നല്ല മരുന്ന്‌ തീർച്ചയായും ഉണ്ട്‌സി.രാധാകൃഷ്ണൻ

അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലെന്നാണ്‌ പഴമൊഴി. പക്ഷെ, ഏതു കഷണ്ടിയിലും മുടി നട്ടു കിളിർപ്പിക്കാമെന്ന്‌ ഇപ്പോൾ ഉറപ്പായിട്ടുണ്ട്‌. അതുപോലെ അസൂയയ്ക്കും നല്ല മരുന്നുള്ളതായി നിശ്ചയമായിട്ടുമുണ്ട്‌. അപ്പോൾ പഴഞ്ചൊല്ലിൽ പതിരുണ്ടായിരുന്നു എന്നാണോ? അല്ല, ഈ രണ്ട്‌ പന്തികേടുകൾക്കും പരിഹാരം പ്രയാസമാണെന്നേ പഴമൊഴി പണ്ടേ ഉദ്ദേശിച്ചിരിക്കൂ. അത്‌ ശരിയുമാണ്‌. ചികിത്സ അത്ര എളുപ്പമല്ല, എന്തു കൊണ്ടെന്നാൽ എവിടെയാണൊ കോറു കേട്‌ പ്രത്യക്ഷപ്പെടുന്നത്‌ അവിടെയല്ല അതിന്റെ ഉറവിടം!
    കഷണ്ടിയെ തൽക്കാലം സൗന്ദര്യവർദ്ധനവുകാർക്കു വിട്ടുകൊടുത്ത്‌ നമുക്ക്‌ അസൂയയിലേക്ക്‌ ശ്രദ്ധ തിരിക്കാം. ആത്മനാശകരമായതിനാൽ സത്വരപരിഹാരം ആവശ്യപ്പെടുന്ന ഒരു അസുഖമാണത്‌. നമ്മുടെയും ഒപ്പം അന്യരുടെയും സൃഷ്ടിപരതയെ അത്‌ നശിപ്പിക്കുന്നു. ഭൗതികമായും അത്‌ വലിയ നഷ്ടങ്ങൾ വരുത്തുന്നു. ഓർക്കുന്നില്ലേ, ഈ അടുത്ത കാലംവരെ അതുവാങ്ങിയവനോട്‌ അതു വാങ്ങാത്തവനുള്ള അസൂയയുടെ വാലിന്റെ കൂർപ്പ്‌ മുതലെടുത്തുകൊണ്ടായിരുന്നു.
    മികച്ച പ്രകടനത്തെ ഇപ്പോഴും പുകഴ്ത്തുന്നത്‌ അസൂയാവഹം എന്നാണല്ലോ. ആരിലും അസൂയയുണ്ടാക്കാൻ മതിയായത്ര ഗംഭീരം എന്നർത്ഥം. ദേവന്മാരിൽപോലും ഉണ്ടാകാമെന്ന്‌ പുരാണകഥകൾ സൂചിപ്പിക്കുന്നു. ആരെങ്കിലും കഠിനമായി തപസ്സു ചെയ്യാൻ തുടങ്ങിയാൽ അയാൾക്ക്‌ കിട്ടാവുന്ന സിദ്ധികളോർത്ത്‌ ദേവേന്ദ്രൻ അസൂയാവുവാകുന്നു! അയാളുടെ ശ്രദ്ധ തിരിക്കാൻ പാട്ടുമാട്ടവുമായി തനിക്കു പ്രിയപ്പെട്ട നർത്തകിമാരെത്തന്നെ അയയ്ക്കുന്നു.
