15 Aug 2011

മുഖക്കുറിപ്പ്






ഓരോ മാസവും നൂറ് എഴുത്തുകാർ

എല്ലാ മാസവും 15 നു പുറത്തിറങ്ങുന്നു

മലയാളസമീക്ഷയുടെ മൂന്നാം  ലക്കമാണിത്.
വായനക്കാരുടെയും എഴുത്തുകാരുടെയും
പിന്തുണ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നേടാനായത്
കൂടുതൽ പ്രവർത്തിക്കാനുള്ള പ്രചോദനമാണ്.
മലയാളത്തിലെ എല്ലാ എഴുത്തുകാരെയും ഇന്റർനെറ്റിൽ
കൊണ്ടുവരുകയാണ് ഞങ്ങളുടെ ലക്ഷ്യം.
എഴുത്തുകാരുടെ രചനകളോടൊപ്പം അവരുടെ ചിത്രങ്ങളും നെറ്റിൽ ലഭ്യമാകണം.
മലയാളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ
എഴുത്തുകാരുടെ കൃതികൾ മാസംതോറും പ്രസിദ്ധീകരിക്കുന്നത് മലയാളസമീക്ഷയാണ്.
പല അച്ചടി മാസികകളിലും ഇന്ന് ഇടം കുറവാണ്.
സാഹിത്യത്തിനുള്ള ഇടം മറ്റു വിഷയങ്ങൾ കൊണ്ടുപോകുന്നു.
പത്രങ്ങളാകട്ടെ, സാംസ്കാരിക വാർത്തകൾ പ്രാദേശിക
 താളുകളിൽപ്പോലും കൊടുക്കാൻ മടികാണിക്കുന്നു.
ഇതു തീർച്ചയായും തെറ്റായ സന്ദേശമാവും നൽകുക.
മലയാളം എല്ലാ ക്ലാസ്സുകളിലും പഠിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത് നന്നായി.
എന്നാൽ നമ്മുടെ ഭാഷയോടുള്ള മനോഭാവം മാറുന്നില്ല.
അതാണ് ഇനി മാറേണ്ടത്.
ഒരു സാംസ്കാരിക വികാരം ഇനിയും ശക്തിപ്പെട്ടിട്ടില്ല.





മലയാളസമീക്ഷ ഓണപ്പതിപ്പ് :ഇവിടെ ക്ളിക്ക് ചെയ്യൂ

ബോൾസുകൾ



ശ്രീകൃഷ്ണദാസ് മാത്തൂർ
ചെംകാന്തി, ചുവട്ടിലും,
ശിഖരങ്ങൾ തുടങ്ങുന്നിടത്തും
ചെന്നധ:പതിച്ചിരിക്കുന്നു.

ഗ്ലാസ്നോസ്തും
പേരെസ്ത്രോയിക്കയും കഴിഞ്ഞ
റഷ്യക്കാരനെപ്പോലെ
ഇലയിടുക്കിൽ ചുവപ്പൊളിപ്പിച്ച്‌
പച്ചക്കൊടികൾ പാറിച്ചു
നിൽക്കുന്നു..

എങ്കിലും, വീർത്തുനിൽക്കും
വീർപ്പുമുട്ടലിൽ ചെ-
ന്നാരാനുമൊന്നു തൊട്ടാൽ...

മുഷ്ടിചുരുട്ടിപ്പൊട്ടി-
ച്ചിങ്ക്വിലാബു വിളിക്കുന്നു
മുറ്റത്തെ ബോൾസുകൾ*..!

(ശ്രീകൃഷ്ണദാസ്‌ മാത്തൂർ)
----------
കുറിപ്പ്‌:
* - ബോൾസ്‌ എന്ന വീട്ടുചെടി.
----------------

14 Aug 2011

മുഖക്കുറിപ്പ്

 ഓരോ മാസവും നൂറ് എഴുത്തുകാർ


ഓണപ്പതിപ്പ് [ആഗസ്റ്റ് 15 സെപ്റ്റംബർ 15]click here 


reading problem,?
please download the three fonts LIPI. UNICODE RACHANA:CLICK HERE

മലയാളസമീക്ഷയുടെ ആദ്യ ലക്കത്തിനു ലഭിച്ച വലിയ സ്വീകരണത്തിനു ഞങ്ങൾ വായനക്കരോട് നന്ദി പറയുന്നു..
എല്ലാ ലക്കവും നൂറ് എഴുത്തുകാർ മലയാളസമീക്ഷയെ സമ്പന്നമാക്കൻ വലിയ സംഭാവന ചെയ്യുന്നു, രചനകളിലൂടെ.
ഈ ഓണപ്പതിപ്പ്,  സാധാരണയായി   കണ്ടു വരുന്ന  മുൻ‍വിധികളെ തെറ്റിക്കും.
മലയാള ഭാഷയുടെ പ്രസക്തിയും അതിന്റെ ഭാവിയുമാണ്‌ ഞങ്ങളെ ഈ സംരഭത്തിൽ വിടാതെ പിടിച്ചുനിർത്തുന്നത്.
മലയാളം എത്രയോ സമ്പന്നമായ ഒരു ഭാഷയാണെന്ന് ഓരോ നിമിഷവും ചിന്തിച്ചുകൊണ്ടാണ്‌ ഞങ്ങൾ ഈ പേജുകൾ തയ്യാറാക്കിയത്.
ആ ബൃഹത്തായ അനുഭവത്തിൽ നിങ്ങളും പങ്കാളിയാകൂ.

എല്ലാമാസവും പതിനഞ്ചാം തീയതി പ്രസിദ്ധീകരിക്കുന്നു

 

മലയാളസമീക്ഷ ഓണപ്പതിപ്പ് :ഇവിടെ ക്ളിക്ക് ചെയ്യൂ

വിൽക്കാനുണ്ട്‌ രത്നം



സാജു പുല്ലൻ

നേരിൽ കാണാനുള്ള ക്ഷണം സ്വീകരിച്ചാണ്‌ അവൾ ധനികനായ മനുഷ്യന്റെ മുറിയിൽ എത്തിയത്‌. അയാൾ അവളെ കാത്തിരിക്കുകയായിരുന്നു. അയാൾ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും സുന്ദരിയായിരുന്നു അവൾ, എല്ലാ ഭംഗികളേക്കാളും ഭംഗിയുള്ളവൾ. മുമ്പെവിടേയും കണ്ടിട്ടില്ലാത്തത്ര ഉടൽ അഴകുള്ളവൾ.

കരിവണ്ടഴകുള്ള കണ്ണുകൾ, ആപ്പിൾ റോസ്‌ ചുണ്ടുകൾ, കൊഴുത്ത ദേഹത്തെ മുഴുത്ത .......ഒക്കെ തുറന്നുകാണാൻ കൊതിയായി. കായൽക്കരയിലെ ഹോട്ടൽമുറിയിൽ അയാൾക്കരികെ അവൾ കാതരയായി ഇരുന്നു.

അഴിമുഖത്തു നിന്നും വീശിയ കാറ്റ്‌ നഗരത്തിലേക്ക്‌ കടന്നു ,കാറ്റ്‌ ഒരു കമ്പളം കണക്കെ അവരെ പൊതിഞ്ഞു. ഈറൻ കാറ്റായിരുന്നു എന്നിട്ടും അവർ ഇരുന്നു വിയർത്തു.

രത്നവേട്ടക്കാരന്റെ കയ്യിലമർന്ന നിധികുംഭത്തെപ്പോലെ അയാൾ അവളെ ചുംബിച്ചു. ....നിധികുംഭത്തിന്റെ മേലാട അഴിച്ചു മാറ്റി.

ഉൾതലത്തിലെ ഇരുൾ കയത്തിൽ ഒരു മാംസസ്പർശം അവൾ അറിഞ്ഞു. തെല്ലു നേരത്തിനുള്ളിൽ ആ നക്ഷത്ര സ്യൂട്ടിൽ കൊള്ളചെയ്യപ്പെട്ട ഒരു നിധികുംഭം പോലെ അവൾ തുറന്നുകിടന്നു.ഉടലിന്റെ ദാഹമൊടുങ്ങി അയാൾ അലിവോടെ അവളെ ചേർത്തണച്ചു. അവളെ ഒരുപാട്‌ ഇഷ്ടപ്പെട്ടു അയാൾക്ക്‌. താൻ രുചിച്ചിട്ടുള്ളതിൽ വച്ചേറ്റവും മധുരമുള്ള ശരീരം ഇവളുടേതാണ്‌. തേന്‍‌മധുരമുള്ള ശരീരം. !
ഇന്നിത്രക്ക്‌ മതി. തമ്മിൽ പിരിയാം. അയാൾ കരുണയോടെ അവളോട്‌ ആരാഞ്ഞു.
'സുന്ദരി എനിക്കു കുറച്ചു തിരക്കുകളുണ്ട്‌. നമുക്ക്‌ പിരിയാം. സമയം നിനക്കും വിലപ്പെട്ടതാണല്ലോ?

അവൾ പറഞ്ഞു എനിക്കു തിരക്കില്ല സാർ.തന്നെയുമല്ല. അങ്ങയോട്‌ എന്നെപ്പറ്റി ചിലത്‌ വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. അതു പറയാൻ വേണ്ടീട്ട്‌ മാത്രമാണ്‌ ഞാൻ അങ്ങയുടെ ക്ഷണം സ്വീകരിച്ചതു്‌. അങ്ങേക്ക്‌ കേൾക്കാൻ മനസ്സുണ്ടാകണം.
ശരീരം കൊണ്ട്‌ സംസാരിച്ചതു തന്നെ ധാരാളം എന്ന്‌ മനസ്സിൽ പറഞ്ഞെങ്കിലും നൂറുവട്ടം മനസ്സാണ്‌ കുട്ടീ എന്ന്‌ അയാൾ അവളോട്‌ പറഞ്ഞു.


'അല്ലെങ്കിൽ തന്നെ ഇവൾ പറയാൻ പോകുന്നതൊക്കെ തനിക്കറിയാവുന്നതു തന്നെ. ഇവൾ ഒന്നാം തരം മോഡൽ അല്ലേ."
ഒരു വസ്ത്ര പരസ്യത്തിന്‌ മോഡലായി ഫാഷൻ വീക്കിലിയിൽ പ്രത്യക്ഷപ്പെട്ട ചിത്രം കണ്ട മാത്രയിൽ തന്നെ വല്ലാതെ ആകർഷിച്ചു. അതിൽ പിന്നെ ഹോട്ടലിന്റെ കൺവെന്‍ഷൻ സെന്ററിൽ ഫാഷൻ ഷോയിൽ നേരിട്ട്‌ കണ്ടു. ഉടയാത്ത ഉടലിന്റെ താളം റാമ്പിൽ കണ്ടപ്പോഴേ തീരുമാനിച്ചു,ഒരു ദിനം ഇവളോടൊപ്പം ഈ ഹോട്ടലിൽ തന്നെ കൂടണം.

മോഡലുകളെ സപ്ലെ ചെയ്യുന്ന പ്രോഡക്ഷൻ എക്സിക്യൂട്ടീവ്‌ അഭിയെ ഏർപ്പാടാക്കിയപ്പോൾ എല്ലാം എളുപ്പത്തിലാവുമെന്ന്‌ കരുതി. വശീകരിക്കുന്നതിനായി വലിയൊരു തുകയും വാഗ്‌ദാനം ചെയ്തിരുന്നല്ലോ!

ഒരാഴ്‌ച്ചയായുള്ള കഠിനപ്രയത്‌നത്തിനൊടുവിൽ ഒരറ്റ കൈ പ്രയോഗത്തിന്റെ വരവിനെ വിശേഷിപ്പിച്ചതു്‌. ഇവൾ ഒരു സാധാരണ മോഡൽ പോലും അല്ലപോലും. !

ഓ, പിന്നെ കൊക്കെത്ര കുളം കണ്ടിരിക്കുന്നു.
എന്തായിരുന്നുവോ അറ്റകൈപ്രയോഗം?

'അതെന്തെങ്കിലുമാവട്ടെ"
അയാൾ അവളെ നോക്കിപ്പറഞ്ഞു.
നിന്നെപ്പറ്റി എനിക്കറിയാമല്ലൊ സുന്ദരി, നീയൊരു നമ്പർ വൺ മോഡലല്ലേ"?
മോഡൽ മാത്രമല്ല സാർ ഞാനൊരു വിദ്ധ്യാർത്ഥിനിയാണ്‌.

"ഓഹൊ ,കാകദൃഷ്ടിർബകധ്യാനം,ശ്വാനനിദ്ര,തഥൈവച,അൽപ്പാഹാരം,ജീർണ്ണവസ്ത്രമേതദ്വിദ്യാർത്ഥി ലക്ഷണം എന്നാണല്ലോ ശാസ്ത്രം. നിന്നെ കണ്ടിട്ട്‌ അങ്ങനെയൊന്നും തോന്നുന്നില്ലല്ലോ.

അതൊരു പഴയ ലക്ഷണശാസ്ത്രമല്ലേ- സാർ.പഠിക്കാനുള്ള പണം തേടി മോഡലിംഗിനും, ഫാഷൻഷോയിക്കുമൊക്കെ പോയി ലക്ഷണം കെട്ടു.
അതേയോ അതെനിക്കൊരു പുതിയ അറിവാണല്ലോ. ! ഏത്‌ ഡിഗ്രിക്കാണ്‌ പഠിക്കുന്നത്‌?
എഞ്ചിനീയറിംഗ്‌ ഒന്നാം വർഷം.
യേത്‌ കോളേജിൽ? അയൾക്കാകാംക്ഷയായി. അവൾ പറഞ്ഞു,അങ്ങ്‌ അറിയും ഈ നഗരത്തിലെ പ്രശസ്തമായ സ്വാശ്രയ കോളേജാണ്‌. .............എന്നാണ്‌ പേര്‌

കോളേജിന്റെ പേരു കേട്ടതും ഭൂകമ്പത്തിൽപ്പെട്ട വൻമരത്തെപ്പോലെ അയാളുടെ ഉടല്‌ വിറച്ചു. എന്തുകൊണ്ട്‌? എന്തുകൊണ്ടിക്കാര്യം ആദ്യമേ പറഞ്ഞില്ല നീ? ക്ഷോഭത്താൽ അയാൾ കിതച്ചുകൊണ്ടിരുന്നു.


അതിനുത്തരമെന്നോണം അവൾ ആലങ്കാരികമായി ചിരിച്ചു.

അവൾ പറഞ്ഞു"വിദ്യാരംഭത്തിനു പണം വേണം. സ്വാശ്രയ സരസ്വതീഭവനത്തിൽ തലപ്പണം വേറെ വേണം. ധനമുള്ളവർക്ക്‌ എളുപ്പത്തിൽ വിദ്യ വിലക്കു വാങ്ങാം. പാവങ്ങൾക്കൊ എല്ലാം വിറ്റിട്ടുവേണം.
അവൾ അയാളുടെ കൈകൾ വിലങ്ങനെ ചേർത്തുപിടിച്ചു.
ഒന്നുമില്ല വീട്ടിൽ ഇനി വിൽക്കാൻ. പഠിത്തം നിർത്താനുമാവില്ല. അതുകൊണ്ട്‌ ഞാൻ സ്വയം .......അല്ലാ,പാവങ്ങളോന്നും പഠിക്കേണ്ടെന്ന്‌ പറയാനുമാവില്ലല്ലോ?

അയാളുടെ കണ്ണുകളിലേക്ക്‌ പാളിനോക്കിക്കൊണ്ട്‌ അവൾ നാടകീയമായി തുടർന്നു.
ഇനിയിപ്പൊ ആരെങ്കിലും അങ്ങനെ പറഞ്ഞാലും അങ്ങ്‌ പറയില്ലെന്ന്‌ എനിക്കുറപ്പാ. മറ്റാരേക്കാളും അങ്ങേക്കറിവുള്ളതാണല്ലോ വിദ്യാധനം സർവ്വധനാൽ പ്രധാനമെന്ന്‌.
അഴിഞ്ഞു വീഴുന്ന മുഖംമൂടി ഉറപ്പിക്കാൻ തത്രപ്പെടുന്ന നടന്റെ വിരുതോടെ അയാൾ ചോദിച്ചു.
എങ്ങിനെ,എങ്ങിനെ എനിക്കറിയാമെന്നാണ്‌ നീ പറഞ്ഞുവരുന്നത്‌?
അതോ, അവൾ ഒന്നു നിർത്തിയിട്ട്‌ നിഗൂഢമായ ചിരിയോടെ പറഞ്ഞു
ഒരു സ്വാശ്രയകോളേജിന്റെ ഉടയതിനല്ലേ വിദ്യാധനത്തെക്കുറിച്ച്‌ ഏറ്റവും നന്നായി അറിയുന്നത്‌. സാർ അങ്ങയുടെ ഉടമസ്ഥതയിലുള്ള കോളേജിലാണ്‌ ഞാൻ പഠിക്കുന്നത്‌.
നാടകത്തിന്റെ ക്ലൈമാക്സിൽ നായകന്റെ മുഖം‌മൂടി അഴിഞ്ഞു വീണ്‌ വില്ലനായവനെ കാണികൾ കൂകിവിളിക്കുന്ന ആരവം അയാളുടെ കാതുകളിൽ ഇരമ്പി. അഭിയുടെ അറ്റകൈ പ്രയോഗത്തിന്റെ ഫലം ഇതാണല്ലേ.

"അപ്പോള്‍ നീ ഒരുമ്പെട്ടിറങ്ങിയിരിക്കയാണല്ലേ?
നിവൃത്തികേടുകൊണ്ടാണ്‌ സാർ.അല്ലെങ്കിൽ ഒരുമ്പെട്ടിറങ്ങുമായിരുന്നില്ല. വല്ലാത്ത ഒരുറപ്പോടെയാണ്‌ അവൾ പറഞ്ഞത്‌

"രണ്ടാവശ്യങ്ങളേ എനിക്കുള്ളു.ഇനിയുള്ള കാലം എന്റെ പഠനത്തിനുള്ള ധനം അങ്ങ്‌ വഹിക്കണം. ഇനിയെന്നെ തേടുകയുമരുത്‌. അങ്ങനെയാണെങ്കിൽ നമ്മുടെ സംഗമം ഞാൻ രഹസ്യമായി സൂക്ഷിക്കും. അങ്ങേക്കൊരിക്കലും മാനഹാനി ഉണ്ടാവുകയില്ല. മാനത്തിന്‌ അങ്ങ്‌ വില പേശുകയില്ലെന്ന്‌ ഞാൻ കരുതുന്നു.
"യു ബ്ലാക്ക്‌ മെയിൽ മീ ബ്ലഡി ബിച്ച്‌"

"ഓഹ്‌ നോ സാർ കൂൾഡൗൺ,കൂൾഡൗൺ.മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ എന്താണെന്ന്‌ അങ്ങേക്കറിയില്ലെ. ഇല്ലെങ്കിലിതാ കേട്ടോ. ഭക്ഷണം ,വസ്ത്രം ,പാർപ്പിടം .കാലം മാറിയപ്പോൾ ഒന്നുകൂടി കൂടി. വിദ്യാഭ്യാസം.

"വിദ്യാദാനം സാമൂഹ്യസേവനം എന്നാണ്‌ വയ്‌പ്പ്‌. പക്ഷേ സാറമ്മാരൊക്കെക്കൂടി അതിനെ ലാഭക്കച്ചവടമാക്കി. ഒക്കെ സാറിന്‌ അറിയാവുന്നതു തന്നെ. അറിയില്ലെന്ന്‌ വെറുതെ ഭാവിക്കുകയാണ്‌. അടിസ്ഥാന ആവശ്യങ്ങൾ നൽകാൻ ചുമതലപ്പെട്ടവരിൽ നിന്നും അതു ചോദിച്ചുവാങ്ങുന്നതിനെ അവകാശസമരമെന്നാണ്‌ സാർ ഞ്ങ്ങൾ പറയുന്നത്‌. ബ്ലാക്ക്‌ മെയിലിംഗ്‌ എന്നല്ല .വിദ്യാഭ്യാസത്തിന്റെ രീതി മാറിയപ്പൊ സമരത്തിന്റെ രീതീം മാറി. അത്രയേയുള്ളു. സമരത്തെ നേരിടുന്ന എല്ലാ മുതലാളിമാരും ഇങ്ങനെയാണ്‌. മറ്റ്‌ പേര്‌ പറഞ്ഞ്‌ ആക്ഷേപിക്കും. അടിച്ചമർത്താൻ നോക്കും. എന്റെ ഈ സമരത്തിൽ അതൊന്നും നടപ്പില്ല കെട്ടോ. നാലാളറിഞ്ഞാൽ നാണക്കേട്‌ അങ്ങേക്ക്‌ തന്നെയാണ്‌. ഒരു കോളേജിന്റെ ഉടയോൻ തന്റെ കോളേജിലെ വിദ്യാർത്ഥിയെ പീഡിപ്പിച്ചു എന്നു നാട്ടുകാരറിഞ്ഞാൽ ..................ഛെ .കാതുകളിൽ ആൾക്കൂട്ടത്തിന്റെ കൂകിവിളികൾ ഇരമ്പുന്നു. ഒരു തലയാട്ടലോടെ അയാൾ തളർന്നിരുന്നു പോയി.


എല്ലാം സമ്മതിക്കുന്നു എന്ന കൈയൊപ്പിന്റെ ശരീര ഭാഷയാണ്‌ തലയാട്ടൽ. യാതൊരു എതിർപ്പുമില്ലാതെ അയാൾ കീഴടങ്ങുമെന്ന്‌ സ്വപ്‌നത്തിൽ കരുതിയിട്ടില്ല. അവളുടെ ഹൃദയം നിറഞ്ഞുപോയി. കണ്ണു നിറഞ്ഞത്‌ ശരീരത്തിന്റെ വേദന കൊണ്ടല്ല. നേട്ടത്തിന്റെ ആനന്ദമാണ്‌ . നഷ്ടപ്പെട്ടത്‌ വലുതാണെങ്കിലും നേടിയതും വലുതാണ്‌

ഇനിയുള്ള കാലം പഠനത്തിന്‌ മാറ്റിവെക്കണം. ഭാവികാലം മറ്റൊരു നഗരത്തിൽ ജോലി തേടിപ്പോകാം. കേടു പറ്റിയ സെല്ലുകളോടൊപ്പം ഭൂതകാലത്തിന്റെ പടവും ഈ ശ്മശാനത്തിൽ അഴിഞ്ഞുപോയ്‌ക്കൊള്ളും.
അകലെ ഗ്രാമത്തിൽ അച്ഛനും അമ്മയും ആധികൊണ്ടിരിക്കുകയായിരിക്കും. മോൾക്ക്‌ അടുത്ത മാസത്തേക്കുള്ള ഫീസ്‌ എങ്ങിനെ അയയ്ക്കുമെന്നോർത്ത്‌. മകളെ പഠിപ്പിച്ച്‌ പഠിപ്പിച്ച്‌ എഞ്ചിനീയർ ആക്കണം എന്ന്‌ മോഹിച്ച തന്റെ അച്ഛൻ.-പൂർണ്ണാ നദിയിലെ മണൽക്കുഴിയിൽ തോണി മറിഞ്ഞ്‌ മകൻ മരിച്ചുപോയതിൽ വിലപിച്ചു നിൽക്കുന്ന അച്ഛന്റെ മുഖമാണ്‌ എപ്പോഴും ഓർമ്മ വരുന്നത്‌. വിലാപങ്ങൾക്കിടയിലേപ്പോഴോ അച്ഛൻ പറഞ്ഞു
"പൂർണ്ണാ നദിക്കു മേലേയുള്ള പാലം എന്റെ മോൾ പണിയും."
പാലം പണിയുന്നത്‌ എഞ്ചിനീയറാ നിന്നെക്കൊണ്ടാവോ അതിനോക്കെ? കേട്ടു മടുത്ത ആരോ ചോദിക്കുകയാണ്‌.
ഞാനവളെ എഞ്ചിനീയറിംഗ്‌ പഠിപ്പിക്കും.
അതൊരു പ്രഖ്യാപനമായിരുന്നു.പിന്നീടതൊരു ശാഠ്യമായി. മകൾ പണിയുന്ന പാലം മകൻ താങ്ങിനിർത്തുമെന്നച്ഛൻ വിശ്വസിച്ചു. അച്ഛന്റെ വിശ്വാസം മകളുടെ സ്വപ്‌നമായി. തുടർന്നുള്ള പഠനത്തിന്‌ സ്ക്കോളർഷിപ്പ്‌ തരപ്പെട്ടു എന്ന്‌ അറിയിക്കുമ്പോഴുള്ള അച്ഛന്റെ ആശ്വാസത്തിന്റെ സ്വരം ഇപ്പോഴേ കാതിൽ കേൾക്കുന്നു.

