സാജു പുല്ലൻ
നെറ്റിയിൽ ഉറപ്പിച്ച ടോർച്ചിന്റെ പ്രകാശത്തിൽ അയാൾ കുന്നിനെ വീക്ഷിച്ചു...
ഉടലും തലയും വേർപെട്ട കളിപ്പാവകൾ കാലിയായ വെള്ള കുപ്പികൾ ഭക്ഷണാവശിഷ്ടങ്ങളാൽ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് സഞ്ചികൾ നാപ്കിനുകൾ എല്ലാം ചേർന്ന് കുന്നായി മാറിയത് ടെമ്പോയിലേക്ക് മറിച്ചിടും മുമ്പ് എല്ലാ ദിനവും സാകൂതം വീക്ഷിക്കാറുണ്ടയാൾ.
ഉപേക്ഷിക്കുന്നവയൊക്കെയും കൂടിചേരന്നാകുന്നത് ടെമ്പോയിലാക്കി ആളൊഴിഞ്ഞ ഇടങ്ങളിലേക്ക് തൂവിക്കളയുന്ന തൊഴിലാണയാൾക്ക്.
ഉൾവശം വെളിപ്പെടുന്ന നേരങ്ങളിൽ എന്തെല്ലാം തെളിയുന്നു. രാത്രി ആഘോഷങ്ങളുടെ സാക്ഷ്യങ്ങൾ!
പള്ളയിൽ ഷവളുകോർത്ത് ടെമ്പോയിലേക്ക് ആയുമ്പോൾ കണ്ണുചിമ്മാനാവില്ല. നിധി പൊങ്ങുന്ന നേരമതാണ്...അങ്ങനെ കിട്ടിയിട്ടുള്ളവരുണ്ട്. വിലപിടിപ്പുള്ള പലതും. പ്രതാപികളുടെ കൈയ്യിൽ നിന്നും അവരറിയാതെ ചോർന്നു പോകുന്നത്. ഉപേക്ഷിക്കപ്പെടുന്നതിൽ നിന്നും ഉൽപന്നം നിർമ്മിക്കുന്നവർക്ക് തൂക്കിവിൽക്കുന്നതിനേക്കാൾ അധികം വിലകിട്ടുന്നത്. അങ്ങിനെ എന്തെങ്കിലുമൊന്ന് എന്നെങ്കിലും കിട്ടുമെന്നയാളും പ്രതീക്ഷിക്കുന്നു.
പുലരുന്നതിനുമുമ്പെ ദൂരയിടങ്ങളിൽ തൂവാനുള്ളതാണ്. ഷവള് കുത്തി അയാൾ പണി തുടങ്ങി.
ആദ്യത്തെ കുത്തിൽ പൊങ്ങി വന്നത് കുറെ കാലിക്കുപ്പികളും ഡിസ്പോസിബ്ല് ഗ്ലാസുകളുമായിരുന്നു. ഗുഹാമുഖം തുരൻങ്കയറിയപ്പോൾ കുത്തിയ പ്രകാശവട്ടത്തിൽ കണ്ണുകളിലുടക്കിയത് മനുഷ്യന്റെ കൈപോലുള്ളതെന്തോ, അയാൾ തോണ്ടിമറിച്ചു. ഒരു കയ്യുറ ആയിരുന്നു. പുറത്തൊരിടത്തേക്ക് അതെടുത്ത് ഒതുക്കി.
അടുത്തകുത്തിന് ഒന്നുംകൂടി പുറത്ത് ചാടി കൊള്ളാമല്ലോ! രണ്ടും ചേർത്തയാൾ വച്ചു. കൗതുകത്തിന്റെ കണ്ണുകളെ അമ്പരപ്പിച്ചുകൊണ്ട് അവ ചേർച്ചയില്ലാതെയിരുന്നു. രണ്ടു ജോഡിയിൽ പെട്ടവയായിരുന്നു. എങ്കിലുമത്തിന്റെ നിറം വലിപ്പം പൊരുത്തമുള്ളതായിരുന്നു.
