24 May 2015

സാധാരണ കൃഷിയിൽ വിത്തുഗുണം പത്തുഗുണം; തെങ്ങുകൃഷിയിൽ വിത്തുഗുണം അഞ്ഞൂറു ഗുണം


 ടി.കെ.ജോസ്  ഐ എ എസ്

ലോകത്തെവിടെയും കൃഷിചെയ്യുന്ന ദീർഘകാല വിളകളിലെല്ലാം അവയുടെ വിത്തുകളിലും തൈകളിലും ഏറ്റവും മികച്ച ഗുണമേ ഉറപ്പു വരുത്തുന്നതിൽ കർഷകർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്‌. കേരളത്തിൽ തെങ്ങിനു പുറമെയുള്ള മുഖ്യ ദീർഘകാല വിളകളായ തെങ്ങ്‌, റബ്ബർ, കുരുമുളക്‌, ജാതി, ഏലം തുടങ്ങിയവയിലെല്ലാം ഉൽപാദനക്ഷമതയും ഉൽപാദനവും വർദ്ധിപ്പിക്കാനായത്‌ അവയുടെ നടീൽ വസ്തുക്കളുടെ മികവുകൊണ്ടാണ്‌. നാളികേരത്തിലാവട്ടെ തലമുറകൾക്ക്‌ മുമ്പ്‌ തന്നെ പ്രാദേശികമായി ഏറ്റവും മികച്ച മാതൃവൃക്ഷങ്ങൾ കണ്ടെത്തി അവയിൽ നിന്ന്‌ വിത്തു തേങ്ങ ശേഖരിച്ച്‌,  തൈകൾ ഉൽപാദിപ്പിച്ച് ,​‍ഗുണമേന്മ ഉറപ്പു വരുത്തി മാത്രമാണ്‌ മുൻകാലങ്ങളിൽ നമ്മുടെ പൂർവികരായ കർഷകർ കൃഷി ചെയ്തിരുന്നത്‌.
പിന്നീട്‌ ഗുണമേന്മ യോ ഉൽപാദന ക്ഷമതയോ ഒന്നുമു റപ്പു വരുത്താൻ കഴിയാത്ത തൈകൾ, വിവിധ പദ്ധതികളിലായി സൗജന്യമായോ വളരെ കുറഞ്ഞ നിരക്കിലോ വിതരണം തുടങ്ങിയതോടെ കേര കർഷകർ ബഹു ഭൂരിപക്ഷവും അതിനു പിന്നാലെ പോയി.  തെങ്ങുകളുടെ ജനിതകശുദ്ധിയും  രോഗ പ്രതിരോധ ശേഷിയും  ഉറപ്പു വരുത്തുന്നതിൽ വേണ്ടത്ര ശുഷ്കാന്തി പുലർത്താത്തതു കൊണ്ടു തന്നെ ആവാം  കഴിഞ്ഞ ഒന്നു രണ്ടു ദശാബ്ദങ്ങളായി കേരളത്തിൽ നാളികേരത്തിന്റെ ഉൽപാദന ശേഷി കുറഞ്ഞു വരുന്നത്‌. തെങ്ങു കൃഷിയിൽ സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള, കേരളത്തേക്കാൾ ഏതാനും ദശാബ്ദങ്ങളുടെ മാത്രം തെങ്ങുകൃഷി അനുഭവമുള്ള  തമിഴ്‌നാട്ടിലേയും, കർണ്ണാടകത്തിലേയും ആന്ധ്രാ പ്രദേശിലേയും മികച്ച നാളികേര കർഷകർ ചൂണ്ടിക്കാണിക്കുന്നത്‌ തൈകളുടെ വിശ്വാസ്യതയും ജനിതക ഗുണമേ?യും ഉറപ്പു വരുത്തിയ ശേഷം മാത്രമാണ്‌ കൃഷി ആരംഭിച്ചതു എന്നാണ്‌. പക്ഷെ, കേരളത്തിലേക്കു നോക്കൂ. പലപ്പോഴും   മാതൃ- പിതൃ വൃക്ഷങ്ങളോ ഇനം ഏതെന്നോ പോലും തിരിച്ചറിയാനാവാത്ത, സൗജന്യമായി ലഭിക്കുന്ന തൈകൾക്കു വേണ്ടിയുള്ള നെട്ടോട്ടമാണ്‌! മലയാള ഭാഷ ഉൽഭവിച്ച കാലം മുതൽ കൃഷിയെകുറിച്ചുള്ള ഒരു പഴഞ്ചൊല്ലാണ്‌ ' വിത്തുഗുണം പത്തു ഗുണം' എന്നത്‌. നല്ല ഗുണമേ?