26 Dec 2015

malayalasameeksha dec 15,2015- jan 15/2016




ഉള്ളടക്കം
ആലില -പി.കെ.ഗോപി 
കവിതയ്ക്ക് പൊതുഭാഷണമാകാൻ കഴിയില്ല-ജെടി ആമ്പല്ലൂർ
  കുട നന്നാക്കാനുണ്ടോ കുട?-ബാബു ആലപ്പുഴ

കവി പോയ കാലം-അൻ വർ ഷാ ഉമയനല്ലൂർ
വിടാത്ത പിടി-സുനിൽ എം എസ്
 അക്കരെവീട്ടിലെ കണ്ണീർമഴ-രാജു കഞ്ഞിരങ്ങാട്
 മൊയ്തീനും കാഞ്ചനമാലയും മുന്നോട്ടുവയ്ക്കുന്ന ജീവിത പാഠങ്ങൾ-എൻ പി മുരളീകൃഷ്ണൻ
 പിളർപ്പുകൾ-കാവിൽ രാജ്
 'ത്രിഫല' കവിതകൾ-ദീപുശശി തത്തപ്പള്ളി
ദുഃഖം ക്രിസ്തുവിൽ നിന്ന്-എം.കെ.ഹരികുമാർ 

കവിതയ്ക്ക്‌ ഒരിക്കലും പൊതുഭാഷണമാകാൻ സാധ്യമാകില്ല:ജെ ടി ആമ്പല്ലൂർ


ജെ ടി ആമ്പല്ലൂർ

പ്രമുഖ കവി ജെ ടി ആമ്പല്ലൂരുമായി   അഭിമുഖം. ആയിരത്തിലേറെ കവിതകൾ എഴുതിയ ജെ ടി ആമ്പല്ലൂർ കവിയെന്ന നിലയിൽ പിൻ വാങ്ങി ജീവിക്കുകയാണ്‌. തനിക്ക് മാധ്യമശ്രദ്ധ ലഭിക്കാനോ   കവിതകൾ പുസ്തകമാക്കാനോ തിരക്കു കൂട്ടാത്ത ഈ കവി ഇവിടെ സ്വന്തം നിലപാടുകൾ അനാവരണം ചെയ്യുന്നു.
അഭിമുഖം
? 1.
കവിതയുടെ ലോകത്ത്‌ പതിറ്റാണ്ടുകൾ ജീവിച്ചതിന്റെ അടിസ്ഥാനത്തിൽ ചോദിക്കുകയാണ്‌ -കവിതയിലെ ജനാധിപത്യം എന്താണ്‌?
= ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്നവർ ജനങ്ങളെ ഭരിക്കുന്ന ഭരണ ക്രമത്തിനാണല്ലോ ജനാധിപത്യം എന്നു പറയുന്നത്‌.
    രാഷ്ട്രീയത്തിലെ ഈ ജനാധിപത്യരീതി കാവ്യലോകത്തിനു ഗുണമായിട്ടുള്ളതല്ല. നല്ല ഒരു കാവ്യ സംസ്കാരമില്ലാത്തവന്‌ കവിതയെഴുതുകയെന്നതോ, പോകട്ടെ, കവിത വായിച്ചാൽ തന്നെ ശരിയ്ക്ക്‌ ദഹിക്കണമെന്നില്ല. പിന്നെ അതാസ്വദിക്കുന്നതിന്റെ കാര്യം പറയണോ?
"സുതാസുരതസാമർത്ഥ്യം
ജാമാതാവേത്തിനപ്പിതാ
കവിതാരസചാതുര്യം
വ്യഖ്യാതാവേത്തി ന കവി:"
ഈ ആചാര്യമതം സൂചിപ്പിക്കുന്നതുതന്നെ, കവിയേക്കാൾ കൂടുതൽ കവിതയുടെ രസഗുണം ആസ്വദിക്കുന്നത്‌ വ്യാഖ്യാതാവാണെന്നാണല്ലോ. അപ്പോൾ കവിത ആസ്വദിക്കുന്നതിന്നും ചില യോഗ്യതകളൊക്കെ, അനുവാചകനുണ്ടായിരിക്കമെന്നർത്ഥം
.
    കവിത എന്ന ലേബൽ കൊടുത്ത്‌ അർത്ഥ ശൂന്യങ്ങളായ ഗദ്യവാചകന്റെ എഴുതി, ചിലയിടത്ത്‌ ലൈംഗികമോ, രാഷ്ട്രീയമോ, വിപ്ലവപരമോ ആയ ചില പൊടിക്കൈകൾ പ്രയോഗിച്ച്‌ എഴുതുന്നവരുമൊക്കെ, യാതൊരു ചളിപ്പും കൂടാതെ പൊതുസദസ്സിൽ കയറി നിന്ന്‌ വൻകിടക്കവിയാണെന്ന ഭാവത്തിൽ ഈവക ഗദ്യവാചകത്തട്ടിപ്പുകൾ ഉരുവിടുന്നത്‌ കണ്ട്‌ അവ വളരെ പരിഹാസ്യമാണെന്ന്‌ ഈയെനിയ്ക്ക്‌ തന്നെ കണ്ട്‌ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്‌.
    അർത്ഥവത്തായ ഗദ്യവാചകങ്ങളുടെ ഘടനാപരമായ സമ്മേളനം ജീവിതആവിഷ്ക്കരണത്തോടടുത്തു വരുന്നതായി ബോദ്ധ്യപ്പെട്ടിട്ടുള്ള സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്‌. ഉദാ: കടമ്മനിട്ടയുടെ "ആ പശുക്കുട്ടിയുടെ മരണം" മുതലായ കവിതകൾ.
"കവിതാവനിതാചൈവ
സ്വയമേവാഹതാവരാ"
എന്നാണല്ലോ ആചാര്യമതം.
ചങ്ങമ്പുഴയുടെ,
"മഞ്ഞത്തെച്ചിപ്പൂങ്കുലപോലെ" എന്നുതുടങ്ങുന്ന കവിത വിഷ്ണുനാരായണന്റെ "ഉർവ്വശീനൃത്തം", വൈലോപ്പിള്ളിയുടെ മാമ്പഴം' ഇവയൊക്കെയല്ലേ, ഉത്തമകവിതയ്ക്കുള്ള ഉദാഹരണങ്ങൾ"-സ്വയമേവാഗത" യായവ എന്ന നിലയിൽ.

? 2.
കവിതയിലെ ജനാധിപത്യം, ആ മാധ്യമത്തെത്തന്നെ നശിപ്പിക്കുമോ?
ഇതിനുള്ള ഉത്തരം ഒന്നാം ചോദ്യത്തിനുള്ള മറുപടിയിൽ സൂചിപ്പിച്ചിട്ടുണ്ട്‌. എങ്കിലും കൂടുതൽ വിശദമാക്കാം -
"വാളെടുത്തവനോക്കെ വെളിച്ചപ്പാട്‌" എന്ന രീതിയിൽ, "വഴിയേപോയവനോക്കെക്കവി" എന്ന മട്ടായാൽ ഒക്കെത്തകരാറിലാകും.
    ഒന്നാമത്‌, ഇന്ന്‌ ഹൈസ്കൂളിലും കോളേജിലുമൊന്നും വൃത്താലങ്കാരങ്ങളോ വ്യാകരണമോ പഠിപ്പിക്കുന്നില്ല. പുതിയ മലയാളം അധ്യാപകരുടെ നിലയും പരിതാപകരം തന്നെ.
    'ഛന്ദസ്‌' എന്താണെന്ന്‌ തന്നെ അറിയില്ലാത്തവരാണ്‌ ഏറെയും. 'ഛന്ദസ്കൃതഭാഷ'യിലെഴുതിയാലല്ലോ പദ്യമാകുകയുള്ളൂ? പദ്യംമാത്രമായാലും, അതിൽ രസവും ധ്വനിയും വ്യംഗാർത്ഥ ചമൽക്കാരങ്ങളുമൊക്കെ ഒത്തുചേർന്നാലല്ലോ കവിതയാകുകള്ളൂ? പദ്യവൽക്കണംപോലുമറിയാത്തവർ കവിതയെഴുതും?
    "നാഋഷി :കവി:" എന്നചൊല്ലനുസരിച്ച്‌ പിന്നെയും കവി എന്ന നിലയിൽ വളരെയധികം ദൂരം പിന്നിട്ടാലല്ലേ ഉത്തമ കവിയെന്ന നിലയ്ക്ക്‌ നിൽക്കാനാകൂ? ഇക്കാലത്തതിനാണ്‌ ഏറെ പഞ്ഞം!
? 3.
എല്ലാവരും കവിതയെഴുതുമ്പോൾ, ഒരു ഭാവുകത്വത്തിന്‌ പ്രസക്തിയുണ്ടോ?
= എല്ലാവരും എഴുതുന്നത്‌ കവിതയാണെന്ന്‌ എനിക്കഭിപ്രയമില്ല. "കേരളപാണിനീയ"ത്തിലെ 'കാരിക'കൾപോലെ, ഈരടികൾ രചിച്ചാലും അതിൽ രസാനുഗുണത്തിന്റെ അഭാവമൂലം, അത്‌ കവിതയല്ലാതായിത്തീരുന്നു. വെറുംപദ്യം മാത്രമായി അധഃപതിക്കുന്നു.
    അതിനേക്കാൾ പരിതാപകരമാണ്‌.മുൻ ചോദ്യത്തിന്റെ ഉത്തരത്തിൽ സൂചിപ്പിച്ച വിധം "ഗദ്യവാചകങ്ങൾ" പടച്ചുവിടുന്നവരുടെ ഗതി. ഒരു "ടുമൃസഹശിഴ" എങ്കിലും കവിതയിലുടനീളം അനുഭവപ്പെട്ടില്ലെങ്കിൽ, പിന്നെന്ത്‌ കവിത?
    ഒരു വൈദ്യുതിപ്രവാഹം പോലെ, അനുവാചകന്റെ അന്തശ്ചൈതന്യത്തെ തൊട്ടുണർത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്തില്ലെങ്കിൽ കവിയുടെ പ്രയത്നം വ്യർത്ഥമത്രേ?
    നല്ല കവിതയെഴുതാൻ ഒരു പരിശീലനം നൽകുക എന്നത്‌ തികച്ചും അസാധ്യംതന്നെയത്രെ.
    "പ്രജ്ഞാനവനവോന്മേഷ ശാലിനീപ്രതിഭാമതാ" എന്ന ആചാര്യവചനം നോക്കുക നവനവോന്വേഷണശാലിനിയായ (പുതുപുത്തൻ ഭാവനയും സങ്കൽപങ്ങളും) പ്രജ്ഞയോടുകൂടിയവനാണ്‌ പ്രതിഭാധനൻ. അയാൾക്കേ സഹൃദയഹൃദയസ്പർശിയായ കവിതരചിക്കാൻ കഴിയൂ.
    കാളിദാസൻതന്നെ മികച്ച ഉദാഹരണം. നമ്മുടെ കവികളിൽ എഴുത്തച്ഛന്റേയും ഉണ്ണായിവാര്യരുടെയും ചില കൽപനകൾ ഉദാഹരണമായിട്ടെടുക്കാം.
    കാളിദാസന്റെ രഘുവംശത്തിലെ "സഞ്ചാരിണീദീപശിഖേവരാത്രി" എന്നു തുടങ്ങുന്ന പദ്യമാണ്‌ യഥാർത്ഥ ഉദാഹരണം.
കരീന്ദ്രൻ തമ്പുരാന്റെ 'രാവണവിജയം' ആട്ടക്കഥയിലും ഒരു അതുല്യമായ ഭാവനയുടെ വിളയാട്ടം കണ്ടതായി കേൾക്കുന്നു.
    വള്ളത്തോളിന്റെ 'ശിഷ്യനും മകനും' എന്ന ഖണ്ഡകാവ്യത്തിൽ ഒന്നിലധികം ഉദാഹരണങ്ങൾ കണ്ടെടുക്കാം." കൈലാസശൈലേ കനകാഭിഷേകം..."എന്നു തുടങ്ങുന്ന ശ്ലോകമാണ്‌ ഒരുദാഹരണം.
? 4.
 ഒരു കവി സ്വന്തം നിലയിൽ ഒരു അഭിരുചി സൃഷ്ടിക്കണമെന്ന വേർഡ്സ്‌വർത്തിന്റെ വാദം ഇന്ന്‌ പ്രസക്തമാണോ?
    = ഈ വാദത്തിന്‌ എന്നും പ്രസക്തിയുണ്ട്‌. വേർഡ്സ്‌വർത്തിന്റെ കവിതതന്നെ ഇതിനുദാഹരണമാണ്‌. 'ഠവള ​‍ുമൃ​‍േ ​‍ീള ചമ​‍്​‍ൃല' എന്ന പേരിലാണ്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ തന്നെ അദ്ദേഹം അറിയപ്പെടുന്നത്‌. അദ്ദേഹത്തിന്റെ 'ഉമളളീറശഹ​‍െ' 'ഠവള ടീഹശം​‍്യ ഞലമുലൃ' 'ഘമീറമാശമ' എന്ന കവിതകൾ മറ്റാഗ്ലേയ കവികളുടേതിൽ നിന്നും തികച്ചും വ്യത്യസ്തമല്ലേ?
നമ്മുടെ കുമാരനാശാനും ചങ്ങമ്പുഴയും മറ്റും നല്ല ഉദാഹരണങ്ങളാണ്‌. 'വീണപൂവ്‌' എന്ന ഖണ്ഡകാവ്യം, അക്കാലംവരെ നില നിലനിന്നിരുന്ന കാവ്യ സംസ്കാരത്തിന്‌ ഒരു ഇളക്കി പ്രതിഷ്ഠ തന്നെ നടത്തി അതുപോലെ ചങ്ങമ്പുഴയുടെ കവിതകൾ, വ്യക്തിഗതങ്ങളായ വിചാരവികാരങ്ങൾക്ക്‌ കവിതയിൽക്കൂടി പ്രസക്തിയുണ്ടാക്കിത്തീർത്ത അഭിരുചിയായി വേറിട്ടു നിൽക്കുന്നു.
    ചങ്ങമ്പുഴയുടെ കാലത്തെ സംഗീതാത്മകതയുടെ അവ്യവസ്ഥിതമായ കടന്നുകയറ്റം നിയന്ത്രിക്കുകയും കവിയെ സംഗീതത്തിന്റെ പിടിയിൽ നിന്ന്‌ മോചിപ്പിക്കുകയും ചെയ്ത കവിയാണ്‌ എൻ.വി.കൃഷ്ണവാരിയർ.
    കൃഷ്ണഗാഥാകാരനും എഴുത്തച്ഛനും മുതലേതന്നെ, ഈ ഭിന്നങ്ങളായ അഭിരുചിയിലൂടെയുള്ള കാവ്യനിർമ്മാണം മലയാള കവിതയിൽ രൂപപ്പെട്ടു കാണാം.
    നവീനകവിതയിലാകട്ടെ, ഈ അഭിരുചികൂറേക്കൂടി പ്രകടമായിക്കാണുന്നു. കവിത ആസ്വാദിക്കാൻ മാത്രമുള്ളതല്ല, അനുഭവിക്കാൻ കൂടിയുള്ളതാണ്‌ എണ്ണമട്ടാണവരുടേത്‌.
? 5.
ദിശാസൂചിയായ രചനകൾ ഒരു പതിറ്റാണ്ടിനിടയിൽ ഒന്നെങ്കിലും ഉണ്ടാകുമോ?
= ഇതിനുത്തരം പറയുക അത്ര എളുപ്പമല്ല. കാലമാണ്‌ അത്‌ നിർണ്ണയിക്കുന്നത്‌. ചിലപ്പോൾ ഒരു നൂറ്റാണ്ടുവരെയൊക്കെ കാത്തിരുന്നാലേ, അങ്ങനെ ഒരു രചന കണ്ടു കിട്ടി എന്നുവരൂ.
    ഉണ്ണീയച്ചീചരിതം, ഉണ്ണിയാടീചരിതം, ഉണ്ണിച്ചിരുതേവീചരിതം എന്നീ പ്രാചീന ചമ്പുക്കളും ഉണ്ണീനീലിസന്ദേശം എന്ന സന്ദേശകാവ്യവും തികച്ചും സ്ത്രീവർണ്ണസൂചിതങ്ങളും ശൃംഗാരവർണ്ണനാപരങ്ങളുമാണ്‌ പിന്നീട്‌ ഒന്നൊന്നര നൂറ്റാണ്ടുകഴിഞ്ഞാണ്‌ ചെറുശ്ശേരിയുടെ കൃഷ്ണഗാഥയുണ്ടായത്‌. അതിലും ശൃംഗാരത്തിന്റെ പ്രാമുഖ്യം കുറഞ്ഞിട്ടില്ല. എങ്കിലും ആളുകളിൽ ശ്രീകൃഷ്ണഭക്തി ജനിപ്പിക്കാൻ അതുപര്യാപ്തമായി. പിന്നീട്‌ ഒരു നൂറ്റാണ്ടിലേറെപ്പോകേണ്ടി വന്നു, എഴുത്തച്ഛന്റെകാലമാകാൻ. എഴുത്തച്ഛനാകട്ടെ, അതുവരെയുണ്ടായിരുന്ന കുത്തഴിഞ്ഞ ജനജീവിതത്തെമാറ്റി മറിക്കാൻ പോന്ന പുരാണകഥകളെ ഭക്തിഭാവലഹരി കളിയാടുംവിധം അവതരിപ്പിച്ചു. ഇവയൊക്കെ ദിശാസൂചികളായ കാവ്യങ്ങളത്രേ.
    മുമ്പ്‌ വിവരിച്ചവിധം, ആശാന്റെ വീണപൂവ്‌, നളിനി തുടങ്ങിയവ, വള്ളത്തോളിന്റെ ഖണ്ഡകാവ്യങ്ങൾ, സാഹിത്യമഞ്ജരിയിലെ ലഘുകവനങ്ങൾ, ഉള്ളൂരിന്റെ ഖണ്ഡകവിതകൾ ഇവയൊക്കെ മലയാള കവിതയുടെ മുഖച്ഛായ മാറ്റി മറിച്ചവയാണ്‌. അത്യാധുനിക കാലത്തെ കവിതകളിലും ചിലവ കണ്ടുകിട്ടും. വൈലോപ്പിള്ളിയുടെ 'കണ്ണീർപ്പാടം', 'സഹ്യന്റെ മകൻ', 'മാമ്പഴം', ജിയുടെ 'സൂര്യകാന്തി', 'പെരുന്തച്ചൻ' തുടങ്ങിയവയാണ്‌ പെട്ടെന്ന്‌ കിട്ടുന്ന ഉദാഹരണങ്ങൾ.
    കൂടുതൽ ചൂണ്ടിക്കാണിക്കാൻ സ്ഥലപരിമിതി സമ്മതിക്കുന്നില്ല.
? 6.
മലയാളകവിതയുടെ കഴിഞ്ഞ നൂറുവർഷത്തെ സംഭാവനകൾ മൂന്നു കവിതകളെ പ്രതിനിധാനം ചെയ്തു പറയാനാകുമോ? നൂറ്റാണ്ടിലെ മൂന്നു കവിതകളാണ്‌ ഉദ്ദേശിക്കുന്നത്‌. ?
= ഇതത്ര എളുപ്പമുള്ള പണിയല്ല. എങ്കിലും ക്ലേശിച്ച്‌ ശ്രമിച്ചുനോക്കാം.
പി.കുഞ്ഞിരാമൻനായരുടെ 'കളിയച്ഛൻ', വൈലോപ്പിള്ളിയുടെ 'കണ്ണീർപ്പാടം', എൻ.വി.കൃഷ്ണവാര്യരുടെ 'കള്ളദൈവങ്ങൾ' എന്നിവയാണ്‌ മുന്നോട്ട്‌ തള്ളിക്കയറിവരുന്നത്‌.
    പിന്നെയും ഉന്തിക്കയറിവരുന്ന കവിതകളുണ്ട്‌. 'മഴുവിന്റെ കഥ' (ബാലാമണിയമ്മ), സഹ്യന്റെ മകൻ (വൈലോപ്പിള്ളി), 'സഫലമീയാത്ര' (എൻ.എൻ.കക്കാട്‌), 'വിശ്വദർശനം' (ജി.)'മനസ്വനി'(ചങ്ങമ്പുഴ), എന്നിവ രണ്ടാംനിരയിൽ കടന്നുപറ്റുന്നു. ഇടശ്ശേരിയുടെ 'പൂതപ്പാട്ട്‌' കുഞ്ഞിരാമൻനായരുടെ 'നരബലി' എന്നിവയും കൂടെയുണ്ട്‌. വേണമെങ്കിൽ, അക്കിത്തത്തിന്റെ 'ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം' കൂടി പരിഗണിക്കാം.

