Showing posts with label coconut. Show all posts
Showing posts with label coconut. Show all posts

22 Dec 2012

ഉത്പാദക സംഘങ്ങൾക്ക്‌ മാതൃകയായി പൊരുന്തമൺ കൈരളി നാളികേരോത്പാദക സംഘം


നിഷ ജി.

കേരളത്തിലെ കേരകർഷകർ നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക്‌ കർഷക കൂട്ടായ്മകൾ വഴി പരിഹാരം കാണുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ്‌ 2012 അവസാനത്തോടെ നാളികേര ഉത്പാദക സംഘങ്ങൾ രൂപീകരിക്കുവാൻ നാളികേര വികസന ബോർഡ്‌ തീരുമാനിച്ചതു. തിരുവനന്തപുരം ജില്ലയിൽ 103 സംഘങ്ങളാണ്‌ ഇതുവരെയായി നാളികേര വികസന ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്‌. ഇവയിൽ മാതൃകാപരമായി മുന്നോട്ടുപോകുന്ന പൊരുന്തമൺ കൈരളി നാളികേരോത്പാദക സംഘത്തെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചുമാണ്‌ ഇവിടെ പ്രതിപാദിക്കുന്നത്‌.
തിരുവനന്തപുരം ജില്ലയിലെ പുളിമാത്ത്‌ ബ്ലോക്കിൽ ഉൾപ്പെടുന്ന പുളിമാത്ത്‌ പഞ്ചായത്തിലെ 5-​‍ാം വാർഡ്‌ ആയ മഞ്ഞപ്പാറ  പ്രവർത്തന പരിധിയാക്കിയാണ്‌ പൊരുന്തമൺ കൈരളി നാളികേരോപത്​‍ാദക സംഘം രൂപീകരിക്കപ്പെട്ടത്‌. നാളികേര വികസന ബോർഡ്‌ പുളിമാത്ത്‌ പഞ്ചായത്തിലടക്കം നടത്തി വരുന്ന തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതിയുടെ 5-​‍ാം വാർഡ്‌ ക്ലസ്റ്റർ കൺവീനറായ ശ്രീ. ജി. മധുവാണ്‌ ഈ ഉത്പാദക സംഘത്തിന്റെ പ്രസിഡന്റ്‌. 2012 മാർച്ച്‌ 12ന്‌ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. ഇപ്പോൾ 123 പേരാണ്‌ സംഘത്തിൽ അംഗങ്ങളായിട്ടുള്ളത്‌.

സംഘത്തിന്റെ ആദ്യപ്രവർത്തനം തന്നെ സംഘാംഗങ്ങളുടെ പക്കൽ നാളുകളായി ഉണ്ടായിരുന്ന നാളികേരം സംഭരിക്കുകയും ആവശ്യക്കാർക്ക്‌ വിപണനം ചെയ്യുകയും ചെയ്തുകൊണ്ടായിരുന്നു. തുടക്കത്തിൽ കിലോയ്ക്ക്‌ 11 രൂപയ്ക്ക്‌ സംഭരിച്ച്‌ 12 രൂപയ്ക്കാണ്‌ വിപണനം ചെയ്തത്‌. പക്ഷേ ഇപ്പോൾ ഗവണ്‍മന്റ്‌ നിശ്ചയിച്ച താങ്ങുവിലയായ 14 രൂപയ്ക്ക്‌ തന്നെ നാളികേരം വാങ്ങാൻ സാധിക്കുന്നുണ്ട്‌. കൂടാതെ പരമ്പരാഗതമായ രീതിയിൽ 15000 തേങ്ങ വെളിച്ചെണ്ണയാക്കി സംഘാംഗങ്ങളുടെ ഇടയിൽ തന്നെ വിപണനം ചെയ്തു. മായം കലരാത്ത വെളിച്ചെണ്ണയ്ക്ക്‌ ഡിമാൻഡ്‌ ഏറെ ആയതിനാൽ ഉണ്ടാക്കുന്ന ദിവസം തന്നെ മുഴുവനും വിറ്റ്‌ പോകുന്നു. എണ്ണയായി മാറ്റുന്ന തേങ്ങയുടെ തൊണ്ടും ചിരട്ടയും തൊട്ടടുത്ത സ്കൂളിലെ പാചകാവശ്യത്തിന്‌ വിപണനം ചെയ്യാനും സാധിക്കുന്നുണ്ട്‌.


ഇളനീർ വിപണനവും സംഘത്തിന്റെ പ്രധാനപ്പെട്ട പ്രവർത്തനങ്ങളിൽ ഒന്നാണ്‌. സംഘാംഗങ്ങളായ കർഷകരുടെ തോട്ടത്തിലെത്തി ഇളനീർ ശേഖരിച്ച്‌ സംഘത്തിന്റെ ആസ്ഥാനമായ പൊരുന്തമൺ ജംഗ്ഷനിലെ കെട്ടിടത്തിൽ വെച്ച്‌ വിപണനം ചെയ്യുന്നു. കർഷകർക്ക്‌ ഒരു ഇളനീരിന്‌ 12 രൂപ ലഭിക്കുമ്പോൾ 18 മുതൽ 20 വരെ രൂപയാണ്‌ ഇളനീരിന്റെ വിപണിവില. സംഘത്തിലേക്ക്‌ കൂടുതൽ കർഷകരെ ആകർഷിച്ച മുഖ്യഘടകങ്ങളിൽ ഒന്നാണ്‌ ഈ ഇളനീർ സംഭരണം. ഇളനീർപ്പന്തൽ കുറച്ചുകൂടി വിപുലമായി നടത്താൻ പറ്റിയ സ്ഥലത്തിനായി അനുവാദം ചോദിച്ചുകൊണ്ട്‌ പഞ്ചായത്തിന്‌ അപേക്ഷ നൽകിയിട്ടുണ്ട്‌. ലഭിച്ചാലുടൻ തന്നെ പ്രോജക്ട്‌ നാളികേര വികസന ബോർഡിന്റെ അനുമതിക്കായി സമർപ്പിക്കുന്നതാണ്‌.
കൃഷി വകുപ്പിന്റെ കടയ്ക്കൽ ഫാമിൽ നിന്നും 10 രൂപയ്ക്ക്‌ ലഭിച്ചുവരുന്ന പച്ചക്കറി വിത്തിന്റെ പാക്കറ്റുകൾ സംഘം ശേഖരിച്ച്‌ 5 രൂപയ്ക്ക്‌ അംഗങ്ങൾക്ക്‌ നൽകി വരുന്നു. തെങ്ങിന്‌ ഇടവിളയായും തനിവിളയായും പച്ചക്കറി കൃഷി ചെയ്യാൻ സംഘാംഗങ്ങൾക്ക്‌ വേണ്ട പ്രോത്സാഹനവും നൽകുന്നു. കഴിഞ്ഞ ഓണത്തിന്‌ പച്ചക്കറി മേള നടത്തുകയും അത്‌ സംഘത്തിന്‌ ഒരു മുതൽക്കൂട്ടായി മാറുകയും ചെയ്ത കാര്യവും ശ്രീ. മധു അനുസ്മരിച്ചു. ഇതോടുകൂടിയാണ്‌ സംഘത്തിന്റെ പ്രവർത്തനങ്ങൾ കർഷകർ അറിഞ്ഞു തുടങ്ങിയത്‌. ഇപ്പോൾ സംഘാംഗങ്ങളുടെ കൃഷിയിടങ്ങളിൽ നിന്നും 6 രൂപ നിരക്കിൽ വാഴവിത്തുകൾ സംഘം ശേഖരിച്ച്‌ ആവശ്യക്കാർക്ക്‌ നൽകുന്നുണ്ട്‌. ഇത്‌ കർഷകർക്ക്‌ തികച്ചും പുതിയൊരു അനുഭവമായിരുന്നു. കൂടാതെ അംഗങ്ങളുടെ ചേന കിലോയ്ക്ക്‌ 18 രൂപ നിരക്കിൽ ശേഖരിച്ച്‌ 20 രൂപയ്ക്ക്‌ ആവശ്യക്കാർക്ക്‌ നൽകുന്നുണ്ട്‌. വാഴയും ചേനയും തെങ്ങിന്‌ ഇടവിളയായി കൃഷി ചെയ്യുന്ന രീതികൾ സംഘാംഗങ്ങൾക്ക്‌ വിവിരിച്ചുകൊടുക്കാൻ സിപിഎസ്‌ ഭാരവാഹികൾക്കായുള്ള നേതൃത്വ പരിശീലനത്തിൽ ലഭിച്ച പാഠങ്ങൾ സഹായകരമായിത്തീരുന്നുവേന്ന്‌ ശ്രീ.മധു സാക്ഷ്യപ്പെടുത്തുന്നു.
അംഗങ്ങളുടെ പക്കൽ നിന്ന്‌ പച്ച ഈർക്കിലി കിലോയ്ക്ക്‌ 25 രൂപ നിരക്കിൽ സംഭരിച്ച്‌ ചൂലുണ്ടാക്കി സംഘത്തിന്റെ സ്റ്റിക്കറോടുകൂടി പുറത്തിറക്കുന്നതും ഇവരുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടും. ഒരു കിലോഗ്രാം ഈർക്കിലിൽ നിന്ന്‌ രണ്ട്‌ ചൂലുകൾ ഉണ്ടാക്കാവുന്നതാണ്‌.
തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതിയും തുടർന്ന്‌ വന്ന ഉത്പാദക സംഘത്തിന്റെ പ്രവർത്തനങ്ങളും കേരകർഷകരുടെ ഇടയിൽ ഒരു പുത്തൻ ഉണർവ്വ്വ്‌ സൃഷ്ടിച്ചു. തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതിയുടെ വളം വിതരണവും തെങ്ങിൻ തൈ വിതരണവും നടത്തുന്നത്‌ ഇവർ തന്നെയാണ്‌. പുനർ നടീലിനായുള്ള സങ്കരയിനം തൈകൾക്കും കുറിയയിനം തൈകൾക്കും അംഗങ്ങൾ വളരെ താൽപര്യത്തോടെ മുന്നോട്ട്‌ വന്നപ്പോൾ സംഘം നാളികേര വികസന ബോർഡിന്റെ നേര്യമംഗലം ഫാമുമായി ബന്ധപ്പെട്ട്‌ ഇവ ബുക്ക്‌ ചെയ്തിട്ടുണ്ട്‌. ഉടൻ തന്നെ നേര്യമംഗലത്ത്‌ പോയി തൈകൾ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്‌.
സംഘാംഗങ്ങളായ കർഷകർക്ക്‌ കിസ്സാൻ ക്രെഡിറ്റ്‌ കാർഡ്‌ ലഭ്യമാക്കുന്നതിനായി സംഘത്തിന്റെ ആഭിമുഖ്യത്തിൽ പുളിമാത്ത്‌ കൃഷി ഓഫീസർ ശ്രീ. അജോയിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച യോഗത്തിൽ സൗത്ത്‌ മലബാർ ഗ്രാമീൺ ബാങ്ക്‌ കാരേറ്റ്‌ ബ്രാഞ്ച്‌ മാനേജർ, പുളിമാത്ത്‌ കൃഷി ഓഫീസർ, നാളികേര വികസന ബോർഡ്‌ ടെക്നിക്കൽ ഓഫീസർ, പുളിമാത്ത്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, സംഘാംഗങ്ങളായ കർഷകർ എന്നിവർ പങ്കെടുത്തു. യോഗത്തിൽ പ്രകടമായ അംഗങ്ങളുടെ സജീവ സാന്നിദ്ധ്യം സംഘത്തിന്റെ പ്രവർത്തനങ്ങളിൽ അംഗങ്ങളുടെ താൽപര്യവും വിശ്വാസവും പ്രതിഫലിപ്പിക്കുന്നതായിരുന്നു. ബാങ്ക്‌ മാനേജർ സംഘത്തിന്റെ ആസ്ഥാനവും കൃഷിയിടങ്ങളും സന്ദർശിക്കുകയുണ്ടായി. ഇപ്പോൾ കാർഷിക ലോൺ ബുദ്ധിമുട്ടില്ലാതെ കർഷകർക്ക്‌ ലഭ്യമാക്കുകയും ചെയ്യുന്നു.
മുൻ വാർഡ്‌ മെമ്പർ കൂടിയായ ശ്രീ. മധുവിന്റെ നിസ്വാർത്ഥവും കാര്യക്ഷമവുമായ പ്രവർത്തനങ്ങൾ സംഘത്തിന്‌ മുതൽക്കൂട്ടാകുന്നു. സംഘത്തിന്റെ ആസ്ഥാനം മുഴുവൻ സമയവും സജീവമാണ്‌. ലീന, വിജി, രജനി എന്നീ മൂന്ന്‌ പ്രവർത്തകരും സംഘത്തിന്റെ പ്രവർത്തനങ്ങളിൽ വളരെ ഉത്സാഹത്തോടെ പങ്കുചേരുന്നു.
രജിസ്ട്രേഷനുശേഷം 'ഇനി എന്ത്‌?' എന്നറിയാതെ പകച്ച്‌ നിൽക്കുകയും 'ഞങ്ങളെന്ത്‌ ചെയ്യണം?' എന്ന്‌ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഉത്പാദക സംഘങ്ങൾക്ക്‌ ഒരു പാഠമാകട്ടെ പൊരുന്തമൺ സിപിഏശിന്റെ പ്രവർത്തനങ്ങൾ. ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്ത 103 സംഘങ്ങൾക്കു പുറമേ നൂറോളം സംഘങ്ങൾ ജില്ലാ രജിസ്ട്രാർ ഓഫീസിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്‌.
കർഷക കൂട്ടായ്മകൾ ഉണ്ടാക്കുവാനും അവയെ പ്രവൃത്തിപഥത്തിലേക്ക്‌ കൊണ്ടുവരുവാനും തിരുവനന്തപുരം ജില്ലയിൽ അത്ര എളുപ്പമല്ല. എങ്കിലും അതിനൊരപവാദമാണ്‌ പൊരുന്തമൺ കൈരളി സിപിഎസ്‌. സ്വന്തമായൊരിടം കണ്ടെത്തി തനതായ അശയങ്ങളുമായി മുന്നേറുന്ന ഈ സംഘത്തിന്റെ പ്രവർത്തനങ്ങൾ തീർച്ചയായും അഭിനന്ദനാർഹമാണ്‌; അതുപോലെ തന്നെ അനുകരണീയവും.
ടെക്നിക്കൽ ഓഫീസർ, നാളികേര
വികസന ബോർഡ്‌, തിരുവനന്തപുരം

