24 May 2015

മതി, ഇത്രമതി എന്ന വാക്ക്‌ എവിടെ നിന്നെങ്കിലും?


എം.തോമസ് മാത്യു
    അടുത്തകാലത്തുണ്ടായ ഒരു വലിയ സന്തോഷത്തിന്റെ കാര്യം പറയാതിരിക്കാൻ വയ്യ. ഒരു പത്രവാർത്തയാണ്‌. പതിവില്ലാത്ത ഈ സന്തോഷത്തിന്‌ നിദാനം. സാധാരണഗതിയിൽ പത്രത്താളുകൾ നമ്മെ നൈരാശ്യത്തിലേക്കും മടുപ്പിലേക്കുമാണ്‌ നയിക്കുക. പ്രകാശങ്ങൾ ഓരോന്നോരോന്നായി കെട്ട്‌ അന്ധകാരം കനത്തു വരുന്നോ എന്ന്‌ തോന്നുമാറ്‌ തമശക്തികളുടെ നിർലജ്ജവിലാസങ്ങളുടെ ബീഭത്സചിത്രങ്ങൾ നിരത്തിയാണ്‌ പത്രങ്ങൾ സുപ്രഭാതമാശംസിച്ചുകൊണ്ട്‌ രാവിലെ എത്തുക പതിവ്‌. അവിടവിടെയെങ്ങാനും ഒരു പൊടി വെളിച്ചം മിന്നിയാലായി. അതുകാണാൻ പോലും അനുവദിക്കാതെ ഇരുളിന്റെ ശക്തികൾ ആധിപത്യം സ്ഥാപിക്കുകയും അവയുടെ ആഘോഷപൂർവ്വ്വമായ താണ്ഡവം നടക്കുകയും ചെയ്യുന്നു. എല്ലാ നീതിബോധങ്ങളും അന്തർദ്ധാനം ചെയ്തു, ആർക്കും എന്തും ചെയ്യാം, എന്തു ചെയ്താലും നിസ്സഹായമായി നിൽക്കുന്ന നിയമവ്യവസ്ഥ ഒന്നും ചെയ്യാതെ കണ്ണടച്ചിരിക്കുകയേയുള്ളൂ എന്ന പ്രതീതിയാണ്‌ ഉണ്ടാക്കുന്നത്‌. തോമസ്‌ ഹോഞ്ച്സ്‌ മനുഷ്യനെക്കുറിച്ച്‌ വരച്ചു വച്ച കറുത്ത ചിത്രമാണ്‌ ശരി എന്ന്‌ തോന്നിപ്പിക്കുക മാത്രമല്ല, അതിനെ നിയന്ത്രിച്ചു നിർത്താൻ വേണ്ടി ഉണ്ടായ സ്റ്റേറ്റും അതിന്റെ നീതി ന്യായവ്യവസ്ഥയും ശിക്ഷാഘടനയും നിഷ്ഫലമാണ്‌ എന്ന തോന്നൽ ഉളവായിരിക്കുന്നു. മനുഷ്യൻ സ്വതേ ചീത്തയാണെങ്കിൽ ആ ചീത്തത്തെ നിയന്ത്രിക്കാൻ ചീത്ത മനുഷ്യനുണ്ടാക്കിയ സംവിധാനങ്ങൾക്ക്‌ ഫലപ്രദമായ ഒന്നും ചെയ്യാൻ കഴിയുകില്ലല്ലോ. അങ്ങനെ ഒരു വ്യവസ്ഥയും നേരെയാവുകയില്ല എന്ന ഭീതിദമായ നിലയെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ ശരിയല്ല. അതിന്‌ ഒരു മറുവശമുണ്ട്‌. മനുഷ്യൻ അങ്ങനെയാണ്‌. അകവും പുറവും ഒരുപോലെ കറുത്തിരുണ്ട്‌ ബീഭത്സസത്വമല്ല എന്ന്‌ ആശ്വസിക്കാൻ പോന്നവാർത്തയാണ്‌ കറുത്ത അക്ഷരങ്ങൾക്കിടയിലും സുവർണ്ണ ശോഭയോടെ വന്നു ചേർന്നിരിക്കുന്നതും.