യുള്ള ഒരു വിത്ത്‌ തിരഞ്ഞെടുത്താൽ സാധാരണ ലഭിക്കുന്നതിന്റെ പത്തുമടങ്ങ്‌ വിളവ്‌ ലഭിക്കും എന്നാണ്‌ ഇതിനർത്ഥം. നാളികേരത്തിന്റെ കാര്യത്തിൽ ഈ പഴഞ്ചൊല്ലിനെ നമുക്ക്‌ ഒന്നുകൂടി പുതുക്കി, വിത്തുഗുണം 500 ഗുണം എന്നാക്കേണ്ടതുണ്ട്‌. കാരണം  ദീർഘകാല വിളയായ തെങ്ങിന്‌ ചുരുങ്ങിയത്‌ 50 വർഷക്കാലമെങ്കിലും മികച്ച ഉൽപാദനം നടത്താൻ ശേഷിയുണ്ട്‌. അപ്പോൾ ഏറ്റവും മികച്ച തൈകൾ തെരഞ്ഞെടുക്കുന്നതു വഴി ഒരു വർഷം തന്നെ പത്തുമടങ്ങ്‌ ഉൽപാദനം നടത്താൻ കഴിയുന്ന ഇനങ്ങൾ,  50 വർഷം കൊണ്ട്‌  കർഷകർക്ക്‌ ശരാശരിയുടെ 500 മടങ്ങ്‌ വിളവ്‌ തരാൻ പ്രാപ്തിയുള്ളവയാണ്‌. ഇക്കാര്യത്തിൽ നാം വേണ്ടത്ര ശുഷ്കാന്തി കാട്ടുന്നുണ്ടോ എന്നുള്ള ആത്മപരിശോധനയ്ക്കുള്ള സമയം കൂടിയാണിത്‌. കാലവർഷം ആരംഭിക്കാൻ പോകുന്നു.  തെങ്ങിൻ തൈകൾക്കുവേണ്ടിയുള്ള പരക്കം പാച്ചിൽ തുടങ്ങി കഴിഞ്ഞു. മറ്റ്‌ വിളകളുടെ വിത്തും തൈകളും ഉൽപാദിപ്പിക്കുന്നതുപോലെ പ്രചുര പ്രജനന പരിപാടികൾ (റാപ്പിഡ്‌ മൾട്ടിപ്ലിക്കേഷൻ സാങ്കേതിക വിദ്യകൾ) ഒന്നും തന്നെ ഇതുവരെ വിജയിക്കാത്ത കൃഷിയാണ്‌ തെങ്ങ്‌. അതുകൊണ്ടാണ്‌ ഈ ലക്കം മാസിക നടീൽ വസ്തുക്കളെപ്പറ്റി ചർച്ച ചെയ്യാൻ ശ്രമിക്കുന്നത്‌.
എന്തുകൊണ്ടാണ്‌ കേരളത്തിലെ നാളികേര മേഖല പുറകോട്ടു പോയതെന്ന്‌ അന്വേഷിക്കുമ്പോൾ കാറ്റുവീഴ്ച, മണ്ഡരി, കൊമ്പൻ ചെല്ലി, ചെമ്പൻചെല്ലി, കൂമ്പു ചീയൽ, തെങ്ങുകയറ്റക്കാരുടെ ദൗർലഭ്യത...തുടങ്ങി  നിരവധി കാരണങ്ങൾ നമുക്കു നിരത്താനുണ്ട്‌. പക്ഷേ നമ്മുടെ  തെങ്ങുകളുടെ തൈകൾ എവിടുന്നു വാങ്ങി, എന്നു വാങ്ങി, എന്തു പരിചരണം നൽകി,  ഏത്‌ ഇനത്തിൽപ്പെട്ടവയാണ്‌ അവ,  ഉൽപാദനക്ഷമത എത്ര എന്നീ ചോദ്യങ്ങൾക്ക്‌ ഉത്തരമില്ല. ഏതോ കാലവർഷകാലത്ത്‌ ആരോ കൊണ്ടുവന്ന്‌ ലോറിയിൽ ഇറക്കിത്തന്ന തെങ്ങിൻ തൈകൾ  വാങ്ങി നട്ടു എന്നു പറയുന്നവർ ധാരാളമാണ്‌. കൃഷിഭവനിൽ നിന്ന്‌ സൗജന്യമായി തന്നു, എന്ന്‌ പറയുന്നവരും ഉണ്ട്‌. അഞ്ചു ശതമാനത്തിൽ താഴെ കർഷകർക്കു മാത്രമെ  വിശ്വസ്ത സ്ഥാപനങ്ങളിൽ പോയി  ഇഷ്ടപ്പെട്ട ഇനങ്ങളുടെ ഗുണമേ?യുള്ള തൈകൾ ശേഖരിച്ച്‌ കൊണ്ടുവന്ന്‌ നടുകയും കൃത്യമായി പരിചരിക്കുകയും ചെയ്തു എന്ന്‌ ഉറപ്പു പറയാൻ പറ്റുന്നുള്ളൂ. അതായത്‌ 95 ശതമാനത്തിലേറെ കേര കർഷകരും കിട്ടുന്നത്‌ വാങ്ങി നടുന്നു; അവയെ അലക്ഷ്യമായി വളരാൻ അനുവദിക്കുന്നു.  