Showing posts with label SHEELAMONS MURIKKAN. Show all posts
Showing posts with label SHEELAMONS MURIKKAN. Show all posts

20 May 2012

ഇക്കാമല്ലി ഇക്കുട്ടാമല്ലി

ഷീലാമോൻസ് മുരിക്കൻ

ഇന്നലത്തെ ദാമ്പത്യ കലഹത്തിന്റെ ഹാങ്ങ്‌ഓവർ ഇനിയും തീർന്നിട്ടില്ല.
താലിയുടെ ഉടമസ്ഥാവകാശമുള്ള പുരുഷന്റെ ഒന്നുരണ്ടു വാചകങ്ങൾ ചിന്തയിൽ
കുരുങ്ങിക്കിടന്നു.
"ഈ ലോകം പുരുഷന്മാർക്കുള്ളതാ"
'കാലം എത്രകണ്ട്‌ പുരോഗമിച്ചാലും പെണ്ണെന്നും രണ്ടാംതരം തന്നെയാ...
ആണുങ്ങളെപ്പോലെ തോന്നുമ്പോൾ കറങ്ങണമെങ്കിൽ ആണായിത്തന്നെ ജനിക്കണം'
       നാലഞ്ചു ദിവസം കൂട്ടുകാരുമായി കൊടൈക്കണാലിന്റെ തണുപ്പു ആസ്വദിച്ച്‌
ഇന്നലെ മടങ്ങിയെത്തിയതാണ്‌. പുരുഷനല്ലേ, അവർക്ക്‌ എപ്പോൾ വേണമെങ്കിലും
കറങ്ങാനുള്ള സ്വാതന്ത്ര്യം സമൂഹം അനുവദിച്ചിട്ടുണ്ടല്ലോ.
പെണ്ണുങ്ങളുടെ അവസ്ഥ അതാണോ?
       കുട്ടികളുടെ ഉത്തരവാദിത്വം നോക്കിയും കുടുംബാംഗങ്ങളെ പരിചരിച്ചും അവൾ
വീടിനു വിശ്വസ്തയായ ഒരു കാവൽ നായയെപ്പോലെയാണ്‌.
       ഒന്നു പുറത്തിറങ്ങണമെങ്കിൽ പൂച്ചയ്ക്കും പട്ടിയ്ക്കും വരെ ഒരുക്കി
വയ്ക്കണം. പുറത്തിറങ്ങിയാലും വീട്ടുവളപ്പിലെ ചിന്തകൾ അവളെ വിട്ടുപിരിയാതെ
കൂടെയുണ്ടാവും. കുട്ടികളെക്കുറിച്ചുള്ള വേവലാതി അവളുടെ പാതി മനസ്സ്‌
അപഹരിക്കും. ബാക്കി പകുതിയിൽ ചിലന്തിവല തീർക്കാൻ ഓഫ്‌ ചെയ്ത ഗ്യാസ്‌
സിലിണ്ടറിനെക്കുറിച്ചുള്ള ആശങ്കയും, കൊളുത്തിടാൻ മറന്നുപോയ വാതിലുകളും,
ഉണങ്ങാൻ വിരിച്ചിട്ട തുണികളും അൽപം കാർമേഘവും ധാരാളം മതിയാവും.
       പക്ഷേ, ഈ വക ആലോചനാമൃതങ്ങളൊന്നും പുരുഷന്മാരെ ശല്യം ചെയ്യാറില്ല.
കാണുന്നതും കൂടുന്നതുമാണ്‌ അവരുടെ ലോകം.
സത്യം പറഞ്ഞാൽ ഈ പെണ്ണുങ്ങൾ ജീവിതം ആസ്വദിക്കുന്നുണ്ടോ?
പാവങ്ങൾ പെണ്ണുങ്ങൾ!
       അല്ല, ഈ പെണ്ണുങ്ങൾക്കെന്താ തനിയെ ഒരു സിനിമയ്ക്കു പോയാൽ, ഇഷ്ടമുള്ള
ഉല്ലാസ കേന്ദ്രത്തിൽ, ഇഷ്ടമുള്ള ആണിന്റേയോ പെണ്ണിന്റേയോ കൂടെ പോയാൽ ആകാശം
ഇടിഞ്ഞു വീഴുമോ?
മരമണ്ടികൾ..
ജീവിതം കഞ്ഞിവച്ചും കറിവച്ചും തീർക്കുന്ന ബുദ്ദൂസുകൾ!
'ശ്രീദേവിക്കുട്ട്യേ... ഇക്കാമല്ലി ഇക്കുട്ടാമല്ലി'
       മുൻവശത്തെ ഒറ്റപ്പാളി ഗേറ്റ്‌ തുറന്ന്‌ രുക്കു ചെറുവിരൽ നിവർത്തി ഇപ്പോൾ
വരാം എന്ന്‌ ആംഗ്യം കാട്ടി തിരിച്ചു പോയി. നീല പുള്ളി ബ്ലൗസും റോസ്‌
നിറത്തിലെ മാച്ച്‌ ചെയ്യാത്ത പ്ലെയിൽ സാരിയുമാണ്‌ അവർ
ധരിച്ചിരിക്കുന്നത്‌.
രുക്കു ണല്ലോരു കഥാപാത്രമാണ്‌.
ഏതു പെണ്ണിനും റോൾ മോഡലാക്കാവുന്ന സ്വതന്ത്ര ചിറകുള്ള ഒരു പെൺപക്ഷി.
       അവർ ഈണത്തിൽ പറയുന്ന ഇക്കാമല്ലി ഇക്കുട്ടാമല്ലി യുടെ അർത്ഥം 'ദൈവം
പെണ്ണുങ്ങൾക്ക്‌ സന്തോഷം നൽകട്ടെ' എന്നാണ്‌.  ഇതിൽ ദൈവം, പെണ്ണ്‌,
സന്തോഷം, നൽകൽ എന്നർത്ഥം വരുന്ന ശബ്ദം ഏതെന്നു ചോദിച്ചാൽ രുക്കുവിനും
നിശ്ചയമില്ല. ഇക്കയും മല്ലിയും ഇക്കുട്ടയും ചേർത്ത്‌ രുക്കു സ്വയം
വികസിപ്പിച്ചെടുത്ത ഈ ഭാഷാവാക്യത്തിന്റെ അർത്ഥം ഇതുതന്നെയെന്ന്‌ അവർ
അവകാശപ്പെടുന്നു. ഏതു സ്ത്രീകളെ കണ്ടാലും രുക്കു വിഷ്‌ ചെയ്യുന്നത്‌
ഇക്കാമല്ലി ഇക്കുട്ടാമല്ലി എന്നു തന്നെ.