ടബ്ബ്‌...ടബ്ബ് ...ടബ്ബ്.... അല്ലല്ലോ .ഒരു നിശ്വാസസ്വരമല്ലേ കേട്ടത്‌. പിന്നെ ആരോ കതകിൽ മുട്ടുന്നതാണ്‌ ,അഭിയായിരിക്കും. തിരികെ പോകാനുള്ള കാറുമായി വരാമെന്നേറ്റ സമയം കൃത്യമായി പാലിച്ചിരിക്കുന്നു.

ഇരുവരും ഉടുപുടവ വാരിച്ചുറ്റി കിടക്കവിട്ടെണീറ്റു.ടബ്ബ് ടബ്ബ് ടബ്ബ് വാതിലിൽ തട്ടുന്ന ശബ്ദം മുറുകുകയാണ്‌.

അയാൾ ടെലിഫോണിനരികിലേക്ക്‌ നീങ്ങി. വിളിക്കുമ്പോൾ മാത്രം റൂം ബോയിയെ അയച്ചാൽ മതിയെന്ന്‌ റിസപ്‌ഷനിൽ പറഞ്ഞേൽപ്പിച്ചിരുന്നതാണ്‌. പിന്നെ ആരാണ്‌ ഈ നരകക്കുഴിയിൽ പെട്ടു കിടക്കുന്ന തന്നെ ശല്യം ചെയ്യുന്നത്‌

റിസപ്‌ഷനിസ്റ്റില്‍ വിളിച്ച്‌ രണ്ടു പറയുക തന്നെ.
റിസീവർ പറിച്ചെടുത്ത്‌ ചെവിയിൽ ചേർത്തു വച്ചു. പക്ഷേ ഫോൺബന്ധം വിച്ഛേദിക്കപ്പെട്ടു പോയിരുന്നു. ഫോൺറിസീവറിന്‌ വല്ലാത്ത തണുപ്പും നിശബ്ദതയും. എന്തോ ഒരാപൽശങ്കയിൽ അയാളുടെ മനസ്സ്‌ പിടച്ചു. പുറത്തേക്ക്‌ വഴികളില്ലാത്ത വലിയൊരു ഒറ്റാൽ പോലെ ഹോട്ടൽ തങ്ങളെ വിഴുങ്ങിയിരിക്കുന്നു. ഏറ്റവും സുരക്ഷിതമെന്നു കരുതിയിരുന്ന ഈ ഹോട്ടൽ -ക്രമേണ ഫോണിന്റെ നിശബ്ദത അയാളിലേക്കും പകർന്നു.

അവളുടെ മുഖത്ത്‌ ഒരു മന്ദഹാസം വിരിഞ്ഞു. ഉച്ചക്കു മുമ്പ്‌ കോളേജിലെത്തിയാൽ രണ്ട്‌ അവർ ക്ലാസ്സിലിരിക്കാം. ഇനിയങ്ങോട്ട്‌` അവധികളില്ലാത്ത പഠനകാലമാണ്‌.
പൂർണ്ണ നദിക്കു കുറുകെയുള്ള പാലം ഇനിയെത്ര ഹ്രസ്വം.
അവൾ വാതിലിലേക്ക്‌ സാവധാനം നടന്നു. കൊളുത്തു നീക്കി വാതിൽ പാളി മലർക്കെ തുറന്നു. മുറിഞ്ഞുപോയ ടബ്ബ് ടബ്ബ് ശബ്ദങ്ങൾക്കൊപ്പം അവൾ കണ്ടു. നിയമം അതിന്റെ പിളർന്ന വായുമായി മുമ്പിൽ അവരേയും കാത്തുനിൽക്കുന്നു.

മനുഷ്യന്‍ ചീത്ത മൃഗമാണ്



-സുകുമാര്‍ അഴീക്കോട്‌



കിഴക്കും പടിഞ്ഞാറും ഉള്ള ചിന്തകന്‍മാര്‍ ഒരാശയത്തില്‍ തീര്‍ത്തും യോജിക്കുന്നുണ്ടെങ്കില്‍ അത്‌ മനുഷ്യന്‍ സൃഷ്ടിയുടെ മകുടമാണ്‌ എന്നതാണ്‌.കൃഷ്ണനും ക്രിസ്തുവും ഒക്കെ
ഇക്കാര്യത്തില്‍ കൈകോര്‍ത്ത്‌ നില്‍ക്കുന്നു.മഹാ ബുദ്ധിശാലിയായ ശങ്കരന്‍പോലും ഈ വിചാരം ഉണ്ടെന്ന് കണ്ട്‌ ഞാന്‍ ആശ്ചര്യപ്പെട്ടുപോയി. മനുഷ്യന്‍ തന്നെപ്പറ്റി മിനഞ്ഞുണ്ടാക്കിയ ഒരു ആശയം മാത്രമാണിത്‌ .

മൃഗങ്ങള്‍ എല്ലാം നല്ല മൃഗങ്ങളാണ്‌. മനുഷ്യന്‍ ചീത്ത മൃഗമാണ്‌.
എല്ലാ മൃഗങ്ങളും സ്വന്തം വംശത്തെ നശിപ്പിക്കില്ല . മനുഷ്യന്‍ ഉണ്ടായ കാലം തൊട്ട്‌ ഇന്നും നടത്തുന്ന ഏക വിനോദം സ്വന്തം സംഹാരമാണ്‌. അവന്‍റെ വളര്‍ച്ചയുടെ എല്ലാ നേട്ടങ്ങളും കേന്ദ്രങ്ങളും ഈ പ്രാകൃതമായ ക്രൂരതയെ തൃപ്തിപ്പെടുത്താന്‍ ഉപയോഗിക്കുകയാണ്‌. ശാസ്ത്രത്തിന്‍റെ എല്ലാ കണ്ടുപിടിത്തങ്ങളും ആത്യന്തികമായി അവന്‍ പ്രയോഗിക്കുന്നത്‌ മറ്റു മനുഷ്യരുടെ നേര്‍ക്കാണ്‌. തോക്കും അണുബോബും എല്ലാം ഈ കഥ പറഞ്ഞുകൊണ്ടേയിരിക്കുന്നു.

മൃഗങ്ങള്‍ , ഓരോ വംശത്തിലും , എത്ര സ്നേഹവാത്സല്യങ്ങളോടെയാണ്‌ കഴിഞ്ഞുകൂടുന്നത്‌!. നമ്മുടെ
ക്രൂരത കൂടിയതുപോലെ അവയുടെ ദുഷ്ടവികാരങ്ങള്‍ വര്‍ദ്ധിച്ചിട്ടില്ല. മനുഷ്യന്‍റെ സവിശേഷത വിശേഷബുദ്ധിയാണെന്ന് പറയുന്നു . വിശേഷബുദ്ധിയുണ്ടായിട്ടും നന്‍മയും സ്നേഹവും ആണ്‌ ജീവിതം നിലനിര്‍ത്തുന്ന ശക്തികള്‍ എന്ന് മനുഷ്യന്‌ തിരിച്ചറിയാന്‍ സാധിച്ചില്ല.ബുദ്ധിയുണ്ട്‌, വിവേകമില്ല- ഈ അവസ്ഥ പോലെ വിനാശകരമായ ഒരു അവസ്ഥ ഊഹിക്കാനാവില്ല. മനുഷ്യന്‍ എല്ലാ മൃഗങ്ങളിലും വച്ച്‌ മോശപ്പെട്ട മൃഗമാണ്‌.

വേണം വേശ്യാലയങ്ങള്‍, ഹോട്ടലുകളെപ്പോലെ !


ചിത്രകാരൻ

ഏതൊരു അങ്ങാടിയിലും ഒന്നോ രണ്ടോ ഹോട്ടലോ ചായക്കടയോ സാധാരണമാണ്.
സദാചാരികളും മര്യാദ രാമന്മാരുമായ നമുക്ക് ഭക്ഷണം വീടുകളില്‍ നിന്നുതന്നെ ലഭിക്കുന്നുണ്ടെന്നിരിക്കേ മുക്കിനു മുക്കിനു ഹോട്ടലുകളെന്തിന് എന്ന് ആരും ചോദിക്കാറില്ല.
നമ്മുടെ പ്രാദേശിക ഭരണ സ്ഥാപനങ്ങളോ സംസ്ഥാന സര്‍ക്കാരോ പൊതുസ്ഥലങ്ങളില്‍
ആവശ്യത്തിനു വൃത്തിയുള്ള ടോയ്ലറ്റുകള്‍ നിര്‍മ്മിച്ചു പരിപാലിക്കുന്നതില്‍ കഴിവുകെട്ടവരാണെന്ന് നമുക്കറിയാം. സര്‍ക്കാരിന്റെ ആ കഴിവുകേടിനെപ്പോലും പരിഹരിക്കുന്നത് നമ്മുടെ ഹോട്ടലുകളാണ്. ഈ ഹോട്ടലുകള്‍ പോലെ എന്തുകൊണ്ട് നല്ല വേശ്യാലയങ്ങള്‍ വേണമെന്ന് നമുക്ക് തോന്നുന്നില്ല ? ആരോഗ്യകരമായും, വൃത്തിയോടെയും, അന്തസ്സോടെയും നടത്തപ്പെടുന്ന വേശ്യാലയങ്ങള്‍ക്ക് സമൂഹത്തിന്റെ സാംസ്ക്കാരിക രാഷ്ട്രീയ അഭിവൃദ്ധിക്കായി മഹനീയ സംഭാവന നല്‍കാനാകുമെന്ന സത്യം നമുക്ക് അംഗീകരിക്കാനാകില്ലെന്നു മാത്രമല്ല, ചിന്തിക്കാന്‍ കൂടി സാധിക്കില്ല. അത്രയും ഭീരുത്വം പേറുന്നതാണ് നമ്മുടെ സമൂഹ മനസാക്ഷി.

ചിത്രകാരനും ആ ഭീരുത്വത്തിന്റെ ഭാഗമാണ്. 46 വയസ്സായിട്ടും ഒരു വേശ്യാലയ സന്ദര്‍ശനത്തിന്
യോഗമോ, ഭാഗ്യമോ/നിര്‍ഭാഗ്യമോ ഉണ്ടായിട്ടില്ല. മാത്രമല്ല കലശാലായ  അറപ്പും, അയിത്തബോധവുമുള്ളതിനാല്‍ ശ്രമിച്ചിട്ടുമില്ല :) എന്നാല്‍, എല്ലാവരും ഒരുപോലാകുമെന്ന് കരുതാന്‍ പാടില്ലല്ലോ.  ഈ വക പ്രശ്നങ്ങളൊന്നുമില്ലാത്തതും,
സെക്സില്ലാതെ വിശന്നു പൊരിയുന്നവരുമായവരെ നമ്മുടെ സമൂഹത്തില്‍ മാത്രമല്ല, നെറ്റിലടക്കം ധാരാളമായി കാണേണ്ടിവരുന്നുണ്ട്. അവരുടേത് വലിയൊരു സമൂഹമാണ്. ആ സമൂഹത്തില്‍ സ്ത്രീകളും പുരുഷന്മാരുമെല്ലാമുണ്ട്. ധനികരും ദരിദ്രരുമുണ്ട്. അവരും നമ്മുടെ ഭാഗമാണ്.

 സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നതിനും, വര്‍ഗ്ഗീയത വളരുന്നതിനും, രാഷ്ട്രീയം അക്രമ പ്രകടനങ്ങളായി അധപ്പതിക്കുന്നതിനും,സ്ത്രീപീഢനങ്ങള്‍ക്കും, ബാല പീഢനങ്ങാള്‍ക്കും, പൊതുമുതല്‍ നശിപ്പിക്കുന്നതിനും, ബീവറേജസിനു മുന്നിലെ നീണ്ട ക്യൂവിനും,  വ്യക്തിബഹുമാനമില്ലായ്മക്കും  ലൈഗീക ദാരിദ്ര്യം കാരണമാകുന്നുണ്ട് . ലൈംഗീകത മനസ്സിന്റെ വിശപ്പാണ് . ഇണചേരലിലൂടെ മനുഷ്യനു ലഭിക്കുന്ന സാന്ത്വനത്തെ സത്യസന്ധതയോടെ അംഗീകരിക്കാന്‍ നമ്മുടെ സമൂഹം വളരേണ്ടതുണ്ട്. മാന്യമായി നമുക്ക് സമൂഹത്തില്‍ ജീവിക്കാന്‍ നാം മാത്രം നന്നായാല്‍ പോര. നമ്മുടെ വിശപ്പു മാറിയാലും അന്യന്‍ വിശന്നിരിക്കുന്നുണ്ടെങ്കില്‍ അവിടെ അസമാധാനം ഒരു തീപ്പൊരിക്കായി കാത്തിരിക്കുന്നുണ്ട്. എന്നാല്‍ ഭക്ഷണത്തിനായുള്ള വിശപ്പിനേക്കാള്‍ എത്രയോ ആയിരം മടങ്ങ് ശക്തമാണ് ഇണചേരാനാകാത്തതിന്റെ വിശപ്പെന്ന സത്യം നാം തിരിച്ചറിയേണ്ടതുണ്ട്. ഒരു പക്ഷേ, ആ വിശപ്പിന്റെ പൊട്ടിത്തെറികളാണ് നമ്മുടെ വാര്‍ത്താമാധ്യമങ്ങളുടെ മുഖ്യമായ വാര്‍ത്താവിഭവങ്ങളിളേറെയും.  നമ്മള്‍ സദാചാരികളായിരുന്ന് കൊത്തിത്തിന്നുന്നതും ഇണചേരാനാകാതെ പരവശപ്പെടുന്ന മനുഷ്യന്റെ വിചാരരഹിതമായ പ്രവൃത്തികളുടെ ശവശരീരങ്ങളെയാണ്. നമ്മൂടെ നിലവിലുള്ള മാടമ്പി സംസ്ക്കാരപ്രകാരം ശവം തീനികളായ സദാചാരി സംസ്ക്കാരം മാന്യമായി തോന്നാം.


എന്നാല്‍ നമുക്ക് ജനാധിപത്യവ്യവ്സ്ഥയില്‍ ഇന്നല്ലെങ്കില്‍ നാളെ പ്രവേശിക്കേണ്ടതുണ്ട്.
അതായത് പുരോഗതി പ്രാപിക്ക്ക്കേണ്ടതുണ്ട്.  അതിനായുള്ള ആത്മശുദ്ധീകരണത്തിനായി, ജനാധിപത്യബോധത്തിനായി, വ്യക്തിസ്വാതന്ത്ര്യത്തിനായി നമ്മുടെ സമൂഹത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കേണ്ടതുണ്ട്.
അതിന്റെ ഭാഗമായി നാം ചിന്തിക്കാന്‍ ഭയപ്പെടുന്ന അടിസ്ഥാന വിഷയങ്ങള്‍ പോലും വസ്തുനിഷ്ടമായി വിശകലനം ചെയ്യേണ്ടതുണ്ട്.
നമ്മുടെ സമൂഹത്തിലെ തിന്മയെ സ്വാന്തനിപ്പിച്ച് ക്രിയാത്മകമാക്കാന്‍ ശേഷിയുള്ള വേശ്യകളുടെ
മാന്യതയും, അന്തസ്സും, സാമൂഹ്യ അംഗീകാരവും ഏറ്റവും പ്രധാനപ്പെട്ട ഘടകമാണെന്ന തിരിച്ചറിവാണ് നമുക്കാദ്യം ഉണ്ടാകേണ്ടത്.  വിപ്പ്ലവകരമായ ആ തിരിച്ചറിവ് ചിന്താശീലര്‍ക്കിടയിലെങ്കിലും ഉണ്ടാകേണ്ടിയിരിക്കുന്നു.

ലൈംഗീകത സമൂഹത്തിന്റെ ഹൃദയപ്രവര്‍ത്തനമാകുമ്പോള്‍, അതിനു മാന്യത നല്‍കേണ്ടത് സമൂഹത്തിന്റെ ആരോഗ്യത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ആവശ്യമാണ്.

ഒരു ചാനൽ ധ്യാന കഷായം


കെ.എസ്. ചാർവ്വാകൻ


ആറ്റുകാൽ ദേവിയും
ചക്കുളം ദുർഗ്ഗയും
അൽഫോൻസ് അമ്മയും
സാക്ഷാൽ സീതയും
ലെക്സിൽ കുളിച്ച്
പൊങ്കാലയിട്ട്
കോം‍പ്ളാൻ നുകർന്നും
കോൾഗേറ്റ് പിറ്റിച്ചും
'ക്ളോസപ്പിലായി
നാപ്കിൻ നിവർത്തി
മലബാർ അണിഞ്ഞും
ഭീമാ അണിഞ്ഞും
ധ്യാനിക്കുമീ ആത്മകഷായം
തിരിച്ചും മറിച്ചും
കൊടുക്കും കഷായം
എടുക്കൂ മക്കളേ
കൊടുക്കൂ മക്കളേ
രസിക്കൂ കുടിക്കൂ
വളരൂ വളർത്തൂ
ഗ്ളോബായി വളരൂ
ഗ്ളോബലാകൂ
അമ്മ ചാനലിൽ
അപ്പൻ  ചാനലിൽ
ഒഴുകുമീ ദൃശ്യകഷായം
കഴിക്കാൻ മറക്കൊല്ലേ
മറന്നാൽ കഷായം
കയ്ക്കില്ലേ മക്കളേ
കുടിച്ചാൽ കഷായം
നന്നല്ലേ മക്കളേ
അമ്മ ചാനലിൽ മൊഴിയും
മന്ത്രങ്ങൾ മറക്കാതിരിക്കൂ...
കുടിക്കൂ രസിക്കൂ
ചാറ്റിടൂ മന്ത്രങ്ങൾ
ആമേൻ ഓം
ബുദ്ധം ശരണം
ഗുരു ചരണം
ഇത് ഉയിർനാഡി...
ഇത് ലോകനാഡി...

ഇത് ഞാൻ ആത്മനാഡി...
ഇതു തന്നെ സർവ്വനാഡി.

ഏപ്രില്‍

എന്റെ പ്രിയസ്വപ്നത്തിനു
നീ വിധിച്ചതു വിരാമമോ?
വിടരും ചിന്തകള്‍ക്ക് വിലങോ?
വിഷുകൈനീട്ടമായ് നീ എനിക്കേകിയതു
വിഷാദചുഴികളോ?
ഈസ്റ്റര്‍ സമ്മനമായ് കൊണ്ടുവന്നത്
യൂദായുടെ സമ്പാദ്യമോ?
നിന്റെ റംസാന്‍ വസ്ത്രങളില്‍
പലിശപ്പണത്തിന്റെ ഗന്ധമോ?
ഏപ്രില്‍
കരിംപൂച്ചപോല്‍, കാലൊച്ച കേള്‍പ്പിക്കാതെ
കറുത്ത മേലങ്കിയും ധരിച്ചു നീ
കണ്ണീര്‍ പൂക്കളുമായ് വന്നു.
എന്റെ പ്രിയമോഹങളുടെ കഴുത്തു ഞെരിക്കുവാന്‍
ഒരു ഭീമസേനന്റെ
കൈകരുത്തുമായ്
വഴിവിളക്കിലൊന്നിനെ
ഊതിക്കെടുത്തി.
മനസ്സിലെ പ്രണങളെ മാന്തിപൊളിച്ചു.
ഏപ്രില്‍
നിന്റെ പ്രഭാതങള്‍ക്ക്
ചുവന്നു കലങിയ കണ്ണുകളായിരുന്നു.
പൌര്‍ണ്ണമികള്‍ക്ക്
വെളുത്തു വിളറിയ മുഖമായിരുന്നു.
മാര്‍ച്ചിന്റെ ക്രൂരതയും
മേമയുടെ ചരിത്രവും നിനക്കില്ല;
എങ്കിലും സ്വപ്നങളൊരേപ്രിലിന്റെ
പരിധിയ്ക്കുമപ്പുറത്താണ്‌
ഏപ്രിലൊരു ഫൂളല്ല, മിഥ്യയല്ല
ഏപ്രിലൊരു സത്യം,
വര്ഷമേഘങള്‍ പെയ്തടങുമ്പോള്‍
ഒരു നിത്യസത്യം
വര്‍ഷങള്‍ കൊഴിഞു പോകുമ്പോള്‍

സോർബ'യുടെ ശിൽപി


 

മധു ഇറവങ്കര


 അനശ്വരങ്ങളായ ലോകക്ലാസ്സിക്കുകൾ സെല്ലുലോയിഡിലേക്കു പകർത്തിയവരുടെ പട്ടികയിൽ ഇടംനേടിയ ഗ്രീക്കു സംവിധായകനാണ്‌ ഇക്കഴിഞ്ഞ ജൂലൈ 25ന്‌ 89-​‍ാമത്തെ വയസ്സിൽ അന്തരിച്ച മൈക്കേൽ കാക്കോയാനീസ്‌. ലോക സിനിമാവേദിയിലേയ്ക്കുയർത്തപ്പെ
ട്ട ആദ്യത്തെ ഗ്രീക്കു സംവിധായകനെന്ന ഖ്യാതിനിലനിർത്തിക്കൊണ്ടുതന്നെ അരങ്ങിലും, ഓപ്പറാ സംവിധാനരംഗത്തും ശ്രദ്ധേയമായ സംഭാവനകൾ ചെയ്ത കലാകാരനാണദ്ദേഹം.


 കാക്കോയാനീസിനെ കാലം എന്നും ഓർമ്മിക്കുന്നത്‌ ഗ്രീക്കു നോവലിസ്റ്റായ നിക്കോസ്‌ കസാന്ദ്സാക്കീസിന്റെ 'സോർബാദ ഗ്രീക്ക്‌' എന്ന വിശ്വവിഖ്യാതമായ നോവലിന്റെ ചലച്ചിത്രാവിഷ്കാരകൻ എന്ന നിലയിലായിരിക്കും. ലോകസാഹിത്യത്തിലെത്തന്നെ ഏറ്റവും ശക്തനായ 'സോർബ' എന്ന കഥാപാത്രത്തെ കാക്കോയാനീസിനുവേണ്ടി വെള്ളിത്തിരയിലവതരിപ്പിച്ചതു പ്രശസ്ത ഹോളിവുഡ്‌ നടനായ ആന്തൊണി ക്വിൻ ആണ്‌. ഗ്രീക്കു ദുരന്തനാടകങ്ങളുടെ സ്വഭാവം ഉള്ളിൽ ആവാഹിക്കുന്ന 'സോർബ ദ ഗ്രീക്ക്‌ (1964)' കോയാനിസിന്റെ സംവിധാന മികവിന്റെ നിത്യനിദർശനമാണ്‌.