? 7.
വള്ളത്തോൾ, ജി.ശങ്കരക്കുറുപ്പ്‌-തുടങ്ങിയവരുടെ കാൽപനിക കവിതകൾ തുടർവായനയ്ക്ക്‌ അർഹതപ്പെടുന്നതല്ലെന്ന്‌ തോന്നിയിട്ടുണ്ടോ?
= എന്തെങ്കിലും ഒരാശയം നമ്മെ ഉത്തേജിപ്പിച്ച്‌, മുമ്പ്‌ പരിചയമുള്ള കൃതി വീണ്ടും വായിക്കാൻ പ്രേരണയുണ്ടാകുന്നതാണ്‌ പുനർവായനകൊണ്ട്‌ താങ്കൾ ഉദ്ദേശിക്കുന്നതെന്ന്‌ ഞാൻ കരുതുന്നു.
    വള്ളത്തോളിന്റെ എല്ലാക്കവിതകളും ഉത്തമങ്ങളെന്ന്‌ പറയാനാകില്ല. 'ശിഷ്യനും മകനും' 'അച്ഛനും മകളും' എന്നീ ഖണ്ഡകാവ്യങ്ങളാണ്‌ ഉത്തമം. 'ബന്ധനസ്ഥനായ അനിരുദ്ധനും' ഘനമുറ്റ കഥാപാത്ര സൃഷ്ടികൊണ്ട്‌ പരിഗണനീയം. സാഹിത്യമഞ്ജരിയിലെ കവിതകളിൽ ഏഴോ, എട്ടോ എണ്ണം കൊള്ളാമെന്നു പറയാം. ഏതായാലും പണിക്കുറതീർന്ന കവിതകളാണ്‌, വള്ളത്തോളിന്റേത്‌. 'ശിഷ്യനും മകനും' എന്ന ഖണ്ഡകാവ്യത്തിലെ,"
"ജ്വലിച്ച കണികെണ്ടരുന്നേക്കു നോക്കി
പാർശ്വസ്ഥനാകും പതിയോടുരച്ചു"
എന്ന ഭാഗത്തിലേ പാർവ്വതിയുടെ മിഴിവുറ്റ ചിത്രം നമ്മുടെ മനസ്സിലെന്നും മിന്നൽപോലെ പാഞ്ഞെത്തും. ജി. യുടെ 'പെരുന്തച്ചൻ', 'സൂര്യകാന്തി', 'പാണനാർ' 'ശിവതാണ്ഡവം' 'ചന്ദനക്കട്ടിൽ', 'വിശ്വദർശനം' എന്നീ കവിതകൾ സർവ്വധാമ മനോഹരങ്ങൾ തന്നെ. ഈ കവിതകൾ പുനർവായനയ്ക്ക്‌ യോഗ്യമുള്ളതത്രേ.
? 8.
ശങ്കരക്കുറുപ്പ്‌ വളരെ കീർത്തിപ്പെട്ടി. പക്ഷേ, ഇന്നദ്ദേഹത്തിന്റെ കവിതകളെപ്പറ്റി ഇപ്പോൾ ആരും തന്നെ എഴുതുന്നില്ല.
= ഇപ്പോൾ അദ്ദേഹത്തെപ്പറ്റി ആളുകൾ എഴുതാത്തതുകൊണ്ട്‌ അദ്ദേഹം മോശം കവിയാകുമോ? മറ്റുപല ചില്ലറക്കവികളെപ്പറ്റി പലരും ഘോരഘോരം എഴുതുന്നുണ്ടല്ലോ? അതുകൊണ്ട്‌ വല്ലതും അവർ കാലത്തെ അതിജീവിക്കുമോ?
    അഴീക്കോട്‌ മാസ്റ്റർ ജി.യെ തറപറ്റിക്കാൻ ശ്രമിച്ചിട്ടും, ജി. ഉയർത്തെഴുന്നേറ്റതല്ലേയുള്ളൂ. അദ്ദേഹത്തിന്റെ നല്ല കവിതകൾ നിലനിൽക്കും. അവ മുമ്പ്‌ സൂചിപ്പിച്ചിട്ടുണ്ട്‌. അല്ലാത്തവ നില നിന്നില്ലെന്നുവരാം.
? 9.
കവിതയിൽ ആധുനികതയും പൗരസ്തികതയും തമ്മിൽ സംഘർഷമുണ്ടോ?
= വാസ്തവത്തിൽ, കളാണുസൃതമായി പുതിയ പുതിയ പ്രവണതകൾ ഏതു സാഹിത്യത്തിലും ഉണർന്നെഴുന്നേറ്റുവരും. മലയാള കവിതയിലും ഇതേ അനുഭവമാണുള്ളത്‌.
    പുതുപുത്തൻ കവിതകളിൽ ഏറിയ കൂറും ചവറുകളാണ്‌. ഈ ചവറുകൾ അവരുടെ വൈതാളികന്മാർ പാടിപ്പുകഴ്ത്തി വരുന്നു. ചില പ്രസിദ്ധീകരണങ്ങളിലും ചില അരങ്ങുകളിലും ഇത്തരക്കാരുടെ വേലിയേറ്റം ഏറെയത്രേ. ഇതുമൂലം ഉത്തമ കവിതയേതെന്ന്‌ അനുവാചകർക്ക്‌ തിരിച്ചറിയാൻ പ്രയാസം നേരിടുന്നുണ്ട്‌. ചില പ്രസിദ്ധീകരണങ്ങളും ഈ കുട്ടിക്കുരങ്ങന്മാരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്‌. ചില മാധ്യമക്കാർ കവിതയെക്കുറിച്ചുള്ള അജ്ഞതയുടെ അന്ധകാരത്തിൽ തല്ലി ഉഴറുന്നവരാണ്‌. കൈയിൽ കിട്ടുന്ന 'വൈക്കോൽത്തുരുമ്പ്‌' അവർ കൈനീട്ടി വാങ്ങി പ്രദർശിപ്പിക്കുന്നു.
    ഇതൊക്കെയാണെങ്കിലും, കാലത്തിന്റെചേറ്റിക്കൊഴിക്കലിൽ , പതിരുള്ളത്‌ ദൂരത്തെറിയപ്പെടും. കാമ്പുള്ളവ നിലവറയിൽ ശേഖരിക്കപ്പെടും. സംശയമില്ല. പിന്നെയെന്തിനാണ്‌ ആശങ്ക?
? 10.
കവിത എങ്ങനെയാണ്‌ പൊതുഭാഷണമാകുന്നത്‌?
= കവിതയ്ക്ക്‌ ഒരിക്കലും പൊതുഭാഷണമാകാൻ സാധ്യമാകില്ല എന്നാണ്‌ എന്റെ വിശ്വാസം. ഒന്നാമത്‌, നമ്മുടെ വിദ്യാഭ്യാസ രീതിയിലും ജീവിതരീതിയിലും - പ്രത്യേകിച്ചും ഗൃഹാന്തരീക്ഷത്തിൽ - കവിതയ്ക്ക്‌ വലിയസ്ഥാനമൊന്നും ആരും കൽപിച്ചിട്ടില്ല.
    മുമ്പ്‌, കൊടുങ്ങല്ലൂർക്കളരിയിൽ കുറെ തമ്പുരാക്കന്മാരും മേനോന്മാരും ഉണ്ടായിരുന്നു. അവർ കവിതയിലൂടെയാണ്‌ കാര്യവ്യവഹാരം നടത്തിയിരുന്നതുപോലും. ഇന്നു നിലമാറി. വെണ്മണി പ്രസ്ഥാനവും കേരളവർമ്മ പ്രസ്ഥാനവും ഒക്കെ പോയിമറഞ്ഞിട്ട്‌ നൂറ്റാണ്ടുകളായില്ലേ? ഇനിയങ്ങനെയൊരു നിലയുണ്ടാകുന്നതെങ്ങനെ?
? 11.
താങ്ങൾ ഇപ്പോൾ എഴുതുന്നില്ലല്ലോ?
= ധാരാളം എഴുതുന്നുണ്ട്‌. എഴുതുക എന്നത്‌ എനിക്ക്‌ ഒരു ഹരമാണ്‌. എഴുതുന്നതൊക്കെ പ്രസിദ്ധീകരിക്കണമെന്ന നിർബന്ധമില്ല. പലപ്പോഴും എഴുതിയെഴുതി തള്ളിവയ്ക്കും. പിന്നെ അതിന്റെ 'പണിക്കുറ' തീർക്കാനും പകർത്തിയെഴുതാനും കാലംകുറെയെടുക്കും. ചിലവ, അങ്ങനെതന്നെ വളരെക്കാലം ശ്രദ്ധിക്കാതെ ഇരുന്നെന്നും വരും. അത്രയ്ക്ക്‌ വലിയ അലസതയാണ്‌. കുറെ വാർദ്ധക്യത്തിന്റെ വക. ബാക്കി ജന്മനാ ഉള്ള മടി.
    ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളതിനേക്കാൾ കൂടുതൽ വെളിച്ചം കാണാത്തവ. പ്രസിദ്ധീകരിച്ചവയിൽത്തന്നെ, പുസ്തക രൂപത്തിലാക്കിയവ എത്രയോ തുച്ഛം? - ഇതൊരു 'അലസതാ വിലസിതം' തന്നെ, ഉണ്ണായിവാര്യരുടെ ഭാഷയിൽ.
    ഒരു പക്ഷേ, പെട്ടെന്നൊരു മാറ്റം വന്നേക്കും. എല്ലാം അനിശ്ചിതം!
    ഏതായാലും, രചനയുടെ കാര്യത്തിൽ യാതൊരു പഞ്ഞവുമില്ല. ദരിദ്രന്റെ വീട്ടിലെ പത്നിയുടെ തുടർപ്രസവംപോലെ!
'ഈശ്വരോ രക്ഷതുഃ "