എനിക്ക്‌ രുക്കുവിനെ പണ്ടു മുതൽക്കേ ഇഷ്ടമാണ്‌. പതിനാലു വർഷം മുമ്പ്‌
എന്റെ ആദ്യ ഗർഭത്തിന്റെ അരിഷ്ടതകൾ ഏറിവന്നപ്പോൾ ദാക്ഷായണി വല്ല്യമ്മ
സഹായത്തിന്‌ ഏർപ്പാടാക്കിത്തന്നതാണ്‌ രുക്കുവിനെ. വലിയ വിധേയത്വമുള്ള
പെരുമാറ്റമൊന്നുമില്ല. എല്ലാത്തിനും സ്വതന്ത്രമായ ഒരു കാഴ്ച്ചപ്പാടും
രീതിയും. 'ഇഷ്ടമല്ലാത്തത്‌ ചൊമന്നോണ്ട്‌ നടക്കരുത്‌, വേണ്ടാന്നു വെച്ചാ
അപ്പം മുറിച്ചു കളയണം.' ഞങ്ങളുടെ ദാമ്പത്യം നാലു വർഷം കണ്ട രുക്കുവിന്റെ
വിദഗ്ദ്ധോപദേശമാണത്‌. 'ശ്രീദേവിക്കുട്ടിക്ക്‌ മണിസാറ്‌ തീരെ ചേരില്യ.
അനിയൻ ദേവൻസാറായിരുന്നേൽ ജോറായേനെ!'
       ദേവൻ ഇടയ്ക്കിടെ വരുമ്പോൾ പഴയ സിനിമാ ഗാനങ്ങൾ പാടാറുണ്ട്‌. ഞാനും
രുക്കുവും പല പാട്ടുകൾ ആവശ്യപ്പെടും. രുക്കു എപ്പോഴും ആവശ്യപ്പെടുന്നത്‌
"മാനസ മൈനേ വരൂ.." എന്ന പാട്ടാണ്‌. ആ പാട്ടിനു പിന്നിൽ രുക്കുവിന്‌ ഒരു
പ്രണയ കഥയുണ്ട്‌ പറയാൻ. രുക്കുവിന്‌ പതിനാറ്‌ വയസ്സുള്ള കാലം, അന്നു
രുക്കുവിന്റെ പേര്‌ ചെല്ലമ്മ എന്നാണ്‌. പിന്നീട്‌ കൊച്ചുപെണ്ണ്‌, പാറു,
അമ്മാളു എന്നിങ്ങനെ പരിണാമം സംഭവിച്ച്‌ രുക്കുവിൽ എത്തി നിൽക്കുമ്പോഴാണ്‌
കക്ഷി ഇവിടെയെത്തുന്നത്‌. 'മനുഷ്യന്‌ ഇഷ്ടമുള്ളപ്പോൾ പേരു മാറ്റാം.
അതൊക്കെ അവനവന്റെ ഇഷ്ടമല്ലേ, ഈ പേരിലൊക്കെ എന്തിരിക്കുന്നു' ഇതാണ്‌
പേരിനെക്കുറിച്ച്‌ രുക്കുവിന്റെ അഭിപ്രായം. ഒരു പേരിൽ എന്തിരിക്കുന്നു
എന്നുള്ള വിശ്വസാഹിത്യത്തിലെ ഡയലോഗൺനും രുക്കു കേട്ടിട്ടെടുത്ത തീരുമാനം
ആയിരുന്നില്ലത്‌.
ഒരു സ്വതന്ത്ര പക്ഷിയുടെ പാരതന്ത്ര്യങ്ങളില്ലാത്ത കാഴ്ച്ചപ്പാടിന്റെ പരിണിതഫലം!
       ചെല്ലമ്മയെ കാണാൻ നല്ല ചേലാണ്‌. വിടർന്ന കണ്ണുകളും മാംസളമായ മാറും,
കൊഴുത്തുരുണ്ട ശരീരവുമുള്ള അവൾ അന്ന്‌ ജോലി നോക്കിയിരുന്നത്‌ ഊടൻ
ഭാസ്കരന്റെ വീട്ടിൽ. അദ്ദേഹം വലിയ ഭൂവുടമയായിരുന്നു. പട്ടി വളർത്തൽ
ആയിരുന്നു പ്രധാന ഹോബി. പത്തോളം പട്ടികളുണ്ട്‌. അതുങ്ങളെ നോക്കാൻ
അന്നവിടെ നിന്നിരുന്നത്‌ കൊഞ്ചം കൊഞ്ചം മലയാളം പറയുന്ന ഒരു
പാണ്ടിച്ചെക്കനാണ്‌. അയാൾക്ക്‌ ആകെ അറിയാമായിരുന്ന ഒരു പാട്ടായിരുന്നു
'മാനസ മൈനേ..'. രുക്കുവിന്റെ നിഴൽ കണ്ടാൽ രത്തിനം ആ പാട്ട്‌ മൂളും.
അടുത്തു കാണുമ്പോൾ 'മൈനേ' എന്ന്‌ ശബ്ദം താഴ്ത്തി വിളിക്കും. രുക്കുവിന്‌
ഇഷ്ടം തോന്നിയതുകൊണ്ട്‌ അങ്ങോട്ടു ചോദിച്ചു. രത്തിനം എന്നെ കെട്ടുമോ?.
രത്തിനം പെട്ടെന്ന്‌ ഉഷാറായി.
       വിറകുപുരയുടെ ഒരു വശം കെട്ടിയടച്ച്‌ വാല്യക്കാർക്ക്‌ നൽകി, വീട്ടുടമസ്ഥർ
കല്ല്യാണം നിശ്ചയിച്ചു.
അകലങ്ങൾ സൂക്ഷിക്കാതെ രണ്ടുപേരും പല നിലാവുകൾ ആസ്വദിച്ചു.
       ഒരു ദിവസം രാവിലെ പട്ടികളെ കൂട്ടിൽ കയറ്റാൻ രത്തിനത്തെ കാണാതെ എല്ലാവരും
പരിഭ്രമിച്ചു. ആറുമാസം നീണ്ടുനിന്ന കാത്തിരിപ്പ്‌ ചെല്ലമ്മയും
അവസാനിപ്പിക്കുകയായിരുന്നു.
ഒരു രാത്രി ആരോടും മിണ്ടാതെ ചെല്ലമ്മയും അവിടുന്ന്‌ വിടപറഞ്ഞു.
