29 Mar 2016

malayalasameeksha april 2016


മോണെയുടെ ഇമ്പ്രെഷണിസ്റ്റ്  രചന


ഉള്ളടക്കം 
ഓർക്കുമ്പോൾ -സജീവ് അയ്മനം
ഒച്ചപ്പെടൽ - എ  വി സന്തോഷ് കുമാർ 
കാലചക്രം -രാധാമണി  പരമേശ്വരൻ  
മണിച്ചിത്രത്താഴ് - സീമ മേനോൻ 
ഗുരുവിനെക്കുറിച്ച് ഒരു നവാദ്വൈത
വായന: അവ്യയാനന്ദ  സ്വാമി 
അവൾ പറയുന്നത്- സുജയ
 ഒരു പ്രണയിയുടെ  കുത്തഴിഞ്ഞ  
വേദപുസ്തകം -ജിതേഷ് ആസാദ് 
ഒരു സ്വപ്നംപോലെ -ബാബു ആലപ്പുഴ  
ഈണമായിവൾ -അൻവർ  ഷാ  ഉമയനല്ലൂർ  
അഞ്ചു  ഹൈക്കു  കവിതകൾ - ദീപുശശി  തത്തപ്പിള്ളി  
അമേരിക്കൻ പ്രസിഡന്റ്  തിരഞ്ഞെടുപ്പ് , 
ഭാഗം രണ്ട് - സുനിൽ  എം എസ്  

അമേരിക്കൻ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് ഭാഗം 2 (ലേഖനം)


സുനിൽ എം എസ്
മൂത്തകുന്നം

ലോകത്തിലെ ഏറ്റവും ഉന്നതമായ ഇരുപതു സർവകലാശാലകളിൽ പത്തെണ്ണം അമേരിക്കയിലാണ്. അമേരിക്കൻ ജനതയുടെ നാല്പത്തിരണ്ടര ശതമാനം പേർക്ക് കോളേജ് ബിരുദമുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അമേരിക്കയ്ക്ക് ലോകരാഷ്ട്രങ്ങൾക്കിടയിൽ അഞ്ചാം സ്ഥാനമുണ്ട്. ഇക്കാര്യങ്ങളിലെല്ലാം അമേരിക്ക മുൻ നിരയിലാണെങ്കിലും അമേരിക്കൻ പ്രസിഡന്റാകാൻ വിദ്യാഭ്യാസം ഒരു മാനദണ്ഡമല്ല. ഇതു വലുതായ സന്തോഷം തരുന്നെന്നു പറയാതെ വയ്യ; കാരണം, സാധാരണക്കാർക്കും പ്രസിഡന്റാകാമല്ലോ. അമേരിക്കൻ പ്രസിഡന്റാകാൻ മാത്രമല്ല, ഇന്ത്യയിലെ രാഷ്ട്രപതിയാകാനും വിദ്യാഭ്യാസം ഒരു മാനദണ്ഡമല്ല എന്ന കാര്യവും ഇവിടെ സ്മരിയ്ക്കുന്നു.



ഔപചാരികവിദ്യാഭ്യാസം നേടാനാകാതെ പോയവരും മഹാന്മാരായെന്നു വരാം. മറുവശത്ത്, ഉന്നതവിദ്യാഭ്യാസം നേടിയാലും ചിലർ മഹാന്മാരായില്ലെന്നും വരാം. അബ്രഹാം ലിങ്കനാണ് ഇതുവരെയുള്ള നാല്പത്തിനാല് അമേരിക്കൻ പ്രസിഡന്റുമാരിൽ ഏറ്റവും മഹാനായി കണക്കാക്കപ്പെടുന്നത്. ലിങ്കണൊരു ബിരുദധാരിയായിരുന്നില്ല. അദ്ദേഹത്തിന്റെ ഔപചാരിക സ്കൂൾവിദ്യാഭ്യാസവും ഹ്രസ്വമായിരുന്നു. ലിങ്കണിന്റെ മുൻഗാമിയായിരുന്ന ജയിംസ് ബ്യുക്കാനൻ ഒരു കോളേജ് ബിരുദധാരിയായിരുന്നിട്ടും ഏറ്റവും മോശമായ പ്രസിഡന്റായി കണക്കാക്കപ്പെടുന്നു.

കോളേജു ബിരുദമില്ലാത്ത ഒടുവിലത്തെ അമേരിക്കൻ പ്രസിഡന്റായിരുന്നു
ഹാരി എസ് ട്രൂമാൻ. രണ്ടാം ലോകമഹായുദ്ധം അവസാനിയ്ക്കുന്നതിനു തൊട്ടു മുമ്പ് അന്നത്തെ പ്രസിഡന്റായിരുന്ന ഫ്രാങ്ക്‌ളിൻ ഡി റൂസ്‌വെൽറ്റ് നിര്യാതനായപ്പോൾ അന്നു വൈസ് പ്രസിഡന്റായിരുന്ന ട്രൂമാൻ പ്രസിഡന്റായി അധികാരമേറ്റു. കോളേജുബിരുദമില്ലാത്ത ട്രൂമാനെ പിന്താങ്ങാൻ ജനപ്രതിനിധിസഭകൾ പലപ്പോഴും വൈമുഖ്യം പ്രദർശിപ്പിച്ചു. എന്നാൽ, കാലാവധി തീർന്നപ്പോൾ ട്രൂമാൻ പ്രസിഡന്റു സ്ഥാനാർത്ഥിയായി മത്സരിയ്ക്കുകയും, സ്വന്തം കഴിവുപയോഗിച്ചു പ്രശസ്തവിജയം നേടുകയും ചെയ്തു.

ട്രൂമാൻ പല നല്ല കാര്യങ്ങളും ചെയ്തു. വിവിധ സേനാവിഭാഗങ്ങളിൽ നിലനിന്നിരുന്ന വർണവിവേചനം അവസാനിപ്പിച്ചതായിരുന്നു അവയിലൊന്ന്. പൗരാവകാശങ്ങൾ ഉറപ്പുവരുത്താനും അദ്ദേഹം മുൻകൈയെടുത്തു. ഇതിനൊക്കെപ്പുറമെ, യുദ്ധക്കെടുതികളിൽപ്പെട്ടു വലഞ്ഞുകൊണ്ടിരുന്ന അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ പുരോഗതിയുടെ പാതയിലെത്തിക്കുകയും ചെയ്തു, ബിരുദധാരിയല്ലാതിരുന്ന ട്രൂമാൻ! നല്ല പ്രസിഡന്റാകാൻ ബിരുദം അനുപേക്ഷണീയമല്ലെന്നതിന് മറ്റു തെളിവുകൾ വേണ്ട.

അമേരിക്കൻ പ്രസിഡന്റാകാൻ വിദ്യാഭ്യാസം ഒരു മാനദണ്ഡമല്ലെന്നു പറഞ്ഞു. മറ്റെന്തെല്ലാം മാനദണ്ഡങ്ങളാണുള്ളത്? താരതമ്യേന നിസ്സാരം: പ്രസിഡന്റു സ്ഥാനാർത്ഥി സ്വാഭാവികപിറവിയെടുത്ത അമേരിക്കൻ പൗരനായിരിയ്ക്കണം
കഴിഞ്ഞ പതിന്നാലുവർഷമായി അമേരിക്കയിൽ താമസിയ്ക്കുന്നയാളായിരിയ്ക്കണം, മുപ്പത്തഞ്ചു വയസ്സു തികഞ്ഞിരിയ്ക്കുകയും വേണം. തീർന്നുനിബന്ധനകൾ.

മുകളിലുപയോഗിച്ചിരിയ്ക്കുന്ന “പൗരൻ” എന്ന പദം പൗരന്മാരെ മാത്രമല്ല, പൗരകളേയും ഉദ്ദേശിച്ചുള്ളതാണ്. ഇതുവരെ ഒരു വനിത അമേരിക്കൻ പ്രസിഡന്റായിട്ടില്ലെങ്കിലും, വനിതകൾക്കു പ്രസിഡന്റാകാൻ യാതൊരു തടസ്സവുമില്ല.

“സ്വാഭാവികപിറവിയെടുത്ത അമേരിക്കൻ പൗരൻ” എന്ന പ്രയോഗം അല്പം വിശദീകരണമർഹിയ്ക്കുന്നു. പിറവിയെടുത്ത സ്ഥലത്തെപ്പറ്റി അഥവാ രാജ്യത്തെപ്പറ്റിയുള്ളതാണു സൂചന. രണ്ടു കൂട്ടർ ഇതിലുൾപ്പെടുന്നു. ഒന്ന്, അമേരിക്കയിൽത്തന്നെ പിറന്ന് അമേരിക്കൻ പൗരരായിത്തീർന്നവർ. രണ്ട്, ഒരമേരിക്കൻ പൗരനോ പൗരയ്ക്കോ വിദേശത്തു വച്ചു പിറക്കുകയും, അമേരിക്കൻ പൗരനായിത്തീരുകയും ചെയ്ത കുഞ്ഞ്.

ജോലി, കച്ചവടം, വ്യവസായം എന്നിവ ചെയ്യുന്ന നിരവധി ഇന്ത്യക്കാർ അമേരിക്കയിലുണ്ട്. അവരിൽച്ചില ദമ്പതിമാരുമുണ്ടാകും. ഇന്ത്യൻ പൗരരായ ദമ്പതികൾക്ക് അമേരിക്കയിൽ വച്ച് ഒരു കുഞ്ഞു പിറക്കുന്നെന്നും, ആ കുഞ്ഞ് അമേരിക്കയിൽത്തന്നെ വളർന്നു വലുതായി അമേരിക്കൻ പൗരനാകുന്നെന്നും കരുതുക. ആ കുഞ്ഞിന് അമേരിക്കൻ പ്രസിഡന്റു സ്ഥാനാർത്ഥിയാകാമോ?

‘തീർച്ചയായും’ എന്നാണുത്തരം.

ഇന്ത്യയിലെ രാഷ്ട്രപതിയാകാനുള്ള നിബന്ധനകൾ ഇവയേക്കാൾ സങ്കീർണമാണെന്നു വേണം പറയാൻ: ഇന്ത്യൻ പൗരനായിരിയ്ക്കണം
മുപ്പത്തഞ്ചു വയസ്സായിരിയ്ക്കണംലോക്‌സഭാംഗമാകാനുള്ള യോഗ്യതയുണ്ടായിരിയ്ക്കണം, ക്രിമിനൽക്കുറ്റവാളിയായിരിയ്ക്കരുത്പാപ്പരായിരിയ്ക്കരുത്; ഒരു നിബന്ധന കൂടിയുണ്ട്, അതുകൂടി കേട്ടോളൂ: ഭ്രാന്തുണ്ടായിരിയ്ക്കരുത്!

പാപ്പരായിരിയ്ക്കരുതെന്ന നിബന്ധന അമേരിക്കയിലുണ്ടായിരുന്നെങ്കിൽ എബ്രഹാം ലിങ്കൻ പ്രസിഡന്റാകാനല്പം ബുദ്ധിമുട്ടിയേനേ: അദ്ദേഹം ബന്ധപ്പെട്ടിരുന്ന രണ്ടു സംരംഭങ്ങൾ പാപ്പരായിത്തീർന്നിരുന്നു. എന്നാലതൊന്നും ഏറ്റവും മഹാനായ പ്രസിഡന്റായിത്തീരാൻ അദ്ദേഹത്തിനു തടസ്സമായില്ല.

അമേരിക്കൻ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന രീതി നമ്മുടെ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിൽ നിന്നല്പം വ്യത്യസ്തമാണ്. ആദ്യം നമ്മുടെ രീതിയെന്തെന്നു നോക്കാം.

ലോക്‌സഭ, രാജ്യസഭ, സംസ്ഥാനങ്ങളിലേയും ഡൽഹി, പുതുച്ചേരി എന്നീ യൂണിയൻ ടെറിട്ടറികളിലേയും നിയമസഭകൾ - ഈ സഭകളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണു രാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ വേണ്ടി വോട്ടുചെയ്യുന്നത്; അതായത് എം പിമാരും എം എൽ ഏമാരും. ലോക്‌സഭയിലും രാജ്യസഭയിലും മറ്റും നാമനിർദ്ദേശം ചെയ്യപ്പെട്ടു വന്നെത്തിയ ചില അംഗങ്ങളുമുണ്ടാകാം; ഇവർക്കു രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനാവില്ല.

2012ലായിരുന്നു
കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റുതെരഞ്ഞെടുപ്പ്. നമ്മുടെ രാഷ്ട്രപതിതെരഞ്ഞെടുപ്പും ആ വർഷം തന്നെ നടന്നു. പ്രണാബ് മുഖർജിയും പി ഏ സങ്മയുമായിരുന്നു സ്ഥാനാർത്ഥികൾ. ഇരുവർക്കും കിട്ടിയ വോട്ടുകളെത്രയെന്നു നോക്കാം.
പ്രണാബ് മുഖർജി:
എം പി വോട്ടുകൾ - 373116
എം എൽ ഏ വോട്ടുകൾ - 340647
ആകെ കിട്ടിയ വോട്ടുകൾ - 713763
സങ്മ:
എം പി വോട്ടുകൾ - 145848
എം എൽ ഏ വോട്ടുകൾ - 170139
ആകെ കിട്ടിയ വോട്ടുകൾ - 315987
സങ്മയേക്കാൾ 397776 വോട്ടു കൂടുതൽ മുഖർജിയ്ക്കു കിട്ടിഅദ്ദേഹം വിജയിയ്ക്കുകയും ചെയ്തു.
ഇരുവർക്കും കൂടി ആകെ കിട്ടിയ വോട്ടുകൾ:
എം പി വോട്ടുകൾ - 518964
എം എൽ ഏ വോട്ടുകൾ - 510786
രണ്ടു സംശയങ്ങളുദിച്ചേയ്ക്കാം. സംശയം ഒന്ന്: 2012ൽ വോട്ടവകാശമുള്ള 543 എം പിമാർ ലോക്‌സഭയിലും, 233 എം പിമാർ രാജ്യസഭയിലുമുണ്ടായിരുന്നു; ആകെ 776 എം പിമാർ. കേവലം 776 എം പിമാർക്ക് അഞ്ചു ലക്ഷത്തിലേറെ (കൃത്യമായിപ്പറഞ്ഞാൽ 518964) വോട്ടുകൾ ചെയ്യാനായതെങ്ങനെ?

സംശയം രണ്ട്: സംസ്ഥാനങ്ങളിലും ഡൽഹി
പുതുച്ചേരി എന്നീ യൂണിയൻ ടെറിട്ടറികളിലുമായി വോട്ടവകാശമുള്ള 4120 എം എൽ ഏമാർ മാത്രമാണു 2012ലുണ്ടായിരുന്നത്. 4120 എം എൽ ഏമാർക്ക് അഞ്ചു ലക്ഷത്തിലേറെ (കൃത്യമായിപ്പറഞ്ഞാൽ 510786) വോട്ടുകൾ ചെയ്യാനായതെങ്ങനെ?അമേരിക്കൻ പ്രസിഡന്റു തെരഞ്ഞെടുപ്പിനെപ്പറ്റിപ്പറയേണ്ടിടത്ത് ഇന്ത്യൻ രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പിനെപ്പറ്റിപ്പറഞ്ഞ്, വായനക്കാരുടെ സമയം പാഴാക്കുക മാത്രമല്ലരണ്ടും കൂടി കൂട്ടിക്കുഴച്ച് ആകെ കൺഫ്യൂഷനുമാക്കുന്നതെന്തിന് എന്ന ചോദ്യമുയരാം. ചോദ്യം ന്യായമെങ്കിലും, “കൂട്ടിക്കുഴയ്ക്കാൻ” കാരണമുണ്ട്. അമേരിക്കൻ പ്രസിഡന്റു തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പും രാഷ്ട്രപതിതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പും തമ്മിൽ ചില സാദൃശ്യങ്ങളുണ്ട്. ഇവിടുത്തേതിനെപ്പറ്റി ചെറിയൊരു ഗ്രാഹ്യമുണ്ടെങ്കിൽ അവിടുത്തേതു മനസ്സിലാക്കിയെടുക്കുന്നത് എളുപ്പമാകും.

മറ്റൊരു കാരണം കൂടിയുണ്ട്: ഇന്ത്യയിൽ നിന്നു വളരെ, വളരെയകലെ, ഭൂഗോളത്തിന്റെ മറുവശത്തുകിടക്കുന്ന അമേരിക്കയിലെ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് എങ്ങനെയെന്നു നാം മനസ്സിലാക്കിയെടുക്കുമ്പോളും, നമ്മുടെ സ്വന്തം രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് എങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ എന്നൊരവസ്ഥയ്ക്കിടം കൊടുക്കരുതല്ലോ! 

4120 എം എൽ ഏമാർക്ക് 510786 വോട്ടുകൾ ചെയ്യാനായതെങ്ങനെയെന്ന് ആദ്യം തന്നെ പരിശോധിയ്ക്കാം. കേരളത്തിലെ കാര്യം തന്നെ ഉദാഹരണമായെടുക്കാം. കഴിഞ്ഞ രാഷ്ട്രപതിതെരഞ്ഞെടുപ്പു നടന്നപ്പോൾ കേരളനിയമസഭയിൽ ആകെ 140 എം എൽ ഏമാരുണ്ടായിരുന്നു. കേരളത്തിലെ ജനസംഖ്യ 21347375. അതായത് 2.13 കോടി.

ഇതു കേൾക്കുമ്പോഴേയ്ക്ക് 
കേരളത്തിലെ ജനസംഖ്യ മൂന്നു കോടി കടന്നിട്ടു വർഷങ്ങളായ വിവരം ഇതുവരെ അറിഞ്ഞില്ലേ?” എന്ന ചോദ്യമുയർത്താൻ വരട്ടെ. രാഷ്ട്രപതിതെരഞ്ഞെടുപ്പിനു വേണ്ടി 1971ലെ കാനേഷുമാരിയാണു കണക്കിലെടുക്കാറ്. 2011ൽ സെൻസസു നടന്നുകഴിഞ്ഞിരിയ്ക്കുന്ന നിലയ്ക്ക് അതനുസരിച്ചുള്ള, ഏറ്റവും പുതിയ ജനസംഖ്യ കണക്കിലെടുക്കുന്നതിനു പകരം നാല്പതു വർഷം പഴകിയ ജനസംഖ്യ എന്തുകൊണ്ടെടുക്കുന്നുഭരണഘടനയുടെ 1976ൽ പാസ്സാക്കിയ നാല്പത്തിരണ്ടാം ഭേദഗതിയും, 2002ൽ പ്രാബല്യത്തിൽ വന്ന എൺപത്തിനാലാം ഭേദഗതിയുമനുസരിച്ച് രാഷ്ട്രപതിതെരഞ്ഞെടുപ്പിന് 2026 വരെ 1971ലെ ജനസംഖ്യ പരിഗണിയ്ക്കുന്നതു തുടരും.
1971ലെ കാനേഷുമാരിയനുസരിച്ചു കേരളത്തിലെ ജനസംഖ്യ 2,13,47,375 ആയിരുന്നെന്നു സൂചിപ്പിച്ചുവല്ലോ. ഈ സംഖ്യയെ ആയിരം കൊണ്ടു ഭാഗിയ്ക്കുക. 21347375 ÷ 1000. ഉത്തരം 21347. ഉത്തരത്തെ എം എൽ ഏമാരുടെ എണ്ണം കൊണ്ടു ഭാഗിയ്ക്കുക. 21347 ÷ 140 = 152. 2012ലെ രാഷ്ട്രപതിതെരഞ്ഞെടുപ്പിൽ കേരളത്തിലെ ഓരോ എം എൽ ഏയുടേയും വോട്ടിന്റെ മൂല്യം 152 ആയിരുന്നു. കേരളത്തിലെ ഒരു എം എൽ ഏയുടെ വോട്ട് ഏതെങ്കിലുമൊരു രാഷ്ട്രപതിസ്ഥാനാർത്ഥിയ്ക്കു കിട്ടിയാൽ ആ സ്ഥാനാർത്ഥിയ്ക്കു 152 വോട്ടു കിട്ടിയതായി കണക്കാക്കും.
ഇനി എം പി വോട്ടിന്റെ മൂല്യം കാണാം. അതിനായി കേരളത്തിലെ 140 എം എൽ ഏവോട്ടുകളുടെ ആകെ മൂല്യം കണ്ടെത്തണം: 152 x 140 = 21280. അതായത്2012ൽ കേരളത്തിലുണ്ടായിരുന്ന 140 എം എൽ ഏവോട്ടുകളുടെ ആകെ മൂല്യം 21280. ഈ രീതിയിൽ എല്ലാ സംസ്ഥാനങ്ങളിലേയും, ഡൽഹിപുതുച്ചേരി എന്നീ യൂണിയൻ ടെറിട്ടറികളിലേയും നിയമസഭകളിലെ എം എൽ ഏമാരുടെ വോട്ടുകളുടെ ആകെ മൂല്യം കണക്കാക്കിയെടുക്കണം. 2012ലിത് 549474 ആയിരുന്നു. ഇനി ഈ സംഖ്യയെ ലോക്‌സഭയിലേയും രാജ്യസഭയിലേയും വോട്ടവകാശമുള്ള എം പിമാരുടെ ആകെ എണ്ണം കൊണ്ടു ഭാഗിയ്ക്കുക. ലോക്‌സഭയിൽ 543 എം പിമാർരാജ്യസഭയിൽ 233 എം പിമാർ. ആകെ 776 എം പി മാർ. ഒരു എം പിവോട്ടിന്റെ മൂല്യം = 549474 ÷ 776 = 708.085; ദശാംശം കളയുമ്പോൾ 708.

776 എം പിമാരുടെ വോട്ടുകളുടെ ആകെ മൂല്യം = 708 
776 = 549408.  എം എൽ ഏമാരുടേയും എം പി മാരുടേയും വോട്ടുകളുടെ ആകെ മൂല്യം = 549474 + 549408 = 1098882. ഈ ആകെ മൂല്യത്തിൽ 713763 പ്രണാബ് മുഖർജിയ്ക്കും 315987 സങ്മയ്ക്കും കിട്ടി.

രാഷ്ട്രപതിതെരഞ്ഞെടുപ്പിൽ രാജ്യത്തെ എം പിവോട്ടുകളുടെ ആകെ മൂല്യവും എം എൽ ഏ വോട്ടുകളുടെ ആകെ മൂല്യവും തുല്യമാണെന്നതാണ് ഈ കണക്കുകളിൽ നിന്നു തെളിയുന്ന കൗതുകകരമായ വസ്തുത. പാർലമെന്റും നിയമസഭകളും തുല്യശക്തികളായതുകൊണ്ട് രാഷ്ട്രപതിതെരഞ്ഞെടുപ്പിൽ പാർലമെന്റിന് ഏകപക്ഷീയമായൊരു തീരുമാനമെടുക്കാനാവില്ല; നിയമസഭകളുടെ പിന്തുണ കൂടിയേ തീരൂ. ഫെഡറലിസത്തിന്റെ അടിത്തറ ഈ സമതുലിതാവസ്ഥ തന്നെ.

മുകളിൽ പരാമർശിച്ച തരത്തിലുള്ള, കേന്ദ്രജനപ്രതിനിധിസഭകളും സംസ്ഥാനതലത്തിലുള്ള ജനപ്രതിനിധിസഭകളും തമ്മിലുള്ള സമതുലിതാവസ്ഥ അമേരിക്കൻ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പിലില്ലെന്നു മാത്രമല്ല, ആ സഭകൾക്ക് പ്രസിഡന്റുതെരഞ്ഞെടുപ്പിൽ നേരിട്ടൊരു പങ്കുമില്ല. ഇന്ത്യൻ രീതിയിൽ നിന്നുള്ള പ്രധാനപ്പെട്ട വ്യത്യാസങ്ങളിലൊന്ന് ഇതാണ്. അമേരിക്കൻ പ്രസിഡന്റുതെരഞ്ഞെടുപ്പുപ്രക്രിയയുടെ വിശദവിവരങ്ങളിലേയ്ക്കു കടക്കും മുൻപ്, അതിലുള്ള, പ്രകടമായൊരു വൈരുദ്ധ്യത്തെപ്പറ്റി പറയാം; പ്രക്രിയ കൂടുതൽ മനസ്സിലാക്കാനതു സഹായകമാകും.

