നിലയ്ക്കലേത്ത് രവീന്ദ്രൻ നായർ
അർഹിച്ചതു കിട്ടുകതന്നെ ചെയ്തു. മലയാളം ശ്രേഷ്ഠാഭിഷിക്തയായി. ഇതോടെ ഒരു വിവേചന ത്തിന് അറുതി വരുകകൂടിയാണ് ഉണ്ടായിട്ടുള്ളത്. ഒരേ കുലത്തിൽപെട്ട നാലു മക്കളിൽ ഒരാളോടു മാത്രം പുലർത്തിയിരുന്ന അയിത്തം ഇനിയില്ല. ദക്ഷിണേ ന്ത്യൻ ഭാഷകളിൽ തമിഴിനും കന്നടയ്ക്കും തെലുങ്കി നുമൊപ്പം മലയാളവും ഇനി തലയുയർത്തി നിൽക്കും. സ്വത്വബോധമുള്ള ഓരോ മലയാളിക്കും അഭിമാനി ക്കാൻ മതിയായ ശ്രേഷ്ഠ മുഹൂർത്തമാണ് ഇതെന്നു തീർച്ച.
ദേശീയ അന്തർദേശീയ തലങ്ങളിലുള്ള അംഗീകാരലബ്ധിക്കൊപ്പം സാമ്പത്തികമായും സാമ്പത്തിതേതരവുമായ ഒട്ടേറെ ആനുകൂല്യങ്ങളും ഇനി വഴിയേ ലഭിച്ചുകൊണ്ടിരിക്കും. ഇപ്പോൾതന്നെ ഭാഷാ വികസനപ്രവർത്തനങ്ങൾക്കും ഗവേഷണ ത്തിനുമായി നൂറുകോടി രൂപ കേന്ദ്രത്തിൽനിന്ന് കിട്ടാൻ പോകുന്നു. ഇത്തരുണത്തിൽ മലയാള ത്തിന്റെ ഉത്പത്തി വികാസങ്ങളിലേക്ക് ഒന്നെത്തി നോക്കുന്നത് നമുക്ക് നമ്മുടെ മാതൃഭാഷയോടുള്ള അടുപ്പത്തിന് കൂടുതൽ പ്രയോജനപ്രദമാകും.
രണ്ടു സഹസ്രബ്ദങ്ങൾക്കു മുമ്പ് ഭാരത ത്തിന്റെ തെക്കുപടിഞ്ഞാറെ കോണിലെ ജനങ്ങൾ, അവിടുത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കൾക്കും പ്രകൃതിക്കും ഋതുക്കൾക്കും അനുസൃ തമായ സംസ്കാരത്തിന് ഉടമകളായിരുന്നു. നാലാം ശതകത്തിൽ എഴുതപ്പെട്ട ?തൊൽകാപ്പിയ?ത്തിൽ തമിഴ് എന്ന് പൊതുവായി വിളിച്ചിരുന്ന ഭാഷയ്ക്ക് പടിഞ്ഞാറൻ തീരത്തെ ശാഖ എന്നും കിഴക്കൻ തീരത്തെ ശാഖ എന്നും രണ്ടു രീതികൾ ഉണ്ടായിരുന്നതായി കാണാം. കുട്ടനാട്, വേണാട്, നുലിനാട്, കണ്ടനാട്, കാർക്കനാട് എന്നീ പ്രദേശങ്ങളിലാണ് പടിഞ്ഞാറൻ രീതിയിലുള്ള ഭാഷ ഉപയോഗിച്ചിരുന്നത്. അന്ന് മലയാളം എന്നൊരു വിളിപ്പേർ ഇട്ടില്ലെങ്കിലും പടിഞ്ഞാറൻ തീരത്തെ ഭാഷ വേറിട്ടൊരു ഭാഷയായി വളർന്നു. കിഴക്കൻ തീരത്തെ ഭാഷ തമിഴ് എന്നും വിളിക്കപ്പെട്ടു.
