29 Mar 2016

ഗുരുവിനെക്കുറിച്ച് ഒരു നവാദ്വൈത വായന


സ്വാമി അവ്യയാനന്ദ

ചരിത്രത്തെ രണ്ടായി പിളർക്കുന്ന ഒരു  നോവൽ  ഇതിഹാസം .
എം കെ  ഹരികുമാറിന്റെ 'ശ്രീനാരായണായ ' എന്ന നോവലിൻറെ  പാരായണാനുഭൂതി  ഗ്രന്ഥകാരനും ശിവഗിരി മാസികയുടെ  ചീഫ്  എഡിറ്ററുമായ  സ്വാമി അവ്യയാനന്ദ  വിവരിക്കുന്നു .

"ഒരു സന്യാസിയാകുന്നത്‌ എന്തിനാണ്‌"?
"കൂടുതൽ സ്വതന്ത്രനാകാൻ"
"നൂറ്‌ നൂറ്‌ പ്രാണസ്വരങ്ങൾ കേൾക്കാനുള്ള പ്രാപ്തിയാണ്‌ സന്ന്യാസം പ്രകടമാക്കുന്നത്‌."
    എം.കെ.ഹരികുമാറിന്റെ പുതിയ പുസ്തകമായ 'ശ്രീനാരായണായ' എന്ന നോവലിലെ അർത്ഥപൂർണ്ണമായ വരികളാണ്‌ മേലുദ്ധരിച്ചിരിക്കുന്നത്‌. നമ്മുടെ നോവൽ സങ്കൽപങ്ങളിലുള്ള ഒരു നവീകരണ യജ്ഞമാണ്‌ ഈ പുതുപ്പിറവി. വായന എന്ന സംസ്കാരത്തിന്റെ അന്തർലോകങ്ങൾ കാണിച്ചു തരുന്ന ഒരു രചനയാണ്‌ ശ്രീനാരായണായ. ശ്രീനാരായണഗുരുവിന്റെ ജീവിതചരിത്രത്തിലൂടെയുള്ള ഒരു വൃഥായാത്രയല്ല ഈ നോവൽ. പ്രത്യുത  , പ്രകാശമാനമായ ഗുരുവിന്റെ അകത്തളങ്ങളിലേക്കുള്ള ശാന്തി യാത്രയാണ്‌  തുറന്നിടുന്നത്‌.
    അനുവാചനമാനസങ്ങളിലേക്ക്‌ ഗുരുദർശനത്തിന്റെ നവോന്മേഷം, ഇടറാത്ത വാക്കുകളിലൂടെ പകരാൻ നോവലിസ്റ്റിന്‌ കഴിഞ്ഞിട്ടുണ്ടെന്ന്‌ പറയാതെ വയ്യ. ഒരാഴ്ചക്കാലത്തെ എന്റെ പ്രഭാതവായനയെ ചേതോഹരമാക്കാൻ ഈ മനോഹര പുസ്തകത്തിന്‌ കഴിഞ്ഞിട്ടുണ്ടെന്ന്‌ സന്തോഷസമേതം കുറിക്കട്ടെ. ഗുരുദർശനത്തിന്റെ ഒരു സവിശേഷതയാണ്‌ വ്യാപനശീലം. അന്തരംഗങ്ങളിൽ സംക്രമിച്ച്‌ അത്‌ ഉയിരിനെ കർമ്മനിരതമാക്കുന്നു. അവിടെ സംവേദനത്തിനായി ഭാഷയുടെ മാധ്യമമാവശ്യമില്ല. ഭാഷയും രൂപവും സത്തയുമെല്ലാം പരംപൊരുളായ അരുളായി പരിണമിക്കുമ്പോൾ അത്‌ കാലദേശങ്ങൾക്കതീതമാകുന്നു.
    അതിന്‌ നവീനമായ ഒരേകത്വം സിദ്ധിക്കുന്നു. ഒരേസമയം വിദൂരവും സമീപസ്ഥവും വിസ്മയവുമായി ഭവിക്കുന്ന ആ ഭാഷ വിശ്വപദവിയിലേക്കുയരുന്നു. അവിടെ ഭാഷ സംഗീതാത്മകമാകുന്നു. വായനക്കാരനും മനസ്സിൽ ഒരീണമാകുന്നു. പുതിയവാക്കുകൾ തേടിയുള്ള സ്നേഹപ്രയാണമാണ്‌ സംഗീതം. അത്‌ ഈ നോവലിൽ തെളിഞ്ഞു വിളങ്ങുന്നു. ശബ്ദങ്ങളുടെ എടുത്തുചാട്ടത്തിൽ നിന്ന്‌ സമാധാനത്തിന്റെ താഴ്‌വാരങ്ങളിലേക്ക്‌ ഗുരുദർശനത്തെ സ്വാംശീകരിക്കാൻ കഴിയുന്ന അനിതരസാധാരണമായ അനുഭവമാണ്‌ ഈ നോവൽ . ഇവിടെ ചിന്തകൾ പ്രകാശവേഗതയാർന്ന വാക്കുകളെ തേജോമയമാക്കുന്നു.  നോവലിലെ ഭാഗം ഇങ്ങനെയാണ് :
ഗുരു ഒരു ബാലനോട്‌ സൗമ്യമായി പറയുന്നു. "ശിവനെ അറിയണമെങ്കിൽ നീ ഒരു മന്ദാരച്ചെടി നട്ടുവളർത്തുക. ദൃശ്യമാകാത്ത മന്ദാരത്തിന്റെ വളർച്ചയാണ്‌ ശിവം". വാക്യരചനയിൽ തന്റേതായ ഒരു ക്രമഭംഗിയുണ്ട്‌ ഈ നവീനസൃഷ്ടിയിൽ. ആത്മീയമായ പശ്ചാത്തലത്തിൽ ഊന്നി നിന്നുകൊണ്ട്‌ ഒരു സാമൂഹിക ശാസ്ത്രകാരന്റെ വസ്തുനിഷ്ഠതയും വിമർശകന്റെ നിശിതത്വവും ദാർശനികന്റെ രൂപഘടനാബോധവും കവിയുടെ ഭാവനാത്മകതയും ഈ ശ്രീനാരായണായയിൽ ഇഴകലർന്നിട്ടുണ്ട്‌. നാടകീയമായ ആരംഭങ്ങൾ. സൗമ്യതയാർന്ന വാക്കുകളുടെ ചടുലചലനങ്ങൾ, ധ്യാനാത്മകവും ദാർശനികവുമായ ചരിത്രനിരീക്ഷണങ്ങൾ, ഗുരുദർശനപ്രതീതി ഉണർത്തുന്ന പശ്ചാത്തല വിവരണങ്ങളുടെ മന്ദഗതിയിലുള്ള ദീർഘവാക്യങ്ങൾ.
