14 Aug 2011

അറിവ്‌ വാക്കുകളെ അതിവർത്തിക്കുന്നു-ശ്രീ ശ്രീ രവിശങ്കർ




വിവർത്തനം: എസ്‌.സുജാതൻ



 വാക്കുകൾക്കപ്പുറമാണ്‌ വിവേകം. അത്‌ നമ്മുടെ നൈസർഗ്ഗികമായ സ്വരൂപമാണ്‌. എല്ലാ വാക്കുകളുടേയും ആകെ സത്തയുമാണ്‌. വാക്കുകൾക്കപ്പുറമുള്ളത്‌ കാണുകയും അറിയുകയും ചെയ്യുമ്പോൾ നിങ്ങളുടെ ജീവിതം കളങ്കരഹിതമാകുന്നു.
 നാം പൊതുവെ വാക്കുകളുടെ അർത്ഥതലങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്‌. അതിനാൽ നമ്മൾ വാക്കുകളെ കൂടുതൽ അലോസരപ്പെടുത്തുകയും, അതിലൂടെ നാം സ്വയം അലോസരപ്പെടുകയും ചെയ്യുന്നു.
* നിങ്ങൾ വാക്കുകളിൽ കൃത്രിമം കാട്ടി അതിനെ കൈകാര്യം ചെയ്യുമ്പോൾ അത്‌ നുണയാകുന്നു.
* നിങ്ങൾ വാക്കുകളെക്കൊണ്ടു കളിച്ചാൽ അത്‌ തമാശയാകുന്നു.
* നിങ്ങൾ വാക്കുകളെ വിശ്വാസപൂർവ്വം ആശ്രയിച്ചാൽ അത്‌ അജ്ഞതയാകുന്നു.
* നിങ്ങൾ വാക്കുകളെ അതിവർത്തിക്കുമ്പോൾ അത്‌ അറിവാകുന്നു.
 നമ്മൾ പൊതുവെ ഉപയോഗിക്കുന്ന ചില വാക്കുകൾ പരിശോധിച്ചാൽ അതിന്റെ അർത്ഥതലങ്ങൾ സമയാസമയങ്ങളിൽ മാറിമറിയുന്നത്‌ കാണാൻ കഴിയും.

മസ്തിഷ്ക്ക ശുദ്ധീകരണം[brainwashing]

 ഉദാഹരണത്തിന്‌ (brainwashing)എന്ന വാക്ക്‌ നോക്കാം. നിങ്ങളുടെ ശരീരത്തെപ്പോലെ തന്നെ മസ്തിഷ്ക്കത്തേയും വൃത്തിയാക്കേണ്ടതുണ്ട്‌. അഴുക്കു പിടിച്ച മസ്തിഷ്ക്കവുമായി, അഴുക്കു പിടിച്ച മനസ്സുമായി നിങ്ങൾ നടക്കാൻ പാടില്ല. എന്താണ്‌ brainwashing എന്ന വാക്കിലെ കുഴപ്പം? അത്‌ സൂചിപ്പിക്കുന്നത്‌ ശുദ്ധമായ ഒരു മസ്തിഷ്ക്കത്തെയാണ്‌; ശുദ്ധമായ ഒരു മനസ്സിനെയാണ്‌. എന്നാൽ ആ പദം ഉപയോഗിക്കുന്നതോ ദോഷകരമായ ഒരു രീതിയിലുമാണ്‌.

മതിഭ്രമ വിമുക്തി

disillusionment എന്ന വാക്കും അതുപോലെയാണ്‌. മതിഭ്രമ വിമുക്തി അഥവാ യാഥാർത്ഥ്യ ദർശനം എന്നാണ്‌ അതിനർത്ഥം. നിങ്ങൾ മതിഭ്രമ വിമുക്തിയിലായാൽ അത്‌ വളരെ നല്ല കാര്യമല്ലേ? അപ്പോൾ നിങ്ങൾ ശരിക്കും യാഥാർത്ഥ്യത്തിലേക്ക്‌ വരികയാണ്‌.
പുരാണം
purana എന്ന വാക്കു നോക്കുകയാണെങ്കിൽ അതിന്റെ അർത്ഥം, 'പുരത്തിലെ പുതിയത്‌' എന്നാണ്‌; പട്ടണത്തിൽ ഏറ്റവും നൂതനമായത്‌. എന്നാൽ ഈ വാക്ക്‌ പൊതുവെ ഉപയോഗിക്കുന്നത്‌ 'പുരാതനം' അഥവാ പഴക്കമേറിയത്‌ എന്ന അർത്ഥത്തിലുമാണ്‌.