സംഘകാല സാഹിത്യത്തിൽ ശ്രദ്ധേയമായ ?ചിലപ്പതികാരം? എഴുതിയത് കൊടുങ്ങല്ലൂർ തലസ്ഥാ നമായി ഭരണം നടത്തിയിരുന്ന ചേര രാജാവായി രുന്നു. ചേര രാജ്യത്തെ മുപ്പതിലേറെ മറ്റു കവികളുടെ രചനകളും ശ്രദ്ധിക്കപ്പെട്ടു. ഈ രചനകളെല്ലാം പടിഞ്ഞാറൻ തീരത്തു നിലനിന്നിരുന്ന ഭാഷയിലാണ് എഴുതിയിരുന്നത്.
മലയാള ഭാഷ ഉപയോഗിക്കുന്നത് ഗ്രന്ഥ ലിപിയിലാണ്. കിഴക്കൻ തീരത്തെ തമിഴിന് ഉപയോഗി ക്കുന്നതിൽനിന്നും വ്യത്യസ്തമായ ലിപി. ആയിരത്തി യഞ്ഞൂറു വർഷം മുമ്പ് പല്ലവ രാജാക്കന്മാർ സംസ്കൃ തം എഴുതുവാൻ ബ്രാഹ്മി ലിപിക്കു പകരം ഗ്രന്ഥ ലിപിയാണ് ഉപയോഗിച്ചിരുന്നത്. എട്ടാം ശതകത്തിലെ വാഴപ്പിള്ളി ചെമ്പു താളുകളിൽ സംസ്കൃത ലിഖിത ങ്ങൾ ഗ്രന്ഥ ലിപികളിലാണ് എഴുതിയത്.
കുലശേഖര ആഴ്‌വാർ പത്താം നൂറ്റാണ്ടിൽ എഴുതിയ പെരുമാൾ തിരുമൊഴി പടിഞ്ഞാറൻ തീരത്തെ ഭാഷയിലാണ് മുകുന്ദമാല തുടങ്ങിയ സംസ്കൃത കൃതികൾ എഴുതിയിരിക്കുന്നതും ഗ്രന്ഥ ലിപിയിൽ തന്നെ.
പന്ത്രണ്ടാം നൂറ്റാണ്ടിലെ സാഹിത്യ രചനകളിൽ സംസ്കൃതവും മലയാളവും ഇഴുകിച്ചേർന്ന ഒരു ഭാഷ കാണാം. ?ഭാഷാകൗടില്യം? ?ബ്രഹ്മാനന്ദ പുരാണം? ?അസരിഷോപാഖ്യാനം? തുടങ്ങിയവ ഇതിന് ഉദാഹരണ ങ്ങൾ. പതിമൂന്നാം നൂറ്റാണ്ടിൽ എഴുതിയ ?ഉണ്ണിയച്ചി ചരിതം? ?ഉണ്ണിച്ചിരുതേവി ചരിതം? തുടങ്ങിയവ മലയാളം എന്ന സ്വതന്ത്ര ഭാഷയുടെയും അതിന്റെ സാഹിത്യത്തിന്റെയും തെളിവുകളാണ്. ചീരാമ കവിയുടെ രാമചരിതവും നിരണം കവികളുടെ കണ്ണശ്ശരാമായണം കണ്ണശ്ശഭാഗവതം തുടങ്ങിയവയും ഇക്കാലത്തെ സമ്പന്നമായ മലയാള സാഹിത്യത്തിന്റെ ദൃഷ്ടാന്തങ്ങളാണ്.
പിന്നീടാണ് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ (1500 എ.ഡി) യും തുഞ്ചത്ത് എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ടും എഴുതിയത്. ലോകത്തിലെ ഏതു വികസിത ഭാഷയ്ക്കും ഒപ്പം നിൽക്കുന്നതാണ് പിന്നെയുള്ള മലയാള ഭാഷാ ചരിത്രം.
