അഭിസാരിക


ജനാർദ്ദനൻ വല്ലത്തേരി

അങ്ങനെയിരിക്കെ ഒരു പാതിരാത്രിക്കാണ്‌ ആ മനുഷ്യൻ അവളുടെ കൂരയിൽ വന്നു കയറിയത്‌. ആ മനുഷ്യൻ അവൾക്ക്‌ അതുവരെ കിട്ടിയിട്ടില്ലാത്ത ഒരു വില തന്നെ പറഞ്ഞു.
'ഞാൻ നിനക്ക്‌ നൂറുരൂപ നൽകാം - ഈ പാതിരാവിന്‌. മറ്റാരും ഉണ്ടാവരുത്ത്‌!
അസമയത്തുണ്ടായ ആ വിലക്കയറ്റം അവളെ അമ്പരപ്പിച്ചു. നേരം വെളുക്കുവോളം എത്ര ആൾക്കാർ വന്നാലും നൂറുരൂപ തികയ്ക്കാൻ കഴിയുമെന്ന്‌ ഉറപ്പില്ല. അത്രയ്ക്കു പഴം ചരക്കായി.
ഇരുട്ടിന്റെ വിസ്മൃതിയാണ്‌ അവൾക്ക്‌ ചുറ്റും.
അവൾ തഴപ്പായയിൽ ഒരു നൂറുരൂപ നോട്ടിന്റെ നായാട്ടിന്‌ ഇരയാവാൻ മലർന്നു കിടന്നുകൊടുത്തപ്പോൾ ആ മനുഷ്യൻ പറഞ്ഞു.
"ഞാൻ വന്നത്‌ ഇതിനല്ല!"
അവൾ ചിരിച്ചു പോയി.
ഇരുട്ടത്ത്‌ ആ മനുഷ്യന്റെ പൂച്ചക്കണ്ണുകൾ മിന്നി.
പൂച്ചയെപ്പോലെ പാത്തും പതുങ്ങിയും പിന്നെന്തിനാ നിങ്ങൾ വന്നിരിക്കുന്നത്‌?
ആത്മഗതം പോലെ അവൾ ചോദിച്ചപ്പോൾ ആ മനുഷ്യൻ സ്വയം ആശ്വസിപ്പിക്കുന്ന ഒരു നിശ്വാസത്തോടെ പറയുകയാണ്‌.
'ഈ പൂച്ചയ്ക്ക്‌ ഇവിടെ ഇത്തിരി പൊന്നുരുക്കാനുണ്ട്‌'.
'ഞാൻ ഉരുക്കുന്നത്‌ പൊന്നല്ല. എന്റെ ഈ ശരീരമാണ്‌. നിങ്ങൾ പറയൂ... ഇതല്ലെങ്കിൽ പിന്നെന്താണ്‌ നിങ്ങൾക്ക്‌ വേണ്ടതെന്ന്‌ ...?'
'ഒരു കഥ പറയണം!'
അവളുടെ സ്വരത്തിലെ തളർച്ച ആ മനുഷ്യനെ ഉന്മേഷം കൊള്ളിച്ചു. ഇത്തിരി ഒച്ച ഉയർത്തിത്തന്നെയാണ്‌ ആ മനുഷ്യൻ ആവർത്തിച്ചതു:
'ഒരു കഥ പറയാൻ! ഞാൻ വന്നത്‌ നിന്നെ ഒരു കഥ പറഞ്ഞുറക്കാനാണ്‌. വെറുതെയല്ല- കൂലിയ്ക്ക്‌!'.
ഒളിസേവയ്ക്കെത്തുന്നവരുടെ കിതയ്ക്കുന്ന ശരീരത്തിന്റെ തണുപ്പിൽ പെയ്തൊടുങ്ങിയ വിയർപ്പിന്റെ മഴയത്തു നനഞ്ഞു കുതിർന്ന ഒരു ഇടവഴിപോലെ ചെളിഞ്ഞു കിടക്കുമ്പോൾ ആണിനോ പെണ്ണിനോ പറയാൻ ഒന്നുമുണ്ടാവില്ല. ഇന്നിതാ പറയാനും കേൾക്കാനും മാത്രമായി ഒരു നൂറുരൂപാ രാത്രി.
എന്തു ചെയ്യണമെന്നൊരു രൂപവുമില്ലാതെ അവൾ പിറന്നപടി കിടന്നു. ആ മനുഷ്യൻ നിന്നിടത്തു നിന്നുകൊണ്ട്‌ കഥ പറഞ്ഞു തുടങ്ങിയിരുന്നു.
അവൾ കേട്ടു കിടന്നു.
അതേ.
