29 Mar 2016

ഒരു പ്രണയിയുടെ കുത്തഴിഞ്ഞ വേദപുസ്തകം

_ജിതേഷ്  ആസാദ് 
1
പ്രണയമിപ്പോഴും
പേനകളിൽ നിറയുന്ന
മഷിക്കടൽ.
2
നിന്നോളമെന്നെ
ലഹരിയിലാക്കിയിട്ടില്ല
ഒരു മദ്യകുപ്പിയും.
നിരാസത്തി൯ തിരകളിൽ
കരയിലേക്കടിയുന്നു
പ്രണയശരീരങ്ങൾ.
മൂന്നാംപക്കവും
വീെണ്ടടുക്കാനാവുന്നില്ല
നാം നടന്നുതീർത്ത
മണൽപരപ്പുകളിൽ
ആത്മഹത്യചെയ്ത
കാൽപാടുകൾ.
3
നിനക്കായ്
നനഞ്ഞ
മഴകളിൽ നിന്ന്
കോന്തലയിലൊരു
കടലിനെ
പൊതിഞ്ഞെടുത്തിരുന്നു
വാഷ് ബേസി നിൽ നിറയുന്നു
ചുവന്നപൂക്കളാൽ
കൊടിയടളമില്ലാത്ത
പ്രണയസ്മാരകം.
4
കവി ,
വിപ്ളവകാരി,
പ്രണയി,
നാലുകാലിൽ
വീഴനറിയാത്ത പൂച്ചകൾ.
5
ചില
ഫോൺ സംഭാഷണങ്ങളിലെ
രസചുംബനങ്ങളിൽ
അസ്തമിക്കുന്നവരുടെ
കഥകളുണ്ട്
ഒറ്റുകാരുടെ പോക്കറ്റിൽ,
ആസക്തിയിൽ പിറന്ന
കിടാങ്ങൾക്ക് പഠിക്കാ൯.
6
പ്രണയലഹരിയറിയാത്ത
ചില
ജഢങ്ങളിപ്പോഴുമുണ്ട്
നമുക്ക് ചുറ്റും
പ്രണയത്തിലും
ലഹരിയിലും
ആത്മഹൂതി ചെയ്തവരെ
പരിഹസിക്കുന്നവർ.
വസന്തത്തിലും
ഇലപൊഴിക്കുന്ന
പടുമരങ്ങൾ.
7
ഞാ൯
പ്രണയം
കളഞ്ഞുപോയ
ഇടക്കാല ബുദ്ധ൯
അഥവാ
തല്ക്കാല ക്രിസ്തു.
നീയോ
പുലരും മു൯പേ
നിഷേധിച്ചവരുടെ
സ്വാർത്ഥവേദങ്ങളുടെ
ഭാരം പേറുന്നു
മുപ്പത് വെള്ളിക്കാശിന്
ഒറ്റിയവരുടെ പി൯ഗാമിയാവുന്നു.
എങ്കിലും
വീടെന്ന
സിമ൯്റ് കൂടാരത്തിൽ
നീയൊരു ജഢമാവുമ്പോൾ
ചഷകങ്ങളിൽ
വീണ്ടും നിറയുന്നു
മരണദ്രാവകം.
8
കോന്തലയിലൊളിപ്പിച്ച
കടലിനെ
ഞാനിതാ തുറന്നിടുന്നു,
കോൺക്രീറ്റ് മരങ്ങളിൽ
തൂങ്ങിയാടാ൯
ചില്ലകളില്ലാത്ത
പക്ഷികൾക്കായ്
9
എങ്കിലും
നാം
പരസ്പരം
വേർപെടാനാവാത്ത
നൈരന്തര്യങ്ങളാണ്.
നമ്മുടെ കടലും
കരയും
സൂര്യനും
ആകാശവും
നീയാവുന്നു
ഞാനാവുന്നു
നാമാവുന്നു

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...