Skip to main content

കടൽനൃത്തം


ഷീലമോൻസ്‌ മുരിക്കൻ

       "ടീ പൊന്നുവെ, യീ ബൂമി കറങ്ങാൻതൊട്ങ്ങീട്ട്‌ കൊല്ലോത്രയായ്‌? നമ്മ്ടെ
അപ്പനപ്പൂപ്പൻമാർട്ടെ കാലം തൊട്ട്‌ ത്‌ കറങ്ങിക്കൊണ്ട്‌ തന്ന്യാരിക്കണെ.
പക്ഷേങ്കി ഇവിട്ന്തെങ്കിലും ദുരന്തോണ്ടായോ? ഉണ്ടാവ്ല്ല്യ. ഒക്കെ ഈ കരേടെ
പുണ്യം"
       നരച്ചുതുടങ്ങിയ നീലക്കള്ളിമുണ്ട്‌ ചെളി പറ്റാതിരിക്കാൻ ഗൗരിയമ്മ പായുടെ
നടുഭാഗത്തേയ്ക്ക്‌ കുറേക്കൂടി നീങ്ങിയിരുന്നു. ഇടയ്ക്ക്‌ പായുടെ
കീറിത്തുടങ്ങിയ അരിക്‌ മടിയിലേയ്ക്ക്‌ മടക്കി, അഴിഞ്ഞ തഴക്കഷ്ണങ്ങൾ
വെറുതെ നെയ്യാൻ ശ്രമിച്ചു.
       തങ്ങൾ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഏതോ രാജ്യത്തെ ഭൊ‍ാചലന
ദൃശ്യങ്ങളും സുനാമിത്തിരകളും, ഒഴുകുന്ന വണ്ടികളും കണ്ടപ്പോൾ
ഗൗരിയമ്മയ്ക്കൊപ്പം പൊന്നാമ്മയും നെടുവീർപ്പെട്ടു.
 "ഗൗര്യേടത്ത്യേ, യീ ഫൂമി സത്യത്തില്‌ കറങ്ങ്ണൊണ്ടോ? നിക്ക്‌ തീരെ വിശോസില്ല്യ...."
 "ന്റെ പൊന്നുവേ മണ്ടത്ത്‌രം പറേല്ല്യേ. നിക്കും ആദ്യം ലേശം
വിശോസില്ല്യാർന്നു. നന്ദിനീടെ മേളില്ല്യേ, ഉണ്ണിമായ.. ആ ബഹു കേമി എല്ലാം
പറഞ്ഞ്തന്നു. അത്പ്പോ എങ്ങന്യാ നിന്നോട്‌ പറേണത്‌ ന്ന്‌ നിക്ക്‌
നിശ്ചയില്ല്യാ. കേട്ടപ്പോ ഒക്കെ ശരിയാർന്നു."
 "ഒക്കെ കെട്ടുകഥകളാ ഗൗര്യേടത്തീ, വാദ്യാരമ്മാർക്ക്‌ എന്ത്ങ്കിലൊക്കെ
കുട്ട്യോളെ ഇസ്കൂളില്‌ പടിപ്പിക്ക്ണ്ടേ. അത്ന്‌ ഉണ്ടാക്കണ
പൊള്ളത്തരങ്ങള്‌, ഫൂമി കറങ്ങ്ൺന്നു വച്ചാ നമ്മളറിയാതിരിക്ക്വോ? നമ്മൾന്താ
മണ്ടമ്മാരാ?"
       പൊന്നാമ്മ മൂക്കൂത്തിയുടെ പിരിമുറുക്കി. ചതച്ച പുകയില വായിലിട്ടു.
കൺമുമ്പിൽ തെളിയുന്ന സത്യങ്ങൾ വിശ്വസിക്കാൻ അറിയാതെ നൂറുകൂട്ടം
സംശയങ്ങളുമായി വടക്കേ
മുറിയിലെ സിനിമാപെട്ടിക്കു മുന്നിൽ ചമ്രം പടഞ്ഞിരുന്നു.