    കഥാവ്യാഖ്യാനത്തിന്റെ ഗാഢതയുള്ള സംഭവവിവരണങ്ങൾ. വിദഗ്ധമായ കോറലുകളിലൂടെ വരച്ചിടുന്ന ഗുരുചിത്രങ്ങൾ. ഇവയെല്ലാം വായനയുടെ അപ്രതീക്ഷിതമായ തിരിവുകളിൽ അഭൗമമായ പ്രകാശം വിതറിപ്രത്യക്ഷപ്പെടുന്നു. ചേതോഹരമായ ചിത്രകലയെ ഓർമ്മിപ്പിക്കുന്നവിധം ലളിതമെങ്കിലും സങ്കീർണ്ണമായ വർണ്ണപ്പൊലിമയും രേഖാഭദ്രതയുമുള്ള വാക്യങ്ങളുടെ അതിമനോഹരമായ വിന്യാസമാണത്‌. എപ്പോഴും അത്‌ വായനക്കാർക്കായി ചിലവിസ്മയങ്ങൾ കരുതി വച്ചു.  "അന്ന്‌ സന്ധ്യയിൽ നിന്ന്‌ കുങ്കുമം എടുത്ത്‌ പക്ഷികൾ തൂവലുകൾക്ക്‌ കനം വയ്പിച്ചു" - ഈ മനോഹര ഭാവം പിന്നെ വരച്ചിടുന്നത്‌ ഗുരുവിന്റെ ഉള്ളകങ്ങളിലെ ദീനദയയുടെ സാന്ധ്യശോഭയാണ്‌.
    "എല്ലാ മതങ്ങളും ഒഴുകി, ഇവിടെ സ്നേഹവും അനുകമ്പയുമാകുന്നു. അതാണ്‌ പവിത്രമായ, എല്ലാക്കാലത്തേയും എല്ലാ പ്രാണികളുടേയും മതം. (പേജ്‌-228) തുടർന്നുള്ള താളുകളിൽ ഈ ഗുരുമതദർശന വീക്ഷണങ്ങൾ നീണ്ടു പോവുകയാണ്‌. തട്ടുംതടവുമില്ലാത്ത ഒരു കല്ലോലിനിപോലെ.
    ഇന്നത്തെ നിലയിൽ അത്ര സാധാരണമല്ലാതിരുന്ന പദങ്ങൾ, പദസംയുക്തങ്ങൾ, വാക്യഘടനാ വൈചിത്ര്യങ്ങൾ എന്നിവയിലൂടെ ഹരികുമാർ തന്റെ സ്വന്തം ദർശനമായ നവാദ്വൈതത്ത്തിന്റെ സ്വത്വമുദ്രയും ആവിഷ്കാര സാമർത്ഥ്യവും ആവഹിക്കുന്നുണ്ട്‌. ഇവയെല്ലാം ചേർന്ന്‌ ത്രസിക്കുകയും ചൊടിക്കുകയും ധ്യാനസ്ഥമാകുകയും ചെയ്യുന്ന യാഥാർത്ഥ്യത്തിന്റെ തീവ്രതയും സത്യദർശനത്തിന്റെ അലൗകികതയും പകരുന്ന വാങ്മയധാരയാണ്‌ ഈ നോവലിനെ ഏറെ ഭാസുരമാക്കുന്നത്‌. ആർജ്ജിതമെന്നതിനേക്കാൾ സഹജമായിരുന്നു ഹരികുമാറിന്റെ ഗുരുദേവാഭിമുഖ്യം.
    "ഒരു നിറം മാത്രമേ തന്നതുള്ളൂവിധി, എനിക്കാവതില്ലേ-
പലവർണ്ണമാകാൻ" എന്ന്‌ പ്രിയകവി അയ്യപ്പപ്പണിക്കർ പാടിയതുപോലെ തന്റെ അകത്തെളിച്ചം തനതുഭംഗിയോടെ ഹരികുമാർ ഒറ്റവർണ്ണത്തിൽ നിന്ന് പല വർണങ്ങളിലേക്ക് ആവിഷ്കരിക്കുന്നു നവാദ്വൈതത്തിൽ.
    "നിഷ്കളങ്കമായ പ്രകൃത്യുപാസനയിൽ നിന്നേ ഭിന്നതയില്ലാത്ത അന്തരീക്ഷം ജനിക്കുകയുള്ളൂ." (പേജ്‌-272) തുടർന്നുള്ള വരികളിൽ ആ അഭയാവസ്ഥയുടെ നാനാവശങ്ങൾ വരച്ചിടുന്നത്‌ ഉൾപ്പുളകത്തോടെ മാത്രമേ വായിച്ചുപോകാനാകൂ. ഗുരുദേവചിന്തയിലെ ആത്മീയമുക്തിയെക്കുറിച്ച്‌ മാത്രമായിരുന്നില്ല, ഭൗതികപാരതന്ത്ര്യങ്ങളിൽ നിന്നുള്ള മനുഷ്യമോചനത്തെക്കുറിച്ചും ഹരികുമാർ തന്റെ നോവലിൽ ചിത്രണം ചെയ്യുന്നുണ്ട്‌.