സഹസ്രാബ്ദങ്ങൾ പഴക്കമുള്ളൊരു സംസ്കാര ത്തിന്റെ വാമൊഴിയും വരമൊഴിയുമാണ് മലയാളം. ആയിരത്തിയഞ്ഞൂറു വർഷം മുമ്പ് ഉപയോഗിച്ച ലിപിയാണ് മലയാളത്തിന്റേത്. പതിമൂന്നാം നൂറ്റാണ്ടു മുതൽ സ്വന്തമായ സാഹിത്യശാഖയുള്ള ഭാഷ. നൂറ്റാണ്ടുകൾ മുമ്പുതന്നെ ഇതിഹാസങ്ങൾ സ്വന്തമായ മലയാളം. പ്രോജ്വലമായ വർത്തമാനകാല രചനകളും മറ്റ് ഏതു ലോകഭാഷയ്ക്കും ഒപ്പം നിൽക്കാൻ കരുത്തു നൽകുന്ന ഭാഷ. ഒരു ക്ലാസിക്കൽ ഭാഷയ്ക്ക് ആവശ്യം എന്ന് അനുശാസിക്കുന്ന ഘടകങ്ങളിൽ അർഹത തെളിയിക്കുന്ന മലയാളം.
ആത്മാവിന്റെ ആവിഷ്ക്കാരമാണ് ഭാഷ. സംസ്കാരത്തിന്റെ ജീവനാഡിയാണ്. മണ്ണിന്റെ മത്തുപിടി പ്പിക്കുന്ന മണമാണ്. മറ്റു ഭൗതികതകൾ അറ്റുപോകുമ്പോൾ ഉറ്റ തുണയാവുന്ന, പെറ്റമ്മയുമായുള്ള പൊക്കിൾക്കൊടി ബന്ധമാണ്. പൈതൃകം തെളിച്ചുതന്ന ഭദ്രദീപമാണ്. ജീവനോപാധിയാണ്, ജീവിതം തന്നെയാണ് മാതൃഭാഷ.
അമ്പത്തൊന്നക്ഷര കമ്പികളിൽ അനാദിയന്ത നാദബ്രഹ്മാനന്ദ സംഗീതമുണർത്തുന്ന വീണയായി, വിചിത്ര വീണയായി കന്നിമലയാളം. നാടൻ പാട്ടും വടക്കൻ പാട്ടും മാപ്പിളപ്പാട്ടും മാർഗ്ഗംകളിപ്പാട്ടും പുള്ളുവൻ പാട്ടും പാടിപ്പകർന്ന പുന്നാര മലയാളം. പടയണിയും തെയ്യവും തിറയും കാക്കാരിശിയും ചവിട്ടു നാടകവും പൂതംകളിയും പൂരംകളിയും ആടിപ്പകർന്ന ശിങ്കാരി മലയാളം. ഒരിക്കലും വറ്റി വരളാത്ത ഉറവകൾ തേടി ഊളിയിട്ടാൽ കാണാവുന്ന, നൂറ്റാണ്ടുകളുടെ നൈരന്തര്യമായ രാകിമിനുക്കലാൽ തീക്ഷ്ണത്തിളക്കമാർജ്ജിച്ച മുത്തുമലയാളം. അതേ നമ്മുടെ സ്വന്തം അമ്മ മലയാളം.
ഭാഷയുടെ ഉത്പത്തി ചരിത്രത്തിന്റെ ശിൽപികളാൽ കൽപിതമായ ചിത്രലിപികളുടെ - വട്ടെഴുത്തുകളുടെ- കോലെഴുത്തുകളുടെ - വാങ്മയ വിസ്മയ വിന്യാസ ങ്ങൾക്കു വിനീത പ്രണാമങ്ങളോടെ, പനയോലക്കീറുകളിൽ നാരായത്തുമ്പുകൊണ്ടു കോറിയെടുത്ത, പത്രത്താളുകളിൽ തൂലികത്തുമ്പുകൊണ്ടു കോരിയെടുത്ത മലയാള ഭാഷാ ഖാനിയിലേക്ക് നമുക്കൊന്നു കണ്ണോടിക്കാം.