എം കെ ഹരികുമാർ 

ഒരുനാൾ വരും


മനോജ്‌.എസ്‌

വെൺതിങ്കൾ വാനിലുദിച്ചുയർന്നു
ഒരു നിശാഗന്ധി കൺതുറന്നു
ഒരുപാടുമോഹങ്ങൾ ഉള്ളിലൊതുക്കി
ഒരുനല്ലനാളേയ്ക്കായ്‌ കാത്തിരുന്നു
കൺതടംനനയുന്ന കാഴ്ചകളൊക്കെയും
കാലത്തിൻ വികൃതികളായ്‌ ഗണിച്ചു
സുന്ദരസുരഭിലമോഹങ്ങളൊക്കെയും
അന്ധകാരത്തിലമർന്നുപോയ്‌
ഞാനും അന്ധകാരക്കുണ്ടിലാണ്ടുപോയി
ഇന്നലേക്കണ്ടൊര സൂര്യമുഖങ്ങളിൽ
കലികാല ദേവൻ കളംവരച്ചൊന്നു
രിയാടുവാൻതാമസമെന്താണ്‌
കർമ്മ ബന്ധങ്ങൾ മറന്നുപോയോ?
ജന്മാന്തരപകബാക്കിയാണോ
രക്തബന്ധങ്ങളൊ പൊൻപണക്കിലുക്കങ്ങൾ
മനുഷ്യബന്ധങ്ങളെതൂക്കുംതുലാസുകൾ
ചന്ദനംചാർത്തിത്തുടങ്ങിയബന്ധങ്
ങൾ
അന്തകരൂപംധരിച്ചുനിൽപ്പു
ഇനിയൊരുനന്മപുലർന്നിടുമോ?
ഒരുനല്ലകാലം ഭവിച്ചീടുമോ?
ഒരുനാളിൽ ദേവനവതരിക്കും
ആ നാളിൽ നന്മ പുനർജനിക്കും
ഞാനാ ദേവന്റെ കാൽക്കൽ വീഴും
പൊൻകരം നീട്ടിയെൻ മുണ്ടകസ്ഥാനത്തെ
ആ ദിവ്യരൂപൻ പവിത്രമാക്കും
ആ നേരം കേൾക്കും അശരീരിവാക്യം
നീ കാത്തിരുന്നൊരീ തിരുനാളിതാ...

malayalasameeksha dec 15/2015 - jan 2016

ഉള്ളടക്കം
ആലില -പി.കെ.ഗോപി 
കവിതയ്ക്ക് പൊതുഭാഷണമാകാൻ കഴിയില്ല-ജെടി ആമ്പല്ലൂർ
 കുട നന്നാക്കാനുണ്ടോ കുട?-ബാബു ആലപ്പുഴ
കവി പോയ കാലം-അൻ വർ ഷാ ഉമയനല്ലൂർ

വിടാത്ത പിടി-സുനിൽ എം എസ്

 അക്കരെവീട്ടിലെ കണ്ണീർമഴ-രാജു കഞ്ഞിരങ്ങാട്
 മൊയ്തീനും കാഞ്ചനമാലയും മുന്നോട്ടുവയ്ക്കുന്ന ജീവിത പാഠങ്ങൾ-എൻ പി മുരളീകൃഷ്ണൻ
 പിളർപ്പുകൾ-കാവിൽ രാജ്
 'ത്രിഫല' കവിതകൾ-ദീപുശശി തത്തപ്പള്ളി
ഒരുനാൾ വരും-മനോജ് എസ്
ദുഃഖം ക്രിസ്തുവിൽ നിന്ന്-എം.കെ.ഹരികുമാർ 

“ത്രിഫല” കവിതകൾ



ദിപു ശശി തത്തപ്പിള്ളി


1.നെല്ലിക്ക:

പകരം വെക്കാനാവാത്ത മധുരത്തിലേക്കുള്ള, കയ്പ്പിന്റെ ഉന്മാദം

2.താന്നിക്ക:

അവഗണനയുടെ മുൾക്കാട്ടിൽ നിന്നും,

സ്വയമെന്ന അടയാളപ്പെടുത്തലിലേക്കുള്ള ;

നേരിന്റെ ഹ്രസ്വമായ ചുറ്റിപ്പിണയലുകൾ

3.കടുക്ക:

അരുതായ്മകളിൽ ഇരുട്ടുവീഴ്ത്തുന്ന,

ഇല്ലായ്മകളുടെ സഞ്ചാര ദൂരം..

***********************************************

അക്കരെ വീട്ടിലെ കണ്ണീർമഴ/കവിത

രാജു കാഞ്ഞിരങ്ങാട്

( സമർപ്പണം: ചെന്നൈ നിവാസി കൾക്ക് )
മഴയരങ്ങിലേക്ക് മിഴിയും നട്ടു ഞാനിരുന്നു
പഴമൊഴികൾ പലതും മൊഴിഞ്ഞു
മിഴിയാഴവും കടന്ന് ജലം പെരുകി
പെരുകി വന്നു
പടിക്കെട്ടുകൾ കടന്ന് അകത്തളത്തി
ലേക്കെത്തി നോക്കി
ഭ്രാന്തൻ മഴയുടെ ഉറഞ്ഞാടലിൽ
നാടും നഗരവും നദീമുഖമായി
ഗ്രാമത്തിലെപ്പോഴും സന്ധ്യാസമയ മാ ണ്
പാവമൊരപ്പന് മാനത്ത് കണ്ണാണ്
മണ്ണ്, നനഞ്ഞവളം, മലിന പരിസരം
തൊഴുത്തിൽ കിടന്ന പശുപുഴമെ ത്തയിൽ
കാലിട്ടടിക്കുന്നു
വിഭ്രാന്തമനസ്സിൽ ഒരപ്പൻ കരയുന്നു:
സ്ത്രീകൾക്ക് തന്നെ വയലിൽ വളം
പരത്താൻ കഴിയുമോ!
വിത്തും,കോപ്പുകളുംഎവിടെയാണ്?!!
പ്രളയ നദിയിൽ ഒരു ചങ്ങാടക്കു ഴൽ വിളി
ജലപ്പരപ്പിലൊഴുകി ചുമരിൽ തട്ടി
പ്രതിധ്വനിക്കുന്നു.
ജലത്തിനു നടുവിൽ ജലത്തിനായ്
കേഴുന്നവർ
ഒരു നേരത്തെയാഹാരത്തിന് ആർത്തി
പിടിച്ചിരിക്കുന്നു
അക്കരെ വീട്ടിലെ കണ്ണീർമഴയിൽ ഞാൻ
കൂലംകുത്തിയൊഴുകുന്നു
ഒരു കൈ സഹായത്തിന് നാടാകെ
കേഴുന്നു

കുട നന്നാക്കാനുണ്ടോ...കുട...?/കഥ



                                                          ബാബു ആലപ്പുഴ


     

      മഴക്കാലം ആരംഭിക്കുന്നതിനു മുന്‍പ് ഞാന്‍ ഞങ്ങളുടെ നാട്ടിലെ ഇടവഴിയിലൂടെ അലസമായി നടക്കുകയായിരുന്നു. അപ്പോള്‍ ഒരു കാഴ്ച കണ്ടു. ഒരു വൃദ്ധന്‍ തലയില്‍ പഴയ കുറെ കുടകളുടെ അസ്ഥിപഞ്ജരങ്ങളുമേന്തി നടന്നു പോകുന്നു. കാഴ്ച്ചയില്‍ ഏതാണ്ട് എഴുപതു വയസ്സ് തോന്നിക്കും. പക്ഷെ സ്വരം ഒരു യുവവിന്റെത് പോലെ!

      “..കുട നന്നാക്കാനുണ്ടോ....കുട...?”

      ഈണത്തിലുള്ള ആ സ്വരം അന്തരീക്ഷത്തില്‍ കൂടി ഒഴുകി നടന്നു.

      ആ സ്വരം എന്നെ ബാല്യകാലത്തിലേയ്ക്ക് നടത്തിക്കൊണ്ടുപോയി.

      അന്ന് മഴക്കാലം തുടങ്ങുന്നതിനു മുമ്പായി വീടുകളില്‍ വന്നു കേടുവന്ന കുടകള്‍ കമ്പിയും ശീലയും മാറ്റി ഇവര്‍ ശരിയാക്കി കൊടുക്കും. ഇവരെ കാത്ത് ഞങ്ങള്‍ കുട്ടികള്‍ കാത്തിരിക്കും.     ചിതറിപ്പോയ അസ്ഥികള്‍ പെറുക്കി കൂട്ടിച്ചേര്‍ത്തുവച്ച് “ജീവന്‍” വയ്പ്പിക്കുന്ന അത്ഭുതകരമായ ആ കാഴ്ച കാണാന്‍ അത്രയ്ക്ക് കൌതുകമായിരുന്നു ഞങ്ങള്‍ക്ക്!

      പിന്നീട് ടീവീ മാധ്യമങ്ങളുടെ അവിര്ഭാവത്തോട് കൂടി കുടക്കംപനികളുടെ പ്രവാഹമായി. അറ്റകുറ്റപ്പണികളെല്ലാം കമ്പനിക്കാര് നേരിട്ട് നടത്താന്‍ തുടങ്ങി.  അങ്ങനെ ഗ്രാമ-പട്ടണ നിവാസികളെ പുളകം കൊള്ളിച്ചിരുന്ന ആ ഈണം സ്വയം പിന്‍വലിഞ്ഞു പോയി.

      ഇപ്പോഴിതാ ആ ഈണം പുനര്‍ജെനിച്ചു കാതുകളെ പുളകം കൊള്ളിക്കുന്നു.

      “കുട നന്നാക്കാനുണ്ടോ... കുട...?”

      കോളെജ് വിദ്യാഭ്യാസം കഴിഞ്ഞു ഡിഗ്രി സര്‍ടിഭിക്കറ്റുകളും മറ്റും നോക്കി എന്നും നെടുവീര്‍പ്പിടാറുള്ള എന്‍റെ മനസ്സില്‍ പുതിയൊരു തൊഴില്‍മേഖല തെളിഞ്ഞു വന്നു: ”മനസ്സ് നന്നാക്കാനുണ്ടോ....മനസ്സ്‌...?

      വഴിയോരത്തുകൂടി ആ യുവാവ്‌ ഈണത്തില്‍ നീട്ടിവിളിച്ചു കടന്നു പോവുകയാണ്. “മനസ്സ് നന്നാക്കനുണ്ടോ...മനസ്സ്....?”

      കണ്ണീരിന്‍റെ നനവുള്ള ഒരു സ്ത്രീ ആ യുവാവിനെ തന്‍റെ ചെറ്റക്കുടിലിലേക്ക് മാടി വിളിച്ചു.

        “ആരെയാ നന്നാക്കേണ്ടത്..?”

      നിലത്ത് ഒരു കീറപ്പായില്‍ മലര്‍ന്നു കിടന്നു വായും പിളര്‍ന്ന് ഉറങ്ങുന്ന ഒരു മനുഷ്യന്‍!  അയാളുടെ കടവായില്‍ കൂടി ഉമിനീര്‍ ഒലിച്ചിറങ്ങുന്നുണ്ട്.  കാലി മദ്യക്കുപ്പികള്‍ നിലത്തു വീണു കിടപ്പുണ്ട്. സിഗററ്റു കുറ്റികളും ബീടിക്കുറ്റികളും ചുറ്റിനുമുണ്ട്. ഉടുതുണി സ്ഥാനം തെറ്റി കിടക്കുന്നു. മദ്യത്തിന്‍റെ രൂക്ഷഗന്ധം അയാളുടെ ഉച്വാസവായുവില്‍ കൂടി ആ മുറിയിലാകെ ഒഴുകി നടക്കുന്നുണ്ട്.

     യുവാവിന്റെ കണ്ണുകള്‍ അടുക്കള ഭാഗത്തേക്ക്‌ നീങ്ങി. വിശപ്പുമൂലം തളര്‍ന്നുറങ്ങുന്ന മൂന്ന് പിഞ്ച് കുഞ്ഞുങ്ങള്‍!  അടുപ്പ് ഈ അടുത്ത കാലത്തെങ്ങും കത്തിച്ച ലക്ഷണമില്ല. കാലിയായ കലങ്ങളും പാത്രങ്ങളും പൊട്ടിയ ചട്ടികളും ചിതറിക്കിടക്കുന്നു. ആ പാവം സ്ത്രീ തെങ്ങിക്കൊണ്ട് കണ്ണീരോഴുക്കുന്നു.

      “സമാധാനിക്ക്..നമുക്ക് നന്നാക്കിയെടുക്കാം..”

      യുവാവ്‌ ബാഗ്‌ തുറന്നു ഹെല്‍മറ്റിന്റെ ആകൃതിയിലുള്ള ഒരു ഉപകരണം പുറത്തെടുത്തു. ആ ഉപകരണം മദ്യപാനിയുടെ തലയില്‍ ചേര്‍ത്ത് വച്ചു.ഉപകരത്തിലെ ചില ബട്ടണുകള്‍ ചലിപ്പിച്ചു. നിമിഷങ്ങള്‍ കടന്നു പോയി. പെട്ടെന്നയാള്‍ കണ്ണ് തുറന്നു. പുഞ്ചിരിച്ചു. ഭാര്യയെ നോക്കി ധ്രിഡപ്രതിഞ്ഞയോടെ പറഞ്ഞു: “ഞാനിനി മദ്യം തോടുകപോലുമില്ല..ഇത് സത്യം..സത്യം..സത്യം..”

     ഭാര്യക്ക്‌ സന്തോഷമായി. യുവാവ്‌ നടന്നകന്നു.      ഈണത്തോടെ..താളത്തോടെ...

                “..മനസ്സ് നന്നാക്കാനുണ്ടോ...മനസ്സ്...?”

     ഒരു കൂറ്റന്‍ ബംഗ്ലാവിന് മുന്നില്‍ ഒരു വൃദ്ധന്‍ നില്‍ക്കുന്നു.

         വൃദ്ധന്‍ അയാളെ അകത്തേക്ക് ക്ഷണിച്ചു.

     “ആര്‍ക്കാ കുഴപ്പം..?”

     “എന്റെ മോനേ..ഞങ്ങള്‍ക്ക് ഒരേ ഒരു മോള് ..ലാളിച്ചു വളര്‍ത്തി.. ഒരുപാടു പഠിപ്പിച്ചു..പക്ഷെ ഒന്ന് മാത്രം പഠിപ്പിച്ചില്ല..അടുക്കളജോലി.... നേരാംവണ്ണം ഒരു ചായ ഉണ്ടാക്കാന്പോലും ഇവള്‍ക്കറിഞ്ഞുകൂടാ..ഇവളെ വിവാഹം ചെയ്തുവിട്ടപ്പോള്‍ തുടങ്ങീ പ്രശ്നങ്ങള്‍..ചെറുക്കന്‍ ഒരു സല്‍സ്വഭാവി. അയാള്‍ വേലക്കാരികള്‍ ഉണ്ടാക്കുന്ന ആഹാരം ഒന്നും കഴിക്കില്ല. ഭാര്യയുടെ കൈ കൊണ്ടുണ്ടാക്കികൊടുത്താലേ ആഹാരം കഴിക്കൂ. ഇവള്‍ക്ക് പാചകം ഒട്ട് അറിയില്ലതാനും. കഴിഞ്ഞ ദിവസം അവന്‍ ഭാര്യയെ പറഞ്ഞു വിട്ടു. പാചകം പഠിച്ചിട്ടു ചെന്നാല്‍ മതിയെന്ന്. ഞങ്ങള്‍ പലവട്ടം പഠിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഇവളുടെ തലയില്‍ കേറുന്നില്ല മോനേ..”

