അയാൾ തലസ്ഥാന നഗരത്തിലെത്തിയിട്ട് മൂന്നു ദിവസമായിരുന്നു. ചില പേപ്പറിന്റെ സാങ്കേതിക പ്രശ്നങ്ങളിൽപ്പെട്ട് അയാൾക്ക് തിരിച്ചുപോകാൻ കഴിഞ്ഞില്ല. നഗരത്തിൽ നല്ല മഴക്കാലമായിരുന്നു. യൂണിവേഴ്സിറ്റി കോളേജിന് അടുത്തുള്ള ലോഡ്ജിൽ മുറിയെടുത്തു. പതിനഞ്ച് കൊല്ലങ്ങൾക്ക് മുമ്പായിരുന്നു അയാൾ ആദ്യമായി ആ നഗരത്തിൽ എത്തിയത് യുണിവേഴ്സിറ്റി യുവജനോത്സവത്തിലെ കഥയെഴുത്ത് മത്സരത്തിൽ പങ്കെടുക്കുന്നതിനുവേണ്ടിയായിരു
കടൽക്കരയിലെ പാർക്കിലും കോളേജ് ലൈബ്രറിയിലുംവെച്ച് അവർ ഒരുപാടു സംസാരിച്ചിരുന്നു. കോളേജിൽ അയാളുടെ ജൂനിയറായിരുന്നു അവൾ. അവൾ സുവോളജി വിദ്യാർത്ഥിനിയായിരുന്നു. പിന്നെ മെഡിക്കൽ എൻട്രൻസ് പരീക്ഷ എഴുതി ഗവ.മെഡിക്കൽ കോളേജിൽ പഠിക്കാൻ പോയി. അവൾ വല്ലപ്പോഴും അയാൾക്ക് എഴുതിയിരുന്നു. കത്തിൽ പ്രണയത്തിന്റെ തിരി കെടാതെ സൂക്ഷിച്ചിരുന്നു. എപ്പോഴോ കത്തുകൾ പൂർണ്ണമായി നിന്നു. അയാൾ ഒരു ജോലിക്കായി എഴുത്തുപരീക്ഷകൾ എഴുതിക്കൊണ്ടിരുന്നു. ഒരു ദിവസം അപ്രതീക്ഷിതമായി അവളുടെ ഫോൺകോൾ വന്നു. "എത്രയും പെട്ടെന്ന് ഒന്നു കാണണം"
അയാൾ, നഗരത്തിലെ കടൽക്കരയിലെത്തി അവളെ കാത്തു. രാത്രി വൈകി. പ്രതീക്ഷകൾ അസ്തമിച്ചു. അവളെത്തിയില്ല. അയാൾ നിരാശാഭരിതനായി തിരിച്ചുപോയി. അഞ്ചാം നാൾ അയാളുടെ വിലാസത്തിൽ ഒരു കത്ത് വന്നു. എനിക്ക് വരാൻ പറ്റാത്ത സാഹചര്യമായിരുന്നു. എന്റെ വിവാഹം നിശ്ചയിച്ചു. ഞാൻ ആവുന്നതും എതിർത്തുനോക്കി. ഇപ്പോൾ ഞാൻ തീർത്തും വീട്ടുതടങ്കലിലാണ്. "ഒന്നു കാണാൻ ഇത്തിരി നേരം സംസാരിച്ചിരിക്കാൻ കൊതിയാവുന്നു" അയാൾ കത്ത് കീറി മുറ്റത്തേയ്ക്ക് എറിഞ്ഞു. അടുത്ത ആഴ്ചയിലെ പത്രത്തിൽ അവളുടെ വിവാഹഫോട്ടോ ഉണ്ടായിരുന്നു. കാലമെത്രയോ കഴിഞ്ഞിരിക്കുന്നു. അയാൾ ജാലകത്തിലൂടെ തെരുവിലേക്കു നോക്കി. രാത്രി കനത്തിരിക്കുന്നു. നഗരത്തിൽ തിരക്ക് കുറഞ്ഞിരിക്കുന്നു. മഴ നക്കിത്തുടച്ച റോഡുകൾ വിജനമായിരുന്നു. അയാൾ സിഗരറ്റെടുത്ത് കത്തിച്ചു. ഓർമ്മകൾ ചരട് പൊട്ടിയ പട്ടംപോലെ പറക്കുന്നു.
