ചരിത്രരേഖ


ഡോ.എം.എസ്‌.ജയപ്രകാശ്‌ 

ഗുരുനിന്ദയുമായി സി.ബി.എസ്‌.ഇ പാഠപുസ്തകം
    യുഗപുരുഷനും മാനവികതയുടെ മഹാസന്ദേശവാഹകനുമായ ശ്രീനാരായണഗുരുവിനെ ആസൂത്രിതമായി അവഹേളിക്കുവാൻ പാഠപുസ്തകങ്ങളെ കരുവാക്കുന്ന നികൃഷ്ട ലോബി സംസ്ഥാനതലം കടന്ന്‌ കേന്ദ്രപാഠപുസ്തകങ്ങളിലും 'ബുദ്ധിവൈഭവം' പ്രകടിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. സംസ്ഥാനത്തെ പത്താംക്ലാസ്‌ പാഠപുസ്തകത്തിൽ ഗുരുനിന്ദയുടെ വിത്ത്‌ വിതച്ചവർക്ക്‌ അത്‌ കൊയ്യാൻ കഴിയാതെ വന്നതിൽ ഇളിഭ്യരാണ്‌. സർക്കാർ വെബ്സൈറ്റിൽ തിരുത്തൽ കാണിച്ചിട്ടുണ്ടെങ്കിലും പാഠപുസ്തകത്തിൽ അതുമാറ്റാതെ ഗുരുനിന്ദയുടെ സംസ്ഥാനകാണ്ഡം നിലനിറുത്താനും, ഈ ദുഷ്ശക്തികൾ ശ്രമിക്കുന്നുണ്ട്‌. അപ്പോഴാണ്‌ ഇന്ത്യയിലെമ്പാടും സി.ബി.എസ്‌.ഇയുടെ എട്ടാം ക്ലാസ്‌ ചരിത്രപാഠപുസ്തകത്തിൽ ഗുരുവിനെ വികളമായി ചിത്രീകരിക്കുന്ന പാഠഭാഗം ഉണ്ടെന്ന കാര്യം പുറത്തുവന്നിരിക്കുന്നത്‌. തീർന്നില്ല കേന്ദ്ര സാഹിത്യഅക്കാദമി അവാർഡു പുസ്തകത്തിലും ഗുരുനിന്ദയുടെ കേന്ദ്രപർവ്വം കാണാം. സംസ്ഥാനകാണ്ഡം രചിച്ചതും കേന്ദ്രപർവ്വം രചിച്ചവരും ഒരേ തൂവൽപക്ഷികളും ജാതിരാക്ഷസിയുടെ കളിത്തോഴന്മാരുമാണ്‌. ഇതിനു പിന്നിൽ മലയാളി മാഫിയ സജീവമായുണ്ട്‌.
    സി.ബി.എസ്‌.ഇ പാഠപുസ്തകത്തിൽ  (പുറം. 116 our pasts- iii) ഗുരുനിന്ദ ഇങ്ങനെ: '' In what is present day Kerala, a guru from among low caste Ezhava, Shri Narayana Guru, proclaimed the ideals of unity for his people. He advocated equality of all within a single sect or caste. He inspired all of them to have faith in one guru alone that is he himself '' സ്വന്ത സമുദായത്തിനുള്ളിലെ സമത്വത്തിനും ഐക്യത്തിനും വേണ്ടിയാണ്‌ നാരായണഗുരു പ്രവർത്തിച്ചതു. ഒരു ഗുരുവിൽ മാത്രം വിശ്വസിക്കണമെന്നും ആ ഗുരുതാനാണെന്നും അദ്ദേഹം പറഞ്ഞുവത്രെ! ഭ്രാന്താലയത്തിനെതിരെ ജാതി ഭേദവും മതദ്വേഷവുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനത്തിനായി ആഹ്വാനം ചെയ്ത ഗുരുവിനെയാണ്‌ ഇപ്രകാരം വികലമാക്കി അവതരിപ്പിച്ചിരിക്കുന്നത്‌. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌ എന്ന അനുപമമായ സന്ദേശത്തെ തമസ്കരിച്ചിരിക്കുന്നു. മാത്രമല്ല ഒരു ജാതിയും ഒരു ഗുരുവും മാത്രമേ ഉള്ളുവേന്നും അത്‌ താനും ഈഴവസമുദായവുമാണെന്നും ഗുരു പ്രഖ്യാപിച്ചതായി കുട്ടികൾ പഠിക്കട്ടെയെന്ന ദുഷ്ടലാക്കാണ്‌ ഇതിനുപിന്നിലുള്ളത്‌. 