       അമ്പതു വർഷങ്ങൾക്കു മുമ്പ്‌ കൈയിൽ മൂന്നാല്‌ പുള്ളി ബ്ലൗസുകളും
ഒന്നുരണ്ട്‌ മുണ്ടും ചുരുട്ടിയ ഭാണ്ഡക്കെട്ടുമായി ഇറങ്ങുമ്പോൾ 60 രൂപ
സമ്പാദ്യം ഉണ്ടായിരുന്നു. രണ്ടു ദിവസം തുടർച്ചയായി നടന്നു. മകര
മാസത്തിന്റെ മഞ്ഞും വെളിച്ചവും കൊണ്ടുള്ള നടപ്പ്‌ അവസാനിച്ചതു
കുട്ടനാടിന്റെ കൊയ്ത്തുപാട്ട്‌ കേട്ടപ്പോഴാണ്‌. മരത്തൂണിൽ
കെട്ടിത്തൂക്കിയ റാന്തലുകളുടെ വെളിച്ചത്തിൽ കുഴഞ്ഞു വീണ 'കൊച്ചുപെണ്ണിനെ'
കൊയ്ത്തുകാരികൾ മാടത്തിൽ കിടത്തി ഒരു ദിവസം ശുശ്രൂഷിച്ചു. പിന്നെ അവരിൽ
ഒരാളായി. കൊയ്ത്തും മെതിയും കഴിഞ്ഞ്‌ എല്ലാവരും പിരിഞ്ഞപ്പോൾ കൂടെ
കൂട്ടിയത്‌ ശങ്കരചോകോൻ ദീനം പിടിച്ച തള്ളയ്ക്ക്‌ ഒരു കൂട്ടായിട്ട്‌
കുടിലിൽ കൊണ്ടുപോയി പാർപ്പിച്ചു. അഞ്ചാറുമാസം കഴിഞ്ഞപ്പോൾ നാട്ടുകാരു
നിർബന്ധിച്ചു കെട്ടിച്ചു. കെട്ടുകഴിഞ്ഞ രാത്രിയിലാണ്‌ അയാൾ ആദ്യമായി
രുക്കുവിനെ തൊട്ടത്‌. ?അതാണ്‌ മനുഷ്യേൻ.? ഒരു ദീർഘനിശ്വാസത്തിന്റെ
അകമ്പടിയോടെ മാത്രമേ അവർ ശങ്കരചോകോനെ ഓർമ്മിക്കാറൊള്ളു.
       പതിനഞ്ചു വർഷം കൂടെ പൊറുത്തു. കുട്ടികൾ ഉണ്ടാകുവാനുള്ള ക്രിയകളിലൊക്കെ
ഏർപ്പെട്ടെങ്കിലും കുട്ടികൾ ഒന്നും ഉണ്ടായില്ല. ഉരുളി കമഴ്ത്തിയിട്ടും,
പാമ്പിന്‌ പാൽ ഊട്ടിയിട്ടും കുഞ്ഞിക്കാൽ കാണാനള്ള ഭാഗ്യം ഉണ്ടായില്ല. ഒരു
വെള്ളപ്പൊക്ക കെടുതിയിൽ ജ്വരം പിടിച്ച്‌ തള്ളയും മകനും മരിച്ചു.
ബന്ധുക്കൾ കുടിലു കയ്യേറിയപ്പോൾ ഭാണ്ഡക്കെട്ടുമായി ഇറങ്ങേണ്ടി വന്നു.
അന്ന്‌ വയസ്സ്‌ മുപ്പത്തിയഞ്ച്‌. ഒന്നുരണ്ട്‌ വണ്ടികൾ മാറിക്കയറി
എങ്ങോട്ടു പോകണമെന്ന്‌ വിചാരിച്ചിരിക്കുമ്പോൾ അടുക്കുമുണ്ടുടുത്ത
നസ്രാണിത്തള്ള കോഴിക്കോട്ടേക്ക്‌ എന്നു പറഞ്ഞു. അങ്ങനെ കോഴിക്കോട്‌
ടിക്കറ്റെടുത്തു ബസിലിരുന്ന്‌ സുഖമായി ഉറങ്ങി. പിറ്റേന്ന്‌ ഉച്ചയായപ്പോൾ
കോഴിക്കോട്ടെത്തി. കുറെനേരം അവിടെ ഇരുന്നു. പിന്നെ ചായപ്പീടികയിൽനിന്നും
രണ്ടു വത്സൻ വാങ്ങിതിന്നു. നടന്നു നടന്നു കടപ്പുറത്തെത്തുമ്പോൾ കാലിന്‌
നല്ല നീരുണ്ടായിരുന്നു.
       കടപ്പുറത്ത്‌ വള്ളക്കാരുടെ മീൻ കച്ചവടം നോക്കിയിരുന്നു.   ഒടുവിൽ
ഒറ്റയ്ക്കായപ്പോൾ പരീദുമ്മ വിളിച്ച്‌ കുടിലിൽ കൊണ്ടുപോയി. ചെമ്മീൻകറീം
കൂട്ടി ചോറൂട്ടി. നാലു ദിവസം അവിടെ പൊറുത്തു. അവരുടെ മാപ്പിള ആളു
പിശകായിരുന്നു. കാണുമ്പോൾ കാണുമ്പോൾ മൊലേട്ട്‌ മാന്തുന്ന അയാൾ
'മനുഷ്യേനല്ല എരണം കെട്ട പോത്ത്‌' എന്നാണ്‌ രുക്കു പറയുന്നത്‌.
       അവിടുന്ന്‌ ചെന്നത്‌ ഭാര്യ മരിച്ചു ഒറ്റയ്ക്ക്‌ കഴിയുന്ന പാച്ചന്റെ
കുടിലിലായിരുന്നു. ആദ്യം പെങ്ങളെപ്പോലെ ആയിരുന്നു. പിന്നെ
കൂട്ടുകാരെപ്പോലെ ജീവിച്ചു. രുക്കുവിനെ പാറു എന്നാണ്‌ അയാൾ വിളിച്ചതു.
       ആണും പെണ്ണും കൂടി കൂടുന്നതു നല്ല രസമാണെന്ന്‌ മനസ്സിലാക്കിയത്‌
പാച്ചന്റെ കൂടെ കൂടിയപ്പോഴാണ്‌. മീൻപിടിക്കാൻ പോകുന്ന പാച്ചന്റെ
കാര്യങ്ങൾ അമ്മയെപ്പോലെ, പെങ്ങളെപ്പോലെ രുക്കു നോക്കി. നല്ല ഉശിരുള്ള
ആളായിരുന്ന പാച്ചൻ. ഭാര്യ മരിച്ച്‌ പത്തു വർഷം കഴിഞ്ഞിട്ടും
ബ്രഹ്മചാരിയെപ്പോലെ കഴിയുന്ന അയാൾ ശ്രീരാമന്റെ അവതാരമാണോ എന്ന്‌
രുക്കുവിന്‌ സംശയം തോന്നീട്ടുണ്ട്‌.
       ഒരിക്കൽ വെളിയിലിട്ട പായ മഴനനഞ്ഞുപോയപ്പോൾ പാച്ചൻ സ്വന്തം പായിൽ
ഒതുങ്ങികിടന്നിട്ടു പറഞ്ഞു കൂടെ കിടന്നോളാൻ. ആണും പെണ്ണും കൂടി
ഒരുമിച്ച്‌ കിടന്നാൽ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന്‌ ലോകത്തോട്‌
ഉറക്കെ പറയണമെന്ന്‌  അന്നു രുക്കുവിന്‌ തോന്നിയിരുന്നത്രേ!. നിലാവും
തണുപ്പുമുള്ള എത്ര രാത്രികൾ ഒരു പായിൽ കിടന്നു.
