സി.രാധാകൃഷ്ണൻ
കൃഷിക്കാരാണ് എത്രയോ തലമുറകളായി ഞങ്ങളുടെ കുടുംബം. ഞാൻ ഒരു കുട്ടിയായിരിക്കെ വീട്ടിൽ കന്നുകാലികൾ മുതൽ കോഴികൾ വരെ അംഗങ്ങളായിരുന്നു. ഒരു ദിവസം ഒരു തള്ളക്കോഴിയുടെ കൂടെ ചണുങ്ങിപ്പിണുങ്ങി പിയ്യാം കരഞ്ഞുനടക്കുന്ന കുഞ്ഞുങ്ങളിൽ ഒന്നിനെ തവള പിടിച്ചു. കോഴിക്കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിച്ചെന്ന എനിക്ക് സങ്കടമായി.
കരയുന്ന എന്നെ ആശ്വസിപ്പിക്കാൻ എത്തിയ മുത്തച്ഛൻ കണ്ടുനിൽക്കെ തവള തള്ളക്കോഴിയുടെ ആക്രമണം ഭയന്ന് പൊന്തക്കാട്ടിൽ ഒളിച്ചു. പിന്നെ കേട്ടത് തവളയുടെ കരച്ചിലാണ്. ചെടിപ്പടർപ്പിൽ പതുങ്ങിക്കിടന്ന പാമ്പ് തവളയെ പിടികൂടിയതായിരുന്നു.
ആളുകളെ കണ്ടു വിരണ്ട പാമ്പ് വേലിക്കിടയിലൂടെ വയലിൽ ഇറങ്ങി പാഞ്ഞു. ഉടനെ വലിയൊരു പരുന്ത് ഡൈവ് ചെയ്തിറങ്ങി അതിനെ കാലിലിറുക്കി പറന്നുപോയി!
ആശ്ചര്യപ്പെട്ട എന്നെ മുത്തച്ഛൻ സമാധാനിപ്പിച്ചു -കണ്ടില്ലേ, ലോകത്ത് എല്ലാം മറ്റ് എന്തിന്റെയെങ്കിലും ഭക്ഷണമാണ്. പ്രകൃതി എല്ലാർക്കും ഭക്ഷണം ഒരുക്കിയിരിക്കുന്നു. ആർത്തിപ്പെട്ടില്ലെങ്കിൽ എല്ലാ വർഗ്ഗവും നിലനിൽക്കും. ഒരിക്കലും ആർക്കും വിശക്കുകയുമില്ല. ആർത്തിപ്പെട്ടാൽ ഇരയെല്ലാം ഒന്നിച്ചു മുടിയും. ആർത്തിക്കാരുടെ വംശം വിശന്നും ഒടുങ്ങും.
പക്ഷെ, ഭക്ഷണമായിരുന്നില്ല എന്റെ പ്രശ്നം. പല തരത്തിൽ പുള്ളികളുള്ള പതിനാറു കുഞ്ഞുങ്ങളാണ് തള്ളക്കോഴിയുടെ ആ ഈടിൽ വിരിഞ്ഞുണ്ടായത്. അതിൽ എനിക്ക് ഏറ്റവും ചന്തം തോന്നിയ കുഞ്ഞിന് ഞാൻ പിയ്യാണി എന്നു പേരിട്ടിരുന്നു. പിയ്യാണിയെയാണ് തവള പിടിച്ചതു. തവളയെ എറിഞ്ഞുകൊല്ലാൻ ഞാൻ കല്ലെടുത്തപ്പോഴാണ് അത് വായിൽ കോഴിക്കുഞ്ഞുമായി പൊന്തക്കാടിലേക്ക് ചാടി മറഞ്ഞത്. കൂടെ ആ പൊന്തയിലേക്ക് കടക്കാൻ ഞാൻ പുറപ്പെടുകയായിരുന്നു. മുത്തച്ഛൻ വന്നപ്പോൾ.
തവളയെ പാമ്പു പിടിച്ചതോടെ എനിക്കു സന്തോഷമായി. പാമ്പ് വേലി കടന്നതിനു പിന്നാലെ ഞാനും മുത്തച്ഛനും വേലിക്കരികെ എത്തി. എവിടുന്നാണ് ആ പരുന്ത് വന്നത്തെന്ന് നിശ്ചയമില്ല. എല്ലാം ഞൊടിയിടയിൽ കഴിഞ്ഞു. സന്തോഷം പോയി ഞാൻ അന്ധാളിപ്പിലായി. പരുന്തിന്റെ കാലിൽ നിന്ന് തൂങ്ങി ആടുന്ന പാമ്പിന്റെ വാലും തലയും നോക്കി കണ്ണ് തള്ളി നിന്നുപോയി. പരുന്ത് കാഴ്ചയിൽ നിന്നു മറഞ്ഞിട്ടും ആ നിൽപ്പ് നിന്നു.
