Showing posts with label 86. Show all posts
Showing posts with label 86. Show all posts

27 Apr 2013

സസ്യാഹാരത്തിന്റെ (കപട)ശാസ്ത്രം

വൈശാഖൻ തമ്പി 



സസ്യാഹാരത്തിന്റെ ശാസ്ത്രം എന്ന തലക്കെട്ടില്‍ ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്നുണ്ട്.  ഏതെങ്കിലും ഒരു പ്രത്യേക ഭക്ഷണരീതി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ഒരു രീതിയിലും തെറ്റാകുന്നില്ല എന്നിരിക്കിലും, തെറ്റായ വിവരങ്ങളുടെ അകമ്പടിയോടെ ചില സ്ഥാപിത രാഷ്ട്രീയ-വര്‍ഗീയ താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ടി. പോസ്റ്റ് ശ്രമിക്കുന്നത് എന്നത് അവഗണിക്കാന്‍ കഴിയുന്നില്ല. ഇപ്പോള്‍ തന്നെ നന്നായി പ്രചരിച്ച് കഴിഞ്ഞ ഈ പോസ്റ്റിലെയും ഇനി ഇറങ്ങാന്‍ സാധ്യതയുള്ള വകഭേദങ്ങളിലെയും പൊള്ളത്തരങ്ങള്‍ തുറന്ന്‍ കാട്ടാനാണ് ഇവിടെ ശ്രമിക്കുന്നത്.
ആദ്യമേ പറയട്ടെ, ഇത് സസ്യാഹാരശീലത്തിന് എതിരായ ഒരു വാദമല്ല. മറിച്ച്, ആഹാരശീലം വ്യക്തിപരമായ ചോയ്സ് ആണെന്നും ഒന്ന്‍ മറ്റൊന്നിനേക്കാള്‍ മഹത്തരമല്ല എന്നുമുള്ള അഭിപ്രായപ്രകടനവും, ദുഷ്പ്രചരണങ്ങളിലെ ഉള്ളുകള്ളികള്‍ തുറന്നുകാട്ടുന്നതിനുള്ള ഒരു ശ്രമവുമാണ്.
ഭീഷ്മപിതാമഹന്‍ ശരശയ്യയില്‍ കിടന്ന് മാംസാഹാരം വര്‍ജ്ജിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ധര്‍മപുത്രരോട് സംസാരിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ് ആരംഭിക്കുന്നത്. പിന്നെ പറഞ്ഞു പറഞ്ഞു സ്വന്തം ബന്ധുക്കള്‍ ഇറച്ചിക്കത്തിയ്ക്ക് ഇരയാകുന്ന അവസ്ഥയൊക്കെ ഓര്‍മിച്ചു നോക്കാന്‍ ആവശ്യപ്പെടുന്നത് വരെ എത്തുന്നുണ്ട്.  ചുരുക്കത്തില്‍, അണ്ടകടാഹത്തിലെ സകല ശാസ്ത്രസാങ്കേതിക തത്വങ്ങളും ഉപ്പിലിട്ട് സൂക്ഷിച്ചിരിക്കുന്നു എന്ന്‍ അവകാശപ്പെടുന്ന നമ്മുടെ പുരാണങ്ങളില്‍ നിന്നും മാംസാഹാരശീലത്തിനെതിരെ ഒരു എത്തിക്കല്‍ വാദം ഊറ്റിയെടുക്കാനാണ് ശ്രമം. “ഏയ്… ഞങ്ങള്‍ അങ്ങനെ മൃഗങ്ങളെ കൊന്ന്‍ തിന്നുന്ന ദുഷ്ടന്മാര്‍ അല്ല” എന്ന മട്ടില്‍ സനാതനധര്‍മ്മം പക്കാ വെജിറ്റേറിയന്‍ ആണെന്ന്‍ സ്ഥാപിക്കലാവണം ഉദ്ദേശ്യം. പക്ഷേ അവിടെ ലേഖകന്‍ സൌകര്യപൂര്‍വം വിസ്മരിക്കുന്ന ചില കാര്യങ്ങള്‍ ഒന്ന്‍ പരിചയപ്പെടാം.
ഏറ്റവും പ്രധാനം ഹിന്ദു സംസ്കാരം ഒരിക്കലും പൂര്‍ണ സസ്യാഹാരശീലത്തില്‍ അധിഷ്ഠിതമായിരുന്നില്ല എന്നത് തന്നെ. വൈദിക സനാതന ധര്‍മ്മത്തിന്റെ ആണിക്കല്ലായ മനുസ്മൃതി(1) അഞ്ചാം അധ്യായത്തില്‍ കഴിക്കാവുന്നതും കഴിക്കാന്‍ പാടില്ലാത്തതുമായ ജീവികള്‍ ഏതൊക്കെയെന്ന് ഒന്നൊന്നായി പരാമര്‍ശിക്കുന്നുണ്ട്. പന്നി, മുള്ളന്‍പന്നി, ആമ, ഉടുമ്പ്, കാണ്ടാമൃഗം, മുയല്‍ എന്നിവയൊക്കെ തിന്നാവുന്ന ജീവികളുടെ കൂട്ടത്തില്‍ പെടും. പാഠിനം, രോഹിതം തുടങ്ങിയ മത്സ്യങ്ങളും കഴിക്കാമത്രേ (5.16) . മനുവിന്റെ ചില പ്രസക്തമായ വരികള്‍ കാണുക:
ന-അത്താ ദുഷ്യത്തദന്നാദ്യാന്‍ പ്രാണിനോ അഹന്യഹന്യപി |
ധാത്രാ ഏവ സൃഷ്ടാ ഹ്യാദ്യാശ്ച  പ്രാണിനോ അത്താര ഏവ ച || 5-30
[തനിക്ക് കഴിക്കാന്‍വിധിക്കപ്പെട്ടിരിക്കുന്ന ജീവികളെ ഭക്ഷിക്കുന്നവന്‍ പാപമല്ല ചെയ്യുന്നത്, കാരണം സ്രഷ്ടാവ് തന്നെയാണ് ഭക്ഷിക്കുന്നവയെയും ഭക്ഷിക്കപ്പെടുന്നവയെയും (ആ രീതിയില്‍) സൃഷ്ടിച്ചത്.]
ക്രീത്വാ സ്വയം വാ അപ്യുത്പാദ്യ പര-ഉപകൃതം ഏവ വാ |
ദേവാന്‍ പിതൃംശ്ച അര്‍ച്ചയിത്വാ ഖാദന്‍ മാംസം ന ദുഷ്യതി || 5-32
[ദേവകളെയും പിതൃക്കളെയും ആദരിച്ചുകൊണ്ട് മാംസം ഭക്ഷിക്കുന്നവന്‍ പാപം ചെയ്യുന്നില്ല, ആ മാംസം അവന്‍ സ്വയം കൊന്നതായാലും വാങ്ങിയതായാലും ഉപഹാരമായി സ്വീകരിച്ചതായാലും.]
നിയുക്തം തു യഥാന്യായം യൊ മാംസം ന-അത്തി മാനവഃ |
സ പ്രേത്യ പശുതാം യാതി സംഭവാന്‍ ഏകവിംശതീം || 5.35
[മാംസം കഴിക്കേണ്ട സാഹചര്യങ്ങള്‍ അതിന് വിസമ്മതിക്കുന്നവന്‍ വരുന്ന ഇരുപത്തൊന്ന് ജന്‍മങ്ങളില്‍ മൃഗമായിരിക്കും.]
മൃഗങ്ങളെ കൊല്ലുന്നതിലെ എത്തിക്‍സിനെ കുറിച്ച് വികാരഭരിതനാവുന്ന ലേഖകന്‍ കുതിരയെ ബലികൊടുക്കുന്ന അശ്വമേധം എന്ന പ്രസിദ്ധമായ ഭാരതീയ യാഗത്തെ മറക്കുന്നു. അങ്ങനെ ബലി നല്കിയ കുതിരയുടെ മാംസം എങ്ങനെ വീതിക്കണം എന്ന്‍ വിവരിക്കുന്ന ഋഗ്വേദത്തെ മറക്കുന്നു (2, 3, 4). വേദകാലത്ത് കുതിര ഉള്‍പ്പടെ നൂറുകണക്കിന് മൃഗങ്ങളെ ബലികൊടുത്തിരുന്നു. വേദാചാരങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ശതപഥബ്രാഹ്മണം യജ്ഞത്തില്‍ ഹോമിക്കപ്പെട്ട മാംസമാണ് എറ്റവും മികച്ച ആഹാരമെന്ന്  പറയുന്നുണ്ട് (5). വേദകാലത്ത് ബീഫ് പോലും കഴിക്കപ്പെട്ടിരുന്നു, പശു ഒരു മൂല്യമുള്ള സമ്പാദ്യമെന്ന്‍ തിരിച്ചറിഞ്ഞപ്പോള്‍ പശുമാംസം കഴിക്കുന്നത് പിന്നീട് നിരോധിക്കപ്പെട്ടതാണ് (6). ഇതെല്ലാം പോട്ടെ, രാമായണത്തില്‍ വനവാസത്തിന് പോയ രാമനെ തേടിയെത്തുന്ന ഭരത രാജകുമാരന് ആദിവാസികള്‍ മദ്യവും മീനും ഇറച്ചിയും ഒക്കെ ‘ട്രീറ്റ്’ കൊടുക്കുന്നത് ഉള്‍പ്പടെ രാമായണത്തിലും മാംസഭക്ഷണത്തെ സാധാരണ കാര്യമെന്ന പോലെ  വര്‍ണ്ണിക്കുന്നുണ്ട്. ഭാരതീയ വൈദ്യശാസ്ത്രത്തിലെ അതുല്യപ്രതിഭയായി കണക്കാക്കപ്പെടുന്ന സുശ്രുത സംഹിതയിലും മത്സ്യ-മാംസാദികള്‍ ഭക്ഷിക്കുന്നതിനെ പറ്റി പലയിടത്തും പരാമര്‍ശിക്കുന്നുണ്ട്. ഏറ്റവും രസകരം, ബീഫ് അഥവാ നമ്മുടെ മേല്‍പ്പടി ശാസ്ത്രജ്ഞന്‍റെ ഭക്തന്മാര്‍ പാടി നടക്കുന്ന ‘ഗോമാതാവിന്റെ’ ഇറച്ചി, പല രോഗങ്ങള്‍ക്കും നല്ല ഔഷധമായി സുശ്രുതന്‍ ചൂണ്ടിക്കാണിക്കുന്നു എന്നതാണ് (7). ഇങ്ങനെ, ഒന്ന്‍ തുനിഞ്ഞിറങ്ങിയാല്‍ ഈ പറയുന്ന സനാതനസംസ്കാരത്തില്‍ മാംസാഹാരം തീരെ അന്യമായിരുന്നില്ല എന്നതിന് എത്രയെങ്കിലും തെളിവുകള്‍ കിട്ടും.
എന്നാല്‍ താന്‍ വെറും സനാതനന്‍ മാത്രമല്ല, ഒരു ഗംഭീരന്‍ ശാസ്ത്രജ്ഞന്‍ കൂടിയാണെന്ന് തെളിയിക്കാന്‍ ലേഖകന്‍ ചില ‘ശാസ്ത്രീയ വാദങ്ങള്‍’ കൂടി അക്കമിട്ട് നിരത്തുന്നുണ്ട്. പലതും അവ്യക്തമായ ഊഹാപോഹങ്ങള്‍ ആണെങ്കിലും തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ പോന്നവയാണ്. അവയില്‍ ചിലതിനോടുള്ള പ്രതികരണം താഴെ. ഇറ്റാലിക്സില്‍ കാണിക്കുന്ന വാചകങ്ങള്‍ ഒറിജിനല്‍ പോസ്റ്റിലെതാണ്.
1- ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ് ലീനോലീക്, ലിനോലെനിക് എന്നീ അണ്‍സാച്ചുറേറ്റഡ്‌ ആസിഡുകള്‍. ഇവ രണ്ടും സസ്യാഹാരത്തിലൂടെ മാത്രമേ ലഭിക്കൂ.
ഈ പറഞ്ഞ ആസിഡുകള്‍ ശരീരത്തിന് അത്യന്താപേക്ഷികം തന്നെയാണ്. പക്ഷേ അവയുടെ സ്രോതസ്സ് സസ്യാഹാരം മാത്രമാണ് എന്നത് തെറ്റാണ്. അയല, ചൂര, കോര, മത്തി തുടങ്ങിയ മത്സ്യങ്ങളിലും കോഴിമുട്ടയിലും ബീഫ് കൊഴുപ്പിലും നിന്നൊക്കെ ഇവ ലഭ്യമാണ്. (8)
2- എല്ലാ വിധ വിറ്റാമിനുകള്‍ക്കും ഉള്ള സ്രോതസ് സസ്യാഹാരം മാത്രമാണ്.
വിറ്റാമിനുകളെ കുറിച്ച് സ്കൂളിലെങ്കിലും പഠിച്ചിട്ടുള്ളവര്‍ ഇത് കേട്ടാല്‍ ചിരിക്കും. അത് ഓര്‍മ്മയില്ലാത്തവര്‍ വിറ്റാമിനുകളുടെ സ്രോതസ്സുകളെ കുറിച്ച് ഇവിടെ വായിക്കുക. കൂട്ടത്തില്‍ ചിക്കനും മട്ടണും മുട്ടയും മീനും ഒക്കെ ഉണ്ടെന്ന്‍ കാണാം.
8- മാംസാഹാരത്തിനെ സിംഹ ഭാഗവും ദഹിച്ചു ശരീരം വലിച്ചെടുക്കുന്നതിനാല്‍, അവശേഷിക്കുന്ന വിസര്‍ജ്യവസ്തുക്കളുടെ അളവ് വളരെ കൂടുതലാണ്. അതിനാല്‍ കുടലുകളില്‍ വിസര്‍ജ്യ വസ്തുക്കള്‍ ദീര്‍ഘകാലം കെട്ടികിടക്കാനിടവരുകയും കാന്‍സര്‍ സാധ്യത കൂടുകയും ചെയ്യുന്നു.
ഇത് വളരെ ദുരൂഹമായ ഒരു വാദമാണ്. പുക ഉണ്ടാക്കി എവിടെയോ തീ ഉണ്ടെന്ന്‍ തോന്നിപ്പിക്കുന്ന ട്രിക്ക്.
9- പുല്ലുകളിലും, വൈക്കോലിലും ധാരാളമായി അവശേഷിക്കുന്ന കീട നാശിനികള്‍, മൃഗത്തിന്റെ ശരീരത്തില്‍ ആടിപ്പോസ്ഫാറ്റ്, ലിവര്‍ എന്നിവയില്‍ പ്രത്യേകിച്ചും അനേകമടങ്ങായി ബയോമാഗ്നിഫൈ ചെയ്യുന്നു. ഏതാനും മില്ലിഗ്രാം കീടനാശിനി താങ്ങുവാന്‍ കെല്‍പ്പുള്ള മനുഷ്യ ശരീരത്തിലേക്ക് മാംസാഹാരത്ത്തില്‍ നിന്നും കീടനാശിനികള്‍ വരുന്നത് അമിതമായ അളവിലാണ്. മാരകമായ രോഗങ്ങള്‍ക്ക് ഇത് കാരണമാകുന്നു.
