Showing posts with label meera krishna. Show all posts
Showing posts with label meera krishna. Show all posts

23 Nov 2012

ഒളിഞ്ഞുനോട്ടക്കാരന്റെ സ്വഭാവം


മീരാകൃഷ്ണ

മങ്കൊമ്പ് ശിവദാസിന്റെ അഴീക്കോട് വിമർശിക്കപ്പെടുന്നു എന്ന കഥാസമാഹാരത്തെക്കുറിച്ച്

മനുഷ്യ സ്വഭാവങ്ങളിൽ നിന്നും സംഭവങ്ങളിൽ നിന്നും ജീവിതത്തിൽ നിന്നും വ്യക്തികളിൽ നിന്നും ചില മാതൃകകളെ തിരഞ്ഞെടുത്ത്‌ ഹാസ്യത്തിന്റെ നറു തേനും ചേർത്ത്‌ വായനക്കാരുടെ മുമ്പിൽ എത്തിക്കുകയാണ്‌. 'അഴീക്കോട്‌ വിമർശിക്കപ്പെടുന്നു' എന്ന കഥാഖ്യാനത്തിലൂടെ മങ്കൊമ്പ്‌ ശിവദാസ്‌ എന്ന കഥാകാരൻ ഇതിലെ കഥകളുടെ പശ്ചാത്തലവും ഇതിവൃത്തവുമെല്ലാം പതിവു കഥാശൈലികളിൽ നിന്ന്‌ വ്യത്യസ്തമാണ്‌ എപ്പോഴും സമൂഹത്തോട്‌ സംവാദാത്മകത പുലർത്തുന്നുമുണ്ട്‌. സാംസ്കാരികവും നൈതികവുമായ നിരവധി വിഷയങ്ങളോടുള്ള റാഡിക്കൽ പ്രതികരണം തന്നെയാണ്‌ ഓരോ കഥയും. ആമുഖക്കഥ മുതലുള്ള 23 കഥകളും ആനന്ദഭൈരവി രാഗത്തിലുള്ള ഒരു കവിതയും ഒറ്റയൊറ്റ രചനകൾ എന്ന നിലയിൽ വ്യത്യസ്ത വായനാനുഭവം പകർന്നുതരുന്നുണ്ട്‌. വർത്തമാന ജീവിതത്തിൽ നിന്നുള്ള ഏതെങ്കിലും അനുഭവത്തെ കേന്ദ്രീകരിച്ചുള്ള ചിന്തകളും സങ്കൽപങ്ങളും കലർന്ന രചനകളാണ്‌ ഇതിലുള്ളത്‌. മാറുന്ന മൂല്യങ്ങൾകൊണ്ട മനയോലതേച്ച്‌ മുഖഗോഷ്ടികാണിക്കുന്നവർക്കുനേരെ പിടിച്ച കണ്ണാടിയാണ്‌ ഇതെന്ന്‌ അവതാരികയിൽ ബീയാർ പ്രസാദ്‌ പറയുന്നു. വണ്ടിയിൽ വച്ച്‌ അമ്മയുടെ മടിയിലിരിക്കുന്ന കുഞ്ഞ്‌ മുലപ്പാൽ കുടിക്കുവാൻ ശ്രമിക്കുന്നതും പരാജയപ്പെടുന്നതുകണ്ട്‌ ഉറങ്ങുന്ന അമ്മയെ ശല്യപ്പെടുത്താതെ കുഞ്ഞിനെ മുലപ്പാൽ കുടിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒരു പാവം യാത്രക്കാരന്റെ ധർമ്മ സങ്കടവും പിന്നീടയാൾക്കുണ്ടാകുന്ന മനോവികാരങ്ങളെല്ലാം സരസമായി ചിത്രീകരിച്ചിരിക്കുന്നു. 

