുമെന്നറി-
ഞ്ഞന്‍പോടുണര്‍ന്നു വര്‍ത്തിക്കേണമൊന്നുപോല്‍
പിരിഞ്ഞുപോകേണ്ടവരാണുനാം, ധരണിവി-
ട്ടെന്നറിഞ്ഞറിവിനൊരു; സ്ഥിരഭാഷ പകരുവാന്‍!
-------------------------------------------------------
കവി ശ്രീ. ഡി. വിനയചന്ദ്രനെ അനുസ്മരിച്ചുകൊണ്ട്

26 Oct 2015

തരളിതം

                 
                 അന്‍വര്‍ ഷാ ഉമയനല്ലൂര്‍




നിന്നോര്‍മ്മകള്‍ക്കുദയ ചാരുത പകരുവാ-
നിടനെഞ്ചിലൊരുഹരിതകാലം പുതുക്കുവാ-
നണയുന്നു പതിയെ പുലര്‍ഗീതമായോമനേ-
യിടയില്‍ തൂമണവുമായിന്നുമാ പ്രിയസ്വനം.

മഹിതമ,ല്ലതിലുപരിയൊരു പ്രണയലോകമാ-
ണോര്‍മ്മകള്‍ക്കാകെച്ചിലങ്കചാര്‍ത്തുന്നതും
ചിരമോഹമണയാതെ കാത്തുവയ്ക്കുന്നൊരാ-
സുരകാലമായ് പിന്നില്‍നിന്നുചിരിതൂവതും.

കര്‍ണ്ണികാരംനിറയെ നിന്‍ സ്മിതപ്പൂക്കളാല്‍
രമണീയമാക്കിടുന്നൊരു സുഖദ പുലരിയെ-
ന്നോര്‍മ്മയില്‍ പതിവുപോ-ലനുപമേയീവിധ-
മറിയുന്നുവോ,നീയുമൊരുവേള-യെന്നെയും?
          *    *    *

അലിഞ്ഞടുത്തീടുമൊരു ഗാനംകണക്കെന്റെ
മൊഴികളിന്നിരുള്‍വീണ വഴിയിലൂടയരുവാന്‍
സ്‌മൃതികളില്‍നിറയുമാ,സ്‌നേഹവര്‍ണ്ണങ്ങളി-
ന്നഴല്‍വീണ ഹൃദയചിത്രങ്ങള്‍ തെളിക്കുന്നു.

ഇടയിലൂടൊരുബാല്യസ്മരണതന്‍ കിരണമെ-
ന്നിമകളിലൊരു പുതിയ കാവ്യം രചിക്കുന്നു;
ശ്രുതിനിലയ്ക്കാതുളളിലമരുമൊരു മോഹമെന്‍
വ്യഥിത വിപഞ്ചികയെത്തൊട്ടുണര്‍ത്തുന്നു!!

വന്നുനില്‍ക്കുന്നരികെയിരുളിലാശ്വാസമായ്
പുതുതാരകാകാരമായ് പ്രിയദെ, നിന്‍സ്മിതം
എന്നകം കേഴുന്ന വരികളില്‍ നിന്നെഞാന്‍
ചേര്‍ത്തുനിര്‍ത്തുന്നദയമായ് നിത്യ,മാദരം.
          *    *    *

തെറ്റിയൊരു വരിയിലൂടരുകില്‍വന്നിന്നെന്റെ
ചുറ്റിലും; സ്‌മരണതന്‍ പനിനീരുതിര്‍ക്കവേ,
ഛേദിപ്പതെന്തു ദ്രുതകാലമേ, പതിവുപോല്‍
ചോദിപ്പു; ഭാരിച്ചയോര്‍മ്മപോല്‍ പുലരിയും!

തിരുസന്നിധിയില്‍ ലയിച്ചു നില്‍ക്കുമ്പോഴു-
മിഹ! ക്രൗഞ്ചമിഥുനമായ് വീണു പിടയ്ക്കുന്നു;
കരളിനോടൊത്തയാ, നാള്‍മുതല്‍ തരളിത-
മായ്‌ത്തീര്‍ന്നതാം സുദിനമോരോന്നുമീവിധം.

