9 Jul 2011

ലൈംഗികത പ്രശ്നമാകുന്നു

സുധാകരൻ ചന്തവിള
പ്രണയത്തിനു പ്രായവും കാലവും ദേശവുമില്ലെന്നു പറയാറുണ്ട്‌. പ്രണയം എപ്പോൾ തുടങ്ങുന്നു, എവിടെ തുടങ്ങുന്നു, എന്നതും പ്രവചനാതീതമാണ്‌. യാദൃച്ഛികതകളുടെ കൂടിച്ചേരലാണ്‌ ജീവിതത്തെ സമ്പന്നമാക്കുന്നതെങ്കിൽ, അത്തരം യാദൃച്ഛികതകൾ പലതും പ്രണയസമ്പന്നമായി തീരാറുണ്ട്‌. സർവ്വവ്യാപിയായ പ്രണയം, പ്രായാനുസാരിയായി ലോകത്തിന്‌ മാധുര്യവും മഹത്വവും നൽകിക്കൊണ്ടിരിക്കുന്നു. ഒരാൾ വിവാഹിതനോ  അവിവാഹിതനോ എന്നതല്ല പ്രശ്നം, ഒരാളിൽ പ്രണയം എന്ന വികാരം എത്രമാത്രം ജൈവസാന്നിദ്ധ്യമാകുന്നു എന്നതാണ്‌. വികാരവും വിചാരവും ക്രമമായി ഉദ്ബുദ്ധമാകുന്ന ജീവിതമാണല്ലോ ശ്രേഷ്ഠമാകുന്നത്‌.
പ്രണയം, ഒരാളിൽ ദർശനത്തിന്റെയും ജീവിത സ്വപ്നസാക്ഷാത്ക്കാരത്തിന്റെയും പ്രതീകമായി തീരുന്നത്‌ കൗമാരത്തിലാണ്‌. കൗമാരം കൗതുകത്തിന്റെയും കാതരമായ അലച്ചിലിന്റെയും കാലം കൂടിയാണല്ലോ? വെറും തമാശയിൽ നിന്നും വെല്ലുവിളിയിൽ നിന്നും ആരംഭിക്കുന്ന പ്രണയം പലപ്പോഴും വാസ്തവമായിത്തീരുന്നു. കലാലയ ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ ആരംഭിക്കുന്ന ഇത്തരം പ്രണയം സ്വപ്നവും ഉന്മേഷവും ഉന്മാദവും കൂടിക്കലരുന്നു. ചിലപ്പോഴൊക്കെ അത്‌ കടുത്ത എതിർപ്പിന്റെ കവചം അണിയേണ്ടിവരികയും അതുവഴി നിരാശയുടെ നീർച്ചുഴികളായി മാറുകയും ചെയ്യും.
ജീവിതത്തിന്റെ മധ്യാഹ്നമായ യൗവ്വനം പ്രണയത്തിന്റെയും മധ്യാഹ്നമാണ്‌. മധ്യാഹ്ന ജീവിതത്തിലാണ്‌ പ്രണയം പൂത്തുലഞ്ഞു സുന്ദരമാകുന്നത്‌. വിവാഹമെന്ന സാമ്പ്രദായിക ചട്ടക്കൂടിനപ്പുറത്താണ്‌ യഥാർത്ഥ പ്രണയം കുടികൊള്ളുന്നത്‌. പക്ഷേ പലരുടെയും പ്രണയം വിവാഹാനന്തര ജീവിതത്തിന്റെ ഔപചാരികതകളിൽ മാത്രം തളം കെട്ടിനിൽക്കുന്നു. കുട്ടികളുണ്ടാകുന്നതിനു വേണ്ടിമാത്രം ലൈംഗികവേഴ്ചയിലേർപ്പെടുന്നവരും കുട്ടികളുടെ ജീവിതത്തിനു വേണ്ടിമാത്രം പിന്നീടു ജീവിക്കുന്നവരുമായ ദമ്പതികൾ നമ്മുടെ നാട്ടിൽ ധാരാളമാണ്‌. അവരെയാണ്‌ മാതൃകാദമ്പതികളെന്നു നാം വാഴ്ത്തിക്കൊണ്ടിരിക്കുന്നത്‌. യൗവ്വനജീവിതം സ്നേഹാദിവികാരങ്ങളാൽ തീക്ഷ്ണവും സമ്പന്നവുമാകേണ്ടതിനു പകരം, ജീവിതത്തിന്റെ നിത്യമായ പ്രശ്നച്ചൂടിൽപ്പെട്ടുകരിയുന്നു
. ലോകത്തിന്റെ പൊതുവായ ജീവിതരീതിക്കനുസരിച്ചു ജീവിക്കാനുള്ള വ്യാമോഹം, സമ്പത്തിനെക്കുറിച്ചുള്ള ഉൽക്കണ്ഠ, കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആഡംബരസമൃദ്ധമായ ഭാവിക്കും വേണ്ടിയുള്ള നെട്ടോട്ടം ഇങ്ങനെ പല ദാമ്പത്യങ്ങളും ജീവിക്കാതെ ജീവിക്കുകയാണ്‌ ചെയ്യുന്നത്‌. ഇതിനെല്ലാം അപ്പുറത്തേക്ക്‌ ജീവിതത്തെയും യൗവ്വനത്തെയും നിലനിർത്താൻ ആഗ്രഹിക്കുന്നവരും ഇല്ലാതില്ല. എന്നാൽ അത്തരക്കാരെ സമൂഹം അംഗീകരിക്കണമെന്നില്ല.
  ദാമ്പത്യജീവിതത്തെ സുഖകരമാക്കിത്തീർക്കുന്നതിലാണ്‌ ജീവിതത്തിന്റെ മഹത്ത്വമെന്ന്‌ ചിലർ പറയാറുണ്ട്‌. അത്‌ എത്രയോ ശരിയുമാണ്‌. ഒരു സമയവിവരപ്പട്ടികയോ, എഴുതിയുണ്ടാക്കിയ കരാറോ കൊണ്ട്‌ ഒരിക്കലും ജീവിക്കാൻ കഴിയില്ല. രണ്ടുവ്യത്യസ്തരായ വ്യക്തികളുടെ രണ്ടു സാഹചര്യങ്ങളിൽ ജനിച്ചുവളർന്നവരുടെ കൂട്ടായ ജീവിതമാണല്ലോ ദാമ്പത്യം. ഒരുപാട്‌ ഒത്തുതീർപ്പുകളും സമ്മതക്കേടുകളും സഹിക്കലുകളും ഉണ്ടാകാം. ഇതിനെയെല്ലാം താങ്ങിനിർത്തുന്നത്‌ സംശയരഹിതമായ വിശ്വാസവും സ്നേഹവുമായിരിക്കണം.
ദാമ്പത്യത്തിന്റെ ആദ്യനാളുകളിൽ പൊട്ടിത്തെറികൾ അധികമുണ്ടാകാറില്ല. കയ്പും മധുരവും കൂടുതലറിയുന്നത്‌ കുറച്ചുകാലം ഇടപഴകുമ്പോഴാണ്‌. ലൈംഗികാസക്തി കുറയുന്നതായുള്ള തോന്നൽ ആദ്യമുണ്ടാകുന്നത്‌ സ്ത്രീക്കാണ്‌. ഇത്‌ പുരുഷനെ കൂടുതൽ അസ്വസ്ഥനാക്കുന്നു. പ്രായത്തെക്കുറിച്ചും ജരാനരയെക്കുറിച്ചുമുള്ള ബോധം ആദ്യം കീഴ്പ്പെടുത്തുന്നതും സ്ത്രീകളെത്തന്നെയാണ്‌. പ്രണയവിവാഹങ്ങളുടെ എണ്ണം കൂടുന്ന ഇക്കാലത്ത്‌ പല ദമ്പതികളും തുല്യപ്രായക്കാരോ വലിയ പ്രായവ്യത്യാസമില്ലാത്തവരോ ആയിത്തീർന്നിട്ടുണ്ട്‌. ഇത്‌ ഒരു പ്രധാനഘടകമാണ്‌. നാൽപത്തഞ്ച്‌ അൻപത്‌ വയസ്സോടെ കെട്ടടങ്ങുന്ന ലൈംഗികാസക്തിയാണ്‌ സ്ത്രീകളിൽ കണ്ടുവരുന്നത്‌. പുരുഷനിൽ ലൈംഗികത കൂടുതൽ തീക്ഷ്ണമാകുന്നത്‌ മിക്കവാറും ഈ പ്രായത്തിലുമാണ്‌. അതുകൊണ്ടാകാം ശാസ്ത്രീയമായ വലിയ അറിവൊന്നുമില്ലാതിരുന്ന പഴയ ആളുകൾ,പത്തുപതിനഞ്ചുവയസ്സിന്റെ വ്യത്യാസത്തിൽ വിവാഹബന്ധം സ്ഥാപിച്ചിരുന്നത്‌.
നമ്മുടെ പത്രമാധ്യമങ്ങളിൽ ഏറെ ഇടം നേടിക്കൊണ്ടിരുന്ന വാർത്തകൾ ലൈംഗികതയുമായി ബന്ധപ്പെട്ടതാണല്ലോ? 'മധ്യവയസ്കൻ പരസ്ത്രീയുമായീ ഒളിച്ചോടി', 'യുവതി ഭർത്താവിനെയും കുട്ടികളെയുമുപേക്ഷിച്ച്‌ കാമുകനോടൊപ്പം കടന്നു'- തുടങ്ങി എത്രയെത്ര വാർത്തകളാണ്‌ പുറത്തു വരുന്നത്‌?. ആരെയാണ്‌ ഇവിടെ പഴിപറയേണ്ടത്‌. ലൈംഗിക പൂർവ്വ ജീവിതത്തെയും സ്വതന്ത്രലൈംഗിക സമൂഹത്തെയും (എ​‍ൃലല ടലഃ ടീരശല​‍്യേ) കുറിച്ചുള്ള ചർച്ചകൾ നടക്കുന്ന ഇക്കാലത്ത്‌, ഇവ എന്തുകൊണ്ടുണ്ടാകുന്നു എന്നു കൂടുതൽ  പഠിക്കേണ്ടിയിരിക്കുന്നു.
പഴയകാലത്ത്‌ പുരുഷന്മാർ മാത്രമായിരുന്നു ഇത്തരം സംഭവങ്ങളിൽ കുരുങ്ങിക്കൊണ്ടിരുന്നതെങ്കിൽ ഇപ്പോൾ സ്ത്രീകളും അതിൽ ഉൾപ്പെട്ടുകൊണ്ടിരിക്കുന്നു. പുറം ലോകവുമായുള്ള സ്ത്രീകളുടെ സഹവാസം, മാധ്യമങ്ങളുടെ സ്വാധീനം വിദ്യാഭ്യാസ-സാമൂഹിക മുന്നേറ്റം തുടങ്ങി പല ഘടകങ്ങളും സ്ത്രീയെ അത്തരം ചിന്തകളിലേക്ക്‌ എത്തിക്കുവാൻ കൂടുതൽ സഹായിച്ചു. താൽകാലികമായുള്ള വേർപിരിയലുകൾ, പിണക്കങ്ങൾ, എന്നിവ വളരെ പെട്ടെന്ന്‌, വിവാഹ മോചനക്കേസുകളായി മാറുന്നതു കാണാം. നമ്മുടെ കുടുംബ കോടതികളിലെ കേസുകളിൽ ണല്ലോരു ശതമാനവും ദാരിദ്ര്യവും പട്ടിണിയും കൊണ്ടുണ്ടാകുന്ന കുടുംബപ്രശ്നങ്ങളല്ലെന്നു മനസിലാക്കാവുന്നതാണ്‌. മിക്കവാറും കേസുകളുടെ ഉത്ഭവവും ലൈംഗികതയുമായി ബന്ധപ്പെട്ടുണ്ടാകുന്നതാണ്‌. ഭർത്താവു നാട്ടിലുള്ളപ്പോഴും ഇല്ലാത്തപ്പോഴും  ഭാര്യയിൽ നിന്നുണ്ടാകുന്ന ചലനങ്ങൾ, സംസാരങ്ങൾ, സംശയങ്ങൾ തുടങ്ങി നിരവധി ലൈംഗിക പ്രശ്നങ്ങൾ കുടുംബ കോടതി  കേസുകളായി എത്തപ്പെടുന്നു. അതുപോലെ തന്നെ ഭർത്താവിൽ നിന്നുള്ള ചെറുവാക്കുകൾ, സംസാരങ്ങൾ എല്ലാം വലിയ പ്രശ്നങ്ങളായി ഭാര്യ കണക്കിലെടുത്തു വലിയ പൊട്ടിത്തെറിക്ക്‌ ഇടവരുത്തുന്നു. പണം കൊണ്ടും പദവികൊണ്ടുമുള്ള ലൈംഗിക പ്രശ്നങ്ങൾ മറ്റൊരുവശത്ത്‌ ഉണ്ടാകുന്നുണ്ട്‌. ചുരുക്കത്തിൽ കുടുംബ കോടതികളിലെ കേസുകളിൽ അധികവും സാധാരണയിൽ കവിഞ്ഞ നിലവാരമുള്ള സ്ത്രീപുരുഷന്മാർക്കിടയിൽ നിന്നുമാണ്‌ വരുന്നതെന്ന്‌ മനസ്സിലാക്കാം.
 കത്തിയമരുന്ന യൗവ്വന തൃഷ്ണകളെ പൂർണ്ണമായി മറച്ചുവച്ചുകൊണ്ട്‌ ഒരു പുരുഷനും സ്ത്രീക്കും ജീവിക്കാൻ കഴിയില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടേ മതിയാകു. പണത്തെയും പദവിയേയും മാറ്റിവച്ച്‌  ജീവിതത്തെ മാനിക്കേണ്ടതാണ്‌. ചിലരൊക്കെ പറയുന്നത്‌ കേൾക്കാമല്ലോ "അവൾക്കെന്താ ഒരു കുറവ്‌ അയാൾ വിദേശത്തുനിന്നും ധാരാളം പണവും പൊന്നുമെല്ലാം യഥാസമയത്ത്‌ എത്തിച്ചുകൊടുക്കുന്നില്ലേ, അവൾക്ക്‌ അടങ്ങി ഒതുങ്ങി കഴിഞ്ഞാലെന്താ"?-ഇങ്ങനെ ജീവിക്കാൻ കഴിയുന്നതല്ല ജീവിതം. മൂക്കുകയറിട്ടാലും പൊട്ടിപ്പോകുന്ന ഒന്നാണ്‌ ലൈംഗികതയെന്ന്‌ അറിഞ്ഞേ മതിയാകൂ. കേരളത്തിലെ കുടുംബപ്രശ്നങ്ങൾക്കു കാരണവും അതുതന്നെയാണ്‌.
ലൈംഗികസദാചാരത്തെക്കുറിച്ചും ലൈംഗിക ജീവിതാവബോധത്തെക്കുറിച്ചുമുള്ള കേരളീയരുടെ ധാരണകളെ പൊളിച്ചെഴുതേണ്ടുന്ന കാലം കഴിഞ്ഞിരിക്കുന്നു. അതിനർത്ഥം കുത്തഴിഞ്ഞ ലൈംഗിക ജീവിതം ഉണ്ടാകണമെന്നല്ല. മറിച്ച്‌ പ്രായപൂർത്തിയായ ഒരു പുരുഷൻ പ്രായപൂർത്തിയായ സ്ത്രീയോടൊപ്പം പരസ്പര ഇഷ്ടത്തോടെ ഒന്നോ രണ്ടോ മണിക്കൂറോ, ദിവസമോ എവിടെയെങ്കിലും താമസിച്ചാൽ അതിനെ ചികഞ്ഞു കണ്ടുപിടിച്ച്‌ കേസാക്കി മാറ്റുന്ന രീതിയാണ്‌ നമ്മുടെ നാട്ടിൽ ഇപ്പോഴുമുള്ളത്‌. പോലീസ്‌ കേസെടുക്കുമെന്നുറപ്പാകുമ്പോൾ സ്ത്രീ മിക്കവാറും കാലുമാറുകയും കുറ്റം മുഴുവനും പുരുഷന്റെമേൽ ചുമത്തപ്പെടുകയും ചെയ്യുന്നു. അങ്ങനെ അയാൾ സ്ത്രീ പീഡനക്കഥയിലെ ഇരയായി-സാമൂഹ്യ ദ്രോഹിയായിത്തീരുന്നു. ഒരുപക്ഷേ സ്വന്തം ഭാര്യയോടുള്ള സ്നേഹക്കുറവോ, ഭാര്യക്ക്‌ ഭർത്താവിനോടുള്ള ഇഷ്ടക്കുറവോ, ലൈംഗിക താൽപര്യക്കുറവോ, സമാനപ്രണയ സൗഹൃദയക്കുറവോ ഒക്കെയാവാം അയാളുടെ പ്രശ്നങ്ങൾ. ഒരു കൊലപാതകക്കേസിലെ പ്രതിക്ക്‌ പോലും ഉണ്ടാകാത്തത്തരത്തിലുള്ള മാനക്കേട്‌ സ്ത്രിപീഡനക്കേസ്സിലെ പ്രതിക്ക്‌ നൽകി നാം മാധ്യമങ്ങളെ വാഴ്ത്തുന്നതെന്തിന്‌?. മതപരവും രാഷ്ട്രീയവും ഭീകരവാദപരവുമായ ആക്രമണങ്ങളെക്കാളും കൂട്ടക്കൊലകളെക്കാളും വലുതാണോ ഇത്തരം സ്ത്രീപീഡനക്കേസുകൾ?
ലൈംഗികതയെക്കുറിച്ചുള്ള ഇടുങ്ങിയ മാനസിക ചിന്തകൾ മാറേണ്ടിയിരിക്കുന്നു. സ്ത്രീപുരുഷന്മാർ, വിദ്യാർത്ഥികളായാലും, യുവതീയുവാക്കളായാലും സൗഹൃദപൂർവ്വം  സംസാരിക്കാനും ഇടപഴകാനുമുള്ള അവസരം കൂടണം. ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിൽ സംസാരിച്ചാൽ അതെല്ലാം ശാരീരിക ബന്ധത്തിലധിഷ്ഠിതമായ ലൈംഗികയാണ്‌ എന്ന്‌ പറയുന്ന അവസ്ഥ മാറേണ്ടിയിരിക്കുന്നു. പ്രണയമെന്നത്‌ പലപ്പോഴും നിർവ്വചിക്കാൻ കഴിയാത്ത മാനസികാവസ്ഥയാണെന്നും അത്‌ ജീവിതത്തെ, സമ്പന്നമാക്കുന്ന നന്മയുടെ നിറവാണെന്നും നാം പഠിക്കേണ്ടിയിരിക്കുന്നു. ഇണകളുടെ പ്രായം,താൽപര്യം, സമ്മതം എന്നിവയെല്ലാം വ്യക്തമാക്കി ഒരു വിശ്രമംപോലെ, വിനോദം പോലെ അംഗീകരിക്കപ്പെടുന്ന സൗഹൃദ ചങ്ങാത്തസ്ഥലങ്ങൾ (ഞലറ ടൃലല​‍േ നു സമാനമല്ല) ഉണ്ടാകേണ്ടിയിരിക്കുന്നു. ലൈംഗികത പാപമല്ലെന്നും കുറ്റമല്ലെന്നും എന്നാൽ അത്‌ വിവാഹപൂർവ്വബന്ധമായി തീരേണ്ടതല്ലെന്നും ഉറപ്പിക്കണം.
ഇത്തരം തുറന്ന സംവാദങ്ങളും ചർച്ചകളും സൗഹൃദങ്ങളും ഉണ്ടാകാത്തതിന്റെ കുറവാണ്‌, മലയാളികൾ അധികമായി ലൈംഗിക വാർത്തകൾ ശ്രദ്ധിക്കാനും ലൈംഗികച്ചിത്രങ്ങൾ കാണാനുമുള്ള കാരണങ്ങൾ. സ്ത്രീപ്രതിജ്ഞാവാദികളും സ്ത്രീശാക്തീകരണവാദികളുമെല്ലാം ഗൗരവമായി ചർച്ചചെയ്യേണ്ടുന്ന വിഷയമാണിത്‌. പലതരത്തിലും സ്ത്രീകൾ പുരുഷന്മാരോടൊപ്പം എത്തിക്കഴിഞ്ഞ സ്ഥിതിയാണ്‌ ഇന്ന്‌ കേരളത്തിലുള്ളത്‌. എന്നാൽ സ്ത്രീ ലൈംഗികത എന്നത്‌ പുരുഷന്‌ പീഡിപ്പിക്കാനുള്ള എന്തോ ഒരു അമൂല്യ സാധനമാണെന്ന ചിന്ത ഇപ്പോഴും നിലനിൽക്കുന്നു.
സമൂഹത്തിന്റെ ഏറ്റവും താഴെക്കിടയിലുള്ള സ്ത്രീ മുതൽ ഐ. എ. എസ്സുകാരിവരെ പീഡനക്കഥകളുമായി ഇപ്പോഴും പുറത്തുവരുന്നതിന്റെ ഉള്ളുകള്ളികൾ നാം തിരിച്ചറിയണം. പീഡനങ്ങൾക്ക്‌ ശിക്ഷ വിധിക്കപ്പെടുമ്പോഴും പീഡനം എന്തുകൊണ്ടുണ്ടാകുന്നുവേന്നു നാം കൂടുതൽ ചിന്തിക്കുന്നില്ല.

ഒരു ശിശിര സന്ധ്യ

മാത്യു നെല്ലിക്കുന്ന്

ഇരുട്ടത്ത് നില്‍ക്കുന്ന ജീവിതം…

 ബിന്ദു അനിൽ





സന്ധ്യയുടെ ഏകാന്തത തന്നില്‍ കുടിയേറുകയാണോ എന്ന് ഓര്‍ക്കുകയായിരുന്നു. അല്ലെങ്കില്‍ തന്റേത് സന്ധ്യയിലേക്ക്‌ പകരുന്നത്… ആളുകള്‍ തീരം വിട്ടിരിക്കുന്നു. ഇനി താന്‍ ഏകന്‍ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നി.
കടല്‍പക്ഷികളുടെ പാട്ടു കേട്ടു തിരമാലകള്‍ എണ്ണി തുടങ്ങി. തന്നെ മറക്കാന്‍ അതാണ്‌ നല്ലത്. മറ്റുള്ളവയിലൂടെ ഓടുക. എന്നിട്ടും വര്‍ഷങ്ങള്‍ക് പുറകോട്ടു പോയി..
അമ്മയുടെ ഉദരത്തില്‍ കുഞ്ഞു പൊട്ടായി തുടക്കം. സമയാ സമയത്ത് പൊക്കിള്‍ കൊടിയിലൂടെ അമ്മ പോഷണങ്ങള്‍ നല്‍കി അമ്മ വളര്‍ത്തി കൊണ്ടു വന്നു..
ഇളകിയും, മറിഞ്ഞും ഇടക്ക് അനങ്ങാതെ അമ്മയെ ഒന്ന് ഭയപ്പെടുത്തിയും ഞാന്‍ അവിടെ സുരക്ഷിതന്‍ .. ഒടുവില്‍ ഭൂമിയിലേക്കുള്ള അനിവാര്യമായ വരവിനുള്ള സമയം അടുത്തു.. ഏറെ പ്രതിക്ഷേധിച്ചു.. പുറമേ പകലെന്നു തോന്നിപ്പിക്കുന്ന ഇരുട്ടാണല്ലോ കാത്തിരിക്കുന്നത്. ഈ സ്വര്‍ഗീയത നഷ്ടപ്പെടുത്തി എന്തിനു അവിടേക്ക്. അച്ഛനമ്മമാരുടെ രാത്രി സംസാരത്തിലൂടെ എത്രയോ നടുങ്ങിയിട്ടുണ്ട്.
ഇവിടെ പിറന്നു, ഇവിടെ തന്നെ മരിച്ചാലോ! പക്ഷെ എങ്ങനെ? ആവുന്നതും നോക്കി. ഭക്ഷണം ബഹിഷ്കരിക്കാന്‍ ശ്രമിച്ചു.
എന്നിട്ടും വെള്ള കുപ്പായമണിഞ്ഞവര്‍ തന്നെ പുറലോകം കാണിച്ചു.. മുഷ്ട്ടി ചുരുട്ടി, പ്രതിക്ഷേദ നിലവിളിയോടെ..
അമ്മക്കു ആദ്യം നല്‍കിയ വേദന അതായിരുന്നു..
നിഷ്കളങ്കമായ ശൈശവത്തിലൂടെ വാത്സല്യം നിറഞ്ഞ കൌമാരത്തിലേക്ക്.. അവിടെ വിലക്കുകള്‍ ഇല്ലാത്ത അറ്റങ്ങള്‍.. ..
നാടിന്‍ പുറത്തു നിന്നും ഉന്നത വിദ്യാഭ്യാസത്തിന്റെ പേരില്‍ നഗരത്തിലേക്കുള്ള ചേക്കേറലിനിടയില്‍ നഷ്ടപ്പെടുന്നത് എന്തൊക്കെ എന്നറിഞ്ഞില്ല. നഗരം ഭ്രമിപ്പിച്ചു കൊണ്ടിരുന്നല്ലോ. അതില്‍ പെട്ട് അങ്ങനെ നീങ്ങുമ്പോള്‍ ഇരമ്പിക്കയറിയ മാറ്റങ്ങള്‍ . സ്വാര്‍തതയുടെയും, കാപട്യതിന്റെയും ലോകത്തിലേക്ക് അലിഞ്ഞലിഞ്ഞു പോയി…..
ഇതാണ് സത്യം, ഇതുമാത്രമാണ് ലോകം. പാതിരാവുകള്‍ ഇല്ലാത്ത നഗര വീഥിയില്‍ അലഞ്ഞു ഗ്രാമത്തെ വെറുത്തു… ഇവിടെ കുമാരന്റെയും കമാരന്റെയും പട്ടികള്‍ ഒച്ച വയ്ക്കുന്നില്ല. ആരും തന്നെ തിരിച്ചറിയുന്നില്ല. സെകന്റ് ഷോ കഴിഞ്ഞു കാമുകിയുടെ അരക്കെട്ടില്‍ കൈ ചുറ്റി നടക്കുന്നത് പുതിയ കാഴ്ചയല്ല. നാട്ടിലാണെങ്കിലോ എത്ര കണ്ണുകള്‍ വേട്ടയാടും.
വീട് അമ്മ ഓര്‍ക്കുമ്പോള്‍ ഒരുതരം അറപ്പ്.. പടി കടന്നു മുറ്റത്തു കാല്‍ കുത്താന്‍ വരെ മടി. അഴയില്‍ വകതിരിവില്ലാതെ തൂങ്ങിയ അമ്മയുടെ ജാക്കറ്റുകള്‍ , മുണ്ടുകള്‍ … ആ മങ്ങിയ കാഴ്ചകള്‍ കാണാന്‍ കൂട്ടുകാരിയെ,എങ്ങനെ കൊണ്ടുപോകും… അവള്‍ എന്ത് കരുതും, താന്‍ വെറും തറ… വേണ്ട, അവള്‍ ഒരിക്കലും തന്റെ വീടോ പരിസരമോ കാണരുത്. അവള്‍ക്കു മുന്നില്‍ വരച്ചിട്ട വലിയൊരു ചിത്രം തകരാതിരിക്കാന്‍ ശ്രദ്ധിച്ചു.
വീട്ടിലേക്കുള്ള കത്തെഴുതും, വരവുപോക്കുകളും കുറഞ്ഞു.. അമ്മയുടെ വേദന പലപ്പോഴും കണ്ടില്ലെന്നു നടിച്ചു… എന്തിന് അമ്മയുടെ ആ കാച്ചിയ എണ്ണ മണം പോലും മടുപ്പിച്ചു.
സഹപാഠിയായ ബെന്ഗാളി യുവതിയുമായുള്ള വിവാഹം .. ലോകം മുഴുവന്‍ വെട്ടിപിടിച്ച പ്രതീതി.. ഒരു മാസം.. അത് കഴിഞ്ഞു അവള്‍ പോയി..
ജീവിതത്തിലേക്കുള്ള യാത്രയില്‍ എങ്ങനെയാണ് മടുപ്പിന്റെ കുപ്പായം അണിഞ്ഞത്? തങ്ങള്‍ക്കിടയില്‍ കെട്ടി നിന്നത് മടുപ്പോ അറപ്പോ?
പൊരുത്തപ്പെട്ടു പോവാന്‍ വയ്യ..
ഒരു രാത്രിയില്‍ ഉറക്കം കെട്ട് പുറം തിരിഞ്ഞു കിടക്കുമ്പോള്‍ രണ്ടാളും ഒരേ സ്വരത്തില്‍ പറഞ്ഞു. അതിലെങ്കിലും തങ്ങള്‍ക്കു ഐക്യപ്പെടാന്‍ ആയല്ലോ! അത്രയും ആശ്വാസം…
ട്രാം വണ്ടികളുടെ നഗരത്തില്‍ കൃത്യമായി തല ചീകാതെ അലസമായി നടക്കുമ്പോള്‍ സ്വയം ശപിച്ചു. എന്തിനാണ് ഈ ജന്മം? ഒന്നും വേണ്ടിയിരുന്നില്ല…
തിരിഞ്ഞു നോക്കുമ്പോള്‍ തുലാസില്‍ നേട്ടങ്ങളെക്കാള്‍ നഷ്ടപെടലുകള്‍ മാത്രം..
അമ്മ, നാട്ടിന്‍ പുറം, കൂട്ടത്തില്‍ കൈമോശം വന്ന മനസ്സും..
എങ്ങും ഇരുട്ട്. അതിലേക്കു ആര്‍ത്തു ചിരിക്കുന്ന തിരകള്‍ . ഒരിക്കല്‍ തിരകള്‍ തീരത്തെ പ്രണയിക്കുന്ന ചിത്രം നല്‍കിയിരുന്നു. അന്നവളുമായി പങ്കിട്ടത് എന്ത് ലഹരിയോടെ ആയിരുന്നു.. ഇന്ന് തിരകള്‍ ഭാഷ മാറ്റിയിരിക്കുന്നു. താനെന്ന ഇരുട്ടിനെ കുറിച്ച് വാചാലമാകുന്നു
--

