14 Aug 2011

സോർബ'യുടെ ശിൽപി


 

മധു ഇറവങ്കര


 അനശ്വരങ്ങളായ ലോകക്ലാസ്സിക്കുകൾ സെല്ലുലോയിഡിലേക്കു പകർത്തിയവരുടെ പട്ടികയിൽ ഇടംനേടിയ ഗ്രീക്കു സംവിധായകനാണ്‌ ഇക്കഴിഞ്ഞ ജൂലൈ 25ന്‌ 89-​‍ാമത്തെ വയസ്സിൽ അന്തരിച്ച മൈക്കേൽ കാക്കോയാനീസ്‌. ലോക സിനിമാവേദിയിലേയ്ക്കുയർത്തപ്പെ
ട്ട ആദ്യത്തെ ഗ്രീക്കു സംവിധായകനെന്ന ഖ്യാതിനിലനിർത്തിക്കൊണ്ടുതന്നെ അരങ്ങിലും, ഓപ്പറാ സംവിധാനരംഗത്തും ശ്രദ്ധേയമായ സംഭാവനകൾ ചെയ്ത കലാകാരനാണദ്ദേഹം.


 കാക്കോയാനീസിനെ കാലം എന്നും ഓർമ്മിക്കുന്നത്‌ ഗ്രീക്കു നോവലിസ്റ്റായ നിക്കോസ്‌ കസാന്ദ്സാക്കീസിന്റെ 'സോർബാദ ഗ്രീക്ക്‌' എന്ന വിശ്വവിഖ്യാതമായ നോവലിന്റെ ചലച്ചിത്രാവിഷ്കാരകൻ എന്ന നിലയിലായിരിക്കും. ലോകസാഹിത്യത്തിലെത്തന്നെ ഏറ്റവും ശക്തനായ 'സോർബ' എന്ന കഥാപാത്രത്തെ കാക്കോയാനീസിനുവേണ്ടി വെള്ളിത്തിരയിലവതരിപ്പിച്ചതു പ്രശസ്ത ഹോളിവുഡ്‌ നടനായ ആന്തൊണി ക്വിൻ ആണ്‌. ഗ്രീക്കു ദുരന്തനാടകങ്ങളുടെ സ്വഭാവം ഉള്ളിൽ ആവാഹിക്കുന്ന 'സോർബ ദ ഗ്രീക്ക്‌ (1964)' കോയാനിസിന്റെ സംവിധാന മികവിന്റെ നിത്യനിദർശനമാണ്‌.

 ഗ്രീക്കു നാടകകൃതികൾ തിരശ്ശീലയിലേക്കു സംക്രമിപ്പിക്കുവാനുള്ള കാക്കോയാനീസിന്റെ ശ്രമം ശ്ലാഘനീയമായിരുന്നു. യൂറിപ്പിഡീസിന്റെ ദുരന്തനാടകങ്ങളിൽ നിന്നും 'ഇലക്ട്രാ' (1962), 'ദ ട്രോജൻ വുമൻ' (1971), ഇഫിജീനിയ (1977) എന്നീ ചിത്രത്രയം (.....) കാക്കോയാനീസ്‌ ഒരുക്കി. നാടകങ്ങളുടെ ആത്മാവു കൈമോശം വരാതെ അവയെ ചലച്ചിത്രത്തിലേയ്ക്കനുവർത്തനം ചെയ്യുവാൻ, പ്രത്യേകിച്ചും 'ഇലക്ട്ര'യിൽ അദ്ദേഹത്തിനു കഴിഞ്ഞു.

 ലബ്ധ പ്രതിഷ്ഠങ്ങളായ നോവലുകളുടെയും നാടകങ്ങളുടെയും അനുവർത്തനങ്ങളായിരുന്നു കാക്കോയാനീസിന്റെ മിക്ക സിനിമകളും. തന്റെ ചിത്രങ്ങളുടെയെല്ലാം തിരക്കഥാകാരൻ എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രാധാന്യം വർദ്ധിക്കുന്നു. ആന്റൺ ചെക്കോവിന്റെ പ്രസിദ്ധനാടകമായ 'ചെറി ഓർച്ചാസ്‌' ആയിരുന്നു അതേ പേരിലുള്ള അദ്ദേഹത്തിന്റെ അവസാന ചിത്ര (1999)ത്തിന്നാധാരം.

