18 Mar 2012

വേറിട്ട വഴിയിലൂടെ ഒരു കർഷക യാത്ര


നിഷ. ജി.

തിരുവനന്തപുരം ജില്ലയിൽ തൊളിക്കോട്‌ എന്ന മലയോര ഗ്രാമത്തിലെ തച്ചൻകോട്‌
സ്വദേശിയാണ്‌ മനോഹരൻ നായർ. കുറിയ തെങ്ങുകളുടെ പ്രചാരകനായി അറിയപ്പെടുന്ന
അദ്ദേഹത്തിന്റെ കുടുംബം ഭാര്യ രത്നമണിയും മകനും   മകളും അടങ്ങിയതാണ്‌.
ഇരുപതു വയസു മുതൽ കാർഷിക വൃത്തിയിലേർപ്പെട്ട മനോഹരൻ നായർക്ക്‌ കൃഷിയിടം
പരമ്പരാഗതമായി ലഭിച്ചതാണ്‌.

താങ്കളുടെ കൃഷിയിടത്തിലെ പ്രധാന കൃഷികൾ ഏതൊക്കെയാണ്‌?
എനിക്ക്‌ സ്വന്തമായി 2 ഏക്കർ 30 സെന്റ്‌ കൃഷിഭൂമിയാണുള്ളത്‌. ഇതിൽ 70
തെങ്ങുകളാണുള്ളത്‌. 45 എണ്ണം കുറിയ ഇനങ്ങളും 25 എണ്ണം നെടിയ ഇനം
തെങ്ങുകളുമാണ്‌. 10 തെങ്ങുകൾ 60 വർഷം      പ്രായമായവയാണ്‌. ബാക്കി
തെങ്ങുകൾ 2 മുതൽ 25 വർഷം   പ്രായമുള്ളതും. 60 കുരുമുളക്‌ വള്ളികളും
ഇടവിളയായി കൃഷി ചെയ്യുന്നുണ്ട്‌. അലങ്കാര ചെടികളായ ഓർക്കിഡ്‌, ആന്തൂറിയം,
ക്രോട്ടൺ എന്നിവയുടെ നഴ്സറിയുമുണ്ട്‌. കൂടാതെ തിരുവനന്തപുരം ജില്ലയിലെ
ആര്യങ്കാവ്‌ എന്ന സ്ഥലത്ത്‌ 16 ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത്‌ കൃഷി
ചെയ്യുന്നുണ്ട്‌.  വാഴയും മരച്ചീനിയുമാണ്‌ അവിടെ പ്രധാനമായും കൃഷി
ചെയ്യുന്നത്‌. തെങ്ങിനിടവിളയായി ഇഞ്ചിയും ചേനയും ചേമ്പും കൃഷി
ചെയ്യുന്നു. കൂടാതെ പച്ചക്കറിയും കൃഷി ചെയ്യുന്നുണ്ട്‌. പാവൽ, പടവലം,
വെള്ളരി, മാലി മുളക്‌ എന്നിവയാണ്‌ പ്രധാന പച്ചക്കറി വിളകൾ. കിളിമാനൂറിൽ
85 സെന്റ്‌ സ്ഥലത്ത്‌ നെൽകൃഷിയും ചെയ്യുന്നുണ്ട്‌. ഒരേക്കറിൽ 130 റബ്ബർ
മരങ്ങളും ഉണ്ട്‌.

താങ്കൾ ചെയ്തുവരുന്ന കൃഷിരീതികളെ കുറിച്ചു വിശദമാക്കാമോ?
ഞാൻ ജൈവകൃഷിയാണ്‌ സാധാരണയായി അനുവർത്തിക്കുന്നത്‌. എല്ലാ വർഷവും
തെങ്ങുകൾക്ക്‌ തടമെടുക്കും. മണ്ണിര കമ്പോസ്റ്റും ചാണകപ്പൊടിയും
എല്ലുപൊടിയും ആണ്‌ തെങ്ങുകൾക്ക്‌ നൽകാറുള്ളത്‌. ഒരു തെങ്ങിന്‌ 4 കി.
ഗ്രാം മണ്ണിര  കമ്പോസ്റ്റും 20 കി. ഗ്രാം ചാണകപ്പൊടിയും 1 കി. ഗ്രാം
എല്ലുപൊടിയും ആണ്‌ നൽകുന്നത്‌. കൂടാതെ ചാരവും തെങ്ങുകൾക്ക്‌ ഇടാറുണ്ട്‌.
തെങ്ങിൻ ചുവട്ടിൽ ചവറുപയോഗിച്ച്‌ പുതയിടാറുണ്ട്‌.

