എൻ.പി.മുരളീകൃഷ്ണൻ
പറഞ്ഞും എഴുതിയും അനുഭവിച്ചും തീരാതെ തുടരുന്ന വികാരമാണല്ലോ പ്രണയം. കാലവും തലമുറയും മാറുമ്പോഴും രൂപഭാവങ്ങൾ മാറി ഒരേ തോന്നലായി പ്രണയം ജീവിതത്തോടൊപ്പമങ്ങനെ മുന്നേറുന്നു. ജീവിതത്തോട് കണ്ണി ചേർക്കാൻ തുടങ്ങുമ്പോഴായിരിക്കും പ്രണയത്തിന് ഹൃദയത്തോടൊപ്പം തലച്ചോറു കൂടിയുണ്ടാകുന്നത്. തലച്ചോറ് പ്രവർത്തിച്ചു തുടങ്ങുമ്പോഴേക്കും പ്രണയം മാറ്റിനിർത്താവുന്ന കേവല വികാരങ്ങളുടെ കൂട്ടത്തിലേക്ക് മാറുന്നു. അങ്ങനെ പ്രണയത്തിന് ആ വിളിപ്പേരിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടുന്നു. പിന്നെ ഒത്തു തീർപ്പിത്തിന്റെ പ്രാക്ടിക്കൽ ജീവിതപാഠങ്ങൾ തുന്നിച്ചേർക്കുന്ന പ്രക്രിയയാണത്. അങ്ങനെ പ്രണയം അവസാനിക്കുകയും പ്രണയികൾ ഇല്ലാതാകുകയും ചെയ്യുന്നു. കാലാകാലങ്ങളായി ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഭൂരിപക്ഷ പ്രണയ(?) അവസ്ഥകളുടെ ഏകദേശ രൂപമാണിത്.
പ്രണയവും ജീവിതവും രണ്ടല്ലെന്നും ഞാനും നീയും ഒന്നാകുന്നതുപോലെ പ്രണയവും ജീവിതവും ഒന്നുതന്നെയായി കാണേണ്ടതാണെന്നും വെല്ലുവിളികൾക്കും ഒത്തുതീർപ്പുകൾക്കും മുന്നിൽ നിൽക്കേണ്ടത് പ്രണയമാണെന്നും അതുതന്നെയാണ് ജീവിതമെന്നും അറിഞ്ഞ അപൂർവം മനുഷ്യൻ ജീവിച്ച് പ്രണയിച്ചവരായി ഭൂമിയിലുണ്ട്. അത്തരം വംശനാശ ജീവികളിൽപെട്ട രണ്ടു പേരുകളായിരുന്നു കാഞ്ചനമാലയുടെയും മൊയ്തീന്റെയും. ഇവർ പതിവു പ്രണയികളേക്കാൾ പൊതുബോധമുള്ളവരും പക്വതയോടെ പ്രവർത്തിച്ചവരുമായിരുന്നു. തങ്ങളുടെ പ്രണയസാഫല്യം മാത്രമല്ലായിരുന്നു ഇവരുടെ ജീവിതലക്ഷ്യം ഇവർ കൂടെ ജീവിക്കുന്നവരെയും ചുറ്റുവട്ടത്തെ മറ്റു മനുഷ്യരെയും കുറിച്ച് ചിന്തിച്ചവരും അവർക്കുവേണ്ടി ഇറങ്ങി പ്രവർത്തിച്ചവരും കൂടിയായിരുന്നു.
മൊയ്തീന്റെയും കാഞ്ചനമാലയുടെയും അപൂർവ പ്രണയകഥയാണ് ആർ.എസ്.വിമലിന്റെ 'എന്ന് നിന്റെ മൊയ്തീൻ' എന്ന സിനിമ പറയുന്നത്. ഇവരുടെ ജീവിതം നേരത്തെ കഥയ്ക്കും ഡോക്യുമന്ററിക്കും ഫീച്ചറുകൾക്കും വിഷയമായിട്ടുണ്ട്. എൻ.മോഹന്റെ 'മൊയ്തീൻ' എന്ന കഥയും, പി.ടി.മുഹമ്മദ് സാദിഖ് എഴുതിയ 'മൊയ്തീൻ-കാഞ്ചനമാല ഒരപൂർവ പ്രണയജീവിതം' എന്ന ജീവിതരേഖയും ആർ.എസ്.വിമലിന്റെ തന്നെ 'ജലംകൊണ്ട് മുറിവേറ്റവൾ' എന്ന ഡോക്യുമന്ററിയും മൊയ്തീന്റെയും കാഞ്ചനമാലയുടെയും ജീവിതം ലോകത്തിനു മുന്നിൽ കൊണ്ടു വന്നു.