അനുകമ്പ [mercy]

പൊതുവെ ഉപയോഗിക്കുന്ന വാക്കാണ്‌ mercy (ദയ) അഥവാ അനുകമ്പ. അനുകമ്പ സൂചിപ്പിക്കുന്നത്‌ 'അടുപ്പത്തിന്റെ കുറവ്‌' എന്നാണ്‌. അത്‌ ഒരു അകലം സൂചിപ്പിക്കുകയാണ്‌. സ്വന്തമാകുന്നതിന്റെ ഒരു കുറവ്‌ അവിടെ ദർശിക്കാം. നിങ്ങൾക്ക്‌ പ്രിയപ്പെട്ടവരോടും അടുപ്പമുള്ളവരോടും നിങ്ങൾക്ക്‌ ദയ ഉണ്ടാകാൻ പാടില്ല. 'എന്റെ മക്കളോട്‌ എനിക്ക്‌ ദയവുണ്ട്‌' എന്നു ഒരു മാതാപിതാക്കളും പറഞ്ഞു നിങ്ങൾ കേട്ടുകാണില്ല. നിങ്ങളുടേതല്ലാത്തവരെന്നു നിങ്ങൾ ചിന്തിക്കുന്നവരോടാണ്‌ നിങ്ങൾക്ക്‌ ദയവുണ്ടാവുക. ദയ സൂചിപ്പിക്കുന്നത്‌, കോപം, നിർണ്ണയം, പ്രാമാണ്യം (അധികാരം) എന്നിവയാണ്‌. നിങ്ങൾ ദയ ചോദിക്കുമ്പോൾ നിങ്ങൾ സ്വയം കേന്ദ്രീകൃതമാകുന്നു. നിയമത്തിനു മുന്നിൽ നിങ്ങൾക്ക്‌ മാപ്പ്‌ വേണ്ടിവരികയാണ്‌. നിങ്ങളുടെ ധൈര്യത്തിന്റേയും ശൗര്യത്തിന്റെയും കുറവുകൂടിയാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌.

 നിങ്ങൾ ഈ സൃഷ്ടി കർമ്മങ്ങളെ അറിയുകയും വിശ്വസിക്കുകയും ചെയ്യുമ്പോൾ സ്വാഭാവികമായിത്തന്നെ നിങ്ങളിൽ ആഹ്ലാദം നിറയുകയായി. ഈ ചെറിയ മനസ്സ്‌ ദിവ്യമനസ്സിന്റെ സ്വപ്രകൃതിയിലേക്ക്‌ ഉൽക്കർഷത്തോടെ ഉയരുകയാണിവിടെ. ഈശ്വരൻ എല്ലാ അറിഞ്ഞ്‌ എല്ലാത്തിനേയും സ്നേഹിക്കുകയാണ്‌. അവിടെ അനുകമ്പയ്ക്ക്‌ ഒരു ഊഴവുമില്ല. ഗാഢമായ അടുപ്പമുള്ളപ്പോൾ അവിടെ അനുകമ്പയ്ക്ക്‌ ഇടമില്ലല്ലോ.

മാപ്പ്‌[forgiveness]

'മാപ്പ്‌' പൂർണ്ണമാക്കാൻ കഴിയുന്ന ഒരു പദമല്ല. നമ്മൾ ചിലർക്ക്‌ മാപ്പ്‌ കൊടുക്കുവാൻ ശ്രമിക്കുകയാണ്‌. അഥവാ മാപ്പ്‌ കൊടുക്കുവാനായി വിഷമിക്കുകയാണ്‌. എന്തുകൊണ്ടാണ്‌ അതെന്ന്‌ നിങ്ങൾക്കറിയാമോ? 'ഞാൻ നിങ്ങളോട്‌ ക്ഷമിച്ചു' എന്ന്‌ നിങ്ങൾ എപ്പോൾ പറയുന്നുവോ അപ്പോൾ നിങ്ങൾ ചിന്തിക്കുകയാണ്‌. അവർ കുറ്റവാളികളാണെന്ന്‌. ഒരാൾ കുറ്റവാളിയാണെന്നു നിങ്ങൾ ചിന്തിക്കുന്നുവേങ്കിൽ നിങ്ങൾക്ക്‌  എങ്ങനെ മാപ്പ്‌ കൊടുക്കാൻ കഴിയും. അവിടെ കുറച്ചെങ്കിലും മാപ്പില്ലായ്മ മനസ്സിൽ അവശേഷിക്കുകയാണ്‌. എന്നാൽ നിങ്ങൾ ഒരു വിശാലമായ കാഴ്ചപ്പാടിലൂടെ അതു വീക്ഷിക്കുകയാണെങ്കിൽ നിങ്ങൾക്ക്‌ കാണാൻ കഴിയും.

