"സൗഹൃദത്തിന്റെ രാഷ്ട്രീയം ദെരിടയിൽ നിന്നുള്ള ശബ്ദഭേദം" എന്ന ആകർഷകമായ ഒരു തുടക്കമാണ് ആദ്യം ആലോചിച്ചതു.
എന്താണ് സൗഹൃദം എന്ന് നിർവ്വചിച്ച്, ചരിത്രത്തിൽ രാഷ്ട്രീയം എന്ന സങ്കൽപത്തിന് സംഭവിച്ച അർത്ഥാന്തരങ്ങളിലേക്കു ആണ്ടിറങ്ങി, അങ്ങിനെയാണ്-ഇത്തരം സാഹസങ്ങൾ പിന്നീടൊരിക്കലേക്ക് മാറ്റിവയ്ക്കുകയാണ്. നല്ല പുസ്തകങ്ങളുടേയും മുൻപേ പറഞ്ഞ പ്രതിഭാധനരുടേയും പേരുകളുടെ ആരവം ഒടുവിലുണ്ട്.
രാഷ്ട്രീയ സൗഹൃദത്തിന്റെ ആവശ്യകതയെ പ്രധാനമായും വൈകരികമായി കാണുന്ന ഒരു വ്യവഹാരമാതൃകയിൽ ഊന്നാണാണ് എന്റെ ശ്രമം. വിശകലനാത്മക സമീപനത്തിന്റെ പാടുകൾ പൂർണ്ണമായി ഒഴിവാക്കുവാനും കഴിയുമെന്നു തോന്നുന്നില്ല പ്രധാനമായും വിവരണാത്മകമായ ഒന്നാണ് ഈ കുറിപ്പ്.
1957ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടുന്നതിനു മുമ്പ് നെഹ്‌റു തന്റെ 'ഇടതുപക്ഷ സുഹൃത്തുക്കളോട്, ഇങ്ങനെ പറഞ്ഞു. " ഇത്ര എളുപ്പത്തിൽ ഒറ്റപ്പെടാൻ നിങ്ങൾ എന്ത് സൂത്രമാണ് പ്രയോഗിച്ചതു." ഇടതുപക്ഷം നെഹ്‌റുവിന്റെ രാഷ്ട്രീയ സൗഹൃദത്തിന് പുറത്തായിരുന്നില്ല. കോൺഗ്രസ്സിനുള്ളിൽ വി.കെ.കൃഷ്ണമേനോനൊഴിച്ച് നെഹ്‌റുവിന്റെ മറ്റു സുഹൃത്തുക്കളെപ്പറ്റി പറഞ്ഞുകേട്ടിട്ടില്ല - സുഹൃത്തുക്കൾ പാർട്ടിക്ക് പുറത്ത്/അനുയായികൾ, നേതാക്കൾ, ഇവരുമായി ഒരുതരം ഔപചാരികബന്ധം! ഇത് കോൺഗ്രസ്സിന്റെ മാത്രം പ്രശ്നമാണോ?
ഇവിടെ ശരിയുത്തരങ്ങളുണ്ടാവണമെന്നില്ല. ഒരു പാർട്ടിക്ക് മറ്റൊരു പാർട്ടി 'അപരൻ ആയിരിക്കുന്നത് നയപരമായ കാരണങ്ങളാണെന്നാണ് -പൊതുവേ വിശദീകരിക്കുന്നത്-കമ്മ്യൂണിസ്റ്റു പാർട്ടിയുടെ പ്രസംഗവേദിയിൽ അഭിസംബോധന ഇങ്ങനെയാണ് "സഖാക്കളെ സുഹൃത്തുക്കളേ"- ഇതിനർത്ഥം സഖാക്കളെപ്പോലെയല്ല സുഹൃത്തുക്കൾ എന്നാണോ? മുമ്പൊരു പുസ്തകം വായിച്ചതോർക്കുന്നു. "ലെനിൻ സഖാവും-സുഹൃത്തും"- വിപ്ലവത്തിന്റെ ത്യാഗസുരഭിലമായ പാതയിൽ "എന്നോടൊപ്പം നിൽക്കുന്നവരെ, എന്നെ സഹായിക്കുക മാത്രം ചെയ്യുന്ന അനുഭാവികളെ" - ഇങ്ങനെ ഒരു വിവർത്തനവും സാധ്യമാണ്.
