24 Aug 2013

കാലചക്രത്തിലുടക്കുന്ന കവിതകൾ




മീരാകൃഷ്ണ


                    "എവിടെ എവിടെ
                    സഹ്യപുത്രി മലയാളം
                    എവിടെ എവിടെ
                    സ്നേഹപൂർവ്വ മലയാളം"
                            (അമ്മമലയാളം
                            - കുരീപ്പുഴ ശ്രീകുമാർ)
മനുഷ്യപുരോഗതിയുടെ ചരിത്രത്തിലെ ഏറ്റവും മഹത്തായ കണ്ടുപിടുത്തമാണ്‌ ഭാഷ. ആശയസംവേദനമാണ്‌ ഭാഷയുടെ മൗലികധർമ്മം. ഒരാൾ ജനിച്ചുവളരുന്ന പ്രദേശത്തിന്റെ ഭാഷയാണ്‌ അയാളുടെ മാതൃഭാഷ. ഭാഷ ഒരു വ്യവസ്ഥയാണ്‌. വ്യവസ്ഥകൾ തത്വാധിഷ്ഠിതവുമാണ്‌. ഭാഷ എന്ന വ്യവസ്ഥയുടെ ലംഘനത്താൽ മൗലികമായ ധർമ്മമാണ്‌ നഷ്ടപ്പെടുന്നത്‌. മറഞ്ഞുപോയ ചില ഗോത്രഭാഷകളെപ്പോലെ അന്ത്യശ്വാസമെടുക്കുന്ന മാതൃഭാഷയെ, അമ്മമൊഴിയായ മലയാളത്തെ ഓർത്തുള്ള നൈതികജാഗ്രതയാണ്‌ കുരീപ്പുഴ ശ്രീകുമാറിന്റെ 'അമ്മമലയാളം' എന്ന കവിത. കവിത തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌.
    "കാവ്യക്കരുക്കളിൽ താരാട്ടുപാട്ടിന്റെ
    ഈണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാൾ
    ഞെട്ടിത്തെറിച്ചു തകർന്നു ചോദിക്കുന്നു
    വിറ്റുവോ നീ എന്റെ ജീവിതഭാഷയെ."
പതിനെട്ടു വർഷങ്ങൾക്കു മുമ്പ്‌ കുരീപ്പുഴ എഴുതിയ 'അമ്മമലയാളം' ഇക്കാലത്ത്‌ ഏറെ വായനാസാദ്ധ്യതയുള്ള കവിതയാണ്‌. അമ്മിഞ്ഞപ്പാലിന്റെ മാധുര്യംപോലെ ഒരു മനുഷ്യന്റെ ഏറ്റവും ശ്രേഷ്ഠമായ പഴയ ഓർമ്മയാണ്‌ അവന്റെ മാതൃഭാഷ. അമ്മയും, അച്ഛനും, താരാട്ടും, നാദവും എല്ലാമറിഞ്ഞത്‌ അമ്മമൊഴിയിലൂടെയാണ്‌. കുരീപ്പുഴയുടെ 'അമ്മമലയാളം' കാവ്യവഴികളിൽ തനിക്കു മുമ്പേ ഗമിച്ചവരെയെല്ലാം സ്മരിക്കുന്നുണ്ട്‌. തുഞ്ചത്തെഴുത്തഛൻ മുതൽ കുമാരനാശാൻ, കുഞ്ഞിരാമൻ നായർ, കെ.ജി. ശങ്കരപ്പിള്ള തുടങ്ങിയവരെ ഒന്നിച്ചണിനിരത്തിക്കൊണ്ടുള്ള അക്ഷരസമരമാണ്‌ നടത്തുന്നത്‌. ഭാഷ ജീവിതമാണ്‌. വയലും, വിത്തും, മണ്ണും, വളവും, വിളയും, കൊയ്ത്തും, മെതിയും, നാടൻചൊല്ലുകളും, ഫലിതങ്ങളും, പ്‌രാക്കുകളും, അലറിക്കരച്ചിലുകളും, ആഹ്ലാദാരവങ്ങളും എല്ലാം നമുക്കു നഷ്ടമായി.