എല്ലാതും മറ്റെന്തിന്റെയെങ്കിലും ഭക്ഷണമാണെങ്കിൽ മനുഷ്യരായ നമ്മെ പിടിച്ചുതിന്നാനും ആരെങ്കിലും വരില്ലേ എന്ന ഭയം ഉള്ളിലുദിച്ചു. പിടിച്ചു വിഴുങ്ങുമോ, അതോ റാഞ്ചിക്കൊണ്ടുപോയി വല്ല കുന്നിൻ മുകളിലെ പാറയിലും വച്ച് കൊത്തിപ്പറിക്കുമോ?
എന്റെ മുഖഭാവം കണ്ട് മുത്തച്ഛൻ ചോദിച്ചു - എന്താ വല്ലാത്തൊരു ആലശീലം?
നമ്മളെ ആരാ റാഞ്ചിക്കൊണ്ടുപോവ്വാ, മുത്തച്ഛാ?
അന്ന് സന്ധ്യക്കാണ് മുത്തച്ഛൻ ആ പരമരഹസ്യം എനിക്കു പറഞ്ഞുതന്നത് - എല്ലാ ജീവികളെയും റാഞ്ചിക്കൊണ്ടുപോകുന്നത് ഒരേ ആളാണ്, മരണം. പക്ഷെ, അയാൾക്ക് നമ്മുടെയൊക്കെ ശരീരത്തെയേ റാഞ്ചാൻ പറ്റൂ. നമ്മുടെ ജീവനെ ഒന്നും ചെയ്യാൻ പറ്റില്ല. നമ്മുടെ എന്നല്ല ഒന്നിന്റെയും ജീവനെ ഒന്നും ചെയ്യാനോക്കില്ല. അതുകൊണ്ടാണ് ഇത്രകാലം മൂപ്പർ എല്ലാറ്റിനെയും റാഞ്ചിയിട്ടും ഇന്നും എല്ലാം പണ്ടത്തേതിലേറെ ശേഷിക്കുന്നത്. ജീവൻ വീണ്ടും വീണ്ടും ശരീരങ്ങൾ ഉണ്ടാക്കിയെടുക്കുന്നു. മുണ്ടും കുപ്പായവും മാറുന്ന പോലെയേ ഉള്ളൂ. ജീവന്റെ പുതിയ ശരീരങ്ങൾക്ക് ഭക്ഷണമാകാൻ പഴയ ദേഹങ്ങൾ ഉപകരിക്കുന്നു.
അതെന്തിനാണ്, മുത്തച്ഛാ? ഒരിക്കൽ ജീവികൾ ലോകാവസാനം വരെ ജീവിച്ചാൽ പോരേ? എന്തിന് ഈ മരണം എന്ന സങ്കടം?
പഞ്ചഭൂതങ്ങളുടെ ചേരുവയാണ് ഓരോ ദേഹവും. നമ്മുടെ ഈ ആകാശത്തിരിക്കെ ഈ പഞ്ചഭൂതങ്ങൾക്ക് ഇന്നിയിന്നതരം ചേരുവകളിൽ ഇത്രയിത്ര കാലമേ നില നിൽക്കാനാവൂ എന്ന പരിമിതി ഉണ്ട്. പിന്നെ, ഒന്നുമില്ല ഭക്ഷിക്കാനെങ്കിൽ ആരെങ്ങനെ പുലരും? ഏറ്റവും പ്രധാനമായ സംഗതി ഇതൊന്നും അല്ല. പഞ്ചഭൂതങ്ങളുടെ ചേരുവയിലൂടെ ഏറ്റവും ആനന്ദദായകമായ ഉരുവം ഉണ്ടാകാൻ പടിപടിയായ പുതുമകൾ പരീക്ഷിക്കാതെ പറ്റുമോ?
ഒരേ ജീവനല്ലേ വീണ്ടും വീണ്ടും ജനിക്കുക? അപ്പോഴെങ്ങനെ പുതുമ?