23 Oct 2012

തെങ്ങ്‌ എന്ന കൽപവൃക്ഷം



ശ്രീ ലക്ഷ്മി ടി.ആർ, 
1പതിനൊന്നാം  തരം, സെന്റ്‌ തെരേശാസ്‌ കോൺവെന്റ്‌ ജി.എച്ച്‌.എസ്‌.
നെയ്യാറ്റിൻകര

ഹരിതലാളിത്യം വിളങ്ങിത്തിളങ്ങുമീ
കേരളനാട്ടിന്നഭിമാനമായ്‌
രാജാധിരാജനെപ്പോലെ വിലസുന്നു
കൈരളി തൻ പ്രിയ കൽപതരു.
മൃത്യുഞ്ജയേശനും, ക്രിസ്തുവള്ളാഹുവും
ഒത്തുവാഴുന്നൊരീ പുണ്യഭൂവിൽ
ഒറ്റത്തടിതന്നിൽ, വിശ്വസാഹോദര്യ-
ത്തിനർത്ഥം പ്രദർശിപ്പൂ കേരവൃക്ഷം
മലയാള മണ്ണിന്റെ പൈതൃക സംസ്കൃതി
ജീവൻ തുടിക്കുന്ന സത്യമാകാൻ
കായ്ക്കന്നു, കുലയ്ക്കുന്നു കേരവൃക്ഷം
ഭാർഗവക്ഷേത്രത്തിൽ കൽപശാഖി
മലനാടിന്നക്ഷയപാത്രമായി,
മാലോകർക്ക്‌ സ്വാദിന്നുറവിടമായ്‌,
കാർകൂന്തലഴകിന്റെ സാരാംശമായ്‌,
മന്ദം വിരാജിപ്പൂ കേരരാജൻ!
മലയാളനാടിന്റെ നാമചരിത്രവും
സ്വന്തമാക്കീടുന്നു കേരവൃക്ഷം
തെങ്ങുകൾ തിങ്ങി നിറഞ്ഞനാട്‌,
അതിൻപേരോ പരിശുദ്ധമാം 'കേരളം'.
സത്യാനൃതത്തിനും കേരമൊരാശ്രയം,
ബുദ്ധിവികാസം ഭവിക്കുവാനും
കേരമില്ലാതെ മറ്റില്ലൊരവലംബം
കേരളമൃത്തിന്റെ മക്കൾക്കെല്ലാം.
ശുദ്ധമാം കേരളീയത്വം തുളുമ്പുന്ന,
കേരവൃക്ഷങ്ങൾ നിറഞ്ഞൊരിടം,
ആയിടത്തിങ്കൽ, യദൃശ്ചയാ വന്നു-
ഭവിച്ചതിലാത്മാഭിമാനിയാകൂ!

17 Jun 2012

തിരുവനന്തപുരം ചങ്ങാതിക്കൂട്ടം പുതിയ തൊഴിലിൽ സന്തുഷ്ടർ


നിഷ ജി.

2011 ആഗസ്റ്റ്‌ മാസം 17-​‍ാം തീയതി മിത്രനികേതൻ കൃഷിവിജ്ഞാന
കേന്ദ്രത്തിലാണ്‌ തിരുവനന്തപുരം ജില്ലയിലെ യന്ത്രമുപയോഗിച്ചുള്ള
തെങ്ങുകയറ്റ പരിശീലനത്തിന്‌ തുടക്കം കുറിച്ചതു. പിന്നീട്‌ കരകുളം ഗ്രാമീണ
പഠനകേന്ദ്രവും മറ്റൊരു പരിശീലനകേന്ദ്രമായി മാറി. ഈ രണ്ടുകേന്ദ്രങ്ങളിൽ 27
ബാച്ചുകളിലായി 618 പേരാണ്‌ തിരുവനന്തപുരം ജില്ലയിൽ നിന്നും പരിശീലനം
നേടിയത്‌. ഇതിൽ 38 പേർ സ്ത്രീകളായിരുന്നു എന്നതും മറ്റൊരു എടുത്ത്‌
പറയേണ്ട വസ്തുതയാണ്‌. പരിശീലന കാലയളവിൽ രണ്ട്‌ പരിശീലനകേന്ദ്രങ്ങളും
നൽകിയ അകമഴിഞ്ഞ സഹകരണവും ആത്മാർത്ഥതയും പരിശീലന പരിപാടിയുടെ വിജയത്തിനായിനൽകിയ സംഭാവന എടുത്തുപറയാതെ വയ്യ. പരിശീലനപരിപാടിയുടെ നേട്ടങ്ങൾ ഒരു തൊഴിൽ എന്ന നിലയിൽ തങ്ങളുടെ ജീവിത മാർഗ്ഗത്തിനായി ഉപകരിക്കുമെന്നും ഇത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഏറ്റവും കൂടുതലായി കൃഷി ചെയ്യപ്പെടുന്ന
ഒരു വിളയുടെ സംരക്ഷണത്തിനായുള്ള ഏറ്റവും പ്രധാനപ്പെട്ട ചുവട്‌
വെയ്പുകളിലൊന്നാണെന്നും തിരിച്ചറിഞ്ഞ തിരുവനന്തപുരം ജില്ലയിലെ ഒരു കൂട്ടം
ചെറുപ്പക്കാരുടെ അനുഭവങ്ങളാണ്‌ ഇവിടെ വിവരിക്കുന്നത്‌.
തിരുവനന്തപുരം ജില്ലയിലെ പൂവ്വച്ചൽ സ്വദേശിയായ ബിനുവിന്റെ കുടുംബം
ഭാര്യയും മകളും അടങ്ങിയതാണ്‌. മിത്രനികേതൻ കൃഷി വിജ്ഞാനകേന്ദ്രത്തിൽ
നിന്നാണ്‌ ഇദ്ദേഹം പരിശീലനം നേടിയത്‌. ദിവസവും 80 മൂട്‌ തെങ്ങിൽ കയറുന്ന
ബിനുകുമാറിന്റെ പ്രവർത്തനമേഖല പൂവ്വച്ചൽ മുതൽ തിരുമല, പേയാട്‌ വരെയാണ്‌.