അതവിടെ നിൽക്കട്ടെ-സമീപ ഭൂതകാലത്തിൽ നിന്ന് രണ്ട് ഉദാഹരണങ്ങൾ കൂടി. നെഹ്‌റുവിന്റെ മകൾ ഇന്ദിരയുടെ പാർട്ടി അടിയന്തരാവസ്ഥയിലൂടെ അമിതാധികാരം പ്രയോഗിച്ചപ്പോൾ ജയിലിൽ കെ.ജി.മാരാരും ഉമ്പിച്ചിബാവയും ചേനപ്പുഴുക്കിന്റെ അരുചിയിൽ ഒരൈക്യം സ്ഥാപിച്ചിട്ടുണ്ടാകും! - ചെറിയ മമ്മുക്കോയിയോടൊപ്പം കിടന്ന് ആർ.എസ്.എസ്സ് വർഗ്ഗീയതയ്ക്കും മാറ്റം വന്നിട്ടുണ്ടാകും! -ഇതിലൊന്നും യാതൊരു ഉറപ്പുമില്ല. മാർക്ക്സിസ്റ്റ് പാർട്ടിയും നേതാക്കളും ആർ.എസ്സ്.എസ്സ് നേതാക്കളും ഒരുമിച്ച് ജയിലിൽ കിടക്കേണ്ട സാഹചര്യം സോണിയയുടെ കോൺഗ്രസ്സ് ഇനി ഒരിക്കലും സൃഷ്ടിക്കുകയില്ല. (?-) അതുകൊണ്ട് രണ്ട് വ്യത്യസ്തമായ സമീപനങ്ങളിൽ നിന്നുണ്ടാകുന്ന ശത്രുതയുടെ മികച്ച ഉദാഹരണമായി ഇടതുപക്ഷവും സംഘപരിവാറും മാത്രം നിലനിൽക്കും!
ഇതിനോടൊപ്പം കൂട്ടിച്ചേർക്കാവുന്ന ഒന്ന് /ഇടതുപക്ഷം
അതിന്റെ സർഗ്ഗാത്മകമായ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ ഇതര പാർട്ടികളെ ആകർഷിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്? ശത്രുതയുടെ അവസ്ഥയിൽ മാറ്റം വരുമോ? രാഷ്ട്രീയ സൗഹൃദത്തിന്റെ സാധ്യതകൾ പ്രമേയങ്ങളുടെയും രേഖകളുടെയും വരൾച്ചയിൽ നിന്ന് - ജീവിതത്തിന്റെ കുളിർമ്മയിലേക്ക് അരിച്ചിറങ്ങുന്നുണ്ടോ?
ഇനി ഞാൻ ആദ്യം സൂചിപ്പിച്ച രണ്ടാമത്തെ ഉദാഹരണം: ചാരു മജ്‌ഉംദാർ ഒരിക്കലെഴുതിയിട്ടുണ്ട് "നമ്മൾ നമ്മുടെ പാർട്ടിയെ വിമർശിക്കുന്നത് അതിനെ ശക്തിപ്പെടുത്താനാണ് - മറ്റു പാർട്ടികളെ വിമർശിക്കുന്നത് അതിനെ നശിപ്പിക്കുവാനും".
മജ്‌ഉംദാർ വിമർശിച്ച പാർട്ടികൾ നശിച്ചോ?
സി.പി.ഐ (എം.എൽ) ശക്തിപ്പെട്ടോ?
മജ്‌ഉംദാറിന്റെ ശ്രുതിശുദ്ധമായ അവതരണം ജനാധിപത്യത്തിന്റെയും സംവാദത്തിന്റെയും സാധ്യതകൾക്കെതിരെ ഒരു താക്കീതാണോ?
