Showing posts with label 89. Show all posts
Showing posts with label 89. Show all posts

27 Apr 2013

കുരുതി

വിത്സണ്‍ ആന്റണി 

മധുരം വിളമ്പിയ കൈ
കാഞ്ചിയിലമാർന്നത്‌
കണ്ടതേയില്ല
നാവിലെ മധുരം മായും മുമ്പേ
ഉമിനീര് തൊണ്ടയിൽ തടഞ്ഞു
രക്ഷകന് ദൈവം രക്ഷയായപ്പോൾ
അധികാരത്തിന്റെ വാൾമുനയിൽ
കുരുതിയായത്കുരുന്നുകൾ
ഉന്മൂലനത്തിന്റെ വെടിയുണ്ടകൾ
വിപ്ലവത്തിന്റെ കുരുതികളം
പതിമൂന്നുകാരൻ കിരീടാവകാശി
വർഗവഞ്ചകൻബാല ബൂർഷാസി
വംശവെറിയുടെ വിഷകാറ്റിൽ
കരിഞ്ഞുപോയ ഒരു മില്ല്യൻപൂമൊട്ടുകൾ
കണ്ണീരു കൊണ്ടെഴുതിയ ഡയറികുറിപ്പുകൾ
അഞ്ജതയുടെ താഴ്‌വരയിൽ
ചോരമണക്കുന്ന വീഥിയിൽ
പുസ്തക സഞ്ചിയേന്തിയപെണ്‍കുട്ടി
വന്മരം വീണപ്പോൾ
ചതഞ്ഞരഞ്ഞ ചെറുനാമ്പുകൾ
ഗോദ്രയിൽ പടർന്നതീയിൽ
വെന്തെരിഞ്ഞ കൊച്ചു സ്വപ്‌നങ്ങൾ
ഈ ഭൂപടം വരച്ചത്
ചോരയിൽ മുക്കിയല്ലേ
വിഭജന രേഖകൾക് നിറം മങ്ങുമ്പോൾ
വീണ്ടും കുരുതി

26 Mar 2013

ഒരു മിഡ് നൈറ്റ് ഡ്രീം

സാജൂ ജോസഫ് 



നരകം
28-02-2013
പ്രിയ കൂട്ടുകാരന്‍ ക്രിസ്റ്റിക്ക്-
ആല്‍ബര്‍ട്ട് എഴുതുന്നത്-
ഇന്നലെ സന്ധ്യയില്‍ ഞാനിവിടെത്തി.
എറണാകുളം മെഡിക്കല്‍ട്രസ്റ്റ് എയര്‍പോര്‍ട്ടില്‍നിന്നും എട്ടുനാള്‍ മുന്‍പ് ഞാന്‍-  സ്വര്‍ഗ്ഗത്തിലേക്ക് പാലായനം ചെയ്തു എന്ന പറച്ചില്‍ തെറ്റാണ്.
-ന്റ് ഏഴിന്റ് പാട്ടുകുര്‍ബ്ബാനയും സെമിത്തേരിയിലെ ഒടുക്കത്തെ ഒപ്പീസുപാട്ടും കഴിഞ്ഞാണ്-
-ന്റ് നരകയാത്രയുടെ കടലാസില്‍ ലൂസിഫറിന്റ് സെക്രട്ടറി ഒപ്പിട്ടത്.
അതുവരെ-
ഒരു നിഴലായി ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു!
ഞാന്‍ കണ്ടെടാ ക്രിസ്റ്റീ-
-ന്നെ കുഴിയിലേക്കെടുത്ത ശേഷം, കൊമേന്തപ്പള്ളിയുടെ കുരിശുമണിയുടെ ചോട്ടിലിരുന്ന്-
അളിയന്‍ റപ്പയുടെ മിലിട്ടറിക്ക്വാട്ടയോട് നിങ്ങള്‍ സങ്കടങ്ങള്‍ പങ്കുവെച്ചത്.
രാത്രി വൈകി നീ വീട്ടിലേക്ക് മടങ്ങിയപ്പോള്‍ നിന്റ് തൊട്ടുപിന്നാലെ- ഞാനുമുണ്ടായിരുന്നു!
നിന്റ് വീട്ടുമുറ്റത്തെ മൂവാണ്ടന്‍ചില്ലകള്‍ക്കിടയിലൂടെ ചിതറിവീഴുന്ന നിലാവെട്ടത്തുനിന്ന്-
നിന്റ് സ്ളിം ഡോഗ് നോണ്‍സ്‌റ്റാപ്പായി ഓലിയിട്ടതും,
നിനക്കുപിന്നില്‍ നീ മറന്നിട്ട ഇരുമ്പുഗെയ്‌റ്റ് താനെ അടഞ്ഞ് കൊളുത്ത്‌വീണതും-
നീ ശ്രദ്ധിച്ചിരുന്നൊ?
ങാ-ക്രിസ്റ്റീ,
രണ്ട് പരിചിതമുഖങ്ങളെ ഞാനിവിടെ കണ്ടു.
ഒന്ന്- നമ്മുടെ ആശുപത്രി എക്സ്‌ ഡയറക്ടര്‍ സാന്താക്ളോസിനെ.
രണ്ട്-എക്സ് വാര്‍ഡ്‌മെമ്പര്‍ പതാകപൌലോസിനെ.
സാന്താക്ളോസ് ലൂസിഫറിന്റ് ബിയെംഡബ്ളിയു ഓടിക്കുന്നു.
നരകത്തിലെ മെട്രൊയും ശ്രീധരനെ ഏല്‍പ്പിക്കണമെന്ന്പറഞ്ഞ്-
ലൂസിഫറിന്റ് ബ്ളാക്‌ഹൌസിനുമുന്നില്‍ നിരാഹാരം കിടക്കുന്നു.
-ടാ ക്രിസ്റ്റീ,
ഒരു സ്വകാര്യം-
ഇന്നലെ ഉച്ചയില്, എന്നെ സെമിത്തേരിയില്‍ ഉപേക്ഷിച്ച് അവസാനത്തെയാളും-
പടിയിറങ്ങിയപ്പോള്‍ ഒരാള്‍ വന്നു!
ഒരുപാടുനീണ്ട മൌനത്തിനൊടുവില്‍ അവളുടെ കവിളില്‍നിന്നിറ്റുവീണ നീര്‍തുള്ളി-
-ആല്‍ബര്‍ട്ട് ജനനം-മരണം- എന്ന അക്ഷരങ്ങളില്‍വീണ്‌ സ്ളോമോഷനില്‍ചിതറിയപ്പോള്‍, ക്രിസ്റ്റീ-
കൊതിച്ചുപോയെടാ-
ഇതുവരെ പറയാതൊളിപ്പിച്ചുവെച്ച ഒരു പ്രണയകൊടുങ്കാറ്റിലൂടെ
-ന്റ് മഞ്ഞ യമഹ എക്സ്ഡിഎക്സില്‍ ഒന്നിരമ്പിപറക്കാന്‍!
-ന്റ് യമഹ എക്സ്ഡിഎക്സ്!
കൈയ്യൊന്ന് കൊടുത്താല്‍- അവന്റ്‌യൊരു മൂളല്‌-ഇപ്പഴും കാതിലുണ്ടെടാ!
പക്ഷെ- പണികിട്ടി!
ശൂന്യാകാശത്ത് നാലുകറക്കംകറങ്ങിയിട്ടാ ഞാനും യമഹ എക്സ്ഡിഎക്സും-
തലകുത്തി റോഡിലേക്ക് ലാന്‍ഡ്‌ചെയ്തതെന്ന്‌ ഓടിക്കൂടിയതിലൊരുത്തന്‍ പറയണകേട്ടു.
-ന്തായാലും കലൂര്‍ഇന്റര്‍നാഷണല്‍ സ്ടേഡിയം -ന്റ് കണ്‍വെട്ടത്ത് മുന്ന് തവണ-
മലക്കംമറിയുന്നത് ഞാന്‍ കണ്ടുവെന്നത് നേര്! പിന്നെ മെമ്മറി ബ്ളാങ്ക്!
ക്രിസ്റ്റീ-
നീ റപ്പ അളിയനോട് പറയണം-
ഹെഡ്ലൈറ്റും ടാങ്കും തകര്‍ന്ന് പാബ്ളൊപിക്കാസൊവിന്റ് പടം പോലെയായ
-ന്റ് മഞ്ഞ യമഹ എക്സ്ഡിഎക്സ് റീമേക്ക് ചെയ്ത് മുറ്റത്തെ ളൂവിമരത്തിന്റ് അടിയില്-
സൈഡ് സ്റ്റാന്‍ഡില്‍ വെക്കണംന്ന്!
പിന്നെ- ഒരു സീക്രട്ട്-
ഈ യമഹ എക്സ്ഡിഎക്സിന്റ് മുളിച്ച -മ്മ്ട ലൂസിഫറിന്റ് വീക്‌നസ്സാ!
ഓ.കെ.ക്രിസ്റ്റീ-
ഇപ്പൊ സമയം രാത്രി 12.08!
ഫേസ്‌ബുക്കില്‍ നിന്നും കണ്ണെടുത്ത് പതുക്കെ ഒന്ന് പുറകിലേക്ക് തിരിഞ്ഞുനോക്ക്!
നീ ഒന്ന് ഞെട്ടിയൊ?
ക്രിസ്റ്റീ-
ഇപ്പൊ നിന്റ് പുറകില്‍ ഞാനില്ലടാ!
പക്ഷെ-
ദാ- കനത്ത ഇരുട്ടിലേക്ക് തുറന്നുകിടക്കുന്ന ആ ജനല്‍ പാളി അടക്കാന്‍ മറക്കണ്ട!
ക്രിസ്റ്റീ-
ഗുഡ്‌നൈറ്റ്
സ്വീറ്റ്ഡ്രീം!

