പ്രകൃതി നമ്മോട്‌ പറയുന്നത്‌


വി. വിഷ്ണുനമ്പൂതിരി പയ്യന്നൂർ

ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ ഉത്തരാഖണ്ഡിലുണ്ടായ ദുരന്തം നമ്മളെല്ലാവരും കാണുകയും കേൾക്കുകയും ചെയ്തു. കാരണം എന്തായിരുന്നാലും ആയിരക്കണക്കിനാളുകൾക്ക്‌ ജീവൻ നഷ്ടപ്പെട്ടു എന്നു ള്ളത്‌ സത്യമാണ്‌. ഉത്തരാഖണ്ഡ്‌ ഒരു കാലത്ത്‌ പട്ടാളക്കാരും തീർത്ഥയാത്ര നടത്തുന്നവരും മാത്രം വളരെ കഷ്ടപ്പെട്ട്‌ ചെന്നെത്തിയിരുന്ന സ്ഥലമായിരുന്നു എന്നും, അവിടം വിനോദസഞ്ചാരകേന്ദ്രമായി ഉയർത്തിയതും അശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങളുമൊക്കെയാണ്‌ ദുരന്തം വിളിച്ചുവരുത്തിയതെന്ന്‌ മഹദ്‌ വ്യക്തികൾ അഭിപ്രായപ്പെട്ടു കണ്ടു. മരണ സംഖ്യ വർദ്ധിക്കുന്നതിന്‌ ഇതൊക്കെയും കാരണമായിട്ടുണ്ട്‌ എന്നത്‌ നേരാണ്‌. പക്ഷെ ഹിമാലയത്തിന്റെ പവിത്രത നഷ്ടപ്പെട്ടു എന്നൊക്കെ പറയുന്നതിന്റെ അടിസ്ഥാനം മനസ്സിലാവുന്നില്ല. പ്രകൃതി ഏക്കാളത്തും മനുഷ്യനെ ആകർഷിച്ചിട്ടുണ്ട്‌. അതിനുകാരണം മനുഷ്യനും പ്രകൃതിയുടെ സൃഷ്ടിയായ സാധാരണ ജീവിയാണെന്നുള്ളതാണ്‌. റോബോട്ടുകളെപ്പോലെയുള്ള വെറും യന്ത്രങ്ങളായിരുന്നു മനുഷ്യനെങ്കിൽ, ഹിമാലയത്തിലേക്ക്‌ ആകർഷിക്കപ്പെടുമായിരുന്നില്ല.


 തീർത്ഥാടകരും വിനോദസഞ്ചാരികളുമെന്ന വ്യത്യാസവും ഇക്കാര്യത്തിലില്ല. വ്യത്യാസമുണ്ട്‌ എന്നാരെങ്കിലും കരുതുന്നുവേങ്കിൽ ഇവിടെ ഇല്ലാത്ത ഏത്‌ ഈശ്വരനാണ്‌ കൈലാസത്തിലുള്ളതെന്ന്‌ വ്യക്തമാക്കാൻ അവർ ബാധ്യസ്ഥരുമാണ്‌. ഹിമാലയത്തിൽ മാത്രമായി ഒരീശ്വരനുണ്ടെങ്കിൽ അത്‌ തീർച്ചയായും പാവങ്ങളുടെ ഈശ്വരനായിരിക്കുകയില്ല. നല്ല സാമ്പത്തികശേഷി ഉള്ളവർക്കല്ലാതെ ഹിമാലയത്തിൽചെന്ന്‌ ഈശ്വരനെ ദർശിക്കാനാവില്ലല്ലോ. അവനവന്റെ ഉള്ളിൽ തന്നെയാണ്‌ ഈശ്വരനെ സാക്ഷാൽക്കരിക്കേണ്ടതെന്ന്‌ അറിയാത്തവരാണ്‌ ആചാര്യന്മാർ എന്നു കരുതാനുമാവില്ല. അപ്പോൾ പിന്നെ അവരും നടത്തുന്നത്‌ വിനോദസഞ്ചാരം തന്നെയല്ലേ? പെട്ടെന്നൊരാവശ്യം വന്നാൽ നമ്മുടെ ആത്മസ്വരൂപനായ ഈശ്വരൻ മാത്രമെ തുണയുണ്ടാവൂ എന്നും നാം തിരിച്ചറിയേണ്ടതുണ്ട്‌. കൈലാസത്തിൽ നിന്ന്‌ ഭഗവാൻ ഇങ്ങെത്തണമെങ്കിൽ സമയംകുറെ വേണ്ടിവരുമല്ലോ.