പുരോഗമന, ദേശീയ പ്രസ്ഥാനങ്ങളുടെ ഭാഗമായിരിക്കുകയും എന്നാൽ കടുത്ത യാഥാസ്ഥിതിക മനോഭാവം വച്ചുപുലർത്തുകയും ചെയ്തിരുന്ന രണ്ടു കുടുംബങ്ങൾ ഒരു പ്രണയത്തെ ഇല്ലായ്മ ചെയ്തതെങ്ങനെ എന്ന് കാഞ്ചനമാലയുടെയും മൊയ്തീന്റെയും ജീവിതം കാണിച്ചുതരുന്നു. ഇത് സമകാലിക ജീവിത പരിതസ്ഥിതിയിലേക്കു കൂടിയുള്ളൊരു കണ്ണാണ്. അത്രമേൽ വേഗവത്ക്കരിച്ചിട്ടും മാറാത്ത വ്യവസ്ഥിതികളും യാഥാസ്ഥിതിക ബോധവും മറനീക്കി വിറളി പൂണ്ടുനിൽക്കുന്ന സദാചാര, ജാതി, മത, ഫാസിസത്തിന്റെ നടപ്പു ലോകക്രമത്തിൽ മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയജീവിതം വേറിട്ട അധ്യായമാകുന്നു. അല്ലെങ്കിൽ ഇവർ നടപ്പുരീതികൾക്ക് അത്ഭുതക്കാഴ്ചയും ബിംബങ്ങളുമാകുന്നു. ജാതിയും കുലമഹിമയും ധനവും പ്രണയങ്ങളുടെ അതിർവര നിശ്ചയിക്കുന്ന പുതിയ കാലത്തിന് പ്രണയിക്കാൻ യുദ്ധം ചെയ്ത മൊയ്തീന്റെയും കാഞ്ചനമാലയുടെയും ജീവിതം കഥയല്ലെന്ന് വിശ്വസിക്കാൻ കൂടി പ്രയാസമായേക്കാം.
മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ കൂടെ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിൽ സജീവമായിരുന്ന ബി.പി.ഉണ്ണിമൊയ്തീനാണ് മൊയ്തീന്റെ പിതാവ്. 16 വർഷം മുക്കം പഞ്ചായത്ത് പ്രസിഡന്റായിരുന്നു അദ്ദേഹം. കൊറ്റങ്ങൽ അച്യുതന്റെ മകളാണ് കാഞ്ചനമാല. മുക്കത്ത് കോൺഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ആളായിരുന്നു അച്യുതൻ. പിതാവിന്റെ പാത പൈന്തുടർന്ന് പൊതുപ്രവർത്തനത്തിൽ സജീവമായി മൊയ്തീനും. എന്നാൽ പിതാവിന്റെയും കുടുംബത്തിന്റെയും യാഥാസ്ഥിതിക ചിന്താഗതികളിൽ നിന്നും ഇയാൾ വ്യതിചലിച്ചു. അതുകൊണ്ടായിരുന്നല്ലോ മുക്കത്തിന്റെ 'മാനുക്കാക്ക' ഒരു ഹിന്ദുപ്പെണ്ണിനെ പ്രണയിക്കാൻ തയ്യാറായതും. ഇനി കാഞ്ചനയാകട്ടെ മൊയ്തീനെപ്പോലെ എന്തും നേരിടാൻ പ്രാപ്തിയുള്ളവളും പ്രണയത്തിനുവേണ്ടി പ്രാർത്ഥനാ നിർഭരമായ ഒരു മനസ്സു സൂക്ഷിക്കുന്നവളുമായിരുന്നു. തമ്മിൽ പ്രണയിക്കേണ്ടവരായിരുന്നു എന്ന് ഉറപ്പുള്ള രണ്ടുപേർ അങ്ങനെയായിത്തീർന്നു എന്നുവേണം കാഞ്ചനമാല-മൊയ്തീൻ പ്രണയത്തെപ്പറ്റി പറയാൻ.
