29 Mar 2016

ഈണമായിവള്‍.../കവിത




                                   അന്‍വര്‍ ഷാ ഉമയനല്ലൂര്‍


കാണ്മതില്ലേയിവളെ,യിടനെഞ്ചി,ലാര്‍ദ്രമാം

ഗീതവുമായരികില്‍ വന്ന വെണ്‍പ്രാവിനെ

കണ്‍കളിലൊരു സൂര്യചിന്തതന്‍ നാളവും

സിന്ധൂരമണിയുവാന്‍ വെമ്പും മനസ്സുമാ-

യിരുളാര്‍ന്ന ജീവിതത്തില്‍ നിറച്ചാര്‍ത്തുമായ്

വന്നണഞ്ഞെളിമതന്‍ കോലായില്‍നിന്നിവള്‍

കാണ്മതില്ലേ നിങ്ങള്‍; കനവുകള്‍ക്കുളളിലേന്‍

പുലരിപോല്‍ ചേര്‍ത്തുനിര്‍ത്തീടുമീയമലയെ?

-2-

നിറമേഴുമൊരുപോല്‍ തിരിച്ചുവന്നെന്നുടെ

ചാരത്തു നൃത്തംചവിട്ടുമുഷഃസന്ധ്യയില്‍

സ്വരഭേദമില്ലാതുണര്‍ത്തുപാട്ടായ് നിറ-

ഞ്ഞൊഴുകുന്നകമേ; നിളാനന്ദഗീതികള്‍

ആശംസയോതുവാനണയുന്നു മന്ദമെ-

ന്നാരാമമാകെ ചിതാനന്ദ പറവകള്‍

സിരകളിലരുവിയായൊഴുകുന്നു ചിരകാല-

കദനമേ,യതിലേറെ; സുരകാലമോദവും!

-3-

സ്ഥിതിയാകെമാറിയെന്‍ വിധിതന്നിളവുമാ-

യൊരുപ്രണയ ഛായാപടം തെളിച്ചെഴുതവേ,

എത്തിയിഹ! നവലോകമെന്നുറപ്പിച്ചുരയ്-

ക്കുന്നതെന്‍ കരളില്‍പ്പകര്‍ത്തുന്ന കാലമേ,

വാക്കിനാല്‍ വര്‍ണ്ണിച്ചിടാന്‍ കഴിയുന്നത-

ല്ലതിലേറെയാണരികിലുണരുന്ന പകലുകള്‍

നമ്രമുഖിയായടുത്തെത്തുന്നു സ്മരണകള്‍

വന്നാനയിപ്പതിന്നാനന്ദ വിചികള്‍!!

-4-

കരിവാവുകള്‍ക്കുമേല്‍ കരുതിവയ്ക്കുന്നതാ-

രരിമുല്ലപ്പുക്കളായ് രമണീയ നാളുകള്‍;

ചിരിമായ്ച്ച കാലങ്ങളെത്തൊട്ടുവായിച്ച

ജീവിതത്തില്‍ നിറംചാര്‍ത്തുന്ന നന്മകള്‍?

പരിചിതമെല്ലാമൊരുപോലെയെങ്കിലും

തിരികെയെത്തിച്ചിടുന്നഴലാര്‍ന്ന സന്ധ്യകള്‍

തിരകളടങ്ങാതിരുന്നയെന്‍ ഹൃത്തിലി-

ന്നലിവിന്റെയാശാകിരണങ്ങള്‍; പുലരികള്‍!!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...