തോട്ടത്തിൽ ജലസേചനം നടത്താറുണ്ടോ?
മഴ ഇല്ലാത്ത എല്ലാ മാസങ്ങളിലും തോട്ടം നനയ്ക്കാറുണ്ട്‌. എന്റെ സ്വന്തം
സ്ഥലത്ത്‌ ഇലക്ട്രിസിറ്റി മോട്ടോർ ഉപയോഗിച്ച്‌ തോടിൽ നിന്നും വെള്ളം
പമ്പു ചെയ്താണ്‌ ജലസേചനം നടത്താറുള്ളത്‌. പാട്ടത്തിനെടുത്ത ഭൂമിയിൽ
വൈദ്യുതി കണക്ഷൻ ഇല്ലാത്തതിനാൽ ഡീസൽ മോട്ടോർ ഉപയോഗിച്ച്‌ തൊട്ടടുത്തുള്ള
ആറിൽ നിന്നും വെള്ളം പമ്പ്‌ ചെയ്ത്‌ ടാങ്കുകളിൽ നിറച്ച്‌ ജലസേചനം
നടത്തുന്നു.

തെങ്ങുകൃഷിയിൽ അനുവർത്തിക്കുന്ന സസ്യ സംരക്ഷണ രീതികൾ എന്തൊക്കെയാണ്‌?
എന്റെ തോട്ടത്തിൽ കൂടുതലായുള്ള ?മലയൻ കുറിയ പച്ച പൊതുവെ രോഗപ്രതിരോധ
ശേഷിയുള്ളതാണ്‌ എന്നതാണ്‌ അനുഭവം. കാലാകാലങ്ങളിൽ തെങ്ങിന്റെ മണ്ട
വൃത്തിയാക്കുകയാണെങ്കിൽ കീട-രോഗബാധ ഒരു നല്ല പരിധി വരെ തടയാനാകും. ഞാൻ
വർഷത്തിൽ മൂന്ന്‌ തവണ തെങ്ങുകളുടെ മണ്ട വൃത്തിയാക്കും. അപൂർവ്വമായി
കാണപ്പെടുന്ന കൊമ്പൻ ചെല്ലിയെ കുത്തിയെടുത്ത്‌ നശിപ്പിക്കും. ഉപ്പും
ചാരവും ഉപയോഗിച്ച്‌ ചെല്ലിയെ പ്രതിരോധിക്കുന്ന പരമ്പരാഗത   രീതിയും
പരീക്ഷിക്കാറുണ്ട്‌.

രോഗകീടബാധകൾക്കുപരിയായി ഇവിടങ്ങളിലെ കാട്ടുപന്നി ശല്യമാണ്‌ കാർഷിക
പ്രവർത്തനങ്ങൾക്ക്‌ തടസ്സമാകുന്നത്‌. വൃശ്ചിക കാർഷികോത്സവത്തിന്‌
വിളവെടുക്കാനായി വളർത്തിയ മരച്ചീനി, കാച്ചിൽ, ചേന, ചേമ്പ്‌ എന്നിവയും
വാഴയും കുറിയ തെങ്ങിന്റെ തൈകളും പന്നി നശിപ്പിച്ചതുമൂലം 50000 രൂപയുടെ
നഷ്ടമാണ്‌ ഇക്കഴിഞ്ഞ നവംബർ മാസത്തിലുണ്ടായത്‌.
താങ്കളുടെ മറ്റു കൃഷി അനുബന്ധ പ്രവർത്തനങ്ങൾ എന്തൊക്കെയാണ്‌?
കൃഷിയിടത്തിലെ പാറ പൊട്ടിച്ച സ്ഥലം ജലസംഭരണിയാക്കി അതിൽ ശാസ്ത്രീയമായി
മത്സ്യകൃഷി ചെയ്തു വരുന്നു. ഫിഷറീസ്‌ വകുപ്പ്‌ നടപ്പിലാക്കി വരുന്ന
മത്സ്യകേരളം പദ്ധതിയുടെ കോ-ഓർഡിനേറ്ററാണ്‌ ഞാൻ. ആറ്റുകൊഞ്ച്‌, റോഹു,
കട്ല, ഗ്രാസ്‌ കാർപ്പ്‌ എന്നീ ഇനത്തിൽപ്പെട്ട മത്സ്യങ്ങളാണ്‌ കൃഷി
ചെയ്യുന്നത്‌. 7 മാസമാണ്‌ വിളവെടുപ്പിനുള്ള കാലാവധി. കഴിഞ്ഞ തവണ 25000
രൂപയുടെ മത്സ്യം വിളവെടുക്കാൻ കഴിഞ്ഞു. ഇപ്പോൾ എന്റെ  ചുമതലയിൽ
ചുറ്റുപാടുമുള്ള വിവിധ കുളങ്ങളിൽ മത്സ്യകൃഷി ചെയ്തു വരുന്നു.
നാം വലിച്ചെറിയുന്ന ജൈവ മാലിന്യങ്ങൾ മറ്റുള്ളവർക്ക്‌ ഉപദ്രവം ഉണ്ടാക്കാതെ
ജൈവ വളമാക്കി മാറ്റാനായി മണ്ണിര കമ്പോസ്റ്റ്‌ ടാങ്ക്‌
ഉണ്ടാക്കിയിട്ടുണ്ട്‌. എന്റെ കൃഷി ആവശ്യത്തിനുള്ള കമ്പോസ്റ്റ്‌ ഈ വഴി
ലഭിക്കുന്നു. ആവശ്യമുള്ളവർക്ക്‌ സൗജന്യമായി മണ്ണിരയും നൽകി വരുന്നു.