 ഗ്രീക്കു നാടകകൃതികൾ തിരശ്ശീലയിലേക്കു സംക്രമിപ്പിക്കുവാനുള്ള കാക്കോയാനീസിന്റെ ശ്രമം ശ്ലാഘനീയമായിരുന്നു. യൂറിപ്പിഡീസിന്റെ ദുരന്തനാടകങ്ങളിൽ നിന്നും 'ഇലക്ട്രാ' (1962), 'ദ ട്രോജൻ വുമൻ' (1971), ഇഫിജീനിയ (1977) എന്നീ ചിത്രത്രയം (.....) കാക്കോയാനീസ്‌ ഒരുക്കി. നാടകങ്ങളുടെ ആത്മാവു കൈമോശം വരാതെ അവയെ ചലച്ചിത്രത്തിലേയ്ക്കനുവർത്തനം ചെയ്യുവാൻ, പ്രത്യേകിച്ചും 'ഇലക്ട്ര'യിൽ അദ്ദേഹത്തിനു കഴിഞ്ഞു.

 ലബ്ധ പ്രതിഷ്ഠങ്ങളായ നോവലുകളുടെയും നാടകങ്ങളുടെയും അനുവർത്തനങ്ങളായിരുന്നു കാക്കോയാനീസിന്റെ മിക്ക സിനിമകളും. തന്റെ ചിത്രങ്ങളുടെയെല്ലാം തിരക്കഥാകാരൻ എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രാധാന്യം വർദ്ധിക്കുന്നു. ആന്റൺ ചെക്കോവിന്റെ പ്രസിദ്ധനാടകമായ 'ചെറി ഓർച്ചാസ്‌' ആയിരുന്നു അതേ പേരിലുള്ള അദ്ദേഹത്തിന്റെ അവസാന ചിത്ര (1999)ത്തിന്നാധാരം.

 1922-ൽ സൈപ്രസ്സിൽ ജനിച്ച മൈക്കേൽ കാക്കോയാനീസ്‌ ലണ്ടനിൽ നിന്നും നിയമബിരുദമെടുത്തു. ലണ്ടനിലെ 'സേൻട്രൽ സ്കൂൾ ഓഫ്‌ ഡ്രാമാറ്റിക്‌ ആർട്ടി'ൽ ലോകമഹായുദ്ധക്കാലത്ത്‌ ബി.ബി.സി.യുടെ ഗ്രീക്കു സാംസ്കാരിക പരിപാടികളുടെ പ്രോഡ്യൂസറായി പ്രവർത്തിച്ചിരുന്നു. ഒരു നാടകനടനായി തന്റെ കലാപ്രവർത്തനം ആരംഭിച്ചുവേങ്കിലും പിന്നീട്‌ അദ്ദേഹം സംവിധാനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു.
1952-ൽ കാക്കോയാനീസ്‌ ഏതൻസിലേയ്ക്കു മടങ്ങി. 1954-ൽ പുറത്തുവന്ന 'വിൻഡ്ഫാൾ ഇൻ ഏതൻസ്‌' എന്ന ചിത്രത്തോടെ ചലച്ചിത്ര സംവിധായകൻ എന്ന നിലയിൽ അദ്ദേഹം ഗ്രീക്കു സിനിമാവേദിയിൽ തന്റെ സ്ഥാനമുറപ്പിച്ചു. അതുവരെ സിനിമാ ഭൂപടത്തിലൊന്നും പ്രത്യേക സ്ഥാനം ലഭിക്കാതിരുന്ന ഗ്രീക്കു സിനിമ പുറം ലോകത്ത്‌ അറിയപ്പെടാൻ തുടങ്ങി. പിന്നീട്‌ അദ്ദേഹത്തിന്റെ വളർച്ചയുടെ സംവത്സരങ്ങളായിരുന്നു 'സ്റ്റെല്ലാ' (1955) 'ഏ ഗേൾ ഇൻ ബ്ലാക്ക്‌' (1956), 'എ മാറ്റർ ഓഫ്‌ ഡിഗ്നിറ്റി (1957), ' ഔവർ ലാസ്റ്റ്‌ ഡ്രിംഗ്‌ (1960), 'ദ വേസ്റ്ററൽ' (1961), 'ദ ഡേ ദ ഫിഷ്‌ കീയിം ഔട്ട്‌' (1967), 'സ്വീറ്റ്‌ കൺട്രി'(1986), 'അപ്‌, ഡൗൺ ആൻഡ്‌ സൈഡ്‌ വെയ്സ്‌' (1993)എന്നിവയാണ്‌ കാക്കോയാനീസിന്റെ മറ്റു ചിത്രങ്ങൾ. തുർക്കിയുടെ സൈപ്രസ്‌ ആക്രമണത്തെ മുൻനിർത്തി അദ്ദേഹം സംവിധാനം ചെയ്ത പ്രശസ്ത ഡോക്കുമന്ററി ചിത്രമാണ്‌ 'ആറ്റിലാ 74'.
 2003-ൽ 'കാക്കോയാനീസ്‌ ഫൗണ്ടേഷൻ' എന്ന പ്രസ്ഥാനത്തിന്‌ അദ്ദേഹം രൂപം നൽകി. നാടകത്തിന്റെയും സിനിമയുടെയും സംരക്ഷണത്തിനും പുരോഗതിയ്ക്കും വേണ്ടി നിലകൊള്ളുന്നപ്രസ്ഥാനമാണത്‌. ഒട്ടേറെ അന്താരാഷ്ട്ര പുരസ്കാരങ്ങളും, ചലച്ചിത്ര മേളകളിൽ സമഗ്രസംഭാവനയ്ക്കുള്ള അംഗീകാരങ്ങളും മൈക്കേൽ കാക്കോയാനീസിനു ലഭിച്ചിട്ടുണ്ട്‌.

ഉരുക്കുമുഷ്ടി



ജനാർദ്ദനൻ വല്ലത്തേരി


വർഷങ്ങളോളം അഭ്യസിച്ചാണ്‌, യുവാവ്‌ ഇരുമ്പിനേപ്പറ്റി ചില അറിവുകൾ കരസ്ഥമാക്കിയത്‌. പഠിച്ച വിദ്യകൾ പയറ്റാനായി ഒരു പഴുതും കിട്ടാതെ തുരുമ്പും പിടിച്ചിരിക്കുമ്പോൾ ഒരു ഇരുമ്പു കമ്പനി യുവാവിനെ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചു. പ്രധാന ഇരുമ്പു ബോർഡംഗം യുവാവിനെ ഇപ്രകാരം ചോദ്യം ചെയ്തു.
' ഇരുമ്പെങ്ങനെയാണ്‌ നിർമ്മിക്കുന്നത്‌?'
'ഇരുമ്പ്‌ ആരും നിർമ്മിക്കുന്നില്ല. ആത്മാവുപോലെ അദൃശ്യവും അരൂപവുമായ ഇരുമ്പിനെ നാം വാർത്തെടുക്കുക മാത്രമാണ്‌ ചെയ്യുന്നത്‌'
'അതൊരു പുതിയ അറിവാണല്ലോ!' ഒരു ഇരുമ്പംഗം, തപ്പിത്തടഞ്ഞു ചോദിച്ചു; എന്തൊക്കെയാണ്‌ ഇരുമ്പിന്റെ രാസഗുണങ്ങൾ?
ഒന്ന്‌ : ഇരുമ്പു കുടിച്ച വെള്ളം കക്കുകയില്ല - യുവാവു പറഞ്ഞു
രണ്ട്‌: ഇരുമ്പും പെണ്ണും ഇരിക്കെകെടും.
മറ്റൊരു ഇരിമ്പുദ്യോഗസ്ഥന്‌ അറിയേണ്ടത്‌ ഇതായിരുന്നു.
ഇരുമ്പു പഴുക്കുമ്പോൾ കൊല്ലനും കൊല്ലത്തീം ഒന്ന്‌ എന്നു പറയുന്നതെന്തുകൊണ്ട്‌?
അതു അശ്ലീലമാണ്‌. പുറത്തു പറയാൻ കൊള്ളില്ല.
ചോരയും ഇരുമ്പും തമ്മിലുള്ള ബന്ധമെന്ത്‌?
ഇരുമ്പിന്റെ ദ്രവരൂപമാണ്‌, ചോര!
ഇരുമ്പിന്റെ ഉപയോഗങ്ങൾ പറയൂ
ഇരുമ്പുകൊണ്ട്‌ മനുഷ്യഹൃദയങ്ങൾ, ഉലയ്ക്കകൾ, ഉരുക്കുമുഷ്ടികൾ എന്നിവ ഉണ്ടാകാം. യുവാവിന്‌ ആവേശം കേറി. ഇരുമ്പിന്റെ വംശാവലിയിൽ ഉടലെടുത്ത അതിശക്തരായ ചില ഉരുക്കുമനുഷ്യരെപ്പറ്റി ചരിത്രത്തിൽ വായിച്ചിട്ടില്ലേ?'
യുവാവിന്റെ ഉത്തരങ്ങൾ ചോദ്യശരങ്ങളായി തങ്ങൾക്കു നേരെ തന്നെ തിരിയുകയാണൊ എന്നു ചില ഇരുമ്പു ബോർഡംഗങ്ങളെങ്കിലും സംശയിച്ചു. ഈ ഉദ്യോഗാർത്ഥി വച്ചുപൊറുപ്പിക്കാൻ പറ്റിയ സൈസല്ല.
അതുകൊണ്ട്‌ ചോദ്യങ്ങൾ തേച്ചു മൂർച്ച കൂട്ടി.
മുഖ്യഇരുമ്പംഗം: 'ഇരുമ്പു തുരുമ്പു പിടിക്കുന്നതെന്തുകൊണ്ട്‌?
യുവാവ്‌: മനുഷ്യരിൽ നിന്നു ഇരുമ്പിലേയ്ക്കു പകരുന്ന ഒരു വ്യാഥിയാണീ തുരുമ്പു എന്ന്‌ പറയുന്നത്‌?
ബോർഡ്‌ ചെയർമാൻ നെഞ്ചു തിരുമി. അകത്തൊരു കിരുകിരുപ്പ്‌.
ഇരുമ്പുലയ്ക്ക വിഴുങ്ങിപ്പോയാൽ എന്തു ചെയ്യണം?
ചുക്കു വെള്ളം കുടിച്ചാൽ മതി.
രക്തത്തിൽ പഞ്ചസാരയുടെ ഉപദ്രവം കൂടിയതുകൊണ്ട്‌ ചുണ്ടും നാവും വരണ്ടു തുടങ്ങിയ കമ്പനി എം.ഡി യുവാവിന്റെ മുമ്പിൽ ഒരു പ്രശ്നം അവതരിപ്പിച്ചു.
യംഗ്‌ മാൻ, ഇരുമ്പു നിർമ്മാണത്തിനാവശ്യമായ ഒരു സംസ്കൃതവസ്തുവിന്റെ ദൗർലഭ്യം നിമിത്തം കമ്പനിയുടെ ഇരുമ്പുനിർമ്മാണം സ്തംഭിച്ചിരിക്കുകയാണ്‌ എന്നു നിങ്ങൾ പത്രത്തിൽ വായിച്ചുകാണും. പ്രോഡക്ഷൻ പുനരാരംഭിക്കാൻ നിങ്ങൾക്കെന്തു നിർദ്ദേശമാണ്‌ മുന്നോട്ടു വയ്ക്കാനുള്ളത്‌?
അതിന്‌ യുവാവ്‌ നിർദ്ദേശിച്ച പരിഹാരമാർഗ്ഗം ഇതത്രെ.
ചോരയാണ്‌ ഇരുമ്പിന്റെ സത്തും ഏറ്റവും എളുപ്പത്തിൽ ലഭ്യവുമായ അസംസ്കൃത വസ്തു. യുവ രക്തം തിളച്ചൊഴുകുന്ന നാടാണല്ലോ, നമ്മുടേത്‌. അതുകൊണ്ട്‌ ലക്ഷോപലക്ഷം വരുന്ന എല്ലാ തൊഴിൽരഹിതരേയും കമ്പനി ഏറ്റെടുക്കുക. അവരുടെ ചോര നീരാക്കിയാൽ മതി, ഈ പ്രതിസന്ധി പരിഹരിക്കാൻ!
'ഗുഡ്‌'.
എം.ഡി.യുവാവിനെ അഭിനന്ദിച്ചു.
അവസാനമായി ഒരു ചോദ്യം കൂടി:
'ഇരുമ്പുകൊണ്ട്‌ നിങ്ങൾ സ്വന്തമായി എന്തോ ഒരു നൂതനവസ്തു ഉണ്ടാക്കിയിട്ടുണ്ടല്ലോ. ഇപ്പോൾ അതു നിങ്ങളുടെ കൈവശമുണ്ടോ?
ഉണ്ടെന്നും പറഞ്ഞ്‌ യുവാവ്‌ കൈപൊക്കിക്കാണിച്ചു.
' ഈ കൈ തന്നെ!- ഇതു എന്റെ കൈയ്യല്ല - നോക്കൂ, ഉരുക്കുമുഷ്ടിയാണ്‌. എന്റെ സ്വന്തം സൃഷ്ടിയാണീ,മുഷ്ടി.'
ഒന്നു കാണട്ടെ, ഉരുക്കുമുഷ്ടിയെന്നു കേട്ടിട്ടേയൊള്ളൂ. ഞങ്ങളാരും അതു കണ്ടിട്ടില്ല.
കൂടിക്കാഴ്ചക്കാർ യുവാവിന്റെ ചുറ്റും വട്ടം കൂടി.
ഇതെങ്ങനെയാ പ്രയോഗിക്കുന്നത്‌?
'--ഇങ്ങനെ!'
അങ്ങനെ ആ കൂടിക്കാഴ്ച അവസാനിച്ചു.
ഉരുക്കുമുഷ്ടിയുടെ പ്രയോഗം കണ്ടവരിലും കൊണ്ടവരിലും ആരുംതന്നെ ജീവനോടെ അവശേഷിച്ചില്ല.
ഉദ്യോഗാർത്ഥിയായ ആ യുവാവിനേയും ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.
എങ്കിലും സംഭവസ്ഥലത്തുനിന്നും പ്രസ്തുത കൂട്ടക്കൊലയ്ക്ക്‌ ഉപയോഗിച്ച ആയുധമെന്ന്‌ സംശയിക്കപ്പെടുന്ന, രക്തം പുരണ്ട ഒരു ഉരുക്കുമുഷ്ടി പോലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌.


പ്രണയം : പെണ്ണുസഹിതം


എം.കെ.ഹരികുമാർ


അവളുടെ ഉടലിനായി ഞാൻ
കാശിയിലേക്ക്‌ പുറപ്പെട്ടു.
എങ്ങുനിന്നോ വന്ന
രതി ഗന്ധം
എന്നെ തോർന്നമഴയുടെ
തുള്ളികൾ വീണുകൊണ്ടിരുന്ന
പുല്ലാനി കാട്ടിലെത്തിച്ചു
അവിടെ നിന്നാണ്‌
ഞാനവളുടെ
മുടിയിഴകൾ കൊണ്ടുവന്നത്‌
രാത്രിയിൽ ഉയർന്നുപൊങ്ങിയ
ഡൈനകളുടെ വെട്ടത്തിൽ
അവളുടെ മുഖം കണ്ടു
ദൂരേക്ക്‌ ദൂരേക്ക്‌ ആ ശബ്ദം
അകന്നകന്നു പോയി
അകലെ പൊട്ടിവിരിയുന്ന
ഡൈനയുടെ താളത്തിനൊത്ത്‌
ഞങ്ങളുടെ മൈഥുനം
ഓർമ്മകളിൽ പൂർത്തിതേടി
ഞാനൊരു പൂരാതന, ഭീമാകാര
ഉരഗമായി നീങ്ങി
ക്ഷേത്രപാർശ്വങ്ങളിലെ തെരുവിൽ
അനാഥരായി നടന്ന
ഭിക്ഷാടകരുടെ കാലട-
യൊച്ചകളിൽ നിന്ന്‌ ഞാനവളുടെ
മൗനത്തെ വേർപെടുത്തിയെടുത്തു.
ആരുമില്ലാത്ത ഈ രാത്രിയിൽ
ഞാനൊരു തെരുവുതിണ്ണയിൽ
അഭയം തേടുകയാണ്‌
സ്വപ്നാടകന്റെ മനോധർമ്മങ്ങൾ,
ചെമ്പരത്തിയിലകൾ,
ചെത്തിപ്പൂവുകൾ എന്നിവകൊണ്ട്‌,
മലർന്ന്‌ കിടക്കുന്ന അവളുടെ
തിണർത്ത വയറിൽ
അർച്ചന നടത്തി.
പൂർവ്വജന്മങ്ങളുടെ നേരിയ സ്മൃതികൾ തലപൊക്കി
മൗനം അവൾക്ക്‌ ഉത്തേജനമാണ്‌
ഞാൻ നടനും  യോദ്ധാവുമായിരുന്ന
ഭൂതകാലത്തിന്റെ പിൻമുറ്റങ്ങളിൽ നിന്ന്‌,
ഞാനവൾക്കുള്ള രതിയത്രയും
അപഹരിച്ചുകൊണ്ടുവന്നു.
കണ്ഠത്തിലും നാക്കിലും
തേയ്ക്കാൻ  കാട്ടുമുല്ലകളുടെ തണുപ്പും.
ഓരോ കൺതടവും
ഓരോ താമസസ്ഥലമാണ്‌
കാലത്തിലും സ്വപ്നത്തിലും
പടയോട്ടങ്ങൾ ശമിച്ചു.
രാത്രിയിൽ ഞാൻ വീണ്ടും
അവളുടെ സ്തനങ്ങൾക്കായി പരതി.
മുറിവേറ്റവർ, മൃതരായവർ
ശിഥില ശരീരങ്ങൾ,
ഉടഞ്ഞ രഥങ്ങൾ...സ്തനങ്ങൾ
ഏതോ ലക്ഷ്യത്തെ മുൻനിർത്തി
പ്രതിജ്ഞകൾ പുതുക്കി.
നിരായുധനാവുക
ഒരാശ്വാസമാണ്‌.
പോരിനുള്ള ആവേശമെല്ലാം
അഴിച്ച്‌ വച്ച്‌ ഞാൻ വീണ്ടും
തീർത്ഥഘട്ടങ്ങളിലൂടെ
അലയുന്നു.

ദക്ഷിണായനം



സതീശൻ എടക്കുടി


ദുർമരണത്തിന്റെ പ്രേതലായനിയിൽ
നിർത്താതെ പെയ്യുന്നു നിലവിളി
മധുവാക്കുമൊഴിയുന്ന ചുണ്ടുകളിൽ
പകപ്പിറവിതൻ ശീൽക്കാരമന്ത്രം
നോവിൻതീരത്തിലലിയുന്നമൗനാഗ്നിയി
ദിനരാത്രങ്ങളുടെ ശവഘോഷയാത്ര
വേനലിന്നഴികളിൽ മിഴിനീരിൻ ലവണരസം
പിതൃയാനരഥ്യതൻ രാസലീലയിൽ
ദണ്ഡനീതികളുടെ ഘടികാരശബ്ദം
ചുട്ടുകത്തിച്ചു ചുരങ്ങൾ താണ്ടവെ
വെന്തുചാമ്പലായ തലയോട്ടിയുമായ്‌
കർക്കിടകരാത്രിതൻ തോരോട്ടം
വാങ്മയതപസ്സിൻ നക്ഷത്രരാശിയിലില്ലൊരുമിന്നും
ആസുരീസമ്പത്തിലാളിപ്പടരുന്നു
മനുഷ്യപുത്രർതൻചിത
ഒടുക്കത്തെ വാക്കിന്നമൃതതീർത്ഥവും വറ്റി
കണ്ണിലെ തീക്കടലിരമ്പുന്നു
തീത്തെയ്യമുറയുന്നു
കാറ്റൂതി, കനലൂതി, യോഗാരൂഡനാം
അധിദൈവവും വിറയ്ക്കുന്നു.


പുഴു


ജയൻ തെക്കേപ്പാട്ട്‌

പരവതാനി ഖണ്ഡിച്ചു,
കോമ്പല്ലുക്കാട്ടി,
നഗരങ്ങൾ തകർത്താടുമ്പോൾ
ശങ്കയാൽ യമനും!
തന്റെ വാഹനത്തിനും
രൂപമാറ്റമോ?
ജ്വലിക്കും ജീവിതാഗ്നിയിൽ
പതറും ചില ജന്മങ്ങൾ
കരിക്കുന്നു യമനെയും
പുതുനാമ്പുക്കണ്ടെത്താനായ്‌
ശിരസ്സിൽ കൈവയ്ക്കുന്നു,
മരണം വരിക്കാനായ്‌
പുഴുക്കളുമായ്‌ മല്ലിടുന്നു,
സന്തതിയെ പഴിക്കുന്നു
അവനോ ചിരിക്കുന്നു
കോമ്പല്ലും ചിതലുമായ്‌!
"യമനെ ഞാൻ ചുട്ടുതിന്നു
പകരം പക്കലാരുമില്ല"
ഇവിടെ
പുഴുക്കൾ ജയിക്കുന്നു
അപചയമാണിന്ന്‌
മരണത്തിനും


തല(യില്ലാ)ചേരി


എസ്സാർ ശ്രീകുമാർ


പട്ടണത്തിലെ പ്രധാന തെരുവിൽ വെട്ടിവീഴ്ത്തപ്പെട്ട തലയറ്റ കബന്ധത്തിന്റെ കരച്ചിൽ അല്ല, അലർച്ച:
"നാടുനന്നാക്കാൻ പുറപ്പെട്ട അതിമോഹത്തിന്റെ അന്ത്യം നശിച്ച വർഗചിന്ത. ഒരു ഉറുമ്പിനെപ്പോലും ഈ കൈകൾകൊണ്ട്‌ ഇതുവരെ ഞാൻ കോന്നിട്ടില്ല".
അരുകിൽ കിടന്ന തലയുടെ മറുമൊഴി: "ഇവരല്ലെങ്കിൽ നമ്മൾ വിശ്വസിക്കുന്ന പ്രസ്ഥാനം ഇതുതന്നെ ചെയ്യും, എന്തായാലും ഇവിടെ നമ്മൾ ഇങ്ങനെ വേർപിരിയേണ്ടവർ."
"കൂടിനിൽക്കുന്ന സുഹൃത്തുക്കളെ, പറ്റുമെങ്കിൽ ഈ ഉടലിന്‌ ഒരു കഴുതയുടെ തല ചേർത്തുവയ്ക്കൂ..." കബന്ധം ആക്രോശിച്ചു.