രണ്ടായിരാമാണ്ടിൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുഖ്യമായും രണ്ടു സ്ഥാനാർത്ഥികളാണുണ്ടായിരുന്നത്: ഡെമൊക്രാറ്റിക് പാർട്ടിസ്ഥാനാർത്ഥി അൽ ഗോർ
റിപ്പബ്ലിക്കൻ പാർട്ടിസ്ഥാനാർത്ഥി ജോർജ് ഡബ്ല്യു ബുഷ്. ഇരുവർക്കും കിട്ടിയ വോട്ടുകളെത്രയെന്നു നോക്കാം:

അൽ ഗോർ - 
കോടി 9 ലക്ഷം വോട്ട്
ജോർജ് ബുഷ് – 
5 കോടി 4 ലക്ഷം വോട്ട്

അൽ ഗോറിനു ബുഷിനേക്കാൾ അഞ്ചുലക്ഷത്തിലേറെ വോട്ട് അധികം കിട്ടി. എന്നിട്ടും വിജയിയായി പ്രഖ്യാപിയ്ക്കപ്പെട്ടത് ബുഷായിരുന്നു. ബുഷ് പ്രസിഡന്റാകുകയും ചെയ്തു. കൂടുതൽ വോട്ടു കിട്ടിയ സ്ഥാനാർത്ഥി തോറ്റു
കുറഞ്ഞ വോട്ടു കിട്ടിയ സ്ഥാനാർത്ഥി ജയിച്ചുഈ വൈരുദ്ധ്യം എങ്ങനെ സംഭവിച്ചു?

അഞ്ച് ഹൈക്കു കവിതകൾ



ദിപു ശശി തത്തപ്പിള്ളി

1. മൈലാഞ്ചി പൂക്കൾ:

കാർകൂന്തലിലേറി ചമയാൻ ഭാഗ്യമില്ലെങ്കിലും;

നിന്നാത്മനീരിനാൽ, കറുത്തു തിളങ്ങട്ടെയോരോ മുടിയിഴകളും....

2. മോക്ഷം

ചോര മണക്കുന്ന വഴികളിലൂടെ,

അസ്ഥിക്കുടുക്കയിൽ,

അസ്തമിക്കാത്ത പ്രതീക്ഷകളുമായി;

തുടരട്ടെയെൻ മോക്ഷയാത്ര....

3. ചിരി

പകുത്തു നൽകിയ എന്റെ ഹൃദയം

വലിച്ചെറിയപ്പെടുമ്പോൾ

ഞാൻ മാത്രം എന്തിനു ചിരിക്കാതിരിക്കണം?

4. നിലവിളി

വരണ്ട ചിന്തകൾക്കും;

പൂപ്പൽ പിടിച്ച മസ്തിഷ്ക്കത്തിനും;

മുറിവേറ്റുപിടയുന്ന സ്വപ്നങ്ങൾക്കുമിടയിൽ-

ആരുടെയൊക്കെയോ നിലവിളികൾ

മരവിച്ചു കിടക്കുന്നു .....

5. പങ്ക്

പങ്കുവെക്കപ്പെടാതെ പോയ സൗഹൃദത്തിനും;

തിരിച്ചറിയപ്പെടാതെ പോയ കാരുണ്യത്തിനുമിടയിൽ..

.എന്റെ സ്നേഹം..,

എന്റെ പ്രണയം..,

ജ്വര ബാധയേറ്റിപ്പോഴും......

ഈണമായിവള്‍.../കവിത




                                   അന്‍വര്‍ ഷാ ഉമയനല്ലൂര്‍


കാണ്മതില്ലേയിവളെ,യിടനെഞ്ചി,ലാര്‍ദ്രമാം

ഗീതവുമായരികില്‍ വന്ന വെണ്‍പ്രാവിനെ

കണ്‍കളിലൊരു സൂര്യചിന്തതന്‍ നാളവും

സിന്ധൂരമണിയുവാന്‍ വെമ്പും മനസ്സുമാ-

യിരുളാര്‍ന്ന ജീവിതത്തില്‍ നിറച്ചാര്‍ത്തുമായ്

വന്നണഞ്ഞെളിമതന്‍ കോലായില്‍നിന്നിവള്‍

കാണ്മതില്ലേ നിങ്ങള്‍; കനവുകള്‍ക്കുളളിലേന്‍

പുലരിപോല്‍ ചേര്‍ത്തുനിര്‍ത്തീടുമീയമലയെ?

-2-

നിറമേഴുമൊരുപോല്‍ തിരിച്ചുവന്നെന്നുടെ

ചാരത്തു നൃത്തംചവിട്ടുമുഷഃസന്ധ്യയില്‍

സ്വരഭേദമില്ലാതുണര്‍ത്തുപാട്ടായ് നിറ-

ഞ്ഞൊഴുകുന്നകമേ; നിളാനന്ദഗീതികള്‍

ആശംസയോതുവാനണയുന്നു മന്ദമെ-

ന്നാരാമമാകെ ചിതാനന്ദ പറവകള്‍

സിരകളിലരുവിയായൊഴുകുന്നു ചിരകാല-

കദനമേ,യതിലേറെ; സുരകാലമോദവും!

-3-

സ്ഥിതിയാകെമാറിയെന്‍ വിധിതന്നിളവുമാ-

യൊരുപ്രണയ ഛായാപടം തെളിച്ചെഴുതവേ,

എത്തിയിഹ! നവലോകമെന്നുറപ്പിച്ചുരയ്-

ക്കുന്നതെന്‍ കരളില്‍പ്പകര്‍ത്തുന്ന കാലമേ,

വാക്കിനാല്‍ വര്‍ണ്ണിച്ചിടാന്‍ കഴിയുന്നത-

ല്ലതിലേറെയാണരികിലുണരുന്ന പകലുകള്‍

നമ്രമുഖിയായടുത്തെത്തുന്നു സ്മരണകള്‍

വന്നാനയിപ്പതിന്നാനന്ദ വിചികള്‍!!

-4-

കരിവാവുകള്‍ക്കുമേല്‍ കരുതിവയ്ക്കുന്നതാ-

രരിമുല്ലപ്പുക്കളായ് രമണീയ നാളുകള്‍;

ചിരിമായ്ച്ച കാലങ്ങളെത്തൊട്ടുവായിച്ച

ജീവിതത്തില്‍ നിറംചാര്‍ത്തുന്ന നന്മകള്‍?

പരിചിതമെല്ലാമൊരുപോലെയെങ്കിലും

തിരികെയെത്തിച്ചിടുന്നഴലാര്‍ന്ന സന്ധ്യകള്‍

തിരകളടങ്ങാതിരുന്നയെന്‍ ഹൃത്തിലി-

ന്നലിവിന്റെയാശാകിരണങ്ങള്‍; പുലരികള്‍!!

ഒരു സ്വപ്നം പോലെ../കഥ

            --ബാബു ആലപ്പുഴ.
-------            ----------------------------------------    --------------------------

     അപ്രതീക്ഷിതമായി വീടിനു മുന്നില്‍ ഒരു  വെള്ളകാര്‍ വന്നു നിന്നപ്പോള്‍ വരാന്തയില്‍ നിലത്തു കുത്തിയിരിക്കുകയായിരുന്നു രമണി.  മെലിഞ്ഞുണങ്ങിയ കൈകള്‍ക്കുള്ളില്‍ പൂഴ്ത്തി വച്ചിരുന്ന തല ഉയര്‍ത്തി നിസ്സംഗതയോടെ ദൂരേയ്ക്ക് നോക്കി.  ഇടിഞ്ഞു നിലംപൊത്തി കിടന്നിരുന്ന മതിലുകളുടെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ വെളുത്ത് സുമുഖനായ ഒരു യുവാവ് നടന്നു വരുന്നു!? 
     യുവാവ് വരാന്തയില്‍ കയറിയപ്പോള്‍ രമണി ആയാസപ്പെട്ട്‌ എഴുന്നേറ്റു. എണ്ണമയമില്ലാതെ, വികൃതമായി പാറിപ്പറന്നു കിടന്നിരുന്ന തലമുടി ഒതുക്കിവച്ചു.
“...ആരാ..?..മനസ്സിലായില്ലല്ലോ..?”
രമണിയുടെ ചോദ്യത്തിനുത്തരമായി യുവാവ്‌ അവരെ ദീര്‍ഘനേരം നോക്കിനിന്നു.  നെടുവീര്‍പ്പിട്ടു.
“ചേച്ചിക്കെന്നെ മനസ്സിലായില്ല..അല്ലേ..?...ഇത് ഞാനാ....ബഷീര്‍..വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരും കാണാതെ അടുത്തിരുത്തി വയര്‍ നിറയേ ചോറും കറീം വിളംമ്പിത്തന്നിരുന്നില്ലേ ഈ ചേച്ചി എനിക്ക്..?...എല്ലാരും “കള്ളന്‍” എന്ന് വിളിച്ചപ്പോഴും അതൊന്നും വിശ്വസിക്കാതെ എന്നെ കൂടുതല്‍ സ്നേഹിക്കുകയല്ലേ ഈ ചേച്ചി ചെയ്തത്?...ആ ബഷീറാ ചേച്ചീ ഈ ഞാന്‍..”
“...ആ പഴയ ബഷീറാണോ ഇത്..!?...നിന്നെ എനിക്ക് മനസ്സിലായില്ല കേട്ടോ!”
“പണ്ടു പന്ത്രണ്ടാം വയസ്സില്‍ വീട് വിട്ടുപോയ ഞാന്‍ എവിടെല്ലാം അലഞ്ഞു നടന്നു.  അവസാനം മുംബയിലെത്തി.  സ്വന്തമായി ബിസ്സിനസ്സ് ചെയ്തു കാശുണ്ടാക്കി. അനുജത്തി റസിയയെ കെട്ടിച്ചുവിടാനുള്ള പണവുമായിട്ടാണ് ഞാനീ നാട്ടില്‍ തിരിച്ചെത്തിയത്‌...പക്ഷെ ഞെട്ടിക്കുന്ന ദുരന്തവാര്ത്തകളാണ് ഞാന്‍ കേട്ടത്...റസിയയെ അരോ ഒരുത്തന്‍ ചതിച്ചു ഗര്‍ഭിണിയാക്കി കടന്നു കളഞ്ഞു.  ആ ദു:ഖത്താല്‍ അവള്‍ ആല്‍മഹത്യ ചെയ്തു.  പിന്നീട് ബാപ്പയും മയ്യത്തായി.  ഇപ്പൊ വീട്ടില്‍ ഉമ്മ ഒരു മാനസികരോഗിയെപ്പോലെ കഴിയുന്നു...”
“സാരമില്ല ബഷീറെ.. ഇത് ജീവിതമല്ലേ..?  ദു:ഖങ്ങളൊക്കെ നാം സഹിച്ചേ പറ്റൂ..?”
“...ചേച്ചിയുടെ ദു:ഖങ്ങളെല്ലാം ഞാനറിഞ്ഞു.  രോഗം വന്നു അമ്മ മരിച്ചതും, പിന്നാലെ ആകസ്മികമായ അച്ചന്റെ മരണവും.  അച്ചന്‍ നടത്തിക്കൊണ്ടിരുന്ന പലചരക്കുകട പിന്നീട് ചേച്ചിയുടെ ഭര്‍ത്താവ് ഏറ്റെടുത്തു നടത്തിയതും. പിന്നെ അദ്ധേഹത്തിന്റെ മരണവും....അല്ലാ..ചേച്ചിയുടെ കുട്ടികള്‍ എവിടെ..?”
“കളിക്കുകയാവും..ഞാന്‍ വിളിച്ചോണ്ട് വരാം..”
     രമണി പുറത്തേക്കു പോയപ്പോള്‍ ബഷീര്‍ ആ വീടിന്റെ ദയനീയാവസ്ഥ ശ്രദ്ധിക്കുകയായിരുന്നു.  തകര്‍ന്നടിഞ്ഞ മനസ്സ് പോലെ  മേല്‍ക്കൂര അവിടവിടെ പഴകി ദ്രവിച്ചു ഒടിഞ്ഞു തൂങ്ങിക്കിടക്കുന്നു!  ഓടുകള്‍ പലതും പൊട്ടിത്തകര്‍ന്നിരിക്കുന്നു.  ആ വിടവുകളില്‍ കൂടി ആകാശം കാണാം.  ജനാലകളും കതകുകളും ദ്രവിച്ചു തുടങ്ങി.  ചേച്ചിയുടെ മനസ്സിനും വീടിനും ഒരേ അവസ്ഥ..!?
     മെലിഞ്ഞു വിളറിയ രണ്ടു പെണ്‍കുട്ടികള്‍ ചേച്ചിക്കൊപ്പം നടന്നു വന്നു.  പഴകി മുഷിഞ്ഞ വസ്ത്രങ്ങള്‍!  ബഷീര്‍ രണ്ടു പൊതികള്‍ കുട്ടികള്‍ക്ക് കൊടുത്തു. പോതികള്‍ അമ്മയെ ഏല്‍പ്പിച്ചു അവര്‍ വീണ്ടും കളിക്കാനോടി.
“ചേച്ചി വളരെയധികം ബുദ്ധിമുട്ടിലാണെന്ന് ഞാനറിഞ്ഞു. മെയിന്‍ റോഡില്‍ അച്ഛന്റെ വക നാല്മുറിക്കട ഇപ്പോഴും ചേച്ചിക്കവകാശപ്പെട്ടതാണല്ലോ?  പലചരക്കുകട നടത്തിക്കൊണ്ടിരുന്ന മുറി ഇപ്പോഴും അടച്ചിട്ടിരിക്കുന്നു!  ബാക്കി മൂന്ന് മുറിക്കാരും ചേച്ചിയുടെ ഭര്‍ത്താവ് മരിച്ച ശേഷം വാടകയും തരുന്നില്ല അല്ലെ?  ഞാനവരെ കണ്ടു സംസാരിച്ചു. അല്‍പ്പം ഭീക്ഷണിയും മുഴക്കീട്ടുണ്ട്.. ഏതായാലും അടുത്ത മാസം മുതല്‍ അവര്‍ വാടക തരാമെന്നു ഏറ്റിട്ടുണ്ട്. ആ വാടക കിട്ടിയാല്‍പ്പോലും ജീവിക്കാന്‍ പറ്റില്ലല്ലോ ചേച്ചീ?  കുട്ടികള്‍ക്ക് നല്ല ആഹാരം കൊടുക്കണം.  വസ്ത്രം വേണം.  അവരെ പഠിപ്പിക്കണം...ഞാനൊരു കാര്യം പറയാം.  അടച്ചിട്ടിരിക്കുന്ന ആ മുറി തുറന്നു ചേച്ചി ഒരു പലചരക്കുകട തുടങ്ങണം.  അതിനുള്ള ധൈര്യം ചേച്ചി വീണ്ടെടുക്കണം.  ഇങ്ങനെ ഇരുന്നാല്‍ പറ്റില്ല.  എന്റെ പെങ്ങളെ കെട്ടിക്കാന്‍ കൊണ്ടുവന്ന പണം ചേച്ചിക്ക് വേണ്ടി ചെലവഴിക്കാനാ എന്റെ തീരുമാനം.  നാളെത്തന്നെ കട തുടുങ്ങാന്‍ ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാന്‍ ഞാനേര്‍പ്പാട് ചെയ്യാം.  അടുത്ത ആഴ്ച തന്നെ കട തുടങ്ങണം.   പിന്നെ ചേച്ചി ഇത് വച്ചോളൂ.  ഇതില്‍ കുറച്ചു രൂപയുണ്ട്.  ഇതുകൊണ്ട് ഈ വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തണം.  ചേച്ചിക്ക് എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ അറിയിക്കണം.  ദാ ഇതാണ് എന്റെ ഫോണ്‍ നമ്പര്‍.. അടുത്ത മാസം തന്നെ ഞാന്‍ മടങ്ങിപ്പോകും.  കൂടെ ഉമ്മയേയും കൊണ്ടുപോകും.. പോകുന്നതിനു മുന്‍പ് ഒരിക്കല്‍ കൂടി ഞാന്‍ വരാം..  ഞാനിറങ്ങട്ടെ ചേച്ചീ...?”
“അല്ലാ...ഞാനൊരു കാര്യം മറന്നു...ബഷീറിനു ചായ...”
“വേണ്ട ചേച്ചീ..ചേച്ചീടെ ഈ സ്നേഹം മാത്രം മതി എനിക്ക്..”
     ബഷീര്‍ പടികടന്നു നേരെ കാറിനടുത്തേയ്ക്ക് നടന്നു.  കാറ് ദൃഷ്ടിയില്‍ നിന്ന് മെല്ലെ മെല്ലെ മറഞ്ഞുകൊണ്ടിരുന്നപ്പോള്‍ രമണിയുടെ മുന്നിലൂടെ ഒരു മെലിഞ്ഞ ബാലന്‍ നടന്നു വരികയായിരുന്നു.....
     അവന്‍ വീടിനു ചുറ്റും അവിടവിടെ വീണുകിടന്നിരുന്ന കുപ്പികളും പ്ലാസ്റ്റിക്‌ ഡപ്പികളും പാട്ടകളുമൊക്കെ തിരഞ്ഞു പെറുക്കി കൂട്ടിവയ്ക്കുന്നതിനിടയില്‍ തലയുയര്‍ത്തി ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കും.  ആരുമില്ലെന്ന് കണ്ടാല്‍ വീണ്ടും തന്റെ ജോലി തുടരും.  ആരുടെയെങ്കിലും തലവെട്ടം കണ്ടാല്‍ ഉടന്‍ ജോലി നിര്‍ത്തി തല ചൊറിഞ്ഞ്--
“ഞാനിതൊക്കെ പെറുക്കി എടുത്തോട്ടേ..?”
“..ങ്ങാ.. ശരി..പെട്ടെന്ന് സ്ഥലം വിട്ടോണം..”
     പാവം പയ്യന്‍ തല ചൊറിഞ്ഞുകൊണ്ട് പിന്‍വാങ്ങും.  പെറുക്കിക്കൂട്ടിയതൊക്കെ ചാക്കിലാക്കി പേടിച്ചു സ്ഥലം വിടും.
      ഇടനാഴിയുടെ അഴികള്‍ക്കിടയിലൂടെ രമണി ആ ബാലനെ ശ്രദ്ധിക്കുമായിരുന്നു.  ഒരിക്കല്‍ പറമ്പില്‍ പെറുക്കിനടക്കുമ്പോള്‍ രമണി അവനെ മാടി വിളിച്ചു.  അവന്‍ പേടിച്ചു വിറച്ചു പതുക്കെ അടുത്ത് വന്നു.
“നിന്റെ പേരെന്താ?”
“...ബഷീര്‍..”
“നിനക്കാരൊക്കെയുണ്ട്?”
“ഉമ്മ..ബാപ്പ..പിന്നെ അനിയത്തി റസിയ..”
“ബഷീര്‍ പഠിക്കുന്നില്ലേ?”
“ഇല്ല ചേച്ചീ..അഞ്ചാം ക്ലാസ് വരെ പഠിച്ചു... പിന്നെ വീട്ടിലെ ബുദ്ധിമുട്ട് കാരണം ഈ തോഴിലിനിറങ്ങി..”
“ബാപ്പയ്ക്കെന്താ തൊഴില്‍?”
“ഇറച്ചിവെട്ടു..”
“റസിയ പഠിക്കുന്നുണ്ടോ?”
“ഇല്ല ചേച്ചീ..ഞങ്ങള് പാവങ്ങളാ..ബാപ്പയ്ക്ക് കിട്ടുന്ന കാശു കൊണ്ട് ഒരു നേരം വല്ലോം വയ്ക്കാനേ തികയൂ..ഞാനീ പണിക്കിറങ്ങിയപ്പോ ഒരു നേരം കൂടി വയ്മെക്കാന്നായി..”
“ബഷീര്‍ രാവിലെ എന്താ കഴിച്ചേ..?”
“...ഒന്നും കഴിച്ചില്ല ചേച്ചീ..ഒരു ഗ്ലാസ്‌ കട്ടന്‍ കാപ്പി കുടിച്ചോണ്ടാ ഞാനിറങ്ങിയത്..”
     രമണി അടുക്കളയിലേക്കോടി.  മടങ്ങിവന്ന് –
“ബഷീര്‍ ഇത് കഴിച്ചോളൂ..”
     ഒരു പാത്രത്തില്‍ കുറച്ചു ദോശയും ചമ്മന്തിയും.  പാവം ബഷീര്‍ വിശപ്പുകൊണ്ട് അതെല്ലാം വാരിവലിച്ചു തിന്നു.  അവര്‍ക്കിടയില്‍ ഒരു സൗഹൃദം വളരുകയായിരുന്നു.
     പിന്ന്ട് പലപ്പോഴും ബഷീര്‍ ഇടനാഴിയുടെ അഴികളിലെത്തും.  രമണിയോടു വിശേഷങ്ങള്‍ പറയും.  ആഹാരം കഴിക്കും.
     ഒരിക്കല്‍ അച്ഛന്‍ ഇത് കണ്ടുപിടിച്ചു.
“അശ്രീകരങ്ങള്...തരം കിട്ടയാല്‍ കയ്യില്‍ കിട്ടുന്ന വിലപിടിച്ചതൊക്കെ ഇവറ്റകള്‍ എടുത്തോണ്ട് പോകും..പോടാ..ഇനി ഇവിടെ കണ്ടുപോകരുത്...”
     അച്ഛന്‍ അവനെ ആട്ടിഓടിച്ചു.  പാവം ചാക്കുകെട്ടുമെടുത്ത് ഓടി രക്ഷപെട്ടു.  പിന്നീട് അച്ചന്‍ വീട്ടിലില്ലെന്നു ബോധ്യപ്പെട്ടാലേ അവന്‍ വന്നിരുന്നുള്ളൂ.  ഒളിച്ചും പാത്തും എത്തുന്ന അവനു പലഹാരമോ ഊണോ കൊടുക്കാന്‍ രമണി മറക്കാറില്ല.
     ഒരിക്കലവന്‍ പറഞ്ഞു:  “ഈ തോഴിലിനിനി ഞാനില്ല ചേച്ചീ....എല്ലാരും എന്നെ കള്ളനെന്നാ വിളിക്കുന്നേ...ഞാന്‍ കള്ളനാണോ ചേച്ചീ..?  എന്നെ ദൂരെ കണ്ടാല്‍ പോലും എല്ലാരും ആട്ടി ഓടിക്കും.  ഒരു അറപ്പുള്ള ജീവിയെപ്പോലാ എല്ലാരും എന്നെ കാണുന്നേ...ചേച്ചി മാത്രം എന്നെ സ്നേഹിക്കുന്നു...ചേച്ചീ..ഞാനിവിടം വിട്ടു പോകയാണ്...ദൂരെ എവിടെങ്കിലും പോയി മറ്റെന്തെങ്കിലും തൊഴില് ചെയ്തു ജീവിക്കണം. ഞാന്‍ പോണു ചേച്ചീ..”
     ആ ബഷീറാണ് വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ മുന്നില്‍ ഒരു രക്ഷകനായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.  നന്ദി ബഷീറേ...നിനക്ക് ഒരുപാട് നന്ദി......
                          *************

കാലചക്രം


 രാധാമണി പരമേശ്വരൻ 
കാത്തിരിപ്പിന്‍ കിനാവള്ളികള്‍ കനം തൂങ്ങി
കണ്ണുനീരുപ്പില്‍ വേരുകള്‍ വെന്തുനില്ക്കുന്നു
ന്ഷ്ടസ്വപ്നങ്ങള്‍ കണ്ടു തിമിരവുമായ് മുത്തശ്ശി
കൌമാരവും കൊതിച്ചു ഭൂതകാലത്തേക്ക്------------
.
കാലചക്രം, പ്രണയവും വിരഹവും നോക്കി-
നോക്കി കൊട്ടാരവും കുടിലും വിട്ടുരുണ്ടകലുന്നു
നിറക്കൂട്ടുകള്‍ ആകാശചുവരില്‍ ചിത്രം വരക്കേ
ചൈത്രം നിത്യവിസ്മയവുമായ് മിഴിതുറക്കേ-------------
.
വയസ്സേറെയായ ഭൂമി വാര്‍ദ്ധക്യവിവശയായ്
കണ്ണില്ത്ഭുതം നിറച്ചും, യൊവ്വനം കൊതിച്ചും
പിന്നേയും രാജവീഥിയൊരുക്കിയന്തപുരത്തില്‍
മധുവിധുവിനായ്‌ മണവാളനേയും കാംക്ഷിച്ച്-------

ഒച്ചപ്പെടല്‍

എ വി സന്തോഷ് കുമാർ  
 ഒറ്റയ്ക്കാവുമ്പോള്‍
അടുത്തുവന്നിരിക്കുന്ന
ഒച്ചക്കുഞ്ഞുങ്ങള്‍ക്ക്
കഥപറഞ്ഞുകൊടുക്കുന്നത്
ഓര്‍ത്തിരിക്കുമ്പോള്‍...

അത് ഇങ്ങനെയുമാകാം.
'മിണ്ടിയും പറഞ്ഞും
ഏകാന്തതയെതുരത്തും വിധം'
ഇരുട്ടില്‍
ഉടലില്‍
ഇഴഞ്ഞുകയറും ഉറക്കം
പുതപ്പുമുടുപ്പും ഉരിഞ്ഞെറിഞ്ഞ്
ഒഴികിയിറങ്ങും.
ആരവങ്ങളായി
വളര്‍ന്നുകഴിഞ്ഞ
ഒച്ചകളെ
അടര്‍ത്തിമാറ്റി
വെളിച്ചത്തിലേക്ക്
പിടഞ്ഞുണരുന്നതുവരെ.
ഒറ്റയ്ക്കാവുമ്പോള്‍
അടുത്തുവന്നിരിക്കുന്ന
ഒച്ചക്കുഞ്ഞുങ്ങള്‍ക്ക്
കഥപറഞ്ഞുകൊടുക്കുന്നത്
ഓര്‍ത്തിരിക്കുമ്പോള്‍...

ഓർക്കുമ്പോൾ



 സജീവ് അയ്മനം 


ഓർമ്മക ളെക്കുറിച്ചെഴുതുന്നത്‌
ഓർക്കുമ്പോൾ ത ന്നെ
ഒരോർമ്മ വന്ന്
കൈയിൽ പിടിക്കുന്നു.
ഏതെല്ലാം വഴികളിലൂടെ
പോകണം
എത്ര മുള്ളുകൾ കൊണ്ടു
മുറിയണം
വേണ്ട ..വേണ്ട
എത്ര മറന്നാലും
ഒടുവിലത്‌ നിന്റെ അടുത്തേക്ക്‌
കൊണ്ടുപോകും.!

ഒരു പ്രണയിയുടെ കുത്തഴിഞ്ഞ വേദപുസ്തകം

_ജിതേഷ്  ആസാദ് 
1
പ്രണയമിപ്പോഴും
പേനകളിൽ നിറയുന്ന
മഷിക്കടൽ.
2
നിന്നോളമെന്നെ
ലഹരിയിലാക്കിയിട്ടില്ല
ഒരു മദ്യകുപ്പിയും.
നിരാസത്തി൯ തിരകളിൽ
കരയിലേക്കടിയുന്നു
പ്രണയശരീരങ്ങൾ.
മൂന്നാംപക്കവും
വീെണ്ടടുക്കാനാവുന്നില്ല
നാം നടന്നുതീർത്ത
മണൽപരപ്പുകളിൽ
ആത്മഹത്യചെയ്ത
കാൽപാടുകൾ.
3
നിനക്കായ്
നനഞ്ഞ
മഴകളിൽ നിന്ന്
കോന്തലയിലൊരു
കടലിനെ
പൊതിഞ്ഞെടുത്തിരുന്നു
വാഷ് ബേസി നിൽ നിറയുന്നു
ചുവന്നപൂക്കളാൽ
കൊടിയടളമില്ലാത്ത
പ്രണയസ്മാരകം.
4
കവി ,
വിപ്ളവകാരി,
പ്രണയി,
നാലുകാലിൽ
വീഴനറിയാത്ത പൂച്ചകൾ.
5
ചില
ഫോൺ സംഭാഷണങ്ങളിലെ
രസചുംബനങ്ങളിൽ
അസ്തമിക്കുന്നവരുടെ
കഥകളുണ്ട്
ഒറ്റുകാരുടെ പോക്കറ്റിൽ,
ആസക്തിയിൽ പിറന്ന
കിടാങ്ങൾക്ക് പഠിക്കാ൯.
6
പ്രണയലഹരിയറിയാത്ത
ചില
ജഢങ്ങളിപ്പോഴുമുണ്ട്
നമുക്ക് ചുറ്റും
പ്രണയത്തിലും
ലഹരിയിലും
ആത്മഹൂതി ചെയ്തവരെ
പരിഹസിക്കുന്നവർ.
വസന്തത്തിലും
ഇലപൊഴിക്കുന്ന
പടുമരങ്ങൾ.
7
ഞാ൯
പ്രണയം
കളഞ്ഞുപോയ
ഇടക്കാല ബുദ്ധ൯
അഥവാ
തല്ക്കാല ക്രിസ്തു.
നീയോ
പുലരും മു൯പേ
നിഷേധിച്ചവരുടെ
സ്വാർത്ഥവേദങ്ങളുടെ
ഭാരം പേറുന്നു
മുപ്പത് വെള്ളിക്കാശിന്
ഒറ്റിയവരുടെ പി൯ഗാമിയാവുന്നു.
എങ്കിലും
വീടെന്ന
സിമ൯്റ് കൂടാരത്തിൽ
നീയൊരു ജഢമാവുമ്പോൾ
ചഷകങ്ങളിൽ
വീണ്ടും നിറയുന്നു
മരണദ്രാവകം.
8
കോന്തലയിലൊളിപ്പിച്ച
കടലിനെ
ഞാനിതാ തുറന്നിടുന്നു,
കോൺക്രീറ്റ് മരങ്ങളിൽ
തൂങ്ങിയാടാ൯
ചില്ലകളില്ലാത്ത
പക്ഷികൾക്കായ്
9
എങ്കിലും
നാം
പരസ്പരം
വേർപെടാനാവാത്ത
നൈരന്തര്യങ്ങളാണ്.
നമ്മുടെ കടലും
കരയും
സൂര്യനും
ആകാശവും
നീയാവുന്നു
ഞാനാവുന്നു
നാമാവുന്നു

അവള്‍ പറയുന്നത് /നോവൽ




- സുജയ

അവള്‍  പറയുന്നതെല്ലാം അയാളെ പേടിപ്പിച്ചു തുടങ്ങിയത് ഈയടുത്ത

കാലത്താണ്. മക്കള്‍ പഠിച്ചു മിടുക്കരായി വലിയ പദവികളിലെത്തണമെന്ന്

എല്ലാ അച്ഛനമ്മമാരേക്കാളും കുറച്ച ധികം തന്നെ അയാള്‍ ആഗ്രഹിച്ചു.

നീലിമയുടെ അച്ഛന്‍, നീരദിന്റെ അച്ഛന്‍ എന്ന് തന്നെ എല്ലാവരും

പറയുന്നതായിരുന്നു എഞ്ചിനീയര്‍ സച്ചിദാനന്ദന്‍ എന്ന്

പറയുന്നതിനേക്കാള്‍ ഏറെയിഷ്ടം. സ്വന്തം പേര് പറയുമ്പോഴും

കേള്‍ക്കുമ്പോഴും അയാള്‍ക്ക് ഉള്ളില്‍ എന്തിനെന്ന റിയാതെ വല്ലാത്തൊരു

ജാള്യത അനുഭവപ്പെട്ടു.

ഇപ്പോള്‍ അവള്‍ പറയുന്നതെന്നല്ല, മിണ്ടാതിരിയ്ക്കുന്നതും, ഫോണില്‍

സംസാരിയ്ക്കുന്നതും, ചിരിയ്ക്കുന്നതും, കരയുന്നതും, അല്പം

ക്ഷീണത്തോടെയിരിയ്ക്കുന്നതുമൊക്കെ അയാളെ പേടി പ്പിയ്ക്കുകയാണ്.

പി.ടി.എ മീറ്റിങ്ങിനു പോയപ്പോള്‍ നീലിമ പല ദിവസവും ലേയ്റ്റ് ആയിട്ടാ ണ്

സ്കൂളില്‍ വരുന്നത് ,ശ്രദ്ധയും കുറവാണ് എന്ന് ക്ലാസ് ടീച്ചര്‍

പറഞ്ഞതോടെയാണ് അയാള്‍ക്കീ പേടി തുടങ്ങിയത്. അവളുടെ ഓരോ നീക്കങ്ങളും

അയാള്‍ നിരീക്ഷിയ്ക്കുകയും അവളുടെ ഓരോ ചലനം പോലും അയാളെ വല്ലാതെ

ഭയപ്പെടുത്തുകയും ചെയ്തു തുടങ്ങിയതും അന്ന് മുതല്‍ക്കാണ്.

“അമ്മമാരാണ് പെണ്മക്കളുടെ  കാര്യങ്ങള്‍ ശ്രദ്ധിയ്ക്കേണ്ടത് ”  -ഒരു ദിവസം

യാതൊരു മുഖവു രയും കൂടാതെ അയാള്‍ പറഞ്ഞപ്പോള്‍ സുഗന്ധി അമ്പരന്നു.

“ഞാനവളെ കൃത്യായി യോഗാ ക്ലാ സ്സിലും ,സ്കൂളിലും, ഡാന്‍സ്‌ ക്ലാസ്സിലും

പറഞ്ഞയയ്ക്ക്ണ് ണ്ട്, ബ്യൂട്ടിപാര്‍ലറില് കൊണ്ടുപോ യി  മുടി വെട്ടിയ്ക്ക്ണ്

ണ്ട്, പുത്യ ഫാഷനിലുള്ള ഉടുപ്പ് മേടിച്ചു കൊടുക്ക്ണ് ണ്ട്, പിന്നെ ഇന്നാ ളു

വനിതേല് ഡോക്ടര്‍ എഴുതിയ സമീകൃത ആഹാരോം കൊടുക്ക്ണ് ണ്ട് . ഇനിപ്പോ

എന്താ ചെയ്യണ്ട് ?” സുഗന്ധി അയാള്‍ പറയുന്നതൊക്കെ

അനുസരിയ്ക്കാറുണ്ടെങ്കിലും അയാള്‍ക്കൊ രിയ്ക്കലും  അധികാരഭാവത്തോടെ

അവളോടു സംസാരിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. “പഠിത്തത്തി ന്റെ കാര്യാച്ചാ

നിയ്ക്കൊന്ന്വറീല്യാന്ന് നിങ്ങക്കറിഞ്ഞൂടെ  . നിങ്ങളല്ലേ എഞ്ചിനീയറ്  .

നിങ്ങള് പഠിപ്പിച്ചാലേ ശര്യാവൂ” എന്ന് വിനയത്തോടെ സുഗന്ധി

കയ്യൊഴിഞ്ഞു. “എഞ്ചിനീയര് ! ഞാന്‍ നല്ല മാര്‍ക്കോടെ പത്താം ക്ലാസ്

ജയിച്ചു. നീയ് അണിഞ്ഞൊരുങ്ങി വര്‍ത്താനോം പറഞ്ഞു നടന്ന് പത്താം

ക്ലാസ് തോറ്റു. അത്രേ ള്ളൂ വ്യത്യാസം” എന്നയാള്‍ മനസ്സില്‍ പറഞ്ഞു.

സിവില്‍ എഞ്ചിനീയറിങ്ങില്‍ എം.ടെക്കും സ്വന്തമായി  കണ്‍സ്ട്രക്ഷന്‍

കമ്പനിയുമുള്ള എഞ്ചിനീയര്‍  സുകുമാരന്‍ തരം കിട്ടുമ്പോഴൊക്കെ

അത്യദ്ധ്വാനവും അനുഭവപരിചയവും കൊണ്ടു മാത്രം സല്‍പ്പേരും

പ്രശസ്തിയുമുള്ള തന്നെ അവഹേളിയ്ക്കാറുള്ളത് അയാള്‍ അസ്വസ്ഥതയോടെ

ഓര്‍ത്തു. പത്താം ക്ലാസ് കഴിഞ്ഞു പഠിയ്ക്കാന്‍ നിവൃത്തിയില്ലാതെ

വിഷമിച്ചു നടക്കുമ്പോഴാണ് അമ്മ ജനാര്‍ദ്ദനന്‍ കോണ്‍ട്രാക്ടറുടെ  കാലു

പിടിച്ച് അവിടെയൊരു ജോലി വാങ്ങിത്തന്നത്. മിക്ക സമയവും കുടിച്ച്

തലയ്ക്കു വെളിവില്ലായിരുന്നെങ്കിലും സത്യസന്ധതയും ജോലിയിലുള്ള

പ്രാഗത്ഭ്യവും അദ്ദേഹത്തിന് നല്ല പേരുണ്ടാക്കി കൊടുത്തിരുന്നു. തന്റെ

കഴിവും അദ്ധ്വാനശീല വും മനസ്സിലാക്കി മുതലാളി പതുക്കെപ്പതുക്കെ

സ്വയം ചെയ്യേണ്ട കാര്യങ്ങളൊക്കെയും ഇങ്ങോ ട്ടേല്പിച്ചു തുടങ്ങി.

അങ്ങനെയിരിയ്ക്കെ ഒരു ദിവസം തന്നെ വിളിച്ച് വളരെ സങ്കടത്തോടെഇട

യ്ക്കിടെ തേങ്ങിക്കൊണ്ട് പറഞ്ഞു “സച്ചിദാനന്ദാ നീയെന്നെ രക്ഷിയ്ക്കണം,

എന്റെ സുഗന്ധി അപ്പറത്തെ തെക്കന്‍ വര്‍ഗീസിന്റെ മകന്‍

തോമസുകുട്ടിയുമായി  ഇഷ്ടത്തിലാണ്. നസ്രാണി യ്ക്ക് കൊടുക്കാന്‍ വയ്യ.

ആരോടും പറയാനും വയ്യ. നെനക്കവളെ കെട്ടിക്കൂടെ? എന്റെ മുഴു വന്‍ സ്വത്തും

അവള്‍ക്കുള്ളതാ. അവളൊരു പാവാ. എന്നെ രക്ഷിയ്ക്കാന്‍ നീയല്ലാതെ മറ്റാരൂ

ല്യ.” മുതലാളി കരയുന്നത് കണ്ടപ്പോള്‍ എതിര്‍ത്തൊന്നും പറയാന്‍

തോന്നിയില്ല. മനസ്സില്ലാമന സ്സോടെ  സമ്മതിച്ചു.

സുഗന്ധിയും സുമയും ഇടയ്ക്കിടെ കാണുകയും എന്തൊക്കെയോ അടക്കം

പറഞ്ഞു ചിരിയ്ക്കു ന്നതുമൊക്കെ കണ്ടപ്പോള്‍ അതിശയം തോന്നി.

പ്രതിഷേധവും വെറുപ്പും കരച്ചിലുമൊക്കെയാ ണല്ലോ

പ്രതീക്ഷിച്ചിരുന്നത്. ഇതെന്താണിതിങ്ങനെ!  സുഗന്ധിയുടെ മുഖത്തേയ്ക്ക്

നോക്കാന്‍ പോലും മടിയായിരുന്നു. ഒരു ദിവസം സുമ ഒറ്റയ്ക്കായിരുന്ന

സമയത്ത് , പെങ്ങളോടു ചോദി യ്ക്കാമല്ലോ എന്ന ധൈര്യത്തോടെ , ഒരിത്തിരി

ഗൌരവത്തോടെ ചോദിച്ചു “ എന്താ ഈയി ടെയായി മുമ്പൊന്നൂല്യാത്ത ഒരു

കൂട്ടുകെട്ടും വര്‍ത്താനോം?”  “ഇപ്പഴല്ലേ കൂട്ടുകൂടാന്‍ പറ്റൂ കല്യാ ണം

കഴിഞ്ഞാ പിന്നെ നാത്തൂന്‍ പോരല്ലേ?” എന്ന് പറഞ്ഞു ചിരിച്ച് അവളാ

ഗൌരവം മുഴു വന്‍ കലക്കിക്കളഞ്ഞു.

“ഞാനും തോമസൂട്ടിയും കുട്ടിക്കാലം തൊട്ടേ കളിച്ചു വളര്‍ന്നതാ. അന്ന്

മതിലിന്‍റടുത്ത്ള്ള പേര മരക്കൊമ്പിലിരുന്നായിരുന്നു ഞങ്ങളുടെ സ്കൂള്‍

വിശേഷം പറയല്. അപ്പഴേ അച്ഛനതിഷ്ടല്ലാ യിരുന്നു. ഇന്നാളൊരിയ്ക്കല്  

നല്ല വല്യൊരു പേരയ്ക്ക പഴുത്തങ്ങനെ നില്‍ക്കുന്നത് കണ്ട പ്പോള്‍ ഞാന്‍

തോമസൂട്ടിയോടു ചോദിച്ചു. എന്റെ കൊതി അറിയാവുന്നത് കൊണ്ട് അവനത്

പറിച്ചു തന്നു. അതച്ഛന്‍ കണ്ടു. അത്രേണ്ടായിട്ടുള്ളൂ. അല്ലാതെ അച്ഛന്‍

വിചാരിയ്ക്കും പോലെ ഞങ്ങള് ഇഷ്ടത്തിലൊന്ന്വായിരുന്നില്ല്യാന്നേ.

തോമസൂട്ടിയ്ക്ക് ഇപ്പറത്ത് മാത്രല്ലലോ അപ്പറ ത്തൂല്യേ വീട്, അവനാ

മാത്തച്ചന്റെ മോള് മേഴ്സിക്കുട്ടിയുമായി ഇഷ്ടത്തിലാ”. കല്യാണം കഴിഞ്ഞ്

അവളാദ്യം തന്നോടു പറഞ്ഞതാ പ്രണയകഥയാണ്‌. “എന്നാപ്പിന്നെ

കുട്ടിയ്ക്കതച്ഛ നോടു പറയായിരുന്നില്യേ? ന്ന്ട്ട് നല്ലൊരാളെ കല്യാണം

കഴിയ്ക്കായിര്ന്നില്യേ , എന്തിനാ ഈ ദരിദ്രവാസ്യെ കെട്ടീത് ?”

ഒരമ്പരപ്പോടെ താന്‍ ചോദിച്ചപ്പോള്‍ ഒരു കള്ളച്ചിരിയോടെ അവള്‍ പറഞ്ഞു

“ അയിന് നിയ്ക്ക് സച്ച്യേട്ടനെ മുമ്പേ ഇഷ്ടായിരുന്നു. പറയാന്‍ പേടിച്ചങ്ങ

നെ ഇരിയ്ക്കുമ്പോ ദൈവായിട്ട് ഒക്കെ  ശര്യാക്കീതാ. ഇനി തോമസൂട്ടി മേഴ്സ്യെ

കെട്ടുമ്പോ അച്ഛനൊക്കെ മനസ്സിലായ്ക്കോളും. സച്ച്യേട്ടന്‍ അച്ഛന്‍

തന്ന പൈസെട്ത്ത് സുമടെ കല്യാ ണം നടത്താന്‍ നോക്കൂ.” എന്ന്  അവളൊരു

ആശ്വാസത്തോടെയും സന്തോഷത്തോടെയും പറഞ്ഞു. “അപ്പൊ ഇത്രേം ദിവസം

കുട്ടീം സുമേം കൂടി സംസാരിച്ചീരുന്നത് ഇതായിരുന്ന്വോ?” എന്നയാളൊരു

വല്ലായ്മയോടെ ചോദിച്ചപ്പോള്‍ “അല്ലാണ്ടെ പിന്നെ ? സുമയ്ക്കൊക്കെ

അറിയാം, അമ്മയ്ക്കും അറിയാം ന്നാ തോന്നണ് ” എന്നായിരുന്നു സുഗന്ധിയുടെ

മറുപടി. അമ്മയും പെങ്ങളും ഭാര്യയും കൂടി തന്നെ പറ്റിച്ചതോര്‍ത്തപ്പോള്‍ 

അന്നയാള്‍ക്ക് ചിരി വന്നു. പക്ഷേ ഇന്ന് മകള്‍ തന്നെ പറ്റിയ്ക്കുന്നുണ്ടോ

എന്നോര്‍ത്തപ്പോള്‍ അയാള്‍ക്ക്‌ ചിരിയ്ക്കാന്‍ കഴിഞ്ഞില്ല. 

‘മകളെ ഒന്ന് ശ്രദ്ധിയ്ക്കുന്നത് നന്ന് ’  എന്നു പറഞ്ഞ ജലജട്ടീച്ചറോടയാള്‍ക്ക്

ദേഷ്യമാണാദ്യം തോന്നിയത്. പക്ഷേ അല്പമൊന്നു ശ്രദ്ധിച്ചതോടെ

അയാളുടെയുള്ളില്‍ വലിയൊരാധി വളര്‍ന്നു തുടങ്ങി. അവളുടെ വല്ലാത്ത

ദേഷ്യവും അനുസരണക്കേടുമാണ് ആദ്യം അയാളുടെ ദൃഷ്ടിയില്‍ പെട്ടത്. രാവിലെ

സുഗന്ധി ദോശയും ചമ്മന്തിയും ഡൈനിങ് ടേബിളില്‍ കൊണ്ട് വെച്ചപ്പോള്‍

നീലിമ അവളുടെ പ്ലേറ്റ് തട്ടി മാറ്റി മുഖം വീര്‍പ്പിച്ചു കൊണ്ട് എഴുനേറ്റു

പോയി. ഉടനെ സുഗന്ധി കുറച്ചു ഫ്രൈഡ് റൈസ് ഉണ്ടാക്കി “നാടന്‍

പലഹാരങ്ങളൊന്നും കുട്ടികള്‍ക്കിഷ്ടാവ്ണില്യ . ഇതാവുമ്പോ ഇഷ്ടാണ്.

പച്ചക്കറ്യൊക്കെ അകത്തു പെട്വേം ചെയ്യൂലോ” എന്നു പറഞ്ഞ് അവളുടെ

മുറിയിലേയ്ക്ക് കൊണ്ടു പോയി കൊടുത്തു. പലപ്പോഴും അവള്‍ ഭക്ഷണം

കഴിയ്ക്കു ന്നത് അവളുടെ റൂമിലിരുന്നാണ്. മുമ്പൊക്കെ സ്കൂളില്‍ നിന്ന്

വന്നാല്‍ അവള്‍ സ്കൂളിലെ വിശേഷങ്ങള്‍ വിസ്തരിച്ചു പറഞ്ഞു

കേള്പ്പിയ്ക്കാറുണ്ടായിരുന്നു. കുറച്ചായി ആ പതിവ് നിര്‍ത്തിയിരിയ്ക്കുന്നു.

അവളുടെ ക്ലാസ്, ടീച്ചര്‍മാര്‍,  കൂട്ടുകാര്‍ - യാതൊന്നും തനിയ്ക്കറിയില്ല

ല്ലോ എന്നയാള്‍ ഓര്‍ത്തു. ദിവസവും ഒരു നേരമെങ്കിലും ഒന്നിച്ചിരുന്നു
ഭക്ഷണം കഴിയ്ക്കണ മെന്നും സ്കൂളിലെ വിശേഷങ്ങളൊക്കെ പറയണമെന്നും

അയാള്‍ മകളോട് സൌമ്യമായൊ ന്നു പറഞ്ഞു നോക്കി . “വൈ?  ഐ ഡോണ്ട്

ലൈക് ദീസ് കൈന്ഡ് ഓഫ് ഫോര്‍മാലിറ്റീസ്.  ഡാഡ് യു നോ നത്തിങ് . പ്ലീസ്

ഡോണ്ട്  ഡിസ്റ്റേബ്  മീ . ഓകെ”   അവള്‍ വെറുപ്പ്‌ കലര്‍ന്ന ദേഷ്യത്തോടെ

പറഞ്ഞു. ഒന്നും കഴിയ്ക്കാതെ റൂമിലേയ്ക്ക് പോയ അവളുടെ പിറകെ സുഗ ന്ധി

ഭക്ഷണവും കൊണ്ട് പോകുന്നത് കണ്ടു. അച്ഛനോട് അങ്ങനെയൊന്നും

പറയരുതെന്ന് അവള്‍ ഉപദേശിച്ചു കാണും. ഉറക്കെയുള്ള കലഹത്തിന്റെ ശബ്ദം

അയാളുടെ കാതുകളിലേ യ്ക്കെത്തി. അതിനു ശേഷം നീലിമ സ്വന്തം റൂമിലിരുന്നേ

ഭക്ഷണം കഴിച്ചിട്ടുള്ളൂ.