     “ശരി..ഞാനൊന്നു നോക്കട്ടേ.”

     യുവാവ്‌ പെണ്‍കുട്ടിയുടെ തലയില്‍ ഉപകരണം ഫിറ്റ്‌ ചെയ്തു. കീകള്‍ ചലിപ്പിച്ചു.

     “ഇനി അടുക്കളയില്‍ പോയി ഞങ്ങള്‍ക്ക് ഓരോ ചായ ഇട്ടുകൊണ്ട്‌ വരൂ.”

     നിമിഷങ്ങള്‍ക്കുള്ളില്‍ അവര്‍ക്കുള്ള ചായയുമായി അവള്‍ തിരിച്ചെത്തി!

     ചായ രുചിച്ചുകൊണ്ട് മൂവരുംകൂടി: “നല്ല അസ്സല് ചായ!!?”

     “ഇനി ഉച്ചയ്ക്ക് ഊണ് കഴിച്ചിട്ടേ ഞാന്‍ പോകുന്നുള്ളൂ..വേഗം ഊണ് തയ്യാറാക്കൂ..”

     പെണ്‍കുട്ടി പുഞ്ചിരിച്ചു കൊണ്ട് അടുക്കളയിലേക്കു പോയി.

     അല്പസമയത്തിനുള്ളില്‍ വിഭവസമൃധമായ ഊണ് കഴിച്ചു മടങ്ങുമ്പോള്‍ നന്ദിപൂര്‍വ്വം അവര്‍ ഒരു കവര്‍ ആ യുവാവിനെ ഏല്‍പ്പിച്ചു.

     “മനസ്സ്‌ നന്നാക്കാനുണ്ടോ...മനസ്സ്.?” “മനസ്സ് നന്നാക്കാനുണ്ടോ..മനസ്സ്..?”

     വീണ്ടും ആ യുവാവ്‌ മുന്നോട്ടു നീങ്ങി.                  ഈണത്തോടെ..താളത്തോടെ...

       

                                                     (ഫോണ്‍ നമ്പര്‍: 7736460750)

മൊയ്തീനും കാഞ്ചനമാലയും മുന്നോട്ടുവയ്ക്കുന്ന പ്രണയ(ജീവിത)പാഠങ്ങൾ /ലേഖനം



എൻ.പി.മുരളീകൃഷ്ണൻ
പറഞ്ഞും എഴുതിയും അനുഭവിച്ചും തീരാതെ തുടരുന്ന വികാരമാണല്ലോ പ്രണയം. കാലവും തലമുറയും മാറുമ്പോഴും രൂപഭാവങ്ങൾ മാറി ഒരേ തോന്നലായി പ്രണയം ജീവിതത്തോടൊപ്പമങ്ങനെ മുന്നേറുന്നു. ജീവിതത്തോട്‌ കണ്ണി ചേർക്കാൻ തുടങ്ങുമ്പോഴായിരിക്കും പ്രണയത്തിന്‌ ഹൃദയത്തോടൊപ്പം തലച്ചോറു കൂടിയുണ്ടാകുന്നത്‌. തലച്ചോറ്‌ പ്രവർത്തിച്ചു തുടങ്ങുമ്പോഴേക്കും പ്രണയം മാറ്റിനിർത്താവുന്ന കേവല വികാരങ്ങളുടെ കൂട്ടത്തിലേക്ക്‌ മാറുന്നു. അങ്ങനെ പ്രണയത്തിന്‌ ആ വിളിപ്പേരിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടുന്നു. പിന്നെ ഒത്തു തീർപ്പിത്തിന്റെ പ്രാക്ടിക്കൽ ജീവിതപാഠങ്ങൾ തുന്നിച്ചേർക്കുന്ന പ്രക്രിയയാണത്‌. അങ്ങനെ പ്രണയം അവസാനിക്കുകയും പ്രണയികൾ ഇല്ലാതാകുകയും ചെയ്യുന്നു. കാലാകാലങ്ങളായി ലോകത്ത്‌ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭൂരിപക്ഷ പ്രണയ(?) അവസ്ഥകളുടെ ഏകദേശ രൂപമാണിത്‌.
    പ്രണയവും ജീവിതവും രണ്ടല്ലെന്നും ഞാനും നീയും ഒന്നാകുന്നതുപോലെ പ്രണയവും ജീവിതവും ഒന്നുതന്നെയായി കാണേണ്ടതാണെന്നും വെല്ലുവിളികൾക്കും ഒത്തുതീർപ്പുകൾക്കും മുന്നിൽ നിൽക്കേണ്ടത്‌ പ്രണയമാണെന്നും അതുതന്നെയാണ്‌ ജീവിതമെന്നും അറിഞ്ഞ അപൂർവം മനുഷ്യൻ ജീവിച്ച്‌ പ്രണയിച്ചവരായി ഭൂമിയിലുണ്ട്‌. അത്തരം വംശനാശ ജീവികളിൽപെട്ട രണ്ടു പേരുകളായിരുന്നു കാഞ്ചനമാലയുടെയും മൊയ്തീന്റെയും. ഇവർ പതിവു പ്രണയികളേക്കാൾ പൊതുബോധമുള്ളവരും പക്വതയോടെ പ്രവർത്തിച്ചവരുമായിരുന്നു. തങ്ങളുടെ പ്രണയസാഫല്യം മാത്രമല്ലായിരുന്നു ഇവരുടെ ജീവിതലക്ഷ്യം ഇവർ കൂടെ ജീവിക്കുന്നവരെയും ചുറ്റുവട്ടത്തെ മറ്റു മനുഷ്യരെയും കുറിച്ച്‌ ചിന്തിച്ചവരും അവർക്കുവേണ്ടി ഇറങ്ങി പ്രവർത്തിച്ചവരും കൂടിയായിരുന്നു.
    മൊയ്തീന്റെയും കാഞ്ചനമാലയുടെയും അപൂർവ പ്രണയകഥയാണ്‌ ആർ.എസ്‌.വിമലിന്റെ 'എന്ന്‌ നിന്റെ മൊയ്തീൻ' എന്ന സിനിമ പറയുന്നത്‌. ഇവരുടെ ജീവിതം നേരത്തെ കഥയ്ക്കും ഡോക്യുമന്ററിക്കും ഫീച്ചറുകൾക്കും വിഷയമായിട്ടുണ്ട്‌. എൻ.മോഹന്റെ 'മൊയ്തീൻ' എന്ന കഥയും, പി.ടി.മുഹമ്മദ്‌ സാദിഖ്‌ എഴുതിയ 'മൊയ്തീൻ-കാഞ്ചനമാല ഒരപൂർവ പ്രണയജീവിതം' എന്ന ജീവിതരേഖയും ആർ.എസ്‌.വിമലിന്റെ തന്നെ 'ജലംകൊണ്ട്‌ മുറിവേറ്റവൾ' എന്ന ഡോക്യുമന്ററിയും മൊയ്തീന്റെയും കാഞ്ചനമാലയുടെയും ജീവിതം ലോകത്തിനു മുന്നിൽ കൊണ്ടു വന്നു.
    പുരോഗമന, ദേശീയ പ്രസ്ഥാനങ്ങളുടെ ഭാഗമായിരിക്കുകയും എന്നാൽ കടുത്ത യാഥാസ്ഥിതിക മനോഭാവം വച്ചുപുലർത്തുകയും ചെയ്തിരുന്ന രണ്ടു കുടുംബങ്ങൾ ഒരു പ്രണയത്തെ ഇല്ലായ്മ ചെയ്തതെങ്ങനെ എന്ന്‌ കാഞ്ചനമാലയുടെയും മൊയ്തീന്റെയും ജീവിതം കാണിച്ചുതരുന്നു. ഇത്‌ സമകാലിക ജീവിത പരിതസ്ഥിതിയിലേക്കു കൂടിയുള്ളൊരു കണ്ണാണ്‌. അത്രമേൽ വേഗവത്ക്കരിച്ചിട്ടും മാറാത്ത വ്യവസ്ഥിതികളും യാഥാസ്ഥിതിക ബോധവും മറനീക്കി വിറളി പൂണ്ടുനിൽക്കുന്ന സദാചാര, ജാതി, മത, ഫാസിസത്തിന്റെ നടപ്പു ലോകക്രമത്തിൽ മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയജീവിതം വേറിട്ട അധ്യായമാകുന്നു. അല്ലെങ്കിൽ ഇവർ നടപ്പുരീതികൾക്ക്‌ അത്ഭുതക്കാഴ്ചയും ബിംബങ്ങളുമാകുന്നു. ജാതിയും കുലമഹിമയും ധനവും പ്രണയങ്ങളുടെ അതിർവര നിശ്ചയിക്കുന്ന പുതിയ കാലത്തിന്‌ പ്രണയിക്കാൻ യുദ്ധം ചെയ്ത മൊയ്തീന്റെയും കാഞ്ചനമാലയുടെയും ജീവിതം കഥയല്ലെന്ന്‌ വിശ്വസിക്കാൻ കൂടി പ്രയാസമായേക്കാം.
    മുഹമ്മദ്‌ അബ്ദുറഹ്മാൻ സാഹിബിന്റെ കൂടെ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിൽ സജീവമായിരുന്ന ബി.പി.ഉണ്ണിമൊയ്തീനാണ്‌ മൊയ്തീന്റെ പിതാവ്‌. 16 വർഷം മുക്കം പഞ്ചായത്ത്‌ പ്രസിഡന്റായിരുന്നു അദ്ദേഹം. കൊറ്റങ്ങൽ അച്യുതന്റെ മകളാണ്‌ കാഞ്ചനമാല. മുക്കത്ത്‌ കോൺഗ്രസ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ആളായിരുന്നു അച്യുതൻ. പിതാവിന്റെ പാത പൈന്തുടർന്ന്‌ പൊതുപ്രവർത്തനത്തിൽ സജീവമായി മൊയ്തീനും. എന്നാൽ പിതാവിന്റെയും കുടുംബത്തിന്റെയും യാഥാസ്ഥിതിക ചിന്താഗതികളിൽ നിന്നും ഇയാൾ വ്യതിചലിച്ചു. അതുകൊണ്ടായിരുന്നല്ലോ മുക്കത്തിന്റെ 'മാനുക്കാക്ക' ഒരു ഹിന്ദുപ്പെണ്ണിനെ പ്രണയിക്കാൻ തയ്യാറായതും. ഇനി കാഞ്ചനയാകട്ടെ മൊയ്തീനെപ്പോലെ എന്തും നേരിടാൻ പ്രാപ്തിയുള്ളവളും പ്രണയത്തിനുവേണ്ടി പ്രാർത്ഥനാ നിർഭരമായ ഒരു മനസ്സു സൂക്ഷിക്കുന്നവളുമായിരുന്നു. തമ്മിൽ പ്രണയിക്കേണ്ടവരായിരുന്നു എന്ന്‌ ഉറപ്പുള്ള രണ്ടുപേർ അങ്ങനെയായിത്തീർന്നു എന്നുവേണം കാഞ്ചനമാല-മൊയ്തീൻ പ്രണയത്തെപ്പറ്റി പറയാൻ.
    കാഞ്ചനമാലയുടെയും മൊയ്തീന്റെയും പ്രണയകഥ ലോകത്തോട്‌ പറഞ്ഞു എന്നതിനൊപ്പം 'എന്ന്‌ നിന്റെ മൊയ്തീൻ' എന്ന സിനിമയുടെ പ്രസക്തി ഏറുന്നത്‌ കല രാഷ്ട്രീയ പ്രവർത്തനം കൂടിയാണെന്ന്‌ ഓർമ്മപ്പെടുത്തി എന്നതുകൊണ്ടു കൂടായാണ്‌. സിനിമയുടെ സാമൂഹികവും രാഷ്ട്രീയവുമായ ഉള്ളടക്കം വായിക്കുമ്പോൾ മൊയ്തീനും കാഞ്ചനയും ഒരു നിമിത്തം മാത്രമായി മാറുന്നു. ഹിന്ദു-മുസ്ലീം ജനതയെ ഭിന്നിപ്പിച്ചുനിർത്താനുള്ള ഭരണകൂടതന്ത്രങ്ങൾ ശക്തിമായിക്കൊണ്ടിരിക്കുകയാണ്‌. കൂടുതൽ ഇടുങ്ങിയ മനസുകൾ സ്വന്തമായുള്ള മനുഷ്യരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്ന കാലാവസ്ഥയിൽ മൊയ്തീനെ പ്രണയിക്കുന്ന കാഞ്ചന മുന്നോട്ടു വയ്ക്കുന്നത്‌ ഫാസിസ്റ്റ്‌ വിരുദ്ധ സാംസ്കാരിക പ്രവർത്തനം തന്നെയാണ്‌.
    ഇവരുടെ വിശാലമായ ചിന്തയും ജീവിതാനുഭവങ്ങളും കർമ്മമണ്ഡലവും അതേപടി പകർത്താൻ സിനിമ എന്ന മാധ്യമത്തിന്റെ സമയപരിമിതി അപര്യാപ്തമായേക്കും. എന്നാൽ ആ പ്രണയത്തോടും ജീവിതത്തോടും ഒരു പരിധിവരെ ആത്മാർത്ഥത പുലർത്താൻ ആർ.എസ്‌.വിമലിന്റെ 'മൊയ്തീനാ'യി എന്നു പറയാം. ദൃശ്യമികവും അതിന്‌ ഇഴചേരുന്ന സംഗീതവും അഭിനയമികവും കൊണ്ട്‌ സമ്പന്നമാണ്‌ ഈ സിനിമ. ഒരു പിരീഡ്‌ പ്രണയ സിനിമയ്ക്ക്‌ കിട്ടാവുന്നതിൽവെച്ച്‌ മികച്ച വരവേൽപ്പാണ്‌ 'എന്ന്‌ നിന്റെ മൊയ്തീന്‌' മലയാളികൾ നൽകിയതും. സിനിമയിലെ നായകനായ പൃഥിരാജിന്റെ വാക്കുകൾ ശ്രദ്ധിക്കുക- ഈ ചിത്രം അവാർഡുകൾ വാരിക്കൂട്ടുന്ന ഒരു സിനിമയാകുന്നതിനേക്കാൾ സന്തോഷം ലക്ഷക്കണക്കിനു പേർ കണ്ട്‌ ഒരുപാടു ദിവസം ഓടുന്ന ഒരു സിനിമയാകുന്നതാണ്‌. ഒടുവിൽ കാഞ്ചനമാലയുടെയും മൊയ്തീന്റെയും പ്രണയം അറിയാത്തവരായി ആരും കേരളത്തിലുണ്ടാകരുത്‌. അതാണ്‌ ആ പ്രണയത്തിന്‌, ജീവിച്ചിരിക്കുന്ന കാഞ്ചനമാലയ്ക്ക്‌ നൽകാനുള്ള ഏറ്റവും വലിയ അംഗീകാരം. ഒരു നടന്റെ കരിയറിൽ ലഭിക്കാവുന്ന വലിയ അംഗീകാരം കൂടിയാകുന്നു ഇത്തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിയുക എന്നത്‌. അപ്പോൾ പൃഥ്വിരാജ്‌ (മൊയ്തീൻ), പാർവതി (കാഞ്ചനമാല), ടോവിനോ തോമസ്‌ (പെരുമ്പറമ്പിൽ അപ്പു), സായ്കുമാർ (ബി.പി.ഉണ്ണിമൊയ്തീൻ), ലെന (പാത്തുമ്മ), സുധീർ കരമന(മുക്കം ഭാസി), ബാല (സേതു) തുടങ്ങി ഈ സിനിമയിലെ കഥാപാത്രങ്ങളോരോന്നും മികവിനൊപ്പം ചരിത്രത്തിന്റെ കൈയൊപ്പു കൂടി ചാർത്തിക്കിട്ടാൻ ഭാഗ്യം ലഭിക്കുന്നവരുമാകുന്നു.