അയാൾ വിചാരിച്ചു. കയ്യുറ വാങ്ങണം എന്നാഗ്രഹിച്ചിട്ടും എത്രനാളുകളായി വാങ്ങാനോക്കുന്നില്ല. കാര്യം നിസാരതുകയേ വേണ്ടിയുള്ളൂ. ഓരോ തിരിമറികളിൽ പെട്ട് സ്വന്തമാക്കണമെന്നോർക്കുന്നത് ആഗ്രഹമായിത്തന്നെ ശേഷിക്കുന്നു...കുപ്പിയിൽ പണിയുമ്പോൾ കയ്യുറ ഒരത്യാവശ്യമാണ്. ഒന്നുണ്ടായത് കീറി പോയിട്ട് എത്രനാളുകളായി...ഇനി ഇതൊന്ന് കഴുകി തുടച്ചാൽ മതി. അയാൾ രണ്ടും ചേർത്ത് ഷർട്ടിനുള്ളിൽ തിരുകി.
തുടർന്ന് രണ്ടേ കുത്തിയുള്ളു എളിയിൽ ഒരനക്കം. ചൂടൻ ശരീരത്തിൽ പറ്റിയിരുന്നപ്പോൾ പോയ ജീവൻ തിരിച്ചു വന്നതുപോലെ കയ്യുറകൾ അനങ്ങുന്നു.
ഇതെന്തിതിങ്ങനെ എന്നൊരാധിയിൽ അയാൾ പണി നിർത്തിപ്പോയി.
അനക്കം കൂടുന്നു. കയ്യുറകൾ സൗഹൃദം കൂടുന്നു. കൈപിടിച്ച് കുലുക്കുന്നു. അങ്ങനെ എന്തൊക്കെയേ ചെയ്യുന്നതായാണ് അയാൾക്ക് തോന്നിയത്. വിചിത്രമായ അനുഭവത്തിലൂടെ കടന്നുപോകുമ്പോഴുണ്ടാകുന്ന തരിപ്പിൽ അയാൾ ചലനമറ്റുനിന്നു.
അൽപ സമയം കടന്നുപോയി. അരക്കെട്ടിൽ അനക്കമടങ്ങി. എന്തോ ചില അടക്കിപ്പിടിച്ച ഒച്ചകൾ കേൾക്കാറായി. കാതുകൾ വിളക്കായി നിന്നു.
"ഇന്നലത്തെ സായാഹ്നം!ഹൊ!മറക്കാനാവുന്നില്ല സുഹൃത്തെ, ആനന്ദം...പരമാനന്ദം!"
കാതിൽ കേട്ട ആദ്യ വചനം. പതിഞ്ഞ ശബ്ദം...ആനന്ദഭാവം! കൈപിടിച്ച് കുലുക്കി കൂട്ടായ കയ്യുറകളിലൊന്ന് അടുത്തതിനോട് പറയുന്നതാണ്.
"എത്രനാളുകൾ പോയെന്നോ ഒരുവളെ പൈന്തുടരാൻ തുടങ്ങിയിട്ട്. എന്തൊരു വിധി! ഒറ്റക്ക് ഒത്തുകിട്ടിയില്ല! പക്ഷെ ഭാഗ്യം! ഇന്നലെ അവളെയങ്ങ് ഒതുക്കത്തിൽ കിട്ടി. സമയം തെറ്റിയുള്ള അവളുടെ വരവും എന്റെ കാത്തുനിൽപ്പും പച്ചിലയും കത്രികയും പോലെ ചേർന്നു. ഇരുളും മുമ്പ് ഓടിപ്പിടഞ്ഞ് വീട്ടിലെത്താനുള്ള ഒരു തിടുക്കമുണ്ടല്ലോ, അതായിരുന്നു അവളുടെ കാലുകളിൽ. വലിയ റബ്ബർത്തോട്ടത്തിനപ്പുറമാണ് അവളുടെ വീട്. മുള്ളുവേലിക്കുള്ളിലെ തോട്ടം എന്റേതും. എരിഞ്ഞടങ്ങുമ്പോഴത്തെ നേർത്ത ഇരുട്ടും തേൻ നുകരാൻ താഴ്‌ന്ന് പറന്ന നരിച്ചിലുകളും മാത്രം. നരച്ചിലുകൾ വട്ടമിടുമ്പോൾ പാവം ഞെട്ടിത്തെറിക്കുകയായിരുന്നു. വഴിച്ചാലിൽ നിന്ന് ഒരു കൺകെട്ടുകാരന്റെ കൈവേഗത്തിൽ അവളെ തോട്ടത്തിന് നടുവിലെ റബർപുരയിലെത്തിച്ചു."