21 Aug 2015

ഗ്രാമീണയോണമേ..

                  അന്‍വര്‍ ഷാ ഉമയനല്ലൂര്‍


ഗ്രാമീണയോണമേ..
ചിന്മയരൂപമുണര്‍ത്തിവരുന്നിഹ!
നന്മനിറഞ്ഞൊരു പൂക്കാലം
നീളെയുയര്‍ത്തുന്നരുവികളലിവോ-
ടതിമോദത്തിന്‍ സംഗീതം
ചിങ്ങവുമിങ്ങെന്നരികിലണ,ഞ്ഞിവ
പൊന്നോണാഗത സന്ദേശം
ധന്യമനസ്സുകളറിയുന്നുലകിതി-
ലെന്നും നിറയേണ്ടുത്സാഹം
നേരറിയാത്തവരില്ലിന്നൊരു, പുതു-
ഗ്രാമോദയമാ,യതിവേഗം!
ഹൃദയൈക്യത്തിന്‍ സുരകാവ്യങ്ങ-
ളെഴുതുന്നിതുവഴിയീഗ്രാമം
വാനിലൊരായിരമിതളുകള്‍ കാണാ-
നുണരുന്നരികിലൊരാരാമം
പ്രിയതരമെല്ലാം: പ്രായാന്തരമൊരു-
പ്രശ്നമതല്ല-യൊരേലക്ഷ്യം
സന്മനസ്സേകിയടുത്തുവരുന്നൂ
പൊന്നുഷസ്സേയൊരു തിരുവോണം
മലയാളത്തിന്‍ ലാളിത്യത്താല്‍
നിറയുന്നപരര്‍ക്കുന്മേഷം.

* * * *
നില്‍പ്പുയരത്തിലൊരിത്തിരി നന്മക-
ളാരിലു,മലിവോ-ടെന്നാകില്‍
നല്‍പ്പുതുലോകത്താകിലുമൊടുവില്‍
നില്‍ക്കുക!നാമീ, ഗ്രാമത്തില്‍!!
കണ്ണുകളില്‍ പ്രിയവര്‍ണ്ണങ്ങള്‍-സമ-
മോഹങ്ങള്‍ നിറവര്‍ണ്ണനകള്‍
നിര്‍ണ്ണയമിതുപോലുണ്ടാവില്ലൊരു
സര്‍ഗ്ഗവസന്തം; സത്യത്തില്‍
ദിഗ്വിജയങ്ങളുയര്‍ത്തിയ കര്‍മ്മ-
പ്രതിഭകള്‍-നൂനം-സന്തതികള്‍
കാത്തീടുകനാമൊരുപോലേവം;
നേര്‍ത്തവെളിച്ചത്തിന്‍ തിരികള്‍
നീളേയിതുപോലാഗതമാകാന്‍
കൊതിതോന്നീടിലിടയ്ക്കാദ്യം
പ്രാര്‍ത്ഥനയോടൊന്നണയുക!മനമേ,
യാത്രികരാണിവിടെല്ലാരും:
സര്‍ഗ്ഗാത്മകതയിതെന്നുമനല്പം
കനിവാലേകുന്നെന്‍ ഗ്രാമം
കാവുകളില്ലേലാകുവതെങ്ങനെ;
കാവ്യാങ്കണമിതു പരിപൂര്‍ണ്ണം!

19 Jul 2015

രണ്ടു കവിതകൾ



അന്‍വര്‍ ഷാ ഉമയനല്ലൂര്‍
രക്താങ്കിതം

നീതിയുള്‍ച്ചേര്‍ത്തുണര്‍ത്തുന്നാര്‍ഷ ഭാരതം
വിനിശ്ചിതമല്ലിതൊന്നാകെ യുവരക്താങ്കിതം
ശോകാബ്‌ധിയാക്കരുതുലകിനെയിന്നീവിധം
അരുതെന്നപേക്ഷിക്കയാണിവിടെ, ജനശതം.