വാർത്ത ഇത്രയേയുള്ളു. ഒരു കുട്ടിയുടെ ഭാരിച്ച ചികിത്സാ ചെലവ്‌ രക്ഷിതാക്കൾക്ക്‌ വഹിക്കാൻ കഴിയാത്തതുകൊണ്ട്‌ അവർ ഒരു പത്രസ്ഥാപനത്തെ സമിപിച്ചു. അവർ ഔദാര്യത്തോടെ പത്രത്തിൽ ഒരു അഭ്യർത്ഥന പുറപ്പെടുവിച്ചു. അതിനുണ്ടായ പ്രതികരണം അത്ഭുതാവഹമായിരുന്നു. സംഭാവനകൾ ഒഴുകി. ഇനി സംഭാവനകൾ സ്വീകരിക്കുകയില്ല. ഉദ്ദേശത്തിലേറെ പണം കിട്ടിയിരിക്കുന്നു എന്ന്‌ പത്രത്തിനു വീണ്ടും പരസ്യം ചെയ്യേണ്ടി വന്നു. ഈ പരസ്യമാണ്‌ എന്നെ സന്തോഷഭരിതനാക്കിയത്‌.
ഒരു കുട്ടിയുടെ ചികിത്സ മുടക്കമില്ലാതെ നടന്നുകൊള്ളും എന്ന ആശ്വാസമല്ല ഈ വാർത്തകൊണ്ടു വന്നത്‌. തീർച്ചയായും അതും ആശ്വാസകരമാണ്‌. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ചികിത്സാരീതികൾ എത്ര തന്നെ വിദഗ്ദവും കുറ്റമറ്റതുമാണെങ്കിലും അത്‌ സാധാരണ ജനങ്ങൾക്ക്‌ അപ്രാപ്യമാകുമാറ്‌ ചെലവേറിയതായിരിക്കുന്നു. ചികിത്സകൾ കൊണ്ട്‌ പുതുതായി ഉണ്ടാകുന്ന രോഗങ്ങളുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. ഈ സാഹചര്യത്തിൽ വേണ്ടത്ര സാമ്പത്തിക ഭദ്രതയില്ലാത്ത ഒരു ഭവനത്തിൽ ജനിച്ച ഒരു കുഞ്ഞിന്റെ ചികിത്സ മുടങ്ങാതെ നടക്കും എന്ന അറിവ്‌ ആശ്വാസകരം തന്നെയാണ്‌.
എന്നാൽ, ഈ ആശ്വാസത്തോടൊപ്പം നാം അറിയാതെ ഉൾക്കൊള്ളുകയും പതുക്കെ ദൃഡപ്പെടുകയും ചെയ്ത ഒരു ഇരുണ്ടബോധം സത്യമല്ല, ആ ബോധം സത്യത്തിനുമേൽ പടർന്ന ഒരു നിഴൽമാത്രമാണ്‌ എന്ന തെളിബോധത്തിലേക്ക്‌ ഉണരാൻ പ്രേരിപ്പിച്ചു എന്നത്‌ വലിയ കാര്യമാണ്‌. അനേകം വൃഗ്രതകളിൽ പെട്ട്‌ ഉഴറുമ്പോഴും മനുഷ്യൻ തീർത്തും സ്വാർത്ഥപരായണനും അന്യനെ കുറിച്ച്‌ ചിന്തയില്ലാത്തവനും അല്ല, മഹനീയമായ മർത്ത്യഭാവങ്ങളുടെ വജ്രത്തരികൾ ഏത്‌ പാഴ്ച്ചെളിക്കൂമ്പാരത്തിനും ഇടയിൽ ഉണ്ട്‌ എന്ന്‌ ഈ പത്രവാർത്ത നമ്മെ ഓർമ്മിപ്പിക്കുന്നു. നമുക്ക്‌ ഉറപ്പു തരുന്നു. ഈ കെട്ടകാലത്തിന്റെ കെടുവാതത്തിന്‌ കെടുത്താൻ കഴിഞ്ഞിട്ടില്ല മനുഷ്യത്വത്തിന്റെ ചെറു നാളത്തെ എന്നല്ലേ അത്‌ കാണിക്കുന്നത്‌. കൊടും സ്വാർത്ഥതയുടേയും നിർല്ലജ്ജമായ വികാരവൈകൃതങ്ങളുടേയും ജുഗുപ്സ മാത്രം നിറയുന്നിടത്താണ്‌ വിഷുക്കണിപോലെ ഒരു സുന്ദരവാർത്ത.