മാഞ്ഞുപോയത്‌



റെജു കടവൂർ


ചട്ടിയിൽ ചെടികൾ വളർത്തുന്ന
മുറ്റമില്ലാത്ത വീട്ടിലെ കുട്ടികളോട്‌
ടാർകൊണ്ടു മൂടിയ മണ്ണിൽനടന്ന്‌
കാലുപൊള്ളിയൊരപ്പൂപ്പൻപറഞ്ഞു
കോൺക്രീറ്റുകൊണ്ടുനാം കെട്ടിയഇടങ്ങളിൽ
കിളിവീടുമായി പണ്ടുമരങ്ങൾ
ഭൂമിയെ പച്ചയാക്കിനിന്നിരുന്നു
തടാകങ്ങളെ നീലയാക്കിജലം ജീവിച്ചിരുന്നു
കോരിച്ചൊരിയുന്ന ഇടവങ്ങളിൽ
തോപ്പിക്കുടചൂടിവരമ്പുവച്ചും
പിണ്ടിപ്പാറ്റകൾ വരാതിരിക്കാൻ
വാഴകൾക്ക്‌ വേപ്പെണ്ണ പുരട്ടിക്കൊടുത്തും
പനിപിടിച്ചിലകൾ വീഴുന്ന
കർക്കിടകത്തിലെ മഴക്കാറ്റുകൾ
ഒടിച്ചിട്ട്പോയമരങ്ങളെക്കണ്ട്‌
ചോറ്റുപിഞ്ഞാണം വീണപോൽനുറുങ്ങിയും
ഇടിവാൾവിണ്ണിനെക്കീറും തുലാപ്പെയ്ത്തിൽ
സ്വപ്നങ്ങൾക്ക്‌ മടവീഴുന്നകണ്ടും
ഉലത്തീമൂർച്ചപ്പെടുത്തിയ മൺവെട്ടിയുമായ്‌
അന്നീമണ്ണിലൂടെപ്പൊഴും നടന്നിരുന്നു
മനസ്സിൽ മൺസൂണുകളുള്ളൊരാൾ
ഹരിതസിംഫണിയുടെ ചിത്രകാരൻ
മൺവെട്ടികൊണ്ടെടുത്ത തടത്തിൽവച്ച്‌
മഴതണുപ്പിച്ചമണ്ണുകൊണ്ട്‌ മായ്ച്ച്‌
അവൻതേങ്ങയേതെങ്ങാക്കിമാറ്റുന്നു
പഴുക്കയെ അടയ്ക്കാമരം
കുന്നിൻപുറങ്ങളെ മാമ്പഴങ്ങൾകൊണ്ടവൻ
കോകിലങ്ങൾപാടുന്നമാൺതോപ്പുകളാക്കുന്നു
താന്തോന്നിയായി വളർന്നുകേറി
ഞെരിക്കുന്ന പള്ളികളിൽനിന്നും
പ്ലാത്തെകളെ രക്ഷപെടുത്തിയും
കന്നുകിടാരികൾക്കു പുല്ലരിഞ്ഞും
വെയിലുചോരാത്ത തണലുനോക്കി
വിയർപ്പുവാനൽപമിരുന്നും
വേഗംവളരുകെന്നരുമയായ്പ്പറഞ്ഞ്‌
ഓലിയിൽ നിന്നുവെള്ളമെടുത്ത്‌
ദാഹിച്ചുനിന്ന മാന്തൈകൾക്കുകൊടുത്തും
വെയിലേറുകൊള്ളുംചിലതിന്‌
കമുകിൻതണുങ്ങ്‌ കുടയാക്കിക്കൊടുത്തുമൊക്കെ
കൂടെയുണ്ടാകും അവന്റെ വീട്ടുകാരി
പ്രപഞ്ചത്തിലെ പച്ചനിറങ്ങളെല്ലാം
മഞ്ഞുകാലംകഴിഞ്ഞാൽമരങ്ങളിൽ
ഇലത്തളിർപ്പുകളാകുമെന്നൊക്കെ
മഴത്തണുപ്പുള്ള കിനാക്കളുംപറഞ്ഞ്‌
ഉണക്കിലകളുടെ ഊതനിറത്തിലൂടെ
ചിലപ്പോൾ ഉണക്കവിറക്കിന്റെ ചുമടുമായി
അന്തിമഞ്ഞിൽ കുന്നിറങ്ങുംവഴി
ഒന്നിച്ചായിരിക്കുമവർ തിരിച്ചുപോവുക
നേഞ്ഞലുതള്ളിക്കുഴച്ച ചേറ്റിൽ
നെന്മണികളെറിഞ്ഞവരുണ്ടാക്കിയ
തട്ടുതട്ടായിമഞ്ഞനിറങ്ങൾ കാറ്റത്ത്‌
ഓളംപണിയുന്ന നെൽച്ചെടിപ്പാടങ്ങളും
പാടത്തേക്കുവെള്ളംസഞ്ചരിക്കുന്നചാലും
അതിലേക്കെയ്തിറങ്ങി കൊക്കിൽ
മീനുമായിപ്പറക്കുന്നമുക്കുവപ്പക്ഷിയും
കൊറ്റികൾ പൂത്തമരങ്ങളും മാഞ്ഞുപോയി
മാന്തൈകൾവളർന്നകുന്നുകളിൽവന്ന്‌
മണ്ണുമാന്തികൾ കാട്ടിയ ജാലവിദ്യയിൽ
വേനലിൽവെയിൽക്കനൽ തെള്ളിയാളുന്ന
അതേനിരപ്പുകളിൽത്തന്നെ
പ്രളയത്തിനെചിത്രീകരിക്കുവാനായി
പെരുമഴകൾ സന്ദർശിക്കുന്ന കാലം
തോർച്ചയില്ലാതെചോർന്നൊലിക്കുമോവീട്‌
സങ്കടപ്പെയ്ത്തിലെന്നുപേടിച്ചുനിൽക്കാതെ
നടീൽമുളകളെസ്നേഹിച്ചവനത്തവണ
സ്വന്തംജീവനെമായച്ചനക്കമില്ലാതെ
പൂക്കളുടെ ശാന്തമനസ്സുകൊണ്ട്‌
അലങ്കൃതനായ്ക്കിടന്നു ശവപ്പെട്ടിയിൽ
അതോടെ അവനുള്ളടക്കിയനരയുടെ
ശരിപ്പകർപ്പായിഅവന്റെ വീട്ടുകാരി
അടക്കിപ്പറഞ്ഞ്മുറ്റത്തുനിന്നചിലർ
അവനെഎടുത്തുകൊണ്ടുപോയി
മണ്ണിലെടുത്തവളിയതടത്തിൽ വച്ച്‌
മായ്ച്ചു കളഞ്ഞു മണ്ണുകൊണ്ട്‌
മാഞ്ഞുപോയമരങ്ങളിൽനിന്നും
മറവിയിലേക്കുപറന്നുപോകുന്നു
തൊടികൾതോറും പറന്നു ഭൂമിയിൽ
വസന്തം കേൾപ്പിച്ച കിളിച്ചിലപ്പുകൾ
മാഞ്ഞുപോയവന്റെ മക്കളുടെചിരിപോലെ
നാട്ടുകൊല്ലന്റെ ഉലയിലെത്തീകെട്ടുപോയി
കാലക്രമത്തിൽ തുരുമ്പുവന്ന്‌
മായ്ച്ചുകളഞ്ഞുമൺവെട്ടിയും
വേഗത്തിന്റെ ആവാസഘടനയിൽപ്പിന്നെ
മുറുക്കാൻമണംപോലെ മാഞ്ഞുപോയി
മഴക്കാടിന്റെ കഥ പറഞ്ഞ്‌ മനസ്സിൽ
ഹരിതം വിടർത്തിയ അപ്പൂപ്പനും

മാജിക്‌ സ്ലേറ്റ്‌


 

സജീവ്‌ അയ്മന

വഴിയിറമ്പിൽ കാണുന്നു:
ആരും തൊടാതെ നിൽക്കുന്ന
തൊട്ടാവാടികളുടെ ഒരു പൂന്തോട്ടം
വയലറ്റുപൂക്കളുടെ ഈ കാഴ്ചയിൽ നിന്നായിരുന്നു
പുതിയ കവിത എഴുതി തുടങ്ങിയത്‌
നാളെ ആ വഴിയേ പോകുമ്പോൾ
ആ പൂക്കളെ ഒന്നുകൂടികാണണം
ഇന്ന്‌, കവിതയുടെ അവസാനത്തെ വരിയെക്കുറിച്ചാലോചിച്ച്‌
അവ നിന്നിടത്തെത്തുമ്പോൾ
കുറ്റിയിൽകിടന്ന്‌
ഒരു ആട്‌ അയവിറക്കുന്നു...
പിന്നെ ആലോചിച്ചതേയില്ല
ആട്‌ എഴുതികഴിഞ്ഞല്ലോ!
അവസാനത്തെ വരി.

ചിന്ത രവിയും മണി കൗളും

 എം.സി.രാജനാരായണൻ
മണികൗൾ

ചിന്തരവി



 അപരാഹ്നത്തിലെ വെയിൽ നാളങ്ങൾ മുറ്റത്ത്‌ കളംവരയ്ക്കുന്ന വേളയിലാണ്‌ ഗെയ്റ്റിനു വെളിയിൽ കാർ നിർത്തി ചിന്ത രവിയും സംഘവും വീട്ടിലെത്തിയത്‌. സംഭാഷണത്തിനിടയിൽ ഗ്രാമീണാന്തരീക്ഷത്തെക്കുറിച്ച്‌ രവീന്ദ്രൻ പലതവണ പറഞ്ഞിരുന്നു. "എഴുത്തിനു പറ്റിയ അന്തരീക്ഷം".


 പിന്നെ വൃക്ഷശാഖകളിൽ പാറിപ്പറന്നു നടന്ന പലതരം പക്ഷികളെ ശ്രദ്ധിച്ചുകൊണ്ട്‌ പറഞ്ഞു.
 "അതാ മഞ്ഞക്കിളി. മഞ്ഞക്കിളിക്ക്‌ പ്രത്യേക ഭംഗിയാണ്‌".
 നാട്ടിൻപുറത്തുമാത്രം കാണുന്ന അപൂർവ്വം പക്ഷികളുടെ കണക്കെടുത്താൽ മതിയോ വിഷയത്തിലേക്ക്‌ കടക്കേണ്ടേ എന്ന്‌ കൂട്ടുകാരിലൊരാൾ ചോദിച്ചപ്പോൾ അത്‌ ചിന്ത രവിയെ അലോസരപ്പെടുത്തിയതായി തോന്നി. പ്രകൃതിയുടെ ഉപാസകനായിരുന്നുവല്ലോ അദ്ദേഹം എന്നും!
 പുതിയ സിനിമാ സംരംഭത്തെക്കുറിച്ച്‌ സംസാരിക്കുവാനാണ്‌ രവീന്ദ്രനും സംഘവും പൊന്നാനിയിലെത്തിയത്‌. ചില പ്രമേയങ്ങൾ മനസ്സിലുള്ളത്‌ പറഞ്ഞെങ്കിലും ഒന്നിലും അദ്ദേഹം പൂർണ്ണ സംതൃപ്തനായിരുന്നില്ല.

 "ഇനി ചെയ്യുന്നത്‌ വ്യത്യസ്തമായിരിക്കണം. ചെറിയ ക്യാൻവാസിൽ ഒരു പടം."
"സമയമെടുത്താലും പ്രമേയം അ..ടനം തന്നെയാകണം."
"അതെ നൂതനവും"
അങ്ങിനെ പോയ സംഭാഷണത്തിന്‌ താൽക്കാലിക വിരാമം നൽകി കാറിൽ കയറുമ്പോഴും പ്രകൃതിയുടെ മനോഹാരിതയെക്കുറിച്ച്‌, ഉൾനാടൻ തനിമയെക്കുറിച്ച്‌ നാല്‌ വാക്ക്‌ പറയുവാൻ ചിന്തകൻ മറന്നില്ല!.
 അപൂർവ്വമായ ഒരു കൂടിക്കാഴ്ചയായിരുന്നു അത്‌. മനസ്സിൽ എന്നെന്നും മായാതെ നിന്ന ചില സീനുകൾ ബാക്കിവച്ചു ഒരു സന്ദർശനം. ഒരേ തൂവൽപക്ഷികളും, ഹരിജനു സംവിധാനം ചെയ്ത മനസ്സ്‌ ഒരു പ്രമേയത്തിനായുള്ള അന്വേഷണത്തിലായിരുന്നു.

മണികൗൾ
 ഓഷ്യാൻ-സിനിഫിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (ഡൽഹി-2005) ജൂറി അംഗങ്ങളായി ഡൽഹിയിലെ ജൻപഥിലെ ബ്രട്ടീഷ്‌ പ്രൗഡി നിലനിർത്തുന്ന ഇംപീരിയൽ ഹോട്ടലിൽ ഞങ്ങൾ പതിനൊന്നു ദിനങ്ങൾ താമസിച്ച വേളയിലാണ്‌ മണി കൗളിനെ അടുത്തറിയുന്നത്‌. ഫി പ്രേശി ജൂറിയിൽ  ഞാനും ഫെസ്റ്റിവൽ ജൂറിയിൽ മണികൗളും അംഗങ്ങൾ. ഫെസ്റ്റിവൽ സെന്ററായ സിരിഫോർട്ടിലേക്ക്‌ യാത്ര ചെയ്യുന്നത്‌ ഒരേ കാറിൽ!

 സിനിമാ സംവിധായകനിലുപരി മണികൗൾ ഒരു സംഗീതജ്ഞനായിരുന്നുവേന്ന്‌ ഞാൻ തിരിച്ചറിയുന്നത്‌ ഈ നാളുകളിലാണ്‌. ദ്രുപദ്‌ സംഗീതത്തെക്കുറിച്ച്‌ ദ്രുപദ്‌ എന്ന പേരിൽ അദ്ദേഹം ഒരു ഡോക്കുമന്ററി തയ്യാറാക്കിയിരുന്നത്‌ അറിയാമായിരുന്നുവേങ്കിലും ഉത്തരേന്ത്യൻ സംഗീതത്തിലുള്ള അദ്ദേഹത്തിന്റെ അവഗാഹവും സംഗീതത്തോടുള്ള ഭക്തിയും അപ്പോഴാണ്‌ അറിയുന്നത്‌. സിനിമപോലെ പ്രിയപ്പെട്ടതായിരുന്നു മണി കൗളിന്‌ സംഗീതവും. അക്കാലത്ത്‌ അദ്ദേഹം താമസിച്ചിരുന്നതും ജോലി ചെയ്തിരുന്നതും ഹോളണ്ടിലായിരുന്നു. ഹോളണ്ട്‌ യൂണിവേഴ്സിറ്റിയിൽ മണി കൗൾ പഠിപ്പിച്ചിരുന്നത്‌ സിനിമയായിരുന്നില്ല സംഗീതമായിരുന്നു.
 "സമുദ്രത്തിന്റെ ആഴം പോലെയാണ്‌ സംഗീതത്തിന്റെ ആഴവും പറപ്പും" അദ്ദേഹം പറയുമായിരുന്നു.
"പഠിച്ചതും പഠിപ്പിക്കുന്നതുമെല്ലാം കുറച്ച്‌. പഠിക്കാനുള്ളത്‌ പാരാവാരംപോലെ വിപുലവും"
 "ഗഗനം ഗഗനാകാരം സാഗരം സാഗരാ പാരം പോലെ സംഗീതവും"


 ഉത്തരേന്ത്യൻ രാഗങ്ങളെക്കുറിച്ചു സംഗീതജ്ഞരെക്കുറിച്ചു പറയുമ്പോൾ റോബർട്ട്‌ ബ്രൈസ്സത്തയും ബെർഗ്മാനെയും പരാമർശിക്കുന്നതുപോലെ ആയിരം നാവുകളായിരുന്നു മണികൗളിന്‌. പൂനാ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന്‌ സംവിധാനത്തിൽ ബിരുദം നേടിയ അദ്ദേഹം പിന്നീട്‌ അവിടെ തന്നെ അധ്യാപകനായി കുറച്ചുകാലം ജോലി നോക്കിയിരുന്നു.


 സിനിമയെക്കുറിച്ച്‌ മൗലിക ചിന്ത പുലർത്തിയിരുന്ന മണികൗളിന്റെ പ്രഥമ സംരംഭം 'ഉസ്കിറൊട്ടി' പുതിയ പാത വെട്ടിത്തുറന്ന സൃഷ്ടിയായിരുന്നു. തുടർന്നുവന്ന 'ആഷാഡ്‌ കാ ഏക്‌ ദിൻ' ഏറെ വ്യത്യസ്തമായ രചനയായി മാറി. ഋത്വിക്ക്‌ ഘട്ടക്കനെക്കുറിച്ച്‌ മണികൗൾ പറഞ്ഞത്‌ ഓർക്കുന്നു "ഹി ഈസ്‌ വൺ ഓഫ്‌ ദി ബെസ്റ്റ്‌ ടീച്ചേഴ്സ്‌ ഐ എവർ ഹാഡ്‌"
 എങ്ങിനെ സിനിമയെടുക്കണമെന്ന്‌ പഠിപ്പിക്കുകയല്ല ഋത്വിക്ക്‌ ഘട്ടക്ക്‌ ചെയ്തത്‌. എങ്ങിനെ സ്വതന്ത്രമായി ചിന്തിക്കണമെന്ന്‌ പഠിപ്പിക്കുകയായിരുന്നു. പുതിയ പാതകൾ തേടി നടക്കുവാനുള്ള പ്രചോദനം അദ്ദേഹത്തിന്‌ ഋത്വിക്ക്‌ ഘട്ടക്ക്‌ തന്നെയായിരുന്നു.


 മലയാളത്തെയും മലയാളികളെയും ഏറെ ഇഷ്ടപ്പെട്ട മണികൗളിന്റെ ആദ്യകാല സൃഷ്ടികളും  ക്യാമറമാന്മാരിൽ ഒരാൾ വേണുവായിരുന്നു. രവിമേനോൻ, കൊടിയേറ്റം ഗോപി തുടങ്ങിയവർ അദ്ദേഹത്തിന്റെ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. ഉസ്കിറൊട്ടിയുടെ അണിയറ പ്രവർത്തകരിൽ ഒരാൾ സാക്ഷാൽ ജോൺ എബ്രഹാം തന്നെയായിരുന്നു! ജോണിനെക്കുറിച്ച്‌ ഏറെ പ്രതീക്ഷകളുണ്ടായിരുന്നു മണി കൗളിന്‌. എല്ലാ അർത്ഥത്തിലും ജോൺ എബ്രഹാം ഋത്വിക്ക്‌ ഘട്ടക്കിന്റെ ശിഷ്യൻ തന്നെയായിരുന്നു.

 ഒരാഴ്ചത്തെ അകലത്തിൽ ഇന്ത്യൻ സിനിമയ്ക്ക്‌ തീരാനഷ്ടം നൽകി കാലയവനികയ്ക്കുള്ളിൽ മറഞ്ഞ രണ്ട്‌ പ്രതിഭാ സമ്പന്നരാണ്‌ രവീന്ദ്രനും മണികൗളും. സിനിമാ സംവിധായകരും മൗലികച്ചിന്തകരുമായിരുന്ന അവരിരുവരും യാത്ര ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. ചിന്ത രവിയെഴുതിയ യാത്രാവിവരങ്ങൾ വിലപ്പെട്ടവയാണ്‌.

 വിപുലമായ സുഹൃദ്‌ വലയം ഇരുവർക്കുമുണ്ടായിരുന്നു. ആരെയും നോവിക്കാതെ എന്നാൽ സ്വന്തം അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുവാനും ഇരുവരും ശ്രദ്ധിച്ചിരുന്നു. മറക്കാനാവാത്ത വ്യക്തിത്വത്തിന്റെ ഉടമകളായിരുന്നു ഇരുവരും. യാത്ര പറഞ്ഞ്‌ പിരിയുമ്പോൾ മണികൗൾ പറഞ്ഞത്‌ ഓർക്കുന്നു.
"കബി അൽവിദനാ കഹ്നാ"


ഉടലടയാളം


മഹർഷി

മഴയുടെ മേളം
പുഴകളിലെഴുതി
കുളിരുതമ്മിലിണഞ്ഞ്
കുമ്മിയടിച്ചൊഴുകുന്നു

മുകിലുകൾ മുകുരം നോക്കി
തലമുടി ചീകിയൊതുക്കി
കടകട ചിരിച്ചുരസിച്ച്
പളപളകളിയാടുന്നു
തീരം തിരക്കഥയെഴുതി
വാനം കവിത രചിച്ച്
തളിരുകൾ താളം തുള്ളി
കഥയതിനരങ്ങുമൊരുങ്ങി

പ്രാതം ഈറനുടുത്ത്
ഉഷസ്സിൻ തിരുനട തൊഴുത്
കളഭക്കുറിയും തൊട്ട്
മനസ്സാൽ മൂന്നു വലം

കല്ലോലത്തിൻ
കുമിള വിരിച്ച്
തീരത്തിതിഹാസവുമായി
കടലിലയൊരുടലായി

സായംസന്ധ്യ രചിച്ച
ചെമ്മാനച്ചാർത്തുമണിഞ്ഞ്
പടിഞ്ഞാറിൻ‍‍മാറുചുവന്നു
പകലോനതിലാറാടി
ഫൊ: 9495547947

അറിവ്‌ വാക്കുകളെ അതിവർത്തിക്കുന്നു-ശ്രീ ശ്രീ രവിശങ്കർ




വിവർത്തനം: എസ്‌.സുജാതൻ



 വാക്കുകൾക്കപ്പുറമാണ്‌ വിവേകം. അത്‌ നമ്മുടെ നൈസർഗ്ഗികമായ സ്വരൂപമാണ്‌. എല്ലാ വാക്കുകളുടേയും ആകെ സത്തയുമാണ്‌. വാക്കുകൾക്കപ്പുറമുള്ളത്‌ കാണുകയും അറിയുകയും ചെയ്യുമ്പോൾ നിങ്ങളുടെ ജീവിതം കളങ്കരഹിതമാകുന്നു.
 നാം പൊതുവെ വാക്കുകളുടെ അർത്ഥതലങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്‌. അതിനാൽ നമ്മൾ വാക്കുകളെ കൂടുതൽ അലോസരപ്പെടുത്തുകയും, അതിലൂടെ നാം സ്വയം അലോസരപ്പെടുകയും ചെയ്യുന്നു.
* നിങ്ങൾ വാക്കുകളിൽ കൃത്രിമം കാട്ടി അതിനെ കൈകാര്യം ചെയ്യുമ്പോൾ അത്‌ നുണയാകുന്നു.
* നിങ്ങൾ വാക്കുകളെക്കൊണ്ടു കളിച്ചാൽ അത്‌ തമാശയാകുന്നു.
* നിങ്ങൾ വാക്കുകളെ വിശ്വാസപൂർവ്വം ആശ്രയിച്ചാൽ അത്‌ അജ്ഞതയാകുന്നു.
* നിങ്ങൾ വാക്കുകളെ അതിവർത്തിക്കുമ്പോൾ അത്‌ അറിവാകുന്നു.
 നമ്മൾ പൊതുവെ ഉപയോഗിക്കുന്ന ചില വാക്കുകൾ പരിശോധിച്ചാൽ അതിന്റെ അർത്ഥതലങ്ങൾ സമയാസമയങ്ങളിൽ മാറിമറിയുന്നത്‌ കാണാൻ കഴിയും.

മസ്തിഷ്ക്ക ശുദ്ധീകരണം[brainwashing]

 ഉദാഹരണത്തിന്‌ (brainwashing)എന്ന വാക്ക്‌ നോക്കാം. നിങ്ങളുടെ ശരീരത്തെപ്പോലെ തന്നെ മസ്തിഷ്ക്കത്തേയും വൃത്തിയാക്കേണ്ടതുണ്ട്‌. അഴുക്കു പിടിച്ച മസ്തിഷ്ക്കവുമായി, അഴുക്കു പിടിച്ച മനസ്സുമായി നിങ്ങൾ നടക്കാൻ പാടില്ല. എന്താണ്‌ brainwashing എന്ന വാക്കിലെ കുഴപ്പം? അത്‌ സൂചിപ്പിക്കുന്നത്‌ ശുദ്ധമായ ഒരു മസ്തിഷ്ക്കത്തെയാണ്‌; ശുദ്ധമായ ഒരു മനസ്സിനെയാണ്‌. എന്നാൽ ആ പദം ഉപയോഗിക്കുന്നതോ ദോഷകരമായ ഒരു രീതിയിലുമാണ്‌.