    ഹരികുമാർ ഭാഷയെ സ്പർശിക്കുമ്പോൾ ഗുരുവിന്റെ അഗാധദർശനത്തിന്റെ നാനാർത്ഥങ്ങളാണ്‌ ഉദ്ദീപ്തമാകുന്നത്‌. ആ ദർശനവിശേഷത്തിന്റെ മൗലികതയാണ്‌ ഹരികുമാറിന്റെ ശ്രീനാരായണായയുടെ മാന്ത്രികത. അതേ, വിചാരഗൗരവമാർന്ന ഒരു ചാരു സമീപനം. ആഴമില്ലാത്ത ഏകമാനമായ അങ്ങാടിഭാഷയോട്‌ എന്നും വിമുഖനായിരുന്ന നോവലിസ്റ്റിന്‌ ഭാഷ കേവലമൊരു ആശയവിനിമയോപാധിയായിരുന്നില്ല. ഭാഷയുടെ ദാർശനികമായ പ്രയോഗസാധ്യതയായിരുന്നു ഹരികുമാറിന്റെ ഉന്നം.
    "വവ്വാലുകൾ പറക്കുന്നത്‌ നിലാവിൽ കാണാൻ കഴിഞ്ഞു. ആ ചിറകടികൾ ഒരു ഋതുവിന്റെ മേഘഭാരമായി അനുഭവപ്പെട്ടു''. രൂപനിർമ്മിതിയിലേക്ക്‌ മുതിരുന്ന ഒരു ആഖ്യാനരീതി ഹരികുമാറിനു  എത്രയും സ്വാഭാവികമായിരുന്നു. ഗുരുദേവന്റെ അന്യാദൃശ്യരൂപം വായനക്കാരിലേക്ക്‌ സംക്രമിപ്പിക്കുന്ന രചനാവൈഭവം സദ്ചിന്തകൾക്ക്‌ അഴകേറ്റുന്നതത്രേ. പുണ്യചരിതന്മാരുടെ നോവലുകളുടെ ആത്മശൂന്യതയെ തിരസ്കരിക്കുന്ന സവിശേഷമായ ജീവിതഭാഷാ ദർശനമാണ്‌ ഹരികുമാറിന്റെ ഈ നോവലിനെ വ്യത്യസ്ഥവും ഹൃദയംഗമമവുമാക്കുന്നത്‌. കണിശവും മൗലികവും എന്നാൽ അതിരുകളില്ലാത്തതുമായ പ്രസാദാത്മക ചിന്താലോകത്തിന്റെ സ്വാഛന്ദ്യമാണ്‌ ഈ രചനയെ മിഴിവുറ്റതാക്കുന്നത്‌. തപസ്സിന്റെ സരളതയെ ഇങ്ങനെ വരച്ചിടുന്നു:
 "ഓർമ്മയുടെ ശുദ്ധജലംകൊണ്ട്‌ സ്നേഹരാഹിത്യത്തിന്റെ തരിശുനിലത്തെ നനയ്ക്കുക. സഹജമായ അനുകമ്പയും സ്നേഹത്തിന്റെ ഓർമ്മകളുമാണ്‌ തപസ്സ്‌ ''.
ദാ മോക്ഷത്തിന്റെ നവീനാവിഷ്കാരം ശ്രദ്ധിക്കൂ:
"മറ്റുള്ളവർ നമുക്ക്‌ സൽപ്രവൃത്തികളുടെ പേരിൽ തിരിച്ചു നൽകുന്ന അനുകമ്പയാണ്‌ മോക്ഷം. അത്‌ എല്ലാവർക്കും ക്ഷേമം വരുത്തും" .
  അനുവാചകൻ ഇങ്ങനെ വായിച്ചു നെടുവീർപ്പിടുന്നു. "അറിവുകൾ പറവകളായി പ്രഭാതസവാരി ചെയ്യുകയാണ്‌." വാക് ശുദ്ധിയെക്കുറിച്ചും നോവലിസ്റ്റിന്‌ ഏറെ പറയാനുണ്ട്‌. "വാക്കുകളെ നോവിക്കാതെ ഉപയോഗിക്കുക". അതെ, വാക്കുകളോടുവരെ അനുകമ്പ പുലർത്തുന്ന മനസ്സായിരുന്നു ഗുരുവിന്റേത്‌.  വലിയൊരുസത്യം ഗ്രന്ഥകാരൻ വാക്കുകൾക്ക്‌ നോവാതെ വിളിച്ചു പറയുന്നുണ്ട്‌. "സദ്ബുദ്ധിയിലും സദ്ഭാവത്തിലും സ്നേഹിച്ച ലോകത്തെ സംരക്ഷിക്കുകയാണ്‌ ഉത്തമം." തുടർന്നുള്ള താളുകളിലും പ്രബോധനാത്മകമായ വരികൾ വരുന്നുണ്ട്‌. "വെള്ളരിയുടെ ഒരു വിത്ത്‌  മണ്ണിലിട്ട്‌ മൂടി വെള്ളമൊഴിച്ച്‌ അത്‌ വളരുന്നോ എന്ന്‌ നോക്കി പരിപാലിക്കുന്നത്‌ സദ്‌വൃത്തിയിലേക്കുള്ള ഊന്നലാകുമെങ്കിൽ അത്‌ ആധ്യാത്മികതയാണ്‌."