കുറിയ തെങ്ങുകളുടെ പ്രചാരകനായി അറിയപ്പെടുന്ന താങ്കളുടെ ഈ മേഖലയിലെ
നിരീക്ഷണങ്ങളേയും പ്രവർത്തനങ്ങളേയും കുറിച്ച്‌ വിശദീകരിക്കാമോ?
തേങ്ങയിടാൻ ആളുകളെ കിട്ടാനില്ല എന്ന കാരണം കൊണ്ട്‌ തെങ്ങുകൃഷി
അവഗണിക്കപ്പെട്ട ഒരു കാലത്താണ്‌ കുറിയ തെങ്ങുകൾ കാലഘട്ടത്തിന്റെ
ആവശ്യമാണെന്ന്‌ മനസ്സിലാക്കി അതിന്റെ പ്രചാരത്തിനായുള്ള
പ്രവർത്തനങ്ങൾക്കായി ഞാൻ മുന്നിട്ടിറങ്ങിയത്‌. ഈ പ്രദേശങ്ങളിൽ
കണ്ടുവരുന്ന മലയൻ കുറിയ പച്ചയും ഗൗരീഗാത്രവും ആണ്‌ ഞാൻ ശേഖരിച്ചതു. എന്റെ
പുരയിടത്തിലെ മാതൃവൃക്ഷങ്ങളുടെ വിത്തു തേങ്ങകൾ തൈ ഉത്പാദനത്തിന്‌ തികയാതെ
വരുന്നത്‌ കൊണ്ട്‌ തൊളിക്കോട്‌ പ്രദേശത്തെ വിവിധ ഭാഗങ്ങളിലായി ഞാൻ നല്ല
മാതൃ വൃക്ഷങ്ങളെ കണ്ടെത്തി അവയിൽ നിന്നുള്ള വിത്തു തേങ്ങ ശേഖരിച്ചു പാകി
തൈ മുളപ്പിച്ച്‌ ആവശ്യക്കാർക്ക്‌ എത്തിച്ചു കൊടുക്കുന്നു. മറ്റു വീടുകളിൽ
നിന്നും ശേഖരിക്കുന്ന കുറിയ ഇനങ്ങളുടെ വിത്തു തേങ്ങയ്ക്കു പകരം നെടിയ
ഇനങ്ങളുടെ തേങ്ങകൾ വീട്ടാവശ്യത്തിനായി എത്തിച്ചു കൊടുക്കുന്നു.
സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി കുറിയ തെങ്ങുകളുടെ തൈകൾക്കായി
ആവശ്യക്കാർ ഏറെയുണ്ട്‌. തിരുവനന്തപുരം ജില്ലയിൽ ആവശ്യക്കാർക്ക്‌ തൈകൾ
വീട്ടിൽ എത്തിച്ചു കൊടുക്കുകയും മറ്റുള്ളവർക്ക്‌ കൊറിയർ വഴി അയച്ചു
കൊടുക്കുകയും ചെയ്യുന്നു. ഇതിനകം  5000ത്തോളം കുറിയ തെങ്ങിന്റെ തൈകൾ
വിതരണം ചെയ്തു കഴിഞ്ഞു. കൃത്യമായും മൂന്നാം വർഷത്തിൽ ഈ തെങ്ങുകൾ കായ്ച്ചു
തുടങ്ങുന്നു എന്നതാണ്‌ ഇതിന്റെ പ്രധാന ആകർഷ ണങ്ങളിലൊന്ന്‌.
നമ്മുടെ കുട്ടികളിൽ കാർഷിക സംസ്ക്കാരത്തിനെ കുറിച്ച്‌ അവബോധം
ഉണ്ടാക്കാനും. പ്രത്യേകിച്ച്‌ തെങ്ങുകൃഷിയിൽ ആഭിമുഖ്യം വളർത്താനുമായി
?കുട്ടിത്തെങ്ങ്‌ കുട്ടിക്ക്‌ വിളവെടുക്കാൻ? എന്നൊരു പദ്ധതിയും ഞാൻ
ചെയ്തു വരുന്നു. തിരുവനന്തപുരം ജില്ലയിലെ പട്ടം കേന്ദ്രീയ വിദ്യാലയവും
കുമാരപുരം യു.പി.എസും   അടക്കമുള്ള   300ഓളം      സ്കൂളുകളിൽ കുറിയ
തെങ്ങിന്റെ ഒരു തൈ എത്തിച്ച്‌ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ എന്റെ
നേതൃത്വത്തിൽ നട്ടു കഴിഞ്ഞിട്ടുണ്ട്‌. മാസത്തിലൊരിക്കൽ ആവശ്യമായ പരിചരണ
മുറകൾ നേരിട്ടുപോയി എന്റെ ചെലവിൽ നടത്തി വരുന്നു.