പരിശീലനത്തിന്‌ മുൻപ്‌ ബിനുകുമാറിന്റെ ഉപജീവനമാർഗ്ഗം
കൂലിപ്പണിയായിരുന്നു. പരമ്പരാഗത രീതിയിലും തെങ്ങുകയറുന്ന ബിനുവിന്‌ ഈ
രീതിയിൽ 50 മൂട്‌ വരെയാണ്‌ ദിവസവും കയറുവാൻ കഴിഞ്ഞിരുന്നത്‌. ഉച്ചയ്ക്ക്‌
12 മണിയാകുമ്പോൾ തെങ്ങുചൂടായിക്കഴിഞ്ഞാൽ തളപ്പിട്ട്‌ കയറുവാൻ
സാധ്യമല്ലാതാകും. എന്നാൽ മേഷീൻ ഉപയോഗിച്ച്‌ കയറുമ്പോൾ അത്‌ ബാധകമല്ല.
തേങ്ങ ഇടുന്നതിനോടൊപ്പം മണ്ട വൃത്തിയാക്കുന്നതും ബിനു മുടക്കമില്ലാതെ
ചെയ്തു വരുന്നു. 20 രൂപവരെയാണ്‌ ഇതിനായി പരമാവധി ഒരു തെങ്ങിന്‌
ലഭിക്കുന്നത്‌. മേഷീന്റെ സുഗമമായ ഉപയോഗത്തിനായി സ്വന്തമായി പല
കാര്യങ്ങളും ബിനു മേഷീനിൽ കൂട്ടിച്ചേർത്തിരുന്നു. അതുകൊണ്ടുതന്നെ
ബിനുവിന്‌ മേഷീനെക്കുറിച്ച്‌ പരാതികളില്ല.  വൈകീട്ട്‌ 3 മണിവരെയാണ്‌ ബിനു
സാധാരണയായി ജോലി ചെയ്യാറുള്ളത്‌. പരിശീലനം നേടിക്കഴിഞ്ഞശേഷം ഈ മേഖലയിൽ
തന്നെ തുടരുന്ന ബിനു കൂലിപ്പണി ചെയ്തിരുന്ന കാലത്തെ അപേക്ഷിച്ച്‌
ജീവിതത്തിലുണ്ടായ വളരെ ഗുണപരമായ മാറ്റം വിവരിച്ചു. ഭാര്യ സവിതയും
കൃതജ്ഞതാപൂർവ്വമാണ്‌ ഈ പരിശീലനപരിപാടിയേയും അതിന്‌ പിന്നിലുള്ളവരേയും
നോക്കിക്കാണുന്നത്‌.

തിരുവനന്തപുരം കരകുളത്തെ മൂന്നാമത്തെ ബാച്ചിൽ പരിശീലനത്തിൽ പങ്കെടുത്ത
അരുളി വിതുര സ്വദേശിയാണ്‌. ഭാര്യയും മകനും ഉൾപ്പെട്ട കുടുംബത്തിന്റെ
പരിപൂർണ്ണ പൈന്തുണയും അരുളിയ്ക്കുണ്ട്‌. വിതുര പഞ്ചായത്തിലും
തിരുവനന്തപുരം നഗരത്തിൽ വഴുതയ്ക്കാട്‌, പേരൂർക്കട പ്രദേശങ്ങളിലും അരുളി
തന്റെ പ്രവർത്തനമേഖല വ്യാപിപ്പിച്ചിരിക്കുന്നു. ദിവസവും 75ഓളം
തെങ്ങുകളാണ്‌ ഇദ്ദേഹം തേങ്ങയിടുന്നതിനും മണ്ട വൃത്തിയാക്കുന്നതിനുമായി
കയറുന്നത്‌. ചാറ്റൽ മഴയുള്ള ദിവസങ്ങളിൽ 100 മുതൽ 120 വരെ തെങ്ങുകളിൽ
കയറാനാകുമെന്ന്‌ അരുളി പറയുന്നു. ഇതിനുകാരണം ചാറ്റൽ മഴയുള്ള ദിവസങ്ങളിൽ
ചൂട്‌ കുറവായതുകൊണ്ട്‌ ക്ഷീണം കുറയുമെന്നതാണ്‌. മേഷീൻ ഉപയോഗിച്ചുള്ള
തെങ്ങ്‌ കയറ്റം വളരെ ആയാസരഹിതമാണെന്ന്‌ ഇദ്ദേഹം പറയുന്നു. രാവിലെ വീട്ടിൽ
നിന്നിറങ്ങുമ്പോൾ തന്നെ ആവശ്യക്കാർ ബൈക്കിലെത്തി കൂട്ടിക്കൊണ്ടുപോയി
പണികഴിയുമ്പോൾ തിരികെ എത്തിക്കുന്നു. ലോണെടുത്ത്‌ ഒരു വണ്ടിയെടുക്കാനും
മരുന്ന്‌ തളിക്കാനുള്ള സാമഗ്രികളടക്കം സംഘടിപ്പിച്ച്‌ പ്രവർത്തനമേഖ
വിപുലീകരിക്കാനുമുള്ള തയ്യാറെടുപ്പിലാണ്‌. ഒരു തവണ മാസ്റ്റർ ട്രെയിനി
ആകാനുള്ള അവസരവും അരുളിയ്ക്കുണ്ടായി. സാമ്പത്തിക സുരക്ഷ തരുന്നതിന്‌ ഈ
ജോലി വളരെ സഹായകരമാണെന്ന്‌ അരുളി പറയുന്നു.

തമിഴ്‌നാട്ടിൽ നിന്ന്‌ കേരളത്തിലെത്തിയ ശേഖർ ഇവിടെയെത്തിയിട്ട്‌ 28
വർഷങ്ങളായി. ഭാര്യ ആഷയും രണ്ട്‌ മക്കളുമൊത്താണ്‌ ശേഖർ തൊളിക്കോട്‌
പഞ്ചായത്തിൽ താമസിക്കുന്നത്‌. രാവിലെ 6 മണിമുതൽ ഉച്ചയ്ക്ക്‌ 1
മണിവരെയാകുമ്പോഴേക്കും 110 തെങ്ങ്‌ വരെ കയറിയ ദിവസങ്ങളുണ്ടെന്ന്‌ ശേഖർ
പറയുന്നു. പരമ്പരാഗത രീതിയിൽ മുമ്പ്‌ തെങ്ങ്‌ കയറിയിരുന്ന ശേഖറിന്‌ 70
മൂട്‌ വരെ ഈ രീതിയിൽ കയറുവാൻ സാധിക്കുമായിരുന്നു.  പക്ഷേ ഈ രീതിയിൽ
തെങ്ങ്‌ കയറുമ്പോഴുള്ള ആയാസം മൂലം ആഴ്ചയിൽ പകുതി ദിവസം മാത്രമേ ജോലി
ചെയ്യാൻ സാധിച്ചിരുന്നുള്ളൂ.ഇപ്പോൾ മേഷീൻ ഉപയോഗിക്കുന്നതുമൂലം ഈ
ദിവസങ്ങളിലെ വിശ്രമം ആവശ്യമായി വരുന്നില്ലെന്ന്‌ ശേഖർ കുട്ടിച്ചേർത്തു.
തൊളിക്കോട്‌, വിതുര, നന്ദിയോട്‌, പേട്ട ഇവിടങ്ങളിലൊക്കെ ശേഖർ
ജോലിക്കെത്തുന്നു. ബസിൽ മേഷീനുമായി പോകാനുള്ള ബുദ്ധിമുട്ട്‌ കാരണം ഒരു
ബൈക്ക്‌ വാങ്ങി  അതിലാണ്‌ ജോലിക്കെത്തുന്നത്‌. ഇത്‌ ജോലിയെ കൂടുതൽ
കാര്യക്ഷമമാക്കുന്നു. ഭാര്യ ആഷയാണ്‌ ശേഖറിന്റെ മാനേജർ. ആവശ്യക്കാരുടെ
ഫോൺകോളുകൾ സ്വീകരിച്ച്‌ ജോലിക്കെത്താൻ കഴിയുന്ന തീയതി തീരുമാനിക്കുന്നത്‌
ആഷയാണ്‌.  ഭാര്യയുടെ പൈന്തുണ തന്റെ ജോലിയെ കൂടുതൽ
കാര്യക്ഷമമാക്കുന്നുവേന്ന്‌ ശേഖർ സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ
നെടുമങ്ങാട്‌, പാലോട്‌, വിതുര എന്നീ സ്ഥലങ്ങളിൽ ഒരോ ഇളനീർ പന്തൽ
തുടങ്ങാനുള്ള ഒരുക്കത്തിലുമാണ്‌ ശേഖർ.

വാർത്താപ്രാധാന്യം നേടിയ വിളപ്പിൽശാല സ്വദേശിയായ ഗോപകുമാർ മിത്രനികേതനിൽ
നിന്നും ഫെബ്രുവരിയിലാണ്‌ പരിശീലനം നേടിയത്‌. ഭാര്യയും രണ്ടു
മക്കളുമടങ്ങുന്ന കുടുംബം പൂർണ്ണ പൈന്തുണയുമായി പുറകെയുണ്ട്‌. സ്വന്തമായി
75 തെങ്ങുകളുള്ള ഇദ്ദേഹത്തിന്‌ തേങ്ങയിടാൻ ആളെക്കിട്ടാനില്ലാത്തതുകാരണം
വീട്ടാവശ്യത്തിനുപോലും തേങ്ങ കിട്ടാനില്ലാത്ത അവസ്ഥയിലാണ്‌ ഈ പരിശീലന
പരിപാടിയെക്കുറിച്ചറിഞ്ഞ്‌ പങ്കെടുക്കാനെത്തിയത്‌. 30 തെങ്ങുകൾ വരെ
ദിവസവും കയറുന്ന ഇദ്ദേഹം ദിവസവും 4 മണിയ്ക്ക്‌ തന്നെ തന്റെ ജോലി
തുടങ്ങുന്നു. ബൈക്കിലാണ്‌ ഗോപകുമാർ ജോലിക്കായി പോകുന്നത്‌; ഒന്നിച്ച്‌
പരിശീലനം നേടിയ അശോകനും സുഭാഷും കൂടെയുണ്ടാകും. ഗോപകുമാറിന്റെ
നേതൃത്വത്തിൽ വിളപ്പിൽ പഞ്ചായത്തിന്റെ രണ്ട്‌ വാർഡുകൾ
ഉൾക്കൊള്ളിച്ചുകൊണ്ട്‌ കൽപ്പശ്രീ എന്നൊരു ഉത്പാദകസംഘവും
രൂപീകരിക്കപ്പെട്ടിട്ടുണ്ട്‌. പരിശീലനത്തിന്റെ ഭാഗമായി നേടിയ
സസ്യസംരക്ഷണരീതികളും ഇദ്ദേഹം പ്രവൃത്തിപഥത്തിൽ കൊണ്ടുവന്നിട്ടുണ്ട്‌.