ദ്രാവിഡഗോത്രത്തിലെ ഏറ്റവും തനിമയാർന്ന മധുര മനോഹര ഭാഷയായ മലയാളത്തിൽ ചീരാമകവിയാൽ വിരചിതമായ രാമചരിതം, കൗഡില്യന്റെ അർത്ഥ ശാസ്ത്രത്തിന്റെ തർജ്ജിമയായ ഭാഷാ കൗഡില്യം മുത്തും പവിഴവും പോലെ സംസ്കൃതവും മലയാളവും ഇടകലർത്തി കോർത്തെടുത്ത മണിപ്രവാള കൃതികൾ ലീലാതിലകമെന്ന വ്യാകരണഗ്രന്ഥം, കൂടിയാട്ടത്തി നായി സൃഷ്ടിക്കപ്പെട്ട ആട്ടപ്രകാരങ്ങൾ, ഉണ്ണൂനീലി സന്ദേശം പോലെയുള്ള സന്ദേശകാവ്യങ്ങൾ, ഉണ്ണിയച്ചിചരിതം, ഉണ്ണിച്ചിരുതേവി ചരിതം, ഉണ്ണിയാടി ചരിതം, ഇത്യാദി ചമ്പുക്കൾ, കണ്ണശ്ശപ്പണിക്കരുടെ രാമായണ ഭാരത ഭാഗവതാദി കാവ്യങ്ങൾ, തുഞ്ചത്തെ ഴുത്തച്ഛന്റെ പുരാണേതിഹാസ കിളിപ്പാട്ടുകൾ, ചെറുശ്ശേരിയുടെ ഗാഥകൾ, പുനം കൃതികൾ, കോട്ടയത്തുതമ്പുരാന്റെയും ഇരയിമ്മൻ തമ്പിയു ടെയും ഉണ്ണായി വാര്യരുടെയും ആട്ടക്കഥകൾ, മേൽപത്തൂർ നാരായണ ഭട്ടതിരിയുടെ ഭക്തിശ്ലോക ങ്ങൾ, പൂന്താനം നമ്പൂതിരിയുടെ പാനകൾ, കുഞ്ചൻ നമ്പ്യാരുടെ തുള്ളൽക്കഥകൾ, രാമപുരത്തു വാര്യരുടെ വഞ്ചിപ്പാട്ടുകൾ, കേരളോൽപത്തി പോലുള്ള ചരിത്ര ഗ്രന്ഥങ്ങൾ, വെൺമണി കൃതികൾ, ഇത്യാദി മലയാളത്തിന് മുതൽക്കൂട്ടായി തിളങ്ങി.
കാവ്യം, നാടകം, പ്രബന്ധം, നോവൽ, യാത്രാവിവരണം, വ്യാഖ്യാനം, വിമർശനം, ജീവചരിത്രം, ആത്മകഥ, ഫലിതം ഇത്യാദി മലയാളത്തിനു സംഭാവന നൽകിയ സർഗ്ഗപ്രതിഭ കളെ ഇത്തരുണത്തിൽ മറക്കാൻ കഴിയില്ല. കാലനിർണ്ണയ ത്തോടെ ക്രമപ്പെടുത്തിയിട്ടില്ലെന്നുമാ
സി.വി. രാമൻപിള്ള, രാമവർമ്മ അപ്പൻ തമ്പുരാൻ, കൈനിക്കര പത്മനാഭപിള്ള, കൈനിക്കര കുമാരപിള്ള, അപ്പു നെടുങ്ങാടി, കുട്ടനാട് രാമകൃഷ്ണപിള്ള, ഒ.ചന്ദുമേനോൻ, ശൂരനാട് കുഞ്ഞൻപിള്ള, ഭവത്രാദൻ നമ്പൂതിരി, കൊച്ചീപ്പൻ തരകൻ, കുട്ടമത്ത് കുഞ്ഞിക്കൃഷ്ണക്കുറുപ്പ്, കപ്പന കൃഷ്ണമേനോൻ, കെ. പി. കറുപ്പൻ, മൂലൂർ എസ്. പത്മനാഭപ്പണിക്കർ, അഴകത്ത് പത്മനാഭക്കുറുപ്പ്, വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ, പള്ളത്ത് രാമൻ, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കെ. സി. കേശവപിള്ള, സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള, കേരളവർമ്മ വലിയകോയിത്തമ്പുരാൻ, എ. ആർ. രാജരാജവർമ്മ, കെ. പി. കേശവമേനോൻ, കേസരി ബാലകൃഷ്ണപിള്ള, ഇ. വി. കൃഷ്ണപിള്ള, പുളിമാന പരമേശ്വരൻ പിള്ള, കെ. ദാമോദരൻ, എൻ. കൃഷ്ണപിള്ള, വി.