അച്ചാമ്മ തോമസ്
അരുന്ധതി റോയിയുടെ GOD OF SMALL THINGS എന്ന നോവലിന്റെ മലയാള പരിഭാഷയെ അടിസ്ഥാനമാക്കി ഒരന്വേഷണം
ദി ഗോഡ് ഓഫ് സ്മോൾതിംഗ്സ് അഥവാ കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ. 1997 ലെ ബുക്കർ പ്രൈസ് ലഭിച്ച നോവൽ. സ്ത്രീ-പുരുഷ സമത്വത്തിനും സ്ത്രീക്കും കുടുംബസ്വത്തിൽ തുല്യഅവകാശമാണ് വേണ്ടതെന്നവാദിച്ചു ജയിച്ച മേരിറോയിയുടെ മകളായ അരുന്ധതിറോയിയുടെ ആദ്യ നോവൽ.
പ്രിയ എ.എസ് ഈ പുസ്തകത്തിന്റെ മലയാള വിവർത്തനം ചെയ്തിരിക്കുന്നു. വിവർത്തനത്തിനു വഴങ്ങാത്ത പുസ്തകം എന്നെല്ലാരും വിശേഷിപ്പിച്ചപ്പോൾ വിവർത്തനം ചെയ്തേ അടങ്ങൂ എന്ന വാശിയിൽ നിന്നുണ്ടായ ഗുണം മലയാളിയ്ക്കു തന്നെയാണ്. എല്ലാവരുമുണ്ടായിട്ടും എല്ലാമുണ്ടായിട്ടും ഒറ്റയ്ക്കാവുന്നവരുടെ സങ്കടത്തിന്റെ ആരും കാണാത്ത കടലാണീ പുസ്തകം. മലയാളം എന്ന ഇംഗ്ലീഷ് വാക്ക് മുന്നോട്ടും പുറകോട്ടും വായിക്കാം. അതുപോലെ ഈ പുസ്തകവും മുന്നോട്ടും പുറകോട്ടും വായിക്കണമെന്ന് പ്രിയ എഴുതുന്നുണ്ട്. വളരെ ശരിയാണ്. ബോധധാരാരീതിയിൽ എഴുതപ്പെട്ട ഈ നോവൽ ആദ്യം മുന്നോട്ടും പിന്നെ പുറകോട്ടും ഞാൻ വായിച്ചു. ഇടയ്ക്ക് ചില അധ്യായങ്ങൾ പ്രത്യേകം വായിച്ചു. ചിലത് അടയാളം വച്ചിട്ട് വീണ്ടും വീണ്ടും വായിച്ചു. ഇതിലെ എസ്തയുടെയും റാഹേലിന്റെയും കുസൃതികൾ നമ്മെ ചിരിപ്പിക്കും. എന്നാൽ ചില വരികളിൽ ഒളിഞ്ഞിരിക്കുന്ന വേദനകളിൽ നാമറിയാതെ തേങ്ങിപ്പോകും.
ഈ നോവലിൽ മൂന്നു മരണങ്ങൾ നടക്കുന്നുണ്ട്. സോഫിമോളുടെയും അമ്മുവിന്റേയും മരണത്തെക്കാൾ വായനക്കാരന്റെ മനസ്സുലയ്ക്കുന്നത് കുഞ്ഞു കാര്യങ്ങളുടെ ഒടേ തമ്പുരാന്റെ മരണമാണ്! ഏഴു വയസ്സുള്ളപ്പോൾ നഷ്ടപ്പെട്ട സഹോദരനെ 23 വർഷങ്ങൾക്കുശേഷം കണ്ടുമുട്ടുമ്പോൾ അവനിലെ ചിന്താശക്തി നഷ്ടപ്പെട്ടതറിഞ്ഞ് ഇരട്ട അണ്ഡങ്ങളിലൊന്നായ റാഹേലിന്റെ മനസ്സ് വേദനിയ്ക്കുമ്പോൾ നാമും വേദന പങ്കിട്ടു പോകുന്നു.