ഒരു കാർഷിക വിദഗ്ധൻ ചൂണ്ടി കാണിച്ചപോലെ, തെങ്ങുകൃഷി മേഖലയിൽ നേഗ്ലക്റ്റോമാനിയ (അവഗണനാ രോഗം) ബാധിച്ചതാണ്‌ ഏറ്റവും വലിയ ദുരന്തം. മറ്റ്‌ രോഗങ്ങൾ അതിന്റെ പരിണത ഫലവും. റബ്ബർ, ജാതി, ഏലം എന്നീ വിളകളിൽ ഉൽപാദനക്ഷമതയും ഉൽപാദനവും വർദ്ധിച്ചതിന്റെ പ്രധാന കാരണം ഗുണമേ?യുള്ള നടീൽ വസ്തുക്കൾ ഉൽപാദിപ്പിച്ച്‌ കർഷകർക്ക്‌ ലഭ്യമാക്കി എന്നതാണ്‌. നാളികേര മേഖലയിലും നാം ഇത്തരത്തിലുള്ള ഗൗരവമായ പരിശ്രമം നടത്തേണ്ടതുണ്ട്‌.  കേര കർഷകൂട്ടായ്മകൾക്കു മാത്രമേ ഇതിനു കഴിയൂ.  തദ്ദേശീയമായ മണ്ണ്‌, കാലാവസ്ഥ എന്നിവയിൽ  ജനിതക മേ?യുളള ഇനങ്ങൾ തെരഞ്ഞെടുത്ത്‌ ഉൽപാദിപ്പിക്കുന്ന തൈകൾ ആ പ്രദേശത്ത്‌ നടുമ്പോൾ കൂടുതൽ വേഗത്തിൽ വേരു പിടിക്കുകയും വളരുകയും ഉത്പാദനം ആരംഭിക്കുകയും ചെയ്യും.

ഏത്‌ കൃഷിയിലും ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ വളരെയേറെ പ്രയോജനപ്പെടുത്തിയെങ്കിൽ മാത്രമേ മികവുറ്റ പുതിയ ഇനം വിത്തുകളും തൈകളും വികസിപ്പിച്ചെടുക്കാനാവൂ.  ടിഷ്യൂ കൾച്ചറും, ബയോടെക്നോളജിയും ഉപയോഗിച്ച്‌ തെങ്ങിലെ മികച്ച മാതൃവൃക്ഷങ്ങളുടെ തനിപ്പകർപ്പുകൾ ഉരുത്തിരിച്ചെടുക്കുന്ന കാര്യത്തിൽ നാം വളരെ പുറകിലായിപ്പോയി. ഇനിയും ഇക്കാര്യത്തിൽ  വൈകിക്കൂടാ. അതുകൊണ്ടുതന്നെയാണ്‌ നാളികേര വികസന ബോർഡ്‌ 2013 മുതൽ കേന്ദ്ര ഗവണ്‍മന്റിലും ഐ.സി.എ.ആറിലും സി.പി.സി.ആർ.ഐയിലുമെല്ലാം നിർബന്ധബുദ്ധിയോടെ ഇതിനുവേണ്ടിയിട്ടുള്ള അന്വേഷണങ്ങളും ആവശ്യങ്ങളുമായി മുന്നോട്ടു പോകുന്നത്‌.  ഇന്ത്യയിലെ പ്രധാനപ്പെട്ട നാളികേര ഉത്പാദക സംസ്ഥാനങ്ങളിലെ കാർഷിക സർവ്വകലാശാലകൾ, ഇതര ഗവേഷണ കേന്ദ്രങ്ങൾ, കഴിയുമെങ്കിൽ സ്വകാര്യ മേഖലയിലെ ഗവേഷണ സ്ഥാപനങ്ങൾ വിത്തുത്പാദന കമ്പനികൾ എന്നിവയും ചേർന്നുള്ള പരിശ്രമം ഇതിന്‌ ആവശ്യമുണ്ട്‌. ജാതി, ഏലം, കുരുമുളക്‌ തുടങ്ങിയ വിളകളിൽ മികച്ച കർഷകരുടെ തോട്ടങ്ങളിൽ അവരുടെ നിരന്തരമായ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ ഏറ്റവും മികച്ച ഉൽപാദന ക്ഷമതയും രോഗ പ്രതിരോധ ശേഷിയും പ്രകടിപ്പിച്ച സൂപ്പർ ഇനങ്ങളെ അവർ തിരിച്ചറിയുകയും അതിന്റെ വംശശുദ്ധിയും ഗുണമേ?യും അടുത്ത തലമുറയിലെ തൈകളിലേക്ക്‌ സംക്രമിപ്പിക്കുകയും ചെയ്തതു വഴി വിവിധ പുതിയ ഇനങ്ങൾ ഉയർന്നു വന്നിട്ടുണ്ട്‌.
