സ്ത്രീത്വം പിച്ചി ചീന്തുന്ന നമ്മുടെ നാട്

ഷൈജുധമനി


മലയാളിക്ക് അത്ര താല്പര്യം ഇല്ലാത്ത ഒരു വിഷയത്തെ കുറിച്ചാണ് ഞാന്‍ ഈ കുറിപ്പ് രേഖപ്പെടുത്തുന്നത്. തനിക്കു വേറെ പണി ഇല്ലേ എന്ന തരത്തിലുള്ള പ്രതികരണം ലഭിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നാലും ഇതിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞെ പറ്റു എന്ന് കരുതിയാണ് ഞാന്‍ ഈ കുറിപ്പെഴുതുന്നത്. ഇന്നലെ ഡല്‍ഹിയില്‍ നടന്ന ക്രൂരമായ സംഭവം, ഒരു പെണ്‍കുട്ടിയെ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഒരു വിഭാഗം മൃഗങ്ങള്‍ കടിച്ചു കീറിയ വാര്‍ത്ത.. മലയാളികള്‍ക്ക് അല്ലെങ്കില്‍ ഭാരതീയര്‍ക്കു ഇതൊരു സാധാരണ വാര്‍ത്ത മാത്രമേ ആകൂ എന്നും ഇതിലൂടെ നമ്മുടെ നീതിന്യായ വ്യവസ്ഥ അപ്പാടെ മാറ്റി എഴുതും എന്ന അബദ്ധ ധാരണ ഒന്നും  ഓരോ ഭാരതീയനെയും പോലെ എനിക്കുമില്ല. പക്ഷെ എന്തുകൊണ്ട് നമ്മുടെ നാട്ടില്‍ ഇതു ഇങ്ങനെ ആവര്‍ത്തിക്കുന്നു ?
ഫേസ് ബൂക്കിലൂടെ ഒരു സഹോദരന്‍ അയച്ച ഒരു എഴുത്ത് ഞാന്‍ ഇവിടെ ഓര്‍ക്കുകയാണ്.ഒരാള്‍ ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്‌താല്‍ അവനെ പിടിച്ചു പെറ്റി അടപ്പിക്കുന്ന നമ്മുടെ പോലീസിന് ഇതു കാണാന്‍ എന്തുകൊണ്ട് കഴിയുന്നില്ല ?- ഈ വാക്കുകള്‍ തമാശയായി മാത്രം തള്ളി കളയേണ്ട. അല്പമെങ്കിലും സത്യം ഇതിലുണ്ടോ എന്ന് എനിക്കും തോന്നുന്നു. നമ്മുടെ രാജ്യത്ത് സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ഡല്‍ഹിയില്‍ ഇങ്ങനെ സംഭവിച്ചു എങ്കില്‍ മറ്റുള്ള സ്ഥലത്തെ വിശേഷം പറയേണ്ടതില്ലല്ലോ.
ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സന്നാഹം ഉള്ള ഡല്‍ഹിയില്‍; അവരുടെ മൂക്കിന്‍റെ തുമ്പിലാണ് രാജ്യത്തെ നടുക്കിയ ഈ കൂട്ട മാനഭംഗം ഉണ്ടായത്. സണ്‍ ഫിലിം വാഹനങ്ങളില്‍ ഒട്ടിക്കരുത് എന്ന നിയമം നിലനില്‍ക്കുമ്പോള്‍ സുപ്രീം കോടതിയുടെ മൂക്കിനു താഴെ ഒരു ബസ്‌ സണ്‍ ഫിലിം ഒട്ടിച്ചു കൊണ്ട് യാത്ര ചെയ്തു എന്ന് പറയുമ്പോള്‍ നാം എന്താണ് മനസ്സിലാക്കേണ്ടത്?
അപ്പോള്‍ എവിടെയാണ് മാറ്റം ഉണ്ടാവേണ്ടത് ?
ഭാരത സ്ത്രീകള്‍ തന്‍ ഭാവ ശുദ്ധി എന്ന് വള്ളത്തോള്‍ ഒരു കവിത എഴുതാന്‍ കാരണമായ സംഭവം ഒരു വിദേശ വനിത നമ്മുടെ സ്ത്രീകളെ കുറിച്ച് നടത്തിയ മോശമായ ഒരു പ്രസ്താവന ആയിരുന്നു എന്ന് നമ്മള്‍ വായിച്ചിട്ടുണ്ട്. പക്ഷെ എന്താണ് നമ്മുടെ ഈ തലമുറയ്ക്ക് പറ്റിയത്?
കാരണങ്ങള്‍ എന്തുമാവട്ടെ മാതൃകാ പരമായി ശിക്ഷിക്കപ്പെടാത്തത് തന്നെയാണ് ഇതിന്‍റെ കാരണം
എത്ര പെണ്‍കുട്ടികള്‍ ..
എത്ര അമ്മമാരുടെ ആര്‍ത്തലച്ച നിലവിളികള്‍ ..