ടി.ഭട്ടതിരിപ്പാട്, എം. പി. ഭട്ടതിരി പ്പാട്, കാരൂർ നീലകണ്ഠപിള്ള, എസ്. കെ. പൊറ്റക്കാട്, കൊട്ടാരത്തിൽ ശങ്കുണ്ണി, കെ. സരസ്വതിയമ്മ, നാലപ്പാട്ട് നാരായണ മേനോൻ, നാലപ്പാട്ട് ബാലാമണി യമ്മ, സർദാർ കെ.എം. പണിക്കർ. മൂർക്കോത്തു കുമാരൻ, കുട്ടിക്കൃഷ്ണ മാരാർ, ജോസഫ് മുണ്ടശ്ശേരി, വെട്ടൂർ രാമൻ നായർ, ഇടശ്ശേരി ഗോവിന്ദൻ നായർ, കുറ്റിപ്പുറത്ത് കേശവൻ നായർ, വള്ളത്തോൾ നാരായണ മേനോൻ, കുമാരനാശാൻ ഉള്ളൂർ എസ്. പരമേശ്വര അയ്യർ, ജി. ശങ്കരക്കുറുപ്പ്, വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, വൈക്കം മുഹമ്മദ് ബഷീർ, തകഴി ശിവശങ്കരപ്പിള്ള, പി. കേശവദേവ്, പോഞ്ഞിക്കര റാഫി, വൈലോപ്പിള്ളി ശ്രീധര മേനോൻ, പി. കുഞ്ഞിരാമൻ നായർ, പാലാ നാരായണൻ നായർ, എൻ. വി. കൃഷ്ണവാര്യർ, ഇടപ്പള്ളി രാഘവൻ പിള്ള, ചങ്ങമ്പുഴ കൃഷ്ണപിള്ള, സഞ്ജയൻ, വി.സി.ബാലകൃഷ്ണ പണിക്കർ, അക്കിത്തം, ഒളപ്പമണ്ണ, ഓട്ടൂർ ഉണ്ണിനമ്പൂതിരിപ്പാട്, ആറ്റൂർ, നാലാങ്കൽ, കെ. പി. അപ്പൻ, ലളിതാംബിക അന്തർജ്ജനം, എ.ഡി.ഹരിശർമ്മ, എം. പി. പോൾ, സി.ജെ.തോമസ്സ്, കൗമുദി ബാലകൃഷ്ണൻ കൂടാതെ മനസ്സു തൊട്ടവരെങ്കിലും മനസ്സറിയാതെ വിട്ടുപോയ പലരും ഉണ്ടാകാം ഇവരെല്ലാം മലയാളത്തിന് ശ്രേഷ്ഠ ഭാഷാപദവി നൽകാൻ ഉതകുംവിധം ഭാഷയെയും സാഹിത്യത്തെയും പരിപോഷിപ്പിച്ചവരാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഉരുത്തിരിഞ്ഞതും ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പൊട്ടിമുള യ്ക്കുന്നതുമായ സൃഷ്ടികർത്താക്കളെയും വാഗ്‌വിലാസ ത്താൻ മലയാളഭാഷയ്ക്ക് മേൽവിലാസമുണ്ടാക്കി യവരേയും കൺവെട്ടത്തും കൈയകലത്തിലും പിടിച്ചെടു ക്കാവുന്നതുകൊണ്ട് എല്ലാവരേയും ഇവിടെ എടുത്തു പറയുന്നില്ല. എങ്കിലും ചില പേരുകൾ മലയാളത്തിന് ഷ്രേ്ഠഭാഷാ പദവി ലഭിച്ച ഈ അവസരത്തിൽ മറക്കാൻ കഴിയുകയില്ല. അവരിൽ ചിലർ.