ആവേശത്തിൽ ഒച്ച ഉയർന്ന് പോയത് തിരുത്തിയതാവണം, അടക്കം പറച്ചിലായി.
"അന്തി ഇരുളിലും അവളുടെ ദേഹത്ത് ഇളം വെയിൽ ചൂടായിരുന്നു. ബോധം പോയപ്പോൾ ജീവനുള്ളതിനേക്കാൾ മുഖകാന്തി! സ്ക്കൂൾബാഗ് പുറത്ത് നിന്നും ഊരി നിലത്തവളെ ചായ്ച്ചു കിടത്തുമ്പോൾ അസ്പഷ്ടമായി അവളുടെ ചുണ്ടുകൾ പിടഞ്ഞുകൊണ്ടിരുന്നു. വേണ്ട സർ, പ്ലീസ്, എന്നോ മറ്റോ ആണെന്നു തോന്നുന്നു. കേട്ടോസുഹൃത്തേ കുട്ടികൾ അങ്ങിനെ എന്തെല്ലാം ശാഠ്യംപിടിക്കും! പരുവമുള്ളവർ അതുകേട്ട് ഇതൊന്നും പാടില്ലെന്നു വച്ചാൽ പിന്നെ ജീവിതത്തിൽ എന്തോന്ന് രസം. മൂത്ത തേങ്ങ തിന്നുമടുത്തിരിക്കുന്നതിനിടയി
വർത്തമാനത്തിൽ രസിച്ചാവണം രണ്ടാമത്തെ കയ്യുറ ചിണുങ്ങി ചിരിച്ചുകൊണ്ടിരുന്നു.
കയ്യിലിരുന്ന ഷവൾ വണ്ടിയിൽ ചാരിവച്ച് അയാൾ കുന്തിച്ചിരുന്നു. തെളിഞ്ഞു കേൾക്കാൻ കാത് അരക്കെട്ടോളം ചേർത്തു.
"രസകരമായത് പറയാൻ എനിക്കുമുണ്ട് സ്നേഹിത്."
രണ്ടാമത്തെ കയ്യുറയുടെ സ്വരം ഉയർന്നു.
"സന്തോഷകരമായ ജീവിതമെന്നാൽ സന്തോഷകരമായ തൊഴിലാണല്ലോ അങ്ങനെയുള്ള എത്രയെത്ര തൊഴിലുകൾ ചെയ്യാമ്പറ്റിയിരിക്കുന്നു! ഏറ്റവും ആഹ്ലാദമുള്ളത് പണം കടം നൽകി ദരിദ്രരെ ഹെൽപ്പ് ചെയ്യുന്ന പണി തന്നെ".
രണ്ടാമത്തെ കയ്യുറയുടെ സ്വരം മുറുകിയ തൊണ്ടയിൽ നിന്നെന്നപോലെ ആവേശം കൊണ്ടു.