എപ്പോഴോ സർക്കാർ വകുപ്പ് ജോലി കിട്ടി. കല്യാണം കഴിച്ചു. രണ്ടു കുട്ടികളായി അതിനിടയിൽ അവളെപ്പറ്റി ഓർമ്മിച്ചില്ല. ജീവിതത്തിന്റെ തിരക്കിൽ എല്ലാം മറന്നു. മറവി, മഞ്ഞപ്പൂക്കളുടെ താഴ്‌വാരംപോലെ കഴിഞ്ഞകാലത്തെ മറച്ചു. അവളും അയാളെ മറന്നിരിക്കാം.
ഡോക്ടറായി, ഭാര്യയായി. അമ്മയായി എവിടെയെങ്കിലും കഴിയുന്നുണ്ടാവും. സെക്രട്ടേറിയേറ്റിനു മുകളിൽ നിലാവ് മനോഹരമായ കാഴ്ച. അയാൾക്ക് വല്ലാത്ത തണുപ്പ് തോന്നി. അയാൾ മുറിയിൽ പോയി ഷർട്ട് എടുത്തിട്ടു. പോക്കറ്റിൽ ഒരു സിഗററ്റിനായി പരതി. ഒരു കത്ത് തടഞ്ഞു. നാട്ടിൽ നിന്ന് പോരുമ്പോൾ ഭാര്യ ഏൽപിച്ചാണ്. "കഴിഞ്ഞ ആഴ്ചത്തെ പോസ്റ്റിൽ വന്നതാണ് തരാൻ മറന്നുപോയി" ഭാര്യ ചിരിച്ചുകൊണ്ട് പറഞ്ഞു. "കൈയക്ഷരം കണ്ടിട്ട് ഏതോ സ്ത്രീ എഴുതിയമാതിരിയുണ്ട്. പഴയ ഏതെങ്കിലും" അവൾ പകുതിയിൽ നിർത്തി ഒളികണ്ണിട്ട് നോക്കി. "ഒന്നു പോടീ, ഇനി ഈ വയസ്സൻ കാലത്താണ് പെണ്ണുങ്ങളുടെ കത്ത്" കത്ത് പൊട്ടിക്കാതെ അയാൾ പോക്കറ്റിൽ വെച്ചു.
ഇപ്പോൾ പേരറിയാത്ത ആകാംക്ഷയോടെ കത്ത് പൊട്ടിച്ചു. "പ്രിയ കഥാകാരാ- എന്നെ താങ്കൾ മറന്നു കാണും. 15 വർഷം പെട്ടെന്ന് മറന്നുപോകും. എങ്കിലും ഞാൻ താങ്കളെ മറന്നില്ല. താങ്കളുടെ കുടുംബവിശേഷങ്ങൾ എന്റെ കൂട്ടുകാരി വഴി അറിയുന്നുണ്ടായിരുന്നു. ഭാര്യയേയും കുട്ടികളേയും എന്റെ അന്വേഷണങ്ങൾ അറിയിക്കണം. ഒരു പ്രധാനപ്പെട്ട കാര്യം പറയാൻ മറന്നു. ഒരുപക്ഷേ കഥാകൃത്തിന്റെ ഇപ്പോഴത്തെ ജോലിയുടെ തിക്കിലും തിരക്കിലും അറിഞ്ഞുപോലും കാണില്ല. എഴുത്ത് നിർത്തിയിട്ട് വർഷങ്ങൾ ആയല്ലോ?
ചെറുകഥയുടെ 111 കഥകൾ തിരഞ്ഞെടുത്തപ്പോൾ അതിൽ അങ്ങയുടെ 'ശവമുറിയുടെ കാവൽക്കാരൻ' എന്ന കഥ ഉൾപ്പെടുത്തി കണ്ടു. അതിൽ ഒത്തിരി സന്തോഷമുണ്ട്. ഇനിയും തുടർന്ന് എഴുതണം എന്നെ പോലെയുള്ള വായനക്കാർക്കായി" ഒരിക്കൽക്കൂടി ഒത്തിരി ഇഷ്ടത്തോടെയും അൽപം നൊമ്പരത്തോടെയും അങ്ങയുടെ പഴയകൂട്ടുകാരി എസ്.എൽ. ഇനിഷ്യലിന് താഴെ സുന്ദരമായ കൈയ്യൊപ്പ്.
അവളുടെ കത്ത് അയാളെ സന്തോഷവാനാക്കി. ഓർമ്മകൾ പടികൾ കയറി വരുന്നു. എഴുത്ത് നിർത്തിയിട്ട് എത്രയോ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇന്ന് ആരും അയാളെ എഴുത്തുകാരനായി കാണാറില്ല. അയാളും എഴുത്തിനെപ്പറ്റി മറന്നു പോയിരിക്കുന്നു.