അപ്പോ കീടനാശിനികളുടെ തുടക്കം പുല്ലുകളിലും വൈക്കോലിലും ഒക്കെയാണ്. അവ സസ്യാഹാരം ആണെന്നത് മറന്നോ? ബയോമാഗ്നിഫിക്കേഷന്‍ (Biomagnification) മൃഗങ്ങള്‍ക്ക് മാത്രമല്ല മനുഷ്യശരീരത്തിലും സംഭവിക്കുന്നതാണ്. കീടനാശിനികള്‍ ചേര്‍ന്ന പച്ചക്കറികളും മറ്റും ഉപയോഗിക്കുക വഴി ഇതേ അപകടം മനുഷ്യശരീരത്തില്‍ നേരിട്ടും സംഭവിക്കാം.
10- മാംസക്കറികള്‍ ഉണ്ടാക്കുമ്പോള്‍ അവയുടെ പരമാവധി താപം 101 ഡിഗ്രിയും, ഇറച്ചി വറുക്കുമ്പോള്‍ 165 ഡിഗ്രിയും ആയതിനാല്‍ മാംസത്തിലെ കീട നാശിനികള്‍ അതേ പോലെ അവശേഷിക്കുന്നു. നീക്കം ചെയ്യപ്പെടുന്നില്ല.
ഈ കിറുകൃത്യമായ 101 ഡിഗ്രിയുടെയും 165 ഡിഗ്രിയുടെയും ഒക്കെ കണക്ക് എവിടന്ന് വരുന്നു എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ. വെജിറ്റേറിയന്‍ കറികള്‍ ഉണ്ടാക്കുമ്പോ എത്രയാ താപം എന്ന്‍ പറഞ്ഞില്ലല്ലോ? അത് ഇറച്ചി പാകം ചെയ്യുന്നതിനെക്കാള്‍ കൂടുതലോ കുറവോ എന്ന്‍ പറഞ്ഞില്ലല്ലോ? അതില്ലാതെ ഈ പോയിന്‍റ് എങ്ങനെയാണ് മാംസാഹാരത്തിന് മുകളില്‍ സസ്യാഹാരത്തിന്റെ മേന്മ ആവുന്നത്? മിക്ക കെമിക്കല്‍ കീടനാശിനികളെയും നീര്‍വീര്യമാക്കാന്‍ സാധാരണ പാചകം അത്ര പര്യാപ്തമല്ല, അത് സസ്യാഹാരമായാലും മാംസാഹാരമായാലും. പാചകത്തിന് മുന്‍പുള്ള ശുചിയാക്കല്‍ ആണ് ഏറ്റവും പ്രധാനം.
11- മൃഗത്തിന്റെ ശരീരത്തില്‍ ഉണ്ടാകുന്ന ഉണ്ടാകുന്നങ്ങിയ വിഷ വസ്ത്തുക്കള്‍ പൂര്‍ണ്ണമായും മനുഷ്യ ഭക്ഷണത്തില്‍ അലിഞ്ഞു ചേരുന്നു. കൂടാതെ മൃഗം ക്രൂരമായ വധത്തിനു വിധേയമാകുമ്പോള്‍ മറ്റനവധി വിഷ ദ്രവ്യങ്ങള്‍ അതിന്റെ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.
12- രക്തമുള്‍പ്പെടെയുള്ള മൃഗത്തിന്റെ മാംസം പാചകം ചെയുമ്പോഴും എണ്ണയില്‍ വറുക്കുമ്പോഴും എന്തെല്ലാം സംയുക്തങ്ങളാണ് ഉണ്ടാകുന്നതെന്നും അവയില്‍ വിഷാംശമുള്ളതേതൊക്കെയാനെന്നും ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല.
ഇതും അവ്യക്തമായ വാദങ്ങളാണ്. വിഷവസ്തുക്കള്‍, വിഷദ്രവ്യങ്ങള്‍ എന്നൊക്കെയുള്ള സാമാന്യപദങ്ങള്‍ വെറുതെ പറയുന്നതല്ലാതെ അവ ഏതൊക്കെയെന്നോ അവ എങ്ങനെ അപകടം ഉണ്ടാക്കുന്നു എന്നോ പറയുന്നില്ല.  രണ്ടാമത്തെ പോയിന്റില്‍ ‘ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത’ വിഷവസ്തുക്കളെ കുറിച്ചാണ് പറയുന്നതും!
13- സസ്യങ്ങളിലെ ഒരു രോഗാണുവും മനുഷ്യന് രോഗമുണ്ടാക്കുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല.
 എന്നാര് പറഞ്ഞു തന്നു? സ്യൂഡോമോണസ്, സാല്‍മോണല്ല തുടങ്ങിയ ബാക്ടീരിയ അണുബാധകളെ കുറിച്ച് കേട്ടിട്ടുണ്ടോ?
16- മനുഷ്യന്റെ ശരീരഘടന പൂര്‍ണ്ണമായും സസ്യാഹാരാധിഷ്ടിതമായ ജീവിതത്ത്തിനനുയോജ്യമാണ് എന്നും ഓര്‍ക്കുക.
ഇത് ശരിയല്ല. ഇതുവരെയുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത് മനുഷ്യശരീരം സര്‍വികഭുക്ക് (omnivorous) രീതിയില്‍ ഉള്ളതാണ് എന്നതാണ്(10). നമ്മുടെ പൂര്‍വികര്‍ ഗുഹാവാസികള്‍ ആയിരുന്ന കാലം മുതലേ വേട്ടയാടി ഭക്ഷണം കഴിച്ചിരുന്നവര്‍ ആയിരുന്നു എന്നോര്‍ക്കുക.
17- സസ്യാഹാരത്തിലെ വിറ്റാമിന്‍ ഇ വാര്ധക്യത്തെ തടയുന്നതിന് സഹായിക്കുന്നുമുണ്ട്.
ആയിക്കോട്ടെ. പക്ഷേ വിറ്റാമിന്‍ A-യുടെ ഏറ്റവും സമ്പന്ന സ്രോതസ്സ് ആയ code liver oil, ബീഫ്, പോര്‍ക്ക്, മത്സ്യം, ടര്‍ക്കി തുടങ്ങിയവയുടെ കരള്‍, മുട്ട എന്നീ ആഹാരങ്ങളെ സൌകര്യപൂര്‍വം അങ്ങ് മറന്നു അല്ലേ? (11) ഇനി വാര്‍ധക്യം തടയുന്ന കാര്യം. ഇവിടെ വിറ്റാമിന്‍ A മാത്രം പരാമര്‍ശിക്കേണ്ട കാര്യം എന്താണ്. വിറ്റാമിന്‍ E, C, K, B-3 എന്നിവയും വര്‍ധക്യത്തിനെ ചെറുക്കാന്‍ സഹായിക്കുന്ന വിറ്റാമിനുകള്‍ ആണ്. (12) ഇവയും സസ്യ-മാംസ സ്രോതസ്സുകളില്‍ നിന്ന്‍ ഏതാണ്ട് ഒരുപോലെ ലഭ്യവുമാണ്.
18- രോഗമുള്ള മൃഗത്തെ തിരിച്ചരിയുന്നത് അസാധ്യമാണ്. പച്ചക്കറികള്‍ നല്ലതും ചീത്തയും വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുന്നത് പോലെ മാംസത്തെ തിരിച്ചറിയാന്‍ അസാധ്യമായത് കൊണ്ട് ഭക്ഷണം തന്നെ വിഷമാകുവാനുള്ള സാധ്യത വളരെ കൂടുതലാണ്.
20- സൂക്ഷിച്ചു വെക്കുമ്പോള്‍ എളുപ്പത്തില്‍ ചീത്തയാകുന്നത് മാംസാഹാരമാണ്. സൂക്ഷിച്ചു വെച്ച് പാചകം ചെയ്ത മാംസാഹാരത്തില്‍ അനുനിമിഷം ഉല്‍പാദിപ്പിക്കപ്പെടുന്നതും വിഷമയമായ ദ്രവ്യങ്ങളാണ്.
21- മാംസത്തോടൊപ്പം മറ്റു മൃഗങ്ങളുടെ മാംസം മായം ചേര്‍ക്കുന്നതായി അനവധി വാര്‍ത്തകളുണ്ട്. രോഗം വന്നു ചത്തു പോയ മൃഗത്തിന്റെതുള്‍പ്പെടെയുള്ളവ ശരീരത്തിനു ദോഷമേ ചെയൂ.
22- വാര്‍ത്ത പ്രാധാന്യം നേടാതെ പോയ ഒരു വാര്‍ത്ത ഉത്തര ഭാരതത്തിലെ ചില ഫാസ്റ്റ് ഫുഡ്‌ കടകളില്‍ നിന്ന് പുറത്തേക്ക് വരികയുണ്ടായി. ശ്മശാനത്തില്‍ ദഹിപ്പിക്കുവാന്‍ വരുന്ന അനാഥശവങ്ങളുടെ ശരീരത്തിലെ മാംസളമായ ഭാഗം ഈ കടകളിലേക്ക് പോകുന്നതായി.
ഇതൊന്നും സസ്യാഹാരത്തിന് മാംസാഹാരത്തിന് മേല്‍ മഹത്വം നല്കാന്‍ പോന്ന ശാസ്ത്രീയ വിശദീകരണങ്ങള്‍ അല്ല (സസ്യാഹാരത്തിന്റെ ശാസ്ത്രം എന്നാണല്ലോ തലക്കെട്ട്). നല്ല ഭക്ഷണം തെരെഞ്ഞെടുക്കാന്‍ കഴിവില്ല എന്നുണ്ടെങ്കില്‍, കഴിക്കാന്‍ പോകുന്ന ഭക്ഷണം നേരെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ല എന്നുണ്ടെങ്കില്‍ സസ്യാഹാരി ആയാലും മാംസാഹാരി ആയാലും പണി കിട്ടും. അത് ഒരു ആഹാരരീതിയ്ക്ക് മറ്റൊന്നിന് മേല്‍ ഉള്ള മഹത്വമല്ല, കഴിക്കുന്നവന്റെ വകതിരിവോ ചിലപ്പോ സാഹചര്യങ്ങളുടെ പ്രത്യേകതയോ ഒക്കെയാണ് കാണിക്കുന്നത്.
19- തവിട്, പിണ്ണാക്ക് തുടങ്ങിയവയിലെല്ലാം വിവിധ തരത്തിലുള്ള വിഷകാരികളായ സൂക്ഷ്മ ജീവികള്‍ വളരുവാനുള്ള സാധ്യത വളരെ കൂടുതലാണ്. അവയുടെ മൈക്കോടോക്സിന്‍ എന്ന വിഷാംശം അതി മാരകവുമാണ്. ഉദാഹരണത്തിന്‍ അഫ്ലോടോക്സിന്‍. ഈ വിഷാംശം മൃഗത്തിന്റെ ശരീരത്തില്‍ നിന്ന് മനുഷ്യനിലേക്ക് പ്രവേശിക്കുന്നത് മാമ്സാഹാരത്തിലൂടെയാണ്.
ഈ പറയുന്ന തവിടും പിണ്ണാക്കും എല്ലാം സസ്യാഹാരത്തിന്റെ ഭാഗമാണെന്ന് മറന്ന്‍ പോയോ! അപ്പോ അതുമായി ബന്ധപ്പെട്ട നെല്ലാഹാരവും മറ്റും കഴിക്കുന്ന മനുഷ്യന്റെ കാര്യമോ? നെല്ല് പോലുള്ള ധാന്യവിളകളെ ബാധിക്കുന്ന അഫ്ലാടോക്സിന്‍ (Aflatoxin, അഫ്ലോടോക്സിന്‍ അല്ല) അണുബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് സസ്യാഹാരത്തില്‍ നിന്നാണ് താനും.
ഒന്ന്‍ മറ്റൊന്നിനെ ആഹരിക്കുക എന്നത് (മനുസ്മൃതി പറയുന്ന പോലെ) പ്രകൃതിയുടെ രീതിയാണ്. കൊല്ലുന്നതിലെ പാപവും പുണ്യവും നോക്കിയാല്‍ സിംഹവും പുലിയും ഒക്കെ പട്ടിണി കിടന്ന്‍ ചാവുമല്ലോ! എന്നാല്‍ അമിതമായ അളവിലും മതിയായ ശുചിത്വപരിഗണനകള്‍ നടത്താതെയുമുള്ള ഉപയോഗത്തില്‍ ഒഴികെ, മാംസാഹാരം സസ്യാഹാരത്തെ അപേക്ഷിച്ച് കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി ശാസ്ത്രം ഇതുവരെ തെളിയിച്ചിട്ടില്ല.  സസ്യാഹാരശീലത്തിനു ലോകമെങ്ങും പ്രചാരകര്‍ ഒരുപാടുണ്ട്. പല കാരണങ്ങളാല്‍ മാംസാഹാരത്തെ അവര്‍ ആക്രമിക്കാറുമുണ്ട്. പരിഷ്കൃത മനുഷ്യന്റെ സാമൂഹിക ക്രമം വെച്ച് മാംസഭക്ഷണത്തെ എതിര്‍ത്തും അനുകൂലിച്ചുമുള്ള വാദങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല (13). രണ്ട് വശത്തും ന്യായം കണ്ടെത്താന്‍ കഴിയും എന്നതിനാല്‍ തന്നെ, അത് ഇനിയും ലോകമെങ്ങും തുടരും. പക്ഷേ ഇങ്ങനെ ഉഡായിപ്പ് നമ്പറുകള്‍ ഇറക്കി സസ്യാഹാരത്തിന്റെ മഹത്വം സ്ഥാപിച്ചെടുക്കേണ്ട കാര്യമുണ്ടോ? പിന്നെ പ്രസ്തുത ലേഖകനില്‍ നിന്നും ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാന്‍ കഴിയില്ല എന്നതിനാല്‍, ഒന്നേ ചോദിക്കുന്നുള്ളൂ,
“ഇനിയും ഇതുവഴി വരില്ലേ, ആനകളെയും തെളിച്ചുകൊണ്ട്?”

