Showing posts with label 74. Show all posts
Showing posts with label 74. Show all posts

27 Apr 2013

കമ്മ്യൂണിസ്റ്റ്


ഷഫീക്  എസ്. കെ 



കുഞ്ഞുകുട്ടന്‍റെ
അഞ്ചാം പിറന്നാളിനാണ്
കൊച്ചമ്മിണി കുട്ടനാട്ടിലെ-
യൊരുകുടില്‍ ജനിച്ചത്‌
ഇരുവരുടെയും ദൈവങ്ങള്‍
താഴ്ന്ന ജാതിക്കാരായി

ചേറിന്റെ മണമുള്ള
താരാട്ടും കള്ളിന്റെ-
മണമുള്ള കൊഞ്ചലും
കൊച്ചമ്മിണിക്ക് കുളിരേകി

പാട്ടുപാടും പുഴയും
നൃത്തം വെക്കും പാടവും
കൂട്ടുകൂടാനെത്തി ..

രാത്രി കൊച്ചമ്മിണിക്ക്
ഭയമാണ്
ഉടമകളായ ചില
ചെന്നായ്ക്കള്‍
അമ്മക്ക് ചുറ്റും
കലപിലകൂട്ടി
കടിച്ചുകീറും
അച്ഛന്‍ അടിമയാണ് ..

ഋതുക്കള്‍ മാറി വന്നു
അധരം തുടുത്തു
കൊച്ചമ്മിണിക്ക്
മുലകള്‍വന്നു ....

ഇടവം കഴിഞ്ഞുള്ള
നിലാവില്‍
കൊച്ചമ്മിണി നിലവിളിച്ചു
നിലാവ് മുഖം പൊത്തി
കണ്ണടച്ചു പുഴയും പാടവും

ചെന്നായ്ക്കള്‍ക്ക്
വിളക്ക് കാണിച്ച അടിമ
കുഞ്ഞുട്ടന്‍റെ കണ്ണില്‍
അണയാത്ത അഗ്നി
കൊച്ചമ്മിണിപിന്നെ
പുറത്തിറങ്ങിയില്ല

കൊച്ചമ്മിണിയുടെ
കരച്ചില്‍ കേട്ട്
കുട്ടനാട്ടില്‍ കമ്മ്യൂണിസ്റ്റ്‌ വന്നു
ഇ എം എസ് മന്ത്രിയുമായി
അന്നു കുട്ടനാട്ടില്‍
ചെന്നായ്ക്കള്‍ കുരച്ചില്ല

കുഞ്ഞുട്ടന്‍ കൊച്ചമ്മിണിക്ക്
പുടവകൊടുത്തു
അന്നൊരു മഴതോര്‍ന്നു
നിലാവ് പുറത്ത് വന്നു
കുടമടക്കി പുഴ ചിരിച്ചു
പാടവും

കൊച്ചമ്മിണിയുടെ കുടിലില്‍
ഇ എം എസ് ദൈവമായി ....

26 Mar 2013

പ്രഭാത വേശ്യ

മുനീർ ഇബ്നു അലി 


കാത്തിരിക്കുന്നു നിന്നെ ഞാന് അതിരാവിലെ…
ചൂടില്ല, തണിപ്പില്ല, മഴയില്ല വരും നീ അതിരാവിലെ
എങ്ങു നിന്നോ കിട്ടിയ വാര്ത്തകളുമായ്
നല്കുന്നു നീ വിവരങ്ങളൊക്കെയും
കെട്ടിച്ചമച്ചതോ, വളച്ചൊടിച്ചതോ…
വിശ്വസിക്കുന്നു ഞങ്ങള് നിന്നെ മാത്രമായ്
കവരുന്നു നീ പീഡനക്കഥകള്
ഉണര്ത്തുന്നു കാമം ഞങ്ങളില് എന്നും
വന്നില്ലെങ്കിലോ നീ ഒരു ദിനം
വെറുക്കുന്നു ഞങ്ങള് ആ ദിവസം
നീചമാകുന്നു നീ മറ്റുള്ളവരാല്
മറക്കുന്നുവോ നീ ഉത്തരവാദിത്തങ്ങളൊക്കെയും
മത്സരിക്കുന്നു നീ മുന്പേ നടക്കാന്
നഷ്ടെപ്പെടുത്തെല്ലെ മുത്തേ നിന് ചാരിത്ര ശുദ്ധി.
യുഗങ്ങളൊക്കെ മാറിമറയുന്പോയും
കൈവടിഞ്ഞില്ല നിന്നിലെ വരികളൊക്കെയും
വിതറണം നീ നന്-മകള് ഭൂമിയില്
ചിന്തണം മഷി തിന്-മകള്ക്കെതിരില്
ജീവിക്കുന്നു നീ ഈ ഭുമിലോകത്തപ്പോഴും
മരിക്കില്ല ഒരിക്കലും നിന് തുലിക വചനം

23 Feb 2013

നീയെന്റെ കൂട്ടുകാരന്‍

 രാജീവ് ഇലന്തൂര്‍ 

ധാരയായ് ഒഴുകുന്ന മണമുള്ള സ്‌നേഹം
ആരുമാല്‍ മറക്കാന്‍ കഴിയാത്ത സ്‌നേഹം
നീയെന്റെ സൗരഭം നുകര്‍ന്ന കൂട്ടുകാരന്‍
നീയെന്റെ ജാലകം തുറന്നിട്ട കൂട്ടുകാരന്‍ചിത്തത്തിലെ മഴക്കാറു മഴവില്ലായ് മാറിടും
നിന്റെ മൃദുഹാസം പെയ്‌തൊഴിയുമ്പോള്‍.
ഹൃദ്യമായ് പാടുന്ന കുരുവിയും കൂട്ടായെത്തിടും
നിന്റെ മൊഴികള്‍ കളകളമൊഴുകുമ്പോള്‍. സ്‌നേഹത്താളിയോലയില്‍ ആദ്യാക്ഷരം കുറിച്ചു
നിത്യവസന്തമായ് സൗഹൃദം വിരിഞ്ഞ നാള്‍
പുല്‍ച്ചെടിത്തട്ടിലെ മഞ്ഞുതുള്ളിയെ കണ്ണോടണക്കെ
കാഴ്ച്ചക്കു കുളിര്‍മ പകുത്തുനല്‍കിയ നാളുകള്‍
മഷിത്തണ്ടു പറിക്കുവനൊരുങ്ങുന്ന നേരം
കൈകോര്‍ത്തീത്തുമ്പിയെ പിടിക്കുവാന്‍ നേരം
തോര്‍ത്തിട്ടു പരലിനെ കോരുവാന്‍ നേരം
നിന്‍ സ്വപ്നച്ചങ്ങലയിലെ മലരായ് പൂത്തുപോയ്
ചള്ളകുഴച്ചൊരു വീടുണ്ടാക്കിയ മണ്ണില്‍
ചിരട്ട പൊതിഞ്ഞൊരു മണ്ണപ്പമൊരുക്കി നീ
ആടിയുലഞ്ഞൊരു ചില്ലയിലൂഞ്ഞാലിന്‍
ആയം കൂട്ടിത്തന്നൊരു കൈകള്‍ കാണ്‍പൂ
താരങ്ങളെ കണ്ടുറങ്ങുമ്പോഴും, നിശാ
നീലിമയെ നിന്നിലേക്കൊളുപ്പിച്ചു ഞാന്‍
മുറിനിക്കറിന്‍ വള്ളിയില്‍ പിടിച്ചുവലിച്ചു
പൊയൊരു വിദ്യാലയദിനം പൊഴിഞ്ഞുപോയ്
മഴവെള്ളം ചെപ്പിക്കളിച്ച നാലുമണിനേരങ്ങള്‍
പുഴയായ് ഒഴുകിപ്പോയതു കണ്ടുഞാന്‍
പിന്നയുമീപ്പുഴ ഒഴുക്കു തുടരുന്നു, ഇന്നിന്റെ
മാലിന്യം പേറി, ആരുമില്ലാതെ…