മതിഭ്രമ വിമുക്തി

disillusionment എന്ന വാക്കും അതുപോലെയാണ്‌. മതിഭ്രമ വിമുക്തി അഥവാ യാഥാർത്ഥ്യ ദർശനം എന്നാണ്‌ അതിനർത്ഥം. നിങ്ങൾ മതിഭ്രമ വിമുക്തിയിലായാൽ അത്‌ വളരെ നല്ല കാര്യമല്ലേ? അപ്പോൾ നിങ്ങൾ ശരിക്കും യാഥാർത്ഥ്യത്തിലേക്ക്‌ വരികയാണ്‌.
പുരാണം
purana എന്ന വാക്കു നോക്കുകയാണെങ്കിൽ അതിന്റെ അർത്ഥം, 'പുരത്തിലെ പുതിയത്‌' എന്നാണ്‌; പട്ടണത്തിൽ ഏറ്റവും നൂതനമായത്‌. എന്നാൽ ഈ വാക്ക്‌ പൊതുവെ ഉപയോഗിക്കുന്നത്‌ 'പുരാതനം' അഥവാ പഴക്കമേറിയത്‌ എന്ന അർത്ഥത്തിലുമാണ്‌.

അനുകമ്പ [mercy]

പൊതുവെ ഉപയോഗിക്കുന്ന വാക്കാണ്‌ mercy (ദയ) അഥവാ അനുകമ്പ. അനുകമ്പ സൂചിപ്പിക്കുന്നത്‌ 'അടുപ്പത്തിന്റെ കുറവ്‌' എന്നാണ്‌. അത്‌ ഒരു അകലം സൂചിപ്പിക്കുകയാണ്‌. സ്വന്തമാകുന്നതിന്റെ ഒരു കുറവ്‌ അവിടെ ദർശിക്കാം. നിങ്ങൾക്ക്‌ പ്രിയപ്പെട്ടവരോടും അടുപ്പമുള്ളവരോടും നിങ്ങൾക്ക്‌ ദയ ഉണ്ടാകാൻ പാടില്ല. 'എന്റെ മക്കളോട്‌ എനിക്ക്‌ ദയവുണ്ട്‌' എന്നു ഒരു മാതാപിതാക്കളും പറഞ്ഞു നിങ്ങൾ കേട്ടുകാണില്ല. നിങ്ങളുടേതല്ലാത്തവരെന്നു നിങ്ങൾ ചിന്തിക്കുന്നവരോടാണ്‌ നിങ്ങൾക്ക്‌ ദയവുണ്ടാവുക. ദയ സൂചിപ്പിക്കുന്നത്‌, കോപം, നിർണ്ണയം, പ്രാമാണ്യം (അധികാരം) എന്നിവയാണ്‌. നിങ്ങൾ ദയ ചോദിക്കുമ്പോൾ നിങ്ങൾ സ്വയം കേന്ദ്രീകൃതമാകുന്നു. നിയമത്തിനു മുന്നിൽ നിങ്ങൾക്ക്‌ മാപ്പ്‌ വേണ്ടിവരികയാണ്‌. നിങ്ങളുടെ ധൈര്യത്തിന്റേയും ശൗര്യത്തിന്റെയും കുറവുകൂടിയാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌.

 നിങ്ങൾ ഈ സൃഷ്ടി കർമ്മങ്ങളെ അറിയുകയും വിശ്വസിക്കുകയും ചെയ്യുമ്പോൾ സ്വാഭാവികമായിത്തന്നെ നിങ്ങളിൽ ആഹ്ലാദം നിറയുകയായി. ഈ ചെറിയ മനസ്സ്‌ ദിവ്യമനസ്സിന്റെ സ്വപ്രകൃതിയിലേക്ക്‌ ഉൽക്കർഷത്തോടെ ഉയരുകയാണിവിടെ. ഈശ്വരൻ എല്ലാ അറിഞ്ഞ്‌ എല്ലാത്തിനേയും സ്നേഹിക്കുകയാണ്‌. അവിടെ അനുകമ്പയ്ക്ക്‌ ഒരു ഊഴവുമില്ല. ഗാഢമായ അടുപ്പമുള്ളപ്പോൾ അവിടെ അനുകമ്പയ്ക്ക്‌ ഇടമില്ലല്ലോ.

മാപ്പ്‌[forgiveness]

'മാപ്പ്‌' പൂർണ്ണമാക്കാൻ കഴിയുന്ന ഒരു പദമല്ല. നമ്മൾ ചിലർക്ക്‌ മാപ്പ്‌ കൊടുക്കുവാൻ ശ്രമിക്കുകയാണ്‌. അഥവാ മാപ്പ്‌ കൊടുക്കുവാനായി വിഷമിക്കുകയാണ്‌. എന്തുകൊണ്ടാണ്‌ അതെന്ന്‌ നിങ്ങൾക്കറിയാമോ? 'ഞാൻ നിങ്ങളോട്‌ ക്ഷമിച്ചു' എന്ന്‌ നിങ്ങൾ എപ്പോൾ പറയുന്നുവോ അപ്പോൾ നിങ്ങൾ ചിന്തിക്കുകയാണ്‌. അവർ കുറ്റവാളികളാണെന്ന്‌. ഒരാൾ കുറ്റവാളിയാണെന്നു നിങ്ങൾ ചിന്തിക്കുന്നുവേങ്കിൽ നിങ്ങൾക്ക്‌  എങ്ങനെ മാപ്പ്‌ കൊടുക്കാൻ കഴിയും. അവിടെ കുറച്ചെങ്കിലും മാപ്പില്ലായ്മ മനസ്സിൽ അവശേഷിക്കുകയാണ്‌. എന്നാൽ നിങ്ങൾ ഒരു വിശാലമായ കാഴ്ചപ്പാടിലൂടെ അതു വീക്ഷിക്കുകയാണെങ്കിൽ നിങ്ങൾക്ക്‌ കാണാൻ കഴിയും.

കുറ്റവാളി ഒരു ബലിയാടുകൂടിയാകുകയാണെന്ന്‌. അയാളുടെ അല്ലെങ്കിൽ അവളുടെ സ്വന്തം മനസ്സിൽ, തന്റെ അജ്ഞതയിൽ, തന്റെ ജാഗരൂകതയില്ലായ്മയിൽ, സ്വന്തം അബോധാവസ്ഥയിൽ അവർ ബലിയാടായി മാറുകയാണ്‌. അതിനാൽ അനുകമ്പ അവരവരുടെതന്നെ ഉള്ളിൽ നിന്നും ഉയർന്നു വരേണ്ടിയിരിക്കുന്നു. എന്നാൽ ആളുകൾക്ക്‌ അനുകമ്പ ശരിയായി മനസ്സിലാക്കാൻ കഴിയാത്തതിനാലാണ്‌ 'മാപ്പ്‌' എന്ന പദത്തിൽപ്പിടിച്ച്‌ സംസാരിക്കേണ്ടി വരുന്നത്‌.

ആർദ്രതയും, കരുത്തും[softness, forcefullness]

 ചില ആൾക്കാർ വളരെ ആർദ്രതയുള്ളവരാണ്‌. എന്നാൽ അവരുടെ ആർദ്രതയാകട്ടെ ധൈര്യക്കുറവിൽ നിന്നും കരുത്തില്ലായ്മയിൽ നിന്നും പുറത്തുവരുന്നതുമാണ്‌. എന്നാൽ മറ്റുചില ആൾക്കാരിലെ ആർദ്രത പക്വതയിൽ നിന്നും ഉയർന്നുവരുന്നതാണ്‌; അവരുടെ മഹാമനസ്ക്കതയിൽ നിന്നും ഉയർന്നു വരുന്നു. അവരുടെ അറിവിന്റെ നിറവിൽ നിന്നും ജനിക്കുന്ന ആർദ്രതയാണത്‌. ധൈര്യമില്ലായ്മയിൽ നിന്നുവരുന്ന ആർദ്രതയാൽ വളരെയേറെ ദുരിതം അനുഭവിക്കേണ്ടിവരുന്നു. ചിലപ്പോൾ അവർ പെട്ടെന്ന്‌ വികാര ഭരിതരായി ബാഷ്പ ശീലരുമാകുന്നു.
 അതുപോലെ കരുത്താർജ്ജിച്ച ആൾക്കാരിലും രണ്ടു വിഭാഗങ്ങളുണ്ട്‌.

1. ആക്രമണ ശീലമുള്ളവർ
2. ദൃഢമായ ഉറപ്പോടെ നിൽക്കുന്നവർ
 ചില ആൾക്കാർ അക്രമ വാസനയോടെ കരുത്താർജ്ജിച്ച്‌ നിൽക്കുന്നത്‌ ശരിക്കും അവരുടെ ദൗർബ്ബല്യം കാരണമാണ്‌. ഉള്ളിലെ ദൗർബ്ബല്യം ആക്രമണശീലമായി അവരെ കൊണ്ടുനടക്കുകയാണ്‌. അവരുടെ ബലമില്ലായ്മയും, ഭയവും, പ്രതിരോധ ശക്തിക്കുറവുമാണ്‌ അതിനുകാരണം. എന്നാൽ മറ്റു ചിലരാകട്ടെ, മറ്റുള്ളവരോടുള്ള സ്നേഹവും, ശ്രദ്ധയും, അവധാനവും, അനുകമ്പയും കൊണ്ടാണ്‌ കരുത്താർജ്ജിച്ച്‌ നിൽക്കുന്നത്‌.

സഹനശക്തി[tolerence]

 നാം ഉപയോഗിക്കുന്ന മറ്റൊരു വാക്ക്‌ സഹനശക്തിയാണ്‌. കൂടുതൽ ആളുകളും ചിന്തിക്കുന്നത്‌ സഹനശക്തി ഒരു ധർമ്മാചരണം എന്നാണ്‌. 'സഹനശക്തി' എന്നത്‌ ഒരു നിഷേധ വാക്കാണ്‌. നിങ്ങൾ ചിലതിനെ ഇഷ്ടപ്പെടുകയാണെങ്കിൽ നിങ്ങൾ അതിനെ സഹിക്കുകയല്ല ചെയ്യുന്നത്‌. 'സഹനശക്തി' സൂചിപ്പിക്കുന്നത്‌. 'ആഴത്തിലുള്ള അനിഷ്ടം' എന്ന അർത്ഥത്തിലാണ്‌. അത്‌ ഏതു നിമിഷവും വെറുപ്പിലേയ്ക്കു തിരിഞ്ഞേക്കാം. അതു സൂചിപ്പിക്കുന്നത്‌ വേറിട്ട ഒന്ന്‌ എന്നാണ്‌. ചെറിയ മനസ്സാണ്‌ അവിടെ കാണപ്പെടുന്നത്‌. ബോധത്തിന്റെ പരിമിതിയാണത്‌. നിങ്ങൾ സഹിക്കുകയാണെങ്കിൽ അതൊരു താൽക്കാലിക അവസ്ഥ മാത്രമാണ്‌. സഹനശക്തി എന്നത്‌ ഒരു അഗ്നിപർവ്വതശക്തിപോലെ പ്രബലമായതാണ്‌. നിങ്ങൾ അതു സഹിക്കുകയാണെങ്കിൽ അതിനർത്ഥം നിങ്ങൾ അതിനെ മുറുകെപ്പിടിച്ചിരിക്കുകയാണ്‌ എന്നാണ്‌.

സംന്യാസം[austerity]
സംന്യാസത്തെ ദാരിദ്യമായും ജീവിതത്തിൽ നിന്നുള്ള ഒഴിഞ്ഞുമാറലായും തെറ്റദ്ധരിക്കുന്നു. എന്നാൽ സംന്യാസം അതല്ല. സംന്യാസം നിറവിൽ നിന്ന്‌ അഥവാ പാകതയിൽ നിന്നു വരുന്നതാണ്‌. സംന്യാസം മാനവസമുദായത്തിന്റെ ആരോഗ്യത്തിന്റെ അടയാളമാണ്‌. സംന്യാസം ആഘോഷങ്ങൾക്ക്‌ എതിരാവുന്നില്ല. എന്നാൽ കേവലം പൊള്ളയായ സ്വയം ശ്രേഷ്ഠത്വഭാവം അഥവാ പൊള്ളപ്പകിട്ട്‌ ഒരു ആഘോഷമാകുന്നുമില്ല. ഒരാൾ ആത്മീയ കാര്യങ്ങളിൽ സമ്പന്നനാണെങ്കിൽ അയാൾക്ക്‌ സംന്യാസം പരിശീലിക്കാൻ കഴിയാറുണ്ട്‌. ആത്മീയ ദാരിദ്യമാണ്‌ പൊള്ളപ്പകിട്ട്‌. സംന്യാസം പൊള്ളപ്പകിട്ടിന്റെ ഗർവ്വിൽ നിന്ന്‌ സ്വാതന്ത്ര്യം കൊണ്ടു വരികയാണ്‌. എന്നാൽ സംന്യാസത്തിൽ ഗർവ്വ്വ്‌ കാണിക്കുകയാണെങ്കിൽ അതും പൊള്ളപ്പകിട്ടാകുന്നു.


 മറ്റുള്ളവരെ അഭിനന്ദിക്കാനായി യത്നിക്കേണ്ടതില്ല. നിങ്ങളെ സ്വയം പുകഴ്ത്താനും യത്നിക്കേണ്ടതില്ല. നിങ്ങൾ നിങ്ങളുടെതന്നെ ഉള്ളിൽ നിന്നു വരുമ്പോൾ നിങ്ങളുടെ പ്രകാശനം കറയറ്റതാകുകയും ആ മുദ്രണങ്ങൾ വർഷങ്ങളോളം നിങ്ങളിൽ നീണ്ടുനിൽക്കുകയും ചെയ്യുന്നു. സ്വയം ചോദിക്കുക: നിങ്ങൾ നിങ്ങളുടെ തന്നെ സ്വഭാവത്തിലാണോ? അല്ല, നിങ്ങളുടെ ബാഹ്യഭാവം ഉള്ളിന്റേതല്ല. സമുദ്രം മേഘങ്ങളാകുന്നത്‌ രഹസ്യമാണ്‌. എന്നാൽ മേഘങ്ങൾ സമുദ്രമാകുന്നത്‌ സ്പഷ്ടമായ കാര്യമാണ്‌. ലോകത്തിൽ കുറച്ചു പേർക്കു മാത്രമേ നിങ്ങളുടെ ഉള്ളിന്റെ വളർച്ച തിരിച്ചറിയാൻ കഴിയൂ.

രാഷ്ട്രീയ സൗഹൃദം മിഥ്യയും യാഥാർത്ഥ്യവും




ടിയെൻ ജോയ്‌

 "സൗഹൃദത്തിന്റെ രാഷ്ട്രീയം ദെരിടയിൽ നിന്നുള്ള ശബ്ദഭേദം" എന്ന ആകർഷകമായ ഒരു തുടക്കമാണ്‌ ആദ്യം ആലോചിച്ചതു.
എന്താണ്‌ സൗഹൃദം എന്ന്‌ നിർവ്വചിച്ച്‌, ചരിത്രത്തിൽ രാഷ്ട്രീയം എന്ന സങ്കൽപത്തിന്‌ സംഭവിച്ച അർത്ഥാന്തരങ്ങളിലേക്കു ആണ്ടിറങ്ങി, അങ്ങിനെയാണ്‌-ഇത്തരം സാഹസങ്ങൾ പിന്നീടൊരിക്കലേക്ക്‌ മാറ്റിവയ്ക്കുകയാണ്‌. നല്ല പുസ്തകങ്ങളുടേയും മുൻപേ പറഞ്ഞ പ്രതിഭാധനരുടേയും പേരുകളുടെ ആരവം ഒടുവിലുണ്ട്‌.


രാഷ്ട്രീയ സൗഹൃദത്തിന്റെ ആവശ്യകതയെ പ്രധാനമായും വൈകരികമായി കാണുന്ന ഒരു വ്യവഹാരമാതൃകയിൽ ഊന്നാണാണ്‌ എന്റെ ശ്രമം. വിശകലനാത്മക സമീപനത്തിന്റെ പാടുകൾ പൂർണ്ണമായി ഒഴിവാക്കുവാനും കഴിയുമെന്നു തോന്നുന്നില്ല പ്രധാനമായും വിവരണാത്മകമായ ഒന്നാണ്‌ ഈ കുറിപ്പ്‌.


1957ലെ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയെ പിരിച്ചുവിടുന്നതിനു മുമ്പ്‌ നെഹ്‌റു തന്റെ 'ഇടതുപക്ഷ സുഹൃത്തുക്കളോട്‌, ഇങ്ങനെ പറഞ്ഞു. " ഇത്ര എളുപ്പത്തിൽ ഒറ്റപ്പെടാൻ നിങ്ങൾ എന്ത്‌ സൂത്രമാണ്‌ പ്രയോഗിച്ചതു." ഇടതുപക്ഷം നെഹ്‌റുവിന്റെ രാഷ്ട്രീയ സൗഹൃദത്തിന്‌ പുറത്തായിരുന്നില്ല. കോൺഗ്രസ്സിനുള്ളിൽ വി.കെ.കൃഷ്ണമേനോനൊഴിച്ച്‌ നെഹ്‌റുവിന്റെ മറ്റു സുഹൃത്തുക്കളെപ്പറ്റി പറഞ്ഞുകേട്ടിട്ടില്ല - സുഹൃത്തുക്കൾ പാർട്ടിക്ക്‌ പുറത്ത്‌/അനുയായികൾ, നേതാക്കൾ, ഇവരുമായി ഒരുതരം ഔപചാരികബന്ധം! ഇത്‌ കോൺഗ്രസ്സിന്റെ മാത്രം പ്രശ്നമാണോ?
ഇവിടെ ശരിയുത്തരങ്ങളുണ്ടാവണമെന്നില്ല. ഒരു പാർട്ടിക്ക്‌ മറ്റൊരു പാർട്ടി 'അപരൻ ആയിരിക്കുന്നത്‌ നയപരമായ കാരണങ്ങളാണെന്നാണ്‌ -പൊതുവേ വിശദീകരിക്കുന്നത്‌-കമ്മ്യൂണിസ്റ്റു പാർട്ടിയുടെ പ്രസംഗവേദിയിൽ അഭിസംബോധന ഇങ്ങനെയാണ്‌ "സഖാക്കളെ സുഹൃത്തുക്കളേ"- ഇതിനർത്ഥം സഖാക്കളെപ്പോലെയല്ല സുഹൃത്തുക്കൾ എന്നാണോ? മുമ്പൊരു പുസ്തകം വായിച്ചതോർക്കുന്നു. "ലെനിൻ സഖാവും-സുഹൃത്തും"- വിപ്ലവത്തിന്റെ ത്യാഗസുരഭിലമായ പാതയിൽ "എന്നോടൊപ്പം നിൽക്കുന്നവരെ, എന്നെ സഹായിക്കുക മാത്രം ചെയ്യുന്ന അനുഭാവികളെ" - ഇങ്ങനെ ഒരു വിവർത്തനവും സാധ്യമാണ്‌.


അതവിടെ നിൽക്കട്ടെ-സമീപ ഭൂതകാലത്തിൽ നിന്ന്‌ രണ്ട്‌ ഉദാഹരണങ്ങൾ കൂടി. നെഹ്‌റുവിന്റെ മകൾ ഇന്ദിരയുടെ പാർട്ടി അടിയന്തരാവസ്ഥയിലൂടെ അമിതാധികാരം പ്രയോഗിച്ചപ്പോൾ ജയിലിൽ കെ.ജി.മാരാരും ഉമ്പിച്ചിബാവയും ചേനപ്പുഴുക്കിന്റെ അരുചിയിൽ ഒരൈക്യം സ്ഥാപിച്ചിട്ടുണ്ടാകും! - ചെറിയ മമ്മുക്കോയിയോടൊപ്പം കിടന്ന്‌ ആർ.എസ്‌.എസ്സ്‌ വർഗ്ഗീയതയ്ക്കും മാറ്റം വന്നിട്ടുണ്ടാകും! -ഇതിലൊന്നും യാതൊരു ഉറപ്പുമില്ല. മാർക്ക്സിസ്റ്റ്‌ പാർട്ടിയും നേതാക്കളും ആർ.എസ്സ്‌.എസ്സ്‌ നേതാക്കളും ഒരുമിച്ച്‌ ജയിലിൽ കിടക്കേണ്ട സാഹചര്യം സോണിയയുടെ കോൺഗ്രസ്സ്‌ ഇനി ഒരിക്കലും സൃഷ്ടിക്കുകയില്ല. (?-) അതുകൊണ്ട്‌ രണ്ട്‌ വ്യത്യസ്തമായ സമീപനങ്ങളിൽ നിന്നുണ്ടാകുന്ന ശത്രുതയുടെ മികച്ച ഉദാഹരണമായി ഇടതുപക്ഷവും സംഘപരിവാറും മാത്രം നിലനിൽക്കും!
ഇതിനോടൊപ്പം കൂട്ടിച്ചേർക്കാവുന്ന ഒന്ന്‌ /ഇടതുപക്ഷം
അതിന്റെ സർഗ്ഗാത്മകമായ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ ഇതര പാർട്ടികളെ ആകർഷിക്കുമ്പോൾ എന്താണ്‌ സംഭവിക്കുന്നത്‌? ശത്രുതയുടെ അവസ്ഥയിൽ മാറ്റം വരുമോ? രാഷ്ട്രീയ സൗഹൃദത്തിന്റെ സാധ്യതകൾ പ്രമേയങ്ങളുടെയും രേഖകളുടെയും വരൾച്ചയിൽ നിന്ന്‌ - ജീവിതത്തിന്റെ കുളിർമ്മയിലേക്ക്‌ അരിച്ചിറങ്ങുന്നുണ്ടോ?
ഇനി ഞാൻ ആദ്യം സൂചിപ്പിച്ച രണ്ടാമത്തെ ഉദാഹരണം: ചാരു മജ്‌ഉംദാർ ഒരിക്കലെഴുതിയിട്ടുണ്ട്‌ "നമ്മൾ നമ്മുടെ പാർട്ടിയെ വിമർശിക്കുന്നത്‌ അതിനെ ശക്തിപ്പെടുത്താനാണ്‌ - മറ്റു പാർട്ടികളെ വിമർശിക്കുന്നത്‌ അതിനെ നശിപ്പിക്കുവാനും".
മജ്‌ഉംദാർ വിമർശിച്ച പാർട്ടികൾ നശിച്ചോ?
സി.പി.ഐ (എം.എൽ) ശക്തിപ്പെട്ടോ?
മജ്‌ഉംദാറിന്റെ ശ്രുതിശുദ്ധമായ അവതരണം ജനാധിപത്യത്തിന്റെയും സംവാദത്തിന്റെയും സാധ്യതകൾക്കെതിരെ ഒരു താക്കീതാണോ?