    "ചിഞ്ചിലം നിന്നു ചിലങ്കകളൂരീട്ട്‌
    നെഞ്ചത്തു കൈവെച്ചു ചോദിക്കയാണൊരാൾ
    ചുട്ടുവോ നീ എന്റെ കേരളഭാഷയെ"
വഴിച്ചൂട്ടിലെ നാളം ദുരിതക്കയത്തിൽ മുങ്ങിത്താണപ്പോൾ കോരനും കോമനും കൂട്ടരും അവരുടെ തെളിമലയാളവും വീണ്ടും കെട്ട ചൂട്ടുകറ്റകളുടെ കരിമുഖങ്ങളായി എന്ന കെ.ജി. ശങ്കരപ്പിള്ളയുടെ വരികൾ ഇവിടെ പുനർജനിക്കുന്നു.
ഇന്നു ഭാഷ വെറും ജാഡ മാത്രമാണ്‌. പത്രഭാഷയും ചാനൽഭാഷയും ഒരു പൊങ്ങച്ചസംസ്കാരം മാത്രമായി മാറുകയാണ്‌. 'ശാക്തീകരണം'പോലെയുള്ള ചില പദപ്രയോഗങ്ങൾ മാധ്യമഭാഷ സമ്പാദിച്ച അക്ഷരത്തെറ്റുകളാണ്‌. അന്യഭാഷകളിൽനിന്നു പലതും സ്വീകരിച്ചാണ്‌ ഭാഷ വളരുന്നത്‌. മറ്റു ഭാഷകൾക്കൊപ്പം കൈപിടിച്ചു നടത്താമായിരുന്ന അമ്മമൊഴിയെ ഓടയിലേക്കു തള്ളിയിട്ട്‌ മലിനമാക്കുകയാണ്‌ ചാനൽ സംസ്കാരങ്ങൾ. ഭാഷ നശിക്കുന്നതിലുള്ള ഒരു ഭാഷാസ്നേഹിയുടെ കടുത്ത പ്രതിഷേധമാണ്‌ അമ്മമലയാളം. ഒരു സംസ്കാരത്തിന്റെ വസന്തമോ ജീർണ്ണിക്കലോ ആദ്യം വെളിപ്പെടുന്നത്‌  ഭാഷയിലാണ്‌. സമകാലജീവിതത്തിലെ പ്രത്യക്ഷയാഥാർത്ഥ്യങ്ങളോടുള്ള പ്രതികരണമാണ്‌ കുരീപ്പുഴ കവിതകൾ. ഊർദ്വൻ വലിക്കുന്ന മാതൃഭാഷയുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയു
ം ചൂഷിതരുടെയും പക്ഷത്തുനിന്ന്‌ എല്ലാവിധ ആധിപത്യശക്തികളോടും സാമൂഹിക ജീർണ്ണതകളോടും അടരാടാൻ വെമ്പുന്ന വ്യക്തിത്വത്തിനുടമയാണ്‌ കുരീപ്പുഴ ശ്രീകുമാർ. 'ഗദ്ദർ' എന്ന കവിത വായിക്കുമ്പോൾ ഭാഷയുടെയും വർണ്ണത്തിന്റെയും അപ്പുറം കടന്നുചെന്നു മണ്ണിന്റെ രക്തത്തിൽ കാവ്യപെരുമഴ പെയ്യിച്ച തെലുങ്കിലെ വിപ്ലവ മഹാകവിയെ, മനുഷ്യന്റെ പാട്ടുകാരനെ ഓർക്കുവാൻ ശ്രീകുമാർ എന്ന മനുഷ്യസ്നേഹിക്കു കഴിയുന്നു എന്നു നമുക്കു മനസ്സിലാക്കാം. ആദ്യ മലയാള ചലച്ചിത്രമായ വിഗതകുമാരനിലെ നായികയായിരുന്ന റോസിയെ ഓർമ്മിപ്പിക്കുന്ന കവിതയാണ്‌ നടിയുടെ ആദ്യരാത്രി. 2003 ഏപ്രിൽ 14 ന്‌ എഴുതിയ ഈ കവിത തുടങ്ങുന്നത്‌ "അഭ്രത്തിലല്ല സ്വപ്നത്തിലല്ലോടുന്നു കട്ടിയിരുട്ടിന്റെ ഹൃദയത്തിലേക്കവൾ" എന്നാണ്‌.