എൻ. എൻ. പിള്ള, കെ.ടി. മുഹമ്മദ്, തോപ്പിൽ ഭാസി, പി.ജെ. ആന്റണി, എസ്സ്.എൽ.പുരം സദാനന്ദൻ, പൊൻകുന്നം വർക്കി, എൻ. പി. ചെല്ലപ്പൻ നായർ, ചെറുകാട്, ടി.എൻ. ഗോപിനാഥൻ നായർ, സി.എൻ.ശ്രീകണ്ഠൻ നായർ, ഓം ചേരി, ഉറൂബ്, ജി. ശങ്കരപ്പിള്ള, വൈക്കം ചന്ദ്രശേഖരൻ നായർ, സുകുമാർ അഴീക്കോട്, തിക്കൊടിയൻ, പാറപ്പുറത്ത്, പി. ഗോവിന്ദപ്പിള്ള, രാജലക്ഷ്മി, മലയാറ്റൂർ രാമകൃഷ്ണൻ, കാക്കനാടൻ, ആനണ്ട്, മാധവിക്കുട്ടി, ഒ. വി. വിജയൻ, പി. ഭാസ്കരൻ, വയലാർ രാമവർമ്മ, കോവിലൻ, നന്തനാർ, കടമ്മനിട്ട രാമകൃഷ്ണൻ, വി.കെ. എൻ, വിലാസിനി, എസ്. ഗുപ്തൻ നായർ, ഡോ. കെ. എം. ജോർജ്ജ്, എം. ഗോവിന്ദൻ, കാവാലം നാരായണപ്പണിക്കർ, എം. ടി. വാസുദേവൻ നായർ, ഒ.എൻ. വി. കുറുപ്പ്, ഡോ. പുതുശ്ശേരി രാമചന്ദ്രൻ, സുഗതകുമാരി, ഡോ. ജോർജ്ജ് ഓണക്കൂർ, സി. രാധാകൃഷ്ണൻ, ഡോ. എം. ലീലാവതി, എം. മുകുന്ദൻ, ഡോ. ജോർജ്ജ് ഇരുമ്പയം, ചെമ്മനം ചാക്കോ, ഒ.വി.ഉഷ, സാറാ തോമസ്സ്, പി.വത്സല, സച്ചിദിനന്ദൻ. പേരെടുത്തു പറയാത്തവർ മലയാളത്തിന് മുതൽക്കൂട്ടായില്ല എന്നർ ത്ഥമില്ല.
അങ്ങനെ നൂറ്റാണ്ടുകളുടെ തോറ്റംപാട്ടിൽ ഊറ്റംകൊണ്ട് ഉത്ഥാനവും നവോത്ഥാനവും കൈവരിച്ച് മലയാളം ഈ കാലഘട്ടത്തിൽ എത്തപ്പെട്ട് ശ്രേഷ്ഠ ഭാഷാപദവി കൈവരിച്ചുകഴിഞ്ഞു.