       ഗൗര്യേടത്തിയുടെയും പൊന്നുവിന്റെയും ജയിലാണ്‌ വടക്കേമുറി.
മുപ്പതുവർഷത്തോളം പഴക്കമുണ്ട്‌ അവരുടെ ജയിൽവാസത്തിന്‌. മക്കളുടെ കാലത്തും
കൊച്ചുമക്കളുടെ കാലത്തും അത്‌ ഒരു തുടർക്കഥയായി.
       അതിജീവനത്തിന്റെ പാതയോരങ്ങളിൽ എല്ലാ രക്തബന്ധങ്ങളും യാത്രയുടെ
തിരക്കിലാണ്‌. നിഷേധിക്കാനാവാത്ത ആ സത്യത്തിനു മുമ്പിൽ രണ്ടു
വാർദ്ധക്യങ്ങൾ പരസ്പരം താങ്ങായി വടക്കേ മുറിയിൽ വേച്ചു വേച്ചു നടന്നു.
മുത്തശ്ശിക്കും സഹായിക്കുമുള്ള ഒരു ദിവസത്തെ ആഹാരം അടുക്കളയിൽ
ഒരുക്കിവച്ച്‌, മറ്റു മുറികളെല്ലാം അടച്ചുപൂട്ടിയാണ്‌ നന്ദിനിയും
കുടുംബവും
ബാലഗോപാലന്റെ വീട്ടിലേക്ക്‌ യാത്ര തിരിച്ചിരിക്കുന്നത്‌. ഒരാഴ്ചയ്ക്ക്‌
ശേഷമേ അവർ മടങ്ങി വരൂ. ഇടയ്ക്കിടെ ഉണ്ടാവാറുള്ള ഇത്തരം സന്ദർഭങ്ങളിൽ
തങ്ങൾ ഒറ്റയ്ക്കാണെന്ന സത്യം പുറംലോകത്തെ അറിയിക്കാതെ ഗൗര്യേടത്തിയും
പൊന്നുവും ശബ്ദം താഴ്ത്തി സംസാരിച്ച്‌
കഴിഞ്ഞുകൂടുകയാണ്‌ പതിവ്‌.


       അടുക്കളയുടെ വാതിൽ തുറന്നാൽ പടിഞ്ഞാറുഭാഗത്ത്‌ വലിയ ഒരു പുളിയുണ്ട്‌.
ജയിലിലെ വിശ്രമവേളകളിൽ രണ്ടുപേരും അതിന്റെ തണൽ തേടും. എൺപത്തഞ്ചും
എഴുപതും ചേർന്ന്‌  ഒരുപാട്‌ വർത്തമാനങ്ങൾ കൈമാറും. വർത്തമാനങ്ങളിൽ പലതും
തലേന്നു കണ്ട സീരിയലിന്റെ ഭൂതകാലവും ഭാവികാലവുമായിരിക്കും. ഇടയ്ക്ക്‌
രാമനും ലക്ഷ്മണനും സീതയും ഹനുമനും കടന്നു വരാറുണ്ട്‌. പുരാണകഥകളൊന്നും
ഗൗരിയമ്മ മറക്കാറില്ല. അത്‌ പറയാനും അവർക്ക്‌ ഭയങ്കര ആവേശമാണ്‌. ഒക്കെ
കേൾക്കാൻ പൊന്നാമ്മ മാത്രമേ ഉള്ളുവേന്ന ലേശം നിരാശയും
ഗൗരിയമ്മയ്ക്കുണ്ട്‌.
       ഭൂകമ്പത്തിന്റെ ദുരന്ത ചിത്രങ്ങൾ വീണ്ടും ടി.വിയിൽ
പ്രത്യക്ഷപ്പെട്ടപ്പോൾ പൊന്നാമ്മ സങ്കടം തടയാനാവാതെ കരഞ്ഞു.
