23 Nov 2012

ഒളിഞ്ഞുനോട്ടക്കാരന്റെ സ്വഭാവം


മീരാകൃഷ്ണ

മങ്കൊമ്പ് ശിവദാസിന്റെ അഴീക്കോട് വിമർശിക്കപ്പെടുന്നു എന്ന കഥാസമാഹാരത്തെക്കുറിച്ച്

മനുഷ്യ സ്വഭാവങ്ങളിൽ നിന്നും സംഭവങ്ങളിൽ നിന്നും ജീവിതത്തിൽ നിന്നും വ്യക്തികളിൽ നിന്നും ചില മാതൃകകളെ തിരഞ്ഞെടുത്ത്‌ ഹാസ്യത്തിന്റെ നറു തേനും ചേർത്ത്‌ വായനക്കാരുടെ മുമ്പിൽ എത്തിക്കുകയാണ്‌. 'അഴീക്കോട്‌ വിമർശിക്കപ്പെടുന്നു' എന്ന കഥാഖ്യാനത്തിലൂടെ മങ്കൊമ്പ്‌ ശിവദാസ്‌ എന്ന കഥാകാരൻ ഇതിലെ കഥകളുടെ പശ്ചാത്തലവും ഇതിവൃത്തവുമെല്ലാം പതിവു കഥാശൈലികളിൽ നിന്ന്‌ വ്യത്യസ്തമാണ്‌ എപ്പോഴും സമൂഹത്തോട്‌ സംവാദാത്മകത പുലർത്തുന്നുമുണ്ട്‌. സാംസ്കാരികവും നൈതികവുമായ നിരവധി വിഷയങ്ങളോടുള്ള റാഡിക്കൽ പ്രതികരണം തന്നെയാണ്‌ ഓരോ കഥയും. ആമുഖക്കഥ മുതലുള്ള 23 കഥകളും ആനന്ദഭൈരവി രാഗത്തിലുള്ള ഒരു കവിതയും ഒറ്റയൊറ്റ രചനകൾ എന്ന നിലയിൽ വ്യത്യസ്ത വായനാനുഭവം പകർന്നുതരുന്നുണ്ട്‌. വർത്തമാന ജീവിതത്തിൽ നിന്നുള്ള ഏതെങ്കിലും അനുഭവത്തെ കേന്ദ്രീകരിച്ചുള്ള ചിന്തകളും സങ്കൽപങ്ങളും കലർന്ന രചനകളാണ്‌ ഇതിലുള്ളത്‌. മാറുന്ന മൂല്യങ്ങൾകൊണ്ട മനയോലതേച്ച്‌ മുഖഗോഷ്ടികാണിക്കുന്നവർക്കുനേരെ പിടിച്ച കണ്ണാടിയാണ്‌ ഇതെന്ന്‌ അവതാരികയിൽ ബീയാർ പ്രസാദ്‌ പറയുന്നു. വണ്ടിയിൽ വച്ച്‌ അമ്മയുടെ മടിയിലിരിക്കുന്ന കുഞ്ഞ്‌ മുലപ്പാൽ കുടിക്കുവാൻ ശ്രമിക്കുന്നതും പരാജയപ്പെടുന്നതുകണ്ട്‌ ഉറങ്ങുന്ന അമ്മയെ ശല്യപ്പെടുത്താതെ കുഞ്ഞിനെ മുലപ്പാൽ കുടിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒരു പാവം യാത്രക്കാരന്റെ ധർമ്മ സങ്കടവും പിന്നീടയാൾക്കുണ്ടാകുന്ന മനോവികാരങ്ങളെല്ലാം സരസമായി ചിത്രീകരിച്ചിരിക്കുന്നു. 

