24 Aug 2013

നാട്ടുവിശേഷങ്ങൾ


എം.കെ.ജനാർദ്ദനൻ

വിദേശത്തിരുന്നുകൊണ്ട്‌ അരാഷ്ട്രീയക്കാരനായ സുഹൃത്ത്‌ ഫോണിലൂടെ നാടിന്റെ ക്ഷേമകാര്യങ്ങൾ തിരക്കി. ദേശക്കാരന്റെ മറുപടി വന്നു. "ഉന്നതാധികാര സമിതിക്കു പ്രശ്നം കൈമാറിയിരിക്കുന്നു. സ്റ്റേറ്റ്‌ പ്രതിപക്ഷം ഒന്നടങ്കം അധികാരപക്ഷത്തെ താഴെയിറക്കാനുള്ള തെരുവുയുദ്ധത്തിലാണുള്ളത്‌ പ്രകടനം, കല്ലേറ്‌ കോലംകത്തിക്കൽ പോലീസിന്റെ വാട്ടർ പീരങ്കിയിൽ വെള്ളം ചീറ്റൽ. പിന്നെ പുകബോംബു പൊട്ടിക്കൽ. എതിരാളി നേതാവിന്റെ തലയിൽ കാപ്പിവടികൊണ്ട്‌ ഉറിയടി. രക്തംചീന്തൽ. ചോര ചീന്തിച്ച ഗുണ്ടായ്ക്കിട്ട്‌ തലയിൽ വെട്ടുകത്തി പ്രയോഗം. എട്ടിലധികം സ്റ്റിച്ചുകൾ. അക്രമത്തിനു രോഗശയ്യയിൽ  താത്ക്കാലിക അവധി.
"നേര്‌ തന്നെയോ ഇതെല്ലാം?"
"അതെ ഈ വകയൊക്കെ അരങ്ങേറുന്ന സഭയുടെ പേരാണ്‌ അസംബ്ലി."
"എന്താണവിടെ നടക്കുന്നത്‌ സുഹൃത്തെ?"
അതേന്നെ. പാലം കുലുങ്ങിയിട്ടും അഴിമതിക്കാരായ കേളന്മാർ കുലുങ്ങാത്ത ഭരണം"
ഇതെന്തൊരു വൈപരീത്യം? ഇതെന്തു കഥ.?
"അതെ കൊള്ള സങ്കേതങ്ങളും കൊലയാളി സംഘങ്ങളും തമ്മിലുള്ള കടിപിടിതന്നെ. രാഷ്ട്രീയ അധോലോകങ്ങളുടെ ഏറ്റുമുട്ടൽ. എല്ലാ മുദ്രാവാക്യങ്ങളും ഒന്നു തന്നെ. സത്യം ധർമ്മം ശാന്തി പക്ഷേ- എട്ടിലെ പശു പുല്ലുതിന്നില്ലെന്നുമാത്രം. എല്ലാം ഏകമയം കർമ്മം, അനീതി, അധികാര ദുർവ്വിനിയോഗം. ഫലം ജനദുരിതം വിലക്കയറ്റം-മരണം, ആത്മഹത്യകൾ.
കേൾക്കട്ടെ പറയടോ നാട്ടുവിശേഷങ്ങൾ?
പറയാം കേട്ടോളൂ.
'മുഖ്യരും സഖ്യന്മാരും തമ്മിൽ അനിഷ്ടം. പ്രശ്നം ഒന്നല്ല, പത്തല്ല, അതിനും അപ്പുറം. പെൺ വിഷയം തന്നെ മുഖ്യം. അമ്പുതറയ്ക്കാത്തവരില്ല ഗുരുക്കളിൽ...ഫ്രോയ്ഡിന്റെ 'ഇദും, ഈദും' കാമമനഃശാസ്ത്രം വായിച്ചിട്ടില്ലേ? 'ഇദ്ദ്‌' എന്നാൽ സ്ത്രീയോട്‌ പ്രഥമദൃഷ്ടിയിൽ ഉദിക്കുന്ന പ്രാകൃതകാമം 'ഇദാ'കട്ടെ പ്രാകൃതത്തെ ഉള്ളിൽ മർദ്ദിച്ച്‌ ഒതുക്കുന്ന വിവേക വിചാരവും നിയന്ത്രിക്കലും. ആദ്യത്തേതാണിക്കാലത്ത്‌ വിജയം കൊയ്യുന്നത്‌. പ്രാകൃതകാമം"
"പെൺവിഷയം തന്നോ പ്രശ്നം?"