       ആകാശം ഇടിഞ്ഞുവീഴാത്ത ഒരു സത്യമാണെന്ന്‌ രുക്കു അന്നു മനസ്സിലാക്കി.
       ഒരിക്കൽ വള്ളക്കാർക്കിടയിലുണ്ടായ വഴക്കിൽ പാച്ചൻ പോലീസ്‌ പിടിയിലായി.
ഒരാഴ്ച കാത്തു. വിവരം അറിഞ്ഞെത്തിയ പാച്ചന്റെ തള്ള കലി തുള്ളി. 'തൊറേലെ
ആണുങ്ങളെ പെഴപ്പിക്കാൻ വലിഞ്ഞുകേറി വന്നിരിക്കണ്‌ ഫൂ...'
       അവർ പുറത്തേക്കെറിഞ്ഞ തുണികൾ വാരിക്കെട്ടി ചെറിയ തകരപ്പാട്ടയുമായി
വീണ്ടും നടന്നു. അന്നു വയസ്സ്‌ മുപ്പത്തിയെട്ട്‌. കരഞ്ഞും നെലവിളിച്ചും
കുറേ നടന്നു. പിന്നെ റെയിൽവേ സ്റ്റേഷനിൽ വച്ചു പരിചയപ്പെട്ട മാതംഗി
ടീച്ചറുടെ കൂടെ ഇറങ്ങിയത്‌ കൊല്ലത്ത്‌. മുപ്പതു രൂപ ശമ്പളത്തിൽ
വീട്ടുജോലി ചെയ്തു. ഇഷ്ടമുള്ളപ്പോൾ സിനിമയ്ക്കു പോകും, ചിലപ്പോൾ വെറുതെ
കറങ്ങി നടക്കും. ടീച്ചറിന്റെ വീട്ടിലെ ജീവിതം രുക്കു
ഒരുപാടിഷ്ടപ്പെട്ടിരുന്നു. ടീച്ചറും ഭർത്താവും 'അമ്മാളുവിന്‌' ഒരുപാട്‌
സ്വാതന്ത്ര്യം അനുവദിച്ചിരുന്നത്രേ.
       അനാവശ്യ വർത്തമാനങ്ങൾ കേട്ടാൽ രുക്കു തിരിഞ്ഞു നാലുവർത്തമാനം പറയും.
മുണ്ടും ബ്ലൗസും മാറി സാരി ധരിച്ചു. പുള്ളിയുള്ള ബ്ലൗസും മാച്ചു
ചെയ്യാത്ത സാരിയും അതായിരുന്നു പിന്നീട്‌ രുക്കുവിന്റെ ഇഷ്ട വേഷം.
വേഷത്തെക്കുറിച്ചു ചോദിച്ചാൽ രുക്കു പറയും 'എന്റെ ശരീരത്തിന്റെ ഇഷ്ടം
ഞാനല്ലേ നോക്കേണ്ടേ..?
       ഭാര്യ മരിച്ച്‌, മൂന്നാം മാസം വിവാഹം കഴിച്ച വിജയനെ കണ്ടപ്പോൾ വിധവകളായ
കൊച്ചു പെൺകുട്ടികൾ കല്ല്യാണം വേണ്ടാന്നു വയ്ക്കുന്ന ആനമണ്ടത്തരത്തോട്‌
രുക്കു വിയോജിപ്പു പ്രകടിപ്പിച്ചു. താലിയിൽ മുറുകെ പിടിച്ച്‌ പാതിവ്രത്യം
എന്ന വേണ്ടാത്ത നോമ്പും നോറ്റു ജീവിക്കേണ്ട കാര്യം പെണ്ണുങ്ങൾക്ക്‌
ആവശ്യമില്ലാത്ത ഒരേർപ്പാടാണെന്നും രുക്കു വിശ്വസിക്കുന്നു. പരസ്പരം
മനസ്സു പങ്കുവയ്ക്കുന്നവർ ശരീരം പങ്കുവയ്ക്കുന്നത്‌ തെറ്റല്ല എന്ന
പക്ഷമാണ്‌ രുക്കുവിന്‌. ചെറുപ്പത്തിലെ വിധവയായ വത്സയ്ക്ക്‌ പീടികേലെ
ടോമിച്ചനുമായിട്ടുള്ള രഹസ്യബന്ധം രുക്കുവിന്‌ മാത്രമേ അറിയൂ. വത്സ ഒരു
ദിവസം മഞ്ഞളിച്ചു നിന്നപ്പോൾ രുക്കു അതു തുറന്നു പറയുകയും ചെയ്തു. 'എന്റെ
വത്സേ, നമ്മള്‌ മനുഷ്യമ്മാര്‌ ഭൂമീല്‌ നരകിച്ച്‌ കഴിയണോന്നൊന്നും
ഒടേതമ്പുരാണ്‌ പൂതിയില്ല. നിങ്ങക്ക്‌ രണ്ടാൾക്കും സന്തോഷാന്ന്വച്ചാ
അങ്ങേരിതിൽ ഒരേനക്കേടും കാണൂല്ല'
       രുക്കുവിന്റെ സ്വതന്ത്രമായ കാഴ്ച്ചപ്പാട്‌ ഇങ്ങനെയൊക്കെയാണെങ്കിലും
ഇഷ്ടമില്ലാതെ ഒരാണും പെണ്ണിന്റെ മേൽ കൈവയ്ക്കരുത്‌ എന്ന നിബന്ധനയും
അവരുടെ നീതിശാസ്ത്രത്തിൽ ഉണ്ട്‌. പണത്തിനു ശരീരം വിൽക്കുന്ന
പെണ്ണിന്റെയും സമ്മതമില്ലാതെ പെണ്ണിനെ ആക്രമിക്കുന്ന ആണിന്റെയും കൈ
വെട്ടിക്കളയണമെന്നാണ്‌ രുക്കു നിഷ്കർഷിക്കുന്നത്‌.
       രുക്കു രണ്ടാം വേളിക്ക്‌ തയ്യാറായപ്പോൾ വയസ്സ്‌ നാൽപത്‌.
വാച്ചറുദ്യോഗസ്ഥന്റെ രണ്ടാം ഭാര്യ പദവി തന്നെയാണ്‌ ലഭിച്ചതു.