നാളികേര കർഷക കൂട്ടായ്മകൾ  തങ്ങളുടെ കൃഷിഭൂമിയിൽ കാണുന്ന, ശരാശരിയുടെ മൂന്നു മടങ്ങിലേറെ വിളവു ലഭിക്കുന്ന, രോഗങ്ങളെ  പ്രതിരോധിക്കുന്ന, കൂട്ടത്തിലെ ഏറ്റവും മികച്ചതു എന്നു പറയാവുന്ന തെങ്ങുകളെ കണ്ടെത്തുക.  ശരാശരി തെങ്ങുകൾ 60-80 നാളികേരം നൽകുമ്പോൾ 300 നു മേൽ നാളികേരം പ്രതിവർഷം നൽകുന്ന തെങ്ങുകളെ നമുക്ക്‌ കണ്ടെത്താൻ കഴിയില്ലേ. പ്രത്യേക പരിചരണം ഒന്നും കൂടാതെ പ്രതിവർഷം 400 തേങ്ങയിലേറെ ലഭിക്കുന്ന തെങ്ങുകളെ കഴിഞ്ഞ ലക്കം മാസികയിൽ പരിചയപ്പെടുത്തിയിരുന്നു. ഒരു പക്ഷേ നിങ്ങളുടെ ചുറ്റവട്ടത്തും  ഇങ്ങനെയുള്ള തെങ്ങുകൾ കണ്ടേക്കാം.  ഇത്തരം സൂപ്പർ തെങ്ങുകളെ കണ്ടെത്തി,  തുടർ നിരീക്ഷണ പഠനങ്ങൾക്ക്‌ വിധേയമാക്കി  അവയുടെ വംശശുദ്ധി ഉറപ്പുവരുത്തുന്ന സ്വയംപരാഗണ രീതികൾ അനുവർത്തിച്ച്‌ വിത്തുതേങ്ങകളും  തൈകളും ഉത്പാദിപ്പിക്കാൻ കൂട്ടായ്മകൾക്ക്‌ കഴിയണം.  ഓരോ നാളികേരോൽപാദക കമ്പനികളും  അവരുടെ പ്രദേശത്തെ കർഷകർക്ക്‌ വേണ്ടതെങ്ങിൻ തൈ സ്വന്തമായി, ഉൽപാദിപ്പിക്കണം.