26 Mar 2013

കലപ്പ രാമന്‍റെ മരണം

വെട്ടത്തൻ 


1രാമനും കുടുംബവും ഞങ്ങളുടെ നാട്ടുകാരായിട്ടു വര്‍ഷങ്ങളേറെയായി. ഒരു തമിഴ് നാടോടി യാചക കുടുംബം. പത്തുമുപ്പത്തഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമങ്ങളില്‍ ,തമിഴന്‍മാര്‍ ഒരു അപൂര്‍വ്വ കാഴ്ചയാണ്. രാമനാണ് കുടുംബനാഥന്‍. മുപ്പതുമുപ്പത്തഞ്ചു വയസ്സുള്ള ഒരു ഊശാം താടിക്കാരന്‍. ഭാര്യ, കലപ്പ എന്നു എല്ലാരും വിളിക്കുന്ന ഒരു മൊഞ്ചത്തി. രണ്ടു കുട്ടികള്‍. രജനിയും കണ്ണനും.
ഒരു പള്ളിപ്പെരുന്നാളിന് യാചകരായെത്തിയതാണ് അവര്‍. ടെലിവിഷന് മുന്‍പുള്ള കാലമാണ്. പെരുന്നാളിന് ധാരാളം ആളുവരും. ശനിയും ഞായറുമാണ് പ്രധാന പെരുന്നാള്‍. ശനിയാഴ്ച രാത്രി നാടകമോ കഥാപ്രസംഗമോ അങ്ങിനെ എന്തെങ്കിലുമൊക്കെ കാണും. പായും ചാക്കുമൊക്കെയായി ഒരു പത്തുപതിനഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള പെണ്ണുങ്ങളൊക്കെ കാഴ്ചക്കാരായുണ്ടാവും. ഭക്തര്‍ മാത്രമല്ല, പെരുന്നാളിന് ധാരാളം ‘ധര്‍മ്മക്കാരും’ വരും. അവര്‍ക്കൊക്കെ നല്ല വരുമാനവും ഉണ്ടാകും. പൊതുനിരത്തില്‍നിന്നു പള്ളിയിലേക്കുള്ള വഴിയുടെ രണ്ടു വശവും ധര്‍മ്മക്കാര്‍ നിരന്നിരിക്കും. രണ്ടുകാലും മുറിച്ചുമാറ്റപ്പെട്ടവര്‍, ഒറ്റക്കാലന്‍മാര്‍, പ്രായമായവര്‍ എല്ലാവരും ദൈവത്തെയും അമ്മമാരെയും വിളിച്ച് ദയനീയമായിക്കരയും. പെരുന്നാള്‍ കഴിഞ്ഞു തിരിച്ചുപോകുമ്പോള്‍ ഭേദപ്പെട്ട സമ്പാദ്യവും കാണും. ഒരു പെരുന്നാള്‍ കഴിഞ്ഞു രാമനും കുടുംബവും തിരിച്ചുപോയില്ല. അങ്ങാടിയിലെ പള്ളിക്കെട്ടിടത്തിന്റെ വരാന്തയില്‍ ചുരുണ്ടുകൂടി. കുറച്ചുനാള്‍കഴിഞ്ഞു അച്ചനോട് ചോദിച്ചു അതിനോടു ചേര്‍ന്നോരു ചായ്പ്പ് ഉണ്ടാക്കി പൊറുതിയും തുടങ്ങി.
അങ്ങിനെ രാമനും കുടുംബവും ഞങ്ങളുടെ നാട്ടുകാരായി. ഇടയ്ക്കു ഉല്‍സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കുമായി വിട്ടു നില്‍ക്കുന്ന കാലമൊഴിച്ചാല്‍ അവര്‍ നാട്ടില്‍ തന്നെയുണ്ടാവും. നാട്ടുകാര്‍ക്ക് അല്ലറ ചില്ലറ സഹായങ്ങളൊക്കെ ചെയ്തു കൊടുത്തു ജീവിക്കാനുള്ള വക സമ്പാദിക്കും. സീസണ്‍ കഴിഞ്ഞു വരുമ്പോഴേക്കും രാമന്‍ ഒരു കൊച്ചു മുതലാളി ആയിട്ടുണ്ടാവും. സമ്പാദ്യം, വിശ്വാസമുള്ളവര്‍ക്ക് കൈവായ്പ്പ കൊടുക്കും. ആരോ നിര്‍ബ്ബന്ധിച്ചു രാമന്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഒരു അക്കൌണ്ടും തുടങ്ങി. രാമനും കുടുംബവും നാട്ടുകാര്‍ക്ക് സഹായികളാണ്. പക്ഷേ രാത്രിയില്‍ രാമന്‍ കലപ്പയെ തല്ലും. കയ്യില്‍ കിട്ടുന്നത് കൊണ്ടാണ് പ്രഹരം. അതിലൊരു ദാക്ഷിണ്യവുമില്ല. ചിരപരിചിതമായത് കൊണ്ട് രാമന്‍ വടിയോ മുട്ടിയോ എടുക്കുമ്പോഴേക്കും കലപ്പ ഓടും. ചുറ്റും കൃഷി സ്ഥലങ്ങളായത് കൊണ്ട് ഒളിക്കാന്‍ ധാരാളം ഇടങ്ങളുണ്ട്. രാമന്‍ പുറകെ ഓടും. ഭാര്യയെ കയ്യില്‍ കിട്ടിയാല്‍ പിന്നെ ക്രൂര മര്‍ദ്ദനമാണ്. പക്ഷേ കൂടുതല്‍ ആരോഗ്യം കലപ്പയ്ക്ക് ആയത് കൊണ്ട് മിക്കവാറും അവള്‍ ഓടി രക്ഷപ്പെടും. രാത്രിയില്‍ ഇങ്ങിനെ ഒക്കെ ആണെങ്കിലും പകലായാല്‍ രണ്ടും വീണ്ടും ഇണക്കുരുവികളാകും.
ഒരു രാത്രി രാമന്‍ ഞങ്ങളുടെ വീട്ടിലും വന്നു. കയ്യില്‍ ഒരു വടിയുമുണ്ട്. കലപ്പ ആ വഴി എങ്ങാനും വന്നോ എന്നാണ് ചോദ്യം. രാമന്‍ അവളെ ഓടിച്ചു കൊണ്ട് വരികയായിരുന്നു. ഞങ്ങളുടെ വീടിനടുത്ത് വരെ കണ്ടിരുന്നു. പിന്നീട് എങ്ങോട്ട് പോയി എന്നറിയില്ല. രാമന്‍ പോയി അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കലപ്പ ഞങ്ങളുടെ വിറകുപുരയില്‍ നിന്നു ഇറങ്ങി വരുന്നു. വിറകുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുകയായിരുന്നു അവള്‍. അന്നൊക്കെ കര്‍ഷക കുടുംബങ്ങളില്‍ വിറകു ശേഖരിച്ചു വെയ്ക്കാന്‍ പ്രത്യേകം പുരകളുണ്ട്. മഴക്കാലത്ത് ഉപയോഗിക്കാനുള്ള വിറകു നേരത്തെ ശേഖരിക്കും. എത്രയൊക്കെ ശേഖരിച്ചാലും പാചകം വല്ലാത്തൊരു കഷ്ടപ്പാട് തന്നെയാണ്. തീ ഊതി വീട്ടമ്മമാരുടെ കണ്ണു കലങ്ങാതെ ചോറും കറികളും ഉണ്ടാവില്ല.
അമ്മ അവള്‍ക്ക് ഭക്ഷണം കൊടുത്തു. അടുക്കളയില്‍ ഇരുന്നു ആഹാരം കഴിക്കുമ്പോള്‍ കലപ്പ പറഞ്ഞു. രാമന് സംശയമാണത്രേ. സുന്ദരിയും ആരോഗ്യവതിയും ആയ ഭാര്യയെ രാമന് സംശയമാണ്. നാട്ടിലെ പൂവാലന്മാരായ കുഞ്ഞൂഞ്ഞും പാപ്പയും അവളുടെ പുറകെ വട്ടമിട്ട് പറക്കുന്നത് അയാള്‍ കാണുന്നുണ്ട്. കലപ്പയുടെ കൊഞ്ചലും വെകിളിയുമൊന്നും അയാള്‍ക്ക് പിടിക്കുന്നില്ല. പക്ഷേ നാട്ടുകാരോട് മുഖം കറുപ്പിക്കാന്‍ അയാള്‍ക്ക് ശക്തിയില്ല. എന്തിന് അവരുടെ മുന്നില്‍ വെച്ചു ഭാര്യയെ ശാസിക്കാന്‍ പോലും അയാള്‍ക്ക് ത്രാണിയില്ല. രാത്രി പോലും അവളുടെ കാമുകന്മാര്‍ പുരയുടെ ചുറ്റും ഉണ്ടെന്നാണ് രാമന്റെ തോന്നല്‍. അതിന്റെ പകയെല്ലാം അയാള്‍ രാത്രിയില്‍ തീര്‍ക്കും. എന്തെങ്കിലും ചോദിക്കുന്നവരോട് ചിരിച്ചുകൊണ്ടു മറുപടി പറയും എന്നല്ലാതെ കലപ്പ ഒരു മോശം സ്ത്രീ ആണെന്ന് നാട്ടിലാര്‍ക്കും തോന്നിയിരുന്നില്ല.
ഒരു ഉല്‍സവ സീസണ്‍ കഴിഞ്ഞു അവര്‍ തിരിച്ചു വരുമ്പോള്‍ രജനിയുടെ കാല്‍, മുട്ടിന് താഴെവെച്ചു മുറിച്ച് മാറ്റിയ നിലയിലാണ്. ഏതോ വാഹനം കയറി ഇറങ്ങിയതാണ്. രാമന്‍, കുട്ടിയെ വാഹനത്തിന് മുമ്പിലേക്ക് തള്ളി നീക്കിയതാണെന്നാണ് കലപ്പ പറഞ്ഞത്. ഏതായാലും ആ കേസ്സില്‍ രാമന് ഭേദപ്പെട്ടൊരു സംഖ്യ കിട്ടി. രജനിയുടെ മുറിഞ്ഞ കാല്‍ രാമന് വലിയ ഭാഗ്യം കൊണ്ട് വന്നു. ഉല്‍സവ പറമ്പുകളിലെ പിരിവ് പല മടങ്ങായി. മുറിഞ്ഞ കാലില്‍ എണ്ണ തേച്ചു ദയനീയത വര്‍ദ്ധിപ്പിച്ചു. രാമന്റെയും രജനിയുടെയും കരച്ചില്‍ സ്ത്രീ ജനങ്ങളുടെ മനസ്സിളക്കി. താമസിയാതെ രാമന്‍ പത്തു സെന്റ് സ്ഥലം വാങ്ങി അതിലൊരു കുടിലും ഉണ്ടാക്കി.
കാലം പിന്നേയും മാറ്റങ്ങള്‍ ഉണ്ടാക്കി. രാമന്‍ കുടിലിന്റെ സ്ഥാനത്ത് ഭംഗിയുള്ള ഒരു കൊച്ചുവീടുണ്ടാക്കി. തൊട്ടുകിടന്ന പത്തു സെന്റ് സ്ഥലവും കൂടി വാങ്ങി. കണ്ണനെ സ്‌കൂളില്‍ ചേര്‍ത്തു. നല്ല ഓമനത്തമുള്ള ഒരു കൊച്ചുമിടുക്കനായിരുന്നു കണ്ണന്‍. പഠിക്കാന്‍ മിടുക്കാനായിരുന്ന അവന്‍ അദ്ധ്യാപകരുടെ കണ്ണിലുണ്ണിയുമായി. എന്തൊക്കെയാണെങ്കിലും രാമന്‍ ഉല്‍സവങ്ങള്‍ ഒഴിവാക്കിയില്ല. രാമനും രജനിയും ഉല്‍സവപ്പറമ്പുകളില്‍ ഭാഗ്യം തേടി അലഞ്ഞപ്പോള്‍ കലപ്പ വീട് നോക്കി. കലപ്പയെ അങ്ങിനെ വിട്ടുപോകാന്‍ മനസ്സുണ്ടായിട്ടല്ല, പക്ഷേ കണ്ണന്റെ പഠിത്തം ഉഴപ്പുന്നത് രാമന് സഹിക്കുമായിരുന്നില്ല. രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം രാമന്‍ ഞങ്ങളുടെ നാട്ടിലെ സ്ഥലവും വീടും വിറ്റു രണ്ടു മൈലകലെ രണ്ടേക്കര്‍ ഭൂമി വാങ്ങി. കൃഷിയും കാലിവളര്‍ത്തലുമൊക്കെയായി ആ കുടുംബം കൂടുതല്‍ അഭിവൃദ്ധി നേടി. എന്നാലും രജനിയുമായി പെരുന്നാളുകള്‍ക്കും ഉല്‍സവങ്ങള്‍ക്കും പോകുന്ന പതിവ് രാമന്‍ നിര്‍ത്തിയില്ല. ഇക്കാര്യത്തില്‍ ഭാര്യയുടെയും മകന്റെയും എതിര്‍പ്പ് അയാള്‍ വകവച്ചില്ല.
ഒരു ദൂര യാത്ര കഴിഞ്ഞു ഞാന്‍ മടങ്ങുകയായിരുന്നു. നാട്ടിലേക്കുള്ള നേര്‍ വണ്ടി നേരം വെളുത്തിട്ടെ ഉള്ളൂ. ഇരുപത്തേഴില്‍ ഇറങ്ങി നടക്കുകയാണെങ്കില്‍ വെളുക്കുമ്പോള്‍ വീട്ടില്‍ എത്താം. രാമന്റെ വീടിന് മുമ്പിലെത്തിയപ്പോള്‍ ലൂക്കാച്ചന്‍ ഇറങ്ങി വരുന്നു. പഴയ അള്‍ത്താര ബാലന്മാരില്‍ ലൂക്കാ വൈദീകനായി. ഞങ്ങളുടെ ഇടവകയില്‍ ‘അസിദേന്തി’ ആയി സേവനമനുഷ്ഠിക്കായാണ്. കൂട്ടുവന്ന കണ്ണനോട് പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു ഞങ്ങള്‍ രണ്ടുപേരും നാട്ടിലേക്കു നടന്നു. ‘എന്താ അതിരാവിലെ രാമന്റെ വീട്ടില്‍?’ എന്ന ചോദ്യത്തിന് മറുപടി ഒരു ചോദ്യം തന്നെയായിരുന്നു. ‘അപ്പോള്‍ വിവരം അറിഞ്ഞില്ലേ?’
രാമന്‍ മരിച്ചു. തൊഴുത്തില്‍ കെട്ടിത്തൂങ്ങി മരിക്കയായിരുന്നു. പതിവുപോലെ രാത്രിയില്‍ രാമന് ഹാലിളകി. കലപ്പയെ അടിക്കാന്‍ തുടങ്ങി. കണ്ണന്‍ ഇടപെട്ടു. ക്ഷുഭിതനായ രാമന്‍ പഴങ്കഥകളൊക്കെ പറഞ്ഞു ഇനി താന്‍ ജീവിക്കില്ല എന്നു സത്യം ചെയ്തു, കയറുമെടുത്ത് ഇറങ്ങി. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ കലപ്പയും കണ്ണനും കൂടി കാലുപിടിച്ചു രാമനെ അനുനയിപ്പിച്ചു തിരിച്ചു കൊണ്ടുവരും. ഒട്ടുമിക്ക ദിവസവും നടക്കുന്ന കലാപരിപാടി ആയതുകൊണ്ട് അന്നാരും പുറകെ പോയില്ല. അനുനയം കാത്തുനിന്നു നാണം കെട്ടിട്ടാവണം രാമന്‍ തൊഴുത്തില്‍ തൂങ്ങിമരിച്ചു. പിറ്റെന്നു രാവിലെ തൊഴുത്തിലേക്ക് ചെന്ന കണ്ണനാണ് തൂങ്ങി നില്‍ക്കുന്ന രാമനെ കണ്ടത്.
കലപ്പയ്ക്ക് ആകെ വിഭ്രാന്തിയായി. എല്ലായിടത്തും രാമന്‍ ഒരു വടിയുമായി നില്‍ക്കുന്നതുപോലെ ഒരു തോന്നല്‍. രാമന്റെ പ്രേതത്തെക്കൊണ്ടു പൊറുതിമുട്ടിയപ്പോള്‍ അവള്‍ പള്ളീലച്ചന്റെ അടുത്ത് അഭയം തേടി. ലൂക്കാച്ചന്‍ അതിരാവിലെ ചെന്നു പ്രാര്‍ത്ഥനകള്‍ നടത്തി, വീട് വെഞ്ചരിച്ചു, വീട്ടുകാരെ ആശ്വസിപ്പിച്ചു തിരിച്ചു പോരുകയാണ്.
രാമന്റെ ആദ്യകാലമാണ് ഞാനോര്‍ത്തത്. ഒന്നുമില്ലായ്മയില്‍നിന്ന് വളര്‍ന്ന് പരസ്സഹായം ആവശ്യമില്ലാത്ത അവസ്ഥയിലെത്തി. പക്ഷേ സഹജമായ രീതികളൊന്നും മാറ്റാന്‍ പറ്റുന്നില്ല. സ്വാഭാവികമായ ദുരന്തങ്ങള്‍ ഏറ്റുവാങ്ങി ഒരുജീവിതം അവസാനിക്കുന്നു.