    കുന്തി ലക്ഷണയുക്തരായ കുട്ടികളെ പ്രസവിച്ചതു കണ്ട്‌ ഗാന്ധാരി അസൂയാലുവായി സ്വന്തം ഗർഭസ്ഥജീവനെ ഇടിച്ചും തൊഴിച്ചും പീഡിപ്പിച്ച്‌ പെറ്റത്‌ ഒരു മാംസപിണ്ഡത്തെ! ഒരു വേദവ്യാസൻ വേണ്ടി വന്നു അതിനെ നൂറായി നുറുക്കി മൺകുടങ്ങളെന്ന ടെസ്റ്റ്‌ ട്യൂബുകളിലിട്ട്‌ വളർത്തി ആളുകളാക്കാൻ. അടിയും പൊടിയും അടിച്ചുകൂട്ടി നൂറ്റൊന്നാമത്തെ മൺകുടത്തിലും വളർത്തി. അസൂയയുടെയും അക്ഷമയുടെയും ഈ കുഞ്ഞുങ്ങളും അസൂയാലുക്കളായി വളർന്നു. പാണ്ഡുവിന്റെ മക്കളുടെ കഴിവുകൾ കണ്ടുണ്ടായ അസൂയയാണ്‌ അവരെ ആക്രമങ്ങൾക്കു പ്രേരിപ്പിച്ചതു. സ്വന്തം കഴിവുകളെക്കാളേറെ അവരെ ഭരിച്ചതു മറ്റുള്ളവരോടുള്ള അസൂയയാണ്‌ എന്നർത്ഥം. കർണ്ണനും, സ്വായത്തമായ എല്ലാ കഴിവുകൾക്കും വിനയായത്‌ അർജുനന്റെ കഴിവുകളോടുള്ള അസൂയയാണ്‌. ചുരുക്കത്തിൽ, മഹാഭാരതയുദ്ധത്തിന്റെ അടിത്തറ പടുത്തിരിക്കുന്നത്‌ മഹാരോഗമായ അസൂയയുടെ കല്ലുകൾകൊണ്ടാണ്‌.
    ഇന്നും ലോകത്തുള്ള സംഘർഷങ്ങളിൽ ണല്ലോരു പങ്ക്‌ അസൂയയുടെ സന്തതിയാണ്‌. സർവവ്യാപിയായ മത്സരബുദ്ധിയുടെ പ്രധാന ഉറവിടവും അസൂയതന്നെ. അയൽക്കാരന്‌ ഉള്ളതിനേക്കാൾ വലിയ വീട്‌, അവൻ ഓടിക്കുന്നതിനേക്കാൾ വിലയുള്ള കാറ്‌, അവന്റെ ഭാര്യയേക്കാൾ സുന്ദരിയായ പെണ്ണ്‌, അവനുള്ളതിനേക്കാൾ ബാങ്ക്‌ ബാലൻസ്‌, അവനേക്കുറിച്ച്‌ പറയുന്നതിലേറെ തന്നെക്കുറിച്ചാവണം ആളുകൾ പുകഴ്ത്തിപ്പറയുന്നത്‌ - ഇങ്ങനെ പോകുന്നു അസൂയയുടെ സന്തതികളായ വികാരങ്ങളുടെ നിര. ഇപ്പറഞ്ഞതൊക്കെയും അതിലേറെയും ശരിയാക്കാൻ രണ്ടു വഴികളുണ്ട്‌. ഒന്ന്‌, ഞാൻ യഥാർഥത്തിൽ ഇതൊക്കെ അയാളേക്കാൾ അധികമായി നേടുക. രണ്ട്‌, അയാളുടെ നേട്ടങ്ങളെ ഞാൻ എവ്വിധമെങ്കിലും ഇല്ലാതാക്കുക. രണ്ടാമത്തേതാണ്‌ എളുപ്പമെന്ന കണ്ടെത്തലും അതിനുള്ള ശ്രമവുമാണ്‌ ദുരിതങ്ങളുടെ ഈറ്റില്ലം.
    കൊടുക്കില്ല കോങ്കണ്ണിക്ക്‌ തേങ്ങാമുറി എന്ന എന്റെ ശാഠ്യത്തിന്‌ ആധാരം, തേങ്ങാച്ചമ്മന്തി അരച്ചു രുചിക്കാൻ എനിക്കുള്ള ആഗ്രഹത്തിലേറെ ആ തേങ്ങാമുറി ആ കോങ്കണ്ണിക്കു കിട്ടിയാൽ അവർക്കുണ്ടാക്കാവുന്ന സന്തോഷത്തിൽ എനിക്കുള്ള അസൂയയാണ്‌. നല്ല കണ്ണുകളുള്ള അവരെ കോങ്കണ്ണി എന്നു വിളിക്കാനുള്ള പ്രചോദനവും അസൂയതന്നെ!
    മനുഷ്യർക്കു മാത്രമേ ഈ കുഴപ്പമുള്ളൂ. താൻ പുല്ലു തിന്നുകയില്ല, തൊഴുത്തിലെ പശുവിനെ പുല്ലുതിന്നാൻ അനുവദിക്കയുമില്ല എന്ന്‌ അസൂയാരോഗം ബാധിച്ചൊന്നുമല്ല ഒരു പട്ടിയും ഒരു പുല്ലുവട്ടിയിലും കിടക്കുന്നത്‌. കിടക്കാൻ പതുപതുപ്പും സുഖവും തോന്നുന്നത്‌ പുല്ലുവട്ടിയിൽ ആയതിനാലാണ്‌. തനിക്കു കിട്ടാത്ത ഇര മറ്റൊരു മൃഗത്തിനും കിട്ടുന്നതു തടയാൻ ഒരു മൃഗവും ലോകചരിത്രത്തിൽ ഇന്നോളം ശ്രമിച്ചിട്ടില്ല! ഇനിയൊരിക്കലും ശ്രമിക്കയുമില്ല!