ഈ സംഭാവനകൾ നൽകിയവരെല്ലാം ദേവദൂതന്മാരാണെന്നു തോന്നുന്നുണ്ടോ? അതോ പണം എന്തു ചെയ്യണമെന്നറിയാതെ പാഴ്‌ വസ്തുക്കൾ കെട്ടി അയയ്ക്കുന്നതിന്റെ കൂടെ ചേർക്കാൻ കരുത്തിയവരോ? ഒന്നും തികയുകയില്ല, മതി, ഇത്രമതി എന്ന വാക്ക്‌ ഒരുവനിൽ നിന്നും പുറപ്പെട്ടിട്ടില്ല. പുറപ്പെടുകയുമില്ല. തികഞ്ഞവനിൽ നിന്നല്ല നന്മ തുളുമ്പി വീഴുന്നത്‌. അതുകൊണ്ട്‌ എല്ലാ ആവശ്യങ്ങളും നിറവേറ്റി ബാക്കി വന്നതിൽ നിന്ന്‌ എടുത്തു ദാനം ചെയ്തതൊക്കെയെന്നു ധരിക്കേണ്ട ഇതും എന്റെ ആവശ്യം തന്നെ. ഈ കുഞ്ഞിന്റെ ചികിത്സ നടന്നില്ലെങ്കിൽ എനിക്കു പൊറുതി കിട്ടുകയില്ല. എന്നു വിചാരിക്കുന്നവരുടെ സംഭാവനകളാണ്‌ ഒഴുകി നിറഞ്ഞതും. അത്‌ മനുഷ്യനെക്കുറിച്ച്‌ സാഹചര്യങ്ങൾ സ്വരൂപിച്ചെടുക്കാൻ നിർബന്ധിക്കുന്ന സങ്കൽപത്തെ തിരുത്തി സുഗന്ധവും വർണ്ണഭംഗിയുമുള്ള ഒരു സങ്കൽപമുണ്ടാക്കാൻ നമ്മെ സഹായിക്കുന്നു. ഒരു താരകയെ കാണുമ്പോൾ രാവുമറക്കുകയും ഒരു പുഞ്ചിരി കാൺകെ മൃതിയെ മറക്കുകയും ചെയ്യുന്ന പാവം മനുഷ്യൻ എന്നു പറയാൻ തോന്നുന്നുണ്ടോ? പക്ഷേ, ഇതാണ്‌ നിങ്ങളും ഞാനും എന്ന്‌ നിരന്തരം പറയാൻ ശ്രമിക്കുന്ന കൈ ചിലവുള്ളതിൽ നിന്ന്‌ അൽപം വല്ലതും കൊടുക്കുക മാത്രമല്ല, അവനവരെത്തന്നെ പകുത്തു നൽകാൻ കഴിയുന്നിടത്തേക്ക്‌ നടത്താൻ കഴിയുന്നവരാണ്‌ നമ്മൾ എന്നു പറയുന്ന ഒരു ദർശനമുണ്ട്‌. ആ ദർശനത്തിന്റെ ഒരു കിരണം ഇതാ ഇവിടെ എന്നാണ്‌ എന്റെ വിശ്വാസം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...