സ്പ്രേയർ വാങ്ങി വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം ആവശ്യമുള്ളപ്പോൾ
തളിക്കാനും മണ്ട വൃത്തിയാക്കാനും ഗോപകുമാർ മറക്കാറില്ല. തൊഴിലിനുമപ്പുറം
കാലഘട്ടത്തിന്റെ ആവശ്യത്തിനായി ലഭിച്ച ഒരു പരിശീലനമായി ഇതിനെ
നോക്കിക്കാണുന്ന ഗോപകുമാർ തേങ്ങയിടാൻ ആളെക്കിട്ടാത്ത ആളുകളോട്‌ പറയുന്നു
- ?ഞങ്ങളിവിടെയുണ്ട്‌; ഇതുമൂലം നിങ്ങൾ തെങ്ങിനെ ഉപേക്ഷിക്കരുത്‌?.
അരുവിക്കര സ്വദേശിയായ പതിനെട്ടുകാരൻ വിഘ്നേഷും വിതുര സ്വദേശിയായ
പതിനെട്ടുകാരൻ രാഹുലും മിത്രനികേതനിൽ വെച്ചാണ്‌ പരിശീലനം നേടിയത്‌.
ഒരുമിച്ചാണ്‌ രണ്ടുപേരും ജോലിക്ക്‌ പോകുന്നത്‌. പരമാവധി 30 തെങ്ങുകളിൽ
വരെ ഓരോരുത്തരും കയറുന്നു. വെള്ളനാട്‌, ആനപ്പാറ പ്രദേശങ്ങളാണ്‌ ഇവരുടെ
പ്രവർത്തനമേഖല. 15-20 രൂപ വരെയാണ്‌ ഒരു തെങ്ങിൽ കയറുന്നതിന്റെ പ്രതിഫലം.
ശനി, ഞായർ ദിവസങ്ങളിൽ കമ്പ്യൂട്ടർ കോഴ്സിനും, വരുന്ന വർഷം ഡിഗ്രിക്കും
ചേരുവാനുദ്ദേശിക്കുന്ന ഇവരുടെ ഫീസിനും മറ്റ്‌ ചെലവുകൾക്കുമുള്ള തുക ഈ
ജോലിയിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ്‌ കിട്ടുന്നത്‌.  സ്വന്തമായി
നിക്ഷേപവും ഇവർക്കുണ്ട്‌. രണ്ടുപേരുടേയും കുടുംബാംഗങ്ങളും വളരെ
അനുകൂലമായി ഇവരുടെ ഈ കാൽവെയ്പിനെ നോക്കിക്കാണുന്നു എന്നതാണ്‌ സന്തോഷകരമായ മറ്റൊരു വസ്തുത.

പരിശീലന പരിപാടികൊണ്ട്‌ ഉദ്ദേശിച്ച ലക്ഷ്യങ്ങൾ പ്രായോഗിക തലത്തിൽ
സാക്ഷാത്ക്കരിക്കുന്നതിന്‌ ഈ ചെറുപ്പക്കാർ നടത്തുന്ന ശ്രമങ്ങൾ
തീർച്ചയായും ശ്ലാഘനീയമാണ്‌. എല്ലാറ്റിനുമുപരി നമ്മുടെ പ്രിയപ്പെട്ട
വിളയുടെ രക്ഷയ്ക്കായി മുൻപുണ്ടായിട്ടില്ലാത്ത വിധത്തിൽ ഇത്തരമൊരു
പരിശീലനപരിപാടി ആസൂത്രണം ചെയ്ത്‌ നടപ്പിലാക്കുകയും അത്‌ കേരളത്തിലെ
കുറെയേറെ ചെറുപ്പക്കാരുടെ തൊഴിൽ സുരക്ഷയ്ക്കായുള്ള മാർഗ്ഗമായിത്തീരുകയും
ചെയ്യുമ്പോൾ അഭിനന്ദനം അർഹിക്കുന്നത്‌ മറ്റാരുമല്ല; ഈ പരിശീലന
പരിപാടിയ്ക്ക്‌ രൂപം കൊടുക്കുകയും, നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്ക്‌
സകലവിധ പ്രേരണയും പ്രചോദനവും പൈന്തുണയുമായി നിലകൊള്ളുകയും ചെയ്ത നാളികേര
വികസന ബോർഡ്‌ ചെയർമാൻ ശ്രീ. ടി. കെ. ജോസ്‌ ഐഎഎസ്‌ അവർകൾ തന്നെയാണ്‌.
ടെക്നിക്കൽ ഓഫീസർ,
നാളികേര വികസന ബോർഡ്‌,
തിരുവനന്തപുരം

18 Mar 2012

വേറിട്ട വഴിയിലൂടെ ഒരു കർഷക യാത്ര


നിഷ. ജി.

തിരുവനന്തപുരം ജില്ലയിൽ തൊളിക്കോട്‌ എന്ന മലയോര ഗ്രാമത്തിലെ തച്ചൻകോട്‌
സ്വദേശിയാണ്‌ മനോഹരൻ നായർ. കുറിയ തെങ്ങുകളുടെ പ്രചാരകനായി അറിയപ്പെടുന്ന
അദ്ദേഹത്തിന്റെ കുടുംബം ഭാര്യ രത്നമണിയും മകനും   മകളും അടങ്ങിയതാണ്‌.
ഇരുപതു വയസു മുതൽ കാർഷിക വൃത്തിയിലേർപ്പെട്ട മനോഹരൻ നായർക്ക്‌ കൃഷിയിടം
പരമ്പരാഗതമായി ലഭിച്ചതാണ്‌.

താങ്കളുടെ കൃഷിയിടത്തിലെ പ്രധാന കൃഷികൾ ഏതൊക്കെയാണ്‌?
എനിക്ക്‌ സ്വന്തമായി 2 ഏക്കർ 30 സെന്റ്‌ കൃഷിഭൂമിയാണുള്ളത്‌. ഇതിൽ 70
തെങ്ങുകളാണുള്ളത്‌. 45 എണ്ണം കുറിയ ഇനങ്ങളും 25 എണ്ണം നെടിയ ഇനം
തെങ്ങുകളുമാണ്‌. 10 തെങ്ങുകൾ 60 വർഷം      പ്രായമായവയാണ്‌. ബാക്കി
തെങ്ങുകൾ 2 മുതൽ 25 വർഷം   പ്രായമുള്ളതും. 60 കുരുമുളക്‌ വള്ളികളും
ഇടവിളയായി കൃഷി ചെയ്യുന്നുണ്ട്‌. അലങ്കാര ചെടികളായ ഓർക്കിഡ്‌, ആന്തൂറിയം,
ക്രോട്ടൺ എന്നിവയുടെ നഴ്സറിയുമുണ്ട്‌. കൂടാതെ തിരുവനന്തപുരം ജില്ലയിലെ
ആര്യങ്കാവ്‌ എന്ന സ്ഥലത്ത്‌ 16 ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത്‌ കൃഷി
ചെയ്യുന്നുണ്ട്‌.  വാഴയും മരച്ചീനിയുമാണ്‌ അവിടെ പ്രധാനമായും കൃഷി
ചെയ്യുന്നത്‌. തെങ്ങിനിടവിളയായി ഇഞ്ചിയും ചേനയും ചേമ്പും കൃഷി
ചെയ്യുന്നു. കൂടാതെ പച്ചക്കറിയും കൃഷി ചെയ്യുന്നുണ്ട്‌. പാവൽ, പടവലം,
വെള്ളരി, മാലി മുളക്‌ എന്നിവയാണ്‌ പ്രധാന പച്ചക്കറി വിളകൾ. കിളിമാനൂറിൽ
85 സെന്റ്‌ സ്ഥലത്ത്‌ നെൽകൃഷിയും ചെയ്യുന്നുണ്ട്‌. ഒരേക്കറിൽ 130 റബ്ബർ
മരങ്ങളും ഉണ്ട്‌.

താങ്കൾ ചെയ്തുവരുന്ന കൃഷിരീതികളെ കുറിച്ചു വിശദമാക്കാമോ?
ഞാൻ ജൈവകൃഷിയാണ്‌ സാധാരണയായി അനുവർത്തിക്കുന്നത്‌. എല്ലാ വർഷവും
തെങ്ങുകൾക്ക്‌ തടമെടുക്കും. മണ്ണിര കമ്പോസ്റ്റും ചാണകപ്പൊടിയും
എല്ലുപൊടിയും ആണ്‌ തെങ്ങുകൾക്ക്‌ നൽകാറുള്ളത്‌. ഒരു തെങ്ങിന്‌ 4 കി.
ഗ്രാം മണ്ണിര  കമ്പോസ്റ്റും 20 കി. ഗ്രാം ചാണകപ്പൊടിയും 1 കി. ഗ്രാം
എല്ലുപൊടിയും ആണ്‌ നൽകുന്നത്‌. കൂടാതെ ചാരവും തെങ്ങുകൾക്ക്‌ ഇടാറുണ്ട്‌.
തെങ്ങിൻ ചുവട്ടിൽ ചവറുപയോഗിച്ച്‌ പുതയിടാറുണ്ട്‌.

തോട്ടത്തിൽ ജലസേചനം നടത്താറുണ്ടോ?
മഴ ഇല്ലാത്ത എല്ലാ മാസങ്ങളിലും തോട്ടം നനയ്ക്കാറുണ്ട്‌. എന്റെ സ്വന്തം
സ്ഥലത്ത്‌ ഇലക്ട്രിസിറ്റി മോട്ടോർ ഉപയോഗിച്ച്‌ തോടിൽ നിന്നും വെള്ളം
പമ്പു ചെയ്താണ്‌ ജലസേചനം നടത്താറുള്ളത്‌. പാട്ടത്തിനെടുത്ത ഭൂമിയിൽ
വൈദ്യുതി കണക്ഷൻ ഇല്ലാത്തതിനാൽ ഡീസൽ മോട്ടോർ ഉപയോഗിച്ച്‌ തൊട്ടടുത്തുള്ള
ആറിൽ നിന്നും വെള്ളം പമ്പ്‌ ചെയ്ത്‌ ടാങ്കുകളിൽ നിറച്ച്‌ ജലസേചനം
നടത്തുന്നു.

തെങ്ങുകൃഷിയിൽ അനുവർത്തിക്കുന്ന സസ്യ സംരക്ഷണ രീതികൾ എന്തൊക്കെയാണ്‌?
എന്റെ തോട്ടത്തിൽ കൂടുതലായുള്ള ?മലയൻ കുറിയ പച്ച പൊതുവെ രോഗപ്രതിരോധ
ശേഷിയുള്ളതാണ്‌ എന്നതാണ്‌ അനുഭവം. കാലാകാലങ്ങളിൽ തെങ്ങിന്റെ മണ്ട
വൃത്തിയാക്കുകയാണെങ്കിൽ കീട-രോഗബാധ ഒരു നല്ല പരിധി വരെ തടയാനാകും. ഞാൻ
വർഷത്തിൽ മൂന്ന്‌ തവണ തെങ്ങുകളുടെ മണ്ട വൃത്തിയാക്കും. അപൂർവ്വമായി
കാണപ്പെടുന്ന കൊമ്പൻ ചെല്ലിയെ കുത്തിയെടുത്ത്‌ നശിപ്പിക്കും. ഉപ്പും
ചാരവും ഉപയോഗിച്ച്‌ ചെല്ലിയെ പ്രതിരോധിക്കുന്ന പരമ്പരാഗത   രീതിയും
പരീക്ഷിക്കാറുണ്ട്‌.