കവിപോയകാലം.../കവിത



                       
            അന്‍വര്‍ ഷാ ഉമയനല്ലൂര്‍



ചിന്താനദിക്കരയിലൊരുചെറുതോണിതന്‍-
നിഴലുപോല്‍ നിന്‍ കവിതയരികെവന്നണയുന്നു
വീണ്ടുമീയകമൊന്നു നനയുന്നു പതിയെ,യാ-
സ്മരണണയൊരു നൃപസൂനമായ് വിരിഞ്ഞീടുന്നു.

വര്‍ണ്ണങ്ങളോരോന്നെഴുതിമായ്ച്ചുലകിലെന്‍
കണ്ണീര്‍മുകില്‍പോലെ; തിരുഹിതം പെരുകവേ,
ചെന്നിണംപോല്‍പൊടിഞ്ഞീടുന്നിടനെഞ്ചി-
ലൊരുപാടു സ്‌മരണാര്‍ദ്ധമലരുകള്‍ പതിവിലും.

പൊയ്പ്പോയ നല്ക്കാലമതിവേഗമരികെവ-
ന്നന്‍പോടുണര്‍ത്തുന്നു നിന്‍പെരിയ കവിതകള്‍
ഏകാകിയായകലെനില്‍പ്പുണ്ടു് കാണ്മുഞാന്‍
തവകാവ്യനിഴലുപോലൊരുമഹിതവെണ്‍മുകില്‍.

തണലേകിനില്‍ക്കിലുമിക്കാലമൊരുപോലെ-
തിരയുന്നു പതിവുപോല്‍ പതിയെനിന്‍ഹൃദ്സ്വരം
കൊതിക്കുന്നിതേനുമാ, തുടര്‍ക്കാലഗീതങ്ങള്‍
കേള്‍ക്കുവാന്‍വീണ്ടു,മൊരുപുലരിയായുണരുവാന്‍.

തിടുക്കത്തിലണയുന്നൊരുപാടു സ്‌നേഹിതര്‍
മിടിക്കുമ്പോള്‍മാത്രമെന്നറിഞ്ഞനി-ന്നറിവുപോല്‍
നിറയ്‌ക്കുന്നകമെ,യൊരായിരം സ്‌മരണകള്‍
തുടിക്കയാല്‍പിന്നെയും ഝടിതിയേന്‍ബഹുവിധം.

കുറിക്കയാണിപ്പോളൊരുവേള; കുതിരപോല്‍-
ക്കുതിക്കുവാന്‍വെമ്പിനില്‍ക്കുന്നൊരീ,ക്കവിതകള്‍
വിധിക്കായെറിഞ്ഞുനല്‍കീടാന്‍ തുനിഞ്ഞവര്‍
സ്‌തുതിക്കുന്നൊളിഞ്ഞുനി-ന്നൊരുവേളയീപ്പകല്‍.
*    *    *    *    *    *    *

മറക്കരുതൊരുപോലെയിവരെനാം,സ്നേഹിതാ
യുയര്‍ത്തേണ്ടതുണ്ടിവര്‍ക്കൊരു മഹിത സ്‌മാരകം
തിരിഞ്ഞുനോക്കാറില്ലയാരുമേ, സ്‌മൃതികളില്‍
തെളിച്ചിടുന്നില്ലാര്‍ദ്ര മൊഴികള്‍പോല്‍ പുലരികള്‍.

തിരഞ്ഞെത്തുമൊരുപോലെ,യാരെയുമെന്നറി-
ഞ്ഞന്‍പോടുണര്‍ന്നു വര്‍ത്തിക്കേണമൊന്നുപോല്‍
പിരിഞ്ഞുപോകേണ്ടവരാണുനാം, ധരണിവി-
ട്ടെന്നറിഞ്ഞറിവിനൊരു; സ്ഥിരഭാഷ പകരുവാന്‍!
-------------------------------------------------------
കവി ശ്രീ. ഡി. വിനയചന്ദ്രനെ അനുസ്മരിച്ചുകൊണ്ട്

പിളർപ്പുകൾ/കവിത


കാവിൽരാജ്‌
          

തൂലിക പടവാളാക്കിയവർ
കരിവോയലിൽ പുതയുന്നു
വെടിയുണ്ടയേറ്റു വീഴുന്നു.

അവിവാഹിതകളായമ്മമാരുടെ
കുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെടുന്നു
പുല്ലിംഗവിസർജ്ജനം തുടരുന്നു

ഭരണക്കാർ കോടീശ്വരന്മാർക്കു
പരവതാനിവിരിക്കുന്നു
കോടികൾ വെടിയുണ്ടകളാക്കുന്നു.

ക്ലാസ്മേറ്റു സിനിമകൾ നിങ്ങളിൽ
ക്രിമിനലുകളെ സൃഷ്ടിക്കുന്നു
ദൃശ്യസന്ദേശങ്ങൾ വിതറുന്നു.

പ്രേമസിനിമകൾ യുവാക്കളിൽ 
കാമം വിതയ്ക്കുന്നു
ഇടുക്കിഗോൾഡ്‌ പുകയ്ക്കുന്നു.

പ്രത്യയശാസ്ത്രങ്ങൾ നിങ്ങളെ
രക്തസാക്ഷികളാക്കുന്നു 
ഫാഷിസത്തിനു തീകൊളുത്തുന്നു.

ജാതിക്കോമരങ്ങൾ ഉറഞ്ഞുതുള്ളി
കീഴാളരെ ചുട്ടെരിക്കുന്നു
ചാതുർവർണ്യം വരുത്തുന്നു.

സ്വാതന്ത്ര്യത്തിന്റെ നാട്‌
അഘണ്ഡതയിലേയക്ക്‌
വെടിയുണ്ടയുതിർക്കുന്നു........!!

വിടാത്ത പിടി /കഥ


  സുനിൽ എം എസ്

ഞങ്ങളുടെ വീടിനടുത്തുള്ള റോഡു ടാറിട്ടതാണ്. ചെറിയ ലോറികൾ അതിലൂടെ പോകാറുണ്ട്. അതൊരു റോഡായി വികസിച്ചിട്ട് ഏതാനും വർഷമേ ആയിട്ടുള്ളൂ. അതിനു മുമ്പ് അതൊരിടവഴി മാത്രമായിരുന്നു; ചിലയിടങ്ങളിൽ മഴക്കാലത്തു മുട്ടോളം വെള്ളമുണ്ടാകാറുള്ള ഇടവഴി.

അല്പമകലെ, തോടിനു കുറുകെ ചെറിയൊരു തടിപ്പാലവുമുണ്ടായിരുന്നു. കിഴക്കേലെ കൊച്ചൌസോച്ചേട്ടന്റെ മൃതദേഹം കൊണ്ടുപോകാൻ ശവമഞ്ചം വന്നു നിന്നത് ആ തടിപ്പാലത്തിനപ്പുറത്തായിരുന്നു. തടിപ്പാലത്തിന്റെ മുകളിലൂടെ സൈക്കിളും മോട്ടോർസൈക്കിളും കടന്നു പോകാറുണ്ടായിരുന്നെങ്കിലും, ശവമഞ്ചത്തിന് പാലം കടന്നു വരാനായില്ല. കൊച്ചൌസോച്ചേട്ടനെ കിടത്തിയ ശവപ്പെട്ടി ഏതാനും പേർ ചുമന്നു തടിപ്പാലം കടത്തി, ശവമഞ്ചത്തിലെത്തിയ്ക്കുകയായിരുന്നു.

ശവപ്പെട്ടി ചുമലിലേറ്റിയിരുന്നവരിലൊരാൾ കൊച്ചുവർക്കിച്ചേട്ടനായിരുന്നു.

മൃതദേഹം പുറപ്പെടുമ്പോൾ, കൊച്ചൌസോച്ചേട്ടന്റെ വീടിന്റെ മുന്നിൽത്തന്നെ ശാരിയും ഞാനും നിന്നിരുന്നു. കൊച്ചൌസോച്ചേട്ടനേയും ചുമലിലേറ്റി നടക്കുന്നതിനിടയിൽ കൊച്ചുവർക്കിച്ചേട്ടൻ ഞങ്ങളെക്കണ്ടു. ഉടൻ പറഞ്ഞു: “പിടി വിട്ടട്ടില്ലട്ടാ, ശാരിമോളേ”.

മൃതദേഹത്തിന്റെ കനം കൊണ്ടാവാം, കൊച്ചുവർക്കിച്ചേട്ടന്റെ ശബ്ദം ഇടറിയിരുന്നു. അന്നു കൊച്ചുവർക്കിച്ചേട്ടനും എൺപതിനോടടുത്തിരുന്നല്ലോ.

ഞങ്ങളും ശവമഞ്ചത്തെ അനുഗമിച്ചു; സിമിത്തേരിയിലെ കർമ്മങ്ങൾക്കു സാക്ഷ്യം വഹിച്ചു.

മടങ്ങി വീട്ടിലെത്തിയപ്പോൾ കൊച്ചുവർക്കിച്ചേട്ടൻ പിടി വിട്ടിട്ടില്ലെന്നു പറഞ്ഞതിന്റെ പൊരുളെന്തായിരുന്നെന്നു ഞാൻ ശാരിയോടു ചോദിച്ചു.

ഒരു വാചകം തികച്ചുപറയുന്ന പതിവ് അവൾക്കില്ല. ഏതാനും വാക്കുകളിൽ അവളുത്തരമൊതുക്കി. അല്പം ചരിത്രം കൂടിയറിഞ്ഞെങ്കിൽ മാത്രമേ, അവൾ പറഞ്ഞതു മനസ്സിലാക്കാനാകൂ.

കൊച്ചൌസോച്ചേട്ടന്റെ വീടിന്റെ മുന്നിൽ വച്ച് ഇടവഴി – ഇന്നതു റോഡാണ് - വലത്തോട്ടു തിരിയുന്നു. വലത്തോട്ടു തിരിഞ്ഞയുടൻ, ഇടതുഭാഗത്തു കൊച്ചുവർക്കിച്ചേട്ടന്റെ വീട്. രണ്ടുപേരും അയൽക്കാർ. സമവയസ്കർ. അവരുടെ പുരയിടങ്ങളുടെ ഇടയിലൊരു വേലി. ആ വേലി അന്നും ഇന്നും ശീമക്കൊന്ന കൊണ്ടുള്ളതു തന്നെ. മറ്റു മിയ്ക്കയിടങ്ങളിലും മതിലുകളുയർന്നിട്ടും അവർക്കിടയിൽ മതിലുയർന്നില്ല എന്നർത്ഥം.

ആ വേലിയിൽ അങ്ങോട്ടുമിങ്ങോട്ടും കടക്കാൻ വേണ്ടി വീതിയുള്ളൊരു വിടവുണ്ട്. കുറേക്കാലം ആ വിടവ് അടഞ്ഞുപോയിരുന്നു. തനിയേ അടഞ്ഞുപോയതല്ല. അവരിലൊരാൾ മനപ്പൂർവം അടച്ചുകളഞ്ഞതാണ്. എന്തോ പരിഭവമുണ്ടായിരുന്നിരിയ്ക്കണം. രാത്രി, ശീമക്കൊന്നയുടെ പത്തലുകൾ കുഴിച്ചിട്ട് ആ വിടവടച്ചുകളഞ്ഞു.

നേരം വെളുത്തപ്പോൾ മറ്റെയാൾ ക്ഷുഭിതനായി, പത്തലുകൾ വലിച്ചൂരിയെറിഞ്ഞു.

വഴക്കായി, വക്കാണമായി, രംഗം പ്രക്ഷുബ്ധമായി.

ഞങ്ങളുടെ പരിസരത്തിനൊരു പ്രത്യേകതയുണ്ട്. അവിടെ തർക്കങ്ങളുണ്ടാകാറില്ല. എന്നു മാത്രമല്ല, പരസ്പരസഹകരണമുണ്ടാകാറുണ്ടു താനും. എന്താവശ്യമുണ്ടെങ്കിലും ആളുകളോടിയെത്തും. സഹായിയ്ക്കും, സഹകരിയ്ക്കും.

കുറച്ചപ്പുറത്തുള്ള ബാലേട്ടന്റെ കാര്യം തന്നെ തെളിവ്. ഈയിടെ കക്ഷിയുടെ ശരീരം നീരുവന്നു വീർത്തു. നടക്കാനാകാതെയായി. സർക്കാരാശുപത്രിയിൽ കൊണ്ടുപോയി. ഉടൻ തൃശൂർ മെഡിക്കൽ കോളേജിലേയ്ക്കു വിട്ടോളാൻ പറഞ്ഞു. ബാലേട്ടന്റെ മകൻ മനോജിന്റെ കൈയിലാണെങ്കിൽ പണമുണ്ടായിരുന്നില്ല. എന്നാലതൊരു തടസ്സമായില്ല. മനോജിന്റെ കിഴക്കേലെ ജോയൽ വിവരമറിഞ്ഞ് തൊട്ടടുത്ത രണ്ടു മൂന്നു വീടുകളിലൊന്നു കയറിയിറങ്ങി. ആവശ്യത്തിനു കാശു കിട്ടി. ബാലേട്ടൻ തൃശൂർ മെഡിക്കൽ കോളേജിൽ പോയി രണ്ടാഴ്ച കിടന്നു, സുഖമായി മടങ്ങി വരികയും ചെയ്തു. ചെറിയ ചില പ്രയാ‍സങ്ങളുണ്ടെങ്കിലും, ഗുരുതരാവസ്ഥ തീരെയില്ല.

കൊച്ചൌസോച്ചേട്ടനും കൊച്ചുവർക്കിച്ചേട്ടനും തമ്മിലുള്ള വഴക്കു കേട്ട് എന്തോ അത്യാഹിതം സംഭവിയ്ക്കുന്നതു പോലെ ആളുകൾ ഓടിക്കൂടി. അവരോടിവന്നതു നന്നായി. അല്ലെങ്കിൽ വഴക്കു മൂത്തു കൈയാങ്കളിയിലെത്തിയേനേ. ചോരത്തിളപ്പുള്ള പ്രായമായിരുന്നല്ലോ, ഇരുവരുടേതും. കിഴക്കേലെ ചന്ദ്രൻ ചേട്ടനും, അതിനുമപ്പുറത്തെ രാഘവച്ചേട്ടനും വടക്കേലെ ജഗദീശച്ചേട്ടനും ചെന്ന് ഇരുവരേയും പിടിച്ചകറ്റാൻ ശ്രമിച്ചു. തെക്കേലെ, വന്ദ്യവയോധികനായ കൊച്ചുതോമ മാഷും കൂടിയെത്തിയപ്പോൾ ഇരുവരും അടങ്ങി.