22 Feb 2013

വില്ലന്‍

മോഹന്‍ പുത്തഞ്ചിറ 

“അല്ല, ഇനി നീ എനിക്കെന്തു പേരിടും“ ?
തിരക്കഥയെഴുതാനിരിക്കുമ്പോള്‍ വന്നൂ
വില്ലന്റെ പരിഹാസം
ശങ്കയോടെ
ശ്വാസം പിടിച്ച്
ചോദ്യാസനത്തിലേയ്ക്കു
ചൂളുന്നു തൂലിക
അമ്പട വില്ലാ
ചിന്തയില്‍ നിന്നു വിരിയും മുമ്പേ
ചിറകടിക്കുന്നുവോ
നിന്റെ വിശ്വരൂപം
എന്നു ചോദിക്കാനാഞ്ഞൂ
എഴുത്തുകാരന്റെ മനം
അല്ലെങ്കില്‍ വേണ്ട
ഇനി മുതല്‍
എല്ലാ തിരക്കഥകളും
വില്ലന്മാര്‍ തന്നെ
തല്ലിക്കൂട്ടുമായിരിക്കും
പണയമാവാത്തവര്‍ക്ക്
പണിയുണ്ടാവില്ല
എന്ന തിരിച്ചറിവില്‍
പതുക്കെ ശ്വാസമഴിച്ച്
ശവാസനത്തിലേക്ക്
തളരുന്നൂ തൂലിക
വാങ്ക്, മണിയടി, നാമജപങ്ങള്‍
വില്ലനു കോറസ്സായി
പശ്ചാത്തലത്തില്‍
ഉച്ചസ്ഥായിയിലേക്ക്.