 കേര കൃഷിയുടെ മേഖലയിൽ മികവും സ്ഥിരവരുമാനവും കർഷകർക്ക്‌ കിട്ടണമെങ്കിൽ കൃഷിയിൽ ഘടനാപരമായ മാറ്റങ്ങൾ (സ്ട്രക്ചറൽ ചേഞ്ച്‌) കൊണ്ടുവരേണ്ടത്‌ ആവശ്യമാണ്‌.  എങ്ങിനെ തെങ്ങിൻ തൈകൾ നടണം, പരിപാലിക്കണം, എന്ന്‌ പല കാർഷിക വിദഗ്ധരും കൃഷി വകുപ്പും സർവ്വകലാശാലകളുമൊക്കെ നിങ്ങളെ പഠിപ്പിക്കാറുണ്ട്‌. എന്തിനാണ്‌ നാം തെങ്ങു നടുന്നത്‌ എന്ന ചോദ്യത്തിന്‌ ഉത്തരം അധികമാരും പറഞ്ഞു കേൾക്കുന്നില്ല. കേവലം വെളിച്ചെണ്ണ ഉൽപാദിപ്പിക്കുന്നതിനോ, മൾട്ടിനാഷണൽ കമ്പനികൾക്ക്‌ തങ്ങളുടെ  കൊപ്ര നൽകി അവർക്ക്‌ ലാഭം കൊയ്യുന്നതിനുള്ള ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനോ വേണ്ടി മാത്രമാണോ നാം തെങ്ങു നടേണ്ടത്‌? വെളിച്ചെണ്ണയ്ക്കും കൊപ്രയ്ക്കും അപ്പുറത്ത്‌ നാളികേരത്തിന്‌ നിരവധിയായ ഉപയോഗങ്ങളുണ്ട്‌. നിരവധി മൂല്യ വർധിത വസ്തുക്കളുണ്ട്‌. ഇതിനെല്ലാം പഴയകാലത്തെപ്പോലെ  ഒരു വ്യാഴവട്ടത്തിന്റെ പാതിയിലേറെ കാത്തിരുന്നാൽ മാത്രം ഉൽപാദനം ആരംഭിക്കുന്നതും ആകാശം മുട്ടെ ഉയർന്നു പോകുന്നതുമായ തെങ്ങുകളാണോ വയ്ക്കേണ്ടത്‌? അതല്ല,കരിക്കിനും, നീരയ്ക്കും, തേങ്ങയുടെ കാമ്പിൽ നിന്നും ഉൽപാദിപ്പിക്കാവുന്ന തേങ്ങാപ്പാൽ, തേങ്ങാപ്പാൽപ്പൊടി, ഡേശിക്കേറ്റഡ്‌ കോക്കനട്ട്‌, വെർജിൻ കോക്കനട്ട്‌ ഓയിൽ, തേങ്ങാപ്പാൽ ക്രീം തുടങ്ങിയ നിരവധി ഉൽപ്പന്നങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന കുറിയ ഇനം തെങ്ങുകളും സങ്കരയിനം തെങ്ങുകളുമാണോ ഇനി കൂടുതലായി നട്ടു പിടിപ്പിക്കേണ്ടത്‌ എന്നു ഗൗരവമായി ചിന്തിക്കണം.  ഇത്തരത്തിലുളള മാറ്റം കേരളത്തിന്റെ നാളികേര മേഖലയുടെ ഭാവിക്ക്‌ അത്യാവശ്യമാണ്‌. സങ്കരയിനം തെങ്ങുകളാണ്‌ ഏറ്റവും മികച്ചതു. പക്ഷേ സങ്കരയിനം തെങ്ങുകൾ ഉൽപാദിപ്പിക്കുന്നതിന്‌ ആവശ്യമായ  കുറിയ ഇനം മാതൃവൃക്ഷങ്ങൾ കേരളത്തിൽ കുറവാണ്‌. നാളികേര വികസനബോർഡ്‌ നടത്തിയ സർവ്വെയിൽ നിന്നു കണ്ടെത്തിയത്‌ കേരളത്തിൽ നിലവിലുള്ള തെങ്ങുകളുടെ കേവലം 1.75 ശതമാനം മാത്രമേ ഉയരം കുറഞ്ഞ ഇനങ്ങൾ ഉള്ളൂ. അതു തന്നെ കുറിയ ഇനവും സങ്കരയിനവും കൂടിയാണ്‌. കേരളത്തിൽ ശുദ്ധ കുറിയ (​‍ു​‍ൗ​‍ൃല റംമൃള) ഇനങ്ങൾ വളരെ കുറവാണ്‌.  കുറിയ  ഇനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടു മാത്രമേ നമുക്ക്‌ ഡി ഃ ടി വിഭാഗത്തിലുള്ള സങ്കരയിനം തെങ്ങിൻ തൈകൾ ഉൽപാദിപ്പിക്കാൻ കഴിയൂ. അതുകൊണ്ടു തന്നെ കുറിയ ഇനം തെങ്ങു തൈകളുടെ സംഖ്യ വർദ്ധിപ്പിക്കേണ്ടത്‌ വളരെ ആവശ്യമാണ്‌. ഭാവിയിൽ നാം നടുന്ന തെങ്ങിൻ തൈകളിൽ  25 ശതമാനമെങ്കിലും സങ്കരയിനം തെങ്ങിൻ തൈകളും, മറ്റൊരു 25 ശതമാനമെങ്കിലും കുറിയ ഇനം തെങ്ങിൻ തൈകളും ആയിരിക്കണം എന്ന്‌ നിഷ്കർഷിക്കണം. 