രോഗകീടബാധകൾക്കുപരിയായി ഇവിടങ്ങളിലെ കാട്ടുപന്നി ശല്യമാണ്‌ കാർഷിക
പ്രവർത്തനങ്ങൾക്ക്‌ തടസ്സമാകുന്നത്‌. വൃശ്ചിക കാർഷികോത്സവത്തിന്‌
വിളവെടുക്കാനായി വളർത്തിയ മരച്ചീനി, കാച്ചിൽ, ചേന, ചേമ്പ്‌ എന്നിവയും
വാഴയും കുറിയ തെങ്ങിന്റെ തൈകളും പന്നി നശിപ്പിച്ചതുമൂലം 50000 രൂപയുടെ
നഷ്ടമാണ്‌ ഇക്കഴിഞ്ഞ നവംബർ മാസത്തിലുണ്ടായത്‌.
താങ്കളുടെ മറ്റു കൃഷി അനുബന്ധ പ്രവർത്തനങ്ങൾ എന്തൊക്കെയാണ്‌?
കൃഷിയിടത്തിലെ പാറ പൊട്ടിച്ച സ്ഥലം ജലസംഭരണിയാക്കി അതിൽ ശാസ്ത്രീയമായി
മത്സ്യകൃഷി ചെയ്തു വരുന്നു. ഫിഷറീസ്‌ വകുപ്പ്‌ നടപ്പിലാക്കി വരുന്ന
മത്സ്യകേരളം പദ്ധതിയുടെ കോ-ഓർഡിനേറ്ററാണ്‌ ഞാൻ. ആറ്റുകൊഞ്ച്‌, റോഹു,
കട്ല, ഗ്രാസ്‌ കാർപ്പ്‌ എന്നീ ഇനത്തിൽപ്പെട്ട മത്സ്യങ്ങളാണ്‌ കൃഷി
ചെയ്യുന്നത്‌. 7 മാസമാണ്‌ വിളവെടുപ്പിനുള്ള കാലാവധി. കഴിഞ്ഞ തവണ 25000
രൂപയുടെ മത്സ്യം വിളവെടുക്കാൻ കഴിഞ്ഞു. ഇപ്പോൾ എന്റെ  ചുമതലയിൽ
ചുറ്റുപാടുമുള്ള വിവിധ കുളങ്ങളിൽ മത്സ്യകൃഷി ചെയ്തു വരുന്നു.
നാം വലിച്ചെറിയുന്ന ജൈവ മാലിന്യങ്ങൾ മറ്റുള്ളവർക്ക്‌ ഉപദ്രവം ഉണ്ടാക്കാതെ
ജൈവ വളമാക്കി മാറ്റാനായി മണ്ണിര കമ്പോസ്റ്റ്‌ ടാങ്ക്‌
ഉണ്ടാക്കിയിട്ടുണ്ട്‌. എന്റെ കൃഷി ആവശ്യത്തിനുള്ള കമ്പോസ്റ്റ്‌ ഈ വഴി
ലഭിക്കുന്നു. ആവശ്യമുള്ളവർക്ക്‌ സൗജന്യമായി മണ്ണിരയും നൽകി വരുന്നു.

കുറിയ തെങ്ങുകളുടെ പ്രചാരകനായി അറിയപ്പെടുന്ന താങ്കളുടെ ഈ മേഖലയിലെ
നിരീക്ഷണങ്ങളേയും പ്രവർത്തനങ്ങളേയും കുറിച്ച്‌ വിശദീകരിക്കാമോ?
തേങ്ങയിടാൻ ആളുകളെ കിട്ടാനില്ല എന്ന കാരണം കൊണ്ട്‌ തെങ്ങുകൃഷി
അവഗണിക്കപ്പെട്ട ഒരു കാലത്താണ്‌ കുറിയ തെങ്ങുകൾ കാലഘട്ടത്തിന്റെ
ആവശ്യമാണെന്ന്‌ മനസ്സിലാക്കി അതിന്റെ പ്രചാരത്തിനായുള്ള
പ്രവർത്തനങ്ങൾക്കായി ഞാൻ മുന്നിട്ടിറങ്ങിയത്‌. ഈ പ്രദേശങ്ങളിൽ
കണ്ടുവരുന്ന മലയൻ കുറിയ പച്ചയും ഗൗരീഗാത്രവും ആണ്‌ ഞാൻ ശേഖരിച്ചതു. എന്റെ
പുരയിടത്തിലെ മാതൃവൃക്ഷങ്ങളുടെ വിത്തു തേങ്ങകൾ തൈ ഉത്പാദനത്തിന്‌ തികയാതെ
വരുന്നത്‌ കൊണ്ട്‌ തൊളിക്കോട്‌ പ്രദേശത്തെ വിവിധ ഭാഗങ്ങളിലായി ഞാൻ നല്ല
മാതൃ വൃക്ഷങ്ങളെ കണ്ടെത്തി അവയിൽ നിന്നുള്ള വിത്തു തേങ്ങ ശേഖരിച്ചു പാകി
തൈ മുളപ്പിച്ച്‌ ആവശ്യക്കാർക്ക്‌ എത്തിച്ചു കൊടുക്കുന്നു. മറ്റു വീടുകളിൽ
നിന്നും ശേഖരിക്കുന്ന കുറിയ ഇനങ്ങളുടെ വിത്തു തേങ്ങയ്ക്കു പകരം നെടിയ
ഇനങ്ങളുടെ തേങ്ങകൾ വീട്ടാവശ്യത്തിനായി എത്തിച്ചു കൊടുക്കുന്നു.
സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി കുറിയ തെങ്ങുകളുടെ തൈകൾക്കായി
ആവശ്യക്കാർ ഏറെയുണ്ട്‌. തിരുവനന്തപുരം ജില്ലയിൽ ആവശ്യക്കാർക്ക്‌ തൈകൾ
വീട്ടിൽ എത്തിച്ചു കൊടുക്കുകയും മറ്റുള്ളവർക്ക്‌ കൊറിയർ വഴി അയച്ചു
കൊടുക്കുകയും ചെയ്യുന്നു. ഇതിനകം  5000ത്തോളം കുറിയ തെങ്ങിന്റെ തൈകൾ
വിതരണം ചെയ്തു കഴിഞ്ഞു. കൃത്യമായും മൂന്നാം വർഷത്തിൽ ഈ തെങ്ങുകൾ കായ്ച്ചു
തുടങ്ങുന്നു എന്നതാണ്‌ ഇതിന്റെ പ്രധാന ആകർഷ ണങ്ങളിലൊന്ന്‌.
നമ്മുടെ കുട്ടികളിൽ കാർഷിക സംസ്ക്കാരത്തിനെ കുറിച്ച്‌ അവബോധം
ഉണ്ടാക്കാനും. പ്രത്യേകിച്ച്‌ തെങ്ങുകൃഷിയിൽ ആഭിമുഖ്യം വളർത്താനുമായി
?കുട്ടിത്തെങ്ങ്‌ കുട്ടിക്ക്‌ വിളവെടുക്കാൻ? എന്നൊരു പദ്ധതിയും ഞാൻ
ചെയ്തു വരുന്നു. തിരുവനന്തപുരം ജില്ലയിലെ പട്ടം കേന്ദ്രീയ വിദ്യാലയവും
കുമാരപുരം യു.പി.എസും   അടക്കമുള്ള   300ഓളം      സ്കൂളുകളിൽ കുറിയ
തെങ്ങിന്റെ ഒരു തൈ എത്തിച്ച്‌ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ എന്റെ
നേതൃത്വത്തിൽ നട്ടു കഴിഞ്ഞിട്ടുണ്ട്‌. മാസത്തിലൊരിക്കൽ ആവശ്യമായ പരിചരണ
മുറകൾ നേരിട്ടുപോയി എന്റെ ചെലവിൽ നടത്തി വരുന്നു.


തെങ്ങിൽ നിന്നും മറ്റു വിളകളിൽ നിന്നും ലഭിക്കുന്ന വിളവിനെക്കുറിച്ചും
ഉൽപന്നങ്ങളുടെ വിപണനത്തെക്കുറിച്ചും വിശദീകരിക്കാമോ?
പ്രതിവർഷം 4000 തേങ്ങയാണ്‌ എനിക്കിപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്‌.
ഇതിൽ ഒരു ഭാഗം കൊപ്രയാക്കുകയും അതിലൊരു ഭാഗം വെളിച്ചെണ്ണ ആക്കി
മാറ്റുകയും ചെയ്യുന്നു. 5 കി.ഗ്രാം ?വരദ? ഇഞ്ചി വിത്തിൽ നിന്നും 62
കി.ഗ്രാം ഇഞ്ചി വിളയിച്ചു. കഴിഞ്ഞ വർഷം ഇഞ്ചിക്ക്‌ 440 രൂപ കിലോയ്ക്ക്‌
ലഭിച്ചു. 85 സെന്റിലെ നെൽകൃഷിയിൽ നിന്നും 800 കി.ഗ്രാം നെല്ലാണ്‌
ലഭിച്ചതു. 16 ഏക്കർ പാട്ടകൃഷിയിടത്തിൽ റോബസ്റ്റ, നേന്ത്രൻ, രസകദളി എന്നീ
ഇനങ്ങളിലുള്ള വാഴകളാണ്‌ കൃഷി ചെയ്യുന്നത്‌.  4000  വാഴകളിൽ നിന്നും
വിളവെടുത്തപ്പോൾ 1.25 ലക്ഷം രൂപ ലഭിച്ചു. ആമ്പക്കാടൻ ഇനത്തിൽപെട്ട
മരച്ചീനിയാണ്‌ കൃഷി ചെയ്യുന്നത്‌. 7 മാസത്തിനുള്ളിൽ വിളവെടുക്കാവുന്ന ഈ
ഇനം   നല്ല   രുചിയും ഉള്ളതാണ്‌. ഒരു മരച്ചീനി ചെടിയിൽ നിന്നും 30
കി.ഗ്രാമിനു മുകളിൽ കിഴങ്ങ്‌ ലഭിക്കുന്നുണ്ട്‌. പക്ഷേ മരച്ചീനിയുടെ
വിപണനത്തിന്‌ ഏറെ ബുദ്ധിമുട്ട്‌ നേരിടേണ്ടി വന്നു.


താങ്കളുടെ നൂതന ചുവടുവയ്പുകളെക്കുറിച്ചും കൃഷി രീതികളെക്കുറിച്ചും വിശദമാക്കാമോ?
?കുട്ടിത്തെങ്ങ്‌ കുട്ടിക്ക്‌ വിളവെടുക്കാൻ? എന്ന പദ്ധതി വരും തലമുറക്ക്‌
കാർഷിക മേഖലയിൽ താൽപ്പര്യവും അവബോധവും ഉണ്ടാക്കണമെന്ന വ്യക്തമായ
ഉദ്ദേശ്യത്തോടെ ചെയ്തു വരുന്നതാണ്‌. ഇനിയും ഏതെങ്കിലും സ്കൂളുകൾക്ക്‌
ഇതിനു താൽപ്പര്യമുണ്ടെങ്കിൽ ചെയ്തു കൊടുക്കാനും തയ്യാറാണ്‌.
പ്രകൃതിദത്തമായ സൗകര്യങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന ആശയത്തിനു
പുറത്താണ്‌ പാറമടയിൽ മത്സ്യ കൃഷിക്ക്‌ തുടക്കം കുറിച്ചതു. ഇപ്പോൾ
മത്സ്യകേരളത്തിന്റെ കോ-ഓർഡിനേറ്റർ ആയി താൽപ്പര്യമുള്ളവർക്ക്‌
മത്സ്യകൃഷിക്കുവേണ്ട ഉപദേശങ്ങളും സഹായങ്ങളും നൽകി വരുന്നു.
മരച്ചീനി പ്രത്യേക രീതിയിൽ കൃഷി ചെയ്ത്‌, അതായത്‌, ഒരു കിഴങ്ങ്‌ മാത്രം
നിർത്തി അതിനെ തറനിരപ്പിന്‌ സമാന്തരമായി വളരാനുള്ള സാഹചര്യം സൃഷ്ടിച്ച്‌
രണ്ടു  മീറ്ററോളം നീളത്തിലുള്ള കിഴങ്ങ്‌ കൃഷി ചെയ്തെടുക്കാൻ
സാധിച്ചിട്ടുണ്ട്‌.