 "ന്റെ ഗൗര്യേടത്ത്യേ മേലാണ്ട്‌ കിടക്കണോര്‌ ന്താ ചെയ്ക! ഓടാമ്പറ്റ്വോ?
പേറിന്റേം പിറപ്പിന്റേം നേരോങ്ങാനും കടല്‌ കോപിച്ചാല്‌ പെണ്ണുങ്ങള്‌ ന്താ
ചെയ്ക! ദൈവങ്ങള്‌ യിങ്ങനെ കലിതുള്ളിയാല്‌ ലോകോവസാനിച്ചൂന്ന്‌
കൂട്ടിക്കോ."
അവർ കണ്ണുതുടച്ച്‌ ദൈവത്തോട്‌ നീരസം പ്രകടിപ്പിച്ചു. കുറച്ചു നേരം
സ്ക്രീനിൽ ഒന്നും കാണാൻ കഴിഞ്ഞില്ല.
കറുത്ത പുകപടലങ്ങൾ..
കത്തിയമരുന്ന കെട്ടിടങ്ങൾ... തെങ്ങോളം പൊക്കത്തിൽ ആഞ്ഞടിക്കുന്ന വലിയ
തിരമാല. പൊന്നാമ്മ നെഞ്ചത്തു കൈവച്ചു.
 "ഗൗര്യേടത്ത്യേ, ഇത്പ്പോ എവ്ട്ന്നാ പെട്ടെന്ന്‌ ഇത്ര വെള്ളം ഉണ്ടായേ?"
       വിശ്വസിക്കാനാവാത്ത കാഴ്ചകളിൽ പൊന്നാമ്മ നടുങ്ങി.
 "അറിയ്യ്‌വോ... കടൽന്റെ അടീല്‌ മുഴ്‌വന്‌ മഞ്ഞ്‌ കട്ടയാ പൊന്നൂ.
അതിന്റേം അടീല്‌ തീമലയാ. പുകയണ തീമല. ഈ മല ചിലപ്പോ പൊട്ടിത്തെറിക്കും.
അപ്പോ മഞ്ഞ്‌ വെള്ളാവും കടലില്‌ വല്ല്യ തെരയുണ്ടാവും."
       ഒരു രഹസ്യത്തിന്റെ അറ തുറന്നു കൊടുത്തുകൊണ്ട്‌ ഗൗരിയമ്മ, പൊന്നാമ്മ
വിശ്വസിച്ചോ എന്ന്‌ പാളി നോക്കി.
 "ഇതും ഉണ്ണിമായ പറഞ്ഞ കഥ തന്ന്യാ? കുടിപ്പള്ളിക്കൂടത്തീ
പോയ്ട്ട്ല്ല്യാന്ന്‌ വച്ച്‌ നിക്ക്‌ പോതോം ബുത്തീം ആവശ്യത്ത്ൻണ്ട്‌. തീ
കട്ട്യേടെ മേളിലാ മഞ്ഞ്കട്ട ? ഒക്കെ വാദ്യാരമ്മാര്‌ പടിപ്പിക്കണ ആന
നുണകള്‌"
       കാല്‌ പുറകോട്ട്‌ മടക്കിവച്ച്‌, പൊന്നാമ്മ കമ്മലിന്റെ രണ്ടുപിരികളും
മുറുകിത്തന്നെയാണെന്ന്‌ ഉറപ്പുവരുത്തി.
       സ്ക്രീനിൽ തെളിയുന്ന അക്ഷരങ്ങളുടെ വളവും പുളവും മനസ്സിലാവാതെ
ശബ്ദത്തിനായി അവർ ചെവിയോർത്തിരുന്നു. മുന്നൂറു ശവങ്ങൾ കണ്ടെടുത്തു എന്ന
ദു:ഖവാർത്ത അവരിൽ വീണ്ടും ഒരു വലിയ ഞടുക്കം സൃഷ്ടിച്ചു.