ഹോം സ്റ്റേ


പി.വത്സല








മിഥുനമഴയുടെ ഉച്ചനേരത്ത്‌ ഒന്നുറങ്ങിയാലോ എന്നു വിചാരിച്ചുകിടന്നതാണ്‌. അപ്പോഴാണ്‌ ഒരു കഥ വേണമല്ലോ എന്നോർക്കുന്നത്‌.   പോളച്ചൻ കുറേനാളായി എന്റെ വാതുക്കലുണ്ട്‌. പോളച്ചനെത്തന്നെ ഓർക്കാൻ കാരണം റോഡിലൂടെ നടന്നുപോകുന്ന ഒരു ചിലങ്കയുടെ കിലുകിലുക്കമാണ്‌. ഏതോ ഒരു ബാലിക. റിയാലിറ്റി ഷോയ്ക്ക്‌ നൃത്ത റിഹേഴ്സലിനോ ടെയ്ക്കിനോ പോവുകയാണ്‌. ജംഗ്‍ഷ്നിലുണ്ടായിരുന്ന പഴയ സിനിമാ തീയേറ്ററിൽ ഇപ്പോൾ സിനിമയൊന്നും ഇല്ല. പഴയതോ പുതിയതോ.
ഉളളത്‌ ചാനൽക്കിലുക്കം. ചാനലുകാരുടെ ഒരു ഭാഗ്യം. കുറഞ്ഞ വാടകയ്ക്ക്‌ തീയേറ്റർ കെട്ടിടം ഭാഗികമായോ മുഴുക്കനെയോ എടുക്കാം. ചിലങ്കക്കിലുക്കം പോളച്ചനെ ശരിക്കും ഉണർത്തി. അയാൾ ചെവിയോർത്തു. പാർട്ടിഷനപ്പുറത്തെ പെണ്ണ്‌ പോയി. നർത്തകി. വിസയില്ലാതെ കള്ളക്കടത്തായി വന്നതാത്രെ. ഈ വീടിന്നുടമ സിസ്റ്റർ മേരി അന്ന ജോസ് പറഞ്ഞതു വിശ്വസിക്കാം. അവർ ഒറ്റത്തടി. സന്തതികൾ രണ്ട്‌. രണ്ടും പറന്നു പോയി. രണ്ടു തെക്കൻസ്റ്റേറ്റുകളിലേക്ക്‌. ഒരാൾക്കൊരു കൊച്ച്‌. അത്‌ മകന്ന്‌. മകൾക്ക്‌ ഇല്ല്യ. വേണ്ടാത്രെ! ഇക്കൂട്ടരിലാണ്‌ താൻ വേദവിചാരം എത്തിക്കാൻ വന്നിരിക്കുന്നത്‌.
 മേരി അന്ന നാട്ടിലായിരിക്കുമ്പഴേ അങ്ങനെയായിരുന്നു. സാമൂഹ്യസേവനം രക്തത്തിനു ചോപ്പ്‌ കൂട്ടുന്നു. നന്നായി.ഇനി പണം സമ്പാദിക്കേണ്ടല്ലോ. മേരിയെന്ന സിസ്റ്ററീന്ന്‌ വയസ്സ്‌ അറുപത്തൊന്ന്‌. ഇനിയുള്ള കാലം സോസൈറ്റി ലേഡിയായല്ല, സോസൈറ്റി സേവികയായി ജീവിയ്ക്കണമെന്നാണ്‌. അങ്ങനെയാണ്‌ നെടുമ്പാശ്ശേരീൽ നിന്നും വിമാനം കേറി, മാറിക്കേറി, ഏഴുകടലിന്നക്കരെ പോളച്ചൻ വന്നത്‌. അതൊരു നല്ല തീരുമാനമായിരുന്നു. ഇപ്പോഴൊക്കെ അച്ചന്ന്‌ പഴയ രാജകീയ ജീവിതമല്ല, നാട്ടിൽ . അരമനകളുടെ കറുത്ത തിരശ്ശീല നീക്കി അകത്തേക്കു നോക്കാനും രഹസ്യങ്ങളുണ്ടെങ്കിൽ വായിക്കാനും, വായിച്ചതു തെരുവിലിട്ട്‌ അടിച്ചലക്കാനും ജനത്തിനു വലിയ ഉത്സാഹം. വിശ്വാസികളും അവിശ്വാസികളും ഒരേക്കൂട്ട്‌. അങ്ങനെ എടുത്തുവച്ച പാസ്പോർട്ടിന്നു തുണയായി വിസ മേടിച്ചു ചേർത്തു.
സിനിമക്കാര്‌ മാത്രമായിട്ട്‌ അങ്ങനെ വിദേശത്തുപോയി വിലസേണ്ട എന്നു മറ്റു പല അച്ചന്മാരേയും പോലെ പോളച്ചനും തീരുമാനിച്ചു. അരമനയിൽച്ചെന്നു ജനറലച്ചനോടുണർത്തി.
 അക്കരെയൊരു കൂട്ടമുണ്ട്‌. ഈശൊ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ! ചെറുപ്പക്കാര്‌ വഴിതെറ്റിപ്പോണെന്ന്‌. നല്ല വല്ലതും പറഞ്ഞുകൊടുക്കാൻ തന്തേം തള്ളേം പിന്നെ സാറന്മാരും വിചാരിച്ചാൽ നടപ്പില്ലാന്ന്‌. സൺഡേ സ്കൂളിൽ കോസ്മെറ്റിക്സ്‌ പ്രയോഗിക്കാനും, അഭിനയിക്കാനും, പാടാനും നൃത്തം ചെയ്യാനുമെല്ലാമുള്ള പഠിപ്പീരാണ്‌.
 മകനെ പോയ്‌ വരു.
 തിരുമേനിയ്ക്കെന്തു കൊണ്ടുവരണം?
 ഒരു പുത്തൻ കമ്പ്യൂട്ടറാവട്ടെ. ആഫീസിലൊരു 'കമ്പ്യൂട്ടറിസ്റ്റ്‌' ഉണ്ടാവണത്‌ നന്നല്ലോ. ഇടയലേഖനങ്ങൾ എളുപ്പത്തിൽ ലക്ഷ്യംകാണും. ഫലവും സ്പീഡാണ്‌ കാര്യം. മെല്ലേപ്പോക്കുകൊണ്ടാ നാം, ഇന്ത്യക്കാർ പുറകിലായി പോണത്‌.
 അങ്ങനെയാണ്‌ പോളച്ചൻ  ,മേരി അന്ന സിസ്റ്ററിന്റെ ബെയ്സ്‌മന്റ്‌ അറയിൽ തമ്പടിച്ചത്  ശരിയായതല്ല, വിസ  വന്നപ്പഴേ അറിഞ്ഞു. 30 ദിവസം കഴിഞ്ഞു കെട്ടുകെട്ടിയ്ക്കാമെന്ന്‌ സാമൂഹ്യസേവനരംഗത്ത്‌ താരോദയമായിത്തീർന്ന മേരിക്കൊച്ച്‌. മുപ്പതു ദിവസമല്ല, മാസവുമല്ല, മൂന്നുകൊല്ലമാണ്‌ ഈ നിലവറക്കുണ്ടിൽ കഴിഞ്ഞുപോയത്‌. ആരോടും പറയേണ്ട. കെട്ടിടത്തിന്റെ മുറ്റത്തുമയങ്ങിക്കിടക്കുന്ന കാറുകൾപോലും അറിയേണ്ട.
 നല്ല കാര്യങ്ങളൊന്നും തടസ്സമില്ലാതെ നടക്കുന്നില്ലെന്ന പുരാതന അറിവ്‌ പോളച്ചനെ ഉണർത്തിയത്‌ ചിലങ്ക പ്രയോഗമാണ്‌. കിടപ്പറയുടെ അങ്ങേപ്പാതി മറ്റൊരു കിടപ്പറയായി രൂപം കൊണ്ടതാണ്‌. കഴിഞ്ഞാഴ്ചയുണ്ട്‌, ഉറക്കത്തിലേയ്ക്ക്‌ ഒരു ചിലങ്കക്കിലുക്കം ണീം ക്ണീം എന്ന്‌. കഴിഞ്ഞയാഴ്ചയല്ല കേട്ടോ. കൃത്യമായി പറഞ്ഞാൽ ഏഴുമാസം, ഒരാഴ്ചമുമ്പ്‌. പോളച്ചൻ ദിവസങ്ങൾ കൃത്യമായെണ്ണിക്കൊണ്ടാണ്‌ ഈ മൂന്നാംകൊല്ലത്തിൽ അവിടെ കഴിഞ്ഞുവരുന്നത്‌.
 വിസ നീട്ടാൻ ഒരു വഴിയും കാണുന്നില്ലല്ലോ എന്നു മേരിക്കോച്ച്‌ കരഞ്ഞു. കെട്ടുകെട്ടി ഇറങ്ങുകതന്നെ! അവൾ ഒരു ടിക്കറ്റെടുത്തിരുന്നു. സമയമാവുമ്പൊ തരാമെന്നു പറഞ്ഞു. അതായത്‌ അപ്പോൾ ഈ കതകടച്ചുപൂട്ടി അപ്പുറത്തേ വരാന്ത നൂണ്ട്‌ ഗ്രൗണ്ട്‌ ഫ്ലോറിലെ തറവാതിൽ തുറന്ന്‌ മേരിയുടെ അടുക്കളയിൽ അവതരിക്കണം. ലൗഞ്ചിലിറങ്ങിയിരിക്കണം. എവിടെ, എങ്ങനെ ഇത്രനാളും താമസിച്ചു എന്ന്‌ ആരും അറിയില്ല. പോളച്ചന്‌ ധൈര്യം നൽകുന്നത്‌ മേരി അന്ന സിസ്റ്ററുടെ കഴിവാണ്‌.
 രണ്ടാം അറമുറിയിൽ നൃത്തക്കാരി പെണ്ണ്‌ വന്നിറങ്ങിയിട്ട്‌ ഏഴുമാസം കഴിഞ്ഞല്ലോ. പോരെങ്കിൽ അവൾ കള്ളക്കടത്തായി ഒരു ഉണ്ണിയെ ഗർഭത്തിൽ കൊണ്ടുവന്നിരുന്നു. ഒരാഴ്ചമുമ്പ്‌ അവളുടെ അറയിൽ ഒരു ജഗപോഗ.
പായ്ക്കിംഗ്‌.
ധൃതിയിൽ കാർപ്പെറ്റിൽ ത്ധഡ്‌ ത്ധഡ്‌ എന്ന്‌ സാധനങ്ങൾ വീണുകൊണ്ടിരുന്നു.
മേരിക്കുഞ്ഞ്‌ വാതിൽക്കൽ തലനീട്ടി; ഒരുങ്ങിയില്ലേ കൊച്ചേ എന്ന്‌ പലകുറി, മുറ്റത്ത്‌ ഹോസ്പിറ്റൽ ആംബുലൻസ്‌ എത്തി എന്ന്‌ അറിയിപ്പ്‌. നർത്തകിക്ക്‌ ഒരു കൂസലും ഇല്ല. അവൾ ഉടുക്കാനുള്ള പുടവ വിടർത്തുമ്പോൾ പെർഫ്യൂ അച്ഛനെ കൊട്ടിവിളിക്കുന്നു. കളിയാക്കുന്നു. മഹാകഷ്ടായി തന്റെ ഈ എക്സിസ്റ്റൻസ്‌, ഒരു നർത്തകിയുടെ കൂടെ ഏഴുമാസം! അതും അച്ഛനില്ലാത്ത മക്കളുടെ ഉറവിടം തേടുന്ന സേവികമാരുടെ നാട്ടിൽ നിന്ന്‌ വന്നവൾ.
എന്താണവളുടെ പേര്‌? ചന്ദ്രിക. ആ  ചന്ദ്രിക.
എങ്കിലും ചന്ദ്രികേ നീയെന്നെ പറ്റിച്ചുവല്ലോ.
ഒരച്ചന്റെ കിടപ്പറയുടെ അങ്ങേപ്പാതിയിൽ, വെറുമൊരു വെനീറിന്റെ പാർട്ടീഷെനപ്പുറം! ആലോചിക്കാൻ വയ്യ.
വീർപ്പുമുട്ടലിൽ നിന്ന്‌ മേരിക്കൊച്ച്‌ പോളച്ചനെ പൊക്കിയെടുത്തു. എയർപോർട്ടിൽ വിക്ഷേപിച്ചു. പ്ലെയിൻ അനൗൺസ്‌മന്റ്‌. ടിക്കറ്റ്‌ ഓകെ ആയ ഒരാൾ കൂടി. ഇതാ വരുന്നു. ലഗേജിന്റെ ചക്രം വലിച്ചിറക്കി കോറിഡോറിലൂടെ കിതച്ചെത്തിയ പോളച്ചന്റെ വേഷവിധാനം നോക്കി എയർഹോസ്റ്റസ്‌ പറഞ്ഞു നമസ്കാർ. ഇന്ത്യൻ സുന്ദരി. സമാധാനമായി. ഇനിയക്കരെ തൊടുകയേ വേണ്ടു. മുള്ളുവേലിയിമ്മേലല്ലേ കിടന്നുറങ്ങിയിരുന്നത്‌.
 വേദപുസ്തകത്തിൽ മറിമായങ്ങൾ കണ്ടു. വായിച്ചു. ചന്ദ്രികക്കൊച്ചിന്റെ നൃത്തച്ചുവട്‌ ഒന്നെങ്കിലും കാണാൻ പറ്റീലല്ലോ എന്ന്‌ വിഷമിച്ചു. നെടുമ്പാശ്ശേരീലെത്തിയപ്പൊ ശ്വാസഗതി മാറിവീണു. ലഹരിയാറ്റുന്ന കുളുർത്ത ആലുവാക്കാറ്റ്‌. കാറ്റിൽ പാദസരമണിഞ്ഞ പാദങ്ങളുടെ നൃത്തച്ചിലങ്ക.
 യേശുദാസ്‌ അക്കരെയുണ്ടായിട്ട്‌ ഒരു കച്ചേരിപോലും കേട്ടില്ല. നർത്തകിയും ഗായകനുമെല്ലാം, നാട്ടുകാരായ പ്രവാസികളുമായി ഉല്ലസിച്ച്‌ സായന്തനമൊന്നും തന്നെ പോളച്ചനു തരപ്പെട്ടില്ല.
 പോട്ടെ. എനിയ്ക്കെന്റെ മലയോരമുണ്ട്‌.  വേവുന്ന സന്ധ്യക്കാറ്റിന്റെ സ്വാഗതമുണ്ട്‌. കൂടെ...കൂടെ...കാട്ടിറച്ചിയുടെ സുഗന്ധം. അതാണ്‌ പോളച്ചന്നു മൃഷ്ടാന്നം. നെടുമ്പാശ്ശേരീന്നു യാത്ര പുറപ്പെട്ട ആനബസ്സ്‌. അഞ്ജനംപോലെ മിനുത്തുകറുത്ത നാഷണൽ ഹൈവേയിലൂടെ ചൂളംകുത്തി കുതിക്കുന്നു. കേട്ടിട്ടെത്ര കാലമായി, ആന ബസ്സിന്റെ ഈ മുരൾച്ച!
 ദൂരെ വടക്ക്‌ നഗരംവിട്ടു മലയോരം കേറുമ്പോൾ, ഡ്രൈവർ മാറി വന്നു. വടക്കൻ, മര്യാദരാമൻ. ഒരു ഹുങ്കാരവുമില്ല. കയ്യിലെ ബീഡി വലിച്ചെറിഞ്ഞു.
ആരാനും വരാനുണ്ടോ?
ഇല്ലല്ലോ ഏട്ടാ. ഒരു യാത്രികൻ
 പോളച്ചൻ സീറ്റിൽ തലചാരിയിരുന്നു കണക്കുകൂട്ടി. നാടെത്താൻ ഇനിയുമുണ്ട്‌ നാലു മണിക്കൂർ. അത്താഴത്തിനു മേടിപ്പിച്ച പാക്കറ്റിൽ ബെർഗർ കണ്ടു പോളച്ചന്റെ മനസ്സ്‌ നനഞ്ഞു വീർത്തു. ഒരു കവിൾ വെള്ളം കുടിച്ചു. രണ്ടു യാത്രകളിൽ ശരിയ്ക്കുറക്കമുണ്ടായില്ല എന്നോർത്തു. നർത്തകിയുടെ ആശുപത്രി പുറപ്പാട്‌ ഒന്നാമത്തെ കാരണം. വിമാനത്തിന്റെ ഞരക്കം രണ്ടാമത്തേത്‌. ഈ മൂന്നാം രാവു കഴിയുമ്പൊ മലവാരപ്പട്ടണമെത്തും. തോട്ടത്തിൽനിന്ന്‌ നേരെ എടുത്ത കാപ്പി വറുത്തുപൊടിച്ചു തയ്യാറാക്കിയ ഉണ്ടശ്ശർക്കരക്കാപ്പി കുടിക്കാറാവുമ്പൊ എത്തും, തീർച്ച. എന്നിട്ട്‌ എടവകക്കാരെയെല്ലാം ക്രമേണയായി ചെന്നു കാണുക, പരിചയം പുതുക്കുക, യാത്രാവിവരണം പറയുക, കഴിയുമെങ്കിൽ കത്രീനക്കൊച്ചിനെക്കണ്ട്‌ ക്ഷേമം അന്വേഷിക്കുക, അവളെ മിന്നുകെട്ടിപ്പിച്ച്‌ അനുഗ്രഹിച്ചയച്ചതിനു ശേഷമാണല്ലോ പോളച്ചൻ അക്കരെപ്പിടിച്ചത്.
 മുലയും മുഞ്ഞിയും അറുക്കപ്പെട്ട ചുരവഴികളിലൂടെ രാത്രിബസ്സ്‌ കരഞ്ഞോടി, കാറ്റ്‌ ചെവിട്ടിൽ ചൂളംകുത്തി. പോളച്ചൻ മഫ്ലർ പുറത്തെടുത്തു തലവഴി ചുറ്റിക്കെട്ടി. തനിയ്ക്കെന്തിനാ ഈ രോമത്തൊപ്പി? ഞാനത്രയ്ക്കു കിഴവനായിപ്പോയോ? ഇല്ല. ഇല്ല. ഈ തണുപ്പ്‌ ആരേയും തോൽപിക്കും. ഷട്ടർ താഴ്ത്തി  ഉറക്കം തുടരുന്നു.
 ഞരങ്ങുന്നതിപ്പോൾ കാറ്റോ, വിമാനമോ? അടുത്ത സീറ്റിലെ ഉറക്കക്കാരനോ?
 തട്ടിയുടഞ്ഞ് മൂക്കുകുത്തിക്കിടക്കുന്ന മുളങ്കാടാണെന്നു നേരിയ നാട്ടുവെളിച്ചം പറഞ്ഞു. എത്താറായി. ചുരംചുമരിന്റെ മാറിലൂറുന്ന നീര്‌, റോഡിലൂടെ പരന്നൊഴുകി, ഹെഡ്‍ലൈറ്റിൽ തിളങ്ങുന്നു.
 ഇവിടെ വല്ലാത്ത മാറ്റം തന്നെ! മരങ്ങൾ പേരിനുമാത്രം. തഴച്ച കുന്നുകൾ മാറി നിൽക്കുന്നുണ്ട്‌. മൂടൽമഞ്ഞുപുതച്ച രോഗിയെപ്പോലെ കുന്ന്‌. അല്ല കുന്നുനിരകൾ. നിലാവ്‌ കന്മഷത്തോടെ തുറിച്ചുനോക്കുന്നു.
 തകരപ്പേട്ടയിലെത്തിയ വണ്ടിയും യാത്രക്കാരും കട്ടൻചായകുടിച്ചു ജാഗ്രതയായി. മെല്ലെമെല്ലെ എത്തിനോക്കുന്ന പുത്തൻപാർപ്പിടങ്ങൾ കുശലം ചോദിച്ചു വഴിയോരം നിരന്നു. പുറകിൽപ്പുറകിൽ ചേർന്നു. കുന്നുകളെ അലങ്കരിക്കുന്നു. ഇംഗ്ലീഷിലെഴുതിയ പുതിയ ഇനം വഴികാട്ടികളും നെയിംബോർഡുകളും പോളച്ചനിൽ സ്ഥലകാലഭ്രമം നിറച്ചു.
 ഇത്‌ വെറുമൊരു മലയോരമല്ല. ഇതിന്നെന്താ സംഭവിച്ചിരിക്കുന്നത്?
ഇത്രയധികം പച്ചെഴുത്തു പലകകൾ, അലങ്കരിച്ചുവച്ച കൾവെർട്ടുകൾ, പാലങ്ങളുടെ കൈവരികൾ, റോഡിനിപ്പോഴും പരിക്കുകൾ. പരിക്കുള്ള പാതയിലൂടെ സഞ്ചരിച്ചു പഠിക്കണം. ഡ്രൈവറന്മാരും യാത്രക്കാരും നന്ന്‌, ഉപദേശി ചിന്തിച്ചു.  കടും കാപ്പി ചക്കരയുടെ ഗന്ധത്തിനു മൂക്കോർത്തു.
 ചാരായത്തിന്റെ മണം പൊങ്ങുന്നത്‌ കാട്ടിൽ മറയും വാറ്റുകേന്ദ്രങ്ങളിൽ നിന്നോ? ഓ! അതിപ്പം നാട്ടുനടപ്പും പരിഷ്കാരവുമാണല്ലോ? തന്റെ പാവംഗ്രാമം ഒരു ടൂറിസ്റ്റ്‌ പട്ടണമായി വളരുകയാണെന്ന സത്യത്തെ എങ്ങനെ നേരിടേണ്ടു എന്ന ചിന്തയായി. ദാഹിക്കുന്നു, വല്ലാതെ.
എടവകപ്പള്ളി ഗൃഹത്തിലെ കുശിനിക്കാരൻ അടിമുടി കമ്പിളി പുതച്ചിട്ടും പോളച്ചന്റെ കണ്ണിൽപെട്ടു. ബാഗേജ്‌ ഇറക്കാൻ കണ്ടക്ടറും സഹായിച്ചു. അയാൾക്കൊരു നറും പുഞ്ചിരി സമ്മാനിച്ചു.
ചാക്കോയെ, എന്തുണ്ട്‌ ഇവിടെ വിശേഷം?
വിശേഷമല്ലേ ഉള്ളു ,അച്ചോ!
നന്നായി.
അതെ. കർത്താവിന്റെ കൃപ!
നെണക്ക്‌ ശമ്പളം കൂട്ടിക്കിട്ട്യോ?
ഇല്ലച്ചോ!
പിന്നെ.
കിമ്പളം കിട്ടണണ്ട്‌.
അതെങ്ങനെ?
ടൂറിസ്റ്റോളുടെ കയ്യില്‌ ചില്ലറയ്ണ്ട്‌!
അതും നന്നായി.
പിന്നെ പെങ്കൊച്ചങ്ങളും ഇപ്പഴ്‌ നല്ലകാശാ.
പെലരുമ്പം - മിണ്ടാതിരി!
അവർ നിശ്ശബ്ദം നടന്നു കാട്ടിക്കുന്നു കേറി. പള്ളീല്‌ ഒന്നാം മണി മുഴങ്ങുന്നു.
പോളച്ചൻ ഗെസ്റ്റ്‌ റൂമിൽച്ചെന്നും പെട്ടെന്നു കുളികഴിച്ചു. പ്രാർത്ഥിച്ചു. പതിവുപോലെ പഴയപാൽപ്പൊടിക്കട്ട ഉടച്ചുചേർത്തുണ്ടാക്കിയ കാപ്പിയല്ലേ. നല്ല ഒന്നാന്തരം ചായ. മലയോരചേർച്ചയില്ലാതെ അതിന്റെ സുഗന്ധം മഞ്ഞിനോടു ചേർന്നു.
 എടവകക്കാര്‌ മറന്നിട്ടുണ്ടാവില്ല. അവർക്ക്‌ അപ്പവും വീഞ്ഞും കൊടുക്കുമ്പോൾ പോളച്ച കത്രീനയെ ഓർത്തു. കുഞ്ഞായിക്കാണും. വീട്ടമ്മയുടെ തെരക്കാവും. കൂട്ടത്തിക്കാണുന്നില്ലല്ലോ! വീടു വിട്ടു പോവില്ല. ചെറുതെങ്കിലും സ്വന്തം വീട്‌. തോട്ടം. തെറ്റില്ലാത്തൊരു പയ്യനെ ഭർത്താവായും കിട്ടി. അവനേം കാണുന്നില്ല.
 കത്രീനയുടെ വീട്ടിച്ചെന്നു വാട്ടുകപ്പ പുഴുങ്ങിയതും കാട്ടിറച്ചിക്കറീം കഴിക്കണം എന്നു വിചാരിച്ചിട്ട്‌.
 പണ്ടൊക്കെ അച്ചനൊന്നു മനസ്സീനെനച്ചാ അടുത്ത അവസരത്തിൽ അതു നിറവേറുമായിരുന്നല്ലോ!
... ആമേൻ-
അച്ചൻ പ്രാർത്ഥന സമാപിപ്പിച്ചു. നിമിഷനേരംകൊണ്ടു കൂടൊഴിഞ്ഞു. നാലുമണിയടിച്ചു തെറ്റിയ സ്കൂളങ്കണം പോലായി പള്ളിമുറ്റം. എല്ലാവർക്കും ധൃതി . തൊഴിലായുധമേന്തി ഗേറ്റിനു പുറത്തുകൂടി നിൽക്കാറുള്ള പണിക്കാരെയൊന്നും കാണാനില്ല.
 ഗേറ്റുകടന്ന അച്ചൻ തോട്ടത്തിലൂടെ നടന്നു. പാതക്കിരുവശവും കാട്. പണിയൊന്നും കഴിഞ്ഞിട്ടില്ല. വഴിയ്ക്ക്‌ നിന്ന്‌ പത്രം വായിക്കുന്ന വക്കച്ചനോട്‌ പോളച്ചൻ ചോദിച്ചു.
 എടോ ഇന്ന്‌ പണ്യൊന്നും ഇല്ലേ?
ശനീ ഞായറുമായിട്ട്‌ ആരും തോട്ടപ്പണിയ്ക്കു പോകത്തില്ലല്ലോ. ടൂറിസ്റ്റുകളുടെ ദെവസി അല്ലേ? ഗൈഡാവണം. കൂട്ടിക്കൊടുപ്പുകാരനാവണം, കഥപറച്ചിലുകാരനാവണം, നാട്ടുപണ്ടം വിൽക്കാൻ വഴിയോരത്തു മേശയിട്ടിരിക്കണം. പെണ്ണുങ്ങക്ക്‌ വീട്ടി പിടിപ്പതുപണി. വീട്ടു തീറ്റയ്ക്കാ ഇവറ്റ വർണ്ണത്‌. പട്ടണത്തില്‌ ഒരു ചായയ്ക്കമ്പതു രൂപാ ഇവിടല്ല്യോ കുശാല്‌!
 വക്കച്ചന്റെ സ്വരത്തിൽ അൽപം പരിഹാസം കലരുന്നതുകണ്ടു നല്ലവനായ ഉപദേശി പോളച്ചൻ അവനെ വിട്ടു. നേരെ കത്രീനയുടെ കുടിയിലേക്കു നടന്നു.
കുടിലല്ല, ഒരുകൊച്ചുവീട്‌. ഒരു ബോർഡ്‌
"ഹോംസ്റ്റേ, കത്രീന ടവർ!"
നീലയും ഓറഞ്ചും കലർത്തിയ പെയിന്റു വരകൾ. ചില്ലകൾക്കുമിടയിൽ ചമഞ്ഞുനിൽക്കുന്നൊരു സുന്ദരിക്കൊച്ചുപോലെ കത്രീനക്കൊച്ചിന്റെ ടവർ. വീട്ടിനു ചുറ്റും കടുംനിറങ്ങളിൽ വിലസുന്ന ശീതകാലപ്പൂക്കൾ, ബോഗൈൻവില്ല ,കത്രിച്ചു വച്ച വേലി, സീനിയ-ഡാലിയാത്തടങ്ങൾ, വെളുത്തലില്ലിയും, വാസനിയ്ക്കാത്ത ഓറഞ്ചു കാട്ടുലില്ലിയും ഇടത്തടങ്ങളിൽ ഒരുങ്ങി നിൽക്കുന്നു.
 അച്ചനെക്കണ്ടു കത്രീന ആഹ്ലാദത്തോടെ ഇറങ്ങിവന്നു. അവൾ നല്ല പരിഷ്കൃത വേഷം ധരിച്ചിട്ടുണ്ട്‌. കളർഫുൾ, മിഡിയും ജാക്കറ്റും. വാലുവച്ച ഇരട്ടത്തുണിക്കച്ച കണ്ണിൽനിന്നു പറന്നകലുന്നു.
അയ്യോ ഇരുന്നാലും!
അവൾ പച്ചയും ഓറഞ്ചുമായ മേശയും സ്റ്റൂളും ഒരുക്കിവച്ചു. ഫ്ലവർവേസിൽ കാട്ടുലില്ലിതീർത്ത കനത്ത ചെണ്ട്‌.
വാട്ടുകപ്പയും മാനിറച്ചിക്കറിയും വിളമ്പി അവൾ ഉത്സാഹത്തോടെ പറഞ്ഞു.
ഈ കറി അത്ര എളുപ്പം കിട്ടില്ല. അച്ചൻ വന്നതു നന്നായി.

