സി.പി.രാജശേഖരൻ
വിലപ്രശ്നമല്ല തന്നെ
പലതിന്റേയും വിലകൂടി എന്ന് വിലപിക്കുന്ന നാം ഓരോരുത്തരും, ഒരുവിലയും പരിഗണിക്കാതെ ചിലത് വാങ്ങിക്കൂട്ടുന്നുണ്ട്. കുട്ടികളേയും ഭാര്യയേയും പോറ്റുന്നുമുണ്ട്. പൊതുവേ നാം കേൾക്കുന്നുണ്ട്, തേങ്ങയ്ക്ക് വിലയില്ല , അരിയ്ക്കും പഞ്ചസാരയ്ക്കും പലവ്യഞ്ജനങ്ങൾക്കും വിലകൂടി എന്നൊക്കെയാണ്. സമ്മതിച്ചു, അതൊക്കെ ശരിതന്നെ.
എന്നാൽ കാറിന് വിലകൂടുന്നത്, ബൈക്കിന് വില കൂടുന്നത്, പറമ്പിനും കെട്ടിടങ്ങൾക്കും വിലകൂടുന്നത് വീട് ഡക്കറേറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഇന്റീരിയർ ഡക്കറേഷൻ മെറ്റീരിയലിന്റെ വിലകൂടുന്നത്, എന്തിന് ഭാര്യയ്ക്ക് വാങ്ങുന്ന സാരിയുടെയും സ്വയം അണിയുന്ന ഷർട്ടിന്റേയും വിലയെക്കുറിച്ച് ആരെങ്കിലും ചിന്തിയ്ക്കുന്നുണ്ടോ?
ഇന്ന് കേരളത്തിൽ തന്നെ പതിനഞ്ചു ലക്ഷത്തിന്റെയും ഇരുപത് ലക്ഷത്തിന്റേയും കാറുകൾ സുലഭമായിരിയ്ക്കുന്നു. ഒരു കോടിയുടെ കാറുകളുമുണ്ട് എന്ന് നമുക്കറിയാം. പക്ഷേ ഈ ഒരു കോടിക്ക് അഥവാ ഇരുപത് ഇരുപത്തിയഞ്ച് ലക്ഷത്തിന് എന്താണ് ആ കാറിലുള്ളത് എന്നു നാം ചിന്തിയ്ക്കുന്നില്ല. 25ലക്ഷത്തിന് ഒരു വീട് പണിഞ്ഞ് അതിൽ എ.സിയും ഫിറ്റ് ചെയ്യാൻ പറ്റുന്ന അവസ്ഥയിലാണ് അതിന്റെ നൂറിലൊന്ന് സൗകര്യമില്ലാത്ത ഒരു കാറിന് നാം അത്രയും തുക ചിലവാക്കുന്നത്. നാം രണ്ട് ലക്ഷത്തിന് വാങ്ങുന്നകാറും 25 ലക്ഷത്തിന് വാങ്ങുന്ന കാറും താരതമ്യം ചെയ്താൽ, അനേകം ലക്ഷം രൂപ നാം ചിലവാക്കിയത് അന്ധമാകുന്നെന്ന് ബോധ്യമാകും. അയ്യായിരം മുതൽ അമ്പതിനായിരംവരെയുള്ള സാരികളുടേയും ഷർട്ടിന്റേയും അവസ്ഥയും ഏതാണ്ട് ഇതുപോലെ തന്നെയാണ്. വിൽക്കുന്നവന് അതിന്റെ ക്വാളിറ്റിയെക്കുറിച്ച് പലതും പറയാനുണ്ടാകും. പക്ഷേ, വാങ്ങുന്നവന് അവന്റെ ഉപയോഗം മുന്നിൽ നിർത്തി ഈ ധാരാളിത്തത്തിന് എന്തുത്തരം നൽകാനാകും?
ഇതൊക്കെ സഹിക്കാം, 'ബേബിഫുഡ്സ്' എന്ന ഇനത്തിൽ വരുന്ന പാക്കറ്റ് മിൽക്ക് പ്രോഡക്റ്റ്കളും ബോൺവിറ്റ, ബൂസ്റ്റ്, ഹോർലിക്സ് തുടങ്ങിയ ഡ്രിങ്ക് പൗഡറുകളും വിൽക്കപ്പെടുന്നത് അതിന്റെ ടോട്ടൽ പ്രോഡക്ഷൻ കോസ്റ്റിന്റെ 50 മുതൽ 100 ഇരട്ടിവരെ വിലയ്ക്കാണ്. ഒരു കിലോ ഏത്തക്കായ് ഉണങ്ങിയതിന് ഏന്ത് വിലവരും എന്ന് നമുക്കറിയാം, എന്നാൽ അത് 'ബനാവിറ്റ' എന്ന പായ്ക്കറ്റിൽ വന്നാൽ അതിന്റെ വില 250-300 രൂപയാണ്. ഒരു കിലോ റാഗിയോ ഗോതമ്പോ എന്ത് വിലയ്ക്കു കിട്ടും എന്ന് നമുക്കറിയാം. പക്ഷേ, അത് പലതരം ധാന്യപ്പൊടികളും പഞ്ചസാരയും ചേർത്ത് പായ്ക്ക് ചെയ്താൽ വിലയെത്രയാണ് വാങ്ങുന്നത്?
