14 Aug 2011

ചിന്ത രവിയും മണി കൗളും

 എം.സി.രാജനാരായണൻ
മണികൗൾ

ചിന്തരവി



 അപരാഹ്നത്തിലെ വെയിൽ നാളങ്ങൾ മുറ്റത്ത്‌ കളംവരയ്ക്കുന്ന വേളയിലാണ്‌ ഗെയ്റ്റിനു വെളിയിൽ കാർ നിർത്തി ചിന്ത രവിയും സംഘവും വീട്ടിലെത്തിയത്‌. സംഭാഷണത്തിനിടയിൽ ഗ്രാമീണാന്തരീക്ഷത്തെക്കുറിച്ച്‌ രവീന്ദ്രൻ പലതവണ പറഞ്ഞിരുന്നു. "എഴുത്തിനു പറ്റിയ അന്തരീക്ഷം".


 പിന്നെ വൃക്ഷശാഖകളിൽ പാറിപ്പറന്നു നടന്ന പലതരം പക്ഷികളെ ശ്രദ്ധിച്ചുകൊണ്ട്‌ പറഞ്ഞു.
 "അതാ മഞ്ഞക്കിളി. മഞ്ഞക്കിളിക്ക്‌ പ്രത്യേക ഭംഗിയാണ്‌".
 നാട്ടിൻപുറത്തുമാത്രം കാണുന്ന അപൂർവ്വം പക്ഷികളുടെ കണക്കെടുത്താൽ മതിയോ വിഷയത്തിലേക്ക്‌ കടക്കേണ്ടേ എന്ന്‌ കൂട്ടുകാരിലൊരാൾ ചോദിച്ചപ്പോൾ അത്‌ ചിന്ത രവിയെ അലോസരപ്പെടുത്തിയതായി തോന്നി. പ്രകൃതിയുടെ ഉപാസകനായിരുന്നുവല്ലോ അദ്ദേഹം എന്നും!
 പുതിയ സിനിമാ സംരംഭത്തെക്കുറിച്ച്‌ സംസാരിക്കുവാനാണ്‌ രവീന്ദ്രനും സംഘവും പൊന്നാനിയിലെത്തിയത്‌. ചില പ്രമേയങ്ങൾ മനസ്സിലുള്ളത്‌ പറഞ്ഞെങ്കിലും ഒന്നിലും അദ്ദേഹം പൂർണ്ണ സംതൃപ്തനായിരുന്നില്ല.

 "ഇനി ചെയ്യുന്നത്‌ വ്യത്യസ്തമായിരിക്കണം. ചെറിയ ക്യാൻവാസിൽ ഒരു പടം."
"സമയമെടുത്താലും പ്രമേയം അ..ടനം തന്നെയാകണം."
"അതെ നൂതനവും"
അങ്ങിനെ പോയ സംഭാഷണത്തിന്‌ താൽക്കാലിക വിരാമം നൽകി കാറിൽ കയറുമ്പോഴും പ്രകൃതിയുടെ മനോഹാരിതയെക്കുറിച്ച്‌, ഉൾനാടൻ തനിമയെക്കുറിച്ച്‌ നാല്‌ വാക്ക്‌ പറയുവാൻ ചിന്തകൻ മറന്നില്ല!.
 അപൂർവ്വമായ ഒരു കൂടിക്കാഴ്ചയായിരുന്നു അത്‌. മനസ്സിൽ എന്നെന്നും മായാതെ നിന്ന ചില സീനുകൾ ബാക്കിവച്ചു ഒരു സന്ദർശനം. ഒരേ തൂവൽപക്ഷികളും, ഹരിജനു സംവിധാനം ചെയ്ത മനസ്സ്‌ ഒരു പ്രമേയത്തിനായുള്ള അന്വേഷണത്തിലായിരുന്നു.