വഴക്കും വക്കാണവും നിന്നെങ്കിലും, പിന്നീടിരുവരും ചങ്ങാത്തത്തിലായില്ല. ശീമക്കൊന്നവേലിയിലെ വിടവ് അടഞ്ഞുതന്നെ കിടന്നു.

കൊച്ചൌസോച്ചേട്ടനു ഭാര്യയും കുഞ്ഞുങ്ങളുമുണ്ടായിരുന്നു. കൊച്ചുവർക്കിച്ചേട്ടനുമുണ്ടായിരുന്നു ഭാര്യയും കുഞ്ഞുങ്ങളും. അവരെ കുഞ്ഞുങ്ങളെന്നു പറയുന്നത് ഇപ്പോളൊരു തമാശയായിരിയ്ക്കും. കാരണം, ഇന്ന് ആ കുഞ്ഞുങ്ങൾക്കൊക്കെ കുഞ്ഞുങ്ങളായിരിയ്ക്കുന്നു. എന്തായാലും അന്നവർ കുഞ്ഞുങ്ങളായിരുന്നു.

ഭർത്താക്കന്മാർ പിണക്കത്തിലായെങ്കിലും, അവരുടെ ഭാര്യമാർ ശീമക്കൊന്നയുടെ അപ്പുറവും ഇപ്പുറവും നിന്നുകൊണ്ട്, പഴയപടി, സമ്പർക്കം പുലർത്താൻ ശ്രമിച്ചു. അതുകണ്ട്, മിണ്ടിപ്പോകരുത്എന്നു ഭർത്താക്കന്മാർ താക്കീതു നൽകി. താക്കീതുകളുടെ കാർക്കശ്യം മൂലം ഒരു വീട്ടിലെ താക്കീത് മറ്റേ വീട്ടിലും പ്രതിദ്ധ്വനിച്ചു.  കുടുംബത്തിനകത്തു കലഹമുണ്ടാകേണ്ടെന്നു കരുതി, ഭാര്യമാർ പരസ്പരം ബന്ധപ്പെടാനുള്ള ശ്രമം ഒടുവിലുപേക്ഷിച്ചു.

വളർന്നു വരുന്നതിനിടെ കുട്ടികൾ സൌഹൃദത്തിലായിരുന്നു. മാതാപിതാക്കൾ തമ്മിലുള്ള അകൽച്ച കുട്ടികൾ വകവച്ചിരുന്നില്ല. എങ്കിലും, കുട്ടികൾ തമ്മിലുള്ള സൌഹൃദം വഴിയിൽ വച്ചു മാത്രമായിരുന്നു. വീടുകളിലേയ്ക്കു കയറിച്ചെല്ലാൻ അവരും ധൈര്യപ്പെട്ടിരുന്നില്ല.

ഇരുകുടുംബങ്ങളും തമ്മിലുള്ള സ്പർദ്ധ നീണ്ടുനീണ്ടു പോയി. ഒരൊറ്റ വേലിയുടെ അപ്പുറവുമിപ്പുറവും കഴിയുന്നവർ. ഞായറാഴ്ചകളിൽ ഒരേ പള്ളിയിൽ പോകുന്നവർ. എന്നിട്ടും, കൊച്ചുവർക്കിച്ചേട്ടന്റെ മകൾ ട്രീസയുടെ കല്യാണത്തിന് കൊച്ചൌസോച്ചേട്ടന്റെ വീട്ടിൽ ക്ഷണമെത്തിയില്ല, കൊച്ചൌസോച്ചേട്ടന്റെ വീട്ടിൽ നിന്നാരും കല്യാണത്തിൽ പങ്കെടുത്തുമില്ല.

കൊച്ചൌസോച്ചേട്ടന്റെ മകൻ സിറിലിന്റെ കല്യാണത്തിന് കൊച്ചുവർക്കിച്ചേട്ടന്റെ വീട്ടിലും ക്ഷണമെത്തിയില്ല. അവിടുന്നാരും കല്യാണത്തിൽ പങ്കെടുത്തുമില്ല.

തുടർന്നു നടന്ന കല്യാണങ്ങളിലും ചടങ്ങുകളിലും തഥൈവ!

വേലിയടയ്ക്കുകയും പൊളിയ്ക്കുകയും ചെയ്തയന്ന് ഇരുവരും ക്രുദ്ധരായി, കടുത്ത വാക്കുകളെന്തൊക്കെയോ പ്രയോഗിച്ചു കാണണം. മുൻ തലമുറയെവരെ പഴി പറഞ്ഞിട്ടുണ്ടാകും. പറഞ്ഞുപോയ വാക്കുകൾ തിരിച്ചെടുക്കാൻ പറ്റില്ലല്ലോ. ആ വാക്കുകളുടെ കാഠിന്യം കാരണം കാൽ നൂറ്റാണ്ടിലേറെക്കാലം അവർ പരസ്പരസമ്പർക്കമില്ലാതെ കഴിഞ്ഞു. ഇടവഴിയിലൂടെ ഇരുവരും എതിരേ വരികയാണെങ്കിൽ, ഒരാൾ വടക്കോട്ടു നോക്കിക്കൊണ്ടു നടക്കും; മറ്റെയാൾ തെക്കോട്ടു നോക്കിക്കൊണ്ടും.

കൊച്ചൌസോച്ചേട്ടനും കൊച്ചുവർക്കിച്ചേട്ടനും സമവയസ്കരായിരുന്നെന്നു പറഞ്ഞുവല്ലോ. ഇരുവരും ചെയ്തിരുന്ന ജോലികളും ഏകദേശം സമാനമായിരുന്നു. കൊച്ചൌസോച്ചേട്ടൻ പശുക്കളെ വളർത്തി. കൊച്ചുവർക്കിച്ചേട്ടൻ എരുമകളേയും. മറ്റു ചില്ലറപ്പണികളും ഇരുവരും ചെയ്തിരുന്നു.

എന്റെ പുരയിടത്തിൽ ധാ‍രാളം പുല്ലുണ്ടാകാറുണ്ട്. കാലവർഷവും തുലാവർഷവും കഴിഞ്ഞുള്ള ഏതാനും മാസം പുരയിടം പുല്ലുവളർന്നു കാടുപിടിച്ചതുപോലെയുണ്ടാകും. പുല്ലുചെത്തിയ്ക്കാൻ ശാരി അനുവദിയ്ക്കാറില്ല. പശുക്കൾക്കിഷ്ടമുള്ള പുല്ലാണ്, അതവിടെത്തന്നെ നിൽക്കട്ടേയെന്ന് അവൾ പറയും. ചുറ്റുമുള്ള പുരയിടങ്ങളിലെ പുല്ലു തീർന്നാലും എന്റെ പുരയിടത്തിൽ പുല്ലു ധാരാളമുണ്ടാകും. കൊച്ചൌസോച്ചേട്ടൻ പശുക്കളേയും, കൊച്ചുവർക്കിച്ചേട്ടൻ എരുമകളേയും ഇടയ്ക്കിടെ എന്റെ പുരയിടത്തിൽ കൊണ്ടുവന്നു കെട്ടി പുല്ലു തീറ്റിയ്ക്കും.

പശുക്കൾക്കും എരുമകൾക്കും കുശാലാകും. ശാരിയ്ക്കും. പശുക്കൾക്കും എരുമകൾക്കും കുശാലാകുമ്പോൾ ശാരിയ്ക്കെങ്ങനെ കുശാലാകും എന്ന ചോദ്യമുയരാം. അവൾക്കു ധാരാളം ചാണകം കിട്ടും. പശുവിനും എരുമയ്ക്കും പുല്ലിനോട് എത്രത്തോളം ആർത്തിയുണ്ടോ, അത്രത്തോളം തന്നെ ആർത്തി ശാരിയ്ക്കു ചാണകത്തോടുണ്ട്. ചാണകത്തിന്റെ ചൂടാറുന്നതിനു മുമ്പു തന്നെ അവളതു റാഞ്ചിക്കൊണ്ടു വന്ന്, മരങ്ങൾക്കും ചെടികൾക്കും വീതിച്ചു കൊടുത്തിട്ടുണ്ടാകും.

ആളുകൾ ജൈവവളത്തിനു വേണ്ടി പരക്കം പാഞ്ഞു നടക്കുമ്പോൾ, ഞങ്ങൾക്കത് ഇങ്ങോട്ടു വന്നു കിട്ടുന്നു!

അമ്മയ്ക്ക് കാലുവേദനയുണ്ടാകാറുണ്ടായിരുന്നു. എരുമപ്പാലു കുടിയ്ക്കാൻ വൈദ്യരുപദേശിച്ചു. അന്നു മുതൽ എരുമപ്പാലു പതിവായി വാങ്ങാറുണ്ട്. കൊച്ചുവർക്കിച്ചേട്ടൻ തന്നെയാണു മിക്കപ്പോഴും എരുമപ്പാലു കൊണ്ടുവന്നു തരാറ്. ഒരു സ്റ്റീൽ മൊന്തയിൽ പാലു കൊണ്ടുവരും. ശാരി അതു വാങ്ങി അകത്തുകൊണ്ടുപോയി പകർത്തി, മൊന്ത കഴുകിയടച്ചു തിരികെ ഏല്പിയ്ക്കും.

അമ്മയുണ്ടായിരുന്ന കാലത്ത്, മൊന്ത തിരികെക്കിട്ടുന്നതു വരെ അമ്മയുമായി കൊച്ചുവർക്കിച്ചേട്ടൻ സംസാരിച്ചുകൊണ്ടു നിൽക്കുമായിരുന്നു. അമ്മ ഓർമ്മ മാത്രമായ ശേഷം കൊച്ചുവർക്കിച്ചേട്ടൻ മുറ്റത്തങ്ങനെ വെറുതേ നിൽക്കും. ഞാനുണ്ടെങ്കിൽ എന്തെങ്കിലും സംസാരിയ്ക്കും.

ഒരു ദിവസം കൊച്ചുവർക്കിച്ചേട്ടൻ പാലു കൊണ്ടുവന്നപ്പോൾ ദാ, മുറ്റത്തു നിൽക്കുന്നു, കൊച്ചൌസോച്ചേട്ടൻ! ബദ്ധശത്രുക്കളിരുവരും എന്റെ മുറ്റത്തൊരുമിച്ച്!

പുല്ലു ധാരാളമുള്ളിടത്തു പശുവിനെക്കൊണ്ടുവന്നു കെട്ടിയ ശേഷം, അരമതിലിലുണ്ടായിരുന്ന പത്രമൊന്നു മറിച്ചുനോക്കുകയായിരുന്നു, കൊച്ചൌസോച്ചേട്ടൻ. എഴുത്തും വായനയും വലുതായൊന്നും അറിയില്ലായിരുന്നെങ്കിലും, തപ്പിത്തപ്പി എന്തെങ്കിലുമൊക്കെ കൊച്ചൌസോച്ചേട്ടൻ വായിയ്ക്കുമായിരുന്നു. കൊച്ചുവർക്കിച്ചേട്ടനും അങ്ങനെ തന്നെ. മറ്റു തിരക്കുകളുണ്ടായിരുന്നതുകൊണ്ട് ഇരുവരും സ്കൂളിൽ അധികക്കാലമൊന്നും കഴിഞ്ഞിരുന്നില്ലല്ലോ.

കൊച്ചൌസോച്ചേട്ടൻ പത്രത്തിൽ ‘തപ്പി’ക്കൊണ്ടിരിയ്ക്കുമ്പോൾ കൊച്ചുവർക്കിച്ചേട്ടൻ അകത്തേയ്ക്കു നോക്കി വിളിച്ചു, “ശാരിമോളേ”.

ശബ്ദം കേട്ട് കൊച്ചൌസോച്ചേട്ടൻ തിരിഞ്ഞു നോക്കിയിട്ടുണ്ടാകും. നോട്ടങ്ങളിടഞ്ഞിട്ടുണ്ടാകും. എന്തോ ദുശ്ശകുനം കണ്ടതുപോലെ ഉടൻ എതിർദിശകളിലേയ്ക്കു തിരിഞ്ഞിട്ടുമുണ്ടാകും.

ഞാനന്ന് അതിരാവിലേ തന്നെ പോയിരുന്നിരിയ്ക്കണം. ഞാൻ സ്ഥലത്തുണ്ടായിരുന്നില്ല. സംഭവത്തെപ്പറ്റി ഞാനറിയാതെ പോയത് അതുകൊണ്ടാണ്.

വിളികേട്ടു ശാരി വരാന്തയിലേയ്ക്കു വന്നപ്പോളുണ്ട്, ബദ്ധശത്രുക്കളിലൊരാൾ കിഴക്കോട്ടു തിരിഞ്ഞു പത്രം വായിയ്ക്കുന്നു; കൈനീട്ടിയാൽ തൊടാവുന്ന അകലത്തിൽ മറ്റെയാൾ, മൊന്തയുമായി, പടിഞ്ഞാറോട്ടു നോക്കി നിൽക്കുന്നു.

ശാരി മൊന്ത വാങ്ങി അകത്തേയ്ക്കു പോയി. പക്ഷേ, മൊന്ത അകത്തുവച്ച് ഉടൻ മടങ്ങി വന്നു.

രണ്ടു “കൊച്ചു”ങ്ങളും അതേ നില്പു തന്നെ: പുറം തിരിഞ്ഞുള്ള നില്പ്. ആരും പരസ്പരം നോക്കുന്നേയില്ല. അങ്ങനെയൊരാൾ തൊട്ടടുത്തു നിൽക്കുന്നതായിപ്പോലും ഭാവിയ്ക്കുന്നില്ല.

ശാരി ചവിട്ടിറങ്ങി നേരേ ചെന്നു. പടിഞ്ഞാറോട്ടു തിരിഞ്ഞു നിന്നിരുന്ന കൊച്ചുവർക്കിച്ചേട്ടന്റെ വലതു കൈയിൽ പിടിച്ചു; കിഴക്കോട്ടു തിരിഞ്ഞു നിന്നിരുന്ന കൊച്ചൌസോച്ചേട്ടന്റേയും വലതു കൈയിൽ പിടിച്ചു. രണ്ടു കൈകളും ബലമായി കൂട്ടിച്ചേർത്ത്, ഇരുവരേയും നോക്കിക്കൊണ്ട് അവൾ പറഞ്ഞു:

കർത്താവു പറഞ്ഞിരിയ്ക്കണത് നിന്നെപ്പോലെ നിന്റെ അയൽക്കാരനേയും സ്നേഹിയ്ക്കാനാ. നിങ്ങള് കൊറേക്കാലം കർത്താവിന്റെ വചനം മറന്നു ജീവിച്ചു. ഇനി ഈ പിടി വിടരുത്. മുറുക്കിപ്പിടിച്ചോണം രണ്ടുപേരും.”

ശാരി അധികമൊന്നും സംസാരിയ്ക്കാറില്ലെങ്കിലും, അവളുടെ ചില വാക്കുകൾ ഒരു തരത്തിലും തള്ളിക്കളയാൻ പറ്റാത്ത വിധത്തിലുള്ളതാകാറുണ്ട്. പോരാത്തതിന് അവൾ അവരിരുവർക്കും, അവരുടെ ഭാര്യമാർക്കു വിശേഷിച്ചും ഇഷ്ടപ്പെട്ടവളും.