ഈ കഥയെഴുതിയ കാലം രേഖപ്പെടുത്തിയിട്ടില്ല. ഈ പുസ്തകത്തിലെ പല കഥകളും 1990 മുതൽ ഫലിതബിന്ദുക്കളായും പിന്നീട്‌ എസ്‌.എം.എസ്‌. ഫലിതങ്ങളായും കേട്ടുമടുത്ത പ്രമേയങ്ങളാണ്‌. പക്ഷെ ശിവദാസ്‌ വ്യത്യസ്തമായ അവതരണ ശൈലിയാണ്‌ പരീക്ഷിച്ചിരിക്കുന്നത്‌. ഫലിതത്തിന്റെ പൂത്തിരി കത്തിക്കുവാൻ മാതൃത്വത്തിന്റെ മഹനീയതയൂറുന്ന സ്തനങ്ങളെ പല രീതിയിൽ വികൃതവത്കരിച്ചിരിക്കുന്നു. ഇത്തരം ഫലിതങ്ങളെയാണ്‌ ഫ്‌റോയിഡ്‌ എന്ന മനഃശാസ്ത്രജ്ഞൻ സ്വോദ്ദേശ ഫലിതങ്ങളെന്നു വിളിച്ചതു. സ്വോദ്ദേശ ഫലിതത്തിന്റെ ആനന്ദഹേതുക്കളിൽ ഒന്ന്‌ ലൈംഗികമായ പ്രേരണയാണ്‌ പരോക്ഷമായ മാർഗ്ഗത്തിലൂടെ മാനസിക ഊർജ്ജം നഷ്ടപ്പെടുത്താതെ പ്രതികാരമോ കാമപരമോ ആയ ഒരാഗ്രഹം നിറവേറ്റാൻ സാധിക്കുന്നതിലുള്ള ആനന്ദമാണ്‌ ഇത്തരം രചനകൾക്ക്‌ പ്രചോദനമാകുന്നത്‌. ഈ കഥാപുസ്തകത്തിൽ പലയിടത്തും സ്ത്രീയെ പലവിധത്തിൽ ശരീരം, നഗ്നത, സ്വഭാവം മുതലായ വിവിധ ആംഗിളുകളിൽ നിന്ന്‌ വീക്ഷിക്കുന്നതായിട്ടാണ്‌ കാണുന്നത്‌. ഒരു ഒളിഞ്ഞുനോട്ടക്കാരന്റെ സ്വഭാവം കഥാകൃത്ത്‌ കാത്തുസൂക്ഷിക്കുന്നുണ്ട്‌.
വളരെ സാധാരണമായൊരു സംഭവകഥ ഒരസാധാരണ സംഭവമാക്കി മാറ്റുവാനും അവതരിപ്പിക്കുന്ന രീതിയിലൂടെ അനുഭവവേദ്യത വായനക്കാരന്‌ പകർന്നുകൊടുക്കാനുമുള്ള കഥാകൃത്തിന്റെ കഴിവാണ്‌ കഥയുടെ വിജയത്തിന്റെ കാതൽ.

ആമുഖക്കഥ, ഒണ്ടാക്കിക്കഥ മുതലായ കഥകൾ ശീർഷകംപോലെത്തന്നെ മഹത്വവത്കരിക്കപ്പെട്ടവയെ നിസ്സാരവത്ക്കരിച്ചിരിക്കുന്നു. വലിപ്പത്തിന്റെ ചെറുപ്പവും ചെറുപ്പത്തിന്റെ   വലിപ്പവും വെളിപ്പെടുത്തുവാൻ ശിവദാസിനുള്ള കഴിവ്‌ ശ്ലാഖനീയമാണ്‌ .തന്റെ ഹൃദയത്തിൽ ഊറിക്കൂടുന്ന നനുത്ത വികാരവിചാരങ്ങളെപ്പോലും അർത്ഥഗർഭമായ രൂപകൽപനകളാക്കി മാറ്റുന്നു. ആ മാറ്റത്തെ ആസ്വാദ്യമധുരമായ ഒരനുഭവമാക്കി വായനക്കാരിലേക്ക്‌ പകരുന്നു. സാഹിത്യത്തിന്റെ മാനവീകത അനുഭവവേദ്യതയാണ്‌ അർത്ഥമാക്കുന്നതെങ്കിൽ ശിവദാസിന്റെ കഥകൾ സമഗ്രമായ ജീവിതാനുഭവങ്ങളിലൂടെയാണ്‌ കടന്നുപോകുന്നത്‌. അതിൽ ഭാവനയുടെ നിറക്കൂട്ടുകളും കലർത്തുന്നു. വിമർശനത്തിനതീതരായി ആരുമില്ല എന്ന ബോധമാണ്‌ അഴീക്കോട്‌ വിമർശിക്കപ്പെടുന്നു എന്ന കഥയിലൂടെ പകർന്നു തരുന്നത്‌.

ദർശനാ പുസ്തകോത്സവവും അതിന്റെ ദർശനങ്ങളും ചില പൊള്ളത്തരങ്ങളും രേഖപ്പെടുത്തുന്നു. കഥാകൃത്ത്‌ സമൂഹത്തിന്‌ ചില സാംസ്കാരിക പാതകൾ തുറന്നുകൊടുക്കുന്നു. ഇവിടെ തുറന്നെഴുത്താണ്‌ നടത്തിയിരിക്കുന്നത്‌. ഇന്ന്‌ മുഖ്യധാരാ മാസികകളും പ്രസാധകന്മാരും സ്വകാര്യം പോലെ വൈദികന്റെ പ്രണയരഹസ്യങ്ങളും കവിതയായി പുരോഹിതനോടുള്ള പ്രണയങ്ങളും കൊട്ടിഘോഷിക്കുമ്പോൾ സിസ്റ്റർ ജെസ്മിയുടെയും നളിനി ജമീലയുടെയും കഥകൾക്ക്‌ പ്രാമുഖ്യമേറുമ്പോൾ ധാർമ്മിക വ്യാകരണതെറ്റുകൾ നമ്മൾ ഏറ്റുപാടുന്നു, അതു പഠിക്കുന്നു. എഴുത്തിൽ കലാപരമായിട്ടുള്ള തുറന്നെഴുത്താണ്‌ വേണ്ടത്‌. അത്‌ കച്ചവടവത്കരണമായി മാറുന്ന കാഴ്ചയാണ്‌ ഇന്നുള്ളത്‌. വർത്തമാന ജീർണ്ണതകൾക്കു നേരെയുള്ള പരിഹാസ ശരങ്ങളാണ്‌ ശിവദാസിന്റെ തുറന്നെഴുത്തുകൾ പോലും. അത്‌ കലാത്മകമാണ്‌ താനും.