മണികൗൾ
 ഓഷ്യാൻ-സിനിഫിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (ഡൽഹി-2005) ജൂറി അംഗങ്ങളായി ഡൽഹിയിലെ ജൻപഥിലെ ബ്രട്ടീഷ്‌ പ്രൗഡി നിലനിർത്തുന്ന ഇംപീരിയൽ ഹോട്ടലിൽ ഞങ്ങൾ പതിനൊന്നു ദിനങ്ങൾ താമസിച്ച വേളയിലാണ്‌ മണി കൗളിനെ അടുത്തറിയുന്നത്‌. ഫി പ്രേശി ജൂറിയിൽ  ഞാനും ഫെസ്റ്റിവൽ ജൂറിയിൽ മണികൗളും അംഗങ്ങൾ. ഫെസ്റ്റിവൽ സെന്ററായ സിരിഫോർട്ടിലേക്ക്‌ യാത്ര ചെയ്യുന്നത്‌ ഒരേ കാറിൽ!

 സിനിമാ സംവിധായകനിലുപരി മണികൗൾ ഒരു സംഗീതജ്ഞനായിരുന്നുവേന്ന്‌ ഞാൻ തിരിച്ചറിയുന്നത്‌ ഈ നാളുകളിലാണ്‌. ദ്രുപദ്‌ സംഗീതത്തെക്കുറിച്ച്‌ ദ്രുപദ്‌ എന്ന പേരിൽ അദ്ദേഹം ഒരു ഡോക്കുമന്ററി തയ്യാറാക്കിയിരുന്നത്‌ അറിയാമായിരുന്നുവേങ്കിലും ഉത്തരേന്ത്യൻ സംഗീതത്തിലുള്ള അദ്ദേഹത്തിന്റെ അവഗാഹവും സംഗീതത്തോടുള്ള ഭക്തിയും അപ്പോഴാണ്‌ അറിയുന്നത്‌. സിനിമപോലെ പ്രിയപ്പെട്ടതായിരുന്നു മണി കൗളിന്‌ സംഗീതവും. അക്കാലത്ത്‌ അദ്ദേഹം താമസിച്ചിരുന്നതും ജോലി ചെയ്തിരുന്നതും ഹോളണ്ടിലായിരുന്നു. ഹോളണ്ട്‌ യൂണിവേഴ്സിറ്റിയിൽ മണി കൗൾ പഠിപ്പിച്ചിരുന്നത്‌ സിനിമയായിരുന്നില്ല സംഗീതമായിരുന്നു.
 "സമുദ്രത്തിന്റെ ആഴം പോലെയാണ്‌ സംഗീതത്തിന്റെ ആഴവും പറപ്പും" അദ്ദേഹം പറയുമായിരുന്നു.
"പഠിച്ചതും പഠിപ്പിക്കുന്നതുമെല്ലാം കുറച്ച്‌. പഠിക്കാനുള്ളത്‌ പാരാവാരംപോലെ വിപുലവും"
 "ഗഗനം ഗഗനാകാരം സാഗരം സാഗരാ പാരം പോലെ സംഗീതവും"


 ഉത്തരേന്ത്യൻ രാഗങ്ങളെക്കുറിച്ചു സംഗീതജ്ഞരെക്കുറിച്ചു പറയുമ്പോൾ റോബർട്ട്‌ ബ്രൈസ്സത്തയും ബെർഗ്മാനെയും പരാമർശിക്കുന്നതുപോലെ ആയിരം നാവുകളായിരുന്നു മണികൗളിന്‌. പൂനാ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന്‌ സംവിധാനത്തിൽ ബിരുദം നേടിയ അദ്ദേഹം പിന്നീട്‌ അവിടെ തന്നെ അധ്യാപകനായി കുറച്ചുകാലം ജോലി നോക്കിയിരുന്നു.


