ഒറ്റമരം

  എം.എൻ.പ്രസന്നകുമാർ


ഇരുള്‍ മുറുകി നില്‍ക്കുമ്പോഴാണൊറ്റ -
യെന്നൊരു പതറലെങ്കിലും ഞാന്‍
അരികിലേതോമരത്തലപ്പെന്നെ
പുണരുന്ന വ്യര്‍ത്ഥസ്വപ്നം കാണുമൊറ്റമരം

പകലിലെന്‍ തോള്‍ച്ചുനുപ്പില്‍ തണല്‍
നുണയുമിണകള്‍തന്‍ കുറുകലും
തപനദണ്ഡത്താലലയായടുക്കു -

മനിലച്ചിറകിന്‍ കുളിരുരുമ്മലും

പൊരുന്നയിരുന്നെന്‍ വിരലടുക്കില്‍
പകരുന്ന ചൂടിന്‍ കടലാഴവും
പകലറുതിയിലുയരുമാരവോം
പകലിലൊറ്റയെന്നതറിയില്ല ഞാന്‍

അകലെയേതോ കാതദൂരത്തോ -
രരുവി മരിച്ചുവെന്നെന്‍ മരഞരമ്പുകള്‍
മുകുളമെപ്പൊഴോ മൃതദശയിലെ -
ന്നഴലു തൂകിയെന്നിലഞെടുപ്പുകള്‍

പരിഭവപ്പെട്ടെന്‍ പറവകള്‍ കൂടൊഴി -
ഞ്ഞയല്‍ തേടിയകലുന്നു ,ഞാനൊറ്റയാകുന്നു
കടയൊടിഞ്ഞമര്‍ന്നോര്‍ക്കിടയിലാ -
യടിമുടിയൊറ്റയാവാന്‍ കൊതിച്ചോന്‍

തൊടി നിറഞ്ഞാണ ശീതഹരിത -
മ്രിതുപ്പിഴവിലെപ്പൊഴോ മൃതമായി
ചിതലൊരുങ്ങുന്നൊരു മൃത്തികാ -
പ്പുതപ്പണിയിച്ചെന്‍ ചിതയൊരുക്കാന്‍

പകലുമെനിക്കിരുളായിടുന്നു ,
അഴലോടു കാതിന്‍ വാതിലടയുന്നു
ചുവടിലാ മഴുവിന്‍ ദണ്‍ഡമേല്‍ക്കവേ
വരളുമീക്കണ്‍കളിരുള്‍ തിരുമ്മിയടയ്ക്കുന്നു

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