അതിന്റെ പീക്ക്‌ പോയന്റിനെ മുതലെടുത്ത 200 കോടിരൂപയുടെ തട്ടിപ്പ്‌ നടന്നു. മുഖ്യരുടെ അറിവോടെ. പാവം വോട്ടുകൊടുത്ത ജനം. വഞ്ചിക്കപ്പെട്ടിരിക്കുന്നു."
"എതിരാളികൾ നടുത്തളത്തിലിറങ്ങി ഭരണം സ്തംഭിപ്പിച്ചു. സ്തംഭനം തുടരുന്നു"
"അരി വെറുതെ കൊടുക്കുന്നെന്നു കേട്ടു."
അതെ ഒരു രൂപാ അരി കരിഞ്ചന്തക്കാർക്കു 10 രൂപനിരക്കിൽ റേഷൻകടക്കാർ നേരിട്ട്‌ ലോഡ്‌ മറിച്ചു നൽകുന്നു. വ്യാപാരികൾ ലാഭം കൊയ്യുന്നു. റേഷൻകട നടത്തുകാർ പുതിയ പ്ലോട്ടുകൾ വാങ്ങി വീടുവച്ച്‌ വിൽക്കുന്നു, സമ്പാദിക്കുന്നു."
"ഭരണക്കാർക്കിതിലെന്തു ലാഭം. കമ്മീഷൻ കോടികൾ കിട്ടുമത്രെ. കോടികളിട്ടു കളിക്കുന്ന അരി മുതലാളിയിൽ നിന്നുതന്നെ"
"അപ്പോൾ പാവം ബി.പി.എൽ കാർ?"
"വെറും പാവങ്ങൾ. 20 കിലോ കൊണ്ട്‌ ഒരുമാസം ഉണ്ണുന്നവർ. ഇതിന്റെ പേർ റേഷൻ തട്ടിപ്പ്‌."
"റോഡുകളുടെ സ്ഥിതിയെന്ത്‌? യാത്ര സുഖമാണോ?
റോഡുനിറയെ കുണ്ടും കുഴിയും. കിടങ്ങുകളുമാണ്‌. അത്‌ നന്നാക്കാനാരുമില്ല. ജനസംഖ്യയെക്കാൾ വളരെ പുറകിലുള്ള മരണസംഖ്യകളുടെ 'യു.എസ്‌.എഗു, ലസാഗു' കണക്കുകൾ താരതമ്യപ്പെടുംവരെ റോഡ്‌ മരണം കൂടും.
അതിനിടയിൽ വർഷാന്ത്യത്തിൽ ബില്ലുമാറാനായി മാത്രം റോഡിൽ അൽപം കല്ലിട്ട്‌ ടാർ ഉരുക്കി പൗഡർ പോലെ പൂശി ഗ്രാവലിടുന്നു. ലക്ഷങ്ങളുടെ ബിൽ തുക മാറ്റിയെടുക്കുന്നു. ഇതിനെല്ലാമിടയിൽ ആളുകൾ റോഡപകടങ്ങളിൽ നിത്യവും മരിക്കുന്നു. ഒരു മരണവീട്ടിൽ 'ഒരു റീത്ത്‌' ഒപ്പം മന്ത്രിയുടെ ഒരു ശോകനാട്യം. തീർന്നു ഭരണവീഥിയുടെ കടമ. കൂടെ ടി.എ, ഡി.എ ലക്ഷങ്ങൾ തട്ടിക്കുന്ന കണക്കുകൾ കൈപ്പറ്റലും. വെള്ളപ്പൊക്കത്തിനു നടുവിൽ ചാകാനിടമില്ലാത്തവർ. ചങ്ങാടം കെട്ടി മണ്ണിട്ടു ശവദാഹപ്പെട്ടിയിൽ ദഹിപ്പിക്കുന്നു. അതിനിടയിലേക്കു ഡങ്കിപ്പനിയും പട്ടിണിയും പ്രളയത്തിനു മീതെ കുടിനീർക്ഷാമവും, സംഹാരമാടുന്നു. പിന്നെന്തു വിശേഷം കൂട്ടുകാരാ നാട്ടിൽ?