മകളുടെ പിറന്നാളിന് പുതിയ ഉടുപ്പ് വാങ്ങാനൊരുങ്ങിയപ്പോള്‍  അവള്‍

പറഞ്ഞു “ആരും കൂടെ വരണ്ട. ഞാനെന്റെ ഫ്രന്‍സിന്റെ കൂടെ പോയി

വാങ്ങിക്കോളാം” . അവള്‍ വാങ്ങിക്കൊണ്ടു വന്ന ഇറുകിക്കിടക്കുന്ന ജീന്‍സും

ടീഷര്‍ട്ടും കണ്ടു അയാള്‍ക്കറപ്പു തോന്നി. സുഗന്ധി “ഇതൊ ക്കെയാണത്രേ

ഇപ്പോഴത്തെ ഫാഷന്‍ . ടീവീലോക്കെ കാണുന്നില്ലേ” എന്ന് തന്റെ വിഷമം

മറച്ചു വെച്ച് കൊണ്ട് പതിയെ പറഞ്ഞു. ഈ വേഷത്തില്‍ അവളെ മറ്റുള്ളവര്‍

എങ്ങനെ കാണുമെന്നോര്‍ത്ത് അയാള്‍ നടുങ്ങിപ്പോയി. “ വൈകുന്നേരത്തെ

പാര്‍ട്ടിയ്ക്കിടാന്‍ മോള്‍ക്ക്  അച്ഛനൊരു ചുരിദാര്‍ വാങ്ങിത്തരാമെന്ന് അയാള്‍

പറഞ്ഞപ്പോള്‍  “വൈകുന്നേരത്തെ പാര്‍ട്ടിയോ? ഇനിയും, ആള്‍ക്കാരെ

വിളിച്ചു കൂട്ടി അച്ഛന്റേയും അമ്മയുടേയും നടുക്ക് നിന്ന് കെയ്ക്ക് മുറിച്ച്

ബര്‍ത്ത് ഡേ ആഘോഷിയ്ക്കാന്‍ ഞാനെന്താ ചെറിയ കുട്ടിയാണോ ? മീ & യു

മാളിലെ ഹോള്‍ ബുക്ക് ചെയ്തിട്ടുണ്ട്. ഞാനും എന്റെ ഫ്രന്‍സും മാത്രം”. അവളുടെ

ഉറച്ച സ്വരത്തെ പ്രതിരോധിയ്ക്കാന്‍ തന്റെ ദുര്‍ബ്ബല

ശബ്ദത്തിനാകില്ലെന്ന് അയാള്‍ക്ക് മനസ്സി ലായി. സന്ധ്യ മയങ്ങിയ

സമയത്ത് പാര്‍ട്ടി കഴിഞ്ഞു തിരിച്ചെത്തിയ മകളുടെ അടുത്ത് അയാള്‍ കുറച്ചു

സമയം ചുറ്റിപ്പറ്റി നിന്നു. പ്രത്യേകിച്ച് ഗന്ധമൊന്നുമില്ലെന്ന് അയാള്‍

വലിയൊ രു സമാധാനത്തോടെ വിലയിരുത്തി. പക്ഷേ ഗന്ധമൊന്നുമില്ലാത്ത

മദ്യമുണ്ടാകുമോ എന്നൊ രു വേവലാതിയിലേയ്ക്ക് അയാളുടെ മനസ്സ്

ഇടയ്ക്കിടെ ഇടറി വീണു. 

“ഹായ് , സുദിന്‍ ,അയാം നീല്‍ ” എന്ന് പരിചയപ്പെടുത്തിക്കൊണ്ട്

അവളൊരിയ്ക്കല്‍ ഫോണില്‍ സംസാരിയ്ക്കുന്നത് അയാള്‍  കേട്ടു. താനേറെ

ആഗ്രഹിച്ചിട്ട പേര് അംഗവൈകല്യ ത്തോടെ മുന്നില്‍ നില്‍ക്കുന്നതായി

തോന്നി അയാള്‍ക്ക്. ഈ സുദിന്‍ ആരായിരിയ്ക്കും എന്ന സംശയം അതിലേറെ

അയാളെ വിഹ്വലനാക്കി.  നേരിട്ട് ചോദിയ്ക്കാന്‍ ധൈര്യം വരുന്നുമി ല്ലല്ലോ

എന്നയാള്‍ പരിതപിച്ചു.
മക്കളുടെ  അടിപിടി അവസാനിപ്പിയ്ക്കാനാണ് രണ്ടുപേര്‍ക്കും വെവ്വേറെ

കമ്പ്യൂട്ടര്‍ അയാള്‍ വാങ്ങിക്കൊടുത്തത്. രാത്രി മകളുടെ റൂമിന്റെ വാതിലിന്റെ

അടിയിലൂടെ കാണുന്ന വെളിച്ചം     അയാളെ കണക്കറ്റ് പേടിപ്പിച്ചു. ഇത്രയും

വൈകി അവളെന്തു ചെയ്യുകയായിരിയ്ക്കും? പഠി യ്ക്കുകയാണോ, അതോ

ആരോടെങ്കിലും ചാറ്റ് ചെയ്യുകയായിരിയ്ക്കുമോ ? – ആ വെളിച്ച ത്തിന്റെ

പിറകെ പോയാല്‍ മറ്റെന്തെങ്കിലും വെളിച്ചത്തു വരുമോ എന്നയാള്‍ ഭയന്നു.

മകള്‍ ലൈറ്റ് ഓഫ് ചെയ്യാന്‍ മറന്ന് ഉറങ്ങുകയായിരിയ്ക്കുമെന്നൊന്നും

ചിന്തിയ്ക്കാന്‍ അയാള്‍ക്ക് തോന്നിയതേയില്ല. അവളുടെ കമ്പ്യൂട്ടറും, സ്റ്റഡി

ടേബിളും , അലമാരയും, ബുക്കുമെല്ലാം അവളറിയാതെ പരിശോധിയ്ക്കണമെന്ന്

അയാളാഗ്രഹിച്ചു. പക്ഷേ മകളറിഞ്ഞാല്‍ താന്‍ അവളുടെ കണ്ണില്‍ വളരെ

മോശക്കാരനാകുമോ എന്നോര്‍ത്ത് അയാള്‍ പിന്മാറി. തളര്‍ന്നു റങ്ങുന്ന

സുഗന്ധിയോട് ഒന്നും പറയാന്‍ അയാള്‍ക്ക് മനസ്സ് വന്നില്ല.

“ഈ മാര്യേജ് എന്ന ഇന്‍സ്റ്റിറ്റ്യൂഷനോടു തന്നെ എനിയ്ക്ക് മടുപ്പാണ്.

ഭര്‍ത്താവ്, ഇന്‍ ലോസ്, കുട്ടികള്‍ - ദ സേയ്മ് ഓള്‍ഡ്‌ റിപ്പീറ്റിഷന്‍ . ലിവിങ്

റ്റുഗെതര്‍  ആണ് ഞാന്‍ പ്രിഫര്‍ ചെയ്യുന്ന ത് .” ടി.വി.യില്‍ ഒരു ചര്‍ച്ചയില്‍

ഒരു പെണ്‍കുട്ടി ആവേശത്തോടെ പറഞ്ഞതു കേട്ട് നീലിമ മുമ്പൊരിയ്ക്കല്‍

കയ്യടിച്ചതോര്‍ത്ത്  അയാളിപ്പോള്‍   അസ്വസ്ഥനായി.

തന്റെ പ്രശ്നങ്ങള്‍ക്കൊരു പരിഹാരം ആരോടെങ്കിലും എല്ലാം തുറന്നു

പറഞ്ഞുകൊണ്ട് തേടണ മെന്ന് അയാള്‍ക്ക് തോന്നി. പക്ഷേ ആരോടു പറയും?

പറഞ്ഞാല്‍ അവരത് രഹസ്യമാക്കി വെയ്ക്കുകയൊന്നുമില്ലല്ലോ. ഒരു നല്ല

കൌണ്‍സിലിങ് കൊടുത്താല്‍ അവളുടെ സ്വഭാവത്തില്‍ മാറ്റം

കണ്ടേയ്ക്കുമെന്നൊരു വിചാരത്തോടെ അയാള്‍  കൌണ്‍സെലര്‍മാരെ

അന്വേഷിച്ചു. പ്രശസ്തരായ രണ്ടുപേരെ കണ്ടെത്തി. അതിലൊരാള്‍

പുരുഷനാണ്. അയാളുടെ അടുക്കലേ യ്ക്ക് മകളെ അയയ്ക്കാന്‍ ആ അച്ഛന്

മനസ്സ് വന്നില്ല. മറ്റെയാള്‍ സ്ത്രീയാണെങ്കിലും അന്വേ ഷിച്ചപ്പോഴാണ്

അവര്‍ സുകുമാരന്റെ ഭാര്യയുടെ അനുജത്തിയാണെന്നറിഞ്ഞത്. ഒരു തീരുമാ

നമെടുക്കാന്‍ കഴിയാതെ അയാള്‍ കുഴങ്ങി.

വലിയ  ദേഷ്യമൊന്നും വേണ്ട, ഒരു ചെറിയ നീരസത്തോടെ താനോ സുഗന്ധിയോ

ഒന്ന് നോക്കിയാല്‍ മതി, ഏറെ നേരം തേങ്ങിത്തേങ്ങിക്കരയുമായിരുന്നു നീലിമ .

എപ്പോഴാണ് അവ ളിങ്ങനെ മാറിയതെന്ന് ,എവിടെയാണ് താളം പിഴച്ചതെന്ന്

എത്ര ആലോചിച്ചിട്ടും അയാള്‍ക്ക്  കണ്ടെത്താനായില്ല. മക്കള്‍ രണ്ടുപേരും

ഒരുമുറിയില്‍ ത്തന്നെ കിടക്കട്ടെ എന്ന് അയാള്‍ പറ ഞ്ഞത് എ.സി.യുടെ

ഉപയോഗം കുറയ്ക്കാനാണെന്നു പറഞ്ഞു മക്കള്‍ പരിഹസിച്ചുവെങ്കിലും

അവരെപ്പോഴും ഒന്നിച്ച് സ്നേഹത്തോടെ ജീവിയ്ക്കട്ടെ എന്നായിരുന്നു

മനസ്സില്‍. പക്ഷേ ഒരു രാത്രി നീലിമ അനുജനെ മുറിയില്‍ നിന്നും പുറത്താക്കി

വാതിലടച്ചു, മേലില്‍ അങ്ങോട്ട്‌ കയറരുതെന്ന് വിലക്കുകയും ചെയ്തു.

അതവളുടെ സ്വാര്‍ത്ഥതയായേ അന്നയാള്‍ക്ക് തോന്നി യുള്ളൂ. പക്ഷേ

ഇപ്പോഴയാള്‍ക്ക് അതോര്‍ത്ത് ഭയം തോന്നുകയാണ്. അവനെന്തെങ്കിലും അരു

താത്ത പ്രവൃത്തി... അങ്ങനെ ആലോചിയ്ക്കാന്‍ പോലും കഴിയാതെ അയാള്‍

വിറച്ചു. നീരദ് നീലിമയെ ആക്രമിയ്ക്കുന്ന കാഴ്ച ,അപ്പോള്‍ അവന്റെ

കുട്ടിത്തം വിടാത്ത മുഖത്ത് തെളിഞ്ഞ പൌരുഷത്തിന്റെ പുതിയ നീചഭാവങ്ങള്‍

അയാളുടെ സ്വപ്നത്തില്‍ ആവര്‍ത്തിച്ചു വന്നു.

ഓല മെടഞ്ഞ തട്ടിക കൊണ്ട് ആകെയുണ്ടായിരുന്ന ചെറിയ മുറിയില്‍ ഒരു മുറി

കൂടി പണിത് അനുജത്തിയ്ക്ക് ഉറങ്ങാനും ഉടുപ്പ് മാറ്റാനും

പ്രൈവസിയുണ്ടാക്കി കൊടുത്ത് ഒരാങ്ങളയുടെ കടമ നിറവേറ്റിയ

ചാരിതാര്‍ത്ഥ്യത്തോടെ  കഴിഞ്ഞ കാലം പിന്നിട്ട് ദൂരം കുറെ കഴിഞ്ഞിരി

യ്ക്കുന്നു. അടച്ചുറപ്പില്ലാത്ത ആ  വീട്ടില്‍ കഴിയുമ്പോഴുണ്ടായിരുന്ന 

സുരക്ഷിതത്വബോധം പോലും ആവശ്യത്തിലധികം വലിപ്പവും ഉറപ്പുമുള്ള ഈ

വീട്ടില് കിട്ടുന്നില്ലല്ലോ എന്നയാള്‍ സങ്കടപ്പെട്ടു. ജനാര്‍ദ്ദനന്‍

മുതലാളിയുടെ സത്യസന്ധതയായിരുന്നു അയാളുടെ ഉയര്‍ച്ചയുടെ അടിത്തറ.

അയാളുടെ വിദ്യാഭ്യാസയോഗ്യത നോക്കിയല്ല, തട്ടിപ്പും

വെട്ടിപ്പുമില്ലാതെ കൃത്യമായി ജോലി ചെയ്യുന്ന ആത്മാര്‍ത്ഥത

കണക്കിലെടുത്താണ്  ആളുകള്‍ സ്ഥിരമായി പണിയേല്പിച്ചു കൊണ്ടിരുന്നത്.

കൂറ്റന്‍ ഷോപ്പിങ് കോംപ്ലക്സുകള്‍ മാത്രമല്ല, ചെലവു കുറഞ്ഞ , ഉറപ്പും

ഭംഗിയു മുള്ള കൊച്ചു വീടുകളും അയാള്‍ പണിതു കൊടുത്തു. അതാണയാളെ  സദാ

തിരക്കുള്ള എഞ്ചി നീയര്‍ സച്ചിദാനന്ദനാക്കി മാറിയത്. പക്ഷേ താന്‍

പണിതുയര്‍ത്തിയ സ്വപ്നസൌധം അടി ത്തറയോളം വിള്ളല്‍ വീണു തകര്‍ന്നു

വീഴാനൊരുങ്ങുന്ന കാഴ്ച ഒരു ദീര്‍ഘദര്‍ശിയെപ്പോലെ അയാളറിഞ്ഞു.

മറ്റെല്ലാ ഭാവങ്ങളും പോയിപ്പോയി ഭയം എന്ന ഒരൊറ്റ ഭാവത്തിലേയ്ക്ക്

താനൊതുങ്ങുന്നതായി അയാള്‍ക്ക് തോന്നി. 

നീലിമയും നീരദും കൂടി കലഹിയ്ക്കുന്ന ശബ്ദം കേട്ടാണ് ഒരു ദിവസം അയാള്‍

മുകളിലേയ്ക്ക് കയറിച്ചെന്നത്. സുമയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന്

കൊണ്ടുവന്നു കൊടുത്ത ടാബ് കിട്ടാനാ ണ്‌ വഴക്ക്. “യൂ ഡോണ്ട് തിങ്ക്‌ ദാറ്റ്‌

അയാം  എ ഫൂള്‍ , ഐ നോ എവരി തിങ് , ഞാന്‍ അച്ഛ നോട് പറയും” അവന്റെ

ഭീഷണിയ്ക്കു മുന്നില്‍ നിവൃത്തിയില്ലാതെ താഴ്ന്ന് അവളാ ടാബ് അവ നു

കൊടുത്ത് വാതില്‍ വലിച്ചടച്ച് തന്റെ പ്രതിഷേധമറിയിച്ചു. എന്തു

പറഞ്ഞാണ് നീരദ് അവ ളെ ഭീഷണിപ്പെടുത്തിയത്?
 അയാള്‍  അവനെ അടുത്ത്
വിളിച്ച് വളരെ സൌമ്യമായിത്തന്നെ കാര്യം തിരക്കി. “നതിങ് ഡാഡ്” അവന്‍

ചുമലുകളിളക്കിക്കാണിച്ച് അയാളുടെ മുഖത്തേ യ്ക്കൊന്നു നോക്കുക പോലും

ചെയ്യാതെ സ്ഥലം വിട്ടു. 

ബില്‍ഡിങ് മെററീരിയല്‍സ്, ഇന്റീരിയര്‍ ഡെക്കറേഷന്‍,കണ്‍സ്ട്രക്ഷന്‍ -

ഇവയെക്കുറിച്ച റിവു തരുന്ന സൈറ്റുകള്‍ ,  മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ

സുഹൃത്തുക്കളുമായി  ഇ മെയില്‍  ബന്ധം – ഇവയിലൊതുങ്ങുന്നു അയാളുടെ

കമ്പ്യൂട്ടര്‍  പരിജ്ഞാനം. കൌമാരപ്രായക്കാരുടെ ലീലാവിലാസങ്ങള്‍ വീഡിയോ

അടക്കമുള്ള അശ്ലീല വെബ്സൈറ്റുകളെപ്പറ്റി അയാള്‍ കേട്ടിട്ടു ണ്ട്. പക്ഷേ

എങ്ങനെ അവിടെ എത്തിച്ചേരുമെന്ന് അയാള്‍ക്കറിയില്ലായിരുന്നു. ആരോടും

ചോദിച്ചു മനസ്സിലാക്കാന്‍ അഭിമാനം അയാളെ സമ്മതിച്ചതുമില്ല.

നീലിമയുടെ ചിത്രങ്ങള്‍ അങ്ങനെയൊന്നും വന്നിട്ടുണ്ടാവരുതേ എന്നയാള്‍

പ്രാര്‍ഥിച്ചു . നീരദിനെ  ഒരു ഫുള്‍സ്ലീവ് ഷര്‍ട്ടിട്ടു കണ്ടാല്‍ ക്കൂടി അയാള്‍

പേടിച്ചു, കയ്യിലുള്ള പാടുകള്‍ മറയ്ക്കാനാകുമോ എന്ന്. കുത്തിവെപ്പായും

പുകയായുമുള്ള മയക്കുമരുന്നുകളെ ക്കുറിച്ചേ അയാള്‍ക്കറിയാമായിരുന്നുള്ളൂ. 

“നോക്കൂ” , ഒരു ദിവസം മൊബൈലും കയ്യില്‍ പിടിച്ച് സുഗന്ധി അയാളുടെ

അടുത്തു വന്നു. “ഇതില് വാട്സ് ആപ്പ് കിട്ട്വോ? ഇന്നലെ നമ്മള് സജീവിന്റെ

റിസപ്ഷന് പോയപ്പോ അവടെ കൊറേ പേര് എന്നോടു ചോദിച്ചു, വാട്സ്

ആപ്പിലൊന്നും കാണണില്യലോ, എടുത്തില്ലേന്ന് . ഇപ്പൊ ഫെയ്സ്

ബുക്കൊക്കെ പഴഞ്ചനായീത്രേ . ഫോട്ടോ കാണാം, ചാറ്റീയാം, പോസ്റ്റീയാം

ന്നൊക്കെ പറയണ്ണ്ടായിരുന്നു. ഇതിലൊന്ന് ശര്യാക്കിത്തര്വോ?” സുഗന്ധി

മൊബൈലും നീട്ടി മുന്നില്‍നിന്നപ്പോള്‍ അയാളവളെ പകച്ചു നോക്കി.

“എന്താ, തെരക്കാണോ? ന്നാ പിന്നെ മതി” എന്നും പറഞ്ഞ് അവള്‍ പോയി. 

വര്‍ക്ക് സൈറ്റുകളില്‍ മാറി മാറി ഓടിനടന്നു വൈകി മാത്രം

വീട്ടിലെത്തിയിരുന്നതും എല്ലാം പാവം സുഗന്ധിയെ ഒറ്റയ്ക്കേല്പിച്ചതും

ഒട്ടും കാര്‍ക്കശ്യം കാണിയ്ക്കാതിരുന്നതുമൊക്കെ വലിയ

തെറ്റായിപ്പോയെന്നയാള്‍ക്ക് തോന്നി.

 അന്നും പതിവുപോലെ വീട്ടിലെത്തിയ അയാളോട് സുഗന്ധി വല്ലാത്ത

പരിഭ്രമത്തോടെ പറഞ്ഞു, “അതേയ്, പെണ്ണ് നീം എത്തീട്ടില്യ. ഡാന്‍സ്‌

ക്ലാസ്സിലും ചെന്നിട്ടില്യാത്രേ” അയാളത് കേള്‍ക്കാത്ത ഭാവത്തില്‍

മുറിയില്‍ക്കയറി വാതിലടച്ചു. തിരക്കിട്ട് ജലജട്ടീച്ചറുടെ നമ്പറെടുത്തു.

“സര്‍, ഞാന്‍ വിളിയ്ക്കണമെന്നു വിചാരിച്ചിരിയ്ക്കുകയായിരുന്നു.

എങ്ങനെയുണ്ട് വൈഫിന്? ദിവ്യാ രമേശ്‌ ലീവ് ലെറ്റര്‍

കൊണ്ടുത്തന്നപ്പോഴാണ് വിവരമറിഞ്ഞത് . കാര്‍ഡിയാക് പ്രോബ്ല മാണല്ലേ?

തുടരും 

ഗുരുവിനെക്കുറിച്ച് ഒരു നവാദ്വൈത വായന


സ്വാമി അവ്യയാനന്ദ

ചരിത്രത്തെ രണ്ടായി പിളർക്കുന്ന ഒരു  നോവൽ  ഇതിഹാസം .
എം കെ  ഹരികുമാറിന്റെ 'ശ്രീനാരായണായ ' എന്ന നോവലിൻറെ  പാരായണാനുഭൂതി  ഗ്രന്ഥകാരനും ശിവഗിരി മാസികയുടെ  ചീഫ്  എഡിറ്ററുമായ  സ്വാമി അവ്യയാനന്ദ  വിവരിക്കുന്നു .