24 Jan 2013

സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ തമ്പുരാന്‍



അബ്ദുസ്സലാം 

സോഷ്യല്‍ നെറ്റ്‌വര്‍ക്ക്, അടുക്കും തോറും സമയം പോകുന്ന മഹാ സാഗരം. അലഞ്ഞിട്ടുണ്ട് ഒരുപാട് അത് അന്വേഷിച്ചു. 2006 ല്‍ ആണെന്ന് തോന്നുന്നു മാനാഞ്ചിറ മൈതാനത്ത് നക്ഷത്ര മെണ്ണിക്കിടന്നവന് ഒരു വെളിപാടുണ്ടായി. എന്താ….സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ല്‍ കയറണം എന്തിനാ…ആ….ചുമ്മാ ഒന്ന് കേറി നോക്കാന്‍.
പിറ്റേന്ന് പുലര്‍ച്ചെ തന്നെ വെച്ച് പിടിപ്പിച്ചു നേരെ ആദ്യം കണ്ട കഫേയിലേക്ക്. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കളെ കുറിച്ച് അറിയാന്‍ വന്നു പെട്ടത് ഒരു പഴയ സിംഹത്തിന്‍റെ മടയിലായിരുന്നു ഉസ്താദ്‌ ഗൂഗിള്‍ ഖാന്‍. ആവശ്യമറിയിച്ചു.. ദക്ഷിണ വെക്കാന്‍ പറഞ്ഞു. ഊര് തെണ്ടിയുടെ ഓട്ട കീശയില്‍ എന്തുണ്ട്. അവസാനം abdulsalamacp at gmail dot com എന്നാ രാഗത്തില്‍ ഒരു അലക്കി അങ്ങട് അലക്കി… ഗൂഗിള്‍ ഫ്ലാറ്റ്…നേരെ കാണിച്ചു തന്നു ഓര്‍ക്കൂട്ടിലേക്കുള്ള വഴി…
നമ്മള്‍ ഈ ഓര്‍ക്കുട്ട് എന്നൊക്കെ കേള്‍ക്കുന്നതല്ലാതെ അതിനെ പറ്റി ഒരു പിടുത്തവും ഇല്ലായിരുന്നു. അങ്ങനെ ഇതെന്താ സംഭവം എന്ന് അറിയാനുള്ള ആഗ്രഹം കൊണ്ട് ഞാന്‍ ഓര്‍ക്കുട്ടില്‍ ചുമ്മാ കയറി നോക്കുമ്പോള്‍ നമ്മടെ കൂടെ പഠിച്ചവന്മാരും അല്ലാത്തവരും ഒക്കെ ചിരിക്കുന്നു. കൊടുത്തു ഫ്രെണ്ട് റിക്കെസ്റ്റ് കാണുന്നവര്‍ക്കെല്ലാം. അന്ന് ഫൈക് ഏതാ ഒറിജിനല്‍ ഏതാ എന്നറിയാത്ത പ്രായമല്ലേ. ഓ എന്തൊരു ആക്രാന്തമായിരുന്നു അന്നൊക്കെ…!!
ഫേസ് ബുക്കിനെ കുറിച്ച് കേട്ടപ്പോള്‍ അത് എന്ത് ബുക്ക് ആണെന്നറിയാന്‍ വേണ്ടി അതിലും തുടങ്ങി ഒരു അക്കൗണ്ട്‌. ആദ്യമാദ്യമൊക്കെ ഒരു വിഷമമായിരുന്നു ഫേസ് ബുക്കില്‍ കയറാന്‍. ആഴ്ചകള്‍ എടുത്തു ഒന്ന് ക്ലച്ചു പിടിക്കാന്‍.. പിന്നെ കൊള്ളാമെന്നു തോന്നി…പിന്നീട് ഓര്‍ക്കുട്ടില്‍ പോയപ്പോള്‍ ജോഷിയുടെ പടം കണ്ട് അടൂരിന്‍റെ പടം കാണാന്‍ പോയ അവസ്ഥയായി പോയി…ഒച്ചയുമില്ല അനക്കവുമില്ല..ഒരു സ്ക്രാപ്പ് ഇട്ടാല്‍ അത് അവിടെ കെടക്കും…ആരങ്കിലും കമന്റ് ഇട്ടാല്‍ അറിയില്ല..ആരെങ്കിലും തെറി വിളിച്ചാല്‍ പോലും അറിയില്ല…(തിരിച്ചു വിളിക്കണ്ടേ..) ഭാഗ്യമുണ്ടെങ്കില്‍ നമ്മള് കാണും…എന്നാലും ഓര്‍ക്കുട്ടിനെ ഞാന്‍ കളഞ്ഞില്ല..ഇപ്പോഴും ഉപയോഗിക്കാറുണ്ട്..വന്ന വഴി മറക്കരുതല്ലോ…
പത്രത്തിലൂടെയാണ് ഞാന്‍ ബ്ലോഗ്ഗിങ്ങിനെ പറ്റി അറിഞ്ഞത്. ‘അമിതാഭ് ബച്ചന്‍ ബ്ലോഗില്‍ കുറിച്ചിട്ടു’ തുടങ്ങിയ പ്രയോഗങ്ങളെല്ലാം കാണാന്‍ തുടങ്ങി.. അതോടെ എനിക്കും ബ്ലോഗിങ്ങിന്‍റെ സൂക്കേട്‌ തുടങ്ങി…ഈ ബ്ലോഗ് എവിടെ കിട്ടും എങ്ങനെയാ ഉണ്ടാക്കുക എന്ന് അന്വേഷിച്ചപ്പോള്‍ എന്‍റെ ഒരു കവി സുഹൃത്താണ് പറഞ്ഞത് ബ്ലോഗ്ഗെറും ഉണ്ട് വേര്‍ഡ്‌ പ്രസ്സും ഉണ്ട് “ബ്ലോഗ്ഗെറാണെങ്കില്‍ ഈസിയാണ് മലപ്പുറത്ത്‌..ഛീ..ഗൂഗിളില്‍ സാധനം കിട്ടും” എന്ന്…..ഞാന്‍ ഒട്ടുമിക്ക ബ്ലോഗുകളും നോക്കി..ഒരു മാതിരി എല്ലാ ബ്ലോഗുകളും ബ്ലോഗ് സ്പോട്ടിലാണ് പക്ഷെ വല്യ പുള്ളികളൊക്കെ ബ്ലോഗുണ്ടാക്കിയതൊക്കെ വേര്‍ഡ്‌ പ്രെസ്സിലാ..അത് കൊണ്ട് ഞാനും ഒന്ന് ഉണ്ടാക്കി വേര്‍ഡ്‌ പ്രസ്സില്‍!! ..!! (ഈ സെലെബ്രെട്ടികളുടെ ബ്ലോഗുകളൊക്കെ വേര്‍ഡ്‌ പ്രേസ്സിലാത്രേ!!)
“ശശി തരൂര്‍ ട്വിട്ടെരില്‍ പ്രതികരിച്ചു”..എന്നൊക്കെ പിന്നീട് പത്രത്തില്‍ കാണാന്‍ തുടങ്ങി..അതോടെ എനിക്കും ട്വിട്ടെരില്‍ “പ്രതികരിക്കാന്‍” തോന്നി….പക്ഷെ ഇന്ത്യന്‍ ക്രിക്കെറ്റ് ടീം ലോക കപ്പു നേടിയാല്‍ തുണിയില്ലാതെ ഉള്ള ഫോട്ടോ ട്വിട്ടെരില്‍ കൊടുക്കും എന്ന് ഒരു മഹതി പറഞ്ഞപ്പോഴാണ് ഈയുള്ളവന് ബോധോദയം ഉണ്ടായത്…ഉടനെ കേറി ഒരു യൂസര്‍ നെയിമും ഉണ്ടാക്കി ട്വിട്ടെരില്‍..(ചുമ്മാ..അഥവാ ബിരിയാണി കൊടുത്താലോ..)
പക്ഷെ ട്വിട്ടെരില്‍ എന്താ നടക്കുന്നത് എന്ന് എനിക്കിപ്പോഴും മനസിലായിട്ടില്ല…ഒരുമാതിരി ജന്മി-കുടിയാന്‍ ബന്ധം..!!!(അതിലുള്ളതൊക്കെ കൂടിയ സാറന്‍മാരാണെന്നാ കേട്ടെ..). എനിക്ക് അതിലെ അപ്ഡേറ്റുകള്‍ കാണുമ്പഴേ കലിപ്പാണ്‌..”പല്ല് തേച്ചു,പേസ്റ്റ് ഇല്ലായിരുന്നു ,ഉമിക്കരി കൊണ്ട് അഡ്ജസ്റ്റ് ചെയ്തു..” ‘ബിരിയാണിക്ക് ഉപ്പു കൂടിപ്പോയി…””എന്‍റെ ഹെയര്‍ ബാന്‍ഡ് കാണുന്നില്ല..” തുടങ്ങിയ അപ്ഡേറ്റുകള്‍ ആണ് കൂടുതല്‍..!!!അതിനൊക്കെ എന്തോരം കമന്റുകളുമാ..!!
പക്ഷെ നമ്മള് കഷ്ടപ്പെട്ട് ആയിരക്കണക്കിന് കൂടിയ സാറന്മാരെ ഫോളോ ചെയ്യും നമ്മളെ നാലോ അഞ്ചോ ആളും..എനിക്ക് ഈ ജന്മി-കുടിയാന്‍ ബന്ധം ഇഷ്ടമല്ലാത്തത്‌ കൊണ്ട് ഞാന്‍ ഇപ്പൊ വല്ലപ്പോഴും കേറി നോക്കും..(പ്രതികരിക്കണമെന്ന് തോന്നുമ്പോള്‍) അത്ര തന്നെ.
പക്ഷെ പല സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും ഇപ്പൊ കാണികള്‍ കുറഞ്ഞ മൈതാനം പോലെയായി.ഗവേഷകര്‍ പറയുന്നത് 15നും 25നും മധ്യേ പ്രായമുള്ള ചെറുപ്പക്കാര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പലപ്പോഴും ഡി ആക്ടിവേറ്റ് ചെയ്യുന്നുണ്ടെന്നാണ്.തീര്‍ച്ചയായും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ വിലപ്പെട്ട സമയം കാര്‍ന്നു തിന്നുന്നുണ്ട്.അതില്‍ നിന്നും കുറച്ചു അകലം പാലിക്കുന്നത് എന്ത് കൊണ്ടും നല്ലതാണ്.

22 Dec 2012

ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന പ്രഭുവിന്റെ മക്കള്‍

കുരീപ്പുഴ ശ്രീകുമാർ


                   എന്താണ് സിനിമ? നമ്മളെ ആഹ്ലാദിപ്പിച്ചും ചിലപ്പോള്‍ കരയിച്ചും കടന്നുപോകുന്നതുമാത്രമാണോ? സിനിമയില്‍ സംവാദത്തിനു സാധ്യതയുണ്ടോ? ഉണ്ടെന്നാണ് ലോക സിനിമ പറയുന്നത്. എന്നാല്‍ സംവാദ സിനിമകള്‍ പലപ്പോഴും പരമ ബോറായിട്ടാണ് അനുഭവപ്പെടുക.
കഥയുടെ നൂല്‍ബന്ധമില്ലാത്തതും കഠിന ഭാഷയില്‍ സൈദ്ധാന്തിക ചര്‍ച്ച നടത്തുന്നതുമായ സിനിമകളാണ് ഏതു ബുദ്ധിജീവിയെയും തിയേറ്ററില്‍ നിന്ന് പുറത്തേയ്ക്ക് പായിക്കുന്നത്. മലയാളത്തില്‍ കഥയും ചര്‍ച്ചയും ഒന്നിപ്പിച്ചുകൊണ്ട് കണ്ടിരിക്കാവുന്ന ഒരു സിനിമ ഉണ്ടായിരിക്കുന്നു. നിറയെ ചോദ്യങ്ങളും യുക്തിഭദ്രമായ ഉത്തരങ്ങളും നിറയ്ക്കുന്ന ഒരു ചലച്ചിത്രം. പ്രഭുവിന്റെ മക്കള്‍.
                 ഇക്കാലത്താണെങ്കില്‍ നിര്‍മ്മാല്യം പോലൊരു സിനിമ എടുക്കാമോ എന്നു പലരും വെല്ലുവിളിക്കാറുണ്ട്. ഈ വെല്ലുവിളിക്ക് രണ്ടു ചലച്ചിത്ര ഭാഷകളില്‍ തട്ടുമ്പൊറത്തപ്പനും ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്കും മറുപടി പറഞ്ഞിട്ടുണ്ട്. ശ്രീനിവാസന്റെ ചില ചിത്രങ്ങളും ആ വഴിയേ സഞ്ചരിച്ചിട്ടുണ്ട്.
           പ്രഭുവിന്റെ മക്കളിലാണെങ്കില്‍ തുറന്നുപറയുന്ന ഒരു രീതിയാണ് സംവിധായകനായ സജീവന്‍ അന്തിക്കാട് സ്വീകരിച്ചിട്ടുള്ളത്.
           പ്രഭുവിന്റെ രണ്ടുമക്കളിലൊരാള്‍ യുക്തിവാദിയാണ്. രണ്ടാമന്‍ ഭക്തിവാദിയും. ഭക്തിവാദിയായ സിദ്ധാര്‍ഥനാണെങ്കില്‍ ഒരു കാമുകിയുമുണ്ട്. എന്നാല്‍ സിദ്ധാര്‍ഥന്‍, അച്ഛനെയും സഹോദരനെയും പ്രണയിനിയെയും ഉപേക്ഷിച്ച് ആത്മീയാന്വേഷണത്തിനിറങ്ങുന്നു. ഹരിദ്വാറിലും ഋഷികേശിലും ഗംഗയുടെ മറ്റു സമീപപ്രദേശങ്ങളിലും ഗുരുവിനെ തേടിയലയുന്ന സിദ്ധുവിന് ഗുരുവിനെ ലഭിക്കുക തന്നെ ചെയ്തു. ധ്യാനവും യോഗയുമടങ്ങിയ കഠിന ജീവിതപദ്ധതി.
             അപ്രതീക്ഷിതമായാണ് ബ്രഹ്മചര്യമഹത്വം പാടാറുള്ള ഗുരുവും ആശ്രമ സന്യാസിനിയും തമ്മിലുള്ള കിടപ്പറ ദൃശ്യം അയാള്‍ കാണുന്നത്. വെള്ളത്തിനടിയില്‍ ലോഹപ്പാളി വിരിച്ച് ഹഠയോഗി വെള്ളത്തിനു മുകളിലൂടെ നടക്കുന്നതും ഈ യുവാവ് കണ്ടെത്തുന്നു. വാസ്തവത്തിന്റെ ബോധോദയമുണ്ടായതിലൂടെ തികഞ്ഞ നാസ്തികനായി മാറിയ സിദ്ധാര്‍ഥന്‍ നാട്ടിലെത്തി കാത്തിരുന്ന കണ്മണിയെ കല്യാണവും കഴിച്ച് തികഞ്ഞ യുക്തിവാദിയായി ജീവിക്കുന്നു.
             ഇനിയാണ് സിനിമയില്‍ ഹരിപഞ്ചാനന ബാബ വരുന്നത്. ബാബയ്ക്ക് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുവാന്‍ അറുപതേക്കര്‍ പുരയിടം ഇഷ്ടദാനമായി നല്‍കുന്ന പ്രഭു, ബാബയുടെ അത്ഭുതങ്ങള്‍ തട്ടിപ്പാണെന്ന് ബോധ്യപ്പെടുന്നതിനെ തുടര്‍ന്ന് ആ കരാറില്‍ നിന്നും പിന്‍മാറുന്നു. അന്തരീക്ഷത്തില്‍ നിന്നും ഭസ്മവും ചെറുശിവലിംഗവും ചെറിയ സ്വര്‍ണമാലയുമൊക്കെ എടുക്കുക തുടങ്ങിയ ചെറുകിട മാജിക്കുകളാണ് ബാബ അത്ഭുതമായി കാട്ടിയിരുന്നത്. കരാറില്‍ നിന്നും പിന്‍മാറിയ പ്രഭു, ബാബയുടെ ഗൂഢാലോചനയില്‍ നിന്നുണ്ടായ ഒരു റോഡപകടത്തില്‍ കൊല്ലപ്പെടുന്നു. മക്കളുടെ അന്വേഷണത്തിനൊടുവില്‍ ബാബ അറസ്റ്റു ചെയ്യപ്പെടുന്നു.
            