ഇതിനുവേണ്ട നടീൽ വസ്തുക്കൾ ഉൽപാദിപ്പിക്കുന്നതിന്‌ കർഷ കൂട്ടായ്മകളുടെ ശ്രദ്ധ ആവശ്യമുണ്ട്‌.  തമിഴ്‌നാട്ടിൽ അഭ്യസ്ത വിദ്യരായ യുവ കേരകർഷകർ സ്വന്തമായി   പുതിയ ഇനം ഹൈബ്രിഡ്‌ തൈകൾ വികസിപ്പിച്ച അനുഭവ ചരിത്രവും കഴിഞ്ഞ ലക്കം മാസികയിൽ  വായിച്ചതു ഓർമ്മിക്കുമല്ലോ. ഇതേ രീതിയിലുള്ള പരീക്ഷണങ്ങൾ പക്ഷേ, കേരളത്തിൽ ഒരു കർഷകന്‌ തനിയെ നടത്താൻ കഴിയില്ലെങ്കിലും, നമ്മുടെ ഉൽപാദക ഫെഡറേഷനുകൾക്കും ഉൽപാദക കമ്പനികൾക്കും തീർച്ചയായും ഇത്തരം പഠന ഗവേഷണങ്ങൾ ഏറ്റെടുക്കാൻ കഴിയും. കർഷക കൂട്ടയ്മകൾക്ക്‌  ഈ രംഗത്ത്‌ വലിയ മാറ്റം കൊണ്ടുവരാൻ കഴിയും. ഏറ്റവും പ്രധാനം ആശയപരമായ  മാറ്റമാണ്‌. നാളികേര കൃഷിയെ  ഗൗരവമായി സമീപിച്ച്‌, ദീർഘവീക്ഷണത്തോടെ പദ്ധതികൾ ആവിഷ്ക്കരിച്ച്‌, ക്രിയാത്മകമായ രീതികൾ അവലംബിച്ച്‌  തങ്ങളുടെ ഭാവി സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള ആശയങ്ങൾ കേരകർഷകർക്കിടയിൽ എത്തിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനും നിലവിലുള്ള കർഷക കൂട്ടായ്മകൾക്കു കഴിയണം. 6421 നാളികേര സംഘങ്ങളും 361 ഫെഡറേഷനുകളും 19 നാളികേര കമ്പനികളുമാണ്‌ 2015 മാർച്ച്‌ 31-ന്‌ നാളികേര വികസന ബോർഡിൽ അഫിലിയേറ്റ്‌ ചെയ്തിട്ടുള്ളത്‌. ഏഴു  ലക്ഷത്തിലേറെ കേരകർഷകർ ഇന്ന്‌ ഈ തൃത്താല കൂട്ടായ്മയിൽ അംഗങ്ങളായിട്ടുണ്ട്‌. തീർച്ചയായും കേരളത്തിലെ നാളികേര മേഖലയിൽ ഗുണപരമായ മാറ്റങ്ങൾക്കുവേണ്ടി, തെങ്ങുകൃഷി വികസിപ്പിക്കുന്നതിനു വേണ്ടി, കേര കർഷകരുടെ ഭാവി സുരക്ഷിതരാക്കുന്നതിനുവേണ്ടി,  കാര്യങ്ങൾ അറിഞ്ഞ്‌, പഠിച്ച,​‍്‌ മനസ്സിലാക്കി നല്ല ടീം വർക്കിലൂടെ മുമ്പോട്ടു പോകുന്ന കർഷക കൂട്ടായ്മകൾക്കു മാത്രമെ കഴിയൂ. അപ്രകാരമുള്ള പ്രവർത്തനങ്ങളിലേയ്ക്ക്‌ അതിവേഗം നിങ്ങൾ എത്തണം എന്ന്‌ അഭ്യർത്ഥിക്കുന്നു.