"ഒരു സന്യാസിയാകുന്നത്‌ എന്തിനാണ്‌"?
"കൂടുതൽ സ്വതന്ത്രനാകാൻ"
"നൂറ്‌ നൂറ്‌ പ്രാണസ്വരങ്ങൾ കേൾക്കാനുള്ള പ്രാപ്തിയാണ്‌ സന്ന്യാസം പ്രകടമാക്കുന്നത്‌."
    എം.കെ.ഹരികുമാറിന്റെ പുതിയ പുസ്തകമായ 'ശ്രീനാരായണായ' എന്ന നോവലിലെ അർത്ഥപൂർണ്ണമായ വരികളാണ്‌ മേലുദ്ധരിച്ചിരിക്കുന്നത്‌. നമ്മുടെ നോവൽ സങ്കൽപങ്ങളിലുള്ള ഒരു നവീകരണ യജ്ഞമാണ്‌ ഈ പുതുപ്പിറവി. വായന എന്ന സംസ്കാരത്തിന്റെ അന്തർലോകങ്ങൾ കാണിച്ചു തരുന്ന ഒരു രചനയാണ്‌ ശ്രീനാരായണായ. ശ്രീനാരായണഗുരുവിന്റെ ജീവിതചരിത്രത്തിലൂടെയുള്ള ഒരു വൃഥായാത്രയല്ല ഈ നോവൽ. പ്രത്യുത  , പ്രകാശമാനമായ ഗുരുവിന്റെ അകത്തളങ്ങളിലേക്കുള്ള ശാന്തി യാത്രയാണ്‌  തുറന്നിടുന്നത്‌.
    അനുവാചനമാനസങ്ങളിലേക്ക്‌ ഗുരുദർശനത്തിന്റെ നവോന്മേഷം, ഇടറാത്ത വാക്കുകളിലൂടെ പകരാൻ നോവലിസ്റ്റിന്‌ കഴിഞ്ഞിട്ടുണ്ടെന്ന്‌ പറയാതെ വയ്യ. ഒരാഴ്ചക്കാലത്തെ എന്റെ പ്രഭാതവായനയെ ചേതോഹരമാക്കാൻ ഈ മനോഹര പുസ്തകത്തിന്‌ കഴിഞ്ഞിട്ടുണ്ടെന്ന്‌ സന്തോഷസമേതം കുറിക്കട്ടെ. ഗുരുദർശനത്തിന്റെ ഒരു സവിശേഷതയാണ്‌ വ്യാപനശീലം. അന്തരംഗങ്ങളിൽ സംക്രമിച്ച്‌ അത്‌ ഉയിരിനെ കർമ്മനിരതമാക്കുന്നു. അവിടെ സംവേദനത്തിനായി ഭാഷയുടെ മാധ്യമമാവശ്യമില്ല. ഭാഷയും രൂപവും സത്തയുമെല്ലാം പരംപൊരുളായ അരുളായി പരിണമിക്കുമ്പോൾ അത്‌ കാലദേശങ്ങൾക്കതീതമാകുന്നു.
    അതിന്‌ നവീനമായ ഒരേകത്വം സിദ്ധിക്കുന്നു. ഒരേസമയം വിദൂരവും സമീപസ്ഥവും വിസ്മയവുമായി ഭവിക്കുന്ന ആ ഭാഷ വിശ്വപദവിയിലേക്കുയരുന്നു. അവിടെ ഭാഷ സംഗീതാത്മകമാകുന്നു. വായനക്കാരനും മനസ്സിൽ ഒരീണമാകുന്നു. പുതിയവാക്കുകൾ തേടിയുള്ള സ്നേഹപ്രയാണമാണ്‌ സംഗീതം. അത്‌ ഈ നോവലിൽ തെളിഞ്ഞു വിളങ്ങുന്നു. ശബ്ദങ്ങളുടെ എടുത്തുചാട്ടത്തിൽ നിന്ന്‌ സമാധാനത്തിന്റെ താഴ്‌വാരങ്ങളിലേക്ക്‌ ഗുരുദർശനത്തെ സ്വാംശീകരിക്കാൻ കഴിയുന്ന അനിതരസാധാരണമായ അനുഭവമാണ്‌ ഈ നോവൽ . ഇവിടെ ചിന്തകൾ പ്രകാശവേഗതയാർന്ന വാക്കുകളെ തേജോമയമാക്കുന്നു.  നോവലിലെ ഭാഗം ഇങ്ങനെയാണ് :
ഗുരു ഒരു ബാലനോട്‌ സൗമ്യമായി പറയുന്നു. "ശിവനെ അറിയണമെങ്കിൽ നീ ഒരു മന്ദാരച്ചെടി നട്ടുവളർത്തുക. ദൃശ്യമാകാത്ത മന്ദാരത്തിന്റെ വളർച്ചയാണ്‌ ശിവം". വാക്യരചനയിൽ തന്റേതായ ഒരു ക്രമഭംഗിയുണ്ട്‌ ഈ നവീനസൃഷ്ടിയിൽ. ആത്മീയമായ പശ്ചാത്തലത്തിൽ ഊന്നി നിന്നുകൊണ്ട്‌ ഒരു സാമൂഹിക ശാസ്ത്രകാരന്റെ വസ്തുനിഷ്ഠതയും വിമർശകന്റെ നിശിതത്വവും ദാർശനികന്റെ രൂപഘടനാബോധവും കവിയുടെ ഭാവനാത്മകതയും ഈ ശ്രീനാരായണായയിൽ ഇഴകലർന്നിട്ടുണ്ട്‌. നാടകീയമായ ആരംഭങ്ങൾ. സൗമ്യതയാർന്ന വാക്കുകളുടെ ചടുലചലനങ്ങൾ, ധ്യാനാത്മകവും ദാർശനികവുമായ ചരിത്രനിരീക്ഷണങ്ങൾ, ഗുരുദർശനപ്രതീതി ഉണർത്തുന്ന പശ്ചാത്തല വിവരണങ്ങളുടെ മന്ദഗതിയിലുള്ള ദീർഘവാക്യങ്ങൾ.
    കഥാവ്യാഖ്യാനത്തിന്റെ ഗാഢതയുള്ള സംഭവവിവരണങ്ങൾ. വിദഗ്ധമായ കോറലുകളിലൂടെ വരച്ചിടുന്ന ഗുരുചിത്രങ്ങൾ. ഇവയെല്ലാം വായനയുടെ അപ്രതീക്ഷിതമായ തിരിവുകളിൽ അഭൗമമായ പ്രകാശം വിതറിപ്രത്യക്ഷപ്പെടുന്നു. ചേതോഹരമായ ചിത്രകലയെ ഓർമ്മിപ്പിക്കുന്നവിധം ലളിതമെങ്കിലും സങ്കീർണ്ണമായ വർണ്ണപ്പൊലിമയും രേഖാഭദ്രതയുമുള്ള വാക്യങ്ങളുടെ അതിമനോഹരമായ വിന്യാസമാണത്‌. എപ്പോഴും അത്‌ വായനക്കാർക്കായി ചിലവിസ്മയങ്ങൾ കരുതി വച്ചു.  "അന്ന്‌ സന്ധ്യയിൽ നിന്ന്‌ കുങ്കുമം എടുത്ത്‌ പക്ഷികൾ തൂവലുകൾക്ക്‌ കനം വയ്പിച്ചു" - ഈ മനോഹര ഭാവം പിന്നെ വരച്ചിടുന്നത്‌ ഗുരുവിന്റെ ഉള്ളകങ്ങളിലെ ദീനദയയുടെ സാന്ധ്യശോഭയാണ്‌.
    "എല്ലാ മതങ്ങളും ഒഴുകി, ഇവിടെ സ്നേഹവും അനുകമ്പയുമാകുന്നു. അതാണ്‌ പവിത്രമായ, എല്ലാക്കാലത്തേയും എല്ലാ പ്രാണികളുടേയും മതം. (പേജ്‌-228) തുടർന്നുള്ള താളുകളിൽ ഈ ഗുരുമതദർശന വീക്ഷണങ്ങൾ നീണ്ടു പോവുകയാണ്‌. തട്ടുംതടവുമില്ലാത്ത ഒരു കല്ലോലിനിപോലെ.
    ഇന്നത്തെ നിലയിൽ അത്ര സാധാരണമല്ലാതിരുന്ന പദങ്ങൾ, പദസംയുക്തങ്ങൾ, വാക്യഘടനാ വൈചിത്ര്യങ്ങൾ എന്നിവയിലൂടെ ഹരികുമാർ തന്റെ സ്വന്തം ദർശനമായ നവാദ്വൈതത്ത്തിന്റെ സ്വത്വമുദ്രയും ആവിഷ്കാര സാമർത്ഥ്യവും ആവഹിക്കുന്നുണ്ട്‌. ഇവയെല്ലാം ചേർന്ന്‌ ത്രസിക്കുകയും ചൊടിക്കുകയും ധ്യാനസ്ഥമാകുകയും ചെയ്യുന്ന യാഥാർത്ഥ്യത്തിന്റെ തീവ്രതയും സത്യദർശനത്തിന്റെ അലൗകികതയും പകരുന്ന വാങ്മയധാരയാണ്‌ ഈ നോവലിനെ ഏറെ ഭാസുരമാക്കുന്നത്‌. ആർജ്ജിതമെന്നതിനേക്കാൾ സഹജമായിരുന്നു ഹരികുമാറിന്റെ ഗുരുദേവാഭിമുഖ്യം.
    "ഒരു നിറം മാത്രമേ തന്നതുള്ളൂവിധി, എനിക്കാവതില്ലേ-
പലവർണ്ണമാകാൻ" എന്ന്‌ പ്രിയകവി അയ്യപ്പപ്പണിക്കർ പാടിയതുപോലെ തന്റെ അകത്തെളിച്ചം തനതുഭംഗിയോടെ ഹരികുമാർ ഒറ്റവർണ്ണത്തിൽ നിന്ന് പല വർണങ്ങളിലേക്ക് ആവിഷ്കരിക്കുന്നു നവാദ്വൈതത്തിൽ.
    "നിഷ്കളങ്കമായ പ്രകൃത്യുപാസനയിൽ നിന്നേ ഭിന്നതയില്ലാത്ത അന്തരീക്ഷം ജനിക്കുകയുള്ളൂ." (പേജ്‌-272) തുടർന്നുള്ള വരികളിൽ ആ അഭയാവസ്ഥയുടെ നാനാവശങ്ങൾ വരച്ചിടുന്നത്‌ ഉൾപ്പുളകത്തോടെ മാത്രമേ വായിച്ചുപോകാനാകൂ. ഗുരുദേവചിന്തയിലെ ആത്മീയമുക്തിയെക്കുറിച്ച്‌ മാത്രമായിരുന്നില്ല, ഭൗതികപാരതന്ത്ര്യങ്ങളിൽ നിന്നുള്ള മനുഷ്യമോചനത്തെക്കുറിച്ചും ഹരികുമാർ തന്റെ നോവലിൽ ചിത്രണം ചെയ്യുന്നുണ്ട്‌.
    ഹരികുമാർ ഭാഷയെ സ്പർശിക്കുമ്പോൾ ഗുരുവിന്റെ അഗാധദർശനത്തിന്റെ നാനാർത്ഥങ്ങളാണ്‌ ഉദ്ദീപ്തമാകുന്നത്‌. ആ ദർശനവിശേഷത്തിന്റെ മൗലികതയാണ്‌ ഹരികുമാറിന്റെ ശ്രീനാരായണായയുടെ മാന്ത്രികത. അതേ, വിചാരഗൗരവമാർന്ന ഒരു ചാരു സമീപനം. ആഴമില്ലാത്ത ഏകമാനമായ അങ്ങാടിഭാഷയോട്‌ എന്നും വിമുഖനായിരുന്ന നോവലിസ്റ്റിന്‌ ഭാഷ കേവലമൊരു ആശയവിനിമയോപാധിയായിരുന്നില്ല. ഭാഷയുടെ ദാർശനികമായ പ്രയോഗസാധ്യതയായിരുന്നു ഹരികുമാറിന്റെ ഉന്നം.
    "വവ്വാലുകൾ പറക്കുന്നത്‌ നിലാവിൽ കാണാൻ കഴിഞ്ഞു. ആ ചിറകടികൾ ഒരു ഋതുവിന്റെ മേഘഭാരമായി അനുഭവപ്പെട്ടു''. രൂപനിർമ്മിതിയിലേക്ക്‌ മുതിരുന്ന ഒരു ആഖ്യാനരീതി ഹരികുമാറിനു  എത്രയും സ്വാഭാവികമായിരുന്നു. ഗുരുദേവന്റെ അന്യാദൃശ്യരൂപം വായനക്കാരിലേക്ക്‌ സംക്രമിപ്പിക്കുന്ന രചനാവൈഭവം സദ്ചിന്തകൾക്ക്‌ അഴകേറ്റുന്നതത്രേ. പുണ്യചരിതന്മാരുടെ നോവലുകളുടെ ആത്മശൂന്യതയെ തിരസ്കരിക്കുന്ന സവിശേഷമായ ജീവിതഭാഷാ ദർശനമാണ്‌ ഹരികുമാറിന്റെ ഈ നോവലിനെ വ്യത്യസ്ഥവും ഹൃദയംഗമമവുമാക്കുന്നത്‌. കണിശവും മൗലികവും എന്നാൽ അതിരുകളില്ലാത്തതുമായ പ്രസാദാത്മക ചിന്താലോകത്തിന്റെ സ്വാഛന്ദ്യമാണ്‌ ഈ രചനയെ മിഴിവുറ്റതാക്കുന്നത്‌. തപസ്സിന്റെ സരളതയെ ഇങ്ങനെ വരച്ചിടുന്നു:
 "ഓർമ്മയുടെ ശുദ്ധജലംകൊണ്ട്‌ സ്നേഹരാഹിത്യത്തിന്റെ തരിശുനിലത്തെ നനയ്ക്കുക. സഹജമായ അനുകമ്പയും സ്നേഹത്തിന്റെ ഓർമ്മകളുമാണ്‌ തപസ്സ്‌ ''.
ദാ മോക്ഷത്തിന്റെ നവീനാവിഷ്കാരം ശ്രദ്ധിക്കൂ:
"മറ്റുള്ളവർ നമുക്ക്‌ സൽപ്രവൃത്തികളുടെ പേരിൽ തിരിച്ചു നൽകുന്ന അനുകമ്പയാണ്‌ മോക്ഷം. അത്‌ എല്ലാവർക്കും ക്ഷേമം വരുത്തും" .
  അനുവാചകൻ ഇങ്ങനെ വായിച്ചു നെടുവീർപ്പിടുന്നു. "അറിവുകൾ പറവകളായി പ്രഭാതസവാരി ചെയ്യുകയാണ്‌." വാക് ശുദ്ധിയെക്കുറിച്ചും നോവലിസ്റ്റിന്‌ ഏറെ പറയാനുണ്ട്‌. "വാക്കുകളെ നോവിക്കാതെ ഉപയോഗിക്കുക". അതെ, വാക്കുകളോടുവരെ അനുകമ്പ പുലർത്തുന്ന മനസ്സായിരുന്നു ഗുരുവിന്റേത്‌.  വലിയൊരുസത്യം ഗ്രന്ഥകാരൻ വാക്കുകൾക്ക്‌ നോവാതെ വിളിച്ചു പറയുന്നുണ്ട്‌. "സദ്ബുദ്ധിയിലും സദ്ഭാവത്തിലും സ്നേഹിച്ച ലോകത്തെ സംരക്ഷിക്കുകയാണ്‌ ഉത്തമം." തുടർന്നുള്ള താളുകളിലും പ്രബോധനാത്മകമായ വരികൾ വരുന്നുണ്ട്‌. "വെള്ളരിയുടെ ഒരു വിത്ത്‌  മണ്ണിലിട്ട്‌ മൂടി വെള്ളമൊഴിച്ച്‌ അത്‌ വളരുന്നോ എന്ന്‌ നോക്കി പരിപാലിക്കുന്നത്‌ സദ്‌വൃത്തിയിലേക്കുള്ള ഊന്നലാകുമെങ്കിൽ അത്‌ ആധ്യാത്മികതയാണ്‌."
    ഇതിൽ കൂടുതലായി തെളിമയോടെ ആധ്യാത്മികതയെ നിർവ്വചിക്കാൻ നമുക്കാകുമോ? വീണ്ടും അമൃതവാണികളിങ്ങനെ "നെന്മണിക്കുള്ളിലിരുന്ന്‌ ഈ ലോകത്തെ ധ്യാനിക്കുന്ന ഒരു സ്രോതസ്സുണ്ട്‌.
    "സദ്‌വൃത്തികളുടെ പ്രാണലതയിൽ ദൈവത്തെ നിലനിർത്തുന്ന ഭക്തന്‌ അതിന്‌ അനുസൃതമായ ശുദ്ധവും പ്രാപഞ്ചികവുമായ ദൈവത്തെ ലഭിക്കുന്നു. ഇവിടെ ഈ വരികളിൽ ദൈവത്തിന്റെ അസ്തമിക്കാത്ത മന്ദഹാസം അനുഭവിച്ചറിയാം. ഇനിയും അനുവാചകചേതനയെ വിസ്മയിപ്പിക്കുന്ന വാക്കുകളും വാക്യങ്ങളും ഗ്രന്ഥകാരൻ വരച്ചിടുന്നുണ്ട്‌. "ഏറ്റവും ഭയാനകമായ സത്യം  ഒന്നേയുള്ളൂ. അത്‌ ശരീരത്തിനുള്ളിൽ പൂട്ടിയിട്ട അന്തഃകരണത്തിന്റെ അകം എന്തെന്നറിയാതെ ലോകം വിടേണ്ടി വരിക എന്നതാണ്‌". ഇതിനെല്ലാം താങ്ങായി ഹരികുമാർ പ്രയോഗിച്ചിരിക്കുന്ന ഗുരുരചന 'സ്വാനുഭവഗീതി'യാണ്‌. പുസ്തകത്തുടക്കത്തിലെ ആ മുഴക്കം അവസാനഭാഗങ്ങളിലെത്തുമ്പോഴും ഒരു വിശുദ്ധ നാദമായി അലയടിക്കുന്നുണ്ട്‌. എന്തായാലും ഗുരുവിനെ പുത്തൻവഴികളിലൂടെ അന്വേഷിക്കുന്ന നോവലിസ്റ്റിന്‌ ഒരു വിദൂര നമസ്കാരം അർപ്പിച്ചുകൊണ്ട്‌ വായനക്കാരൻ നോവലിലെ  ശലഭഭാഷണത്തിൽ ശ്രദ്ധാലുവാകുന്നു.