ഈ കഥയെഴുതിയ കാലം രേഖപ്പെടുത്തിയിട്ടില്ല. ഈ പുസ്തകത്തിലെ പല കഥകളും 1990 മുതൽ ഫലിതബിന്ദുക്കളായും പിന്നീട്‌ എസ്‌.എം.എസ്‌. ഫലിതങ്ങളായും കേട്ടുമടുത്ത പ്രമേയങ്ങളാണ്‌. പക്ഷെ ശിവദാസ്‌ വ്യത്യസ്തമായ അവതരണ ശൈലിയാണ്‌ പരീക്ഷിച്ചിരിക്കുന്നത്‌. ഫലിതത്തിന്റെ പൂത്തിരി കത്തിക്കുവാൻ മാതൃത്വത്തിന്റെ മഹനീയതയൂറുന്ന സ്തനങ്ങളെ പല രീതിയിൽ വികൃതവത്കരിച്ചിരിക്കുന്നു. ഇത്തരം ഫലിതങ്ങളെയാണ്‌ ഫ്‌റോയിഡ്‌ എന്ന മനഃശാസ്ത്രജ്ഞൻ സ്വോദ്ദേശ ഫലിതങ്ങളെന്നു വിളിച്ചതു. സ്വോദ്ദേശ ഫലിതത്തിന്റെ ആനന്ദഹേതുക്കളിൽ ഒന്ന്‌ ലൈംഗികമായ പ്രേരണയാണ്‌ പരോക്ഷമായ മാർഗ്ഗത്തിലൂടെ മാനസിക ഊർജ്ജം നഷ്ടപ്പെടുത്താതെ പ്രതികാരമോ കാമപരമോ ആയ ഒരാഗ്രഹം നിറവേറ്റാൻ സാധിക്കുന്നതിലുള്ള ആനന്ദമാണ്‌ ഇത്തരം രചനകൾക്ക്‌ പ്രചോദനമാകുന്നത്‌. ഈ കഥാപുസ്തകത്തിൽ പലയിടത്തും സ്ത്രീയെ പലവിധത്തിൽ ശരീരം, നഗ്നത, സ്വഭാവം മുതലായ വിവിധ ആംഗിളുകളിൽ നിന്ന്‌ വീക്ഷിക്കുന്നതായിട്ടാണ്‌ കാണുന്നത്‌. ഒരു ഒളിഞ്ഞുനോട്ടക്കാരന്റെ സ്വഭാവം കഥാകൃത്ത്‌ കാത്തുസൂക്ഷിക്കുന്നുണ്ട്‌.
വളരെ സാധാരണമായൊരു സംഭവകഥ ഒരസാധാരണ സംഭവമാക്കി മാറ്റുവാനും അവതരിപ്പിക്കുന്ന രീതിയിലൂടെ അനുഭവവേദ്യത വായനക്കാരന്‌ പകർന്നുകൊടുക്കാനുമുള്ള കഥാകൃത്തിന്റെ കഴിവാണ്‌ കഥയുടെ വിജയത്തിന്റെ കാതൽ.

ആമുഖക്കഥ, ഒണ്ടാക്കിക്കഥ മുതലായ കഥകൾ ശീർഷകംപോലെത്തന്നെ മഹത്വവത്കരിക്കപ്പെട്ടവയെ നിസ്സാരവത്ക്കരിച്ചിരിക്കുന്നു. വലിപ്പത്തിന്റെ ചെറുപ്പവും ചെറുപ്പത്തിന്റെ   വലിപ്പവും വെളിപ്പെടുത്തുവാൻ ശിവദാസിനുള്ള കഴിവ്‌ ശ്ലാഖനീയമാണ്‌ .തന്റെ ഹൃദയത്തിൽ ഊറിക്കൂടുന്ന നനുത്ത വികാരവിചാരങ്ങളെപ്പോലും അർത്ഥഗർഭമായ രൂപകൽപനകളാക്കി മാറ്റുന്നു. ആ മാറ്റത്തെ ആസ്വാദ്യമധുരമായ ഒരനുഭവമാക്കി വായനക്കാരിലേക്ക്‌ പകരുന്നു. സാഹിത്യത്തിന്റെ മാനവീകത അനുഭവവേദ്യതയാണ്‌ അർത്ഥമാക്കുന്നതെങ്കിൽ ശിവദാസിന്റെ കഥകൾ സമഗ്രമായ ജീവിതാനുഭവങ്ങളിലൂടെയാണ്‌ കടന്നുപോകുന്നത്‌. അതിൽ ഭാവനയുടെ നിറക്കൂട്ടുകളും കലർത്തുന്നു. വിമർശനത്തിനതീതരായി ആരുമില്ല എന്ന ബോധമാണ്‌ അഴീക്കോട്‌ വിമർശിക്കപ്പെടുന്നു എന്ന കഥയിലൂടെ പകർന്നു തരുന്നത്‌.