ഒരു ആയുസ്സിലെ അനുഭവങ്ങളുടെ സത്ത ജീവനിൽ കുടിയേറും. അതുകൂടി ഉൾച്ചേർന്ന സൂക്ഷ്മശരീരം എന്ന ജീവനാണ് പിന്നെ പിറക്കുന്നത്. സൂക്ഷ്മശരീരത്തിനും അടിസ്ഥാനമായി ഒരു കാരണശരീരമുണ്ട്. അതാണ് ഈശ്വരൻ. അതിന്റെ ഭാവമാണ് സച്ചിദാനന്ദം. അതുമായി താദാത്മ്യം പ്രാപിക്കാനാണ് ജീവൻ പാടുപെടുന്നത്. ആയുസ്സുതോറും മുന്നേറിയാൽ അവസാനം അങ്ങെത്താം. കിണഞ്ഞുപിടിച്ചാൽ പെട്ടെന്നും ചെല്ലാം. ജന്മനാ അങ്ങോളമെത്തിയവരും ഉണ്ടാകാറുണ്ട്. മഹർഷിമാർ, അവതാരങ്ങൾ, പ്രവാചകർ, പരമഹംസന്മാർ എന്നാണ് ഇവരെ പറയാറ്.
മരിച്ചുപോയ ആളുടെ ബാക്കിയായി ഒന്നും നാം കാണുന്നില്ലല്ലോ, മുത്തച്ഛാ.
ജീവനെ കണ്ണിന് കാണാവുന്നതല്ല, കാരണം, അത് മായയുടെ മറവിലാണ്.
ഒരു ദേഹം പോയാൽ മറ്റൊന്നുണ്ടായി കിട്ടുവോളം ജീവൻ എവിടെ കഴിഞ്ഞുകൂടുന്നു?
ആകാശത്തുണ്ടാവും. അതായത്, അക്ഷരത്തിൽ.നാശമുള്ള പ്രപഞ്ചത്തെ-ക്ഷരത്തെ-മാത്രമേ നമുക്കു കാണാനും അനുഭവിക്കാനുമാകൂ. അക്ഷരത്തിനും പക്ഷെ, ദ്വന്ദ്വഭാവമുണ്ട്. അതിനാൽ കരണപ്രതികരണങ്ങളുടെ തരംഗരൂപമായി ജീവൻ അക്ഷരത്തിൽ നിലനിൽക്കുന്നു. അതുൾക്കൊള്ളുന്ന ഊർജ്ജം അക്ഷരാതീതമെന്ന പുരുഷോത്തമസ്വരൂപമാണ്. അതാണ് കാരണശരീരം. അതിന് ദ്വന്ദ്വഭാവമില്ല.
അത് എന്നുണ്ടായി മുത്തച്ഛാ? എങ്ങനെ ഉണ്ടായി?
അതുതന്നെയാണ് പ്രപഞ്ചത്തിന്റെ ഉയിര്. അതിന് ആദ്യവസാനങ്ങളില്ല. സമയം പിറക്കുന്നതും അതിൽനിന്നുതന്നെയാണ്. സജീവം, നിർജീവം എന്ന തരംതിരിവ് യഥാർത്ഥത്തിൽ ഇല്ല. എല്ലാം ജീവനുള്ളതാണ്. കാരണം, ജീവനില്ലാത്തതിൽനിന്ന് എങ്ങനെ ജീവനുള്ളത് പിറക്കും?
ഒരു തള്ളക്കോഴിയുടെ മുട്ടകളിൽ നിന്ന് നൂറുകണക്കിന് കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ അത്രയേറെ പുതിയ ജീവനുകൾ എവിടുന്നു വരുന്നു?
എല്ലാംകൂടെ ഒരേ ജീവനായതിനാൽ ഏതിനെയും എത്ര വേണമെങ്കിലും അംശിക്കാം. ഓരോന്നും പുതുതായി തോന്നും. ഒരാളുടെ കോടിക്കണക്കിനു കോശങ്ങളിൽ ഓരോന്നിൽ നിന്നും ഓരോ ശരീരം ഉണ്ടാക്കാമല്ലോ.
ഇങ്ങനെ പ്രവർത്തിക്കുന്ന ഈ ചക്രം എന്തിനെന്ന് അങ്ങനെയാണ് കഷ്ടി മനസ്സിലായത്. ഈ അടുത്തകാലത്ത് റുപെർട്ട് ഷെൽഡ്രേക്കിന്റെ പുസ്തകത്തിൽ-എ ന്യൂ ശയൻസ് ഓഫ് ലൈഫ്-ജീവനെ രൂപനിർമ്മാണക്ഷേത്രമായി ചിത്രീകരിച്ചതുകണ്ടപ്പോൾ ഇതൊക്കെ ഓർത്തു.