ഗുരുസന്ദേശങ്ങളുടെ സാർവ്വലൗകികതയേയും മാനവികതയേയും ബോധപൂർവ്വം  തമസ്കരിച്ച്‌ സങ്കുചിതജാതിചിന്തയുടെ വക്താവായിട്ടാണ്‌ ഈ ദുഷ്ടശക്തികൾ ഗുരുവിനെ ചിത്രീകരിച്ചിരിക്കുന്നത്‌. നൂറ്റാണ്ടുകളുടെ ജാതീയമായ അടിമത്തം പേറിയ മർദ്ദിതജനതയെ വിദ്യയിലൂടെ സ്വതന്ത്രരാക്കുകയും സംഘടനയിലൂടെ ശക്തരാക്കുകയും ചെയ്തുകൊണ്ട്‌ യഥാർത്ഥ ജനാധിപത്യവിപ്ലവം തുടങ്ങേണ്ടിടത്ത്‌ തുടങ്ങിവച്ച വിപ്ലവകാരിയെയാണ്‌ ഇപ്രകാരം അവഹേളിക്കുന്നത്‌.
    കേരളത്തിലെ പാഠപുസ്തകമാഫിയകളെ സ്വാധീനിച്ചതു ഗുരുനിന്ദയുടെ ആദ്യപാഠങ്ങൾ തന്നെയാവണം. എൻ.എസ്‌.എസ്സിന്റെ മുഖപത്രമായിരുന്ന 'മലയാളി' ഗുരുവിനെ ഈ വിധം അവഹേളിച്ചിരുന്നു. (15-04-1961) 'ഒരു ജാതി ഒരു പത്രം ഒരു തെങ്ങ്‌ മനുഷ്യന്‌' എന്ന ഹീനവും നിന്ദ്യവുമായ വാക്കുകളിലൂടെയാണ്‌ മഹത്തായ ഗുരുസന്ദേശത്തെയും അദ്ദേഹത്തിന്റെ സമുദായത്തെയും കേരളകൗമുദി പത്രത്തെയും ആക്ഷേപിച്ചതു. ഇതിൽ നിന്നും ഊർജ്ജം നേടിയ ഇന്നത്തെ ജാതിക്കോമാളികളാണ്‌ ദേശീയതലത്തിൽ ഗുരുനിന്ദയുടെ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്‌. കഴിഞ്ഞ നാലു വർഷക്കാലമായി ഈ പുസ്തകം പഠിപ്പിക്കുകയാണ്‌. ലക്ഷക്കണക്കിന്‌ വിദ്യാർത്ഥികളിലാണ്‌ ലോകാചാര്യനായ ഗുരുവിനെ സ്വയം ഗുരുവായ ഒരു ഗുരു മാത്രമായി ചിത്രീകരിച്ചിരിക്കുന്നത്‌. കേരളത്തിലെ പത്താംക്ലാസ്സ്‌ പുസ്തകത്തിൽ പറഞ്ഞത്‌ ചട്ടമ്പിസ്വാമികളുടെ ആശയങ്ങളും നിലപാടുകളുമാണ്‌ ഗുരു പ്രാവർത്തികമാക്കിയതെന്നാണ്.