നമ്മുടെ മുന്നില്‍ ഇങ്ങനെ പലവട്ടം എത്രപേര്‍ പിച്ചി ചീന്തപ്പെട്ടു ..
പക്ഷെ അതിലൊക്കെ ശിക്ഷിക്കപ്പെട്ടവര്‍ എത്രപേര്‍ ?
ഒരു തവണയെങ്കിലും ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജീവിച്ച ഒരുവനോട് ചോദിച്ചാല്‍ ആള്‍ക്കാര്‍ ഒന്നായി പറയും സ്ത്രീകള്‍ക്ക് ജീവിക്കാന്‍ പറ്റിയ ഇടം ഗള്‍ഫ്‌ തന്നെ ആണെന്ന്. കാരണമെന്ത്? അവിടെ നിയമം നിയമം തന്നെയാണ്. ആര്‍ക്കും മുന്നില്‍ അത് വളയില്ല തിരിയില്ല. ഒരു രാഷ്ട്രീയക്കാരന്റെയും കുത്തിയിരിപ്പും പ്രതിഷേധവും അവിടുത്തെ പോലീസ് സ്റ്റെഷന്റെ മുന്നില്‍ കാണാനാവില്ല. നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരായി മാറുന്നു. തെറ്റ് ചെയ്യുന്നവന് അര്‍ഹിക്കുന്ന ശിക്ഷ നല്‍കുന്ന ശരീഅത്ത്‌ നിയമം അതാണ്‌ വിഭാവനം ചെയ്യുന്നത്.
ഇന്നലെ സൗദിയില്‍ ഉണ്ടായ ഒരു കോടതി വിധി ഇതിനോട് കൂട്ടി വായിക്കാം.
സ്വന്തം ഭാര്യയോട് മോശമായി പെരുമാറിയതിന് ഭര്‍ത്താവിന് നല്‍കിയ ശിക്ഷ. പൊതു ജന മധ്യത്തില്‍ 30 ചാട്ടയടി, ദമാമിലെ പ്രധാന ആശുപത്രിയില്‍ 10 ദിവസം 10 മണിക്കൂര്‍ നിര്‍ബന്ധിത സാമൂഹിക സേവനം, ഭാര്യമാരോട്  എങ്ങനെ പെരുമാറണം എന്നതിനെ പറ്റി 10 ദിവസത്തെ ക്ലാസ്, അതിനു ശേഷം നടക്കുന്ന പരീക്ഷ പാസാവണം. എത്ര മനോഹരമായ വിധി..
അങ്ങനെ എങ്കില്‍ നമ്മുടെ നാട്ടിലെ അവസ്ഥ എങ്ങനെ ആയേനെ ?
നമ്മുടെ നാട്ടുകാരെക്കാള്‍ മോശമായ രീതിയില്‍ വസ്ത്രം ധരിക്കുന്ന പാശ്ചാത്യ രാജ്യങ്ങളില്‍ ഇത്തരം പ്രവണത കുറയുവാന്‍ കാരണം കുറ്റവാളികള്‍ക്ക് വളരെ കടുത്ത ശിക്ഷ ഉറപ്പു വരുത്തുന്ന നിയമം അവിടെ ഉള്ളത് കൊണ്ടാണ്. കഴിഞ്ഞ കുറെ കാലമായി സ്ത്രീകള്‍ക്ക് എതിരെ ഉണ്ടാവുന്ന അതിക്രമങ്ങള്‍ക്ക് എതിരെ നിരവധി നിയമങ്ങള്‍ നമ്മള്‍ പാസ്സാക്കി;എന്നാല്‍ അതൊന്നും അര്‍ഹിക്കുന്നവരിലേക്ക് എത്തുന്നില്ല എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
1860 ല്‍ നമ്മള്‍ ഉണ്ടാക്കിയ ഇന്ത്യന്‍ പീനല്‍ കോഡിലെ  നിയമത്തിലാണ് നാം ഇപ്പോഴും നില്‍ക്കുന്നത്, കുറ്റവാളികള്‍ പിടിക്കപ്പെട്ടാലും തുടര്‍ വാദത്തിന്റെ കാല താമസത്തില്‍ പലരും കുറ്റവാളികള്‍ അല്ലാതായി മാറുന്നു, ഇരകള്‍ മാധ്യമങ്ങളില്‍ വിചാരണ ചെയ്യപ്പെടുന്നു, കുറെ കാലത്തിനു ശേഷം ഈ നരാധമന്‍ മാര്‍ നമ്മുടെ മുന്നിലൂടെ മാന്യന്‍മാരായി ഇറങ്ങി പോകുന്നു. ഈ അവസ്ഥയാണ് മാറേണ്ടത്. നിയമം മാറ്റിയെഴുതണം; പക്ഷെ അതിലൂടെ ഒരു വ്യക്തിയും ആരോപണങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെടുന്നില്ല എന്ന കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ടുള്ള നിയമ ഭേദഗതിയാണ് വേണ്ടത്.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