    ഇതിൽ കൂടുതലായി തെളിമയോടെ ആധ്യാത്മികതയെ നിർവ്വചിക്കാൻ നമുക്കാകുമോ? വീണ്ടും അമൃതവാണികളിങ്ങനെ "നെന്മണിക്കുള്ളിലിരുന്ന്‌ ഈ ലോകത്തെ ധ്യാനിക്കുന്ന ഒരു സ്രോതസ്സുണ്ട്‌.
    "സദ്‌വൃത്തികളുടെ പ്രാണലതയിൽ ദൈവത്തെ നിലനിർത്തുന്ന ഭക്തന്‌ അതിന്‌ അനുസൃതമായ ശുദ്ധവും പ്രാപഞ്ചികവുമായ ദൈവത്തെ ലഭിക്കുന്നു. ഇവിടെ ഈ വരികളിൽ ദൈവത്തിന്റെ അസ്തമിക്കാത്ത മന്ദഹാസം അനുഭവിച്ചറിയാം. ഇനിയും അനുവാചകചേതനയെ വിസ്മയിപ്പിക്കുന്ന വാക്കുകളും വാക്യങ്ങളും ഗ്രന്ഥകാരൻ വരച്ചിടുന്നുണ്ട്‌. "ഏറ്റവും ഭയാനകമായ സത്യം  ഒന്നേയുള്ളൂ. അത്‌ ശരീരത്തിനുള്ളിൽ പൂട്ടിയിട്ട അന്തഃകരണത്തിന്റെ അകം എന്തെന്നറിയാതെ ലോകം വിടേണ്ടി വരിക എന്നതാണ്‌". ഇതിനെല്ലാം താങ്ങായി ഹരികുമാർ പ്രയോഗിച്ചിരിക്കുന്ന ഗുരുരചന 'സ്വാനുഭവഗീതി'യാണ്‌. പുസ്തകത്തുടക്കത്തിലെ ആ മുഴക്കം അവസാനഭാഗങ്ങളിലെത്തുമ്പോഴും ഒരു വിശുദ്ധ നാദമായി അലയടിക്കുന്നുണ്ട്‌. എന്തായാലും ഗുരുവിനെ പുത്തൻവഴികളിലൂടെ അന്വേഷിക്കുന്ന നോവലിസ്റ്റിന്‌ ഒരു വിദൂര നമസ്കാരം അർപ്പിച്ചുകൊണ്ട്‌ വായനക്കാരൻ നോവലിലെ  ശലഭഭാഷണത്തിൽ ശ്രദ്ധാലുവാകുന്നു.

    ശലഭത്തിന്റെ ആത്മീയതയെക്കുറിച്ച്‌ നിരവധി പുറങ്ങളിൽ ചർച്ചയാവുന്നുണ്ട്‌. നമ്മുടേതല്ലാത്ത അപരമായ ഒരുമയിൽ നാം എത്തിച്ചേരുമെന്ന്‌ പിന്നീട്‌ ഉറപ്പാക്കുന്നുണ്ട്‌. ഇതാണ്‌ ആത്മീയത എന്നും അടിവരയിടുന്നുണ്ട്‌.
"ആരാണ്‌ യഥാർത്ഥ ഗുരു? ഒരേ രീതിയിൽ, ചൊല്ലിയതുതന്നെ വീണ്ടും ചൊല്ലിക്കടന്നുപോകാതെ ഇതുവരെയുണ്ടാകാത്ത ജ്ഞാനം തരുന്നയാളാണ്‌ യഥാർത്ഥ ഗുരുവെന്ന്‌ തെളിമൊഴി" .അത്‌ നിത്യപ്രസാദത്തിന്റെ നെറുകയിലെത്തിയ ശേഷമുള്ള സ്വയംവിസ്മൃതിയാണ്‌ (443) വീണ്ടും വായനക്കാരനിൽ ആത്മശോഭ പരത്തുന്ന വാക്കുകളിങ്ങനെ - എല്ലാ വൈജാത്യങ്ങൾക്കും ശോകാത്മകതയ്ക്കും മുകളിൽ ചിറകുകൾ ചെറുതായി ഇളക്കി വായുവിൽ നിന്ന്‌ സാരസൂത്രങ്ങളുടെ ഉച്ചാരണം ശ്രവിച്ചെടുക്കണം. ഇതാണ്‌ ദൈവികതയിലെത്താനുള്ള ധനം.     ഹരികുമാറിന്റെ ആശ്രമസങ്കൽപവും രസകരമായി ഇവിടെ ആവിഷ്കരിക്കുന്നുണ്ട്‌.  'ഇസഡ് 'പോലെ ഒരാശ്രമം. ദൈവികതയ്ക്ക്‌ കാവൽനിൽക്കുന്ന രണ്ടു മരങ്ങൾ. നോവലിസ്റ്റ്  ഒരുകാര്യം ശക്തമായി പറയുന്നു: "ദൈവത്തേയും മനുഷ്യത്വത്തേയും നാം സൃഷ്ടിക്കണമെന്ന ആഹ്വാനം ഗുരുമതത്തിലെ കനലാണ്‌." ആ കനൽ ഊതിജ്വലിപ്പിച്ചാൽ നമുക്ക്‌ ദൈവത്തെ വായിച്ചു തുടങ്ങാം. ഗുരുകൃതികളിലെ സംഗീതാത്മകതയെക്കുറിച്ചുംപ്രതിപാദിക്കുന്നു  . " എത്രകാലം ഈണങ്ങൾ ശ്രവിച്ചാലും സ്നേഹം ഭവിക്കില്ല. ഒരു ഗുണത്തിനും ദോഷത്തിനും നിന്നു തരില്ല. നമ്മുടെ കഥകൾ അഗാധമായ വ്രണമായി ഉള്ളിൽ നീറ്റലാകുമ്പോഴും പ്രാണൻ ഒരു ബലിക്കാക്കയെപോലെ ദൂരെ മാറിനോക്കിയിരിക്കും."
