കേരലോകം മുഴുവൻ അറബിക്കടലിന്റെ റാണിക്ക്‌ അഭിമുഖമായി


ജോസഫ്‌ ആലപ്പാട്ട്‌

ആദ്യം അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ; കൊക്കോടെക്ക്‌ എന്ന കേരവിസ്മയം പൂർണ്ണമാക്കാൻ ചിട്ടയുടെ ചട്ടക്കൂട്ടിൽ കാര്യമാത്രപ്രസ്ക്തമായി ചുക്കാൻ പിടിച്ച നാളികേര ബോർഡ്‌ ചെയർമാൻ ശ്രീ. ടി. കെ. ജോസ്‌ ഐഎഏശിനും, രാപകൽ അദ്ധ്വാനിച്ച ബോർഡ്‌ അധികൃതർക്കും. ആ മഹാസംഭവത്തിൽ എന്റെ ചില വിസ്മയകാഴ്ചകൾ സമർപ്പിക്കട്ടെ.
ഒരു കേരകർഷകന്റെ വീക്ഷണത്തിൽ, ഒരു പ്രതിനിധിയുടെ കാഴ്ചപ്പാടിൽ ആദ്യം എന്നെ വിസ്മയിപ്പിച്ചതു ശ്രീലങ്കൻ പ്രതിനിധി ഡോ. ഗുണതിലകെയുടെ അനുഭവങ്ങളാണ്‌. ഒരു കൊച്ചുദ്വീപ്‌ രാഷ്ട്രം, വംശീയ കലാപം വഴി വൻ സാമ്പത്തിക മാന്ദ്യം, നമ്മുടെ തെങ്ങുകൾക്ക്‌ മണ്ഡരി ബാധിച്ചതുപോലെ ശ്രീലങ്കയിലെ തെങ്ങുകളെ കുമിൾ രോഗം വ്യാപകമായി ബാധിച്ചു. ഒപ്പം നഗരവത്ക്കരണം മൂലം നഷ്ടമാകുന്ന കേരകൃഷിയുടെ വിസ്തൃതി തുടങ്ങിയ വിവിധ പ്രതിസന്ധികളിലും ശ്രീലങ്കൻ കർഷകർ പിടിച്ചുനിന്നു. ജീവനാഡിയായ കേരത്തിന്റെ ഉപോൽപന്നങ്ങളെ അത്ഭുതകരമായ രീതിയിൽ വൈവിധ്യവത്ക്കരിച്ചു, നാട്ടിലും വിദേശത്തും പ്രത്യേകിച്ച്‌ ഗൾഫ്‌ നാടുകളിലും ശ്രീലങ്ക കേരോൽപന്നങ്ങളുടെ ഒരു വിസ്മയ ലോകം തന്നെ സൃഷ്ടിച്ചു. വിദേശനാണ്യം വാരിക്കൂട്ടി, വലയുന്ന ശ്രീലങ്കൻ കർഷകരെ കരകയറ്റിയകഥ.
ഏതു യൂറോപ്യൻ ജിന്നിനേയും വെല്ലുന്ന ലങ്കയുടെ ലയൺ ബ്രാൻഡ്‌ അസ്സൽ കലർപ്പില്ലാത്ത തെങ്ങിൻകള്ളിൽ നിന്നും വാറ്റിയെടുത്ത മദ്യം വിദേശ ബാറുകളിലെ താരമാണ്‌. അവരുടെ ടിന്നിലാക്കിയ അല്ലി കള്ള്‌ വിദേശികളുടെ ലങ്കൻ ഷാമ്പെയ്ൻ. വൈവിധ്യവത്ക്കരണത്തിനായി നാളികേര ബോർഡ്‌ പടവെട്ടിയിട്ടും പലകാരണങ്ങൾകൊണ്ടും നമുക്ക്‌ പ്രതീക്ഷയ്ക്കൊത്ത്‌ ഉയരാൻ കഴിയുന്നില്ല. ശ്രീലങ്കയിൽ ആകെ നാളികേരോത്പാദനത്തിന്റെ അമ്പത്‌ ശതമാനം  വൈവിധ്യവത്കൃത ഉൽപന്നങ്ങളാക്കി വിറ്റഴിക്കുമ്പോൾ, ഇവിടെ നാം അത്‌ പത്ത്‌ ശതമാനത്തിന്റെ മുകളിലാക്കിയത്‌ ബോർഡിന്റെ കഠിനപ്രയത്നവും, നിതാന്ത പ്രചരണവും കൊണ്ടാണ്‌. നാം കാര്യമായി കയറ്റുമതി ചെയ്യുന്നത്‌ കയർ ഉൽപന്നങ്ങളാണ്‌. ജയതിലകെ ലങ്കയിൽ എത്തുന്ന നിക്ഷേപകർക്ക്‌ എല്ലാ സാങ്കേതികവിദ്യയും വിപണിയും വാഗ്ദാനം ചെയ്തു. ലോകത്തെല്ലായിടത്തും സഞ്ചരിക്കുന്ന നമ്മുടെ ജനപ്രതിനിധികൾ ഒരാൾപോലും ശ്രീലങ്കയിൽ പോയിട്ടില്ലെന്നത്‌ നാം ഓർക്കണം. പിന്നെ എങ്ങനെ കേരനാട്ടിൽ കേരം കനിയും.