ദർശനാ പുസ്തകോത്സവവും അതിന്റെ ദർശനങ്ങളും ചില പൊള്ളത്തരങ്ങളും രേഖപ്പെടുത്തുന്നു. കഥാകൃത്ത്‌ സമൂഹത്തിന്‌ ചില സാംസ്കാരിക പാതകൾ തുറന്നുകൊടുക്കുന്നു. ഇവിടെ തുറന്നെഴുത്താണ്‌ നടത്തിയിരിക്കുന്നത്‌. ഇന്ന്‌ മുഖ്യധാരാ മാസികകളും പ്രസാധകന്മാരും സ്വകാര്യം പോലെ വൈദികന്റെ പ്രണയരഹസ്യങ്ങളും കവിതയായി പുരോഹിതനോടുള്ള പ്രണയങ്ങളും കൊട്ടിഘോഷിക്കുമ്പോൾ സിസ്റ്റർ ജെസ്മിയുടെയും നളിനി ജമീലയുടെയും കഥകൾക്ക്‌ പ്രാമുഖ്യമേറുമ്പോൾ ധാർമ്മിക വ്യാകരണതെറ്റുകൾ നമ്മൾ ഏറ്റുപാടുന്നു, അതു പഠിക്കുന്നു. എഴുത്തിൽ കലാപരമായിട്ടുള്ള തുറന്നെഴുത്താണ്‌ വേണ്ടത്‌. അത്‌ കച്ചവടവത്കരണമായി മാറുന്ന കാഴ്ചയാണ്‌ ഇന്നുള്ളത്‌. വർത്തമാന ജീർണ്ണതകൾക്കു നേരെയുള്ള പരിഹാസ ശരങ്ങളാണ്‌ ശിവദാസിന്റെ തുറന്നെഴുത്തുകൾ പോലും. അത്‌ കലാത്മകമാണ്‌ താനും.

ഇല്ലാക്കഥ എന്ന തലക്കെട്ടിലെ 'കുട്ടനാടൻ പായലും വാരുമ്പം' എന്ന കഥ വായിക്കുമ്പോൾ അതിൽ തലക്കെട്ടു മുതൽ സൂചിപ്പിക്കുന്നത്‌ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം നഷ്ടപ്പെടുന്നതിനെക്കുറിച്ചോർത്തുള്ള ധാർമ്മിക രോഷമാണ്‌. വിപരീത പ്രയോഗത്തിലൂടെ രേഖപ്പെടുത്തുമ്പോൾ ഉദ്ദേശശുദ്ധി നഷ്ടപ്പെടുന്നു. ഗ്രാമങ്ങളെല്ലാം നഗരങ്ങളാകുമ്പോൾ അല്ലെങ്കിൽ നഗരസംസ്ക്കാരം ഗ്രാമങ്ങളിൽ കുടിയിരുത്തപ്പെടുമ്പോൾ പുതിയ ജീവിത പരിസരത്തിന്റെ യാഥാർത്ഥ്യമായ പ്രതീതി യാഥാർത്ഥ്യത്തിലേക്ക്‌ നമ്മുടെ ചരിത്രവും ഇടകലരുന്നു. ഇടകലരലിലൂടെ ചരിത്രങ്ങൾ തിരുത്തപ്പെട്ടേക്കാം. ഗ്രാമീണന്റെ മണ്ണാഴങ്ങളെ അതു മറക്കുന്നു. ഒരു കാലത്തിന്റെ കയ്യൊപ്പോടുകൂടിയ കുട്ടനാടിന്റെ ചരിത്രമുള്ള ഈ കഥയിൽ അതിന്റെ ശാബ്ദിക ഘടനയിൽ പലപ്പോഴും തെളിഞ്ഞുവരുന്നത്‌ ഐറണിയുടെ സാന്നിധ്യമാണ്‌. ശിവദാസിന്റെ കഥകളിലെല്ലാം തന്നെ വിരുദ്ധോക്തിയുടെ വിഭിന്ന രീതികൾ പരീക്ഷിക്കുന്നുണ്ട്‌. സ്വന്തം ഫലിതബോധത്തിൽ നിന്ന്‌ ഉടലെടുക്കുന്ന ഹാസ്യം തന്നെയാണ്‌ ശിവദാസിന്റെ കഥയുടെ ഊർജ്ജം. ചില കഥകളിൽ കഥാകാരൻ വർത്തമാനകാലത്തെ വ്യഥിതവും തീക്ഷ്ണവുമായ ജീവിതാവസ്ഥകളോടു പൊരുത്തപ്പെടാനാവാതെ കലഹിക്കുന്നതായി കാണുന്നുണ്ട്‌. പക്ഷെ, അതോടൊപ്പം തന്നെ എഴുത്തുകാരന്റെ ഉള്ളിലെ ഒരു സാധാരണ മനുഷ്യൻ പലപ്പോഴും പുറത്തുവരുന്നു  കവലയിൽ സന്ധ്യയ്ക്ക്‌ നുണവട്ടം പറഞ്ഞിരിക്കുന്ന ഒരു തനി നാട്ടിൻപുറത്തുകാരന്റെ എല്ലാ സംഭാഷണ ശകലങ്ങളും കഥകളിലുണ്ട്‌. ഓരോ കഥയിലും നിരവധി ധ്വനി സാധ്യതകൾ ഒളിഞ്ഞിരിക്കുന്നു.