24 Jan 2013

മരണത്തിന് പി.ജിയുടെ കാര്യത്തില്‍ അത്ര അഹങ്കരിക്കാനാകില്ല



 ഇ.എം.സജിം തട്ടാത്തുമല

മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഉള്ള രാജ്യങ്ങളിലെല്ലാം പ്രസ്ഥാനത്തോടൊപ്പംതന്നെ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒന്നാണ് മാര്‍ക്‌സിസ്റ്റ് വൈജ്ഞാനിക ശാഖ. ഇത് രണ്ടും പരസ്പരപൂരകമാണ്. ചിലര്‍ പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്ന്   നേരിട്ട് വിപ്ലവപ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുന്നു. ചിലര്‍ പ്രസ്ഥാനത്തിനകത്തുനിന്നോ പുറത്തുനിന്നോ ധൈഷണികമായി പ്രസ്ഥാനത്തെ സഹായിക്കുന്നു. കുറച്ചുപേര്‍ ഒരേസമയം നേരിട്ട് വിപ്ലവപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതോടൊപ്പംതന്നെ ധൈഷണികപ്രവര്‍ത്തനങ്ങളിലും വ്യാപൃതരാകുന്നു. ഉദാഹരണത്തിന് റഷ്യയില്‍   ലെനിന്‍ വിപ്ലവപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ഒപ്പം തന്നെ മാര്‍ക്‌സിസത്തിന് വിലപ്പെട്ട  സൈദ്ധാന്തികസംഭാവനകള്‍  നല്‍കുകയും ചെയ്തു. തല്‍ഫലമായി മാര്‍ക്‌സിസത്തോട് കൂട്ടിവായിക്കുവാന്‍ അതിന് ലെനിനിസം എന്നൊരനുബന്ധവുമുണ്ടായി. ഇവിടെ ഇ.എം.എസും നേരിട്ടുള്ള രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലും ധൈഷണികപ്രവര്‍ത്തനങ്ങളിലും  ഒരുപോലെ  വ്യാപൃതനായിരുന്നു. ഇത്തരം നേതാക്കള്‍  മാര്‍ക്‌സിസ്റ്റ് വിജ്ഞാനശാഖയ്ക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കിയവരാണ്. അതുപോലെതന്നെയായിരുന്നു പി.ജിയും. അദ്ദേഹം ജീവിത്തില്‍ നല്ലൊരു കാലം വിപ്ലവപ്രവര്‍ത്തനങ്ങളിലും വൈജ്ഞാനിക പ്രവര്‍ത്തങ്ങളിലും ഒരു പോലെ വ്യാപൃതനായിരുന്നു. എന്നാല്‍ അവസാന കാലത്ത്  അദ്ദേഹം പ്രസ്ഥാനവുമായി ബന്ധപ്പെട്ട് നേരിട്ടുള്ള രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ നിന്ന് കുറച്ച് ഒഴിഞ്ഞുനിന്നുകൊണ്ട് വൈജ്ഞാനികപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയായിരുന്നു.
മാര്‍ക്‌സിസ്റ്റ് വൈജ്ഞാനിക ശാഖയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാല്‍ കേരളത്തില്‍ ഇ.എം.എസിനു തൊട്ടടുത്ത സ്ഥാനമാണ് പി.ജിയ്ക്ക് നല്‍കാവുന്നത്. ഇ.എം.എസ് തന്റെ ഏതൊരു വൈജ്ഞാനിക പ്രവര്‍ത്തനത്തെയും മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രവുമായി കൂട്ടിച്ചേര്‍ക്കുവാന്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ പി.ജി  മാര്‍ക്‌സിസത്തിന് സൈദ്ധാന്തിക പിന്‍ബലം നല്‍കിക്കൊണ്ടിരുന്നെങ്കിലും എല്ലായ്‌പോഴും എല്ലാ കാര്യങ്ങളെയും പ്രത്യയശാസ്ത്രവുമായി ഇണക്കിച്ചേര്‍ക്കുവാന്‍ ശ്രമിച്ചിരുന്നില്ല. ഇസങ്ങള്‍ക്കപ്പുറത്തെ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചവര്‍ക്ക് ഇസങ്ങള്‍ക്കിപ്പുറത്തുവച്ചുതന്നെ മറുപടിനല്‍കിയിരുന്നെങ്കിലും പി.ജി യും ഇസങ്ങള്‍ക്കപ്പുറത്തേയ്ക്ക്  നോക്കാന്‍ വൈമുഖ്യം കാണിച്ചിരുന്നില്ല. ഇസത്തെ കൂട്ടികെട്ടാതെയും പി.ജി പലകാര്യങ്ങളെക്കുറിച്ചും ചിന്തിക്കുകയും അഭിപ്രായപ്രകടനം നടത്തുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഇടതടവില്ലാത്ത വായനാനുഭവം വച്ചുനോക്കുമ്പോള്‍ ഇത് സ്വാഭാവികമാണ്. അതുകൊണ്ടാണ് പലപ്പോഴും അദ്ദേഹത്തിന് പാര്‍ട്ടി നടപടികളെയും ശാസനകളെയും നേരിടേണ്ടിവന്നിട്ടുള്ളത്. എന്നാല്‍ മറ്റ് പലരെയുംപോലെ ഏതെങ്കിലും അഭിപ്രായവ്യത്യാസങ്ങളുടെയോ സംഘടനാ നടപടികളുടെയോ പേരില്‍ സ്വന്തം പ്രസ്ഥാനത്തെ അപ്പാടെ തള്ളിക്കളയുവാനോ വലയം വിട്ട് പുറത്തുചാടി രാഷ്ട്രീയമായോ ബൌദ്ധികമായോ പ്രസ്ഥാനത്തെ വെല്ലുവിളിക്കാനോ  ഒരിക്കലും അദ്ദേഹം  മുതിര്‍ന്നിട്ടില്ല. ഇക്കാര്യത്തിലും  ഇ.എം.എസിനു തുല്യനായിരുന്നു പി.ജിയും. പാര്‍ട്ടിയുടെ സൈദ്ധാന്തികവും നയപരവുമായ കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കാന്‍ സഹായിച്ചിരുന്ന ഇ.എം.എസ് തന്റേതല്ലാത്ത നിലപാടുകള്‍ പാര്‍ട്ടി സ്വീകരിച്ചപ്പോഴൊക്കെയും പാര്‍ട്ടിയുടെ  നിലപാടുകള്‍ക്കൊപ്പം നിന്ന് തീരുമാനങ്ങള്‍ നടപ്പിലാക്കിയ ആളാണ്. സ. പി.ജിയെ സംബന്ധിച്ചും  ചിലപ്പോഴെല്ല്‌ലാം പാര്‍ട്ടി നിലപാടുകളും തന്റെ നിലപാടുകളും തമ്മില്‍ പൊരുത്തപ്പെടാത്തത് അസ്വാഭാവികമായി തോന്നുകയോ പാര്‍ട്ടിയ്‌ക്കെതിരെ തിരിയാനുള്ള പ്രേരണ അദ്ദേഹത്തില്‍  ഉണ്ടാക്കുകയോ ചെയ്തില്ല.  പി.ജി പ്രസ്ഥാനത്തിനു പുറത്ത്  വന്നുകാണുവാന്‍ വ്യാമോഹിച്ചവര്‍ക്ക് എന്നും നിരാശയായിരുന്നു ഫലം. ഉത്തമനായ ഒരു മാര്‍ക്‌സിസ്റ്റ് ആചാര്യനും നേതാവും പ്രവര്‍ത്തകനുമായി ജീവിതകാലം മുഴുവന്‍ ജിവിച്ച് ചെങ്കൊടി പുതച്ചു മരിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചത് അദ്ദേഹത്തിന്റെ അചഞ്ചലമായ കമ്മ്യൂണിസ്റ്റുബോധം കൊണ്ടാണ്. പ്രായോഗിക രാഷ്ടീയത്തിലെ ചില പ്രവണതകളോട് അദ്ദേഹം രഹസ്യമായോ പരസ്യമായോ പ്രകടിപ്പിച്ചിരുന്ന ചില  അസംതൃപ്തികള്‍ ഏറ്റുപിടിച്ച് അതിനെ പാര്‍ട്ടിയ്‌ക്കെതിരെ ഉപയോഗിക്കാന്‍ ശ്രമിച്ചവരുണ്ട്. പക്ഷെ പാര്‍ട്ടിയെ പരസ്യമായി വെല്ലുവിളിക്കാന്‍ പി.ജിയെ ഒപ്പം കൂട്ടാന്‍ അത്തരമാളുകള്‍ക്ക് കഴിഞ്ഞില്ല.