കർക്കശക്കാരനായ ആ 'ശവ'ത്തിന്റെ കൂടെ ഒമ്പതു മാസം പൊറുത്തു. മാംസബന്ധം
മാത്രമായിരുന്നു അയാൾക്ക്‌ പ്രധാനം. ഭാര്യയുടെ ആവശ്യങ്ങളോ, മേലാഴികയോ വക
വെയ്ക്കാതെയുള്ള പെരുമാറ്റം വാക്കേറ്റത്തിൽ തുടങ്ങി കൈയ്യേറ്റത്തിൽ
അവസാനിക്കുകയായിരുന്നു. ഒന്നുരണ്ടു തവണ രുക്കു തല്ലുകൊണ്ടത്രേ. ഒമ്പതു
മാസം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചപ്പോൾ അയാളുടെ കരണത്ത്‌ രുക്കുവിന്റെ
നാലു വിരലുകളും പതിപ്പിച്ചിരുന്നു. അത്‌ ക്ഷമിക്കാൻ അറിയാഞ്ഞിട്ടല്ല,
പെണ്ണുങ്ങൾക്കും തിരിച്ചു തല്ലാനറിയാം എന്നു പഠിപ്പിക്കാൻ
വേണ്ടിയായിരുന്നു. അതു ഒരു തെറ്റായി രുക്കുവിന്‌ ഇന്നുവരെ
തോന്നിയിട്ടുമില്ല.
       പിന്നീട്‌ രുക്കു കല്ല്യാണത്തിനു മുതിർന്നില്ല. ഇഷ്ടം തോന്നിയ ഒരു നല്ല
മനുഷ്യനുമായി ജൈവബന്ധവും മാനസിക ബന്ധവും ഉണ്ടായി. ഒരു പെണ്ണിന്‌ ഒരു ആണേ
പാടുള്ളൂ എന്ന അലിഖിത വിശ്വാസപ്രമാണം രുക്കു എട്ടുനിലയിൽ പൊളിച്ചെഴുതി
രുക്കു ഇന്നും സ്വതന്ത്രയായി ജീവിതം ആസ്വദിക്കുന്നു.
"ശ്രീദേവിക്കുട്ടിയേ..."
രുക്കുവിന്റെ വിളി കേട്ടപ്പോൾ വേഗം പുറത്തിറങ്ങി. 'ഇക്കാമല്ലി ഇക്കുട്ടാമല്ലി...'
       ആറുമാസത്തെ അജ്ഞാതവാസത്തിന്റെ കുരുക്കഴിക്കാൻ രുക്കു തിണ്ണയിൽ
വിസ്തരിച്ചിരുന്നു.
"എന്റെ കുട്ടീ, കല്ല്യാണം കഴിഞ്ഞാ കലം നെറയെ കലഹത്തിന്‌
കാരണങ്ങളുണ്ടാകും. എന്നുവച്ച്‌ ഇതിനകത്ത്‌ അടച്ചുപൂട്ടി ഇങ്ങനെ ഇരിക്കണോ?
പൊറത്തൊക്കെ ഒന്നെറങ്ങെന്റെ കുട്ട്യേ. പുറത്തല്ലേ ജീവിതം. ഈ മണിയമ്മയെ
കണ്ടു പഠി"
തന്റെ വീങ്ങിയ കണ്ണുകളെ നോക്കിയാണ്‌ രുക്കു അത്‌ പറഞ്ഞത്‌.
"രുക്കു മദിരാശി പട്ടണം കണ്ടിട്ടുണ്ടോ?"
എന്തോ നിശ്ചയിച്ചുറച്ച പോലെയായിരുന്നു ആ ചോദ്യം. രുക്കു ഒന്ന്‌ അന്ധാളിച്ചു.
"ഇല്ല കാണണമ്ന്ന്‌ മണിയമ്മയ്ക്ക്‌ ആശയുണ്ട്‌"
"കുട്ടികൾക്ക്‌ മൂന്നു ദിവസം സ്കൂൾ അവധിയാ. അവരെ ദേവന്റെ വീട്ടിൽ ആക്കി
വൈകിട്ടത്തെ വണ്ടിക്ക്‌ നമ്മൾ മദിരാശി കാണാൻ പോകുന്നു."
ശ്രീദേവിയുടെ മനസ്സിൽ സ്വാതന്ത്ര്യത്തിന്റെ വെള്ളരിപ്രാക്കൾ പറക്കുന്നത്‌
കണ്ടു രുക്കു പറഞ്ഞു.
"ഇക്കാമല്ലി ഇക്കുട്ടാമല്ലി"
       തീവണ്ടിയുടെ ചെറിയ ജാലകത്തിലൂടെ പുറത്തെ ദീപക്കാഴ്ച്ചകൾ കാണുമ്പോൾ
മുറ്റത്ത്‌ തോരാനിട്ട തുണിയെക്കുറിച്ചോ കുട്ടികളുടെ വയറുവേദനയെക്കുറിച്ചോ
ശ്രീദേവി ഓർമ്മിച്ചില്ല.
ഇടയ്ക്ക്‌ രുക്കുവിനെ നോക്കിപ്പറഞ്ഞു.
"ഇക്കാമല്ലി ഇക്കുട്ടാമല്ലി"

14 Dec 2011

കടൽനൃത്തം


ഷീലമോൻസ്‌ മുരിക്കൻ

       "ടീ പൊന്നുവെ, യീ ബൂമി കറങ്ങാൻതൊട്ങ്ങീട്ട്‌ കൊല്ലോത്രയായ്‌? നമ്മ്ടെ
അപ്പനപ്പൂപ്പൻമാർട്ടെ കാലം തൊട്ട്‌ ത്‌ കറങ്ങിക്കൊണ്ട്‌ തന്ന്യാരിക്കണെ.
പക്ഷേങ്കി ഇവിട്ന്തെങ്കിലും ദുരന്തോണ്ടായോ? ഉണ്ടാവ്ല്ല്യ. ഒക്കെ ഈ കരേടെ
പുണ്യം"
       നരച്ചുതുടങ്ങിയ നീലക്കള്ളിമുണ്ട്‌ ചെളി പറ്റാതിരിക്കാൻ ഗൗരിയമ്മ പായുടെ
നടുഭാഗത്തേയ്ക്ക്‌ കുറേക്കൂടി നീങ്ങിയിരുന്നു. ഇടയ്ക്ക്‌ പായുടെ
കീറിത്തുടങ്ങിയ അരിക്‌ മടിയിലേയ്ക്ക്‌ മടക്കി, അഴിഞ്ഞ തഴക്കഷ്ണങ്ങൾ
വെറുതെ നെയ്യാൻ ശ്രമിച്ചു.
       തങ്ങൾ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഏതോ രാജ്യത്തെ ഭൊ‍ാചലന
ദൃശ്യങ്ങളും സുനാമിത്തിരകളും, ഒഴുകുന്ന വണ്ടികളും കണ്ടപ്പോൾ
ഗൗരിയമ്മയ്ക്കൊപ്പം പൊന്നാമ്മയും നെടുവീർപ്പെട്ടു.
 "ഗൗര്യേടത്ത്യേ, യീ ഫൂമി സത്യത്തില്‌ കറങ്ങ്ണൊണ്ടോ? നിക്ക്‌ തീരെ വിശോസില്ല്യ...."