"പണം ആവശ്യമുള്ളവന് അത് നൽകുന്നതിനോളം കാരുണ്യം വെറെ എന്തുണ്ട് ഭൂമിയിൽ. ചെറിയൊരു മുലധനമേ സ്വന്തമായി ഉണ്ടായിരുന്നുള്ളൂ. ഉള്ളത് വച്ച് ആവശ്യക്കാർക്ക് വീതിച്ചിട്ടും കൈയ്യിൽ ബാക്കിയുണ്ടായി എന്നുള്ളതാണ്! ഒറ്റമുറിയിൽ- ഐ ഹെൽപ്പ് എന്നൊരു ബോർഡും തൂക്കി തുടങ്ങി.ആൾക്കാര് ക്യൂ നിന്നു. പണം തിരിച്ചടക്കാൻ ഓഫീസിൽ വരേണ്ടതില്ല എന്നതായിരുന്നു ഓഫർ. പറ്റുകാരുടെ വീടുകളിലെത്തി ദിനപ്പിരിവെടുക്കും. ആദ്യമൊക്കെ ആളുകൾ കാത്തിരുന്ന് തിരിച്ചടക്കുമായിരുന്നു. പോകെ പോകെ ഒരു മുടക്കം. മുറുമുറുപ്പ്...ബലമായി ചോദിക്കുമ്പോൾ പറയുന്ന അന്യായം കേൾക്കണം! വാങ്ങിയതിലധികം തിരിച്ചടച്ചെന്ന്.
ഏതിനും പോംവഴിയുണ്ടല്ലോ. നൽകുന്നതിന് തത്തുല്യമായ ഈട്. ചെക്ക് ലീഫ് വാങ്ങാനൊന്നും ഒരുത്തനേം ബുദ്ധിമുട്ടിച്ചില്ല. ഭൂമി തീറുള്ളതിന്റെ അസ്സൽപ്രമാണം. മുദ്രപത്രത്തിൽ ഒപ്പ്. പേന ഒപ്പിടുന്നയാൾക്ക് സൗജന്യം! എന്നാലും ചിലവന്മാർ ചോദ്യം ചെയ്യും. അയ്യായിരത്തിന്റെം പതിനായിരത്തിന്റെം മുദ്രപത്രങ്ങളെന്തിനെന്ന്...തി
ഇപ്പോൾ ഐ ഹെൽപ്പിന് ഓഫീസുകളുടെ കളിയാണ്. കൂടെ റിയൽ എസ്റ്റേറ്റുമുണ്ട്. ദിനപ്പിരിവിന് ചുറുക്കന്മാരായ ഫീൽഡ് എക്സിക്യൂട്ടീവ്സും.
അധ്വാനത്തിന് ഒട്ടും കുറവില്ല കേട്ടോ. രാത്രി സത്കാരങ്ങളിൽ അതിഥികളായ ഉദ്യോഗസ്ഥർക്കും പ്രമാണിമാർക്കും ഷേക് ഹാൻഡ് കൊടുക്കുക എന്നതു തന്നെ. അതും ഒരു സന്തോഷം. അവരാണല്ലോ എല്ലാം പൈന്തുണയും തരുന്നത്."
രണ്ടു കയ്യുറകളും ഉല്ലസിച്ച് ചിരിച്ചു. ഉല്ലാസങ്ങൾക്കിടയിൽ അയാൾ അന്ധാളിച്ചു നിന്നു. ഏതോ അജ്ഞാതരുടെ രഹസ്യങ്ങൾ അറിഞ്ഞതിന്റെ അസ്വസ്ഥതയും ഇതുവരെ അറിഞ്ഞതിനപ്പുറം ഈ ലോകത്തിൽ എന്തൊക്കെയോ സംഭവിക്കുന്നുണ്ട്. കാഴ്ചകൾ കരയിൽ നിന്നു കാണുന്ന കടലിന് സമം. ഉൾക്കാഴ്ചകൾ ഉൾക്കടലോളം ഉൾക്കടലിനുള്ളിലോളവും...