    "തൊണ്ടയിലർബുദപ്പുറ്റുമായി മിണ്ടാതെ നിന്നു
    വിഗതകുമാരന്റെ ചിഹ്നമറിഞ്ഞ ചരിത്രമഹാമുനി."
നിശിതമായ വിമർശനമാണ്‌ ഈ കവിത. 1964 ൽ കേരള ഫിലിം ചേംബേഴ്സ്‌ ഓഫ്‌ കൊമേഴ്സ്‌ സിനിമയുടെ സിൽവർ ജൂബിലി ആഘോഷിച്ചപ്പോൾ വിഗതകുമാരൻ റിലീസായ വർഷം നോക്കി വേണമായിരുന്നു ജൂബിലി ആഘോഷിക്കേണ്ടത്‌ എന്നു ശക്തമായി പറഞ്ഞത്‌ ചേലങ്ങാട്‌ ഗോപാലകൃഷ്ണനാണ്‌. മലയാളത്തിലെ ആദ്യ ചലച്ചിത്രമായ വിഗതകുമാരനിൽ നായികയായി അഭിനയിച്ച ദളിത്‌ യുവതിയായ റോസിക്ക്‌ അയിത്തം കൽപിച്ച മേലാളന്മാർ വെള്ളിത്തിര കുത്തിക്കീറുകയും റോസിയുടെ വീടിനു തീയിടുകയും ചെയ്തു. പേടിച്ചോടിയ റോസിയുടെ കഥ സ്വന്തം ചെലവിൽ നോട്ടീസടിച്ച്‌ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ വിതരണം ചെയ്തത്‌ കുരീപ്പുഴ ശ്രീകുമാറാണ്‌. വിനു ഏബ്രഹാം റോസിയുടെ ചരിത്രം അന്വേഷിച്ചു പുറപ്പെട്ടത്‌ അങ്ങനെയാണ്‌. റോസിയുടെ കഥ നാം ഇന്നും ഇരുട്ടിൽ തപ്പുമ്പോൾ ദീർഘദർശിയായ കവി അതുകൊണ്ടാണ്‌ പറയുന്നത്‌ - "കട്ടയിരുട്ടിൻ ഹൃദയത്തിലേക്കാണ്‌ അവളോടിയത്‌" ഈ ഇരുട്ട്‌ സമൂഹത്തിന്റേതാകാം, പ്രപഞ്ചത്തിന്റേതാകാം മനുഷ്യ മനസ്സാക്ഷിയുടേതാകാം. കേരളത്തെ ഭ്രാന്താലയമെന്നു വിളിച്ചതു സ്വാമി വിവേകാനന്ദനാണ്‌. അതു സത്യമാണ്‌ എന്നുള്ളതിന്റെ ജ്വലിക്കുന്ന സാക്ഷിയാണ്‌ റോസി എന്നു കുരീപ്പുഴ പറയുന്നു.  സാംസ്കാരിക വിമർശനമാകുന്ന ഈ കവിതയിൽ ചരിത്രത്തിന്റെ ഹൃദയമുദ്രയാണ്‌ തെളിയുന്നത്‌. ആദ്യചിത്രത്തിന്റേയും ആദ്യനായികയുടേയും കഥകൾ കാലം മറന്നു - മലയാള ചലച്ചിത്രത്തിലെ ആദ്യ നായികയാണു ഞാനെന്നുറക്കെ പറയാനാവാതെ നിശ്ശബ്ദം തേങ്ങി ഉള്ളിൽ കലയുടെ നെരിപ്പോടുമായി ജീവിച്ച്‌ മലയാളിക്ക്‌ ഓർമ്മയിൽ സൂക്ഷിക്കുവാൻ കൃത്യമായ ഒരു  ചിത്രംപോലുമവശേഷിക്കാതെ മറഞ്ഞുപോയ റോസിയെന്ന യുവതിയെ വേദനയോടെ ഓർമ്മിപ്പിക്കുന്നു കുരീപ്പുഴ.