24 Jan 2013

നോവക്ഷരങ്ങള്‍


 ലാല്‍ജി കാട്ടിറമ്പന്‍

ഓര്‍മയില്‍, മായാതെ
മേവുന്ന നോവിന്റെ
ശൂന്യാക്ഷരങ്ങളാല്‍
പിടഞ്ഞിരുന്നെന്‍ മനം
വര്‍ഷം വരും നേരം
ഒക്കെയും മായ്ക്കുവാന്‍
മഴപ്പെയ്ത്തില്‍ എപ്പൊഴും
ഏകനായ് നിന്നു ഞാന്‍
മായാതെ , മഴ കൊണ്ട്
തളിര്‍ത്തോരാ നോവിന്റെ
വേദന തിന്നെത്ര
വര്‍ഷം കഴിഞ്ഞു പോയ്‌ ….
വെയിലേറ്റു നോവിന്‍
തളിരുകള്‍ വാടുമെ-
ന്നോര്‍ത്തു ഞാന്‍ വേനലില്‍
തണല്‍ മാറ്റി നിന്നിട്ടും
വേനലില്‍ പൊള്ളി പിടഞ്ഞ-
തെന്‍ ദേഹമാണ -പ്പോഴും
ഓര്‍മയില്‍ നോവിന്റെ
വാക്കുകള്‍ പേറി ഞാന്‍ …
വേനലും വര്‍ഷവും
പലര്‍ തന്ന സ്നേഹവും
മായ്കാതെ
ഓര്‍മയില്‍ നോവക്ഷരങ്ങള്‍ ….
ഒടുവില്‍ …..
നിന്‍ സ്നേഹമാകും
മഷിത്തണ്ട് കൊണ്ടെന്റെ
നോവക്ഷരങ്ങളെ
മായ്ച്ചു നീ ഓമനേ

22 Dec 2012

ഒറ്റമരം

  എം.എൻ.പ്രസന്നകുമാർ


ഇരുള്‍ മുറുകി നില്‍ക്കുമ്പോഴാണൊറ്റ -
യെന്നൊരു പതറലെങ്കിലും ഞാന്‍
അരികിലേതോമരത്തലപ്പെന്നെ
പുണരുന്ന വ്യര്‍ത്ഥസ്വപ്നം കാണുമൊറ്റമരം

പകലിലെന്‍ തോള്‍ച്ചുനുപ്പില്‍ തണല്‍
നുണയുമിണകള്‍തന്‍ കുറുകലും
തപനദണ്ഡത്താലലയായടുക്കു -

മനിലച്ചിറകിന്‍ കുളിരുരുമ്മലും

പൊരുന്നയിരുന്നെന്‍ വിരലടുക്കില്‍
പകരുന്ന ചൂടിന്‍ കടലാഴവും
പകലറുതിയിലുയരുമാരവോം
പകലിലൊറ്റയെന്നതറിയില്ല ഞാന്‍

അകലെയേതോ കാതദൂരത്തോ -
രരുവി മരിച്ചുവെന്നെന്‍ മരഞരമ്പുകള്‍
മുകുളമെപ്പൊഴോ മൃതദശയിലെ -
ന്നഴലു തൂകിയെന്നിലഞെടുപ്പുകള്‍

പരിഭവപ്പെട്ടെന്‍ പറവകള്‍ കൂടൊഴി -
ഞ്ഞയല്‍ തേടിയകലുന്നു ,ഞാനൊറ്റയാകുന്നു
കടയൊടിഞ്ഞമര്‍ന്നോര്‍ക്കിടയിലാ -
യടിമുടിയൊറ്റയാവാന്‍ കൊതിച്ചോന്‍

തൊടി നിറഞ്ഞാണ ശീതഹരിത -
മ്രിതുപ്പിഴവിലെപ്പൊഴോ മൃതമായി
ചിതലൊരുങ്ങുന്നൊരു മൃത്തികാ -
പ്പുതപ്പണിയിച്ചെന്‍ ചിതയൊരുക്കാന്‍

പകലുമെനിക്കിരുളായിടുന്നു ,
അഴലോടു കാതിന്‍ വാതിലടയുന്നു
ചുവടിലാ മഴുവിന്‍ ദണ്‍ഡമേല്‍ക്കവേ
വരളുമീക്കണ്‍കളിരുള്‍ തിരുമ്മിയടയ്ക്കുന്നു

22 Nov 2012

ആണ്‍മരം


രശ്മി കെ എം

നീ
തേന്‍ നിറമുള്ള ഒരു ഒറ്റമരമാണ്.
ഇലകള്‍ പടര്‍ന്ന് ചില്ലകളാട്ടുന്ന മരം.
നോക്കിനില്‍ക്കെയുള്ള ചാഞ്ചാട്ടങ്ങളാല്‍
എന്നെ ഭയപ്പെടുത്തുന്ന വന്‍മരം.
നിന്റെ സൂക്ഷാണുക്കളിലെല്ലാം
സ്വപ്നം പെയ്യിച്ച രേതസ്സിറ്റുനില്‍ക്കുന്നു.