    ശലഭത്തിന്റെ ആത്മീയതയെക്കുറിച്ച്‌ നിരവധി പുറങ്ങളിൽ ചർച്ചയാവുന്നുണ്ട്‌. നമ്മുടേതല്ലാത്ത അപരമായ ഒരുമയിൽ നാം എത്തിച്ചേരുമെന്ന്‌ പിന്നീട്‌ ഉറപ്പാക്കുന്നുണ്ട്‌. ഇതാണ്‌ ആത്മീയത എന്നും അടിവരയിടുന്നുണ്ട്‌.
"ആരാണ്‌ യഥാർത്ഥ ഗുരു? ഒരേ രീതിയിൽ, ചൊല്ലിയതുതന്നെ വീണ്ടും ചൊല്ലിക്കടന്നുപോകാതെ ഇതുവരെയുണ്ടാകാത്ത ജ്ഞാനം തരുന്നയാളാണ്‌ യഥാർത്ഥ ഗുരുവെന്ന്‌ തെളിമൊഴി" .അത്‌ നിത്യപ്രസാദത്തിന്റെ നെറുകയിലെത്തിയ ശേഷമുള്ള സ്വയംവിസ്മൃതിയാണ്‌ (443) വീണ്ടും വായനക്കാരനിൽ ആത്മശോഭ പരത്തുന്ന വാക്കുകളിങ്ങനെ - എല്ലാ വൈജാത്യങ്ങൾക്കും ശോകാത്മകതയ്ക്കും മുകളിൽ ചിറകുകൾ ചെറുതായി ഇളക്കി വായുവിൽ നിന്ന്‌ സാരസൂത്രങ്ങളുടെ ഉച്ചാരണം ശ്രവിച്ചെടുക്കണം. ഇതാണ്‌ ദൈവികതയിലെത്താനുള്ള ധനം.     ഹരികുമാറിന്റെ ആശ്രമസങ്കൽപവും രസകരമായി ഇവിടെ ആവിഷ്കരിക്കുന്നുണ്ട്‌.  'ഇസഡ് 'പോലെ ഒരാശ്രമം. ദൈവികതയ്ക്ക്‌ കാവൽനിൽക്കുന്ന രണ്ടു മരങ്ങൾ. നോവലിസ്റ്റ്  ഒരുകാര്യം ശക്തമായി പറയുന്നു: "ദൈവത്തേയും മനുഷ്യത്വത്തേയും നാം സൃഷ്ടിക്കണമെന്ന ആഹ്വാനം ഗുരുമതത്തിലെ കനലാണ്‌." ആ കനൽ ഊതിജ്വലിപ്പിച്ചാൽ നമുക്ക്‌ ദൈവത്തെ വായിച്ചു തുടങ്ങാം. ഗുരുകൃതികളിലെ സംഗീതാത്മകതയെക്കുറിച്ചുംപ്രതിപാദിക്കുന്നു  . " എത്രകാലം ഈണങ്ങൾ ശ്രവിച്ചാലും സ്നേഹം ഭവിക്കില്ല. ഒരു ഗുണത്തിനും ദോഷത്തിനും നിന്നു തരില്ല. നമ്മുടെ കഥകൾ അഗാധമായ വ്രണമായി ഉള്ളിൽ നീറ്റലാകുമ്പോഴും പ്രാണൻ ഒരു ബലിക്കാക്കയെപോലെ ദൂരെ മാറിനോക്കിയിരിക്കും."
 പ്രകൃതിയുടെ നിഗൂഢമായ ഒരീണമായ ആ ശിരസ്സിലെ കുരുന്ന്‌ ഇലകളെ കാണാനായി അവന്റെ ചിത്തം കൊടുമ്പിരിക്കൊണ്ടു. അത്‌ ശിവമാണ്‌. രാത്രിയുടെ ഇരുട്ടിൽ ജീവനായി നീണ്ടു പോകുന്നത്‌. മത്തയുടെ വളർച്ച അതിന്‌ കാണാൻ കഴിയാത്തത്താണ്‌." വീണ്ടും ചില പൊള്ളുന്ന പരമാർത്ഥങ്ങൾ . ശോകം യഥാർത്ഥത്തിൽ ദുർബ്ബലമായ മനസ്സിനെ ശക്തിപ്പെടുത്തുന്നതാണ്‌.  ചിത്തത്തിന്റെ വ്രതമാണത്‌. പിന്നീട്  അറിവിന്റെ നൃത്തത്തിലേക്കാണ്‌ പോക്ക്‌.
 "നമ്മുടെ ഉള്ളിലെ ഏറ്റവും പ്രഥമമായ അറിവ്‌. നിഷ്കളങ്കതയുടെ അഹം. നാമറിയാതെ ഫണം വിടർത്തിയാടണം. സ്വന്തം ഉടലിന്റെ ചിതാഭസ്മയോഗത്തെ മുന്നിൽ നിർത്തിയാടുന്നവന്‌ ആഗ്രഹങ്ങളില്ലാതാകും."
നല്ല ശരിയുടെ നിർമ്മിതിയിലേക്കുള്ള യാത്ര ഏറെ കൗതുകമുണർത്തുന്നതാണ്‌.
"കാലത്തിനുള്ളിൽ നാം നടത്തുന്ന സ്വപ്നാത്മകമായ വേറിടലും നമ്മോടു തന്നെയുള്ള കലഹവുമാണ്‌ അൽപമെങ്കിലും നൈമിഷിക യാഥാർത്ഥ്യത്തെ നിർമ്മിക്കുന്നത്‌.''
    "ഞാൻ ഒന്നുമല്ലാതിരിക്കുകയും ദൈവികതയുടെ കണ്ടെത്തലിൽ ഒരുമ അറിയുകയും ചെയ്യുകയാണെങ്കിൽ അതാണ്‌ എന്റെ ഉണ്മ''. ശലഭം പറയുന്നു. "എന്റെ ആത്മീയത നിറങ്ങൾ കൊണ്ടുണ്ടാക്കിയ ഈ ചിറകുകൾ വീശിയുള്ള ചെറു പറക്കലാണ്‌''.  തുടർന്ന്‌ ഒരു ശലഭയുദ്ധം തന്നെയുണ്ട്‌. ഇവിടെയും വാക്കുകൾ വിസ്മയത്തിന്റെ മഹാവസന്തം ചമയ്ക്കുന്നു.  പ്രശാന്തിയുടെ പ്രഭവകേന്ദ്രത്തിലേക്ക്‌ വാക്കുകൾ വഴികാട്ടിയാകുന്നത്‌ നോക്കുക.
    "അതുവരെ ഉണ്ടായിരുന്ന ക്ലിപ്തവും വഴിമുട്ടിയതും പോരടിക്കുന്നതുമായ മനസ്സിനെ പെട്ടെന്നുയർത്തി ആനന്ദം നൽകുന്നതാകണം ഭൂപ്രകൃതി. എല്ലായിടത്തും അത്‌ ലഭിക്കുകയില്ല. തടാകങ്ങൾ, സമുദ്രങ്ങൾ, കുന്നുകൾ തുടങ്ങിയവ ഒത്തു ചേർന്ന്‌ വരുമ്പോൾ ഈ പ്രശാന്തി ലഭിക്കുന്നു."
    ഇനിയങ്ങോട്ട്‌ നവാദ്വൈത വിഭൂതി ചാർത്തിയ മനസ്സിന്റെ ഗുരുപഥം തേടിയുള്ള തീർത്ഥയാത്രകളാണ്‌.  "മീനുകൾ നീന്തുമ്പോൾ, പൂവ്‌ വിരിയുമ്പോൾ, കുഞ്ഞ്‌ ചിരിക്കുമ്പോൾ, പശുക്കുട്ടി  ഓടുമ്പോൾ, പക്ഷികൾ പറന്നുയരുമ്പോൾ, തുമ്പികൾ ആകാശത്തിൽ തുടിക്കുമ്പോൾ അത്‌ ആനന്ദമായി, ഭാഷയായി, സംഗീതസാന്ദ്രമാകുന്നു. അതേ, ആനന്ദവും ഭാഷയും സംഗീതവും ത്രിവേണി സംഗമമാകുന്ന ഗുരുരചനയുടെ അമേയ ലാവണ്യത്തോണിയിലാണിപ്പോൾ അനുവാചകൻ!
    ആനന്ദമാർഗ്ഗത്തിലെത്തണമെങ്കിൽ തിന്മയെ നോവിക്കാതെ പിഴുത്‌ മാറ്റണമെന്നും ഓർമ്മിപ്പിക്കുന്നുണ്ട്‌ . ഒരു മുന്നറിയിപ്പ്‌ കൂടിയുണ്ട്‌. "തിന്മയ്ക്ക്‌ നൊന്താൽ അത്‌ രോഗമായി പടരും. നിരപരാധികളെ അത്‌ വിഷത്തിൽ മുക്കും". അതിന്റെ ഫലശ്രുതി ഇങ്ങനെ: "കാറ്റിന്റെ യോഗാത്മകതയും ശബ്ദങ്ങളുടെ ധർമ്മശാസ്ത്രവും അവന്റെ ശരീരത്തെ രക്തമാംസങ്ങൾക്കപ്പുറമുള്ള വാദ്യഘോഷമാക്കി." അവന്റെ ദൈവികതയാകട്ടെ ഓരോ നൂലും കെട്ടുവീഴാതെ ഇഴചേർന്നു വരുന്നതാണ്‌ ''.
"പ്രതിഷ്ഠകൾ അറിവിന്റെ ആവിഷ്കാരമാണ്‌. തരിശായി കിടക്കുന്ന ഭൂമിയിലുള്ള കൃഷിയിറക്കലാണ്‌". നവീനതയുടെ തൊടുകുറിയുള്ള ശാലീനഭാവമാർന്ന ഇത്തരം വാക്കുകൾ ഈ മഹത്ഗ്രന്ഥത്തിന്‌ അർത്ഥഭാരം നൽകുന്നു. വീണ്ടും...."ആ പവിത്രരസനയിൽ നിന്ന്‌ പദകോശങ്ങളുടെ ഒരാരവം ഉയർന്നു ''.  ഗുരുവിലെത്താനുള്ള സുഗമമാർഗ്ഗം തുറന്നു തരുന്ന ഒരു വാക്യം ശ്രദ്ധിക്കൂ: "ദൈവം, അദ്വൈതം, വേദാന്തം എന്നിവയ്ക്ക്‌ ജീവിതാനുഭൂതിയുടെ ലയത്തിൽ അർത്ഥം തെരഞ്ഞാലെ ഗുരുവിലെത്താൻ കഴിയൂ.".
    അത്‌ ശരി, ശരി എന്ന്‌ വായനക്കാരൻ ശിരസ്സ്‌ നമിക്കുന്ന സന്ദർഭം സ്വാനുഭവശീതിയുടെ മനോഹര വിന്യാസത്തിലൂടെ നോവലിസ്റ്റ്‌ സാധിതമാക്കുന്നുണ്ട്‌. ശ്രീനാരായണ ധർമ്മം എന്ന പദം തന്നെ ഒരു മതമാണെന്ന്‌ എഴുതുന്ന ഹരികുമാർ "ജീവികളുടെ കരച്ചിൽ കേൾക്കുമ്പോഴാണ്‌ മനുഷ്യത്വം പൂർണ്ണമാകുന്നതെ''ന്നും കൂട്ടിചേർക്കുന്നു.
    "ഗുരുദർശനത്തിന്റെ വീട്‌''? ഉത്തരം: വീട്‌ കളിസ്ഥലം പോലെയാണ്‌. അവിടെ ഉണർവ്വുണ്ടാവണം.
" ക്ഷേത്രമോ?   -"ക്ഷേത്രം വിദ്യാലയമാവണം."
"ആശ്രമം?:അത്‌ പ്രകൃതിയാണ്‌. ദൃശ്യാത്മകമായ പ്രകൃതി. അതൊരു ഭാഷയുമാണ്‌. മനസ്സുമായി കൂടിച്ചേരുന്ന ഭാഷ  .
    "യാചകന്‌ ഒരു സാർവ്വ ലൗകികപ്രതീകത്തിന്റെ ഭംഗിയുണ്ട്‌. നട്ടെല്ല്‌ ബ്രഹ്മദണ്ഡായി ഉപയോഗിക്കുകയാണെങ്കിൽ ലോകം തന്നെയാണ്‌ തറവാട്‌" .ഒരു യാചക മനസ്സിനെ അപൂർവ്വമായി വായിക്കുന്നുണ്ട് . ഈ ശരീരം അസത്യങ്ങളെ പ്രത്യേക രുചിയോടു കൂടി സ്വീകരിച്ച്‌ അടക്കി സൂക്ഷിച്ചിരിക്കുകയാണ്‌. എല്ലാ വിഷയങ്ങളും എച്ചിലായിരിക്കുന്നതുപോലെ തന്റെ ശരീരവും അവശിഷ്ടമായിരിക്കുകയാണെന്ന്‌ ഒരു യാചകന്‌ തോന്നുമ്പോൾ മിഥ്യകൾ ഒന്നൊന്നായി തകരുകയാണ്‌. തുടർന്ന്‌ ഗുരുവിന്റെ സാരവത്തായ സംഭാഷണങ്ങളാണ്‌. അനുകമ്പയോട്‌ ഗ്രന്ഥകാരൻ കാട്ടുന്ന ആഭിമുഖ്യം ഒന്നുവേറെ തന്നെയാണ്‌. "അനുകമ്പയാണ്‌ മനസ്സിന്റെ ഏറ്റവും സുന്ദരമായ മുഖം''.
"ലോകത്തെ അനുകമ്പയോടെ നോക്കിയാൽ ശരീരത്തിന്‌ സ്നേഹം കിട്ടും''.അത്‌ ഉൾത്തീമാറ്റാനുപായമാകും. "ഒരാൾ സ്വന്തം ശോകാഗ്നിയെപ്പറ്റി മറ്റൊരാളായി നിന്ന്‌ നിരീക്ഷിച്ചു അതിന്‌ സ്വയം പ്രതിവിധി ചെയ്യുമ്പോഴാണ്‌ തൃക്കണ്ണിന്റെ അനുഗ്രഹം ഉണ്ടാവുക. അത്‌ എല്ലാ വേദനകളേയും സംഹരിച്ചുകളയും. പുതിയൊരു വഴിത്താര തുറന്നിട്ടുതരും" .ഭാഷയുടെ ദേവരാഗമായി പടരുകയാണ്‌ തുടർന്നുള്ള വരികൾ....
    ''ഗുരുദേവ മന്ദഹാസം ചരാചരങ്ങളിൽ പ്രകാശതരംഗങ്ങളാകുന്ന വരികളാണിനി:-"അവിടെ പറന്നു വന്ന കൊറ്റികൾ ഗുരുവിന്റെ അടുത്തുവന്ന്‌ അവിടവിടെ ഇരുന്ന്‌ വന്ദിച്ച്‌  പറന്നു. ലോകജീവിതത്തിന്റെ വിഷാദമാകുന്ന തീയാണ്‌ പിന്നാലെ വരുന്നതെന്ന്‌ ആ കൊറ്റികളുടെ പറക്കൽ ധ്വനിപ്പിക്കുകയായിരുന്നു. അനേകം പക്ഷികളുടെ ഇടറിയ നാദങ്ങളും കരിഞ്ഞ ചിറകുകളും ആ അദൃശ്യതയിൽ ലയംപ്രാപിച്ചിട്ടുണ്ടായിരുന്നു. ഗുരു അവയെത്തന്നെ നോക്കിയിരുന്നു."
    "വ്യോമകൂമ്പാരത്തിനിടയിലേക്ക്‌ പ്രാണനെ വലിച്ചെടുത്തുകൊണ്ട്‌ പറന്ന കൊറ്റികളെ കുറെ നേരത്തേക്ക്‌ കാണാനില്ലായിരുന്നു. ആദ്യം അവയിൽ മൂന്നെണ്ണമായിരുന്നു മുന്നിൽ പറന്നിരുന്നത്‌. പിന്നിലായി അഞ്ചെണ്ണവും. ഇപ്പോൾ മുന്നിലേക്ക്‌ അഞ്ചെണ്ണം കൂടി വന്നിരിക്കുന്നു.    "തൊടിയിൽ വന്ന കാറ്റ്‌ എപ്പോഴൊ ധ്യാനനിരതയായി കഴിഞ്ഞിരിക്കുന്നു. ഗുരുവിന്റെ നെറ്റിത്തടത്തിൽ ആ കാറ്റ്‌ പ്രാണന്റെ ദേവതയായി കൂടിച്ചേർന്നു. ''
    ഇവിടെ അനുവാചക മാനസം ഹരികുമാറിന്റെ നവാദ്വൈത മനസ്സിനോട്‌ ചേർന്നു നിന്ന്‌ ആത്മസാക്ഷാത്കാരത്തിലെ പ്രഭാത സങ്കീർത്തനമാകുന്നു. ആ ഗാനലഹരിയിൽ ഇങ്ങനെയും : "ഒരു പൂട്ടഴിക്കുന്നതുപോലെ അദ്ദേഹം ഗുരുവിന്റെ ഏകാന്തയാത്രകളെ പിന്തുടർന്നു. ലോകം എങ്ങനെയാണോ ഉള്ളിൽ ആഴമുള്ള കടലുകളെ ഒളിപ്പിച്ചിരിക്കുന്നത്‌ ,അതുപോലെ ഗുരുവും മഹാസാഗരങ്ങളെ ഗുപ്തമാക്കുകയായിരുന്നു." 

    "ദരിദ്രനായി നടന്ന്‌ ഗുരു അതിന്റെ താഴെത്തട്ടിലെത്തുന്നതും അവിടെ യാചിക്കുകയും സ്വയം ശകാരിക്കുകയും ചെയ്യുന്നതും എന്തിനെന്നാണ്‌ സനാതനധർമ്മം പഠിച്ചിട്ടുള്ള ഒരു പണ്ഡിതൻ ചോദിച്ചതു."  ഒരു കുഞ്ഞിന്റെ കരച്ചിലിൽ നിലീനമായിരുന്നത്‌ വിശുദ്ധവും തീവ്രവുമായാണെന്ന്‌ കുറിക്കുമ്പോൾ ഇതൾവിരിയുന്നത്‌ ഗ്രന്ഥകാരന്റെ അകത്തെളിമയാർന്ന വിചാരഭംഗികളാണ്‌. നോവലിൽ  ജാഗരൂകമാവേണ്ട മർത്ത്യമനസുകളെ തേടുന്ന വരികളുണ്ട്‌. "നിമിഷത്തിനുള്ളിൽ സദ്പ്രവൃത്തിയെ വട്ടമിട്ടുപറക്കുന്ന കഴുകന്മാരുണ്ട്‌. അവയെ പുറത്താക്കാനാണ്‌ ഏകാഗ്രത ആവശ്യമായിട്ടുള്ളത്‌. അതിന്റെ പ്രകടനപരവും പ്രതിനിധാനപരവുമായ ഭാവമാണ്‌ സ്തുതിയിലൂടെ വരുന്നത്‌."തുടർന്ന്  അനുവാചകൻ, പ്രപഞ്ചം ദൈവ രൂപങ്ങളുടെ കൂട്ടമാവുന്നത്‌ എങ്ങനെയെന്ന്‌ വായിച്ചു തുടങ്ങുന്നു.
"ലക്ഷ്യത്തെ ദേവതയായി സങ്കൽപിക്കുകയാണ്‌. ആ ദേവത മനസ്സിൽ നിന്ന്‌ ഉണ്ടായിരിക്കുന്നു. അത്‌ ദേവതയായി മാറുന്നു. അവിടെയാണല്ലോ പൂക്കൾ അർപ്പിക്കുന്നത്‌. ഒരു നടൻ അഭിനയിക്കുമ്പോൾ തന്റെ കഥാപാത്രത്തിനു ചുറ്റുമാണ്‌ അയാൾ സഞ്ചരിക്കുന്നത്‌. ആ ചിന്തയാണ്‌ ദേവതയായി സൃഷ്ടിക്കപ്പെടുന്നത്‌. ആത്മസമർപ്പണത്തിനായി തീപകരുമ്പോൾ സ്വയം ദേവതയായി സങ്കൽപിച്ചു അർച്ചന നടത്തുന്നു. ദേവതയായി മാറാൻ ഓരോ വസ്ത്രവും തയ്യാറെടുക്കുന്നു. ഇങ്ങനെയാണ്‌ പ്രപഞ്ചം ദൈവരൂപങ്ങളുടെ കൂട്ടാവുന്നത്‌."

    "അന്ന്‌ തൊടിയിൽ കാറ്റ്‌ വേദങ്ങളെല്ലാം ഒഴിഞ്ഞ്‌ ശുദ്ധവും സ്വതന്ത്രവുമായാണ്‌ വീശിയത്‌. മുള്ളിന്റെയകത്ത്‌ കാറ്റിന്റെ മൃദുലഹൃദയരായ കുഞ്ഞുങ്ങൾ വന്ന്‌ മുട്ടുകയും അടക്കം പറയുകയും ചെയ്യുന്നത്‌ ഗുരു അറിഞ്ഞു."
    വല്ലാത്ത ഒരറിവായി അത്‌ അനുവാചകനെ ആപാദചൂഢം പൊതിയുന്നു. പ്രകാശമർമ്മരമായി. തുടർന്ന്‌ ഇങ്ങനെയാകുന്നു വായന:- "വ്യർത്ഥ വേളകളെ വിജ്ഞാനമാക്കാൻ സ്നേഹത്തിന്റെ പടയൊരുക്കത്തിൽ ഊർജ്ജം പകർന്ന ഗുരുവിനോട്‌ ആ കാറ്‌ കുശലം പറയുകയായിരുന്നു." തന്നിൽ നിന്നന്യമല്ലാതെ എല്ലാം ഒന്നായി കണ്ട ആ പുരുഷാകാരം പൂണ്ട പുണ്യത്തിന്‌ ഇങ്ങനെയൊക്കെയാകാനെ കഴിയൂ.
    എപ്പോഴും സ്വന്തം ദൈവികതയിൽ അവിശ്വസിക്കുന്ന കാക്കകൾപോലും ആ പാട്ടിൽ സ്വയം മറക്കുമായിരുന്നു എന്ന്‌  എഴുതുമ്പോഴും ആ ശ്യാമഭംഗി നോവലിസ്റ്റിന്റെ ദൈവസങ്കൽപത്തിൽ വിളക്കു വച്ചിരുന്നുവെന്ന്‌ കാണാം. തുടർന്ന്‌ വാക്കുകൾ ദർശനചാരുതയുടെ ആരാമങ്ങൾ ചമയ്ക്കുന്നത്‌ നോക്കൂ: "അവനിലെ ദൈവികത ആ ഗാനാത്മകതയും സ്നേഹാത്മകതയും പ്രസന്നതയുമായിരുന്നു. അവൻ സ്വയം കൃഷി ചെയ്തുണ്ടാക്കിയതാണ്‌ ആ ദൈവികത. ദൈവം പൂർണ്ണതയെയല്ല അപൂർണ്ണതയുടെ പൂർണ്ണതയെയാണ്‌ ഉൾക്കൊള്ളുന്നത്‌."
     ഗുരുവിന്റെ വിശ്വാസഭൂമിക തുറന്നുകാട്ടുന്നത്‌ നോക്കുക. "ആരാധനയ്ക്ക്‌ ഉപയോഗിച്ച പൂജാസാധനങ്ങൾ ശ്രീകോവിലിൽ നിന്ന്‌ വാരിക്കളയുന്നതുപോലെയാണ്‌ ഗുരു ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും ഉപേക്ഷിച്ചതു." "ദിഗംബരരായ വാക്കുകൾ  പുതിയ അർത്ഥം കാത്ത്‌ പിറവി തേടി വരുകയാണെന്ന്‌ വായനക്കാരൻ ആത്മഹർഷത്തോടെ അറിയുന്നു .
     ഒരു സംഭാഷണശകലം ഇങ്ങനെ: "ഗുരോ, സാരമേഖലകളെ സൗന്ദര്യപൂർണ്ണമാക്കുന്ന തരത്തിലുള്ള വചസ്സ്‌."
    "പ്രകൃതി നൽകുന്ന നിരാഹാരവ്രതമാണ്‌ വിഷാദം" എന്ന്‌ വായിച്ചു തുടങ്ങുമ്പോൾ വായനക്കാരനുണ്ടാകുന്നത്‌ ഹരികുമാറിന്റെ കുറിക്കുകൊള്ളുന്ന വാക്യവൃത്തിബോധമാണ്‌. ഇത്‌ നമുക്ക്‌ നന്നായനുഭവപ്പെടുന്നത്‌  അവധൂതന്റെ ഏകാന്തത  എന്ന ഭാഗം വായിക്കുമ്പോഴാണ്‌.  പ്രഭാതത്തിന്റെ മതംതേടലും ഗംഭീരമായിട്ടുണ്ട്‌. ഞെട്ടിക്കുന്ന ഒരു പ്രയോഗം!
"സസ്യാത്മകമായ നിശ്ശബ്ദതയും നിത്യപ്രേമവുമാണ്‌ ഒരു മതവിശ്വാസിയുടെ മൂലധനം. അതിലാണ്‌ അവൻ കൃഷിയിറക്കുന്നത്‌. അവന്‌ തിരികെ കിട്ടുന്നത്‌ നിശ്ശബ്ദതയുടെ സൗഖ്യമാണ്‌." ഇതൊക്കെയുണ്ടാവണമെങ്കിൽ എങ്ങനെയാവണം നമ്മുടെ മനസ്സിനെ പരിപാലിക്കേണ്ടത്‌?
"ഒരു പീഡ എറുമ്പിനും വരുത്തരുതെന്നുള്ള അനുകമ്പ". പ്രിയരേ , നോവൽ അവസാനിക്കുന്നതും ഈ ചേലോലും വരിയോടെയാണ്‌.
ശ്രീനാരായണായ 
നോവൽ
എം.കെ .ഹരികുമാർ
വിതരണം : ബ്ലൂമാംഗോ  ബുക്സ് ,
 വില 500 
ഫോ:9995312097