    ആഗോളതലത്തിലുള്ള വനനശീകരണവും അന്തരീക്ഷ മലിനീകരണവും കാരണമായി കാലാവസ്ഥാവ്യതിയാനങ്ങൾ ഉണ്ടാവുകയും പലസ്ഥലത്തായി പെയ്യേണ്ട മഴ, അനുകൂലമായ ഒരു സ്ഥലത്ത്‌ തന്നെ കേന്ദ്രീകരിക്കുകയും ചെയ്തു എന്നു വരാം. മേഘസ്ഫോടനം എന്നൊക്കെ പേര്‌ പറയാമെങ്കിലും മഴമേഘങ്ങൾ മഴയായി പെയ്യണമെങ്കിൽ അതിനനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകേണ്ടതുണ്ട്‌. അതുകൊണ്ടുതന്നെ ഉത്തരാഖണ്ഡിൽ ഉണ്ടായ അതിവൃഷ്ടിക്ക്‌ അവിടത്തെ നിർമ്മാണപ്രവർത്തനങ്ങളോ, പവിത്രതനഷ്ടപ്പെട്ടതോ അല്ല കാരണം. മനുഷ്യൻ എല്ലാ ജീവികളെയും കൊന്നൊടുക്കുകയും പ്രകൃതിവിധ്വംസന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുമ്പോൾ മനുഷ്യൻ എന്ന ജീവിയുടെ ക്രമാതീതമായ വർദ്ധന നിയന്ത്രിക്കാൻ പ്രകൃതിക്ക്‌ ഇടപെടേണ്ടിവരുന്നു. മറ്റെല്ലാജീവികളെയും നിയന്ത്രിക്കാൻ പ്രകൃതിയിൽ സംവിധാനങ്ങളുണ്ട്‌. പാമ്പ്‌ തവളയെ പിടിക്കുന്നു. പാമ്പിനെ കീരി പിടിക്കുന്നു. സിംഹം മാനിനെ പിടിക്കുന്നു. ഇതൊക്കെ നാം ടിവിയിൽ കാണാറുമുണ്ട്‌. പക്ഷെ മനുഷ്യന്റെ ആയുധബലത്തിനു മുന്നിൽ പ്രകൃതിനിയമങ്ങൾ അടിയറവു പറയുന്നു. 


മനുഷ്യനെ പിടിച്ചുതിന്നാൻ മറ്റ്‌ ജന്തുക്കൾക്ക്‌ കഴിയുന്നില്ല. അപ്പോൾ പിന്നെ ഇതുപോലെ എന്തെങ്കിലും സൂത്രപ്പണി ഒപ്പിക്കുകയല്ലാതെ പ്രകൃതിക്ക്‌ എന്ത്‌ ചെയ്യാനാവും? ഒരു കാര്യം ഉറപ്പിച്ച്‌ തന്നെ പറയാനാവും. ഈ ഭൂമി മനുഷ്യന്‌ മാത്രം വേണ്ടി ഉണ്ടാക്കപ്പെട്ടതല്ല. മനുഷ്യന്റെ അഹങ്കാരം പ്രകൃതി അനുവദിച്ചു തരുകയുമില്ല. ദിവസേന എന്തുമാത്രം ജീവികളെ മനുഷ്യൻ കൊന്നൊടുക്കുന്നു എന്ന്‌ ആത്മപരിശോധന നടത്താനുള്ള അവസരം കൂടിയാണ്‌ ഇത്തരം പ്രകൃതിദുരന്തങ്ങൾ. ഇവിടെ സൂര്യൻ ഉദിക്കുന്നതും മഴപെയ്യുന്നതുമൊക്കെ മനുഷ്യന്‌ മാത്രം വേണ്ടീട്ടാണെന്ന ധാരണ മാറ്റേണ്ടതുണ്ട്‌. എല്ലാ ജീവികളുടെയും ക്ഷേമമാണ്‌ മനുഷ്യന്റെയും ക്ഷേമം. 