             ആത്മീയത ഉപേക്ഷിച്ച് വാസ്തവ ചിന്തയിലെത്തിയ സിദ്ധാര്‍ഥനും സംഘവും ദിവ്യാത്ഭുത അനാവരണത്തിനായി കേരളത്തിലും ലോകത്തിന്റെ പലഭാഗങ്ങളിലും സഞ്ചരിക്കുന്നു. അഹംദ്രവ്യാസ്മി തുടങ്ങിയ പരിഹാസ മുദ്രാവാക്യങ്ങളും ഇതിനായി ഉപയോഗിക്കുന്നു.
              ജാതി, മതം, ദൈവം, മറ്റ് അന്ധവിശ്വാസങ്ങള്‍ ഇവയാണ് ഈ സിനിമയില്‍ അനാവരണത്തിനു വിധേയമാക്കുന്നത്. ശരിയായ മതരഹിത ജീവിതത്തിന്റെ സാധ്യതകളും മുദ്രകളും ഈ സിനിമ മുന്നോട്ടുവയ്ക്കുന്നു. സിനിമയിലുടനീളം യുക്തിവാദം പ്രധാന കഥാപാത്രമാകുന്നു.
              കാല്‍പനിക ഗാനങ്ങള്‍ ആരെഴുതിയാലും മഹാകവി ചങ്ങമ്പുഴയ്ക്കപ്പുറം പോവുകയില്ലെന്നറിഞ്ഞതിനാലാകാം ആ രാവില്‍ നിന്നോടു ഞാനോതിയ രഹസ്യങ്ങള്‍ എന്ന കവിത പ്രണയരംഗത്തിന് വസന്തം ചാര്‍ത്താന്‍ ഉപയോഗിച്ചിട്ടുണ്ട്. ചങ്ങമ്പുഴയും ഒരു അവിശ്വാസിയായിരുന്നതിനാല്‍ ആ തെരഞ്ഞെടുപ്പ് ഉചിതമായി.
               വിഷയത്തിന്റെ വിപുലീകരണം ഈ ചിത്രത്തിന്റെ കേന്ദ്രപ്രമേയത്തില്‍ നിന്നും വ്യതിചലിക്കാന്‍ കാരണമാകുന്നുണ്ട്. അടിയന്തരാവസ്ഥക്കാലം മറ്റൊരു  ചിത്രത്തിനായി മാറ്റിവയ്ക്കാമായിരുന്നു.
          പ്രഭുവിന്റെ മക്കള്‍, തിയേറ്ററുകളില്‍ നിന്നും മാറ്റി, ഓഡിറ്റോറിയങ്ങള്‍ ബുക്ക് ചെയ്ത് ആളുകളെ ക്ഷണിച്ചു പ്രദര്‍ശിപ്പിക്കുന്നതാവും നല്ലത്. തിയേറ്റര്‍ പ്രേക്ഷകരുടെ ശീലങ്ങള്‍ക്ക് ഈ ചിത്രം തൃപ്തി നല്‍കാന്‍ സാധ്യതയില്ല.
          പ്രേമാനന്ദിന്റെയും ദയാനന്ദിന്റെയും അവരുടെ പിതാവിന്റെയും നരേന്ദ്രനായിക്കിന്റെയും മറ്റും ജീവിതമറിയുന്നവര്‍ക്ക് ഈ ചിത്രം ആദരവോടെയും ആവേശത്തോടെയും കാണാന്‍ കഴിയും. മറ്റുള്ളവര്‍ക്ക് ചിന്തയുടെ വലിയ ആകാശം പ്രഭുവിന്റെ മക്കള്‍ തുറന്നുതരും.

22 Nov 2012

നോവൽ/ആഭിജാത്യം- 7

ശ്രീദേവിനായർ

 പെട്ടെന്ന് ഒരു യാത്ര ,എപ്പോഴും അദ്ദേഹം അങ്ങനെയാണ്. രാവിലെ കുട്ടികള്‍ക്കൊപ്പം യാത്രതിരിക്കുമ്പോള്‍ എന്തിനെന്നോ എവിടേയ്ക്കെന്നോഒന്നും തിരക്കാനുള്ള സമയം കിട്ടിയില്ല.അല്ലെങ്കില്‍ അതിന്റെ ആവശ്യം തോന്നിയതുമില്ല. ഒരു വീട്ടില്‍ താമസിക്കുന്നവര്‍ എന്നാല്ലാതെ കൂടുതല്‍ ബന്ധം ചില അവസരങ്ങളില്‍ തോന്നാറേയില്ല. ജീവിതത്തിന്റെ ഏടുകളില്‍ ചിലപ്പോഴൊക്കെ നാം അറിയാതെ കുറിച്ചിടുന്ന ചില വരികള്‍ വീണ്ടുംനോക്കുമ്പോള്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളെ അല്പം പോലും സ്വാധീനിക്കാന്‍ കഴിയാത്ത വ ആയിപ്പോയിയെന്ന് വിധിയെഴുതാറുമുണ്ട്.

അതുപോലെ നിസ്സഹായ അവസ്ഥയില്‍ ഒന്നും തോന്നാറില്ല. ഉള്‍ക്കൊള്ളാന്‍ വൈഷമ്യം തോന്നുന്നവ എങ്ങനെ മനസ്സിലോട്ടു പ്രവേശിക്കും? യാന്ത്രികമായി ചലിച്ച കാലുകള്‍ക്കൊപ്പം മനസ്സും നടന്നു.അറിയാത്ത കാര്യങ്ങള്‍ അറിയാനുള്ള മനസ്സിന്റെ ആകാംക്ഷനടപ്പിന്റെ വേഗത കൂട്ടിയില്ല.പകരം നിസ്സഹകരണം കാണിച്ച കാലുകളെ ബലമായി വലിച്ചു നടന്നു. എന്തോ അനര്‍ത്ഥങ്ങള്‍.......വേട്ടയാടപ്പെടാന്‍ പോകുന്ന മാന്‍ പേട പോലെ ..മനസ്സ് തേങ്ങുന്നു. തന്നെ മാത്രം ശ്രദ്ധിച്ച് മുഖത്തു നോക്കി പേടിയോടെ കൂടെ നടക്കുന്ന അപ്പു....

അവന്റെ കൈകള്‍ തന്റെ ഉള്ളം കൈകളില്‍ ഭദ്രം1എങ്കിലും അവന്റെ കൈകളിലെ ചൂട്..വിയര്‍ത്തു നനഞ്ഞ് ..... അവനെ നോക്കി ..അവന്‍ തന്നെയും..എന്തോ പറയാന്‍ ആഞ്ഞ അവന്റെ ചുണ്ടുകളില്‍...വിളര്‍ത്ത ചിരി.... പാവം.....താന്‍ അവനെ ശരീരത്തോട് ചേര്‍ത്തു നിര്‍ത്തി.സ്വന്തം മകനെ എന്ന പോലെ. മോനെ,നിന്നെ ഞാന്‍ ആര്‍ക്കുംവിട്ടുകൊടുക്കില്ല.നിന്റെ സ്വന്തം അമ്മയ്ക്കുപോലും .മനസ്സ് മന്ത്രിച്ചു. തലേദിവസത്തെ സംസാരത്തില്‍ നിന്ന് ഏറെക്കുറെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ തനിയ്ക്കു കഴിഞ്ഞിരുന്നു. അമ്മ നഷ്ടപ്പെട്ട കുഞ്ഞുങ്ങളായി മാത്രം താന്‍ അവരെ കണ്ടാല്‍ മതിയെന്ന രവിയേട്ടന്റെ വാക്കുകള്‍ക്കപ്പുറം പുതിയതായി തനിയ്ക്കൊന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല,എങ്കിലും ആള്‍ക്കാരും ബന്ധുബലവുമുള്ള ഏതോ നല്ലകുടുംബത്തിന്റെ മക്കള്‍ ആണ് അവര്‍ എന്ന് പറയാതെ തന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. വേരുതേടിയുള്ള യാത്രയില്‍ കുട്ടികള്‍ അറിയാതെ അവരെ പിന്തുട്രേണ്ടിവന്നൊരമ്മയുടെ മനസ്സായിരുന്നു അപ്പോള്‍.
പുരാതനമായ ആവീടിന്റെ പടിക്കല്‍ എത്തിയപ്പോള്‍ ഹൃദയമിടിപ്പിന്റെ വേഗതകൂടിയതുപോലെ.വീണ്ടുംവീണ്ടും ചുമതലയുടെഭാരം കൂടുകയാണോ?

താങ്ങാന്‍ ശേഷിയുള്ളവര്‍ക്കേ ദൈവം ഭാരം ചുമക്കാന്‍ തരുകയുള്ളുഎന്ന് പഴമക്കാര്‍ പറയുന്നതില്‍ തെറ്റില്ലെന്നോ? മുജ്ജന്മപാപ പുണ്യങ്ങള്‍ ഈജന്മത്തിലും പിന്തുടരുമെന്ന് കേട്ടിട്ടുണ്ട്.തന്നെവിടാതെ പിന്തുടരുന്ന ഈ വിധി യും അതുതന്നെയായിരിക്കുമോ?ചെരുപ്പു ഊരിവച്ച് താനും കുട്ടികളും അകത്തു കയറി.തന്റെ കൈകള്‍ ബലമായിപ്പിച്ച് അപ്പു പിന്നോട്ട് വലിക്കാന്‍ വ്രഥാശ്രമം നടത്തി ഇഷ്ടമില്ലാത്തപോലെ തുടുത്ത് ചുമന്നഅവന്റെ മുഖം അതു വിളിച്ച് പറയുന്നതുപോലെ,തിളക്കമുള്ള കറുത്ത സിമന്റിട്ട തറ കണ്ണാടിപോലെ തിളക്കമുള്ളതായി തോന്നി.ആള്‍പ്പാര്‍പ്പില്ലാത്ത വീടുപോലെതോന്നിയെങ്കിലുംനല്ല വൃത്തിയും വെടിപ്പുമുള്ള നല്ല ഉള്‍വശം. നടത്തം അവസാനിച്ചതു ഉള്‍വശത്തുള്ള ഒരു വലിയ മുറിയുടെ മുന്നിലായിരുന്നു.അവിടെ ഒരു കട്ടിലില്‍ നരകയറിയ ഒരു വല്യമ്മ കിടക്കുന്നുണ്ടായിരുന്നു.അവശത തോന്നിക്കുന്ന മുഖം.എങ്കിലും ചൈതന്യമുള്ള ആമുഖത്ത് സന്തോഷത്തിന്റെ നേരിയ ലാഞ്ചന കണ്ടു.ആരെന്നോബന്ധമെന്നോ അറിയാനാവാതെ മിണ്ടാതെ നിന്നു.ഒന്നു ചിരിച്ചു.