നിന്റെ കനിമധുരങ്ങള്‍ നുകര്‍ന്ന്
തടിമിനുക്കത്തെ പുണര്‍ന്ന്
നിഴല്‍ത്തണുപ്പില്‍ അമര്‍ന്നുകിടക്കാന്‍
എനിക്കു കൊതിയില്ല.

23 Oct 2012

കേരലോകം മുഴുവൻ അറബിക്കടലിന്റെ റാണിക്ക്‌ അഭിമുഖമായി


ജോസഫ്‌ ആലപ്പാട്ട്‌

ആദ്യം അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ; കൊക്കോടെക്ക്‌ എന്ന കേരവിസ്മയം പൂർണ്ണമാക്കാൻ ചിട്ടയുടെ ചട്ടക്കൂട്ടിൽ കാര്യമാത്രപ്രസ്ക്തമായി ചുക്കാൻ പിടിച്ച നാളികേര ബോർഡ്‌ ചെയർമാൻ ശ്രീ. ടി. കെ. ജോസ്‌ ഐഎഏശിനും, രാപകൽ അദ്ധ്വാനിച്ച ബോർഡ്‌ അധികൃതർക്കും. ആ മഹാസംഭവത്തിൽ എന്റെ ചില വിസ്മയകാഴ്ചകൾ സമർപ്പിക്കട്ടെ.
ഒരു കേരകർഷകന്റെ വീക്ഷണത്തിൽ, ഒരു പ്രതിനിധിയുടെ കാഴ്ചപ്പാടിൽ ആദ്യം എന്നെ വിസ്മയിപ്പിച്ചതു ശ്രീലങ്കൻ പ്രതിനിധി ഡോ. ഗുണതിലകെയുടെ അനുഭവങ്ങളാണ്‌. ഒരു കൊച്ചുദ്വീപ്‌ രാഷ്ട്രം, വംശീയ കലാപം വഴി വൻ സാമ്പത്തിക മാന്ദ്യം, നമ്മുടെ തെങ്ങുകൾക്ക്‌ മണ്ഡരി ബാധിച്ചതുപോലെ ശ്രീലങ്കയിലെ തെങ്ങുകളെ കുമിൾ രോഗം വ്യാപകമായി ബാധിച്ചു. ഒപ്പം നഗരവത്ക്കരണം മൂലം നഷ്ടമാകുന്ന കേരകൃഷിയുടെ വിസ്തൃതി തുടങ്ങിയ വിവിധ പ്രതിസന്ധികളിലും ശ്രീലങ്കൻ കർഷകർ പിടിച്ചുനിന്നു. ജീവനാഡിയായ കേരത്തിന്റെ ഉപോൽപന്നങ്ങളെ അത്ഭുതകരമായ രീതിയിൽ വൈവിധ്യവത്ക്കരിച്ചു, നാട്ടിലും വിദേശത്തും പ്രത്യേകിച്ച്‌ ഗൾഫ്‌ നാടുകളിലും ശ്രീലങ്ക കേരോൽപന്നങ്ങളുടെ ഒരു വിസ്മയ ലോകം തന്നെ സൃഷ്ടിച്ചു. വിദേശനാണ്യം വാരിക്കൂട്ടി, വലയുന്ന ശ്രീലങ്കൻ കർഷകരെ കരകയറ്റിയകഥ.
ഏതു യൂറോപ്യൻ ജിന്നിനേയും വെല്ലുന്ന ലങ്കയുടെ ലയൺ ബ്രാൻഡ്‌ അസ്സൽ കലർപ്പില്ലാത്ത തെങ്ങിൻകള്ളിൽ നിന്നും വാറ്റിയെടുത്ത മദ്യം വിദേശ ബാറുകളിലെ താരമാണ്‌. അവരുടെ ടിന്നിലാക്കിയ അല്ലി കള്ള്‌ വിദേശികളുടെ ലങ്കൻ ഷാമ്പെയ്ൻ. വൈവിധ്യവത്ക്കരണത്തിനായി നാളികേര ബോർഡ്‌ പടവെട്ടിയിട്ടും പലകാരണങ്ങൾകൊണ്ടും നമുക്ക്‌ പ്രതീക്ഷയ്ക്കൊത്ത്‌ ഉയരാൻ കഴിയുന്നില്ല. ശ്രീലങ്കയിൽ ആകെ നാളികേരോത്പാദനത്തിന്റെ അമ്പത്‌ ശതമാനം  വൈവിധ്യവത്കൃത ഉൽപന്നങ്ങളാക്കി വിറ്റഴിക്കുമ്പോൾ, ഇവിടെ നാം അത്‌ പത്ത്‌ ശതമാനത്തിന്റെ മുകളിലാക്കിയത്‌ ബോർഡിന്റെ കഠിനപ്രയത്നവും, നിതാന്ത പ്രചരണവും കൊണ്ടാണ്‌. നാം കാര്യമായി കയറ്റുമതി ചെയ്യുന്നത്‌ കയർ ഉൽപന്നങ്ങളാണ്‌. ജയതിലകെ ലങ്കയിൽ എത്തുന്ന നിക്ഷേപകർക്ക്‌ എല്ലാ സാങ്കേതികവിദ്യയും വിപണിയും വാഗ്ദാനം ചെയ്തു. ലോകത്തെല്ലായിടത്തും സഞ്ചരിക്കുന്ന നമ്മുടെ ജനപ്രതിനിധികൾ ഒരാൾപോലും ശ്രീലങ്കയിൽ പോയിട്ടില്ലെന്നത്‌ നാം ഓർക്കണം. പിന്നെ എങ്ങനെ കേരനാട്ടിൽ കേരം കനിയും.