മാതൃത്വം മുലപ്പാൽ ചുരത്തിയ ഭാഷ. പിതൃത്വം ഓസ്യത്തായ് എഴുതിവച്ച ഭാഷ, ഗുരുത്വം തേനും വയമ്പും രസനയിൽ തൊടുവിച്ച് ഹരിശ്രീ കുറിച്ച ഭാഷ. ദേവത്വം ഋഷി പ്രോക്തമായി അമൃതു വർഷിച്ച ഭാഷ, ദൈവത്തിന്റെ മാത്രമല്ല ഭാഷയുടെ സ്വന്തം നാടായ മലനാട്ടിൽനിന്ന് മറുനാട്ടിൽ പറിച്ചുനടപ്പെട്ട മലയാളികൾ മാറോടടുക്കിപ്പിടിച്ച ഭാഷ, മനസ്സോടടുക്കിപ്പിടിച്ച ഭാഷ. നമ്മുടെ ശ്രേഷ്ഠ മലയാള ഭാഷ.
ഒരു ഭാഷയും അന്യ ഭാഷാപേക്ഷ കൂടാതെ വളരുന്നില്ല. ആകാശം, വായു, സമുദ്രം, ജലം തുടങ്ങി അസംഖ്യം പദങ്ങൾ സംസ്കൃതത്തിൽനിന്നു നാം സ്വീകരിക്കുകയും നമ്മുടെ പദസമ്പത്തിൽ ചേർക്കുകയും ചെയ്തു. ശരാശരി, കച്ചേരി, തൂവാല, തുടങ്ങി എത്രയോ പദങ്ങൾ വിദേശത്തുനിന്നു വന്നു. കാർ, ഗിയർ, സ്ക്കൂൾ, പെൻസിൽ, ബഞ്ച് തുടങ്ങി എത്രയോ പദങ്ങൾ ഇംഗ്ലീഷിൽ നിന്നു സ്വീകരിച്ചു. നമ്മുടെ കറി, കൊപ്ര, കയർ, കൂലി തുടങ്ങി ഒട്ടേറെ പദങ്ങൾ ഇന്ന് ഇംഗ്ലീഷിൽ ധാരാളമായി ഉപയോഗിക്കുന്നു. അങ്ങനെ കൊണ്ടും കൊടുത്തും മലയാളം വളർന്നു.
ഡോ. ശൂരനാട്ടു കുഞ്ഞൻ പിള്ള അദ്ധ്യക്ഷണായി 1967 -ൽ നിയമിതമായ കമ്മറ്റിയുടെയും ഡോ. എൻ. വി. കൃഷ്ണവാര്യർ അദ്ധ്യക്ഷണായി 1969 -ൽ നിയമിതമായ കമ്മിറ്റിയുമെടയും റിപ്പോർട്ടിന്റെ വെളിച്ചത്തിൽ ലിപിപരിഷ്ക്കരണം നടപ്പിൽ വന്നു.
ആധുനിക വിവര സാങ്കേതിക വിദ്യയുടെ വികാസത്തിന്റെ ഫലമായി മലയാളത്തിലും അച്ചടിവിദ്യയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായി. കംപ്യൂട്ടർ വന്നു. മലയാളം സോഫ്റ്റ്‌വെയറുകൾ വന്നു. ലിപിയുടെ വലുപ്പമോ വൈപുല്യമോ ഒന്നും അച്ചടിക്കു പ്രശ്നമല്ലാതെ യായി. സ്വകാര്യ സംരംഭകർ മലയാളം സോഫ്റ്റ്‌വെയർ നിർമ്മാണരംഗത്തു മത്സരിച്ചപ്പോൾ പല സോഫ്റ്റ് വെയറിലും പല തരത്തിലായി ലിപിവിന്യാസം. അങ്ങനെ ലിപിവിന്യാസത്തിലുള്ള ഏകീകരണത്തിന്റെ ഭാഗമായി ശ്രീ. പി. ഗോവിന്ദപ്പിള്ള അദ്ധ്യക്ഷണായി സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിച്ചു. മലയാളം കീബോർഡിന്റെ ഏകീകരണവും ലിപിയുടെ മാനകീകരണവും സംബന്ധിച്ച് കമ്മിറ്റി തയ്യാറാക്കി സമർപ്പിച്ച റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു. റിപ്പോർട്ടിലെ ശിപാർശകളുടെ വെളിച്ചത്തിൽ തയ്യാറാക്കിയ ഔദ്യോഗിക മലയാളം സോഫ്റ്റ്‌വെയർ സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗി ക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാർ പരിശീലനവും നൽകുന്നുണ്ട്. ഈ സോഫ്റ്റ്‌വെയർ സാർവ്വത്രിക മായാൽ ലിപിവിന്യാസത്തിന്റെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ കഴിയും. എന്നതിൽ സംശയമില്ല. നിഘണ്ടു അക്ഷര പരിശോധനാ സംവിധാനം തുടങ്ങിയവയൊക്കെ കംപ്യൂട്ടറിൽ വരുത്താൻ ഈ സോഫ്റ്റ്‌വെയറിന്റെ രണ്ടാം ഘട്ടത്തിൽ നമുക്കു സാധിച്ചു. അങ്ങനെ ഏതു സാങ്കേതിക വിദ്യയ്ക്കും ഉൾക്കൊള്ളാവുന്ന വിധത്തിൽ മലയാളത്തെ സജ്ജമാക്കി.