ഞാൻ ഏറെ സ്നേഹിക്കുന്ന, ഏറെ സന്ദർശനം നടത്തിയ കേരത്തിന്റെ തിലകക്കുറിയായ ഫിലിപ്പീൻസ്‌. എപിസിസി അധ്യക്ഷൻ റോമുലോ അരൺകന്റെ ജന്മദേശം. കൊക്കോടെക്കിനെത്തിയ ഫിലിപ്പീൻസിലെ കേരവികസന, ഉത്പാദന, വിപണന, ഗവേഷണത്തിന്റെ അവസാന വാക്കായ ഫിലീപ്പിൻസ്‌ കോക്കനട്ട്‌ അതോറിറ്റി പ്രതിനിധി ഡോ. ഡീന ബി മാസ ടീ ബ്രേക്കിൽ പറഞ്ഞത്‌, ആരാഞ്ഞത്‌ യഥാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു. സുഹൃത്തേ ഞങ്ങളുടെ കൊക്കോഫെഡ്ഡിനെ അനുകരിച്ച്‌ (ഫിലിപ്പീൻസിലെ കേരകർഷകരുടെ സഹകരണ സംഘടന) കേരളത്തിലെ കർഷകരുടെ ജീവനാഡിയെന്ന്‌ വിശേഷിപ്പിച്ച്‌ നിങ്ങൾ തുടങ്ങിയ കേരഫെഡ്ഡിന്റെ വിജയഗാഥകൾ ഒന്നു വിവരിക്കൂ? ഞാൻ എന്തുപറയും, ഞാൻ കേരമേഖലയിലെ മൂല്യവർദ്ധിത മുന്നേറ്റങ്ങളെക്കുറിച്ചും കാസർഗോഡ്‌ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിലെ നൂതന സംരംഭങ്ങളെക്കുറിച്ചും വർണ്ണിച്ച്‌ വിഷയത്തിൽ നിന്നും അവരെ വഴിമാറ്റി.