ഞാൻ ഏറെ സ്നേഹിക്കുന്ന, ഏറെ സന്ദർശനം നടത്തിയ കേരത്തിന്റെ തിലകക്കുറിയായ ഫിലിപ്പീൻസ്‌. എപിസിസി അധ്യക്ഷൻ റോമുലോ അരൺകന്റെ ജന്മദേശം. കൊക്കോടെക്കിനെത്തിയ ഫിലിപ്പീൻസിലെ കേരവികസന, ഉത്പാദന, വിപണന, ഗവേഷണത്തിന്റെ അവസാന വാക്കായ ഫിലീപ്പിൻസ്‌ കോക്കനട്ട്‌ അതോറിറ്റി പ്രതിനിധി ഡോ. ഡീന ബി മാസ ടീ ബ്രേക്കിൽ പറഞ്ഞത്‌, ആരാഞ്ഞത്‌ യഥാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു. സുഹൃത്തേ ഞങ്ങളുടെ കൊക്കോഫെഡ്ഡിനെ അനുകരിച്ച്‌ (ഫിലിപ്പീൻസിലെ കേരകർഷകരുടെ സഹകരണ സംഘടന) കേരളത്തിലെ കർഷകരുടെ ജീവനാഡിയെന്ന്‌ വിശേഷിപ്പിച്ച്‌ നിങ്ങൾ തുടങ്ങിയ കേരഫെഡ്ഡിന്റെ വിജയഗാഥകൾ ഒന്നു വിവരിക്കൂ? ഞാൻ എന്തുപറയും, ഞാൻ കേരമേഖലയിലെ മൂല്യവർദ്ധിത മുന്നേറ്റങ്ങളെക്കുറിച്ചും കാസർഗോഡ്‌ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിലെ നൂതന സംരംഭങ്ങളെക്കുറിച്ചും വർണ്ണിച്ച്‌ വിഷയത്തിൽ നിന്നും അവരെ വഴിമാറ്റി.
എന്നിട്ടും കുശലസംഭാഷണം തുടരവേ ലങ്കൻ പ്രതിനിധി ഡോ. പ്രയന്തി ഫെർണാന്റോ ചാടി വീണു. സർക്കാരും,  കേരഫെഡ്ഡും കർഷകരുടെ പച്ചതേങ്ങ സംഭരിക്കാത്തത്‌ എന്ത്‌? ഞങ്ങൾ നടത്തിയ ഫീൽഡ്‌ ട്രിപ്പിൽ വിലപിക്കുന്ന കർഷകർ തേങ്ങക്കൂനകളുമായി സ്വന്തം പുരയിടത്തിൽ നിൽക്കുന്നത്‌  കണ്ടല്ലോ. ഞാൻ സത്യം വളച്ചൊടിച്ചു കേരവില ഇടിയുമ്പോൾ കച്ചവടക്കാർ തേങ്ങ വാങ്ങാൻ വരാൻ അൽപം വൈകും. ഇതിന്‌ ഉടൻ പരിഹാരമാകും. കർഷകരുടെ യഥാർത്ഥവിലാപം ഞാൻ വളരെ ലാഘവത്തോടെ കണ്ടു. അവരെ കാര്യങ്ങൾ ഒരു കണക്കിന്‌ ധരിപ്പിച്ചു (തെറ്റിദ്ധരിപ്പിച്ചുവേന്നതാണ്‌ സത്യം). അതാ വരുന്നു ഫിലിപ്പീൻസ്‌ ചോദ്യം വീണ്ടും. വെളിച്ചെണ്ണ വിലകുറഞ്ഞപ്പോൾ നിങ്ങൾക്ക്‌ വെളിച്ചെണ്ണ ഉപയോഗിച്ച്‌ ബയോഡീസൽ നിർമ്മിച്ച്‌ വാഹനങ്ങൾ പരിക്ഷണാർത്ഥം ഓടിച്ചുകൂടെ. പണ്ട്‌ കേരളത്തിലെവിടെയോ ഓട്ടോറിക്ഷയിൽ വെളിച്ചെണ്ണ ഇന്ധനമായി ഉപയോഗിച്ചതു ഞങ്ങൾ കോ കമ്മ്യൂണിറ്റി മാഗസിനിൽ വായിച്ചിട്ടുണ്ടല്ലോ?  അതിന്‌ എന്തുപറ്റി? ഞാൻ എന്തുപറയും? ഫിലിപ്പീൻസിലെ കുറെ ഏറെ ട്രാക്ടറുകളും അവരുടെ ഒരു പ്രത്യേകതരം യാത്രാവാഹനമായ "ജീപ്പ്പിനികളും (യാത്രാ വേളയിൽ മനില നഗരം ചുറ്റിക്കാണാൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്ന വാഹനം) നമ്മുടെ വലിയ ഓട്ടോറിക്ഷപോലെ (ഫിലിപ്പീൻസിനുമാത്രം സ്വന്തം), ഓടുന്നത്‌ കൊക്കോഡീസലിൽ - നമുക്ക്‌ പരീക്ഷിച്ചുനോക്കാവുന്ന ഒരു ബദൽ ഉപാധി.