ആദിവാസി പട്ടിണിമരണങ്ങൾ. കുട്ടികളുടെ പോഷക ശൂന്യമായപ്പിറവികൾ! ശിശുമരണങ്ങൾ!
പിന്നെന്തു വിശേഷം?
പിന്നയല്ലേ വിശേഷം ഒറിജിനൽ. വിലക്കയറ്റ വിശേഷം. ഒരു കിലോ ചെറിയ ഉള്ളി നൂറു രൂപ. അരി നല്ലയിനം 10 കി. 574. പരിപ്പ്‌-70, പയറ്‌- 80 .... പെട്രോൾ വില, മാസംതോറും രണ്ടു രൂപ വർദ്ധന. കോർപ്പറേറ്റുകളുടെ സെലിബ്രേഷൻ ഓഫ്‌ ക്യാപിറ്റൽ ഇംക്രീസ്‌. വിലവർദ്ധനയുടം 5000-10000 കോടികളുടെ വിഹിതം സർക്കാരിന്‌. അതിൽനിന്നും സൗജന്യറേഷൻ. മന്ത്രിതല ബിനാമി സ്വത്തുക്കൾ. പോരെ സുഹൃത്തെ നാട്ടുവിശേഷങ്ങൾ. തീരുന്നില്ല കേട്ടോ.
"ഓ ഗോഡ്‌," എല്ലാറ്റിനും ഒരു പരിഹാരം കാണാനായില്ലെങ്കിൽ ഇങ്ങിനെപോയാൽ നാടില്ലാതാകും അല്ലേ?"
"ഒരു തമാശ കാട്ടിത്തരാം സുഹൃത്തെ- ഞാനി ഫോൺ റിസീവർ സൂര്യതട്ടിപ്പു കേസിലെ ലോക്കപ്പ്‌ പ്രതികളുടെ ഉടുവസ്ത്രത്തിൽ ചേർത്തുവയ്ക്കുമ്പോൾ താങ്കൾ 5000/10000 റിയാൽ വിലയുള്ള അതിവിശിഷ്ട സുഗന്ധം നുകരും. 100 കോടി തട്ടിച്ച കേസ്സിലെ ഫീമെയിൽ കോൺവിക്റ്റുകളുടെ വി.ഐ.പി വേഷത്തിൽ നിന്നാണത്‌. ജയിലിലവർക്കു ആഭ്യന്തരന്റെ അനുമതിയോടെ കിടക്കയും, കട്ടിലും പുതപ്പും ലഭ്യം. ആട്ടിറച്ചി മീൽസും ലഭ്യം. വീട്ടിൽ പോലുമില്ലാത്ത സുഖവാസം. എങ്ങിനെയുണ്ട്‌ നാട്ടുവിശേഷം. വീണ്ടും പറയാം. സർക്കാരുകളുടെ മാനവും ചാരിത്ര്യവും നശിച്ചു.
മൂട്ടിൽ ഒരാൽമരം ആൾപൊക്കത്തിലും മീതെ കാണാനില്ലേ?
ഇനിയെന്തു പരിഹാരം.
ഒക്കെ 'ഹയിക്ക-മണ്ടു' തീരുമാനിക്കും. ജനം 'ഹൈക്ക-മണ്ടിൽ' പ്രതീക്ഷ കയറ്റിവച്ചു. ഒടുവിൽ ഹൈയിക്കമണ്ടു'തീർപ്പെടുത്തി. നേതൃമാറ്റം ഇല്ല. ശൈലി-നയമാറ്റങ്ങൾ ഇത്‌ തന്നെ ധാരാളം. എങ്ങിനെയുണ്ട്‌ സ്നേഹിതാ തീരുമാനം? ഷേയിം ഛെ-ഇല്ലത്തെ ഭരണം തുടരും, ശ്രേഷ്ഠ ഭാഷാ ഭരണം. ശ്രേഷ്ഠ കേരള ഭരണം.
മറുവശത്ത്‌ ഫോൺ കട്ടായി.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...