ചരിത്രങ്ങളിലേക്കിറങ്ങിച്ചെന്ന്
‌ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലൊളിച്ചിരിക്കുന്ന സത്യങ്ങളോടൊപ്പം വിശ്വസ്നേഹത്തിന്റെ ഗാഥകൾ പാടുന്ന വിശ്വസ്നേഹിയായ കവിയാണു കുരീപ്പുഴ ശ്രീകുമാർ. സമൂഹത്തിന്റെ നൊമ്പരം നെഞ്ചിലേറ്റുന്ന കവി. കോളേജ്‌ കാമ്പസ്സുകളിൽ കവിത ചൊല്ലി, കേരളമൊട്ടാകെയുള്ള വേദികളിൽ കാവ്യാനുഭവം പകർത്തിയ കവി, പ്രണയവും വിരഹവും സ്നേഹവും വിശ്വാസവും കവിതയായി കാലത്തിന്റെ കലണ്ടറിൽ കുറിച്ചിട്ടകവി. പ്രപഞ്ചസത്യങ്ങളിലേക്കും സമൂഹദുരവസ്ഥകളിലേക്കും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കൂടെ നിന്ന്‌ അവരോടൊപ്പം വിശ്വസ്നേഹത്തിന്റെ ഗാഥകൾ പാടുന്ന മലയാളത്തിൽ ഇന്നുള്ള ഏക കവി കുരീപ്പുഴ ശ്രീകുമാറാണ്‌. ചെറിയവനെന്നോ വലിയവനെന്നോ ഭേദമില്ലാതെ എല്ലാവരുടെയൊപ്പവും ആ വലിയ മനുഷ്യസ്നേഹിയുണ്ട്‌. അധർമ്മത്തിനെതിരേ നാവോങ്ങി, പരിവർത്തനത്തിന്റെ ഗാഥകൾ പാടുന്ന കുരീപ്പുഴ. സൗഹൃദത്തിന്റെ സ്നേഹഗീതം ആണ്‌ 'കൈലാസൻ' എന്ന കവിതയിൽ കോറിയിട്ടിരിക്കുന്നത്‌. മാതൃഭാഷാസ്നേഹിയായ കൈലാസന്റെ സ്മരണയ്ക്ക്‌ സുഹൃത്തുക്കൾ എഴുതിയ ഓർമ്മക്കുറിപ്പുകളുടെ പുസ്തകത്തിന്റെ 124-​‍ാം പേജിൽ കുരീപ്പുഴയുടെ സൗഹൃദകാവ്യതിരി തെളിയുന്നു. സഹൃദയനും സാഹിത്യ സാംസ്കാരിക പ്രവർത്തകനുമായിരുന്ന കൈലാസൻ മാതൃഭാഷാസ്നേഹിയായിരുന്നു. കത്തിലായാലും മേൽവിലാസത്തിലായാലും മലയാളം തന്നെ എഴുതുവാൻ പഠിപ്പിച്ച കൈലാസൻ - പ്രതിഷേധത്തിന്റെ തീക്കനലായിരുന്നു. രാപകളില്ലാതെ ടാഗോറിനെയും ബഷീറിനെയും കുരീപ്പുഴയെയും സ്ത്രീപ്രശ്നങ്ങളെയുംകുറിച്ചു പോസ്റ്ററുകൾ തയ്യാറാക്കി ബോധവൾക്കരണത്തിന്റെ പുതിയ പാത വെട്ടിയൊരുക്കിയ കൈലാസൻ കുരീപ്പുഴയുടെ കവിതയിൽക്കൂടി ജീവിക്കുന്നു.
    "ഗ്രഹജാലം നക്ഷത്രം
    കുഴലിന്മേൽ കണ്ണാടി
    ഹൃദയത്തിൽ ടാഗോറും
    വനഫൂലും ഇഖ്ബാലും
    തലതല്ലും കടലായി
    സിരയേറിത്തുള്ളുമ്പോൾ
    മുടി കത്തും തീയായി
    ഇവതോറും മുത്തുമ്പോൾ
    വിരലറ്റം ബ്രഷ്ഷാക്കി
    ലിപിയുന്നു കൈലാസൻ."