ചരിത്രത്തിലേയ്ക്കൊരു കാൽവയ്പ്‌

സേതു

എ.എസ്‌.ഹരിദാസ്‌







'ചരിത്രബോധമുണ്ടാക്കുകയാണ്‌  ലക്ഷ്യം'

 പ്രമുഖ നോവലിസ്റ്റ് സേതുവുമായി അഭിമുഖം
(കൃതികളുടെ പ്രമേയങ്ങൾക്ക്‌ എന്നും വൈവിധ്യം നിലനിർത്തിപ്പോരുന്ന സേതുവിന്റെ ഏറ്റവും പുതിയ നോവലായ 'മറുപിറവി'യും കയ്യിലെടുത്താണ്‌ ഞാനും, ഇ.കെ.സുകുമാരനും, മുമ്പു പറഞ്ഞുറപ്പിച്ചശേഷം നോവലിസ്റ്റിനെ  സന്ദർശിക്കാനെത്തിയത്‌. ഹൈക്കോടതി ജീവനക്കാരനും, ശാസ്ത്രസാഹിത്യപരിഷത്ത്‌ പ്രവർത്തകനുമാണ്‌ സുകുമാരൻ. 'പാണ്ഡവപുര'ത്തിന്റെയും 'മറുപിറവി'യുടേയും പ്രമേയങ്ങൾ തമ്മിലുള്ള അന്തരം നിലനിർത്തുന്നതിനെക്കുറിച്ചോർക്കുമ്പോൾ, ഏറ്റവും ആനുകാലികമായ പ്രമേയങ്ങളുടെ കർത്താവെന്ന നിലയിൽ സേതുവിനുള്ള ശ്രദ്ധേയത എടുത്തുപറയാതെ വയ്യ. 'മുസരിസി'ന്റെ കാലം മുതൽ ഗോശ്രീപാലവും, വല്ലാർപാടവുംവരെയുള്ള പൊക്കിൾകൊടിബന്ധം ,കാലത്തിന്റെ വിസ്തൃതി, 'മറുപിറവി'യിൽ വായിച്ചതിന്റെ അത്ഭുതം മനസ്സിൽ വച്ചാണ്‌ ഞങ്ങളുടെ സംഭാഷണം തുടങ്ങിയത്‌.)
? ചരിത്രത്തെ പുനരപഗ്രഥിക്കാനും, അതിലൂടെ 'മുസരിസി'ന്റെ പ്രാചീനത വെളിപ്പെടുത്താനുമാണോ 'മറുപിറവി'ക്കൊണ്ടുദ്ദേശിച്ചത്?
= അപഗ്രഥനമല്ല, ചരിത്രബോധമുണ്ടാക്കുകയാണു ലക്ഷ്യം. പിറന്ന നാടിന്റെ ചരിത്രത്തിലേയ്ക്കു കടന്നുപോവുക 'ചേന്ദമംഗല'ത്തിന്‌ ചരിത്രമുണ്ട്‌. ആർക്കാണ്‌ അതറിയുക? സി.വി.യുടേയും മറ്റും ചരിത്രനോവലുകൾ മാറ്റിവച്ചാൽ പിന്നെ, മലയാളത്തിൽ അത്തരം കൃതികൾ വേറെയില്ല. അവതന്നെ, വളരെ സമീപകാലത്തെ ചരിത്രമേ പ്രമേയമാക്കിയിട്ടുള്ളു. 'മുസരിസി'ന്റെ ചരിത്രപൈതൃകം കൃത്യമായി അടയാളപ്പെടുത്തിയ ഒരു ചരിത്രരചനയും നമുക്കില്ല. 15 വർഷം നീണ്ട അന്വേഷണത്തിന്റെയും അഭിമുഖങ്ങളുടെയും രേഖാപഠനങ്ങളുടെയും ഫലമായി തയ്യാറാക്കിയ ഈ കൃതി എനിക്കേറ്റവും പ്രിയപ്പെട്ടതാണ്‌.
 റോമാ സാമ്രാജ്യത്തിന്റെ കാലത്ത്‌ 'മുജിരി' (കുരുമുളക്‌) അന്വേഷിച്ചുവന്ന യാത്രികരാണ്‌ മുസിരിസ്‌ കണ്ടെത്തിയത്‌. പായ്ക്കപ്പലിൽ കാലവർഷക്കാറ്റിന്റെ ഗതിക്കനുസരിച്ച്‌ സഞ്ചരിച്ച്‌ അധികം അദ്ധ്വാനം കൂടാതെ, ജൂതന്മാർ ഇവിടെ എത്തിച്ചേരുകയായിരുന്നു. പാലിയം, ചേന്ദമംഗലം, പറവൂർ, മട്ടാഞ്ചേരി തുടങ്ങി കടലോരദേശങ്ങളിലാണ്‌ മുജിരി പട്ടണം വ്യാപിച്ചുകിടക്കുന്നത്‌. കൃത്യമായ കാലം പറയാനാവില്ലെങ്കിലും ക്രിസ്തുവിനുമുമ്പ്‌ 1000-​‍ാമാണ്ടുവരെ പിന്നിലേയ്ക്ക്‌ ചരിത്രം നീണ്ടു കിടക്കുന്നുവെന്നാണ്‌, ഒരെഴുത്തുകാരന്റെ സാമാന്യബോധം വച്ച്‌ കരുതുന്നത്‌.
ചേന്ദമംഗലം ഗ്രാമം ഇപ്പോഴും ഒരു 'ഉറക്കംതൂങ്ങി'യാണ്‌. കേരളത്തിൽ മറ്റെല്ലായിടത്തും ഗൾഫ്‌  പണത്തിന്റേയും മറ്റും സ്വാധീനത്തിൽ മാറ്റമുണ്ടായിട്ടും ചേന്ദമംഗലത്തിനെ മാറ്റാൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ ചരിത്രം വലിയ മതസൗഹാർദ്ദത്തിന്റേതാണ്‌. കോട്ടയിൽ കോവിലകം, ജൂതപ്പള്ളി, സെമിനാരി ഇവയൊക്കെ തൊട്ടടുത്ത്‌ കിടക്കുന്നവയാണ്‌.
 മുസരിസിനെക്കുറിച്ച്‌ സംഘകാലകൃതികളിൽ പരാമർശമുണ്ട്‌. ഗോത്രവർഗ്ഗക്കാർ അവിടെ താമസിച്ചിരുന്നതായും രേഖകൾ പറയുന്നു. 8, 9 നൂറ്റാണ്ടുകൾവരെ കേരളചരിത്രം ഇരുട്ടിലാണ്‌. ഇക്കാലത്ത്‌ എന്തുണ്ടായിയെന്നതു സംബന്ധിച്ച്‌ ആർക്കുമറിയില്ല. അതിലേയ്ക്കുള്ള അന്വേഷണത്തിന്‌ പ്രേരകമാവട്ടെയെന്നതോന്നലാണ്‌ ഈ കൃതിയുടെ ലക്ഷ്യം.
? ജീവിതത്തിനൊരു 'കഥ'യുണ്ടാവണമെങ്കിൽ സാഹിത്യം വേണം. ജനനം, വിവാഹം,മരണം എന്നതിനപ്പുറം ജീവിതത്തെ മനസ്സിലാക്കാൻ സാഹിത്യം അനിവാര്യമല്ലേ?
= സർഗ്ഗാത്മകസാഹിത്യമില്ലെങ്കിൽ സമൂഹംതന്നെയുണ്ടാവില്ല. ലോകത്തെങ്ങുമുള്ള ജൂതന്മാരെ ഒരുമിപ്പിക്കുന്നത്‌ അവരുടെ മതപരമായ ചടങ്ങുകളാണ്‌. ഇസ്രയേലിന്റെ ഇപ്പോഴത്തെ രാഷ്ട്രീയനിലപാടിനോട്‌ യോജിക്കാനാവില്ലെങ്കിലും അതിന്റെ സാംസ്കാരികമൂല്യം വിലപ്പെട്ടതാണ്‌.
 പാലിയം സത്യാഗ്രഹം പോലെ ജനങ്ങൾ പങ്കെടുത്ത സമരമുന്നേറ്റങ്ങൾ സംഘടിക്കാൻ ഇടയാക്കിയത്‌ 50കളിലെ കമ്യൂണിസ്റ്റ്‌ മുന്നേറ്റം തന്നെയാണ്‌. കൊച്ചിരാജവംശത്തിന്റെ പടത്തലവനും, വലംകയ്യുമായി 200 കൊല്ലക്കാലം പാലിയം വംശം നിലനിന്നു. 1808-ൽ മെക്കാളെപ്രഭു താമസിച്ച ബംഗ്ലാവിന്‌ പാലിയം പട്ടാളക്കാർ തീയിട്ടതായി ചരിത്രത്തിൽ പറയുന്നു. എന്നാൽ അതിലുണ്ടായിരുന്ന ഭൂഗർഭതുരങ്കം വഴി മെക്കാളെ ഫോർട്ടുകൊച്ചി കടൽത്തീരത്തേയ്ക്കു രക്ഷപ്പെടുകയും അവിടെനിന്ന്‌ കപ്പൽമാർഗ്ഗം പോവുകയും ചെയ്തു. ബ്രട്ടീഷ്ഭരണത്തിന്റെ കൊളോണിയലിസ്റ്റ്‌ രാഷ്ട്രീയലക്ഷ്യത്തെക്കുറിച്ചറിയാമായിരുന്നതിനാൽ, കേവലം കച്ചവടതാൽപ്പര്യം മാത്രമുണ്ടായിരുന്ന ഡച്ചുകാരുമായി ചേർന്നാണ്‌ പാലിയത്തച്ചൻ മെക്കാളെയ്ക്കെതിരെ പടനയിച്ചത്. ഡച്ചുകാർക്ക്‌ കുറഞ്ഞവിലയ്ക്ക്‌ കുരുമുളക്‌ നൽകിയിരുന്നതായും രേഖകളിൽ പറയുന്നുണ്ട്‌.
? ഹാരപ്പ, മോഹൻജദാരോ സംസ്കാരങ്ങളുടെ സവിശേഷതയായ നാഗരികതയുമായി മുസരിസിന്‌ താരതമ്യമുണ്ടോ? പൊതുനിരത്തുകൾ, പൊതുകുളങ്ങൾ, അഴുക്കുചാലുകൾ തുടങ്ങിയ നാഗരികതയുടെ അവശിഷ്ടങ്ങൾ സിന്ധുനദീതടങ്ങളിൽ കണ്ടെത്തിയിട്ടുണ്ടല്ലോ?
= മുസിരിസിൽ ചെറിയ തോതിലുള്ള ഉൽഖനനങ്ങളേ നടന്നിട്ടുള്ളു. വിസ്തൃതമായ ലക്ഷ്യത്തോടെയുള്ള ഖനനവും പഠനവും കൂടുതൽ വിവരങ്ങൾക്കിടയാക്കുക തന്നെ ചെയ്യും. രാമായണത്തിൽ മുസിരിസിന്റെ സൂചനകളുണ്ട്. പ്ലിനിയുടെ കണക്കനുസരിച്ച്‌ പ്രതിവർഷം 120 കപ്പലുകൾ മുസിരിസിൽ വന്നുപോകാറുണ്ട്‌. ഇവർക്കൊക്കെയും കുരുമുളക്‌ നൽകുകയും ചെയ്തിട്ടുണ്ട്‌. ചൂർണ്ണീനദി (പെരിയാർ)യിലൂടെ യാത്ര ചെയ്യുമ്പോൾ ഇരുകരകളിലും കുരുമുളകിന്റെ വലിയകൂനകൾ കാണാമായിരുന്നുവെന്നും യാത്രികർ എഴുതിയിട്ടുണ്ട്‌. തോണികളിലെ കുരുമുളക്‌ കൂനകൾ വീടിന്റെ ആകൃതിയിൽ കാണാമായിരുന്നുവത്രെ!
 റോമിനുവെളിയിൽ വളരെ വലുപ്പമുള്ള മൺപാത്രങ്ങൾ മുസിരിസിൽ മാത്രമേ കണ്ടെത്താനായിട്ടുള്ളു. അവരുമായുള്ള വാണിജ്യബന്ധം മൂലം സാംസ്കാരികമായ കൈമാറ്റങ്ങളും നടന്നിട്ടുണ്ട്‌. മദ്യം ഉപയോഗിച്ചിരുന്നതായും, സ്ത്രീകൾ ആഭരണങ്ങൾ അണിഞ്ഞിരുന്നതായും തെളിഞ്ഞിട്ടുണ്ട്‌. ഇതൊക്കെ വിരൽചൂണ്ടുന്നത്‌ റോമിനോളം തന്നെ വളർന്ന വലിയൊരു സംസ്കാരം മുസിരിസിന്‌ ഉണ്ടായിരുന്നിരിക്കാമെന്നതിലേയ്ക്കാണ്‌. സാമ്പത്തിക കൈമാറ്റങ്ങൾക്ക്‌ നാണ്യവ്യവസ്ഥ ഉണ്ടായിരുന്നതായി പറയാനാവില്ല. മിക്കവാറും ബാർട്ടർ സമ്പ്രദായമായിരുന്നിരിക്കണം. സ്വർണ്ണം കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടാവാം.
? ആനുകാലിക കേരളീയ സംസ്കാരത്തെക്കുറിച്ച്‌ ?
= ഇപ്പോൾ കേരളത്തിലുള്ളത്‌ മധ്യവർഗ്ഗക്കാരന്റെ പൊങ്ങച്ച സംസ്കാരമാണ്‌. 50വർഷംമുമ്പ്‌ പി.എൻ.പണിക്കരുടെ നേതൃത്വത്തിൽ ഉണ്ടായ ഗ്രന്ഥശാലാപ്രസ്ഥാനം  എഴുത്തുകാരന്റെ വീക്ഷണങ്ങളെ ജനങ്ങളുമായി അടുപ്പിക്കാനും ആരോഗ്യകരമായ സംസ്കാരം നിലവിൽവരുത്താനും സഹായകമായിരുന്നു. പക്ഷേ ഇന്ന്‌ ആ ബന്ധം അത്രത്തോളം ശക്തമല്ല. വായന കുറഞ്ഞു. എന്നാൽ ഇലട്രോണിക്‌ മാധ്യമങ്ങൾക്ക്‌ പുസ്തകങ്ങളെ ഇല്ലാതാക്കാനാവില്ല. അത്‌ അതിജീവിക്കുകതന്നെ ചെയ്യും.
? 'പൊതു സമൂഹ'ത്തിന്റെ വളർച്ചയെക്കുറിച്ച്‌ ?
= അടുത്തകാലത്തായി ഈജിപ്റ്റിലും, ലിബിയയിലും മറ്റുമുണ്ടായ ജനമുന്നേറ്റങ്ങളിൽ നിന്നാണ്‌ അണ്ണാ ഹസാരേയ്ക്ക്‌ യുവജനങ്ങളുടെ പിന്തുണയുണ്ടാവാൻ പ്രചോദനമായത്‌. എന്നാലിത്‌, ജനാധിപത്യത്തെ ശിഥിലമാക്കാൻ ഇടയാക്കിക്കൂടാ.
? 'സ്വാശ്രയ' വിദ്യാഭ്യാസത്തിന്റെ സ്ഥിതി?
= ആ രംഗത്ത്‌ എന്താണു നടക്കുന്നതെന്നുപോലും വ്യക്തമല്ല. വ്യവസ്ഥകൾ ഒന്നുമില്ലാത്ത സംവിധാനമാണ്‌ ഇപ്പോഴത്തെ വിദ്യാഭ്യാസം.
? പുതിയ എഴുത്തുകാരിൽ പ്രതീക്ഷയുണ്ടോ?
= നല്ല എഴുത്തുകാർ വളർന്നുവരുന്നുണ്ട്‌. വലിയ ക്യാൻവാസിൽ ജീവിതത്തെ ചിത്രീകരിക്കാൻ പുതിയ എഴുത്തുകാർ ശ്രദ്ധിക്കണം. ചെറിയ ലോകമല്ല ഇന്നത്തേത്‌. എഴുത്തിന്‌ കഠിനമായ പരിശ്രമം ആവശ്യമാണ്‌.
? എഡിറ്റിംഗിനെക്കുറിച്ച്‌ ?
= മലയാളത്തിൽ എഡിറ്റർമാർ ഇല്ല. അത്തരമൊരു സംസ്കാരം തന്നെ നാം വളർത്തിയിട്ടില്ല. വിദേശനാടുകളിൽ അതുണ്ട്‌.

രവിയേട്ടന്‍ ഒരോര്‍മ



രവീന്ദ്രൻ

പത്രാധിപ ലോകത്ത് ചിന്ത രവിയെന്നറിയപ്പെട്ടിരുന്ന, ദൃശ്യ മാധ്യമ രംഗങ്ങളിലെ രവീന്ദ്രന്‍ ഞങ്ങള്‍ സ്നേഹപൂര്‍വം രവിയേട്ടന്‍ എന്നു വിളിച്ചിരുന്ന ചലച്ചിത്ര സാഹിത്യ സാംസ്ക്കാരിക രംഗത്തെ നിറ സാന്നിധ്യം .ഈ രംഗത്തെ പ്രമുഖര്‍ കാണിക്കുന്ന ബുദ്ധിജീവി ജാഡകളില്ലാത്ത ,വര്‍ഷങ്ങളോളമായി തൃശ്ശൂര്‍ താമസമാക്കിയിട്ടും തന്റെ മലബാര്‍ ചുവയോടെയുള്ള നിഷ്കളങ്ക സംസാര ശൈലിയിൽ ആദ്യം കാണുന്നവരെ പോലും തന്റെ സൌഹൃദ വലയത്തിനുള്ളിലാക്കി .എണ്ണമറ്റ സുഹൃത്തുക്കളും പരിചയക്കാരുമുള്ള ആ മഹാന്‍ കുറച്ചു നാളായി അനുഭവിച്ചിരുന്ന വേദനകളുടെ പിടിയില്‍ നിന്നും മലയാള സാഹിത്യ ലോകത്തിനു നികത്താനാവാത്ത ഒരു വിടവുണ്ടാക്കി കാല യവനികക്കുള്ളില്‍ മറഞ്ഞിരിക്കുന്നു.


പന്ത്രണ്ട് വര്‍ഷം മുൻപ് ഒരവധിയില്‍ നാട്ടിലെത്തിയ ഞങ്ങള്‍ ജ്യേഷ്ടന്റെ വളരെ അടുത്ത സുഹൃത്തായ രവിയേട്ടനെ പരിചയപ്പെടുമ്പോൾ ഏഷ്യനെറ്റില്‍ അവതരിപ്പിച്ചിരുന്ന "സഞ്ചാരം" എന്ന പോപ്പുലര്‍ പരിപാടിയുടിയിലൂടെ രവിയേട്ടന്‍ ടെലിവിഷന്‍ മാധ്യമത്തില്‍ തിളങ്ങി നില്‍ക്കയായിരുന്നു.പുതിയ വീട്ടില്‍ താമസമാക്കിയ ഞങ്ങളെ കാണാനെത്തിയ രവിയേട്ടന്‍ ഞങ്ങളുടെ സാഹിത്യ സ്നേഹത്തെ മനസ്സിലാക്കി ഇവിടെ ഒരു വായനാ മുറിയുടെ കുറവുണ്ടെന്ന് പറഞ്ഞ് അതൊരുക്കണമെന്ന് നിര്‍ദ്ദേശിച്ചു.പിന്നീടാ ഉപദേശം ഞങ്ങളുടെ വീട്ടില്‍ നല്ലൊരു പുസ്തക ലൈബ്രറി ഒരുക്കുന്നതിനു ഞങ്ങള്‍ക്ക് പ്രചോദനമായി.

നിരവധി പുരസ്കാരങ്ങള്‍ സഹിത്യത്തില്‍ നിന്നും സിനിമയില്‍ നിന്നും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.ശ്രീ ജി.അരവിന്ദനെ കുറിച്ചുള്ള"മൌനം സൗമനസ്യം "എന്ന ഡോക്കുമെന്ററിക്ക് രാഷ്ട്രപതിയില്‍ നിന്നുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്.കൂടാതെ അദ്ദേഹത്തിന്റെ "ഒരേ തൂവല്‍ പക്ഷികള്‍ "എന്ന സിനിമ മികച്ച ചിത്രത്തിനുള്ളതുള്‍
പ്പെടെ , മൂന്നു സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്...അവസാനമ​ായി ഞാന്‍ വായിച്ചത് ഇംഗ്ലണ്ടില്‍ പോയ യാത്രാ വിവരണമായ "ശീതകാല യാത്രകള്‍ " മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ചതായിരുന്നു ."സ്വിസ്സ് സ്കെച്ചുകള്‍ ,അകലങ്ങളിലെ മനുഷ്യര്‍ ,ദിഗാരുവിലെ ആനകള്‍ , ബുദ്ധപഥം ,സിനിമയുടെ രാഷ്ട്രീയം ,അന്റോണീയോ ഗ്രാംഷി,,കലാവിമര്‍ശം -മാര്‍ക്സിസ്റ്റ് മാനദണ്ഡം (എഡിറ്റര്‍ )തുടങ്ങിയവ പ്രധാന കൃതികള്‍ ..


