കെ.എസ്. ചാർവ്വാകൻ
ആറ്റുകാൽ ദേവിയും
ചക്കുളം ദുർഗ്ഗയും
അൽഫോൻസ് അമ്മയും
സാക്ഷാൽ സീതയും
ലെക്സിൽ കുളിച്ച്
പൊങ്കാലയിട്ട്
കോംപ്ളാൻ നുകർന്നും
കോൾഗേറ്റ് പിറ്റിച്ചും
'ക്ളോസപ്പിലായി
നാപ്കിൻ നിവർത്തി
മലബാർ അണിഞ്ഞും
ഭീമാ അണിഞ്ഞും
ധ്യാനിക്കുമീ ആത്മകഷായം
തിരിച്ചും മറിച്ചും
കൊടുക്കും കഷായം
എടുക്കൂ മക്കളേ
കൊടുക്കൂ മക്കളേ
രസിക്കൂ കുടിക്കൂ
വളരൂ വളർത്തൂ
ഗ്ളോബായി വളരൂ
ഗ്ളോബലാകൂ
അമ്മ ചാനലിൽ
അപ്പൻ ചാനലിൽ
ഒഴുകുമീ ദൃശ്യകഷായം
കഴിക്കാൻ മറക്കൊല്ലേ
മറന്നാൽ കഷായം
കയ്ക്കില്ലേ മക്കളേ
കുടിച്ചാൽ കഷായം
നന്നല്ലേ മക്കളേ
അമ്മ ചാനലിൽ മൊഴിയും
മന്ത്രങ്ങൾ മറക്കാതിരിക്കൂ...
കുടിക്കൂ രസിക്കൂ
ചാറ്റിടൂ മന്ത്രങ്ങൾ
ആമേൻ ഓം
ബുദ്ധം ശരണം
ഗുരു ചരണം
ഇത് ഉയിർനാഡി...
ഇത് ലോകനാഡി...
ഇത് ഞാൻ ആത്മനാഡി...
ഇതു തന്നെ സർവ്വനാഡി.