കുട്ടികൾക്ക് നൽകുന്ന ചോക്ലേറ്റുകൾ ഏറ്റവും വലിയ ചതിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ശരീരത്തിന് യാതൊരു ഗുണവും ചെയ്യാത്ത കൊക്കോയും മാൾട്ടും പാൽപ്പൊടിയും പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന പല ചെറിയ ചെറിയ പായ്ക്കറ്റുകൾക്ക് 30 മുതൽ 100 നൂറ്റിഅമ്പതു രൂപവരെ നാം കൊടുക്കുന്നു. ഒരു പരാതിയുമില്ലാതെയാണ് മേൽപ്പറഞ്ഞ വസ്തുവഹകൾ നാം വാങ്ങുന്നത്. അതുപോലെ കുട്ടികളുടെ ടോയ്സ്, കടക്കാരൻ എന്തുവില പറയുന്നുവോ അത് കൊടുത്തു വാങ്ങുന്നു. അതിൽ നല്ലത് ഏത് ചീത്തയേത് എന്ന് നമുക്കറിയില്ല. കുട്ടികൾ ഒറ്റദിവസംകൊണ്ട് തല്ലിപ്പൊളിച്ചുകളയുന്നത് ആയിരം മുതൽ 25000രൂപവരെ വിലയുള്ള ടോയ്സ് ആണ്. 200നും 300നും നാം വാങ്ങുന്ന സാധാരണ പ്ലാസ്റ്റിക്-ക്ലോത്ത് ടോയ്സ് പോലും ചൈനയിൽ വെറും 25നും 50നും കിട്ടുന്ന വസ്തുക്കളാണ്.
പണ്ടൊക്കെ നാം ഓരോന്നിനെക്കുറിച്ചും ചിന്തിയ്ക്കുമായിരുന്നു. എല്ലാത്തിന്റേയും വിലയും നിലയും പരിശോധിയ്ക്കുമായിരുന്നു. ഒരു താരതമ്യപഠനം വിലയും നിലയും നിലവാരവും വച്ച് കണക്കുകൂട്ടിയാണ് അന്ന് ഓരോരുത്തരും എന്തുംവാങ്ങിയിരുന്നത്. ഇന്ന് കുപ്പിവെള്ളത്തിനുപോലും 15രൂപയായി. അതായത് 15 രൂപയ്ക്ക് ഒരു വിലയും ഇല്ലെന്നർത്ഥം. ട്രയിനിൽ സഞ്ചരിക്കൂ, പകുതി കുടിച്ച് പകുതി ഉപേക്ഷിച്ച രീതിയിൽ അനേകം വെള്ളക്കുപ്പികൾ വണ്ടിയിൽ ഉരുണ്ട് നടക്കുന്നത് കാണാം. കൊടുത്ത 15 രൂപ അവന് പ്രശ്നമേയല്ല.
ചിലതിനോക്കെ വേണ്ടി വിലപിയ്ക്കുന്നവർപോലും മറ്റു ചിലതിന് വേണ്ടി കണ്ണടച്ച് പണം ചിലവാക്കുന്നത് കാണുമ്പോൾ നമുക്ക് ദുഃഖം തോന്നുന്നു. നമ്മുടെ നാട്ടിൽ നിന്നാണ് പാശ്ചാത്യർ പലതും ആദ്യ കാലഘട്ടത്തിൽ പഠിച്ചെടുത്തത്. അവർ അതുകൊണ്ട് സമയത്തിന്റേയും സാധനങ്ങളുടേയും വില അതാതിന്റെ ഗുണവും ഉപയോഗവും താരതമ്യം ചെയ്ത് നിശ്ചയിക്കുന്നു. ഹോട്ടലിൽ പോയി ഒരു സായ്പ്പും, അൽപനായ മലയാളി പൊങ്ങച്ചക്കാരനും ആഹാരം കഴിച്ചാൽ സായ്പിന്റെ പ്ലേറ്റിൽ ഒന്നും മിച്ചം ഉണ്ടാകില്ല. മലയാളി പൊങ്ങച്ചക്കാരൻ മക്കളേയും ഭാര്യയേയും സുഹൃത്തുക്കളേയും കൂട്ടി വേണ്ടതും വേണ്ടാത്തതും ഓർഡർ ചെയ്ത് അതെല്ലാം കുട്ടികളുടെ പ്ലേറ്റിൽ മിച്ചം വരുത്തി ബില്ലും പേയ് ചെയ്ത് പോകുന്നു. ബാറുകളിലും സ്റ്റാർ ഹോട്ടലുകളിലും മലയാളി വലിച്ചെറിയുന്ന പണം നമ്മോട് തന്നെ തിരിഞ്ഞ് നിന്ന് കൊഞ്ഞനം കാണിയ്ക്കുന്നുണ്ട്. മലയാളിയ്ക്ക് ഇപ്പോൾ 25 ലക്ഷത്തിന്റെ കാറ് എന്നുപറയുന്നത് ഒരു ഹരമാണ്. 25 ലക്ഷം വാങ്ങി പോക്കറ്റിലിട്ട് കാറ് കച്ചവടക്കാരൻ നമ്മെ നോക്കി പല്ലിളിയ്ക്കുന്നത് ഞാൻ കാണുന്നു.