കഴിഞ്ഞയാഴ്ച്ചയില്‍ വീണു കിട്ടിയ മൂന്നു ദിവസത്തെ അവധിയില്‍ നാട്ടിലെത്തിയ ഞങ്ങള്‍ രവിയേട്ടന്‍ രോഗത്തിന്റെ തീവ്രാവസ്ഥയിലാണെന്നറിഞ്ഞപ്പോൾ, വടക്കാഞ്ചേരിയിലെ ഞങ്ങളുടെ വീട്ടില്‍ നിന്നും എയര്‍ പോര്‍ട്ടിലേക്ക് പോകും വഴി ,രവിയേട്ടനും ഭാര്യ ചന്ദ്രിക ചേച്ചിയും ചേച്ചിയുടെ അമ്മയും (പ്രശസ്ത എഴുത്തുകാരി ദേവകി നിലയം കോട്)താമസിക്കുന്ന തൃശ്ശൂരിലെ തിരൂരിലുള്ള കപിലവസ്തുവിലേക്ക്
ഞങ്ങള്‍ ഉച്ചക്ക് മൂന്നു മണിയായോടെ ചെന്നു.വാതില്‍ തുറന്നു ഞങ്ങളെ സ്വീകരിച്ച അമ്മ രവിയേട്ടന്‍ എന്നത്തേക്കാളും അന്നു ക്ഷീണിതനാണെന്ന് പറഞ്ഞു.ചന്ദ്രിക ചേച്ചിയും സങ്കടത്തോടെ ഇന്ന് ഒന്നും കഴിക്കാന്‍ കൂട്ടാക്കുന്നില്ല എന്ന് പരിതപിച്ചു.രവിയേട്ടന്‍ കിടക്കുകയായിരുന്നു.യഹ്യക്ക(ജ്യേഷ്ടൻ )അദ്ദേഹത്തെ പതുക്കെ വിളിച്ചു നോക്കി.കണ്ണു തുറന്ന് യാഹ്യ എന്നു രണ്ട് പ്രാവശ്യം വിളിച്ചുകൊണ്ട് ജ്യേഷ്ടന്റെ കൈത്തലം അദ്ദേഹത്തിന്റെ നെഞ്ചോട് ചേര്‍ത്ത് വെച്ചു.ഞാനും ഭര്‍ത്താവും അദ്ദേഹത്തിന്റെ ആ കിടപ്പു കണ്ട് വിഷമിച്ച് നില്‍ക്കുകയാണ്.
അവസാനമായ് നടത്തിയിരുന്ന ആയുര്‍വേദ ചികില്‍സയുടെ ഭാഗമായ് അദ്ദേഹം കഴിച്ചു കൊണ്ടിരുന്ന നാടന്‍ പനിനീര്‍ പൂവും മുല്ലപ്പൂവും എത്തിച്ച് കൊടുക്കുവാന്‍ ശുഷ്കാന്തി കാണിച്ചിരുന്നത് ജ്യേഷ്ടന്റെ ഭാര്യ അസ്മയായിരുന്നു.അവര്‍ പരിപാലിച്ചിരുന്ന വിവിധ പൂക്കളുടെ കേദാരമായിരുന്ന ഉദ്യാനത്തിലെ ഈ രണ്ട് നാടന്‍ ഇനങ്ങള്‍ ശേഖരിക്കാനായ് രവിയേട്ടന്‍ ചന്ദ്രിക ചേച്ചിയുമായി വന്നതാണ്, എന്റെ ഭര്‍ത്താവു നാട്ടില്‍ ചെന്ന ആ സമയത്ത് (ഏപ്രിലില്‍ ) ജ്യേഷ്ടന്റെ വീട്ടില്‍ വെച്ചു രവിയേട്ടനെ കാണാനിടയാക്കിയത് . വല്ലാത്ത അവശ നിലയിലായിരിക്കുന്നു രവിയേട്ടന്‍ എന്നെന്നോട് അബ്ദുള്‍ റഹിമാന്‍ക്ക പറഞ്ഞിരുന്നു.അപ്പോള്‍ മുതലാണു എനിക്കദ്ദേഹത്തെ കണ്ടേ തീരു എന്നു തോന്നിയത്.യഹ്യക്ക ഞങ്ങള്‍ യാത്ര പുറപ്പെടുന്നതിനു മുന്പ് അതോര്‍മിപ്പിക്കുകയും ചെയ്തു."ഒരു പക്ഷെ നിങ്ങള്‍ അടുത്ത പ്രാവശ്യം വരുമ്പോള്‍ രവിയേട്ടനെ കാണാന്‍ കഴിഞ്ഞെന്നു വരില്ല"..





ചേച്ചിയും അമ്മയും ഞങ്ങളുടെ കൂടെ ആ മുറിയില്‍ നില്‍ ക്കുന്നുണ്ട്..കൈകൂപ്പി നിന്ന എന്നെ കാണിച്ച് ജ്യേഷ്ടന്‍ രവിയേട്ടനോട് പറഞ്ഞു ഇവള്‍ രവിയേട്ടന്റെ വല്യ ആരാധികായാണുട്ടോ.എന്നെ നോക്കി അദ്ദേഹം ഒന്നു മന്ദഹസിച്ചു.പിന്നെ കണ്ണടച്ചു.കാല്‍ വണ്ണയില്‍ കണ്ട നീരു എന്നിലെന്തോ ഒരു അസ്വസ്ഥത ജനിപ്പിച്ചു..ആ മുറിയില്‍ നിന്നിറങ്ങുമ്പോള്‍ ഏകദേശം ഉറപ്പാക്കി ഇനി എനിക്കൊരിക്കലും രവിയേട്ടന്റെ മനോഹരങ്ങളായ വാക്കുകളെയും യാത്രാവിവരണങ്ങളേയും വായിക്കാന്‍ സാധിക്കില്ലാന്നു...ഇരുപത് മിനിറ്റോളം അവിടെ ഞങ്ങള്‍ ചിലവിട്ടു.ദുഃഖ സാന്ദ്രമായ ആ അന്തരീക്ഷത്തിനു അയവു വരുത്താനായി അമ്മയെ നോക്കി യഹ്യക്ക എന്നോട് പറഞ്ഞു."നോക്കു സജി അമ്മയ്ക്കിത്തിരി പത്രാസ് ഈയിടെ കൂടീട്ടൊ".ആ അമ്മയുടെ മുഖത്തെ തെല്ലൊരു നാണത്തോടെയുള്ള തെളിഞ്ഞ ചിരി എന്നില്‍ കൌതുകമുണര്‍ത്തി.

അവരുടെ "അന്തര്‍ജനം" എന്ന പുസ്തകം ഓക്സ്ഫോര്‍ഡ് അടുത്തിടെ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.അതിനു​ വേണ്ട എഴുത്ത് കുത്തുകളൊക്കെ ഓണ്‍ ലൈനില്‍ യഹ്യക്കയാണു ചെയ്തു കൊടുത്തത്.അതിന്റെ നന്ദി സൂചകമായ് അമ്മയ്ക്ക് കിട്ടിയ രണ്ട് കോപ്പികളില്‍ ഒന്ന് യഹ്യക്കാക്കുള്ളതാണെന്നവര്‍ പറഞ്ഞു.എനിക്ക് പിറന്നാള്‍ സമ്മാനമായി യഹ്യക്ക ഇതിന്റെ മലയാളം പതിപ്പ് നാലു വര്‍ഷങ്ങള്‍ ക്കു മുന്പ് സമ്മാനിച്ചതവരുമായി പങ്കിട്ടത് അവരില്‍ സന്തോഷമുളവാക്കി.രവിയേട്ടനെ അവസാനമായി കണ്ട് ചേച്ചിയോടും അമ്മയോടും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു.ഇനിയൊരിക്ക​ലും രവിയേട്ടനെ കാണാന്‍ കഴിയില്ലല്ലോ എന്ന ദുഃഖ സത്യം ഉള്‍കൊണ്ട് ആ പടിയിറങ്ങുമ്പോള്‍ എന്റെ മിഴികളും നിറഞ്ഞിരുന്നു.....

8 Jul 2011

ചർച്ച: ഭാഷയുടെ പ്രസക്തി


 മലയാള ഭാഷ വംശനാശ ഭീഷണിയിലാണോ? ഭാഷയ്ക്ക്‌ ക്ലാസിക്കൽ പദവി വേണോ? ഭാഷയെ സംരക്ഷിക്കാൻ നമുക്ക്‌ എന്തെല്ലാം ചെയ്യാം. സുകുമാർ അഴീക്കോട്‌, കെ.പി.രാമനുണ്ണി, പി.കെ.ഹരികുമാർ, ഒ.വി.ഉഷ എന്നിവർ പങ്കെടുക്കുന്ന ചർച്ച.


ഭാഷയ്ക്ക്‌ ക്ലാസിക്കൽ പദവി അസംബന്ധം:- 
സുകുമാർ അഴീക്കോട്‌ 
 







 മലയാളഭാഷയ്ക്ക്‌ ക്ലാസിക്കൽ പദവി വേണമെന്ന്‌ വാദിക്കുന്നത്‌ വേണ്ടത്ര ആലോചിക്കാതെയാണെന്നതാണ്‌ സത്യം. ഭാഷയ്ക്ക്‌ ക്ലാസ്സിക്കൽ പദവിയില്ല; സാഹിത്യത്തിനു ക്ലാസിക്ക്‌ പദവിയാകാം. 
 ഗ്രീക്ക്‌, ലാറ്റിൻ ഭാഷകളെയാണ്‌ ക്ലാസിക്കൽ എന്ന്‌ വിളിക്കാറുള്ളത്‌. ഇംഗ്ലീഷിനുപോലും ക്ലാസിക്കൽ പദവിയില്ല. സംസ്കൃതഭാഷയെ ആരും അങ്ങനെ വിളിച്ചുകേട്ടിട്ടില്ല. പിന്നെങ്ങനെയാണ്‌ മലയാളത്തിനു ക്ലാസിക്കൽ പദവി കിട്ടുക? 
 ഭാഷ ക്ലാസിക്കലാകുമെങ്കിൽ, റൊമാന്റിക്‌ എന്ന വിശേഷണവും നൽകേണ്ടിവരും. സംസ്കൃതഭാഷയിലെ സാഹിത്യത്തെ ക്ലാസിക്‌ എന്ന്‌ വിളിക്കാം.
 തമിഴ്‌ ഇതിഹാസ കൃതികളായ മണിമേഖലയും മറ്റും തമിഴ്‌ മൂലത്തിൽ ഉണ്ടായതാണ്‌. പരിഭാഷയല്ല. പ്രാചീനകൃതികളിൽ മലയാള വാക്കുകൾ കണ്ടാൽ ഉടനെ ക്ലാസിക്കൽ പദവി വേണമെന്ന്‌ പറയുന്നതിൽ അർത്ഥമില്ല.
 ഭാഷയുടെ നിലനിൽപിനെപ്പറ്റി ആശങ്കപ്പെടുന്ന ഈ കാലത്ത്‌ രണ്ട്‌ തലങ്ങളിലാണ്‌ ഭാഷാ സംരക്ഷണം വേണ്ടത്‌. വീട്ടിലും വിദ്യാലയത്തിലും ഭാഷയെപ്പറ്റിയുള്ള ചിന്ത വേണം. വീട്ടിൽ കുട്ടികൾക്ക്‌ മാതൃഭാഷയിലുള്ള പരിചയം ഉണ്ടാകണം. മീൻ വെട്ടുന്നതിനു പകരം 'ഫിഷ്‌ കട്ട്‌' ചെയ്യുക എന്ന്‌ പറഞ്ഞിട്ട്‌ കാര്യമില്ല. അതുപോലെ അദ്ധ്യാപകരും ഭാഷയുടെ കാര്യത്തിൽ നിഷ്കർഷ കാണിക്കണം.  മലയാളം വാക്കുകൾ  ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യം വിദ്യാലയങ്ങളിൽ ഉണ്ടാവണം. 
 മധ്യവർഗമാണ്‌ നമ്മുടെ ഭാഷയ്ക്കും സംസ്കാരത്തിനും ഭീഷണി ഉയർത്തുന്നത്‌. മധ്യവർഗത്തിനു മൂല്യബോധം കൈമോശം വരുന്ന കാലമാണിത്‌. അതുകൊണ്ടതന്നെ, കുട്ടികളെ അവർക്ക്‌ നന്നാക്കാൻ കഴിയില്ല. അവർ ഫാഷന്റേയും ടിവിയുടെയും പിന്നാലെ പോയി വിപണിയുടെ അടിമകളായി മാറിയിരിക്കുകയാണ്‌. ഒന്നുകിൽ തീരെ താഴേതട്ടിൽ പിറക്കണം. അല്ലെങ്കിൽ ധനവാനായിരിക്കണം. മധ്യവർഗത്തിനു ഒരു കാര്യത്തിലും നിബന്ധനയില്ല.

വ്യവഹാരങ്ങളിലേക്ക്‌ ഭാഷ ഇറങ്ങിച്ചെല്ലണം


 - പി.കെ.ഹരികുമാർ





 ഇന്നത്തെ മലയാളിയുടെ വ്യവഹാരഭാഷ ഇംഗ്ലീഷായി മാറിക്കൊണ്ടിരിക്കുകയാണ്‌. ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസത്തിന്റെ വ്യാപനം, ഉൽപാദന പ്രക്രിയകളുടെ നവീനത എന്നിവയെല്ലാം ഇതിനു കാരണമായിട്ടുണ്ട്‌. 
 ഇടപാടുകൾക്ക്‌ ഇംഗ്ലീഷ്‌ ആവശ്യമാണെന്ന സ്ഥിതിയാണിപ്പോഴുള്ളത്‌. അതേസമയം സംസാരിക്കാൻ മലയാളം വേണ്ടിവരുന്നുമുണ്ട്‌. ഈ വൈരുദ്ധ്യം ഒരു യാഥാർത്ഥ്യമാണ്‌. 
 കോടതിവ്യവഹാരങ്ങൾക്ക്‌ മലയാളം ഇപ്പോഴും ഉപയോഗിക്കുന്നില്ല. ഇതുപോലുള്ള അനേകം മേഖലകളുണ്ട്‌. ഇവിടേക്കെല്ലാം മലയാളം പരമാവധി ഇറങ്ങിച്ചെല്ലാനുള്ള നടപടി വേണം.
 മലയാളം വിദ്യാലയങ്ങളിൽ ഒന്നാം ഭാഷയാക്കണമെന്ന വർഷങ്ങളുടെ ആവശ്യത്തിന്‌ ഇപ്പോൾ പരിഹാരമായിട്ടുണ്ട്‌. എന്നാൽ ഇത്‌ വളരെ വൈകിപ്പോയി. മുമ്പുണ്ടായിരുന്നതിനേക്കാൾ വലിയ പ്രതിസന്ധികളാണ്‌ ഇപ്പോൾ നാം അഭിമുഖീകരിക്കുന്നത്‌. 
 അനേകം ജീവിത മേഖലകളിൽ, മലയാളത്തിനു ഇടപെടാൻ കഴിയണം. എന്നാൽ സർഗാത്മകമായ രംഗങ്ങളിലും ഭാഷയുടെ ഉപയോഗം കുറഞ്ഞു. വായിക്കുന്നവർ നാൽപതോ അമ്പതോ വയസ്സിനു മുകളിലുള്ളവരായി ശേഷിക്കുകയാണ്‌. ബാക്കിയുള്ളവരെക്കൂടി കൊണ്ടുവരേണ്ടതുണ്ട്‌. സാഹിത്യത്തിന്റെ പ്രാധാന്യം എല്ലാ തലങ്ങളിലുമുള്ളവർക്ക്‌ ബോധ്യമാകേണ്ടതുണ്ട്‌. ഭാഷയുടെ, എല്ലാ തലങ്ങളിലുമുള്ള സാന്നിധ്യമാണ്‌ ഇനി ഉണ്ടാവേണ്ടത്‌. ഇതിനായി നാം പോരാടേണ്ടിയിരിക്കുന്നു.
* സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റാണ്‌ ലേഖകൻ.

നമ്മുടെ ആത്മാർത്ഥത പ്രധാനം -



ഒ.വി.ഉഷ





 മലയാളികളായ നമ്മുടെ ജീവിതത്തിൽ ഈ ഭാഷയ്ക്കുള്ള പങ്ക്‌ തിരിച്ചറിയപ്പെടണം. നമ്മുടെ ചിന്തയുടെയും പ്രവൃത്തിയുടെയും സ്വപ്നത്തിന്റെയും തലങ്ങളിൽ ഈ ഭാഷയുടെ പങ്ക്‌ പ്രധാനമാണ്‌. ഇവിടെ ജനിച്ചവർക്ക്‌ കിട്ടിയ ഭാഷയാണിത്‌. അതിന്മേലാണ്‌ നാം ജീവിച്ചു തുടങ്ങിയത്‌. അതിനോടുള്ള നമ്മുടെ ആത്മാർത്ഥതയാണ്‌ പ്രധാനം. 
 ജീവിതാനുഭവങ്ങളോടുള്ള ആത്മാർത്ഥതയിലും ഈ ഭാഷ വലിയ ശക്തിതരേണ്ടതാണ്‌. മലയാളം നമ്മുടെ പ്രകൃതിയാണ്‌. ഇത്‌ നശിക്കാതിരിക്കണമെങ്കിൽ, നമ്മുടെ തോട്ടം നാം തന്നെ വളർത്തുക എന്നേ പറയാനോക്കൂ. നാം സ്വയം ചെയ്യേണ്ട കർമ്മമാണത്‌. 
 മലയാളം പഠിപ്പിക്കുകയും പഠിക്കുകയും വേണം. എട്ട്‌ വയസ്സുവരെയെങ്കിലും മലയാളം മാത്രം പഠിപ്പിക്കുക. പിന്നീട്‌ ഇംഗ്ലീഷ്‌ ആകാം. ഇംഗ്ലീഷില്ലാതെ ഇനി ജീവിതം സാധ്യമല്ലെന്നും ഓർക്കണം.
 ക്ലാസിക്കൽ പദവി കിട്ടിയാൽ നമ്മുടെ ഭാഷയ്ക്ക്‌ വൻ ധനസഹായം കിട്ടുമായിരിക്കാം. പക്ഷേ അതുകൊണ്ട്‌ മാത്രം ഭാഷ രക്ഷപ്പെടുകയില്ല

ഭാഷ മനസ്സിനകത്ത്‌ പുഷ്ടിപ്പെടണം -

കെ.പി.രാമനുണ്ണി




 മലയാളഭാഷയെ സംരക്ഷിക്കാനായി സംസ്ഥാനത്തുടനീളം സംഘടനകൾ രൂപീകരിച്ച്‌ പോരിനിറങ്ങേണ്ട ഗതികേട്‌ മലയാളിക്ക്‌ മാത്രം സ്വന്തം. പ്രയോജനരഹിതമായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ തള്ളിവിടുന്ന അതേ മനോഭാവമാണ്‌ മലയാളത്തെ തിരസ്കരിക്കുമ്പോൾഉൽക്കർഷേച്‍ഛുക്കൾ പുലർത്തുന്നത്‌. എന്നാൽ മാതൃഭാഷയെ പടിയിറക്കി വിടുന്നവർ സ്വന്തം മസ്തിഷ്കത്തിലെ ഭാഷയുടെ അവയവത്തെ ദുർബ്ബലപ്പെടുത്തുന്നു എന്നതാണ്‌ സത്യം. പുറമേനിന്ന്‌ മനുഷ്യമനസ്സിലേക്ക്‌ കോരിയൊഴിക്കപ്പെടുന്ന വസ്തുവല്ല ഭാഷ. അത്‌ മനസ്സിനകത്ത്‌ വളർന്ന്‌ ശക്തി പ്രാപിക്കേണ്ട അവയവമാണ്‌. മാതൃഭാഷയിലൂടെയുള്ള പരിശീലനമാണ്‌ മസ്തിഷ്കത്തിലെ ഭാഷാ ഇന്ദ്രിയത്തെ പുഷ്ടിപ്പെടുത്താൻ ഏറ്റവും സഹായകരം. അതുകൊണ്ടാണ്‌ മാതൃഭാഷയിൽ പ്രാവീണ്യമുള്ളവർ മറ്റ്‌ ഭാഷകളിലും പെട്ടെന്ന്‌ പ്രാഗത്ഭ്യം നേടുന്നത്‌. 
  ഇംഗ്ളീഷായാൽ ഗുണം പിടിക്കാൻ മക്കളെ സഹായിക്കും എന്ന യാഥാർത്ഥ്യം മനസ്സിലാക്കിയിട്ടെങ്കിലും മലയാള പഠനത്തോടുള്ള മനോഭാവം മലയാളികൾ മാറ്റുമെന്ന്‌ പ്രതീക്ഷിക്കാം. മാതൃഭാഷയെ സംരക്ഷിക്കാനുള്ള ദൗത്യങ്ങൾക്കൊപ്പം കൊണ്ടുപോകേണ്ട കാര്യമാണ്‌ സാഹിത്യത്തിന്റെ പ്രാധാന്യം ഉയർത്തിപ്പിടിക്കുക എന്നത്‌. ഭാഷയുടെ ഏറ്റവും ഉദാത്തവും കാര്യക്ഷമവും സമ്പന്നവുമായ രൂപമാണ്‌ സാഹിത്യം. സാഹിത്യത്തെ ഒഴിവാക്കി നിർത്തി വ്യാവഹാരിക കാര്യങ്ങൾ നിവർത്തിക്കാനുള്ള വെറും വിനിമയോപാധിയായി ഉപയോഗിക്കപ്പെടുന്ന ഭാഷ, പുറം വസ്ത്രങ്ങളാൽ രൂപപ്പെടുത്തിയ നോക്കുകുത്തിക്ക്‌ തുല്യമായിരിക്കും. പാഠ്യപദ്ധതിയിൽ സാഹിത്യത്തിന്റെ അളവ്‌ കുറച്ച്‌ സയൻസ്  ആന്റ്‌ ടെക്നോളജിയുടെ ഉള്ളടക്കം വർദ്ധിപ്പിക്കുന്ന പ്രവണതയ്ക്ക്‌ പിന്നിൽ പുതിയ സാമ്പത്തിക ഭ്രമങ്ങളുടെ വീക്ഷണപരമായ വൈകല്യം ഒളിച്ചിരിക്കുന്നുണ്ട്‌. സയൻസും ടെക്നോളജിയും നിവർത്തിച്ചുതരുന്ന ഭക്ഷണം, വസ്ത്രം, പാർപ്പിടം, സഞ്ചാരസ്വാതന്ത്ര്യം, സുരക്ഷിതത്വം എന്നിവമാത്രം പരമപ്രധാനമാണെന്നും സാഹിത്യത്തിന്റെ സംഭാവനകളായ മനോവികാസം, മൂല്യപരമായ വിചിന്തനങ്ങൾ, അവനവനെക്കുറിച്ചുള്ള തിരിച്ചറിവുകൾ, ആത്മീയമായ ആരായലുകൾ തുടങ്ങിയവ അപ്രധാനമാണെന്നുമുള്ള സന്ദേശമാണിവിടെ സ്ഥാപിക്കപ്പെടുന്നത്‌. എന്നാൽ ഭക്ഷണവും വസ്ത്രവും പാർപ്പിടവും സകല മൃഗങ്ങൾക്കും അവയുടെ പ്രാഥമിക ചോദനകൾക്ക്‌ ലഭിക്കേണ്ട മറുപടികളാണ്‌. മനുഷ്യൻ മനുഷ്യനായതിന്റെ പേരിൽ മാത്രം ആവശ്യമായിതീർന്നതാണ്‌ മനോവികാസവും മൂല്യപരമായവിചിന്തനങ്ങളും അവനവനെക്കുറിച്ചുള്ള തിരിച്ചറിവുകളും ആത്മീയമായ ആരായലുകളും. 

അഴയ്ക്ക




സത്താർ ആദൂർ





 മഴക്കാല
ബസ്സ്‌ യാത്രയിലെ
നോട്ടങ്ങൾ മഴത്തുള്ളികളെയും കടന്ന്‌
എത്ര പെട്ടെന്നാണ്‌ 
വീടുകൾക്കുമേലെ
പന്തലുവിരിച്ചപോലെ നിൽക്കുന്ന
ടെറസുകൾക്കുള്ളിലേക്കെത്തുന്നത്‌...
ചിറകുമുട്ടി
തൂങ്ങിയാടുന്ന വവ്വാലുകൾ
ഏതെല്ലാം നിറം
കറുത്തത്‌ 
വെളുത്തത്‌ പിന്നെ
ക്രീമും ബ്രൗണും...
ഫ്രൈം
ഇനി 'ബ്രാ'യിൽനിന്നും
ജദികളിലേക്ക്‌ തിരിക്കാം
വർണ്ണിക്കാനാവുന്നില്ല
മനം മയക്കുന്ന ഡിസൈനുകൾ...
അഴയ്ക്കകൾ
മച്ചിന്റെ മുകളിലേക്ക്തന്നെ
കയറി വരേണ്ടിയിരിക്കുന്നു
പിന്നാമ്പുറങ്ങളിൽ
ക്കിടന്നാൽ ആരുകാണാൻ...?

സൗഹൃദം





സി.പി.ചന്ദ്രൻ






ആലിപ്പഴങ്ങൾ
വിരുന്നിൽ വിളമ്പുന്ന
സൗഹൃദ സന്ദർശനത്തിന്റെ
നാളിൽ
ഞാൻ 
സൗഹൃദം വറ്റും
ഹൃദയങ്ങളാണെന്റെ
ആത്മമിത്രങ്ങൾക്കു
മുള്ളതെന്നറിയുന്നു.

മാധവിക്കുട്ടിക്ക്‌

മലയാളത്തിൻ ഹരിതാഭമാം തൊടിയിലെ
നീർമാതളച്ചില്ലയിൽ
കൂടുക്കൂട്ടിത്തിമർത്തു പാടിയ കുയിലേ
വിട, എന്നേക്കുമായ്‌
ആൺകോയ്മക്കൊടി
യുയരെപറന്നീടുമീസാഹിതീദേശത്തു നീ
പെൺകരുത്തിൽ
ശ്രീതുളുമ്പുമഴകായ്‌
മഴവിൽ നിറകാന്തിയായ്‌
ഏഴഴകിൻ സ്വരവർണ്ണരാജി
വിതറിതേജോമയപ്പൊൻ പേനയാൽ !