മണിച്ചിത്രത്താഴ് /കഥ



സീമ മേനോൻ

നന്നായി തിളപ്പിച്ചു കുറുക്കി പഞ്ചസാരയിട്ടു ആറ്റി പതം വരുത്തിയ ചായ ബെഡ് സൈഡ് ടേബിളില്‍ അടച്ചുവച്ച്, പെരുവിരലൂന്നി ശബ്ദമുണ്ടാക്കാതെ പ്രശാന്ത് മുറിവിട്ടു പോവുന്നത് ഇടംകണ്ണിട്ടു നോക്കിക്കിടന്ന അനഘക്ക് ചിരി പൊട്ടി പോയി. ''പ്രശാന്ത് ഒരു പാവാട്ടോ' എന്ന് തന്നോടു തന്നെ പറഞ്ഞു, ബ്ലാങ്കെറ്റ് ഒന്ന് കൂടെ വലിച്ചിട്ടു ചുരുണ്ടു കിടന്നു അനഘ.
അടഞ്ഞ വാതിലിലൂടെ അരിച്ചെത്തുന്ന ശബ്ദങ്ങള്‍ പ്രശാന്തിന്റെ ഓരോ ചലനങ്ങളും അനഘക്ക് അപ്പോളപ്പോള്ത്തന്നെ ചോര്ത്തിക്കൊടുക്കുന്നുണ്ടായിരുന്നു. അടുകളയില്‍ കെറ്റില്‍ ഓണ്‍ ചെയ്തു, ട്വിനിങ്ങ്സിന്റെ ഇംഗ്ലീഷ് റ്റീ ബാഗ് ചേര്ത്ത് ചായ ഉണ്ടാക്കുകയാണ് പ്രശാന്ത് ഇപ്പോള്‍ ചെയ്യുന്നത്. ഒപ്പം കാബിനെറ്റ് വലിച്ചു തുറന്നു കേല്ലോഗ്സിന്റെ കോണ്ഫ്ലേക്സ് ഒരു ബൌളില്‍ ഇടുന്നുമുണ്ട്. ഇപ്പോളിതാ നുറുക്കിയ പഴക്കഷണങ്ങള്‍ സീറിയലിനു മീതെ വിതറി പ്രശാന്ത് ബ്രേക്ഫാസ്റ്റ് കഴിക്കാനിരിക്കുന്നു എന്ന് കസേര കരഞ്ഞു. ദേ, പ്രശാന്ത് ഷൂ ഇട്ടു കഴിഞ്ഞു എന്ന് ഷൂ ഷെല്‍ഫിന്റെ വാതിലുകള്‍ പറഞ്ഞു. ഇനിയിപ്പോള്‍ കൃത്യം അഞ്ചു മിനുട്ടിനുള്ളില്‍ നീല ബീ എം ഡബ്ലിയൂവില്‍ കയറി പ്രശാന്ത് യാത്രയായാല്‍ അനഘക്ക് എണീക്കാം, അഭിനയത്തിന് കുറച്ചു മണിക്കൂറിന്റെ ഇടവേള. ഓഫീസില്‍ നിന്നു പ്രശാന്ത് തിരിച്ചു വരുമ്പോഴേക്കും ടി വി കാണലും ലൈബ്രറിയില്‍ പോക്കും ഷോപ്പിങും ഇന്ററ്നെറ്റ് ചാറ്റിങും കഴിഞ്ഞു വീണ്ടും റൂമില്‍ അടച്ചിരുന്നാല്‍ മതി. ഇനിയിപ്പൊ ഒരു ദിവസം മുഴുവനും ബ്രിട്ടീഷ് മ്യുസിയത്തില്‍ കറങ്ങി നടന്നെന്നു വയ്ക്കുക, എന്നാലും അക്കാര്യമൊക്കെ ചോദിച്ചു അനഘയെ ദേഷ്യം പിടിപ്പിക്കാന്‍ പ്രശാന്ത് വരില്ല. അനഘ ഒരു രോഗിയാണല്ലൊ.. ജെയിംസ് ബോണ്ടിനെ പോലെ ‘’രോഗി. മനോ..രോഗി’‘’ എന്നു പറഞു കുലുങ്ങി ചിരിച്ചു അനഘ.
ഒരു മനോരോഗിയായി അഭിനയിക്കാന്‍ ഇത്ര ഈസി ആണെന്ന് ഒരു കൊല്ലം മുമ്പ് അനഘയോടു ആരെങ്കിലും പറഞ്ഞാല്‍ അനഘ അത് വിശ്വസിക്കില്ലായിരുന്നു. 'മണിച്ചിത്രത്താഴി'ല് ശോഭന മുടിയൊക്കെ അഴിച്ചിട്ട്, കണ്ണും മുഖവുമൊക്കെ വികൃതമാക്കി വരുന്നതു കാണുമ്പോള്‍, 'ഈ ശോഭനേടെ ഒരു കാര്യം‘’ എന്നു പറഞ്ഞു പ്രശാന്തിന്റെ ഒപ്പം അനഘയും കൂടുമായിരുന്നു ചിരിക്കാന്‍.
നാടും വീടും വിട്ടു പ്രശാന്തിനോടൊപ്പം രാജനഗരത്തിലെത്തിയ ത്രില്ലിലായിരുന്നല്ലോ അന്നെല്ലാം അനഘ. ആഞ്ഞൊന്നു ശ്വാസമെടുത്ത് ചിറകൊക്കെ കുടഞ്ഞു അങ്ങിനെ ഒറ്റ പറക്കല്‍ പറന്നു പോകുന്നതിന്റെ സന്തോഷം. കാവല്ക്കാര്‍ സ്വമേധയാ കൂട് തുറന്നു പക്ഷിക്കുഞ്ഞിനോടു പറന്നു പോവാന്‍ പറയുമ്പോള്‍ പക്ഷിക്കുഞ്ഞിനുണ്ടാവുന്ന ആ ഒരു അവിശ്വാസം കലര്ന്ന ഒരു ‘’ഇദി‘’ല്ലെ, അത് തന്നെ.
എയര്പോര്ട്ടില്‍ ചെക്ക്-ഇന് ചെയ്യുമ്പോള്‍, മുമ്പിലൊരു അമ്മച്ചിയുടെ തുരുപ്പന്‍ കെട്ടഴിഞ്ഞു വീണത് കണ്ടു പൊട്ടി പൊട്ടി ചിരിച്ച അനഘയെ കണ്ടു പ്രശാന്ത് അമ്പരന്നു പോകുകയുണ്ടായി. ആദ്യമായി നാടും വീടും ഒക്കെ വിട്ടു പോന്ന അനഘയെ എങ്ങിനെ സമാധാനിപ്പിക്കും എന്നാലോചിച്ചു രാത്രി മുഴുവനും ഉറങ്ങാതെ കിടന്നത് വെറുതെയായി എന്നയാള്‍ വിഷമത്തോടെ ചിന്തിച്ചു. പഴഞ്ചനാണെങ്കിലും പ്രശാന്ത് എസന്ഷ്യലി ഒരു നല്ല മനുഷ്യന്‍ ആണല്ലോ. പിന്നെ അനഘ ചിറകു വിരിക്കുകയാണെന്നും, കൂട്ടില്‍ നിന്നും പുറത്തു വന്ന ആശ്വാസത്തിലാണെന്നുമൊക്കെ ഊഹിച്ചെടുക്കാന്‍ പ്രശാന്ത് ഒരു കവിയൊന്നുമല്ലല്ലൊ.
പിന്നെ പിന്നെ ആവശ്യത്തിനും അനാവശ്യത്തിനും അനഘ ചിരിക്കുന്നത് കാണുമ്പോള്‍ ആദ്യമൊക്കെ പ്രശാന്തിന് പരിഭ്രമം തോന്നിയിരുന്നു. ചിരിയും കരച്ചിലുമൊക്കെ വളരെ പിശുക്കി മാത്രം ചിലവാക്കി ബാക്കിയൊക്കെ പലിശയില്ലാതെ ബാങ്കിലിട്ടു ജീവിക്കുന്ന ഒരു കുടുംബത്തില്‍ നിന്നായിരുന്നല്ലോ പ്രശാന്ത് വന്നത്. അനഘയും ഒട്ടും മോശമില്ലാത്ത ഒരു തറവാട്ടിന്റെ സന്തതി തന്നെ. നേരവും കാലവും നോക്കാതെ ഒരു തുമ്മല്‍ പോലും അവിടെ കടന്നു വരില്ല - അത് കൊണ്ടല്ലേ, "അമ്മേ എനിക്ക് പഠിച്ചാല്‍ മതി, കല്യാണം വേണ്ട" എന്ന് അനഘ ആവര്ത്തിച്ചു പറഞ്ഞിട്ടും ചുവരുകളല്ലാതെ ആരും അത് കേള്ക്കാതിരുന്നതും.
ഒന്നു രണ്ടു കല്യാണാലോചനകള്ക്കൊക്കെ എതിരുപറഞ്ഞു അനഘ തന്നെ ആകെ മടുത്തു നില്ക്കുന്ന കാലത്താണ് പ്രശാന്ത് പെണ്ണുകാണാന്‍ വന്നതും, ജാതകങ്ങള്‍ തമ്മില്‍ നല്ല ചേര്ച്ചയാണെന്നു വീട്ടുകാര്‍ കണ്ടെത്തിയതും. അപ്പോള്‍ പിന്നെ അനഘയും വിചാരിച്ചു, ഈ തടവറയില്‍ നിന്നും പറന്നു പറന്നു അങ്ങ് ദൂരെ ലണ്ടന്‍ നഗരത്തില്‍ ചെന്നൊരു കൂട് കൂട്ടിയാല്‍ പിന്നെ ഇഷ്ടം പോലെയൊക്കെ ജീവിക്കാമല്ലോ എന്ന്. പ്രശാന്തിനു തന്നെ ഇഷ്ടപ്പെടണേ എന്ന പ്രാര്ത്ഥനയോടെ തന്നെയാണ് കറുപ്പില്‍ ഓറഞ്ച് ബോര്ഡര്‍ ഉള്ള കാഞ്ചീപുരം ചുറ്റി മുടിയില്‍ തുളസിക്കതിരൊക്കെ വച്ചു അനഘ പ്രശാന്തിനൊരു ചായ നല്കിയത്. ഒരാണിനേയും പെണ്ണിനേയും കല്യാണംകഴിപ്പിക്കാന്‍ വീട്ടുകാര്‍ തീരുമാനിക്കുന്നിടത്ത് കൊച്ചു വര്ത്തമാനത്തിനെന്തു പ്രസക്തി എന്ന് പ്രശാന്തിനു അത് വരെ പിടി കിട്ടിയിട്ടുണ്ടയിരുന്നില്ലാത്തതിനാല്‍, എന്താ പേര്, എത്ര വരെ പഠിച്ചു എന്ന നോര്മല്‍ ചോദ്യങ്ങള്ക്കൊക്കെ അനഘക്ക് ഉത്തരം കൊടുക്കാതെ കഴിഞ്ഞു .
പ്രശാന്തിന്റെ കയ്യും പിടിച്ചു പുതിയ ചുരിദാറുമിട്ടു താലിമാലയൊന്നു കൂടി വലിച്ചിട്ടു എയര്പോര്ട്ടില്‍ പോവാന്‍ പടിയിറങ്ങിയപ്പോള്‍, മൌനിയായി പടിയിലിരിക്കുന്ന അച്ഛന്റെ മനസ്സു വായിക്കാനൊരു ശ്രമം നടത്തി അനഘ. പറ്റുമായിരുന്നെങ്കില്‍ അച്ഛന്‍ ഇപ്പോളും പറഞ്ഞേനെ, ‘അനഘ എന്തിനാ എയര്പോര്ട്ടിലും വിദേശരാജ്യത്തും പോണേ, പകരം രഘു പോയ്കോട്ടെ, അവനല്ലേ ആണ്കുട്ടി’’ എന്ന്.
അനഘയുടെ ആകെയുള്ള ഒരു ഇരട്ട സഹോദരന്‍ ആണ് രഘു എന്നു വായനക്കാര്ക്ക് അറിയാം എന്നാണ് കഥാകാരിയുടെ പ്രതീക്ഷ. 3 മിനിട്ടിന്റെ മൂപ്പു കൊണ്ട് രഘു മൂത്തതായതില്‍ അനഘക്കു വിഷമമൊന്നും അന്നു തോന്നിയിട്ടില്ല. വിഷമം തോന്നിയത് പിന്നേയും എത്രയോ വര്ഷങ്ങള്‍ കഴിഞ്ഞ് രഘു പഠിക്കുന്നതു ഇംഗ്ലീഷ് മീഡിയം സ്കൂളിലും താന്‍ പഠിക്കുന്നത് സര്ക്കാര്‍ വക മലയാളം പള്ളിക്കൂടത്തിലുമാണെന്ന തിരിച്ചറിവ് വന്നപ്പോളായിരുന്നു. പിന്നെ പിന്നെ താനും രഘുവും തമ്മിലുള്ള വ്യത്യാസങ്ങള്‍ അനഘക്കു മനസ്സിലായിത്തുടങി.
ഊണു കഴിക്കുമ്പോള്‍ രഘുവിനു വറുത്ത മീനും അനഘക്കു പുളിയിട്ടു വച്ച മീന്‍തലയും. പുളിയിട്ടു വച്ച മീന്ചാറിനു വറുത്ത മീനിനെക്കാള്‍ രുചിയെന്നു മുത്തശ്ശി പറഞ്ഞതു പാവം അനഘ കുറേക്കാലം വിശ്വസിച്ചു എന്നതു സത്യം.
കാലത്ത് നേരത്തെ എണീറ്റ് അമ്മയെ അടുക്കളയില്‍ സഹായിച്ചും രഘു പറയുന്ന കഥകളിലൂടെ പുതിയ സിനിമളെ കണ്ടും, വില്ലേജ് ലൈബ്രറിയില്‍ നിന്നും അവനു മനസ്സലിവു തോന്നുമ്പോള്‍ കൊണ്ടുവരുന്ന മുട്ടത്തു വര്‍ക്കിക്കഥകള്‍ വായിച്ചും ഒരു രണ്ടാംതരം ജീവിയായി അങ്ങിനെ ജീവിച്ചുപോന്ന കാലത്തൊന്നും ഇതിനെ പറ്റിയൊക്കെ ഒന്നു പൊട്ടിത്തെറിച്ചാലോ എന്നു അനഘ ആലോചിച്ചിട്ടില്ല. അമ്മയും മുത്തശ്ശിയുമടക്കമുള്ള പെണ്പ്രജകളൊന്നും അത്തരമൊരു പ്രെസീഡന്സ് വീട്ടില്‍ ഉണ്ടാക്കി വച്ചിട്ടുമില്ലല്ലൊ.
ആ ആലോചന വന്നതു പത്താം ക്ലാസ്സില്‍ ഡിസ്റ്റിങ്ഷനോടെ പാസ്സായിട്ടും അനഘക്കായി അഛന്‍ തിരഞ്ഞെടുത്തത് മാത്തുക്കുട്ടിസ്സാറിന്റെ നളന്ദ പാരലല്‍ കോളേജും കഷ്ടിച്ചു ഫസ്റ്റ് ക്ലാസ്സ് ഒപ്പിച്ച രഘുവിനു ഡൊണേഷന്‍ കൊടുത്തു നഗരത്തിലെ കോളേജില്‍ ഫസ്റ്റ് ഗ്രൂപ്പും വാങ്ങിയപ്പോളായിരുന്നു.
പ്രാക്ടിക്കലെന്നും പരീക്ഷയെന്നും പറഞ്ഞു പെണ്കുട്ടികള്‍ വൈകിവരുന്ന ഏര്പ്പാടൊന്നും ഇവിടെ പറ്റില്യാന്നു അച്ഛന്‍ പറഞ്ഞതു കേട്ടു ഓടിച്ചെന്നു കുളത്തില്‍ ചാടിയാലോന്നു പലവട്ടം ആലോചിച്ചു അനഘ. താഴത്തെ തൊടിയുടെ മൂല വിറ്റ് രഘുവിന് എഞ്ചിനീറങ്ങിന് അഡിമിഷന്‍ വാങ്ങിച്ച ദിവസവും കുളത്തിനെ കുറിച്ചോര്മ്മ വന്നു അനഘക്ക്. ജെയ്‌ന്‍ ഓസ്റ്റിന്റെ നായികമാരാരും തങ്ങളുടെ നിര്‍ഭാഗ്യത്തില്‍ മനം നൊന്ത് ആത്മഹത്യക്കൊരുങ്ങിയില്ലല്ലൊ എന്നാലോചിച്ചപ്പോള്‍ തല്ക്കാലത്തെക്കു അടങിയിരിക്കാന്‍ അനഘയുടെ മനസ്സ് തീരുമാനിച്ചു. ഒരു മിസ്റ്റര്‍ ഡാഴ്സി ** എന്നു വേണമെങ്കിലും അയലത്തു താമസിക്കാന്‍ വരാമെന്നതു ഒരു പോസ്സിബിലിറ്റിയല്ല എന്നു പറയാന്‍ പറ്റില്ലല്ലൊ.
കല്യാണം കഴിഞ്ഞ് പ്രശാന്തിനോട് പറയാന്‍ കുറെയേറെ കുഞ്ഞുവിശേഷങ്ങള്‍ മനസ്സിലൊതുക്കി വച്ചിരുന്നു അനഘ. എയര്ഹോസ്റ്റസ് ആവാന്‍ അപേക്ഷ അയച്ചതും, അതു വീട്ടിലറിഞ്ഞു പുകിലായതും വേണമെങ്കില്‍ ടീ ടീ സീക്കൊ, ബീ എഡിനോ പോകാം, അതിനപ്പുറം ഈ വീട്ടിലെ പെണ്ണുങ്ങളൊന്നും വളരണ്ട എന്ന അച്ഛന്റെ ഓഫറിനെ എതിര്ത്തു രണ്ടു ദിവസം പട്ടിണി കിടന്നതും ഒക്കെ പ്രശാന്തിനോട് പറഞ്ഞു, ഇനി ലണ്ടന്നഗരത്തില്‍ എനിക്ക് ഗ്ലാമര്‍ ഉള്ള ജോലി തന്നെ വാങ്ങിച്ചു തരണേ എന്ന് കൊഞ്ചണമെന്നു നേരത്തെ മനസ്സിലുറപ്പിച്ചിരുന്നു അനഘ. വിരുന്നുപോക്കിന്റെ ആദ്യ ദിനങ്ങളില്‍ പതുക്കെ മുട്ടിയുരുമ്മിയിരുന്നു ‘’സബ്ജക്റ്റ് മാറ്റര്‍’‘’ പതുക്കെയൊന്നു പുറത്തെടുത്തപ്പോള്‍ വലിയ റെസ്പോണ്സ് ഒന്നും കാണാതെ അനഘ ആദ്യമൊന്നു പകച്ചു പോയി.
ലണ്ടനില്‍ വന്ന ആദ്യദിവസങ്ങളിലൊക്കെ പ്രശാന്തിന്റെ ഈ തണുപ്പന്‍ സ്വഭാവം പതുക്കെ പതുക്കെ മാറ്റിയെടുക്കാമെന്നു പ്രതീക്ഷയുണ്ടായിരുന്നു അനഘയ്ക്ക്. അതുകൊണ്ടല്ലേ, ‘കുട്ടി എന്തിനാ ഇപ്പോള്‍ ജോലിക്കു പൊണേ, വീട്ടില്‍ നല്ല ഭക്ഷണം ഒക്കെ ഉണ്ടാക്കി സുഖമായി ഇരുന്നൂടെ ’’ എന്നു പ്രശാന്ത് ആവര്ത്തിച്ചുപറഞ്ഞിട്ടും അനഘ ക്ലാസിഫൈഡ്സ് നോക്കി തുരുതുരാ സീവീകള്‍ അയച്ചിട്ടത്.
ഒന്നിനും മറുപടി വരാതെ വിഷമിച്ചിരിക്കുമ്പോളാണു്, ഒരു ദിവസം അനഘയുടെ തലച്ചോറില്‍ ഒരു ബള്ബ് മിന്നിയത് – എന്തെങ്കിലും പഠിച്ചാലോ എന്ന്. അതിനെപ്പറ്റി ചിന്തിച്ചു തുടങ്ങിയപ്പോഴേക്കും പ്രശാന്ത് ചൊടക്കം പറഞ്ഞു : ‘’ എന്തിനാ ഇനി പഠിച്ചിട്ട്, വേണമെങ്കില്‍ വല്ല കുക്കിങ് ക്ലാസ്സിനും ചേരാലോ’‘ . അന്നാണ് അനഘ ആദ്യമായി പോട്ടിത്തെറിച്ചതെന്നു പ്രശാന്ത് സുഹൃത്തായ മനശാസ്ത്രജ്ഞനോടു് പറയുന്നതു അനഘ ഒളിച്ചുനിന്നു കേട്ടിരുന്നു.
"അനഘക്കു ഇവിടെ എന്തിന്റെ കുറവാ?’‘ എന്നു ചോദിച്ചു പ്രശാന്ത് കണ്ണുനിറച്ചപ്പോള്‍ അനഘക്കു ചിരി വന്നു. പാവല്ലെ പ്രശാന്ത് എന്നൊരു തളര്ച്ചയില്‍ അനഘ കുക്കിങ് ക്ലാസ്സിനെ വെട്ടിയരിഞ്ഞുകളഞ്ഞു. എന്നിട്ട് അസ്സലൊരു കരിംകാളന്‍ ഉണ്ടാക്കി പ്രശാന്തിന് ഉച്ചയ്ക്ക് ഊണു കൊടുത്തു.
ലൈബ്രറിയില്ന്നും കൊണ്ടു വന്ന ‘“ലേഡി ചാറ്റര്‍ലിയുടെ കാമുകന്’ ‘’രസം പിടിച്ചു വായിക്കുന്നതിനിടയിലാണ് പ്രശാന്തിന്റെ അടുത്ത കമന്റ് വന്നത് ‘’അനഘയെ പറ്റി ഞാന്‍ ഇങിനെയൊന്നുമല്ല ധരിച്ചിരുന്നതു. തറവാട്ടില്‍ പിറന്ന പെങ്കുട്ടികള്‍ വായിക്കണ പുസ്തകമാണോ ഇതു, കുട്ടി ലൈബ്രറിയിലും മ്യുസിയത്തിലുമൊക്കെ പോണതെന്തിനാ? മലയാളം ചാനലൊക്കെ ഇവിടെ ഉണ്ടല്ലൊ, അതൊക്കെ കണ്ടുടെ?’‘
‘ബോറടിച്ചിട്ടു വയ്യ, പ്രശാന്ത്’ അനഘ പറഞ്ഞുനോക്കി. ‘
‘’തനിക്കു പരദൂഷണം പറയാന്‍ ഞാന്‍ നല്ലൊരു കമ്പനി തരാം’ എന്നു പറഞ്ഞു അനഘയെ ഒരു സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടു പോയപ്പോള്‍, പ്രശാന്തിനു കുഴപ്പം പിടിച്ചൊരു പ്രോബ്ലം സോള്വ്ചെയ്ത അഹങ്കാരമായിരുന്നു. പെണ്ണിന് പറയാന്‍ പരദൂഷണവും സീരിയല്‍ കഥകളും മതിയെന്നു കണ്ടു പിടിച്ചതു പ്രശാന്ത് അല്ലല്ലൊ.
‘’എന്താ കുട്ടീ, സന്തോഷമായില്ലെ?’‘
വൈകീട്ടു മടങ്ങുന്ന നേരത്തു അനഘയുടെ വാടിയ മുഖം പ്രശാന്തിനെ അത്ഭുതപ്പെടുത്തി.
‘കുട്ടി, ഇങിനെ ആവശ്യമില്ലാത്ത പുസ്തകങ്ങള്‍ വായിച്ചു കൂട്ടാതെ, കുറച്ചു നാമംചൊല്ലു ദിവസവും, അപ്പൊ പിന്നെ വേണ്ടാത്ത ചിന്തകള്‍ ഒന്നും മനസ്സില്‍ വരില്ല’’ എന്നു നല്ലൊരു സൊലൂഷന്‍ കൂടി അനഘയുടെ പ്രശ്നങ്ങള്ക്ക് കണ്ടു പിടിച്ചു പ്രശാന്ത് പിറ്റേ ദിവസം. അല്ലെങ്കിലും ശിലായുഗം മുതല്ക്കെ ആണിന്റെ സ്പെഷാല്റ്റിയാണല്ലൊ പ്രശ്നങ്ങള്ക്കു സൊലൂഷന്‍ കാണുന്നത്, മാറിയതു സ്ത്രീ മാത്രമല്ലെ.
‘’ഈ പ്രശാന്ത് എന്താ ഇങ്ങിനെ?’’ എന്നു അനഘ സ്വയം ചോദിച്ചുതുടങ്ങിയ ദിവസങ്ങള്‍ ആയിരുന്നു അതു്. അതേ ചോദ്യം തന്നെ അനഘയെപ്പറ്റി പ്രശാന്തും ചോദിച്ചുതുടങ്ങിയിരുന്നു.
മുറിയുടെ ചുവരുകള്‍ അടുത്തടുത്തുവന്നു ശ്വാസംമുട്ടിച്ചു കൊല്ലുന്നതായി സ്വപ്നം കണ്ടു അനഘ ഉറക്കത്തില്‍ ഞെട്ടിയെണീറ്റു് കരഞ്ഞ ദിവസമാണ് പ്രശാന്ത് മനശ്ശാസ്ത്രജ്ഞന്റെ സഹായം തേടാന്‍ തീരുമാനിച്ചത്. മണിചിത്രത്താഴ് സിനിമ കണ്ട് നാഗവല്ലിയെ മനസ്സിലിട്ടു നടക്കുന്ന നേരത്താണ് കഷ്ടകാലത്തിന് അനഘയോട് മനശാസ്ത്രജ്ഞന്റെ കണ്ടുപിടുത്തം വിവരിക്കാന്‍ പ്രശാന്തിനു തോന്നിയത്. ‘’എനിക്കു വട്ടാണോ? എനിക്കു വട്ടാണോ’’ എന്നു അനഘ അപാര്ട്ടുമെന്റിന്റെ ചുവരുകള്‍ ഭേദിക്കുമാറ് അലറിയത് അസ്സല്‍ നാഗവല്ലി സ്റ്റൈലില്‍ തന്നെ എന്നു മുറി അടച്ചു ഓടിപ്പോയി സ്നേഹിതനു് ഫോണ്ചെയ്തുപറഞ്ഞു പ്രശാന്ത്.
പിന്നെ പിന്നെ അനഘക്കു അസുഖമാണെന്നും, പക്ഷെ അനഘയുടെ ആവശ്യങ്ങള്‍ എല്ലാം സാധിപ്പിച്ചുകൊടുത്താല്‍ ആളൊരു പാവമായി ഒതുങ്ങി കിടന്നോളുമെന്നൊക്കെ മനസ്സിലായപ്പോള്‍ പ്രശാന്ത് ശ്രദ്ധ ജോലിയിലേക്കും, അപ്പുറത്തെ സീറ്റിലിരിക്കുന്ന കരോലിനിലേക്കും തിരിച്ചുവിട്ടു. പാവം പ്രശാന്തിനും വേണ്ടേ എന്തെങ്കിലും ഒന്നു ആശ്വസിക്കാന്‍.