 "ഗൗര്യേടത്ത്യേ, കാവില്‌ ഇത്തവണ മുന്നൂറ്‌ പേർല്ല്യേ താലം എടുത്തേ?"
       മനസ്സിൽ മുന്നൂറു പേരുടെ കൂട്ടം സങ്കൽപ്പിച്ച പൊന്നാമ്മ
ദീർഘനിശ്വാസത്തോടെ താടിക്കു കൈകൊടുത്തു.
       ഗൗരിയമ്മ പായിൽ നിന്നു പതിയെ പിടിച്ചെണീറ്റ്‌ കട്ടിലിൽ കയറി നടുവുനിവർത്തി.
 "ഗൗര്യേടത്ത്യേ, കൊച്ചീക്ക്‌ ഇവ്ട്ന്ന്‌ ഒത്തിരി ദൂരോണ്ടോ? "
 "കൊറച്ച്‌ ദൂരോണ്ട്‌"
 "അവ്ടെ സുനാമിത്തെര വന്നാല്‌ ഇവ്ടെ വെള്ളം വർവ്വോ?"
 "ആവോ, നിക്ക്‌ അറീല്ല്യാ. നമ്മള്‌ വയസ്സു ചെന്നോര്‌ എന്ത്നാ പേടിക്ക്ണ പൊന്നൂ."
 "പൊന്നൂന്‌ പേടിയില്ല്യാ ഗൗര്യേടത്തീ. പക്ഷേല്‌ വെള്ളത്തില്‌ മരിച്ചാല്‌
ശോസം മുട്ടില്ല്യേ?"
       കുറേ നേരം ടി.വി ഓഫ്‌ ചെയ്തു. പൊന്നാമ്മ പായിൽ നിവർന്നു കിടന്നു. വടക്കേ
മുറിയിൽത്തന്നെയാണ്‌ മച്ചിലേക്കുള്ള ഗോവണി. കയ്യെത്തുന്ന പടികളിലെല്ലാം
പൊന്നമ്മയുടെ ഓരോ സാധനങ്ങളാണ്‌. ഇടിക്കല്ല്‌, വെറ്റിലച്ചെല്ലം, ധാവണികൾ
അടുക്കിവച്ചിരിക്കുന്ന സഞ്ചി, കാവിലെ ഉത്സവത്തിന്റെ നോട്ടീസ്‌, അങ്ങനെ
പലതും. അതിൽ ഒരു നോട്ടീസ്‌ കാറ്റിൽ പറന്ന്‌ ഗൗരിയമ്മയുടെ മുഖത്തേക്കാണ്‌
വീണത്‌.
 "ന്റെ ദേവ്യേ....." മയക്കത്തിൽ നിന്ന്‌ ഗൗര്യേടത്തി ഭയന്ന്‌
എണീക്കുന്നതുകണ്ടപ്പോൾ പൊന്നുവും ചാടി എണീറ്റു.
 "ന്താ കടലാസു മുഖത്ത്‌ തട്ടീപ്പോഴ്‌ ഫൂകമ്പം ഉണ്ടായീന്നോർത്തോ?
ഗൗര്യേടത്തി പേടിച്ചിരിക്കണു."
പൊന്നാമ്മ ഊറിച്ചിരിച്ചു.
 "വാ ഇത്തിരി നേരം പുളിഞ്ചുവട്ട്ല്‌രിക്കാം. കാറ്റ്‌ കൊള്ളാലോ."
       പുളിയുടെ നിഴലിലിരുന്നിട്ടും ഗൗരിയമ്മയ്ക്കിന്ന്‌ രാമായണ കഥകൾ ഓർമ്മ
വന്നില്ല. ഭൂകമ്പത്തിന്റെ അഗ്നിച്ചിത്രങ്ങൾ അവരുടെ മനസ്സിൽ
കൊടികുത്തിയെന്നു പൊന്നാമ്മയ്ക്കും തോന്നി. വയ്യാത്ത കാലുകുത്തി ഒന്നോടാൻ
പോലും ആവില്ലെന്നോർത്ത്‌ അവർ ഭയപ്പെട്ടിരിക്കണം.