 സിനിമയെക്കുറിച്ച്‌ മൗലിക ചിന്ത പുലർത്തിയിരുന്ന മണികൗളിന്റെ പ്രഥമ സംരംഭം 'ഉസ്കിറൊട്ടി' പുതിയ പാത വെട്ടിത്തുറന്ന സൃഷ്ടിയായിരുന്നു. തുടർന്നുവന്ന 'ആഷാഡ്‌ കാ ഏക്‌ ദിൻ' ഏറെ വ്യത്യസ്തമായ രചനയായി മാറി. ഋത്വിക്ക്‌ ഘട്ടക്കനെക്കുറിച്ച്‌ മണികൗൾ പറഞ്ഞത്‌ ഓർക്കുന്നു "ഹി ഈസ്‌ വൺ ഓഫ്‌ ദി ബെസ്റ്റ്‌ ടീച്ചേഴ്സ്‌ ഐ എവർ ഹാഡ്‌"
 എങ്ങിനെ സിനിമയെടുക്കണമെന്ന്‌ പഠിപ്പിക്കുകയല്ല ഋത്വിക്ക്‌ ഘട്ടക്ക്‌ ചെയ്തത്‌. എങ്ങിനെ സ്വതന്ത്രമായി ചിന്തിക്കണമെന്ന്‌ പഠിപ്പിക്കുകയായിരുന്നു. പുതിയ പാതകൾ തേടി നടക്കുവാനുള്ള പ്രചോദനം അദ്ദേഹത്തിന്‌ ഋത്വിക്ക്‌ ഘട്ടക്ക്‌ തന്നെയായിരുന്നു.


 മലയാളത്തെയും മലയാളികളെയും ഏറെ ഇഷ്ടപ്പെട്ട മണികൗളിന്റെ ആദ്യകാല സൃഷ്ടികളും  ക്യാമറമാന്മാരിൽ ഒരാൾ വേണുവായിരുന്നു. രവിമേനോൻ, കൊടിയേറ്റം ഗോപി തുടങ്ങിയവർ അദ്ദേഹത്തിന്റെ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. ഉസ്കിറൊട്ടിയുടെ അണിയറ പ്രവർത്തകരിൽ ഒരാൾ സാക്ഷാൽ ജോൺ എബ്രഹാം തന്നെയായിരുന്നു! ജോണിനെക്കുറിച്ച്‌ ഏറെ പ്രതീക്ഷകളുണ്ടായിരുന്നു മണി കൗളിന്‌. എല്ലാ അർത്ഥത്തിലും ജോൺ എബ്രഹാം ഋത്വിക്ക്‌ ഘട്ടക്കിന്റെ ശിഷ്യൻ തന്നെയായിരുന്നു.

 ഒരാഴ്ചത്തെ അകലത്തിൽ ഇന്ത്യൻ സിനിമയ്ക്ക്‌ തീരാനഷ്ടം നൽകി കാലയവനികയ്ക്കുള്ളിൽ മറഞ്ഞ രണ്ട്‌ പ്രതിഭാ സമ്പന്നരാണ്‌ രവീന്ദ്രനും മണികൗളും. സിനിമാ സംവിധായകരും മൗലികച്ചിന്തകരുമായിരുന്ന അവരിരുവരും യാത്ര ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. ചിന്ത രവിയെഴുതിയ യാത്രാവിവരങ്ങൾ വിലപ്പെട്ടവയാണ്‌.

 വിപുലമായ സുഹൃദ്‌ വലയം ഇരുവർക്കുമുണ്ടായിരുന്നു. ആരെയും നോവിക്കാതെ എന്നാൽ സ്വന്തം അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുവാനും ഇരുവരും ശ്രദ്ധിച്ചിരുന്നു. മറക്കാനാവാത്ത വ്യക്തിത്വത്തിന്റെ ഉടമകളായിരുന്നു ഇരുവരും. യാത്ര പറഞ്ഞ്‌ പിരിയുമ്പോൾ മണികൗൾ പറഞ്ഞത്‌ ഓർക്കുന്നു.
"കബി അൽവിദനാ കഹ്നാ"


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...