എന്നിട്ടും കുശലസംഭാഷണം തുടരവേ ലങ്കൻ പ്രതിനിധി ഡോ. പ്രയന്തി ഫെർണാന്റോ ചാടി വീണു. സർക്കാരും,  കേരഫെഡ്ഡും കർഷകരുടെ പച്ചതേങ്ങ സംഭരിക്കാത്തത്‌ എന്ത്‌? ഞങ്ങൾ നടത്തിയ ഫീൽഡ്‌ ട്രിപ്പിൽ വിലപിക്കുന്ന കർഷകർ തേങ്ങക്കൂനകളുമായി സ്വന്തം പുരയിടത്തിൽ നിൽക്കുന്നത്‌  കണ്ടല്ലോ. ഞാൻ സത്യം വളച്ചൊടിച്ചു കേരവില ഇടിയുമ്പോൾ കച്ചവടക്കാർ തേങ്ങ വാങ്ങാൻ വരാൻ അൽപം വൈകും. ഇതിന്‌ ഉടൻ പരിഹാരമാകും. കർഷകരുടെ യഥാർത്ഥവിലാപം ഞാൻ വളരെ ലാഘവത്തോടെ കണ്ടു. അവരെ കാര്യങ്ങൾ ഒരു കണക്കിന്‌ ധരിപ്പിച്ചു (തെറ്റിദ്ധരിപ്പിച്ചുവേന്നതാണ്‌ സത്യം). അതാ വരുന്നു ഫിലിപ്പീൻസ്‌ ചോദ്യം വീണ്ടും. വെളിച്ചെണ്ണ വിലകുറഞ്ഞപ്പോൾ നിങ്ങൾക്ക്‌ വെളിച്ചെണ്ണ ഉപയോഗിച്ച്‌ ബയോഡീസൽ നിർമ്മിച്ച്‌ വാഹനങ്ങൾ പരിക്ഷണാർത്ഥം ഓടിച്ചുകൂടെ. പണ്ട്‌ കേരളത്തിലെവിടെയോ ഓട്ടോറിക്ഷയിൽ വെളിച്ചെണ്ണ ഇന്ധനമായി ഉപയോഗിച്ചതു ഞങ്ങൾ കോ കമ്മ്യൂണിറ്റി മാഗസിനിൽ വായിച്ചിട്ടുണ്ടല്ലോ?  അതിന്‌ എന്തുപറ്റി? ഞാൻ എന്തുപറയും? ഫിലിപ്പീൻസിലെ കുറെ ഏറെ ട്രാക്ടറുകളും അവരുടെ ഒരു പ്രത്യേകതരം യാത്രാവാഹനമായ "ജീപ്പ്പിനികളും (യാത്രാ വേളയിൽ മനില നഗരം ചുറ്റിക്കാണാൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്ന വാഹനം) നമ്മുടെ വലിയ ഓട്ടോറിക്ഷപോലെ (ഫിലിപ്പീൻസിനുമാത്രം സ്വന്തം), ഓടുന്നത്‌ കൊക്കോഡീസലിൽ - നമുക്ക്‌ പരീക്ഷിച്ചുനോക്കാവുന്ന ഒരു ബദൽ ഉപാധി.
സമ്മേളനത്തിൽ താരമായ വെസ്റ്റേൺ സമോവ കൃഷി മന്ത്രി ശ്രീ ലേ മാമിയ റോപാത്തി മോലിയയുമായി ഞാൻ ഏറെ അടുത്തു. നല്ലവൻ, ശാന്തൻ, ഒരു ദ്വീപ്‌ രാഷ്ട്രത്തിന്റെ കേര-മത്സ്യാധിപൻ, ഞാൻ കേരബോർഡ്‌ കരകൗശലവിദഗ്ദ്ധർ തെങ്ങിൻ തടിയിൽ തീർത്ത ഒരു കൊച്ചുകെട്ടുവള്ളം സമ്മാനിച്ചപ്പോൾ ആ മഹാനുഭാവന്റെ ഓർമ്മ ഒരു നിമിഷം തന്റെ തട്ടകത്തിലേക്കു ചലിച്ചു. ഈ കരകൗശലവിദ്യ വൈദഗ്ദ്ധ്യമൊന്നും ഞങ്ങൾക്കില്ലല്ലോ. ഞാൻ പറഞ്ഞു, "വേണമെങ്കിൽ അവർ സമോവ ദ്വീപിലേക്ക്‌ വരും, തെങ്ങിൻതടിയിൽ നിന്നും വിവിധ ഉൽപന്നങ്ങൾ നിർമ്മിച്ച്‌ നിങ്ങളെ അമ്പരപ്പിക്കാൻ".