തെങ്ങിൽ നിന്നും മറ്റു വിളകളിൽ നിന്നും ലഭിക്കുന്ന വിളവിനെക്കുറിച്ചും
ഉൽപന്നങ്ങളുടെ വിപണനത്തെക്കുറിച്ചും വിശദീകരിക്കാമോ?
പ്രതിവർഷം 4000 തേങ്ങയാണ്‌ എനിക്കിപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്‌.
ഇതിൽ ഒരു ഭാഗം കൊപ്രയാക്കുകയും അതിലൊരു ഭാഗം വെളിച്ചെണ്ണ ആക്കി
മാറ്റുകയും ചെയ്യുന്നു. 5 കി.ഗ്രാം ?വരദ? ഇഞ്ചി വിത്തിൽ നിന്നും 62
കി.ഗ്രാം ഇഞ്ചി വിളയിച്ചു. കഴിഞ്ഞ വർഷം ഇഞ്ചിക്ക്‌ 440 രൂപ കിലോയ്ക്ക്‌
ലഭിച്ചു. 85 സെന്റിലെ നെൽകൃഷിയിൽ നിന്നും 800 കി.ഗ്രാം നെല്ലാണ്‌
ലഭിച്ചതു. 16 ഏക്കർ പാട്ടകൃഷിയിടത്തിൽ റോബസ്റ്റ, നേന്ത്രൻ, രസകദളി എന്നീ
ഇനങ്ങളിലുള്ള വാഴകളാണ്‌ കൃഷി ചെയ്യുന്നത്‌.  4000  വാഴകളിൽ നിന്നും
വിളവെടുത്തപ്പോൾ 1.25 ലക്ഷം രൂപ ലഭിച്ചു. ആമ്പക്കാടൻ ഇനത്തിൽപെട്ട
മരച്ചീനിയാണ്‌ കൃഷി ചെയ്യുന്നത്‌. 7 മാസത്തിനുള്ളിൽ വിളവെടുക്കാവുന്ന ഈ
ഇനം   നല്ല   രുചിയും ഉള്ളതാണ്‌. ഒരു മരച്ചീനി ചെടിയിൽ നിന്നും 30
കി.ഗ്രാമിനു മുകളിൽ കിഴങ്ങ്‌ ലഭിക്കുന്നുണ്ട്‌. പക്ഷേ മരച്ചീനിയുടെ
വിപണനത്തിന്‌ ഏറെ ബുദ്ധിമുട്ട്‌ നേരിടേണ്ടി വന്നു.