സമ്മേളനത്തിൽ താരമായ വെസ്റ്റേൺ സമോവ കൃഷി മന്ത്രി ശ്രീ ലേ മാമിയ റോപാത്തി മോലിയയുമായി ഞാൻ ഏറെ അടുത്തു. നല്ലവൻ, ശാന്തൻ, ഒരു ദ്വീപ്‌ രാഷ്ട്രത്തിന്റെ കേര-മത്സ്യാധിപൻ, ഞാൻ കേരബോർഡ്‌ കരകൗശലവിദഗ്ദ്ധർ തെങ്ങിൻ തടിയിൽ തീർത്ത ഒരു കൊച്ചുകെട്ടുവള്ളം സമ്മാനിച്ചപ്പോൾ ആ മഹാനുഭാവന്റെ ഓർമ്മ ഒരു നിമിഷം തന്റെ തട്ടകത്തിലേക്കു ചലിച്ചു. ഈ കരകൗശലവിദ്യ വൈദഗ്ദ്ധ്യമൊന്നും ഞങ്ങൾക്കില്ലല്ലോ. ഞാൻ പറഞ്ഞു, "വേണമെങ്കിൽ അവർ സമോവ ദ്വീപിലേക്ക്‌ വരും, തെങ്ങിൻതടിയിൽ നിന്നും വിവിധ ഉൽപന്നങ്ങൾ നിർമ്മിച്ച്‌ നിങ്ങളെ അമ്പരപ്പിക്കാൻ".
വൈകിയെത്തിയ ഫിജി മന്ത്രി ജൊക്കത്തേനി കോക്കനാസിഗയും ഒരു കാര്യംപറഞ്ഞത്‌ എന്നെ അത്ഭുതപ്പെടുത്തി. "സുഹൃത്തേ, ഇവിടെ എത്രവരും പ്രതിദിന കർഷകകൂലി ?" ഞാൻ കേരകർഷകന്റെ കദനകഥ വിവരിച്ചു. താങ്ങാനാവാത്ത കാർഷിക കൂലി നൽകി പൊറുതിമുട്ടി കൃഷിഭൂമി തരിശിട്ടിരിക്കുന്ന ഹതഭാഗ്യരായ കർഷകരുടെ മനോവ്യഥ. അവർ പറയുകയാണ്‌ "ഇതൊരു ആഗോള പ്രതിഭാസമാണ്‌. ഞങ്ങൾ ഉൾപ്പെടെ പല കേരോത്പാദക രാജ്യങ്ങളും തൊഴിലാളികളെ കൃഷിയിടത്തിൽ പിടിച്ചുനിർത്താൻ അവരുടെ വേതനം വർദ്ധിപ്പിച്ച്‌ അതിന്റെ പകുതി സബ്സിഡിയായി കൃഷിഉടമയ്ക്ക്‌ നൽകുന്നു". അത്ഭുതകരമായ വാർത്ത. നമ്മുടെ നാടും ഈ സദുദ്യമത്തിന്‌ തയ്യാറുണ്ടോ?
നാളികേര ഐസ്ക്രീമിന്റെ വിജയകഥപറഞ്ഞു സദസ്സിനെ കൊതിപ്പിച്ചു അമേരിക്കയിൽ നിന്നുള്ള ടക്കർ - ടീന ദമ്പതികൾ.
പക്ഷേ ഒരു കാര്യം എനിക്ക്‌ അഭിമാനത്തോടെ തന്നെ പറയുവാൻ കഴിഞ്ഞു.  കർഷകന്‌ വളം തൊട്ട്‌ ജലസേചനം വരെ, കൃഷി പരിപാലനമുറകൾ ഉൾപ്പെടെ സർവ്വതും സൗജന്യമായി നൽകുന്ന കേരബോർഡിന്റെ സ്വന്തം പദ്ധതിയായ കേരകർഷകരുടെ കൂട്ടായ്മയായ ക്ലസ്റ്റർ എന്ന ഷെൽട്ടർ പുരാണം, ചങ്ങാതികളെന്ന തെങ്ങ്‌ സംരക്ഷകരുടെ കഥ, സിപിഎസ്‌ എന്ന കർഷക കൂട്ടായ്മകളെക്കുറിച്ചും. കൂടാതെ തൊഴിലുറപ്പ്‌ എന്ന നൂതന കാർഷിക പരിപാടി വഴി കർഷകരുടെ കൃഷിയിടങ്ങളിലെ കാർഷിക വൃത്തികൾ സൗജന്യമായി ചെയ്തുതരുന്ന പദ്ധതിയെക്കുറിച്ചും ഞാൻ ചങ്കൂറ്റത്തോടെ പറഞ്ഞു. ഇന്ത്യയുടെ കേരമേഖലയിൽ 1937ലെ, അത്യുത്പാദനശേഷിയുള്ള ടിഃഡി എന്ന അത്ഭുത ജാനസ്സിന്‌ ജന്മം നൽകി കേരലോകത്തെ ഞെട്ടിച്ച കഥ പ്രതിനിധികൾ അത്ഭുതത്തോടെ വാഴ്ത്തി. നമ്മുടെ പ്രശസ്തമായ കേരശാസ്ത്ര പ്രസിദ്ധീകരണങ്ങൾ, മലബാർ കുടിയേറ്റം വഴി അത്ഭുതം സൃഷ്ടിച്ച മലയാളി സാഹസികത എല്ലാം ഞാൻ വിവരിച്ച്‌, നമ്മുടെ കേരപ്പെരുമയ്ക്ക്‌ പ്രതിനിധികളിൽ കൊഴുപ്പേകി.  മറക്കില്ല, എനിക്ക്‌ ലഭിച്ച അനുഭവ സമ്പത്ത്‌. ഒളിഞ്ഞുകിടക്കുന്ന കേരത്തിന്റെ അനന്തസാദ്ധ്യതകൾ, കേരബോർഡ്‌ അധികൃതരെ, കൊക്കോടെക്ക്‌ ഒരു കോക്കനട്ട്‌ വണ്ടറായി. കേരബോർഡിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽകൂടി.
മുൻ ഗവേഷണ, വികസന സമിതി അംഗം, നാളികേര വികസന ബോർഡ്‌