കോട്ടയത്തെ അയ്മനം ഗ്രാമവും മീനച്ചിലാറും ഇതിലെ പ്രധാന കഥാപാത്രങ്ങളാണ്. നാട്ടിൻപുറത്തിന്റെ എല്ലാ നിഷ്കളങ്കതയും നെഞ്ചേറ്റിയ നോവൽ. വലിയൊരു തറവാടിന്റെ അകത്തളത്തിലെ ജീവിതവും തൊട്ടുകൂടായ്മയും, രാഷ്ട്രീയം, ആണാവശ്യങ്ങൾ, സ്ത്രീക്ക് നിരോധിക്കപ്പെട്ട പിതൃസ്വത്ത് എന്നുവേണ്ട സമൂഹത്തിന്റെ നേർഛേദമായി വളരുന്നു നോവൽ.
അന്നത്തെയും എന്നത്തേയും രാഷ്ട്രീയചിന്താഗതികളും ചിന്തയ്ക്കായി ഇതിലെ വാക്കുകളിൽ ചേർക്കപ്പെട്ടിരിക്കുന്നു. വല്ല്യപാപ്പൻ പരവനും മക്കൾ കുട്ടപ്പനും വെളുത്തയുമില്ലാതെ ഈ നോവൽ നോവലേ അല്ല. എസ്തയുടെയും റാഹേലിന്റെയും കുഞ്ഞുകാര്യങ്ങളിലെ തമ്പുരാനായ വെളുത്ത പിന്നീടെപ്പോഴോ അവരുടെ അമ്മ അമ്മുവിന്റെ തമ്പുരാനായി മാറുന്നു. അതായത് നോവലിൽ ആവർത്തിച്ചുപറയുന്നപോലെ കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറിമറിയാം.
അരുന്ധതി കാലത്തെയും ചരിത്രത്തെയും സാധാരണക്കാരുടെ ഇടയിലെ രാഷ്ട്രീയഇടപെടലുകളെയും ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്നുളവായ സാമൂഹ്യമാറ്റത്തെയും തൊട്ടുകൂടാത്തവരുടെയും തൊടാവുന്നവരുടെയും അകലങ്ങളെപ്പറ്റിയുമെല്ലാം ണല്ലോരു വിശദീകരണം തന്നെ നോവലിലൂടെ വരച്ചു കാട്ടുന്നുണ്ട്. തങ്ങളുടെ കാലടികൾ പതിഞ്ഞ കാൽപ്പാടുകൾ മായ്ച്ചു കളയാനായി കൈയ്യിൽ ചൂലുമായി പിന്നോട്ടുനടന്ന് അടിച്ച് മായ്ച്ചുകളഞ്ഞ് കാലം. ചിലരെ സംബന്ധിച്ച് ഈ കാലം ഒന്നുമല്ലായിരിക്കും. എന്നാൽ ചൂലില്ലാതെയും കാൽപാടുകളെമായ്ച്ചുകളയേണ്ടി വരുന്ന മനുഷ്യരെ സംബന്ധിച്ചിടത്തോളം ഇതൊക്കെ വിലപിടിപ്പുള്ള വെളിപ്പെടുത്തലുകൾ തന്നെ.
രാഷ്ട്രീയതാൽപര്യങ്ങളും വ്യക്തിതാൽപര്യങ്ങളും പാർട്ടിനിയമങ്ങളും ആർക്കുവേണ്ടിയാണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത്. വ്യക്തിതാൽപര്യത്തേക്കാൾ മുകളിലാണ് സഖാവേ സംഘടനാ താത്പര്യം എന്നു പറഞ്ഞ് വെളുത്തയെ കൈയ്യൊഴിയുന്ന നേതാവു പിള്ള. പിന്നീടുണ്ടായ സംഭവപരമ്പരകളിൽ അയ്മനം വീടിന്റെ ഉടമസ്ഥതയിലെ അച്ചാർ ഫാക്ടറി പിടിച്ചെടുക്കുമ്പോൾ അരുന്ധതി ചെറിയൊരു വരിയിൽ കാര്യങ്ങളൊതുക്കുന്നു. ചരിത്രം കാത്തുവച്ച കൈയ്യുറയിലേയ്ക്ക് അയാൾ തന്റെ തയ്യാറായിരിക്കുന്ന വിരലുകൾ ചുമ്മാതെ കടത്തി അത്രമാത്രം. ഒരൊറ്റികൊടുക്കലിന്റെ വിജയം.