കാഞ്ചനമാലയുടെയും മൊയ്തീന്റെയും പ്രണയകഥ ലോകത്തോട് പറഞ്ഞു എന്നതിനൊപ്പം 'എന്ന് നിന്റെ മൊയ്തീൻ' എന്ന സിനിമയുടെ പ്രസക്തി ഏറുന്നത് കല രാഷ്ട്രീയ പ്രവർത്തനം കൂടിയാണെന്ന് ഓർമ്മപ്പെടുത്തി എന്നതുകൊണ്ടു കൂടായാണ്. സിനിമയുടെ സാമൂഹികവും രാഷ്ട്രീയവുമായ ഉള്ളടക്കം വായിക്കുമ്പോൾ മൊയ്തീനും കാഞ്ചനയും ഒരു നിമിത്തം മാത്രമായി മാറുന്നു. ഹിന്ദു-മുസ്ലീം ജനതയെ ഭിന്നിപ്പിച്ചുനിർത്താനുള്ള ഭരണകൂടതന്ത്രങ്ങൾ ശക്തിമായിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ ഇടുങ്ങിയ മനസുകൾ സ്വന്തമായുള്ള മനുഷ്യരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്ന കാലാവസ്ഥയിൽ മൊയ്തീനെ പ്രണയിക്കുന്ന കാഞ്ചന മുന്നോട്ടു വയ്ക്കുന്നത് ഫാസിസ്റ്റ് വിരുദ്ധ സാംസ്കാരിക പ്രവർത്തനം തന്നെയാണ്.
ഇവരുടെ വിശാലമായ ചിന്തയും ജീവിതാനുഭവങ്ങളും കർമ്മമണ്ഡലവും അതേപടി പകർത്താൻ സിനിമ എന്ന മാധ്യമത്തിന്റെ സമയപരിമിതി അപര്യാപ്തമായേക്കും. എന്നാൽ ആ പ്രണയത്തോടും ജീവിതത്തോടും ഒരു പരിധിവരെ ആത്മാർത്ഥത പുലർത്താൻ ആർ.എസ്.വിമലിന്റെ 'മൊയ്തീനാ'യി എന്നു പറയാം. ദൃശ്യമികവും അതിന് ഇഴചേരുന്ന സംഗീതവും അഭിനയമികവും കൊണ്ട് സമ്പന്നമാണ് ഈ സിനിമ. ഒരു പിരീഡ് പ്രണയ സിനിമയ്ക്ക് കിട്ടാവുന്നതിൽവെച്ച് മികച്ച വരവേൽപ്പാണ് 'എന്ന് നിന്റെ മൊയ്തീന്' മലയാളികൾ നൽകിയതും. സിനിമയിലെ നായകനായ പൃഥിരാജിന്റെ വാക്കുകൾ ശ്രദ്ധിക്കുക- ഈ ചിത്രം അവാർഡുകൾ വാരിക്കൂട്ടുന്ന ഒരു സിനിമയാകുന്നതിനേക്കാൾ സന്തോഷം ലക്ഷക്കണക്കിനു പേർ കണ്ട് ഒരുപാടു ദിവസം ഓടുന്ന ഒരു സിനിമയാകുന്നതാണ്. ഒടുവിൽ കാഞ്ചനമാലയുടെയും മൊയ്തീന്റെയും പ്രണയം അറിയാത്തവരായി ആരും കേരളത്തിലുണ്ടാകരുത്. അതാണ് ആ പ്രണയത്തിന്, ജീവിച്ചിരിക്കുന്ന കാഞ്ചനമാലയ്ക്ക് നൽകാനുള്ള ഏറ്റവും വലിയ അംഗീകാരം. ഒരു നടന്റെ കരിയറിൽ ലഭിക്കാവുന്ന വലിയ അംഗീകാരം കൂടിയാകുന്നു ഇത്തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിയുക എന്നത്. അപ്പോൾ പൃഥ്വിരാജ് (മൊയ്തീൻ), പാർവതി (കാഞ്ചനമാല), ടോവിനോ തോമസ് (പെരുമ്പറമ്പിൽ അപ്പു), സായ്കുമാർ (ബി.പി.ഉണ്ണിമൊയ്തീൻ), ലെന (പാത്തുമ്മ), സുധീർ കരമന(മുക്കം ഭാസി), ബാല (സേതു) തുടങ്ങി ഈ സിനിമയിലെ കഥാപാത്രങ്ങളോരോന്നും മികവിനൊപ്പം ചരിത്രത്തിന്റെ കൈയൊപ്പു കൂടി ചാർത്തിക്കിട്ടാൻ ഭാഗ്യം ലഭിക്കുന്നവരുമാകുന്നു.