19 Sept 2012

മഴയും നിലാവും പെയ്ത രാവില്‍



 ഷെരീഫ് കൊട്ടാരക്കര

ഉത്രാട പാച്ചിലിനു ശമനം വന്നിരിക്കുന്നു. വല്ലപ്പോഴും കടന്ന് പോകുന്ന വാഹനങ്ങളും അങ്ങിങ്ങ് ഒന്ന് രണ്ട് കാല്‍നടക്കാരുമൊഴിച്ചാല്‍ വിജനമായിരുന്ന നിരത്തിലൂടെ തെളിഞ്ഞ് നിന്ന നിലാവില്‍ ഞാന്‍ പതുക്കെ നടന്നു.
വര്‍ഷങ്ങളായി ഇതെന്റെ പതിവാണ്, ഉത്രാട രാവിലെ ഓണ നിലാവില്‍ ലക്ഷ്യമില്ലാതെ നടക്കുക എന്നത്.രണ്ട് പെരുന്നാള്‍ രാവുകളിലും ഞാന്‍ ഇപ്രകാരം രാത്രി ഏറെ ചെല്ലുമ്പോള്‍ ഏകനായി നടക്കും. മനുഷ്യ ജീവിതത്തിന്റെ പല മുഖങ്ങള്‍ വിവിധ കോണുകളിലൂടെ നോക്കി കാണാന്‍ സാധിക്കുന്ന ഒരവസരമാണിത്.
നേരത്തെ പെയ്ത മഴയുടെ അവശിഷ്ടമായി നിരത്തില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കി ഓരം ചേര്‍ന്നു നടന്നപ്പോള്‍ നിരത്തിനു സമീപമുള്ള കട തിണ്ണയില്‍ രണ്ട് പേരെ നിലാ വെളിച്ചത്തില്‍ ഞാന്‍ കണ്ടു. അവരില്‍ പ്രായമുള്ള മനുഷ്യനു ഏകദേശം 65നും 70നും മദ്ധ്യേ പ്രായം കാണും. അയാള്‍ അവിടെ ഇരിക്കുകയായിരുന്നു. അപരന്‍ 35 വയസ്സോളം പ്രായമുള്ള യുവാവാണ്.
യുവാവ് വൃദ്ധനെ എഴുന്നേല്‍പ്പിക്കാനുള്ള ശ്രമത്തിലായിരുന്നു എന്നെനിക്ക് മനസിലായി. ഈ പ്രായത്തിലും ആജാനുബാഹു ആയ ആ മനുഷ്യന്‍ ആരോഗ്യവാനാണെന്നും അദ്ദേഹം സൈന്യത്തില്‍ നിന്നോ പോലീസില്‍ നിന്നോ പെന്‍ഷന്‍ പറ്റി പിരിഞ്ഞ ആളാണെന്നും മുഖത്തെ മീശയും അജ്ഞാ സ്വരത്തിലുള്ള സംസാര രീതിയും എന്നെ ബോദ്ധ്യപ്പെടുത്തി.
”നിനക്ക് പോകാം, ഞാന്‍ വീട്ടിലേക്ക് വരില്ല’ അയാള്‍ യുവാവിനോട് കര്‍ശനമായി പറഞ്ഞു.
എന്നെ കണ്ടപ്പോള്‍ ജാള്യതയിലായ യുവാവ് വൃദ്ധന്റെ കൈ പിടിച്ച് പതുക്കെ പറഞ്ഞു.’ അഛാ, നമുക്ക് പോകാം; എല്ലാവരും വീട്ടില്‍ അഛനെ നോക്കി ഇരിക്കുകയാണ് ‘.
‘ ഇല്ലാ ഞാന്‍ വരില്ല , എനിക്ക് വരാന്‍ സാധിക്കില്ല, നീ പോ….’ വൃദ്ധന്‍ വീണ്ടും തല കുനിച്ചിരുന്നു.
ആ യുവാവ് നഗരത്തിന്റെ തിരക്കിലൂടെ കാര്‍ ഓടിച്ച് പോകുന്നത് പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്. ഏതോ ഉയര്‍ന്ന ഉദ്യോഗസ്ഥനാണെന്ന് അയാളുടെ ഭാവങ്ങളും കാറിന്റെ പുതുമയും വെളിപ്പെടുത്തിയിരുന്നു. അപ്രകാരമുള്ളവര്‍ക്ക് ഇപ്പോള്‍ കണ്ട രംഗങ്ങളില്‍ പെട്ട് പോയാല്‍ സാധാരണ ഉണ്ടാകുന്ന എല്ലാ പരുങ്ങലും അയാളില്‍ ഞാന്‍ കണ്ടു. അത് കൊണ്ട് തന്നെ ആ ചമ്മല്‍ മാറ്റി സമാധാനിപ്പിക്കാനായി അയാളുടെ തോളില്‍ തലോടി ഞാന്‍ ചോദിച്ചു ‘ എന്ത് പറ്റി അഛനു, എന്റെ സഹായം എന്തെങ്കിലും വേണോ?’
എന്റെ സമീപനം അയാള്‍ക്ക് നല്ലരീതിയില്‍ അനുഭവപ്പെട്ടു എന്ന് മുഖത്തെ ഭാവം വ്യക്തമാക്കി. അത് കൊണ്ടായിരിക്കാം അയാള്‍ കാര്യങ്ങള്‍ ചുരുക്കത്തില്‍ വിവരിച്ചു.
വൃദ്ധന്റെ അഛന്‍ തൊണ്ണൂറ്റി മൂന്നാമത്തെ വയസില്‍ കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു. ‘അഛനും വല്യഛനും പിതൃപുതൃ ബന്ധത്തിലുപരി ഉറ്റ സ്‌നേഹിതന്മാരെന്ന നിലയിലായിരുന്നു ജീവിച്ചിരുന്നത്. പോലീസിലെ സര്‍ക്കിള്‍ ഇന്‍സ്പക്റ്റര്‍ ലാവണത്തില്‍ നിന്നും പെന്‍ഷന്‍ പറ്റിയ അഛന്‍ ഔദ്യോഗിക ജീവിതത്തിലിരിക്കുമ്പോഴും ഒന്നിരാടം വീട്ടില്‍ വന്ന് വല്യഛനോടൊപ്പം രാത്രി കഴിച്ച് കൂട്ടും. പത്ത് വര്‍ഷങ്ങള്‍ക്കള്‍ക്ക് മുമ്പ് വരെ അവര്‍ രണ്ട് പേരും കൂട്ട്കാരെ പോലെ ബാറ്റുമിന്റനും മറ്റും കളിച്ചിരുന്നു.
ഞങ്ങള്‍ കുടുംബാംഗങ്ങള്‍ എല്ലാവരും ഒരു വലിയ പുരയിടത്തില്‍ അടുത്തടുത്തായി വീടുകള്‍ പണിത് ഒരു വലിയ കൂട്ടുകുടുംബമായി കഴിഞ്ഞു വരുന്നു. അഛനും വല്യഛനും എന്നോടൊപ്പമാണ്. അചന്റെ പ്രിയപ്പെട്ട ഭാര്യ അതായത് എന്റെ അമ്മ മരിച്ചപ്പോഴും അഛന്‍ പിടിച്ച് നിന്നു. പക്ഷേ വല്യഛന്റെ മരണം അഛനു താങ്ങാന്‍ കഴിഞ്ഞിരുന്നില്ല.’
‘ഞാന്‍ എങ്ങിനെ അത് താങ്ങുമെടാ’വൃദ്ധന്‍ തലപൊക്കി മകനോട് ചോദിച്ചു. തലേ ദിവസം രാത്രിയിലും എഴുന്നേറ്റ് കട്ടിലിനടുത്ത് വന്ന് എന്റെ തലയില്‍ തലോടി, ഞാന്‍ ഉറങ്ങാന്‍ പോകുവാ, നീ ഉറങ്ങിക്കോ എന്നും പറഞ്ഞ് പോയി കിടന്നതല്ലേ, ഒരുപ്പോക്ക് പോകുവാന്ന് ആരു കരുതി. നേരം വെളുത്തിട്ടും എഴുന്നേല്‍ക്കാത്തതെന്തെന്ന് പോയി നോക്കിയപ്പോള്‍ …..’വൃദ്ധന്റെ സ്വരത്തില്‍ വിറയല്‍ വന്നു.