 ആ നിലപാടായിരിക്കും ഇപ്പോൾ തൽപരകക്ഷികൾ സി.ബി.എസ്‌.ഇ പാഠപുസ്തകത്തിൽ ചേർത്തിരിക്കുന്നത്‌! അക്കാര്യം കൂടി പാഠഭാഗത്ത്‌ ചേർക്കാനുള്ള 'ആശയവും നിലപാടും' ഉണ്ടാകാതെപോയത്‌ ശ്രദ്ധേയമാണ്‌. സി.ബി.എസ്‌.ഇ സിലബസ്‌ അനുസരിച്ച്‌ പഠിപ്പിക്കുന്ന നിരവധി സ്ഥാപനങ്ങൾ ശ്രീനാരായണഗുരുവിന്റെ പേരിൽ തന്നെയുള്ള നാടാണിത്‌. അവിടെയുള്ള അധ്യാപകർക്കോ മാനേജർമാർക്കോ ഇക്കാര്യം തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നത്‌ മറ്റൊരു ഗുരുനിന്ദയാണ്‌. ഈ പാഠഭാഗം ഭംഗിയായി പഠിപ്പിച്ച ഗുരുഭക്തരായ അധ്യാപികമാരും അധ്യാപകരും ഉണ്ടാകും. സ്വയം ഗുരുവായി പ്രഖ്യാപിച്ച ' low caste' ഗുരു ആരെന്ന ചോദ്യം കുട്ടികളോട്ചോദിച്ചുകാണുമോ? ഗുരോ ഇവരോടു പൊറുക്കേണമേ! ആര്യരക്തവും റഷ്യൻ ഉൽപത്തിയും തേടി അലയുന്ന ഗുരുശിഷ്യന്മാരുണ്ടോ 'ഒരു ഗുരുവിനെ' അറിയുന്നു.

    രാഷ്ട്രപതിയായിരുന്ന ഡോ.രാധാകൃഷ്ണൻ, ജവഹർലാൽ നെഹ്‌റു, മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോർ തുടങ്ങിയവർ ലോകഗുരുവായി കണ്ട നാരായണഗുരുവിനെയാണ്‌ സി.ബി.എസ്‌.ഇ ദേശീയ തലത്തിൽ അവഹേളിച്ചിരിക്കുന്നത്‌. "ശ്രീനാരായണൻ കേരളത്തിലെ വിപ്ലവകാരിയും യോഗിയുമാണ്‌. വിപ്ലവത്തിന്‌ എല്ലായ്പ്പോഴും മനുഷ്യരുടെ തല കൊയ്യലും ലഹളയും വേണമെന്നില്ല. നാഗരികജീവിതത്തിന്റെ അടിസ്ഥാനം മാറ്റാനുള്ള ഏതാഗ്രഹവും വിപ്ലവകരം എന്ന ഡോ.രാധാകൃഷ്ണന്റെ അഭിപ്രായം സി.ബി.എസ്‌.ഇ പാഠ്യപദ്ധതിക്കാർക്ക്‌ അന്യമാകുന്നതിൽ അതിശയിക്കാനില്ല.
    രാമചന്ദ്രഗുഹയുടെ 'ഇന്ത്യ ആഫ്റ്റർ ഗാന്ധി' എന്ന കൃതിയുടെ 292-​‍ാം പുറത്ത്‌ ചെത്തുകാരുടെയും ചാരായനിർമ്മാതാക്കളുടെയും നേതാവായ നാരായണഗുരുവിന്റെ പേരിലുള്ളതാണ്‌ എസ്‌.എൻ.ഡി.പി എന്ന്‌ പറഞ്ഞിരിക്കുന്നു. ശ്രീനാരായണഗുരുവിന്റെ സന്ദേശവാഹകരായിരിക്കുന്ന വയലാർരവിയും മുല്ലപ്പള്ളി രാമചന്ദ്രനും കേന്ദ്രസർക്കാരിനെ നയിക്കുമ്പോഴാണ്‌ ശ്രീനാരായണഗുരു ഈവിധം അവഹേളിതനാകുന്നത്‌ എന്നകാര്യം നിർഭാഗ്യകരമാണ്‌. ഗുരോ ഇവരോട്‌ പൊറുക്കരുതേ!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