കാലത്തിന്റെയും സമൂഹത്തിന്റെയും ദ്രുതപരിവർത്തനങ്ങളിൽ അർത്ഥരഹിതവും ദുഃഖമാനവുമായി തീരുന്ന മനുഷ്യജീവിതത്തെപ്പറ്റിയുള്ള നൊമ്പരം കഥകളിലുണ്ട്‌. ശിവദാസിന്റെ രചനകളിൽ കുട്ടനാടിന്റെ ജീവിതത്താളമുണ്ട്‌. മനോഹരമായ ഭാവനകൾ വെളിച്ചം വിതറുന്ന വിചാരങ്ങൾ നിർമ്മല വികാരം ശ്രേഷ്ഠമായ സമൂഹബോധം ഇവയെല്ലാം മനസ്സിലടുക്കിവച്ചിരിക്കുന്ന ഒരു സാധാരണ മനുഷ്യന്റെ അസാധാരണമായ നിരീക്ഷണങ്ങളാണ്‌ നർമ്മത്തേൻ പുരട്ടി വായനയ്ക്കായി ഒരുക്കിയിരിക്കുന്ന 'അഴീക്കോട്‌ വിമർശിക്കപ്പെടുന്നു' എന്ന ചെറുകഥാ സാഹിത്യം.