ഉറപ്പിച്ചു പറയാവുന്ന ഒരു കാര്യത്തിൽ നമ്മുടെ ആലോചന തുടരേണ്ടതുണ്ട്‌ - " സൗഹൃദം മിഥ്യയല്ല, സ്ഥൂല രാഷ്ട്രീയത്തിൽ വൻ കാര്യങ്ങൾ സംഭവിക്കുമ്പോൾ വ്യക്തികൾ ഉണ്ടാക്കുന്ന വൈകാരിക ബന്ധം - (പ്രണയത്തെ ഇവിടെ ഒഴിവാക്കുക!) യാഥാർത്ഥ്യം തന്നെയാണ്‌.
ഇഷ്ടപ്പെട്ട സുഹൃത്ത്‌ അകലെയാണെങ്കിലും - ഓർമ്മകൾ കടന്നുവരുമ്പോഴെല്ലാം / ഒരു ഫോൺവിളിയിൽ / ഒരു ഇ-മെയിലിൽപോലും സൗഹൃദത്തിന്റെ ചൂടുണ്ട്‌! എസ്‌.എം.എസ്സുകൾ, ചാറ്റ്‌ ർറൂമുകൾ, ഫേസ്ബുക്ക്‌, ഓർക്കുട്ട്‌, ട്വിറ്റർ, ഹായ്‌5 ഇവിടെയെല്ലാം ഒരിക്കലും അടയാത്ത സൗഹൃദങ്ങളാണോ തുടിക്കുന്നത്‌? 'നിന്നെ ഇപ്പോൾ ആരെങ്കിലും ഓർത്തുകാണും' തുമ്മുമ്പോൾ മലയാളിയുടെ ഈ അമ്മൂമ്മാവചനം എത്രയോ ഭാവനാപൂർണ്ണം!
അരിസ്റ്റോട്ടിലിനേയും, നിച്ചേയേയും ദെരിടയേയും മറന്നാലും അമ്മൂമ്മമാരെ മറക്കരുത്‌.
"അവൻ എന്റെ മുഖത്തു നോക്കി" പച്ച നുണ പറഞ്ഞു എന്നകേരളീയന്റെവിലാപത്തിൽ ലവിനായുടെ ഫേസ്‌ ഉണ്ട്‌."
ദൈനംദിനത്തിൽ, കൊച്ചുകാര്യങ്ങളിൽ മിന്നിമാഞ്ഞുപോകുന്ന ജീവരൂപങ്ങളും അതിനെ പ്രതിനിധാനം ചെയ്യുന്ന ധന്യഭാവനകളും, വാക്കുകളും വാചകങ്ങളും/നമ്മുടെ വിഷയത്തിനു പുറത്താണ്‌.

ചതിയുടെ വടക്കൻപാട്ടുകളിൽ, അങ്കങ്ങളിൽ'ചങ്ങാതി'യെന്ന സംബോധനയിൽ, 'ഇഷ്ടാ' എന്നു തോളിൽ തട്ടുമ്പോൾ എല്ലാം ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നുതന്നെയാണ്‌ തോന്നുന്നത്‌.
 "ചീത്ത രാഷ്ട്രീയത്തിന്റെ പ്രാമുഖ്യംമൂലമാണ്‌ മനുഷ്യബന്ധങ്ങൾ വഷളാകുന്നത്‌. - ഇത്‌ എതിർക്കപ്പെടേണ്ട വാതമല്ല. പക്ഷേ നല്ല രാഷ്ട്രീയം, കക്ഷിരാഷ്ട്രീയമായി തന്നെ രൂപംകൊണ്ട്‌ ചീത്തരാഷ്ട്രീയത്തെ പരിവർത്തനപ്പെടുത്തുന്നു?
 സംഘർഷങ്ങളിൽ നോവുന്ന മനസ്സ്‌ ഒരു അനുതാപവും അർഹിക്കുന്നില്ലേ? 'പിശുക്കന്റെ'ദുഃഖംപോലെ! 'പാപത്തെ വെറുക്കുക, പാപിയെ സ്നേഹിക്കുക-എന്നത്‌ ഉദാരനീതി /ശത്രു, മിത്രം,സ്നേഹം, വെറുപ്പ്‌ ഇവയെല്ലാം ഒപ്പം നിൽക്കുന്നതാണെന്ന്‌ കൂടി ഓർക്കേണ്ടതുണ്ട്‌. എന്റെ അഭിപ്രായത്തിൽ നമ്മൾ "സ്നേഹത്തിൻ ഫലം സ്നേഹം" എന്ന ഫലേച്ഛയില്ലായ്മയിലേക്ക്‌ ഇടയ്ക്കെങ്കിലും മടങ്ങിവരേണ്ടതുണ്ട്‌. ശത്രുതയ്ക്ക്‌ ഇന്നു കൂടുതൽ സ്വാഭാവികതയുണ്ട്‌. അതു തീരെ "കളങ്കരഹിതമാണ്‌" അതുകൊണ്ട്‌ മനുഷ്യൻ, മനുഷ്യൻ എന്ന്‌ ആയിരംവട്ടം ഉരുവിടുന്നതിൽ നിന്ന്‌ നാം ഒന്നും സൈദ്ധാന്തികമായി ഉൽപാദിപ്പിക്കുന്നില്ല. ശത്രുതയുടെ വിപരീതം സ്നേഹമല്ല - എന്നു നമുക്കു വെറുതെ ആലോചിക്കുക. കുറച്ചധികം മനനം ചെയ്യുക.

 സുഹൃത്ത്‌ സദസ്സുകൾ, മദ്യരഹിതവും, പുകവിരുദ്ധവുമായ ശ്രുതിഭേദങ്ങൾ - പാർട്ടി ഗ്രൂപ്പിസങ്ങളിൽനിന്ന്‌ ഉത്ഭവിക്കുന്ന, ഗോ‍ൂഢ, നവോന്മേഷങ്ങൾ. എതിർക്കപ്പെടേണ്ടവനെ കണ്ടെത്തിയാൽ മുരളുന്ന സജീവത! - ഇവിടെയെല്ലാം സൂക്ഷിക്കപ്പെടുന്നത്‌ ഫോസിലുകളാണോ-അല്ലെന്നാണ്‌ എനിക്കു തോന്നുന്നത്‌ - എങ്കിലും മനുഷ്യൻ ഇനിയും പിറക്കാനിരിക്കുന്നതേയുള്ളു - എന്ന സച്ചിയുടെ കവിത ആർദ്രതയ്ക്കുവേണ്ടിയുള്ള അന്വേഷണം പ്രസക്തമാണ്‌.
 "രാഷ്ട്രീയസൗഹൃദം ഒരു വെറും പറച്ചിലാണെന്ന്‌ തോന്നിപ്പോകുന്ന നിമിഷങ്ങളെക്കുറിച്ചുകൂടി - ഒരേ രാഷ്ട്രീയ പാർട്ടിയിലുള്ളവർ തന്നെ - ഒരേ ഫെമിനിസ്റ്റു സംഘടനയിലുള്ളവർ തന്നെ പരദൂഷണത്തിന്റെ അനന്തസാധ്യതകളിലൂടെ അധികാരബോധം അനുഭവിക്കുമ്പോൾ - (സർഗ്ഗാത്മക ലേഖനങ്ങളുടെ ഊഷ്മളതയിലും സുഹൃത്തുക്കളെ തൊട്ടുനോവിക്കുന്നത്‌, ലഘു മദ്യപാനത്തിനൊടുവിൽ പരസ്പരം ചീത്തവിളിച്ച്‌ മദ്യത്തിൽ വിഷം നിറയ്ക്കുന്നത്‌ - ഇതെല്ലാം അപകടം കുറഞ്ഞ സൗഹൃദ വിരുദ്ധതയാണ്‌. സ്തുതി വചനങ്ങളിൽ മാത്രം ആനന്ദാനുഭൂതി തിരയുന്നത്‌ ഒട്ടും ശരിയല്ലാത്ത പ്രമാണിത്തവും ! രാഷ്ട്രീയ സൗഹൃദത്തിന്റെ ഭൂമികയിൽ വിള്ളലുകൾ മാത്രം!!?

അത്‌ അവിടെയുണ്ട്‌
നിച്ചേയുടെയും ചങ്ങമ്പുഴയുടേയും സ്ത്രീവിരുദ്ധ വിസ്ഫോടനങ്ങൾ - നാം ഇന്ന്‌ ആർജ്ജിച്ച ഫെമിനിസ്റ്റ്‌ വെളിച്ചത്തിൽ മാത്രം വിലയിരുത്തപ്പെടരുത്‌. "സൗഹൃദത്തിന്റെ രാഷ്ട്രീയത്തിന്റെ" പുരുഷകേന്ദ്രീകൃതത്വവും ഗവേഷണം ചെയ്തു കണ്ടെത്തേണ്ടതില്ല. കാരണം, സൂര്യചന്ദ്രന്മാരെപ്പോലെ, നക്ഷത്രവിശാലതപോലെ, ഭരണകൂടം പോലെ, ഗ്രൂപ്പിസംപോലെ "അതവിടെയുണ്ട്‌".
 ഓൺടോളജിക്കൽ സാമാന്യതയ്ക്ക്‌ മലയാളഭാഷയുടെ പദങ്ങളിൽ ശരിയായ പ്രതിനിധാനം ലഭിക്കാത്തിടത്തോളം ഉദാഹരണങ്ങളുടെയും രൂപകങ്ങളുടെയും അധികങ്ങളിൽ തത്വചിന്ത കുടങ്ങിക്കിടക്കും. ഒന്നും നേരെചൊവ്വേ പറയാൻ കഴിയാത്തിടത്ത്‌ - ബോധപൂർവ്വമല്ലാത്ത ക്ലിഷ്ടതയ്ക്കും -നോൺസേൻസ്‌ എന്തെങ്കിലും - സേൻസ്‌ സംവദിക്കുവാൻ ഉണ്ടാകും?
 അമൂർത്തമായ വാക്കുകളിൽ ഉറയുന്ന "രാഷ്ട്രീയവും സൗഹൃദവും" ഇല്ലാത്ത രണ്ടുകാര്യങ്ങളെ സൂചിപ്പിക്കുകയാകുമോ? ദൈവം ഒന്നും അറിയാതെ വചനത്തിന്‌ രൂപം കൊടുക്കുകയില്ലാ എന്നാണ്‌ ഈ പാവം അന്ധവിശ്വാസിക്കു തോന്നുന്നത്‌. പക്ഷേ ഞാൻ അഭ്യർത്ഥിക്കുന്നത്‌, രാഷ്ട്രീയ സൗഹൃദത്തിനപ്പുറം, വ്യത്യസ്തരാഷ്ട്രീയ വീക്ഷണങ്ങളുടെ സൗഹൃദത്തെക്കുറിച്ച്‌ സ്വപ്നം കാണാൻ കൂടെയാണ്‌.
പക്ഷെ...
വിചിത്ര വർണ്ണങ്ങളുള്ള വസ്ത്രം
വെളുത്ത എട്ടുകാലി
തിളങ്ങുന്ന പുഴു
അഗ്നിജ്വാല
വെള്ളത്താമര
ഇടിമിന്നൽ
ഇനി ബ്രഹ്മത്തെക്കുറിച്ചുള്ള ഉപദേശം-നേതി-നേതി...
(ബൃഹദാരണ്യകോപനിഷത്ത്‌ - രണ്ടാം അധ്യായം മൂന്നാം ബ്രാഹ്മണം)വിവർത്തനം:മുത്തുലക്ഷ്മി
ഉദ്ധരണികൾ
1. സ്നേഹിതാ-ശത്രുവുമില്ല, മിത്രവുമില്ല"
2. സ്നേഹിതാ, മിത്രമെന്നൊന്നില്ല
3. സ്ത്രീകൾക്ക്‌ സൗഹൃദത്തിന്‌ കഴിവില്ല
4. അങ്കുശമില്ലാത്ത ചാലല്യമേ- മന്നിൽ അംഗനയെന്ന്‌ വിളിക്കുന്നു ഞാൻ.
5. സങ്കടേ രക്ഷിക്കുന്ന മാനുഷ്യനല്ലോ ബന്ധു.
6. മാപ്പ്‌ കൊടുക്കുവാൻ പറ്റാത്തതിന്‌ മാപ്പു കൊടുക്കുന്നതാണ്‌ യഥാർത്ഥ മാപ്പ്‌ കൊടുക്കൽ (നീച്ചേ, അരിസ്റ്റോട്ടിൽ, ദെരിദ, ചങ്ങമ്പുഴ...)

ആൾക്കൂട്ടത്തിൽ ഉയർന്ന്‌





സുജിത്ത്‌ ബാലകൃഷ്ണൻ




പതിനഞ്ചാം നിലയിലെ ബാൽക്കണിയിൽ നിൽക്കുമ്പോൾ ഞാൻ അറിയാതെ ഉയർന്നവനാവും. താഴെ ഉറുമ്പുകളേക്കാൾ ഒരൽപം വലിപ്പത്തിലുള്ള മനുഷ്യർ തലങ്ങും വിലങ്ങും നടന്ന്‌ നീങ്ങുന്ന ചെറു ആൾക്കൂട്ടങ്ങളെ ഞാൻ പുഞ്ചിരിയോടെ നോക്കും. എല്ലാം എനിക്കു താഴെ, എന്റെ അധീനതയിൽ നടക്കുന്ന സംഭവങ്ങൾ മാതിരി, പുച്ഛം കലർന്നൊരു ചിരിയോടെ താത്വികമായി നോക്കും. തിരിച്ചറിയാനാവാത്തവരുടെ ആൾക്കൂട്ടത്തെ നോക്കിയല്ലേ തത്വജ്ഞാനിയാവാൻ പറ്റൂ. വളരെ സങ്കീർണ്ണമായ അജ്ഞാതമായ ആൾക്കൂട്ടത്തിന്‌ നടുവിലാണ്‌ ഞാനിപ്പോൾ, അത്രമാത്രം മനസ്സിലാക്കുക.

 അമ്മയെ കണ്ടിട്ടോ മിണ്ടിയിട്ടോ വർഷങ്ങൾ പതിനൊന്ന്‌ കഴിഞ്ഞു. ആദ്യം ചെറിയ അകലം, അകന്നകന്ന്‌ പിന്നീട്‌ യോജിക്കാനാവത്ത സമുദ്രവിടവുകൾ. തന്റേയോ അമ്മയുടേയോ മരണത്തിന്‌ മുമ്പ്‌, അതാദ്യമേതുമായ്ക്കൊള്ളട്ടെ, ഇനിയൊരു കൂടിക്കാഴ്ച, അതുണ്ടാവുമെന്ന്‌ കരുതാൻ തന്നെ പ്രയാസം. ചിതലരിച്ച അസ്ഥിത്വത്തിന്റെ വേരുകൾ മാത്രമാണിന്ന്‌ അമ്മയുടെ ഓർത്തെടുക്കുന്ന സ്നേഹം. അമ്മയാണ്‌ സ്നേഹത്തിന്റെ ആഴി, നിസ്വാർത്ഥ സ്നേഹത്തിന്റെ നിറകുടം എന്നൊക്കെ തട്ടിവിട്ട്‌ 'അമ്മയുടെ ദിനം' ടിവിക്കാരാഘോഷിക്കുമ്പോൾ പല്ലിറുമ്മി ഓഫ്‌ ചെയ്യും. "ത്‌ ഫൂ എന്ന തുപ്പലമിട്ടുമായി. അമ്മ മണ്ണാങ്കട്ട...പിന്നെപ്പിന്നെ ഒരു നിർവ്വികാരത... തമോഗർത്തത്തിന്റെ ആഴത്തിലുള്ള ഇരുട്ട്‌. ജ്ഞാനത്തേക്കാൾ വലുതായി ഈ ഉലകിൽ പ്രേമം മാത്രമേ ഉള്ളുവേന്ന്‌ ഉമ്പർട്ടോ എക്കോ പറഞ്ഞതോർക്കുന്നു. അതിനും മുമ്പ്‌ ഏതെങ്കിലും ദ്രാവിഡനോ ആര്യനോ പറഞ്ഞിട്ടുണ്ടെങ്കിൽ കുലജന്മദോഷം. മിസ്റ്റർ 'എക്കോ' ഞാനെന്റെ തിന്നുതീർത്ത എന്റെയീ ഹൃദയത്തിലെവിടെയെങ്കിലും പ്രേമത്തിന്റെ പൂമ്പൊടികൾ തെളിഞ്ഞ്‌ നിൽക്കുന്നുവേങ്കിൽ കാട്ടിത്തരുക. പ്ലീസ്‌. കണ്ണാടിക്കുപ്പിയിലിട്ട്‌ എനിക്കെന്നും കാണണം, അനുഭവവേദ്യമാകാത്ത കവിത പോലെ.

 ഇതെന്റെ മാത്രം പ്രശ്നമാണോയെന്ന്‌ ചികഞ്ഞ്‌ പരിശോധിച്ചതാണ്‌, പലവട്ടം. ഹിപ്പോക്രാറ്റിക്കൽ സമൂഹത്തിലെ ഉദ്ധരണികൾ, സെൽഫ്‌ മാർക്കറ്റിംഗിന്റെ നിർവൃതിയിലോടുന്നവർ, കപതയുടെ കുത്തൊഴുക്കിൽ തേടിയെത്തുമെന്ന്‌ കാത്തിരിക്കുന്നവരുടെ മൂഡത്തം. അതിലൊരുവനാണീ ഞാനും. ഒഴുകിയകലുന്ന ആൾക്കൂട്ടത്തെ എന്റെയെന്ന്‌ സങ്കൽപിച്ച്‌ ഉയർന്ന്‌ നിൽക്കുന്ന നപുംസകം, ആണോ???

 കാമാതുരമായ ക്രൂരപ്രകോപനത്തിൽ സംതൃപ്തിയടയുന്ന സമൂഹത്തിൽ, ഭയമെന്ന വികാരത്തെ ചൂഷണം ചെയ്ത്‌ സൃഷ്ടിയെടുത്ത നീ ഉൾവലിയുകയാണോ ദൈവമേ. നിന്നോടെനിക്ക്‌ ദയതോന്നുന്നു. കുറ്റങ്ങൾ കേൾക്കാൻ വിധിക്കപ്പെട്ട സർവ്വതിന്റേയും നാഥനായി വാഴ്ത്തപ്പെട്ട, നീ ഭീരുവിനെപ്പോലെ അസ്തിത്വം കുഴിച്ച്‌ മൂടുകയാണോ...കൂയ്‌...കൂയ്‌ കൂയ്‌...കൂയ്‌... ഞാനടുത്തൊരു പടം കണ്ടിരുന്നു... പോണോഗ്രാഫിയുടെ സാധ്യതകളെ നമ്മൾ കൂടുതൽ മനസ്സിലാക്കേണ്ടവരല്ലേ. പണം പെരുകുമ്പോൾ സുന്ദരിയായ യുവതിയെ സൂര്യന്‌ താഴെ, മണൽപ്പുറത്ത്‌, ഒരുഭാഗത്ത്‌ ആർത്തിരമ്പുന്ന തിരമാലകൾ ശൂന്യമായ മറുഭാഗം അപ്പോൾ ഭോഗിക്കുകയെന്നതൊക്കെ ഔട്ട്‌ ഓഫ്‌ ഫാഷനായില്ലേ. ഇതിലൊക്കെ എന്ത്‌ ത്രില്ലിപ്പോൾ. സിനിമയിലെ നായകനായ മേഷീൻ, ചെറിയ അവസ്ഥകളിൽ ജീവിച്ച്‌ വന്ന 18 കാരിയുമായുള്ള നീലച്ചിത്രം സ്വനം കണ്ട, അഭ്രപാളിയിലെ നായികയാവാമെന്നുള്ള മോഹത്തിന്റെ ചവിട്ടുപടി. ജെസ്സി നിങ്ങളുടെ മകളാണെന്നോർത്ത്‌ നോക്കുക. മേഷീൻ ജെസ്സിയെ ക്രൂരമായി ഭോഗിക്കുകയാണെന്ന്‌ പോട്ടെ... ഇടയിലൊക്കെ കൊടിയ മർദ്ദനം. മദഗജം പൊട്ടിയൊലിക്കുന്നവന്റെ ക്രൂരത.

ഒടുക്കം... ചെറുപലകകൾ മുറിക്കുന്ന പല്ലുകളുള്ള വാളുകൊണ്ട്‌ അവളുടെ കഴുത്തറുത്ത്‌ കൊല്ലുകയാണ്‌... ക്ലൈമാക്സ്‌...എല്ലാം പണക്കൊഴുപ്പിന്റെ മൂന്നിലെ വ്യത്യസ്തത്ത. ഒന്ന്‌ മടുക്കുമ്പോൾ മറ്റൊന്ന്‌ തേടിപ്പോകാനുള്ള അവന്റെ അവകാശമല്ലേ.

 ഞാനോരാൾക്കൂട്ടത്തിന്‌ നടുവിലാണെന്ന്‌ നേരത്തെ പറഞ്ഞിരുന്നു. അതിനിടയിൽ നിൽക്കുമ്പോഴാണ്‌ തത്വജ്ഞാനം അണപൊട്ടിയൊഴുകുന്നത്‌. ലുങ്കിയുടുത്തവർ, മാക്സിയിട്ടവർ, മൂക്കത്ത്‌ വിരൽ വച്ചവർ, കുട്ടികൾ, മൊബെയിൽ ഫോണിൽ ദൃശ്യം പകർത്തുന്നവർ, പോലീസുകാർ കൃത്യമായി രേഖപ്പെടുത്താൻ കഴിയാത്ത പിന്നേയും കുറേപേർ. അതിനിടയിലീ ഞാനും.
 എനിക്കുനേരെ ആറോ ഏഴോ പ്രായമുള്ള ബാലികയുടെ ചേതനയറ്റ വികൃതശരീരം മരപ്പൊത്തിനിടയിൽ കഷ്ണം കഷ്ണമായി തിരുകിയിരിക്കുകയാണ്‌.

കേട്ടുപഴകിയ വൃത്താന്തം പൊടുന്നനെ സത്യമായി മുന്നിൽ തെളിഞ്ഞപ്പോഴുള്ള അന്ധാളിപ്പ്‌ എന്നിൽ പ്രകടമായിരുന്നു. പിടഞ്ഞ്‌ വീഴുമ്പോഴുള്ള അവളുടെ നോവലിന്റെ തീവ്രത എനിക്കൂഹിച്ചെടുക്കാൻ എത്രയാലോചിച്ചിട്ടും കഴിയുന്നില്ല. അതിൽ നിന്നൊക്കെ രക്ഷപ്പെടാനാവുമീ ആദ്ധ്യാത്മിക ചിന്തകൾ.
 ഇനി മുഴുവൻ ഔദ്യോഗിക കാര്യങ്ങളാണ്‌ ഇൻക്വസ്റ്റ്‌, പോസ്റ്റുമോർട്ടം, ചോദ്യം ചെയ്യൽ, വാർത്തകൾ, അറസ്റ്റ്‌, കോടതി, ശിക്ഷ, വെറുതെ വിടൽ, തൂക്കിക്കൊല്ലൽ, അങ്ങനെ പോകട്ടെ, ഞാൻ പതുക്കെ നടന്നു.

 കർക്കിടകത്തിലെ മഴ പാറ്റിയ ഈർപ്പത്തിന്റെ സ്പർശം നുകർന്ന്‌ ടാറിട്ട റോഡിന്‌ വശത്തുള്ള മണ്ണിലൂടെ ഈ ക്രൂരത എന്നെക്കൊണ്ട്‌ ചെയ്യാനാവുമോ എന്ന ചോദ്യം തിളച്ചുരുകുന്ന ആദ്ധ്യാത്മിക ബോധത്തിന്‌ മുകളിൽ നിരത്തി ഞാൻ വേഗം നടന്നു. ഈ ചോദ്യത്തിനുത്തരം ഇപ്പോഴല്ലേ, അൽപം കഴിഞ്ഞ്‌ എല്ലാം ശാന്തമാകുമ്പോൾ, ഭ്രാന്തമായ രതിയെ പ്രകോപിപ്പിച്ച്‌ നിർവൃതിയടയുന്ന മാനസികാവസ്ഥയിൽ ഈ ചോദ്യത്തിനുത്തരം തേടാം. അതുവരെയീ കാര്യങ്ങൾക്കൽപവിരാമമിടാം.