ചിറകുകൾ




വി.കെ.സുധാകരൻ

പുലരുവാനേറെ രാവില്ല,യെന്നാകിലും
പകരുവാനോർമ്മകൾ ബാക്കി
അവസാനമില്ലാത്ത യാത്രയ്ക്കിടയ്ക്കുള്ളൊ-
രിടവേള തീരുമീ രാവിൽ
ശുഭരാത്രി നേരാതെ, ശുഭയാത്ര നേരാ-
നുറക്കം വെടിഞ്ഞേയിരിക്കാം
മറവിയായ്മാറുമീ സഹജീവിതത്തിന്റെ
സ്മരണങ്ങൾ കൊത്തിപ്പെറുക്കാം
ഇനിയും പറന്നു മറ്റേതോ വിദൂരമാം
കരയിൽ നാമൊന്നിച്ചു ചേരാം
അതുമല്ലയെങ്കിൽ തിരിച്ചുവന്നീ സ്നേഹ-
തീരത്തു വീണ്ടും വസിക്കാം.
ഇനിയെങ്ങു വിശ്രമം, ഇനിയേതൊരജ്ഞാത
വനഭൂമി തേടി പ്രയാണം?
ആവില്ലറിഞ്ഞിടാൻ; കൂടുകൾ തേടുന്ന
ജീവന്റെ സഞ്ചാരമാർഗ്ഗം!
ചിറകിൻ തളർപ്പും കിതപ്പുമാറ്റാൻ നമ്മ-
ളൊരുമിച്ചിറങ്ങിയൊരു തീരം
വിട ചൊല്ലുവാനും പിരിയാനുമാവാതെ
വിധുരമായ്‌ നിൽക്കുന്നു മൂകം!
ഇവിടെയിത്തളിർമരക്കൊമ്പിൽ നാമൊന്നിച്ചു
വിരിയിച്ച സൗഹൃദപ്പൂക്കൾ
ഇല കൊഴിഞ്ഞാലും കരിഞ്ഞാലുമുർവ്വിയിൽ
പല മടങ്ങായ്‌ മുളച്ചിടും!
ഈ വംശവൃക്ഷം നശിച്ചിടാ, നവ്യമാം
സുമഗന്ധമിനിയും പരക്കും,
കനികൾ തിന്നാ സ്വപ്നലോകം നിറയ്ക്കുവാൻ
ഇനിയും വിരുന്നുകാരെത്തും
മൃദുലമാം ചിറകുകളൊതുക്കി,പ്പരസ്പരം
തല ചായ്ച്ചുറങ്ങുന്ന മക്കൾ;
കനിവിലൊരു പുതിയ കര തേടിപ്പറക്കുന്ന
സ്മരണയിൽ നിലകൊൾകയാവാം.
പുലരുവാനേറെ രാവില്ല,യെന്നാകിലും
പകരുവാനോർമ്മകൾ ബാക്കി,
ഇടമുറിഞ്ഞടരാത്ത കനവുപോലോർമ്മയിൽ
തെളിയുന്നു വിജനമാം തീരം
ഒരു മേഘമാല താഴ്‌ന്നൊരുമിച്ചപോൽ നമ്മ-
ളൊരുമിച്ചിറങ്ങിയൊരു തീരം
തളിർമരക്കൊമ്പിൽ, ത്തണുത്തമണ്ണിൽ, നല്ല 
തെളിവാർന്ന പുഴതൻ പരപ്പിൽ;
എവിടെയും കളകൺഠ നാദമോടൊരുമയിൽ
ഇരതേടി,യിണതേടി നമ്മൾ
ചിറകടിച്ചാർത്തു നാം, ചടുല നടനങ്ങളാൽ
മദഭരിതമാക്കി മനമാകെ
കളമൊഴികൾ പാടി നാം, മധുരഗാനങ്ങളാൽ
സുഖസാന്ദ്രമാക്കി വനമാകെ
തണലിൽ, സ്വയംവരച്ചമയമാം തൂവലുക-
ളുഴിയുന്നതിന്നിടയ്ക്കെങ്ങോ,
അലസമായ്‌ പാടുന്ന നിന്റെ നേർക്കെന്റെ കൺ-
മുനകളറിയാതെ നീണ്ടെത്തി
ചിരപരിചയം പോലെ, പൂർവ്വ ജന്മന്തര-
ച്ചരടിനാൽ ബന്ധിച്ചപോല;
നിന്റെ സാമീപ്യം മുളപ്പിച്ചൊരുന്മാദ
ലഹരിലാലെൻ മനം കുറുകി.
എന്റെ സ്വപ്നക്കൂടു തീർക്കുവാൻ നീ തന്ന
പുൽത്തണ്ടുപോലുമെന്നുള്ളിൽ
ഇഴതീർത്തു നിർമ്മലപ്രണയമാം പഞ്ജരം;
അടയിരുന്നതിലെന്റെ ഹൃദയം
ഞാൻ ജഗച്ഛക്തിയാം പ്രകൃതി, നീ പൂരുഷൻ;
ഒന്നായി നമ്മൾ, ഒരു പുഴയായ്‌
ഒരു മഹാ സാഗരപ്രളയമായ്‌ മാറി,യതി-
ലുയിർകൊണ്ടിതാദ്യത്തെ ജീവൻ
മുളപൊട്ടി,യൂഷരത നിറഞ്ഞൊരു വനസ്ഥലി-
ക്കകമിട്ട വിത്തുകൾ പോലെ.
ഋതുഭേദമൊന്നും തളർത്താതെ, കാറ്റിന്റെ
ഗതിവേഗമേൽക്കാതെ കാത്തും;
ചെടികളും കരിയുന്നൊരെരിവെയിൽ ചൂടിൽ നാം
ജലമേകി, യിതൾ വാടിടാതെ;
കരൾ നൊന്തു വിരിയിച്ച സ്നേഹപുഷ്പങ്ങളാ-
ണിവർ, വെറും കുഞ്ഞുങ്ങളല്ല!
പുലരുവാനേറെ രാവില്ല,യെന്നാകിലും
പകരുവാനോർമ്മകൾ ബാക്കി.
പകലിന്റെ തിരി താഴവേ, മരക്കൊമ്പിലായ്‌,
പടരുന്ന കൂരിരുൾത്തടവിൽ,
പലതും പറഞ്ഞു നാം പതിയേ മയങ്ങവേ,
ഭയജനക,മിടിനാദമെത്തി!
മേലാപ്പുപോൽ നിന്ന മാമരച്ചില്ലക-
ളുലയ്ക്കുന്നൊരക്കൊടുകാറ്റിൽ,
കാലത്തിനേർപ്പെട്ടൊരോർമ്മപ്പിശകുപോൽ
കാലവർഷാപാതമെത്തി!
എവിടെയോ നിലവിളികൾ;ഒടിയുന്ന ചില്ലകളി-
ലിടിമിന്നലിന്റെ വിളയാട്ടം!
'എവിടെയാണെൻമക്ക'ളെന്നുള്ളൊരാധിയാൽ
വിറപൂണ്ടിരുന്നു നാം രാവിൽ
പുലർവേളയിൽ,ത്താഴെയിരുൾ മായവേ കണ്ടു
ചിറകുകൾ നനഞ്ഞും തളർന്നും,
ചെറുചുണ്ടിനാലൊന്നു കേഴാനുമാവാതു-
റുമ്പരിക്കുന്ന കുഞ്ഞുങ്ങൾ!
ഒരിടത്തു മക്കളെ ലഭിച്ചൊരാഹ്ലാദ,മ-
ങ്ങോരിടത്തു കേൾക്കാം വിലാപം!
ഇണയെപ്പിരിഞ്ഞവർ, കവിയും പ്രതീക്ഷയോ-
ടടവച്ച മുട്ടകളുടഞ്ഞോർ!
ഒരു കുഞ്ഞു പോലും മരിക്കാതെ ശേഷിച്ചി-
രിപ്പില്ലയെന്നുള്ള സത്യം
ഒടുവിലായ്‌ കണ്ടറിഞ്ഞൊരു കിളിപ്പെണ്ണിന്റെ
കരൾ വിണ്ടുകീറുന്ന ശോകം!
മരണമൊരു കഴുകന്റെ ഭാവം പകർന്നുകൊ-
ണ്ടിവിടെക്കടന്നുവേന്നാലും
ഇനിയും പ്രതീക്ഷകൾക്കാകാശമുണ്ടെന്നൊ-
രറിവിൽ നാം ശോകം മറന്നു.
ചിറകുകൾ മുളച്ചൊരാ കുഞ്ഞുങ്ങളാഹ്ലാദ-
കുസുമങ്ങൾ വിരിയിച്ചു നീളെ;
പുതിയ തലമുറയിവിടെ വളരു,മിക്കടനമി-
ങ്ങോളിമാഞ്ഞ ചിത്രമായ്‌ മാറും.
മറവിയുടെ മറവന്നു മാറ്റും, മറക്കുവാൻ
കഴിയാത്ത നഷ്ട സ്വപ്നങ്ങൾ!
മരണവും ജനനവും മറവിക്കിടയ്ക്കുള്ളൊ-
രിരുളും വെളിച്ചവും മാത്രം!
ഒരുമിക്കച്ചൊരേ പൂവിലൂറുന്ന തേൻകുടി-
ച്ചൊരുപോലെ പാടിയോർ നമ്മൾ
ഒരു വെറും സ്മരണയായ്‌ മറയു,മിത്തീരമി-
ന്നൊരു ശൂന്യ ദേശമായ്‌ മാറും!
ഇവിടെ നാമറിയാതുപേക്ഷിച്ചുപോകുന്ന
തൂവലുകൾ തേടിയവരെത്തും
ഇവിടെ നാം പാടിയൊരു പാട്ടിന്റെ മറുമൊഴി
അവരേറ്റുപാടുവാനെത്തും
ഇനിയും വിരുന്നുകാരെത്തവേ,യുത്സവ-
സ്ഥലികളായ്‌ മാറുമിത്തീരം 
അവരെ വരവേൽക്കുവാൻ സ്നേഹസ്മിതത്തോടെ
മാനുഷ്യർ നിൽക്കുകയാവാം
പുലരുവാനേറെ രാവില്ല; നാമൊന്നുമേ
കരുതുന്നതില്ല പാഥേയം!
കരുതുക നമുക്കെഴും പ്രാണന്റെ ശക്തി,യി-
ക്കരയും സമുദ്രവും താണ്ടാൻ!
ഉള്ളിലായ്‌ വീണ്ടുമൊരു ദീപം തെളിക്കുക;
വഴി തെളിക്കട്ടെയതു നമ്മെ!
ഇനി നമ്മളന്യോന്യമാശംസ നേർന്നിടാം;
ഇനി വിശ്രമിക്കുംവരേയ്ക്കും!

വാർത്തയിൽ വരാത്ത വർത്തമാനങ്ങൾ


എ.എസ്‌.ഹരിദാസ്‌ 





സാംസ്കാരികകേരളം അനുഭവിക്കുന്നതും, ഭയാശങ്കകൾ ഉണർത്തുന്നതുമായ വർത്തമാനങ്ങളെക്കുറിച്ച് ശ്രീ.എം.കെ.ഹരികുമാർ (ഗ്രന്ഥലോകം, ജൂൺ 2011) എഴുതിയതിനുള്ള ഒരു പ്രതികരണമാണ്‌ ഈ കുറിപ്പ്‌. മുഖ്യധാരാ മാധ്യമങ്ങളായ ടെലിവിഷനും ഇന്റർനെറ്റും ആണ്‌ അദ്ദേഹം പരാമർശിക്കുന്നത്‌. തീർത്തും നിരാശ തോന്നിക്കുന്ന ആനുകാലിക സാംസ്കാരത്തെ, നിർവ്വികാരമായി, വിമർശനാത്മകമല്ലാതെ എന്നാൽ യാഥാർത്ഥ്യബോധത്തോടെയാണ്‌ അദ്ദേഹം നമുക്കു മുന്നിൽ അവതരിപ്പിക്കുന്നത്‌. 
 പക്ഷേ, മുഖ്യധാരയിൽ ഇടം കിട്ടാത്ത ഒട്ടനവധി സമാന്തര സാംസ്കാരിക പ്രവർത്തനങ്ങൾ അദ്ദേഹം കാണാതെപോയതെന്തേയെന്ന്‌ അത്ഭുതം തോന്നുന്നു. കാരണം, ഹരികുമാർ തന്നെ സമാന്തരമായി പ്രവർത്തിക്കുന്നവരും, അറിയപ്പെടാത്തവരുമായ സാംസ്കാരിക കുതുകികളുടെ ആശാകേന്ദ്രമാണ്‌! സംസ്കാരത്തെ ഗൗരവതരമായ ചർച്ചാ വിഷയമാക്കുന്നവയാണ്‌ അദ്ദേഹത്തിന്റെ തന്നെ രചനകൾ. എന്നിട്ടും താനടങ്ങുന്ന സമാന്തര ചിന്തകരുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പരാമർശനങ്ങളാണ്‌ അദ്ദേഹത്തിന്റെ ലേഖനത്തിൽ കാണാതെ വന്നത്‌.
 കേരളത്തിലെ രാഷ്ട്രീയ സംസ്കാരത്തിനുപോലും ആരോഗ്യകരമായ മാറ്റങ്ങൾ വരാൻപോകുന്നത്‌ കാണാതെ കക്ഷിരാഷ്ട്രീയത്തെ പൊതുവിൽ അപലപിക്കുമ്പോൾത്തന്നെ, ചില ഘട്ടങ്ങളിലെങ്കിലും ഈ അപചയം ഒഴിവാകുന്ന ഒരു രീതി കേരളരാഷ്ട്രീയത്തിൽ രൂപപ്പെട്ടുവന്നിട്ടുള്ളത്‌ ശ്രദ്ധേയമാണ്‌. രാഷ്ട്രീയാഭിപ്രായവ്യത്യാസം മൗലികവാദമാകാതെ, സാമാന്യം ജനാധിപത്യവൽക്കരിച്ചതു സൂക്ഷ്മനിരീക്ഷണത്തിൽ ബോധ്യപ്പെടും. ഇന്ത്യയുടെ മതേതരത്വത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന തീവ്രഹിന്ദുത്വവാദ രാഷ്ട്രീയത്തിന്റെ അധികാരാരോഹണം തടയാനായത്, കഴിഞ്ഞ യു.പി.എ സർക്കാരിന്‌ പുറത്തുനിന്നു പിന്തുണ നൽകാൻ ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ സന്മനസ്സു കാണിച്ചതുമൂലമാണ്‌. എല്ലാ ജനാധിപത്യപ്രസ്ഥാനങ്ങളുടേയും അതിതീവ്രമായ കക്ഷിബോധത്തിന്‌ കുറെ ഇളവുവന്നത്‌. ജനകീയ പ്രശ്നങ്ങളിൽ ചിലതിലെങ്കിലും കോൺഗ്രസ്സിനും ഇടതുപക്ഷത്തിനും അഭിപ്രായൈക്യമുണ്ടായതുകൊണ്ടാണ്‌ . ഈ പുതിയ യോജിപ്പിന്റെ സംസ്കാരം യു.പി.എയുടെ കഴിഞ്ഞ ഭരണത്തിനുശേഷവും പല പാർട്ടികളുടേയും ഗ്രൗണ്ട്‌ ലവൽ ഘടകങ്ങളിൽ നിലനിൽക്കുന്നുണ്ട്‌! പാർട്ടിയുടെ കേന്ദ്രനേതൃത്വം എടുക്കുന്ന വ്യത്യസ്തനിലപാടുകൾ നിലനിൽക്കുമ്പോൾത്തന്നെ, അവയെ അംഗീകരിച്ചുകൊണ്ട്‌ കീഴ്ഘടകങ്ങൾ അതതുപ്രദേശങ്ങളുടെ സാഹചര്യങ്ങൾക്കനുസൃതമായി കക്ഷിബന്ധങ്ങൾ തുടരുന്നുണ്ട്‌. ഇതൊരു ആശാസ്യമായ തുടക്കമാണ്‌. കക്ഷിയെ നിർത്തേണ്ടിടത്തു നിർത്തി കാര്യങ്ങളിൽ പുരോഗതിയുണ്ടാക്കുകയെന്ന പ്രായോഗിക രാഷ്ട്രീയ സമീപനത്തെ പുരോഗമനപരമായി കാണേണ്ടതുണ്ട്‌. 
 ഈ യോജിപ്പിന്റെ പശ്ചാത്തലം, പൊതുവിൽ രണ്ടുപ്രസ്ഥാനങ്ങളും (കോൺഗ്രസ്സും, ഇടതുപക്ഷവും) ജനാധിപത്യത്തിനു വില കൽപ്പിക്കുന്നവയാണെന്നതാണ്‌. 

ജനാധിപത്യമൂല്യങ്ങളോട്‌ ആദരവില്ലാത്ത സമ്പന്നവർഗ്ഗത്തിന്റെ താൽപ്പര്യസംരക്ഷണത്തിന്‌ കൂട്ടുനിൽക്കാനാവില്ലയെന്നതാണ്‌, പാർട്ടികളെന്ന നിലയിൽ രണ്ടായി നിൽക്കുമ്പോൾത്തന്നെ, പൊതുധാരണയുടെ അടിസ്ഥാനത്തിൽ യോജിപ്പിലെത്താൻ കഴിയുന്നത്‌. 
 ഈ പുതിയ രാഷ്ട്രീയ പശ്ചാത്തലത്തിൽ, കേരളത്തിന്റെയെങ്കിലും സാംസ്കാരികരംഗത്ത്‌ ചില പുത്തൻപ്രവണതകൾക്ക്‌ തുടക്കമായിട്ടുണ്ട്‌. 1970-80 കാലത്തെ പോലെ, സമീപകാലത്തും ഫിലിംസോസൈറ്റി പ്രസ്ഥാനം സജീവമായിത്തുടങ്ങിയിട്ടുണ്ട്‌. സമാന്തരസിനിമകൾ കാണാനും ആസ്വദിക്കാനും യുവതലമുറ ശ്രമിക്കുന്നുണ്ടെന്നതിന്റെ തെളിവാണിത്‌.
 വായനശാലകളുടെ കാര്യത്തിലും ഈ വളർച്ചയ്ക്കു തുടക്കം കുറിച്ചിരുന്നു. കേരളത്തിൽ ഗ്രന്ഥശാലാപ്രസ്ഥാനം സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്നതിന്റെ ഫലമാണിത്‌. മലയാള ഭാഷാ സംരക്ഷണത്തിന്റെ കാര്യത്തിൽ ശ്രദ്ധേയമായ മാറ്റങ്ങളുള്ളത്‌ അവഗണിക്കാനാവില്ല. സ്കൂൾതലത്തിൽ തന്നെ അധ്യാപകസമൂഹത്തിന്‌ കാര്യങ്ങളുടെപോക്ക്‌ തിരിച്ചറിയാൻ തുടങ്ങിയതുകൊണ്ടാണിത്‌.
 പുതിയകാലത്തിന്റെ ആരോഗ്യകരമായ സാംസ്കാരിക മുന്നേറ്റങ്ങൾക്ക്‌ പഴയതുപോലുള്ള നിറവും  ഭാവവുമല്ല ഉണ്ടാവുകയെന്നത്‌ നാം ഓർക്കേണ്ടതാണ്‌. വളർന്നുകൊണ്ടിരിക്കുന്ന പുത്തൻസാങ്കേതികവിദ്യയിൽനിന്നും സംസ്കാരത്തെ മാത്രമായി അടർത്തിമാറ്റാനാവില്ല. പുതിയ കാലത്തെ പുത്തൻ സാംസ്കാരിക മുന്നേറ്റങ്ങൾക്ക്‌ ജീവിതത്തെ സംബന്ധിച്ച പുതുമയുടെ ഗന്ധം ഉണ്ടാകാതെ വയ്യ. വളർന്നു വരുന്ന തലമുറ തീർത്തും പുതിയ കാലത്തിന്റെ സന്ദേശങ്ങളാണ്‌ മനസ്സിൽ വഹിക്കുക. പലപ്പോഴും സംഭവിക്കുന്നത്‌. ആരോഗ്യകരമായ സംസ്കാരത്തിന്‌ മുമ്പത്തെ അനുഭവങ്ങളുമായുള്ള താരതമ്യത്തെ ആശ്രയിക്കുന്നതാണ്‌. ഭൗതികവളർച്ചയുടെ മുദ്രപതിപ്പിച്ചുകൊണ്ടല്ലാതെ ആനുകാലിക സംസ്കാരത്തെ നിരീക്ഷിക്കാനാവില്ല. പുത്തൻ അധീശശക്തികളുടെ കടന്നുകയറ്റം സംസ്കാരത്തിലൂടെയാണെന്നു നാം  ഭയപ്പെടുമ്പോഴും, അതിലുള്ള ശാസ്ത്രത്തിന്റെ ഘടകം ഗുണകരമായി കാണണം.
 നന്മയെന്നത്‌ ഏകശിലാരൂപമാണെന്ന സങ്കൽപത്തിനാണു തകരാറ്‌. മാനവികതയുടെ പുത്തൻസങ്കേതങ്ങൾ തേടുമ്പോൾ, അത്‌ ചരിത്രത്തിലൂടെ നമ്മോടൊപ്പം നടന്നത്തെങ്ങനെയെന്നന്വേഷിക്കണം. പ്രത്യയശാസ്ത്രങ്ങളെ കാഴ്ചപ്പാടുകളുടെ പേരിൽ തരംതിരിക്കുമെങ്കിലും, എല്ലാ പ്രത്യയശാസ്ത്രനിർമ്മാതാക്കളും മാനവികതയുടെ പക്ഷത്തു നിന്നവരാണെന്ന സത്യം മറക്കരുത്‌.
 വ്യവസായ വിപ്ലവത്തെത്തുടർന്നു രൂപംകൊണ്ട മാർക്ക്സിയൻ തത്വചിന്തകൾ ഇപ്പോൾ കടപുഴകിയെന്ന്‌ ചിലർ കരുതുമെങ്കിലും, സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ, മാർക്ക്സിസം പുനർവായിക്കപ്പെടുന്നത്‌ അർത്ഥവത്താണ്‌. കൂലി കൂടുതൽ ചോദിക്കുന്ന തൊഴിലാളികൾ സാമൂഹ്യവിരുദ്ധതയുടെപോലും നിറക്കൂട്ടുകളിൽ വരയ്ക്കപ്പെടുമെങ്കിലും ചരിത്രപരമായി ആ വർഗ്ഗം നേടിയെടുത്ത സാമൂഹ്യപദവി അംഗീകരിക്കപ്പെടാതെ വയ്യ. കാൾമാക്സിനുശേഷം (1884) കാലം ഒന്നേകാൽ നൂറ്റാണ്ട്‌ മുന്നേറിയിരിക്കുന്നു. ഇക്കാലത്തിനുള്ളിൽ എത്ര രാജ്യങ്ങളിൽ കമ്യൂണിസ്റ്റ്‌ പാർട്ടി അധികാരത്തിലുണ്ട്‌ എന്ന കണക്കെടുക്കുകയല്ല, പുരോഗമനത്തിന്റെ മാനദണ്ഡം, ലോകത്ത്‌ നിസ്വവർഗ്ഗത്തിന്‌ ഇക്കാലയളവിൽ അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ കഴിഞ്ഞതെത്രത്തോളം എന്നതാവണം മാനദണ്ഡം. കാരണം, മാർക്ക്സിസം ആ വർഗ്ഗത്തിന്റെ മോചനപ്രത്യയശാസ്ത്രമാണെന്നതുതന്നെ!
 ലോകത്തുനിന്ന്‌ ദാരിദ്ര്യം തുടച്ചുനീക്കിയിട്ടില്ല. തൊഴിലില്ലായ്മ രൂക്ഷമാണ്‌. ഭരണകൂടത്തിന്റെ, ജനങ്ങൾക്കുമേലുള്ള കടന്നാക്രമണമുണ്ട്‌-ഇവ നിലനിൽക്കുന്നുവേങ്കിലും, ആ വസ്തുതകൾക്കു നടുവിൽത്തന്നെയാണ്‌, ഇച്ഛാശക്തിയോടെ, സംഘടിപ്പിക്കുന്ന ആർക്കും നീതികൊടുക്കേണ്ടതാണെന്ന പക്ഷത്തേയ്ക്കുള്ള സാമൂഹ്യചിന്തകരുടെ മാറ്റം. ലോകത്ത്‌ വിവിധരാജ്യങ്ങളിലെ ഭരണകൂടങ്ങൾ കമ്യൂണിസ്റ്റ്‌ പാർട്ടികളുടേതല്ലെങ്കിലും മാർക്ക്സിസത്തിന്റേയും, മുക്കാൽ നൂറ്റാണ്ട്‌ നിലനിന്ന സോവിയറ്റ്‌ യൂണിയന്റേയും ഭരണസമീപനത്തിന്റേയും സന്ദേശം, ആ നിലപാടുകൾ, ഭരണകൂടങ്ങളെ സ്വാധീനിക്കുന്നത്‌ ഇപ്പോഴും തുടരുന്നുണ്ട്‌. ജനാധിപത്യപ്രസ്ഥാനങ്ങൾക്കകത്ത്‌, കമ്യൂണിസ്റ്റ്‌ പാർട്ടികൾ എടുത്ത നിലപാടുകളുടെ സ്വാധീനത്തിന്റെ ഫലമായാണ്‌ തീർത്തും ജനവിരുദ്ധമല്ലാത്ത നയസമീപനങ്ങൾ കൈക്കൊള്ളാൻ അവർ നിർബ്ബന്ധിതരാവുന്നത്‌.
 ഈ പൊതുവായ രാഷ്ട്രീയസാഹചര്യമാവണം യു.പി.എ ഭരണത്തിന്‌ ഇടതുപക്ഷ പിന്തുണ നൽകിയ ഇന്ത്യയുടെ രാഷ്ട്രീയസംസ്കാരത്തിനിടയാക്കിയത്‌. ഇതേ പശ്ചാത്തലത്തിൽത്തന്നെയാണ്‌ പുരോഗമനപരമായി ചിന്തിക്കുന്ന ഒട്ടനവധി ആളുകൾ സാംസ്കാരിക പ്രവർത്തനരംഗത്ത്‌ സാർത്ഥകമായ ഇടപെടലിനു തയ്യാറായി മുന്നോട്ടുവന്നിട്ടുള്ളത്‌. ഈ വസ്തുത തിരിച്ചറിഞ്ഞില്ലെന്ന കുറവ്‌ ഇവിടെ പ്രതിപാദിച്ച ശ്രീ.എം.കെ.ഹരികുമാറിന്റെ ലേഖനത്തിനുള്ളത്‌ ഖേദകരമാണ്‌.

പ്രണയമുദ്ര




കെ.ദിലീപ്‌ കുമാർ






1.തടാകം
ഒരു ചെറിയ തെരുവിന്നരികിലൂടെ,
 ഒരു ചെറുകാറ്റിന്റെ ചിറകിലൂടെ,
 സ്വപ്നവുമൊത്തൊരു മേഘമായി,
 ഇമചിമ്മുമോർമ്മയിൽ ശലഭമായി,
 പുഴയിലെ ഉലയുന്ന തോണിയായി,
 പൂവായ്‌ ഇതളായ്‌ വിഷാദമായി,
 വെയിലിലും മഴയിലും ഈ തടാകം!
 ഇവിടെ  ഈ വെയിലിൽ കളിച്ചു തിമിർത്തത്താര്‌?
 മഴയിൽ നനഞ്ഞു വിടർന്നതാര്‌?
 ഇരവിലുറങ്ങിക്കിടന്നതാര്‌?
 മലകളുന്നുണ്ടായിരുന്നുവല്ലോ.
 മലകളിൽ,
 വൃക്ഷങ്ങൾ പക്ഷികൾ
 പാട്ടിന്റെ കോട്ടകൾ
 പൊട്ടിച്ചിരിക്കുമരുവികൾ
 കാഴ്ചയുടെ പുത്തൻ വിരുന്നുകൾ
 അങ്ങനെ പലതുമുണ്ടായിരുന്നു.
 ഏതു നാളാണത്‌?
 ഏതു നാടാണത്‌?
 ആരാണു കാറ്റിൽ  പറന്നു നടന്നവൻ
 ആരാണു മഴയിൽ കുതിർന്നവൻ?
 വഴികളിൽ നീലവെളിച്ചം നിറയുന്നു
 ആ വെളിച്ചത്തിൽ തെളിയുന്നു കാഴ്ചകൾ
 ഏതു നാൾ?
 ഏതു നാട്‌?
 ഏതു വെളിച്ചം?
 ആരാണതെന്നു പറയുവാനാകാതെ
 പുഴകളും രാത്രിയും മന്ദീഭവിക്കുന്നു.
 ഞാനാണ്‌,
 നീയാണ്‌,
 നമ്മുടെ ശൈശവബാല്യകൗമാരങ്ങളാണവ! 
 ഹാ!  പ്രണയസ്മൃതികളിൽ 
 മങ്ങിമയങ്ങിത്തളരുന്നു പൂവുകൾ.
 ഒരു ചെറിയ  തെരുവിന്നരികിലൂടെ
 ഒരു ചെറുകാറ്റിന്റെ ചിറകിലൂടെ
 ആരോ വരുന്നൊരാൾ; എന്തിനാവാം!
  ***********
അതൊരു സന്ധ്യയാണ്‌
 സ്വപ്നങ്ങളുടെ ഇമയനക്കം!
 കാഴ്ചയിൽ നിറയുന്ന സിന്ദൂരം! 

 ഓർമ്മയുടെ മലഞ്ചെരിവുകളിലെങ്ങും
 പൂവുകൾ.
 പൂവുകളിലെ കാറ്റ്‌.
 പൂക്കളിലൊഴുകുന്ന കാറ്റിന്റെ പുഴ.
 പുഴയിലെ കളിയോടമാണവൻ!
 സ്വപ്നങ്ങളിൽ തുഴഞ്ഞു നടക്കുന്നവൻ.
 സ്വർണ്ണനിറമുള്ള ഒരു മേഘം
 അവനെ നോക്കി ചിരിക്കുന്നു.
 ചേക്കയ്ക്കു പോകുന്ന  പക്ഷികൾ
 അവനെ മറികടന്ന്‌ പറന്നുപോകുന്നു.
 ഒരു നക്ഷത്രം മറ്റൊരു നക്ഷത്രത്തോട്‌
 അവൻ ആരെന്നു ചോദിക്കുന്നു.
 ഭൂമിയിലെ ഒരു പുൽക്കൊടി
 അവന്റെ കാലിലുരുമ്മി ചിരിക്കുന്നു.
 ഒരു മണൽത്തരി
 ഇവനോ, ഇവനെന്റെ കൂട്ടുകാരൻ
 എന്ന്‌ നിമന്ത്രണം ചെയ്യുന്നു.
 നക്ഷത്രത്തിനുള്ള മറുപടിയാണോ അതെന്ന്‌
 ഞാൻ ചോദിക്കുമ്പോൾ
 ഒരു തിരവന്ന്‌  ആ മണൽത്തരിയെ 
 കടലിലേക്ക്‌ ഒഴുക്കിക്കൊണ്ടു പോകുന്നു.
 സന്ധ്യ സ്വപ്നങ്ങളാൽ പൂരിതമാകുമ്പോൾ
 ഇരുൾ പരക്കുന്നു.
 സ്വപ്നങ്ങൾ നക്ഷത്രങ്ങളാകുന്നു. 
 ****************
ഒരു തടാകം.
 നിറയെ കൽപടവുകളുള്ള
 തണുത്ത വെള്ളത്തിൽ ഓളങ്ങളുതിർക്കുന്ന
 ഒരു തടാകം.