18 Mar 2012

മലനാടിന്റെ മാറ്റൊലി നാൽപ്പത്തഞ്ചിന്റെ നിറവിൽ


മീരാകൃഷ്ണ

"വിശ്വമാനവൻ വന്നു
വില്ലുവണ്ടിയിൽ മർത്യ-
സ്വാതന്ത്ര്യ സംഗീതമാ-
യിതിഹാസങ്ങൾ പൂത്തു".
       മാനവികതയുടെ മഹാസൗന്ദര്യം സ്വാതന്ത്ര്യത്തിന്റെ സംസ്കാരമായി കേരളീയ
ദേശീയതയിൽ സർഗാത്മകശക്തിയായതിന്റെ ദേശീയ പൈതൃകമാണ്‌ അയ്യങ്കാളി.
സ്ത്രീകളുടെ മാറുമറയ്ക്കാനും, വഴിനടക്കാനും, നാണം മറയ്ക്കാനും വേണ്ടി
അവകാശ സമരങ്ങൾക്ക്‌ നേതൃത്വം കൊടുത്ത അയ്യങ്കാളി 45 വർഷങ്ങൾക്ക്‌ മുമ്പ്‌
(1967-ൽ പ്രീഡിഗ്രി വിദ്യാഭ്യാസകാലത്ത്‌) കെ.കെ.എസ്‌ ദാസിലൂടെ
ഫ്യൂഡലിസത്തിനെതിരെ പൊട്ടിവീണ തീപ്പൊരിയാണ്‌ മലയാളത്തിന്റെ ഒരു
ഇതിഹാസകാവ്യമായി മാറിയ മലനാടിന്റെ മാറ്റൊലി-കേരളത്തിലെ ചാന്നാർ സ്ത്രീകൾ
മാറുമറയ്ക്കാനുള്ള അവകാശത്തിനായ്‌ നടത്തിയ മനുഷ്യാവകാശ പ്രക്ഷോഭം
തിരുവിതാംകൂറിലെ നാടുവാഴിത്ത ഭരണകൂടം വംശീയ ഉന്മൂലന ഭീകരതയോടെ
അടിച്ചമർത്തി. മാറുമറയ്ക്കാനുള്ള അവകാശം അനുവദിച്ചതു 1859-ൽ ബ്രട്ടീഷ്‌
കൊളോണിയൽ ഭരണകൂടമാണ്‌. സാമ്പത്തിക-രാഷ്ട്രീയ-സാംസ്കാരി
ക അവകാശങ്ങൾക്ക്‌
മർദ്ദിത ജനങ്ങളുടെ സംഘടിത മുന്നേറ്റത്തിന്റെ രാഷ്ട്രീയ
നേതൃത്വശക്തിയായിരുന്ന അയ്യൻകാളി. 1910-ൽ അയ്യൻകാളിയുടെ നേതൃത്വത്തിൽ
നെയ്യാറ്റിൻകര ആരംഭിച്ച വർഗ്ഗസമരം കേരളചരിത്രത്തിലെ നാഴികക്കല്ലാണ്‌.
പുലയലഹള എന്ന പേരിൽ തമസ്കരിച്ചു കളയുന്ന ഈ സ്മരണകളുടെ ചരിത്രപരമായ
പ്രാധാന്യം കാലഘട്ടത്തിന്റെ സവിശേഷതക്കനുസരണമായി അപഗ്രഥിക്കാൻ ഈ
കവിതയിലൂടെ സാധിക്കുന്നു. ഒരേ കുറ്റത്തിന്‌ ജാതിതിരിച്ച്‌ ശിക്ഷകൾ
കൽപിച്ചിരുന്ന കാലം. അടിമക്കച്ചവടങ്ങൾ, സഞ്ചാരസ്വാതന്ത്ര്യമോ,
സംസാരസ്വാതന്ത്ര്യമോ ഇല്ലാത്ത ജനങ്ങൾ, ഞാൻ എന്നതിന്‌ അടിയൻ എന്നും,
കഞ്ഞിക്ക്‌ കരിക്കാടി എന്നും വീടിനു ചാള, മാടം എന്നും,
പ്രസവിക്കുന്നതിന്‌ കുരങ്ങിടുക എന്നും, മനസ്സിന്‌ പഴമനസ്സെന്നും
പറഞ്ഞിരുന്ന കാലം. തലക്കരവും, മുലക്കരവും കൊടുത്തിരുന്ന കാലം, പുലപ്പേടി,
മണ്ണാപേടി മുതലായ അനാചാരങ്ങൾ ഇവയെല്ലാം ഈ കവിതയിലൂടെ ഒഴുകിയെത്തുന്നു.
ചരിത്രപ്രസിദ്ധമായ വള്ളിയൂർകാവിനെപ്പറ്റി പറയുമ്പോൾ കിളികളുടെ
കളകളാരവങ്ങൾ പലപ്പോഴും കവിതാവിഷയമാകാറുണ്ട്‌. പക്ഷേ വള്ളിയൂർ കാവിലെ
അടിമച്ചങ്ങലകളുടെ കിലുക്കം കേൾപ്പിക്കാൻ കേരളത്തിൽ കെ.കെ.എസ്‌ ദാസിനു
മാത്രമേ കഴിഞ്ഞുള്ളൂ എന്നതാണ്‌ പരമാർത്ഥം. അയ്യങ്കാളി പ്രസ്ഥാനത്തിന്റെ
സ്വാതന്ത്ര്യ സൗന്ദര്യ മൂല്യത്തെ സാഹിത്യ സമ്പത്താക്കാൻ മലയാളത്തിന്റെ
സാഹിത്യ നായകന്മാർക്കോ മുഖ്യധാരാ സാഹിത്യ ചരിത്രകാരന്മാർക്കോ
കഴിഞ്ഞിട്ടുണ്ടോ?

