ഒരു കുളിർതെന്നൽ വന്നെന്നെ സ്പർശിച്ചു
തിരികെ മടങ്ങിയ നിമിഷങ്ങളിൽ
വീടിൻ പടിപ്പുര വാതിൽക്കൽ നിന്നു ഞാൻ
വീക്ഷിച്ചിരുന്നു ആ മാരുതനെ...
എങ്ങോ മറഞ്ഞുപോയെന്നറിഞ്ഞപ്പോൾ
ഇലഞ്ഞിമരത്തണലിൽ പോയിരുന്നു
പൂക്കളോടും പൂത്തുമ്പിയോടും
കുഞ്ഞാറ്റക്കിളിയോടും കളി പറഞ്ഞു
മുത്തശ്ശി തൻ മലർവാടി കടന്നെത്തും
പൂമണത്തോടും കഥ പറഞ്ഞു...
കഥപറയാതെ പിണങ്ങി നിന്ന
ഇലഞ്ഞി മരത്തിനുമൊരു മന്ദഹാസം
എന്നോടിണങ്ങി വന്നു ആ വടവൃക്ഷം
ബാല്യത്തിൻ കഥകൾ തൻ ചെപ്പു തുറന്നു.
പ്രവഹിച്ചു ദുഃഖത്തിൻ നീരൊഴുക്ക്
സ്നേഹത്തിൻ...നഷ്ടബോധത്തിൻ നിറം മങ്ങിയ
കഥകളായിരുന്നു അതെല്ലാം...
കഥ തീർന്നുവേന്നത് ഞാനറിഞ്ഞില്ല
കഥതൻ അർത്ഥങ്ങൾ പരതുകയായിരുന്നു...
കഥയുടെ നറുമണം മനംകുളിർക്കും
അനുഭൂതി ഉണ്ടാകുമായിരുന്നു...
നൊമ്പരത്തിന്റേതായിരുന്നു ആ നറുമണമെന്ന്
ആ നല്ല നിമിഷങ്ങളിൽ ഞാനറിഞ്ഞു...
ആ നാലുകെട്ടിൻ ഇടനാഴികയിൽ നിന്നു
മുത്തശ്ശി തൻ തേനൂറുന്ന വിളികൾ...
ഇലഞ്ഞിമരത്തിൻ കഥയെൻ മനസിൽ
ഒരു നിർത്ത്ധരിയായി മാറിയിരുന്നു.
തൽക്കാലമായി ഞാൻ വിടപറഞ്ഞു
ആ മരത്തണലിൽ നിന്നു മടങ്ങി വന്നു...
വീടിന്നകത്തളത്തിൽ കോണിൽ വെച്ചൊരാ
തൂലികയും, പുസ്തകത്താളുമെടുത്തൊന്ന്
പൂമുഖത്തിണ്ണയിൽ വന്നിരുന്നു
എഴുതി വിചാരവികാരങ്ങൾ താളിൽ
ഇലഞ്ഞി മരത്തിൻ കഥയെഴുതി
അടുത്ത പ്രഭാതത്തിനായി കാത്തിരുന്നു
ആ ത്രിസന്ധ്യയിൽ പ്രതീക്ഷയോടെ
ആ വൃക്ഷത്തിൻ കഥ അറിയുവാനായ്
പുത്തൻ അനുഭവങ്ങൾ നെയ്തുകൂട്ടുവാനായ്.