 എണ്ണമറ്റ ജലജീവികളെ ഉള്ളിലൊതുക്കി
 കാറ്റിനെയും ആകാശത്തിനെയും പ്രതിഫലിപ്പിച്ച്‌
 കാലത്തിന്റെ ചൂടും വെളിച്ചവുമേറ്റ്‌
 ഒരു തടാകം.
 കൽപടവുകളിൽ
 കിളികൾക്കും ഋതുകൾക്കുമൊപ്പം
 രണ്ടു കുട്ടികൾ.
 ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും.
 മൂന്നോ നാലോ വയസ്സുള്ളവർ.
 കിളികൾ കുട്ടികളോട്‌ ചോദിച്ചു:
 "കുളിക്കുന്നില്ലേ?"
 കുട്ടികൾ കിളികളോട്‌ പറഞ്ഞു:
 "അമ്മ വരട്ടെ."

 അമ്മയെയും കുട്ടികളെയും കിളികളെയും
 ചോക്ക്‌ കൊണ്ട്‌ ബ്ലാക്ക്‌ ബോർഡിലെഴുതിയ ചിത്രങ്ങളെയെന്നപോലെ
 കാലം മായ്ച്ചുകളഞ്ഞു.
 നിശബ്ദമായ തടാകത്തിൽ
 തണ്ണീരല്ലാ കണ്ണീരാണെന്ന്‌ ആരോ പറഞ്ഞു.
 ഒച്ചയില്ലാതെ ഒരു ചുംബനം
 പടവുകളിറങ്ങി നിലാവിലാണ്ടു.
 കൈവഴുതിയ സ്വർണ്ണക്കുടം
 പടവുകളിൽ നൃത്തം ചെയ്തുചെയ്ത്‌
 നക്ഷത്രമായി ആകാശത്തിലേക്കുയർന്നു.
           **************
തടാകക്കരയിലിരുന്ന 
 പെൺകുട്ടിയാണ്‌ ഞാൻ.
 അന്നത്തെ ആ പാദസരം
 അന്നത്തെ ആ കാറ്റ്‌
 അന്നത്തെ ആ കൽപടവുകൾ 
 അന്നത്തെ ആ അമ്മ
 അന്നത്തെ ആ കൂട്ടുകാരൻ
 അന്നത്തെ ആ മരങ്ങൾ
 മരങ്ങളുടെ ഇലപ്പച്ച
 കൽപടവുകളിൽ ഉറങ്ങിക്കിടന്നിരുന്ന
 ആൺമയിലിന്റെ
 നിറയെ മിഴികളുള്ള തൂവലുകൾ.....
 എല്ലാം ഓർമ്മയോ മറവിയോ ആയി
 നിലാവിന്റെ വേലികളിൽ പടർന്നു കിടക്കുന്നു.
 അന്നത്തെ ആ കൂട്ടുകാരൻ  പറഞ്ഞതെന്താണ്‌?
 ഞാൻ കേട്ടതെന്താണ്‌?
 ഒരു പക്ഷിയുടെ പാട്ടെന്നപോലെ
 കാലത്തിന്റെ  ചില്ലയിലെവിടെയോ ഉടക്കിയ
 ആ സംഭാഷണങ്ങളുടെ വക്കുകളിൽ
 തിളക്കമുള്ള അലുക്കുകളുണ്ടായിരുന്നുവേന്ന്‌ 
 ഇപ്പോൾ ഞാൻ പറയും.
 തികച്ചും അനലംകൃതമായ ആ സംഭാഷണം!
 അന്ന്‌ ഞാൻ തടാകത്തിലേക്ക്‌ വലിച്ചെറിഞ്ഞ
 ചെറിയ ചരൽക്കല്ലുകൾ
 ജലവിതാനം പിളർന്ന്‌ മറഞ്ഞുപോയി.
 ഇപ്പോഴും ആ ചരലുകൾ
 തടാകത്തിനുള്ളിൽ ഉണ്ടായിരിക്കും.
 ഒറ്റയായോ കൂട്ടമായോ
 ഉറങ്ങിയോ ഉണർന്നോ
 ആ ചരലുകൾ
 ഇപ്പോഴും ഉണ്ടായിരിക്കും.
 കാതോർത്താൽ കേൾക്കാമത്രെ
 ചരൽകല്ലുകളുടെ സംഭാഷണം.
 തടാകത്തിൽ നീന്തുന്ന കമിതാക്കൾ
 അഗാധതയിലെ ചരൽക്കല്ലുകളിൽ
 ചിലപ്പോൾ സ്പർശിക്കാറുണ്ടത്രെ. 
***************
തടാകക്കരയിലിരുന്ന
 ആ ആൺകുട്ടിയാണ്‌ ഞാൻ.
 ചിത്രശലഭങ്ങൾക്കു പിറകെ വെറുതെ....
 നക്ഷത്രങ്ങൾക്കു പിറകെ വെറുതെ....
 ഉച്ചവെയിലിന്റെ സഞ്ചാരത്തിനു പിന്നാലെ വെറുതെ....
 കൂട്ടുകാരിയുടെ പിണക്കത്തിനു പിന്നാലെ വെറുതെ...
 എല്ലാം വെറുതെ, വെറുതെ, വെറുതെ....
 പക്ഷെ ഒന്നും വെറുതെയായിരുന്നില്ല
 ഓരോന്നും ഓരോ നിശ്ചലശിൽപമായിരുന്നു.
 എന്നൊന്നും പറഞ്ഞുകൂടാ.
 ചിലപ്പോഴൊക്കെ അവ ചലിക്കുകയും ചെയ്തു.
 ശബ്ദിക്കുകയും ചെയ്തു.
 എന്തിന്‌ !  കരയുകയും ചിരിക്കുകയും ചെയ്തു.
 ശ്വാസോഛ്വാസം ചെയ്യുകയും സ്വപ്നം കാണുകയും ചെയ്തു.

 ഒന്നും വെറുതെയായില്ല.
 അവൾ അന്നു പറഞ്ഞത്‌
 ഞാൻ മറുപടി പറഞ്ഞത്‌
 ഒന്നും ഓർമ്മയിൽ ശേഷിക്കുന്നില്ല.
 എല്ലാം ജലരേഖകൾ പോലെ.

 എന്നൊന്നും പറഞ്ഞുകൂടാ.
 ചിലതൊക്കെ ഇപ്പോഴും ഓർമ്മയിലുണ്ട്‌.
 എന്നല്ല, മിക്കതും ഓർമ്മയിലുണ്ട്‌.
 ഓർമ്മയിൽ ബാക്കി ഇതൊക്കേതന്നെ!
 ഓർത്തെടുക്കാനാവാത്ത സംഭാഷണങ്ങളിലൊക്കെയും
 പറ്റിപ്പിടിച്ചിരിക്കുന്നത്‌
 കാലത്തിന്റെ വിരലടയാളം പതിഞ്ഞ
 ആ വാക്കുകളല്ലാതെ മറ്റെന്ത്‌?
 ചിത്രശലഭങ്ങളും
 നക്ഷത്രങ്ങളും
 കൽപടവുകളും
 നീയും ഞാനും
 വാക്കുകളലയടിക്കുന്ന സമുദ്രവും
 വെയിലിന്റെ  നടത്തയും
 അമ്പലത്തിലെ മണിയൊച്ചയും
 ഉദാസീനമായ സന്ധ്യയും
 ഒന്നുമൊന്നും അവസാനിക്കുന്നില്ല.
   

2. ഇടവഴി

 ചിരിക്കുന്ന കുട്ടികളും
 ഇടവഴിയും!
 പലപല മണമുള്ള
 ഇടവഴികൾ.
 കരിയിലയുറങ്ങുന്ന
 ഇടവഴികൾ.
 കരിമേഘനിഴലിന്റെ
 പെരുവഴികൾ.
 കാറ്റിലാടി ഉലയുന്ന
 പർവ്വതങ്ങൾ.
 പാട്ടുപാടിച്ചിരിക്കുന്ന
 താഴ്‌വാരങ്ങൾ.
 പുഴയുടെ, പക്ഷിയുടെ
 മരങ്ങളുടെ
 ഉച്ചയുടെ,  വെയിലിന്റെ
 അശാന്തിയുടെ
 രാത്രിയുടെ, നിലാവിന്റെ
 കിനാക്കളുടെ
 സന്ധ്യയുടെ,  തണുപ്പിന്റെ
 പ്രണയത്തിന്റെ
 നീല നീല മിഴിയുള്ള
 നിശബ്ദതകൾ!
 വിരലുകൾ വിലോലമായ്‌
 സ്പന്ദിക്കുമ്പോൾ,
 കാട്ടുപൂക്കൾ വഴിവക്കിൽ
 നൃത്തമാടുമ്പോൾ,
 മഴയുടെ ജാലകങ്ങൾ
 തുറന്നീടുമ്പോൾ,
 ഇടിയുടെ, മിന്നലിന്റെ
 ഭ്രമകാന്തിയിൽ
 കുട്ടികളും വെളിച്ചവും
 ചിരിയും കാറ്റും!
 ഉരഗങ്ങളിഴയുമ്പോൾ
 മിഴിരണ്ടിലും,
 പ്രണയവും പാതിരാവും
 ഇഴചേരുമ്പോൾ
 മണിയൊച്ച മുഴങ്ങുന്ന
 സ്വരം കേൾക്കുന്നു.
 കരിയിലയിളകുന്നു
 കാറ്റിളകുന്നു.
 പൂമരങ്ങൾ ചിരിക്കുന്നു
 പൂ ചിതറുന്നു.
 ചുംബനത്തിരയിളക്കം
 സ്വപ്നസന്ദിഗ്ദ്ധം!
 പരാഗങ്ങളിരമ്പുന്ന
 സന്ധ്യയുന്മത്തം.
 പതംഗങ്ങൾ മയങ്ങുന്നൂ
 പ്രണയമുഗ്ധം.
 വിരൽകോർത്തു വരുന്നതു
 കടൽപ്പക്ഷികൾ!

 ചിരിക്കുന്ന കുട്ടികളും
 ഇടവഴിയും.
 പല പല നിറമുള്ള
 ചെറുവഴികൾ.

 ഒച്ചയില്ലാത്ത വഴികളിലൂടെ
 ഞങ്ങൾ നടന്നപ്പോൾ
 ഒച്ചയും വെളിച്ചവുമായ പച്ചിലകൾ
 പ്രണയത്താലുലഞ്ഞു.
 വേലിത്തലപ്പുകൾ മുഗ്ധമായി.
 പാഠപുസ്തകത്തിലെ പാഠങ്ങൾ
 ബാഗിൽനിന്ന്‌ പുറത്തുചാടി.
 വളവുകൾ തിരിയുമ്പോൾ
 ഞങ്ങൾ ഒരാകസ്മികതയ്ക്ക്‌ കാത്തു.
 എതിരെ വരുന്നയാളുടെ കണ്ണുകളിൽ
 അസ്ത്രമുന തെരഞ്ഞു.
 കയ്യാലമതിലിലിരുന്ന്‌ ഒരണ്ണാൻ ചിരിച്ചു.
 ആൺകോഴികളും പെൺകോഴികളും
 പറമ്പുകളിൽ പ്രണയം ചിതറി.
 മോതിരവിരലിലെ തഴമ്പ്‌
 അവൾ കാണിച്ചുതന്നു.
 മഴവന്നപ്പോൾ ഒറ്റക്കുഴക്കീഴിൽ പോകാൻ മടിച്ച്‌
 കുട തുറക്കാതെ
 രണ്ടുപേരും മഴയിൽ കുതിർന്നു.
 മഴയുടെ ചില്ലുവീണ കണ്ണുകൾകൊണ്ട്‌
 പരസ്പരം നോക്കിക്കണ്ടു.
 കണ്ണീരിന്റെയും  വിയർപ്പിന്റെയും
 ഉപ്പുരുചി ചുണ്ടിൽ തടഞ്ഞു.
 ഏകാന്തമായ ഒരു ചുംബനംപോലെ
 ആ രുചി മനസ്സിൽ കുടുങ്ങി.
 പുറത്തേക്കിറങ്ങാൻ വഴിയറിയാതെ
 അത്‌ അവിടെയുമിവിടെയും അലഞ്ഞു.
 മഴ നനഞ്ഞ  വൈകുന്നേരങ്ങളും
 വെയിൽ തുടിച്ച വൈകുന്നേരങ്ങളും
 ഒരുപോലെ കോരിക്കുടിച്ചുകൊണ്ട്‌
 നിന്റെ വീടിനുമുന്നിലെത്തവേ
 യാത്രയിൽ വിരഹം പടർന്നു.

 തിരിഞ്ഞുനോക്കിയപ്പോൾ
 അസ്തമയാകാശം.
 അസ്തമയാകാശത്തിനിപ്പുറും നിന്റെ വീട്‌
 ഓരോ ദിവസവും മനസ്സിൽ ഓരോ അടയാളം!
  ******

 നിങ്ങൾ കുട്ടികളെക്കണ്ട്‌
 പർവ്വതം താഴ്‌വരയോട്‌ ചിരിച്ചു.
 അങ്ങനെയാണ്‌ പുതിയൊരു നീരരുവി
 ഒരു സായാഹ്നത്തിൽ ആവിർഭവിച്ചതു.
 പർവ്വതത്തിന്റെ  ശൃംഗോന്നതിയിൽ നിന്ന്‌
 താഴ്‌വരയിലെ തടാകത്തിലേക്ക്‌
 ഏറ്റവും ഏകാന്തമായി അത്‌ ഒഴുകി.
 ആരും അറിഞ്ഞില്ല.
 ആരും സ്പർശിച്ചില്ല.
 പർവ്വത ശൃംഗത്തിൽ നിന്ന്‌
 തടാകത്തിലേക്ക്‌ ഒരു നേർരേഖ.
 വേട്ടക്കാർ ആ നീർച്ചാലിൽ
 ആയുധത്തിലെ രക്തക്കറ കഴുകിയില്ല.
 പക്ഷികളോ അലയുന്ന മൃഗങ്ങളോ
 ആ നീരരുവിയിലെ ജലം കുടിച്ചില്ല.
 ഏകാന്തത്തയിൽ നിന്ന്‌
 നിശബ്ദതയിലേക്ക്‌ ഒരു നേർരേഖ.

 ഹേമന്തത്തിലെ ചില വിഭാതങ്ങളിൽ
 കോടമഞ്ഞിന്റെ  പടവുകൾക്കിടയിലൂടെ
 ചില വെണ്മേഘങ്ങൾ അരുവിയലണയും.
 ആരും കാണാതെ നീന്തിത്തുടിക്കും.
 വെയിൽ പരക്കുന്നതിനു മുമ്പ്‌
 ആകാശനീലിമയിലേക്ക്‌ പറന്നുയരും.
 ചില രാത്രികളിൽ ചില നക്ഷത്രങ്ങൾ
 അരുവിയിൽ കളിയോടങ്ങളിറക്കും.
 നക്ഷത്രങ്ങളും കളിയോടങ്ങളും ഒഴുകി നടക്കും.
 നിലാവിന്റെ വഴികളിൽ പാട്ടു പരക്കും.
 നിങ്ങൾ കുട്ടികളെക്കുറിച്ച്‌
 വേണ്മേഘങ്ങളും അരുവിയും സംസാരിക്കാറുണ്ട്‌.
 മേഘത്തിന്റെ അതിരുകളിൽ
 അപ്പോൾ ഭൂതകാലം വെട്ടിത്തിളങ്ങും.
 അരുവിയിൽ സ്വപ്നങ്ങൾ പതയും.
 നിങ്ങൾ കുട്ടികളെക്കുറിച്ച്‌
 നക്ഷത്രങ്ങളും അരുവിയും സംസാരിക്കുമ്പോൾ,
 അഗാധമാകുന്ന അരുവിയിൽ
 നക്ഷത്രങ്ങൾ അന്തർഭവിക്കും.
  ******

 എല്ലാ ഇടവഴികളിലും അവനുണ്ട്‌.
 പഴയകാലത്തിന്റെ
 പഴയ വൈകുന്നേരങ്ങളിലെ
 സ്കൂളിൽ നിന്നു വീട്ടിലേക്കുള്ള
 കരിയിലകൾ നിറഞ്ഞ
 ഇടവഴികളിൽ മാത്രമല്ല;
 എല്ലാ ഇടവഴികളിലും അവനുണ്ട്‌.
 ചിലപ്പോൾ വെയിലിന്റെ നിഴലിനൊപ്പം
 മഴയിലെ കലക്കവെള്ളത്തിനൊപ്പം.
 തെളിയാത്ത വഴിത്താരയിലെ
 കാട്ടുമുള്ളുകൾക്കൊപ്പം.
 മഞ്ഞച്ചേരയുടെ പുളയുന്ന വേഗതയ്ക്കൊപ്പം.

 ഇടവഴിയോരത്തെ ഇല്ലിമുൾവേലിയിലുടക്കി
 ചെറിയ വേദനയും രക്തവും
 ഓർമ്മയെ നനയ്ക്കുമ്പോൾ
 ഉടുതുണിയിൽ അടയാളമാകുന്നത്‌ അവൻ.
 വളവിൽ മോട്ടോർ ബൈക്കിനു മുന്നിൽ
 പാഠപുസ്തകങ്ങൾ  ചിതറുമ്പോൾ
 അവനില്ലെങ്കിൽ അവന്റെ ഓർമ്മ.
 പുസ്തകങ്ങൾ പിറക്കിത്തരുന്നവൻ!
 കണ്ണിലെ കണ്ണീർ കാറ്റിനാലുണക്കിത്തരുന്നവൻ!
 സ്നേഹത്തെക്കുറിച്ചു പറയുമ്പോൾ
 മനസ്സിൽ നിറയുന്നത്‌
 തെരുവുകളല്ല, ഇടവഴികളാണ്‌.
 ഓർമ്മയുടെ വിരലുകളിൽ പിടിച്ച്‌
 അവൾ ഇടവഴികളിലൂടെ അലയുന്നു;
 വിധുരയായി, വിലാസിനിയായി.
  ******

 ഒരിക്കലും ചുംബിക്കാനായില്ല.
 ഇടവഴികളിൽ എപ്പോഴും ആരെങ്കിലുമുണ്ടാകും.
 വളവുകൾ നിരവധി
 ഏകാന്തദൂരങ്ങൾ അനവധി.
 എങ്കിലും കരിയിലകൾ അനങ്ങിക്കൊണ്ടിരിക്കും.
 കാറ്റ്‌ പൊടുന്നനേ പ്രത്യക്ഷമാകും.
 ചിലപ്പോൾ ചുംബിക്കണമെന്നു തോന്നും.
 വിയർപ്പും സ്വപ്നങ്ങളും അലിയുന്ന മുഖം
 കണ്ണുകളിലെ പ്രകാശജാലകം.
 അപ്പോൾ നടത്ത നിറുത്തി
 ഏതെങ്കിലും  തണലിൽ  നിൽക്കും.
 വിരലുകളിൽ തണുപ്പ്‌ പടരും.
 ഒരിക്കൽ ചുംബിക്കാനൊരുങ്ങി,
 ഒരു മദ്ധ്യാഹ്നത്തിൽ!
 ഇടവഴിയിൽ ആരുമില്ല.
 വേലിക്കരികിലെ വീടുകൾ ഉറക്കമാണ്‌.
 ആകാശത്തിൽ മേഘങ്ങളില്ല.
 പൊടുന്നനേ അവൾ അപ്രത്യക്ഷയായി!
 ഒരിക്കൽ അവൻ ചുംബിച്ചതായി
 അവൾ സ്വപ്നം കണ്ടു.
 ഇടവഴിയിൽ കാറ്റുണ്ടായിരുന്നു.
 വെളിച്ചമുണ്ടായിരുന്നു.
 പൂക്കളും പെൺകുട്ടികളും ഉണ്ടായിരുന്നു.
 എങ്കിലും  സ്വപ്നത്തിലെ അവൻ ചുംബിച്ചു...
 ഒരു ചുംബനം  അവർക്കായി  കാത്തുനിന്നു.
 കാറ്റിലും മഴയിലും പതറാതെ
 ചെറിയ നിഴൽമറയിൽ പതുങ്ങി
 ഒരുവളവിലെ നിശബ്ദതയിൽ
 അവർക്കുമേൽ ചാടിവീഴാനായി കാതോർത്ത്‌...
 ആ ദിവസം അവർ വന്നില്ല.
 സന്ധ്യയിൽ ഇടവഴിയെ  നിശബ്ദമാക്കുന്നത്‌
 അദൃശ്യ ചുംബനങ്ങളാണെന്ന്‌ അവൻ പറഞ്ഞു.
 സന്ധ്യയുടെ ഇടവഴി
 ചുംബനങ്ങളുടെ ഇടവഴിയെന്ന്‌ അവൾ പറഞ്ഞു.
 പഴയ ചുംബനങ്ങളാണ്‌ കരിയിലകളെന്നറിഞ്ഞ
 അവർ കരയുകയും ചെയ്തു.
   ******
3

മിനാരം

 മിനാരങ്ങളിൽ കാറ്റു നിറയുമ്പോൾ
 പ്രണയഗോപുരങ്ങളിൽ മണിമുഴങ്ങും.
 മിനാരങ്ങൾ നിലാവേറ്റു തിളങ്ങുമ്പോൾ
 തടാകത്തിൽ താമരകൾ കിനാക്കളാവും.
 മിനാരം കൊടുങ്കാറ്റിലുലയുമ്പോൾ
 പ്രണയപർവ്വതങ്ങളിലഗ്നിനാളങ്ങൾ!

 മേഘങ്ങളിലുരുമ്മും മിനാരങ്ങളേ
 ആഴിത്തിരതെരയും കവാടങ്ങളേ
 വിദൂരതാരങ്ങളാം  മിനാരങ്ങളേ
 സാന്ധ്യശോണിമയിലെ വിഷാദങ്ങളേ,
 പ്രണയത്താലുരുകകയാണോ നിങ്ങൾ!
 വിരഹത്തിലുറയുകയാണോ നിങ്ങൾ!

 ചുറ്റുഗോവണികൾക്കു മുകളിലായി
 നിശ്ചലം, ഏകാന്തമാം നിശബ്ദതയിൽ
 പാദസരം കിലുങ്ങാത്ത രാവുപോലെ
 പൂമരങ്ങൾ ഉലയാത്ത സന്ധ്യപോലെ
 തടാകംപോലെ ശാന്തസമുദ്രം പോലെ
 മിനാരങ്ങൾ കാലത്തിൻ പ്രവാഹംപോലെ!
 മിനാരപ്പടവുകൾ നിണസ്പന്ദിതം.
 മിനാരച്ചിറകുകൾ കാലമുദ്രിതം.
 കാതോർത്താൽ കാറ്റിന്റെ കയമറിയാം.
 കയങ്ങളിൽ നിലാവിന്റെ രാവറിയാം.
 രാവിൽ  ഗദ്ഗദത്തിന്റെ നോവറിയാം.
 നോവാണ്‌ രാവാണ്‌ നിലാവാണ്‌ കയമാണ്‌
 കാറ്റാണ്‌ കാലമാണ്‌; നിണമൊലിക്കും
 പ്രണയത്തിൻ പ്രവാഹമാം മിനാരങ്ങൾ!
 മിനാരങ്ങളിൽ രാത്രിയുറങ്ങീടുമ്പോൾ
 പടവുകളിൽ രക്തമൊലിച്ചീടുമ്പോൾ
 ചിലരുണരും ഭ്രാന്തുപോലെ, നിലാവുപോലെ!
 മിന്നൽപ്പിണരിന്റെ  ചിറകിലേറി
 അവർ കാലഭ്രമണത്തിലദൃശ്യരാകും.
 മിനാരങ്ങൾ കാലത്തിൻ പ്രവാഹം പോലെ
 മിനാരങ്ങൾ സ്നേഹത്തിൻ തടാകംപോലെ
 മിനാരങ്ങൾ സ്വപ്നത്തിൻ സമുദ്രംപോലെ
 വിരഹിയാം ഹിമനദിയെന്നപോലെ
 പ്രണയസന്ദിഗ്ദമാം മാനസംപോലെ.....

 അവൻ പള്ളിമിനാരങ്ങൾ പണിയുന്നവൻ.
 ശ്രദ്ധയോടെ കമ്പികൊണ്ട്‌ ഗോളാകാരമുയർത്തി
 കണക്കുകളിൽ പിഴവുവരുത്താതെ
 സിമന്റും വിയർപ്പും ഋതുക്കളും ചാലിച്ചു ചേർത്ത്‌
 ലോഹനിർമ്മതയ്ക്ക്‌ മുറിവേൽക്കാതെ
 വികാരത്തിന്റെ മണവും ചായവും പകരുന്നവൻ.
 അവൻ ഈ നാട്ടുകാരനല്ല.
 അവൻ പാടുന്ന പാട്ടുകൾ പാട്ടുകളല്ല.
 കാലത്തിന്റെ മറ്റേതോ അതിരിലാണവൻ!
 പാലപ്പൂക്കൾ അവനായി പൂക്കുമ്പോഴും
 തടാകം അവനായി നിറയുമ്പോഴും
 രാത്രിനക്ഷത്രങ്ങൾ  അവനായി കാവൽ നിൽക്കുമ്പോഴും
 ജനശൂന്യമായ പായൽപ്പടവുകൾ പോലെ
 കാലത്തിന്റെ തടാകക്കരയിൽ, അവൻ!

 പണിതീരുന്നതുവരെ
 അവൻ മിനാരത്തിൽ നിന്നും ചുവട്ടിലേക്കില്ല.
 രാത്രിയിൽ മറ്റുപണിക്കാർ ഉറങ്ങുമ്പോൾ
 മിനാരത്തിലെ രാത്രിയിൽ അവൻ ഉണർന്നിരിക്കും.
 മഞ്ഞും മഴയും രാത്രിയെ വിറുങ്ങലിപ്പിക്കുമ്പോൾ
 ഒറ്റ നക്ഷത്രമായി
 ആകാശച്ചരിവിലെന്നപോലെ
 മിനാരത്തിൽ അവന്റെ  ഇമചിമ്മലുകൾ!
 പണികഴിഞ്ഞ്‌ മിനാരത്തിൽ നിന്നിറങ്ങുമ്പോൾ
 ചുറ്റുഗോവണികളിൽ നിശബ്ദതമാത്രമായിരിക്കില്ല.
 ഉറങ്ങുന്ന നിഴലുകൾക്കിടയിൽ
 ചില പെൺകിടാങ്ങളുടെ നിശ്വാസങ്ങൾ കേൾക്കാം.
 പകലുറങ്ങുന്നവരുടെ കൂർക്കംവലി കേൾക്കാം.
 അവൻ അപ്പോൾ  പഴയൊരു മിനാരത്തെയോർക്കും.
 പഴയൊരു പെൺകിടാവിനെയോർക്കും.
 പഴയ ചുറ്റുഗോവണിയിലെ നിഴലും വെളിച്ചവും
 കാലത്തിന്റെ കണ്ണറകളിലൂടെ
 കാറ്റിന്റെ ചിറകിലേറി സഞ്ചരിച്ചുകൊണ്ടിരിക്കും.