കൈകൾ കൂട്ടിയോജിപ്പിച്ച്, ശാരി അകത്തേയ്ക്കു കയറിപ്പോകുമ്പോൾ രണ്ടുപേരും കൈയും പിടിച്ച് അന്തം വിട്ടു നിൽക്കുകയായിരുന്നത്രേ!

വാസ്തവത്തിൽ രണ്ടുപേരും പാവങ്ങളായിരുന്നു. ശുദ്ധന്മാരും. പക്ഷേ, അതിശുദ്ധന്മാർ അതിദുഷ്ടന്മാരുടെ ഫലം ചെയ്യുമെന്നു കേട്ടിട്ടില്ലേ; അതു തന്നെ.

കഴുകിയ മൊന്തയുമായി ശാരി തിരിച്ചുവന്നപ്പോൾ, ഒരു കൈയല്ല, രണ്ടു കൈയും മുറുക്കിപ്പിടിച്ചു നിന്നുകൊണ്ട് ഇരുവരും കരയുകയായിരുന്നു.

കൊച്ചൌസോച്ചേട്ടന്റെ മൃതദേഹം ചുമക്കുമ്പോൾ പിടി വിട്ടിട്ടില്ലെന്നു കൊച്ചുവർക്കിച്ചേട്ടൻ പറഞ്ഞത്, ഏകദേശം മൂന്നു പതിറ്റാണ്ടോളം നീണ്ടുനിന്നിരുന്ന ശത്രുത മറന്ന്, ഇരുവരും എന്റെ മുറ്റത്തു വച്ചു കൈകൾ മുറുക്കിപ്പിടിച്ചതിനെപ്പറ്റിയായിരുന്നു.

ആത്മാക്കൾക്ക് എല്ലാം കാണാനാകും എന്നാണല്ലോ പലരും പറയാറ്. അതിൽ വാസ്തവമുണ്ടെങ്കിൽ, വാർദ്ധക്യത്തെ വകവയ്ക്കാതെ കൊച്ചുവർക്കിച്ചേട്ടൻ തന്റെ മൃതദേഹം ചുമന്നതു കൊച്ചൌസോച്ചേട്ടന്റെ ആത്മാവു മുകളിലെവിടെയെങ്കിലുമിരുന്നു കണ്ടിട്ടുണ്ടാകും.

കൊച്ചൌസോച്ചേട്ടൻ മരിയ്ക്കുന്നതിന് ഏതാനും വർഷങ്ങൾക്കു മുമ്പ്, ഒരിയ്ക്കൽ, അവരിരുവരുമൊരുമിച്ചു നടന്നുപോകുന്നതു കണ്ടിരുന്നു. പരസ്പരം വർത്തമാനം പറഞ്ഞുകൊണ്ടു തന്നെ നടക്കുന്നു. വാർഡുതലത്തിലുള്ള ഗ്രാമസഭയിൽ സംബന്ധിയ്ക്കാൻ പോകുകയായിരുന്നു അവരിരുവരും. ഞാനും. ഞാൻ സൈക്കിളിലായിരുന്നു.

സാധാരണയായി ശാരിയാണു ഗ്രാമസഭയിൽ പോകാറ്. അന്നെന്തോ കാരണവശാൽ ഞാൻ വീട്ടിലുണ്ടായിരുന്നു. അതുകൊണ്ടു ഗ്രാമസഭയിൽ പോയതു ഞാനായിരുന്നു. അങ്ങനെയാണ് “കൊച്ചു”ങ്ങളിരുവരും ഒരുമിച്ചു നടന്നു പോകുന്നതു കാണാനിടയായത്.

പതിറ്റാണ്ടുകളോളം ശത്രുക്കളായിരുന്നവർ എന്ന്, എങ്ങനെ കൂട്ടായി? ഞാനത്ഭുതപ്പെട്ടുപോയി. കുറഞ്ഞൊരു കാലമൊന്നുമല്ലല്ലോ, പതിറ്റാണ്ടുകളല്ലേ, അവരകന്നു കഴിഞ്ഞത്!

ഗ്രാമസഭയിൽ അവരിരുവരും അടുത്തടുത്ത കസേരകളിൽത്തന്നെ ഇരിയ്ക്കുകയും ചെയ്തു.

മുത്തച്ഛന്മാരായിത്തീർന്നിരിയ്ക്കുന്ന നിലയ്ക്ക്, സ്വയം നല്ല ബുദ്ധി തോന്നി അവർ വീണ്ടും സുഹൃത്തുക്കളായെന്നാണു ഞാനന്നു കരുതിയത്. ശാരിയ്ക്കതിലൊരു പങ്കുണ്ടായിരുന്നെന്നു ഞാൻ വിചാരിച്ചിരുന്നേയില്ല. അവളതേപ്പറ്റിയൊന്നും പറഞ്ഞിരുന്നുമില്ല.

നീയിത് എന്നോടെന്താ ഇതുവരെപ്പറയാഞ്ഞത്?” ഞാൻ ശാരിയോടു ചോദിച്ചു. അവളെന്നോടു പലതും പറയാറില്ല.

കൂടാനുള്ളോരു കൂടി.” അവൾ നിസ്സംഗതയോടെ പറഞ്ഞു. “അതെന്താത്ര പറയാനുള്ളത്!”

ശരിയായിരിയ്ക്കണം. നന്മയുള്ളവരായിരുന്നു, കൊച്ചൌസോച്ചേട്ടനും കൊച്ചുവർക്കിച്ചേട്ടനും. ആർക്കും ഒരുപദ്രവവും ചെയ്യാത്തവർ. എങ്ങനെയോ തമ്മിൽ കലഹിയ്ക്കാനിടയായി. പഴയ പോലെ സുഹൃത്തുക്കളാകാനുള്ള ആഗ്രഹം അവർ പതിറ്റാണ്ടുകളോളം നെഞ്ചിൽ കൊണ്ടുനടന്നിരിയ്ക്കണം. അല്ലെങ്കിലവർ ശാരി കൂട്ടിച്ചേർത്ത കൈകൾ പിൻവലിച്ചുകളയുമായിരുന്നു.

കാര്യമങ്ങനെയൊക്കെയാണെങ്കിലും, ശാരി ആ കൂടിച്ചേരലിനുള്ള നിമിത്തമായിത്തീർന്നിരുന്നില്ലെങ്കിൽ ആ കൈകൾ കൂടിച്ചേരുമായിരുന്നോ എന്ന സംശയം ഇന്നുമുണ്ടെനിയ്ക്ക്.

കൊച്ചൌസോച്ചേട്ടന്റെ മകൻ സിറിലിന് സംശയമൊന്നുമില്ല; ശാരിച്ചേച്ചി കാരണമാണ് ആ വൈകിയ വേളയിലെങ്കിലും അവർ കൂടിച്ചേർന്നതെന്ന് അവൻ പറഞ്ഞു. കഴിഞ്ഞയാഴ്ച തെക്കേലെ കല്യാണത്തലേന്നുള്ള ഒത്തുകൂടലിൽ സിറിലും ഉണ്ടായിരുന്നു. കാരണവന്മാർ രണ്ടുപേരും ദീർഘകാലവൈരം വെടിഞ്ഞു വീണ്ടും സുഹൃത്തുക്കളായ കഥ സിറിൽ അവിടെ വച്ചു രസമായിപ്പറഞ്ഞു.

സിറിൽ പറയുന്നതിനു മുമ്പു തന്നെ അക്കഥ കേട്ടിട്ടുണ്ടായിരുന്നെന്ന് അവിടെയുണ്ടായിരുന്ന പലരും പറഞ്ഞു. നീണ്ട കാലം കീരിയും പാമ്പുമായി കഴിഞ്ഞിരുന്നവർ പെട്ടെന്നൊരു ദിനം യോജിച്ചിരിയ്ക്കുന്നതു കണ്ട് അവരും അത്ഭുതപ്പെട്ടിരുന്നത്രേ! അവരെ കൂട്ടിച്ചേർത്തതു ശാരിച്ചേച്ചിയായിരുന്നെന്ന് അവരും എന്നെപ്പോലെ പിന്നീടാണറിഞ്ഞത്.

എന്നാൽപ്പിന്നെ അക്കാര്യം കടലാസ്സിലാക്കിക്കളയാമെന്നു ഞാൻ തീരുമാനിയ്ക്കുകയാണുണ്ടായത്. ഒരിയ്ക്കലും കൂടിച്ചേരില്ലെന്നു തോന്നിപ്പിയ്ക്കുന്നവരെപ്പോലും ചിലപ്പോൾ കൂട്ടിച്ചേർക്കാനാകുമെന്ന് എല്ലാവരും അറിഞ്ഞോട്ടേ. മുറിച്ചിട്ട കോലും ചിലപ്പോഴൊക്കെ ഒന്നായിത്തീർന്നെന്നു വരാം.

കൊച്ചുവർക്കിച്ചേട്ടനും ഓർമ്മ മാത്രമായിട്ടു വർഷങ്ങളായി. ഇന്നിപ്പോൾ രണ്ടു “കൊച്ചു”ങ്ങളും ഒരുമിച്ചിരിപ്പുണ്ടാകും; അങ്ങു മുകളിൽ. വേർപെടുത്താൻ വേലികളില്ലാത്തിടത്ത്.

ദുഃഖം ക്രിസ്തുവിൽ നിന്ന്‌ /ലേഖനം








എം. കെ. ഹരികുമാർ


ലോകത്തോടുള്ള അധോവ്യക്തിയുടെ മൗനം എന്താണെന്ന്‌ തിരക്കിത്തുടങ്ങുമ്പോഴാണ്‌ മനുഷ്യൻ ദുഃഖിതനാവുന്നത്‌. മൗനം വസ്തുവിന്റെയും ചലനത്തിന്റെയും എല്ലാവേഗങ്ങളെയും അതിരൂഢമായി ബന്ധപ്പിച്ചുവയ്ക്കുന്നു. മൗനം പ്രതികരണങ്ങളുടെയെല്ലാം ഉള്ളിൽ വസിക്കുകയും പ്രവർത്തനങ്ങളുടെയെല്ലാം രാജാവാകുകയും ചെയ്യുന്നു. എന്നാൽ ഹൃദയത്തിൽ, അന്വേഷണത്തിന്റെ ഹരിതാശ്വങ്ങൾ യാത്രതിരിച്ച്‌, എങ്ങും പോകാതെ മടങ്ങിയെത്തുമ്പോൾ അധോമനുഷ്യന്റെ മൗനം ദുഃഖത്തിന്റെ പ്രപഞ്ചനാദമായിത്തീരുന്നു. അത്‌ ലോകത്തോടുള്ള മൗനവും ദുഃഖവും ചേർന്ന പ്രജ്ഞാവസരമാണ്‌ സൃഷ്ടിക്കുന്നത്‌. ഇനി ഇന്ദ്രീയങ്ങളുടെ ലോകത്തേയ്ക്കു വിശ്വാസത്തിന്റെ ചുംബനം ഏറ്റുവാങ്ങിക്കൊണ്ട്‌ ഒരു യാത്ര സാധ്യമല്ലെന്ന്‌ അറിയുമ്പോൾ ദുഃഖത്തിന്റെ സവാരിക്കാരെ കയറ്റി ഹരിതാശ്വങ്ങൾ മടങ്ങിയെത്തുന്നു. എല്ലാ കലാസൃഷ്ടികളെയും മനസ്സുകളെയും അതിശയിച്ചുനിൽക്കുന്ന ക്രിസ്തുവിന്റെ വിശുദ്ധ ജീവിതമാണ്‌ ഇതിനു ഏറ്റവും വലിയ സ്ഥിരീകരണം നേടിയെടുക്കുന്നത്‌. ലോകം തുള്ളികളായി കൈക്കുമ്പിളിൽ നിന്ന്‌ ഒഴുകിയിറങ്ങുമ്പോൾ, ഏന്തോ, തനിക്ക്‌ വിശ്വാസത്തിന്റെ ഇന്ധനത്തെ മറികടക്കേണ്ടതുണ്ടെന്ന്‌ ക്രിസ്തുധ്യാനിച്ചു. വിശ്വാസം ക്രിസ്തുവിന്‌ സ്വന്തം ശരീരത്തിൽ നിന്ന്‌ വളർന്നു നിൽക്കുന്ന ഏകാഗ്രമായ പ്രാർത്ഥനപോലെയായിരുന്നു. അവയവങ്ങളോടുള്ള ഭക്തിയും ശരീരത്തോടുള്ള പ്രാർത്ഥനയും പ്രപഞ്ചത്തിന്റെ പദാർത്ഥവർണ്ണങ്ങളിൽ മെത്തിയൊഴുകാൻ മനസ്സിനെ പ്രാപ്തമാക്കുന്ന ക്രിയാമൂകതയാണ്‌ ക്രിസ്തുവിന്റെ ജീവിതം അവിടെ സംസാരം തന്നോടും ലോകത്തോടും ഒരേസമയത്തായിരുന്നു. എന്നാൽ ലോകത്തിന്റെ സംസാരത്തെ തന്റെ സംസാരം കൊണ്ട്‌ ചുംബിക്കാനും ക്രിസ്തു യത്നിച്ചു. അത്‌ ദുഃഖമായിത്തീരുകയും ചെയ്തു. പദാർത്ഥങ്ങൾ ആത്മാവിന്റെ ഏകാന്തവിശ്വാസത്തിലേയ്ക്കു വളർന്ന്‌ അന്തർധാനം ചെയ്യുന്നതിനെയാണ്‌ ദുഃഖം എന്നു പറയുന്നത്‌. എന്നാൽ ലോകത്തോടുള്ള ദുഃഖത്തിന്റെ ഹരിതാംബരമുള്ള മൗനം എന്താണെന്ന്‌ ചിന്തിക്കാൻ തുടങ്ങുമ്പോഴാണ്‌ പദാർത്ഥങ്ങളും ചേതനയും തമ്മിലുള്ള സ്പർശനവിച്ഛേദത്തെപ്പറ്റി ആഴമുള്ള തോന്നലുകൾ ഉണ്ടാകുന്നത്‌. പരീശന്മാരും, ശാസ്ത്രിമാരും ക്രിസ്തുവിനെ കറുപ്പും വെളുപ്പും കണ്ണുപൊത്തിക്കളിയ്ക്കുന്ന പ്രപഞ്ചത്തിന്റെ താഴ്‌വാരങ്ങളിൽ വച്ച്‌ അതിക്രൂരമായി കുസൃതിനൽകി സ്വീകരിച്ചു. എന്നാൽ അശ്രുപീഠങ്ങളുടെ ആപത്ത്‌ സന്ധികളിൽവച്ച്‌ യേശു തന്നിൽനിന്ന്‌ ഒഴുകിയിറങ്ങുന്ന ലോകത്തിന്റെ ഇന്ധനത്തെക്കുറിച്ച്‌ ഓർത്തു. ആ ഓർമ്മകളിൽ വദനം അലിഞ്ഞുപോകുന്ന ജീവിതാസക്തിയുടെ വനവാസങ്ങളുണ്ടായിരുന്നു. മാത്രമല്ല, ഓർമ്മകൾ ലോകത്തോടുള്ള മനസ്സിന്റെ മൗനം എന്താണെന്ന്‌ തിരക്കാൻ പഠിപ്പിയ്ക്കുകയും ചെയ്തു.