    മറ്റൊരാളുടെ സ്ഥാനത്ത്‌ സ്വയം പ്രതിഷ്ഠിക്കാനും തന്റെ സ്ഥാനത്ത്‌ മറ്റൊരാളെ പ്രതിഷ്ഠിക്കാനും മനുഷ്യനേ കഴിയൂ എന്നതിനാലാണ്‌ ഈ വ്യത്യാസം. ഇതിൽ ആദ്യം പറഞ്ഞ കാര്യത്തിൽ നിന്ന്‌ അസൂയ ഉണ്ടാകുന്നില്ല. ഉദാഹരണം, സച്ചിൻ ടെൻഡുൽക്കറോടൊ, മറഡോണയോടൊ ത്യാഗരാജഭാഗവതരോടൊ ഒന്നും ഈ കളികളിലും സംഗീതത്തിലും ഒട്ടും കഴിവില്ലാത്ത ആർക്കും അസൂയ തോന്നുന്നില്ല. ഇവരുടെ സ്ഥാനത്ത്‌ സ്വയം അവരോധിച്ച്‌ തൃപ്തരാകാൻ ഒരു വിഷമവും ഇല്ലാത്തതിനാലാണിത്‌. നേരെമറിച്ച്‌ പാടാൻ എനിക്കൽപ്പം കൊതിയും നേരിയ വാസനയും ഉണ്ടെങ്കിൽ യേശുദാസിനോട്‌ എനിക്കസൂയയായി.  എന്തുകൊണ്ടെന്നാൽ യേശുദാസനെ എന്റെ സ്ഥാനത്ത്‌ പ്രതിഷ്ഠിച്ച്‌ താരതമ്യം ചെയ്യാതിരിക്കാൻ എനിക്കു കഴിയാതെ വരുന്നു. എന്നിട്ടൊ, യേശുദാസനോടുള്ള അസൂയ വർദ്ധിച്ച്‌ കാലുഷ്യമായിത്തീരുന്ന മുറയ്ക്ക്‌ എന്റെ പാടാനുള്ള കഴിവ്‌ നശകുശയാവുന്നു. പാടാൻ തുടങ്ങുമ്പോഴേ അസൂയയാണല്ലോ മുൻനിൽക്കുക! പിന്നെ രാഗമെവിടെ, താളമെവിടെ?
    രോഗത്തിന്റെ കാരണവും അതുവരുന്ന വഴിയും കണ്ടുകിട്ടിയ സ്ഥിതിക്ക്‌ പരിഹാരം എളുപ്പമാണ്‌. എപ്പോഴും മറ്റൊരാളുടെ സ്ഥാനത്ത്‌ സ്വയം പ്രതിഷ്ഠിച്ചു ശീലിക്കണം. ഒരിക്കലും മറ്റൊരാളെ എന്റെ സ്ഥാനത്തു കൊണ്ടുവന്നു കുടിവെച്ച്‌ കുഴപ്പമുണ്ടാക്കരുത്‌. പാടാൻ ഇരിക്കുമ്പോൾ കർശനമായും ഓർക്കുക-ഞ്ഞാൻ യേശുദാസ്‌ തന്നെയാണ്‌. ക്രിക്കറ്റ്‌ ബാറ്റ്‌ കയ്യിലെടുക്കുമ്പോൾ ഉറപ്പിക്കുക-ഞ്ഞാൻ സച്ചിൻ ടെൻഡുൽക്കറാണ്‌. കാലുകൊണ്ട്‌ വഴിയിലെ കല്ലിൻതുണ്ട്‌ തട്ടാൻ പുറപ്പെടുമ്പോഴേ ഓർക്കുക-ഞ്ഞാൻ മറഡോണയും പേലെയും ആകുന്നു!
    ചുരുക്കത്തിൽ, തന്നേക്കാൾ കഴിവുള്ള ആരെ കാണുമ്പോഴും ഓർക്കുക-ഞ്ഞാൻ അയാൾതന്നയാണ്‌. ഇത്‌ വേദാന്തവിധിപ്രകാരം സത്യവുമാണ്‌. കാരണം, എല്ലാവരിലും സമവർത്തിതമാണ്‌ ഈശം. അതിനാൽ, ആർക്കുമുള്ള കഴിവ്‌ ഐശ്വര്യമാണ്‌. എന്റേതുമാണ്‌.