 പ്രകൃതിയുടെ നിഗൂഢമായ ഒരീണമായ ആ ശിരസ്സിലെ കുരുന്ന്‌ ഇലകളെ കാണാനായി അവന്റെ ചിത്തം കൊടുമ്പിരിക്കൊണ്ടു. അത്‌ ശിവമാണ്‌. രാത്രിയുടെ ഇരുട്ടിൽ ജീവനായി നീണ്ടു പോകുന്നത്‌. മത്തയുടെ വളർച്ച അതിന്‌ കാണാൻ കഴിയാത്തത്താണ്‌." വീണ്ടും ചില പൊള്ളുന്ന പരമാർത്ഥങ്ങൾ . ശോകം യഥാർത്ഥത്തിൽ ദുർബ്ബലമായ മനസ്സിനെ ശക്തിപ്പെടുത്തുന്നതാണ്‌.  ചിത്തത്തിന്റെ വ്രതമാണത്‌. പിന്നീട്  അറിവിന്റെ നൃത്തത്തിലേക്കാണ്‌ പോക്ക്‌.
 "നമ്മുടെ ഉള്ളിലെ ഏറ്റവും പ്രഥമമായ അറിവ്‌. നിഷ്കളങ്കതയുടെ അഹം. നാമറിയാതെ ഫണം വിടർത്തിയാടണം. സ്വന്തം ഉടലിന്റെ ചിതാഭസ്മയോഗത്തെ മുന്നിൽ നിർത്തിയാടുന്നവന്‌ ആഗ്രഹങ്ങളില്ലാതാകും."
നല്ല ശരിയുടെ നിർമ്മിതിയിലേക്കുള്ള യാത്ര ഏറെ കൗതുകമുണർത്തുന്നതാണ്‌.
"കാലത്തിനുള്ളിൽ നാം നടത്തുന്ന സ്വപ്നാത്മകമായ വേറിടലും നമ്മോടു തന്നെയുള്ള കലഹവുമാണ്‌ അൽപമെങ്കിലും നൈമിഷിക യാഥാർത്ഥ്യത്തെ നിർമ്മിക്കുന്നത്‌.''
    "ഞാൻ ഒന്നുമല്ലാതിരിക്കുകയും ദൈവികതയുടെ കണ്ടെത്തലിൽ ഒരുമ അറിയുകയും ചെയ്യുകയാണെങ്കിൽ അതാണ്‌ എന്റെ ഉണ്മ''. ശലഭം പറയുന്നു. "എന്റെ ആത്മീയത നിറങ്ങൾ കൊണ്ടുണ്ടാക്കിയ ഈ ചിറകുകൾ വീശിയുള്ള ചെറു പറക്കലാണ്‌''.  തുടർന്ന്‌ ഒരു ശലഭയുദ്ധം തന്നെയുണ്ട്‌. ഇവിടെയും വാക്കുകൾ വിസ്മയത്തിന്റെ മഹാവസന്തം ചമയ്ക്കുന്നു.  പ്രശാന്തിയുടെ പ്രഭവകേന്ദ്രത്തിലേക്ക്‌ വാക്കുകൾ വഴികാട്ടിയാകുന്നത്‌ നോക്കുക.
    "അതുവരെ ഉണ്ടായിരുന്ന ക്ലിപ്തവും വഴിമുട്ടിയതും പോരടിക്കുന്നതുമായ മനസ്സിനെ പെട്ടെന്നുയർത്തി ആനന്ദം നൽകുന്നതാകണം ഭൂപ്രകൃതി. എല്ലായിടത്തും അത്‌ ലഭിക്കുകയില്ല. തടാകങ്ങൾ, സമുദ്രങ്ങൾ, കുന്നുകൾ തുടങ്ങിയവ ഒത്തു ചേർന്ന്‌ വരുമ്പോൾ ഈ പ്രശാന്തി ലഭിക്കുന്നു."
    ഇനിയങ്ങോട്ട്‌ നവാദ്വൈത വിഭൂതി ചാർത്തിയ മനസ്സിന്റെ ഗുരുപഥം തേടിയുള്ള തീർത്ഥയാത്രകളാണ്‌.  "മീനുകൾ നീന്തുമ്പോൾ, പൂവ്‌ വിരിയുമ്പോൾ, കുഞ്ഞ്‌ ചിരിക്കുമ്പോൾ, പശുക്കുട്ടി  ഓടുമ്പോൾ, പക്ഷികൾ പറന്നുയരുമ്പോൾ, തുമ്പികൾ ആകാശത്തിൽ തുടിക്കുമ്പോൾ അത്‌ ആനന്ദമായി, ഭാഷയായി, സംഗീതസാന്ദ്രമാകുന്നു. അതേ, ആനന്ദവും ഭാഷയും സംഗീതവും ത്രിവേണി സംഗമമാകുന്ന ഗുരുരചനയുടെ അമേയ ലാവണ്യത്തോണിയിലാണിപ്പോൾ അനുവാചകൻ!
    ആനന്ദമാർഗ്ഗത്തിലെത്തണമെങ്കിൽ തിന്മയെ നോവിക്കാതെ പിഴുത്‌ മാറ്റണമെന്നും ഓർമ്മിപ്പിക്കുന്നുണ്ട്‌ . ഒരു മുന്നറിയിപ്പ്‌ കൂടിയുണ്ട്‌. "തിന്മയ്ക്ക്‌ നൊന്താൽ അത്‌ രോഗമായി പടരും. നിരപരാധികളെ അത്‌ വിഷത്തിൽ മുക്കും". അതിന്റെ ഫലശ്രുതി ഇങ്ങനെ: "കാറ്റിന്റെ യോഗാത്മകതയും ശബ്ദങ്ങളുടെ ധർമ്മശാസ്ത്രവും അവന്റെ ശരീരത്തെ രക്തമാംസങ്ങൾക്കപ്പുറമുള്ള വാദ്യഘോഷമാക്കി." അവന്റെ ദൈവികതയാകട്ടെ ഓരോ നൂലും കെട്ടുവീഴാതെ ഇഴചേർന്നു വരുന്നതാണ്‌ ''.