കാർഷിക വൃത്തിയിൽ കർഷകരെ സഹായിക്കാനായി വിവിധ ഏജൻസികൾ നടത്തുന്ന
ശ്രമങ്ങളെക്കുറിച്ച്‌ താങ്കളുടെ അഭിപ്രായം എന്താണ്‌?
കുറിയ തൈകൾക്ക്‌ ആവശ്യക്കാർ ഏറെയുണ്ടെങ്കിലും വൻതോതിൽ
ഉത്പാദിപ്പിക്കാനുള്ള സാമ്പത്തിക ശേഷി ഇപ്പോഴെനിക്കില്ല. ഏതെങ്കിലും
ഏജൻസികൾ സഹായിക്കാൻ തയ്യാറാണെങ്കിൽ വൻതോതിൽ തൈകൾ ഉത്പാദിപ്പിച്ച്‌ വിതരണം
ചെയ്യാൻ ഞാൻ തയ്യാറാണ്‌. കൃഷിയിടത്തിലെ പമ്പ്‌ സെറ്റ്‌ കൃഷിഭവൻ മുഖേന
ലഭിച്ചതാണ്‌.

കൃഷിയും നമ്മുടെ സംസ്ക്കാരവും വേറിട്ട്‌ നിൽക്കേണ്ടതല്ലെന്ന ബോധം വരും
തലമുറയിൽ എത്തിക്കുവാനും കൃഷി ഇല്ലാതെ നമുക്ക്‌ നിലനിൽപ്പില്ലെന്നുള്ള
സത്യം അവർക്കുണ്ടാക്കാനും ഇന്നു നമുക്കിടയിൽ നാമമാത്രമായുള്ള നല്ല കർഷകരെ
തിരിച്ചറിഞ്ഞ്‌ വേണ്ട പ്രോത്സാഹനങ്ങൾ നൽകേണ്ടതാണ്‌. കർഷകനാണ്‌ എന്ന
കാര്യം അഭിമാനത്തോടെ പറയാൻ ഉതകുന്ന സാഹചര്യങ്ങൾ ഒരുക്കിയെടുക്കാൻ ഇത്തരം
ഏജൻസികൾക്ക്‌ കഴിയണമെന്നാണ്‌ എന്റെ വിനീതമായ അഭ്യർത്ഥന.

നാളികേര വികസന ബോർഡ്‌ നടത്തിവരുന്ന തെങ്ങുകൃഷി പുനരുദ്ധാരണ
പദ്ധതിയെക്കുറിച്ചും ബോർഡിന്റെ പുതിയ കാൽവയ്പുകളായ ചങ്ങാതിക്കൂട്ടം എന്ന
തെങ്ങുകയറ്റ പരിശീലന പരിപാടിയെക്കുറിച്ചും നാളികേര ഉത്പാദക
സംഘങ്ങളെക്കുറിച്ചും താങ്കൾക്കറിവുണ്ടോ?
നാളികേര വികസന ബോർഡ്‌ നടപ്പിലാക്കി വരുന്ന തെങ്ങു കൃഷി പുനരുദ്ധാരണ
പദ്ധതിയുടെ ഭാഗമായി തൊളിക്കോട്‌ പഞ്ചായത്തിൽ രൂപീകരിച്ചിട്ടുള്ള
തച്ചൻകോട്‌ വാർഡിന്റെ കൺവീനറാണ്‌ ഞാൻ. ഈ പദ്ധതിയിൽ മുറിക്കാനായി
അടയാളപ്പെടുത്തിയ തെങ്ങുകളിൽ 80 ശതമാനവും മുറിച്ചു മാറ്റി കഴിഞ്ഞു.
പദ്ധതിയുടെ ഭാഗമായ വളങ്ങളും കർഷകർക്ക്‌ വിതരണം ചെയ്തു.
നാളികേര ബോർഡ്‌ നടപ്പിലാക്കി വരുന്ന തെങ്ങു കയറ്റ പരിശീലന പരിപാടിയിൽ
തൊളിക്കോട്‌ പഞ്ചായത്തിൽ നിന്നും പത്തോളം പേർ പങ്കെടുത്തു കഴിഞ്ഞു. ഈ
പരിശീലന പരിപാടി തെങ്ങിൽ കയറാൻ ആളുകളില്ല എന്ന പ്രശ്നത്തിന്‌ ഒരു
പരിഹാരമാകുമെന്ന്‌ വിശ്വസിക്കാം. ഈ പരിശീലനം നേടിയ ആളുകളുടെ പേരു
വിവരങ്ങൾ അതാത്‌ പഞ്ചായത്തിലോ കൃഷി ഭവനിലോ ലഭ്യമാക്കുകയാണെങ്കിൽ മാത്രമേ
പരിപാടിയുടെ പൂർണ്ണമായ പ്രയോജനം കർഷകരിലെത്തിക്കാൻ കഴിയുകയുള്ളൂ.
തെങ്ങു കൃഷിക്ക്‌ ഒരു പുത്തനുണർവ്വ്വ്‌ നൽകുക എന്ന ഉദ്ദേശ്യത്തോടുകൂടി
രൂപീകരിച്ചു വരുന്ന ഉത്പാദക സംഘങ്ങൾ എന്ന ആശയം തികച്ചും സ്വാഗതാർഹമാണ്‌.
ഉത്പാദനം മുതൽ വിപണനം വരെ ഒരുമിച്ച്‌ കൂട്ടായ്മയോടെ ചെയ്താൽ ഉത്പാദന
ചെലവ്‌ കുറയ്ക്കാനും വരുമാനം വർദ്ധിപ്പിക്കാനും കഴിയും. കർഷകരുടെ
ഉൽപന്നങ്ങൾ സ്വരൂപിക്കുവാനും വിൽപനയും മൂല്യവർദ്ധനവും നടത്താനും ഉത്പാദക
സംഘങ്ങൾക്ക്‌   കഴിയും. തൊളിക്കോട്‌ പഞ്ചായത്തിൽ പത്തോളം സിപിഎസ്കളാണ്‌
ഞങ്ങൾ ലക്ഷ്യമിടുന്നത്‌. അതിലൊന്ന്‌ ചാരിറ്റബിൾ സോസൈറ്റി ആക്ട്‌ പ്രകാരം
രജിസ്റ്റർ ചെയ്തു കഴിഞ്ഞു. തച്ചൻകോട്‌ പ്രദേശത്ത്‌ സിപിഎസ്‌
രൂപീകരിക്കുന്നതിനായി ഒരു യോഗം അടുത്ത ആഴ്ച ഞങ്ങൾ
സംഘടിപ്പിക്കുന്നുണ്ട്‌.
തേങ്ങയുടെ വില വീണ്ടും ഇടിഞ്ഞ ഈ സാഹചര്യത്തിൽ ഉത്പാദക സംഘങ്ങളിലൂടെ
കേരകർഷകർ സംഘടിക്കുകയും കേരകർഷകരുടെ പ്രശ്നങ്ങൾ ബന്ധപ്പെട്ടവരുടെ
ശ്രദ്ധയിൽ കൊണ്ടു വരികയും വേണം. തേങ്ങയുടെയും അതിന്റെ ഉൽപന്നങ്ങളുടെയും
വില നിർണ്ണയത്തിൽ കേരകർഷകർക്ക്‌ പങ്ക്‌ വഹിക്കാൻ കഴിയുന്ന ഒരു നല്ല
നാളെയ്ക്കുള്ള വഴികാട്ടികളായി ഈ ഉത്പാദക സംഘങ്ങൾ മാറുമെന്ന്‌ നമുക്ക്‌
പ്രത്യാശിക്കാം.
കൃഷിയേയും തെങ്ങിനെയും ഒരു പോലെ സ്നേഹിക്കുന്ന മനോഹരൻ നായർ ഇന്നത്തെ
തലമുറയ്ക്കും വരും തലമുറയ്ക്കും തീർച്ചയായും ഒരു മാതൃക തന്നെയാണ്‌.
കാർഷിക രംഗത്തെ സജീവ സാന്നിദ്ധ്യമായ അദ്ദേഹത്തിന്റെ ഏറ്റവും വലിയ
പ്രത്യേകത താൻ സ്വായത്തമാക്കിയ നൂതന കൃഷിരീതികൾ
മറ്റുള്ളവരിലേക്കെത്തിക്കാനുള്ള സുമനസ്സും താൽപ്പര്യവുമാണ്‌. താൻ ഒരു
കർഷകനാണെന്നും കൃഷി മാന്യമായ ഒരു തൊഴിലാണെന്നും അഭിമാനത്തോടെ പറയുന്ന
അദ്ദേഹം കുറിയ തെങ്ങുകളുടെ പ്രചാരത്തിനായും അതു വഴി തെങ്ങു കൃഷിയുടെ
പ്രചാരത്തിനായും നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്‌.
ഇദ്ദേഹത്തിന്റെ വീട്ടിലേക്കു പോകുന്ന വഴിയിലുള്ള    വീടുകളിൽ മനോഹരൻ
നായരിൽ നിന്ന്‌ വാങ്ങിയ തെങ്ങുകൾ കൈയെത്തും ദൂരത്ത്‌ കുലച്ചു
നിൽക്കുന്നതു കാണാം. അഗ്രി ഫ്രണ്ട്സിന്റെ കർഷക ശ്രേഷ്ഠ 2011 അവാർഡ്‌
ലഭിച്ചിട്ടുള്ള മനോഹരൻ നായരെ ഫാം ജേണലിസ്റ്റ്‌ ഫോറവും തൊളിക്കോട്‌ കൃഷി
ഭവനും ആദരിക്കുകയുണ്ടായി. നൂറോളം സ്കൂളുകളും അദ്ദേഹത്തെ
ആദരിച്ചിട്ടുണ്ട്‌. അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾക്ക്‌ ആവശ്യമായ
പൈന്തുണയും പ്രോത്സാഹനവും നൽകുവാൻ നാളികേര വികസന ബോർഡ്‌ അടക്കമുള്ള
ഏജൻസികൾക്ക്‌ സാധിക്കുകയാണെങ്കിൽ അത്‌ നമ്മുടെ കാർഷിക സംസ്ക്കാരത്തിന്‌
മനോഹരൻനായർ നൽകി വരുന്ന സംഭാവനകൾക്കുള്ള ഒരു അംഗീകാരമാകും.
മേൽവിലാസം: ആർ. മനോഹരൻ നായർ, ദിവ്യ , തച്ചൻകോട്‌, വിനോബോ നികേതൻ (പി.ഒ),
തിരുവനന്തപുരം - 695542, മൊബെയിൽ: 9495568619
ടെക്നിക്കൽ ആഫീസർ, നാളികേര വികസന ബോർഡ്‌, തിരുവനന്തപുരം

14 Dec 2011

തെങ്ങെവിടെ മക്കളേ?