കുറ്റവാളി ഒരു ബലിയാടുകൂടിയാകുകയാണെന്ന്‌. അയാളുടെ അല്ലെങ്കിൽ അവളുടെ സ്വന്തം മനസ്സിൽ, തന്റെ അജ്ഞതയിൽ, തന്റെ ജാഗരൂകതയില്ലായ്മയിൽ, സ്വന്തം അബോധാവസ്ഥയിൽ അവർ ബലിയാടായി മാറുകയാണ്‌. അതിനാൽ അനുകമ്പ അവരവരുടെതന്നെ ഉള്ളിൽ നിന്നും ഉയർന്നു വരേണ്ടിയിരിക്കുന്നു. എന്നാൽ ആളുകൾക്ക്‌ അനുകമ്പ ശരിയായി മനസ്സിലാക്കാൻ കഴിയാത്തതിനാലാണ്‌ 'മാപ്പ്‌' എന്ന പദത്തിൽപ്പിടിച്ച്‌ സംസാരിക്കേണ്ടി വരുന്നത്‌.

ആർദ്രതയും, കരുത്തും[softness, forcefullness]

 ചില ആൾക്കാർ വളരെ ആർദ്രതയുള്ളവരാണ്‌. എന്നാൽ അവരുടെ ആർദ്രതയാകട്ടെ ധൈര്യക്കുറവിൽ നിന്നും കരുത്തില്ലായ്മയിൽ നിന്നും പുറത്തുവരുന്നതുമാണ്‌. എന്നാൽ മറ്റുചില ആൾക്കാരിലെ ആർദ്രത പക്വതയിൽ നിന്നും ഉയർന്നുവരുന്നതാണ്‌; അവരുടെ മഹാമനസ്ക്കതയിൽ നിന്നും ഉയർന്നു വരുന്നു. അവരുടെ അറിവിന്റെ നിറവിൽ നിന്നും ജനിക്കുന്ന ആർദ്രതയാണത്‌. ധൈര്യമില്ലായ്മയിൽ നിന്നുവരുന്ന ആർദ്രതയാൽ വളരെയേറെ ദുരിതം അനുഭവിക്കേണ്ടിവരുന്നു. ചിലപ്പോൾ അവർ പെട്ടെന്ന്‌ വികാര ഭരിതരായി ബാഷ്പ ശീലരുമാകുന്നു.
 അതുപോലെ കരുത്താർജ്ജിച്ച ആൾക്കാരിലും രണ്ടു വിഭാഗങ്ങളുണ്ട്‌.

1. ആക്രമണ ശീലമുള്ളവർ
2. ദൃഢമായ ഉറപ്പോടെ നിൽക്കുന്നവർ
 ചില ആൾക്കാർ അക്രമ വാസനയോടെ കരുത്താർജ്ജിച്ച്‌ നിൽക്കുന്നത്‌ ശരിക്കും അവരുടെ ദൗർബ്ബല്യം കാരണമാണ്‌. ഉള്ളിലെ ദൗർബ്ബല്യം ആക്രമണശീലമായി അവരെ കൊണ്ടുനടക്കുകയാണ്‌. അവരുടെ ബലമില്ലായ്മയും, ഭയവും, പ്രതിരോധ ശക്തിക്കുറവുമാണ്‌ അതിനുകാരണം. എന്നാൽ മറ്റു ചിലരാകട്ടെ, മറ്റുള്ളവരോടുള്ള സ്നേഹവും, ശ്രദ്ധയും, അവധാനവും, അനുകമ്പയും കൊണ്ടാണ്‌ കരുത്താർജ്ജിച്ച്‌ നിൽക്കുന്നത്‌.