 അകലെ  അസ്തമയത്തിൽ നിന്ന്‌
 അവൻ പണികഴിഞ്ഞ മിനാരത്തിലേക്കു നോക്കും.
 അനേകം പണിക്കുറവുകളുള്ള മിനാരം
 അവനെ നിരാശനാക്കും.
 ശിൽപിയുടെ സ്വപ്നം അവന്റെ കണ്ണുകളിലാവർത്തിക്കും.
 കണക്കുകൾ തെറ്റാത്ത മിനാരം
 ആകാശത്തിലേക്കുള്ള കവാടം!
 ദിക്കുകളുടെ കാവൽ നൗക!
 കാലപ്രവാഹത്തിന്റെ യമുന!
 സന്ധ്യ എപ്പോഴും ആ മിനാരത്തിൽ തിളങ്ങും.
 നക്ഷത്രങ്ങൾ ആ മിനാരത്തെ വലം വയ്ക്കും.

 അതവൻ പണിയുന്ന അവസാനത്തെ മിനാരം!
 അവൻ അവളുമൊത്ത്‌ അവിടെ ശയിക്കും.
  ******

 സ്ഫടികമിനാരത്തിനുള്ളിൽ
 അവൾ കാത്തുനിന്നു.
 മിനാരത്തിലേക്കുള്ള സ്ഫടികഗോവണിയിൽ
 ഒരു ദീപം എരിയുന്നുണ്ടായിരുന്നു.
 സ്ഫടികസുതാര്യതയിലൂടെ
 അവൾ പുറംലോകം കണ്ടു.
 മിനാരത്തിലെ സ്ഫടിക ജാലകത്തിന്റെ കവാടം തുറന്ന്‌
 ഇടയ്ക്കിടെ അവൾ പുറംലോകത്തേയ്ക്കുനോക്കി.
 സ്ഫടികത്തിലൂടെ അപഭ്രംശം സംഭവിച്ച ലോകവും
 തുറന്ന ജാലകത്തിലൂടെയുള്ള മറ്റേലോകവും
 ഒരുപോലെ അവളെ വിഷാദവതിയാക്കി.
 മഴവെള്ളത്തിൽ മിനാരസ്ഫടികത
 പുറംലോകത്തെ കുറച്ചുകൂടി അതാര്യമാക്കി.
 വെയിലിന്റെ പാളികൾ മിനാരലോകത്തെ
 കൂടുതൽ സുതാര്യമാക്കി.
 മഞ്ഞിൽ അതാര്യവും
 രാത്രിയിൽ നിശ്ചലവുമായി
 പുറംലോകം  നിറയുകയും ഒഴിയുകയും ചെയ്തു.
 സ്ഫടികമിനാരത്തിനുള്ളിൽ
 അവൾ കാത്തുനിന്നു.
 രാത്രിയുടെ ഇരുണ്ട അന്ധകാരത്തിലൂടെ
 നെറ്റിയിൽ നക്ഷത്രം പതിച്ചുവച്ച ഗന്ധർവ്വന്മാർ
 സ്ഫടികമിനാരത്തിനുചുറ്റും
 പറന്നുനടന്നു.
 മിനാരച്ചുവട്ടിൽ നിന്ന്‌
 പടവുകൾ കയറിവന്ന കാറ്റ്‌
 അവളുടെ ചേലകളെ വലിച്ചുകീറി.
 നഗ്നയും വൃണിതയുമായ അവൾ
 പ്രണയാവേഗത്താൽ പുളഞ്ഞു.
 മിനാരത്തിലെ സുഷിരത്തിലൂടെ
 ഒരു മിന്നാമിനുങ്ങ്‌ പറന്നുവന്നു.
 അവളുടെ മാറിടത്തിൽ അത്‌ വിശ്രമിച്ചു.
 സമുദ്രത്തിലെ തിരകൾ
 സുഷിരത്തിലൂടെ മിനാരത്തിനുള്ളിലെത്തി.
 തിരകൾ കടലിന്റെ അഗാധതയിലേക്ക്‌
 അവളെ ഒഴുക്കിക്കൊണ്ടുപോയി.
  ******

 മിനാരത്തെ തൊട്ടുരുമ്മി
 ഒരു മേഘം കടന്നുപോയി.
 മിനാരത്തിന്റെ നിഴൽ പതിഞ്ഞപ്പോൾ
 മേഘം, പ്രണയം പുരണ്ട കഞ്ജുകമായി.
 മിനാരത്തിനുചുറ്റും
 ചില പക്ഷികൾ വലം വച്ചു.
 മൂന്നാമത്തെ വലത്തു കഴിഞ്ഞപ്പോൾ
 പക്ഷികൾ നക്ഷത്രങ്ങളായി.
 മിനാരത്തിനു മുകളിലേക്ക്‌
 ഒരു പട്ടം കുതിക്കുവാൻ ശ്രമിച്ചു.
 മിനാരത്തിനു മുകളിലുയർന്നപ്പോൾ
 നൂലുപൊട്ടിയ പട്ടം പ്രേതാത്മാവായി.
 മിനാരത്തിലേക്ക്‌ ഒരു യുവതി
 പലതവണ ദൃഷ്ടിപായിച്ചു.
 ക്രമേണ അവൾ പ്രണയിനിയോ,
 ഭ്രാന്തിയോ സ്വപ്നമോ ആയി മാറി.
 മിനാരത്തിന്റെ വാസ്തുഭംഗിയിൽ ആകൃഷ്ടനായ ഒരു യുവാവ്‌
 കണക്കുകൾകൊണ്ട്‌  അതിനെ മനസ്സിലാക്കാനുറച്ചു.
 യുവാവിന്റെ കൈവെള്ളയിൽ നിന്ന്‌
 കണക്കിന്റെ കൈരേഖകൾ മാഞ്ഞുപോയി.
 ഒരു ഭ്രാന്തി മിനാരവുമായി
 സംഭാഷണത്തിലേർപ്പെട്ടു.
 ഭ്രാന്തിന്റെ വാനങ്ങളിൽ
 ദൂരക്കാഴ്ചകളുടെ  മർമ്മരങ്ങൾ പിറന്നു.
 പ്രവാചികയായിത്തീർന്ന ഭ്രാന്തി
 മിനാരപ്പടവുകളിൽ മനസ്സിനെ ഇറക്കിവച്ചു.
 വഴിപോക്കനായ ഒരു മനുഷ്യൻ
 മിനാരത്തണലിൽ അന്തിയുറങ്ങി.
 നിലാവിന്റെ തുള്ളികൾ
 അവന്റെ നിദ്രയെ വിശുദ്ധമാക്കി.
 പാപക്കറകൾ പുരണ്ട ഭൂതകാലവും
 അരക്ഷിതമായ ഭാവിലോകവും
 ചേമ്പിലയിലെ വെള്ളംപോലെ
 അവനിൽ പുരണ്ടതേയില്ല!

 മിനാരത്തിന്റെ കിഴക്കും പടിഞ്ഞാറും
 ദിനരാത്രങ്ങൾ നിറം മാറിക്കൊണ്ടിരിക്കുന്നു.
  ******



 മിനാരങ്ങൾ വെറും തോന്നലുകളാണ്‌;
 സത്യത്തിൽ മിനാരമൊന്നൊന്നില്ല!
 - അവൾ പറഞ്ഞു.

 രാത്രി സ്വപ്നങ്ങളിൽ ഉണരുകയും
 പകൽക്കിനാവുകളിൽ മായുകയും ചെയ്യുന്ന
 മതിഭ്രമങ്ങളാണ്‌ മിനാരങ്ങൾ.
 - അവൻ പറഞ്ഞു.

 മിനാരങ്ങൾ വിളക്കുമരങ്ങളാണ്‌;
 രാത്രിയിലെ യാത്രക്കാരുടെ  ദിശാസൂചികൾ.
 - സഞ്ചാരി പറഞ്ഞു.

 മിനാരങ്ങൾ ഓർമ്മകളാണ്‌
 ബാല്യത്തിൽ പിരിഞ്ഞുപോയ ചങ്ങാതികളാണ്‌
 പ്രണയത്തിന്റെ ഇടറുന്ന ഇടനെഞ്ചാണ്‌
 മിന്നൽ വെളിച്ചത്തിലെ  താമരപ്പൊയ്കയാണ്‌.
 - കവി പറഞ്ഞു.

 മിനാരം കാമുകന്റെ ശരീരമാണ്‌.
 മിനാരത്തിനു മുകളിലേക്കുള്ള പടവുകൾ
 കാത്തിരിപ്പിന്റെ നീളൻ ഇടനാഴിയാണ്‌.
 മിനാരത്തിന്റെ വെളിച്ചം
 ചുകന്ന ശലഭങ്ങളുടെ സന്ധ്യയാണ്‌.
 - കാമുകി പറഞ്ഞു.
 മിനാരത്തിന്റെ നിഴലിൽ
 വസ്ത്രമില്ലാതെ നീ അലയുമ്പോൾ
 മിനാരത്തിന്റെ മകുടം
 നിന്നെ ഉമ്മ വയ്ക്കുന്ന അധരമാണ്‌.
 നിന്നിൽ ഉറങ്ങുന്ന രാത്രിയാണ്‌.
 നിന്റെ  സിരകളിലൊഴുകുന്ന പ്രവാഹമാണ്‌.
 - കാമുകൻ പറഞ്ഞു.
 മിനാരം വെറും ഉപ്പുതൂണാണ്‌
 കാലത്തിലലിയുന്ന ഉപ്പുതൂൺ!
 മിനാരം പ്രണയതൽപമായ ശരീരത്തിന്റെ
 എരിയുന്ന ജ്വാലയാണ്‌.
 മിനാരം ഭ്രാന്തിന്റെ ആകാശത്തിലേക്കു തുറക്കുന്ന
 ഒറ്റവാതിലാണ്‌.
 ഭ്രമണപഥത്തിന്റെ ഭ്രംശനമാണ്‌.
 - മിനാരം പറഞ്ഞു.
  ******



4നഗരം

 നഗരത്തിരക്കുകളിൽ ഗ്രീഷ്മതാപം നിറയുമ്പോൾ
 പൊടിക്കാറ്റിൽ സ്വപ്നങ്ങൾ പുളയാറുണ്ട്‌.
 നഗരത്തെരുവുകളിൽ മതിഭ്രമം പടരുമ്പോൾ
 തെരുവുകൾ ചോരവീണ്‌ നനയാറുണ്ട്‌.
 മഴവെള്ളം നിറയുമ്പോൾ, പുഴപൊട്ടിച്ചിരിക്കുമ്പോൾ
 നഗരവേശ്യകളാകെ നനഞ്ഞൊലിച്ച്‌
 കടലാസുതോണിപോലെ, കറുത്തകണ്ണാടിപോലെ,
 രാത്രികളിൽ ഗലികളിൽ വിറുങ്ങലിപ്പൂ!

 പലതരം വെളിച്ചങ്ങൾ  പരക്കും പകലുകളിൽ
 പലപാട്ടിന്നീരടികൾ പടരും ഇരവുകളിൽ
 പ്രണയത്തിൻ കരിനീല നാഗങ്ങളിഴയുമ്പോൾ
 നഗരവീഥിയിൽ ചില വളപ്പൊട്ടുകൾ!
 തിരക്കിൽ തീവണ്ടിതേടി പൊടിക്കാറ്റുപോലെ നീയും
 ഇരുചക്രവാഹനത്തിൽ പുകയുന്ന ബോംബുപോലെ
 ഞാനുമുണ്ടീ നഗരത്തിൽ; ഹോറണിന്റെ വെടിയൊച്ച
 കേട്ടുഞ്ഞെട്ടും മിഴികളേ, നനയരുതേ!
 പീലിയില്ലാക്കണ്ണുകളിൽ പ്രണയമേതോ
 നീലിമയിലലിയുന്ന മേഘമാകുന്നു.
 നനഞ്ഞ വിരലുകളിൽ നിശബ്ദതയിൽ,
 ഭ്രമണപാളികളിലെ യുദ്വിഗ്നതയിൽ,
 കാറ്റിന്റെ ശിഖരത്തിൽ,
 നിദ്രയുടെ ഉയരത്തിൽ,
 അവയവങ്ങൾ ഓരോന്നായ്‌ ഉരുകിമാറുമ്പോൾ
 സിന്തറ്റിക്‌ ഗന്ധമെങ്ങും പരന്നീടുമ്പോൾ,
 വിയർപ്പിൽ കിനിഞ്ഞീടും പ്രണയഗന്ധത്തെയോർത്തും
 ചിറകൊടിഞ്ഞ രാവതിലെ ചുംബനത്തെക്കുറിച്ചോർത്തും
 നഗരത്തെരുവിലെങ്ങും സന്ധ്യ നിറയുന്നു.
  ******

 കമിതാക്കൾ
 തിരക്കിനിടയിൽ കണ്ടുമുട്ടി.
 തിടുക്കപ്പെട്ട്‌ ഓട്ടോറിക്ഷയിൽ കയറി
 അവർ അപ്രത്യക്ഷരായി.
 കമിതാക്കൾ
 നഗരോദ്യാനത്തിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു.
 ഐസ്ക്രീം കോപ്പയുടെ ഇരുവശങ്ങളിലിരുന്ന്‌
 അവർ പ്രണയിച്ചു.
 ഉരുകിയ  ഐസ്ക്രീം
 പ്രണയത്തിനിടയിലൂടെ ഒലിച്ചുകൊണ്ടിരുന്നു.

 കമിതാക്കൾ
 ഹോട്ടലിൽ ഒരു മുറിയെടുത്തു.
 ടെലിവിഷനിലെ ഫാഷൻ ചാനലിനു മുന്നിൽ
 അവർ സ്വന്തം നഗ്നത അനാവരണം ചെയ്തു.
 പ്രണയ സീൽക്കാരത്തോടെ
 കമിതാക്കൾ ആലിംഗനം ചെയ്തു.
 സമയമില്ല; ആറരയ്ക്കാണ്‌ ട്രെയിൽ.
 -അവൾ പറഞ്ഞു.
 സ്വപ്നങ്ങൾ ജ്‌റുംഭിക്കുന്നതിനിടയിൽ
 ടെലിവിഷനിൽ കോമേഴ്സ്യൽ ബ്രേക്ക്‌!

 കമിതാക്കൾ
 ബസ്സിലെ ഒരേ സീറ്റിലിരുന്ന്‌
 ദൂരയാത്രക്കുപോകവേ, മഴപെയ്തു.
 താഴ്ത്തിയിട്ട്‌, ഷട്ടറിന്റെ സൗജന്യത്തിൽ
 അവർ ആലിംഗനം ചെയ്തു.
 ബ്രേസിയറിന്റെ തടവറയിൽ നിന്ന്‌
 ആട്ടിൻകുട്ടികൾ പുറത്തേക്കിറങ്ങി.
 വന്ധ്യമായ മലഞ്ചെരിവുകളിൽ
 അവ മേഞ്ഞു നടന്നു.
 മൊബെയിൽ ശബ്ദിക്കുന്നു.
 അവളുടെ റിംഗ്ടോണാണ്‌.
 അടുത്ത നിമിഷത്തിൽ റിംഗ്ടോൺ നിലച്ചു.
 മിസ്ഡ്കോൾ!
 ഋതുക്കളില്ലാത്ത തെരുവുകളിൽ
 നിരോധിക്കപ്പെട്ട പ്ലാസ്റ്റിക്‌ ബാഗുകൾക്കുള്ളിൽ
 കൊലചെയ്യപ്പെട്ട ഭ്രൂണങ്ങൾ.
  ******

 ബസ്സിലെ പാതിമയക്കത്തിൽ
 നഗരത്തിലെ ഇരമ്പുന്ന ദൃശ്യങ്ങൾക്കിടയിൽ
 പെട്ടെന്നു മിന്നിമറഞ്ഞു.
 ലിഫ്റ്റ്‌ സ്വിച്ചിൽ വിരലമർത്തി
 കാത്തുനിന്നപ്പോൾ
 നിൽക്കാതെപോയ ലിഫ്റ്റിലും
 മിന്നിമറഞ്ഞു.

 പായുന്ന വാഹനങ്ങൾക്കുള്ളിൽ
 സിനിമാഹാളിലെ മങ്ങിയ പ്രകാശത്തിൽ
 തിരിഞ്ഞുനോക്കാനാവാത്ത തിരക്കുകളിൽ
 ചിലപ്പോൾ നിന്നെപ്പോലെ  ചിലത്‌!
 നിന്റെ പിൻകഴുത്തിലെ അടയാളം.
 ചുണ്ടിനുമുകളിലെ കറുപ്പിന്റെ ചെറു ബിന്ദു.
 പ്രണയമുദ്ര പതിഞ്ഞ അരക്കെട്ട്‌.
 ചുംബനമേറ്റു തളർന്ന ശരീരം....
 ഭാരക്കൂടുതൽ കൊണ്ട്‌ ഒടിഞ്ഞുവീണ
  ഓർമ്മയുടെ വൃക്ഷശിഖരങ്ങളിൽ
 നിറയെ പൂക്കളായിരുന്നു.
 കായ്കളും ഇലകളുമായിരുന്നു.
 ഉന്മത്തസന്ധ്യകളിൽ
 കടൽത്തീരത്തുകൂടി അലയുമ്പോഴും
 കാറ്റു വീശുന്ന തടാകക്കരയിലെ
 പടവുകളിലിരുന്ന്‌ ഓർമ്മിക്കുമ്പോഴും
 മഞ്ഞു വീഴുന്ന ഉദ്യാനത്തിൽ
 പ്രഭാത നടത്തയിൽ മുഴുകുമ്പോഴും
 വെറുതെ മഴയെ നോക്കിനിൽക്കുമ്പോഴും
 ഒരാൾ നിന്നിൽ മിന്നിമായുന്നുണ്ട്‌; തീർച്ച !
  ******

 അഴിഞ്ഞുലഞ്ഞ  വസ്ത്രങ്ങൾക്കുമേൽ
 അവൾ ഒഴുകിക്കൊണ്ടിരുന്നു.
 കഥയിൽ പാഞ്ചാലി പരിമിതയും
 വസ്ത്രം  അപരിമിതവും ആയിരുന്നു.
 ഇവിടെ വസ്ത്രം പരിമിതമാണ്‌.
 സ്ത്രീശരീരം  അവസാനിക്കുന്നതേയില്ല.
 ഒരു പാതിയിൽ അർജുനനും
 മറുപാതിയിൽ ദുശ്ശാസനനും
 അലിഞ്ഞുചേർന്നിരിക്കുന്നു.
 സ്ത്രീയുടെ പുതിയ ഭൂഭാഗങ്ങൾ കണ്ടമ്പരന്ന്‌
 പരിമിതവസ്ത്രത്തിനു മുന്നിൽ പരിഭ്രമിച്ച്‌
 പുരുഷന്മാർ കൂട്ടംകൂടി  നിന്നു.
 ഋതുക്കളുടെ  വേലിപ്പടപ്പുകളും
 കാലത്തിന്റെ മഹാഗോപുരങ്ങളും
 സ്വപ്നങ്ങളുറങ്ങുന്ന  രാത്രിപർവ്വതങ്ങളും
 മഹാവിപിനങ്ങളും പിന്നിട്ട്‌
 അവൾ ഒഴുകിക്കൊണ്ടിരുന്നു.
 പരിമിതവസ്ത്രം ബാക്കിയാകുന്നു.
 കാറ്റിലുണങ്ങാത്ത നനവുമായി
 കാലത്തിനുമേൽ അത്‌ കിടന്നു.
 ചിലപ്പോൾ പതാകപോലെ പാറി
 ചിലപ്പോൾ പതംഗംപോലെ പറന്നു.
 ചോദ്യങ്ങളുമായി ആ വസ്ത്രത്തിനുപിന്നാലെ പോയവർ
 മടങ്ങിവന്നില്ല.
 അവൾക്കാകട്ടെ
 പ്രണയമെന്നപോലെ
 ആ പഴയ ഉടുവസ്ത്രവും
 വെറും ഓർമ്മയായി മാറിക്കഴിഞ്ഞിരുന്നു.
 അർജുനനും ദുശ്ശാസനനും
 ഉടഞ്ഞ കളിമൺ പ്രതിമകളായി
 അവളുടെ വഴിയോരങ്ങളിൽ ചിതറിക്കിടന്നു.
 കാലത്തിന്റെ വിരലടയാളങ്ങൾ പതിഞ്ഞ
 അവളുടെ ശരീരം
 ആകാശത്തിലേക്കുയർന്നു;
 ഭൂമിയിൽ വേരുകളാഴ്ത്തി!
 നക്ഷത്രങ്ങളുടെ വിലാപമാണ്‌, അവളുടെ ഗാഥ.
  ******

 നീ എന്നെ പ്രണയത്തിലേക്കു ക്ഷണിച്ചതോടെ
 കാതരയായ പ്രണയിനിയായി ഞാൻ.
 നിന്റെ ശരീരത്തിലൂടെ  എന്റെ മനസ്സിഴഞ്ഞു.
 നിന്റെ മനസ്സിലൂടെ എന്റെ ശരീരം ഭ്രമണം ചെയ്തു.
 ഇരുട്ടിന്റെ വസ്ത്രങ്ങൾ ധരിച്ച്‌
 നിശകളിൽ നീ എന്റെ ഹോസ്റ്റലിലെത്തി.
 ഹോസ്റ്റലിന്റെ ഇടനാഴിയിലിരുന്ന്‌
 നമ്മൾ ആകാശത്തെയും നക്ഷത്രങ്ങളെയും തൊട്ടു.
 നീ എന്നെ പ്രണയത്തിലേക്ക്‌ ക്ഷണിച്ചതോടെ
 തെരുവിലെ ഹോറണുകൾ എന്നിലേക്കു കടക്കാതായി.
 മൊബെയിലിന്റെ റിംഗ്ടോണിൽ
 പ്രണയത്തിന്റെ സംഗീതം ഞാൻ നിറച്ചുവച്ചു.
 എന്റെ മെയിൽ ബോക്സിനുള്ളിൽ
 നിന്റെ സന്ദേശങ്ങൾ നിറഞ്ഞുകവിഞ്ഞു.
 കിടക്കയിൽ എനിക്കരികിൽ മൊബെയിൽ.
 ലാബ്ടോപ്പിലെ സ്ക്രീൻ സേവറായി നിന്റെ നഗ്നചിത്രം!
 എല്ലാ വഴികളിലും നീ.
 എല്ലാ കാഴ്ചകളിലും നീ.
 കേൾവികളിലും സ്വപ്നങ്ങളിലും നീ മാത്രം.

 പ്രണയത്തിലൂടെ നമ്മൾ പരസ്പരം വലിച്ചിഴച്ചു.
 പ്രണയം പുരണ്ട വിരലുകൾകൊണ്ട്‌
 ചുമരിൽ നമ്മളെഴുതിയ ചിത്രങ്ങളിൽ
 കറുപ്പും ചുകപ്പും മാത്രം !
 അവ നിണപ്പാടുകളാണെന്നും
 പൊട്ടിത്തെറിച്ച ബോംബിന്റെ അടയാളങ്ങളെന്നും
 കണ്ടവർ കണ്ടവർ പറഞ്ഞു.
 ഒരു ദിവസം ശരീരമില്ലാതെ
 നിണമുതിരുന്ന വെറും ശിരസ്സായി നീ വന്നു.
 ഒരു ദിവസം ശിരസില്ലാതെ
 പിടയുന്ന വെറും ശരീരമായി നീ വന്നു.
 എന്റെ അവയവങ്ങൾ പലതായി ചിതറിമാറി.
 കിഴക്കോട്ടുപോയ അവയവങ്ങൾ
 പടിഞ്ഞാറോട്ടുപോയ അവയവങ്ങളെ മറന്നു.
 തെക്കോട്ടും വടക്കോട്ടും
 ആകാശത്തിലേക്കും പാതാളത്തിലേക്കും
 പ്രണയവും അവയവങ്ങളും ശിഥിലമായി.
   ******

അഞ്ച്‌തീവണ്ടി

 തീവണ്ടികളുടെ തീവണ്ടി
 തളർന്നു നിൽക്കുകയാണല്ലോ!
 പാട്ടുകൾ പാടുകയാണല്ലോ!
 നർത്തനമാടുകയാണല്ലോ.
 മോഹത്തിന്റെ നിശബ്ദതയിൽ
 തീവണ്ടികളുടെ തീവണ്ടി.
 കാലത്തിന്റെ വഴിയരികിൽ
 തീവണ്ടികളുടെ തീവണ്ടി.
 തീവണ്ടിയുടെ ബോഗിക്കുള്ളിൽ
 പ്രണയികൾ നമ്മളിരമ്പുന്നു.
 ഓർമ്മയിലുലയും ദൃശ്യംപോൽ
 കാഴ്ചനിറയ്ക്കും കടൽപോലെ
 തീവണ്ടികളുടെ  തീവണ്ടി
 ജീവിതമാകെയിരമ്പുന്നു.
 ഗുഹയിലിരുട്ടിൽ തീവണ്ടി
 തളർന്നു നിൽക്കുകയാണല്ലോ!
 ബോഗിയിലാകെ പ്രണയത്തിൻ
 ഇരുൾ പരക്കുകയാണല്ലോ!
 ഇരുളിൽ നമ്മളുണരുന്നു
 ഇരുളിൽ നമ്മളിഴയുന്നു
 ഇരുളിൽ നമ്മളിരമ്പുന്നു
 തീവണ്ടികളുടെ തീവണ്ടി!

 ലോഹത്തിന്റെ തുടർച്ചകളിൽ
 കാലത്തിന്റെ സ്വരം കേൾക്കേ
 തീവണ്ടികൾ നാം ഉണരുന്നു;
 പച്ചവെളിച്ചം തെരയുന്നു.
 തീവണ്ടികളുടെ തീവണ്ടി
 പാളംതെറ്റിപ്പായുന്നു.
 അടയാളങ്ങളിലിടറാതെ
 ആകാശത്തെ തെരയുന്നു!
 തീവണ്ടികൾ നാം ഭ്രാന്തിന്റെ
 വഴികളിലൂടെപ്പായുന്നു.
 ആകാശത്തിൻ ചരിവുകളിൽ
 കാലത്തിന്റെ യഗാഥതയിൽ
 തീവണ്ടികളുടെ തീവണ്ടി
 തളർന്നു നിൽക്കുകയാണല്ലോ!
  ******


 തീവണ്ടിക്കുള്ളിൽ ദൃശ്യങ്ങൾ പെരുകി
 തീവണ്ടിയ്ക്കു വെളിയിലും ദൃശ്യങ്ങൾ!
 കറുത്തതും  വെളുത്തതുമായ ദൃശ്യങ്ങൾ.
 മഞ്ഞയും പച്ചയും നീലയും ചുകപ്പും
 നിറങ്ങളുടെ ചേരുവകൾ
 ഏറിയും കുറഞ്ഞും ദൃശ്യങ്ങളിൽ നിറഞ്ഞു.