പി.ജിയുടെ അഭിപ്രായങ്ങളില്‍ ചിലത് ചിലപ്പോഴെല്ലാം പാര്‍ട്ടി നിലപാടുകളുമായി പൊരുത്തപ്പെടാത്തതായി പോയിട്ടുണ്ട്. അങ്ങനെ പാര്‍ട്ടി നിലപാടുകളില്‍ നിന്ന് നേരിയ വ്യതിയാനങ്ങള്‍ ഉണ്ടായപ്പോഴെല്ലാം പാര്‍ട്ടിനടപടികള്‍ക്ക് വിധേയമാകുകയും എന്നാല്‍ അതിലൊന്നും  ഒട്ടും വൈക്ലബ്യമില്ലാതെ പാര്‍ട്ടിയുടേ ഭാഗമായി തന്നെ നില്‍ക്കുവാന്‍ അദ്ദേഹം തയ്യാറാവുകയും ചെയ്തുപോന്നു. തെറ്റുപറ്റലും തിരുത്തലും ഒരിക്കലും മാര്‍ക്‌സിസത്തിന് അന്യമല്ല എന്ന അറിവ് പി.ജിയ്ക്ക് ഉണ്ടാകാതിരിക്കില്ലല്ലോ. പാര്‍ട്ടി നടപടികളുടെ പേരിലോ മറ്റോ  അതിരുകവിഞ്ഞ പാര്‍ട്ടിവിരുദ്ധതയിലേയ്‌ക്കോ  മാര്‍ക്‌സിസ്റ്റ് വിരുദ്ധതയിലേയ്‌ക്കോ പി.ജി ഒരിക്കലും ചെന്നെത്തിയിരുന്നില്ല.  എന്നാല്‍ ഇതൊക്കെയാണെങ്കിലും  പാര്‍ട്ടി പ്രതിരോധത്തെ നേരിട്ട ചില സന്ദര്‍ഭങ്ങളിലെങ്കിലും  പി.ജി പാര്‍ട്ടിയ്ക്ക് ധൈഷണികമായ പിന്‍ബലം നല്‍കുകയോ പരസ്യമായി രംഗത്തുവരികയോ ചെയ്തില്ലെന്ന  പരാതി പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട ചില നേതാക്കള്‍തന്നെ ചില സന്ദര്‍ഭങ്ങളില്‍ പറഞ്ഞുപോയിട്ടുണ്ട്. ചിലരുടെ വാക്കുകള്‍ക്കെന്ന പോലെ മൌനത്തിനും ചില അര്‍ത്ഥങ്ങളും അതിനു ചില പ്രത്യാഘാതങ്ങളുമുണ്ടാകും. കാരണം മൗനം ചിലപ്പോള്‍ ശക്തിയും ചിലപ്പോള്‍ ബലഹീനതയുമാകാം.  ചിലരുടെ ചിലപ്പോഴത്തെ മൗനം പോലും മറ്റുചിലര്‍ക്ക് വേദനയായേക്കാം. പി.ജിയുടെ ചില മൌനങ്ങള്‍ അഥവാ ഇടപെടലുകളുടെ അഭാവം  പാര്‍ട്ടിയെ ചിലപ്പോഴെല്ലാം  കുറച്ചൊക്കെ   നൊമ്പരപ്പെടുത്തിയിട്ടുണ്ട്. സൈദ്ധാന്തികമായും വൈജ്ഞാനികമായും പാര്‍ട്ടിയ്ക്ക്  അദ്ദേഹം നല്‍കിയിട്ടുള്ള മറ്റെത്രയോ വിലപ്പെട്ട സംഭാവനകള്‍ വച്ചുനോക്കുമ്പോള്‍ അത്തരം ചില നൊമ്പരപ്പെടുത്തലുകളോട് പൊറുത്തുകൊടുക്കാവുന്നതേയുള്ളൂ. എന്നിരുന്നാലും പി.ജിയെപ്പോലെ ഒരു വലിയ  മാര്‍ക്‌സിസ്റ്റ് പ്രതിഭാധനനില്‍നിന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നതില്‍ ചിലതെങ്കിലും  കിട്ടാതെ പോയിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിയ്ക്ക് നഷ്ടബോധമുണ്ടാക്കുന്നത് സ്വാഭാവികമാണ്. ആനിലയില്‍ പി.ജിയ്‌ക്കെതിരെ പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട  നേതാക്കള്‍തന്നെ പ്രകടിപ്പിച്ചിട്ടുള്ള ചില വിമര്‍ശനങ്ങളില്‍ അപാകതയുണ്ടെന്നു പറയാനാകില്ല. ഒരാളില്‍ നിന്ന് മറ്റൊരാളോ പ്രസ്ഥാനമോ പ്രതീക്ഷിക്കുന്നത് ലഭിക്കാതെ വരുമ്പോഴാണ് നിരാശയുണ്ടാകുന്നത്. ഒന്നും പ്രതിക്ഷിക്കാത്തവര്‍ക്ക്  നിരാശയുണ്ടാകില്ല. പി.ജിയെ പോലെ ഒരാളില്‍നിന്ന് സി.പി.ഐ.എമ്മിന് പ്രതീക്ഷിക്കാന്‍ ഒരുപാടുണ്ടാകും.  അതെല്ലാം വേണ്ടവിധം  കിട്ടാതെവരുമ്പോള്‍ പരിഭവമുണ്ടാകുന്നത് സ്വാഭാവികമാണ്. കേരളത്തിലെ മാധ്യമപുംഗവന്മാര്‍ ആഘോഷമാക്കിയ ലാവ്‌ലിന്‍ കേസ്, പിന്നീടുവന്ന ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് മുതലായവ സംബന്ധിച്ച വിവാദങ്ങളിലൊന്നും  പാര്‍ട്ടിയ്ക്കുവേണ്ടി ഒരു പ്രതിരോധസ്വരം ഉരുവിടാന്‍ എന്തുകൊണ്ടോ പി.ജി മുന്നോട്ടുവന്നില്ല എന്നത് പാര്‍ട്ടിയ്ക്ക് പറയാവുന്ന ന്യായമായ  പരാതികളില്‍  ചിലതാണ്.
ഒരു ബുദ്ധിജീവി എന്ന നിലയ്ക്ക് പി.ജിയ്ക്ക് മറ്റുള്ളവരില്‍ നിന്ന് പല വ്യത്യാസങ്ങളും ഉണ്ടായിരുന്നു.  അറിവിന്റെ ഭാരം തലക്കനമായി ഒരിക്കലും അദേഹത്തില്‍ പ്രകടമായിട്ടില്ല. ബുദ്ധിജീവിജാഡകള്‍ അദ്ദേഹത്തില്‍ ലവലേശം ഉണ്ടായിരുന്നില്ല. താന്‍ ബുദ്ധിജീവിയല്ല, ഒരു സാധാരണ രാഷ്ട്രീയപ്രവര്‍ത്തകനാണെന്ന് അദ്ദേഹംതന്നെ പറയുമായിരുന്നു. മാര്‍ക്‌സിസം അരച്ചുകലക്കികുടിച്ച ഒരു പണ്ഡിതനായിട്ടും  ഇടതുപക്ഷബുദ്ധിജീവികളുടെ ഒരു ഇട്ടാവെട്ടം ഉണ്ടാക്കി അതിനുള്ളില്‍ ഒതുങ്ങിക്കൂടുകയല്ല പി.ജി ചെയ്തത്. പി.ജിയുടെ സൌഹൃദങ്ങള്‍ വളരെ വിശാലമായിരുന്നു. അദ്ദേഹത്തിന്റെ വായന ഒരിക്കലും മാര്‍ക്‌സിസത്തിന്റെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നതയിരുന്നില്ല. വായന ഒരു ലഹരിയായി കൊണ്ടു നടന്നിരുന്ന അ മനുഷ്യന്‍ താന്‍ വായിച്ചു നേടിയ അറിവുകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്ന കാര്യത്തില്‍ വലിയ ഉത്സാഹമാണ് പ്രകടിപ്പിച്ചിരുന്നത്. പലപ്പോഴും പ്രഭാഷണത്തിനു പോകുമ്പോള്‍   അതിനടുത്ത സമയങ്ങളില്‍ വായിച്ചതോ വായിച്ചുകൊണ്ടിരിക്കുന്നതോ ആയ പുസ്തകങ്ങളില്‍ ചിലത്   കൊണ്ടുവന്ന് അവ പരിചയപ്പെടുത്തിക്കൊണ്ടു സംസാരിക്കുന്നത് കണ്ടിട്ടുണ്ട്.  വലിയ വലിപ്പവും ഭാരവുമുള്ള പുസ്തകങ്ങള്‍ കൈയ്യിലോ സഞ്ചിയിലോ പേറി പ്രഭാഷണവേദികളില്‍  വരുന്നതിലെ ബുദ്ധിമുട്ടൊന്നും പി.ജിയെ അലട്ടിയിരുന്നില്ല. സ്വയം അറിവുനേടലും ആ അറിവുകള്‍ നേരിട്ടും  തന്റെയുള്ളില്‍ വച്ച് സംസ്‌കരിച്ചും വ്യാഖ്യാനിച്ചും  വിശകലനം ചെയ്തും  മറ്റുള്ളവരിലേയ്ക്ക് സംക്രമിപ്പിക്കുന്നത്    പി.ജിയ്ക്ക് എന്നും ഒരു അവേശംതന്നെയായിരുന്നിട്ടുണ്ട്. വായനയും എഴുത്തും  പ്രഭാഷണങ്ങളും ഒരു ജീവിനോപാധി എന്നതിലപ്പുറം  തന്നില്‍ അര്‍പ്പിതമായ ഒരു കര്‍ത്തവ്യമായിത്തന്നെ അദ്ദേഹം കരുതിയിരുന്നിരിക്കണം.