ഗൗരവമായ ചിന്തയും ആശയപരമായ മുന്നേറ്റവും കർഷകരുടെ ഇടയിൽ ഉണ്ടാവണം. കേവലം  സൗജന്യങ്ങൾക്കു പിറകേ മാത്രം പോകുന്നവരാകാതിരിക്കുക. അങ്ങനെ ആകരുതേ എന്ന്‌ അഭ്യർത്ഥിക്കുന്നു. നല്ല നടീൽ വസ്തുക്കളിലും തെങ്ങ്കൃഷിക്ക്‌ അനുവർത്തിക്കേണ്ട പരിപാലന മുറകളിലുമെല്ലാം ആയിരിക്കട്ടെ നമ്മുടെ ശ്രദ്ധ. അതിനുള്ള ടീം വർക്കിനാണ്‌ നമ്മുടെ  നാളികേര ഉത്പാദക കമ്പനികൾ കേരളത്തിൽ നേതൃത്വം കൊടുക്കേണ്ടത്‌. നിലവിലുള്ള 19 നാളികേര ഉത്പാദക കമ്പനികൾ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഇരുപത്തഞ്ചായും, ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ മുപ്പത്‌ ആയും  ഉയരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. താഴെ തലങ്ങളിലുള്ള യൂണിറ്റുകളുടെ പ്രവർത്തനങ്ങളെ കുറിച്ച്‌  കമ്പനിയും  ഫെഡറേഷനുകളും വിലയിരുത്തലും അവലോകനവും നടത്തി വിജയകരമായി മുന്നേറുക. അതിനു നമുക്ക്‌ കൂട്ടായി പരിശ്രമിക്കാം. നടീൽ വസ്തുക്കളുടെ കാര്യത്തിൽ തൃത്താല കേരകർഷക കൂട്ടായ്മകൾ സ്വയം പര്യാപ്തത്തയിൽ എത്തിയെങ്കിൽ മാത്രമേ കേരളത്തിലെ കേരകൃഷിയുടെ ഭാവി ശോഭനമാവുകയുള്ളൂ. അതിനാവശ്യമായ കൂടുതൽ അറിവുകൾ നേടുന്നതിനും കൂടുതൽ കാര്യങ്ങൾ മനസിലാക്കുന്നതിനും കേരളത്തിലെ കേരകർഷക സമൂഹത്തെ പ്രചോദിപ്പിക്കുകയാണ്‌ ഈ ലക്കം മാസികയുടെ ലക്ഷ്യം.
നാളികേര ഉത്പാദക കമ്പനികളുടെ  മൂലധന നിക്ഷേപത്തിന്റെ 25% (പരമാവധി ഒരുകോടി രൂപ) ബാക്ക്‌ എൻഡ്‌ സബ്സിഡിയായി നീര സംസ്ക്കരണ പ്ലാന്റുകൾക്ക്‌ നൽകുന്നതിനു വേണ്ടി സംസ്ഥാന ബഡ്ജറ്റിൽ മാറ്റി വെച്ചിരുന്ന 15 കോടി രൂപ ലാപ്സായി പോയതായിട്ടാണ്‌ മനസ്സിലാക്കുന്നത്‌. കേര കർഷകർക്ക്‌ നീര പ്രവർത്തിപഥത്തിൽ കൊണ്ടുവരുന്നതിന്‌ അങ്ങേയറ്റം സംസ്ഥാന ഗവണ്‍മന്റ്‌ പരിശ്രമിക്കുകയുണ്ടായി എന്നത്‌ ഏവർക്കും അറിവുള്ള വസ്തുതയാണ്‌.  ബഹുമാനപ്പെട്ട മുഖ്യമന്ത്രി തന്നെ പല വേദികളിലും മുഖ്യമന്ത്രിയെന്നുള്ള നിലയിൽ തന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും സംതൃപ്തിയേകിയ നടപടിയായിട്ടാണ്‌ നീര ഉൽപാദിപ്പിക്കാൻ കർഷ കൂട്ടായ്മകൾക്ക്‌  അനുവാദം നൽകിയ തീരുമാനമെന്ന്‌ കൃത്യമായി പറഞ്ഞിട്ടുണ്ട്‌. നാളികേര ഉൽപാദന കമ്പനികളുടെ നീര സംസ്ക്കരണ പ്ലാന്റുകൾക്ക്‌ ബഡ്ജറ്റിൽ നീക്കി വച്ച തുക, നഷ്ടപ്പെടാതെ നൽകുമെന്ന്‌ അദ്ദേഹം ഉറപ്പു നൽകിയിട്ടു കൂടി, അജ്ഞാതമായ കാരണങ്ങളാൽ അതിനു ചുക്കാൻ പിടിക്കുന്നവർ ഈ കാര്യങ്ങൾ  നിഷ്ക്കരുണം തമസ്ക്കരിക്കുന്ന കാഴ്ച കേരളത്തിലെ നാളികേര കർഷകരുടെ കൂട്ടായ്മകൾക്ക്‌ വേദനയും സ്തോഭവും ഉണ്ടാക്കുന്ന കാര്യം തന്നെയാണ്‌. ഏക ആശ്വാസം നാളികേര കർഷകർക്ക്‌ വേണ്ടി മുൻ വർഷങ്ങളിലെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച  പദ്ധതികളും ഇതുപോലെ ജലരേഖയായി എന്നതു മാത്രമാണ്‌!  2011 - 12 ലെ ബഡ്ജറ്റിൽ ഇതുപോലെ പ്രഖ്യാപിച്ച്‌, പ്രത്യേമായി പണം മാറ്റി വച്ച പദ്ധതികളാണ്‌ കേരളത്തിലെ  മൂന്നു  'കോക്കനട്ട്‌ ബയോപാർക്കുകൾ' .  മൂന്നു സാമ്പത്തിക വർഷങ്ങൾ പിന്നിട്ടിട്ടും ഇതൊരു സ്വപ്നമായി തന്നെ അവശേഷിക്കുന്നു.  തീർച്ചയായും ഇത്തരം പരാജയങ്ങൾ മനം മടുപ്പിക്കുന്നതിനോ പിറകോട്ടു മാറുന്നതിനോ അല്ല നിങ്ങളെ പ്രേരിപ്പിക്കേണ്ടത്‌. അവഗണനയുടെ കയ്പുനീർ മാത്രം പേറുന്ന ഒരു സമൂഹമായി കേരകർഷകരുടെ കൂട്ടായ്മ  നിലനിൽക്കുന്നതിനു പകരം അർഹതപ്പെട്ട അവകാശങ്ങൾ  കൂട്ടായ്മകളിലൂടെ നേടിയെടുക്കുന്നതിനുള്ള ശക്തിയും കരുത്തും ആർജ്ജിക്കുന്നതിന്‌ ഇത്തരം തിരസ്ക്കാരങ്ങൾ നിങ്ങൾക്ക്‌ ശക്തിയും ഊർജ്ജവും പകരട്ടെ എന്ന്‌ ആശംസിക്കുകയാണ്‌. പണ്ട്‌ കുരുമുളക്‌ വള്ളികൾ പോർച്ചുഗലിലേക്ക്‌ കൊണ്ടുപോകാൻ ശ്രമിച്ച വാസ്കോഡിഗാമയുടെ നാവികരെ നോക്കി സാമൂതിരി രാജാവ്‌ പറഞ്ഞു പോലും 'അവർക്ക്‌ കൊടിത്തലയല്ലേ കൊണ്ടു പോകാൻ പറ്റൂ, തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാൻ ആവില്ലല്ലോ'. അതെ, 15 കോടി മാത്രമേ നൽകാതിരിക്കാൻ പറ്റൂ. പക്ഷേ കേരകർഷകരുടെ ആത്മധൈര്യം, അത്‌ ആർക്കും തകർക്കാൻ ആർക്കും കഴിയില്ല. ഈ 15 കോടി ഇല്ലെങ്കിൽ പോലും നീര സംസ്ക്കരണ പ്രോജക്ടുകൾ തീർച്ചയായും വർദ്ധിത വീര്യത്തോടെ മുമ്പോട്ടു പോകും; പോകണം. ഇത്‌ ലഭിച്ചിരുന്നെങ്കിൽ നിങ്ങളുടെ വായ്പാഭാരം  അൽപം ലഘൂകരിക്കാമായിരുന്നു, പലിശ ബാധ്യത കുറയ്ക്കാമായിരുന്നു. ശരിയാണ്‌ . എന്നാൽ ഇപ്പോൾ  പലിശ ബാധ്യത അൽപം കൂടും, വായ്പാ തിരിച്ചടവ്‌ നീളും. അത്രമാത്രം. എന്നാലും ഇത്‌ വിജയകരമായി നടപ്പാക്കാൻ നിങ്ങൾക്ക്‌ കഴിയും. അതിനു വേണ്ട കരുത്തും ശക്തിയും ടീം വർക്കിലൂടെ നേടുവാൻ  പരിശ്രമിക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു. അവഗണനയും നിരാസവുമാണ്‌ മാനവ ചരിത്രത്തിലെ പല പ്രശസ്ത വിജയങ്ങളുടെയും ചവിട്ടുപടി എന്ന വസ്തുതയും  മറക്കാതിരിക്കുക.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...