തങ്ങളെക്കണ്ടതും അടുത്തിരുന്ന ഒരു സ്ത്രീ എഴുനേറ്റുനിന്നു ബഹുമാനത്തോടെ രവിയേട്ടനോട് വിശേഷം പറഞ്ഞു. വല്യമ്മയുടെ ആരോഗ്യനിലയൊക്കെ വിസ്തരിച്ചു.രവിയേട്ടന്‍ ശ്രദ്ധാപൂര്‍വ്വം കേട്ടുനിന്നു.കൊണ്ടു ചെന്ന സാധനങ്ങളൊക്കെ വാല്യക്കാരന്‍ കാറില്‍ നിന്നും എടുത്ത് വീട്ടില്‍ കൊണ്ടുവച്ചു. അപ്പോള്‍?ഈ വീട്?ഇവരൊക്കെ?ഒന്നും മനസ്സിലാകുന്നില്ല.കൂട്ടിയാലും കിഴിച്ചാലും ദേവിയെന്ന തനിയ്ക്ക്.... മനസ്സിലാക്കാന്‍ പറ്റാത്ത കാര്യങ്ങളുടെ കുരുക്ക് മാത്രമോ ജീവിതം? ഒറ്റയല്ല താനിന്ന്! പക്ഷേ പറക്കമുറ്റാത്ത രണ്ടു കുട്ടികളും തന്നൊപ്പം..ഇപ്പോള്‍.......! തങ്ങള്‍ മൂവരുമേതോ ഒഴുക്കില്‍ ഒഴുകിവന്ന ദിശയറിയാതെ അലയുന്ന ജീവിതങ്ങള്‍ മാത്രമോ? ദുഃഖമല്ല,സന്തോഷമല്ല,മറ്റേതോ വികാരമാണ് അപ്പോള്‍ തോന്നിയത്.

 ഒന്നിരിക്കാനായി ചുറ്റും നോക്കി.അതു മനസ്സിലാക്കിയതുപോലെ ആ സ്ത്രീ ഒരു കസേര മുന്നില്‍ ഇട്ടു തന്നു.ചുറ്റുംനോക്കാതെ ഇരുന്നു. തല കറങ്ങുന്നതുപോലെ.......വെള്ളം...ചുണ്ടുകള്‍ അനങ്ങി....രവിയേട്ടന്റെ കൈകള്‍ താങ്ങിയതു ഓര്‍മ്മയുണ്ട്. ഉണര്‍ന്നപ്പോള്‍ അകത്തു ഒരു മുറിയില്‍ കട്ടിലില്‍ കിടക്കുന്ന തന്റെ നെഞ്ചില്‍ ചേര്‍ന്ന് കുട്ടികള്‍ ര്ണ്ടും കരഞ്ഞു വീര്‍ത്ത മുഖവുമായി. എണീറ്റിരുന്നു.തനിയ്ക്കെന്തുപറ്റി? ശരീരത്തിന്റെ ക്ഷീണത്തെക്കാളും മനസ്സീന്റെ ക്ഷീണമാണ് തന്റേതെന്ന് തിരിച്ചറിയാന്‍ ഇപ്പോല്‍ തനിയ്ക്കു കഴിവുണ്ടെന്ന് മനസ്സിലായി.തനിയ്ക്ക് താനും.പുരയ്ക്കു തൂണും....എന്നല്ലേ? എന്തായാലും നേരിടാമെന്ന് തന്നെ മനസ്സ് കരുതുകയായിരുന്നു. കാരണം താനിന്ന് രണ്ടുമക്കളുള്ള ഒരു അമ്മയാണല്ലോ? പോരെങ്കില്‍ നിഗൂഡത നിറഞ്ഞ ഭൂതകാലമുള്ള ഒരു ഭര്‍ത്താവിനൊപ്പവുമാണല്ലോ? ചിരിക്കണോ കരയണോ എന്ന് അറിയാതെ മനസ്സ്...അസ്വസ്ഥമായി. ---------------------------

തുടരും

23 Oct 2012

ഒന്നു നമിച്ചോട്ടെ, ഈ ദീർഘവീക്ഷണത്തെ !


രമണി ഗോപാലകൃഷ്ണൻ, ബി. ചിന്നരാജ്‌

"ഈ ഉലകത്തിൽ വ്യവസായ (കൃഷി) ത്തി  നപ്പുറം ഒന്നുമേയില്ലൈ. വ്യവസായത്തിലും പെരുമയായി തെന്നൈ വ്യവസായം (തെങ്ങുകൃഷി) താൻ ബെസ്റ്റ്‌."
പാലക്കാട്‌ ജില്ലയിലെ മീനാക്ഷി പുരത്തെ കേര കർഷകനായ കൃഷ്ണസ്വാമി ഗൗണ്ടരുടേതായിരുന്നു ഈ വിലയിരുത്തൽ. കേരകൃഷി ജീവിത വ്രതമാക്കിയ ഒരു കർഷകന്റെ മനസ്സിൽ തട്ടി വന്ന വാക്കുകളായിരുന്നു അവ. ആത്മസംതൃപ്തിയുടെ വാക്കുകൾ. തെങ്ങു കൃഷിക്കും കേരകർഷകർക്കും വേണ്ടി മൂന്ന്‌ ദശാബ്ദം പണിയെടുത്തിട്ടും ആശങ്കയോടെ നടക്കുന്ന എന്റെ മനസ്സൺനു കുളിർപ്പിച്ചു ഈ വാക്കുകൾ. ഈ ആത്മവിശ്വാസം കുറച്ചു കേരകർഷകരിലേയ്ക്കെങ്കിലും എങ്ങിനെ പകർന്നു നൽകാമെന്നതായിരുന്നു എന്റെ അടുത്ത ചിന്ത.
സങ്കരയിനം തെങ്ങിൻതൈകൾ ഉത്പാദിപ്പിക്കുന്ന പദ്ധതിക്കുവേണ്ടി മാതൃവൃക്ഷമായി തെരഞ്ഞെടുത്ത ഗൗരീഗാത്ര (ചെന്തെങ്ങ്‌​‍ാമെന്ന ചാവക്കാട്‌ ഓറഞ്ച്‌ തെങ്ങുകൾ പരിശോധിക്കാനെത്തിയ വേളയായിരുന്നു സന്ദർഭം. പദ്ധതി ഏറ്റെടുത്തിരിക്കുന്നത്‌ പാലക്കാട്‌ ജില്ലയിലെ മൈത്രി എന്ന എൻ.ജി.ഒ. 400 ലധികം ഗൗരീഗാത്രം കുറിയയിനം (ഡ്വാർഫ്‌) തെങ്ങുകൾ വർഷങ്ങൾക്കുമുൻപ്‌ നട്ടുപിടിപ്പിച്ച്‌ ഒരു തെങ്ങിൽ നിന്ന്‌ 140-160 ഇളനീർ വിളവെടുക്കുന്ന ഗൗണ്ടരുടെ ദീർഘ വീക്ഷണം എന്തേ നമ്മുടെ കുറച്ചുകർഷകർക്കെങ്കി ലുമില്ലാതെ പോയി എന്ന ചിന്തയായിരുന്നു ആദ്യമായി എന്റെ മനസ്സിലോടിയെത്തിയത്‌.
20 ദിവസത്തിലൊരിക്കൽ 12,000 ഇളനീർ വീതം ഒറ്റവിളവെടുപ്പിൽ വിറ്റുകൊണ്ടിരിക്കുന്ന ഈ കർഷകന്റെ വിത്ത്‌ തേങ്ങയുടെ ഉറവിടം ഞാനന്വേഷിച്ചു. 15 ഏക്കർ വ്യാപിച്ചു കിടക്കുന്ന പറമ്പിന്റെ കോണിൽ, കുറിയയിനം തെങ്ങുകളെക്കുറിച്ചുള്ള എല്ലാ ധാരണകളും തെറ്റിച്ചുകൊണ്ട്‌ തലയെടുപ്പോടെ നിറയെ കുലകളുമായി നിൽക്കുന്നു ഒരു ഗൗരീഗാത്രം തെങ്ങ്‌. 50 വർഷത്തിനുമേൽ പ്രായമുണ്ട്‌ ആ തെങ്ങിനെന്ന്‌  ഗൗണ്ടർ സാക്ഷ്യപ്പെടുത്തുന്നു.
ഒറ്റ തെങ്ങിൽ നിന്ന്‌ ഇത്രയും തെങ്ങിൻ തൈകൾ ഉത്പാദിപ്പിച്ച രീതിയെക്കുറിച്ച്‌ ഞാൻ ആരാഞ്ഞു. ആണ്ടിൽ 140-160 കായ്‌ കിട്ടുമായിരുന്നു. ഓരോ വിളവെടുപ്പിലേയും കായ്കൾ വെയിലത്ത്‌ 15 ദിവസത്തോളം ഉണക്കും. പിന്നീട്‌ ഒരു സിമന്റ്‌ ടാങ്കിലെ വെള്ളത്തിലിട്ട്‌ മുളവരുമ്പോൾ എടുത്തു നഴ്സറി ബഡ്ഡിൽ നടുന്നു, പിന്നീട്‌ നടാൻ പരുവമാകുമ്പോൾ കുഴിയെടുത്ത്‌ നടും. ഇങ്ങനെ എല്ലാ വിളവെടുപ്പിലേയും കായ്കൾ പടിപടിയായി വിത്തായുപയോഗിച്ച്‌ 200 തൈകൾ നട്ടുപിടിപ്പിച്ചു. ആവശ്യം കഴിഞ്ഞപ്പോൾ തൈയുത്പാദനം നിർത്തി. പിന്നീടു 6 വർഷം മുൻപ്‌ വീണ്ടും ഇതേ രീതിയിൽ തൈകളുണ്ടാക്കി 200 തൈകൾ കൂടി വെച്ചു.
ഓരോ കുലയിലും 25, 30, 40 എന്നിങ്ങനെ കായ്കൾ നിൽക്കുന്നത്‌ ഗവണ്‍മന്റ്‌ തോട്ടങ്ങളേയും കൃഷി ശാസ്ത്രജ്ഞരേയും ഒരേപോലെ നാണിപ്പിക്കും. കരിക്കു കച്ചവടക്കാർ വരുന്നത്‌ ചെന്നൈ, പൊള്ളാച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ്‌. 20 ദിവസം കൂടുമ്പോൾ വിളവെടുക്കും 12,000 കരിക്കിലധികം ഉണ്ടാകും. അതായത്‌ 12 ലോറി ലോഡ്‌. ഇങ്ങനെ ആണ്ടിൽ ശരാശരി 15 വിളവെടുപ്പു കാണും; രണ്ടു ലക്ഷത്തോളം കരിക്ക.​‍്‌ രോഗം വന്നതും മണ്ഡരി ബാധയുള്ളതും പേടുമെല്ലാം ചേർത്ത്‌ വെട്ടൊന്നിന്‌ 2000 തിരിവു കണക്കാക്കി ആണ്ടിൽ 1,80,000 കരിക്ക്‌ വിൽക്കും. പത്തു രൂപയ്ക്ക്‌ കരിക്ക്‌ വിറ്റാൽ 18 ലക്ഷം രൂപ ആണ്ടിൽ കരിക്കിൽ നിന്നു മാത്രമുള്ള ആദായം. കരിക്കിന്‌ ഇത്രമാത്രം ഡിമാന്റുണ്ടാകുമെന്ന്‌ മുന്നിൽകണ്ട്‌ കൃഷിചെയ്ത ഗൗണ്ടർക്ക്‌ തനിക്ക്‌ ഇന്നു കാണുന്ന എല്ലാ സൗഭാഗ്യങ്ങളും ഈ തെങ്ങുകൃഷി തന്നതാണെന്ന്‌ പറയാൻ തെല്ലും സങ്കോചമില്ല.
രണ്ടു മക്കളാണ്‌ കൃഷ്ണസ്വാമി ഗൗണ്ടർക്ക്‌. പെരിയ സ്വാമിയും സതീഷും. 40ഉം 36ഉം വയസ്സ്‌. രണ്ടുപേരും അച്ഛന്റെ പാത പൈന്തുടർന്ന്‌ കൃഷിയിൽ. പെരിയ സ്വാമി 11 ഏക്കർ തോട്ടം പ്രത്യേകം നോക്കി നടത്തുന്നു. എന്തുകൊണ്ട്‌ അവർക്ക്‌ വിദ്യാഭ്യാസം നൽകി ഉദ്യോഗത്തിനയച്ചില്ല എന്ന ചോദ്യത്തിനും ഉത്തരം ഉടനടി. "ഈ വ്യവസായ (കൃഷി)ത്തിനപ്പുറം എന്ന വേലൈ സാർ, ടൗണിൽ ജനിച്ചു വളരുന്ന കൃഷിഭൂമി ഇല്ലാത്ത ചെറുപ്പക്കാരെല്ലാം പഠിച്ച്‌ വേലൈപാക്കട്ടും. നമുക്ക്‌ ജീവിതം കഴിക്കാൻ ഇതു മട്ടും പോതും."