രാഷ്ട്രീയം, കല, സാഹിത്യം, ഭാഷ, സംസ്‌കാരം,  പത്രപ്രവര്‍ത്തനം, സിനിമ  തുടങ്ങി സമസ്തമേഖലകളിലും  വ്യാപിച്ചിരുന്ന പി.ജിയുടെ വിശാലമായ കര്‍മ്മ മണ്ഡലങ്ങളില്‍ ഉടനീളം അദ്ദേഹം  മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.  അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാര്‍ക്‌സിയന്‍  സൌന്ദര്യ ശാസ്ത്രം സംബന്ധിച്ചുള്ളത്. അങ്ങനെയും ഒരു സൌന്ദര്യ ശാസ്ത്രസങ്കല്പം ലോകത്തുണ്ടെന്ന് മലയാളികള്‍ക്ക് പറഞ്ഞുതന്നത്  അദ്ദേഹമാണ്. ഈ വിഷയത്തില്‍  അദ്ദേഹം ഒരു പുസ്തകമിറക്കുമ്പോള്‍ അത് ചുടപ്പംപോലെ വിറ്റുപോയിരുന്നു. സാധാരണ ചില കൃതികള്‍ അവാര്‍ഡ് കിട്ടുമ്പോഴാണ് അതിന്റെ വില്പനയില്‍ എന്തെങ്കിലും കാര്യമായ പുരോഗതിയുണ്ടാകാറുള്ളത്. എന്നാല്‍ ‘മാര്‍ക്‌സിസ്റ്റ് സൌന്ദര്യ ശാസ്ത്രം ഉദ്ഭവവും വളര്‍ച്ചയും’ എന്ന പി.ജിയുടെ ഗ്രന്ഥത്തിനു സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിക്കുമ്പോള്‍ പുസ്തകപ്രേമികള്‍ക്ക് ഗ്രന്ഥത്തിന്റെ കോപ്പികള്‍ ലഭിക്കാത്ത വിധം മുമ്പേ അവ വിറ്റുപയിക്കഴിഞ്ഞിരുന്നു. അത്ര വലിപ്പമുള്ള ഗ്രന്ഥമല്ലെങ്കുലും അത്  വായനാകുതുകികള്‍ക്കും എഴുത്തുകാര്‍ക്കും  വിലപ്പെട്ട വിവരങ്ങള്‍ നല്‍കുന്ന ഒന്നാണ്. പ്രത്യേകിച്ചും ഇടതുപക്ഷത്തോട് ചെറുചായ്‌വെങ്കിലുമുള്ള എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും. തീര്‍ച്ചയായും മാര്‍ക്‌സിയന്‍ ചിന്തയ്ക്കും സാഹിത്യലോകത്തിനും ഒരുപോലെ പി.ജി നല്‍കിയ മികച്ച സംഭാവനകളില്‍  ഒന്നാണ് ആ ഗ്രന്ഥം.
കലയുടെ സിദ്ധാന്തമാണ് സൗന്ദര്യശാസ്ത്രം എന്നു പറയുന്നത്. കലാസൃഷ്ടിയെയും ആസ്വാദനത്തെയും നിയന്ത്രിക്കുന്ന നിയമങ്ങളാണ് സൗന്ദര്യശാസ്ത്രത്തിന്റെ വിഷയം. ദാര്‍ശനികചിന്തയുടെ ഉത്ഭവം മുതല്‍ക്കേ അതിന്റെ ഭാഗമായി സൗന്ദര്യശാസ്ത്രം ഉടലെടുത്തു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ വിചാര വിപ്ലവത്തിനും വിപ്ലവ വിചാരത്തിനും അടിത്തറ പാകിയ കാറള്‍ മാര്‍ക്‌സിന്റെയും ഫ്രെഡറിക്ക് എംഗള്‍സിന്റെയും മഹനീയ സംഭാവനകള്‍ മറ്റെല്ലാ മേഖലകളിലുമെന്ന പോലെ സൗന്ദര്യശാസ്ത്രത്തിലും വിപ്ലവത്തിനു വിത്തുപാകി. എന്നാല്‍ മാര്‍ക്‌സോ എംഗള്‍സോ സൗന്ദര്യശാസ്ത്രം സംബന്ധിച്ച പൂര്‍ണ്ണഗ്രന്ഥങ്ങളോ പ്രബന്ധങ്ങളോ ഒന്നും രചിച്ചിട്ടില്ല. പ്രാചീനവും അര്‍വാചീനവുമായ വിവിധ ഭാഷകളില്‍ അവഗാഹം നേടിയിരുന്ന അവര്‍ക്ക് വിശ്വസാഹിത്യപ്രപഞ്ചം അറിവിന്റെയും ആനന്ദത്തിന്റെയും ഉറവിടമായിരുന്നു. സമകാലിക സാഹിത്യകൃതികളും അവര്‍ അവഗണിച്ചിരുന്നില്ല. മാര്‍ക്‌സും എംഗള്‍സും നടത്തിയിട്ടുള്ള വിവിധങ്ങളായ എഴുത്തുകുത്തുകളിലും  മൂലധനം ഉള്‍പ്പെടെയുള്ള ബൃഹത് ഗ്രന്ഥങ്ങളിലുമെല്ലാം കലാ സാഹിത്യസംബന്ധിയായ അനേകം പരാമര്‍ശങ്ങള്‍ അവര്‍ നടത്തിയിട്ടുണ്ട്. ചുരുക്കത്തില്‍ സൗന്ദര്യ ശാസ്ത്രം സംബന്ധിച്ച കാഴ്ചപ്പാടുകള്‍ മാര്‍ക്‌സിന്റെയും എംഗള്‍സിന്റെയും വിവിധങ്ങളായ രചനകളില്‍ ശിഥിലമായി കിടക്കുകയാണ്.  പിന്നീട് വന്ന മാര്‍ക്‌സിസ്റ്റ് ചിന്തകര്‍ അവയെ പെറുക്കിക്കൂട്ടി മര്‍ക്‌സിയന്‍ സൗന്ദര്യ ശാസ്ത്രത്തിന് ഒരു നിയാമക രൂപം ഉണ്ടാക്കിയെടുക്കുകയായിരുന്നു. അത് ഇപ്പോഴും തുടരുകയുമാണ്. കലാ സാഹിത്യത്തെയും സൗന്ദര്യശാസ്ത്രത്തെയും സംബന്ധിച്ച് പ്രഥമ ശാസ്ത്രീയ സോഷ്യലിസ്റ്റ് ആചാര്യന്‍മാരുടെ അഭിപ്രയാങ്ങള്‍ ശിഥിലചിന്തകളുടെ രൂപത്തിലാണ് കിട്ടിയിട്ടുള്ളതെങ്കിലും അവ നല്‍കുന്ന ഉള്‍ക്കാഴ്ചയും രൂപരേഖയും പില്‍ക്കാല സൗന്ദര്യശാസ്ത്ര ചിന്തകര്‍ക്ക് രത്‌നഖനിയായിട്ടാണ് അനുഭവപ്പെട്ടിട്ടുള്ളതെന്ന് പി.ജി തന്റെ ഗ്രന്ഥത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കെന്നപോലെ മാര്‍ക്‌സിസ്റ്റ് വൈജ്ഞാനിക ശാഖകള്‍ക്ക് ഇതിനോടകം  കൈവന്ന സാര്‍വത്രികമായ സ്വാധീന ശക്തിയും അംഗീകാരവും അഭൂതപൂര്‍വ്വവും അദ്ഭുതാവഹവുമാണ്. അതുകൊണ്ടുതന്നെ ലോകത്തെവിടെയുമുള്ള മാര്‍ക്‌സിസ്റ്റ് വിരുദ്ധര്‍  അവരുടെ  എതിര്‍പ്പിന്റെ അടവുകള്‍ ഓരോ കാലത്തും മാറിമാറിയാണ് പരീക്ഷിച്ചുപോരുന്നത്. എല്ലാ കാലത്തും ഒരേതരം എതിര്‍പ്പുകള്‍ക്ക് നിലനില്പില്ലാത്തതാണ് കാരണം. അതിജിവനത്തിന്റെ പ്രത്യയശാസ്ത്രമായ മാര്‍ക്‌സിസം  അതിനോടുള്ള എതിര്‍പ്പുകളെ അതിജീവിക്കാനുള്ള കരുത്തുകൂടി ഉള്‍ചേര്‍ന്നിട്ടുള്ളതാണ്. അതുകൊണ്ടാണ് അത് കാലദേശാതിവര്‍ത്തിയായി തീരുന്നത്.
മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രസംബന്ധിയായി മാര്‍ക്‌സും എംഗള്‍സും പ്രത്യേക രചനയൊന്നും നിര്‍വ്വഹിച്ചിട്ടില്ലെന്നതുകൊണ്ടുതന്നെ ഈ വിഷയത്തെക്കുറിച്ച് പിന്നീട് എഴുതിയവര്‍ക്കിടയില്‍ പരസ്പരവിരുദ്ധമായ ആശയ ഗതികള്‍ ഉണ്ടാകുന്നതില്‍ അസ്വാഭാവികതയില്ല. അത്തരം സംവാദങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്.  മാര്‍ക്‌സും എംഗള്‍സും അത്യന്തം വിശദമായി കൈകാര്യം ചെതിട്ടുള്ള സാമ്പത്തികരാഷ്ട്രീയ പ്രശ്‌നങ്ങളെക്കുറിച്ചുപോലും ധാരാളം വിവാദങ്ങള്‍ നിലനില്‍ക്കെ, സൗന്ദര്യശാസ്ത്രചിന്തയെക്കുറിച്ച് സകല മാര്‍ക്‌സിസ്റ്റുകളും ഒരുപോലെ ചിന്തിക്കും എന്നു പ്രതീക്ഷിക്കുവാനകില്ലല്ലോ. എങ്കിലും ഇന്ന് ലോക്കത്ത് മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രം എന്നൊന്നുണ്ട്. അതിന് അതിന്റേതായ സമീപനങ്ങളും നിയമങ്ങളുമുണ്ട്. അവയുടെ ആകെത്തുകയെ നമുക്ക് മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രം എന്നു പറയാം. മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രദര്‍ശനത്തിന് സംഭവാന നല്‍കിയവരില്‍   വിവിധ രാജ്യങ്ങളില്‍ ഉള്ള ഒട്ടേറെ ചിന്തകരും എഴുത്തുകാരുമുണ്ട്  അവരില്‍  റഷ്യന്‍ മാര്‍ക്‌സിസത്തിന്റെ പിതാവായി പ്രകീര്‍ത്തിക്കപ്പെടുന്ന  പ്ലഹ്‌നേവ് മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രത്തിനും  ഗണ്യമായ സംഭാവന നല്‍കിയവരില്‍ ഒരാളാണ്. കല എന്നാല്‍ എന്താണ് എന്നതിനെ സംബന്ധിച്ചും അതിന്റെ ഉറവിടമെവിടെ എന്നതിനെ സംബന്ധിച്ചും അദ്ദേഹം ചില വാദഗതികള്‍ മുന്നോട്ടു വച്ചിരുന്നു. കല എന്നാല്‍ എന്നതിനെ സംബന്ധിച്ച് ലിയോ ടോള്‍സ്‌റ്റോയിയുടെ ചല്ല കാഴ്ചപാടുകളോടുള്ള പ്രതികരണം എന്ന നിലയ്ക്കാണ് പ്ലഹ്‌നേവ് സൗന്ദര്യ ശാസ്ത്രം സംബന്ധിച്ച് തന്റെ വാദമുഖങ്ങള്‍ അവതരിപ്പിച്ചത്. സാധാരണ വാക്കുകള്‍ വിചാരങ്ങള്‍ വിനിമയം ചെയ്യുമ്പോള്‍ കല വികാരങ്ങള്‍ സംവേദനം ചെയ്യുന്നുവെന്നാണ് ടോള്‍സ്‌റ്റോയി വാദിച്ചത്. എന്നാല്‍ ഇതിനെ നിരാകരിച്ചുകൊണ്ട് കലയില്‍ വിചാരത്തെയും വികാരത്തെയും വേര്‍തിരിക്കുന്നത് യാന്ത്രികവും അയഥാര്‍ത്ഥവുമാണെന്നാണ് പ്ലഹ്‌നേവിന്റെ വാദം. വികാരാംശം മുറ്റിയ കവിതയുടെ മാധ്യമം തന്നെ വാക്കുകള്‍ ആയിരിക്കെ ഇത്തരം വേര്‍തിരിക്കല്‍ അസംബന്ധമാണ്. കല മനുഷ്യര്‍ തമ്മിലുള്ള സംവേദനത്തിന്റെ ഒരു സവിശേഷരൂപം തന്നെയാണെന്ന ടോള്‍സ്‌റ്റോയിയുടെ വാദം അവിതര്‍ക്കിതം തന്നെ. എന്നാല്‍ വിചാരവികാരങ്ങള്‍ തമ്മിലുണ്ടെന്ന് ടോള്‍സ്‌റ്റോയി ധരിക്കുന്ന ഈ ദ്വിതത്വം അയഥാര്‍ത്ഥമാണ്. പ്ലഹ്‌നോവ് പറയുന്നു:
‘ കല  മനുഷ്യരുടെ വികാരങ്ങള്‍ മാത്രമേ പ്രകടിപ്പിക്കൂ എന്ന വാദം ശരിയല്ല. കല വികാരങ്ങള്‍ക്കൊപ്പം വിചാരങ്ങള്‍ക്കും രൂപം നല്‍കുന്നു. എന്നാല്‍ കല അവ ആവിഷ്‌കരിക്കുന്നത് അമൂര്‍ത്തമായിട്ടല്ല. സജീവ പ്രതിരൂപങ്ങളിലൂടെയാണെന്നു മാത്രം. കലയെ മറ്റുള്ളവയില്‍നിന്ന് വേര്‍തിരിച്ചു കാട്ടുന്ന സവിശേഷതയും ഇതുതന്നെ. സ്വയം അനുഭവിച്ച ഒരു വികാരം മറ്റുള്ളവര്‍ക്കു പകരാനായി തന്നില്‍ത്തന്നെ അത് പുനരാവിഷ്‌കരിച്ച് ചില ബാഹ്യ ചേഷ്ടകളിലൂടെയും അടയാളങ്ങളിലൂടെയും പ്രകടിപ്പിക്കുമ്പോഴാണ് കലയുടെ ആരംഭം എന്ന് ടോള്‍സ്‌റ്റോയി അഭിപ്രായപ്പെടുന്നു. തന്റെ ചുറ്റുപാടുകളുടെ സ്വാധീനത്തില്‍ അനുഭവപ്പെടുന്ന വിചാരവികാരങ്ങള്‍ സ്വയം പുനരാവിഷ്‌കരിച്ച് വ്യക്തമായ പ്രതിരൂപങ്ങളിലൂടെ അവ പ്രകടിപ്പിക്കുമ്പോഴാണ് കലയുടെ തുടക്കം  എന്ന് ഞാന്‍ വിശ്വസിക്കുന്നു. തന്റെ പുനര്‍വിചാരത്തിനും പുനരനുഭവത്തിനും വിധേയമായ വസ്തുതകളാണ് അയാള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നത്. ഭൂരിപക്ഷം സന്ദര്‍ഭങ്ങളിലും ഇതാണ് സംഭവിക്കുക എന്ന് എടുത്തുപറയേണ്ടതായിട്ടില്ല. കല ഒരു സാമൂഹ്യപ്രതിഭാസമാണ്’
സഞ്ചരിക്കുന്ന വിജ്ഞാന ഭണ്ഡാരം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന പി.ജി മാര്‍ക്‌സിസത്തിനെന്ന പോലെ  മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സംഭവാവനകള്‍ വിലപ്പെട്ടതാണ്.  പി.ജിയുടെ പുസ്തകങ്ങളും ലേഖനങ്ങളും  പ്രഭാഷണങ്ങളുടെ ശബ്ദരേഖയുണ്ടെങ്കില്‍ അവയും  വിജ്ഞാനദാഹികള്‍ക്ക് എക്കാലത്തേക്കൂം  അവലംബമാക്കാവുന്ന അറിവിന്റെ വിഭവഉറവിടങ്ങളായിരിക്കും. സാഹിത്യകുതുകികള്‍ക്ക് ഒരു റോള്‍ മോഡലാണ് പി.ജി. അറിവിന്റെ ആഴക്കടലില്‍ മുങ്ങിത്തപ്പി  വിലപ്പട്ട മുത്തുകള്‍ തെരഞ്ഞുപിടിച്ച് മാലോകര്‍ക്കു സമര്‍പ്പിക്കുവാന്‍ ജീവിതം ഉഴിഞ്ഞുവച്ച മഹാരഥന്‍മാരില്‍ ഒരാള്‍കൂടി ഓര്‍മ്മയായി. ജീവിച്ചിരുന്നതിന് ഒരുപാട് രേഖകള്‍ അവശേഷിപ്പിച്ചുകൊണ്ട്. മരിച്ചാലും മരിക്കാത്തവരാണ് എഴുത്തുകാര്‍. അതുകൊണ്ട്  പി.ജിയുടെ ഭൗതികശരീരം മണ്‍മറഞ്ഞു എന്നത്  യാഥാര്‍ത്ഥ്യമാണെങ്കിലും മരിക്കാത്ത പലതും ജിവിച്ചിരിക്കവേ അദ്ദേഹം സമൂഹത്തിനു മുതല്‍കൂട്ടിയിട്ടുണ്ട്. അതുകൊണ്ട് മരണത്തിന് പി.ജിയുടെ കാര്യത്തില്‍ അത്ര അഹങ്കരിക്കാനാകില്ല. തലമുറകളിലൂടെ അദ്ദേഹം ജീവിക്കും. കെ.ഇ.എന്‍ പറഞ്ഞതുപോലെ പി.ജിയെ നമ്മള്‍ ഓര്‍ക്കേണ്ടത് പതിവ് അനുശോചനവാക്യങ്ങള്‍ കൊണ്ടല്ല, അദ്ദേഹം തുറന്നുവച്ച വായനയുടെ വിപുലമായ ലോകത്തിലേയ്ക്ക് നമ്മെത്തന്നെ എടുത്തുവച്ചുകൊണ്ടാണ്.

