23 Nov 2012

രണ്ടും രണ്ട്‌


അക്ബർ കക്കട്ടിൽ

1- വെറുതെയീ മോഹങ്ങൾ
യേശുദാസിനോടൊപ്പം പാട്ടുപാടിയാണ്‌ ദിവസവും ഉറങ്ങാൻ കിടക്കുക. സി ഡി പ്ലയറിലെ ദൈവത്തിന്റെ കണ്ഠത്തോടൊപ്പം എന്റെ ദുർബല കണ്ഠവും ചേർത്തുവെച്ചങ്ങനെ പാടിപ്പാടിവരവെയാണ്‌ പാട്ടുകാരനായി എന്നൊരു തോന്നൽ എനിക്കുണ്ടായത്‌. അതുമുതൽ ഒരു മോഹവും ജനിച്ചു. ഒരു പാട്ടുപാടി യേശുദാസിനെ കേൾപ്പിക്കണം; അഭിപ്രായമറിയണം. പക്ഷേ നേരിട്ടുപാടി കേൾപ്പിക്കാൻ ധൈര്യമില്ല. അതുകൊണ്ട്‌ പാട്ട്‌ റെക്കോഡ്ചെയ്തു.
ഗായിക മഞ്ജരിയുടെ കല്യാണത്തലേന്നാണ്‌ ഞാൻ യേശുദാസിനെ കണ്ടത്‌. മഞ്ജരിയുടെ അച്ഛൻ ബാബുവും അമ്മ ലതയും എന്റെ പ്രിയ സുഹൃത്തുക്കളാണ്‌. അവരാണ്‌ എന്നെ അദ്ദേഹത്തിന്റെ അടുത്തുകൊണ്ടുപോയി എന്റെ മോഹം അറിയിച്ചതു.
യേശുദാസിനെ കണ്ടപാടെ എന്റെ മുട്ടിടിക്കാൻ തുടങ്ങിയിരുന്നു. ശരീരവും വിറച്ചു. മഞ്ജരി സമാധാനിപ്പിച്ചു: 'അങ്കിളേ,  ദൈവത്തെപ്പോലൊരു മനുഷ്യനാണ്‌ ദാസങ്ക്ല്. പിന്നെ അക്ബറങ്ക്ല് നേരിട്ട്‌ പാടുന്നില്ലല്ലോ.. റെക്കോഡ്ചെയ്ത്‌ കേൾപ്പിക്കയല്ലേ? പിന്നെന്തിനാണീ വിറയൽ?'
അതുശരിയാണല്ലോ എന്ന്‌ എനിക്ക്‌ തോന്നി.
യേശുദാസ്‌ അനുഗൃഹീതമായ ആ ചിരിയോടെ എന്നെ അരികിൽ ചേർത്തിരുത്തി. ഞാൻ സി ഡി പ്ലയർ ഓൺചെയ്തു.
'അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ....'
പാട്ട്‌ ഒഴുകുകയാണ്‌.
പാട്ട്‌ കഴിഞ്ഞപ്പോൾ ഞാൻ യേശുദാസിന്റെ മുഖത്തുനോക്കി. ഇനി അഭിപ്രായമറിഞ്ഞാൽ മാത്രം മതി.
ദിവ്യതേജസ്സുള്ള ആ മുഖം നിറയെ ചിരിയാണ്‌. ഈശ്വരാ, അത്‌ പാട്ട്‌ ഇഷ്ടപ്പെട്ട ചിരിയോ അതോ മറിച്ചോ?
യേശുദാസ്‌ പറഞ്ഞു:
'അക്ബറുടെ ശബ്ദത്തിൽ പാടിയ പാട്ടാണെന്ന്‌ കരുതിയാണോ ഇത്‌ കൊണ്ടുവന്നിരിക്കുന്നത്‌? ഇത്‌ എന്റെ ശബ്ദം തന്നെയല്ലേ കുട്ടീ? റെക്കോഡ്‌ ചെയ്തത്‌ മാറിപ്പോയോ?'
ഞാൻ നോക്കുമ്പോൾ ചിരിച്ചുമറിയുന്ന ബാബുവിനെയും ലതയെയും മഞ്ജരിയെയുമാണ്‌ കണ്ടത്‌. യേശുദാസ്‌ പാടുമ്പോലെ ഒരു പാട്ടുപാടി മരിച്ചാൽ മതിയെന്ന എന്റെ മോഹം ഒരു ചുടുകാറ്റായി അവിടെ വീശി.


2- അവർ ജനിക്കുന്നു
'ഈ ഫോട്ടോയിൽ കാണുന്നതാരാ...?'
നിരൂപകൻ ഒരു ഗ്രൂപ്പ്‌ ഫോട്ടോ നീട്ടി വേവലാതിയോടെ ഒരാളെ ചൂണ്ടിക്കൊണ്ട്‌ ചോദിച്ചു. നിരൂപകന്റെ അരികിൽ അയാൾ- അന്നത്തെ പത്രങ്ങളിലും ടി വിയിലും നിറഞ്ഞുനിന്ന രൂപം- തീവ്രവാദി നേതാവ്‌.
'ഗൾഫിൽ പോയപ്പോൾ പലരും കൂടെ നിന്ന്‌  ഫോട്ടോയെടുക്കാൻ വന്നു. ഞാൻ നിന്നും കൊടുത്തു. ഇങ്ങനെ ഒരു ചതി... പോലീസ്‌ എന്നെ തേടിവരുമെന്ന്‌ തീർച്ച. എസ്‌ പിയെ നിനക്ക്‌ അറിയാമല്ലോ... സഹായിക്കണം.'
കവിക്ക്‌ ഉള്ളിൽ ചിരിവന്നു. തന്റെ കവിതകളെ അകാരണമായി കൊല്ലാക്കൊല ചെയ്യുന്നവനാണ്‌. ഒരാവശ്യം വന്നപ്പോൾ ഞാൻ വേണമെന്നായിരിക്കുന്നു. അനുഭവിക്കട്ടെ.
പക്ഷേ കവി അത്‌ പുറത്തുപറഞ്ഞില്ല. പകരം നിരൂപകനെ സമാധാനിപ്പിച്ചു: 'ആവശ്യം വരികയാണെങ്കിൽ എസ്‌ പിയെ കാണാം. നീ ധൈര്യമായി പൊയ്ക്കോ...'
നിരൂപകൻ പോയപ്പോഴാണ്‌ ഒരു ഉൾവിളിയാലെന്ന പോലെ കവി ആ ഫോട്ടോയിലേക്ക്‌ ഒന്നുകൂടി നോക്കിയത്‌. അയാളുടെ ഉള്ളം ആളി...
തന്റെ കഴിഞ്ഞ ഗൾഫ്‌ പര്യടനത്തിനിടയിൽ ഇയാൾ തന്നോടൊപ്പവും നിന്ന്‌ പടങ്ങൾ എടുത്തിട്ടുണ്ട്‌. ഓടിച്ചെന്ന്‌ ആൽബം തുറന്നപ്പോൾ കവിക്ക്‌ പാത്താൻ മുട്ടി. വിയർത്തു. തലചുറ്റി.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...