"പ്രതിഷ്ഠകൾ അറിവിന്റെ ആവിഷ്കാരമാണ്‌. തരിശായി കിടക്കുന്ന ഭൂമിയിലുള്ള കൃഷിയിറക്കലാണ്‌". നവീനതയുടെ തൊടുകുറിയുള്ള ശാലീനഭാവമാർന്ന ഇത്തരം വാക്കുകൾ ഈ മഹത്ഗ്രന്ഥത്തിന്‌ അർത്ഥഭാരം നൽകുന്നു. വീണ്ടും...."ആ പവിത്രരസനയിൽ നിന്ന്‌ പദകോശങ്ങളുടെ ഒരാരവം ഉയർന്നു ''.  ഗുരുവിലെത്താനുള്ള സുഗമമാർഗ്ഗം തുറന്നു തരുന്ന ഒരു വാക്യം ശ്രദ്ധിക്കൂ: "ദൈവം, അദ്വൈതം, വേദാന്തം എന്നിവയ്ക്ക്‌ ജീവിതാനുഭൂതിയുടെ ലയത്തിൽ അർത്ഥം തെരഞ്ഞാലെ ഗുരുവിലെത്താൻ കഴിയൂ.".
    അത്‌ ശരി, ശരി എന്ന്‌ വായനക്കാരൻ ശിരസ്സ്‌ നമിക്കുന്ന സന്ദർഭം സ്വാനുഭവശീതിയുടെ മനോഹര വിന്യാസത്തിലൂടെ നോവലിസ്റ്റ്‌ സാധിതമാക്കുന്നുണ്ട്‌. ശ്രീനാരായണ ധർമ്മം എന്ന പദം തന്നെ ഒരു മതമാണെന്ന്‌ എഴുതുന്ന ഹരികുമാർ "ജീവികളുടെ കരച്ചിൽ കേൾക്കുമ്പോഴാണ്‌ മനുഷ്യത്വം പൂർണ്ണമാകുന്നതെ''ന്നും കൂട്ടിചേർക്കുന്നു.
    "ഗുരുദർശനത്തിന്റെ വീട്‌''? ഉത്തരം: വീട്‌ കളിസ്ഥലം പോലെയാണ്‌. അവിടെ ഉണർവ്വുണ്ടാവണം.
" ക്ഷേത്രമോ?   -"ക്ഷേത്രം വിദ്യാലയമാവണം."
"ആശ്രമം?:അത്‌ പ്രകൃതിയാണ്‌. ദൃശ്യാത്മകമായ പ്രകൃതി. അതൊരു ഭാഷയുമാണ്‌. മനസ്സുമായി കൂടിച്ചേരുന്ന ഭാഷ  .
    "യാചകന്‌ ഒരു സാർവ്വ ലൗകികപ്രതീകത്തിന്റെ ഭംഗിയുണ്ട്‌. നട്ടെല്ല്‌ ബ്രഹ്മദണ്ഡായി ഉപയോഗിക്കുകയാണെങ്കിൽ ലോകം തന്നെയാണ്‌ തറവാട്‌" .ഒരു യാചക മനസ്സിനെ അപൂർവ്വമായി വായിക്കുന്നുണ്ട് . ഈ ശരീരം അസത്യങ്ങളെ പ്രത്യേക രുചിയോടു കൂടി സ്വീകരിച്ച്‌ അടക്കി സൂക്ഷിച്ചിരിക്കുകയാണ്‌. എല്ലാ വിഷയങ്ങളും എച്ചിലായിരിക്കുന്നതുപോലെ തന്റെ ശരീരവും അവശിഷ്ടമായിരിക്കുകയാണെന്ന്‌ ഒരു യാചകന്‌ തോന്നുമ്പോൾ മിഥ്യകൾ ഒന്നൊന്നായി തകരുകയാണ്‌. തുടർന്ന്‌ ഗുരുവിന്റെ സാരവത്തായ സംഭാഷണങ്ങളാണ്‌. അനുകമ്പയോട്‌ ഗ്രന്ഥകാരൻ കാട്ടുന്ന ആഭിമുഖ്യം ഒന്നുവേറെ തന്നെയാണ്‌. "അനുകമ്പയാണ്‌ മനസ്സിന്റെ ഏറ്റവും സുന്ദരമായ മുഖം''.
"ലോകത്തെ അനുകമ്പയോടെ നോക്കിയാൽ ശരീരത്തിന്‌ സ്നേഹം കിട്ടും''.അത്‌ ഉൾത്തീമാറ്റാനുപായമാകും. "ഒരാൾ സ്വന്തം ശോകാഗ്നിയെപ്പറ്റി മറ്റൊരാളായി നിന്ന്‌ നിരീക്ഷിച്ചു അതിന്‌ സ്വയം പ്രതിവിധി ചെയ്യുമ്പോഴാണ്‌ തൃക്കണ്ണിന്റെ അനുഗ്രഹം ഉണ്ടാവുക. അത്‌ എല്ലാ വേദനകളേയും സംഹരിച്ചുകളയും. പുതിയൊരു വഴിത്താര തുറന്നിട്ടുതരും" .ഭാഷയുടെ ദേവരാഗമായി പടരുകയാണ്‌ തുടർന്നുള്ള വരികൾ....