 "പൊന്നുവേ, നമ്മുടെ കിഴക്കേപ്പുറത്തെ കിണറ്‌ കുഴിച്ച്‌ കുഴിച്ച്‌ അടീല്‌
ചെന്നപ്പോഴ്‌ ന്താ കീട്ടീന്നറിയ്യോ?"
 "ല്ല്യാ, ന്താ ഗൗര്യേടത്ത്യേ...?"
 "മുഴുത്ത ശംഖ്‌, ചിപ്പി, കടനാക്ക്‌. അടീല്‌ നല്ല പഞ്ചാര മണലാർന്നു."
 "അതേങ്ങന്യാ..?"
 "പണ്ട്‌ ഇവിടം കടലാർന്നത്രേ. അതോണ്ടല്ലേ കടത്തുരുത്തി എന്ന പേരു
കിട്ട്യേ. വേറെങ്ങാണ്ടൂന്നും ബൂമി കുലുങ്ങ്യപ്പോ വന്നതല്ല്യേ ഈ കര. ഇത്‌
ഉണ്ണിമായ പറഞ്ഞ നുണക്കഥയല്ലട്ടോ, മുത്തച്ഛൻ പറഞ്ഞതാ"
 "ഉവ്വോ, അപ്പോ ഫൂമി കുലുങ്ങ്യാല്‌, യിനി ഇതു കടലാവ്വോ?"
       ഭൂമികുലുക്കത്തിന്റെ സങ്കൽപ്പച്ചിത്രങ്ങൾ പൊന്നാമ്മയുടെ മനസ്സിൽ പതിയെ
കുലുങ്ങിത്തുടങ്ങി.
ഭൂമി പിളർന്നു രണ്ടുവശത്തേയ്ക്ക്‌ തെന്നിമാറുന്നു.
അതിൽ താഴ്‌ന്നുപോകുന്ന പുളിമരം.
ആടുന്ന ചുവരുകൾ.
മുറ്റത്തു നിന്നും പാഞ്ഞുകയറുന്ന വെള്ളം.
 "ഗൗര്യേടത്ത്യേ, ടി.വി വച്ചുനോക്ക്യാലോ..? അവ്ടെ എല്ലാം
അവസാനിച്ചോന്ന്‌റിയാല്ല്യോ?"
       രാത്രിയുടെ കറുപ്പിനൊപ്പം പതിവില്ലാത്ത ഒരു തണുപ്പ്‌. ജനാലയും വാതിലും
നന്നായി വലിച്ചടച്ചു. ടി.വി ഓഫ്‌ ചെയ്തുതുടങ്ങുമ്പോഴാണ്‌ അവർ ആ
മൂന്നാര്റിയിപ്പ്‌ കേട്ടത്‌. എല്ലാ പ്രദേശത്തും ഭൂകമ്പത്തിനും
സുനാമിക്കും സാധ്യതയുണ്ടെന്ന്‌.
       കുറേ നേരത്തേക്ക്‌ രണ്ടുപേരും ഒന്നും സംസാരിച്ചില്ല.
 "ഗൗര്യേടത്ത്യേ, നന്നായി നാമം ജപിച്ച്‌ കിടന്നോളൂ. ഒരു ബക്കറ്റ്‌ വെള്ളം
ഇവ്ടെരിപ്പുണ്ട്‌. മൂത്രോഴിക്കാൻ പോകുമ്പോഴ്‌ ഒന്നോർത്തോണേ. പൈപ്പില്‌
വെള്ളം ഇല്ലാതെ വന്നാലോ?"
       ഭയം കാർന്നു തിന്ന മനസ്സുമായി രണ്ടു വൃദ്ധകളും മയക്കത്തിലായി. ഇടയ്ക്ക്‌
നന്ദിനിയെയും ബാലഗോപാലനെയും എന്തിനോ അവർ നീട്ടി വിളിച്ചു.