    അസൂയയ്ക്കുള്ള ഒറ്റമൂലിയാണ്‌ ഗീതയിലെ വിഭൂതിയോഗം. കഴിവ്‌ ഈശ്വരസാന്നിധ്യത്തിന്‌ നിദർശനമാകയാൽ കഴിവുള്ള എല്ലാതും ഈശ്വരന്റെ വിഭൂതിയാണ്‌. അതായത്‌, തന്റേതന്നെ ആത്മാംശം. തൊട്ടെണ്ണിയാൽ കണക്കില്ലാത്തത്ര കാണും. ഹിമാലയം മുതൽ മഹാപ്രവാഹമായ ഗംഗവരെയും  എല്ലാ തുറകളിലുമുള്ള കഴിവുള്ളവർ വരെയും ആ പട്ടിക നീളും. താൻതന്നെ എല്ലാം എന്നു തിരിച്ചറിയുക. അതിന്റെ കൂടെ തനിക്കുള്ള വിഭൂതിയുടെ അംശം കണ്ടെത്തി അതും ഈ മുതൽക്കൂട്ടിലേക്ക്‌ ചേർക്കുക. അതിനു മത്സരിക്കാം. ഹിമാലയത്തിന്റെ ഉയരം നമ്മിൽ ജനിപ്പിക്കേണ്ടത്‌ അസൂയയല്ല, കുറച്ചെങ്കിലും ഉയരാനുള്ള പ്രചോദനമാണ്‌.
    ഇങ്ങനെയായാലേ സുന്ദരമായ ഒരു വസ്തു എന്നേയ്ക്കുമുള്ള പരമാനന്ദമായി ഭവിക്കൂ. കാണുന്നതിലല്ല, കാണുന്ന നമ്മിലാണ്‌ സൗന്ദര്യം ഇരിക്കുന്നതെന്ന്‌ നാം ഓർക്കാറില്ല. കണ്ടാലറിയുന്നത്‌ അകത്തുള്ള ആൾ ഉണരുന്നതിനാലാണ്‌. അകത്തുള്ള സൗന്ദര്യവും പുറത്തുള്ളതും ഒന്നാണെന്നറിയാവുന്നതിനാൽക്കൂടി

യാണ്‌ പുറത്തെ സൗന്ദര്യം വേറെയാരും കൈക്കലാക്കരുതെന്ന അസൂയാജന്യമായ ശാഠ്യം നമുക്കുണ്ടാകുന്നതും. ഈ അറിവിനെത്തന്നെ ഉപയോഗിച്ചു വേണം ഈ അസൂയയെ മറികടക്കാൻ എന്നതാണ്‌ ഇവിടത്തെ വിഷമവും സുഖവും. വാരിപ്പിടിച്ചാൽ പിടിയിൽ ഒതുങ്ങുന്നതല്ല ഒരു സൗന്ദര്യവുമെന്ന തിരിച്ചറിവ്‌ ഉണ്ടാകണം. അത്രയേ വേണ്ടൂ.
    മനുഷ്യർക്കു മാത്രമേ സ്വന്തം സർഗ്ഗവാസനയെ നശിപ്പിക്കുന്ന അസൂയയുള്ളൂ എന്നു നേരത്തെ നാം കണ്ടു. ഇണയെ സ്വന്തമാക്കാൻ മൃഗങ്ങൾ കടിപിടി കൂടുന്നത്‌ അസൂയയാലല്ല, കൂടുതൽ ശക്തനായവന്റെ വിത്തു വിളയിക്കാൻ പ്രകൃതി ഒരുക്കിയ രംഗവേദിയിലാണ്‌. അതിനൊന്നും പോകാതെ, സൃഷ്ടിപരത നന്നായി അവതരിപ്പിച്ചുകൊണ്ട്‌ അർഹത തെളിയിക്കാൻ മനുഷ്യർക്കു കഴിയും. അതേ ചെയ്യാവൂ, 
    എപ്പോഴെങ്കിലും എന്തിന്റെ പേരിലെങ്കിലും ആരോടെങ്കിലും അൽപ്പം അസൂയ തോന്നുന്നെങ്കിൽ ഉടനെ സ്വയം ചോദിക്കുക- എന്നിൽ അസൂയ ജനിപ്പിക്കുന്ന കഴിവ്‌ ഐശ്വര്യമല്ലേ, ഞാനും അതും ഒന്നുതന്നെ അല്ലേ, പിന്നെ എന്തിന്‌ ഈ അന്യത്വവും അസഹ്യതയും
?

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?