14 Aug 2011

ഉരുക്കുമുഷ്ടി



ജനാർദ്ദനൻ വല്ലത്തേരി


വർഷങ്ങളോളം അഭ്യസിച്ചാണ്‌, യുവാവ്‌ ഇരുമ്പിനേപ്പറ്റി ചില അറിവുകൾ കരസ്ഥമാക്കിയത്‌. പഠിച്ച വിദ്യകൾ പയറ്റാനായി ഒരു പഴുതും കിട്ടാതെ തുരുമ്പും പിടിച്ചിരിക്കുമ്പോൾ ഒരു ഇരുമ്പു കമ്പനി യുവാവിനെ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചു. പ്രധാന ഇരുമ്പു ബോർഡംഗം യുവാവിനെ ഇപ്രകാരം ചോദ്യം ചെയ്തു.
' ഇരുമ്പെങ്ങനെയാണ്‌ നിർമ്മിക്കുന്നത്‌?'
'ഇരുമ്പ്‌ ആരും നിർമ്മിക്കുന്നില്ല. ആത്മാവുപോലെ അദൃശ്യവും അരൂപവുമായ ഇരുമ്പിനെ നാം വാർത്തെടുക്കുക മാത്രമാണ്‌ ചെയ്യുന്നത്‌'
'അതൊരു പുതിയ അറിവാണല്ലോ!' ഒരു ഇരുമ്പംഗം, തപ്പിത്തടഞ്ഞു ചോദിച്ചു; എന്തൊക്കെയാണ്‌ ഇരുമ്പിന്റെ രാസഗുണങ്ങൾ?
ഒന്ന്‌ : ഇരുമ്പു കുടിച്ച വെള്ളം കക്കുകയില്ല - യുവാവു പറഞ്ഞു
രണ്ട്‌: ഇരുമ്പും പെണ്ണും ഇരിക്കെകെടും.
മറ്റൊരു ഇരിമ്പുദ്യോഗസ്ഥന്‌ അറിയേണ്ടത്‌ ഇതായിരുന്നു.
ഇരുമ്പു പഴുക്കുമ്പോൾ കൊല്ലനും കൊല്ലത്തീം ഒന്ന്‌ എന്നു പറയുന്നതെന്തുകൊണ്ട്‌?
അതു അശ്ലീലമാണ്‌. പുറത്തു പറയാൻ കൊള്ളില്ല.
ചോരയും ഇരുമ്പും തമ്മിലുള്ള ബന്ധമെന്ത്‌?
ഇരുമ്പിന്റെ ദ്രവരൂപമാണ്‌, ചോര!
ഇരുമ്പിന്റെ ഉപയോഗങ്ങൾ പറയൂ
ഇരുമ്പുകൊണ്ട്‌ മനുഷ്യഹൃദയങ്ങൾ, ഉലയ്ക്കകൾ, ഉരുക്കുമുഷ്ടികൾ എന്നിവ ഉണ്ടാകാം. യുവാവിന്‌ ആവേശം കേറി. ഇരുമ്പിന്റെ വംശാവലിയിൽ ഉടലെടുത്ത അതിശക്തരായ ചില ഉരുക്കുമനുഷ്യരെപ്പറ്റി ചരിത്രത്തിൽ വായിച്ചിട്ടില്ലേ?'
യുവാവിന്റെ ഉത്തരങ്ങൾ ചോദ്യശരങ്ങളായി തങ്ങൾക്കു നേരെ തന്നെ തിരിയുകയാണൊ എന്നു ചില ഇരുമ്പു ബോർഡംഗങ്ങളെങ്കിലും സംശയിച്ചു. ഈ ഉദ്യോഗാർത്ഥി വച്ചുപൊറുപ്പിക്കാൻ പറ്റിയ സൈസല്ല.
അതുകൊണ്ട്‌ ചോദ്യങ്ങൾ തേച്ചു മൂർച്ച കൂട്ടി.
മുഖ്യഇരുമ്പംഗം: 'ഇരുമ്പു തുരുമ്പു പിടിക്കുന്നതെന്തുകൊണ്ട്‌?
യുവാവ്‌: മനുഷ്യരിൽ നിന്നു ഇരുമ്പിലേയ്ക്കു പകരുന്ന ഒരു വ്യാഥിയാണീ തുരുമ്പു എന്ന്‌ പറയുന്നത്‌?
ബോർഡ്‌ ചെയർമാൻ നെഞ്ചു തിരുമി. അകത്തൊരു കിരുകിരുപ്പ്‌.
ഇരുമ്പുലയ്ക്ക വിഴുങ്ങിപ്പോയാൽ എന്തു ചെയ്യണം?