22 Dec 2012

സ്ത്രീത്വം പിച്ചി ചീന്തുന്ന നമ്മുടെ നാട്

ഷൈജുധമനി


മലയാളിക്ക് അത്ര താല്പര്യം ഇല്ലാത്ത ഒരു വിഷയത്തെ കുറിച്ചാണ് ഞാന്‍ ഈ കുറിപ്പ് രേഖപ്പെടുത്തുന്നത്. തനിക്കു വേറെ പണി ഇല്ലേ എന്ന തരത്തിലുള്ള പ്രതികരണം ലഭിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നാലും ഇതിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞെ പറ്റു എന്ന് കരുതിയാണ് ഞാന്‍ ഈ കുറിപ്പെഴുതുന്നത്. ഇന്നലെ ഡല്‍ഹിയില്‍ നടന്ന ക്രൂരമായ സംഭവം, ഒരു പെണ്‍കുട്ടിയെ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഒരു വിഭാഗം മൃഗങ്ങള്‍ കടിച്ചു കീറിയ വാര്‍ത്ത.. മലയാളികള്‍ക്ക് അല്ലെങ്കില്‍ ഭാരതീയര്‍ക്കു ഇതൊരു സാധാരണ വാര്‍ത്ത മാത്രമേ ആകൂ എന്നും ഇതിലൂടെ നമ്മുടെ നീതിന്യായ വ്യവസ്ഥ അപ്പാടെ മാറ്റി എഴുതും എന്ന അബദ്ധ ധാരണ ഒന്നും  ഓരോ ഭാരതീയനെയും പോലെ എനിക്കുമില്ല. പക്ഷെ എന്തുകൊണ്ട് നമ്മുടെ നാട്ടില്‍ ഇതു ഇങ്ങനെ ആവര്‍ത്തിക്കുന്നു ?
ഫേസ് ബൂക്കിലൂടെ ഒരു സഹോദരന്‍ അയച്ച ഒരു എഴുത്ത് ഞാന്‍ ഇവിടെ ഓര്‍ക്കുകയാണ്.ഒരാള്‍ ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്‌താല്‍ അവനെ പിടിച്ചു പെറ്റി അടപ്പിക്കുന്ന നമ്മുടെ പോലീസിന് ഇതു കാണാന്‍ എന്തുകൊണ്ട് കഴിയുന്നില്ല ?- ഈ വാക്കുകള്‍ തമാശയായി മാത്രം തള്ളി കളയേണ്ട. അല്പമെങ്കിലും സത്യം ഇതിലുണ്ടോ എന്ന് എനിക്കും തോന്നുന്നു. നമ്മുടെ രാജ്യത്ത് സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ഡല്‍ഹിയില്‍ ഇങ്ങനെ സംഭവിച്ചു എങ്കില്‍ മറ്റുള്ള സ്ഥലത്തെ വിശേഷം പറയേണ്ടതില്ലല്ലോ.
ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സന്നാഹം ഉള്ള ഡല്‍ഹിയില്‍; അവരുടെ മൂക്കിന്‍റെ തുമ്പിലാണ് രാജ്യത്തെ നടുക്കിയ ഈ കൂട്ട മാനഭംഗം ഉണ്ടായത്. സണ്‍ ഫിലിം വാഹനങ്ങളില്‍ ഒട്ടിക്കരുത് എന്ന നിയമം നിലനില്‍ക്കുമ്പോള്‍ സുപ്രീം കോടതിയുടെ മൂക്കിനു താഴെ ഒരു ബസ്‌ സണ്‍ ഫിലിം ഒട്ടിച്ചു കൊണ്ട് യാത്ര ചെയ്തു എന്ന് പറയുമ്പോള്‍ നാം എന്താണ് മനസ്സിലാക്കേണ്ടത്?
അപ്പോള്‍ എവിടെയാണ് മാറ്റം ഉണ്ടാവേണ്ടത് ?
ഭാരത സ്ത്രീകള്‍ തന്‍ ഭാവ ശുദ്ധി എന്ന് വള്ളത്തോള്‍ ഒരു കവിത എഴുതാന്‍ കാരണമായ സംഭവം ഒരു വിദേശ വനിത നമ്മുടെ സ്ത്രീകളെ കുറിച്ച് നടത്തിയ മോശമായ ഒരു പ്രസ്താവന ആയിരുന്നു എന്ന് നമ്മള്‍ വായിച്ചിട്ടുണ്ട്. പക്ഷെ എന്താണ് നമ്മുടെ ഈ തലമുറയ്ക്ക് പറ്റിയത്?
കാരണങ്ങള്‍ എന്തുമാവട്ടെ മാതൃകാ പരമായി ശിക്ഷിക്കപ്പെടാത്തത് തന്നെയാണ് ഇതിന്‍റെ കാരണം
എത്ര പെണ്‍കുട്ടികള്‍ ..
എത്ര അമ്മമാരുടെ ആര്‍ത്തലച്ച നിലവിളികള്‍ ..
നമ്മുടെ മുന്നില്‍ ഇങ്ങനെ പലവട്ടം എത്രപേര്‍ പിച്ചി ചീന്തപ്പെട്ടു ..
പക്ഷെ അതിലൊക്കെ ശിക്ഷിക്കപ്പെട്ടവര്‍ എത്രപേര്‍ ?
ഒരു തവണയെങ്കിലും ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജീവിച്ച ഒരുവനോട് ചോദിച്ചാല്‍ ആള്‍ക്കാര്‍ ഒന്നായി പറയും സ്ത്രീകള്‍ക്ക് ജീവിക്കാന്‍ പറ്റിയ ഇടം ഗള്‍ഫ്‌ തന്നെ ആണെന്ന്. കാരണമെന്ത്? അവിടെ നിയമം നിയമം തന്നെയാണ്. ആര്‍ക്കും മുന്നില്‍ അത് വളയില്ല തിരിയില്ല. ഒരു രാഷ്ട്രീയക്കാരന്റെയും കുത്തിയിരിപ്പും പ്രതിഷേധവും അവിടുത്തെ പോലീസ് സ്റ്റെഷന്റെ മുന്നില്‍ കാണാനാവില്ല. നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരായി മാറുന്നു. തെറ്റ് ചെയ്യുന്നവന് അര്‍ഹിക്കുന്ന ശിക്ഷ നല്‍കുന്ന ശരീഅത്ത്‌ നിയമം അതാണ്‌ വിഭാവനം ചെയ്യുന്നത്.
ഇന്നലെ സൗദിയില്‍ ഉണ്ടായ ഒരു കോടതി വിധി ഇതിനോട് കൂട്ടി വായിക്കാം.
സ്വന്തം ഭാര്യയോട് മോശമായി പെരുമാറിയതിന് ഭര്‍ത്താവിന് നല്‍കിയ ശിക്ഷ. പൊതു ജന മധ്യത്തില്‍ 30 ചാട്ടയടി, ദമാമിലെ പ്രധാന ആശുപത്രിയില്‍ 10 ദിവസം 10 മണിക്കൂര്‍ നിര്‍ബന്ധിത സാമൂഹിക സേവനം, ഭാര്യമാരോട്  എങ്ങനെ പെരുമാറണം എന്നതിനെ പറ്റി 10 ദിവസത്തെ ക്ലാസ്, അതിനു ശേഷം നടക്കുന്ന പരീക്ഷ പാസാവണം. എത്ര മനോഹരമായ വിധി..
അങ്ങനെ എങ്കില്‍ നമ്മുടെ നാട്ടിലെ അവസ്ഥ എങ്ങനെ ആയേനെ ?
നമ്മുടെ നാട്ടുകാരെക്കാള്‍ മോശമായ രീതിയില്‍ വസ്ത്രം ധരിക്കുന്ന പാശ്ചാത്യ രാജ്യങ്ങളില്‍ ഇത്തരം പ്രവണത കുറയുവാന്‍ കാരണം കുറ്റവാളികള്‍ക്ക് വളരെ കടുത്ത ശിക്ഷ ഉറപ്പു വരുത്തുന്ന നിയമം അവിടെ ഉള്ളത് കൊണ്ടാണ്. കഴിഞ്ഞ കുറെ കാലമായി സ്ത്രീകള്‍ക്ക് എതിരെ ഉണ്ടാവുന്ന അതിക്രമങ്ങള്‍ക്ക് എതിരെ നിരവധി നിയമങ്ങള്‍ നമ്മള്‍ പാസ്സാക്കി;എന്നാല്‍ അതൊന്നും അര്‍ഹിക്കുന്നവരിലേക്ക് എത്തുന്നില്ല എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
1860 ല്‍ നമ്മള്‍ ഉണ്ടാക്കിയ ഇന്ത്യന്‍ പീനല്‍ കോഡിലെ  നിയമത്തിലാണ് നാം ഇപ്പോഴും നില്‍ക്കുന്നത്, കുറ്റവാളികള്‍ പിടിക്കപ്പെട്ടാലും തുടര്‍ വാദത്തിന്റെ കാല താമസത്തില്‍ പലരും കുറ്റവാളികള്‍ അല്ലാതായി മാറുന്നു, ഇരകള്‍ മാധ്യമങ്ങളില്‍ വിചാരണ ചെയ്യപ്പെടുന്നു, കുറെ കാലത്തിനു ശേഷം ഈ നരാധമന്‍ മാര്‍ നമ്മുടെ മുന്നിലൂടെ മാന്യന്‍മാരായി ഇറങ്ങി പോകുന്നു. ഈ അവസ്ഥയാണ് മാറേണ്ടത്. നിയമം മാറ്റിയെഴുതണം; പക്ഷെ അതിലൂടെ ഒരു വ്യക്തിയും ആരോപണങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെടുന്നില്ല എന്ന കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ടുള്ള നിയമ ഭേദഗതിയാണ് വേണ്ടത്.

