14 Aug 2011

പ്രണയം : പെണ്ണുസഹിതം


എം.കെ.ഹരികുമാർ


അവളുടെ ഉടലിനായി ഞാൻ
കാശിയിലേക്ക്‌ പുറപ്പെട്ടു.
എങ്ങുനിന്നോ വന്ന
രതി ഗന്ധം
എന്നെ തോർന്നമഴയുടെ
തുള്ളികൾ വീണുകൊണ്ടിരുന്ന
പുല്ലാനി കാട്ടിലെത്തിച്ചു
അവിടെ നിന്നാണ്‌
ഞാനവളുടെ
മുടിയിഴകൾ കൊണ്ടുവന്നത്‌
രാത്രിയിൽ ഉയർന്നുപൊങ്ങിയ
ഡൈനകളുടെ വെട്ടത്തിൽ
അവളുടെ മുഖം കണ്ടു
ദൂരേക്ക്‌ ദൂരേക്ക്‌ ആ ശബ്ദം
അകന്നകന്നു പോയി
അകലെ പൊട്ടിവിരിയുന്ന
ഡൈനയുടെ താളത്തിനൊത്ത്‌
ഞങ്ങളുടെ മൈഥുനം
ഓർമ്മകളിൽ പൂർത്തിതേടി
ഞാനൊരു പൂരാതന, ഭീമാകാര
ഉരഗമായി നീങ്ങി
ക്ഷേത്രപാർശ്വങ്ങളിലെ തെരുവിൽ
അനാഥരായി നടന്ന
ഭിക്ഷാടകരുടെ കാലട-
യൊച്ചകളിൽ നിന്ന്‌ ഞാനവളുടെ
മൗനത്തെ വേർപെടുത്തിയെടുത്തു.
ആരുമില്ലാത്ത ഈ രാത്രിയിൽ
ഞാനൊരു തെരുവുതിണ്ണയിൽ
അഭയം തേടുകയാണ്‌
സ്വപ്നാടകന്റെ മനോധർമ്മങ്ങൾ,
ചെമ്പരത്തിയിലകൾ,
ചെത്തിപ്പൂവുകൾ എന്നിവകൊണ്ട്‌,
മലർന്ന്‌ കിടക്കുന്ന അവളുടെ
തിണർത്ത വയറിൽ
അർച്ചന നടത്തി.
പൂർവ്വജന്മങ്ങളുടെ നേരിയ സ്മൃതികൾ തലപൊക്കി
മൗനം അവൾക്ക്‌ ഉത്തേജനമാണ്‌
ഞാൻ നടനും  യോദ്ധാവുമായിരുന്ന
ഭൂതകാലത്തിന്റെ പിൻമുറ്റങ്ങളിൽ നിന്ന്‌,
ഞാനവൾക്കുള്ള രതിയത്രയും
അപഹരിച്ചുകൊണ്ടുവന്നു.
കണ്ഠത്തിലും നാക്കിലും
തേയ്ക്കാൻ  കാട്ടുമുല്ലകളുടെ തണുപ്പും.
ഓരോ കൺതടവും
ഓരോ താമസസ്ഥലമാണ്‌
കാലത്തിലും സ്വപ്നത്തിലും
പടയോട്ടങ്ങൾ ശമിച്ചു.
രാത്രിയിൽ ഞാൻ വീണ്ടും
അവളുടെ സ്തനങ്ങൾക്കായി പരതി.
മുറിവേറ്റവർ, മൃതരായവർ
ശിഥില ശരീരങ്ങൾ,
ഉടഞ്ഞ രഥങ്ങൾ...സ്തനങ്ങൾ
ഏതോ ലക്ഷ്യത്തെ മുൻനിർത്തി
പ്രതിജ്ഞകൾ പുതുക്കി.
നിരായുധനാവുക
ഒരാശ്വാസമാണ്‌.
പോരിനുള്ള ആവേശമെല്ലാം
അഴിച്ച്‌ വച്ച്‌ ഞാൻ വീണ്ടും
തീർത്ഥഘട്ടങ്ങളിലൂടെ
അലയുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...