 മലയാളം ആന്റിയുടെയോ, ഹോട്ട്‌ മലയാളം നടിയുടേയോ നഗ്നത കാണാൻ എന്റെ മനസ്സ്‌ വെമ്പീ. എത്ര കണ്ടും മടുക്കാത്ത ഈ രതിയെ പ്രകോപിപ്പിച്ച്‌ നിർവാണമടയാൻ യൂ ട്യൂബിനും സാധിക്കുന്നില്ലല്ലോ...സേർച്ച്‌ സ്പേസിൽ പുതിയ എന്തെങ്കിലുമൊക്കെ ടൈപ്പ്‌ ചെയ്താൽ ഇന്ന്‌ പുതിയ ഇരകളെന്തെങ്കിലും കുടുങ്ങാതിരിക്കില്ല. ഞാൻ നടത്തത്തിന്റെ വേഗത കൂട്ടി. ആൾക്കൂട്ടത്തിൽ നിന്നകന്നകന്ന്‌ നീങ്ങുമ്പോൾ ഞാൻ കൂടുതൽ കൂടുതൽ ചെറുതായിക്കൊണ്ടിരുന്നു.


പ്രണയം ഓർമ്മയാണ്‌


സോണി പുല്ലാട്‌

പുലരിമഞ്ഞിന്റെ
വഴിത്താരയിലൂടെ
അവർ നടന്നു.

ഓരോ ചവിട്ടടിയും
ജീവിതമാകുകയാണ്‌
ശലഭങ്ങൾക്ക്‌ നിറക്കൂട്ടും
ആകാശങ്ങൾക്കും കാമവും
വൃക്ഷലതാതികൾക്ക്‌ ധ്യാനവും
നൽകുന്ന
ജീവിതപ്പാതകൾ.

എല്ലാ നിറങ്ങളും
അവളിൽ കണ്ട്
അവളിൽ നിന്ന്‌
സ്വയം വേർപെടുത്താൻ
അവനു കഴിഞ്ഞില്ല.
പ്രണയം മഞ്ഞുപോലെ
സ്നിഗ്ദ്ധമാകുകയാണ്‌
എവിടേക്കെന്നറിയാതെ
ഒഴുകുമ്പോഴാണ്‌
ആ മഞ്ഞ്‌
മനസിനാകെ മത്തായിമാറുന്നത്‌

ഒരു ശബ്ദം,
അത്‌ കേൾക്കാനായി
ഓരോ ഇലത്തുമ്പിലും
കാതോർത്തു
ജീവിതം വീണു കിട്ടിയ
നിമിഷമാണ്‌.
ആ നിമിഷം നിറയെ
പ്രണയം വിതറിയ
അവൾക്കായി ഒരു ധ്യാനം

ഇലകൾ പ്രാർത്ഥിക്കുകയാണ്‌
പകലിനും രാത്രിക്കും
പിടികൊടുക്കാത്ത
ഹരിതമഞ്ഞ്‌.
പ്രകാശത്തിന്റെയും നിഴലിന്റെയും
സംയോഗത്തിൽ പിറന്ന
ആഗ്നേയ, ആർദ്ര മൗനങ്ങൾ മതി.
ഓർമ്മകൾക്ക്‌ പുണ്യം

മഴ


ഡോ.എൻ.കെ.ശശീന്ദ്രൻ


ഒരു ചെറു ബിന്ദുകണക്കെ
ഭൂമിയിലിറ്റുപതിക്കുമ്പോൾ
ഈ പുതുമഴ -'ശാന്തം'
ഹിമഗിരി കന്യ തപം ചെയ്തപ്പോൾ
അവളുടെ കൺപീലികളിൽ തങ്ങി
കവിളിൽക്കൂടിയിറങ്ങി
മൃദുവഷോജ പുടങ്ങൾ തലോടി
പൊക്കിൾക്കൊടിയിൽ
പൊയ്കചമയ്ക്കേ
മഴയുടെ ഭാവം-'ശൃംഗാരം'
വെള്ളികണക്കേ മുത്തുക-
ളിറയച്ചാലിൽ നിന്നും മുറ്റത്തേക്ക്‌
പതിക്കുമ്പോഴീപ്പൊൻമഴ
തീർക്കുവത്‌- 'അത്ഭുത'മല്ലോ
ഇടിയു മിന്നലുമിചേർ-
ന്നാർത്തുവിളിച്ചുവരുമ്പോ-
ഴുതിരും ഭാവം - 'വീരം'
ഇടമലയാറ്റിലുരുൾ പൊട്ടിക്കൊ-
ണ്ടീനിലമാകെ
കുത്തിയൊഴുക്കിപ്പടയോടുമ്പോൾ
മഴയുടെ ഭാവം -'രൗദ്രം'
കൊടിയ വരൾച്ചയി
ലൊരുക്കൈക്കുമ്പിൾ
കുടിനീർ തേടിയലഞ്ഞ ജനത്തിൻ
കണ്ണീരൊപ്പും പനിനീർ മഴയുടെ
കണ്ണിൽ 'കരുണാ'-ഭാവം
നേടിയൊരണക്കെട്ടാലീ സർഗ്ഗ-
പ്രഗതി തളക്കാനോങ്ങും മർത്ത്യനൊ-
ടവളുടെ ഭാവം-'ഹാസം'
നെറ്റി ചുളിച്ചിക്കരിമേഘത്തി-
ള്ളിൽ നിന്നു തണുത്തു വിറച്ചീ-
മുറിയുടെ വെണ്മ കെടുത്തുമ്പോഴീ
ക്കരിമഴയാകെ-'ബീഭത്സം'
പ്രളയക്കെടുതി കൊടുങ്കാറ്റോടും
ചുഴലി ചുഴറ്റി
പ്പിഴുതുമറിക്കുമ്പോഴീപ്പേമഴ
കാട്ടുവതേതു-'ഭയാനക' ഭാവം
പച്ച, കത്തി,ക്കരി വേഷത്തി-
ലരങ്ങു തകർത്തീ-
ക്കളിമഞ്ചത്തെ
സചേതനമാക്കിയ
കഥകളിയാട്ടക്കാരൻ ആര്‌?
ഇക്കഥ നിർമ്മിച്ചവനാര്‌?


വിപ്ലവത്തെക്കുറിച്ച്‌ ചില ചിന്തകൾ-കാത്യായനി




  പരിഭാഷ:ഡോ.ഷൺമുഖൻ പുലാപ്പറ്റ

പലപ്പോഴും ആഹാരം
ദിവസങ്ങളോളം കിട്ടാറില്ല
ചിലപ്പോഴൊക്കെ കിട്ടിയാലും
അത്‌ കൈയ്യിൽ നിന്നും
തട്ടിപ്പറിക്കപ്പെടുന്നു
എന്നാലും മനുഷ്യൻ
ആഹാരത്തെക്കുറിച്ച്‌
ചിന്തിക്കാതിരിക്കുന്നില്ല
അതു നേടാനുള്ള പരിശ്രമം
ഉപേക്ഷിക്കുന്നുമില്ല.
ചിലപ്പോൾ ദീർഘകാലത്തോളം
അവന്‌ സ്നേഹം
ലഭിക്കാതാകുന്നു.
ജീവിതത്തിലൊരിക്കലും
കിട്ടിയെന്നും വരില്ല
പലപ്പോഴും സ്നേഹം
കരഗതമായിട്ടും
അത്‌
കൈവിട്ടുപോകുന്ന
സന്ദർഭങ്ങളുണ്ട്‌
എന്നാവും,
ഹൃദയമിടിക്കുന്നതുവരെ
അവൻ സ്നേഹത്തെ കുറിച്ച്‌
ആലോചിച്ചുകൊണ്ടേയിരുന്നു
ഇതുപോലെ തന്നെയാണ്‌
ശരിക്കും
വിപ്ലവത്തെക്കുറിച്ചുള്ള
ചിന്തകളും
അതൊരിക്കലും
പഴയതാകുന്നില്ല.
katyani

അനുഭവങ്ങൾ




അരുണിമ


ഒരു കുളിർതെന്നൽ വന്നെന്നെ സ്പർശിച്ചു
തിരികെ മടങ്ങിയ നിമിഷങ്ങളിൽ
വീടിൻ പടിപ്പുര വാതിൽക്കൽ നിന്നു ഞാൻ
വീക്ഷിച്ചിരുന്നു ആ മാരുതനെ...
എങ്ങോ മറഞ്ഞുപോയെന്നറിഞ്ഞപ്പോൾ
ഇലഞ്ഞിമരത്തണലിൽ പോയിരുന്നു
പൂക്കളോടും പൂത്തുമ്പിയോടും
കുഞ്ഞാറ്റക്കിളിയോടും കളി പറഞ്ഞു
മുത്തശ്ശി തൻ മലർവാടി കടന്നെത്തും
പൂമണത്തോടും കഥ പറഞ്ഞു...
കഥപറയാതെ പിണങ്ങി നിന്ന
ഇലഞ്ഞി മരത്തിനുമൊരു മന്ദഹാസം
എന്നോടിണങ്ങി വന്നു ആ വടവൃക്ഷം
ബാല്യത്തിൻ കഥകൾ തൻ ചെപ്പു തുറന്നു.
പ്രവഹിച്ചു ദുഃഖത്തിൻ നീരൊഴുക്ക്‌
സ്നേഹത്തിൻ...നഷ്ടബോധത്തിൻ നിറം മങ്ങിയ
കഥകളായിരുന്നു അതെല്ലാം...
കഥ തീർന്നുവേന്നത്‌ ഞാനറിഞ്ഞില്ല
കഥതൻ അർത്ഥങ്ങൾ പരതുകയായിരുന്നു...
കഥയുടെ നറുമണം മനംകുളിർക്കും
അനുഭൂതി ഉണ്ടാകുമായിരുന്നു...
നൊമ്പരത്തിന്റേതായിരുന്നു ആ നറുമണമെന്ന്‌
ആ നല്ല നിമിഷങ്ങളിൽ ഞാനറിഞ്ഞു...
ആ നാലുകെട്ടിൻ ഇടനാഴികയിൽ നിന്നു
മുത്തശ്ശി തൻ തേനൂറുന്ന വിളികൾ...
ഇലഞ്ഞിമരത്തിൻ കഥയെൻ മനസിൽ
ഒരു നിർത്ത്ധരിയായി മാറിയിരുന്നു.
തൽക്കാലമായി ഞാൻ വിടപറഞ്ഞു
ആ മരത്തണലിൽ നിന്നു മടങ്ങി വന്നു...
വീടിന്നകത്തളത്തിൽ കോണിൽ വെച്ചൊരാ
തൂലികയും, പുസ്തകത്താളുമെടുത്തൊന്ന്‌
പൂമുഖത്തിണ്ണയിൽ വന്നിരുന്നു
എഴുതി വിചാരവികാരങ്ങൾ താളിൽ
ഇലഞ്ഞി മരത്തിൻ കഥയെഴുതി
അടുത്ത പ്രഭാതത്തിനായി കാത്തിരുന്നു
ആ ത്രിസന്ധ്യയിൽ പ്രതീക്ഷയോടെ
ആ വൃക്ഷത്തിൻ കഥ അറിയുവാനായ്‌
പുത്തൻ അനുഭവങ്ങൾ നെയ്തുകൂട്ടുവാനായ്‌.

വിമ്പ്രാ




ബൈജു വർഗീസ്‌


അയാൾ തലസ്ഥാന നഗരത്തിലെത്തിയിട്ട്‌ മൂന്നു ദിവസമായിരുന്നു. ചില പേപ്പറിന്റെ സാങ്കേതിക പ്രശ്നങ്ങളിൽപ്പെട്ട്‌  അയാൾക്ക്‌ തിരിച്ചുപോകാൻ കഴിഞ്ഞില്ല. നഗരത്തിൽ നല്ല മഴക്കാലമായിരുന്നു. യൂണിവേഴ്സിറ്റി കോളേജിന്‌ അടുത്തുള്ള ലോഡ്ജിൽ മുറിയെടുത്തു. പതിനഞ്ച്‌ കൊല്ലങ്ങൾക്ക്‌ മുമ്പായിരുന്നു അയാൾ ആദ്യമായി ആ നഗരത്തിൽ എത്തിയത്‌ യുണിവേഴ്സിറ്റി യുവജനോത്സവത്തിലെ കഥയെഴുത്ത്‌ മത്സരത്തിൽ പങ്കെടുക്കുന്നതിനുവേണ്ടിയായിരുന്നു. ആ പ്രാവിശ്യം അയാളെഴുതിയ കഥയ്ക്കായിരുന്നു സമ്മാനം ലഭിച്ചതു. പിന്നെ ആ കഥ റേഡിയോയിൽ വായിക്കാൻ വേണ്ടിയും വന്നിരുന്നു. കഥയെഴുത്തുകാലത്ത്‌ കവിളിൽ മറുകുള്ള, കവിത നിറയുന്ന മിഴികളുള്ള ഒരു പെൺകുട്ടിയെ പ്രണയിച്ചിരുന്നു. അവൾ അയാളെയും പ്രണയിച്ചിരുന്നു.

കടൽക്കരയിലെ പാർക്കിലും കോളേജ്‌ ലൈബ്രറിയിലുംവെച്ച്‌ അവർ ഒരുപാടു സംസാരിച്ചിരുന്നു. കോളേജിൽ അയാളുടെ ജൂനിയറായിരുന്നു അവൾ. അവൾ സുവോളജി വിദ്യാർത്ഥിനിയായിരുന്നു. പിന്നെ മെഡിക്കൽ എൻട്രൻസ്‌ പരീക്ഷ എഴുതി ഗവ.മെഡിക്കൽ കോളേജിൽ പഠിക്കാൻ പോയി. അവൾ വല്ലപ്പോഴും അയാൾക്ക്‌ എഴുതിയിരുന്നു. കത്തിൽ പ്രണയത്തിന്റെ തിരി കെടാതെ സൂക്ഷിച്ചിരുന്നു. എപ്പോഴോ കത്തുകൾ പൂർണ്ണമായി നിന്നു. അയാൾ ഒരു ജോലിക്കായി എഴുത്തുപരീക്ഷകൾ എഴുതിക്കൊണ്ടിരുന്നു. ഒരു ദിവസം അപ്രതീക്ഷിതമായി അവളുടെ ഫോൺകോൾ വന്നു. "എത്രയും പെട്ടെന്ന്‌ ഒന്നു കാണണം"

 അയാൾ, നഗരത്തിലെ കടൽക്കരയിലെത്തി അവളെ കാത്തു. രാത്രി വൈകി. പ്രതീക്ഷകൾ അസ്തമിച്ചു. അവളെത്തിയില്ല. അയാൾ നിരാശാഭരിതനായി തിരിച്ചുപോയി. അഞ്ചാം നാൾ അയാളുടെ വിലാസത്തിൽ ഒരു കത്ത്‌ വന്നു. എനിക്ക്‌ വരാൻ പറ്റാത്ത സാഹചര്യമായിരുന്നു. എന്റെ വിവാഹം നിശ്ചയിച്ചു. ഞാൻ ആവുന്നതും എതിർത്തുനോക്കി. ഇപ്പോൾ ഞാൻ തീർത്തും വീട്ടുതടങ്കലിലാണ്‌. "ഒന്നു കാണാൻ ഇത്തിരി നേരം സംസാരിച്ചിരിക്കാൻ കൊതിയാവുന്നു" അയാൾ കത്ത്‌ കീറി മുറ്റത്തേയ്ക്ക്‌ എറിഞ്ഞു. അടുത്ത ആഴ്ചയിലെ പത്രത്തിൽ അവളുടെ വിവാഹഫോട്ടോ ഉണ്ടായിരുന്നു. കാലമെത്രയോ കഴിഞ്ഞിരിക്കുന്നു. അയാൾ ജാലകത്തിലൂടെ തെരുവിലേക്കു നോക്കി. രാത്രി കനത്തിരിക്കുന്നു. നഗരത്തിൽ തിരക്ക്‌ കുറഞ്ഞിരിക്കുന്നു. മഴ നക്കിത്തുടച്ച റോഡുകൾ വിജനമായിരുന്നു. അയാൾ സിഗരറ്റെടുത്ത്‌ കത്തിച്ചു. ഓർമ്മകൾ ചരട്‌ പൊട്ടിയ പട്ടംപോലെ പറക്കുന്നു.

 എപ്പോഴോ സർക്കാർ വകുപ്പ്‌ ജോലി കിട്ടി. കല്യാണം കഴിച്ചു. രണ്ടു കുട്ടികളായി അതിനിടയിൽ അവളെപ്പറ്റി ഓർമ്മിച്ചില്ല. ജീവിതത്തിന്റെ തിരക്കിൽ എല്ലാം മറന്നു. മറവി, മഞ്ഞപ്പൂക്കളുടെ താഴ്‌വാരംപോലെ കഴിഞ്ഞകാലത്തെ മറച്ചു. അവളും അയാളെ മറന്നിരിക്കാം.
 ഡോക്ടറായി, ഭാര്യയായി. അമ്മയായി എവിടെയെങ്കിലും കഴിയുന്നുണ്ടാവും. സെക്രട്ടേറിയേറ്റിനു മുകളിൽ നിലാവ്‌ മനോഹരമായ കാഴ്ച. അയാൾക്ക്‌ വല്ലാത്ത തണുപ്പ്‌ തോന്നി. അയാൾ മുറിയിൽ പോയി ഷർട്ട്‌ എടുത്തിട്ടു. പോക്കറ്റിൽ ഒരു സിഗററ്റിനായി പരതി. ഒരു കത്ത്‌ തടഞ്ഞു. നാട്ടിൽ നിന്ന്‌ പോരുമ്പോൾ ഭാര്യ ഏൽപിച്ചാണ്‌. "കഴിഞ്ഞ ആഴ്ചത്തെ പോസ്റ്റിൽ വന്നതാണ്‌ തരാൻ മറന്നുപോയി" ഭാര്യ ചിരിച്ചുകൊണ്ട്‌ പറഞ്ഞു. "കൈയക്ഷരം കണ്ടിട്ട്‌ ഏതോ സ്ത്രീ എഴുതിയമാതിരിയുണ്ട്‌. പഴയ ഏതെങ്കിലും" അവൾ പകുതിയിൽ നിർത്തി ഒളികണ്ണിട്ട്‌ നോക്കി. "ഒന്നു പോടീ, ഇനി ഈ വയസ്സൻ കാലത്താണ്‌ പെണ്ണുങ്ങളുടെ കത്ത്‌" കത്ത്‌ പൊട്ടിക്കാതെ അയാൾ പോക്കറ്റിൽ വെച്ചു.

 ഇപ്പോൾ പേരറിയാത്ത ആകാംക്ഷയോടെ കത്ത്‌ പൊട്ടിച്ചു. "പ്രിയ കഥാകാരാ- എന്നെ താങ്കൾ മറന്നു കാണും. 15 വർഷം പെട്ടെന്ന്‌ മറന്നുപോകും. എങ്കിലും ഞാൻ താങ്കളെ മറന്നില്ല. താങ്കളുടെ കുടുംബവിശേഷങ്ങൾ എന്റെ കൂട്ടുകാരി വഴി അറിയുന്നുണ്ടായിരുന്നു. ഭാര്യയേയും കുട്ടികളേയും എന്റെ അന്വേഷണങ്ങൾ അറിയിക്കണം. ഒരു പ്രധാനപ്പെട്ട കാര്യം പറയാൻ മറന്നു. ഒരുപക്ഷേ കഥാകൃത്തിന്റെ ഇപ്പോഴത്തെ ജോലിയുടെ തിക്കിലും തിരക്കിലും അറിഞ്ഞുപോലും കാണില്ല. എഴുത്ത്‌ നിർത്തിയിട്ട്‌ വർഷങ്ങൾ ആയല്ലോ?

 ചെറുകഥയുടെ 111 കഥകൾ തിരഞ്ഞെടുത്തപ്പോൾ അതിൽ അങ്ങയുടെ 'ശവമുറിയുടെ കാവൽക്കാരൻ' എന്ന കഥ ഉൾപ്പെടുത്തി കണ്ടു. അതിൽ ഒത്തിരി സന്തോഷമുണ്ട്‌. ഇനിയും തുടർന്ന്‌ എഴുതണം  എന്നെ പോലെയുള്ള വായനക്കാർക്കായി" ഒരിക്കൽക്കൂടി ഒത്തിരി ഇഷ്ടത്തോടെയും അൽപം നൊമ്പരത്തോടെയും അങ്ങയുടെ പഴയകൂട്ടുകാരി എസ്‌.എൽ. ഇനിഷ്യലിന്‌ താഴെ സുന്ദരമായ കൈയ്യൊപ്പ്‌.

 അവളുടെ കത്ത്‌ അയാളെ സന്തോഷവാനാക്കി. ഓർമ്മകൾ പടികൾ കയറി വരുന്നു. എഴുത്ത്‌ നിർത്തിയിട്ട്‌ എത്രയോ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇന്ന്‌ ആരും അയാളെ എഴുത്തുകാരനായി കാണാറില്ല. അയാളും എഴുത്തിനെപ്പറ്റി മറന്നു പോയിരിക്കുന്നു.

 രാവിലെത്തന്നെ അയാൾ ലോഡ്ജിലെ മുറിയൊഴിഞ്ഞു. ബാഗിൽ സൂക്ഷിച്ചിരുന്ന സീൽ ചെയ്തുവച്ചിരുന്ന പ്ലാസ്റ്റിക്‌ ടിന്നുകൾ സുരക്ഷിതമായിട്ടുണ്ടോയെന്ന്‌ ഒരിക്കൽകൂടി പരിശോധിച്ചു. എല്ലാം ഭദ്രമായി അവിടെതന്നെയുണ്ട്‌. ഓട്ടോറിക്ഷയിൽ കയറി കെമിക്കൽ ലാബിലേയ്ക്ക്‌ പോയി. പ്ലാസ്റ്റിക്‌ ടിന്നുകളും അനുബന്ധരേഖകളും കെമിക്കൽ ആഫീസറെ ഏൽപ്പിച്ചു. ചിരിച്ചുകൊണ്ട്‌ അൽപം ക്ഷമാപണത്തോടെ കെമിക്കൽ എക്സാമിനർ പറഞ്ഞു. "താങ്കൾ ഒരുപാട്‌ ബുദ്ധിമുട്ടി. ഇവിടെ എല്ലാ പേപ്പറുകളും കൃത്യമായിരിക്കണം. അതുതന്നെയുമല്ല ഒരാഴ്ചയായി മിക്കസ്റ്റാഫും ലീവായിരുന്നു. ഇന്നാണ്‌ എല്ലാവരും അവധികഴിഞ്ഞ്‌ തിരിച്ചെത്തിയത്‌.
 താങ്കൾ അൽപം സമയം കൂടി വെയ്റ്റ്‌ ചെയ്യുക. എത്രയും പെട്ടെന്ന്‌ * 'വിസ്ര' കൈപ്പറ്റിയതിന്റെ രസീത്‌ തരാം."
അയാൾ സ്വീകരണമുറിയിലെ കസേരയിലിരുന്നു. പല ഡിപ്പാർട്ട്‌മന്റിലെ ഉദ്യോഗസ്ഥന്മാർ അവിടെയെത്തി പ്ലാസ്റ്റിക്‌ ടിന്നുകളും മദ്യത്തിന്റെയും മറ്റ്‌ ലഹരി പദാർത്ഥത്തിന്റെയും സീൽ ചെയ്ത കുപ്പികളും ഏൽപ്പിച്ച്‌ രസീത്‌ വാങ്ങി പോയിക്കൊണ്ടിരുന്നു.