പതിയെ പതിയെ ചുവരുകള്‍ മര്യാദക്കുട്ടികളാവുന്നതായി മാറുന്നതു അനഘയ്ക്കു മനസ്സിലാവുന്നുണ്ടായിരുന്നു. ഇപ്പൊ കണ്ണടയുമ്പോഴേക്കും ഓടി അടുത്തു വരുന്നതു വെളുത്തു തുടുത്ത മേഘക്കുഞ്ഞുങ്ങളാണ്. ഫൂട്പാത്തിനരികിലെ പൂത്തുനില്ക്കുന്ന വര്‍ണ്ണച്ചെടികള്‍ ചിലപ്പോളൊക്കെ ഗന്ധങ്ങളുടെ ചിറകേറി വിരുന്നു വന്നുതുടങ്ങിയിരിക്കുന്നു. ഹബീബ അമ്മായി** പറഞ്ഞതു പോലെ വശങ്ങളിലായി രണ്ട് കുഞ്ഞിച്ചിറകുകള്‍ വരുന്നുണ്ടൊന്നൊരു സംശയം തോന്നുന്നുണ്ട് ഒന്നു രണ്ടു ദിവസമായി. അതൊന്നു പ്രശാന്തിനോടു ചോദിച്ച് ഉറപ്പുവരുത്തണമെന്ന പ്ലാനില്‍, ലൈബ്രറിയുടെ പടികള്‍ ഇറങ്ങുന്ന അനഘയ്ക്കു മുമ്പില്‍ പരസ്പരം കെട്ടിപ്പുണര്ന്ന് പ്രശാന്തും കരോലിനും വന്നുപെട്ടതുവരെയുള്ള കഥയേ കഥാകാരിക്കറിയൂ.
ഈ കഥക്കൊരു ക്ലൈമാക്സ് ഓരോ വായനക്കാരനും (ക്കാരിയും) സ്വയം കണ്ടുപിടിക്കേണ്ടതാവുന്നു. പുതിയ സൈക്കോമെട്രിക്ക് പരീക്ഷകളിലെ പോലെ നിങ്ങളുടെ ഉത്തരം നിങ്ങളുടെ പേര്സണാലിറ്റിയിലേക്കുള്ള ചൂണ്ടുപലക ആയിരിക്കും.
സുനാമിത്തിരമാലകളെപ്പോലെ ഒരു ആവേശത്തിനു് പ്രശാന്തിനുനേരെ അലറിയാര്ത്തുചെന്ന അനഘയേയും പിന്നത്തെ രംഗത്തില്‍ മനോരോഗാശുപത്രിയിലെ കട്ടിലില്‍ ചാഞ്ഞിരുന്നാടുന്ന അനഘയേയും കാണിച്ചുതരുന്നവന്‍ ഭാവനാശൂന്യനായ മുരടന്‍. പ്രിയദര്ശന്സിനിമകളില്‍ നമ്മള്‍ എത്രയോ തവണ കണ്ടു മടുത്തതാ ഈ രംഗങ്ങള്‍.
ഇഷ്ടംപോലെ ജീവിക്കാന്‍ അനഘയ്ക്കുള്ള അതേ സ്വാതന്ത്ര്യം പ്രശാന്തിനുമുണ്ടല്ലൊ എന്നു നിങ്ങള്‍ പറഞ്ഞാല്‍ നിങ്ങളെ ഒരു പിന്തിരിപ്പന്‍ മൂരാച്ചിയായേ കരുതാനാവൂ. സ്വാതന്ത്ര്യം, വേദന, മനസ്സ് ... ഇതൊക്കെ പെണ്ണിന് മാത്രമായ വികാരങ്ങളാണെന്ന് നിങ്ങള്ക്കറിയാത്തത് ആധുനികസാഹിത്യവുമായി നിങ്ങളുടെ ബന്ധമില്ലായ്മയാണു കാണിക്കുന്നത്.
പ്രശാന്ത് പ്രശാന്തിന്റെ വഴിയിലും, അനഘ അനഘേടെ വഴിയിലും തിരിഞ്ഞു പോയി എന്നാണ് നിങ്ങളുടെ മറുപടിയെങ്കില്‍, കൊള്ളാം നിങ്ങള്‍ യാഥാര്ത്ഥ്യബോധമുള്ള ആളാണ് എന്നു കരുതാം. കേരളത്തിലെ ഒരു സര്‍ക്കാര്‍ജോലിക്കു് തികച്ചും അനുയോജ്യന്‍.
അന്നത്തെ വൈകുന്നേരത്തെ ഫ്ലൈറ്റിനുതന്നെ അനഘ നാട്ടിലേക്കു മടങ്ങിപ്പോയെന്നൊ, ഇങ്ങിനെ ഒരു നാടകം കളിച്ച് പ്രശാന്തിനെ പറ്റിച്ചതില്‍ പശ്ചാത്താപവിവശയായ അനഘ അയാളുടെ കാലില്‍ കെട്ടിപ്പിടിച്ചു മാപ്പിരന്നുവെന്നും ഇനി മുതല്‍ ഒരു നല്ല ‘ഭാര്യ’ ആയി അടങ്ങി ഒതുങ്ങിക്കൂടാനും ചോറുമൊക്കെ വച്ചു ജീവിച്ചുകൊള്ളാമെന്ന് സമ്മതിച്ചുവെന്നും ഒക്കെ ക്ലൈമാക്സുകള്‍ തിരഞ്ഞെടുക്കുവാന്‍ ധാരാളം.
ഒരു പഴയ മലയാള സിനിമയില്‍ പപ്പുവിന്റെ കഥാപാത്രം പറഞ്ഞതുപോലെ ‘’നമുക്കു ഊഹിക്കലോ’’ എന്നൊരു ക്ലൂകൂടി നല്കി കഥാകാരി യാത്രയാവുകയാണ്, അടുത്ത ജാലകക്കാഴ്ചയിലേക്ക്.
സൂചനകള്‍
* പ്രൈഡ് ആന്റ് പ്രജുഡിസിലെ നായകന്‍.
*** ഫാത്തിമ മെറ്നിസ്സിയുടെ ഡ്രീംസ് ഒഫ് ട്രെസ്പാസിലെ കഥാപാത്രം.

1 Mar 2016

malayalasameeksha feb 15-march 15/ 2016

റെംബ്രാന്തിന്റെ ചിത്രം

ഉള്ളടക്കം 
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്- സുനിൽ എം എസ് മൂത്തകുന്നം 
 നാരായണവഴിയിലെ നടനപ്രപഞ്ചം- പി കെ ഗോപി
ശിക്ഷ- സന്തോഷ് പാലാ 
കടലിരമ്പങ്ങളുടെ സംഗീതം- ശ്രീജിത്ത് മൂത്തേടത്ത് 
 അയാൾ-എം പി അയ്യപ്പൻ
ക്യു പിന്നെയും ക്യു- ബാബു ആലപ്പുഴ 
ഉറ്റവരുരുകിക്കലർന്ന വെയിൽ- ശ്രീകൃഷ്ജ്ണദാസ് മാത്തൂർ
തത്വമസി- അൻവർ ഷാ ഉമയനല്ലൂർ
കാലത്തിനോട്- രാജൂ കാഞ്ഞിരങ്ങാട് 

കാക്ക- സതീശൻ ഒ പി 
ഡിക്ഷണറി- ദീപു ശശി തത്തപ്പള്ളി 

തത്വമസി/കവിത

അന്‍വര്‍ ഷാ ഉമയനല്ലൂര്‍



തിരുരവംപോലെയീ, വിപിനത്തിനിടയിലൂ-

ടൊഴുകിയെത്തുന്നിളമരുവിതന്‍പ്രിയസ്വരം

സാന്ത്വനംപകരുവാനുണരുന്ന മലരുപോ-

ലരികെനിന്‍ സ്മിതകാല വദനമാംവാസരം

പരിപാവനാരാമ സാമ്യമെന്‍ പാരിനെ-

പരിപാലനംചെയ്‌തുണര്‍ത്തുന്നുദാരകം

തവ നന്മയറിയാതഹന്തയാല്‍ മര്‍ത്യകം

പരിണമിച്ചീടുന്നുലകിതില്‍ പലവിധം.

വിണ്ണിലൂടല്ല! നിന്‍ സഞ്ചാരമെന്നിവര്‍-

ക്കാരോതിയേകിടാനിന്നെന്‍ ദയാനിധേ,

ഹസ്തങ്ങള്‍ നീട്ടിത്തുണയ്‌പ്പുനീ,യല്ലാതെ

ദുഃഖങ്ങള്‍ പകരുന്നതില്ലെന്നുടയതേ.

നിന്നെയളക്കുവാനാകുന്നതില്ല! സുര-

സ്നേഹിതരാം പാമരന്‍മാര്‍ക്കൊരിക്കലും

കാത്തുവയ്ക്കുന്നു കരുതലില്‍ കൈകളാ-

ലാമോദനാളം കെടാതവര്‍ക്കുള്ളിലും!

ചേറില്‍നിന്നഴകാര്‍ന്നയംബുജങ്ങള്‍ നിര-

ത്തുന്നതു,മലിവാലുലകുണര്‍ത്തുന്നതും

പാടേമറന്നു! പടുചിന്തകള്‍ക്കൊത്തുചേര്‍-

ന്നുലയു,ന്നരികെനീയെന്നറിയാതെയും!

സ്വസ്ഥമേയല്ലെന്ന തോന്നലാണിതരര്‍ക്കു

ഹൃത്തിലായുളളതെന്നറിയുന്നുവെങ്കിലും

ഭക്തവര്‍ണ്ണങ്ങള്‍ചേര്‍ത്തെഴുതുന്നു ചിന്തയില്‍

പൊന്‍തൂവല്‍കൊണ്ടുനീയാരമ്യ പുലരികള്‍.

മഹിതമാണെല്ലാം; മറക്കുന്നു വെറുതെയീ-

ജന്മവുമെന്നപോല്‍ ധരയിതില്‍ ചിരജനം

നിറയുന്നു ചുറ്റിലും തിരുനാമമൊരുപോലെ-

യെന്നുണര്‍ത്തുന്നുപരിയടിയന്റെഹൃത്തടം.

സ്തുതിമാത്രമോതിടുന്നനുമാത്ര,യറിവിതേന്‍

സ്മൃതിയിലൂടിഴചേര്‍ന്നിരിപ്പെന്നുമെന്‍വിഭോ

കരുണതന്‍ദീപം തിരിച്ചൊന്നു; വേഗേനെ

മനനവുമൊന്നായ്‌ത്തെളിക്കെന്‍ മഹാപ്രഭോ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഭാവിയിലേക്ക് കുതിക്കുന്ന പേടകം
ഗായത്രി

''രചനയില്‍ പുതുകാലത്തിന്റെ 

കുതിപ്പുകള്‍ ഒളിപ്പിച്ചു വച്ചിട്ടുളള 

ഒരു കഥയാണ് ഫംഗസ്''.

 
കൊവിഡ് 19 എന്ന മഹാമാരി അപ്രതീക്ഷിതമായി മാനവരാശിയെ മുഴുവന്‍ നിസ്സഹായതയുടെയും നിരാലംബതയുടെയും ദശാസന്ധിയില്‍ തളച്ചിട്ട ഈ കാലത്തെ നിര്‍വചിക്കാനാവാത്ത സംത്രാസത്തില്‍ പെട്ട് ഉഴലുകയാണ് മനുഷ്യന്‍. തത്വജ്ഞാനികള്‍ നിശബ്ദരായിപ്പോയ ഈ കരാള കാലത്തെ അന്ധാളിപ്പോടെ നോക്കിക്കാണുന്ന വ്യക്തിസത്തകളുടെ ജീവതത്തിലേക്ക് ഭാവനയുടെ തീവ്രമായ പ്രകാശം പരത്താന്‍ ശ്രമിക്കുന്ന രചനയാണ് നിരൂപകന്‍ കൂടിയായ എം. കെ. ഹരികുമാര്‍ എഴുതിയ 'ഫംഗസ്' എന്ന കഥ. 

സാമാന്യേന വലിയ ഈ കഥ റഷ്യന്‍ ജീവിത പശ്ചാത്തലത്തിലാണ് നടക്കുന്നത്. സര്‍ചക്രവര്‍ത്തിമാരുടെ ഏകാധിപത്യപരമായ കൊടുമകള്‍ക്കെതിരെ ഒരു പറ്റം വിപ്ലവകാരികള്‍ മുന്നോട്ടു വന്നപ്പോഴാണ് ഒക്ടോബര്‍ വിപ്ലവമെന്ന മഹാത്ഭുതം സംഭവിച്ചത്. സറിസ്റ്റ് റഷ്യയെപ്പറ്റി എന്തൊക്കെ ദോഷങ്ങള്‍ പറഞ്ഞാലും അത് മാര്‍ക്‌സിയന്‍ വീക്ഷണത്തിലുളള ഒരു സാമുഹികക്രമം നടപ്പിലാക്കാന്‍ സധിക്കുമെന്ന് ലോകത്തിന് കാണിച്ചു കൊടുത്തു. ഈ കഥയില്‍ കമ്മ്യൂണിസ്റ്റ് റഷ്യയില്‍ ജീവിച്ച ഒരെഴുത്തുകാരന്‍ പിന്നീട് നിശബ്ദനായെന്ന് ഒരു സൂചന നല്‍കുന്നുണ്ട്. അത് പക്ഷെ എന്തുകൊണ്ടാണെന്ന് എഴുത്തുകാരന്‍ പറയുന്നില്ല. വഌദ്മിര്‍ സ്മിര്‍നോവ് എന്ന അതേ എഴുത്തുകാരന്‍ മുമ്പ് എഴുതിയ ഫംഗസ് എന്ന ഒരു കഥ അതേ എഴുത്തുകാരന്റെ പ്രതിജന്മമായി വിശേഷിപ്പിക്കുന്ന മറ്റൊരെഴുത്തുകാരന്‍ ഫംഗസ് എന്ന പേരില്‍ തന്നെ പുനരാവിഷ്‌കരിക്കുന്നതായാണ് കഥാകഥനം.

  ഉത്തരാധുനികതയുടെ ഇക്കാലത്ത് കഥയെഴുത്തില്‍ കഥാകാരന്മാര്‍ പ്രകടിപ്പിക്കുന്ന പല നൂതന സമ്പ്രദായങ്ങളും നാം കാണുന്നുണ്ട്. ഈ കഥയുടെ ആഖ്യാനതന്ത്രവും അത്തരത്തില്‍ രൂപപ്പെട്ടിട്ടുളളതാണ്. റഷ്യയിലെ ഒരു ടിന്‍ നിര്‍മാണക്കമ്പനിയിലെ സാധാരണ തൊഴിലാളിയായ ലെനിക്കോവ് എന്ന കഥാപാത്രത്തിലൂടെ പുതിയ കാലത്തെ റഷ്യയിലെ തൊഴിലാളികളുടെ ജീവിതത്തിലെ അസമത്വങ്ങളും ധര്‍മസങ്കടങ്ങളും അവ ഉല്‍പ്പാദിപ്പിക്കുന്ന മാനസിക സംഘര്‍ഷങ്ങളുമാണ് ആഖ്യാനം ചെയ്യുന്നത്. പുതിയ കാല കഥകളിലെ നവഭവുകത്വസംബന്ധിയായ നിരവധി സൂക്ഷ്മ വ്യവഹാരങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ലെനിക്കോവിന്റെ നിത്യജീവിതത്തിലെ ഓരോ നിമിഷങ്ങളും വിചിത്രവും വ്യത്യസ്തവുമായ ചിന്തകളിലും അനുഭവങ്ങളിലും പെട്ട് മുന്നോട്ട് പോകുമ്പോള്‍ വായനക്കാരന്‍ ശരിക്കും അസ്വസ്ഥനാകും. അത്രമേല്‍ കാര്യങ്ങള്‍ അയാളെ വ്യകുലനാക്കുന്നുണ്ട്.

 ഫംഗസ് എന്ന വാക്ക് കേള്‍ക്കുന്നവരില്‍ രോഗം പരത്തുന്ന ചില സൂക്ഷ്മ ജീവികളുടെ ഓര്‍മകള്‍കൂടി മറ്റു പലതിനോടുമൊപ്പം കടന്ന് വരും. കുമിള്‍ എന്ന അതിന്റെ സാമാന്യ നാമത്തിനപ്പുറം പല തരത്തിലുളള സാക്രമികരോഗങ്ങള്‍ക്കും അതിടവരുത്തിയേക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു എഴുത്തുകാരന്‍ താന്‍ എഴുതിയ കഥയ്ക്ക് ഫംഗസ് എന്ന് പേരിടുമ്പോള്‍ അയാളിലെ മനീഷീയെയാണ് അത് ലക്ഷ്യം വക്കുന്നത്. പില്‍ക്കാലത്ത് അതിനോട് സദൃശമായ ഒരു രോഗം ഭൂമിയെ പൊതിയുമ്പോള്‍ മനുഷ്യന്റെ ദുരക്ക് അറുതിവരുത്താന്‍ പ്രകൃതി ചിലത് മുന്നോട്ട് വക്കുകയാണോയെന്ന് സംശയിക്കാവുന്നതാണ്. മുതലാളിത്തത്തിന്റെ മുദ്രാവാക്യം ജീവിതം സന്തോഷപൂര്‍വം ആഘോഷിക്കൂവെന്നാണ്. ഉപഭോക്തൃ സംസ്‌കൃതിയിലൂടെ ആസക്തിയുളള മനുഷ്യകുലത്തെ ഉണ്ടാക്കിയെടുക്കുകയെന്നതാണ് മുതലാളിത്തം അതിലൂടെ ലക്ഷ്യമിടുന്നത്. ജീവിതത്തോടുളള ആസക്തികൊണ്ട് ഇച്ഛിച്ചതൊന്നും ലഭിക്കാതെ വരുന്ന മനുഷ്യന്റെ നിരാശയും അസംതൃപ്തിയും അവന്‍ ജീവിക്കുന്ന സമൂഹത്ത അധമപ്രവൃത്തികളിലേയ്ക്ക് നയിക്കുന്നു. പരിഷ്‌കൃത സമൂഹത്തെ സൃഷ്ടിക്കാന്‍ അപരിഷ്‌കൃതരായവരെ നിഗ്രഹിച്ചാലും തെറ്റില്ലെന്നതും മുതലാളിത്തത്തിന്റെ കാഴ്ച്ചപ്പാടാണ്. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സാമ്പത്തികമായി ത്രാണിയില്ലാത്തവരെ നിഷ്‌കാസിതരാക്കുന്നത് വികസനത്തിന്റെ മറ്റൊരു മുഖമാണിന്ന്. 

 ലെനിക്കോവിനെ അലട്ടുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. സ്വന്തം ഭാര്യ അയാള്‍ക്ക് വേണ്ടി സ്‌നേഹപൂര്‍വ്വം ഉണ്ടാക്കിക്കൊടുക്കുന്ന ഉരുളക്കിഴങ്ങ് സൂപ്പ് ഒരിക്കല്‍ അയാളിലെ ഊര്‍ജസ്വലനായ ഭര്‍ത്താവിനെ ഉണര്‍ത്തിയിരുന്നെങ്കിലും ഒരു ഘട്ടം മുതല്‍ അതയാളുടെ വീര്യത്തെ ഉണര്‍ത്താന്‍ പര്യാപ്തമാകാതെ വരുന്നു. മനുഷ്യന്‍ അവന്റെ പരമ്പരാഗതമായ ഭക്ഷണത്തില്‍ തൃപ്തരായി മാറുമ്പോള്‍ പുത്തന്‍ ഭക്ഷണക്കൂട്ടുകളുമായി നമ്മെ വശീകരിക്കുന്നവലിയ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി പോകേണ്ടിവരും. അത്തരം വേളകളില്‍ പാരമ്പര്യ ഭക്ഷണത്തെ അധിക്ഷേപിക്കുകയും അവയെപ്പറ്റി അവമതിപ്പുണ്ടാക്കുകയും ചെയ്താലേ കുത്തകകള്‍ക്ക് പിടിച്ചു നില്‍ക്കാനാവൂ. ഉരുളക്കിഴങ്ങ് സൂപ്പ് എന്ന പാരമ്പര്യ ഭക്ഷണം ലെനിക്കോവിനെ ഉണര്‍ത്താതാവുന്നതോടെ മുതലാളിത്തത്തിന്റെ നീരാളപ്പിടുത്തത്തില്‍ അയാള്‍ കുടുങ്ങിക്കഴിഞ്ഞെന്നുമാണ് അര്‍ത്ഥമാക്കുന്നത്. ഇത്തരത്തില്‍ നിരവധി സന്ദര്‍ഭങ്ങള്‍ ആനുഷംഗികമായി കഥയില്‍ അഭിമുഖീകരിക്കുന്നുണ്ട് വായനക്കാരന്‍.
കൊവിഡുമായി ഫംഗസിനേ തട്ടിച്ചു നോക്കാനാവില്ലെങ്കിലും സദൃശമായ ഒരവസ്ഥ മണ്ണിനെ പൊതിഞ്ഞ് നില്‍പ്പുളളതായി ബോധ്യപ്പെടുത്താന്‍ കഴിയുന്നുണ്ട്. 

 അതേസമയം കൊവിഡ് തന്റെ മാരക താണ്ഡവം തുടരുന്ന വേളയില്‍ മരണത്തിന്റെ കാല്‍പ്പെരുമാറ്റം ഓരോ മനഷ്യനും തനിക്കും ചുറ്റു കേള്‍ക്കാന്‍ തുടങ്ങുന്നിതിലെ അനിശ്ചിതത്വം സൃഷ്ടിക്കുന്ന ഭീതി മാനവരാശിയെ ഒന്നടങ്കം കീഴടക്കുമ്പോള്‍ ഫംഗസ് എന്ന കഥ ചില സൂക്ഷ്മതകളെ പ്രതീകാത്മകമായി പിന്‍പറ്റുന്നുണ്ട്. ലെനിക്കോവിന് പല നേരങ്ങളില്‍ പല മനസ്സാണ്. ഒരു തരത്തില്‍ അയാള്‍ ഫംഗസ് എന്ന അനിശ്ചിതത്വത്തിന്റെ ഇരയാണ്. അയാളിലെ കാമനകള്‍ അയാളെത്തന്നെ തോല്‍പ്പിക്കുന്ന ഒരു വേളയില്‍ തന്റെ ഭാര്യയോട് തോന്നാത്ത കമ്പം ഒരു വേശ്യയോട് തോന്നിക്കുന്ന ചില മുഹൂര്‍ത്തങ്ങള്‍ കഥയില്‍ പ്രതിപാദിക്കുന്നുണ്ട്. ലെനിക്കോവിന്റെ അടക്കാനാവാത്ത കാമമല്ല അയാളെ അത്തരത്തിലൊരു സംഗമത്തിന് പ്രേരിപ്പിക്കുന്നത്. എന്നാലും ആ വേശ്യയോട് അയാള്‍ മനസ്സ് തുറക്കുന്നു. മനഷ്യമനസ്സിന്റെ നിഗൂഢതകള്‍ പുറമേ നിന്ന് വീക്ഷിക്കുമ്പോള്‍ ശാന്തമെന്ന് തോന്നുമെങ്കിലും അത് അത്യഗാധമായ ചുഴികളെ സ്വയം ഗര്‍ഭീകരിച്ചിരിക്കുന്ന ഒരു പ്രഹേളികയാണ്. ലെനിക്കോവെന്ന തൊഴിലാളിയുടെ ജീവിതം ഒട്ടും സന്തോഷകരമായിരുന്നില്ല. 

 സന്തോഷിക്കാവുന്ന ഒര സാമുഹിക ജീവിതമോ അവസ്ഥയൊ അല്ല അയാളെ ചൂഴ്ന്ന് നില്‍ക്കുന്നത്. ഈ പുതിയ കാലത്തെ നിര്‍വചിക്കാന്‍ സാധിക്കാത്തവണ്ണം സങ്കീര്‍ണവും മരീചികകള്‍കൊണ്ട് മൂടപ്പെട്ടതുമാണെന്ന് ലെനിക്കോവ് തിരിച്ചറിയുന്നില്ല. ഒരു തൊഴിലാളിയുടെ ജീവിതം അതിലപ്പുറത്തേയ്ക്ക് ചിന്തിക്കാന്‍ അയാളെ പ്രേരിപ്പിക്കാത്തവിധം സാമുഹിക ചുറ്റു പാടുകള്‍ മാറിപ്പേയതായി വായനക്കാരന്‍ മനസ്സിലാക്കുന്നു. ഒര നല്ല കലാസൃഷ്ടി എപ്പോഴും അത് രചിക്കപ്പെടുന്ന കാലത്ത് നിന്ന് മുന്നിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങും. സമകാലിക സര്‍ഗാത്മക മാതൃകകളെ അത് ഉല്ലംഘിക്കും മടിയേതുമില്ലാതെ. കാരണം അത് അതിന്റെ ലക്ഷ്യത്തിലേക്കുളള പ്രയാണം തുടങ്ങിയിട്ടേയുളളു. കാലങ്ങളെ കവച്ചുവച്ച് അത് കുതിച്ചു തന്റെ ഭാവികാലവ്യവഹാരങ്ങളില്‍ ചെന്നു പറ്റുകയെന്നതാണതിന്റെ ദൗത്യം. ഇത്തരത്തില്‍ രചനയില്‍ പുതുകാലത്തിന്റെ കുതിപ്പുകള്‍ ഒളിപ്പിച്ചു വച്ചിട്ടുളള ഒരു കഥയാണ് ഫംഗസ്. അത് നമ്മുടെ കഥാലോകത്തെ ആകമാനം ഗ്രസിക്കുന്ന ഭാവിയെപ്പറ്റി നമുക്ക് ജാഗ്രത പുലര്‍ത്താം.

BACK TO HOME


  

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...