എറിഞ്ഞ കല്ലുകളായിരുന്നു
പൂമരങ്ങളെകുറിച്ച്
ആദ്യം പറഞ്ഞുതന്നത്.
എരിഞ്ഞ കണ്ണുകളായിരുന്നു
മുറിവുകളെക്കുറിച്ച്
മൂന്നാര്റിയിപ്പു തന്നത്.
നനഞ്ഞ പന്തങ്ങളായിരുന്നു
നാണം കെട്ട നഗ്നതയുടെ
കൂത്തരങ്ങിനെക്കുറിച്ച്
പാടി നടന്നത്.
അടഞ്ഞ വാതിലുകളായിരുന്നു
ശവങ്ങൾ നിലവിളിക്കാറുണ്ടെന്ന്
രാത്രികളോട്
പുലമ്പിയത്
ഉരുകിത്തെറിച്ച സ്വപ്നങ്ങൾ
നഷ്ടത്തോണിയിൽ കയറി
നാടുവിട്ടുപോയപ്പോൾ
ചിറകരിഞ്ഞ കിളികളെല്ലാം
മുറ്റത്തു വന്നിരുന്നു
കരയാൻ തുടങ്ങി
പിന്നെ
നാദരൂപങ്ങളുടെ
രാമായണത്തിൽ
വേദനയുടെ ആഴം കണ്ട്
അസ്ത്രങ്ങൾ കുഴിച്ചിട്ട്
വൃക്ഷങ്ങളെക്കുറിച്ച്
എഴുതിത്തുടങ്ങി!