22 Nov 2012

ഗാസയിലെ വെടിയൊച്ചകള്‍


പ്രവീൺ

നിസ്സഹായരുടെ ചോരകൊണ്ട്
തെരുവില്‍ പ്രളയക്കെടുതി…
ചോര കോരിക്കുടിച്ചു ദാഹം തീര്‍ക്കാന്‍,
കുരിശു യുദ്ധങ്ങളിലെ ചേകവന്മാര്‍………

തെരുവിനപ്പുറവും,
തെരുവിനിപ്പുറവും,
മതങ്ങളുടെ ഗിനിപ്പന്നികള്‍,
കൊമ്പുകോര്‍ത്തു ചത്തു..

നൂറ്റാണ്ടുകളുടെ കണക്കുകള്‍,
കൂട്ടിയും കുറച്ചും,
ദൈവങ്ങള്‍ തീന്മേശക്ക് ചുറ്റുമിരുന്നു
തമാശ പറഞ്ഞു, വീഞ്ഞു കുടിച്ചു,..

ഗാസയില്‍ വെടിയോച്ചകള്‍ക്ക് മീതെയുയര്‍ന്ന
അമ്മമാരുടെ നിലവിളിയോച്ചകള്‍ കേട്ട് ,
മത്തുപിടിച്ച ദൈവങ്ങള്‍ കണ്ണടച്ചുറങ്ങി…!!!




23 Oct 2012

ഇംഗ്ലണ്ടില്‍ നിന്നും ഇന്ത്യയിലേക്ക് ബസ്‌ റൂട്ട്; 12 ദിവസം യാത്ര

ജാസിർ ജവാസ്


കേട്ടിട്ട് ഞെട്ടേണ്ട എന്നൊന്നും പറയുന്നില്ല, കുറച്ചൊക്കെ ഞെട്ടിയെ തീരൂ. സംഗതി സത്യമാണ്. യു കെയിലെ ബര്‍മിംഗ്ഹാമില്‍ നിന്നും 4,000 മൈലുകള്‍ അകലെ ഇങ്ങു ഇന്ത്യന്‍ അതിര്‍ത്തി വരെ ബസ്‌ റൂട്ട് തുടങ്ങാന്‍ പോകുന്നു. പാക്‌ നിയന്ത്രിത കശ്മീരിലെ മിര്‍പൂര്‍ വരെയാണ് നിശ്ചിത ബസ്‌ റൂട്ട് വിഭാവനം ചെയ്തിരിക്കുന്നത്. ഇത് പിന്നീട് ഡല്‍ഹിയിലേക്കും നീട്ടാന്‍ പദ്ധതിയുണ്ട്.
12 ദിവസം കൊണ്ട് ബസ്‌ ബര്‍മിംഗ്ഹാമില്‍ നിന്നും ഇവിടെ എത്താവുന്ന തരത്തിലാണ് റൂട്ട് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. ബെല്‍ജിയം, ഫ്രാന്‍സ്‌, ഓസ്ട്രിയ, സ്ലോവേനിയ, ക്രൊയേഷ്യ, സെര്‍ബിയ, ബള്‍ഗേറിയ തുടങ്ങീ ഏഴു രാജ്യങ്ങളിലൂടെ സഞ്ചരിച്ചാവും ബസ്‌ ലക്ഷ്യ സ്ഥാനത്ത് എത്തുക. അത് പോലെ അഫ്ഗാന്‍ നഗരമായ്‌ ക്വറ്റ, ഇറാനിലെ ടെഹ്റാന്‍ എന്നിവിടങ്ങളില്‍ ഈ ബസിനു സ്റ്റോപ്പുകള്‍ ഉണ്ടായേക്കുമെന്നും കരുതപ്പെടുന്നു. അത് കൊണ്ട് തന്നെ വന്‍ വിമര്‍ശനങ്ങളാണ് ഈ തീരുമാനം വരുത്തി വെച്ചത്.
ബസ്‌ കടന്നു പോകുന്ന മേഖലകളില്‍ ചിലത് നിത്യേന ബോംബുകള്‍ പൊട്ടുന്ന താലിബാന്‍ ഭരണ പ്രദേശം ആണെന്ന് ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നു. അത് കൊണ്ട് തന്നെ ബസില്‍ സഞ്ചരിക്കുന്നവരുടെ ജീവന്‍ കൊണ്ടാണ് സര്‍ക്കാര്‍ പന്താടുന്നതെന്ന് അവര്‍ ചൂണ്ടി കാണിക്കുന്നു. പാക്കിസ്ഥാനിലേക്ക് എത്തുന്നതിനു മുന്‍പ് തുര്‍ക്കിയിലൂടെയും ബസ്‌ സഞ്ചരിക്കുന്നുണ്ട്.
എന്നാല്‍ ബര്‍മിംഗ്ഹാമില്‍ നിനും ഉള്ള പാക്കിസ്ഥാന്‍ വംശജര്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. മിര്‍പൂര്‍ വംശജനായ ബര്‍മിംഗ്ഹാം എം.പി ഖാലിദ്‌ മഹ്മൂദ്‌ വളരെ ആവേശത്തോടെയാണ് ഈ പദ്ധതിയെ സ്വാഗതം ചെയ്തത്. സുരക്ഷ ഭീഷണിയെ കുറിച്ച് പറഞ്ഞപ്പോള്‍ കര്‍ശന അതിര്‍ത്തി പരിശോധനയിലൂടെ അത് സാധ്യമാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വിനോദ സഞ്ചാരത്തെ ഇത്രയധികാന്‍ പ്രോത്സാഹിപ്പിക്കുന്ന വേറൊരു പദ്ധതിയുണ്ടാവില്ല. ഒറ്റ യാത്രയിലൂടെ തന്നെ നിരവധി രാജ്യങ്ങള്‍ ആവും ഈ ഒരൊറ്റ പദ്ധതിയിലൂടെ സാധ്യമാവുക.
യുകെ ബോര്‍ഡര്‍ ഏജന്‍സിയുടെ കര്‍ശന പരിശോധന ഒക്കെ ഉണ്ടായാല്‍ സംഗതി വന്‍ വിജയം ആക്കവുന്നത്തെ ഉള്ളൂ. 1970 കളിലെ ഈ റോഡ്‌ ഉണ്ടെങ്കില്‍ അതിലൂടെ ഉള്ള യാത്ര ദുഷ്കരം ആയിരുന്നു. ബോംബ്‌ സ്ഫോടനങ്ങളും മറ്റും തുടര്‍ക്കഥ ആയതോടെ ഇതെല്ലം നിന്ന സ്ഥിതി ആയിരുന്നു. എന്നാലിപ്പോള്‍ പാക്കിസ്ഥാനില്‍ ഇത്തരം സംഘര്‍ഷങ്ങള്‍ക്ക് അറുതി വന്നിട്ടുണ്ട്. ഇത് തന്ത്രപൂര്‍വം ഉപയോഗിച്ചാല്‍ വന്‍ വിജയം ആയിരിക്കും ഈ പ്രൊജക്റ്റ്‌