ചെമ്മനം ചാക്കോ

കേരളത്തിലെ കൽപവൃക്ഷം തെങ്ങ്‌ കേരളത്തിന്റെ കൽപവൃക്ഷമാണ്‌?  എന്നു ഞങ്ങളെ പഠിപ്പിച്ചതു കുറുമഠത്തിലെ നാരായണൻ സാറാണ്‌. പഠിച്ചതു വൈക്കം താലൂക്കിന്റെ കിഴക്കേ
അതിരിൽ കിടക്കുന്ന കാർഷിക പ്രധാനമായ മുളക്കുളം വില്ലേജിൽ അവർമാകരയിൽ
എൻ.എസ്‌.എസ്‌ പ്രൈമറി സ്കൂളിലെ കുട്ടികളും. അവരിൽ ചെമ്മനം വീട്ടിൽ
ചാക്കോച്ചനും ഉണ്ടായിരുന്നു. ഇന്നൊന്നുമല്ല, പത്തെൺപതുകൊല്ലം മുമ്പ്‌.
അവനിപ്പോൾ 85 വയസ്സുകഴിഞ്ഞ്‌ 86ൽ നല്ലനടപ്പാണല്ലോ. കൽപവൃക്ഷം
എന്നുപറഞ്ഞാൽ ആശിക്കുന്നതെന്തും തരുന്ന നാശമില്ലാത്ത ദേവവൃക്ഷമാണെന്നും,
ഒറ്റത്തടിയൻമാരായ തെങ്ങ്‌ കേരളീയർക്ക്‌ കൽപ്പവൃക്ഷം പോലെയാണെന്നും,
തെങ്ങിന്‌ കേരം എന്നുകൂടി പേരുണ്ടെന്നും, കേരളം എന്ന്‌ ഈ നാടിന്‌
പേരുണ്ടായത്‌ തെങ്ങുകളുടെ നാടായതുകൊണ്ടാണെന്നും എല്ലാം നാരായണൻ സാർ
പറഞ്ഞു തന്നു.

ഞങ്ങളുടെ വിശാലമായ പറമ്പിന്റെ മുക്കിലും മൂലയിലുമെല്ലാം തെങ്ങുകൾ
ഉണ്ടായിരുന്നു. നാട്ടുമാവ്‌, കോട്ടമാവ്‌, പ്ലാവ്‌, ആഞ്ഞിലി, വാളൻപുളി,
കുടമ്പുളി, അമ്പഴം, മുരിങ്ങ, ഉതൂണി, എടന, കാളിപ്പന, കുടപ്പന, കൂവളം,
കുമ്പിൾ, നാണാത്തരം സസ്യങ്ങൾ ഇവയ്ക്കെല്ലാമിടയിൽ കൊടിമരംപോലെ തെങ്ങുകൾ
ആകാശത്തേക്കുയർന്ന്‌ മടൽവിരിച്ച്‌ നിന്നിരുന്നു. ഞങ്ങളുടെ വീടിന്‌
മുന്നിൽ കരമാരികൾ (വെള്ളം തിരിച്ചുകൊണ്ടുവന്ന്‌ നെൽകൃഷി ചെയ്യുന്ന
കണ്ടങ്ങൾ) ആയിരുന്നു. അവയുടെ അതിരുകളിൽ ചുറ്റും തെങ്ങുകൾ. മാരിക്കുതാഴെ
ഞങ്ങൾ കുട്ടികൾ മുങ്ങിക്കുളിക്കുന്ന തോട്‌, അതിനപ്പുറം പാടം.  ഈ
പാടത്തിന്‌ നടുക്കും വലിയവരമ്പുകളുണ്ടാക്കി അധികം പൊക്കംവെയ്ക്കാത്തതും,
ധാരാളം കായ്പിടിക്കുന്നതുമായ ഇനം തെങ്ങുകൾ നട്ടിരുന്നു. മരങ്ങളിൽ തെങ്ങ്‌
കേരളീയരൂടെ പ്രിയവൃക്ഷം ആയിരുന്നു.


തേങ്ങയും വെളിച്ചെണ്ണയും കേരളീയരുടെ ഭക്ഷണസാധനങ്ങളിലെ അതിപ്രധാന ചേരുവ
തന്നെ. ഇളനീർ രുചികരമായ പാനീയം. ചകിരികൊണ്ട്‌ കയറും കയറുൽപന്നങ്ങളും;
ചിരട്ടയും ചിരട്ടക്കരിയും തൊണ്ടും ചൂട്ടും തീ കത്തിക്കാനുള്ള വിഭവങ്ങൾ;
ഓലമെടഞ്ഞ്‌ വീടു മേയാൻ ഉപയോഗിക്കുന്നു. മുറ്റമടിക്കാൻ ഈർക്കിൽ
ചൂലില്ലെങ്കിൽ തൊന്തരവ്‌ തന്നെ, നാക്കുവടിക്കാൻ ഈർക്കിലിയാണ്‌ ഒന്നാംതരം,
തെങ്ങിൻതടിയും പലതരത്തിൽ ഉപയോഗമുള്ളതും. ചെന്തെങ്ങിൻകുലയും, കുരുത്തോലയും
കലാമൂല്യമുള്ള അലങ്കാരസാധനങ്ങൾ. കേരളീയ ജീവിതത്തോട്‌ ഇത്രയേറെ
ഇഴുകിച്ചേർന്ന മറ്റൊരു വൃക്ഷം ഇല്ലതന്നെ! ആഹാരസാധ്യതകളും, ഭവനനിർമ്മാണ
സാധ്യതകളും, വ്യവസായ സാധ്യതകളുംകൊണ്ട്‌ തെങ്ങ്‌ കേരളീയരുടെ
കൽപവൃക്ഷംതന്നെ.

ചാക്കോച്ചൻ തെങ്ങ്‌
കുഞ്ഞോന്നൻചേട്ടനാണ്‌ വീട്ടിലെ പ്രധാന തേങ്ങ ഇടീൽകാരൻ. എത്രപൊക്കമുള്ള
തെങ്ങിലും വലിഞ്ഞുകയറും.തേങ്ങയിട്ടുകഴിഞ്
ഞാൽ കോഞ്ഞാട്ടയെല്ലാം പറിച്ച്‌
തെങ്ങോരുക്കും. തേങ്ങയെല്ലാം വല്ലം കൊട്ടയിൽ പെറുക്കി വീട്ടുമുറ്റത്ത്‌
കൊണ്ടിടും. കൂട്ടത്തിൽ, നല്ലവനായ കുഞ്ഞോന്നൻ ചേട്ടൻ എനിക്കും അനുജൻ
ഓനച്ചനുമായി നാലഞ്ച്‌ കരിക്കും ഇട്ടുകൊണ്ടുവന്നിട്ടുണ്ടാകും. കരിക്കിന്റെ
മൂടറ്റം വെട്ടി ചിരട്ട ഇളക്കുമ്പോൾ തെറിക്കുന്ന അഞ്ചെട്ടുതുള്ളി വെള്ളം
കൊടുക്കാൻ ഉദ്ദേശിക്കുന്ന ആളിന്റെ മേലിലേക്കു തെറിപ്പിക്കുന്നത്‌
കുഞ്ഞോന്നേട്ടന്റെ ഇഷ്ടവിനോദമായിരുന്നു. ഇളനീർ കുടിച്ചുകഴിഞ്ഞാൽ കരിക്ക്‌
രണ്ടായി പിളർന്ന്‌ കാമ്പ്‌ തിന്നാൻ തരും. പുറന്തോട്‌ കൊണ്ടുള്ള ഒരു സ്പൂൺ
ഉണ്ടാക്കി കാമ്പുകോരിത്തിന്നാൻ തരികയും ചെയ്യും. ?കുഞ്ഞോന്നൻ ചേട്ടന്‌
സ്തുതിയായിരിക്കട്ടെ!?എന്ന്‌ വാഴ്ത്തിക്കൊണ്ട്‌ ഒടുക്കം ഞാനും ഓന്നച്ചനും
ഓടിപ്പോകും ! കുഞ്ഞോന്നൻ ചേട്ടനും ഓന്നച്ചനും ഇന്നില്ലല്ലോ
എന്നോർക്കുമ്പോൾ എന്റെ മധുരസ്മരണയിൽ ദുഃഖം പടരുന്നു.

ഇടപ്രായത്തിലുള്ള തെങ്ങിന്റെ മൂത്ത്‌ പഴുത്ത കുല കയറിൽ കെട്ടിയിറക്കി,
നടാനുള്ള തെങ്ങിൻതൈകൾക്കുവേണ്ടി മണൽചേർത്തമണ്ണിൽ പാകിവെയ്ക്കും., കാലവർഷം
തുടങ്ങുമ്പോൾ തെങ്ങിൻതൈകൾ ഇടസ്ഥലം നോക്കിനടും. ഞങ്ങളുടെ വീടിന്റെ
മുറ്റത്തുനിന്നും ഇറങ്ങുന്ന നടയുടെ ഇരുവശവും 4 അടിച്ചതുരത്തിൽ 3 അടി
താഴ്ചയിൽ തെങ്ങ്‌ നടുന്നതിന്‌ രണ്ടു കുഴികൾ ഉണ്ടാക്കി. കേളൻ മൂപ്പനാണ്‌
പണിക്കാരൻ. ചാക്കോച്ചൻപിള്ളയും ഓന്നച്ചൻപിള്ളയും (കേളൻമൂപ്പൻ
അങ്ങനെയാണ്‌ ഞങ്ങളെ വിളിച്ചിരുന്നത്‌) ഓരോ കുഴിയിലും തെങ്ങ്‌ നടട്ടെയെന്ന
കേളന്റെ നിർദ്ദേശം ഏവർക്കും സ്വാഗതാർഹമായിരുന്നു. ഞങ്ങൾക്ക്‌
അത്യാഹ്ലാദകരവും. ഇടതുവശത്തെ കുഴിയിൽ ഇറങ്ങിനിന്ന്‌, മണ്ണും മണലും വളവും
കലർത്തിയ ചെറിയകൂനയ്ക്ക്‌ നടുവിൽ തെങ്ങിൻ തൈ വെച്ചു ഞാൻ പിടിച്ചുകൊണ്ടു
നിന്നു. കേളൻമൂപ്പൻ ചുറ്റിലും മണ്ണിട്ടു. തെങ്ങിൻ തൈ നേരെനിൽക്കാറായപ്പോൾ
എന്നെ പിടിച്ചുകയറ്റി. 
ആ തെങ്ങ്‌ ചാക്കോച്ചൻ തെങ്ങ്‌  എന്ന പേരിൽ
അറിയപ്പെട്ടു. വലതുവശത്തെ കുഴിയിൽ  ഓന്നച്ചൻ തെങ്ങും  വളർന്നു. ആഴ്ചതോറും
ചാരവും ആട്ടിൻകാട്ടവുമെല്ലാം കുഴിയിൽ വളമായി ഇട്ടുകൊടുക്കുന്നതിനും
വേനൽക്കാലത്ത്‌ നനയ്ക്കുന്നതിനും കുട്ടികൾ ഞങ്ങൾ മത്സരത്തിലായിരുന്നു.