ഇല്ലാക്കഥ എന്ന തലക്കെട്ടിലെ 'കുട്ടനാടൻ പായലും വാരുമ്പം' എന്ന കഥ വായിക്കുമ്പോൾ അതിൽ തലക്കെട്ടു മുതൽ സൂചിപ്പിക്കുന്നത്‌ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം നഷ്ടപ്പെടുന്നതിനെക്കുറിച്ചോർത്തുള്ള ധാർമ്മിക രോഷമാണ്‌. വിപരീത പ്രയോഗത്തിലൂടെ രേഖപ്പെടുത്തുമ്പോൾ ഉദ്ദേശശുദ്ധി നഷ്ടപ്പെടുന്നു. ഗ്രാമങ്ങളെല്ലാം നഗരങ്ങളാകുമ്പോൾ അല്ലെങ്കിൽ നഗരസംസ്ക്കാരം ഗ്രാമങ്ങളിൽ കുടിയിരുത്തപ്പെടുമ്പോൾ പുതിയ ജീവിത പരിസരത്തിന്റെ യാഥാർത്ഥ്യമായ പ്രതീതി യാഥാർത്ഥ്യത്തിലേക്ക്‌ നമ്മുടെ ചരിത്രവും ഇടകലരുന്നു. ഇടകലരലിലൂടെ ചരിത്രങ്ങൾ തിരുത്തപ്പെട്ടേക്കാം. ഗ്രാമീണന്റെ മണ്ണാഴങ്ങളെ അതു മറക്കുന്നു. ഒരു കാലത്തിന്റെ കയ്യൊപ്പോടുകൂടിയ കുട്ടനാടിന്റെ ചരിത്രമുള്ള ഈ കഥയിൽ അതിന്റെ ശാബ്ദിക ഘടനയിൽ പലപ്പോഴും തെളിഞ്ഞുവരുന്നത്‌ ഐറണിയുടെ സാന്നിധ്യമാണ്‌. ശിവദാസിന്റെ കഥകളിലെല്ലാം തന്നെ വിരുദ്ധോക്തിയുടെ വിഭിന്ന രീതികൾ പരീക്ഷിക്കുന്നുണ്ട്‌. സ്വന്തം ഫലിതബോധത്തിൽ നിന്ന്‌ ഉടലെടുക്കുന്ന ഹാസ്യം തന്നെയാണ്‌ ശിവദാസിന്റെ കഥയുടെ ഊർജ്ജം. ചില കഥകളിൽ കഥാകാരൻ വർത്തമാനകാലത്തെ വ്യഥിതവും തീക്ഷ്ണവുമായ ജീവിതാവസ്ഥകളോടു പൊരുത്തപ്പെടാനാവാതെ കലഹിക്കുന്നതായി കാണുന്നുണ്ട്‌. പക്ഷെ, അതോടൊപ്പം തന്നെ എഴുത്തുകാരന്റെ ഉള്ളിലെ ഒരു സാധാരണ മനുഷ്യൻ പലപ്പോഴും പുറത്തുവരുന്നു  കവലയിൽ സന്ധ്യയ്ക്ക്‌ നുണവട്ടം പറഞ്ഞിരിക്കുന്ന ഒരു തനി നാട്ടിൻപുറത്തുകാരന്റെ എല്ലാ സംഭാഷണ ശകലങ്ങളും കഥകളിലുണ്ട്‌. ഓരോ കഥയിലും നിരവധി ധ്വനി സാധ്യതകൾ ഒളിഞ്ഞിരിക്കുന്നു.

കാലത്തിന്റെയും സമൂഹത്തിന്റെയും ദ്രുതപരിവർത്തനങ്ങളിൽ അർത്ഥരഹിതവും ദുഃഖമാനവുമായി തീരുന്ന മനുഷ്യജീവിതത്തെപ്പറ്റിയുള്ള നൊമ്പരം കഥകളിലുണ്ട്‌. ശിവദാസിന്റെ രചനകളിൽ കുട്ടനാടിന്റെ ജീവിതത്താളമുണ്ട്‌. മനോഹരമായ ഭാവനകൾ വെളിച്ചം വിതറുന്ന വിചാരങ്ങൾ നിർമ്മല വികാരം ശ്രേഷ്ഠമായ സമൂഹബോധം ഇവയെല്ലാം മനസ്സിലടുക്കിവച്ചിരിക്കുന്ന ഒരു സാധാരണ മനുഷ്യന്റെ അസാധാരണമായ നിരീക്ഷണങ്ങളാണ്‌ നർമ്മത്തേൻ പുരട്ടി വായനയ്ക്കായി ഒരുക്കിയിരിക്കുന്ന 'അഴീക്കോട്‌ വിമർശിക്കപ്പെടുന്നു' എന്ന ചെറുകഥാ സാഹിത്യം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...