നെടിയയിനം തെങ്ങിൽ നിന്നുമുള്ള ആദായം എങ്ങനെയുണ്ട്‌?
"ഒട്ടും മോശമല്ല. 500 തെങ്ങുകളുണ്ട്‌. എല്ലാം ഞാൻ തന്നെ വച്ചതു. ആണ്ടിൽ ഒരു ലക്ഷത്തിലധികം നാളികേരമുണ്ടാവും. 40 വർഷത്തിനു മുൻപ്‌ ഏക്കറിന്‌ 1100 രൂപ വച്ച്‌ വാങ്ങിയതാണീ സ്ഥലം."
കൃഷ്ണ സ്വാമിയുടെ ഇളനീർ തെങ്ങുകളോടുള്ള ആഭിമുഖ്യം ഇന്നും പച്ചപിടിച്ചു നിൽക്കുകയാണ്‌." "100 തൈകൾ കൂടി കിട്ടിയാൽ എനിക്കു സന്തോഷം."
അപ്പോൾ പഴയ രീതിയിൽ സ്വന്തമായി കിളിർപ്പിച്ചെടുക്കാൻ ഒരുക്കമില്ലേ?
​ ‍്യൂ"ഞാൻ വയസ്സായി. 68 കഴിഞ്ഞു. പ്രമേഹവും പ്രഷറുമൊക്കെ അലട്ടാൻ തുടങ്ങി. തേങ്ങ പാകി കിളിർപ്പിച്ച്‌ നടാൻ സമയമെടുക്കും. അത്രക്കു ക്ഷമയില്ല. എനിക്ക്‌ ഇനിയും കൂടുതൽ കരിക്കിൻ തൈകൾ വച്ചു പിടിപ്പിച്ച്‌ കായ്‌ പിടിക്കുന്നതു കാണണം."
"മാഡത്തിനോടു മാത്രമായി ഒരു രഹസ്യം പറയാം. മക്കൾക്കു രണ്ടു പേർക്കുമായി കൃഷിയിടം ഓഹരി വച്ചു കൊടുത്തെങ്കിലും കരിക്കിന്റെ വരുമാനം എന്റെ കൈയിൽ തന്നെ. അതു എന്നും എന്റെ സ്വന്തമായി തന്നെയിരിക്കണം."
കരിക്കിൻവെള്ളത്തിന്റെ ഗുണങ്ങളും ഗൗരീഗാത്രം കരിക്കിന്‌ യോജിച്ച ഇനമായി ശുപാർശ ചെയ്തിട്ടുള്ള വിവരവും അറിയാമോ എന്ന ചോദ്യത്തിനുത്തരം ഞാനിതൊക്കെ എന്നേ മുൻകൂട്ടി കണ്ടിരുന്നുവേന്ന അർത്ഥത്തിൽ കുടവയർ കുലുക്കി ചിരിയായിരുന്നു.
"കരിക്കിൻ വെള്ളം പായ്ക്ക്‌ ചെയ്യുന്ന ഒരു വ്യവസായ യൂണിറ്റ്‌ തുടങ്ങിയാലോ?"
"വേണ്ട. വേണ്ട. അതൊക്കെ വലിയ തലൈവലിയായി മാറും. മണ്ണും തെങ്ങും മാത്രം മതിയെനിക്ക്‌. കൃത്യമായി വരുമാനം വന്നു കൊണ്ടേയിരിക്കും."
കൊക്കോക്കോള, പെപ്സി കമ്പനികൾ പോലും കരിക്കിൻ വെള്ളം പായ്ക്കിംഗ്‌ യൂണിറ്റുകളെക്കുറിച്ച്‌ ആലോചിച്ചു തുടങ്ങിയെന്നും അമേരിക്കയിലും മറ്റും കരിക്കു വ്യവസായം പൊടി പൊടിക്കുന്നുവേന്നും പറഞ്ഞിട്ടും ഇതൊക്കെ താനെത്ര കേട്ടിരിക്കുന്നു എന്ന ഭാവം കൃഷ്ണ സ്വാമിക്ക്‌. നാൽപതു വർഷം മുൻപ്‌ ആരും ചിന്തിക്കാതിരുന്ന ഒരു കാലത്ത്‌ കുറിയയിനം തേങ്ങ മുളപ്പിച്ച്‌ തൈയാക്കി നട്ടുപിടിപ്പിച്ചതിന്റെ പിന്നിലെ ദീർഘ വീക്ഷണത്തിനു മുന്നിൽ നമിക്കാതെന്തു ചെയ്യാൻ?
കേരള ഗവണ്‍മന്റ്‌ ഈ വർഷം ഇളനീർ വർഷമായി പ്രഖ്യാപിച്ചതിനെക്കുറിച്ച്‌ അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിനും ഇല്ലായെന്നു തന്നെ മറുപടി. പക്ഷേ വ്യവസായികളെ സർക്കാർ സഹായിക്കണം. നല്ല വളവും മറ്റും നൽകണം. ഇങ്കെ ഫുൾ രാഷ്ട്രീയം താൻ. കൃഷി ഭവനിൽ നിന്നും കിട്ടുന്ന വളം ഞാൻ വാങ്ങിക്കാറില്ല. ഗുണമേന്മയില്ലാത്തത്‌ തന്നെ കാരണം. പക്ഷേ കൃത്യമായി വളവും നനയും നൽകുന്നുണ്ട്‌. അതിനുവേണ്ടി ഒരു കൺസൾട്ടന്റിനെ സ്ഥിരമായി വെച്ചിട്ടുണ്ട്‌.
100 തെങ്ങുകൾ മാത്രം ചെത്താൻ കൊടുത്തിട്ടുണ്ട്‌. മാസം 320 രൂപ തെങ്ങോന്നിന്‌ ലഭിക്കും. വർഷത്തിൽ 6-8 മാസം ചെത്തും.
കാര്യമായ പ്രശ്നമൊന്നും തെങ്ങുകൾക്കില്ല. ബോറോണിന്റെ അഭാവം, മണ്ഡരി, ചെമ്പൻ ചെല്ലി, മണ്ടചീയൽ ഇതെല്ലാം വളരെ ചെറിയതോതിൽ മാത്രം. തക്ക സമയത്ത്‌ നിയന്ത്രണ മാർഗ്ഗങ്ങൾ എടുക്കുന്നതിനാൽ പ്രശ്നം ഗുരുതരമാകാറില്ലെന്നും കൃഷ്ണസ്വാമി പറയുന്നു.
ഡ്വാർഫ്‌ നടുന്നതിൽ താൽപര്യം കാണിക്കാതെ നമ്മുടെ കർഷകർ എന്തുകൊണ്ട്‌ പുറം തിരിഞ്ഞു നിന്നു? തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിൽ നടപ്പിലാക്കി വരുന്ന തെങ്ങു പുനരുദ്ധാരണ പദ്ധതി ഡ്വാർഫ്‌ തൈകൾ നട്ടു പിടിപ്പിക്കാനുള്ള അവസരമായിരുന്നു. ഇതിനകം 12 ലക്ഷത്തിലധികം കേടുവന്ന തെങ്ങുകൾ ഈ ജില്ലകളിൽ നിന്നും വെട്ടിമാറ്റിയിട്ടുണ്ട്‌. പകരം ഡ്വാർഫ്‌ തൈകൾ വയ്ക്കാനുള്ള അവസരം കർഷകർ വേണ്ടവിധം ഉപയോഗപ്പെടുത്തിയില്ലെന്നു പറയുന്നതാകും ശരി. ഇളനീരിന്റെ വ്യവസായ സാധ്യതകൾ കാണാതെ സങ്കരയിനം തൈകൾക്കുവേണ്ടിമാത്രം നിർബന്ധം പിടിച്ചു നമ്മുടെ കർഷകർ. എന്നാൽ സങ്കരയിനം തൈകളുടെ ഉത്പാദനം ത്വരിതപ്പെടുത്താൻ പുതിയ പദ്ധതിയുമായി ബോർഡ്‌ മുന്നേറുമ്പോൾ മാതൃവൃക്ഷമായി ഡ്വാർഫ്‌ തെങ്ങുകളില്ലാത്ത പരിതാപകരമായ അവസ്ഥയിലാണ്‌ നാമിന്ന്‌. ഈ സമീപനത്തിന്‌ ചെറിയ മാറ്റം വന്നു കൊണ്ടിരിക്കുന്നു എന്നുള്ളത്‌ ആശ്വാസം നൽകുന്നു. കരിക്കിന്‌ പ്രചാരം നൽകിക്കൊണ്ടുള്ള ബോർഡിന്റെ ഉദ്യമങ്ങൾക്കുവേണ്ടത്ര പ്രചാരം നൽകിയ മാധ്യമങ്ങൾക്ക്‌ നന്ദി.


നാളെയുടെ ഡ്രിങ്കായി ലോകം ഉറ്റുനോക്കുന്ന കരിക്കിൻ വെള്ളം കൊഴുപ്പും കൊളസ്ട്രോളുമില്ലാത്ത പോഷക സമ്പുഷ്ടമായ പാനീയമാണ്‌. ഈ പ്രകൃതി ദത്ത ടോണിക്‌ സുലഭമായി ലഭ്യമാകുന്ന രീതിയിൽ ആവശ്യത്തിന്‌ ഡ്വാർഫ്‌ തെങ്ങിനങ്ങൾ വെച്ചു പിടിപ്പിക്കണം. കേരളത്തിൽ തന്നെ ഏകദേശം 18 കോടി തെങ്ങുകളുള്ളതിൽ കുറിയയിനങ്ങൾ ഒന്നോ രണ്ടോ ശതമാനമേ വരൂ. വരും തലമുറയിൽ 25 ശതമാനമെങ്കിലും കരിക്കിനങ്ങൾ വച്ചു പിടിപ്പിക്കണമെന്ന സന്ദേശം ബോർഡ്‌ നൽകി വരുന്നുണ്ട്‌. ഒരു വെടിക്കു രണ്ടു പക്ഷിയെന്നപോലെ കരിക്ക്‌ വിളവെടുക്കുന്നതോടൊപ്പം സങ്കര വർഗ്ഗ തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കാനുള്ള മാതൃവൃക്ഷമായും ഇവ ഉപയോഗപ്പെടുത്താം. കുറച്ചു കുലകൾ ഇതിനായി മാറ്റി നിർത്താം.
ഈ അവസരം 40 വർഷങ്ങൾക്കു മുൻപ്‌ തന്നെ മനസ്സിൽ വരച്ചിട്ടു മീനാക്ഷിപുരത്തെ കൃഷ്ണസ്വാമി ഗൗണ്ടർ. ഇതു പോലെ നമ്മുടെ രാജ്യത്ത്‌ അങ്ങോളമിങ്ങോളം നിരവധി കൃഷ്ണസ്വാമി ഗൗണ്ടർമാർ ഉണ്ടാകേണ്ടിയിരിക്കുന്നു, നമ്മുടെ കേരകൃഷിരംഗം സമ്പന്നമാകാൻ.
1.ഡെപ്യൂട്ടി ഡയറക്ടർ, 2. സീനിയർ ടെക്നിക്കൽ ആഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി-11







19 Sept 2012

ഒരു കവിയുടെ കരച്ചില്‍

സോണി

ആളൊഴിഞ്ഞ മരത്തിന്‍ കീഴെ
ഒരു കവിയുടെ കരച്ചില്‍
അനാഥമായ് കിടക്കുന്നുണ്ട് .
പൂവിലൂടെ തിരിച്ചു പോകുവാന്‍
കൊതിച്ച ,
പുളയുന്ന സത്യങ്ങളെ
നുള്ളിക്കൊരുത്ത് ചാട്ടയാക്കിയ
നിഷ്കളങ്കതയുടെ ചിരിയുള്ള ഒരു
നേര്‍ത്ത രൂപം .
വികാരങ്ങളുടെ പൂവിതളുകളും
ഓര്‍മ്മകളുടെ ശവപ്പെട്ടികളും ഒന്നിച്ചു
പുലര്‍കാലേ സ്വപ്നമായ്‌
തെളിഞ്ഞുണര്‍ത്തിയപ്പോള്‍ ,
ഉറക്കെയുറക്കെ
അവന്‍ കരഞ്ഞിട്ടുണ്ടാകും .
ഒസ്യത്തിലില്ലാ രഹസ്യം
പരസ്യമായ്‌
വാക്കുകളില്‍ കൊത്തിവച്ചപ്പോള്‍ ,
പുലയാട്ട് നടത്തിയ
നാവിന്‍ വഴുക്കലില്‍
മദ്യംമണത്തപ്പോള്‍ ,
ചിന്തകളുടെ രക്തപുഷ്പ്പം കൊടുത്തത്
ഒടുങ്ങാത്ത നോവായിരുന്നിരിക്കണം .
വേച്ചുവീണ അക്ഷരത്തരികളില്‍
തെന്നിമറിഞ്ഞ മുറിക്കവിതകളില്‍
കൈ നീട്ടി നില്‍ക്കുന്നുണ്ട്
ആ ഭ്രാന്തന്‍ കവി .
ഒരഞ്ചു രൂപ മതിയാകുമോയെന്നറിയില്ല.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...