    ''ഗുരുദേവ മന്ദഹാസം ചരാചരങ്ങളിൽ പ്രകാശതരംഗങ്ങളാകുന്ന വരികളാണിനി:-"അവിടെ പറന്നു വന്ന കൊറ്റികൾ ഗുരുവിന്റെ അടുത്തുവന്ന്‌ അവിടവിടെ ഇരുന്ന്‌ വന്ദിച്ച്‌  പറന്നു. ലോകജീവിതത്തിന്റെ വിഷാദമാകുന്ന തീയാണ്‌ പിന്നാലെ വരുന്നതെന്ന്‌ ആ കൊറ്റികളുടെ പറക്കൽ ധ്വനിപ്പിക്കുകയായിരുന്നു. അനേകം പക്ഷികളുടെ ഇടറിയ നാദങ്ങളും കരിഞ്ഞ ചിറകുകളും ആ അദൃശ്യതയിൽ ലയംപ്രാപിച്ചിട്ടുണ്ടായിരുന്നു. ഗുരു അവയെത്തന്നെ നോക്കിയിരുന്നു."
    "വ്യോമകൂമ്പാരത്തിനിടയിലേക്ക്‌ പ്രാണനെ വലിച്ചെടുത്തുകൊണ്ട്‌ പറന്ന കൊറ്റികളെ കുറെ നേരത്തേക്ക്‌ കാണാനില്ലായിരുന്നു. ആദ്യം അവയിൽ മൂന്നെണ്ണമായിരുന്നു മുന്നിൽ പറന്നിരുന്നത്‌. പിന്നിലായി അഞ്ചെണ്ണവും. ഇപ്പോൾ മുന്നിലേക്ക്‌ അഞ്ചെണ്ണം കൂടി വന്നിരിക്കുന്നു.    "തൊടിയിൽ വന്ന കാറ്റ്‌ എപ്പോഴൊ ധ്യാനനിരതയായി കഴിഞ്ഞിരിക്കുന്നു. ഗുരുവിന്റെ നെറ്റിത്തടത്തിൽ ആ കാറ്റ്‌ പ്രാണന്റെ ദേവതയായി കൂടിച്ചേർന്നു. ''
    ഇവിടെ അനുവാചക മാനസം ഹരികുമാറിന്റെ നവാദ്വൈത മനസ്സിനോട്‌ ചേർന്നു നിന്ന്‌ ആത്മസാക്ഷാത്കാരത്തിലെ പ്രഭാത സങ്കീർത്തനമാകുന്നു. ആ ഗാനലഹരിയിൽ ഇങ്ങനെയും : "ഒരു പൂട്ടഴിക്കുന്നതുപോലെ അദ്ദേഹം ഗുരുവിന്റെ ഏകാന്തയാത്രകളെ പിന്തുടർന്നു. ലോകം എങ്ങനെയാണോ ഉള്ളിൽ ആഴമുള്ള കടലുകളെ ഒളിപ്പിച്ചിരിക്കുന്നത്‌ ,അതുപോലെ ഗുരുവും മഹാസാഗരങ്ങളെ ഗുപ്തമാക്കുകയായിരുന്നു." 

    "ദരിദ്രനായി നടന്ന്‌ ഗുരു അതിന്റെ താഴെത്തട്ടിലെത്തുന്നതും അവിടെ യാചിക്കുകയും സ്വയം ശകാരിക്കുകയും ചെയ്യുന്നതും എന്തിനെന്നാണ്‌ സനാതനധർമ്മം പഠിച്ചിട്ടുള്ള ഒരു പണ്ഡിതൻ ചോദിച്ചതു."  ഒരു കുഞ്ഞിന്റെ കരച്ചിലിൽ നിലീനമായിരുന്നത്‌ വിശുദ്ധവും തീവ്രവുമായാണെന്ന്‌ കുറിക്കുമ്പോൾ ഇതൾവിരിയുന്നത്‌ ഗ്രന്ഥകാരന്റെ അകത്തെളിമയാർന്ന വിചാരഭംഗികളാണ്‌. നോവലിൽ  ജാഗരൂകമാവേണ്ട മർത്ത്യമനസുകളെ തേടുന്ന വരികളുണ്ട്‌. "നിമിഷത്തിനുള്ളിൽ സദ്പ്രവൃത്തിയെ വട്ടമിട്ടുപറക്കുന്ന കഴുകന്മാരുണ്ട്‌. അവയെ പുറത്താക്കാനാണ്‌ ഏകാഗ്രത ആവശ്യമായിട്ടുള്ളത്‌. അതിന്റെ പ്രകടനപരവും പ്രതിനിധാനപരവുമായ ഭാവമാണ്‌ സ്തുതിയിലൂടെ വരുന്നത്‌."തുടർന്ന്  അനുവാചകൻ, പ്രപഞ്ചം ദൈവ രൂപങ്ങളുടെ കൂട്ടമാവുന്നത്‌ എങ്ങനെയെന്ന്‌ വായിച്ചു തുടങ്ങുന്നു.
"ലക്ഷ്യത്തെ ദേവതയായി സങ്കൽപിക്കുകയാണ്‌. ആ ദേവത മനസ്സിൽ നിന്ന്‌ ഉണ്ടായിരിക്കുന്നു. അത്‌ ദേവതയായി മാറുന്നു. അവിടെയാണല്ലോ പൂക്കൾ അർപ്പിക്കുന്നത്‌. ഒരു നടൻ അഭിനയിക്കുമ്പോൾ തന്റെ കഥാപാത്രത്തിനു ചുറ്റുമാണ്‌ അയാൾ സഞ്ചരിക്കുന്നത്‌. ആ ചിന്തയാണ്‌ ദേവതയായി സൃഷ്ടിക്കപ്പെടുന്നത്‌. ആത്മസമർപ്പണത്തിനായി തീപകരുമ്പോൾ സ്വയം ദേവതയായി സങ്കൽപിച്ചു അർച്ചന നടത്തുന്നു. ദേവതയായി മാറാൻ ഓരോ വസ്ത്രവും തയ്യാറെടുക്കുന്നു. ഇങ്ങനെയാണ്‌ പ്രപഞ്ചം ദൈവരൂപങ്ങളുടെ കൂട്ടാവുന്നത്‌."