‘മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിനു ഇന്നെന്താണ് ഇങ്ങിനെയൊരു പ്രതികരണം…? യുവാവിനോടുള്ള എന്റെ ചോദ്യം സ്വാഭാവികമായിരുന്നു.
യുവാവിന്റെ മുഖത്ത് നേരിയ ചിരി കാണാനായി.
ദൂരെ എവിടെയോ മഴ പെയ്യുന്നു എന്നറിയിച്ച് കൊണ്ട് ഒരു തണുത്ത കാറ്റ് അതിലൂടെ കടന്ന് പോയി. വൃദ്ധന്‍ തല ഉയര്‍ത്തി എന്നെ നോക്കി പിന്നീട് മകനേയും.
‘ എല്ലാ വര്‍ഷവും തിരുവോണ പുലരിയില്‍ വല്യഛന്‍ മക്കളുടെയും പേരക്കുട്ടികളുടെയും വീടുകള്‍ സന്ദര്‍ശിക്കും. അഛനും കൂടെ കാണും. ഈ സന്ദര്‍ശന സമയം വല്യഛന്‍ വീതിയില്‍ കസവ് വെച്ച് പിടിപ്പിച്ച ഒരു നേരിയത് തലയില്‍ കിരീട രൂപത്തില്‍ ധരിച്ചിരിക്കും.ആകെയൊരു രാജകീയ ഭാവം. ഓരോ വീടിന്റെ വാതിലില്‍ അഛന്‍ തട്ടി വിളിച്ച് പറയും. ‘ ദാ നമ്മുടെ മാവേലി വന്നു.’ വല്യഛന്റെ സന്ദര്‍ശനം എല്ലാ മക്കള്‍ക്കും അറിയാമായിരുന്നതിനാല്‍ എല്ലാവരും വീടിനു പുറത്ത് വരും. ആ പുലര്‍ കാലത്തെ അന്തരീക്ഷം ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റേത് മാത്രമായി തീരും. വല്യഛന് എല്ലാ പേരക്കുട്ടികളുടെയും പേരെടുത്ത് വിളിച്ച് ക്ഷേമാന്വേഷണം നടത്താന്‍ തക്ക വിധം ഓര്‍മ ശക്തിക്ക് ഒരു കുറവും സംഭവിച്ചിരുന്നില്ല…..’
പെട്ടെന്ന് വൃദ്ധന്‍ പൊട്ടിക്കരഞ്ഞു.’ ഈ വര്‍ഷത്തെ ഓണത്തിനു ഞാന്‍ ആരെയാണ് കൊണ്ട് നടക്കുക… വീട്ടിലിരുന്നാല്‍ ഇതെല്ലാം ഓര്‍മ്മ വരും ..’
കരയുന്ന അഛനെ കെട്ടി പിടിച്ച് ആ മകനും കരഞ്ഞപ്പോള്‍ കഴിഞ്ഞ ദിവസം ഞാന്‍ സാക്ഷിയായ മറ്റൊരു നിലവിളിയെ കുറിച്ചുള്ള ഓര്‍മ്മ എന്റെ ഉള്ളില്‍ സങ്കടമോ സന്തോഷമോ എന്താണ് ഉളവാക്കിയതെന്നറിയില്ല.
അത് ഒരു മകന്‍ മാത്രമുള്ള മാതാവിന്റെ നിലവിളി ആയിരുന്നു. അഗതി മന്ദിരം വൃദ്ധസദനമായി ഉപയോഗിച്ച് വരുന്ന ഒരു സ്ഥാപനമായിരുന്നു സംഭവസ്ഥലം. മറ്റൊരു കാര്യത്തിനായി അല്‍പ്പ ദിവസങ്ങള്‍ക്ക് മുമ്പ് ആ സ്ഥാപനത്തില്‍ പോയതായിരുന്നു ഞാന്‍ . യാദൃശ്ചികമായി എന്റെ ഒരു പരിചയക്കാരന്റെ മാതാവിനെ ഞാന്‍ അവിടെ കണ്ടു. വിദൂരതയില്‍ കണ്ണും നട്ട് സ്ഥാപനത്തിന്റെ പുറക് വശമുള്ള തോട്ടത്തില്‍ ഒരു ആഞ്ഞിലി മരത്തിന്റെ തണലില്‍ കിടന്ന സിമിന്റ് ബെഞ്ചില്‍ അവര്‍ ഇരിക്കുകയയിരുന്നു. അടുത്ത് ചെന്ന് ഞാന്‍ മുരടനക്കിയപ്പോള്‍ അവര്‍ തല ഉയര്‍ത്തി എന്നെ നോക്കുകയും തിരിച്ചറിഞ്ഞപ്പോള്‍ പെട്ടെന്ന് ചാടി എഴുന്നേല്‍ക്കുകയും ചെയ്തു.
‘അമ്മ ഇവിടെ……..’?! ഞാന്‍ ശങ്കയോടെ വിവരം അന്വേഷിച്ചു.
‘അവന്‍ ബിസ്സിനസ് ആവശ്യത്തിനായി തിരുവനന്തപുരത്ത് സെറ്റില്‍ ചെയ്തു. ഒറ്റ മുറി ഫ്‌ലാറ്റില്‍. ഭാര്യയെയും കുട്ടികളെയും കൂടെ കൂട്ടി. ഒരു മുറി മാത്രമുള്ള ഫ്‌ലാറ്റില്‍ ഞാനും കൂടെ താമസിക്കുന്നതെങ്ങീയെന്ന് കരുതി എന്നെ ഇവിടെ കൊണ്ടു വന്നു.അവന്‍ ആവശ്യത്തിനു രൂപ കൊടുക്കുന്നത് കൊണ്ട് ഇവിടെ സുഖമാണ്.’ മകനെ കുറ്റപ്പെടുത്തുന്നതൊന്നും തന്റെ വാക്കുകളില്‍ ഉണ്ടായിരിക്കരുതെന്ന വ്യഗ്രത അവരില്‍ പ്രകടമായി കണ്ടു.
എങ്കിലും മനസ് ഏതോ പന്തി ഇല്ലായ്ക മണത്തു. അവന്റെ ഭാര്യ ഈ അമ്മയോട് എങ്ങിനെയാണ് പെരുമാറിയിരുന്നതെന്ന് എനിക്ക് സുവ്യക്തമായിരുന്നല്ലോ. ആവശ്യമില്ലാതെ ചോദ്യങ്ങള്‍ ചോദിച്ച് അവരെ അലട്ടരുതെന്ന് കരുതി ഞാന്‍ യാത്ര പറഞ്ഞ് തിരികെ പോകാന്‍ നേരം അവര്‍ എന്നെ വിളിച്ചു.’ഒന്ന് നില്‍ക്കണേ!’
‘മകനോടൊന്ന് പറയുമോ, ഓണ ദിവസം എനിക്ക് അവന്റെ കുഞ്ഞുങ്ങളെ ഒന്ന് കാണാനായി കൊണ്ട് വരണമെന്ന്….. ആ കൊച്ചു കുഞ്ഞുങ്ങളെ ഒന്ന് കാണാന്‍ വല്ലാത്ത ആഗ്രഹം’ പറഞ്ഞ് പൂര്‍ത്തിയാക്കുന്നതിനു മുമ്പ് അവര്‍ വിമ്മി കരഞ്ഞു. ഞാന്‍ വല്ലാതായി.
രംഗം വീക്ഷിച്ച് കൊണ്ടിരുന്ന ആയ ഓടി വന്നു. ‘നിങ്ങള്‍ക്കെന്താ ഇവിടെ കുഴപ്പം, സമയത്ത് ആഹാരമില്ലേ? പരിചരണമില്ലേ? ഹും… എന്തിന്റെ കുറവാ നിങ്ങള്‍ക്ക്….ഹും…?’ആയമ്മയുടെ വാക്കുകകളില്‍ ഒരു മയവുമില്ലായിരുന്നു. .