പുതിയൊരു പാദനിർമ്മാണം (ലിപിയുന്നു) കവിതയിൽ കാണുന്നു. കവിതകളുടെ രൂപക്രമത്തിൽ തന്റേതായ തനിമ നിലനിർത്താൻ കവിക്കു കഴിയുന്നു. സാമൂഹിക ജീവിതയാഥാർത്ഥ്യങ്ങളുടെ സൂക്ഷ്മതയിലേക്ക്‌ വിരൽചൂണ്ടുന്ന മറ്റൊരു കവിതയാണ്‌ ലിഫ്റ്റ്‌.
    "ഉരുക്കുകൂടിതിൽ
    കയറിയപ്പോൾ നാം
    പരസ്പരം
    കണ്ടിട്ടറിയാഞ്ഞോരെന്നാൽ
    മരണഭീതി തൻ
    കുരുക്കിൽപെട്ടു നാം
    വെറും മനുഷ്യരായി
    തിരിച്ചറിയുന്നു."
ഉള്ളും ഉലകും കവിതയിൽ സമന്വയിപ്പിക്കുന്നു. തന്റെ കവിതകളെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന കവിയാണ്‌ കുരീപ്പുഴ ശ്രീകുമാർ. ഇത്തിരി വരികളിൽ ഒത്തിരി അർത്ഥങ്ങളുമായി ചിരിയുടെയും ചിന്തയുടെയും ലോകമാണ്‌ 'നഗ്നകവിതകൾ' ദൃശ്യമാക്കുന്നത്‌.
    "പോകുന്നേരം
    സഖാവ്‌ പറഞ്ഞു
    റൈറ്റ്‌
    സമുദ്രത്തിൽ വീണപ്പോൾ
    ചിതാഭസ്മം പറഞ്ഞു
    റോങ്ങ്‌"
മതനിരപേക്ഷ മൂല്യബോധത്തോടെ ജീവിച്ച ഇ. കെ. നായനാരുടെ ചിതാഭസ്മം ഹൈന്ദവാചാരപ്രകാരം കുടുംബാംഗങ്ങൾ സമുദ്രത്തിൽ നിമജ്ജനം ചെയ്തപ്പോൾ അതോടൊപ്പം അദ്ദേഹത്തിന്റെ ആദർശങ്ങളും  സമുദ്രത്തിൽ പതിച്ചു. അദ്ദേഹത്തിന്റെ ജീവിതമൂല്യം നഷ്ടപ്പെടുത്തിയതിനെതിരേയുള്ള പ്രതികരണമായി മാറുന്നു ഈ കവിത. കാർഷിക ജീവിതത്തെ നിരാകരിക്കുന്ന വ്യവസ്ഥിതിക്കെതിരേ കുരീപ്പുഴ ശബ്ദിക്കുന്നു. നാളികേരത്തിന്റെ നാടായ കേരളത്തിന്റെ വരുംകാലങ്ങളെക്കുറിച്ചുള്ള ബോധമാണ്‌ 'തേങ്ങ' എന്ന കവിതയിൽ പകർന്നുനൽകുന്നത്‌.
    "അങ്ങനെയൊന്ന്‌
    ഉണ്ടായിരുന്നിക്കേരളായിൽ
    തലപോലെ
    മുലപോലെ
    താങ്ങുവിലയില്ലാത്ത
    തലമുറ തകർത്ത
    ചിരിപോലെ"
ഇതിലെ ജ്ഞാനമണ്ഡലം അദ്ധ്വാനത്തിന്റെ മഹനീയതയെ സൂചിപ്പിക്കുന്നു. ഉപയോഗത്തിന്റെ പ്രത്യയശാസ്ത്രമാണ്‌ നാം പഠിക്കുന്നത്‌. ഉൽപാദനത്തിന്റെയല്ല എന്നു കവിയുടെ വരികളിലൂടെ വ്യക്തമാകുന്നു. നാളികേരത്തിനു താങ്ങുവിലപോലും കൽപിക്കാത്തതിനെതിരേയുള്ള പ്രതികരണമാണ്‌ ഈ കവിത. കാർഷികോത്പാദനമേഖലയിലെ സമകാലപഠനമായി മാറുന്ന ഈ കവിത 'കേരളം' എന്ന നമ്മുടെ നാടിന്റെ പേരുപോലും ശരിയായെഴുതണമെന്ന ഉത്തരവാദിത്വമില്ലാത്ത ഓരോ കേരളീയന്റെയും നേർക്കു വിരൽചൂണ്ടുന്നു. ചാതുർവർണ്യത്താൽ വിചിത്രമായ ചരിത്രം ഓർത്ത്‌ പൈതൃകം വലിച്ചെറിയാനും കവി സന്നദ്ധനാകുന്നു.