 തീവണ്ടിയ്ക്കുള്ളിലെ കമിതാക്കൾ
 തീവണ്ടിയ്ക്കു വെളിയിലെ പൂമരത്തെകണ്ടു.
 തീവണ്ടിയ്ക്കുള്ളിലെ പൂമരം
 തീവണ്ടിയ്ക്കുവെളിയിലെ നക്ഷത്രങ്ങളെകണ്ടു.
 തീവണ്ടിയ്ക്കുള്ളിലെ നക്ഷത്രം
 തീവണ്ടിയ്ക്കു വെളിയിലെ  തെരുവിനെ കണ്ടു.
 തീവണ്ടിയ്ക്കുള്ളിലെ തെരുവ്‌
 ഏകാകിയായ ഒരു പക്ഷിയെ കണ്ടു.
 തീവണ്ടിയ്ക്കുള്ളിലെ പക്ഷി
 നിറഞ്ഞൊഴുകുന്ന നദിയെകണ്ടു.
 തീവണ്ടിയ്ക്കുള്ളിലെ നദി
 അനാഥമായകലുന്ന ഒരു ചുംബനത്തെകണ്ടു.
 തീവണ്ടിയ്ക്കുള്ളിലെ ചുംബനം
 പാളത്തിൽ തല  വയ്ക്കുന്ന പ്രണയിനിയെ കണ്ടു.
 അങ്ങനെയങ്ങനെ കാഴ്ചകൾ നീണ്ടുപോയി.....
 വഴിയരികിലെ വിളക്കുമരം
 തീവണ്ടിയ്ക്കുള്ളിൽ രണ്ടുപേർ ഇണചേരുന്നതുകണ്ടു.
 വഴിയരികിൽ ഇണചേരുന്ന രണ്ടുപേർ
 തീവണ്ടിയ്ക്കുള്ളിലെ സന്യാസിനിയെകണ്ടു.
 വഴിയരികിലെ സന്യാസിനി
 തീവണ്ടിയ്ക്കുള്ളിലൊഴുകുന്ന കാലത്തെ കണ്ടു.
 വഴിയരികിലെ കാലം
 തീവണ്ടിയ്ക്കുള്ളിലെ തടാകം കണ്ടു.
 വഴിയരികിലെ തടാകം
 തീവണ്ടിമുറിയിലെ പ്രേതത്തെകണ്ടു.
 വഴിയിരികിലെ പ്രേതം
 തീവണ്ടിമുറിയ്ക്കുള്ളിൽ നിലാവുകണ്ടു.
 വഴിയരികിലെ നിലാവ്‌
 തീവണ്ടിമുറിയ്ക്കുള്ളിലെ  കൽപടവുകളും
 കൽപടവുകളിലൂടെ  ഉരുണ്ടുപോകുന്ന വെള്ളം നിറഞ്ഞ കുടവും
 കുടം കൈവിട്ട കന്യകയുടെ വിഹ്വലതയും കണ്ടു.
 കാഴ്ചകൾ അങ്ങനെ നീണ്ടുപോയി.....
 തീവണ്ടിയ്ക്കുള്ളിലും തീവണ്ടിയ്ക്കുവെളിയിലും
 ദൃശ്യങ്ങൾ നിറയുന്നു; ഒഴിയുന്നു.
 റെയിലുകളുടെ സമാന്തരതയിൽ
 ലോഹത്തിന്റെ പതിവുശബ്ദംകേട്ട്‌
 തീവണ്ടി ഓടിക്കൊണ്ടിരിക്കുന്നു.
 ഉള്ളിലും വെളിയിലും ദൃശ്യങ്ങളിരമ്പുന്ന
 പേടകമാണ്‌ തീവണ്ടി.
  ******

 തീവണ്ടി പറഞ്ഞു:
 പണ്ട്‌ മൂന്നു ബോഗികൾ മാത്രമുള്ള
 ഒരു ചെറിയ തീവണ്ടിയായിരുന്നു; ഞാൻ
 വലിയ ചിന്തകളൊന്നുമില്ലാതെ
 പാളങ്ങളിലൂടെ പാടിനടന്നിരുന്ന കാലം.
 ഒരു മദ്ധ്യാഹ്നത്തിൽ, ഒരു മരത്തണലിൽ
 ഞാൻ വിശ്രമിക്കുകയായിരുന്നു.
 അപ്പോൾ മറ്റൊരു മരത്തണലിൽ
 മറ്റൊരു പാളത്തിൽ
 നീലച്ചായമടിച്ച രണ്ടു ബോഗികളും
 ചുകന്നനിറമുള്ള എഞ്ചിനുമുള്ള
 മറ്റൊരു തീവണ്ടി!
 ചെറിയൊരു താളത്തിൽ
 കാറ്റ്‌ വീശിക്കൊണ്ടിരുന്നു.
 വെയിലിലൂടെ   മേഘങ്ങളും മനുഷ്യരും
 വരികയും പോവുകയും ചെയ്തു.
 ചെറിയൊരു ചാറ്റൽമഴ പെയ്തു.
 ആ മദ്ധ്യഹ്നത്തിൽ ആദ്യമായി ഞാൻ
 ആ ചെറിയ തീവണ്ടിയെ കണ്ടു.
 എന്നെപ്പോലെ മറ്റൊരു തീവണ്ടിയെന്ന്‌
 ഞാൻ മനസ്സിൽ പറഞ്ഞു.

 പിന്നെയും ഇടയ്ക്കൊക്കെ
 റെയിലുകളിലെ  വിരസവിശ്രമത്തിനിടയിലോ
 വേഗതയിലെ പാഞ്ഞിപോകലിനിടയിലോ
 ആ തീവണ്ടിയെ കണ്ടു.
 വെറുതെ ചിരിച്ചു.
 കാലം മാറി.
 അനേകം ബോഗികളുള്ള ഒരു കൂറ്റൻ തീവണ്ടിയായി
 ഞാൻ മാറി.
 വെയിലും മഴയും, കാറ്റും കാലവും
 പലപല  ചതുരങ്ങൾ വരച്ചു.
 ഇടയ്ക്കൊക്കെ പിന്നെയും ആ തീവണ്ടിയെ കണ്ടു.
 അതിന്റെ നീളവും താളവും മാറിയിരുന്നു.
 സമാന്തര പാതകളിൽ സഞ്ചരിക്കുകയും
 ഞങ്ങൾ, ചിലപ്പോൾ അടുത്തടുത്ത്‌ വിശ്രമിക്കുകയും  ചെയ്തു.
 ഞാൻ ആ തീവണ്ടിയോട്‌ ചിലപ്പോൾ ചിലതു ചോദിച്ചു.
 ആ തീവണ്ടി മറുപടി പറഞ്ഞു.
 എന്നോട്ടു ചോദിച്ചതിന്‌ ഞാനും മറുപടി നൽകി.
 ഉപേക്ഷിക്കപ്പെട്ട എഞ്ചിനുകൾ
 സ്ക്രേപ്‌യാർഡിൽ തുരുമ്പിക്കുന്നതു കാണുമ്പോൾ
 ആ തീവണ്ടിയെ ഓർമ്മിക്കുന്നു.
 നിൽക്കാതെ പാഞ്ഞുപോകുന്ന
 ഗുഡ്സ്‌ വണ്ടികളെ കാണുമ്പോൾ
 ആ  തീവണ്ടിയെ ഓർമ്മിക്കുന്നു.
 ഓർമ്മകൾ ലോഹസമാന്തരതയിലൂടെ  സഞ്ചരിക്കുന്നു.
  ******

 ഒരിക്കൽ  ഒരു യാർഡിൽ വിശ്രമിക്കുമ്പോൾ
 തൊട്ടരികിലായി രാത്രിയിലെ ഇരുളിൽ
 ഉപേക്ഷിക്കപ്പെട്ട ചില പാഴ്‌വസ്തുക്കൾ കണ്ടു.
 കുറച്ചു കഴിഞ്ഞ്‌ അവ അനങ്ങുന്നതുകണ്ടു.
 കൗതുകം തോന്നി.
 സൂക്ഷിച്ചു നോക്കിയപ്പോൾ, ജീവനുള്ള എന്തോ, എന്നു തോന്നി.
 ഉപേക്ഷിക്കപ്പെട്ടവനെന്നു തോന്നിച്ച
 ഒരു മനുഷ്യനെ കണ്ടു.
 സൂക്ഷിച്ചു നോക്കിയിട്ടും പ്രായം വ്യക്തമായില്ല.
 കൂടെ ഒരു സ്ത്രീയുടെ  അനക്കങ്ങൾ കണ്ടു.
 സൂക്ഷിച്ചു നോക്കിയിട്ടും കൂടുതൽ വ്യക്തമായില്ല.
 പിന്നെ ഒരു പട്ടിയെയും കണ്ടു.
 സൂക്ഷിച്ചു നോക്കി.
 കൂടുതലൊന്നും വ്യക്തമായില്ല.

 അവർ മൂന്നുപോരും നഗ്നരാണെന്നുതോന്നി.
 അവർ ഭക്ഷണം കഴിക്കുകയാണെന്നു തോന്നി.
 അവർ സംസാരിക്കുകയാണെന്നും തോന്നി.
 അവർ മൂന്നുപേരുടെയും ഭാഷ വ്യക്തമായില്ല.
 അവരുടെ ഭാവവും വ്യക്തമായില്ല.
 അവർ മൂവരും  സ്നേഹിക്കുകയാണെന്നും
 ചുംബിക്കുകയാണെന്നും
 പരസ്പരം ഭോഗിക്കുകയാണെന്നും നിനച്ചു.
 കരിയിലകൾ അവർക്കുമേൽ പാറിവീണു.
 കാലവും അവർക്കുമേൽ പാറിവീണുകൊണ്ടിരുന്നു.
 അവർ മൂന്നുപേരും മരിക്കുകയാണെന്നു തോന്നി.
 മരണം വെളിച്ചമാണെന്നും തോന്നി.
 ഒരു തീവണ്ടിയാണു ഞാനെന്നതിൽ.
 അന്ന്‌ ദുഃഖിക്കുകയും സന്തോഷിക്കുകയുംചെയ്തു.
 റെയിൽപ്പാളത്തിൽ പലതായി ചിതറി
 പട്ടി പൊട്ടിച്ചിരിച്ചപ്പോൾ
 ഞാൻ വിശ്രമം മതിയാക്കി.
 അടുത്ത വിശ്രമസ്ഥലത്ത്‌ നിൽക്കുമ്പോൾ
 ഞാൻ ചുറ്റും പരതി.
 അവിടെയുമുണ്ടായിരുന്നു
 ഉപേക്ഷിക്കപ്പെട്ട പാഴ്‌വസ്തുക്കൾ!

 ഞാൻ പ്രണയം മറന്ന്‌ നിശ്ചലതപ്രാപിച്ചു.
  ******

 ഓട്ടത്തിനും വിശ്രമത്തിനുമിടയിൽ
 പലതരം  ചുംബനങ്ങൾ കണ്ടിട്ടുണ്ട്‌.
 ഒരു തീവണ്ടിക്ക്‌  ഇങ്ങനെ പലതും കാണാനാവും.
 കണ്ട ചുംബനങ്ങളിൽ ചിലതിനെക്കുറിച്ച്‌ പറയാം.

 വിജനമായതോ തിരക്കേറിയതോ ആയ
 കംപാർട്ടുമന്റുകളിലോ
 റെയിൽപ്പാളങ്ങളിലോ
 കാത്തിരിപ്പുമുറികളിലോ
 പ്ലാറ്റുഫോമിലോ
 ഏകാന്ത ചുംബനങ്ങൾ സംഭവിക്കുന്നു.
 കാലമോ നേരമോ ഇല്ലാത്ത ഇത്തരം ചൂംബനങ്ങളെ
 അദൃശ്യച്ചുംബനങ്ങളെന്ന്‌ വിളിക്കാം.
 നിഴലുകൾപോലെ
 രണ്ടു കുമാരികുമാരന്മാർ വരുന്നു.
 നക്ഷത്രങ്ങളായി മാറി
 അവർ പരസ്പരം  നോക്കിയിരിക്കുന്നു.
 മുഖമാകെ വിയർപ്പിന്റെ മുത്തുകൾ നിറയുന്നു.
 പിന്നെ പ്രണയാർദ്രരായ അവരിൽ
 ചുംബനം ആർദ്രീഭവിക്കുന്നു.
 റെയിൽപ്പാളങ്ങളിൽ
 മരണത്തിനുമുമ്പ്‌
 പുളയുന്ന കമിതാക്കൾ
 ആഴത്തിൽ ചുംബിക്കുകയും ചെയ്യും.
 തീവണ്ടിയുടെ നാദത്തിനായി
 റെയിലിൽ മുഖം ചേർത്ത്‌
 അവർ ചുംബിച്ചുകൊണ്ടേയിരിക്കും.

 സിഗ്നൽ കാണിക്കുന്നവൻ
 തൂപ്പുകാരിക്കു നൽക്കുന്ന ചുംബനത്തിന്റെ പേര്‌
 പറക്കുന്ന ചുംബനമെന്നാണ്‌.
 സ്കൂൾ കുട്ടികളുടെ ചുംബനം സംഭവിക്കുന്നത്‌
 ഗുഹയിലെ ഇരുട്ടിലൂടെ
 തീവണ്ടി തിരക്കിൽ വിസ്മയിക്കുന്നതിനിടയിലാണ്‌.
 കമിതാക്കളുടെ ചുംബനം
 ചിലപ്പോൾ നനഞ്ഞ കുളിമുറിക്കുള്ളിൽ
 ചുമരിലെ ചിത്രങ്ങളിലേക്കു നോക്കി
 മൂത്രമണത്തോടെ ഇതൾ വിടർത്തും.
 ഒഴിഞ്ഞ റെയിൽവേ പ്ലാറ്റ്ഫോമിലും
 കാത്തിരിപ്പു മുറിയിലും
 നേരം തെറ്റിയ നേരത്ത്‌
 മദ്ധ്യവയസ്കരുടെ ജാരചുംബനങ്ങൾ!
 നിറുത്തിയിട്ട തീവണ്ടിയിലെ
 അവസാനിക്കാത്ത കാത്തിരിപ്പിനും
 കൊഴിഞ്ഞുവീഴുന്ന  ഇലകൾക്കും
 മഞ്ഞിന്റെ രാത്രിക്കുമൊപ്പം
 വെള്ളപ്പുതപ്പു പുതച്ച്‌
 വൃദ്ധചുംബനങ്ങൾ!
 മരണത്തിന്റെ രാത്രിയിൽ
 മുലപ്പാലിന്റെ രുചിയുള്ള
 അവസാനചുംബനം.

 അയാളപ്പെടുത്തപ്പെടാത്ത ചുംബനങ്ങളുടെ
 വിരൽപ്പാടുകൾ നിറഞ്ഞ ശരീരവുമായി
 നിറംമാറുന്ന സമയമാപിനിയുടെ
 പച്ചനിറത്തിനു കാത്തുനിൽക്കുമ്പോൾ
 ലോഹപാളങ്ങളുടെ നിരന്തരചുംബനം.
ആറ്‌ആഴിയും ആകാശവും

 ആഴിയിൽ നിന്നുമാകാശത്തിലേക്കിതാ
 ഏകാന്ത ചക്രവാളങ്ങൾ തൻ വിസ്മൃതി.
 ഓർമ്മകളൊക്കെയുദാസീനമെങ്കിലും
 കാലം തണുത്തുറഞ്ഞീടുന്നുവേങ്കിലും
 കാറ്റിൽ കരിയില പാറുന്നുവേങ്കിലും
 പൂക്കളും വർണ്ണവിതാനങ്ങളും സ്നേഹ-
 ഗദ്ഗദമിറ്റും ഇലകളുമങ്ങനെ!

 നീലിമയാർന്ന നിഴലിൽ നിശബ്ദത
 നിർമ്മലശാന്തി  മന്ത്രമായ്‌ ലസിക്കുന്നു.
 ഈ മരത്തിൽ, ഈ മഹാമരത്തിൽ
 കാലജാലകംപോലെ മുകളിലാകാശവും
 മേഘവും സൂര്യചന്ദ്രന്മാരുമങ്ങനെ!

 കാറ്റിൽ മരത്തിന്റെ മന്ദസ്മിതംപോലെ
 പൂക്കൾതൻ ഗന്ധം നിറഞ്ഞോരുസന്ധ്യകൾ.
 പാഥേയമുണ്ടു മയങ്ങും പഥികന്റെ
 സ്വപ്നവിഭ്രാന്തി  പടർന്ന മദ്ധ്യാഹ്നങ്ങൾ.
 ആർദ്രപ്രഭാതങ്ങൾ ഗന്ധർവ്വരാത്രികൾ
 ഒക്കെയും വിസ്മയമായിരുന്നങ്ങനെ!
 ആഴിയിൽ നിന്നുമാകാശത്തിലേക്കിതാ
 ഏകാന്ത ചക്രവാളങ്ങൾതൻ വിസ്മൃതി.
 പത്രവും വായിച്ചിരിക്കുന്ന വൃദ്ധനും
 ചാരത്തിരുന്ന്‌ പടിക്കലണയുന്ന
 സൂര്യന്റെ സൗമ്യകിരങ്ങൾ ദർശിച്ച്‌
 തേജസ്വിനിയായ്‌  മരുവുന്ന വൃദ്ധയും
 കാലപഥങ്ങളിൽ കാത്തു നിന്നീടുന്നതാരെ?
 മരണത്തെയാവാനിടയില്ല.

 ആഴിയിൽ നിന്നുമാകാശത്തിലേക്കൊരു
 വാതിൽ പോലെന്തോ തുറക്കുകയാണവർ.
 മങ്ങിയ കൺകളിലാകെ നിറയുന്നു
 കാഴ്ചകൾ; കാലമൊഴുക്കിയ മാത്രകൾ!
 ആരാണിവരെന്നു ചോദിച്ചുകൊണ്ടൊരു
 ചാറ്റൽമഴ മെല്ലെമെല്ലെപ്പരക്കുന്നു.
 ചോദ്യത്തിലേക്കൊരു മിന്നൽ പടരുന്നു
 പേമാരി പൊട്ടിച്ചൊരിയുന്നൊലിക്കുന്നു!

 മങ്ങിയ കാഴ്ചകൾ, നാദങ്ങൾ, സ്വപ്നങ്ങൾ
 ആഴിയിൽ നിന്നുമാകാശത്തിലങ്ങനെ!
  ******

 രാത്രിയിൽ നക്ഷത്രങ്ങൾ കൊഴിയുന്ന
 ശബ്ദം കേൾക്കാം.
 മേഘമർമ്മരങ്ങൾകേൾക്കാം.
 ആഴിയും ആകാശവും
 ഏകാന്തചുംബനത്തിൽ ലീനമാകുമ്പോൾ
 തെരുവുവിളക്കുകൾ പടവുകളിറങ്ങി
 നിരത്തിലൂടെ നടത്തതുടങ്ങുന്നു.
 ആഴിത്തിരകൾ
 അഗാധമായ വേരുകളിലേക്ക്‌
 സ്വപ്ന  സന്ദേശങ്ങളയക്കുന്നു.
 പ്രണയം നീലാംബരമാകുന്നു.
 നീലനിറമുള്ള പട്ടു വസ്ത്രത്തിൽ
 പ്രകാശത്തിന്റെ അലുക്കുകൾ തിളങ്ങുന്നു.
 ആഴിയും ആകാശവും
 അഗാധചുംബനത്തിന്റെ ശാന്ത്രിമന്ത്രമാകുമ്പോൾ
 പകലുകളിലും രാത്രികളിലും
 സ്നേഹത്തിന്റെ മഹാപ്രവാഹം.
 തളംകെട്ടിക്കിടക്കുന്ന ചെറുതടാകങ്ങളിലെങ്ങും
 താമരപ്പൂക്കളുടെ കാലൊച്ച.
 വിജനമായ തരിശുനിലങ്ങളിൽ
 മുത്തും പവിഴവും വിളയുന്നു.
 അമൃതും പ്രണയവും കുടിച്ചുമത്തരായ
 മനുഷ്യർക്കും മൃഗങ്ങൾക്കുമൊപ്പം
 നിലാവിന്റെ കുടപിടിച്ച്‌
 മദ്ധ്യാഹ്നത്തിന്റെ തെരുവുകളിലൂടെ
 പക്ഷികളും ഋതുക്കളും
 പ്രണയത്തിന്റെ പ്രവാഹമായ്‌ മാറുന്നു.
  ******

 അവസാനത്തെ അക്ഷരംപോലെ
 എഴുതുന്നതിലൊക്കെ നീ മാത്രം!
 വിവശയും രോഗിണിയുമായ നീ.
 പടവുകളിലെ ഏകാന്തത്ത.
 സ്നേഹത്തിന്റെ ഉരുകുന്ന മെഴുകുതിരി.
 നിഴലുകളില്ലാത്ത വെളിച്ചം....

 ഞാൻ നിന്നെ സ്നേഹിക്കുകയാണ്‌.
 നിന്റെ വെളിച്ചം എന്നിലാകെ നിറയുകയാണ്‌.
 മരണത്തിന്റെ ഗദ്ഗദംപോലെ
 എന്റെ ഓരോബിന്ദുവും നിന്റെ  വെളിച്ചത്താൽ ദീപ്തം.
 കരയരുത്‌!
 ഒച്ചവയ്ക്കരുത്‌!
 ചുറ്റും നിറയുന്ന ഹിമബിന്ദുക്കളിൽ
 പകലുകളുടെയും ഇരവുകളുടെയും ലയം.
 കാറ്റിന്റെയും കാലത്തിന്റെയും ലയം.
 ഋതുക്കളുടെ ലയം.
 രോഗത്തിലേക്ക്‌, മരണത്തിലേക്ക്‌,
 നമ്മൾ കൈപിടിച്ചു നടക്കുന്നു.
 ഓർമ്മകൾ, വിടപറഞ്ഞ അവയവങ്ങളെപ്പോലെ
 നമുക്കു ചുറ്റും തിരകളായിളകുന്നു.
 നോക്കു! നമ്മിൽ  നിന്നും കൊഴിഞ്ഞുപോയവ,
 എന്ന്‌ ഞാനവയെ ഓർക്കുമ്പോൾ
 അവൾ ഗദ്ഗദത്തോടെ എന്നെ ചുംബിക്കുന്നു.
 നിറയുന്ന സന്ധ്യയിലെങ്ങും
 നിറങ്ങൾ തിളങ്ങുന്നു.
 അവൾ എന്നിലേക്ക്‌ പ്രവേശിക്കുന്നു.
 ഞാൻ അവളിലേക്കും!
  ******

 ആ രാത്രിയിൽ
 മേഘവനങ്ങൾക്കിടയിൽ വഴിതെറ്റി.
 നക്ഷത്രങ്ങൾ കരയുന്ന ശബ്ദംകേട്ടു.
 മണൽക്കാട്‌ പതഞ്ഞൊഴുകുന്നതുകണ്ടു.
 ആഴി നിശ്ചലമായി.
 ആകാശത്തിൽ പുതിയ പാതകൾ തെളിഞ്ഞു.
 പാതകളിൽ  തീവണ്ടികളിരമ്പി.
 ആ രാത്രിയിൽ
 സ്നേഹത്തെക്കുറിച്ച്‌ സംസാരിക്കുവാൻ
 അവൾ അപേക്ഷിച്ചു.
 സ്നേഹത്തിന്റെ വിദൂരതയിലേക്ക്‌
 ഞാൻ നക്ഷത്രത്തിലേറി യാത്ര ചെയ്തു.
 സ്നേഹത്തിന്റെ സമീപതയിൽ
 ഞാൻ നിശ്ചലനായി.
 സമീപസ്തവും വിദൂരസ്തവുമായ
 സ്നേഹങ്ങളിലും സന്ദേഹങ്ങളിലും
 ആ രാത്രി നിറയെ മഞ്ഞിൻ തുള്ളികൾ!
 മേഘങ്ങളുടെ വനത്തിലെ
 വഴിതെറ്റിയ സഞ്ചാരികളാണ്‌ ഞങ്ങൾ.
 എന്തുവഴി?
 എന്തു വഴിതെറ്റൽ!
 എല്ലാ വഴികളും
 മഹാചുംബനത്തിന്റെ ആ മണൽപ്പരപ്പിലേക്ക്‌.
 ആഴിയിലേക്ക്‌
 ആകാശത്തിലേക്ക്‌!
 മേഘവൃക്ഷങ്ങൾ ഞങ്ങളെ ചുംബിച്ചു.

 ആ രാത്രിയിലാണ്‌
 പക്ഷികൾ ഞങ്ങൾക്ക്‌ ചിറകുനൽകിയത്‌.
 നിലാവ്‌ ഞങ്ങളുടെ ശയ്യയായത്‌.
 മഴയിൽ പുഴ നൃത്തം വച്ചതു.
 നെറുകയിലെ അലിയുന്ന സിന്ദൂരത്തിൽ
 ചുംബനത്തിന്റെ നിദ്ര പടർന്നത്‌.
 മണൽത്തരികളിൽ സംഗീതം നിറഞ്ഞത്‌.
 ഞാൻ നീയായി മാറിയത്‌.
 നീ ഞാനായി മാറിയത്‌.
 വെളിച്ചത്തിന്റെ വിസ്മൃതിയിൽ നാം അവസാനിച്ചതു.
  ******

 പ്രണയമുദ്ര പതിഞ്ഞ ആഴിയും ആകാശവും.
 അവ പരസ്പരം  പ്രതിബിംബിക്കുന്നു.
 ആവർത്തിക്കുന്ന പ്രതിബിംബങ്ങളുടെ
 സമാന്തരഘോഷയാത്രയിൽ
 ആഴിയിലേക്കും ആകാശത്തിലേക്കും നമ്മൾ!
 നനഞ്ഞ പാദസരങ്ങൾ കിലുങ്ങുന്നില്ല.
 പതംഗങ്ങൾ ആകാശത്തിൽ നിശ്ചലമാണ്‌.
 ആഴിയിലെ ഓടങ്ങളും നിശ്ചലം.
 അനങ്ങാത്ത ഇലകളിൽ നമ്മളുടെ കണ്ണീർ.
 ഇരുണ്ട രാവിന്റെ വാതിലിനുവെളിയിൽ
 നമ്മൾ കാത്തിരിക്കുന്നു.
 ഉപ്പുകാറ്റു വീശുന്നു.
 ശിലകൾ അലിയുന്നു.
 പ്രണയത്തെക്കുറിച്ചും വിരഹത്തെകുറിച്ചും
 നാം മൃദുശബ്ദത്തിൽ പറയുന്നു.
 പാടവരമ്പിലെ നോക്കുകുത്തിക്കുമേൽ
 ഒരു നക്ഷത്രം തിളങ്ങുന്നു.
 ഓർമ്മകളുടെ നക്ഷത്രമാണതെന്ന്‌
 നീ പറയുന്നു.
 പാടവരമ്പും നോക്കുകുത്തിയുമെല്ലാം
 ഓർമ്മകളാണെന്ന്‌ ഞാൻ പറയുന്നു.
 ശബ്ദമില്ലാതെ നമ്മൾ കരയുന്നു.
 നിന്റെ പതാകകളുടെ ശേഖരവും
 എന്റെ നാണയങ്ങളുടെ ശേഖരവും
 നമ്മൾ കൈമാറുന്നു.
 രാജ്യങ്ങൾ ഇല്ലാതായി.
 പതാകകൾ മാറി മറിഞ്ഞു.
 നാണയങ്ങളുടെ കാര്യത്തിലും അതുപോലെ!
 പക്ഷെ നമ്മുടെ ശേഖരങ്ങൾ ഇപ്പോഴും
 ആഴിയും ആകാശവുമെന്നപോലെ!
 സ്നേഹത്തിന്റെ അവസാനസന്ദേശവും നാം കൈമാറിക്കഴിഞ്ഞു.
 മഞ്ഞുമലകൾ ദൃശ്യമാണ്‌.
 മേഘങ്ങൾ ഏകാന്തമാണ്‌.
 ഉൾക്കടലിലെ ശാന്തത്തയിൽ ഉരുക്കളും നിശ്ചലം!
 നമുക്കുമുകളിലെ മേഘം
 പരിഭാഷചെയ്യാനാവാത്ത പ്രണയപാഠം.





pho: 7736558164


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...