ഉറപ്പിച്ചു പറയാവുന്ന ഒരു കാര്യത്തിൽ നമ്മുടെ ആലോചന തുടരേണ്ടതുണ്ട് - " സൗഹൃദം മിഥ്യയല്ല, സ്ഥൂല രാഷ്ട്രീയത്തിൽ വൻ കാര്യങ്ങൾ സംഭവിക്കുമ്പോൾ വ്യക്തികൾ ഉണ്ടാക്കുന്ന വൈകാരിക ബന്ധം - (പ്രണയത്തെ ഇവിടെ ഒഴിവാക്കുക!) യാഥാർത്ഥ്യം തന്നെയാണ്.
ഇഷ്ടപ്പെട്ട സുഹൃത്ത് അകലെയാണെങ്കിലും - ഓർമ്മകൾ കടന്നുവരുമ്പോഴെല്ലാം / ഒരു ഫോൺവിളിയിൽ / ഒരു ഇ-മെയിലിൽപോലും സൗഹൃദത്തിന്റെ ചൂടുണ്ട്! എസ്.എം.എസ്സുകൾ, ചാറ്റ് ർറൂമുകൾ, ഫേസ്ബുക്ക്, ഓർക്കുട്ട്, ട്വിറ്റർ, ഹായ്5 ഇവിടെയെല്ലാം ഒരിക്കലും അടയാത്ത സൗഹൃദങ്ങളാണോ തുടിക്കുന്നത്? 'നിന്നെ ഇപ്പോൾ ആരെങ്കിലും ഓർത്തുകാണും' തുമ്മുമ്പോൾ മലയാളിയുടെ ഈ അമ്മൂമ്മാവചനം എത്രയോ ഭാവനാപൂർണ്ണം!
അരിസ്റ്റോട്ടിലിനേയും, നിച്ചേയേയും ദെരിടയേയും മറന്നാലും അമ്മൂമ്മമാരെ മറക്കരുത്.
"അവൻ എന്റെ മുഖത്തു നോക്കി" പച്ച നുണ പറഞ്ഞു എന്നകേരളീയന്റെവിലാപത്തിൽ ലവിനായുടെ ഫേസ് ഉണ്ട്."
ദൈനംദിനത്തിൽ, കൊച്ചുകാര്യങ്ങളിൽ മിന്നിമാഞ്ഞുപോകുന്ന ജീവരൂപങ്ങളും അതിനെ പ്രതിനിധാനം ചെയ്യുന്ന ധന്യഭാവനകളും, വാക്കുകളും വാചകങ്ങളും/നമ്മുടെ വിഷയത്തിനു പുറത്താണ്.
ചതിയുടെ വടക്കൻപാട്ടുകളിൽ, അങ്കങ്ങളിൽ'ചങ്ങാതി'യെന്ന സംബോധനയിൽ, 'ഇഷ്ടാ' എന്നു തോളിൽ തട്ടുമ്പോൾ എല്ലാം ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നുതന്നെയാണ് തോന്നുന്നത്.
"ചീത്ത രാഷ്ട്രീയത്തിന്റെ പ്രാമുഖ്യംമൂലമാണ് മനുഷ്യബന്ധങ്ങൾ വഷളാകുന്നത്. - ഇത് എതിർക്കപ്പെടേണ്ട വാതമല്ല. പക്ഷേ നല്ല രാഷ്ട്രീയം, കക്ഷിരാഷ്ട്രീയമായി തന്നെ രൂപംകൊണ്ട് ചീത്തരാഷ്ട്രീയത്തെ പരിവർത്തനപ്പെടുത്തുന്നു?
