14 Aug 2011

മഴ


ഡോ.എൻ.കെ.ശശീന്ദ്രൻ


ഒരു ചെറു ബിന്ദുകണക്കെ
ഭൂമിയിലിറ്റുപതിക്കുമ്പോൾ
ഈ പുതുമഴ -'ശാന്തം'
ഹിമഗിരി കന്യ തപം ചെയ്തപ്പോൾ
അവളുടെ കൺപീലികളിൽ തങ്ങി
കവിളിൽക്കൂടിയിറങ്ങി
മൃദുവഷോജ പുടങ്ങൾ തലോടി
പൊക്കിൾക്കൊടിയിൽ
പൊയ്കചമയ്ക്കേ
മഴയുടെ ഭാവം-'ശൃംഗാരം'
വെള്ളികണക്കേ മുത്തുക-
ളിറയച്ചാലിൽ നിന്നും മുറ്റത്തേക്ക്‌
പതിക്കുമ്പോഴീപ്പൊൻമഴ
തീർക്കുവത്‌- 'അത്ഭുത'മല്ലോ
ഇടിയു മിന്നലുമിചേർ-
ന്നാർത്തുവിളിച്ചുവരുമ്പോ-
ഴുതിരും ഭാവം - 'വീരം'
ഇടമലയാറ്റിലുരുൾ പൊട്ടിക്കൊ-
ണ്ടീനിലമാകെ
കുത്തിയൊഴുക്കിപ്പടയോടുമ്പോൾ
മഴയുടെ ഭാവം -'രൗദ്രം'
കൊടിയ വരൾച്ചയി
ലൊരുക്കൈക്കുമ്പിൾ
കുടിനീർ തേടിയലഞ്ഞ ജനത്തിൻ
കണ്ണീരൊപ്പും പനിനീർ മഴയുടെ
കണ്ണിൽ 'കരുണാ'-ഭാവം
നേടിയൊരണക്കെട്ടാലീ സർഗ്ഗ-
പ്രഗതി തളക്കാനോങ്ങും മർത്ത്യനൊ-
ടവളുടെ ഭാവം-'ഹാസം'
നെറ്റി ചുളിച്ചിക്കരിമേഘത്തി-
ള്ളിൽ നിന്നു തണുത്തു വിറച്ചീ-
മുറിയുടെ വെണ്മ കെടുത്തുമ്പോഴീ
ക്കരിമഴയാകെ-'ബീഭത്സം'
പ്രളയക്കെടുതി കൊടുങ്കാറ്റോടും
ചുഴലി ചുഴറ്റി
പ്പിഴുതുമറിക്കുമ്പോഴീപ്പേമഴ
കാട്ടുവതേതു-'ഭയാനക' ഭാവം
പച്ച, കത്തി,ക്കരി വേഷത്തി-
ലരങ്ങു തകർത്തീ-
ക്കളിമഞ്ചത്തെ
സചേതനമാക്കിയ
കഥകളിയാട്ടക്കാരൻ ആര്‌?
ഇക്കഥ നിർമ്മിച്ചവനാര്‌?


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...