 സുഖകരമായ ആലസ്യത്തിൽ ലയിച്ചിരിക്കുമ്പോൾ പ്യൂൺ വിസ്രയും മറ്റ്‌ രേഖകളും കൈപ്പറ്റിയതിന്റെ രസീത്‌ കൊണ്ടുവന്ന്‌ കൊടുത്തു.
 അയാൾ ഒഴിഞ്ഞ ബാഗുമായി കുന്നിറങ്ങി. താഴ്‌വാരങ്ങളിൽ ചുവന്ന വാക പൂത്തു നിന്നിരുന്നു. വഴികളിൽ പൂക്കൾ വീണു കിടന്നിരുന്നു. ഇറക്കത്തിൽ അയാൾ പോക്കറ്റിൽ നിന്ന്‌ രസീത്‌ എടുത്ത്‌ വായിച്ചുനോക്കി. കണ്ണുകളിൽ ഇരുട്ട്‌ പരക്കുന്നതായി അയാൾക്ക്‌ തോന്നി. ബോധധാരയുടെ അതിരുകൾ അയാൾ അറിയുന്നുണ്ടായിരുന്നു. മൂന്നു ദിവസമായി അയാൾ കൊണ്ടുനടന്ന, പോസ്റ്റുമോർട്ടം നടത്തി എടുത്ത ആന്തരാവയവങ്ങൾ നീണ്ടവർഷങ്ങൾക്കു മുമ്പ്‌ അയാൾ പ്രണയിച്ചിരുന്ന പെൺകുട്ടിയുടേതായിരുന്നു എന്ന സത്യം.
 ഞൊടിയിടയിൽ അയാളുടെ മുന്നിലൂടെ നട്ടുച്ചയുടെ ഇരുട്ടിലൂടെ അവൾ നടന്നു മറയുന്നത്‌ അയാൾ കണ്ടു.
* 'വിസ്ര' - പോസ്റ്റുമോർട്ടത്തിനുശേഷം മരണകാരണം തെളിയിക്കുന്നതിനുവേണ്ടി എടുത്തു സൂക്ഷിക്കുന്ന ആന്തരാവയവങ്ങളുടെ സാമ്പിൾ.

അസ്ത്രങ്ങൾ കുഴിച്ചിട്ടവർ



പി.കെ.ഗോപി

എറിഞ്ഞ കല്ലുകളായിരുന്നു
പൂമരങ്ങളെകുറിച്ച്‌
ആദ്യം പറഞ്ഞുതന്നത്‌.
എരിഞ്ഞ കണ്ണുകളായിരുന്നു
മുറിവുകളെക്കുറിച്ച്‌
മൂന്നാര്റിയിപ്പു തന്നത്‌.
നനഞ്ഞ പന്തങ്ങളായിരുന്നു
നാണം കെട്ട നഗ്നതയുടെ
കൂത്തരങ്ങിനെക്കുറിച്ച്‌
പാടി നടന്നത്‌.
അടഞ്ഞ വാതിലുകളായിരുന്നു
ശവങ്ങൾ നിലവിളിക്കാറുണ്ടെന്ന്‌
രാത്രികളോട്‌
പുലമ്പിയത്‌
ഉരുകിത്തെറിച്ച സ്വപ്നങ്ങൾ
നഷ്ടത്തോണിയിൽ കയറി
നാടുവിട്ടുപോയപ്പോൾ
ചിറകരിഞ്ഞ കിളികളെല്ലാം
മുറ്റത്തു വന്നിരുന്നു
കരയാൻ തുടങ്ങി
പിന്നെ
നാദരൂപങ്ങളുടെ
രാമായണത്തിൽ
വേദനയുടെ ആഴം കണ്ട്‌
അസ്ത്രങ്ങൾ കുഴിച്ചിട്ട്‌
വൃക്ഷങ്ങളെക്കുറിച്ച്‌
എഴുതിത്തുടങ്ങി!


താളം


ഏഴാച്ചേരി രാമചന്ദ്രൻ
1.
വിളകൾസർവംകാട്ടു-
കിളികൾകൊത്തുന്നൂ;നിൻ
വിളകൾകുന്നിൽത്തട്ടി
ക്കാറ്റത്തുചിലമ്പുന്നു.

ഏറുമാടത്തിൽധ്യാനി-
ച്ചിരിയ്ക്കുമെനിയ്ക്കിപ്പോ-
ളാധിയെൻപുലപ്പാട്ടി-
ന്നുൾത്തുടിപ്പൊന്നിൽമാത്രം.

കാരെള്ളുംകുറുമ്പുല്ലും
ചാമയും ചാമ്പയ്ക്കയും
പാതിരാനിലാവത്തു
വിളഞ്ഞുമണക്കുന്നു
അന്തിയ്ക്കുചോലക്കുളി-
രേറ്റുനീരാടുംവേട-
പ്പെണ്ണുങ്ങൾവിളകട്ടു
തുളുമ്പിച്ചിരിയ്ക്കുമ്പോൾ,
അരുതെന്നൊരുവാക്കു
മിണ്ടുവാനാവാതെഞ്ഞാ-
നവർതൻകടക്കണ്ണി-
ലാതിരതിരയുന്നു
2.
പന്നികൾ വിളക്കുത്താൻ
വരുമ്പോൾ മാത്രം ഇല്ലി-
പ്പമ്പരഹുങ്കാരത്താൽ
മൗനത്തെത്തുരത്തുന്നു
ഏറുമാടത്തിൽനിന്നാൽ
പുഴയ്ക്കപ്പുറത്താന-
ത്താരകൾ*കാണാം;മഴ-
വില്ലിന്റെ വീടും കാണാം
സ്വാമിയാർ മുടിചുറ്റി-
പ്പുഴപാറയെപ്പുൽകി-
പ്പൂപോലെചിരിയ്ക്കുന്ന
മാർകഴിച്ചന്തംകാണാം.

പാരിജാതങ്ങൾനട്ടു
നനയ്ക്കുന്നോരാംദേവ-
കാമിനിമാരെക്കാണാം
ഇലവാതിലിൽനിന്നാൽ
അല്ലികൾവിങ്ങുംസ്വർണ-
നാരകഫലങ്ങൾത-
ന്നിന്ദ്രിയചാപല്യങ്ങ-
ളല്ലിനെമദിപ്പിയ്ക്കെ,
പുലപ്പാട്ടിലെ നീല-
ഗമകങ്ങളിൽനീന്തി-
ച്ചിലയ്ക്കും ചെറുമൻഞ്ഞാ-
നോക്കെയും മറക്കുന്നു.
പുലപ്പാട്ടിലെ നീല-
ഗമകങ്ങളിൽനീന്തി-
ച്ചിലയ്ക്കും ചെറുമൻഞ്ഞാ-
നോക്കെയും മറക്കുന്നു.
3.
കാട്ടുകൊമ്പന്മാർവൃക്ഷം
തള്ളിയിട്ടെന്നാലീഞ്ഞാ-
നാറ്റിൽവീണൊടുക്കത്തെ-
പ്പാട്ടുമായ്മുടിഞ്ഞേക്കാം.
ചന്ദനക്കൊള്ളക്കാർതീ-
പ്പന്തങ്ങളെറിഞ്ഞെന്റെ
മന്ദിരമെരിച്ചേക്കാം
തീയിൽഞാനമർന്നേക്കാം.
അപ്പൊഴും നെഞ്ചിൽ വിങ്ങു-
മെൻപുലപ്പാട്ടിന്നീണം
അപ്രമേയതയോടു
താളങ്ങളിരന്നേക്കാം.
* ആനത്താര-കാട്ടാനകൾ സഞ്ചരിച്ചുണ്ടാകുന്നവഴി

പൊങ്കാല


 

വി.ആർ.രാമകൃഷ്ണൻ


പാലുവെളുപ്പിന്‌
പെണ്ണുമ്പിള്ളേംകൂട്ടി
പാവക്കുളത്തമ്മേടെ
പൊങ്കാലക്ക്‌ പോയി
ഉച്ചയൂണുണ്ട്‌
ഒന്നു മയങ്ങി
നാലുമണിക്ക്‌
നവോദ്ധാനമനുഷ്യചങ്ങലയിൽ
കുരുങ്ങി
നാളെവെളുപ്പിന്‌
കെഴക്വോറത്തെ
പെലേന്റമ്പലത്തില്‌
പൊങ്കാലവെക്കണമെന്ന്‌
ഈ പെണ്ണുങ്ങളുടെ ഒരു കാര്യം
കലികാലമെന്നല്ലാതെന്തുചൊല്ലാൻ

മധ്യവയസ്സിന്റെ കാലുഷ്യം

 


സുധാകരൻ ചന്തവിള


പ്രായം എന്നത്‌ കാലം പോലെ മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്‌.  ഏവർക്കും അത്‌  അനുഭവിച്ചേ മതിയാവൂ.  പ്രായം കൂടിക്കൂടി വരുന്നതിൽ ആർക്കും അത്രയ്ക്ക്‌ സംതൃപ്തിയില്ല.  70-80 വയസ്സായവർ പോലും തങ്ങളുടെ പ്രായം തുറന്നു പറയാൻ  പലപ്പോഴും ബുദ്ധിമുട്ടുന്നവരാണ്‌.  ആശുപത്രികളിൽ രോഗികളായി എത്തുന്നവരിൽ അധികംപേരും യഥാർത്ഥ വയസ്സിൽ നിന്നും അഞ്ചു വയസ്സെയെങ്കിലും കുറച്ചു പറയുന്നവരാണ്‌.  കാരണം കൂടുതൽ വയസ്സായി എന്നറിഞ്ഞാൽ വേണ്ടത്ര ചികിത്സ കിട്ടില്ലെന്നു കരുതുന്നു.  പ്രായത്തെയും മരണത്തെയും ഒരുപോലെ ഭയക്കുന്നു എന്നർത്ഥം!  മറ്റുള്ളവർ വയസ്സായി എന്നു പറയുമ്പോഴും, തങ്ങൾ വയസ്സായില്ലെന്ന്‌  രൂപം കൊണ്ടും ഭാവം കൊണ്ടും അറിയിക്കുന്നവരാണ്‌  മനുഷ്യരിൽ അധികം പേരും. അതിനുള്ള പലവിധ സൗന്ദര്യവസ്തുക്കളും ഇപ്പോൾ നിലവിലുണ്ട്‌.


  ശരീരം വയസ്സാകുന്തോറും മനസ്സ്‌ ചെറുപ്പമാകുന്നു എന്നത്‌ പുതിയ കാര്യമല്ല. എല്ലാ പൂർണ്ണമനുഷ്യരിലും ഓരോ കുട്ടിമനസ്സ്‌ ജീവിച്ചു കൊണ്ടിരിക്കുന്നു. (Child is the Father of Man- William Wordsworth )  ഇരുപതുകളിലേയും മുപ്പതുകളിലേയും  മധുരസ്വപ്നങ്ങളും ചിന്തകളും മറക്കാതെ കൊണ്ടുനടക്കുന്ന നിത്യകാമുക മനസ്സിന്റെ ഉടമകളാണ്‌ മുതിർന്നവർ.  പുതിയ കുട്ടികൾ ചെയ്തുകൂട്ടുന്ന  കുസൃതിത്തരങ്ങൾ കാണുമ്പോൾ ദേഷ്യം വരുന്നതും കുറ്റം പറയാൻ തോന്നുന്നതും അസൂയ കൊണ്ടോ, നഷ്ടബോധംകൊണ്ടോ ആണ്‌. ഇരുപതുകളിലോ മുപ്പതുകളിലോ അൻപതുകളെ കുറിച്ച്‌ ആരും ചിന്തിക്കാറില്ല. എന്നാൽ 50 കഴിയുമ്പോൾ തങ്ങളുടെ നഷ്ടസ്വപ്നമായ 20-30 പ്രായത്തെ കുറിച്ച്‌  ഓർത്ത്‌ ദുഃഖിക്കാറണ്ട്‌. എല്ലാം ശക്തവും ഊഷ്മളവുമായി പ്രവർത്തിക്കാൻ കഴിഞ്ഞിരുന്ന ക്ഷുഭിതയൗവ്വനം തിരിച്ചുകിട്ടുമോയെന്ന്‌ ആരാണ്‌ ആഗ്രഹിക്കാത്തത്‌. ?ലക്ഷ്മിയുമസ്ഥിരയല്ലോ മനുഷ്യർക്ക്‌/നിൽക്കുമോ യൗവ്വനവും പുനരധ്രുവം?-എന്ന കവിവാക്യം ഓർക്കുമ്പോഴും യൗവ്വനം തിരിച്ചു കിട്ടുമോ എന്നാലോചിക്കുന്നവർ വളരെ കൂടുതലാണ്‌.  ഇതിഹാസ പുരാണങ്ങളിൽ പോലും അങ്ങനെ ചിന്തിച്ച അനവധി കഥാപാത്രങ്ങളുണ്ട്‌. മകന്റെ യൗവ്വനം കണ്ട്‌ കൊതി തോന്നി അതെനിക്കു തരൂ, ഞാൻ നിനക്ക്‌ വാർദ്ധക്യം തരാം എന്നു പറഞ്ഞ ?യയാതിയും? വിവാഹപ്രായമായ മകനുള്ളപ്പോൾ തന്നെ സത്യവതിയിൽ പ്രണയാതുരനായ ?ശന്തനുമഹാരാജാവും? ഉൾപ്പെടെ എത്രയോ ഉദാഹരണങ്ങൾ എടുത്തു കാട്ടാവുന്നതാണ്‌.


 യൗവ്വനത്തെ എന്തുകൊണ്ട്‌ എല്ലാപേരും ഇഷ്ടപ്പെടുന്നു?  സ്വപ്നങ്ങളുടെ, കാമത്തിന്റെ, രതിയുടെ, ലൈംഗികതയുടെ മണിയറ തന്നെയാണ്‌ യൗവ്വനം.  നോക്കാനും നോക്കിപ്പിക്കാനും കൊതിക്കാനും കൊതിപ്പിക്കാനും കഴിയുന്ന മറ്റൊരുകാലം ജീവിതത്തിലില്ലതന്നെ. സ്വന്തം മകളുടെ സൗന്ദര്യവും അംഗലാവണ്യവും കാണുമ്പോൾ ഏതൊരമ്മയ്ക്കും ആനന്ദമുണ്ടാകുന്നതു പോലെ, തെല്ല്‌ അസൂയ തോന്നുന്നതും അതുകൊണ്ടാണ്‌. സ്ത്രീപുരുഷന്മാരിൽ പ്രകടമായ സൗന്ദര്യം സ്ത്രീക്കാണല്ലോ കൂടുതൽ?  ഒരേ പ്രായത്തിലുള്ള സ്ത്രീകൾ തന്നെ പലപ്പോഴും ഇണങ്ങുന്നതിനെക്കാൾ പിണങ്ങുന്നത്‌ സൗന്ദര്യത്തിന്റെ പേരിലാണ്‌. സൗന്ദര്യം എന്നത്‌ യൗവ്വനത്തിന്റെയും യൗവ്വനം സൗന്ദര്യത്തിന്റെയും പര്യായമായാണല്ലോ ആദികാലം മുതൽക്കേ കണ്ടു വരുന്നത്‌. 
 യൗവ്വനത്തിന്റെ സുഖസ്വപ്നങ്ങൾക്കും വാർദ്ധക്യത്തിന്റെ കറുത്ത ദിനങ്ങൾക്കും നടുവിൽ എല്ലാവരും എത്തിച്ചേരുന്ന ജീവിതത്തിന്റെ നട്ടുച്ചയാണ്‌ മധ്യവയസ്സ്‌.  40-50 വയസ്സ്‌ എന്നത്‌ ഏതൊരു മനുഷ്യനും കൂടുതൽ സങ്കീർണ്ണതകളുടെയും സംഘർഷങ്ങളുടെയും കാലമാണ്‌.

ചെയ്തുപോയതിനെ കുറിച്ചും ചെയ്യാനുള്ളതിനെ കുറിച്ചുമുള്ള വേവലാതികൾ കൂടുതലറിയുന്നതും അനുഭവിക്കുന്നതും ഈ കാലഘട്ടത്തിലാണ്‌.  ആദർശത്തിന്റെ ശുഭദിനങ്ങൾ കൊഴിഞ്ഞുവീഴുന്നതും ബാഹ്യാഭ്യന്തര പ്രതീക്ഷകളുടെ  വെള്ളിനക്ഷത്രങ്ങൾ ഇളകിവീഴുന്നതും വിപ്ലവത്തിന്റെ കൊടിപിടിച്ച മനസ്സ്‌  ആത്മീയതയെ തേടിപ്പോകുന്നതുമെല്ലാം ഈ കാലഘട്ടത്തിലാണ്‌.  മാത്രമല്ല നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സൗന്ദര്യത്തെയും ലൈംഗികതയേയും കുറിച്ചുള്ള  ഉൽക്കണ്ഠകൾ, സ്വയമല്ലാതെ മെരുക്കിയെടുക്കപ്പെടേണ്ടുന്ന സാഹചര്യം, കുട്ടികളുടെ, കുടുംബത്തിന്റെ സാമ്പത്തികവും വൈകാരികവുമായ പ്രശ്നങ്ങൾ ഇതൊക്കെ ഇക്കാലഘട്ടത്തിലെന്നതു പോലെ മറ്റൊരു കാലഘട്ടത്തിലുമില്ല. ആയതിനാൽ കൗമാരം പോലെ തന്നെ മധ്യവയസ്സും കടന്നുകിട്ടുകയെന്നത്‌ കൂടുതൽ ശ്രമകരമാണ്‌.


 പ്രതീക്ഷകളില്ലാത്ത ജീവിതം കുറവാണല്ലോ? പക്ഷേ പ്രതീക്ഷകളെല്ലായിപ്പോഴും പൂർണ്ണമാകാറില്ല. കുറെയൊക്കെ പൂർത്തീകരിച്ചതും പൂർത്തീകരിക്കപ്പെടേണ്ടതുമായാണ്‌ എല്ലാ മനുഷ്യരും മുന്നോട്ടു പോകുന്നത്‌. മധ്യവയസ്സിൽ എത്തുന്നതോടെ, ഇനി പ്രതീക്ഷകൾക്ക്‌ വിലയില്ലെന്നും ജീവിതത്തിന്‌ വല്ലാത്ത മടുപ്പും വിരസതയും അനുഭവപ്പെടുന്നുവേന്നും പറയുന്നവരുണ്ട്‌. പ്രശ്നങ്ങളില്ലാത്ത ദാമ്പത്യങ്ങളില്ല.  എന്നാൽ ദാമ്പത്യം തന്നെ പലർക്കും മധ്യവയസ്സിൽ പ്രശ്നമാണ്‌.  ഒരുപാട്‌ സഹിക്കുകയും പുറമേ എല്ലാം ഭദ്രമെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയുംം അതനുസരിച്ച്‌  അഭിനയിക്കുകയും  ചെയ്യുന്ന എത്രയോ ദാമ്പത്യങ്ങൾ ഉണ്ട്‌.  ഇരയുടെ പ്രശ്നത്തെക്കാൾ കൂടുതൽ പ്രശ്നം ഇണയുടേതാണെന്ന്‌ തിരിച്ചറിയുന്നു. തമ്മിലറിഞ്ഞതിലപ്പുറം അകലുന്നവരും കലഹം കാട്ടുന്നവരുമാണ്‌ മധ്യവയസ്സായ ദാമ്പതികൾ. ?പിറക്കാതിരുന്നെങ്കിൽ പാരിൽ നാം സ്നേഹിക്കുവാൻ/വെറുക്കാൻ തമ്മിൽ കണ്ടുമുട്ടാതെയിരുന്നെങ്കിൽ?-എന്നു പറഞ്ഞു പോകുന്നവരാണ്‌ അവരിൽ ഏറിയകൂറും. അതായത്‌ കയ്ച്ചിട്ട്‌ ഇറക്കാനും മധുരിച്ചിട്ട്‌ തുപ്പാനും വയ്യ എന്ന രീതിയിൽ ജീവിക്കുന്നു.

സേ​‍്നഹവും പ്രണയവും  ഭ്രാന്തു പോലെ കൊണ്ടു നടക്കുകയും ഇഷ്ടക്കേടുകളുടെ ഭാണ്ഡം ചുമക്കുകയും ചെയ്യുന്ന ദമ്പതികൾ ജീവിത മധ്യാഹ്നത്തിലെ സ്നേഹവിരഹങ്ങളുടെ ദ്വന്ദ്വങ്ങളാണ്‌.
  മധ്യാഹ്ന ജീവിതത്തിലെ മനുഷ്യരിൽ ഏറ്റവും അധികം കണ്ടുവരുന്ന ഗുണമാണ്‌ പരസ്പരസംശയം. സംശയം എപ്പോഴും സത്യത്തിന്റെ പ്രതീകമല്ല. ബലഹീനതയുടെയും അസംതൃപ്തിയുടെയും പ്രതീകം കൂടിയാണ്‌.  അനാവശ്യമായി ഭാര്യയെ സംശയിക്കുന്ന ഭർത്താവും ഭർത്താവിനെ സംശയിക്കുന്ന ഭാര്യയും കുടുംബജീവിതത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്നവരാണ്‌. ഭർത്താവ്‌ ഏതെന്തിലും പരസ്ത്രീയോട്‌ സംസാരിക്കുന്നതു കണ്ടാൽ വെറുതെ മുറുമുറുക്കുന്ന ഭാര്യ, ഭാര്യ ഏതെങ്കിലും പുരുഷനോട്‌ സംസാരിക്കുന്നതിൽ നീരസം കാണിക്കുന്ന ഭർത്താവ്‌  ഇങ്ങനെ  അവസാനിക്കാത്ത സംശയത്തിന്റെ നിഴൽ ബാക്കിയാക്കി ജീവിക്കുന്നു, യൗവ്വനം കഴിഞ്ഞതിൽ പരിതപിക്കുന്ന മധ്യവയസ്ക്കരുടെ  സഞ്ചാരപഥം.  സ്പർദ്ധയും സ്വാർത്ഥതയും സ്വത്വത്തെക്കുറിച്ചുള്ള ഉൽക്കണ്ഠയുമെല്ലാം പരമോന്നതാവസ്ഥയിലെത്തുന്ന ജീവിത കാലഘട്ടവും മധ്യവയസ്സാണ്‌.

ആഗ്രഹത്തിനനുസരിച്ച്‌ എത്തിച്ചേരാൻ കഴിയാത്തതിലുള്ള വിഷമം, കൂടെ പഠിച്ചവരും കളിച്ചവരും തന്നെക്കാൾ വലിയ നിലയിലെത്തുന്നതു കാണുമ്പോഴുള്ള സ്വയം ജാള്യതയുടെ തിരിച്ചറിവ്‌, എന്നിങ്ങനെ  എത്തിച്ചേർന്നതിൽ നിന്നും എത്തിച്ചേരാൻ കഴിയാത്തതിലുള്ള ദൂഃഖസ്വപ്നങ്ങളുടെ വിരസകാലഘട്ടമായി മധ്യവയസ്സ്‌ ഒറ്റപ്പെട്ടു നിൽക്കുന്നു. ചുരുക്കത്തിൽ ജീവിക്കാൻ മറന്നുപോയ കൗമാര-യൗവ്വനങ്ങളുടെ പാപക്കറ  മനസ്സിൽ സൂക്ഷിക്കുന്ന ഒറ്റപ്പെടലിന്റെ കൂട്ടുകാരനാണ്‌ മധ്യവയസ്സ്‌. സ്നേഹവിരഹങ്ങളുടെ, രാഗദ്വേഷങ്ങളുടെ കൊടുംകയ്പ്‌ കുടിക്കുന്ന ഈ കാലഘട്ടം സ്വയമറിയലിന്റെ, അനുഭവിക്കലിന്റെ സാക്ഷിയായി പരിമിതപ്പെടുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...