       കല്ലട ശശിയുടെ അയ്യങ്കാളിയും കെ.കെ.എസ്‌ ദാസിന്റെ മലനാടിന്റെ
മാറ്റൊലിയുമാണ്‌ മലയാളത്തിൽ അയ്യങ്കാളിയെ പ്രതിഷ്ഠിച്ച കവിതകൾ. ശശി
അയ്യങ്കാളിയെ പാഞ്ചജന്യമായിട്ടാണ്‌ കാണുന്നത്‌. അയ്യങ്കാളിയെ
ബിംബവൽക്കരിച്ച്‌ ഫ്യൂഡൽവിരുദ്ധമായ സത്തയെ അതേ സംസ്കാരത്തിൽ
തളയ്ക്കുകയാണ്‌ ചെയ്യുന്നത്‌. ഇരുളിന്റെ ഉടലിനെ കത്തിച്ചു കൊണ്ടുവരുന്ന
സൂര്യവെളിച്ചമാണ്‌ അയ്യൻകാളിയിലൂടെ ദാസ്‌ കാണുന്നത്‌. കാലത്തെ
അതിജീവിക്കുന്ന വരികളിലൂടെ 45-​‍ാം വർഷത്തിലും രചനയുടെ പ്രാധാന്യം നമ്മൾ
തിരിച്ചറിയുന്ന വരികളാണ്‌.
"കുങ്കുമക്കുറിക്കൂട്ടാ-
ണിന്നു നീ മണ്ണേനിന്റെ
നാൾവരും കർമ്മത്തിന്റെ
കൽവിളക്കായ്‌ നീ മിന്നും"
ശാബ്ദിക സാധ്യതകളെ മുഴുവൻ വെളിവാക്കികൊണ്ട്‌ വികാര സംക്രമണക്ഷമമായി
ചൊല്ലാൻ പറ്റുന്ന കവിതയാണ്‌. ശിൽപ ഭദ്രതയും ഭാഷാമേന്മയും
ഭാവവൈചിത്ര്യങ്ങളും ഈ കവിതയുടെ പ്രത്യേകതയാണ്‌. ജാതിഭീകരതയെ
വർണ്ണിക്കുകയും അതിനെതിരെ പ്രതികരിക്കുകയും ചെയ്യുന്നു. മറ്റേതൊരു
സാഹിത്യകാരനോടൊപ്പമോ അതിലുപരിയോ സംഭാവനകൾ നൽകിയ, യുക്തിവാദത്തിന്റെ
തീപന്തം ജ്വലിപ്പിച്ച്‌ ചിന്താവിപ്ലവം വരുത്താൻ ശ്രമിക്കുന്ന ഈ
സ്വതന്ത്രചിന്തകനെ നമ്മളെന്തേ മറക്കുന്നു, മറയ്ക്കുന്നു? ആവിഷ്കാര
സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം, ജീർണ്ണതകളോട്‌ അടരാടൻ വെമ്പുന്ന
രാഷ്ട്രീയം, സാമൂഹ്യമാറ്റത്തിനുള്ള അതിശക്തമായ ഇടപെടലുകൾ, ഇതൊക്കെയല്ലേ
കെ.കെ.എസ്‌.ദാസ്‌. ദേശീയ സംസ്കാരത്തിന്റെ വികാസധാരയെ സമമാനവികതയുടെ
മൂല്യശക്തിയായ്‌ അയ്യങ്കാളിയിലൂടെ രേഖപ്പെടുത്തിയിരുന്നു. വ്യവസ്ഥകളോട്‌
കലഹിച്ച്‌ ചിന്തയുടെ ലഹരിയിൽ അസ്വസ്ഥനായ്‌ അലയുന്ന ഈ സത്യാന്വേഷിയെ
മലനാടിന്റെ മാറ്റൊലിയിലെ അയ്യങ്കാളി സ്മരണയിലൂടെ നമുക്ക്‌ ദർശിക്കാം.
'വിസ്മൃതിക്കൊരിക്കലും
വിഴുങ്ങുവാനാവാത്തൊരീ
തീവ്രമാം സ്മരണതൻ
ചെങ്കതിരൊളിയിങ്കൽ
നിമിഷം നിൽകുന്നു ഞാനെൻ മനോമുകുരത്തിൻ
താവക സ്വപ്നത്തിന്റെ രൂപരേഖയും നോക്കി"

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...