20 Sept 2012

കണികാ പരീക്ഷണശാല: ദുരൂഹത നീങ്ങുന്നില്ല

വി ടി പദ്മൻ

കമ്പം ഭ്രംശ മേഖലക്കടുത്തു കണിക പരീക്ഷണ ശാല സ്ഥാപിക്കുന്നത് പരിസ്ഥിതിക്കും ഇടുക്കി മേഖലയിലെ അണക്കെട്ടുകള്‍ക്കും ദൂര വ്യപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി എസ്സ് അച്ചുതാനന്ദന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ’ഇന്ത്യാ ബേസ്ഡ് ന്യൂട്രിനോ ഒബ്സര്‍വേറ്ററി’(INO) എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് 962 കോടിയുടെ പ്രാരംഭ ചെലവാണ് പ്രതീക്ഷിച്ചിരുന്നത്. അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ണ പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ 8,000 കോടി രൂപയെങ്കിലും മുതല്‍ മുടക്കുണ്ടാവുമെന്നാണ് കണക്ക്. INO എന്നത് അമേരിക്കന്‍ റിസര്‍ച്ച് സ്റ്റഡിയുടെ ഭാഗമാണ്.
ഹൈ എനര്‍ജി കണികകള്‍ ചിക്കാഗോയിലെ ഫെര്‍മി നാഷണല്‍ ആക്സിലറേറ്റര്‍ ലബോറട്ടറി (Fermilab) ല്‍ നിന്നാണ് അയക്കുക. അത് ഭൂമിയുടെ മാന്റിലിലൂടെയും കോറിലൂടെയും ആവും സഞ്ചരിക്കുക. ഇങ്ങനെ അയക്കപ്പെടുന്ന കണികകളെ INO ഡിറ്റക്റ്റ് ചെയ്യും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ശക്തിയുള്ള ആയുധങ്ങള്‍ (ആണവായുധങ്ങളെക്കാളെറെ) നിര്‍മ്മിക്കുവാന്‍ ആണ് ഈ പരീക്ഷണം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് വി എസ്സ് പറഞ്ഞു. ഇന്ത്യ- അമേരിക്ക ആണവ കരാറിനോടനുബന്ധിച്ചു ജോര്‍ജ്‌ ബുഷും മന്‍മോഹന്‍സിങ്ങും ആണ് 2005 ല്‍ ഇങ്ങനെ ഒരു കരാറില്‍ ഒപ്പിട്ടത്.
തമിഴ്നാട്ടിലെ തേനി ജില്ലയിലെ തേവാരത്തിനടുത്ത് പൊട്ടിപ്പുറം ഗ്രാമത്തിലാണ് ലോകത്തെ നാലാമത്തെ വലിയ കണികാ ഗവേഷണ പരീക്ഷണശാല സ്ഥാപിക്കാന്‍ നടപടി പുരോഗമിക്കുന്നത്.മതികെട്ടാന്‍ വനമേഖലയോട് ചേര്‍ന്നാണിത്. കമ്പം ഭ്രംശമേഖലയുടെ 30 കിലോമീറ്റര്‍ അടുത്താണ് ഇതിനുവേണ്ടി തുരങ്കം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. കേരളത്തിലെ ചതുരംഗപ്പാറ വരെ തുരങ്കം നീളുമെന്നാണ് കരുതുന്നത്. എന്നാല്‍, ഇതു സംബന്ധിച്ച ഒരു വിവരവും കേരളത്തിന് ലഭിച്ചിട്ടില്ല. കേരളത്തിലുണ്ടാകുന്ന ഭൂചലനങ്ങളുടെ തുടര്‍ച്ചയായി കമ്പം ഭ്രംശമേഖലയിലും ചലനങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും ഇത് സംബന്ധിച്ച വിവരങ്ങള്‍ തമിഴ്നാട് സര്‍ക്കാര്‍ പുറത്തുവിടാറില്ല.
മൂന്ന് വര്‍ഷത്തോളം 100,000 കിലോഗ്രാം ജെലാറ്റിന്‍ ഉപയോഗിച്ച് 800,000 ടണ്‍ പാറകളും മറ്റും നീക്കം ചെയ്യുന്നത് ഈ മേഖലയില്‍ ഭൂകമ്പ സാദ്ധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് പ്രമുഖ ഗവേഷകന്‍ വി ടി പദ്മനാഭന്‍ പറഞ്ഞു. കൂടാതെ ഇടുക്കി ജിലയില്‍ 12 ഡാമുകളിലായി 400 കോടി ക്യൂബിക്‌ മീറ്ററോളം വെള്ളം ആണ് സ്റ്റോര്‍ ചെയ്തിരിക്കുന്നത്. അമേരിക്കയിലെ ഫാക്ടറികളില്‍ നിന്നും വരുന്ന ഹൈ എനര്‍ജി കണികകള്‍ INO ക്ക് മുകളില്‍ ഇങ്ങനെ ഡാമുകളില്‍ സ്റ്റോര്‍ ചെയ്തിരിക്കുന്ന 4 ബില്ല്യണ്‍ ക്യൂബിക് മീറ്റര്‍ വെള്ളത്തിനും വളരെ ഉയര്‍ന്ന നിലവാരത്തിലുള്ള റെഡിയെഷന്‍ ഉണ്ടാക്കുവാനും ഇടയാക്കും.
INO യുടെ ഈ റിസര്‍ച്ച് പ്രപ്പോസല്‍ എഴുതിയുണ്ടാക്കിയതു അമേരിക്കന്‍ ശാസ്ത്രഞ്ജര്‍ ആണ്. അറ്റോമിക്‌ എനര്‍ജി ഡിപ്പാര്‍ട്ട്മെന്റോ INO വെബ്സൈറ്റോ ഇറക്കിയ രേഖകളില്‍ എവിടയൂം അമേരിക്കയുമായി ഉണ്ടായ സഹകരണത്തെ കുറിച്ച് പറയുന്നില്ല എന്നതാണ് രസകരം. കൂടാതെ ഈ ഭ്രംശ മേഖലയില്‍ താമസിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കോ കേരള സര്‍ക്കാരിനോ ഇതിനെ കുറിച്ചൊരു അറിയിപ്പും ലഭിച്ചിട്ടില്ലതാനും. ഇതെല്ലം ഈ പദ്ധതിയിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു എന്ന് വി എസ്സും പ്രമുഖ ഗവേഷകന്‍ വി ടി പദ്മനാഭനും സംയുക്ത പത്ര സമ്മേളനത്തില്‍ പറഞ്ഞു.
കണിക പരീക്ഷണത്തിനുള്ള രാജ്യത്തിന്‍റെ ആവശ്യകത കണക്കിലെടുക്കുമ്പോള്‍ തന്നെ ഇത് കൊണ്ടുണ്ടായെക്കാവുന്ന അപകടങ്ങളും പാരിസ്ഥിതിക മാറ്റങ്ങളും കണക്കിലെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കൂടാതെ ഈ ലാബിന്റെ ആയുസ്സിനെ കുറിച്ചും വ്യക്തമാക്കണമെന്ന് അവരാവശ്യപ്പെട്ടു.
ആന്റി ന്യൂക്ലിയര്‍ ആക്ടിവിസ്റ്റ് കെ സഹദേവനും സെല്‍വ കുമാറും പത്ര സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
വര്‍ധിക്കുന്ന ദുരൂഹത
‘അമ്പരശന്‍ കരട്’ എന്ന മലയ്ക്കുള്ളില്‍ 1.3 കിലോമീറ്റര്‍ ആഴത്തില്‍ ഭൂമിക്കടിയിലാണ് ഗവേഷണനിലയം ഒരുങ്ങുന്നത്. പൊട്ടിപ്പുറം വീരപ്പസ്വാമി ക്ഷേത്രത്തിന് സമീപത്തുനിന്ന് പാറതുരന്ന് രണ്ടുകിലോമീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന തുരങ്കത്തിനൊടുവിലാണ് ഭൂഗര്‍ഭനിലയം സ്ഥാപിക്കുക. പരീക്ഷണവും പദ്ധതിയും സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ പുറത്തുവിടാന്‍ തുടക്കം മുതല്‍ INOയും തമിഴ്നാട് സര്‍ക്കാറും തയാറായിട്ടില്ല. പൊതുപരിപാടികളുമായി സഹകരിക്കാത്ത മധുരയിലെ അമേരിക്കന്‍ കോളജ് അധികൃതര്‍ ന്യൂട്രീനോ പദ്ധതി നടപ്പാക്കുന്നതിന് ചുക്കാന്‍ പിടിച്ച് രംഗത്തെത്തിയത് ദുരൂഹത വര്‍ധിപ്പിക്കുകയും ചെയ്തു.
പരീക്ഷണപദ്ധതി എന്താണെന്ന് അറിയിക്കാതെ പശ്ചിമഘട്ട മലനിരയില്‍ സ്ഥലം കണ്ടെത്താനുള്ള സര്‍വേ നടത്തിയത് പ്രദേശത്ത് ശക്തമായ എതിര്‍പ്പിനിടയാക്കിയിരുന്നു. പരീക്ഷണശാല സ്ഥാപിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ തമിഴ്നാട്ടിലെ മാധ്യമങ്ങളോട്പോലും വ്യക്തമാക്കാന്‍ ശാസ്ത്രസംഘം തയാറായിരുന്നില്ല.
നേരത്തേ സിങ്കാരയില്‍ കണിക പരീക്ഷണശാല നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് തേനിയിലെ ഗ്രാമത്തിലേക്ക് മാറ്റിയത്. റോഡ്, വൈദ്യുതി വിതരണം എന്നിവയ്ക്കാവശ്യമായ ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. തുരങ്കനിര്‍മാണത്തിന്‍െറ ചുമതല തമിഴ്നാട് വൈദ്യുതി വകുപ്പിനാണ്. തുരങ്കത്തിന് രണ്ട് കിലോമീറ്റര്‍ നീളമുണ്ടാകും. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഉറപ്പുള്ള പാറയുടെ ഉള്ളില്‍ നിര്‍മിക്കുന്ന പരീക്ഷണശാലക്ക് 132 മീറ്റര്‍ നീളവും 26 മീറ്റര്‍ വീതിയും 30 മീറ്റര്‍ ഉയരവുമുണ്ടാകും. അതേസമയം കണികാ പരീക്ഷണത്തിന്‍െറ ഫലം എന്താണെന്ന് മുന്‍കൂട്ടി പ്രവചിക്കാന്‍ ശാസ്ത്രഞ്ജര്‍ക്ക് കഴിയുന്നില്ല. പരീക്ഷണത്തിനിടെ സാങ്കേതിക കുഴപ്പം കൊണ്ടോ മറ്റോ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് എത്ര വ്യാപ്തിയുണ്ടാകുമെന്നും അവര്‍ വിശദീകരിക്കുന്നില്ല.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...