1 Mar 2016

തത്വമസി/കവിത

അന്‍വര്‍ ഷാ ഉമയനല്ലൂര്‍



തിരുരവംപോലെയീ, വിപിനത്തിനിടയിലൂ-

ടൊഴുകിയെത്തുന്നിളമരുവിതന്‍പ്രിയസ്വരം

സാന്ത്വനംപകരുവാനുണരുന്ന മലരുപോ-

ലരികെനിന്‍ സ്മിതകാല വദനമാംവാസരം

പരിപാവനാരാമ സാമ്യമെന്‍ പാരിനെ-

പരിപാലനംചെയ്‌തുണര്‍ത്തുന്നുദാരകം

തവ നന്മയറിയാതഹന്തയാല്‍ മര്‍ത്യകം

പരിണമിച്ചീടുന്നുലകിതില്‍ പലവിധം.

വിണ്ണിലൂടല്ല! നിന്‍ സഞ്ചാരമെന്നിവര്‍-

ക്കാരോതിയേകിടാനിന്നെന്‍ ദയാനിധേ,

ഹസ്തങ്ങള്‍ നീട്ടിത്തുണയ്‌പ്പുനീ,യല്ലാതെ

ദുഃഖങ്ങള്‍ പകരുന്നതില്ലെന്നുടയതേ.

നിന്നെയളക്കുവാനാകുന്നതില്ല! സുര-

സ്നേഹിതരാം പാമരന്‍മാര്‍ക്കൊരിക്കലും

കാത്തുവയ്ക്കുന്നു കരുതലില്‍ കൈകളാ-

ലാമോദനാളം കെടാതവര്‍ക്കുള്ളിലും!

ചേറില്‍നിന്നഴകാര്‍ന്നയംബുജങ്ങള്‍ നിര-

ത്തുന്നതു,മലിവാലുലകുണര്‍ത്തുന്നതും

പാടേമറന്നു! പടുചിന്തകള്‍ക്കൊത്തുചേര്‍-

ന്നുലയു,ന്നരികെനീയെന്നറിയാതെയും!

സ്വസ്ഥമേയല്ലെന്ന തോന്നലാണിതരര്‍ക്കു

ഹൃത്തിലായുളളതെന്നറിയുന്നുവെങ്കിലും

ഭക്തവര്‍ണ്ണങ്ങള്‍ചേര്‍ത്തെഴുതുന്നു ചിന്തയില്‍

പൊന്‍തൂവല്‍കൊണ്ടുനീയാരമ്യ പുലരികള്‍.

മഹിതമാണെല്ലാം; മറക്കുന്നു വെറുതെയീ-

ജന്മവുമെന്നപോല്‍ ധരയിതില്‍ ചിരജനം

നിറയുന്നു ചുറ്റിലും തിരുനാമമൊരുപോലെ-

യെന്നുണര്‍ത്തുന്നുപരിയടിയന്റെഹൃത്തടം.

സ്തുതിമാത്രമോതിടുന്നനുമാത്ര,യറിവിതേന്‍

സ്മൃതിയിലൂടിഴചേര്‍ന്നിരിപ്പെന്നുമെന്‍വിഭോ

കരുണതന്‍ദീപം തിരിച്ചൊന്നു; വേഗേനെ

മനനവുമൊന്നായ്‌ത്തെളിക്കെന്‍ മഹാപ്രഭോ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...