 1922-ൽ സൈപ്രസ്സിൽ ജനിച്ച മൈക്കേൽ കാക്കോയാനീസ്‌ ലണ്ടനിൽ നിന്നും നിയമബിരുദമെടുത്തു. ലണ്ടനിലെ 'സേൻട്രൽ സ്കൂൾ ഓഫ്‌ ഡ്രാമാറ്റിക്‌ ആർട്ടി'ൽ ലോകമഹായുദ്ധക്കാലത്ത്‌ ബി.ബി.സി.യുടെ ഗ്രീക്കു സാംസ്കാരിക പരിപാടികളുടെ പ്രോഡ്യൂസറായി പ്രവർത്തിച്ചിരുന്നു. ഒരു നാടകനടനായി തന്റെ കലാപ്രവർത്തനം ആരംഭിച്ചുവേങ്കിലും പിന്നീട്‌ അദ്ദേഹം സംവിധാനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു.
1952-ൽ കാക്കോയാനീസ്‌ ഏതൻസിലേയ്ക്കു മടങ്ങി. 1954-ൽ പുറത്തുവന്ന 'വിൻഡ്ഫാൾ ഇൻ ഏതൻസ്‌' എന്ന ചിത്രത്തോടെ ചലച്ചിത്ര സംവിധായകൻ എന്ന നിലയിൽ അദ്ദേഹം ഗ്രീക്കു സിനിമാവേദിയിൽ തന്റെ സ്ഥാനമുറപ്പിച്ചു. അതുവരെ സിനിമാ ഭൂപടത്തിലൊന്നും പ്രത്യേക സ്ഥാനം ലഭിക്കാതിരുന്ന ഗ്രീക്കു സിനിമ പുറം ലോകത്ത്‌ അറിയപ്പെടാൻ തുടങ്ങി. പിന്നീട്‌ അദ്ദേഹത്തിന്റെ വളർച്ചയുടെ സംവത്സരങ്ങളായിരുന്നു 'സ്റ്റെല്ലാ' (1955) 'ഏ ഗേൾ ഇൻ ബ്ലാക്ക്‌' (1956), 'എ മാറ്റർ ഓഫ്‌ ഡിഗ്നിറ്റി (1957), ' ഔവർ ലാസ്റ്റ്‌ ഡ്രിംഗ്‌ (1960), 'ദ വേസ്റ്ററൽ' (1961), 'ദ ഡേ ദ ഫിഷ്‌ കീയിം ഔട്ട്‌' (1967), 'സ്വീറ്റ്‌ കൺട്രി'(1986), 'അപ്‌, ഡൗൺ ആൻഡ്‌ സൈഡ്‌ വെയ്സ്‌' (1993)എന്നിവയാണ്‌ കാക്കോയാനീസിന്റെ മറ്റു ചിത്രങ്ങൾ. തുർക്കിയുടെ സൈപ്രസ്‌ ആക്രമണത്തെ മുൻനിർത്തി അദ്ദേഹം സംവിധാനം ചെയ്ത പ്രശസ്ത ഡോക്കുമന്ററി ചിത്രമാണ്‌ 'ആറ്റിലാ 74'.
 2003-ൽ 'കാക്കോയാനീസ്‌ ഫൗണ്ടേഷൻ' എന്ന പ്രസ്ഥാനത്തിന്‌ അദ്ദേഹം രൂപം നൽകി. നാടകത്തിന്റെയും സിനിമയുടെയും സംരക്ഷണത്തിനും പുരോഗതിയ്ക്കും വേണ്ടി നിലകൊള്ളുന്നപ്രസ്ഥാനമാണത്‌. ഒട്ടേറെ അന്താരാഷ്ട്ര പുരസ്കാരങ്ങളും, ചലച്ചിത്ര മേളകളിൽ സമഗ്രസംഭാവനയ്ക്കുള്ള അംഗീകാരങ്ങളും മൈക്കേൽ കാക്കോയാനീസിനു ലഭിച്ചിട്ടുണ്ട്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...