    "ചരിത്രം ചാതുർവർണ്ണ്യത്താൽ
    വിചിത്രം തന്നെ സ്നേഹിതാ
    അതിനാലീ പൈതൃകത്തെ
    തോട്ടിലേക്കെറിയുന്നു ഞാൻ."
ബ്രഹ്മാവിന്റെ മുഖത്തുനിന്നു ബ്രഹ്മണനെയും കൈകളിൽനിന്നു ക്ഷത്രിയനെയും ഉരുവിൽനിന്നു വൈശ്യനെയും പാദത്തിൽനിന്നു ശൂദ്രനെയും സൃഷ്ടിച്ചു എന്നു മനുസ്മൃതിയും, 'ചാതുർവർണ്ണ്യം മയാസൃഷ്ടം ഗുണകർമവിഭാഗശഃ" എന്നു ഭഗവത്‌ ഗീതയിൽ ശ്രീകൃഷ്ണനും, വേദത്തിലെ വിരാട്‌ പുരുഷനും പറയുന്നു. ഇവയെല്ലാം വേദസാഹിത്യാനന്തരകാല സൃഷ്ടികളാണെന്നുള്ളതു തീർച്ചയാണ്‌. ചാതുർവർണ്ണ്യസൃഷ്ടി ബ്രാഹ്മണാധിപത്യം ഉറപ്പിക്കലായിരുന്നു. അത്‌ പീഡിതജനതകളെ പിന്നെയും അടിച്ചമർത്തുന്നു.
    "ചരിത്രം തോട്ടിൽ വീണപ്പോൾ
    മത്സ്യജാലം മരിച്ചുപോയ്‌
    കുളിച്ചു കേറിയോർക്കെല്ലാം
    ഗുഹ്യരോഗം പിടിച്ചുപോയ്‌"
ഇവിടെ മറ്റൊരർത്ഥത്തിന്റെ സംവേദനം സാദ്ധ്യമാകുന്നുണ്ട്‌. വിഷം വമിക്കുന്ന ചരിത്രത്തെയും ചില ജീർണ്ണതകളെയും കാണുന്നതോടൊപ്പം 'ബ്രഹ്മസത്യം ജഗത്മിഥ്യ' എന്ന ആദിശങ്കരവചനങ്ങളുടെയും സന്യാസജീവിതങ്ങളുടെയും വൈരുദ്ധ്യദർശനങ്ങൾ ദൃശ്യമാകുന്നു.
കുരീപ്പുഴക്കവിതകളിൽനിന്ന്‌ അടർത്തി മാറ്റാൻ കഴിയാത്ത ഒന്നാണ്‌ കാലം. കാലത്തെ പല രീതിയിലും കവിതയിൽ നിർവചിക്കുന്നുണ്ട്‌. ഗ്രിഗോറിയൻ കലണ്ടറിലെ മാസങ്ങൾ എല്ലാംതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഓരോ കവിതയും വായിക്കുമ്പോൾ കാലചക്രങ്ങളിൽ കണ്ണും മനസ്സും ഉടക്കുന്നു. മലയാള കവിതയിൽ നൊമ്പരവീണയുമായ്‌ വന്ന്‌ രൗദ്രവും മധുരവുമായ നാദങ്ങളിലൂടെ രുദ്രവീണ മീട്ടുകയാണ്‌ കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...