താങ്കളുടെ നൂതന ചുവടുവയ്പുകളെക്കുറിച്ചും കൃഷി രീതികളെക്കുറിച്ചും വിശദമാക്കാമോ?
?കുട്ടിത്തെങ്ങ്‌ കുട്ടിക്ക്‌ വിളവെടുക്കാൻ? എന്ന പദ്ധതി വരും തലമുറക്ക്‌
കാർഷിക മേഖലയിൽ താൽപ്പര്യവും അവബോധവും ഉണ്ടാക്കണമെന്ന വ്യക്തമായ
ഉദ്ദേശ്യത്തോടെ ചെയ്തു വരുന്നതാണ്‌. ഇനിയും ഏതെങ്കിലും സ്കൂളുകൾക്ക്‌
ഇതിനു താൽപ്പര്യമുണ്ടെങ്കിൽ ചെയ്തു കൊടുക്കാനും തയ്യാറാണ്‌.
പ്രകൃതിദത്തമായ സൗകര്യങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന ആശയത്തിനു
പുറത്താണ്‌ പാറമടയിൽ മത്സ്യ കൃഷിക്ക്‌ തുടക്കം കുറിച്ചതു. ഇപ്പോൾ
മത്സ്യകേരളത്തിന്റെ കോ-ഓർഡിനേറ്റർ ആയി താൽപ്പര്യമുള്ളവർക്ക്‌
മത്സ്യകൃഷിക്കുവേണ്ട ഉപദേശങ്ങളും സഹായങ്ങളും നൽകി വരുന്നു.
മരച്ചീനി പ്രത്യേക രീതിയിൽ കൃഷി ചെയ്ത്‌, അതായത്‌, ഒരു കിഴങ്ങ്‌ മാത്രം
നിർത്തി അതിനെ തറനിരപ്പിന്‌ സമാന്തരമായി വളരാനുള്ള സാഹചര്യം സൃഷ്ടിച്ച്‌
രണ്ടു  മീറ്ററോളം നീളത്തിലുള്ള കിഴങ്ങ്‌ കൃഷി ചെയ്തെടുക്കാൻ
സാധിച്ചിട്ടുണ്ട്‌.

കാർഷിക വൃത്തിയിൽ കർഷകരെ സഹായിക്കാനായി വിവിധ ഏജൻസികൾ നടത്തുന്ന
ശ്രമങ്ങളെക്കുറിച്ച്‌ താങ്കളുടെ അഭിപ്രായം എന്താണ്‌?
കുറിയ തൈകൾക്ക്‌ ആവശ്യക്കാർ ഏറെയുണ്ടെങ്കിലും വൻതോതിൽ
ഉത്പാദിപ്പിക്കാനുള്ള സാമ്പത്തിക ശേഷി ഇപ്പോഴെനിക്കില്ല. ഏതെങ്കിലും
ഏജൻസികൾ സഹായിക്കാൻ തയ്യാറാണെങ്കിൽ വൻതോതിൽ തൈകൾ ഉത്പാദിപ്പിച്ച്‌ വിതരണം
ചെയ്യാൻ ഞാൻ തയ്യാറാണ്‌. കൃഷിയിടത്തിലെ പമ്പ്‌ സെറ്റ്‌ കൃഷിഭവൻ മുഖേന
ലഭിച്ചതാണ്‌.

കൃഷിയും നമ്മുടെ സംസ്ക്കാരവും വേറിട്ട്‌ നിൽക്കേണ്ടതല്ലെന്ന ബോധം വരും
തലമുറയിൽ എത്തിക്കുവാനും കൃഷി ഇല്ലാതെ നമുക്ക്‌ നിലനിൽപ്പില്ലെന്നുള്ള
സത്യം അവർക്കുണ്ടാക്കാനും ഇന്നു നമുക്കിടയിൽ നാമമാത്രമായുള്ള നല്ല കർഷകരെ
തിരിച്ചറിഞ്ഞ്‌ വേണ്ട പ്രോത്സാഹനങ്ങൾ നൽകേണ്ടതാണ്‌. കർഷകനാണ്‌ എന്ന
കാര്യം അഭിമാനത്തോടെ പറയാൻ ഉതകുന്ന സാഹചര്യങ്ങൾ ഒരുക്കിയെടുക്കാൻ ഇത്തരം
ഏജൻസികൾക്ക്‌ കഴിയണമെന്നാണ്‌ എന്റെ വിനീതമായ അഭ്യർത്ഥന.