എളിയിൽ നിന്നും കയ്യുറകൾ പുറത്തെടുത്തയാൾ സൂക്ഷ്മമായി നോക്കി. നിഗോൂഢമായ ഏതൊക്കെയോ വഴികളിലൂടെ സഞ്ചരിച്ച് ഈ കുപ്പകുഴിയിൽ ഒളിച്ചു പാർത്ത ഇവ തന്റെ കയ്യിൽ വന്നുപെട്ടു. ഗോൂഢാഹ്ലാദങ്ങളിലായിരുന്നവർ കണ്ണുകളേറ്റപ്പോൾ വിനയത്താൽ മൗനമായിരിക്കുന്നു! എന്തു ചെയ്യണം...
ഏതോ രാക്കിളി ഒച്ചയിട്ടു കൊണ്ട് അകലേക്കെങ്ങോട്ടോ പറന്നുപോയി...നിഗോൂഢതയിലേക്കു
ഇരുളിൽ നിന്നും പൊടുന്നനെ ഒരു ഒച്ച ഉയർന്നു. വെറും ഒച്ചയായിരുന്നില്ല...ഒരു ചോദ്യമായിരുന്നു. കയ്യുറകളുടേതായിരുന്നു.
"ഇനിയെന്നെങ്കിലും ഇതുപോലൊന്ന് കിട്ടും എന്ന് കരുതുന്നുണ്ടോ കിനാവ് കാണാൻ കഴിയാത്തത്ര സുന്ദരമായത്? നിങ്ങൾക്ക് കിട്ടിയിരിക്കുന്നു. വെളിപാടിലേക്ക് ഉണര്".
രണ്ടു കയ്യുറകളും കൂടി ഒരുമിച്ച് പറഞ്ഞു.
ആ വാക്കുകൾ മനസ്സിൽ മുത്തമിട്ടു കൊണ്ട് അയാൾക്കുള്ളിൽ മുഴങ്ങി.
കയ്യുറകൾ താളത്തിൽ മന്ത്രം പോലുരുവിട്ടു.
'പലരും ഇതുപോലുള്ളവ കൈകളിൽ അണിഞ്ഞിട്ടുണ്ട്. ഇതണിയുന്നവർക്കല്ലാതെ കാണാനാവില്ല അതൊന്നും. അത്രക്ക് ചേർച്ചയാണ്".
അയാൾ കയ്യുറകളിൽ കണ്ണുവച്ചു. മനസിൽ അതുമാത്രം തെളിഞ്ഞപ്പോൾ എത്ര മനോഹരം! യാത്ര ചെയ്യാൻ തെളിഞ്ഞ വഴികളിൽ പൂക്കളും പൊൻ കിരീടവും. കൈയ്യുറകൾ കൈകളിൽ അണിഞ്ഞു അയാൾ.
ചുറ്റും ഇരുട്ടു തന്നെ. പ്രഭാതത്തിന് ഇനിയുമെത്ര നേരം...
അന്നേരം എങ്ങുനിന്നോ രാക്കിളിക്കൂട്ടം പറന്നുവന്നു. ചിറകടിച്ചവ അയാൾക്കു മുകളിൽ വട്ടം ചുറ്റി. ഓരിയിടുംപോലെ ചിലച്ചു.
അയാൾ ആകാശത്തേക്ക് നോക്കി. താഴോട്ടു നോക്കി നിൽക്കുന്നുണ്ട് ഉദയതാരം. പ്രകാശത്തിന്റെ അസ്ത്രങ്ങളും ഏറ്റി.
മടങ്ങാൻ നേരമിതാണ്...സ്വന്തം ജീവിതത്തിലേക്ക്, വിയർപ്പ് രുചിയിലേക്ക്.
കൈകളിൽ നിന്നും കൈയ്യുറകൾ ഊരി കുപ്പയിലേക്കയാൾ തിരികെയിട്ടു.
ആളൊഴിഞ്ഞ ഇടം കണ്ടെത്തി ഒക്കെയും അടക്കം ചെയ്യണം. ഷവളു കുത്തി വാഹനത്തിലേക്കയാൾ കോരിനിറച്ചു.
ശവവാഹനത്തിലേക്കയാൾ കയറി ഇരുന്നു. മൈതാനത്തു നിന്നും യാത്ര തിരിച്ചു.