സംഘർഷങ്ങളിൽ നോവുന്ന മനസ്സ് ഒരു അനുതാപവും അർഹിക്കുന്നില്ലേ? 'പിശുക്കന്റെ'ദുഃഖംപോലെ! 'പാപത്തെ വെറുക്കുക, പാപിയെ സ്നേഹിക്കുക-എന്നത് ഉദാരനീതി /ശത്രു, മിത്രം,സ്നേഹം, വെറുപ്പ് ഇവയെല്ലാം ഒപ്പം നിൽക്കുന്നതാണെന്ന് കൂടി ഓർക്കേണ്ടതുണ്ട്. എന്റെ അഭിപ്രായത്തിൽ നമ്മൾ "സ്നേഹത്തിൻ ഫലം സ്നേഹം" എന്ന ഫലേച്ഛയില്ലായ്മയിലേക്ക് ഇടയ്ക്കെങ്കിലും മടങ്ങിവരേണ്ടതുണ്ട്. ശത്രുതയ്ക്ക് ഇന്നു കൂടുതൽ സ്വാഭാവികതയുണ്ട്. അതു തീരെ "കളങ്കരഹിതമാണ്" അതുകൊണ്ട് മനുഷ്യൻ, മനുഷ്യൻ എന്ന് ആയിരംവട്ടം ഉരുവിടുന്നതിൽ നിന്ന് നാം ഒന്നും സൈദ്ധാന്തികമായി ഉൽപാദിപ്പിക്കുന്നില്ല. ശത്രുതയുടെ വിപരീതം സ്നേഹമല്ല - എന്നു നമുക്കു വെറുതെ ആലോചിക്കുക. കുറച്ചധികം മനനം ചെയ്യുക.
സുഹൃത്ത് സദസ്സുകൾ, മദ്യരഹിതവും, പുകവിരുദ്ധവുമായ ശ്രുതിഭേദങ്ങൾ - പാർട്ടി ഗ്രൂപ്പിസങ്ങളിൽനിന്ന് ഉത്ഭവിക്കുന്ന, ഗോൂഢ, നവോന്മേഷങ്ങൾ. എതിർക്കപ്പെടേണ്ടവനെ കണ്ടെത്തിയാൽ മുരളുന്ന സജീവത! - ഇവിടെയെല്ലാം സൂക്ഷിക്കപ്പെടുന്നത് ഫോസിലുകളാണോ-അല്ലെന്നാണ് എനിക്കു തോന്നുന്നത് - എങ്കിലും മനുഷ്യൻ ഇനിയും പിറക്കാനിരിക്കുന്നതേയുള്ളു - എന്ന സച്ചിയുടെ കവിത ആർദ്രതയ്ക്കുവേണ്ടിയുള്ള അന്വേഷണം പ്രസക്തമാണ്.
"രാഷ്ട്രീയസൗഹൃദം ഒരു വെറും പറച്ചിലാണെന്ന് തോന്നിപ്പോകുന്ന നിമിഷങ്ങളെക്കുറിച്ചുകൂടി - ഒരേ രാഷ്ട്രീയ പാർട്ടിയിലുള്ളവർ തന്നെ - ഒരേ ഫെമിനിസ്റ്റു സംഘടനയിലുള്ളവർ തന്നെ പരദൂഷണത്തിന്റെ അനന്തസാധ്യതകളിലൂടെ അധികാരബോധം അനുഭവിക്കുമ്പോൾ - (സർഗ്ഗാത്മക ലേഖനങ്ങളുടെ ഊഷ്മളതയിലും സുഹൃത്തുക്കളെ തൊട്ടുനോവിക്കുന്നത്, ലഘു മദ്യപാനത്തിനൊടുവിൽ പരസ്പരം ചീത്തവിളിച്ച് മദ്യത്തിൽ വിഷം നിറയ്ക്കുന്നത് - ഇതെല്ലാം അപകടം കുറഞ്ഞ സൗഹൃദ വിരുദ്ധതയാണ്. സ്തുതി വചനങ്ങളിൽ മാത്രം ആനന്ദാനുഭൂതി തിരയുന്നത് ഒട്ടും ശരിയല്ലാത്ത പ്രമാണിത്തവും ! രാഷ്ട്രീയ സൗഹൃദത്തിന്റെ ഭൂമികയിൽ വിള്ളലുകൾ മാത്രം!!?