    "അന്ന്‌ തൊടിയിൽ കാറ്റ്‌ വേദങ്ങളെല്ലാം ഒഴിഞ്ഞ്‌ ശുദ്ധവും സ്വതന്ത്രവുമായാണ്‌ വീശിയത്‌. മുള്ളിന്റെയകത്ത്‌ കാറ്റിന്റെ മൃദുലഹൃദയരായ കുഞ്ഞുങ്ങൾ വന്ന്‌ മുട്ടുകയും അടക്കം പറയുകയും ചെയ്യുന്നത്‌ ഗുരു അറിഞ്ഞു."
    വല്ലാത്ത ഒരറിവായി അത്‌ അനുവാചകനെ ആപാദചൂഢം പൊതിയുന്നു. പ്രകാശമർമ്മരമായി. തുടർന്ന്‌ ഇങ്ങനെയാകുന്നു വായന:- "വ്യർത്ഥ വേളകളെ വിജ്ഞാനമാക്കാൻ സ്നേഹത്തിന്റെ പടയൊരുക്കത്തിൽ ഊർജ്ജം പകർന്ന ഗുരുവിനോട്‌ ആ കാറ്‌ കുശലം പറയുകയായിരുന്നു." തന്നിൽ നിന്നന്യമല്ലാതെ എല്ലാം ഒന്നായി കണ്ട ആ പുരുഷാകാരം പൂണ്ട പുണ്യത്തിന്‌ ഇങ്ങനെയൊക്കെയാകാനെ കഴിയൂ.
    എപ്പോഴും സ്വന്തം ദൈവികതയിൽ അവിശ്വസിക്കുന്ന കാക്കകൾപോലും ആ പാട്ടിൽ സ്വയം മറക്കുമായിരുന്നു എന്ന്‌  എഴുതുമ്പോഴും ആ ശ്യാമഭംഗി നോവലിസ്റ്റിന്റെ ദൈവസങ്കൽപത്തിൽ വിളക്കു വച്ചിരുന്നുവെന്ന്‌ കാണാം. തുടർന്ന്‌ വാക്കുകൾ ദർശനചാരുതയുടെ ആരാമങ്ങൾ ചമയ്ക്കുന്നത്‌ നോക്കൂ: "അവനിലെ ദൈവികത ആ ഗാനാത്മകതയും സ്നേഹാത്മകതയും പ്രസന്നതയുമായിരുന്നു. അവൻ സ്വയം കൃഷി ചെയ്തുണ്ടാക്കിയതാണ്‌ ആ ദൈവികത. ദൈവം പൂർണ്ണതയെയല്ല അപൂർണ്ണതയുടെ പൂർണ്ണതയെയാണ്‌ ഉൾക്കൊള്ളുന്നത്‌."
     ഗുരുവിന്റെ വിശ്വാസഭൂമിക തുറന്നുകാട്ടുന്നത്‌ നോക്കുക. "ആരാധനയ്ക്ക്‌ ഉപയോഗിച്ച പൂജാസാധനങ്ങൾ ശ്രീകോവിലിൽ നിന്ന്‌ വാരിക്കളയുന്നതുപോലെയാണ്‌ ഗുരു ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും ഉപേക്ഷിച്ചതു." "ദിഗംബരരായ വാക്കുകൾ  പുതിയ അർത്ഥം കാത്ത്‌ പിറവി തേടി വരുകയാണെന്ന്‌ വായനക്കാരൻ ആത്മഹർഷത്തോടെ അറിയുന്നു .
     ഒരു സംഭാഷണശകലം ഇങ്ങനെ: "ഗുരോ, സാരമേഖലകളെ സൗന്ദര്യപൂർണ്ണമാക്കുന്ന തരത്തിലുള്ള വചസ്സ്‌."
    "പ്രകൃതി നൽകുന്ന നിരാഹാരവ്രതമാണ്‌ വിഷാദം" എന്ന്‌ വായിച്ചു തുടങ്ങുമ്പോൾ വായനക്കാരനുണ്ടാകുന്നത്‌ ഹരികുമാറിന്റെ കുറിക്കുകൊള്ളുന്ന വാക്യവൃത്തിബോധമാണ്‌. ഇത്‌ നമുക്ക്‌ നന്നായനുഭവപ്പെടുന്നത്‌  അവധൂതന്റെ ഏകാന്തത  എന്ന ഭാഗം വായിക്കുമ്പോഴാണ്‌.  പ്രഭാതത്തിന്റെ മതംതേടലും ഗംഭീരമായിട്ടുണ്ട്‌. ഞെട്ടിക്കുന്ന ഒരു പ്രയോഗം!
"സസ്യാത്മകമായ നിശ്ശബ്ദതയും നിത്യപ്രേമവുമാണ്‌ ഒരു മതവിശ്വാസിയുടെ മൂലധനം. അതിലാണ്‌ അവൻ കൃഷിയിറക്കുന്നത്‌. അവന്‌ തിരികെ കിട്ടുന്നത്‌ നിശ്ശബ്ദതയുടെ സൗഖ്യമാണ്‌." ഇതൊക്കെയുണ്ടാവണമെങ്കിൽ എങ്ങനെയാവണം നമ്മുടെ മനസ്സിനെ പരിപാലിക്കേണ്ടത്‌?
"ഒരു പീഡ എറുമ്പിനും വരുത്തരുതെന്നുള്ള അനുകമ്പ". പ്രിയരേ , നോവൽ അവസാനിക്കുന്നതും ഈ ചേലോലും വരിയോടെയാണ്‌.
ശ്രീനാരായണായ 
നോവൽ
എം.കെ .ഹരികുമാർ
വിതരണം : ബ്ലൂമാംഗോ  ബുക്സ് ,
 വില 500 
ഫോ:9995312097

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...