നാളികേര വികസന ബോർഡ്‌ നടത്തിവരുന്ന തെങ്ങുകൃഷി പുനരുദ്ധാരണ
പദ്ധതിയെക്കുറിച്ചും ബോർഡിന്റെ പുതിയ കാൽവയ്പുകളായ ചങ്ങാതിക്കൂട്ടം എന്ന
തെങ്ങുകയറ്റ പരിശീലന പരിപാടിയെക്കുറിച്ചും നാളികേര ഉത്പാദക
സംഘങ്ങളെക്കുറിച്ചും താങ്കൾക്കറിവുണ്ടോ?
നാളികേര വികസന ബോർഡ്‌ നടപ്പിലാക്കി വരുന്ന തെങ്ങു കൃഷി പുനരുദ്ധാരണ
പദ്ധതിയുടെ ഭാഗമായി തൊളിക്കോട്‌ പഞ്ചായത്തിൽ രൂപീകരിച്ചിട്ടുള്ള
തച്ചൻകോട്‌ വാർഡിന്റെ കൺവീനറാണ്‌ ഞാൻ. ഈ പദ്ധതിയിൽ മുറിക്കാനായി
അടയാളപ്പെടുത്തിയ തെങ്ങുകളിൽ 80 ശതമാനവും മുറിച്ചു മാറ്റി കഴിഞ്ഞു.
പദ്ധതിയുടെ ഭാഗമായ വളങ്ങളും കർഷകർക്ക്‌ വിതരണം ചെയ്തു.
നാളികേര ബോർഡ്‌ നടപ്പിലാക്കി വരുന്ന തെങ്ങു കയറ്റ പരിശീലന പരിപാടിയിൽ
തൊളിക്കോട്‌ പഞ്ചായത്തിൽ നിന്നും പത്തോളം പേർ പങ്കെടുത്തു കഴിഞ്ഞു. ഈ
പരിശീലന പരിപാടി തെങ്ങിൽ കയറാൻ ആളുകളില്ല എന്ന പ്രശ്നത്തിന്‌ ഒരു
പരിഹാരമാകുമെന്ന്‌ വിശ്വസിക്കാം. ഈ പരിശീലനം നേടിയ ആളുകളുടെ പേരു
വിവരങ്ങൾ അതാത്‌ പഞ്ചായത്തിലോ കൃഷി ഭവനിലോ ലഭ്യമാക്കുകയാണെങ്കിൽ മാത്രമേ
പരിപാടിയുടെ പൂർണ്ണമായ പ്രയോജനം കർഷകരിലെത്തിക്കാൻ കഴിയുകയുള്ളൂ.
തെങ്ങു കൃഷിക്ക്‌ ഒരു പുത്തനുണർവ്വ്വ്‌ നൽകുക എന്ന ഉദ്ദേശ്യത്തോടുകൂടി
രൂപീകരിച്ചു വരുന്ന ഉത്പാദക സംഘങ്ങൾ എന്ന ആശയം തികച്ചും സ്വാഗതാർഹമാണ്‌.
ഉത്പാദനം മുതൽ വിപണനം വരെ ഒരുമിച്ച്‌ കൂട്ടായ്മയോടെ ചെയ്താൽ ഉത്പാദന
ചെലവ്‌ കുറയ്ക്കാനും വരുമാനം വർദ്ധിപ്പിക്കാനും കഴിയും. കർഷകരുടെ
ഉൽപന്നങ്ങൾ സ്വരൂപിക്കുവാനും വിൽപനയും മൂല്യവർദ്ധനവും നടത്താനും ഉത്പാദക
സംഘങ്ങൾക്ക്‌   കഴിയും. തൊളിക്കോട്‌ പഞ്ചായത്തിൽ പത്തോളം സിപിഎസ്കളാണ്‌
ഞങ്ങൾ ലക്ഷ്യമിടുന്നത്‌. അതിലൊന്ന്‌ ചാരിറ്റബിൾ സോസൈറ്റി ആക്ട്‌ പ്രകാരം
രജിസ്റ്റർ ചെയ്തു കഴിഞ്ഞു. തച്ചൻകോട്‌ പ്രദേശത്ത്‌ സിപിഎസ്‌
രൂപീകരിക്കുന്നതിനായി ഒരു യോഗം അടുത്ത ആഴ്ച ഞങ്ങൾ
സംഘടിപ്പിക്കുന്നുണ്ട്‌.
തേങ്ങയുടെ വില വീണ്ടും ഇടിഞ്ഞ ഈ സാഹചര്യത്തിൽ ഉത്പാദക സംഘങ്ങളിലൂടെ