രാവിലെത്തന്നെ അയാൾ ലോഡ്ജിലെ മുറിയൊഴിഞ്ഞു. ബാഗിൽ സൂക്ഷിച്ചിരുന്ന സീൽ ചെയ്തുവച്ചിരുന്ന പ്ലാസ്റ്റിക് ടിന്നുകൾ സുരക്ഷിതമായിട്ടുണ്ടോയെന്ന് ഒരിക്കൽകൂടി പരിശോധിച്ചു. എല്ലാം ഭദ്രമായി അവിടെതന്നെയുണ്ട്. ഓട്ടോറിക്ഷയിൽ കയറി കെമിക്കൽ ലാബിലേയ്ക്ക് പോയി. പ്ലാസ്റ്റിക് ടിന്നുകളും അനുബന്ധരേഖകളും കെമിക്കൽ ആഫീസറെ ഏൽപ്പിച്ചു. ചിരിച്ചുകൊണ്ട് അൽപം ക്ഷമാപണത്തോടെ കെമിക്കൽ എക്സാമിനർ പറഞ്ഞു. "താങ്കൾ ഒരുപാട് ബുദ്ധിമുട്ടി. ഇവിടെ എല്ലാ പേപ്പറുകളും കൃത്യമായിരിക്കണം. അതുതന്നെയുമല്ല ഒരാഴ്ചയായി മിക്കസ്റ്റാഫും ലീവായിരുന്നു. ഇന്നാണ് എല്ലാവരും അവധികഴിഞ്ഞ് തിരിച്ചെത്തിയത്.
താങ്കൾ അൽപം സമയം കൂടി വെയ്റ്റ് ചെയ്യുക. എത്രയും പെട്ടെന്ന് * 'വിസ്ര' കൈപ്പറ്റിയതിന്റെ രസീത് തരാം."
അയാൾ സ്വീകരണമുറിയിലെ കസേരയിലിരുന്നു. പല ഡിപ്പാർട്ട്‌മന്റിലെ ഉദ്യോഗസ്ഥന്മാർ അവിടെയെത്തി പ്ലാസ്റ്റിക് ടിന്നുകളും മദ്യത്തിന്റെയും മറ്റ് ലഹരി പദാർത്ഥത്തിന്റെയും സീൽ ചെയ്ത കുപ്പികളും ഏൽപ്പിച്ച് രസീത് വാങ്ങി പോയിക്കൊണ്ടിരുന്നു.
സുഖകരമായ ആലസ്യത്തിൽ ലയിച്ചിരിക്കുമ്പോൾ പ്യൂൺ വിസ്രയും മറ്റ് രേഖകളും കൈപ്പറ്റിയതിന്റെ രസീത് കൊണ്ടുവന്ന് കൊടുത്തു.
അയാൾ ഒഴിഞ്ഞ ബാഗുമായി കുന്നിറങ്ങി. താഴ്‌വാരങ്ങളിൽ ചുവന്ന വാക പൂത്തു നിന്നിരുന്നു. വഴികളിൽ പൂക്കൾ വീണു കിടന്നിരുന്നു. ഇറക്കത്തിൽ അയാൾ പോക്കറ്റിൽ നിന്ന് രസീത് എടുത്ത് വായിച്ചുനോക്കി. കണ്ണുകളിൽ ഇരുട്ട് പരക്കുന്നതായി അയാൾക്ക് തോന്നി. ബോധധാരയുടെ അതിരുകൾ അയാൾ അറിയുന്നുണ്ടായിരുന്നു. മൂന്നു ദിവസമായി അയാൾ കൊണ്ടുനടന്ന, പോസ്റ്റുമോർട്ടം നടത്തി എടുത്ത ആന്തരാവയവങ്ങൾ നീണ്ടവർഷങ്ങൾക്കു മുമ്പ് അയാൾ പ്രണയിച്ചിരുന്ന പെൺകുട്ടിയുടേതായിരുന്നു എന്ന സത്യം.
ഞൊടിയിടയിൽ അയാളുടെ മുന്നിലൂടെ നട്ടുച്ചയുടെ ഇരുട്ടിലൂടെ അവൾ നടന്നു മറയുന്നത് അയാൾ കണ്ടു.
* 'വിസ്ര' - പോസ്റ്റുമോർട്ടത്തിനുശേഷം മരണകാരണം തെളിയിക്കുന്നതിനുവേണ്ടി എടുത്തു സൂക്ഷിക്കുന്ന ആന്തരാവയവങ്ങളുടെ സാമ്പിൾ.