ചുക്കു വെള്ളം കുടിച്ചാൽ മതി.
രക്തത്തിൽ പഞ്ചസാരയുടെ ഉപദ്രവം കൂടിയതുകൊണ്ട്‌ ചുണ്ടും നാവും വരണ്ടു തുടങ്ങിയ കമ്പനി എം.ഡി യുവാവിന്റെ മുമ്പിൽ ഒരു പ്രശ്നം അവതരിപ്പിച്ചു.
യംഗ്‌ മാൻ, ഇരുമ്പു നിർമ്മാണത്തിനാവശ്യമായ ഒരു സംസ്കൃതവസ്തുവിന്റെ ദൗർലഭ്യം നിമിത്തം കമ്പനിയുടെ ഇരുമ്പുനിർമ്മാണം സ്തംഭിച്ചിരിക്കുകയാണ്‌ എന്നു നിങ്ങൾ പത്രത്തിൽ വായിച്ചുകാണും. പ്രോഡക്ഷൻ പുനരാരംഭിക്കാൻ നിങ്ങൾക്കെന്തു നിർദ്ദേശമാണ്‌ മുന്നോട്ടു വയ്ക്കാനുള്ളത്‌?
അതിന്‌ യുവാവ്‌ നിർദ്ദേശിച്ച പരിഹാരമാർഗ്ഗം ഇതത്രെ.
ചോരയാണ്‌ ഇരുമ്പിന്റെ സത്തും ഏറ്റവും എളുപ്പത്തിൽ ലഭ്യവുമായ അസംസ്കൃത വസ്തു. യുവ രക്തം തിളച്ചൊഴുകുന്ന നാടാണല്ലോ, നമ്മുടേത്‌. അതുകൊണ്ട്‌ ലക്ഷോപലക്ഷം വരുന്ന എല്ലാ തൊഴിൽരഹിതരേയും കമ്പനി ഏറ്റെടുക്കുക. അവരുടെ ചോര നീരാക്കിയാൽ മതി, ഈ പ്രതിസന്ധി പരിഹരിക്കാൻ!
'ഗുഡ്‌'.
എം.ഡി.യുവാവിനെ അഭിനന്ദിച്ചു.
അവസാനമായി ഒരു ചോദ്യം കൂടി:
'ഇരുമ്പുകൊണ്ട്‌ നിങ്ങൾ സ്വന്തമായി എന്തോ ഒരു നൂതനവസ്തു ഉണ്ടാക്കിയിട്ടുണ്ടല്ലോ. ഇപ്പോൾ അതു നിങ്ങളുടെ കൈവശമുണ്ടോ?
ഉണ്ടെന്നും പറഞ്ഞ്‌ യുവാവ്‌ കൈപൊക്കിക്കാണിച്ചു.
' ഈ കൈ തന്നെ!- ഇതു എന്റെ കൈയ്യല്ല - നോക്കൂ, ഉരുക്കുമുഷ്ടിയാണ്‌. എന്റെ സ്വന്തം സൃഷ്ടിയാണീ,മുഷ്ടി.'
ഒന്നു കാണട്ടെ, ഉരുക്കുമുഷ്ടിയെന്നു കേട്ടിട്ടേയൊള്ളൂ. ഞങ്ങളാരും അതു കണ്ടിട്ടില്ല.
കൂടിക്കാഴ്ചക്കാർ യുവാവിന്റെ ചുറ്റും വട്ടം കൂടി.
ഇതെങ്ങനെയാ പ്രയോഗിക്കുന്നത്‌?
'--ഇങ്ങനെ!'
അങ്ങനെ ആ കൂടിക്കാഴ്ച അവസാനിച്ചു.
ഉരുക്കുമുഷ്ടിയുടെ പ്രയോഗം കണ്ടവരിലും കൊണ്ടവരിലും ആരുംതന്നെ ജീവനോടെ അവശേഷിച്ചില്ല.
ഉദ്യോഗാർത്ഥിയായ ആ യുവാവിനേയും ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.
എങ്കിലും സംഭവസ്ഥലത്തുനിന്നും പ്രസ്തുത കൂട്ടക്കൊലയ്ക്ക്‌ ഉപയോഗിച്ച ആയുധമെന്ന്‌ സംശയിക്കപ്പെടുന്ന, രക്തം പുരണ്ട ഒരു ഉരുക്കുമുഷ്ടി പോലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌.


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...