       ഉറക്കത്തിന്റെ ആ നീരാളിപ്പിടുത്തത്തിനിടയിലും എന്തോ താഴെ വീഴുന്ന പട പടാ
ശബ്ദം കേട്ട്‌ ഗൗരിയമ്മ കണ്ണുതുറന്നു. ടോർച്ചു തെളിച്ച്‌ താഴേയ്ക്കു
നോക്കി.
       പൊന്നാമ്മയെ കാണാനില്ല!
 "പൊന്നുവേ......"
കട്ടിലിൽ  നിന്ന്‌ അവർ പിടഞ്ഞെണീറ്റു. നിലത്തേക്കുവച്ച കാൽപാദം
വെള്ളത്തിലാണെന്ന്‌ അറിഞ്ഞപ്പോൾ അവർ അലറി.
 "യ്യോ.. സുനാമി.. ടീ... പൊന്നുവേ..."
       ഗൗരിയമ്മയുടെ പേടിച്ചരണ്ട ശബ്ദം കേട്ട്‌ പൊന്നാമ്മ ഞെട്ടിത്തിരിഞ്ഞു
നോക്കി. ദേഹമാസകലം നനഞ്ഞിരിക്കുന്നു. താനെങ്ങനെ മച്ചുമ്പുറത്തെത്തി?
പൊന്നാമ്മ അമ്പരന്നു.
മുറിയിൽ പ്രകാശം പരന്നു.
മച്ചിന്റെ മേലേന്നു പൊന്നാമ്മഅത്ഭുതത്തോടെ താഴേക്കു നോക്കി.
മറിഞ്ഞുകിടക്കുന്ന ബക്കറ്റ്‌.
ഗോവണിപ്പടിയിൽ നിന്നു താഴെ വീണുകിടക്കുന്ന ഇടിക്കല്ല്‌, ചെല്ലം, ധാവണി സഞ്ചി....
       പൊന്നാമ്മ മനസ്സിൽ നിന്ന്‌ ചില ചിത്രങ്ങൾ ഓർത്തെടുത്തു. വടക്കേ
മുറിയിലേയ്ക്ക്‌ തള്ളിക്കയറിയ വലിയ സുനാമിത്തെര. രക്ഷകനായി എത്തിയ
സാക്ഷാൽ ശ്രീരാമൻ. ഒരുപാട്‌ ഗോവണിപ്പടികളുള്ള കപ്പൽ. പിന്നെ ഒന്നും
ആലോചിച്ചില്ല. ചാടിക്കയറുകയായിരുന്നു.
 "ബക്കറ്റിലെ വെള്ളം ഒഴുകിവന്നപ്പോ കടല്‌ ഇളകിയെന്നോർത്തു പേടിച്ചു.
ഗൗര്യേടത്ത്യേ! ശബ്ദം
അടഞ്ഞുപോയില്ല്യേ. യെങ്ങന്യാ മച്ചില്‌ എത്ത്യേന്ന്‌ അറീല്ല്യ."
       നനഞ്ഞമുണ്ട്‌ പിഴിഞ്ഞുടുത്ത്‌ ഇളിഭ്യയായി പൊന്നാമ്മ ഗോവണിപ്പടിയിറങ്ങി.
 "ന്നാലും പൊന്നുവേ, സുനാമി വന്നപ്പോ നീ തന്നെ രക്ഷപ്പെട്ടല്ല്യോ, ന്നെ
കൂട്ടീല്ല്യാലോ?..."
       ഗൗര്യേടത്തിയുടെ പരിഭവത്തിന്‌ ശരിക്കും സങ്കടം ഉണ്ടെന്ന്‌ കണ്ടപ്പോൾ
പൊന്നാമ്മയുടെ കണ്ണു നിറഞ്ഞു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…