ഏതൊരു വേദവും ഏതൊരു ശാസ്ത്രവു-
മേതൊരു കാവ്യവുമേതൊരാൾക്കും
ഹൃത്തിൽ പതിയണമെങ്കിൽ സ്വഭാഷതൻ
വക്ക്രത്തിൽനിന്നു താൻ കേൾക്കവേണം
എന്നു പഠിപ്പിച്ച മഹാകവി വള്ളത്തോളിനേയും
അടിയനിനിയുമുണ്ടാം ജന്മമെന്നാലതെല്ലാ-
മടിമുതൽ മുടിയോളം നിന്നിലാകട്ടെ തായേ
എന്നു പ്രാർത്ഥിച്ച മഹാകവി ഉള്ളൂരിനേയും
ഭടജനങ്ങടെ നടുവിലുള്ളൊരു
പടയണിക്കിഹ ചേരുവാൻ
വടിവിയന്നൊരു ചാരുകേരള
ഭാഷതന്നെ ചിതംവരൂ.
എന്ന് ഉദ്ബോധിപ്പിച്ച മഹാകവികുഞ്ചൻ നമ്പ്യാ രെയും മലയാളത്തിന് ശ്രേഷ്ടപദവി ലഭിച്ച ഈയവസരത്തിൽ മനസ്സാ നമിക്കുന്നു.
നൂറ്റാണ്ടുകളുടെ പഴക്കം മാത്രമല്ല ഒരു ഭാഷയുടെ മൂല്യം. വിജ്ഞാന സാഹിത്യ സമ്പത്തു കൂടിയാണ്. ചരിത്രപരമായി വേണ്ടുവേളം ഈ സമ്പത്ത് നമ്മുടെ ഭാഷയ്ക്ക് ഉണ്ടെങ്കിലും സർവ്വതലങ്ങളിലും പരാശ്രയരഹിതമായി നിൽപുറപ്പിക്കാൻ കഴിയേണ്ടതായിട്ടിരിക്കുന്നു. ഈ തലത്തിൽ എഴുത്തുകാർ ക്കാണ് ഉത്തരവാദിത്വം കാണിക്കാനുള്ളത്. ലോകശ്രദ്ധ പിടിച്ചുപറ്റുന്ന ബ്രഹത് രചനകൾകൊണ്ട് മലയാളത്തെ അവർ സർവ്വോപരി മഹത്ത്വമുറ്റതാക്കുമെന്നു കരുതാം.
മതത്തിനും ജാതിക്കും കക്ഷിക്കും വർഗ്ഗത്തിനും എല്ലാം അതീതമായി ജനതയുടെ ഐക്യത്തിനും സമശീർഷതയ്ക്കും ആണിക്കല്ലാണ് മാതൃഭാഷ എന്ന യാഥാർത്ഥ്യബോധത്തോടെ അധികൃതർക്കൊപ്പം നമുക്കും നിലകൊള്ളാം.