പായിപ്ര രാധാകൃഷ്ണൻ
മലയാള ലിപിയിൽ അച്ചടി മഷി പുരണ്ട ആദ്യപുസ്തകമാണ് ഹോർത്തുസ് മലബാറിക്കസ്. കേരളത്തിലെ ഔഷധസസ്യങ്ങളുടെ സമഗ്ര വിജ്ഞാനം പകരുന്ന ഈ സചിത്ര ഗ്രന്ഥത്തിന്റെ രചയിതാവ് വാന്റീഡാണ്. ആ കൃതിയ്ക്ക് പ്രേരകമായതാകട്ടെ ഇട്ടി അച്യുതൻ വൈദ്യരുടെ 'കേരളാരാമ'വും. കൊച്ചിയിൽ വെച്ച് തയ്യാറാക്കി ഹോളണ്ടിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമിൽ 1678ൽ പ്രസിദ്ധീകരിക്കപ്പെട്ടതാണ് 'ഹോർത്തൂസ് മലബാറിക്കസ്' (മലബാറിന്റെ പൂന്തോട്ടം). മലയാളം, അറബി, കോംഗ്കണി ഭാഷകളാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്.
ഈ മഹദ് ഗ്രന്ഥത്തിന്റെ ഒന്നാം വാള്യത്തിലെ ആദ്യചിത്രങ്ങളിൽ തന്നെ റോമൻ ലിപികളിൽ രേഖപ്പെടുത്തിയിരിക്കുന്നത് തെങ്ങിനെക്കുറിച്ചാണ്. ചൊട്ടയിൽ കട്ടം വെച്ചിട്ടുള്ള തെങ്ങിന്റേയും തെങ്ങോലയുടേയും, തേങ്ങക്കുലയുടേയും ചിത്രങ്ങൾ കൊടുത്തിട്ടുണ്ട്. തെങ്ങിന്റെ ഔഷധഗുണങ്ങളും കൃതിയിൽ വിവരിക്കുന്നുണ്ട്.
തെങ്ങ് തരുന്ന മധുരദ്രവത്തെക്കുറിച്ചും തെങ്ങിന്റേയും തേങ്ങയുടേയും ഉത്ഭവത്തെക്കുറിച്ചും വളർച്ചയെക്കുറിച്ചും ഓരോ ഘട്ടത്തിലുമുള്ള ആകൃതി, ഉപയോഗം എന്നിവയെക്കുറിച്ചും വിശദമായി ഇതിൽ പ്രതിപാദിക്കുന്നു.
കള്ള് ചെത്തിനെക്കുറിച്ച് മൂന്നര നൂറ്റാണ്ട് മുമ്പ് ഈ ഗ്രന്ഥത്തിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ കൗതുകകരമത്രേ.
"തെങ്ങിൽ നിന്നും സൂരി എന്ന വീഞ്ഞുപോലുള്ള ലഹരിയുണ്ടാക്കുന്ന പാനീയം ലഭിക്കുന്നു. സ്വാദിഷ്ടമായതും നേർത്ത മധുരം, അൽപ്പം ഉപ്പ് രസവും അമ്ലരസവുമുണ്ട്. എടുത്ത ഉടനെ നല്ല മധുരം, നേരം വൈകുന്നതിനനുസരിച്ച് അമ്ലരസം, നിറം അൽപ്പം വെളുത്ത് ആകാശനീലിമയുള്ളതും വിളറിയതും, കുമിളകൾ നിറഞ്ഞ് പതഞ്ഞ് പൊങ്ങുന്ന ഉപരിതലം, ചുരുങ്ങിയ സമയം കൊണ്ട് കിണ്വനം നടക്കുന്നു. തത്സമയം സീൽക്കാര ശബ്ദം പുറപ്പെടുവിക്കുകയും ശക്തികൂടിയതും വീര്യമുള്ളതുമായ തുള്ളികൾ വായുവിലേക്ക് ഉയരുകയും ചെയ്യുന്നു. വലിയ ഭാരം ധാന്യമാവ് പുളിപ്പിക്കുവാനുള്ള കഴിവുണ്ട്. ഇതിൽ നിന്നും ലഹരിയുള്ള മദ്യം, വിനാഗിരി, ഇയാഗ്ര (iagre)) എന്ന ചക്കരയും ഉണ്ടാക്കുന്നു.