പെട്ടെന്ന് അമ്മ സമനില വീണ്ടെടുത്തു. രണ്ടാം മുണ്ട് കൊണ്ട് മുഖം തുടച്ചു. എന്നെ നോക്കി ചിരി പോലൊന്ന് വരുത്തിയിട്ട് പറഞ്ഞു, ‘എന്നാ….പൊയ്‌ക്കോ..’
ഈ ഓണ തലേന്ന്, ഇപ്പോള്‍ രാത്രിയില്‍, വ്യത്യസ്തമായ മറ്റൊരു രംഗത്തിനു സാക്ഷി ആകുമ്പോള്‍ ആ അമ്മയുടെ ദു:ഖം എന്നില്‍ നിറഞ്ഞ് നിന്ന് ഏങ്ങലടിക്കുന്നതായി എനിക്കനുഭവപ്പെട്ടു.
ഞാന്‍ മുമ്പോട്ട് നടന്ന് ചെന്ന് അഛന്റെ കൈ പിടിച്ച് പറഞ്ഞു. ‘ വിശുദ്ധ ഗൃന്ഥങ്ങള്‍ പറയുന്നത്, മരണം സുനിശ്ചിതമണെന്നാണ്, മരണത്തിന്റെ രുചി അറിയാത്ത ഒന്നും ഈ ലോകത്തിലില്ല എന്നും. സയന്‍സും അത് തന്നെ പറയുന്നു. അപ്പോള്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ള അങ്ങയെ പോലുള്ളവര്‍ കുറച്ച് കാലം മുമ്പ് പിതാവ് മരിച്ചുപോയി എന്നു പറഞ്ഞു ഈ ദിവസം വീടു വിട്ടിറങ്ങുകയും കടത്തിണ്ണയില്‍ കരഞ്ഞും കൊണ്ടിരിക്കുകയും ചെയ്യുന്നത് ശരിയാണോ? ഇതിലെ കാറില്‍ കടന്ന് പോയ എത്രയോ പേര്‍ ഈ രംഗം കണ്ടു കാണും. അഛനും മകനും മാനക്കേടല്ലേ അത്. അങ്ങയുടെ അഛന്‍ ജീവനോടിരുന്നിരുന്നു എങ്കില്‍ അങ്ങ് ഇങ്ങിനെ വീട് വിട്ടിറങ്ങി ഈ പീടിക തിണ്ണയില്‍ ഇരിക്കുന്നത് കാണാന്‍ ഇഷ്ടപ്പെടുമായിരുന്നോ? അങ്ങയുടെ അഛന്റെ സ്ഥാനത്ത് നാളെ പുലര്‍ച്ച അങ്ങ് തലയില്‍ കസവ് തലേക്കെട്ടു കെട്ടി എല്ലാ പേരക്കുട്ടികളുടെയും സമീപം പോയി ക്ഷേമാന്വേഷണം നടത്തണം. ഈ നില്‍ക്കുന്ന മകന്‍ കൂടെ വരട്ടെ. അങ്ങയുടെ കാലശേഷം അങ്ങയുടെ മകന്‍ ഏറ്റെടുക്കട്ടെ ഈ ജോലി. വിശേഷ ദിവസങ്ങളിലെ പ്രധാന ഉദ്ദേശവും അത് തന്നെയല്ലേ?എല്ലാവരും ലോകത്ത് ക്ഷേമത്തില്‍ കഴിയുന്നത് കാണാന്‍ സന്ദര്‍ശനം നടത്തുക എന്നത്. പക്ഷേ….’ വാക്കുകളില്‍ വിറയല്‍ അനുഭവപ്പെട്ടപ്പോള്‍ ഞാന്‍ നിര്‍ത്തി. ആ അമ്മ എന്റെ ഉള്ളില്‍ നിറഞ്ഞ് നില്‍ക്കുന്നു ഇപ്പോള്‍…..
ഞാന്‍ ആ കഥ അഛനോടും മകനോടും പറഞ്ഞിട്ട് ഇത്രയും കൂട്ടി ചേര്‍ത്തു.’ ആ അമ്മയുടെ അനുഭവവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിങ്ങളുടെ ഈ സ്‌നേഹം വാക്കുകള്‍ക്കതീതമാണ്, അത് അപൂര്‍വവുമാണ്.’ പറഞ്ഞ് പൂര്‍ത്തിയാക്കുന്നതിനു മുമ്പ് ഒരു വലിയ വാന്‍ സഡന്‍ ബ്രേക്കിട്ട് അവിടെ നിന്നു. അതിന്റെ ഉള്ളില്‍ നിന്നും ആഹ്ലാദ സ്വരത്തിലുള്ള ആരവങ്ങള്‍,വിളിച്ചു കൂവല്‍….ഡോര്‍ തുറന്ന് ഒരു പറ്റം കൌമാരങ്ങള്‍ പാഞ്ഞു വരുന്നു.
അപ്പോഴേക്കും മഴ ചാറി തുടങ്ങിയിരുന്നു.
‘ദേ! വല്യഛന്‍ …അഛന്‍ ….ചിറ്റപ്പോ ഇത് ഞങ്ങളാ…..’
മഴ തുള്ളികളെ പോലെ അവര്‍ പെയ്തിറങ്ങി..
‘എവിടെല്ലാം ഞങ്ങള്‍ അന്വേഷിച്ചു, അവസാനം കണ്ടല്ലോ….ഇനി വണ്ടീലോട്ട് കയറ്……’നിമിഷ നേരത്തിനുള്ളില്‍ വൃദ്ധനെ കൌമാരങ്ങള്‍ എല്ലാം ചേര്‍ന്നു എടുത്തുയര്‍ത്തി. വൃദ്ധന്‍ ആഹ്ലാദ സ്വരത്തില്‍ അലറി വിളിച്ചു’ എന്നെ വിടെടാ കഴുവേറികളേ…താഴെ ഇറക്കടാ എന്നെ….’ അവര്‍ താഴെ ഇറക്കിയില്ല നേരെ വാഹനത്തിനുള്ളിലേക്ക് ആ വൃദ്ധനെ കൊണ്ട് പോയിരുത്തി. അദ്ദേഹം ആ ആഹ്ലാദം അക്ഷരാര്‍ത്ഥത്തില്‍ നുണച്ചിറക്കിയിരുന്നതായി എനിക്ക് ബോദ്ധ്യം ഉണ്ട്.
വൃദ്ധന്റെ മകന്‍ എന്റെ രണ്ട് കൈകളും കൂട്ടി പിടിച്ച് എന്നെ നോക്കി ചിരിച്ചു. ആ ചിരിയില്‍ എല്ലാം അടങ്ങിയിരുന്നു. അയാളും വാഹനത്തിലേക്ക് കയറി ഇരുന്നു എന്റെ നേരെ കൈ വീശി. അപ്പോള്‍ കൌമാരങ്ങള്‍ക്കിടയില്‍ നിന്നും ഒരു വൃദ്ധകരവും എന്റെ നേരെ വീശുന്നുണ്ടായിരുന്നു.
മഴ അപ്പോഴും പെയ്തിരുന്നെങ്കിലും ഉത്രാട നിലവിന്റെ ശോഭ കുറഞ്ഞിരുന്നില്ല.മഴയും നിലാവും ഒരുമിച്ച് പെയ്തിറങ്ങുന അ രാവില്‍ ഒഴിഞ്ഞ നിരത്തിലൂടെ ഈ സന്തോഷ അനുഭവത്തിനു സാക്ഷ്യം വഹിച്ച് ഞാന്‍ വീട്ടിലേക്ക് തിരികെ നടക്കുമ്പോള്‍ ദൂരത്ത് മറ്റൊരു സ്ഥലത്ത് ആ അമ്മ ഉറക്കം വരാതെ തന്റെ പേരക്കുട്ടികളെ ഓര്‍മ്മിച്ച് തലയിണ കണ്ണീരില്‍ കുതിര്‍ക്കുകയായിരിക്കുമെന്ന ചിന്ത എന്നെ വല്ലാതെ വേദനപ്പെടുത്തിക്കൊണ്ടിരുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...