വരിഷ്ഠമാണുവധമെന്നു,വരുത്തേണ്ടയനുദിനം
ഹിംസയല്ലഹിംസയാണേവര്‍ക്കും വിഭൂഷണം
പാരടച്ചുറങ്ങയാണെന്നു നിനയ്ക്കേണ്ട മേലിലും
ശതാംശവുമേകില്ലിഹ! നിനക്കിന്നു പിന്‍ബലം.

തുടര്‍ക്കഥയാണെങ്ങുമിന്നശരണജനനിഗ്രഹം
ഉയരുന്നകലെനിന്നൊരു ദ്രുതപെരിയരോദനം
അമര്‍ത്യവീരരാണെന്നുറച്ചുചെയ്യുന്ന പാതക-
മേകുവതെങ്ങനിവര്‍ക്കി,ന്നതിചാരിതാര്‍ത്ഥ്യം?
        
മൃതിപതുങ്ങും വഴികളോര്‍ത്തുനിന്നൊരുതരം
ഭീതിബാധിച്ചപോല്‍ തളര്‍ന്നുപോയ് ചിരജനം
അഴലിരവിനൊരുപുതിയ മോഹഗന്ധംനല്‍കി
നിഴലുപോല്‍ പിന്നെയും നീങ്ങുന്നു മുകിലകം.

ചതിയൊരുക്കിക്കുരുക്കുന്നവര്‍ പതിവുപോല്‍
കൊതിനുണഞ്ഞരികത്തിരിപ്പുണ്ടു,തുടരുവാന്‍
കഴിയുന്നതല്ലവര്‍ക്കൊന്നുപോല്‍ കൊല്ലുവാന്‍
തിരയുന്നു; കനിവിനായേനുമിഹ! പുലരുവാന്‍.

ദുഷ്ക്കര്‍മ്മസഞ്ചയംചെയ്‌തുകൊണ്ടെത്രനാള്‍-
ത്തുടരുവാന്‍ധരയിതില്‍ തടയുകെന്‍ സോദരാ
സല്‍പ്രജ്ഞയാല്‍മാത്രമേയുണരു ധരണിയില്‍
സ്വല്‌പമാണെങ്കിലും തെളിവാര്‍ന്നസ്‌മരണകള്‍.

മൃതിയാര്‍ക്കുമേകില്ല,സുരലോകമെന്നോര്‍ത്തേന്‍
പുതിയൊരു പരിവര്‍ത്തനം; ക്ഷിതിക്കേകുവാന്‍
ശക്തമായൊഴുകിടുന്നൊരു കവിതയായ് സ്വയം
വ്യക്തമാക്കുന്നുപരി,യൊരു സുകൃത ഹൃദ്സ്വരം.

വിധിക്കരുതപരര്‍ക്കു,മാര്‍ക്കുമിഹ! മരണത്തിന്‍
ദുരിതക്കയങ്ങള്‍ നിന്‍വികലോഷ്‌ണചിന്തയാല്‍
ഉദയാര്‍ക്കസാമ്യ-സദ്വൃത്തനായ്, ക്ഷിതിയിതില്‍-
മാറണം; മഹിതമൊരു പുലര്‍ഗീതമായ്-ക്ഷണം!!
*മാധ്യമപ്രവര്‍ത്തകരെ കഴുത്തറുത്തുകൊന്ന                                       .എസ്.എസ് ഭീകരതയ്ക്കെതിരെ (2015)




   ഇത്..കവടിയാര്‍കൊട്ടാരം


വേര്‍പെട്ട നിലയിലായിരു-രഥചക്രങ്ങള്‍
ചേര്‍ത്തിട്ടിരിപ്പക,ന്നൊരു ശൂന്യശാലയില്‍
ആമുഗ്ദ്ധഹാസം പൊഴിച്ചുകൊണ്ടതിചരിത-
ഛായാപടങ്ങള്‍ തൂങ്ങുന്നകഭിത്തിമേല്‍.