അത് അവിടെയുണ്ട്
നിച്ചേയുടെയും ചങ്ങമ്പുഴയുടേയും സ്ത്രീവിരുദ്ധ വിസ്ഫോടനങ്ങൾ - നാം ഇന്ന് ആർജ്ജിച്ച ഫെമിനിസ്റ്റ് വെളിച്ചത്തിൽ മാത്രം വിലയിരുത്തപ്പെടരുത്. "സൗഹൃദത്തിന്റെ രാഷ്ട്രീയത്തിന്റെ" പുരുഷകേന്ദ്രീകൃതത്വവും ഗവേഷണം ചെയ്തു കണ്ടെത്തേണ്ടതില്ല. കാരണം, സൂര്യചന്ദ്രന്മാരെപ്പോലെ, നക്ഷത്രവിശാലതപോലെ, ഭരണകൂടം പോലെ, ഗ്രൂപ്പിസംപോലെ "അതവിടെയുണ്ട്".
ഓൺടോളജിക്കൽ സാമാന്യതയ്ക്ക് മലയാളഭാഷയുടെ പദങ്ങളിൽ ശരിയായ പ്രതിനിധാനം ലഭിക്കാത്തിടത്തോളം ഉദാഹരണങ്ങളുടെയും രൂപകങ്ങളുടെയും അധികങ്ങളിൽ തത്വചിന്ത കുടങ്ങിക്കിടക്കും. ഒന്നും നേരെചൊവ്വേ പറയാൻ കഴിയാത്തിടത്ത് - ബോധപൂർവ്വമല്ലാത്ത ക്ലിഷ്ടതയ്ക്കും -നോൺസേൻസ് എന്തെങ്കിലും - സേൻസ് സംവദിക്കുവാൻ ഉണ്ടാകും?
അമൂർത്തമായ വാക്കുകളിൽ ഉറയുന്ന "രാഷ്ട്രീയവും സൗഹൃദവും" ഇല്ലാത്ത രണ്ടുകാര്യങ്ങളെ സൂചിപ്പിക്കുകയാകുമോ? ദൈവം ഒന്നും അറിയാതെ വചനത്തിന് രൂപം കൊടുക്കുകയില്ലാ എന്നാണ് ഈ പാവം അന്ധവിശ്വാസിക്കു തോന്നുന്നത്. പക്ഷേ ഞാൻ അഭ്യർത്ഥിക്കുന്നത്, രാഷ്ട്രീയ സൗഹൃദത്തിനപ്പുറം, വ്യത്യസ്തരാഷ്ട്രീയ വീക്ഷണങ്ങളുടെ സൗഹൃദത്തെക്കുറിച്ച് സ്വപ്നം കാണാൻ കൂടെയാണ്.
പക്ഷെ...
വിചിത്ര വർണ്ണങ്ങളുള്ള വസ്ത്രം
വെളുത്ത എട്ടുകാലി
തിളങ്ങുന്ന പുഴു
അഗ്നിജ്വാല
വെള്ളത്താമര
ഇടിമിന്നൽ
ഇനി ബ്രഹ്മത്തെക്കുറിച്ചുള്ള ഉപദേശം-നേതി-നേതി...
(ബൃഹദാരണ്യകോപനിഷത്ത് - രണ്ടാം അധ്യായം മൂന്നാം ബ്രാഹ്മണം)വിവർത്തനം:മുത്തുലക്
ഉദ്ധരണികൾ
1. സ്നേഹിതാ-ശത്രുവുമില്ല, മിത്രവുമില്ല"
2. സ്നേഹിതാ, മിത്രമെന്നൊന്നില്ല
3. സ്ത്രീകൾക്ക് സൗഹൃദത്തിന് കഴിവില്ല
4. അങ്കുശമില്ലാത്ത ചാലല്യമേ- മന്നിൽ അംഗനയെന്ന് വിളിക്കുന്നു ഞാൻ.
5. സങ്കടേ രക്ഷിക്കുന്ന മാനുഷ്യനല്ലോ ബന്ധു.
6. മാപ്പ് കൊടുക്കുവാൻ പറ്റാത്തതിന് മാപ്പു കൊടുക്കുന്നതാണ് യഥാർത്ഥ മാപ്പ് കൊടുക്കൽ (നീച്ചേ, അരിസ്റ്റോട്ടിൽ, ദെരിദ, ചങ്ങമ്പുഴ...)