വൈകിയെത്തിയ ഫിജി മന്ത്രി ജൊക്കത്തേനി കോക്കനാസിഗയും ഒരു കാര്യംപറഞ്ഞത്‌ എന്നെ അത്ഭുതപ്പെടുത്തി. "സുഹൃത്തേ, ഇവിടെ എത്രവരും പ്രതിദിന കർഷകകൂലി ?" ഞാൻ കേരകർഷകന്റെ കദനകഥ വിവരിച്ചു. താങ്ങാനാവാത്ത കാർഷിക കൂലി നൽകി പൊറുതിമുട്ടി കൃഷിഭൂമി തരിശിട്ടിരിക്കുന്ന ഹതഭാഗ്യരായ കർഷകരുടെ മനോവ്യഥ. അവർ പറയുകയാണ്‌ "ഇതൊരു ആഗോള പ്രതിഭാസമാണ്‌. ഞങ്ങൾ ഉൾപ്പെടെ പല കേരോത്പാദക രാജ്യങ്ങളും തൊഴിലാളികളെ കൃഷിയിടത്തിൽ പിടിച്ചുനിർത്താൻ അവരുടെ വേതനം വർദ്ധിപ്പിച്ച്‌ അതിന്റെ പകുതി സബ്സിഡിയായി കൃഷിഉടമയ്ക്ക്‌ നൽകുന്നു". അത്ഭുതകരമായ വാർത്ത. നമ്മുടെ നാടും ഈ സദുദ്യമത്തിന്‌ തയ്യാറുണ്ടോ?
നാളികേര ഐസ്ക്രീമിന്റെ വിജയകഥപറഞ്ഞു സദസ്സിനെ കൊതിപ്പിച്ചു അമേരിക്കയിൽ നിന്നുള്ള ടക്കർ - ടീന ദമ്പതികൾ.
പക്ഷേ ഒരു കാര്യം എനിക്ക്‌ അഭിമാനത്തോടെ തന്നെ പറയുവാൻ കഴിഞ്ഞു.  കർഷകന്‌ വളം തൊട്ട്‌ ജലസേചനം വരെ, കൃഷി പരിപാലനമുറകൾ ഉൾപ്പെടെ സർവ്വതും സൗജന്യമായി നൽകുന്ന കേരബോർഡിന്റെ സ്വന്തം പദ്ധതിയായ കേരകർഷകരുടെ കൂട്ടായ്മയായ ക്ലസ്റ്റർ എന്ന ഷെൽട്ടർ പുരാണം, ചങ്ങാതികളെന്ന തെങ്ങ്‌ സംരക്ഷകരുടെ കഥ, സിപിഎസ്‌ എന്ന കർഷക കൂട്ടായ്മകളെക്കുറിച്ചും. കൂടാതെ തൊഴിലുറപ്പ്‌ എന്ന നൂതന കാർഷിക പരിപാടി വഴി കർഷകരുടെ കൃഷിയിടങ്ങളിലെ കാർഷിക വൃത്തികൾ സൗജന്യമായി ചെയ്തുതരുന്ന പദ്ധതിയെക്കുറിച്ചും ഞാൻ ചങ്കൂറ്റത്തോടെ പറഞ്ഞു. ഇന്ത്യയുടെ കേരമേഖലയിൽ 1937ലെ, അത്യുത്പാദനശേഷിയുള്ള ടിഃഡി എന്ന അത്ഭുത ജാനസ്സിന്‌ ജന്മം നൽകി കേരലോകത്തെ ഞെട്ടിച്ച കഥ പ്രതിനിധികൾ അത്ഭുതത്തോടെ വാഴ്ത്തി. നമ്മുടെ പ്രശസ്തമായ കേരശാസ്ത്ര പ്രസിദ്ധീകരണങ്ങൾ, മലബാർ കുടിയേറ്റം വഴി അത്ഭുതം സൃഷ്ടിച്ച മലയാളി സാഹസികത എല്ലാം ഞാൻ വിവരിച്ച്‌, നമ്മുടെ കേരപ്പെരുമയ്ക്ക്‌ പ്രതിനിധികളിൽ കൊഴുപ്പേകി.  മറക്കില്ല, എനിക്ക്‌ ലഭിച്ച അനുഭവ സമ്പത്ത്‌. ഒളിഞ്ഞുകിടക്കുന്ന കേരത്തിന്റെ അനന്തസാദ്ധ്യതകൾ, കേരബോർഡ്‌ അധികൃതരെ, കൊക്കോടെക്ക്‌ ഒരു കോക്കനട്ട്‌ വണ്ടറായി. കേരബോർഡിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽകൂടി.
മുൻ ഗവേഷണ, വികസന സമിതി അംഗം, നാളികേര വികസന ബോർഡ്‌

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