കേരകർഷകർ സംഘടിക്കുകയും കേരകർഷകരുടെ പ്രശ്നങ്ങൾ ബന്ധപ്പെട്ടവരുടെ
ശ്രദ്ധയിൽ കൊണ്ടു വരികയും വേണം. തേങ്ങയുടെയും അതിന്റെ ഉൽപന്നങ്ങളുടെയും
വില നിർണ്ണയത്തിൽ കേരകർഷകർക്ക്‌ പങ്ക്‌ വഹിക്കാൻ കഴിയുന്ന ഒരു നല്ല
നാളെയ്ക്കുള്ള വഴികാട്ടികളായി ഈ ഉത്പാദക സംഘങ്ങൾ മാറുമെന്ന്‌ നമുക്ക്‌
പ്രത്യാശിക്കാം.
കൃഷിയേയും തെങ്ങിനെയും ഒരു പോലെ സ്നേഹിക്കുന്ന മനോഹരൻ നായർ ഇന്നത്തെ
തലമുറയ്ക്കും വരും തലമുറയ്ക്കും തീർച്ചയായും ഒരു മാതൃക തന്നെയാണ്‌.
കാർഷിക രംഗത്തെ സജീവ സാന്നിദ്ധ്യമായ അദ്ദേഹത്തിന്റെ ഏറ്റവും വലിയ
പ്രത്യേകത താൻ സ്വായത്തമാക്കിയ നൂതന കൃഷിരീതികൾ
മറ്റുള്ളവരിലേക്കെത്തിക്കാനുള്ള സുമനസ്സും താൽപ്പര്യവുമാണ്‌. താൻ ഒരു
കർഷകനാണെന്നും കൃഷി മാന്യമായ ഒരു തൊഴിലാണെന്നും അഭിമാനത്തോടെ പറയുന്ന
അദ്ദേഹം കുറിയ തെങ്ങുകളുടെ പ്രചാരത്തിനായും അതു വഴി തെങ്ങു കൃഷിയുടെ
പ്രചാരത്തിനായും നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്‌.
ഇദ്ദേഹത്തിന്റെ വീട്ടിലേക്കു പോകുന്ന വഴിയിലുള്ള    വീടുകളിൽ മനോഹരൻ
നായരിൽ നിന്ന്‌ വാങ്ങിയ തെങ്ങുകൾ കൈയെത്തും ദൂരത്ത്‌ കുലച്ചു
നിൽക്കുന്നതു കാണാം. അഗ്രി ഫ്രണ്ട്സിന്റെ കർഷക ശ്രേഷ്ഠ 2011 അവാർഡ്‌
ലഭിച്ചിട്ടുള്ള മനോഹരൻ നായരെ ഫാം ജേണലിസ്റ്റ്‌ ഫോറവും തൊളിക്കോട്‌ കൃഷി
ഭവനും ആദരിക്കുകയുണ്ടായി. നൂറോളം സ്കൂളുകളും അദ്ദേഹത്തെ
ആദരിച്ചിട്ടുണ്ട്‌. അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾക്ക്‌ ആവശ്യമായ
പൈന്തുണയും പ്രോത്സാഹനവും നൽകുവാൻ നാളികേര വികസന ബോർഡ്‌ അടക്കമുള്ള
ഏജൻസികൾക്ക്‌ സാധിക്കുകയാണെങ്കിൽ അത്‌ നമ്മുടെ കാർഷിക സംസ്ക്കാരത്തിന്‌
മനോഹരൻനായർ നൽകി വരുന്ന സംഭാവനകൾക്കുള്ള ഒരു അംഗീകാരമാകും.
മേൽവിലാസം: ആർ. മനോഹരൻ നായർ, ദിവ്യ , തച്ചൻകോട്‌, വിനോബോ നികേതൻ (പി.ഒ),
തിരുവനന്തപുരം - 695542, മൊബെയിൽ: 9495568619
ടെക്നിക്കൽ ആഫീസർ, നാളികേര വികസന ബോർഡ്‌, തിരുവനന്തപുരം

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...