 "ന്റെ പൊന്നുവേ മണ്ടത്ത്‌രം പറേല്ല്യേ. നിക്കും ആദ്യം ലേശം
വിശോസില്ല്യാർന്നു. നന്ദിനീടെ മേളില്ല്യേ, ഉണ്ണിമായ.. ആ ബഹു കേമി എല്ലാം
പറഞ്ഞ്തന്നു. അത്പ്പോ എങ്ങന്യാ നിന്നോട്‌ പറേണത്‌ ന്ന്‌ നിക്ക്‌
നിശ്ചയില്ല്യാ. കേട്ടപ്പോ ഒക്കെ ശരിയാർന്നു."
 "ഒക്കെ കെട്ടുകഥകളാ ഗൗര്യേടത്തീ, വാദ്യാരമ്മാർക്ക്‌ എന്ത്ങ്കിലൊക്കെ
കുട്ട്യോളെ ഇസ്കൂളില്‌ പടിപ്പിക്ക്ണ്ടേ. അത്ന്‌ ഉണ്ടാക്കണ
പൊള്ളത്തരങ്ങള്‌, ഫൂമി കറങ്ങ്ൺന്നു വച്ചാ നമ്മളറിയാതിരിക്ക്വോ? നമ്മൾന്താ
മണ്ടമ്മാരാ?"
       പൊന്നാമ്മ മൂക്കൂത്തിയുടെ പിരിമുറുക്കി. ചതച്ച പുകയില വായിലിട്ടു.
കൺമുമ്പിൽ തെളിയുന്ന സത്യങ്ങൾ വിശ്വസിക്കാൻ അറിയാതെ നൂറുകൂട്ടം
സംശയങ്ങളുമായി വടക്കേ
മുറിയിലെ സിനിമാപെട്ടിക്കു മുന്നിൽ ചമ്രം പടഞ്ഞിരുന്നു.
       ഗൗര്യേടത്തിയുടെയും പൊന്നുവിന്റെയും ജയിലാണ്‌ വടക്കേമുറി.
മുപ്പതുവർഷത്തോളം പഴക്കമുണ്ട്‌ അവരുടെ ജയിൽവാസത്തിന്‌. മക്കളുടെ കാലത്തും
കൊച്ചുമക്കളുടെ കാലത്തും അത്‌ ഒരു തുടർക്കഥയായി.
       അതിജീവനത്തിന്റെ പാതയോരങ്ങളിൽ എല്ലാ രക്തബന്ധങ്ങളും യാത്രയുടെ
തിരക്കിലാണ്‌. നിഷേധിക്കാനാവാത്ത ആ സത്യത്തിനു മുമ്പിൽ രണ്ടു
വാർദ്ധക്യങ്ങൾ പരസ്പരം താങ്ങായി വടക്കേ മുറിയിൽ വേച്ചു വേച്ചു നടന്നു.
മുത്തശ്ശിക്കും സഹായിക്കുമുള്ള ഒരു ദിവസത്തെ ആഹാരം അടുക്കളയിൽ
ഒരുക്കിവച്ച്‌, മറ്റു മുറികളെല്ലാം അടച്ചുപൂട്ടിയാണ്‌ നന്ദിനിയും
കുടുംബവും
ബാലഗോപാലന്റെ വീട്ടിലേക്ക്‌ യാത്ര തിരിച്ചിരിക്കുന്നത്‌. ഒരാഴ്ചയ്ക്ക്‌
ശേഷമേ അവർ മടങ്ങി വരൂ. ഇടയ്ക്കിടെ ഉണ്ടാവാറുള്ള ഇത്തരം സന്ദർഭങ്ങളിൽ
തങ്ങൾ ഒറ്റയ്ക്കാണെന്ന സത്യം പുറംലോകത്തെ അറിയിക്കാതെ ഗൗര്യേടത്തിയും
പൊന്നുവും ശബ്ദം താഴ്ത്തി സംസാരിച്ച്‌
കഴിഞ്ഞുകൂടുകയാണ്‌ പതിവ്‌.


       അടുക്കളയുടെ വാതിൽ തുറന്നാൽ പടിഞ്ഞാറുഭാഗത്ത്‌ വലിയ ഒരു പുളിയുണ്ട്‌.
ജയിലിലെ വിശ്രമവേളകളിൽ രണ്ടുപേരും അതിന്റെ തണൽ തേടും. എൺപത്തഞ്ചും
എഴുപതും ചേർന്ന്‌  ഒരുപാട്‌ വർത്തമാനങ്ങൾ കൈമാറും. വർത്തമാനങ്ങളിൽ പലതും
തലേന്നു കണ്ട സീരിയലിന്റെ ഭൂതകാലവും ഭാവികാലവുമായിരിക്കും. ഇടയ്ക്ക്‌
രാമനും ലക്ഷ്മണനും സീതയും ഹനുമനും കടന്നു വരാറുണ്ട്‌. പുരാണകഥകളൊന്നും
ഗൗരിയമ്മ മറക്കാറില്ല. അത്‌ പറയാനും അവർക്ക്‌ ഭയങ്കര ആവേശമാണ്‌. ഒക്കെ
കേൾക്കാൻ പൊന്നാമ്മ മാത്രമേ ഉള്ളുവേന്ന ലേശം നിരാശയും
ഗൗരിയമ്മയ്ക്കുണ്ട്‌.
       ഭൂകമ്പത്തിന്റെ ദുരന്ത ചിത്രങ്ങൾ വീണ്ടും ടി.വിയിൽ
പ്രത്യക്ഷപ്പെട്ടപ്പോൾ പൊന്നാമ്മ സങ്കടം തടയാനാവാതെ കരഞ്ഞു.
 "ന്റെ ഗൗര്യേടത്ത്യേ മേലാണ്ട്‌ കിടക്കണോര്‌ ന്താ ചെയ്ക! ഓടാമ്പറ്റ്വോ?
പേറിന്റേം പിറപ്പിന്റേം നേരോങ്ങാനും കടല്‌ കോപിച്ചാല്‌ പെണ്ണുങ്ങള്‌ ന്താ
ചെയ്ക! ദൈവങ്ങള്‌ യിങ്ങനെ കലിതുള്ളിയാല്‌ ലോകോവസാനിച്ചൂന്ന്‌
കൂട്ടിക്കോ."
അവർ കണ്ണുതുടച്ച്‌ ദൈവത്തോട്‌ നീരസം പ്രകടിപ്പിച്ചു. കുറച്ചു നേരം
സ്ക്രീനിൽ ഒന്നും കാണാൻ കഴിഞ്ഞില്ല.
കറുത്ത പുകപടലങ്ങൾ..
കത്തിയമരുന്ന കെട്ടിടങ്ങൾ... തെങ്ങോളം പൊക്കത്തിൽ ആഞ്ഞടിക്കുന്ന വലിയ
തിരമാല. പൊന്നാമ്മ നെഞ്ചത്തു കൈവച്ചു.
 "ഗൗര്യേടത്ത്യേ, ഇത്പ്പോ എവ്ട്ന്നാ പെട്ടെന്ന്‌ ഇത്ര വെള്ളം ഉണ്ടായേ?"
       വിശ്വസിക്കാനാവാത്ത കാഴ്ചകളിൽ പൊന്നാമ്മ നടുങ്ങി.