പ്രകൃതിയുമായുള്ള പാരസ്പര്യത്തിൽ കൂടിമാത്രമെ മനുഷ്യന്‌ ആരോഗ്യകരമായി ജീവിക്കാൻ കഴിയൂ. എല്ലാ ദുരന്തങ്ങളും മരിച്ചുപോയ മനുഷ്യന്റെ കണക്കെടുപ്പിൽ അവസാനിക്കുകയാണ്‌ പതിവ്‌. ഉത്തരാഖണ്ഡിൽ ലോക മംഗളത്തിനായി തപസ്സുചെയ്യുന്ന മഹാത്മാക്കളെക്കുറിച്ചും സൂചിപ്പിച്ചു കണ്ടു. മറ്റ്‌ ജീവികൾക്ക്‌ എന്ത്‌ സംഭവിക്കുന്നു എന്നാരും പരിശോധിക്കാറില്ല. യഥാർത്ഥത്തിൽ അവയാണ്‌ നമ്മെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നതെന്
ന്‌ നാം തിരിച്ചറിയാറില്ല. പ്രകൃതിസംരക്ഷണം ഈശ്വരാരാധനയായി തിരിച്ചറിയുകയും പ്രകൃത്യാനുസൃതമായി ജീവിക്കുകയും ചെയ്യാൻ സാധിക്കുമ്പോൾ മാത്രമെ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കണെ എന്ന്‌ പ്രാർത്ഥിക്കാനെങ്കിലും മനുഷ്യൻ യോഗ്യനാവുന്നുള്ളൂ.
    കൈലാസത്തിലേക്കും മാനസസരോവറിലേക്കുമൊക്കെ തീർത്ഥയാത്ര സംഘടിപ്പിക്കുന്നവരും വിനോദയാത്ര നടത്തുന്നവരുമൊക്കെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഹിമാലയം മാത്രമല്ല ഈ നാട്‌ മുഴുവനും ഒരു കാലത്ത്‌ വനാന്തരങ്ങളായിരുന്നു എന്നുള്ളതാണ്‌. ഇനി ഹിമാലയപ്രദേശങ്ങളിൽ മാത്രമെ നൈസർഗികത അൽപമെങ്കിലും അവശേഷിച്ചിട്ടുള്ളൂ. അതുകൂടി ഇല്ലാതാക്കാനാണ്‌ ഈ തീർത്ഥയാത്രയും വിനോദവുമൊക്കെ ഉപകരിക്കുക എന്നുകൂടി നാം മനസ്സിലാക്കുന്നത്‌ നല്ലതാണ്‌. മനുഷ്യന്റെ സ്വാർത്ഥതയുടെ ഫലം നിരപരാധികളായ മറ്റ്‌ ജീവികൾ കൂടി അനുഭവിക്കേണ്ടിവരുമ്പോഴാണ്‌ പ്രകൃതി ഇടപെടേണ്ടി വരുന്നത്‌. അതുകൊണ്ട്‌ കഴിയുമെങ്കിൽ ഉള്ള സ്ഥലത്ത്‌ ധാരാളം വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുകയും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ ശ്രമിക്കുകയുമാണ്‌ അഭികാമ്യം. മനുഷ്യൻ എന്നാൽ വിശേഷപ്പെട്ട എന്തോ സാധനമല്ല. മനസ്സിൽ നിന്നുണ്ടായി മണ്ണിലേക്ക്‌ മടങ്ങുന്ന സാധാരണ ജീവി മാത്രമാണ്‌ മനുഷ്യനും. ഡാർവിന്റെ പരിണാമ സിദ്ധാന്തപ്രകാരം വാലില്ലാത്ത കുരങ്ങന്മാർ മാത്രമാണ്‌ മനുഷ്യൻ. അതാണ്‌ സത്യവും. അതുകൊണ്ട്‌ കാടന്വേഷിച്ചു പോവുന്നതിനു പകരം കാടിനെ നാട്ടിലേക്ക്‌ കൊണ്ടുവരിക. കാട്ടിൽതന്നെ ജീവിക്കുക.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?