Showing posts with label prof sreelakam venugopal. Show all posts
Showing posts with label prof sreelakam venugopal. Show all posts

22 Sept 2013

കൈകേയി


പ്രൊഫ.ശ്രീലകം വേണുഗോപാൽ

ശ്രീമതി ജ്യോതിര്‍മ്മയി ശങ്കരന്റെ “രാമായണത്തിലെ സ്ത്രീകളിലൂടെ” എന്ന രചന വായിച്ചു.ഇതും അതിനോടു ചേര്‍ന്നു നില്‍ക്കുമെന്നു തോന്നുന്നു.പ്രസിദ്ധീകരിക്കുമെന്നു പ്രതീക്ഷിക്കുന്നു.

കൈകേയീദേവീ ,നീയിന്നെന്തിനായ് ദുഃഖത്തിന്റെ
കൈകളില്‍ വീണീവിധം ഖിന്നയായ് കഴിയുന്നു
നിന്നുടെ പതിയോടായ്  നീയുരച്ചൊരു കാര്യം
മുന്‍‌പേ താന്‍ നിയതിതന്‍ നിശ്ചയമല്ലോ നിജം

രാവണവധം ജന്മദൌത്യമാം ശ്രീരാമന്നു
പോവണം വനാന്തരേ,ഹേതുവുമുണ്ടാവേണം
അത്യന്തം രഹസ്യമാം ഈ ദൌത്യം സഫലമായ്
തീര്‍ക്കുവാന്‍ വിധാതാവു കണ്ടു നിന്‍ രസനയെ

ദേവകളര്‍ത്ഥിക്കയാലല്ലയോ വാണീദേവി
വന്നു മന്ഥരതന്റെ നാവിലന്നേറീ സ്വയം
രാമനേ സ്വപുത്രനായ് കണ്ടൊരു നിന്നില്‍ ദുഷ്ട-
മേഷണി വഴിയാലേ ചേര്‍ത്തവള്‍ മതിഭ്രമം

നിന്നുടെനാവില്‍ പിന്നെയെത്തിയ വാണീദേവി-
യല്ലയോ ദൃഢമായിച്ചോദിച്ചൂ വരങ്ങളും
എല്ലാമാ വിധിതന്റെ നിശ്ചയമല്ലോ,നീയ-
ന്നാവിധി നടക്കുവാന്‍ കാരണമായീ സ്പഷ്ടം

നിന്‍‌മകന്‍പോലും നിന്നേ ഹീനയായ് നിനച്ചപ്പോള്‍
നിന്‍‌മനം വേവുംനോവിന്‍ നോവാരുമറിഞ്ഞില്ല
കാരണഭൂതന്മാരാം ദേവകള്‍,ഋഷീശ്വരര്‍
കാരുണ്യപൂര്‍വ്വം നിന്നില്‍ സാന്ത്വനം ചൊരിഞ്ഞില്ല

നീയന്നു ശ്രീരാമനേ കാട്ടിലേക്കയച്ചതു
കാരണം ദശാസ്യന്നു മൃത്യുവുണ്ടായീ നൂനം
ഭൂലോകംതന്നില്‍ ശാന്തി കൈവരാന്‍ വരമായോ-
രാ വരംവരങ്ങള്‍ നിന്‍ഖ്യാതിയേ കെടുക്കിലും

നീയതില്‍ വൃഥാ തേങ്ങിക്കരയാനില്ലാ കാര്യം
മാനവന്‍ വിധിതീര്‍ക്കും കോലങ്ങളല്ലോ മന്നില്‍
ആശ്ചര്യം വിധാതാവിന്‍ നിശ്ചയമാലോചിച്ചാല്‍
സംശയമില്ലാ തെല്ലും,പാവനയല്ലോ നീയും

ഭാരതചരിത്രത്തില്‍ കാര്യമോരാതേ ദുഷ്ട-
മാതാവായ് രാമായണം നിന്നെ വര്‍ണ്ണിച്ചെന്നാലും
കൈകേയീ,മാതാവേ യാഥാര്‍ത്ഥ്യത്തെ പുകള്‍പാടാന്‍
എന്നും ഞാന്‍ മുതിര്‍ന്നീടും,വന്ദിപ്പൂ നിന്‍ പാദങ്ങള്‍.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...