ഇതിവൃത്തമോ ആഖ്യാനമോ ഒന്നുമില്ലാത്ത ഒരസംബന്ധനാടകത്തിനകത്തുപെട്ടുപോ
പഴയ സാരി കഷണങ്ങൾ ചുറ്റിവെളുത്തയുടെ വീട്ടിലേയ്ക്കു ചെല്ലുന്ന കുഞ്ഞുങ്ങളെ മിസ്സിസ്സ് ഈപ്പൻ മിസ്സിസ്സ് പിള്ള മിസ്സിസ്സ് രാജഗോപാൽ എന്നു വിളിച്ച് അവരെ സ്വീകരിക്കുന്നവെളുത്ത. കുഞ്ഞുങ്ങളുടെ കുഞ്ഞുകാര്യങ്ങളെ അതായിത്തന്നെ നിലനിർത്തികൊണ്ടുള്ള കത്തിടപെടൽ. കരിക്കിട്ടു കൊടുത്ത് കുഞ്ഞുമരസ്പൂണുകൾ ഉണ്ടാക്കി സമ്മാനിച്ചു കറുത്തകോഴിയമ്മയ്ക്കു പരിചയപെടുത്തികൊടുത്ത്. പിന്നീട് മുതിർന്ന റാഹേൽ ഓർമ്മിച്ചെടുക്കുന്നു സഹജമായ മുതിർന്ന ഭാവം മാറ്റി ഇടപെടൽ കുഞ്ഞുകഥയിലെ കുഞ്ഞുകാര്യങ്ങളെ അതിന്റെ തനതുഭാവത്തിൽ പെരുമാറിയതോർത്ത് റാഹേലിന് ആ സംഭവത്തിന്റെ മധുരം തിരിച്ചറിയാനാകുന്നു. വെളുത്ത ചെയ്തത് കുഞ്ഞുങ്ങളുടെ ഇടയിലേയ്ക്ക് കുഞ്ഞുമനസ്സുമായി ഇറങ്ങിചെല്ലുകയാണ്. അതാണ് വെളുത്തയെ കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാനാക്കുന്നത്! പ്രപഞ്ചത്തിൽ ഒരു തുള അവശേഷിപ്പിച്ച് കടന്നുപോയ വെളുത്ത ഒരു ഗുഡ് ബൈ പോലും പറയാതെപോയ അമ്മ ഒരു നങ്കൂരവുമില്ലാത്തിടത്ത് ഇരുട്ടിൽ അലയാൻ വിട്ട് എല്ലാവരുമുണ്ടായിട്ടും എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്ത അനാഥർ എസ്തയും റാഹേലും ഈ നോവലിനെ വ്യത്യസ്ഥമാക്കുന്നതും യാഥാർത്ഥ്യമാക്കുന്നതും വായിക്കുന്നവന്റെ മുമ്പിലേയ്ക്ക് എല്ലാം അതേപടി പകർത്തുകയാണ് ഒന്നും കൂട്ടുന്നുമില്ല കുറയ്ക്കുന്നുമില്ല.