സഹനശക്തി[tolerence]

 നാം ഉപയോഗിക്കുന്ന മറ്റൊരു വാക്ക്‌ സഹനശക്തിയാണ്‌. കൂടുതൽ ആളുകളും ചിന്തിക്കുന്നത്‌ സഹനശക്തി ഒരു ധർമ്മാചരണം എന്നാണ്‌. 'സഹനശക്തി' എന്നത്‌ ഒരു നിഷേധ വാക്കാണ്‌. നിങ്ങൾ ചിലതിനെ ഇഷ്ടപ്പെടുകയാണെങ്കിൽ നിങ്ങൾ അതിനെ സഹിക്കുകയല്ല ചെയ്യുന്നത്‌. 'സഹനശക്തി' സൂചിപ്പിക്കുന്നത്‌. 'ആഴത്തിലുള്ള അനിഷ്ടം' എന്ന അർത്ഥത്തിലാണ്‌. അത്‌ ഏതു നിമിഷവും വെറുപ്പിലേയ്ക്കു തിരിഞ്ഞേക്കാം. അതു സൂചിപ്പിക്കുന്നത്‌ വേറിട്ട ഒന്ന്‌ എന്നാണ്‌. ചെറിയ മനസ്സാണ്‌ അവിടെ കാണപ്പെടുന്നത്‌. ബോധത്തിന്റെ പരിമിതിയാണത്‌. നിങ്ങൾ സഹിക്കുകയാണെങ്കിൽ അതൊരു താൽക്കാലിക അവസ്ഥ മാത്രമാണ്‌. സഹനശക്തി എന്നത്‌ ഒരു അഗ്നിപർവ്വതശക്തിപോലെ പ്രബലമായതാണ്‌. നിങ്ങൾ അതു സഹിക്കുകയാണെങ്കിൽ അതിനർത്ഥം നിങ്ങൾ അതിനെ മുറുകെപ്പിടിച്ചിരിക്കുകയാണ്‌ എന്നാണ്‌.

സംന്യാസം[austerity]
സംന്യാസത്തെ ദാരിദ്യമായും ജീവിതത്തിൽ നിന്നുള്ള ഒഴിഞ്ഞുമാറലായും തെറ്റദ്ധരിക്കുന്നു. എന്നാൽ സംന്യാസം അതല്ല. സംന്യാസം നിറവിൽ നിന്ന്‌ അഥവാ പാകതയിൽ നിന്നു വരുന്നതാണ്‌. സംന്യാസം മാനവസമുദായത്തിന്റെ ആരോഗ്യത്തിന്റെ അടയാളമാണ്‌. സംന്യാസം ആഘോഷങ്ങൾക്ക്‌ എതിരാവുന്നില്ല. എന്നാൽ കേവലം പൊള്ളയായ സ്വയം ശ്രേഷ്ഠത്വഭാവം അഥവാ പൊള്ളപ്പകിട്ട്‌ ഒരു ആഘോഷമാകുന്നുമില്ല. ഒരാൾ ആത്മീയ കാര്യങ്ങളിൽ സമ്പന്നനാണെങ്കിൽ അയാൾക്ക്‌ സംന്യാസം പരിശീലിക്കാൻ കഴിയാറുണ്ട്‌. ആത്മീയ ദാരിദ്യമാണ്‌ പൊള്ളപ്പകിട്ട്‌. സംന്യാസം പൊള്ളപ്പകിട്ടിന്റെ ഗർവ്വിൽ നിന്ന്‌ സ്വാതന്ത്ര്യം കൊണ്ടു വരികയാണ്‌. എന്നാൽ സംന്യാസത്തിൽ ഗർവ്വ്വ്‌ കാണിക്കുകയാണെങ്കിൽ അതും പൊള്ളപ്പകിട്ടാകുന്നു.


 മറ്റുള്ളവരെ അഭിനന്ദിക്കാനായി യത്നിക്കേണ്ടതില്ല. നിങ്ങളെ സ്വയം പുകഴ്ത്താനും യത്നിക്കേണ്ടതില്ല. നിങ്ങൾ നിങ്ങളുടെതന്നെ ഉള്ളിൽ നിന്നു വരുമ്പോൾ നിങ്ങളുടെ പ്രകാശനം കറയറ്റതാകുകയും ആ മുദ്രണങ്ങൾ വർഷങ്ങളോളം നിങ്ങളിൽ നീണ്ടുനിൽക്കുകയും ചെയ്യുന്നു. സ്വയം ചോദിക്കുക: നിങ്ങൾ നിങ്ങളുടെ തന്നെ സ്വഭാവത്തിലാണോ? അല്ല, നിങ്ങളുടെ ബാഹ്യഭാവം ഉള്ളിന്റേതല്ല. സമുദ്രം മേഘങ്ങളാകുന്നത്‌ രഹസ്യമാണ്‌. എന്നാൽ മേഘങ്ങൾ സമുദ്രമാകുന്നത്‌ സ്പഷ്ടമായ കാര്യമാണ്‌. ലോകത്തിൽ കുറച്ചു പേർക്കു മാത്രമേ നിങ്ങളുടെ ഉള്ളിന്റെ വളർച്ച തിരിച്ചറിയാൻ കഴിയൂ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...