ആ മനുഷ്യൻ പറയുന്നത്‌ ഒരു കഥ തന്നെയാണ്‌.
പൊന്നുരുകി.
ഉരുകിയൊലിക്കുന്ന പൊന്നുപോലെ അവളുമുരുകി.
ആ മനുഷ്യന്റെ പൂച്ചക്കണ്ണുകളിൽ കെട്ടുകിടന്നിരുന്ന ഉല ആളിക്കത്തി. ഉലയിൽ ആരുടെ യൊക്കെയോ പൂർവ്വകാലം മിന്നിക്കത്തി. അയാൾ കഥ പറഞ്ഞുകൊണ്ടിരുന്നു.
ആ മനുഷ്യന്റെ മുഖം അവൾ കണ്ടിരുന്നില്ല. ഇരുട്ടത്താണല്ലോ ആ മനുഷ്യൻ വന്നത്‌.
വെളിച്ചത്തുവച്ചല്ല കച്ചവടം ഉറപ്പിച്ചതും. കാണാൻ പാകത്തിൽ ആ മനുഷ്യൻ അവൾക്കു മുഖം കൊടുത്തില്ല.
ആ മനുഷ്യൻ തന്നത്‌ നൂറുരൂപാ നോട്ടാണെന്നു മാത്രം അവൾക്കു നല്ല ഉറപ്പും ഓർമ്മയുമുണ്ട്‌. ഏത്‌ ഇരുട്ടത്തും അവൾക്ക്‌ തിരിച്ചറിയാൻ കഴിയുന്ന ഏക മുഖം അത്‌ മാത്രമാണ്‌.
- രൂപ!
ചെറുതായാലും വലുതായാലും ഒരേ രൂപമുള്ള ഗാന്ധി മുഖം! പത്തു രൂപ, അൻപതുരൂപ, നൂറു രൂപ ... രൂപ!
അതു തന്നെയാണ്‌ അവളുടെ പേരും!
കീഴടങ്ങി കിടന്നു കൊടുത്തിട്ടും ആ മനുഷ്യൻ നിശ്ചലനായി നിന്നു തന്നെ ബലാൽസംഗം ചെയ്യുകയാണെന്നു തോന്നിയപ്പോൾ അവളുടെ പ്രാണൻ പിടച്ചു. അവൾ തലയിണക്കീഴിൽ നിന്ന്‌ തീപ്പെട്ടി തപ്പിയെടുത്തു. തീപ്പെട്ടിക്കോലുകൾ ഒന്നൊന്നായി ഉരച്ചു. ഒരു കൊള്ളിപോലും കത്തിയില്ല. എല്ലാ കൊള്ളികളും നനഞ്ഞു പോയിരുന്നു. രാത്രി പെയ്യാത്ത കാർമേഘമായി അവൾക്കുമേൽ കനത്തു. കത്താത്ത തീക്കൊള്ളിയുടെ കരിമുഖം പുകഞ്ഞു നീറി.. ആ മനുഷ്യൻ പറഞ്ഞ പഴങ്കഥ നോവിച്ചു...
അവസാനം കഥ കഴിഞ്ഞ്‌ ആ മനുഷ്യൻ പോയെന്നുപോലുമറിയാതെ അവൾ കണ്ണീരിൽ കുതിർന്ന തീപ്പെട്ടിക്കോലുകളുരച്ചു കൊണ്ടിരുന്നു. ഒന്നും കത്തിയില്ല. വെട്ടത്തിന്റെ ബോധം തെളിഞ്ഞേയില്ലാ, പിന്നെയൊന്നിലും!
വീണ്ടും ഉരച്ചു, വീണ്ടും വീണ്ടും...
പൊടുന്നനെയാണ്‌ ആ മനുഷ്യന്റെ മുഖം അവളുടെ ഓർമ്മയിൽ ഒന്നുരഞ്ഞു കത്തിയത്‌. അപ്പോഴേക്കും നീറിപ്പുകഞ്ഞു കത്തിയ അവസാനത്തെ തീപ്പെട്ടിക്കൊള്ളിയുടെ പ്രകാശത്തിൽ, ഓർമ്മയിൽ മിന്നിത്തെളിഞ്ഞ ആ മുഖം അപ്പാടെ കെട്ടുപോകുകയും ചെയ്തു.
ആ രാത്രി പുലർന്ന പകലിന്റെ മറവിയിലാണ്ടു.
പിന്നീട്‌ എത്ര ഓർക്കാൻ ശ്രമിച്ചിട്ടും അവൾ കണ്ടത്‌ തന്റെ അറപ്പിക്കുന്ന, അന്യം കൊണ്ട, നശിച്ച നഗ്നത മാത്രമാണ്‌.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