 "അറിയ്യ്‌വോ... കടൽന്റെ അടീല്‌ മുഴ്‌വന്‌ മഞ്ഞ്‌ കട്ടയാ പൊന്നൂ.
അതിന്റേം അടീല്‌ തീമലയാ. പുകയണ തീമല. ഈ മല ചിലപ്പോ പൊട്ടിത്തെറിക്കും.
അപ്പോ മഞ്ഞ്‌ വെള്ളാവും കടലില്‌ വല്ല്യ തെരയുണ്ടാവും."
       ഒരു രഹസ്യത്തിന്റെ അറ തുറന്നു കൊടുത്തുകൊണ്ട്‌ ഗൗരിയമ്മ, പൊന്നാമ്മ
വിശ്വസിച്ചോ എന്ന്‌ പാളി നോക്കി.
 "ഇതും ഉണ്ണിമായ പറഞ്ഞ കഥ തന്ന്യാ? കുടിപ്പള്ളിക്കൂടത്തീ
പോയ്ട്ട്ല്ല്യാന്ന്‌ വച്ച്‌ നിക്ക്‌ പോതോം ബുത്തീം ആവശ്യത്ത്ൻണ്ട്‌. തീ
കട്ട്യേടെ മേളിലാ മഞ്ഞ്കട്ട ? ഒക്കെ വാദ്യാരമ്മാര്‌ പടിപ്പിക്കണ ആന
നുണകള്‌"
       കാല്‌ പുറകോട്ട്‌ മടക്കിവച്ച്‌, പൊന്നാമ്മ കമ്മലിന്റെ രണ്ടുപിരികളും
മുറുകിത്തന്നെയാണെന്ന്‌ ഉറപ്പുവരുത്തി.
       സ്ക്രീനിൽ തെളിയുന്ന അക്ഷരങ്ങളുടെ വളവും പുളവും മനസ്സിലാവാതെ
ശബ്ദത്തിനായി അവർ ചെവിയോർത്തിരുന്നു. മുന്നൂറു ശവങ്ങൾ കണ്ടെടുത്തു എന്ന
ദു:ഖവാർത്ത അവരിൽ വീണ്ടും ഒരു വലിയ ഞടുക്കം സൃഷ്ടിച്ചു.
 "ഗൗര്യേടത്ത്യേ, കാവില്‌ ഇത്തവണ മുന്നൂറ്‌ പേർല്ല്യേ താലം എടുത്തേ?"
       മനസ്സിൽ മുന്നൂറു പേരുടെ കൂട്ടം സങ്കൽപ്പിച്ച പൊന്നാമ്മ
ദീർഘനിശ്വാസത്തോടെ താടിക്കു കൈകൊടുത്തു.
       ഗൗരിയമ്മ പായിൽ നിന്നു പതിയെ പിടിച്ചെണീറ്റ്‌ കട്ടിലിൽ കയറി നടുവുനിവർത്തി.
 "ഗൗര്യേടത്ത്യേ, കൊച്ചീക്ക്‌ ഇവ്ട്ന്ന്‌ ഒത്തിരി ദൂരോണ്ടോ? "
 "കൊറച്ച്‌ ദൂരോണ്ട്‌"
 "അവ്ടെ സുനാമിത്തെര വന്നാല്‌ ഇവ്ടെ വെള്ളം വർവ്വോ?"
 "ആവോ, നിക്ക്‌ അറീല്ല്യാ. നമ്മള്‌ വയസ്സു ചെന്നോര്‌ എന്ത്നാ പേടിക്ക്ണ പൊന്നൂ."
 "പൊന്നൂന്‌ പേടിയില്ല്യാ ഗൗര്യേടത്തീ. പക്ഷേല്‌ വെള്ളത്തില്‌ മരിച്ചാല്‌
ശോസം മുട്ടില്ല്യേ?"
       കുറേ നേരം ടി.വി ഓഫ്‌ ചെയ്തു. പൊന്നാമ്മ പായിൽ നിവർന്നു കിടന്നു. വടക്കേ
മുറിയിൽത്തന്നെയാണ്‌ മച്ചിലേക്കുള്ള ഗോവണി. കയ്യെത്തുന്ന പടികളിലെല്ലാം
പൊന്നമ്മയുടെ ഓരോ സാധനങ്ങളാണ്‌. ഇടിക്കല്ല്‌, വെറ്റിലച്ചെല്ലം, ധാവണികൾ
അടുക്കിവച്ചിരിക്കുന്ന സഞ്ചി, കാവിലെ ഉത്സവത്തിന്റെ നോട്ടീസ്‌, അങ്ങനെ
പലതും. അതിൽ ഒരു നോട്ടീസ്‌ കാറ്റിൽ പറന്ന്‌ ഗൗരിയമ്മയുടെ മുഖത്തേക്കാണ്‌
വീണത്‌.
 "ന്റെ ദേവ്യേ....." മയക്കത്തിൽ നിന്ന്‌ ഗൗര്യേടത്തി ഭയന്ന്‌
എണീക്കുന്നതുകണ്ടപ്പോൾ പൊന്നുവും ചാടി എണീറ്റു.
 "ന്താ കടലാസു മുഖത്ത്‌ തട്ടീപ്പോഴ്‌ ഫൂകമ്പം ഉണ്ടായീന്നോർത്തോ?
ഗൗര്യേടത്തി പേടിച്ചിരിക്കണു."
പൊന്നാമ്മ ഊറിച്ചിരിച്ചു.
 "വാ ഇത്തിരി നേരം പുളിഞ്ചുവട്ട്ല്‌രിക്കാം. കാറ്റ്‌ കൊള്ളാലോ."
       പുളിയുടെ നിഴലിലിരുന്നിട്ടും ഗൗരിയമ്മയ്ക്കിന്ന്‌ രാമായണ കഥകൾ ഓർമ്മ
വന്നില്ല. ഭൂകമ്പത്തിന്റെ അഗ്നിച്ചിത്രങ്ങൾ അവരുടെ മനസ്സിൽ
കൊടികുത്തിയെന്നു പൊന്നാമ്മയ്ക്കും തോന്നി. വയ്യാത്ത കാലുകുത്തി ഒന്നോടാൻ
പോലും ആവില്ലെന്നോർത്ത്‌ അവർ ഭയപ്പെട്ടിരിക്കണം.
 "പൊന്നുവേ, നമ്മുടെ കിഴക്കേപ്പുറത്തെ കിണറ്‌ കുഴിച്ച്‌ കുഴിച്ച്‌ അടീല്‌
ചെന്നപ്പോഴ്‌ ന്താ കീട്ടീന്നറിയ്യോ?"
 "ല്ല്യാ, ന്താ ഗൗര്യേടത്ത്യേ...?"
 "മുഴുത്ത ശംഖ്‌, ചിപ്പി, കടനാക്ക്‌. അടീല്‌ നല്ല പഞ്ചാര മണലാർന്നു."