ഛെ ഇത്രയ്ക്കും വേണോ എന്ന് സദാചാരവിശുദ്ധരെന്ന് കരുതുന്നവർ മൂക്കത്തുവിരൽവയ്ക്കുന്ന ഒന്നാണ് നാരങ്ങാപാനീയക്കാരൻ എസ്തയോടു ചെയ്യുന്നത്. "ഉടുത്തിരുന്ന വെള്ളമൽമൽ തുണിമാറ്റി ലിംഗമെടുത്ത് ഇതുപിടിച്ചേ ഞാനൊരു നാരങ്ങാ വെള്ളമെടുത്തുതരാം" എന്നു പറഞ്ഞ് വളരെ ലാഘവത്തോടെ ജോലിയിലേയ്ക്ക് തിരിയുന്ന കച്ചവടക്കാരൻ. ആ കൗശലത്തിൽ അകപെടുന്ന കുഞ്ഞ് ജീവിതത്തിലുടനീളം വഴുവഴുത്ത് ഒട്ടുന്ന കൈ അവന്റെ ശരീരത്തിന്റെ ഭാഗമല്ലാതെ അനുഭവപ്പെടുന്നു. ആരോടും പങ്കുവയ്ക്കാൻ പറ്റാതെ മനസ്സിൽ ദഹിക്കാതെ കിടന്ന നാരങ്ങാപാനീയം ഒടുവിൽ അവന്റെ മാനസികനിലതന്നെ തെറ്റിയ്ക്കുന്നു. ഇപ്പോൾ ഈ വർത്തമാന കാലത്തിൽ ഇത്തരം ദുരുപയോഗങ്ങളിൽ പെട്ടുപോകുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയിലേയ്ക്ക് നമ്മുടെ ശ്രദ്ധതിരിയേണ്ടിയിരിക്കുന്നു.
ഗ്രാമീണ നിഷ്കളങ്കതയുടെ ഒരുദാഹരണം മാത്രം ചേർക്കാം. എസ്തയെവിടെ എന്ന് വെളുത്ത ചോദിക്കുമ്പോൾ അവനെ കൊച്ചീല് വിറ്റു ഒരു ചാക്കരിയ്ക്ക് എന്ന് റാഹേലിന്റെ മറുപടി. നിന്നെ ഞങ്ങൾ ചന്തേന്നു വാങ്ങിയതാ എന്ന് അമ്മമാർ കുഞ്ഞുങ്ങളെ വാത്സല്ലിക്കുന്നത് ഓർമ്മയിൽ വരുന്നു. ആകർഷണീയമായ എഴുത്തു ശൈലി.
സ്ത്രീയുടെ രണ്ടാം വിവാഹം ഇന്നും നാട്ടുനടപ്പല്ല. പുരുഷന് അനുവദനീയമാണു താനും. ജീവിതം ഒച്ചയില്ലാത്ത നദിപോലെ ഒഴുകുകയേ സ്ത്രീയ്ക്ക് എന്നുമുള്ളു. അരുന്ധതി തുറന്നെഴുതുമ്പോൾ ആർക്കും ദഹിക്കില്ല. സദാചാരത്തിന്റെ വഴിയേ നാം നടക്കുമ്പോഴും കള്ള സദാചാരത്തിന്റെ പിന്നാമ്പുറങ്ങൾ നമ്മുടെയിടയിൽ തലയുയർത്തി ഗമയിൽ നിലയുറപ്പിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. ഇതിലെ പലതും എഴുതാതിരിക്കാൻ വയ്യാത്ത കാര്യങ്ങൾ തന്നെയാണ്. അതുകൊണ്ടുതന്നെ ഈ പുസ്തകം മുന്നോട്ടും പിന്നോട്ടും വായിക്കണം.
ഈ നോവൽ 14 വർഷം പൂർത്തിയാക്കുകയാണ്. കുഞ്ഞുകാര്യങ്ങളും കുഞ്ഞുങ്ങളും കൂടി കാലത്തെവളരാൻ വിടാതെ പിടിച്ചു നിർത്തിയ നോവൽ. സങ്കടങ്ങളെല്ലാം മാറിവരുന്ന കാലത്ത് അവിടെ നിന്ന് ജീവിതം തുടരാൻ കാത്തിരിക്കുന്ന കുഞ്ഞുമനസ്സുകൾക്ക് വായിക്കാൻ ഒട്ടകപക്ഷിയുടെ മുട്ട തൊണ്ടയിൽകൂടി ഇറങ്ങുമ്പോഴുള്ള അവസ്ഥയിൽ കണ്ണീരില്ലാതെ കരയാൻ നോവൽ നമ്മെ കൊണ്ടെത്തിയ്ക്കുന്നു.