സ്മരണകളിരമ്പു,ന്നെങ്കിലും; വിരഹിപോല്‍
വദനപ്രസാദമില്ലാതിടയ്‌ക്കൊരു പകല്‍
ശിരസ്സുയര്‍ത്തിത്തന്നെനില്‍പ്പു,തൃപ്രൗഢിയോ-
ടരികെ,ക്കവടിയാറന്തഃപുരമതില്‍.

നാലഞ്ചുസേവകരങ്ങിങ്ങുനി,ന്നെളിയ-
കര്‍മ്മങ്ങള്‍ ചെയ്തിടുന്നിളവെയില്‍തോഴരായ്
സ്മൃതികുടീരങ്ങള്‍ക്കുമകലെയിപ്പാരിതി-
ലതിശ്രേഷ്ഠര്‍ പാര്‍ത്തിരുന്നാനന്ദലീനരായ്.

അരമനമുറ്റത്തൊരിത്തിരിനേരംകൂടി
നമസ്കരിച്ചേന്‍നിന്നുപോയി-സമാദരം!
സിരകളിലൂര്‍ജ്ജപ്രവാഹമായ്, സുകൃതമായ്
ധന്യസാന്നിധ്യേക സാക്ഷിയായ് തിരുപുരം.

ഉദയാര്‍ക്കസാമ്യ,മഴല്‍നീക്കി മലയാള-
മണ്ണിന്‍വെളിച്ചമായ് വാണിരുന്നെങ്കിലും
അമരുലകുപോലിവിടെ നില്‍ക്കുമീ, സൗധമി-
ന്നര്‍ദ്ധമോദത്തിന്‍ നിഴലാണു നിശ്ചയം!

പിന്നിലേയ്ക്കുരുളുന്നു ത്വരിതം: മനോരഥ-
മറിയുന്നിടനെഞ്ചു പൊടിയുന്നയുള്‍വ്യഥ
നേര്‍പ്പിച്ചുതന്നുടന്‍ കാവ്യസിദ്ധൗഷധം
തീര്‍പ്പാക്കവേയോര്‍ത്തിടയ്ക്കു-നരജീവിതം.
      *     *     *     *

മുക്തി-ലഭിച്ചവിളംബിതം: സദസ്സിതില്‍*
ഭക്തിയോടൊന്നായുണര്‍ന്നരചദീപങ്ങള്‍
വ്യതിരിക്ത ശ്രുതിമീട്ടിടുന്നിടയ്‌ക്കിമ്പമോ-
ടിരവകലെയെന്നാശ്വസിക്കുന്ന മുകിലുകള്‍.

നവപുസ്തകത്തിന്‍ പ്രമുക്തികര്‍മ്മത്തിനേ-
നാഗതന്‍ ഡര്‍ബാറിലേയ്ക്കു നിമന്ത്രിതന്‍
യോഗ്യനല്ലെങ്കിലും-ഭാഗധേയനിവന്‍
കാലമേ; കാലൂന്നിടാന്‍ കൃപയേകിയോന്‍.

കവടിനിരത്തിപ്പറയുവാന്‍ കഴിയാത്ത-
പുതുചിന്തകള്‍ക്കുയരെയിന്നു,ഞാനെങ്കിലും
ഇല്ല! താരങ്ങള്‍ക്കുമൊരുപൂര്‍ണ്ണ സുസ്മിതം;
തേടുന്നിടയ്ക്കുനിന്‍ കനിവാര്‍ന്ന-ഹൃത്തടം.

കരുണാമയനേ!യടിയങ്ങള്‍ക്കൊരുപോലെ-
തിരുമുന്നിലെത്തുവാനിടയാക്കുമെങ്കിലേന്‍
കൃപയാലെയിപ്പാരിനൊരു പരിവര്‍ത്തനം
നല്‍കേണമെന്നപേക്ഷിച്ചേനെ; തല്‍ക്ഷണം!!
--------------------------------------------
*തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തിലെ ഡര്‍ബാര്‍ഹാളില്‍ വച്ചുനടന്ന പുസ്തകപ്രകാശനത്തില്‍ പങ്കെടുത്തത് അനുസ്മരിച്ചുകൊണ്ട് എഴുതിയത്.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...