 "അതേങ്ങന്യാ..?"
 "പണ്ട്‌ ഇവിടം കടലാർന്നത്രേ. അതോണ്ടല്ലേ കടത്തുരുത്തി എന്ന പേരു
കിട്ട്യേ. വേറെങ്ങാണ്ടൂന്നും ബൂമി കുലുങ്ങ്യപ്പോ വന്നതല്ല്യേ ഈ കര. ഇത്‌
ഉണ്ണിമായ പറഞ്ഞ നുണക്കഥയല്ലട്ടോ, മുത്തച്ഛൻ പറഞ്ഞതാ"
 "ഉവ്വോ, അപ്പോ ഫൂമി കുലുങ്ങ്യാല്‌, യിനി ഇതു കടലാവ്വോ?"
       ഭൂമികുലുക്കത്തിന്റെ സങ്കൽപ്പച്ചിത്രങ്ങൾ പൊന്നാമ്മയുടെ മനസ്സിൽ പതിയെ
കുലുങ്ങിത്തുടങ്ങി.
ഭൂമി പിളർന്നു രണ്ടുവശത്തേയ്ക്ക്‌ തെന്നിമാറുന്നു.
അതിൽ താഴ്‌ന്നുപോകുന്ന പുളിമരം.
ആടുന്ന ചുവരുകൾ.
മുറ്റത്തു നിന്നും പാഞ്ഞുകയറുന്ന വെള്ളം.
 "ഗൗര്യേടത്ത്യേ, ടി.വി വച്ചുനോക്ക്യാലോ..? അവ്ടെ എല്ലാം
അവസാനിച്ചോന്ന്‌റിയാല്ല്യോ?"
       രാത്രിയുടെ കറുപ്പിനൊപ്പം പതിവില്ലാത്ത ഒരു തണുപ്പ്‌. ജനാലയും വാതിലും
നന്നായി വലിച്ചടച്ചു. ടി.വി ഓഫ്‌ ചെയ്തുതുടങ്ങുമ്പോഴാണ്‌ അവർ ആ
മൂന്നാര്റിയിപ്പ്‌ കേട്ടത്‌. എല്ലാ പ്രദേശത്തും ഭൂകമ്പത്തിനും
സുനാമിക്കും സാധ്യതയുണ്ടെന്ന്‌.
       കുറേ നേരത്തേക്ക്‌ രണ്ടുപേരും ഒന്നും സംസാരിച്ചില്ല.
 "ഗൗര്യേടത്ത്യേ, നന്നായി നാമം ജപിച്ച്‌ കിടന്നോളൂ. ഒരു ബക്കറ്റ്‌ വെള്ളം
ഇവ്ടെരിപ്പുണ്ട്‌. മൂത്രോഴിക്കാൻ പോകുമ്പോഴ്‌ ഒന്നോർത്തോണേ. പൈപ്പില്‌
വെള്ളം ഇല്ലാതെ വന്നാലോ?"
       ഭയം കാർന്നു തിന്ന മനസ്സുമായി രണ്ടു വൃദ്ധകളും മയക്കത്തിലായി. ഇടയ്ക്ക്‌
നന്ദിനിയെയും ബാലഗോപാലനെയും എന്തിനോ അവർ നീട്ടി വിളിച്ചു.
       ഉറക്കത്തിന്റെ ആ നീരാളിപ്പിടുത്തത്തിനിടയിലും എന്തോ താഴെ വീഴുന്ന പട പടാ
ശബ്ദം കേട്ട്‌ ഗൗരിയമ്മ കണ്ണുതുറന്നു. ടോർച്ചു തെളിച്ച്‌ താഴേയ്ക്കു
നോക്കി.
       പൊന്നാമ്മയെ കാണാനില്ല!
 "പൊന്നുവേ......"
കട്ടിലിൽ  നിന്ന്‌ അവർ പിടഞ്ഞെണീറ്റു. നിലത്തേക്കുവച്ച കാൽപാദം
വെള്ളത്തിലാണെന്ന്‌ അറിഞ്ഞപ്പോൾ അവർ അലറി.
 "യ്യോ.. സുനാമി.. ടീ... പൊന്നുവേ..."
       ഗൗരിയമ്മയുടെ പേടിച്ചരണ്ട ശബ്ദം കേട്ട്‌ പൊന്നാമ്മ ഞെട്ടിത്തിരിഞ്ഞു
നോക്കി. ദേഹമാസകലം നനഞ്ഞിരിക്കുന്നു. താനെങ്ങനെ മച്ചുമ്പുറത്തെത്തി?
പൊന്നാമ്മ അമ്പരന്നു.
മുറിയിൽ പ്രകാശം പരന്നു.
മച്ചിന്റെ മേലേന്നു പൊന്നാമ്മഅത്ഭുതത്തോടെ താഴേക്കു നോക്കി.
മറിഞ്ഞുകിടക്കുന്ന ബക്കറ്റ്‌.
ഗോവണിപ്പടിയിൽ നിന്നു താഴെ വീണുകിടക്കുന്ന ഇടിക്കല്ല്‌, ചെല്ലം, ധാവണി സഞ്ചി....
       പൊന്നാമ്മ മനസ്സിൽ നിന്ന്‌ ചില ചിത്രങ്ങൾ ഓർത്തെടുത്തു. വടക്കേ
മുറിയിലേയ്ക്ക്‌ തള്ളിക്കയറിയ വലിയ സുനാമിത്തെര. രക്ഷകനായി എത്തിയ
സാക്ഷാൽ ശ്രീരാമൻ. ഒരുപാട്‌ ഗോവണിപ്പടികളുള്ള കപ്പൽ. പിന്നെ ഒന്നും
ആലോചിച്ചില്ല. ചാടിക്കയറുകയായിരുന്നു.
 "ബക്കറ്റിലെ വെള്ളം ഒഴുകിവന്നപ്പോ കടല്‌ ഇളകിയെന്നോർത്തു പേടിച്ചു.
ഗൗര്യേടത്ത്യേ! ശബ്ദം
അടഞ്ഞുപോയില്ല്യേ. യെങ്ങന്യാ മച്ചില്‌ എത്ത്യേന്ന്‌ അറീല്ല്യ."
       നനഞ്ഞമുണ്ട്‌ പിഴിഞ്ഞുടുത്ത്‌ ഇളിഭ്യയായി പൊന്നാമ്മ ഗോവണിപ്പടിയിറങ്ങി.
 "ന്നാലും പൊന്നുവേ, സുനാമി വന്നപ്പോ നീ തന്നെ രക്ഷപ്പെട്ടല്ല്യോ, ന്നെ
കൂട്ടീല്ല്യാലോ?..."
       ഗൗര്യേടത്തിയുടെ പരിഭവത്തിന്‌ ശരിക്കും സങ്കടം ഉണ്ടെന്ന്‌ കണ്ടപ്പോൾ
പൊന്നാമ്മയുടെ കണ്ണു നിറഞ്ഞു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...