ചാക്കോച്ചൻ തെങ്ങ്‌  ആദ്യം ചൊട്ടയിട്ട്‌ ജ്യേഷ്ഠാവകാശം
സ്ഥാപിച്ചുതന്നപ്പോൾ എനിക്കുണ്ടായ സന്തോഷം ചില്ലറയല്ല. അത്‌ ഇന്ന്‌
ചാക്കോമൂപ്പൻ? ദുഃഖത്തോടെ ഇരുന്ന്‌ ഓർക്കുന്നു. ഉദ്യോഗം കിട്ടി ഞാൻ
നാടുവിട്ടു. അനുജൻ പഴയവീട്‌ പൊളിച്ച്‌ മാറ്റിപ്പണിതു. റബ്ബറിന്റെ
വിളയാട്ടത്തിൽ ഇപ്പോൾ ചാക്കോച്ചൻ തെങ്ങ്‌? നിന്ന സ്ഥലം കണ്ടുപിടിക്കാൻ
തന്നെ വിഷമം. കരക്കണ്ടം റബ്ബർ തോട്ടമായി മാറിക്കഴിഞ്ഞു. നാണയകേന്ദ്രിതമായ
വ്യവസ്ഥിതിയുടെ അഴിഞ്ഞാട്ടത്തിൽ നാടെത്ര മാറിപ്പോയി!

തെങ്ങ്‌ ചതിക്കുകയില്ല
തേങ്ങ ആട്ടിച്ച്‌ വീട്ടിലേയ്ക്കാവശ്യമായ വെളിച്ചെണ്ണ എടുക്കും. ബാക്കി
വിൽക്കും. തേങ്ങ പൊതിച്ചുടച്ച്‌ വെയിലത്തുവെച്ചുണക്കി കൊപ്രയാക്കി
അരിഞ്ഞതുംകൊണ്ട്‌ ഞാനും കൊച്ചുപെങ്ങളുംകൂടി പെരുവച്ചന്തയ്ക്കടുത്തുള്ള
വാണിയാൻകുടിയിൽ പോകും. ഒറ്റക്കാളവലിക്കുന്ന മരച്ചക്കിലാണ്‌ കൊപ്രയാട്ടി
എണ്ണയെടുക്കുന്നത്‌.  ഇടയ്ക്ക്‌ കാളയ്ക്ക്‌ വിശ്രമം കൊടുക്കുമ്പോൾ
വാണിയാൻകുടിയിലെ ആൾക്കാർ കൂടി ?ഐലസാ?യും പാടി ചക്കുന്തുമ്പോൾ ഞങ്ങളും
കൂടുമായിരുന്നു കൂട്ടത്തിൽ. അതിന്‌ പ്രതിഫലമായി പിണ്ണാക്ക്‌ തിന്നാൻ
തരും.

കൂട്ടിയിട്ടിരിക്കുന്ന തേങ്ങയിൽ ചിലത്‌ ഇടയ്ക്ക്‌ മുളയ്ക്കും അതു ഞങ്ങൾ
പിള്ളേർക്ക്‌ ആഹ്ലാദകരമാണ്‌. കാരണം അത്‌ വിൽക്കാനും കൊള്ളില്ല; ആട്ടാനും
കൊള്ളില്ല.  പൊതിക്കുമ്പോൾ അകത്ത്‌ നിറയെ മധുരമുള്ള ?പൊങ്ങ്‌? കാണും.
അത്‌ ഞങ്ങൾക്ക്‌ അത്യധികം പ്രിയമുള്ള ഭക്ഷണസാധനമായിരുന്നു.  വയസ്സൻ
തെങ്ങു വെട്ടുമ്പോൾ അതിന്റെ ?മണ്ട?യും അതുപോലെ മധുരിക്കുന്ന
ഭക്ഷണമായിരുന്നു. ഇപ്പോൾ ഇതെല്ലാം തികച്ചും അപൂർവ്വ വസ്തുതയായി
മാറിക്കഴിഞ്ഞിരിക്കുന്നു. കേരളം ?റബറളം? ആയി മാറി. ഉള്ള തെങ്ങിന്‌
കാറ്റുവീഴ്ചയും, മണ്ടരോഗവും. കേരളീയരിൽ നിന്നും ദേഹാധ്വാനശീലം
പമ്പകടന്നു.  തെങ്ങിൽ കയറാൻ ആളില്ല. ലക്ഷദ്വീപീൽ ചെന്നപ്പോൾ അറിഞ്ഞ
ഒരുകാര്യം അവിടെ തെങ്ങ്‌ കയറ്റത്തിന്‌ പുറത്തുനിന്നും ആള്‌ വരികയാണ്‌.
ഇടുന്ന തേങ്ങയുടെ നേർപകുതിയാൺപോലും കൂലി! അതേസമയം തമിഴ്‌നാട്ടിലെ
മരുഭൂമികളെല്ലാം ജലസേചനം നടത്തി തെങ്ങിൻതോപ്പുകളും, നെൽപ്പാടങ്ങളുമായി
മാറ്റിയിരിക്കുന്നതാണ്‌ കണുന്നത്‌. അവിടെ ജനങ്ങൾ ദേഹാധ്വാനം
മറന്നിട്ടുമില്ല. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലെത്തുമ്പോൾ ?നമ്മുടെ
തെങ്ങെവിടെ മക്കളെ?? എന്ന്‌ ചോദിക്കേണ്ട ദുരവസ്ഥയിലെത്തി നിൽക്കുന്നു
കാര്യങ്ങൾ!

കുരുത്തോലയ്ക്ക്‌ കേരളീയ ചമയങ്ങളിലുള്ള പ്രാധാന്യം ചില്ലറയല്ല. പന്തൽ
അലങ്കരണത്തിൽ മാത്രമല്ല തിറ, തെയ്യം തുടങ്ങിയ വേഷങ്ങളിൽ
അവിഭാജ്യഘടകവുമാണല്ലോ കുരുത്തോല. ഓശാനപ്പെരുന്നാളിനെ കേരളത്തിൽ
ആകർഷകമാക്കുന്നത്‌ കുരുത്തോലകളാണ്‌. കുരുത്തോലപ്പെരുന്നാൾ? എന്നു
പറയാറുമുണ്ട്‌ ക്രിസ്ത്യാനികൾ. ഓശാനപ്പെരുന്നാളിന്‌ ചാക്കോച്ചൻ
തെങ്ങി?ൽനിന്നും കുരുത്തോലവെട്ടി പള്ളിയിൽ കൊണ്ടുപോകുന്നത്‌ അനുഗ്രഹമായി
കരുതിയിരുന്നു ഈ ചാക്കോമൂപ്പൻ ഒരുകാലത്ത്‌.

ആലാത്ത്‌ എന്നുപറഞ്ഞാൽ തെങ്ങിൻചകിരിയിലെ നാരുകൾ കൂട്ടിപ്പിരിച്ച
വലിയവണ്ണമുള്ള കയറാണ്‌.  വടം എന്നുപറയും. സ്കൂളിൽ ഒരിക്കൽ വടംവലി
മത്സരത്തിന്‌ ആലാത്ത്‌ (വടം) കൊണ്ടുവന്നു. മത്സരത്തിന്‌ മുമ്പ്‌
ഹെഡ്മാസ്റ്റർ ചെയ്ത പ്രസംഗത്തിൽ ഒരു ബലവുമില്ലാത്ത ചകിരിനാരുകൾ
ഒന്നിച്ചുനിൽക്കുമ്പോൾ ആനയെപ്പോലും തളയ്ക്കുവാൻ കരുത്തുള്ള വടമാകുന്നു
എന്നും, അതുകൊണ്ട്‌  ഐകമത്യം മഹാബലം എന്ന്‌ ചകിരിനാരുകൾ നമ്മെ
പഠിപ്പിക്കുന്നു എന്നും പറഞ്ഞത്‌ ഇന്നും ഞാൻ ഓർക്കുന്നു, വടംവലിയിൽ
ഐകമത്യം കുറഞ്ഞിട്ടോ എന്തോ, ഞാൻ പിടിച്ച ഭാഗം അന്നു തോറ്റു പോയി !
ഞങ്ങളുടെ വീട്ടിലെ വിശാലമായ മുറ്റത്തിന്റെ തെക്കേയറ്റത്ത്‌ വീടിനേക്കാൾ
പൊക്കമുള്ളൊരു തെങ്ങ്‌ നിന്നിരുന്നു. അൽപം ചെരിഞ്ഞു നിന്ന ആ തെങ്ങിന്റെ
നിഴൽവീണഭാഗം ഉറച്ച തറയായിരുന്നു. തണലത്തിരുന്ന്‌ ഞാനും അനുജൻ ഓന്നച്ചനും
കൂടി നിലത്ത്‌ ചെറിയ കുഴിയുണ്ടാക്കി വട്ട്‌ കളിക്കുകയായിരുന്നു. 
മുകളിൽ നിന്നും ഒരു കരകര ശബ്ദം കേട്ടു പേടിച്ച്‌ ഞങ്ങൾ രണ്ടുപേരും വടക്കോട്ടോടി.
 പഴുത്തുണങ്ങിയ ഒരു മടൽ അടർന്ന്‌ തെങ്ങിൻ തടിയിലൂടെ ഉരസി താഴേക്ക്‌
വീഴുന്നതിന്റെ ശബ്ദമായിരുന്നു കേട്ടത്‌. ഒടുക്കം മടൽ ഞങ്ങൾ
കളിച്ചുകൊണ്ടിരുന്ന  ഭാഗത്തുതന്നെ വന്നുവീണു. അതുകണ്ട്‌ ഇറയത്ത്‌
നിന്നിരുന്ന അമ്മ ഉറക്കെപ്പറഞ്ഞു - എന്റെ പിള്ളേരേ ദൈവം രക്ഷിച്ചു.
തെങ്ങ്‌ ചതിക്കുകയില്ല എന്നുപറയുന്നത്‌ എത്രശരി!?

തെങ്ങ്‌ നമ്മെ ചതിക്കുകയില്ലായിരിക്കാം. എന്നാൽ കേരളീയർ ഇന്ന്‌ തെങ്ങിനെ
ചതിച്ചിരിക്കുന്നു.  ചതിയന്മാരേ, ഇതു സ്വയം ചതിയാണ്‌; അതു തിരുത്തി നാം
കേരളത്തിലെ കൽപവൃക്ഷങ്ങളുടെ രക്ഷകരാവുക.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...