ഇന്ദ്രിയങ്ങളുടെ ലോകത്തുനിന്ന്‌ കരുണയും ദുഃഖവും നിറഞ്ഞ പ്രസാദത്തിലൂടെ ക്രിസ്തു മടങ്ങിപ്പോന്നു. പാതവക്കുകളിൽ പാദരേഖകളോടും പാദമുദ്രകളോടും പാദരക്ഷകളോടും അണിവില്ലാതെ സംസാരിച്ചു. അത്‌ സ്വയം സംസാരത്തിന്റെ ശീതാന്ധതയുള്ള മഞ്ഞ്‌ മഹർഷിയ്ക്ക്‌ നീട്ടികൊടുത്തു. ആകുലതകളുടെ മുള്ളുകളും വഹിച്ചുകൊണ്ട്‌ പാപികളുടെ നാട്ടിൽ അഭയംതേടിയെത്തിയ ഈ മനുഷ്യനിധി പ്രപഞ്ചത്തിന്റെ അനുഭവനിഷ്ഠയുടെ കാതൽ അറിഞ്ഞു എന്നാൽ സ്വയം നിർദ്ധാരണം ചെയ്യാൻ ലോകത്തിൽ നിന്ന്‌ എന്താണ്‌ കാംക്ഷിക്കാനുള്ളതെന്ന്‌ അദ്ദേഹം തുടരെത്തുടരെ ചോദിയ്ക്കുന്നുണ്ടായിരുന്നു. ലോകത്തിൽ മൃതമായിരിയ്ക്കുന്നതിലെല്ലാം തന്റെ ക്രൂരനായ രക്ഷകനെങ്കിലും കാണുമെന്നുള്ള ഈ വിശ്വാസം ക്രിസ്തുവിന്റെ പ്രജ്ഞയുടെ സ്ഥലകാലബോധത്തെ വലയം ചെയ്തു. പ്രപഞ്ചത്തിന്റെ ദുഃഖം നിറഞ്ഞ ഒരു ഭാഗം മനസ്സിനുള്ളതാണെന്ന്‌ ഉറപ്പിച്ചുകൊണ്ടുതന്നെ കരചരണങ്ങളറ്റ കാമനകളുടെ സാക്ഷ്യം പേറി നടന്നു. ലോകത്തിന്റെ ഉപേക്ഷയിൽ വേർതിരിഞ്ഞുകിട്ടുന്ന ഏകാകിയുടെ സ്വയം നിർദ്ധാരണം ഇവിടെ ജീവിതശ്വാസമായിത്തീരുന്നു. സ്വയം നിർദ്ധാരണം ഏകാകിയുടെ ആദ്ധ്യാത്മികമായ വിഷയാന്വേഷണമാണ്‌. ക്രോധത്തെയും നാശത്തെയും കരുണാദുഃഖംകൊണ്ട്‌ പ്രസാദിപ്പിച്ച യേശുവിന്‌ സ്വയം നിർദ്ധാരണത്തിന്റെ വസന്തപത്രങ്ങൾ ലോകത്തിലെവിടെയോ ആയിരുന്നു. അത്‌ മറ്റുപദാർത്ഥങ്ങളിൽ നിന്നും സ്വാംശീകരിയ്ക്കേണ്ട ആസക്തിയുടെ വേഗമായിരുന്നു. പ്രപഞ്ചത്തിന്റെ സ്വാംശീകരണത്തിനുവേണ്ടി മനസ്സും ശരീരവും അവയവങ്ങളും യേശു അഴിച്ചു നൽകി. ചിത്തത്തിന്റെ തൊങ്ങലുകളും വിപൂയങ്ങളും വിപൂതികളും ഒരു പോലെ പ്രകൃതിയുടെ കശേരുക്കളിൽ വിളക്കിചേർത്തു. ഈ സംയുക്താവസ്ഥയുടെ ദുഃഖവും കരുണയും പ്രസാദവും ത്യാഗവും മൃതിയും കൂടിച്ചേർന്ന ജീവിതവേളകളാണ്‌ മനുഷ്യനാകുവാനുള്ള പരിണാമയാത്രയ്ക്ക്‌ യേശുവിന്‌ ശക്തിപകർന്നത്‌. മനുഷ്യപുത്രനായി നിന്നുകൊണ്ട്‌ കൂടുതൽ കൂടുതൽ മനുഷ്യനാകുവാൻ ജീവിതകാലം മുഴുവൻ ധ്യാനിച്ച ഈ കരുണാമുനി, ഒടുവിൽ ക്രൂശാരോഹണം എന്ന ചിത്തപുഷ്പം വിരിയിച്ചു. ക്രൂശാരോഹണത്തെ പ്രപഞ്ചത്തിനുള്ള ഭക്തിനിറഞ്ഞ ആത്മസമർപ്പണമാക്കി മാറ്റി. കുരിശിൽ വച്ച്‌ യേശു വ്യാപ്തിയുള്ള പ്രപഞ്ച സ്വാംശീകരണത്തിന്റെയും ലോകത്തോടുള്ള അവിഭക്തമൗനത്തിന്റെയും ഭക്ഷണം കഴിച്ചു. ദുഃഖത്തോടുള്ള ഭക്തി ധാരമുറിയാതെ നിറവേറ്റി. കുരിശിന്റെ തലങ്ങൾ വ്യാമിശ്രമായി ഏറ്റുവാങ്ങലിന്റെയും ലംബതലങ്ങൾ മനുഷ്യാത്മാവും പ്രപഞ്ചവുമായുള്ള അവിരാമമായ തിരിച്ചറിവിന്റെയും രേഖകളായിത്തീരുകയും ചെയ്തു.
ഓരോ സൃഷ്ടികർത്താവും സൃഷ്ടിയുടെ പിന്നിൽ ക്രിസ്തുവിന്റെ വേദനയും മൃതിയുമാണ്‌ സാക്ഷാത്കരിയ്ക്കാൻ ശ്രമിയ്ക്കുന്നതെന്ന്‌ ഞാൻ വിശ്വസിക്കുന്നു. ഓരോ സൃഷ്ടിയും ഒറ്റപ്പെട്ട പരിണാമമോ ക്രൂശാരോഹണമോ ആണ്‌. കലാകാരൻ രചനയുടെ വേളയിൽ ലോകത്തോടുള്ള ഹൃദയത്തിന്റെ മൗനം തിരക്കുന്നു. ലോകം തന്നിൽ ഏൽപ്പിച്ചിരിയ്ക്കുന്ന പദാർത്ഥങ്ങളും ചലനങ്ങളും ആത്മാവുമായി എങ്ങനെ സമരസപ്പെട്ടിരിയ്ക്കുന്നുവേന്ന്‌ അന്വേഷിക്കുന്നു. അറിവിന്റെ പീതാംബരമുള്ള ദുഃഖം പ്രപഞ്ചത്തിൽ നിന്ന്‌ സ്വീകരിച്ചുകൊണ്ടും ചിത്തത്തെ പ്രപഞ്ചത്തിന്‌ പുഷ്പിക്കാൻ നൽകിക്കൊണ്ടും ജീവിയ്ക്കുന്നതിലെ കാരുണ്യവും ത്യാഗവും എന്താണെന്ന്‌ ചോദിയ്ക്കുന്നു. സത്യത്തിൽ ഇത്തരം അന്വേഷണങ്ങൾ കലാകാരനെ, ക്രിസ്തുവിനെപ്പോലെ സ്വന്തം നിർദ്ധാരണത്തിനുവേണ്ടി ലോകത്തിന്റെ ഇന്ദ്രിയഗൃഹങ്ങളിലേയ്ക്കു യാത്രചെയ്യുന്നവനാക്കി മാറ്റുകയാണ്‌.
 അതായത്‌ ക്രമപ്പെടുത്തുന്നതിൽ നിന്ന്‌ മാറിനിൽക്കുന്ന ലോകാവസ്ഥയുടെ ഇരുമ്പും തീയ്യും സ്വന്തം പരിണാമത്തിനുള്ള ഇന്ധനമാക്കി മാറ്റുന്ന ആത്മീയ പ്രശ്ന നിർവ്വഹണത്തിന്റെ ആലാപനങ്ങളിലേയ്ക്കുള്ള പ്രയാണം മനുഷ്യനാകുവാനുള്ള പിൻശക്തിയായിത്തീരു ന്നു. അയാൾ വസ്തുക്കളുടെ ബാഹ്യവേഷങ്ങളിൽ ആവേശത്തോടെ പങ്കെടുക്കാതെ വസ്തുക്കളുൾക്കൊള്ളുന്ന ജഗത്തിന്റെ ക്രിയാശേഷിയെ ചിത്തത്തിന്റെ മോചനത്തിനുള്ള സ്വത്താക്കിമാറ്റുകയാണ്‌. കലയെ പരിണാമത്തിനുള്ള പ്രധാന മാർഗ്ഗമാക്കി മാറ്റുകയാണ്‌ ചെയ്യുന്നത്‌. ഒരു വസ്തുവിനെക്കുറിച്ചുള്ള ശരിയായ കാഴ്ചയും തെറ്റായ ധാരണയും പരസ്പരം ഒഴിവാക്കുന്നില്ലെന്ന്‌ കാഫ്കി രേഖപ്പെടുത്തിന്നുണ്ട്‌. വസ്തുക്കളിൽ കലാകാരന്‌ വേഷങ്ങൾ പോലെ ധാരണകൾ ആവശ്യമില്ലെന്നും വസ്തുക്കളെ സ്വന്തം ചിത്തപരിതഃസ്ഥിതിയിലെ നല്ലവരായ ഘാതകരാക്കി മാറ്റുകയാണ്‌ ചെയ്യേണ്ടതെന്നും കാഫ്ക മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ്‌ കരിങ്കല്ലുകളിൽ നിന്ന്‌ അരുവികൾ തേടി മുഖമടച്ചുകളഞ്ഞ കാഫ്ക പ്രപഞ്ചത്തെ ആത്മാവിന്റെ ദുഃഖാവസരങ്ങളെ കഴുകിക്കളയാൻ ഉപയോഗിയ്ക്കാമെന്ന്‌ വിശ്വസിച്ചതു. ലോകത്തിന്റെ അവയവങ്ങളെ അതിവാചാലതയോടെയും ദുഃഖത്തോടെയും മനസ്സ്‌ ഇറുത്തെടുക്കുന്നു. അവയവങ്ങൾക്കെല്ലാം തേന്മാവുപോലെ തളിർക്കുന്ന സ്നേഹവും ഇലപ്പുറങ്ങളിൽ മഴപോലെ തിളയ്ക്കുന്ന ആസ്ക്തിയും നൽകുന്നു. പ്രകൃതി മുളപ്പിച്ച ഓരോ അംഗങ്ങളും ചിത്ത സൂനങ്ങളുടെ സമൃദ്ധിയിൽ സാന്ത്വനം നൽകുന്നു. ഇവിടെ ആസക്തി ലോകത്തോടുള്ള മൗനവും ദുഃഖത്തിലൂടെയുള്ള പ്രയാണവുമാണ്‌. വസ്തുക്കളുടെ ശരീരസുഭഗതയെ ചുംബിച്ചുലയ്ക്കുന്ന ചിത്തശലഭം അവയിൽ നിന്ന്‌ അനാദിയായ മോക്ഷവും ഭക്തി പൂർണ്ണമായ വിഷാദവും കൊയ്തെടുക്കുകയാണ്‌ ചെയ്യുന്നത്‌. മനുഷ്യസ്പർശനമേൽക്കാത്ത, പൗരാണികമായ അടുപ്പുകളും അടർന്നുലഞ്ഞുപോയ മൊട്ടുകളും ആത്മാവിൽ നട്ടുവളർത്തിയ കാഫ്കയുടെ ഈ പരിണാമം വിറ്റ്മാനും അനുഭവിയ്ക്കുന്നുണ്ട്‌. വിറ്റ്മാൻ ശവകുടീരങ്ങളിലെ പുഷ്പങ്ങളെയും അശ്രുക്കളെയും ഭൂമിയുടെ ദിവ്യദാനവും വാത്സല്യവുമായി കണ്ട്‌ ചുംബിച്ചു. ഉല്ലാസത്തോടെ പ്രസവിയ്ക്കുന്ന മാതാവ്‌ വറ്റിയ നദിയുടെ അരുമയായ പ്രസാദവും വസന്തത്തിന്റെ ധാന്യവും പുലരിയുമാണെന്ന്‌ അദ്ദേഹം അറിഞ്ഞു. ലോകത്തിന്റെ മുത്തുകളെല്ലാം തനിയ്ക്കു ചുറ്റും നിരത്തി അവയുടെ ഹിംസാത്മകമായ ചെരിവുകളും കോണുകളും അനുഭവിച്ചുകൊണ്ട്‌ ചിത്ത കുസുമത്തിൽ നിന്നുള്ള ജീവിതവേളയുടെ സാകല്യമായ പ്രണാമം നേടിയെടുത്ത ക്രിസ്തുവിന്റെ അന്തരംഗം തന്നെയാണ്‌ മനുഷ്യനാകാൻ പുറപ്പെട്ട വിറ്റ്മാനിലും നാം കാണുന്നത്‌. പ്രപഞ്ചത്തിന്റെ വസ്തു സാഗരത്തിലെ ആന്തരസംഗീതം തന്നിലുണ്ടാക്കിയ മാന്ത്രികമായ വിളിയെക്കുറിച്ച്‌ അദ്ദേഹം പാടുന്നുണ്ട്‌.
'These carols sung to cheer my passage through the world I see. For completion I dedicate to the invisible world'
മൗനം ദുഃഖത്തിലേയ്ക്കും ദുഃഖം മൗനത്തിലേയ്ക്കും വളർന്ന്‌ അത്‌ പ്രപഞ്ചത്തോടുള്ള ഭക്തിയും ആസക്തിയുമായിത്തീരുന്നത്‌ നാം കേൾക്കുന്നു.
1. Kafka : The Trial, 1971
2. Walt Whitman : "Songs of parting"
Leaves of Grass - 1950

ആലില /കവിത

പി കെ ഗോപി
ആലിലകൾ
സംസാരിക്കുന്നതു പോലെ
മറ്റൊരിലയും
സംസാരിക്കുകയില്ല
തെന്നലിന്റെ
കൈപിടിച്ച്‌
ഭൂമിയെ തൊടുന്നതുവരെ
അത്‌ സംസാരിച്ചു-
കൊണ്ടേയിരിക്കും
ആകാശങ്ങളിൽ
എഴുതിവെച്ചതെല്ലാം
ഉരുവിട്ടു
മനഃപാഠമാക്കിയത്‌
ആവർത്തിക്കുകയാണവ.
ആഴങ്ങളിൽ നിന്ന്‌
ശേഖരിച്ചതെല്ലാം
ആത്മമുരളികൾ
നെഞ്ചോടു ചേർത്ത്‌
ആലപിക്കുകയാണവ.
കൽപടവിൽ
കാറ്റുകൊണ്ട്‌
കാതോർത്തിരിക്കുമ്പോൾ
ആലിലകൾ
പറയാൻ വിട്ടത്‌
തായ്ത്തടിയുടെ
ഇതിഹാസവിരലുകൾ
എഴുതിത്തരും.
പുരുഷാന്തരങ്ങളുടെ
അനന്തമായ
നാവു പോലെ
ആലിലകൾ
ആരോടെന്നില്ലാതെ
സത്യം മാത്രം
സംസാരിച്ചു കൊണ്ടിരിക്കുന്നു!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...